Home/Encounter/Article

ഏപ്രി 10, 2020 1597 0 Ann Maria John
Encounter

ഇന്നത്തെ ‘ഗിച്ച്’ എന്താ?

‘അമ്മേ, ഇന്ന് ആരുടെ സോളാ ഗിച്ച് കൊടുക്കണേ?” രാത്രി ഏഴ് മണിയോടെ ജപമാല ചൊല്ലാനിരിക്കുമ്പോള്‍ നാല് വയസ് തികഞ്ഞിട്ടില്ലാത്ത കാന്താരിയുടെ ചോദ്യം. ഈ ചോദ്യം ആദ്യം മനസിലുണര്‍ത്തുന്നത് വാത്സല്യം കലര്‍ന്ന ചിരിയാണ്. ഒന്നാമത്തെ കാരണം ‘ഉച്ചാരണശുദ്ധി!’ ഗിച്ച് എന്നാല്‍ ഗിഫ്റ്റ് എന്നാണ് ഉദ്ദേശിക്കുന്നത്, സോള്‍ എന്നാല്‍ ആത്മാവും. ഇന്ന് ആരുടെ ആത്മാവിനെയാണ് ഈശോയ്ക്ക് പ്രത്യേകസമ്മാനമായി സമര്‍പ്പിക്കുന്നത് എന്നാണ് അവള്‍ ചോദിക്കുന്നത്.

പക്ഷേ ചോദ്യം തികച്ചും ഗൗരവതരമായതിനാല്‍ അരുത്, ചിരിക്കരുത്! ഉത്തരം ആലോചിക്കണം. ചിലപ്പോള്‍ ഉത്തരം പറയേണ്ടിവരില്ല, അവള്‍തന്നെ പറയും. ‘ഇന്ന് ശാരോണിന്‍റെ സോള് കൊടുക്കാം’, ‘ഇന്ന് മഞ്ജു വാരിയുടെ സോള് കൊടുക്കാം’ എന്നിങ്ങനെ… ശാരോണ്‍ എന്ന് ഉദ്ദേശിക്കുന്നത് ഞങ്ങളുടെ ബന്ധുവായ ഷാരോണ്‍ എന്ന ഒരു വയസുള്ള കുഞ്ഞിനെയാണ്. മഞ്ജു വാരി എന്നാല്‍ സാക്ഷാല്‍ സിനിമാതാരം മഞ്ജു വാര്യര്‍. ഇത്തരം വ്യത്യസ്തമായ ഗിഫ്റ്റുകള്‍ സ്വീകരിക്കുന്ന ഈശോ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവും.

മഞ്ജു വാരിയുടെ സോള്‍ ഗിഫ്റ്റ് കൊടുക്കാമെന്നൊക്കെ പറയുന്നത് കേട്ട് ചിലപ്പോള്‍ അവളുടെ മൂന്നാം ക്ലാസുകാരന്‍ ചേട്ടനും ഒന്നാം ക്ലാസുകാരി ചേച്ചിയും ചിരിക്കും. അവരോട് ചിരിക്കണ്ടാ, എല്ലാവരും ഈശോയുടെ കുഞ്ഞുങ്ങളാണ്. അതിനാല്‍ അവരുടെ സോള്‍ ഗിഫ്റ്റ് കൊടുക്കുന്നത് ഈശോയ്ക്ക് ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടിവരും. മറ്റൊരു കാര്യം കൂടിയുണ്ട്. ഈശോയ്ക്കുള്ള ഗിഫ്റ്റൊക്കെ ഏര്‍പ്പാടാക്കിയിട്ട് കുട്ടിക്കുറുമ്പി ചിലപ്പോള്‍ കളിക്കാന്‍ തുടങ്ങും. ചിലപ്പോഴാകട്ടെ ‘ച്വഗ്ഗത്തനായ പിതാവേ’യും ‘നമ്മനിറിയമേ ച്വത്തി’യും ഒറ്റയ്ക്ക് ചൊല്ലണമെന്ന് വാശി പിടിച്ചെന്നും വരും. പക്ഷേ ഈ ബഹളങ്ങള്‍ക്കിടയിലും ആ പ്രാര്‍ത്ഥനാസമയം എത്ര ഹൃദ്യമാണെന്നോ…

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇതിന്‍റെയെല്ലാം തുടക്കം. 25 സമ്മാനങ്ങള്‍ നല്കി ക്രിസ്മസിന് ഈശോയെ സ്വീകരിക്കാന്‍ ശാലോം ടൈംസിലൂടെ കിട്ടിയ ചിന്തയാണ് കാരണമായത്. ദിവസവും ഒരു ആത്മാവിനെ ഈശോയ്ക്ക് സമ്മാനിക്കാന്‍ ആരംഭിച്ചത് അതിന്‍റെ ഭാഗമായാണ്. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമൊക്കെയായിരുന്നു അന്നത്തെ സമ്മാനങ്ങള്‍. എന്നാല്‍ ക്രിസ്മസ് കഴിഞ്ഞപ്പോഴും ഗിഫ്റ്റുകള്‍ കൊടുക്കുന്നത് ഒരു ശീലമായി. കൂട്ടുകാര്‍, അധ്യാപകര്‍, ബന്ധുക്കള്‍, സിനിമാതാരങ്ങള്‍ തുടങ്ങി തീര്‍ത്തും വ്യത്യസ്തമായ സമ്മാനങ്ങള്‍ ഇപ്പോള്‍ ഈശോ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഈ പ്രാര്‍ത്ഥനകളുടെയെല്ലാം ഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഫാ. റോയ് പാലാട്ടി സി.എം.ഐ എഴുതിയ വരികളാണ് ഓര്‍മ്മയിലെത്തുന്നത്. ആ വരികള്‍ സഹനത്തെക്കുറിച്ചാണ് വിവരിക്കുന്നതെങ്കിലും സഹനം എന്നിടത്ത് പ്രാര്‍ത്ഥന എന്ന് ചേര്‍ത്തുവായിച്ചാലും അത് ശരിയാണെന്ന് അനുഭവപ്പെടുന്നു. 2019 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ വായിച്ച ആ വരികള്‍ അതേപടി ഉദ്ധരിക്കട്ടെ: “ഇനിയും രക്ഷാകരചരിത്രത്തിന്‍റെ ക്ലൈമാക്സ് ആയിട്ടില്ലെന്നറിയുക. അതവിടുത്തെ രണ്ടാം വരവിലാണ്. അന്നാണ് നിങ്ങളുടെ സഹനത്തിന്‍റെ മൂല്യം നിങ്ങള്‍ക്ക് പൂര്‍ണമായും മനസിലാകുന്നത്. സഹനത്തിന്‍റെ മൂല്യം ഗൗരവമായെടുത്താല്‍ അതില്‍ ആഹ്ലാദിക്കാന്‍ നിങ്ങള്‍ക്കാകും. നമ്മുടെ സഹനം എത്രയോ പേര്‍ക്ക് അനുഗ്രഹത്തിന് കാരണമായി എന്നറിയാന്‍ പലപ്പോഴും നിത്യതയോളം കാത്തുനില്ക്കേണ്ടിവരില്ല. പൂര്‍ണമായും മനസിലാക്കാന്‍ അത്രത്തോളം കാത്തുനില്ക്കുകയും വേണം. ഒരാത്മാവിനെയും രക്ഷിക്കാന്‍ ഞാന്‍ പ്രാപ്തനല്ല. പക്ഷേ ഒരാത്മാവിന്‍റെ രക്ഷയില്‍ എന്‍റെ സഹനത്തെ കാഴ്ചയായി നല്കാനാകും. അവിടെ സഹനം രക്ഷാകരമാകും.”

അതിനാല്‍ കുഞ്ഞുങ്ങളോട് ഇങ്ങനെ പറയും, “സ്വര്‍ഗത്തില്‍… ഈശോയുടെ അടുത്ത് ചെല്ലുമ്പോഴേ… ഈശോ ഇതിനൊക്കെ തിരിച്ച് ഗിഫ്റ്റ് തരും. ഹായ്…. എന്ത് രസമായിരിക്കും!” കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്തും സന്തോഷം വിടരുന്നത് കാണാം. ഈ സന്തോഷത്തോടെ ക്രിസ്മസില്‍നിന്ന് ഈസ്റ്ററിലേക്ക് നീങ്ങുമ്പോള്‍ മനസിലാവുന്നു, ക്രിസ്മസ് ഒരിക്കലും അവസാനിക്കുന്നില്ല; ഈസ്റ്ററും.

Share:

Ann Maria John

Ann Maria John

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles