Home/Engage/Article

ഫെബ്രു 21, 2024 340 0 Shalom Tidings
Engage

കര്‍ത്താവ് മാസികയിലൂടെ പറഞ്ഞത്…

എന്‍റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാത്ത വേദന നിമിത്തം നടക്കാനാവാതെയായി. ആ സമയത്ത് മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടത്തെ ഡോക്ടര്‍ സ്കാന്‍ ചെയ്തുനോക്കി. അപ്പോഴാണറിയുന്നത്, കാലില്‍ വെരിക്കോസ് വെയിന്‍ നന്നായി ബാധിച്ചിട്ടുണ്ടെന്നും ആ ഞരമ്പുകള്‍ കാലുകളുടെ മാംസത്തിലേക്കാണ് തടിച്ചിരിക്കുന്നതെന്നും. അങ്ങനെയൊരു ഞരമ്പിലാണ് പുഴു കടിച്ചിരിക്കുന്നത്. അതിനാല്‍ മുറിവ് ഉണങ്ങാന്‍ വിഷമമാണ് എന്ന് പറഞ്ഞു. നാല് പ്രാവശ്യം ഞങ്ങള്‍ ആ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “ഓപ്പറേഷന്‍ ചെയ്ത് ഈ ഞരമ്പ് എടുത്തുകളയുകയോ ലേസര്‍ ചികിത്സയിലൂടെ മുറിവ് കരിക്കുകയോ ചെയ്യണം.” അടുത്ത ദിവസം അഡ്മിറ്റാകാം എന്നുപറഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍നിന്നും പോന്നു. വേദനമൂലം കടുത്ത വേദനാസംഹാരി ഗുളികകള്‍ കഴിച്ചാണ് രാത്രി ഞാന്‍ ഉറങ്ങിയിരുന്നത്.

ആ സമയത്ത് 2023 ഫെബ്രുവരി 5-ന് ഭര്‍ത്താവ് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ കൈയില്‍ ഒരു ശാലോം ടൈംസ് മാസിക ഉണ്ടായിരുന്നു. ഒരു ചേട്ടന്‍ കൊടുത്തതാണ്. അതുകണ്ടതേ കര്‍ത്താവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം മാസിക വാങ്ങി തുറന്ന് വായിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആദ്യം വായിച്ചത് ‘പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും’ എന്ന അനുഭവസാക്ഷ്യമാണ്. ആ അനുഭവക്കുറിപ്പിലെ അതേ നേര്‍ച്ച നേര്‍ന്നാല്‍ എനിക്കും രോഗശാന്തി ഉണ്ടാകുമെന്ന് മനസ് പറഞ്ഞു. ആ നിമിഷത്തില്‍, ഞാനും സാക്ഷ്യപ്പെടുത്താമെന്നും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. എന്നും മുറിവ് കെട്ടിയാല്‍ അസഹനീയ വേദന ഉണ്ടാകുമായിരുന്നു. അന്ന് മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ് വലിയ വേദന വന്നില്ല. മാത്രവുമല്ല, വേദനയില്ലാതെ ഉറങ്ങാനും സാധിച്ചു. പിന്നീട് ഞാന്‍ വേദനസംഹാരിഗുളികകള്‍ കഴിച്ചിട്ടില്ല. ഓപ്പറേഷനോ ലേസര്‍ ചികിത്സയോ കൂടാതെ മുറിവ് ഉണങ്ങാന്‍ തുടങ്ങി. ക്രമേണ മൂന്ന് മാസങ്ങള്‍കൊണ്ട് കാല്‍ പൂര്‍ണമായി സൗഖ്യമായി. ഇപ്പോള്‍ വീട്ടില്‍നിന്നും നടന്ന് വിശുദ്ധ കുര്‍ബാനക്ക് പോകുന്നു. സൗഖ്യത്തിന് ഒരായിരം നന്ദി, കര്‍ത്താവിന്‍റെ നാമം മഹത്വപ്പെടട്ടെ!

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles