Home/Evangelize/Article

ഫെബ്രു 23, 2024 172 0 Shalom Tidings
Evangelize

പറന്നുയരാനുള്ള ടെക്‌നിക്‌

ഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ സമ്മാനമായി കിട്ടി. കാണാന്‍ നല്ല ഭംഗിയുള്ള രണ്ട് പരുന്തിന്‍കുഞ്ഞുങ്ങള്‍. അവയെ പരിപാലിക്കാനും പരിശീലിപ്പിക്കാനുമായി ഒരാളെ രാജാവ് നിയോഗിച്ചു. അങ്ങനെ കുറച്ചുനാളുകള്‍ കടന്നുപോയി. പൂര്‍ണവളര്‍ച്ചെയത്തിയപ്പോള്‍ അവ പറക്കുന്നത് കാണാന്‍ രാജാവിന് ആഗ്രഹം. ഒരു ദിവസം തന്‍റെ മുന്നില്‍വച്ച് അവ പറക്കുന്നത് കാണിച്ചുതരണമെന്ന് രാജാവ് പരിശീലകനോട് ആവശ്യപ്പെട്ടു. പറഞ്ഞതുപ്രകാരം നിശ്ചിതസമയത്ത് രാജാവ് എത്തി. പരുന്തുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുകയാണ്. പരിശീലകന്‍ അടയാളം നല്കിയതോടെ രണ്ട് പരുന്തുകളും അതാ പറന്നുയരുന്നു. രാജാവിന് ഏറെ സന്തോഷം.

പക്ഷേ നോക്കിക്കൊണ്ടിരിക്കേ, ഒരു പരുന്ത് അല്പദൂരം ഉയര്‍ന്നുപറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരുന്നു. മറ്റേ പരുന്താകട്ടെ ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തിരികെ വന്നത്. ഇതുകണ്ട് രാജാവിന് അല്പം വിഷമമായി. പരിശീലകന്‍ വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ആദ്യത്തെ പരുന്ത് അധികദൂരം പറന്നില്ല. പല ദിവസങ്ങളിലും ശ്രമം ആവര്‍ത്തിച്ചെങ്കിലും ആ പരുന്ത് അല്പം പറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരിക്കുകയാണ് ചെയ്തത്.

ആ പരുന്ത് പറക്കുന്നതുകാണാനുള്ള ആഗ്രഹത്താല്‍ അതിനെ ഉയരത്തില്‍ പറപ്പിക്കുന്നവര്‍ക്ക് കനത്ത പാരിതോഷികം രാജാവ് വാഗ്ദാനം ചെയ്തു. പല പണ്ഡിതരും എത്തി. പക്ഷേ അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് ഒരു പാവം കര്‍ഷകന്‍ പരുന്തുകളെ വളര്‍ത്തുന്നിടത്ത് ചെന്നു. പരിശീലകന്‍ അയാളുടെ ആവശ്യപ്രകാരം പരുന്തുകള്‍ക്ക് പറക്കാന്‍ അടയാളം നല്കി. അല്പം കഴിഞ്ഞപ്പോള്‍ അതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം പറക്കാത്ത പരുന്തും ഉയര്‍ന്നുപറക്കുന്നു!

കാര്യങ്ങളറിഞ്ഞ രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അയാള്‍ക്ക് നല്കി. എന്ത് വിദ്യ ചെയ്തിട്ടാണ് പരുന്തിനെ പറത്തിയതെന്നായിരുന്നു രാജാവിന് അറിയേണ്ടിയിരുന്നത്. ആ പരുന്ത് പതിവായി ഇരിക്കാറുള്ള മരക്കൊമ്പ് വെട്ടിക്കളയുകയാണ് താന്‍ ചെയ്തത് എന്ന് കര്‍ഷകന്‍ ഉത്തരം നല്കി.

നമ്മുടെ ചില പതിവുസുഖങ്ങളുടെ മരക്കൊമ്പുകള്‍ കര്‍ത്താവ് വെട്ടിക്കളയുന്നത് നാം ഉയര്‍ന്നുപറക്കാനാണ്.
“താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു”ڔ(ഹെബ്രായര്‍ 12/6)

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles