Home/Engage/Article

ഫെബ്രു 23, 2024 306 0 Tresa Tom T
Engage

ശുദ്ധീകരണാത്മാക്കളുടെ സമ്മാനം

മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലപ്രദമോ?

നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്.

‘അതുപോലെതന്നെ, ‘ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ’ എന്നുള്ള പ്രാര്‍ത്ഥന ഒരു തവണ ചൊല്ലുമ്പോള്‍ ഒരു ആത്മാവ് സ്വര്‍ഗത്തിലേക്ക് പോകും എന്ന് വായിച്ചപ്പോള്‍മുതല്‍ ദിവസവും പലതവണ ഞാനത് ആവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനകളുടെ ഫലസിദ്ധിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഏതാണ്ട് 16 വര്‍ഷം മുമ്പ്, ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം ഈ നാളുകളില്‍ എന്‍റെ ഓര്‍മ്മയില്‍ വന്നു.

ആ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്രയുടെ അറിയിപ്പ് വന്നതേ ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു ചര്‍ച്ച തുടങ്ങി. അപ്പോളാണ് ഒരു കൂട്ടുകാരി സങ്കടപ്പെട്ട് പറയുന്നത്: “എന്‍റെ വീട്ടില്‍നിന്നും ഉറപ്പായും വിടില്ല. ഇതുവരെ ഒരു ടൂറിനും വിട്ടിട്ടില്ല.” സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലെ മൂത്ത മകള്‍ ആയിരുന്നു അവള്‍. ക്ലാസിലെ ഏറ്റവും മിടുക്കിയായ അവള്‍ വരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും അതൊരു വിരസത ആകുമെന്നുറപ്പ്. എന്തായാലും സമയം ഉണ്ടല്ലോ, അപ്പോഴേക്കും നോക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അവള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല. കൂട്ടുകാരെല്ലാവരുംകൂടെ പണം ശേഖരിക്കാമെന്നോ ടീച്ചര്‍മാരോട് പറഞ്ഞു നോക്കാമെന്നോ മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്കാമെന്നോ ഒക്കെ മനസ്സില്‍ വിചാരിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു.

എന്തായാലും അവളുടെ വിഷമം ഓര്‍ത്തപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: “ഞാനിത്രയും നാളും പ്രാര്‍ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്‍ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഈശോയേ, ആ ആത്മാവിന്‍റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ” എന്ന്. അന്ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ എനിക്ക് പതിവിലും ഉത്സാഹമായിരുന്നു.

പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്! കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു, “ഒരു തടസവും പറയാതെ എന്നെ ടൂറിന് വിട്ടു. അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!”

അന്ന് അവള്‍ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി. ഞാന്‍ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് വെറുതെയായിട്ടില്ല എന്നൊരു ബോധ്യം മനസ്സില്‍ അങ്ങനെ നിറഞ്ഞുനിന്നു.

നാളുകള്‍ കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്‍ത്രൂദിന്‍റെ പ്രാര്‍ത്ഥന എന്‍റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയത്. ഹോസ്റ്റല്‍ മുറിയിലെ എന്‍റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു.

ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില്‍ മെസേജ് ഇടുമ്പോഴോ ഈ പ്രാര്‍ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്‍റെ ശീലമായി.

പ്രാര്‍ത്ഥിക്കുവാനും ഓര്‍മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള്‍ അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ! വിശുദ്ധ കുര്‍ബാനയില്‍, കാഴ്ചവയ്പിന്‍റെ സമയത്ത് നമുക്ക് അവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തിലെത്തുന്ന ആത്മാക്കള്‍ ആവശ്യസമയത്ത് നമ്മളെ തിരിച്ചും സഹായിക്കും, തീര്‍ച്ച.
വിശുദ്ധ ജര്‍ത്രൂദിന്‍റെ പ്രാര്‍ത്ഥന:

നിത്യനായ ദൈവമേ, ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായും ലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്‍റെ ഭവനത്തിലെയും എന്‍റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു. ആമേന്‍.

Share:

Tresa Tom T

Tresa Tom T

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles