Home/Encounter/Article

സെപ് 09, 2023 291 0 Rita Lewis
Encounter

നഷ്ടപ്പെട്ടെന്ന് കരുതിയ മകളും മാസികയിലെ സാക്ഷ്യവും

ഞാന്‍ ഇരുപത്തിയൊന്നും പത്തും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ്. മാര്‍ച്ച് 2023-ലെ ശാലോം മാസികയില്‍ വായിച്ച ഒരു സാക്ഷ്യം (മകളുടെ മാനസാന്തരം – രണ്ട് ദിവസത്തിനകം – ടീന കുര്യന്‍) സമാന അവസ്ഥയിലൂടെ ഒരാഴ്ചയായി കടന്നുപൊയ്ക്കൊണ്ടിരുന്ന എന്നെ വല്ലാതെ സ്വാധീനിച്ചു. എന്‍റെ മകള്‍ ഒരു അക്രൈസ്തവ യുവാവുമായി അടുപ്പത്തിലായി. പപ്പയെയും അമ്മയെയും സഹോദരനെയുംകാള്‍ ആ ബന്ധത്തിന് അവള്‍ വിലകൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. കാരണം ചെറുപ്പത്തില്‍ തന്നെ വേദപാഠം പഠിപ്പിച്ചും വചനങ്ങള്‍ ചൊല്ലി പഠിപ്പിച്ചും ക്രിസ്തീയ വിശ്വാസത്തില്‍ ശക്തമായൊരു അടിസ്ഥാനം രണ്ട് മക്കള്‍ക്കും നല്‍കിയിരുന്നു. ആത്മീയ ചാനലുകള്‍വഴി ലഭിക്കുന്ന സഭയുടെ ഓരോ പ്രബോധനങ്ങളും അവരിലേക്ക് എത്തിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്‍റെ മകള്‍ ഒരിക്കലും വഴിതെറ്റുകയില്ല എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. ആ യുവാവിന്‍റെ വീട്ടുകാരും ഈ ബന്ധത്തെ അനുകൂലിച്ചില്ല. തുടര്‍ന്ന് ഞങ്ങളുടെ ചില അടുത്ത ബന്ധുക്കളുടെ പിന്തുണയോടെ അവര്‍ ഏറ്റവും അടുത്ത ദിവസംതന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.

ഈ ദിവസങ്ങളിലെല്ലാം ഞാന്‍ കണ്ണുനീരോടെ കരണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു. മാതാവിന്‍റെ വ്യാകുലങ്ങളോടു ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിച്ചു. വിശ്വാസപ്രമാണം ചൊല്ലി. മാസികയിലെ അനുഭവക്കുറിപ്പില്‍ വായിച്ചതുപോലെ വിശുദ്ധ മോനിക്കയുടെയും വിശുദ്ധ അഗസ്റ്റിന്‍റെയും മാധ്യസ്ഥ്യം തേടി. വചനം ചൊല്ലി പ്രാര്‍ത്ഥിച്ചു. ശാലോമിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉപവസിച്ചു.

അത്ഭുതമെന്നു പറയട്ടെ, ഈ പ്രശ്നങ്ങളെത്തുടര്‍ന്ന് ഞങ്ങളുടെ വീട്ടില്‍നിന്നും ഇറങ്ങിപ്പോയ മകള്‍ അന്ന് രാത്രി പപ്പയെ വിളിച്ചു, “അവനെ അവന്‍റെ വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണ്. യാതൊരു വിധത്തിലും കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല.” ഇതായിരുന്നു അവള്‍ പറഞ്ഞത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവനെ അവന്‍റെ വീട്ടുകാര്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും എല്ലാവരുടെയും മുന്‍പില്‍വച്ച് ഈ ബന്ധത്തില്‍നിന്നും സ്വമനസാലെ പിന്‍മാറുകയാണെന്ന് അവന്‍ ഒപ്പിട്ടു കൊടുത്തു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തതായിരിക്കാം.

ഈ സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം ഞാന്‍ ഹൃദയം നൊന്ത് വിശ്വാസപ്രമാണം 33 തവണ ചൊല്ലുകയായിരുന്നു. മാതാവിനോട് ‘അവളെ തിന്മയ്ക്ക് വിട്ടുകൊടുക്കരുതേ, അമ്മയുടെ നീലമേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷണം കൊടുക്കണേ’ എന്ന് കരഞ്ഞ് മാധ്യസ്ഥ്യം യാചിക്കുകയും ചെയ്തു.

ദൈവത്തിന്‍റെ മഹാകരുണയാല്‍, നഷ്ടപ്പെട്ടുപോയി എന്ന് ഞങ്ങള്‍ കരുതിയിരുന്ന മകളെ തിരിച്ചുകിട്ടി. ഇപ്പോള്‍ അവള്‍ ഞങ്ങളുടെ കൂടെത്തന്നെയുണ്ട്, അവളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8/28).

Share:

Rita Lewis

Rita Lewis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles