Trending Articles
കൊവിഡ്നിമിത്തം ശ്വസനം വിഷമകരമായിത്തീര്ന്നതിനാല് ഫ്രാന്‍സിസ്കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന്‍ നല്‍കിക്കൊണ്ട് ഫ്രാന്‍സിസ്കോ പറഞ്ഞു, “ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്‍കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക.” ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്കോ ബ്രിട്ടോ. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അദ്ദേഹത്തിന് ആശുപത്രിക്കിടക്കയിലും കരുത്തുപകര്‍ന്ന മരുന്നായിരുന്നു ജപമാലപ്രാര്‍ത്ഥന.
എന്നാല്‍ ഇരുപത്തഞ്ചുകാരനായ നഴ്സ് റൂബന്‍ കാവല്കാന്റെയുടെ ഹൃദയം തൊട്ട ആ ജപമാല പിന്നീട് അവന്റെ സ്വന്തമായിത്തീരുകയാണുണ്ടായത്. കാരണം ഫ്രാന്‍സിസ്കോ മരണത്തിലേക്ക് നടന്നുപോയി. പക്ഷേ അദ്ദേഹം സമ്മാനിച്ച ജപമാല റൂബന്റെ വിശ്വാസജീവിതത്തിന് പുതിയ ഉണര്‍വ് നല്‍കുകയാണ്. റൂബന്തന്നെയാണ് ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. “നിര്‍ഭാഗ്യവശാല്‍, ഈ ലോകത്തുവച്ച് നിങ്ങള്‍ക്ക് ഈ ജപമാല തിരികെനല്കാന് എനിക്ക് കഴിയില്ല. പക്ഷേ, പരിശുദ്ധ മാതാവ് നിങ്ങളെ സ്വര്‍ഗത്തില്‍ സ്വീകരിക്കുമെന്ന് എനിക്കറിയാം,” റൂബന്‍ തന്റെ കുറിപ്പില്‍ എഴുതി. അദ്ദേഹം പറഞ്ഞ വചനം ഉദ്ധരിച്ചാണ് റൂബന്‍ അവസാനിപ്പിക്കുന്നത്,
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റുന്നു (റോമാ 8/28)
Shalom Tidings
ലേഖിക തന്റെ ആഗ്രഹം ഈശോയുടെ ചെവിയില്‍ പറഞ്ഞു. എന്നിട്ട് എല്ലായ്പോഴും ഒരേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു; ആത്മീയജീവിതത്തില്‍ ഉയരാന്‍ കൊതിക്കുന്ന എല്ലാവരും ഉരുവിടേ? പ്രാര്‍ത്ഥന. രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി. രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഡാഡി ചോദിക്കും, "മോള് എന്നാ വരിക?" "ലീവ് ഇല്ല" എന്ന് പറയുമ്പോള്‍ ഡാഡിയുടെ മുഖത്തെ വിഷമം നിത്യസംഭവമായി മാറിയിരുന്നു. മനസ്സിലേക്ക് ഇതെല്ലാം ഓരോന്നായി കടന്നുവന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകുത്തി, "ഈശോയേ, എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ" എന്നിട്ട് എന്റെ ഒരു ആഗ്രഹംമാത്രം ഈശോയുടെ ചെവിയില്‍ പറഞ്ഞു, "ഈശോയേ, നിന്റെ ഇഷ്ടം എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ഡാഡിയെ കണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ അവസരം തരണം. അനുഗ്രഹം ലഭിക്കുന്നതിന് മുന്‍പ് ഡാഡിക്കു ഒരാപത്തും വരുത്തരുത്." അന്ന് നൈറ്റ് ഡ്യൂട്ടി ആണ്. ജോലിക്കിടയില്‍ 'ഈശോയേ, എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ' എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി അനിയത്തി വിളിക്കുന്നു, "ഡാഡിക്ക് ഓക്സിജന്‍ കുറയുന്നു. എന്താ ചെയ്യേണ്ടത്?" മനസ്സിലൂടെ അനേകം കൊറോണ രോഗികളുടെ മുഖങ്ങള്‍ മിന്നി മറഞ്ഞു. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുന്നപോലെ... ഡ്യൂട്ടിക്കിടയില്‍നിന്ന് പെട്ടന്നുതന്നെ എമര്‍ജന്‍സി ലീവ് അറേഞ്ച് ചെയ്തു. വിമാനയാത്രയില്‍ ഉടനീളം അതേ വാക്കുകള്‍ പ്രാര്‍ത്ഥനയായി ഈശോയ്ക്ക് സമര്‍പ്പിച്ചു. ഡാഡി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പതിനഞ്ചു ലിറ്റര്‍ ഓക്സിജന്‍ ഒരു മിനിറ്റില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. രാവിലെ വീട്ടില്‍ എത്തിയശേഷം യാത്രാക്ഷീണം കൊണ്ട് അല്പനേരം കിടന്നുറങ്ങി. കൊറോണരോഗികളെ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക പെര്മിഷന് വേണം. അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ആരംഭിച്ചു. അമ്മയാണ് ഡാഡിക്കൊപ്പം ഉള്ളത്. അമ്മയ്ക്കും പ്രായമായി. അറുപത്തിയേഴ് വയസ്സ്. ആരോഗ്യപ്രശ്നങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ട്. ദൈവത്തിലുള്ള ആശ്രയത്തോടൊപ്പം മകള്‍ നഴ്സ് ആണെന്നത് ഒരു പരിധിവരെ അവരെ ധൈര്യപ്പെടുത്തി എന്ന് പിന്നീട് അവര്‍ പറഞ്ഞിട്ടുണ്ട്. വൈകുന്നേരമായപ്പോള്‍ എന്റെ ശരീരത്തിന്റെ അവസ്ഥ മാറി മറിയുകയാണ്. മുഖം മുതല്‍ കാല് വരെ നീര് വച്ചിട്ടുണ്ട്. ശക്തമായ വേദന. ചില ശാരീരിക അസ്വസ്ഥതകള്‍ ആ നാളുകളില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ സഹനം കഠിനമായി. വീട്ടില്‍ ഞാന്‍ തനിച്ചാണ്. ഈശോ എന്തോ ചെയ്യാന്‍ മനഃപൂര്‍വ്വം പ്ലാന്‍ ചെയ്ത പോലെ... ചിലരുടെ സഹായത്താല്‍ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മാതാപിതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഓടി എത്തിയ എനിക്ക് മറ്റൊരു ആശുപത്രിക്കിടക്ക ഒരുക്കി ഈശോ കാത്തിരുന്നതോര്‍ത്തപ്പോള്‍ ഈശോയ്ക്ക് ചെറിയൊരു 'ഡോസ് ' കൊടുത്തു. ഡാഡിയുടെ അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇല്ല. അമ്മയ്ക്കും കൊറോണ ലക്ഷണങ്ങള്‍. ആശുപത്രിയില്‍ കിടക്കാന്‍ മനസ് അനുവദിക്കുന്നില്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. "ഈശോയേ, നിന്റെ ഹിതം മാത്രം...." ഒരു ദിവസം മനസ്സ് വല്ലാതെ ഭാരപ്പെടുന്നപോലെ... ഒരു വൈദികനിലൂടെ ഈശോ സംസാരിച്ചു. 'നിനക്ക് ശരീരം കൊണ്ട് ചെന്നെത്താന്‍ കഴിയാത്തിടത്ത് നിന്റെ പ്രാര്‍ത്ഥനയാല്‍ ചെന്നെത്താന്‍ കഴിയും.' ശരീരത്തില്‍ ഒരു ശക്തി നിറയുന്നതുപോലെ അനുഭവപ്പെട്ടു. വിശുദ്ധ ഗ്രന്ഥം കയ്യിലെടുത്തു, മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു. ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഡാഡിയുടെ തലയിണക്കരികെ വയ്ക്കാന്‍ പറഞ്ഞു. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഫോണിലൂടെ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. "കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല...." ന്യൂമോണിയ ബാധിച്ചതിനാല്‍ ഡാഡിയുടെ ചെസ്റ്റ് എക്സ്റേ മോശമായിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം ഒന്നര മണിക്കൂര്‍ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് ഫോണിലൂടെ പ്രാര്‍ത്ഥിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കണ്ണുനീര്‍കൊണ്ട് കുതിര്‍ന്നു. വീണ്ടും ഈശോയുടെ ഹിതം എന്ന് ഏറ്റു പറഞ്ഞുകൊണ്ടിരുന്നു. പ്രാര്‍ത്ഥനക്കുശേഷം നാല് മണിക്കൂറുകളോളം ഡാഡി ശാന്തമായി ഉറങ്ങി. പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്നപ്പോള്‍ ഡാഡിയോടു ചോദിച്ചു, "മുഖത്ത് എന്താ ഒരു തെളിച്ചം, അല്പം ഭേദമായപോലെ ഉണ്ടല്ലോ?? ഓക്സിജന്റെ അളവ് കുറച്ചു നോക്കാം" അങ്ങനെ പറഞ്ഞ് ഓക്സിജന്‍ പത്ത് ലിറ്റര്‍ ആക്കി. രാത്രി ആയപ്പോഴേക്കും അഞ്ച് ലിറ്റര്‍ ആക്കി. തൊട്ടടുത്ത ദിവസം ഓക്സിജന്‍ മാസ്ക് മാറ്റി ട്യൂബ് വഴി രണ്ട് ലിറ്റര്‍ ആക്കി. അന്ന് ഒരു എക്സ്റേ കൂടി എടുത്തു. അതിന്റെ ഫോട്ടോ എന്റെ മൊബൈലില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, രണ്ട് ലങ്സിലും ന്യൂമോണിയ ബാധിച്ച എക്സ്റേയുടെ സ്ഥാനത്ത് വളരെ മെച്ചപ്പെട്ട, ക്ലിയര്‍ ആയ, എക്സ്റേ! ഈശോയെ ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ കൊതിച്ചു. അമ്മയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കുറഞ്ഞു. കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് പറഞ്ഞ ശിഷ്യന്മാര്ക്കു കര്‍ത്തൃ പ്രാര്‍ത്ഥന നല്കിയ ഈശോ ഇങ്ങനെ പഠിപ്പിച്ചു. "അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ..." ഗത്സമെന്‍ തോട്ടത്തില്‍ ചോര വിയര്‍ത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശോ ഇപ്രകാരം പറഞ്ഞു, "എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ" (മത്തായി 26/39). മംഗളവാര്‍ത്ത അറിയിക്കാന്‍ എത്തിയ ഗബ്രിയേല്‍ മാലാഖയോട് പരിശുദ്ധ മറിയം പറഞ്ഞു, "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!" (ലൂക്കാ 1/38). വിശുദ്ധ യൗസേപ്പിതാവിനു സ്വപ്ന ദര്‍ശനങ്ങള്‍ ലഭിച്ചതനുസരിച്ച് അദ്ദേഹം അവയെല്ലാം ദൈവഹിതമായി കണ്ട് അനുസരിച്ചു. തിരുക്കുടുംബം നമുക്ക് നല്കുന്ന മാതൃക ദൈവഹിതം നടപ്പിലാക്കുക എന്നതാണ്. നമ്മുടെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും നമുക്കും പ്രാര്‍ത്ഥിക്കാം: 'ഈശോയേ, എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.' ദൈവവചനത്തിന്റെയും ദൈവഹിതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ശക്തി എന്താണെന്ന് ഈശോ കാണിച്ചുതന്നു. അതോടൊപ്പം അനേകര്‍ ഞങ്ങള്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. ഏഴു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. തൊട്ടടുത്ത ദിവസങ്ങളില്‍ എന്റെ മാതാപിതാക്കളും. അവധി കഴിഞ്ഞ് വീട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ഡാഡിയുടെയും അമ്മയുടെയും മുന്പില് മുട്ട് കുത്തി അവരുടെ കരങ്ങള്‍ എന്റെ ശിരസ്സില്‍ വച്ച് അനുഗ്രഹം വാങ്ങി. അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും കണ്ണുനീര്‍ത്തുള്ളികളായി ഒഴുകി ഇറങ്ങി. അവരുടെ പാദങ്ങള്‍ തൊട്ടു വണങ്ങുമ്പോള്‍ ഈശോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു,"നീ എന്റെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം ഓര്‍ക്കുന്നില്ലേ?" ഈശോയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. ഒരു ഫ്ളൈയിംഗ് കിസ്സ് എന്റെ ചങ്കിന്... "അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീര്‍ത്തനങ്ങള്‍ 50/15).
By: Ann Maria Christeena
Moreമാര്‍പാപ്പയുടെ ചുംബനം ഒരു കുഞ്ഞില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷ്യം ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ 2019 മെയ് മാസത്തില്‍ ഞാന്‍ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം മൊത്തം കാണാമെന്നും നേരത്തേ പ്ലാന്‍ ചെയ്തിരുന്നു. സോളിയുടെയും ഭര്‍ത്താവ് ബൈജുവിന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമില്‍ വരുമ്പോള്‍ പാപ്പായില്‍നിന്ന് ക്യാരയ്ക്ക് ഒരു ആശീര്‍വാദം വാങ്ങിക്കണം എന്ന്... അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ സ്വപ്നം മുളയിലേതന്നെ ഒന്ന് നുള്ളാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. അവസാനം, ''ഞാന്‍ മാക്സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വേണം വരാന്‍'' എന്ന നിര്‍ദേശം നല്കി. പാപ്പ തലയില്‍ കൈവച്ച് ഒന്ന് ആശീര്‍വദിച്ചാല്‍ ക്യാരമോള്‍ സംസാരിച്ച് തുടങ്ങും എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്താറുള്ള പൊതു കൂടികാഴ്ചയ്ക്കുള്ള അവസരം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാന്‍വേണ്ടി ഞാന്‍ യൂറ്റിയൂബില്‍ വത്തിക്കാന്‍ ന്യൂസിന്റെ വീഡിയോകള്‍ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതു കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാര്‍പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി ആശീര്‍വാദം നല്‍കാനായി കടന്ന് പോകാറുണ്ട്. ആ വഴികള്‍ ഒക്കെ മനസിലാക്കി ബുധനാഴ്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേയ്ക്ക് പോയി. നല്ല തണുപ്പത്ത് മൂന്ന് മണിക്കൂര്‍ ക്യൂ നിന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിനുള്ളില്‍ കയറാനുള്ള പരിശോധനകള്‍ എല്ലാം നടത്തി. എയര്‍പോര്‍ട്ടില്‍ നടത്തുന്ന ശൈലിയിലുള്ള പരിശോധനകളാണ് അവിടെ നടത്തുക. ഞാന്‍ പറഞ്ഞതനുസരിച്ച് സോളി ക്യാരമോളെ വെള്ളവസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ മുന്‍നിരയില്‍ നില്ക്കാന് അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികള്‍ ഒന്നിക്കുന്ന ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഏകദേശം 8.45 ആയപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളുടെ ഇടയില്‍ കൂടി കടന്നുവന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാരമോളുടെ ജാക്കറ്റ് ഊരി. 'കൊച്ചിന് തണുപ്പടിക്കും' എന്ന മാതൃഹൃദയത്തിന്റെ നൊമ്പരം, ഞാനും 'കൊച്ചിന്റെ അപ്പനും' അത്ര കാര്യമായി പരിഗണിച്ചില്ല. ''ഉടുപ്പിന് മുകളില്‍ സ്വെറ്റര്‍ ഉണ്ട്, അതിനാല്‍ 5 മിനിറ്റ് തണുപ്പടിച്ചാലും സാരമില്ല'' എന്നായിരുന്നു ഞങ്ങളുടെ എതിര്‍വാദം. കാരണം മറ്റൊന്നുമായിരുന്നില്ല, ചെറിയ കുട്ടികളുടെ വെള്ള വസ്ത്രം പെട്ടെന്ന് മാര്‍പാപ്പയുടെ ശ്രദ്ധ പിടിച്ച് പറ്റും. അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ സഞ്ചരിക്കുന്ന പാപ്പാമൊബൈല്‍ അടുത്ത് എത്തി. ക്യാരയെ കൈകളില്‍ എടുത്ത് മാര്‍പാപ്പയുടെ ബോഡി ഗാര്‍ഡിനുനേരെ നീട്ടി. ദൈവാനുഗ്രഹത്താല്‍ പാപ്പാമൊബൈല്‍ സ്പീഡ് കുറച്ചു. ഒരു ബോഡി ഗാര്‍ഡ് ക്യാരമോളെ വാങ്ങി ഫ്രാന്‍സിസ് പാപ്പായുടെ നേരെ നീട്ടി. മാര്‍പാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയില്‍ ഒരു ചുംബനം നില്‍കി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാരമോളും കൗതുകത്തോടെ ഫ്രാന്‍സിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു, വിശ്വസിക്കാന്‍ പറ്റുന്നില്ല, വലിയ ഒരു അനുഗ്രഹം. സോളിയുടെ മൂത്ത മകന് അലനും സുഹൃത്തായ മറ്റൊരു ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ ആറും നാലും വയസ് പ്രായമുള്ള അവരെ തിരക്കിനിടയില്‍ എടുത്തുയര്‍ത്താന്‍ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്ന് പോയപ്പോള്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാള്‍ക്ക് എങ്കിലും പാപ്പായുടെ ആശീര്‍വാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി. ഇനിയാണ് ക്ലൈമാക്സ്! ക്യാരയെ മാര്‍പാപ്പ ആശീര്‍വദിച്ച സന്തോഷത്തില്‍ കോണ്‍വെന്റില്‍ തിരിച്ച് എത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ക്യാരയുടെ വിളി, 'അമ്മേ!!' എല്ലാവരും അത്ഭുതം കൂറി. ഏകദേശം 11 മാസം ആയിട്ടും 'കമാ'ന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര 'അമ്മേ... അപ്പാ' എന്നൊക്കെ പറയാന്‍ തുടങ്ങി. തീര്‍ച്ചയായും ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം ശരിക്ക് അങ്ങ് ഏറ്റു. അന്നുമുതല്‍ ഇന്നുവരെ ക്യാരമോളുടെ വായ് അടപ്പിക്കാന്‍ പാടുപെടുകയാണ് എന്റെ സഹോദരി സോളി. അഹറോന് ദൈവം നല്കിയ അനുഗ്രഹത്തെക്കുറിച്ച് തിരുവചനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ, ''മോശ അവനെ വിശുദ്ധതൈലംകൊണ്ട് അഭിഷേചിച്ച് നിയോഗിച്ചു. കര്ത്താവിന് ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനുംവേണ്ടി അവനും അവന്റെ പിന്ഗാമികള്ക്കും ആകാശംപോലെ നിത്യമായ ഒരു ഉടമ്പടിയാണ് അത്'' (പ്രഭാഷകന്‍ 45/15). കര്‍ത്താവിന്റെ അഭിഷിക്തരില്‍നിന്ന് ലഭിക്കുന്ന ആശീര്‍വാദം എത്രമാത്രം ശക്തമാണെന്ന് നമുക്ക് മറക്കാതിരിക്കാം.
By: Sister Soniya Therese D.S.J
Moreപരിശുദ്ധാത്മാവിന്റെ അഭിഷേകം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റം വായിച്ചു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. യേശു 'പാറ' എന്ന് വിളിച്ച പത്രോസിനെ പാറയാക്കിമാറ്റിയത് പരിശുദ്ധാത്മാവാണ്. നമ്മില്‍ ദൈവഹിതം നിറവേറ്റപ്പെടാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്നെ നന്നാക്കേണ്ട ഉത്തരവാദിത്വം പരിശുദ്ധാത്മാവിനെ ഏല്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കുകമാത്രം ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം വെളുപ്പിന് രണ്ട് മണിക്ക് ഉണര്‍ന്നു. പിന്നെ ഉറക്കമൊന്നും വന്നില്ല. അതിനാല്‍ ആ സമയത്ത് പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. സമയം നാലര ആയപ്പോള്‍ ഉറക്കം വന്നു. കിടക്കാനായി ശ്രമിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പറഞ്ഞു, "നീ ഇപ്പോള്‍ കിടക്കണ്ട, കിടന്നാല്‍ ആറരയ്ക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിക്കാതെ വരും." "ഇല്ല, ഞാന്‍ പൊയ്ക്കോളാം. പ്ലീസ് ഒന്ന് കിടക്കട്ടെ" ഇങ്ങനെ പറഞ്ഞ് ഞാന്‍ കിടന്നു. പരിശുദ്ധാത്മാവ് പറഞ്ഞതുപോലെ പിന്നെ ഞാന്‍ എഴുന്നേറ്റില്ല, ഉറങ്ങിപ്പോയി. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ഞാന്‍ ചോദിച്ചു, "പരിശുദ്ധാത്മാവേ, ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണ് അങ്ങയുടെ ദൈവികശക്തി എന്നില്‍ പ്രവര്ത്തിക്കാതെയിരുന്നത്?" പരിശുദ്ധാത്മാവ് പറഞ്ഞു, "എളിമയും അനുസരണവും ഉള്ള ആത്മാവില്‍ മാത്രമേ എന്റെ ദൈവികശക്തി പ്രകടമാവുകയുള്ളൂ." ഞാന്‍ കുറച്ചു സമയം കട്ടിലില്‍ ഇരുന്നുകൊണ്ട് പത്രോസിനെക്കുറിച്ച് ചിന്തിച്ചു. 'പത്രോസേ നീ പാറയാകുന്നു, ഈ പാറമേല്‍ എന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല' എന്ന് യേശു പറഞ്ഞപ്പോള്‍ സ്വാഭാവികമായും പത്രോസിന് തന്നില്‍ത്തന്നെ ഒരു അഭിമാനവും സന്തോഷവും കുറച്ച് അഹങ്കാരവും ഒക്കെ തോന്നിയിരിക്കണം. ശിഷ്യന്മാരില് ഏറ്റവും പ്രധാനിയായും യേശുവിന്റെ വലംകൈയായും യേശുവിനെ സ്നേഹിച്ച് നടന്നിട്ടുണ്ടാവും. ആ പത്രോസ് തന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞിട്ടുപോലും പത്രോസ് വിശ്വസിച്ചില്ല. യേശു പാറ എന്ന് വിളിച്ച പത്രോസിന് അത്രമേല്‍ തന്നില്‍ത്തന്നെ ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. തുടര്‍ന്ന് യേശുവിന്റെ നോട്ടത്തില്‍ ഉള്ളുരുകി കരഞ്ഞപ്പോള്‍ പത്രോസിന്റ അഹന്തയാണ് ഇല്ലാതായത്. ഞാന്‍ ഒന്നും അല്ല എന്നുള്ള തിരിച്ചറിവ്. അപ്പോള്‍ യേശു ചെയ്തത് മറ്റൊന്നാണ്. 'നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, എന്റെ എല്ലാം വാഗ്ദാനങ്ങള്‍ക്കും നീ യോഗ്യനാണ്' എന്ന് മനസ്സിലാക്കി കൊടുത്തു. ടിയാന് എന്ന സിനിമയിലെ ഒരു മാസ് ഡയലോഗ് ഉണ്ട്, 'എന്തുകൊണ്ടാണ് ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങുന്നത് എന്നറിയാമോ? അഹന്ത, അതില്ലാതാകാന്‍. അഹന്ത ഇല്ലാത്ത ഉടല് പൊള്ളുന്ന ആല പോലെയാണ്. ആ ആലയിലേ ദിവ്യശക്തിയുടെ ഉരുക്കിന് നിറയാനാവൂ. അങ്ങനെ നിറഞ്ഞാലേ അതൊരു ജീവിക്കുന്ന ആയുധമാകൂ... വജ്രായുധം!' ഈ ഡയലോഗില്‍ പറയുന്നതാണ് പത്രോസിന് സംഭവിച്ചത്. പിന്നീട് നാം കാണുന്നത് പത്രോസ് കടന്നുപോകുമ്പോള്‍ അവന്റ നിഴലെങ്കിലും പതിക്കുന്നതിനു വേണ്ടി തെരുവീഥികളില്‍ കൊണ്ടുവന്ന് രോഗികളെ കട്ടിലില്‍ കിടത്തുന്ന കാഴ്ചയാണ്. കാരണം അവന്റെ നിഴല്‍ വീണാല്‍പ്പോലും രോഗസൗഖ്യം ലഭിക്കുമായിരുന്നു. ഇതെല്ലാം ചിന്തിച്ച് ഞാന്‍ പരിശുദ്ധാത്മാവിനോട് ചോദിച്ചു, "പരിശുദ്ധാത്മാവേ, അഹം ഇല്ലാതാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?" പരിശുദ്ധാത്മാവ് പറഞ്ഞു, "നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും ഇരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത് (ഏശയ്യാ 58/14). രണ്ട്- ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും എന്ന് അരുള്‍ച്ചെയ്ത കര്‍ത്താവ് എപ്പോഴും വിശ്വസ്തനാണ്. അതിനാല്‍ നീ പ്രാര്‍ത്ഥിക്കുക, നിന്റെ കുറവുകള്‍ യേശുവിന്റെ പുണ്യങ്ങളോട് ചേര്‍ത്ത് പിതാവിന് സമര്‍പ്പിക്കുക."
By: Shalom Tidings
Moreഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരിയുടെ കുഞ്ഞിന്റെ കണ്ണില്‍ അറിയാതെ കത്തി കൊണ്ടു. എന്നാല്‍ ദൈവകൃപയാല്‍ ചെറിയ മുറിവുമാത്രമേ ഉണ്ടായുള്ളൂ. ഡോക്ടര്‍ മരുന്നു നല്കി. മരുന്ന് ഒഴിക്കുമ്പോഴുള്ള നീറ്റല്‍ കാരണം കുഞ്ഞ് കരച്ചിലാണ് എന്ന് കൂട്ടുകാരി പങ്കുവച്ചു. ഈ സംഭവങ്ങളൊക്കെ ഞാന്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ഞങ്ങളുടെ രണ്ടുവയസ്സുകാരി മകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ അവള് ഇങ്ങനെ പറയും: "ഈശോയേ, ഇസവാവേടെ വാവു മാറ്റണേ... " എന്തായാലും ഇസവാവയുടെ കണ്ണ് സുഖമായി. ആ സമയത്ത് കൂട്ടുകാരി കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വളരെ വിദഗ്ധനാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു വയസ്സു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് കോങ്കണ്ണ് വരാറുള്ള എന്റെ കുഞ്ഞിനെയും അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ ശിശുക്കള്‍ക്കായുള്ള പ്രത്യേക നേത്രരോഗവിദഗ്ധനെ കാണിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതോടൊപ്പം കുഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം കുറച്ച് മാസങ്ങളായി അവള് മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പാട്ടുകള്‍ കാണുന്നുണ്ടായിരുന്നു. കോങ്കണ്ണിന്റെ കാരണം അതല്ലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണിന് മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടമായതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കറിയാം അവരെ മൊബൈലില്‍നിന്നും അകറ്റി നിര്‍ത്തുക വളരെ പ്രയാസമാണെന്ന്. പലപ്പോഴും നമ്മള് തോറ്റുപോകും. ഇനി ചില രഹസ്യങ്ങള്‍ പറയാം. രഹസ്യമെന്നു പറയാന്‍ കാരണം ഇത് എഴുതുമ്പോള്പോലും എനിക്കും എന്റെ ഈശോയ്ക്കും മാതാവിനും മാത്രമേ ഇതിനെക്കുറിച്ച് അറിയുകയുള്ളു. എന്റെ കുഞ്ഞ് രാത്രി വളരെ വൈകിയാണ് ഉറങ്ങുക. അവളെ എടുത്തുകൊണ്ട് താരാട്ട് പാടി ഞാന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരാറുണ്ട്. ഓഫിസിലെ ജോലി, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കഴിഞ്ഞ് കുഞ്ഞിനെയുറക്കാനുള്ള ഈ തത്രപ്പാട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുറേ നേരം ഇങ്ങനെ നടന്നുകഴിയുമ്പോള്‍ ഒന്ന് ഇരിക്കാന്‍ കൊതി തോന്നും. പക്ഷേ ഇരിക്കാന്‍ അവള് സമ്മതിക്കില്ല. അര്‍ധരാത്രി കുഞ്ഞിനെ കരയിച്ചാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥരുടെ കുടുംബത്തിനും ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി സഹിക്കും. എന്നിട്ട് ഞാന്‍ അത് മാതാവിന്റെ കൈയില്‍ കൊടുക്കും. എന്തിനാണെന്നോ? നാളെ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് അവളുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ സാധിക്കാന്‍. അവളുടെ ജീവിതത്തില്‍ ഇച്ഛകളോട് 'നോ' പറയാന്‍ അവള്‍ക്ക് കരുത്ത് ലഭിക്കാനായി അവളുടെ അമ്മ ഇപ്പോള്‍ 'നോ' പറയുന്നു. എന്നിട്ട് മാതാവുവഴിയായി ഈശോയ്ക്കു നല്കുന്നു. ആത്മീയജീവിതത്തില്‍ ഇച്ഛകളോട് നോ പറഞ്ഞു പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയധികം ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നോ അത്രയധികം പരിശുദ്ധാത്മാവിന് എന്നില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അങ്ങനെയൊരു നോമ്പ് പോലും എടുക്കുകയുണ്ടായി. എന്തൊക്കെ ചെയ്യാന്‍ തോന്നുന്നോ അതിനോടെല്ലാം നോ പറയുക. ഏതായാലും കുഞ്ഞുനിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അവള്‍ക്കായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി കണ്ണിന്റെ കഥയിലേക്കു തിരിച്ചുവരാം. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "കുഞ്ഞ് ഫോണ്‍ നോക്കിയാല്‍ ഇസവാവയ്ക്ക് വാവു വന്നതുപോലെ കുഞ്ഞിനും വരും. അപ്പോള്‍ ഡോക്ടറങ്കിള്‍ മരുന്ന് തരും. കണ്ണ് നീറും." ഏതായാലും സംഗതി ഏറ്റു. മാസങ്ങള്‍ കടന്നുപോകുന്നു... പിന്നീട് ഇന്നുവരെ അവള് ഫോണില്‍ നോക്കിയിരുന്നിട്ടില്ല, ഫോണ്‍ വേണമെന്നു പറഞ്ഞ് വാശി പിടിച്ചിട്ടില്ല. ഞങ്ങള്‍ ഫോണ്‍ നോക്കുമ്പോള്‍ ഒന്ന് പാളി നോക്കിയിട്ട് ചോദിക്കും 'ഇതാരാ?' അത്രമാത്രം. ചിലപ്പോള്‍ ആത്മഗതം പറയുന്നതും കേള്‍ക്കാം... "ഇസവാവയ്ക്ക് വാവൂ... ഡോക്ടറങ്കിള്‍ മന്നു കൊത്തു... നീറും..." ചെറുപ്പത്തില്‍ ടി.വി കാണാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വഴക്കുപിടിച്ചിട്ടുള്ള എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇവള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന്. പക്ഷേ ഇന്നാണ് അവള്‍ക്കുവേണ്ടി എന്റെ ഇച്ഛകളെ നിയന്ത്രിച്ചിരുന്നതും അത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിരുന്നതും ഓര്‍മവന്നത്. അതെല്ലാം അവള്‍ക്ക് ഇന്ന് കൃപയായി ലഭിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കു തോന്നുകയാണ്. ഇത് വായിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യപൂര്ണയായ അമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോഴെല്ലാം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോകാറുണ്ട്. എന്നാലും എനിക്ക് മാതാവിനെ വിശ്വാസമാണ്. 'പെര്‍ഫക്ട് ആയതിനുശേഷം പുണ്യങ്ങള്‍ അഭ്യസിക്കുക എനിക്ക് സാധ്യമല്ല എന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ട് 'ഞാന്‍ ഇങ്ങനെയൊക്കെയാണ്' എന്ന് പറഞ്ഞ് എന്റെ നിസ്സഹായതയില്‍ സഹായത്തിനായി മാതാവിനെ നോക്കും. അപ്പോഴാണ് ഇങ്ങനെയുള്ള 'സൂത്രപ്പണികള്‍' ചെയ്യാനുള്ള കൃപ ലഭിക്കുന്നത്.ډ
By: Ans Jose
Moreലഹരിക്ക് അടിമയായതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പുരോഹിതനുണ്ടായിരുന്നു വെനീസില്‍. ഒരു ശിക്ഷയും അദ്ദേഹത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. അങ്ങനെയിരിക്കേ ഒരു സന്ധ്യയില്‍ ബാറിലിരുന്ന സമയത്ത് ആരോ വന്ന് തട്ടിവിളിച്ചു. "പുതിയ മെത്രാന് നിങ്ങളെ കാത്ത് പുറത്ത് നില്പുണ്ട്!" വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം അടുത്ത കുപ്പിയില്നിന്നും ഗ്ലാസിലേക്ക് പകരാന്‍ തുടങ്ങി. അപ്പോഴാണ് തോളില്‍ ആരുടെയോ കൈയമരുന്നത് അറിഞ്ഞത്. വാസ്തവമായും മെത്രാന്തന്നെ. കര്‍ദിനാള്‍ റോണ്‍കാളി. പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസേരയില്‍ അയാളെ ഇരുത്തിയിട്ട് മെത്രാന് മുട്ടുകുത്തി, കുമ്പസാരിക്കാന്‍. എന്റെ പിഴയെന്ന് ചൊല്ലിക്കൊണ്ട് ആശീര്‍വാദത്തിനായി കാത്തുനില്ക്കുന്ന ഈ വന്ദ്യദേഹത്തിന്റെ മീതെ ചെറുപ്പക്കാരന് വൈദികന്റെ കണ്ണീര് വീഴാന്‍ തുടങ്ങി. ആശീര്‍വാദം സ്വീകരിച്ച് എഴുന്നേറ്റപ്പോള്‍ അയാളെ ചേര്‍ത്തുപിടിച്ച് മെത്രാനച്ചന് പറഞ്ഞു, "ഇതിനാണ് മകനേ, ദൈവം നിന്നെ തെരഞ്ഞെടുത്തത്." ഈ മെത്രാനച്ചനാണ് പിന്നീട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിത്തീര്‍ന്നത്. അന്ന് ആ വൈദികന് തന്നെത്തന്നെ കണ്ടെത്താന്‍ തുടങ്ങി. പട്ടത്തിന്റെ തൈലംകൊണ്ട് ഒരാളെ പുരോഹിതനാക്കാന്‍ കഴിയും, പക്ഷേ യഥാര്‍ത്ഥ പൗരോഹിത്യത്തിലേക്ക് വളരാന്‍ അയാള്‍ എത്രയോ അധ്വാനിക്കണം. അഭിഷേകം ഒന്നിന്റെയും അവസാനമല്ല, ആരംഭമാണ്. കൃപാവരങ്ങള്‍ വന്നുചേരുന്നവയാണ്, എന്നാല്‍ കൃപയുടെ ഉറവിടത്തെ കണ്ടെത്താന്‍ നിരന്തരം യാത്ര ചെയ്യണം. ആത്മീയയാത്രയില്‍ വന്നുചേരുന്ന ചിലതില്‍ മതിമറന്നുപോയാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിളിയും നിയോഗവും നഷ്ടമായേക്കാം. ഇതറിയാന്‍ സാവൂളിന്റെ ജീവിതം ധ്യാനിക്കുക. ബെഞ്ചമിന്‍ ഗോത്രത്തിലെ കിഷിന്റെ മകനാണ് അവന്. നഷ്ടമായ കഴുതകളെ തേടിപ്പിടിക്കാന്‍ പറഞ്ഞുവിട്ടതാണ് അവനെ. കൂട്ടത്തില്‍ രണ്ട് വേലക്കാരെയും അപ്പന് അയച്ചു. അന്വേഷണം ഏതാണ്ട് വഴിമുട്ടി. അപ്പോഴാണ് ആ നാട്ടിലെ ഒരു ദീര്‍ഘദര്‍ശിയെ കണ്ടാല്‍ കാര്യം നടക്കുമെന്നറിഞ്ഞത്. അത് സാമുവലായിരുന്നു. വഴിയില്‍വച്ചുതന്നെ ദൈവപുരുഷനെ കണ്ടുമുട്ടി. കാര്യം അവതരിപ്പിക്കുംമുമ്പുതന്നെ നഷ്ടമായ കഴുതകളെ ഓര്‍ത്ത് ദുഃഖിക്കേണ്ടെന്നും തനിക്കൊപ്പം വരികയെന്നുമായിരുന്നു സാമുവല്‍ പറഞ്ഞത്. പിന്നെ നടന്നത് സാവൂളിന് ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളായിരുന്നു. കര്‍ത്താവ് തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ നിയോഗിച്ചിരിക്കുന്നു എന്നുപറഞ്ഞ് അഭിഷേകം ചെയ്യാനൊരുങ്ങുകയാണ് സാവൂളിനെ. അവന് അന്വേഷിച്ചിറങ്ങിയത് കഴുതയെയായിരുന്നു. അവനെ തേടിയെത്തിയത് രാജകിരീടവും അഭിഷേകതൈലവും. അപ്പുറത്ത് സാമുവലും ഒരന്വേഷണത്തിലായിരുന്നു. ദൈവനിവേശിതമായൊരു അന്വേഷണം. ദൈവജനത്തെ നയിക്കാന്‍ ഒരു രാജാവിനെ വേണം. സത്യത്തില്‍, രാജാവുമൂലം നിങ്ങള്‍ ഏറെ വിലപിക്കും (1 സാമുവല്‍ 8/18) എന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയിട്ടും, ജനം രാജാവിനായി മുറവിളി കൂട്ടി. "ഞങ്ങള്‍ക്കും മറ്റുള്ള ജനതകള്‍പോലെ ആകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം" (1 സാമുവല്‍ 8/20) സാമുവലിന്റെ നിയോഗം രാജാവിനെ കണ്ടെത്തി അഭിഷേകം ചെയ്യുക എന്നതായിരുന്നു. ഇസ്രായേലില്‍ സാവൂളിനെക്കാള്‍ കോമളനായി ആരുമില്ലെന്നാണ് പറയുക. എന്നിട്ടും സാവൂള്‍ പതറി. ദൈവസ്വരം കേള്‍ക്കുന്നതില്‍ പാടേ പരാജയപ്പെട്ടു. രാജകീയസ്ഥാനവും നഷ്ടമായി. ശരിയാണ്, കഴുതയെ തേടിയിറങ്ങിയവന് രാജാവായി. പക്ഷേ അതില്‍ അവന്റെ അന്വേഷണവും ആത്മീയയാത്രയും ഒടുക്കിയതുകൊണ്ട് അവന്റെ ജീവിതം തകര്‍ന്നുപോയി. അയാളിലെത്തിയ അഭിഷേകം സകലതുമെന്ന് തെറ്റിദ്ധരിച്ചു. അഭിഷേകത്തിനൊത്തവിധം ഉയരാനോ ദൈവത്തെ തേടാനോ അവനായില്ല. തന്നെത്തന്നെ കണ്ടെത്താന്‍ സാമുവലിന്റെ അഭിഷേകതൈലത്തിനാവില്ല എന്ന് അവന് അറിയാതെ പോയത് എന്തുകൊണ്ടാണ്? "നാം ദൈവത്തിന്റെ കൈകളിലാണ്; ദൈവം നമ്മുടെ കൈകളിലല്ല;" ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പറയുന്നു. അതുകൊണ്ട് ആന്തരികതീര്‍ത്ഥാടനം നാം എന്നും നടത്തിക്കൊണ്ടേയിരിക്കണം. അഭിഷേകത്തിലുയര്‍ന്ന് ചലിച്ചവര്‍ എന്തുകൊണ്ട് തകര്‍ന്ന് വീണുപോയി എന്ന് നാം ചോദിക്കാറില്ലേ? കൃപാവരങ്ങളുടെ സാന്നിധ്യം വെളിവായവന്‍ ഇത്രമേല്‍ അധഃപതിച്ചതെന്തേ? ജനത്തെ ധീരമായി നയിച്ചുകൊണ്ടിരുന്നവന്‍ ഭ്രഷ്ടനാക്കപ്പെട്ടതെന്തേ? ജീവിതയാത്രയില്‍ നമ്മില്‍ പലതും വന്നുചേരും. പദവിയും അംഗീകാരവും കൃപകളും ഒക്കെ. ദൈവവഴിയിലെ യാത്രയില്‍ വച്ചുനീട്ടപ്പെടുന്ന ഇവയൊന്നും യാത്രയുടെ ഒടുക്കമല്ല, അന്വേഷണത്തിന്റെ മറുപടിയുമല്ല. നല്കപ്പെടുന്ന ദാനങ്ങളില് അധികമായി അഭിരമിക്കാതെ അവയെ വകഞ്ഞുമാറ്റിനിര്‍ത്തി ദൈവത്തെ തേടുക, ആ നിതാന്തസൗന്ദര്യത്തെ. സന്യാസം ലക്ഷ്യമാക്കിയെത്തുന്ന അര്‍ത്ഥികളോട് വിശുദ്ധ ബനഡിക്റ്റ് പറയും, "നീ ദൈവത്തെമാത്രമാണ് അന്വേഷിക്കുന്നതെങ്കില്‍ പ്രവേശിക്കുക." സന്യാസവും പൗരോഹിത്യവും ആത്മീയയാത്രയുടെ അവസാനമല്ല. അതുപോലെതന്നെ, വിവാഹവും ഏകസ്ഥജീവിതവും ആത്മീയപ്രയാണത്തിലെ ചില ദാനങ്ങളാണ്. ദാനങ്ങളില് കുരുങ്ങി, ഏറ്റവും പ്രധാനപ്പെട്ടവ തള്ളിമാറ്റുമ്പോള്‍ നാമും സാവൂളാകും. കഥയുടെ ഒടുക്കം നാമിങ്ങനെ ചിന്തിച്ചേക്കും, കിഷിന്റെ മകന് രാജാവായി. പക്ഷേ അവന് അവനാകാന്‍ കഴിഞ്ഞില്ല. ദൈവപൈതലായി വളര്‍ന്നില്ല. അഭിഷേകം കിട്ടി. പക്ഷേ, ലക്ഷ്യത്തില്‍ എത്തിച്ചേരാനായില്ല. ക്രിസ്ത്യാനിയായി എണ്ണപ്പെടാന്‍ മാമ്മോദീസ മതിയാകും. പക്ഷേ ആത്മസ്ഥിതി പുസ്തകത്തിലെ പേര് ജീവന്റെ പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മാമ്മോദീസ കഴിഞ്ഞുള്ള ജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. നിതാന്തമായ പരിശ്രമവും അധ്വാനവും കൂടിയേ തീരൂ. പരിപൂര്‍ണതയ്ക്കായുള്ള പ്രയാണത്തിലാണ് നാം. അതിനിടെ അഭിഷേകതൈലവുമായി ദൈവപുരുഷര്‍ വന്ന് നമ്മെ പൂശിയേക്കാം. യാത്രയെ ത്വരിതപ്പെടുത്താന്‍ നല്കപ്പെടുന്ന ചില സമ്മാനപ്പൊതികളാണവ. അവയില്‍ ചടഞ്ഞിരുന്നാല്‍ നമ്മുടെ ഗതിമാറും. ഓ ദൈവമേ, നിന്നെമാത്രം തേടാന്‍, എന്നെ അനുവദിക്കണമേ. ജീവിതവഴികളില്‍ വന്നുചേരുന്ന കൃപാദാനങ്ങളില്‍ മനസുടക്കാന്‍ നീയൊരിക്കലും അനുവദിക്കരുതേ. നിന്നില്‍ ഒന്നാകുവോളം എന്റെ പ്രാണന് നിനക്കായിമാത്രം ദാഹിക്കട്ടെ. ആമ്മേന്‍.
By: Father Roy Palatty CMI
Moreഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭീകര ഭരണകാലത്ത് റോമാ സാമ്രാജ്യത്തില്‍ കഠിനമായ ഒരു മതമര്‍ദനമുണ്ടായി. ചക്രവര്‍ത്തി ഇപ്രകാരം ഒരു ആജ്ഞ പുറെ പ്പടുവിച്ചു. തന്റെ സാമ്രാജ്യത്തില്‍പെട്ട എല്ലാവരും 'ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും' എന്നു വിളിച്ച് ചക്രവര്‍ത്തിയെ ആരാധിക്കണം. അതിന് വിസമ്മതിച്ച ഏഷ്യാ മൈനറിലെ ക്രൈസ്തവ സമൂഹങ്ങളെ ചക്രവര്‍ത്തി രൂക്ഷമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി. ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം പട്ടാളക്കാരുടെ വാള് അനേകം ക്രിസ്ത്യാനികളുടെ ജീവനൊടുക്കി. ക്രൈസ്തവരെന്ന് സംശയിക്കപ്പെട്ട പലരെയും തടങ്കലില്‍ അടച്ചു. അവരില്‍ ചിലരെ നാടുകടത്തി. നാടുകടത്തപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ കഠിനമായ അടിമവേല ചെയ്തു. അങ്ങനെ നാടുകടത്തപ്പെട്ടവരുടെ കൂടെ യേശുവിന്റെ അരുമ ശിഷ്യനായ യോഹന്നാനും ഉണ്ടായിരുന്നു. പാത്മോസ് എന്ന ദ്വീപിലേക്കാണ് യോഹന്നാന് നാടുകടത്തപ്പെട്ടത്. പാറമടകളില്‍ അടിമവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാന്റെ ജീവിതം അതികഠിനമായ പ്രതികൂലങ്ങളിലൂടെ കടന്നുപോയി. പാത്മോസിലെത്തിയ യോഹന്നാന് മറ്റു ക്രിസ്തുശിഷ്യന്മാരുമായുള്ള കൂട്ടായ്മ നഷ്ടെപ്പട്ടു. ഏഷ്യാ മൈനറിലെ മറ്റു ക്രൈസ്തവ കൂട്ടായ്മകളുമായുള്ള ബന്ധവും അവിടെ നിന്നും ലഭിച്ചിരുന്ന താങ്ങും നഷ്ടപ്പെട്ടു. ഇങ്ങനെ ഏകനായി, അന്യനായി, പരദേശിയായി, അടിമയായി, കഷ്ടതയുടെ ചൂളയില്‍ ഉരുകുന്ന കാലഘട്ടത്തിലാണ് പാത്മോസ് ദ്വീപില്‍വച്ച് യോഹന്നാന് വെളിപാടിന്റെ പ്രകാശം നല്കപ്പെട്ടത്. വെളിപാടിന്റെ രഹസ്യ ങ്ങള് ലോകത്തിലെ സകല വിശ്വാസികള്‍ ക്കും കാലത്തിന്റെ അവസാനംവരെ വെളിെപ്പടുത്തി കൊടുക്കുവാന്‍വേണ്ടി യോഹന്നാന് ദൈവം ദര്‍ശനമേകിയ സ്ഥലമായിരുന്നു പാത്മോസ് ദ്വീപ്. അവിടെ യോഹന്നാന് ഒറ്റപ്പെട്ടവനായിരുന്നു. സ്വസഹോദരങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടവനായിരുന്നു, ആട്ടിപ്പായിക്കപ്പെട്ടവനായിരുന്നു. ഭീകരമായ ഏകാന്തതയും കഠിനാധ്വാനവും പീഡനങ്ങളുംമൂലം അദ്ദേഹം ദുര്‍ബലനും ഭയചകിതനുമായിരുന്നു. വെളിപാടിന്റെ പുസ്തകത്തിലെ പ്രതി പാദ്യങ്ങള്ക്കിടയില് മറ്റു മനുഷ്യരുടെയോ ശിഷ്യന്മാരുടെ പഠനങ്ങളുടെയോ സ്വാധീനം ലവലേശമില്ലാതിരിക്കുവാന്വേണ്ടിയാണ് യോഹന്നാന് ദൈവം പാത്മോസില്‍ ഒറ്റെപ്പടലും ഏകാന്തതയും കഠിനസഹനങ്ങളും അനുവദിച്ചത്. യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും ദൈവത്തിന്റെ മഹത്തരമായ പദ്ധതിയാണ് അതിലൂടെ നിറവേറ്റെപ്പട്ടത്. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8:28). പാത്മോസ് നമ്മുടെ ജീവിതത്തില്‍ പാത്മോസ് അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെയൊക്കെ ജീവിതത്തി ലും കടന്നുവരാനിടയുള്ളതും നമ്മളില്‍ പലരും കടന്നുപോയിട്ടുള്ളതുമായ ഒരു വിശ്വാസക്കടമ്പയാണ് പാത്മോസ് അനുഭവം. നമ്മളനുഭവിച്ചുകൊണ്ടിരുന്ന എല്ലാ സുരക്ഷിതത്വത്തില്‍നിന്നും നമ്മെ വേര്‍പെടു ത്തി, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അടിമവേലയുടെയും വഴികളിലൂടെ ദൈവം ഒരുപക്ഷേ നമ്മെ നയിച്ചെന്നിരിക്കും. അവഗണനയും വെട്ടിമാറ്റലും ആട്ടിപ്പായിക്കലും തിരസ്കരണവുമെല്ലാം ഈ കാലഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇതുവരെയുള്ള ജീവിതത്തില്‍ പലവട്ടം ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാകാം നമ്മളിൽ പലരും . കൂട്ടായ്മ്മകൾ വിശ്വാസജീവിതത്തിന് അനിവാര്യമാണ്. എന്നാല്‍ പാത്മോസിലെ യോഹന്നാന് എല്ലാ ക്രിസ്തീയ കൂട്ടായ്മകളില്‍നിന്നും അകറ്റപ്പെട്ടവനായിരുന്നു. ഒരു ക്രിസ്തീയ കൂട്ടായ്മയുമായി ബന്ധപ്പെട്ടു പോകാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാം. പതറിപ്പോകരുത് യോഹന്നാനോടു ദൈവം സംസാരിച്ചതുപോലെ ദൈവം നമ്മളോട് വ്യക്തിപരമായി സംസാരിക്കുന്ന നിമിഷങ്ങ ളായിരിക്കും ഈ ഒറ്റപ്പെടലിന്റെ നിമിഷങ്ങള്‍. നമ്മുടെ മുമ്പില്‍ നിലനില്‍ക്കുന്ന വിലക്കുകളും വിലങ്ങുകളും മാറ്റിനിറുത്തലുമെല്ലാം ഏകാന്തതയുടെ വിജനതയിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്റെ മനോഹരമായ പദ്ധതികളാണ്. വിജനതകളില്‍, ഏകാന്തതകളിൽ , ദൈവം നമ്മുടെ അടുത്തുവരും. നമ്മളോട് ഹൃദ്യമായി സംസാരിക്കും. അവിടുത്തെ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരും. "ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും. അവിടെ വച്ച് ഞാന്‍ അവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്‍കും" (ഹോസിയ 2:14-15). പില്ക്കാലത്ത് നമുക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കാരണമായിത്തീരുന്ന ഉന്നതങ്ങളായ ദൈവകൃപകളും ദൈവാനുഗ്രഹങ്ങളും തന്ന് ദൈവം നമ്മെ ഉയര്‍ത്തുന്ന അവസരങ്ങളായിരിക്കും പാത്മോസ് അനുഭവത്തിലൂടെ നമ്മെ കടത്തിവിടുന്ന സമയങ്ങള്‍. തടവറകളും ദൈവപദ്ധതികള്‍ "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം" (1 കോറിന്തോസ് 9:16) എന്ന് സുവിശേഷതീക്ഷ്ണതയാല്‍ എഴുതിവച്ചവനാണ് വിശുദ്ധ പൗലോസ് ശ്ലീഹാ. കര്‍ത്താവിനോടുള്ള സ്നേഹത്തെപ്രതിയും സുവിശേഷത്തെപ്രതിയും ദൈവരാജ്യത്തെപ്രതിയും കത്തിജ്വലിച്ചവന്‍! എന്നാല്‍ പൗലോസ് ശ്ലീഹാ ആഗ്രഹിച്ചതുപോലുള്ള ഒരു പ്രഘോഷണ പരമ്പരയല്ല അദ്ദേഹത്തിന്റെ പ്രഘോഷണ ജീവിതത്തില്‍ ഉണ്ടായത്. സുവിശേഷവേലകള്ക്കിടയില് അനേകം പ്രതിസന്ധികളിലൂടെയും പീഡനങ്ങളിലൂടെയും പൈശാചികമായ തടസങ്ങളിലൂടെയും കാരാഗൃഹവാസങ്ങളിലൂടെയും മരണകരമായ പീഡാനുഭവങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി. ക്രിസ്തുവിനെ അറിഞ്ഞ കാലം മുതല്‍ തന്റെ മുഴുവന്‍ ശക്തിയോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും താന്‍ സ്വീകരിച്ച വിശ്വാസത്തെ പ്രഘോഷിക്കാന്‍ കഴിയാതെ ജീവിതത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹത്തിന് തടവറകളിലടക്കപ്പെട്ട് കഴിയേണ്ടിവന്നു. എന്നാല്‍ പൗലോസ് ശ്ലീഹാ അടയ്ക്കപ്പെട്ട തടവറകള്‍ ദൈവത്തിന്റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമായിരുന്നു . ആ തടവറകളില്വച്ചാണ് പൗലോസ് ശ്ലീഹാ തന്റെ വിലയുറ്റ ലേഖനങ്ങളില്‍ അധികപങ്കും രചിച്ചിട്ടുള്ളത്. ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ വിളി ലഭിച്ച ഒരു വ്യക്തിക്ക് എന്തു കാരണത്താലുമാകട്ടെ ക്രിസ്തുവി നെ പ്രഘോഷിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയെന്നത് പ്രഥമ ദൃഷ്ടിയില് ഒരു വലിയ ദൗര്‍ഭാഗ്യം തന്നെയാണ്. എന്നാല്‍ കഴുകനെക്കാള്‍ കാഴ്ചയുള്ള കര്‍ത്താവിന്റെ കണ്ണുകള്‍ കാലത്തിന്റെ അന്ത്യംവരെ അതായത് ലോകാവസാനംവരെ ബൈബിൾ കൈയിലെടുക്കുന്ന ഓരോ വ്യക്തിയോടും തന്റെ ലേഖനങ്ങളിലൂടെ സുവിശേഷം പറയുന്ന വളരെ വിശാലമായ സുവിശേഷവേലയാണ് പൗലോസ് ശ്ലീഹായ്ക്ക് തുറന്നുകൊടുത്തത്. ഒരുപക്ഷേ തന്റെ ലേഖനങ്ങള്‍ വിവിധ സഭകള്‍ക്കുവേണ്ടി എഴുതിയ ആ കാലഘട്ടത്തില്‍ അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല കാലത്തിന്റെ അവസാനംവരെ ബൈബിളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള വഴിയാണ് പിതാവായ ദൈവം അദ്ദേഹത്തിനുവേണ്ടി ഒരുക്കിയതെന്ന്. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8:28). നിങ്ങളും തടവറയിലോ? അതിനാല്‍ തടവറയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരങ്ങളേ, മനസ്സുമടുത്ത് നിരാശക്കടിമപ്പെടരുത്. നിങ്ങള്‍ കടന്നുപോകുന്ന ഈ തടവറയും ദൈവത്തിന്റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമാണ്. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ കഴിയാതെ, അതിന് അനുമതിയില്ലാതെ നിങ്ങളിന്നു ഞെരുങ്ങുകയാണോ? ഭയപ്പെടേണ്ട. നിങ്ങളുടെ സുവിശേഷ തീക്ഷ്ണതയെ ദൈവം തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാണുകയും യേശുവിനെ പ്ര ഘോഷിക്കുവാന്‍ കഴിയാത്ത നിങ്ങളുടെ തടവറയനുഭവങ്ങളെ വലിയ നന്മയ്ക്കായി, അനേക ആത്മാക്കളുടെ രക്ഷയ്ക്കായി, പരിണമിപ്പിക്കുകതന്നെ ചെയ്യും. ഇനിയും ഒരുപക്ഷേ നിങ്ങളുടെ തെറ്റുകള്മൂലംതന്നെയായിരിക്കും നിങ്ങള്‍ക്ക് ഈ തടവറയനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. എങ്കിലും കലങ്ങരുത്. ഒരു തടവുപുള്ളിക്കുവേണ്ടി മരിച്ചവനാണ് യേശു. ബറാാസ് എന്ന കലാപകാരിയും കൊലപ്പുള്ളിയുമായ തടവുപുള്ളിക്ക് പകരമായി മരിച്ച (മത്തായി 27:15-26) കര്‍ത്താവായ യേശു നിന്റെ തടവറയില്‍ നിന്നോടൊപ്പമുണ്ട്. അവിടുന്ന് നിനക്ക് പകരമായിക്കൂടിയാണ് മരിച്ചത്. നീ അവനില്‍ വിശ്വസിച്ചുകൊണ്ട് അവന്റെ നാമത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമെങ്കില്‍ നിന്റെയീ തടവറയനുഭവത്തെയും അവിടുന്ന് വലിയ നന്മയ്ക്കായി പരിണമിപ്പിക്കും. കഠിനസഹനങ്ങളും ദൈവപദ്ധതികള്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടും ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും ചുറ്റിസഞ്ചരിച്ച ക്രിസ്തു ശിഷ്യന്മാരുടെ ജീവിതവും അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞതായിരുന്നു. ഒപ്പംതന്നെ അത് സദാ സഹനപൂരിതവുമായിരുന്നു. തങ്ങളുടെ സഹനജീവിതെത്തക്കുറിച്ച് പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: "ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെ പ്രതി സന്തുഷ്ടനാണ്" (2 കോറിന്തോസ് 12:10). യോഹന്നാന് ശ്ലീഹാ ഒഴികെയുള്ള എല്ലാ ശിഷ്യന്മാരും രക്തസാക്ഷികളായിട്ടാണ് മരിക്കാനിടവന്നത്. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു കാര്യമുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാര് എല്ലാവരും ജീവിക്കുന്ന രക്തസാക്ഷികളായിരുന്നു എന്നതാണത്. ഒരു നിമിഷംകൊണ്ടോ ഒരു മണിക്കൂര്‍കൊണ്ടോ ഉള്ള രക്തം ചിന്തിയുള്ള മരണമോ അതോ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വമോ? ഏതാണ് കൂടുതല്‍ ക്ലേശകരം? രണ്ടും ക്ലേശ കരംതന്നെ. എന്നാല്‍ രണ്ടാമത്തേതാണ് കൂടുതല്‍ ക്ലേശകരമെന്ന് തോന്നിപ്പോകുന്നു. ക്രിസ്തുശിഷ്യരില്‍ ഈ രണ്ടു രക്തസാക്ഷിത്വവും കൂടിച്ചേര്‍ന്നു നിലകൊണ്ടിരുന്നു. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. "ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടു ന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെ ടുന്നില്ല. യേശുവിന്റെ ജീവന് ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന് പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്പിക്കപ്പെടുന്നു. തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു" (2 കോറിന്തോസ് 4:8-12). ഒരു ജീവിക്കുന്ന രക്തസാക്ഷിയുടെ വാക്കുകളാണ് മുകളില്‍ നമ്മള് വായിച്ചത്. ഈ ജീവിക്കുന്ന രക്തസാക്ഷിത്വം എന്തിനുവേണ്ടി എന്ന വിശദീകരണം വളരെ പ്രത്യാശാജനകമാണ്. 'തന്മൂലം ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.' അനേകര്‍ക്ക് ക്രിസ്തുവിന്റെ ജീവന് പകര്‍ന്നു കൊടുക്കാന്വേണ്ടിയുള്ളതായിരുന്നു ഈ ജീവിക്കുന്ന രക്തസാക്ഷിത്വം! ഒരു ജീവിക്കുന്ന രക്തസാക്ഷി ക്രിസ്തുവിന്റെ ജീവനെത്തന്നെയാണ് തന്റെ തീവ്രസഹനങ്ങളിലൂടെ ഈ ലോകത്തിലേക്കും സഭയിലേക്കും ഒഴുക്കുന്നത്. "സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24) എന്നു പറഞ്ഞ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതും മറ്റൊന്നല്ല. ഇതുപോലുള്ള ജീവിക്കുന്ന രക്തസാക്ഷികള്‍ ഇന്നും സഭയില്‍ ധാരാളമുണ്ട്. വൈദികരിലും സമര്‍പ്പിതരിലും മാത്രമല്ല അല്മായരിലും ഇവര്‍ ധാരാളമായുണ്ട്. പ ക്ഷേ ആരുംതന്നെ അവരെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അവര്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നുമാത്രം ലഭിക്കേണ്ടതിനായി ഒരുപക്ഷേ തിരിച്ചറിയപ്പെടാന്‍ ദൈവം അനുവദിക്കാത്തതുകൊണ്ടുമാകാം ആരും അവരെ തിരിച്ചറിയാത്തത്. 'ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.'
By: Stella Benny
Moreവലിയൊരു ഗായികയാവണമെന്നതായിരുന്നു വളരെ ചെറുപ്പംമുതലുള്ള എന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി സംഗീതകോളേജില്‍ ചേര്‍ന്നു പഠിക്കാനും കൊതിച്ചു. അങ്ങനെയിരിക്കേ, സ്കൂള്‍ പഠനകാലത്ത് ഒരു അധ്യാപികയില്‍ നിന്ന് യേശുവിനെക്കുറിച്ചറിഞ്ഞു. അക്രൈസ്തവയായിരുന്ന എനിക്ക് യേശുവിനോട് അന്നു മുതല്‍ വളരെ ഇഷ്ടം തോന്നി. പിന്നീട് പഠനം തുടര്‍ന്നു. പത്താം ക്ലാസ് പഠിക്കുന്ന സമയമായപ്പോഴേക്കും യേശുവുമായി ഒരു നല്ല ബന്ധത്തിലേക്കെത്തിയിരുന്നു. ഡിഗ്രി പഠിക്കുന്ന സമയത്ത് തമ്പലക്കാട് ഒരു ആശ്രമത്തില്‍ പോകാനിടയായി. അവിടെവച്ചാണ് ഒരു വൈദികനില്‍നിന്ന് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വ്യക്തമായി അറിയുന്നത്. അദ്ദേഹം പറഞ്ഞു, ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവര്‍ കത്തോലിക്കരാണെന്നും അവര്‍ ദൈവത്തെ വഹിക്കുന്നവരാണെന്നും. വിശുദ്ധ കുര്‍ബാനയില്‍ അപ്പമായി എഴുന്നള്ളിവരുന്ന ദൈവത്തെ അവര്‍ വഹിക്കുന്നതിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്ക് അവരോട് അസൂയ തോന്നി. എനിക്ക് അത് സാധിക്കുകയില്ലല്ലോ എന്നോര്‍ത്ത് വേദനയും. ആ സമയത്ത് ഒരു ആത്മീയപ്രസിദ്ധീകരണത്തില് ഡോ. സിന്ധുവിന്റെ ഒരു അനുഭവക്കുറിപ്പ് വായിക്കാനിടയായി. അക്രൈസ്തവയായിരുന്നെങ്കിലും യേശുവിനെ അറിഞ്ഞ അവര്‍ വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടു വരുന്ന ഏതെങ്കിലും വ്യക്തിയെ മുട്ടിനില്ക്കുമായിരുന്നത്രേ. തനിക്ക് സ്വീകരിക്കാന്‍ സാധിക്കാത്തതിനാലായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്. ആ സമയത്ത് അവര്‍ക്ക് ഷോക്കടിക്കുന്ന അനുഭവം ഉണ്ടാകാറുണ്ട് എന്നും അവര്‍ ആ കുറിപ്പില്‍ എഴുതിയിരുന്നു. ഞാനും അത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആ വര്‍ഷമാകട്ടെ തിരുസഭ ദിവ്യകാരുണ്യ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എന്റെ കൂട്ടുകാരിയോട് ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞ് എന്റെയരികില്‍ മുട്ടിനില്‍ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തപ്പോഴൊക്ക എനിക്കും ഷോക്കടിക്കുന്ന അനുഭവമുണ്ടായി. അതോടെ വിശുദ്ധ കുര്‍ബാനയോട് എനിക്ക് കടുത്ത അഭിനിവേശമായി. തുടര്‍ന്ന് ദിവ്യകാരുണ്യത്തിനു മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഏറെ പാട്ടുകള്‍ എഴുതാനും ഈണമിടാനുമുള്ള കൃപ ലഭിച്ചു. 'ജീവിതകാലം മുഴുവന്‍ ഞാന്‍ നാഥനു ഗീതികള്‍ പാടീടും' എന്ന വിശുദ്ധ കുര്‍ബാനയിലെ സങ്കീര്ത്തനഭാഗത്തില്നിന്ന് കിട്ടിയ ബോധ്യമനുസരിച്ച് ഞാന്‍ ഒരു തീരുമാനമെടുക്കുകയും ചെയ്തു, "ഞാന്‍ എന്റെ യേശുവിനായിമാത്രമേ ഇനി പാടൂ." പിന്നീട് ബിരുദാനന്തര ബിരുദപഠനത്തിനായി കോയമ്പത്തൂരിലേക്ക് പോയി. ആ സമയത്താണ് എന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത്. ഉച്ചസ്ഥായിയില്‍ (ഹൈ പിച്ച്) പാടാനാവാത്ത വിധം എന്റെ വോക്കല്‍ കോര്‍ഡ് അഥവാ സ്വനനാളിക്ക് പ്രശ്നമുണ്ടായി. യേശുവിനായി പാടാന്‍ തീരുമാനിച്ചിട്ടും എന്തേ ഇങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴെല്ലാം ഉള്ളില്‍നിന്ന് ഒരു സ്വരം കേള്‍ക്കുമായിരുന്നു, 'ദിവ്യകാരുണ്യമായി ഉള്ളില്‍ വരുമ്പോള്‍ സൗഖ്യം.' എന്നാല്‍ മാമ്മോദീസായിലൂടെ വിശുദ്ധ കുര്‍ബാനസ്വീകരണത്തിനുള്ള അര്‍ഹത നേടുക എന്നത് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നതിനാല്‍ അതേപ്പറ്റി അധികം ചിന്തിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, കര്‍ത്താവിന്റെ അനന്തകരുണയാല്‍ ആ മഹാത്ഭുതം നടന്നു; 2007 ഡിസംബര്‍ 24-ന് എനിക്ക് മാമോദീസായും വിശുദ്ധ കുര്‍ബാനയും സ്വീകരിക്കാന്‍ ഭാഗ്യം കിട്ടി. അന്നു വൈകുന്നേരം ഈശോയെ സ്തുതിച്ചാരാധിച്ച് പാട്ടുപാടിക്കൊണ്ടിരുന്ന സമയത്ത് ഹൈ പിച്ചില്‍ പാടേണ്ട വരികള്‍ പാടിയപ്പോഴാണ് എനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഞാന്‍ തിരിച്ചറിഞ്ഞത്. വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ത്തന്നെ എനിക്ക് സൗഖ്യം ലഭിച്ചു കഴിഞ്ഞിരുന്നു എന്നെനിക്ക് മനസ്സിലായി. പിന്നീടങ്ങോട്ട് വിശുദ്ധ ബലി എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനയായി മാറി. വിശുദ്ധ കുര്‍ബാനയില്‍ ഇന്നും ജീവിക്കുന്ന യേശു എന്നെ തേടിയെത്തിയതിന് എങ്ങനെ നന്ദി പറയണമെന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ.
By: Anitha Joji
Moreയേശുവിന്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് ജീവിതം തുടര്‍ന്ന പരിശുദ്ധമാതാവ് വിശുദ്ധ യോഹന്നാനോടൊപ്പം താമസിച്ചു. അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ അമ്മയേത്തേടി പ്രാര്‍ത്ഥനകളുമായി അണയുക പതിവായിരുന്നു. പരിശുദ്ധാത്മപ്രേരണയാല്‍ അവര്‍ ദൈവമാതാവിനെ ഗബ്രിയേൽ ദൈവദൂതന്റെയും എലിസത്തിന്റെയും വാക്കുകളാല്‍ സ്തുതിച്ചിരുന്നുവത്രേ. തങ്ങളുടെ കര്‍ത്താവിന്റെ അമ്മയോട് പാപികളായതങ്ങള്ക്കുവേണ്ടി ദൈവത്തോട് യാചിക്കാന്‍ അപേക്ഷിക്കുകയും പതിവായിരുന്നു എന്ന് പാരമ്പര്യം പറയുന്നു. ദൈവമാതൃസ്തുതിയുടെ ആദ്യഭാഗം വെളിപ്പെടുത്തിത്തന്നത് പരിശുദ്ധത്രിത്വം തന്നെ. ത്രിത്വൈകദൈവം വെളിപ്പെടുത്തിയതനുസരിച്ചാണല്ലോ ഗബ്രിയേൽ ദൈവദൂതന് മറിയത്തെ "ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!' എന്ന വാക്കുകളാല്‍ അഭിസംബോധന ചെയ്തത്. തുടര്‍ന്നു വരുന്നതാകട്ടെ പരിശുദ്ധാത്മപൂരിതയായ എലിസബത്തിന് ലഭിച്ച തിരിച്ചറിവാണ്. "സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗൃഹീതം." ഇപ്രകാരം പരിശുദ്ധ മറിയത്തിന്റെ ദൈവിക സവിശേഷതകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് മാതാവിനെ തേടിയെത്തിയവര്‍ ആ അമ്മയുടെ പ്രാര്‍ത്ഥന ചോദിച്ചത്. പിന്നീട് പരിശുദ്ധ അമ്മ തന്റെ ഭൗമികജീവിതം പൂര്ത്തിയാക്കിയേപ്പാള് ശരീരം ക്രിസ്തുശിഷ്യന്മാര് മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങി. ആ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്ന പലരും അനുതാപവിവശരായി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. തങ്ങളുടെ മരണസമയത്തു തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്നായിരുന്നു ആ നിലവിളിയുടെ കാതല്‍. ദൈവാത്മാവിനാല്‍ പ്രേരിതരായി ജനങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഈ പ്രാര്‍ത്ഥനകളാണ് പിന്നീട് സഭ ക്രോഡീകരിച്ചത്. എ.ഡി. 430-ല്‍ നടന്ന എഫേസോസ് പൊതുസുനഹദോസില്‍വച്ച് സഭാപിതാക്കന്മാര് പൂര്‍ണരൂപത്തില്‍ ഈ പ്രാര്‍ത്ഥനയുടെ അപേക്ഷാഭാഗം നമുക്ക് നല്കി, "പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേന്‍." ഇതിലൂടെ പരിശുദ്ധ മറിയം ദൈവമാതാവുതന്നെയെന്ന് സഭ ഉറക്കെ പ്രഖ്യാപിക്കുകകൂടിയായിരുന്നു. ദൈവസന്നിധിയില്‍ ഏറ്റവും ശക്തിയുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രാര്‍ത്ഥന എപ്പോഴും, മരണസമയത്ത് ഏറ്റവും സവിശേഷമായ വിധത്തിലും, നമുക്ക് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സഭാപിതാക്കന്മാര് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്. സഭയില്‍ പിന്നീട് പിളര്‍പ്പുകളുണ്ടായെങ്കിലും അപ്രകാരം രൂപപ്പെട്ട അപ്പസ്തോലിക പാരമ്പര്യമുള്ള സഭകളിലെല്ലാം ഈ പ്രാര്‍ത്ഥന സുപ്രധാനമായ പ്രാര്‍ത്ഥനതന്നെയാണ്. വാക്കുകളില്‍ അല്പം വ്യത്യാസങ്ങള്‍ കാണാമെങ്കിലും അര്ത്ഥത്തിന് വ്യത്യാസം കാണുകയില്ല. നമ്മള് പാപികളാണ് എന്ന എളിമയാര്‍ന്ന തിരിച്ചറിവില്‍നിന്നുമാത്രമേ ഈ പ്രാര്‍ത്ഥന ഫലപ്രദമായി ഉരുവിടാനാവൂ. വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോര്ട്ട് ഉദ്ഘോഷിക്കുന്നു, "പിശാചിനാല്‍ ചതിക്കപ്പെടുന്നവരില്‍നിന്നും ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന തെറ്റിപ്പോകാത്ത ഉരകല്ലാണ് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന."
By: Shalom Tidings
Moreഎന്തിനുവേണ്ടിയാണ് നോമ്പും ഉപവാസവും എടുക്കുന്നത്? ഒരു ദിവസം ഞാന്‍ ആത്മശോധന നടത്തി വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ യേശു ചോദിച്ചു, "നീ എന്തിനാ വിഷമിച്ചിരിക്കുന്നത്?" ഞാന്‍ പറഞ്ഞു, "എന്നെപ്പോലെ ഇത്രയും പാപിയും ബലഹീനയുമായ ഒരാള്‍ ഈ ലോകത്തില്‍ കാണില്ല. എനിക്ക് നേരെ ചൊവ്വേ ഒരു നോമ്പും ഉപവാസവുംപോലും എടുക്കാന്‍ സാധിച്ചിട്ടില്ല." അപ്പോള്‍ യേശു ചോദിച്ചു, "നീ എന്തിനുവേണ്ടിയാണ് നോമ്പും ഉപവാസവും ഒക്കെ എടുക്കുന്നത്?" ഞാന്‍ പറഞ്ഞു "എന്റെ പാപപരിഹാരത്തിന്, വിശുദ്ധീകരണത്തിന്, ആത്മാക്കളുടെ രക്ഷയ്ക്ക്, അങ്ങനെ പലതും." യേശു പറഞ്ഞു, "മതി, മതി! നിന്റെ പാപത്തിനുള്ള പരിഹാരം ഞാന്‍ കാല്‍വരിയില്‍ ചെയ്തതാണ്. പിന്നെ നിന്റെ വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും. നീ കുറച്ചുകാലത്തേക്ക് മീനും ഇറച്ചിയും ടിവി കാണലും വേണ്ടെന്നുവച്ച് എങ്ങനെയാണ് നിന്റെ വിശുദ്ധീകരണവും ആത്മാക്കളുടെ രക്ഷയും സാധ്യമാകുന്നത്? നിന്റെ ആരോഗ്യത്തിന് അത് നല്ലതാണെന്നുമാത്രം. നീ പരിത്യാഗ പ്രവൃത്തികളും നോമ്പും ഉപവാസവും ഒക്കെ അനുഷ്ഠിക്കുമ്പോള്‍ ഇങ്ങനെ പറയണം: ഈശോയേ, അങ്ങ് എന്നോടുള്ള സ്നേഹത്താല്‍ സഹിച്ചു. ഞാനും നിന്നോടുള്ള സ്നേഹത്താല്‍ സഹിക്കുന്നു. അതുപോലെതന്നെ മറ്റുള്ളവരില്‍നിന്ന് നിനക്ക് നിന്ദനങ്ങളും അപമാനങ്ങളും ഉണ്ടാകുമ്പോഴും ഇങ്ങനെതന്നെ പറയണം. ഈ സ്നേഹ പ്രകരണത്തിന് തീര്‍ച്ചയായും നിന്റെ വിശുദ്ധീകരണത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉള്ള ശക്തിയുണ്ട്." ഇത്രയും പറഞ്ഞിട്ട് യേശു ഒരു ചോദ്യംകൂടി ചോദിച്ചു, "ഞാന്‍ നിനക്ക് വേണ്ടി പീഡകള്‍ സഹിച്ച് മരിച്ചത് എന്തിനുവേണ്ടിയായിരുന്നു?" ഞാന്‍ പറഞ്ഞു, "എന്റെ രക്ഷക്കുവേണ്ടി." യേശു തുടര്‍ന്നു, "ഞാന്‍ പീഡകള്‍ സഹിച്ച് നിന്നെ രക്ഷിച്ചത് നിന്നോടുള്ള സ്നേഹം കൊണ്ടാണ്. ഉദാഹരണത്തിന് ഒരു അമ്മ മകനുവേണ്ടി അടുക്കളയില്‍ കയറി ആഹാരം ഉണ്ടാക്കുന്നത് അവന്റെ വിശപ്പു മാറുന്നതിന് വേണ്ടിയാണെങ്കിലും അതിന്റെ അടിസ്ഥാനം സ്നേഹമാണ്. ഞാന്‍ നിന്നില്‍ നിന്ന് ഒന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളു നിന്റെ സ്നേഹം. ബാക്കിയെല്ലാം എന്റെ ജോലിയാണ്, എന്റെ ദാനമാണ്, എന്റെ കൃപയാണ്." ഞാന്‍ ചോദിച്ചു, "ഈശോയേ, ഞാനപ്പോള്‍ നോമ്പും ഉപവാസവും എടുക്കേണ്ട എന്നാണോ പറയുന്നത്?" യേശു പറഞ്ഞു, "ഒരിക്കലുമല്ല, തെറ്റിദ്ധരിക്കരുത്. നോമ്പും ഉപവാസവുമൊക്കെ എടുക്കുന്നത് എന്നോടുള്ള സ്നേഹത്തെപ്രതി ആകണം. അല്ലാതെ അതിനെ നിയമാനുഷ്ഠാനമായി മാത്രം കാണരുത്. ലൂക്കാ 18:9-ല്‍ പറയുന്നതുപോല ഫരിസേയന് ആഴ്ചയില്‍ രണ്ടുദിവസം ഉപവസിക്കുന്നവനും ദശാംശം കൊടുക്കുന്നവനും ആയിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ദൈവസന്നിധിയില്‍ പാപിയായ ചുങ്കക്കാരന് ഫരിസേയേനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി മാറിയത്. കാരണം ഫരിസേയന് ഇതെല്ലാം ഒരു നിയമാനുഷ്ഠാനംമാത്രമായിരുന്നു. മാത്രമല്ല സര്‍വ്വവും ദൈവത്തിന്റെ ദാനമാണന്നിരിക്കെ അവന് സ്വയം അഹങ്കരിക്കുകയും ചുങ്കക്കാരനെ പുഛിക്കുകയും ചെയ്തു. അതുകൊണ്ട് പൗലോസ് ശ്ലീഹാ സ്നേഹത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് പറയുന്നു, സ്നേഹമാണ് സര്‍വ്വോത്കൃഷ്ടം (1 കോറിന്തോസ് 13:1-9)" യേശു തുടര്‍ന്നു, "പരിത്യാഗം, നോമ്പ്, ഉപവാസം ഇതിനെല്ലാം എന്റെ ശക്തി കൂടിയേതീരൂ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, നീ നിന്നിലേക്ക് നോക്കി നെടുവീര്‍പ്പിടേണ്ട, എന്നിലേക്ക് നോക്കുക. അപ്പോള്‍ നിന്റെ സ്നേഹം ആഗ്രഹിക്കുന്ന, നിന്റെ സാമീപ്യം ആഗ്രഹിക്കുന്ന, നിന്റെ ചിന്തകളില്‍ നിറഞ്ഞു നില്ക്കാന് ആഗ്രഹിക്കുന്ന, നിന്റെ സംസാരം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പിതാവിനെ കാണാന്‍ സാധിക്കും. നിങ്ങള്‍ ശിശുക്കളെ പോലെ ആകുവിന്‍ (മത്തായി 18:3) എന്നു ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം നീ മനസ്സിലാക്കുന്നില്ലേ? ഒരു ശിശുവിന് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. അതിനു സ്നേഹിക്കാന്‍ മാത്രമേ അറിയൂ. ഒരു ശിശുവിന് സ്വയം വിശുദ്ധീകരിക്കാനോ ത്യാഗങ്ങള്‍ എടുക്കാനോ ചുറ്റുമുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനോ കഴിവില്ല. ശിശു എപ്പോഴും അതിന്റെ മാതാപിതാക്കളില്‍ വിശ്വസിച്ച് ആശ്രയിച്ച് സ്നേഹിച്ച് ജീവിക്കുന്നു. അതുപോലെ നീയും എന്നില്‍ വിശ്വസിച്ച് ആശ്രയിച്ച് സ്നേഹിച്ച് ജീവിക്കുക, കൃപകള്‍ക്കായി പ്രാര്‍ത്ഥിക്കുക." വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകളാണ് അപ്പോള്‍ ഓര്‍മ്മവന്നത്, "നല്ല ദൈവത്തിന്റെ പിന്തുണ കൂടാതെ നന്മചെയ്യാന് സാധിക്കുകയില്ലെന്ന് ബോധ്യമായത് മുതല്‍ യേശുവിനോട് സ്നേഹത്തില്‍ അധികമധികം ഒന്നായിത്തീരുക എന്നതാണ് അത്യന്താപേക്ഷിതമായ കാര്യമെന്നും ശേഷമെല്ലാം അതില്‍നിന്നും നേടാമെന്നും ഞാന്‍ ഗ്രഹിച്ചു.'
By: Shalom Tidings
Moreഅന്നൊരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ 1935 ജൂലൈ 8-ാം തീയ്യതി, ഫ്രഞ്ച് ജേണലിസ്റ്റും എഴുത്തുകാരനുമായിരുന്ന ആന്‍ഡ്രെ ഫ്രൊസ്സാര്‍ഡ് (Andre' Frossard) സുഹൃത്തായ വില്ലെമിനുമൊത്ത് പാരീസ് നഗരത്തില്‍ ഒരു റസ്റ്റോറന്റില്‍ അത്താഴം കഴിക്കാന്‍ പോകാന്‍ ഒരുങ്ങി. അന്ന് ആന്‍ഡ്രെയ്ക്കു ഇരുപത് വയസ്സുണ്ട്. പ്രായത്തെ അതിശയിക്കുന്ന ഇച്ഛാശക്തിയും നിരീശ്വര ചിന്തയും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. തുടര്‍ന്നുള്ള വിവരണം അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ നമുക്ക് കേള്‍ക്കാം: വൈകുന്നേരം അഞ്ചുമണിയാകാറായി. വില്ലെമിനൊപ്പം കാറില്‍ പാരീസിലൂടെ യാത്രചെയ്യുകയാണ്. വണ്ടി നിര്‍ത്തി. സുഹൃത്ത് കാര്‍ തുറന്ന് പുറത്തുകടന്ന് എന്നോടു പറഞ്ഞു "ഒന്നുകില്‍ അല്പസമയം കാറില്‍ എനിക്കായി കാത്തിരിക്കുക, അല്ലെങ്കില്‍ എന്നോടൊപ്പം വരിക." ഞാന്‍ അവിടെത്തന്നെ ഇരുന്നു. വില്ലെമിന് റോഡ് മുറിച്ചുകടന്ന് ഒരു വലിയ ഇരുമ്പു ഗയിറ്റിനു സമീപമുള്ള ചെറുവാതില്‍ തള്ളിത്തുറന്നു. അത് ഒരു ചാപ്പലാണെന്ന് എനിക്കു മനസ്സിലായി. കത്തോലിക്കനായിരുന്ന വില്ലെമിന് പ്രാര്‍ത്ഥിക്കാനോ കുമ്പസാരിക്കാനോ പോവുകയാകാം എന്ന് ഞാന്‍ കരുതി. കുറെയേറെ സമയമായിട്ടും സുഹൃത്ത് മടങ്ങിയെത്തിയില്ല. സമയം അഞ്ചുമണികഴിഞ്ഞ് 10 മിനിട്ടായി. ഞാന്‍ കാറില്‍ നിന്നിറങ്ങി ആ ഇരുമ്പുകതക് തള്ളിത്തുറന്ന് അകത്തുകയറി. എനിക്കുവേണമെങ്കില്‍ ഏതാനും മിനിറ്റുകള്‍ കൂടി കാത്തു നില്ക്കാമായിരുന്നു. എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല എന്നതിന് ഉത്തരം ദൈവത്തിന്റെ പക്കല്‍ മാത്രം. നേരേ കണ്ടത് 'L'Adoration Re‑paratrice" എന്ന ബോര്‍ഡാണ്. അതെന്താണര്‍ത്ഥമാക്കുന്നത് എന്ന് അന്നെനിക്കറിയില്ലായിരുന്നു. 1789-ല്‍ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തിന്റെ ജ്വാലകള്‍ ആന്റിക്ലേറിക്കലിസമായി സമൂഹത്തില്‍ പടര്ന്നുകയറിക്കൊണ്ടിരുന്നു. 1848-ലെ വിപ്ലവം വീണ്ടും സഭയെ തകര്‍ത്തു. ഞായറാഴ്ച പ്രവൃത്തി ദിവസമായി മാറി. വിപ്ലവം മൂലം വിശുദ്ധ വസ്തുക്കളും സ്ഥലങ്ങളും അശുദ്ധമാക്കപ്പെട്ടു. ഇതിന് പ്രായ്ശ്ചിത്തമനുഷ്ഠിച്ചു കൊണ്ടും ദൈവനിന്ദയ്ക്ക് പരിഹാരം ചെയ്തുകൊണ്ടും വിശുദ്ധ കുര്‍ബാനയെ ആരാധിക്കുന്ന സമൂഹം രൂപം കൊണ്ടു. അതായിരുന്നു പ്രസ്തുത സന്യാസ സമൂഹം. സുഹൃത്തിനെ തിരക്കി ഞാന്‍ ആ നിത്യാരാധനാ ചാപ്പലിലേക്ക് കയറി. വിശുദ്ധ കുര്‍ബാനയോ അരുളിക്കയോ ഞാന്‍ അന്നേവരെ കണ്ടിട്ടേയില്ലായിരുന്നു. ഞാന്‍ സുഹൃത്തിനെ തിരക്കി. അവിടെങ്ങും കാണാനില്ല. ഉടന്‍ എന്റെ കണ്മുന്പില് സൂര്യനെക്കാള്‍ പ്രശോഭിക്കുന്ന ഒരു തേജോഗോളം. വിശുദ്ധ കുര്‍ബാന ഇതാ സൂര്യനെ വെല്ലുന്ന ശോഭയോടെ എന്റെ അടുക്കലേക്കു വരുന്നു. "ആത്മീയ ജീവിതം" (La Vie Spirituelle) എന്ന് എന്നോട് ആരോ പറയുന്ന സ്വരം ഞാന്‍ കേട്ടു. സ്വര്‍ഗം തുറക്കപ്പെട്ടു എന്ന് എനിക്ക് പറയാന്‍ ആവില്ല. സ്വര്‍ഗം എന്റെ അടുക്കലേയ്ക്കു പാഞ്ഞു വന്നതുപോലെ! വലിയ ഇടിമിന്നല്‍ പോലെ! കണ്ടിട്ടില്ലാത്ത വര്ണരാജികള്! ദിവ്യകാരുണ്യത്തിലെ ആ പ്രഭാപൂരത്തിന്റെ ഒരു കിരണം മതി എന്നെ ദഹിപ്പിക്കാന്‍. അതിനോട് തുലനം ചെയ്താല്‍ സൂര്യന്പോലും കരിക്കട്ടയാണെന്നു പറയേണ്ടിവരും. മധ്യാഹ്നത്തില്‍ സൂര്യനെ നോക്കുന്ന മൂങ്ങയെപ്പോലെ ഞാന്‍ അന്ധാളിച്ചുപോയി. വലിയ ഒരു അതിസ്വാഭാവിക ആനന്ദം കൊണ്ടു ഞാന്‍ നിറഞ്ഞു. എനിക്ക് ആ ദിവ്യാനുഭവം വിവരിക്കാന്‍ വാക്കുകളില്ല. പ്രതീകങ്ങളും രൂപകങ്ങളും അതിനു മതിയാവില്ല. ഞാന്‍ ഒരിക്കലും അനുഭവിക്കാത്ത ഒരു സത്യം! വില്ലെമിന് എന്റെയടുക്കല്‍ വന്ന് എന്നെ തട്ടിയുണര്‍ത്തി ചോദിച്ചു: "നിനക്ക് എന്താണു സംഭവിച്ചത്?" "ഞാന്‍ ഒരു കത്തോലിക്കനാണ്. അപ്പസ്തോലിക, റോമന്‍ കത്തോലിക്കന്." "നീ എന്തേ കണ്ണുമിഴിച്ചിരിക്കുന്നു, എന്തു പറ്റി?" "ദൈവമുണ്ട്. അവന് ജീവിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. അതാണ് സത്യം..." എനിക്ക് എന്നെത്തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നിലേയ്ക്കു ഞാന്‍ അന്വേഷിക്കാത്ത ബോധ്യങ്ങളും ദൈവിക സത്യങ്ങളും നിറഞ്ഞുവന്നുകൊണ്ടിരുന്നു. അഞ്ചു മിനിട്ടുകള്ക്കു ശേഷം സുഹൃത്തിനോടൊപ്പം അവിടെ നിന്നിറങ്ങി. ഞങ്ങള്‍ റസ്റ്റോറന്റില്‍ എത്തി. സംഭവിച്ചതെല്ലാം വില്ലെമിനോട് ഞാന്‍ വിവരിച്ചു പറഞ്ഞു. തുടര്‍ന്നുള്ള നാളുകളില്‍ ഈ അത്ഭുതദര്‍ശനം ഒരു മാസത്തോളം എന്റെയുള്ളില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എല്ലാ പ്രഭാതത്തിലും ഞാന്‍ ആ ദിവ്യപ്രകാശം ദര്‍ശിച്ചിരുന്നു. ക്രമേണ ആ ദിവ്യപ്രകാശവും മാധുര്യവും കുറഞ്ഞു കുറഞ്ഞുവന്നു. എനിക്ക് ഒരു സത്യം മനസ്സിലായി; ഞാന്‍ കണ്ടെത്തിയ സത്യം ഇനിമുതല്‍ ഞാന്‍ പിന്‍ചെല്ലണം എന്ന ക്ഷണമാണത്. ദിവ്യകാരുണ്യസഭയിലെ ഒരു വൈദികന് എനിക്ക് മതബോധനം നല്കി മാമോദീസയ്ക്ക് ഒരുക്കി. സഭയുടെ പ്രബോധനങ്ങളെല്ലാം അവയുടെ അവസാന കോമ ഉള്‍പ്പെടെ സത്യമാണ് എന്നു ഞാന്‍ അറിഞ്ഞു. ഏറ്റവുമധികം എന്നെ അത്ഭുത പരതന്ത്രനാക്കിയത് ദിവ്യകാരുണ്യമാണ്. അത് അവിശ്വസനീയമായിട്ടല്ല, അതില്‍ ദൈവം പ്രകടിപ്പിക്കുന്ന അനന്തകരുണയാണ് എന്നെ അതിശയിപ്പിച്ചത്. സഭ നല്കുന്ന ദാനങ്ങളില് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ദിവ്യകാരുണ്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതം നിലയ്ക്കാത്ത ഒരു ക്രിസ്മസ് ആഘോഷമായി മാറി. എന്നെ നയിച്ചവര്‍ മുന്നറിയിപ്പു നല്കി, ഈ ആനന്ദത്തിനപ്പുറം ദുഃഖവും കാര്‍മേഘവും ഉണ്ടാകും. അങ്ങനെ സംഭവിക്കുക തന്നെ ചെയ്തു. ദുഃഖവെള്ളിയും ദുഃഖശനിയും ഉണ്ടായി. ഹൃദയത്തില്‍ സഹനത്തിന്റെ വാള് പേറി ഞാന്‍ നടന്നു നീങ്ങി. അപ്പോഴും ദൈവം സ്നേഹമാണെന്നതില്‍ ഞാന്‍ പതറിയില്ല. "സ്നേഹമേ, നിന്റെ സ്തുതികള്‍ പാടാന്‍ നിത്യത പോലും തികയുകയില്ലല്ലോ!" 1935-ല്‍ തന്നെ ആന്‍ഡ്രെ ഫ്രൊസ്സാര്‍ഡ് കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് ജ്ഞാനസ്നാനം സ്വീകരിച്ചു. തന്റെ അനുഭവങ്ങള്‍ സാക്ഷിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകമാണ് 'ദൈവം ഉണ്ട്, ഞാന്‍ അവനെ കണ്ടു' (God Exists, I met Him). ദിവ്യകാരുണ്യം കണ്ണുകളെ തുറക്കുന്ന ദിവ്യസൂര്യനാണ്. അത് ബുദ്ധിക്ക് ജ്ഞാനം പകരുന്നു, ഹൃദയങ്ങളില്‍ സ്നേഹം നിറയ്ക്കുന്നു, അന്ധകാരം അകറ്റുന്നു. 'അള്‍ത്താരയിലെ അമൃത്', സോഫിയ ബുക്സ്
By: Rev.Dr. James Kiliyanikkal
Moreരാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന് ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള് കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞു: "ഞാന്‍ അങ്ങയുടെ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല." രാജകുമാരന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്‍കുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന് തന്റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്റെ മുന്നില്‍! "രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു." തുടര്‍ന്ന് അയാള്‍ പറഞ്ഞു, "രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്." ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന് ഭക്തിയോടെ മുട്ടിന്മേല് നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
By: Shalom Tidings
Moreനിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഉത്തരം കെ?ത്താന് സഹായിക്കുന്ന ലേഖനം. യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. "എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര് അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു" (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക" എന്ന്. പീലാത്തോസ് അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാന്‍ വിട്ടുകൊടുത്തു. വിട്ടുകൊടുക്കുന്നതിനുമുമ്പ് അവന് അവരുടെ മുമ്പില്‍വച്ച് തന്റെ കൈകള്‍ കഴുകി ഇപ്രകാരം പറഞ്ഞു: "ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല." പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവിടെ കൂടിയിരുന്ന യഹൂദജനവും ആക്രോശിച്ചു പറഞ്ഞു "അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിക്കൊള്ളട്ടെ." അവര്‍ അവനെ കൊണ്ടുപോയി നിര്‍ദയം ക്രൂശിച്ചു! തലമുറകളുടെമേല്‍ വീണ രക്തം അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ജറുസലേം നശിപ്പിക്കപ്പെട്ടു. ശിക്ഷാവിധിയുടെ നുകം സ്വമേധയാ ഏറ്റുവാങ്ങിയ യഹൂദന്മാര് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. എത്തിയ ഇടങ്ങളില്‍ അതികഠിനമായി ഞെരുക്കപ്പെട്ടു. കഷ്ടതയുടെ 19 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അക്കാലഘട്ടത്തിലെ യഹൂദപണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ചിതറിക്കപ്പെടലിന്റെയും കഷ്ടതയുടെയും കാരണങ്ങളെക്കുറിച്ച് വെളിവ് ലഭിച്ചു. അവര്‍ ന്യൂയോര്‍ക്കില്‍ ഒന്നിച്ചുകൂടി ഏകകണ്ഠമായി ഇങ്ങനെ പ്രഖ്യാപിച്ചു. "യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെന്‍ഹെദ്രീന്‍ സംഘം നടത്തിയ വിചാരണയും വിധിയും തികച്ചും അനീതിപരമായിരുന്നു. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നത് വലിയ തെറ്റായിപ്പോയി. അതിനാല്‍ അന്ന് യേശുവിനെതിരെ പുറപ്പെടുവിച്ച വിധി ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു." തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിനെ അവര്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോള്‍ ദൈവം അവരോട് കരുണ കാണിച്ചു. ലോകത്തിന്റെ അതിര്‍ത്തികളില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവരാന്‍ അനുവദിച്ചു. അങ്ങനെ 1948-ല്‍ വീണ്ടും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്. 19 നൂറ്റാണ്ടുകളോളം ലോകത്തിന്റെ അതിര്‍ത്തികളോളം അരക്ഷിതരും പീഡിതരുമായി ചിതറിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ഒരു നിര്‍ണായക നിമിഷത്തില്‍ ഒത്തുചേര്‍ക്കപ്പെട്ട് ഒരു രാഷ്ട്രം രൂപീകരിക്കുക! ദൈവത്തിന്റെ മഹാകാരുണ്യമാണ് ഇവിടെ പ്രകടമായത്. "രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു" (ഏശയ്യാ 59/1-2). ചിതറിക്കപ്പെടലിനുപിന്നില്‍ ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചിതറിക്കപ്പെടലുകള്‍പോലെയുള്ള കഠിനവും ഒരുപക്ഷേ ബീഭത്സവുമായ ചിതറിക്കലുകളും കഷ്ടതകളും നമ്മളും നമ്മളുള്‍പ്പെടുന്ന കുടുംബവും സമൂഹങ്ങളും പേറുന്നുണ്ടാവും. ഞങ്ങളിത്രയേറെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവാസങ്ങളെടുത്തിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഇസ്രായേലിന്റെ മുന്‍പറഞ്ഞ ചരിത്രം നമുക്ക് അതിന് ഉത്തരം നല്‍കുന്നുണ്ട്. തിരിച്ചറിയുകയും ഏറ്റുപറയുകയും പരിഹാരം ചെയ്യുകയും ചെയ്യാത്ത പാപങ്ങള്‍! യേശുവിനെ കുരിശുമരണത്തിന് വിധിച്ചതും ക്രൂശിച്ചതും തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്മയും ഏറ്റവും വലിയ ദൈവശുശ്രൂഷയും ആണെന്നാണ് പുരോഹിത പ്രമുഖന്മാര് കരുതിയത്. ജനം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ട് നശിക്കുന്നതിനെക്കാള്‍ നല്ലത് പകരമായി ഒരുവന് (യേശു) മരിക്കുന്നതാണ് എന്ന് പ്രധാന പുരോഹിതനും മറ്റു പുരോഹിതരും ആലോചിച്ചുറച്ചു. അതിന്‍പ്രകാരമാണ് യേശുവിനെ കുരിശിലേറ്റാനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്. എന്നാല്‍ നിഷ്കളങ്കരക്തത്തെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന് അവര്‍ തിരിച്ചറിയാന്‍ 19 നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു. ആ നാളുകളില്‍ ചിതറിക്കപ്പെട്ടിടത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചത്. ദൈവത്തോടും മനുഷ്യനോടും അവര്‍ അതേറ്റുപറഞ്ഞു. സെന്‍ഹെദ്രീന്‍ സംഘം നടത്തിയ തെറ്റായ വിധിയെ അവര്‍ നിര്‍വീര്യപ്പെടുത്തി. കര്‍ത്താവിന്റെ കരുണയ്ക്കായി നിലവിളിച്ചു. അപ്പോള്‍ രക്ഷയുടെ തുറമുഖത്തേക്ക് നങ്കൂരമടിക്കുവാന്‍ ദൈവമവരെ അനുവദിച്ചു. എത്തേണ്ടിടത്തെത്തിയപ്പോള്‍ തങ്ങളുടെ ദുര്‍വിധിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെയുള്ള നീണ്ട കാലയളവില്‍ മറ്റു പലതിനെക്കുറിച്ചും അവര്‍ അനുതപിച്ചിട്ടുണ്ടാകാം. തുളസിക്കും ചതകുപ്പക്കും ദശാംശം കൊടുക്കുകയും യഥാര്‍ത്ഥമായ ദൈവനീതിയെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള അവരുടെ അനുതാപപ്രകരണങ്ങള്‍ വായുവിലുള്ള പ്രഹരങ്ങളായി അവശേഷിക്കുകയും അവര്‍ തങ്ങളുടെ കഷ്ടതകളില്‍തന്നെ തുടരുകയും ചെയ്തപ്പോള്‍ മഹാകാരുണ്യവാനായ ദൈവംതന്നെയാണ് അവരുടെ കഷ്ടതയുടെ കാരണങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം നല്കി അവരെ രക്ഷപ്പെടുത്തിയത്. കാലങ്ങള്‍ക്കുമുമ്പ് നാം നടത്തിയ നിര്‍ദയവും തികച്ചും അനീതിപരവുമായ വിധികളും പ്രവൃത്തികളും ഇന്നും നമുക്കു ചുറ്റും കഷ്ടതയുടെയും അസമാധാനത്തിന്റെയും കാരണങ്ങളായി നിലകൊള്ളുന്നുണ്ടാകാം. തിരിച്ചറിയാനും തിരുത്തുവാനും അതേറ്റുപറയാനും തയാറാവൂ... ഇസ്രായേല്‍ ജനത്തെ തിരിച്ചു നടത്തിയ അവിടുന്നു നമ്മെ രക്ഷയുടെ തുറമുഖത്തെത്തിക്കും. അതെ, നിശ്ചയമായും രക്ഷ വിദൂരത്തല്ല! സക്കേവൂസിലെ ധീരനായ വിശുദ്ധന്! സക്കേവൂസില്‍ മാനസാന്തരപ്പെട്ട ഒരു ധീരവിശുദ്ധനെ നമുക്ക് കാണാന്‍ കഴിയും. യേശുവിനെ വീട്ടില്‍ സ്വീകരിച്ച് പരിചരിക്കുന്നതിനിടയില്‍ യേശുവിന്റെ സ്നേഹം അടുത്തറിഞ്ഞപ്പോള്‍ അവനു തോന്നി താന്‍ ഒരു മഹാപാപിയാണെന്ന്. അതു തിരിച്ചറിഞ്ഞ അവന് യേശുവിന്റെ കാല്ക്കലൊന്നും വീണ് മാപ്പു പറയുന്നില്ല. പക്ഷേ അവന് ഭക്ഷണമേശയിങ്കല്‍ എഴുന്നേറ്റുനിന്ന് തന്റെ ധീരമായ കാല്‍വയ്പുകള്‍ യേശുവിനെ അറിയിക്കുന്നു. "കര്‍ത്താവേ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു. യേശു പറഞ്ഞു. "ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു." സക്കേവൂസിന്റെ ആ ധീരമായ തീരുമാനം കേട്ടതിനുശേഷം മാത്രമാണ്'ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു'വെന്ന വചനം യേശുവിന്റെ നാവില്‍നിന്നും പുറപ്പെട്ടത്. നമുക്കെന്തേ രക്ഷ വൈകുന്നു? സക്കേവൂസിനെപ്പോലെ ധീരമായൊരു കാല്‍വയ്പ് നടത്താന്‍ നാം മടിക്കുന്നതുകൊണ്ടുതന്നെ, അനേകവട്ടം നാം പാപിയാണെന്ന് ഏറ്റുപറയാനും കുമ്പസാരിക്കുവാനും നാം തയാറാകും. പക്ഷേ നമ്മുടെ അനീതിപരമായ പ്രവൃത്തിയിലൂടെ ക്ഷതമേറ്റവനെ സുഖപ്പെടുത്തുവാനും പരിഹാരം ചെയ്യാനും നാം തയാറാവുകയില്ല. എന്നിട്ടും നാം ചോദിക്കും കര്‍ത്താവേ, രക്ഷ വിദൂരത്താണോ? എന്ന്. പിന്നെങ്ങനെ കര്‍ത്താവായ യേശുവിനു പറയാന്‍ കഴിയും ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന്?! എങ്ങനെ അവിടുന്നു പറയും ഇന്നീ സ്ഥാപനം, അല്ലെങ്കില്‍ സഭാസമൂഹം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്?! കൊട്ടിയത്ത് കട്ടത് കോട്ടയത്തു തിരികെ കൊടുത്താല്‍ ദാനധര്‍മ്മം എപ്പോഴും പാപത്തിന് പരിഹാരമാണ്. "ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്" (പ്രഭാഷകന്‍ 3/30). എന്നാല്‍ കൊട്ടിയത്തു കട്ടത് കോട്ടയത്ത് തിരികെ കൊടുത്താല്‍ മതിയാകുമോ? ഇല്ല. നമ്മുടെ അനീതിപരമായ വിധികളും നീചമായ പ്രവൃത്തികളും നിമിത്തം വേദനിച്ചവരും അനീതിയുടെ നുകം വഹിച്ചവരും ഈ ഭൂമിയില്‍ ജീവിച്ചിരിക്കേ നമ്മുടെ പരിഹാരകര്‍മ്മങ്ങള്‍ അവരെത്തേടി എത്താതെ നാം കുറെയേറെ പണം കൊണ്ടുപോയി അനാഥശാലകള്‍ക്കു നല്‍കുകയും സുവിശേഷവേലക്ക് നല്‍കുകയും ചെയ്താല്‍ അതൊരു പരിഹാരപ്രവൃത്തി ആകുമോ? ഒരിക്കലും ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം സക്കേവൂസ് ചെയ്തതുപോലെയല്ല നാം ചെയ്യുന്നത്. സക്കേവൂസ് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഒന്നാമത്തെ കാര്യം ഉപേക്ഷിച്ചുകൊണ്ട് രണ്ടാമത്തെ കാര്യംമാത്രം ചെയ്താല്‍ യേശുവിന് നമ്മെ നീതീകരിക്കുവാനോ ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മുടെ ജീവിതത്തെയോ കുടുംബത്തെയോ സ്ഥാപനത്തെയോ സഭാകൂട്ടായ്മകളെയോ നോക്കി പറയാനേ കഴിയുകയില്ല. "ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത് അതുകൊണ്ട് ബലിയര്പ്പിക്കുന്നവന് പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്" (പ്രഭാഷകന്‍ 34/20). സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ മാന്യത, സല്പേര്, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ന്യായമായ അവകാശങ്ങള്‍ അങ്ങനെ പലതിലും ഇത് ബാധകമാണ്. നവംബര്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസമാണല്ലോ. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാല്‍ മരണശേഷം കാലങ്ങളോളം ശുദ്ധീകരണാഗ്നിയില്‍ കഴിയാനുള്ള വിധി നമുക്ക് നേടിത്തരുന്ന മുകളില്‍ പറഞ്ഞതരത്തിലുള്ള പരിഹാരക്കടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശുദ്ധാത്മാവ് നല്കുന്ന വെളിച്ചത്തില്‍ പരിശോധിച്ചുനോക്കി ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുന്നതല്ലേ ഉചിതം? ഈ നവംബര്‍ മാസം അങ്ങനെയൊരു പരിഹാര ജീവിതത്തിന്റെ അരൂപിയിലേക്കു നമ്മെ നയിക്കട്ടെ. ധീരനായ സക്കേവൂസ് നമുക്ക് മാതൃകയായിരിക്കട്ടെ. പ്രെയ്സ് ദ ലോര്‍ഡ്. 'ആവേ മരിയ.'
By: Stella Benny
Moreകോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ സത്യത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഞാനറിഞ്ഞ സത്യത്തിനുവേണ്ടി, എന്റെ കര്‍ത്താവിനുവേണ്ടി, എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? എനിക്കെന്തുകൊണ്ട് യേശുവിനുവേണ്ടി ജീവിച്ചുകൂടാ? ഈ ചിന്തയും മനസില്‍ വച്ച് ഞാന്‍ അല്‍പ്പസമയം കര്‍ത്താവിന്റെ അടുത്തിരുന്നു. അതിനുശേഷം വിശുദ്ധ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വചനമെന്താണെന്നോ? "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല" (യോഹന്നാന് 6/44). ഒന്ന് ചോദിച്ചുനോക്കുക. നിന്നെയും കര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടാകും. "നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്" (റോമാ 14/8). പ്രാര്‍ത്ഥിക്കാം, യേശുവേ, എന്നിലൂടെ അനേകര്‍ അങ്ങയെ അറിയാന്‍ ഇടയാക്കണമേ. സുവിശേഷം പങ്കുവയ്ക്കാനുള്ള വ്യക്തിപരമായ സാധ്യതകള്‍ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.
By: Brother Augustine Christy PDM
Moreസഹനങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവം അനുവദിക്കുന്നത്? അത് ഒഴിവാക്കിയാല്‍ എന്താണ് സംഭവിക്കുക? 36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും? മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം. ഒന്ന്, അതിനെ ഒരു പ്രശ്നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്സമനിയും. രണ്ടാമതായി, പ്രശ്നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്നമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില് എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ. "നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്നേഹം സഹനത്തെ അതിജീവിക്കുന്നു" (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം. എങ്കിലേ മുപ്പത്തിയാറുകാരന്റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, "ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്." തിരുവചനം ഓര്‍മപ്പെടുത്തുന്നു, "തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും" (1 പത്രോസ് 5/10).
By: Shalom Tidings
More