Trending Articles
അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന് കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള കുഞ്ഞു മാലാഖ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് ദൈവമേ എന്നുള്ള മാതാപിതാക്കളുടെ നിലവിളിയില്‍ ഞങ്ങളെല്ലാവരും നിശബ്ദതയില്‍ കണ്ണീരൊഴുക്കി. കണ്ണീരിന്റെ മൂക താഴ്വര… ആരെയും ആശ്വസിപ്പിക്കാനോ സ്വയം ആശ്വസിക്കാനോ കഴിയാത്ത അവസ്ഥ… ആ കുഞ്ഞുമാലാഖയെ പൊതിഞ്ഞു കെട്ടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒടുവില്‍ കണ്ണുനീരോടെ ഞാന്‍ ആ ദൗത്യം ചെയ്തുതീര്‍ത്തു…. ആ മാതാപിതാക്കളുടെ ആദ്യത്തെ കുഞ്ഞ് ഒരു മാസമായപ്പോള്‍ മരിച്ചു പോയതാണ്. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച മുത്ത്… മൂന്ന് മാസം ആയപ്പോള്‍ ആ കുഞ്ഞും നഷ്ടപ്പെട്ടിരിക്കുന്നു. ഈശോയോടു വല്ലാത്ത കലിപ്പിലാണ് ഇന്ന്. മുറിയില്‍ ചെന്നിട്ടു വേണം രണ്ട് പറയാന്‍… അന്ന് ജോലി എങ്ങനെ തീര്‍ത്തു എന്ന് അറിയില്ല.
മുറിയില്‍ എത്തി. കുളിയെല്ലാം കഴിഞ്ഞു. ഈശോയെ മൈന്‍ഡ് ചെയ്തില്ല. പതിവ് വര്‍ത്തമാനങ്ങളും കൊഞ്ചലും ഒന്നും ഇല്ല, ഭക്ഷണവും കഴിച്ചില്ല. കിടക്കയില്‍ കയറി കിടന്നു. ഈശോയ്ക്ക് ചെറിയൊരു ഭയം ഉള്ളില്‍ ഉണ്ട്, എന്റെ ദേഷ്യം കണ്ടിട്ടാവണം. മൈന്‍ഡ് ചെയ്യാത്തതിന്റെ വിഷമവും…. കുറെ വര്‍ഷങ്ങളായി ഈശോയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്… ഇന്ന് അതിനും മനസ്സില്ല.
ഈശോക്ക് ഒരു ഡോസ് കൊടുക്കാതെ ഉറക്കം വരില്ലെന്നായി. കണ്മുന്നില് വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു മാലാഖയുടെ രൂപം… കാതുകളില്‍ ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ നിലവിളി… എങ്ങനെ ഉറങ്ങും?
ഞാന്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന ക്രൂശിതരൂപം കയ്യിലെടുത്തു. ഈശോയുടെ നെഞ്ചില്‍ ഞാന്‍ ഒരു ലേബല്‍ എഴുതി ഒട്ടിച്ചിരുന്നു, ‘നസ്രായന്റെ പെണ്ണ് ക്രിസ്റ്റീന’ എന്ന്.
സങ്കടവും ദേഷ്യവും അടക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആ ലേബല്‍ വലിച്ചൂരി. ഇനി അങ്ങനൊരു ലേബല്‍ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു. എന്നിട്ടും വാശി തീരാതെ എ.സിയുടെ തണുപ്പ് കൂട്ടിയിട്ടു. ഈശോയോടു പറഞ്ഞു, ‘ഇന്ന് തനിച്ചു കിടന്നാല്‍ മതി. ബ്ലാങ്കറ്റും ഇല്ല ഞാനും ഇല്ല.’ ഇങ്ങനെ ഒക്കെ ചെറിയ ശിക്ഷ കിട്ടിയില്ലെങ്കില്‍ ഈശോയുടെ ചില കുറുമ്പുകള്‍ മാറില്ലെന്ന് ഈശൊക്കൊരു മുന്നറിയിപ്പും കൊടുത്തു.
ഈശോ ഒന്നും മിണ്ടിയില്ല. ഞാന്‍ ഫൂലന് ദേവിയായി മാറുമ്പോള്‍ ഈശോ നിശ്ശബ്ദനാവും. വേറെ ഒന്നും കൊണ്ടല്ല, മൗനം വിദ്വാന് ഭൂഷണം എന്ന് ഈശോക്കറിയാം. വേറെ ആരോടും ഞാന്‍ വഴക്കിനു പോവില്ലെന്നും എന്റെ ബോയ്ഫ്രണ്ട് ഈശോയ്ക്ക് അറിയാവുന്നതു കൊണ്ട് സഹിക്കാതെ വേറെന്തു ചെയ്യാന്‍… പാവം ഈശോ.
തലയിലൂടെ ബ്ലാങ്കറ്റ് ഇട്ടുമൂടി ഞാന്‍ കിടന്നുറങ്ങി. ഈശോ തണുത്തുറഞ്ഞ് എസിയിലും. ഉച്ചയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്. ക്ഷീണവും ഒപ്പം ഈശോയോട് വഴക്കിട്ട ‘സന്തോഷവും’ കൂടി ആയപ്പോള്‍ നന്നായി ഉറങ്ങി. എന്നാലും കലിപ്പ് കെട്ടടങ്ങിയിട്ടില്ല മുഴുവന്‍…
വളരെയധികം ദേഷ്യം വന്നാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി വാങ്ങി കഴിക്കും …. ദേഷ്യം മാറാനുള്ള ഒരു മരുന്നെന്നപോലെ… എന്നാല്‍ എല്ലായ്പ്പോഴും ഈശോയോടു പറയുംപോലെ ഇപ്പോള്‍ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. പിണങ്ങി ഇരിക്കുകയല്ലേ… എന്നിലെ അഹങ്കാരം സമ്മതിച്ചില്ല. പക്ഷേ അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു വാട്സ്ആപ് സന്ദേശം… വേറൊന്നുമല്ല, ഈശോയോടു ചോദിക്കാന്‍ മടിച്ച ചിക്കന്‍ ബിരിയാണി! ഒരു രാത്രി തണുത്തു വിറച്ച് കിടക്കാന്‍ വിട്ടിട്ടും എന്റെ ശകാരങ്ങള്‍ കേട്ടിട്ടും ഞാന്‍ എഴുന്നേല്ക്കുമ്പോള് എന്റെ ദേഷ്യവും സങ്കടവും തീര്‍ക്കാന്‍വേണ്ടി ഓടിത്തളര്‍ന്ന് ചിക്കന്‍ ബിരിയാണി തയാറാക്കിയ ഈശോ… ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഉടനെ ക്രൂശിതരൂപത്തിലെ ഈശോയെ കയ്യിലെടുത്തു തുരുതുരെ ചുംബിച്ചു… എത്ര തവണ എന്ന് എനിക്ക് ഓര്‍മയില്ല. ചുടുകണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ക്രൂശിത രൂപത്തെ കഴുകി തുടച്ചു. എന്റെ ഹൃദയത്തില്‍ ഒരു ബലൂണില്‍ കാറ്റ് നിറയുന്ന പോലെ ഈശോയുടെ സ്നേഹം നിറയാന്‍ തുടങ്ങി. ‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’ എന്ന് ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചെറിയ പിണക്കങ്ങള്‍ക്കൊടുവില്‍ ഈശോയോട് കൂടിച്ചേരുമ്പോള്‍ ഉള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല….
ഈശോ ഒരിക്കലും പിണങ്ങാറില്ല. നമ്മള് മനുഷ്യരാണ് ഈശോയോട് പിണങ്ങാറുള്ളത്. ഓരോ കുമ്പസാരക്കൂട്ടിലും സംഭവിക്കുന്നത് മനുഷ്യഹൃദയങ്ങളില്‍ ഈ ദൈവസ്നേഹം നിറയലാണ് ….
‘ദിനവും യേശുവിന്റെ കൂടെ
ദിനവും യേശുവിന്റെ ചാരെ
പിരിയാന്‍ കഴിയില്ലെനിക്ക്
പ്രിയനേ എന്നേശു നാഥാ’
ഈ വരികള്‍ ഈശോയെ നെഞ്ചോടു ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു പാടി. അതിനിടയില്‍ ഊരി എറിഞ്ഞ ലേബല്‍ വീണ്ടും ഈശോയുടെ ചങ്കില് ഒട്ടിച്ചു, ‘നസ്രായന്റെ പെണ്ണ് ക്രിസ്റ്റീന.’
ഉടന്‍ വന്നു, ഈശോയുടെ ഒരു ഡയലോഗ്, ‘ഐ ലവ് യു വാവേ!’
യോനായുടെ കോപത്തിന് ദൈവം നല്കിയ മറുപടി തന്നെയാണ് എനിക്കും ഈശോ തന്നത്. എന്റെ ആരും അല്ലാതിരുന്നവരുടെ ദുഃഖം എന്നെ ഇത്രമാത്രം വേദനിപ്പിച്ചെങ്കില്‍ സ്വന്തം ചോരത്തുള്ളികള്‍ വിലയായി കൊടുത്തു വാങ്ങിയ മനുഷ്യാത്മാക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഈശോയുടെ ദുഃഖം എത്ര മാത്രം വലുതാണ്. ഒരു ദിവസം ഈശോക്ക് എത്ര മക്കളെയാണ് നഷ്ടപ്പെടുന്നത്? ഈശോയേ നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിന്നെ ആശ്വസിപ്പിക്കാനായി ചെയ്യാവുന്നത് അതല്ലേ….
ആന്‍ മരിയ ക്രിസ്റ്റീന
സിയന്നയിലെ വിശുദ്ധ കാതറിന് ഒരിക്കല്‍ ഒരു ധ്യാനഗുരു തെരുവിലൂടെ നടക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ ചുംബിച്ചു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവള് ഇങ്ങനെ മറുപടി നല്കി, "പ്രസാദവരത്തില്‍ ആയിരിക്കുന്ന ഒരു ആത്മാവിന്റെ സൗന്ദര്യം ദൈവം എനിക്ക് കാണിച്ചുതന്നു. അന്നുമുതല്‍ ആത്മാക്കളുടെ രക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നവരോട് എനിക്ക് വലിയ ആദരവാണ്. അതിനാല്‍ അവരുടെ പാദങ്ങളെ സ്പര്‍ശിച്ച പൊടിപോലും ചുംബിക്കുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു!" "നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു"ڔ(യാക്കോബ് 4/5).
By: Shalom Tidings
Moreവിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഒരിക്കല്‍ വളരെ ഭക്തയായ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അപമാനിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്റെ സവിധത്തിലേക്ക് ഓടിച്ചെല്ലുന്ന ശീലമുണ്ടായിരുന്നു അവള്‍ക്ക്. സക്രാരിക്കുമുമ്പില്‍ മുട്ടുകുത്തി അവള് പറയും, "ഓ എന്റെ ദൈവമേ, ഞാന്‍ വളരെ ദരിദ്രയായതുകാരണം അമൂല്യമോ വിലപിടിപ്പുള്ളതോ ആയ എന്തെങ്കിലും അങ്ങേക്ക് സമര്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ എനിക്കിപ്പോള്‍ കിട്ടിയ ഈ കൊച്ചുസമ്മാനം അങ്ങേക്ക് കാഴ്ചവയ്ക്കുന്നു." വിശുദ്ധന് തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്നു, അതിനാല്‍ ക്രിസ്തീയ ആത്മാവേ, വലിയ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപമാനവും അവജ്ഞയും സഹിക്കാന്‍ തയാറായിരിക്കണം.
By: Shalom Tidings
Moreപാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില് മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- "ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും." പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ വ്യക്തിക്കും അത് വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുന്നു. ദൈവകൃപയുടെ പ്രവൃത്തിവഴി പാപമാകുന്ന ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിളി ലഭിക്കുമ്പോള്‍ ഒരാള്‍ മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്. പാപനിദ്രയില്‍നിന്ന് ഉണരുന്നു. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് സമാനമായി മാനസാന്തരത്തിനുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നു. പുതിയ ജീവിതത്തിന് ഊര്‍ജസ്വലത ലഭിക്കാനായി വിശുദ്ധ കുമ്പസാരം നടത്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു. ധൂര്ത്തപുത്രന് ഇതുതന്നെയാണ് ചെയ്തത്. സുബോധമുണ്ടായപ്പോള്‍ തീരുമാനമെടുക്കുകയാണ്, ഞാന്‍ എഴുന്നേറ്റ് പിതാവിന്റെ അടുക്കല്‍ ചെല്ലുമെന്ന്. അതായത് അതുവരെയുള്ള ജീവിതരീതി മാറ്റുന്നു. പിന്നീട്, പിതാവിന്റെ അടുക്കലെത്തി കുറ്റം ഏറ്റുപറയുന്നു. ഇതാണ് അനുതാപപൂര്‍ണമായ കുമ്പസാരം. തുടര്‍ന്ന് പിതാവ് അവനെ ഏറ്റവും നല്ല മേലങ്കി ധരിപ്പിക്കുന്നതായി നാം കാണുന്നു. പാപത്താല്‍ നഗ്നമായ അവന്റെ ആത്മാവിന് വിശുദ്ധ കുമ്പസാരത്തിലൂടെ പാപമോചനം നല്‍കുന്നതിന്റെ സൂചനയാണിത്. തുടര്‍ന്ന് അവന് വിരുന്ന് നല്കുന്നു. അതായത് വിശുദ്ധ കുര്‍ബാനയാകുന്ന സ്വര്‍ഗീയവിരുന്ന് അവന് വിളമ്പിക്കൊടുക്കുന്നു. ഇപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പാപാവസ്ഥയില്‍നിന്ന് ദൈവത്തിലേക്ക് സഞ്ചരിക്കാം.
By: Shalom Tidings
Moreസ്വന്തം തീരുമാനം മാറ്റാന്‍ ലേഖകനോട് പറഞ്ഞ ഈശോയും ദൈവസ്നേഹാനുഭവവും കുഞ്ഞുനാളുമുതലേ, വിശുദ്ധവാരത്തിലെ പെസഹാ തിരുനാള്‍ ദിവസം ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആകാംക്ഷയോടെ നോക്കിയിരുന്നുപോയിട്ടുള്ള ഒരു കാഴ്ചയുണ്ട്. അള്‍ത്താരയോട് ചേര്‍ന്ന് മുന്‍വശത്തായി നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പന്ത്രണ്ട് അപ്പാപ്പന്മാര് ഇരിക്കുന്നതും പുരോഹിതന് അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നതും തുടര്‍ന്ന് പെസഹാ അപ്പം കൊടുക്കുന്നതും. ആ കാലങ്ങളില്‍ ആ തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ആത്മീയ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ തിരുക്കര്‍മങ്ങളുടെ പ്രാധാന്യം അത്രമേല്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്തു. അന്നാളുകളില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചുപോയിട്ടുണ്ട്, ആ വിശുദ്ധ കര്മങ്ങളിലൂടെ ഒന്ന് കടന്നുപോകുവാന്‍. എന്നാല്‍ എന്റെ ജീവിതത്തെയും ജീവിതശൈലിയെയും കുറിച്ചോര്‍ക്കുമ്പോള്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് തോന്നും. കാരണം, ആ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ലായിരുന്നു. എങ്കിലും ആഗ്രഹം മനസില്‍ കിടന്നു. അങ്ങനെയിരിക്കെ 2018-ലെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍. അന്ന് വൈകുന്നേരം ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ വീട്ടില്‍വച്ച് ഒരു മീറ്റിംഗ് ഉണ്ട്. അതില്‍ പങ്കെടുക്കണം എന്നാണ് ആദ്യം പറഞ്ഞത്. അതുകഴിഞ്ഞ് ആ ചേട്ടന് പറഞ്ഞു, "ഒരു കാര്യംകൂടി. ഈ വര്‍ഷത്തെ പെസഹാ തിരുനാളില്‍ നടക്കുന്ന പാദം കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരിയച്ചന് യുവജനങ്ങളുടെ പ്രതിനിധിയായിട്ട് ജീസസ് യൂത്തില്‍നിന്നും ഒരാളെ ചോദിച്ചിട്ടുണ്ട്. നിന്നെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്, നീ പോകണം." ഞെട്ടലോടെ ഞാന്‍ പറഞ്ഞു "പ്ലീസ് ചേട്ടാ, എന്നോട് പറയല്ലേ, എനിക്കതിന് കഴിയില്ല." ചേട്ടന് കുറെ നിര്‍ബന്ധിച്ചു, പക്ഷേ എനിക്കതിന് ധൈര്യമില്ലായിരുന്നു. അവസാനം ചേട്ടന് പറഞ്ഞു, "ശരി, നീ ആദ്യം മീറ്റിംഗില്‍ വാ." "ഞാന്‍ വരാം" എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്ന് വൈകുന്നേരം മീറ്റിംഗില്‍ പങ്കെടുത്തു. അവിടെവച്ച് മറ്റൊരു ചേട്ടന് എന്നോട് പാദം കഴുകല്‍ ശുശ്രൂഷയെക്കുറിച്ച് സംസാരിച്ചു. അപ്പോഴും എനിക്ക് ആ ശുശ്രൂഷയില്‍ പങ്കുചേരാന്‍ ധൈര്യം വന്നില്ല. പിന്നീട് വീണ്ടും രണ്ടുപേര്‍ ഒന്നിച്ച് നിര്‍ബന്ധിച്ചിട്ടും എനിക്ക് സമ്മതം നല്കാന് കഴിയുന്നില്ലായിരുന്നു. അതിനാല്‍ അവരിരുവരും പറഞ്ഞു, "ശരി നമുക്ക് പ്രാര്‍ത്ഥിക്കാം. മീറ്റിംഗ് കഴിഞ്ഞിട്ട് ഈ കാര്യത്തില്‍ തീരുമാനമെടുക്കാം." തുടര്‍ന്ന് മീറ്റിംഗിനുമുമ്പുള്ള പ്രാര്‍ത്ഥന തുടങ്ങി. എല്ലാവരും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പൂര്‍ണ നിശബ്ദതയിലായിരുന്നു. ആ നിശബ്ദതയില്‍ ആരോ മനസില്‍ ഇങ്ങനെ മന്ത്രിക്കുന്നതുപോലെ, "നീ ഉറപ്പായും പാദം കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കണം. ഞാനാണ് നിന്നെ വിളിക്കുന്നത്." ഇങ്ങനെ തുടരെത്തുടരെ കേട്ടുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, "കര്‍ത്താവേ, ഇതിന് എനിക്ക് കഴിയില്ല. കാരണം എന്റെ ജീവിതാവസ്ഥ എന്നെക്കാളും നന്നായി അങ്ങേക്കറിയാം. അത്രമേല്‍ പാപത്തിന്റെ മാലിന്യങ്ങള്‍ കുന്നുകൂടിയ കൂനയാണ് ഞാന്‍. അതുകൊണ്ട്, ഈ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ എനിക്കൊട്ടും യോഗ്യതയില്ല." പക്ഷേ, എന്നെ വിടില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ ശക്തമായി ഈശോ എന്നില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. "എന്റെ പെസഹാവിരുന്നില്‍ നീ എന്നോടൊപ്പം ഉണ്ടാകണം. ഞാനാണ് നിന്നെ വിളിക്കുന്നത്." ശക്തമായ പ്രേരണയാല്‍ ഒടുവില്‍ എനിക്കെന്റെ തീരുമാനം മാറ്റേണ്ടിവന്നു. അല്ല, ഈശോ എന്റെ തീരുമാനം മാറ്റിപ്പിക്കുകയായിരുന്നു. അവന് നിര്‍ബന്ധമായിരുന്നു അവന്റെ പെസഹാവിരുന്നില്‍ ഞാനുണ്ടാകണമെന്ന്. അവസാനം പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, "ഞാന്‍ പോകാം." നിറഞ്ഞ സന്തോഷത്തോടെ അവര്‍ അത് സ്വീകരിക്കുക മാത്രമല്ല, 'കൊള്ളാം' എന്നൊരു കമന്റ് പാസാക്കുകയും ചെയ്തു. എനിക്ക് വീണ്ടും ബോധ്യമായി ഈശോയ്ക്ക് എന്നെ വിട്ടുപോകാന്‍ മനസില്ല എന്ന്. ഞാന്‍ എത്രത്തോളം അവനെ വിട്ടുപോയോ അതിനെക്കാളും ഇരട്ടി സ്നേഹത്തോടെ എന്റെ പിന്നാലെ വന്നു വിളിക്കുന്നവന്, എത്രതന്നെ തള്ളിപ്പറഞ്ഞാലും ഒറ്റപ്പെടുത്തിയാലും പീഡിപ്പിച്ചാലും അപമാനിച്ചാലും ശരി, എനിക്ക് നിന്നോട് സ്നേഹം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് കൂടെ നില്ക്കുന്നവന് അവസാനം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. "നിന്നോട് കരുണയുള്ള കര്‍ത്താവ് അരുളിചെയ്യുന്നു; മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല, എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല" (ഏശയ്യാ 54/10). പിന്നെ ഈശോ എന്നെ പെസഹാവിരുന്നില്‍ പങ്കെടുക്കാന്‍വേണ്ടി ഒരുക്കിക്കൊണ്ടിരുന്നു. കുമ്പസാരക്കൂടൊരുക്കി എന്നെ കാത്തിരിക്കുകയും പാപമോചനം നല്കി ആശീര്‍വദിക്കുകയും ചെയ്തു. പെസഹാ ധ്യാനത്തിലൂടെ എന്നെ കൊണ്ടുപോയി. അങ്ങനെ സന്തോഷത്തോടെ, പ്രാര്‍ത്ഥനയോടെ ആ ദിവ്യവിരുന്നിനായി ഞാന്‍ കാത്തിരുന്നു. ഇതിനിടയില്‍ എന്നെ കളിയാക്കിയവരും ഉണ്ട്. പന്ത്രണ്ടുപേരില്‍ യൂദാസാണ് നീ എന്നും നിന്റെ പാദം കഴുകാന്‍ വൈദികന് യോഗ്യതയുണ്ടോ എന്നും പറഞ്ഞ് പരിഹസിക്കുമ്പോള്‍ മനസില്‍ വേദന തോന്നി. ഒന്ന് ചിരിച്ചുകൊണ്ട് കടന്നുപോയി. പക്ഷേ, മറുത്ത് ഒരു വാക്ക് സംസാരിക്കാന്‍ ആരോ എന്നെ അനുവദിക്കാത്തതുപോലെ. അതെ, അത് ക്രിസ്തുതന്നെയാണ്. അതുകൊണ്ട് പുഞ്ചിരിയോടെ അവയെ കടന്നുപോകാന്‍ സാധിച്ചു. അങ്ങനെ പെസഹാ വിരുന്നെത്തി. വലിയ അപ്പനപ്പൂപ്പന്മാരുടെ കൂട്ടത്തില്‍ രണ്ടു യുവാക്കളായി ഞാനും പ്രിയസുഹൃത്തും ഉണ്ടായിരുന്നു. പെസഹാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഉള്ളില്‍ ആവേശത്തിന്റെ അലയൊലികളും ഓളം വെട്ടി. ശുശ്രൂഷയുടെ മധ്യേ കാത്തിരുന്ന നിമിഷം ആഗതമാകുകയാണ്. ഗായകസംഘം 'താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി' എന്ന ഗാനം ആലപിക്കാന്‍ തുടങ്ങി. ഈശോയുടെ പ്രതിപുരുഷനായ വൈദികന് തിരുക്കച്ച ചുറ്റി താലത്തില്‍ വെള്ളവുമായി വന്ന് പാദങ്ങള്‍ കഴുകുന്നു. ഹൃദയത്തില്‍ പ്രാര്‍ത്ഥനയും സ്നേഹവും നിറഞ്ഞുനിന്നു. വൈദികന് എന്റെ അടുക്കലേക്ക് വന്ന് എന്റെ പാദങ്ങള്‍ കഴുകുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയും സന്തോഷവുംകൊണ്ട് ഞാനാകെ നിറഞ്ഞു. അനന്തരം പെസഹാ അപ്പവും തന്നു. ആ പെസഹാ വിരുന്നു ശുശ്രൂഷയും അതിനുശേഷം ദൈവാലയം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും കഴിഞ്ഞ് ഈശോയ്ക്ക് നന്ദിയും പറഞ്ഞുകൊണ്ട് ദൈവാലയത്തിന് പുറത്തിറങ്ങി എല്ലാവര്ക്കും അപ്പം പങ്കുവച്ചു. എന്റെ ഒരു കസിന് അതിശയത്തോടെ പറഞ്ഞു, "എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ആശ്ചര്യപ്പെട്ടുപോയി ഞാന്‍, അപ്പസ്തോലന്മാരില് ഒരാളായി നിന്നെ കണ്ടപ്പോള്‍." അവള് തമാശ രൂപേണ പറഞ്ഞു: "നിനക്ക് അതിനുള്ള യോഗ്യതയുണ്ടോ?" ഞാന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "എനിക്ക് യോഗ്യതയില്ല എന്നെനിക്കറിയാം. എന്നാല്‍ എന്റെ ഈശോ എന്നെ യോഗ്യനാക്കി മാനിച്ചു." അതെ, എന്റെ അയോഗ്യതയാണ് എന്റെ യോഗ്യത. "നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ 5/8).
By: Antony Varghese
Moreനിലത്തെറിഞ്ഞ പുസ്തകത്തില്‍നിന്നും പുഞ്ചിരിതൂകിയ കുഞ്ഞിന്റെ കൈകള്‍... ശാലോം ഏജന്‍സി മീറ്റിങ് നടക്കുന്ന സമയം. പുസ്തകങ്ങള്‍ നിരത്തിയിരിക്കുന്ന കൗണ്ടറില്‍ നിന്നും ഉച്ചത്തിലുള്ള സംസാരംകേട്ടു നോക്കിയപ്പോള്‍ ഒരു സിസ്റ്റര്‍ മറ്റൊരാളോട് ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ് കണ്ടണ്ടത്. 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന പുസ്തകം കയ്യില്‍ എടുത്തുകാണിച്ചുകൊണ്ടണ്ടാണ് സിസ്റ്റര്‍ സംസാരിക്കുന്നത്.. അതോടെ എനിക്ക് ആകാംക്ഷയായി. ഞാന്‍ പതുക്കെ സിസ്റ്ററിനെ സമീപിച്ചു ... സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ തുടങ്ങി. മുമ്പ് സിസ്റ്റര്‍ ഒരു ക്ലിനിക്കിലാണ് സേവനം ചെയ്തിരുന്നത്. ഒരിക്കല്‍ അവിടെ വന്ന ദമ്പതികളെ സിസ്റ്റര്‍ ശ്രദ്ധിച്ചു. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു പന്തികേട്... സിസ്റ്റര്‍ കാര്യംതിരക്കിയപ്പോള്‍ അവര്‍ പലതും പറഞ്ഞ് സിസ്റ്ററിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ അല്പം സംസാരിച്ചു. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ കുഞ്ഞിനെ വേണ്ട. അബോര്ഷന് ചെയ്യണം," അതുകേട്ട് സിസ്റ്ററിന്റെ ചങ്കുപിടഞ്ഞു. പെട്ടെന്നാണ് തന്റെ കൈയിലുള്ള 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന പുസ്തകത്തെക്കുറിച്ച് ഓര്‍മവന്നത്. അതെടുത്ത് വേഗം ആ ഭര്‍ത്താവിന്റെ കൈയില്‍ കൊടുത്തു. എന്നാല്‍ അത് ഒട്ടും ഇഷ്ടപ്പെടാത്ത ആ മനുഷ്യന് പുസ്തകം ഗേറ്റിന്റെ ചുവട്ടിലേക്ക് എറിഞ്ഞു. സിസ്റ്റര്‍ അതെടുത്ത് വീണ്ടും അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്തിട്ട് പറഞ്ഞു, "മോന് വേണ്ടെങ്കില്‍ വായിക്കണ്ട, എന്നാലും മോന് കൊണ്ടുപൊയ്ക്കോ... പ്ലീസ്...." സിസ്റ്റര്‍ കെഞ്ചിപ്പറഞ്ഞതുകൊണ്ടണ്ടുമാത്രം അദ്ദേഹം ആ പുസ്തകം കൊണ്ടുപോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സിസ്റ്റര്‍ ക്ലിനിക്കില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഞ്ഞുപെണ്‍കുട്ടി പിന്നില്‍നിന്ന് സിസ്റ്ററിന്റെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ അവള് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സിസ്റ്ററിനെ നോക്കിനില്‍ക്കുകയാണ്. അടുത്തുനില്ക്കുന്ന അവളുടെ മാതാപിതാക്കളെ സിസ്റ്ററിന് വേഗം മനസിലായി, നാളുകള്‍ക്കുമുമ്പ് താന്‍ പുസ്തകം കൊടുത്തുവിട്ട ദമ്പതികള്‍! 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന പുസ്തകം അവരെ മാറ്റിചിന്തിപ്പിച്ചുവെന്നും അങ്ങനെ അബോര്ഷന് വേണ്ടെന്നുവച്ചുവെന്നും അവര്‍ സന്തോഷത്തോടെ പങ്കുവച്ചു. ഇക്കാര്യം പറഞ്ഞിട്ട് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു, "എന്റെ മരണം വരെ ആ കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരി എന്റെ മനസില്‍നിന്നും മായില്ല. ദൈവം എത്ര കാരുണ്യവാനാണ്. തന്റെ വചനത്തിലൂടെ അവിടുന്ന് തന്റെ മക്കളെ വീണ്ടെടുക്കുന്നു." "ദൈവവചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്" (ഹെബ്രായര്‍ 4/12). നാം ചെയ്യുന്ന ഒരു ശുശ്രൂഷയും ചെറുതല്ലെന്ന് ആ സിസ്റ്ററിന്റെ വാക്കുകള്‍ എന്നെ ഓര്‍മിപ്പിച്ചു. അത് ഒരു ശാലോം മാസിക വിതരണം ചെയ്യുന്നതാവാം, ഒരു ദൈവവചനം പങ്കുവയ്ക്കുന്നതാവാം, പുസ്തകം കൊടുക്കുന്നതാകാം. അപ്പോള്‍ത്തന്നെ അതിന്റെ ഫലം കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നാം വിതച്ച വചനത്തിന്റെ വിത്ത് ഒരുനാള്‍ കിളിര്‍ത്ത്, വളര്‍ന്ന് ഫലം ചൂടുകതന്നെ ചെയ്യും.
By: Joy Mathew Planthra
Moreഅന്ന് സന്യാസസമൂഹത്തിന്റെ കുമ്പസാരദിവസമായിരുന്നു. ഞാന്‍ കുമ്പസാരിക്കാന്‍ പോയപ്പോള്‍ എന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു, ആ വൈദികന് (ഫാ. സൊപോച്കോ) കര്‍ത്താവ് നേരത്തേ എന്നോട് പറഞ്ഞ അതേ വാക്കുകള്‍തന്നെ എന്നോട് ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞ ജ്ഞാനവചസുകള്‍ ഇങ്ങനെയായിരുന്നു, "ദൈവതിരുമനസ് നിവര്‍ത്തിയാക്കുന്ന മൂന്ന് രീതികളുണ്ട്; ഒന്ന്, ബാഹ്യമായ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും ആത്മാവ് നിവര്‍ത്തിക്കുന്നു. രണ്ട്, ആന്തരികമായ പ്രേരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവ് വിശ്വസ്തതയോടെ അവയെ പാലിക്കുന്നു. മൂന്നാമത്, ആത്മാവ് തന്നെത്തന്നെ ദൈവതിരുമനസിന് വിട്ടുകൊടുത്തുകൊണ്ട്, സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ദൈവത്തെ അനുവദിക്കുന്നു. ദൈവം തന്റെ ഇഷ്ടപ്രകാരം അതിനോട് പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കരങ്ങളില്‍ ഇണക്കമുള്ള ഉപകരണമായി അത് തീരുന്നു." ദൈവതിരുമനസ് നിറവേറ്റുന്നതില്‍ രണ്ടാം ഗണത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നതെന്നും ഇനിയും മൂന്നാം ഗണത്തിലേക്ക് എത്തിയിട്ടില്ലെന്നും അതിനായി പരിശ്രമിക്കണമെന്നും ആ വൈദികന് പറഞ്ഞു. ഈ വാക്കുകള്‍ എന്റെ ആത്മാവില്‍ തുളഞ്ഞുകയറി. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ സംഭവിക്കുന്നവയെപ്പറ്റി പലപ്പോഴും വൈദികന് ദൈവം പരിജ്ഞാനം നല്‍കുന്നതായി ഞാന്‍ വ്യക്തമായി മനസിലാക്കുന്നു. ഇത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മറിച്ച്, ഇപ്രകാരമുള്ള വ്യക്തികളെ ദൈവം തിരഞ്ഞെടുത്തതിന് ഞാന്‍ നന്ദി പറയുന്നു.
By: Shalom Tidings
Moreഅനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി. അബ്രാഹത്തിന്റെ ദൈവവിളി ദൈവം അബ്രാഹമിനോട് അരുളിച്ചെയ്തു "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും" (ഉല്പത്തി 12:1-3). ഇത് ഓഫറുകളുടെ കാലമാണല്ലോ. നിറയെ അനുഗ്രഹങ്ങള്‍ നിറഞ്ഞ നല്ലൊരു 'ഓഫര്‍' എന്ന് ഈ കാലഘട്ടത്തിന്റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അബ്രാഹമിന് ലഭിച്ച ഈ ഉന്നതമായ ദൈവവിളിയെ വിശേഷിപ്പിക്കാനാവും. തീര്‍ച്ചയായും ഈ ദൈവവിളി അങ്ങനെതന്നെ ആണുതാനും. എന്നാല്‍ ഈ ദൈവവിളിയുടെ ആരംഭത്തില്‍ത്തന്നെ വളരെ വേദനാജനകമായ ഒരു അനുസരണം ദൈവം അബ്രാഹമില്‍നിന്നും ആവശ്യപ്പെടുന്നു. "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കു പോവുക!" ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും ഉന്നത ഗതാഗത സൗകര്യങ്ങളുടെയും വിരല്‍ത്തുമ്പിന്റെ ചലനത്താല്‍ ഞൊടിയിടകൊണ്ട് ഇരിപ്പിടത്തില്‍ കിട്ടുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും നടുവില്‍ കഴിയുന്ന ആധുനിക മനുഷ്യന് അബ്രാഹം നടത്തിയ അനുസരണത്തിന്റെ വേദനയുടെ വശം ഒട്ടുമേ മനസിലാവുകയില്ല. ഈ ദേശമല്ലെങ്കില്‍ കൂടുതല്‍ സൗഭാഗ്യകരമായ മറ്റൊരു ദേശം. ഇപ്പോഴുള്ള ബന്ധങ്ങള്‍ വിട്ടാല്‍ കൂടുതല്‍ സന്തോഷകരമായ പുതിയ ബന്ധങ്ങള്‍. ഇതിലെന്ത് ഇത്രമാത്രം വേദനിക്കാനിരിക്കുന്നു!! ഇതാണല്ലോ ഹൃദയബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ തലമുറയുടെ ചിന്താഗതി. എന്നാല്‍ അബ്രാഹത്തോട് വിട്ടുപേക്ഷിക്കാന്‍ ദൈവം ആവശ്യപ്പെട്ട കാര്യങ്ങള്‍ അന്നത്തെ പുരാതന കാലഘട്ടത്തില്‍ ഒരു മനുഷ്യനെ അവനാക്കിത്തീര്‍ക്കുന്ന സകലതുമായിരുന്നു. പിന്നീട് തിരിച്ചുവരവ് തികച്ചും അസാധ്യം. മാത്രവുമല്ല വാര്‍ധക്യത്തില്‍ താങ്ങായി നില്ക്കാന് ഒരു മകനോ മകളോ അബ്രാഹമിനില്ല. ഈ അവസ്ഥയിലാണ് ദൂരെയേതോ ഒരു ദേശത്തേക്ക് പോകാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നത്. അബ്രാഹമിന് ലഭിച്ച ദൈവവിളിയുടെ തുടക്കംതന്നെ വേദനാജനകമായ അനുസരണം നിറഞ്ഞതായിരുന്നു. എന്നിട്ടും "അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു" (റോമാ 4/3). അനുഗ്രഹവാഗ്ദാനത്തിലും ഇഴചേര്‍ന്ന വേദന അബ്രാഹമിന്റെ സമര്‍പ്പണത്തിലും അനുസരണത്തിലും സംപ്രീതനായ ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അവിടുന്നു പറഞ്ഞു: "അബ്രാഹം ഭയപ്പെടേണ്ട. ഞാന്‍ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാഹം ചോദിച്ചു. കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ് ലഭിക്കുക?" കര്‍ത്താവ് അബ്രാഹമിനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു. "ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കുവാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും" (ഉല്പത്തി. 15/5-6). ദൈവം അബ്രാഹമിനോടു തുടര്‍ന്ന് പറഞ്ഞു. "ഈ നാട് (കാനാന്‍ദേശം) നിനക്ക് അവകാശമായിത്തുരവാന്‍വേണ്ടി നിന്നെ കല്ദായരുടെ ഊരില്‍നിന്നും കൊണ്ടുവന്ന കര്‍ത്താവാണ് ഞാന്‍" (ഉല്പത്തി 15/7). സന്താനരഹിതനായ അബ്രാഹമിന് ദൈവം കൊടുത്ത സന്താനവാഗ്ദാനത്തോടൊപ്പം തികച്ചും വേദനാജനകമായ ഒരു മുന്നറിയിപ്പുകൂടി കൊടുത്തു. അത് ഇതായിരുന്നു. "നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍ അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും" (ഉല്പത്തി 15/13-14). സന്താനമില്ലെങ്കില്‍ ഇല്ല എന്ന ഒറ്റ വേദനയേ ഉള്ളൂ. എന്നാല്‍ ദൈവം വാഗ്ദാനമായി നല്കാന് പോകുന്ന മക്കള്‍ അനുഭവിക്കാന്‍ പോകുന്ന കഠിനയാതനകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏതൊരു മനുഷ്യന്റെ ഹൃദയത്തെയാണ് തകര്‍ക്കാതിരിക്കുക. അങ്ങനെ ദൈവം കൊടുത്ത ആ വാഗ്ദാനത്തിനുള്ളിലും ഒരു വേദനയുടെ അനുഭവം ഒളിഞ്ഞുനില്പ്പുണ്ടായിരുന്നു. കാനാനിലും പ്രതികൂലങ്ങള്‍ കര്‍ത്താവിന്റെ വാക്കുകേട്ടു പുറപ്പെട്ട അബ്രാഹം തന്റെ ഭാര്യ സാറായോടൊപ്പം കാനാനിലെത്തി. പക്ഷേ അവിടെയും അബ്രാഹമിന് പ്രതികൂലങ്ങളെയാണ് നേരിടേണ്ടി വന്നത്. അബ്രാഹം കാനാനില്‍ചെന്ന് അധികം വൈകാതെ അവിടെ ഒരു കടുത്ത ക്ഷാമം ഉണ്ടായി. ക്ഷാമത്തെ അതിജീവിക്കുവാന്‍വേണ്ടി അബ്രാഹം ഈജിപ്തിലേക്കു താല്‍ക്കാലികമായി മാറി. പക്ഷേ അവിടെയും പ്രതികൂലങ്ങള്‍ ആ ദമ്പതികളെ പിന്തുടര്ന്നു. അവിടെവച്ച് അബ്രാഹമിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. സാറാ വളരെ അഴകുള്ളവളാണെന്നുകണ്ട് ഈജിപ്തിലെ രാജാവായ ഫറവോ അവളെ സ്വന്തമാക്കി, സ്വന്തം ഭാര്യയാക്കിത്തീര്‍ത്തു. സ്വന്തമെന്നു പറയാന്‍ ആകപ്പാടെ തനിക്കുണ്ടായിരുന്ന തന്റെ പ്രിയപ്പെട്ട ഭാര്യയും തനിക്കു നഷ്ടമായിത്തീരുന്ന വേദന അബ്രാഹം അനുഭവിച്ചു. മാത്രമല്ല അവള് വേറൊരുവന്റെ ഭാര്യയായിത്തീര്‍ന്നതു കാണേണ്ടിവന്ന ധര്‍മ്മസങ്കടത്തിലൂടെയും അബ്രാഹം കടന്നുപോയി. ഒടുവില്‍ കര്‍ത്താവിടപെട്ട് സാറായെ മോചിപ്പിച്ച് അബ്രാഹമിന് നല്‍കുന്നതുവരെ, സ്വന്തം ഭാര്യയുംകൂടെ നഷ്ടമാകുന്ന കഠിനവേദനയിലൂടെയും കടന്നുപോകാന്‍ അബ്രാഹമിന് ദൈവം ഇടവരുത്തി. അനുഗ്രഹപൂര്‍ണമായ അബ്രാഹമിന്റെ അനുസരണം വേദന നിറഞ്ഞതുകൂടെ ആയിരുന്നില്ലേ? (ഉല്പത്തി 12/10-20) കുടുംബത്തില്‍ അസമാധാനം! കര്‍ത്താവിനെ അനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട അബ്രാഹമിന്റെ കുടുംബജീവിതം ഒരു പ്രത്യേക കാലഘട്ടംവരെ പ്രശ്നസങ്കീര്‍ണവും അസമാധാനം നിറഞ്ഞതുമായിരുന്നു. വാഗ്ദാനം ചെയ്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വാഗ്ദാനസന്താനമായ ഇസഹാക്കിനെ അവര്‍ക്കു കിട്ടുന്നത്. ഇതിനിടയ്ക്ക് സുഖകരമല്ലാത്തതു പലതും അവരുടെ കുടുംബജീവിതത്തില്‍ സംഭവിച്ചു. തന്റെ ഗര്‍ഭധാരണത്തിനുള്ള നാളുകള്‍ പണ്ടേ കഴിഞ്ഞുപോയി എന്ന് മനസിലാക്കിയ സാറാ ഒരു സന്താനത്തെ ലഭിക്കുവാന്‍വേണ്ടി ഈജിപ്തുകാരിയായ തന്റെ ദാസിയെ അബ്രാഹമിന് ഭാര്യയായി നല്കി. അബ്രാഹം അവളെ പ്രാപിക്കുകയും അവള് ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സാറായുടെ ദാസിയായ ഹാഗാറിന്റെ സ്വഭാവം മാറി. അവള് തന്റെ യജമാനത്തിയായ സാറായെ നിന്ദിക്കാന്‍ തുടങ്ങി. ഇത് ചങ്കില് കത്തി കുത്തിയിറക്കുന്ന അനുഭവങ്ങളിലൂടെ സാറായെ കടത്തിവിട്ടു. പിന്നീട് സാറാ അബ്രാഹത്തിന്റെ അനുവാദത്തോടെ ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ അവള് ആ ഭവനം വിട്ട് ഓടിപ്പോയി. കര്‍ത്താവിന്റെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് അവിടുന്ന് ഹാഗാറിനെ സാറായ്ക്ക് കീഴ്പ്പെടുത്തി തിരികെ കൊണ്ടുവന്നുവെങ്കിലും വാഗ്ദാനസന്തതിയായ ഇസഹാക്കിന്റെ ജനനത്തോടെ വീണ്ടും കുടുംബകലഹം തുടങ്ങി. ഹാഗാറിനെയും മകനെയും ഇറക്കിവിടാന്‍ സാറാ അബ്രാഹത്തോടാവശ്യപ്പെട്ടു. തന്മൂലം തന്റെ മകനായ ഇസ്മായേലിനെയോര്‍ത്ത് അബ്രാഹം വളരെയേറെ അസ്വസ്ഥനായി. അടിമസ്ത്രീയില് പിറന്നവനെങ്കിലും അവനും അബ്രാഹമിന്റെ സ്വന്തം മകനല്ലേ. ഒരു വശത്ത് കുടുംബസമാധാനം. മറുവശത്ത് തന്റെ മകനെക്കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വേദന. അവസാനം ദൈവം ഇടപെട്ടു. സാറാ പറഞ്ഞതുപോലെ ചെയ്യാന്‍ അബ്രാഹമിനോടു കല്പിച്ചു. ഇസ്മായേലിനെയും താന്‍ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവനെയും ഒരു വലിയ ജനതയാക്കുമെന്നും ഉറപ്പുകൊടുത്തു. പിന്നെ അബ്രാഹം മേലുകീഴ് ചിന്തിച്ചില്ല. പ്രഭാതമായപ്പോള്‍ കുറച്ച് അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവും എടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്ത് മകനെ അവളെ ഏല്പിച്ച് അവരെ വീട്ടില്‍നിന്നും പറഞ്ഞയച്ചു. തന്റെ രക്തത്തില്‍ പിറന്ന, താന്‍ ലാളിച്ചു വളര്‍ത്തിയ തന്റെ മകനെ അകാലത്തില്‍ എന്നന്നേക്കുമായി നഷ്ടമാകുന്ന അബ്രാഹമിന്റെ ഹൃദയവേദന ആര്‍ക്കു വിവരിക്കാനാവും? അനുഗ്രഹം നിറഞ്ഞ അബ്രാഹമിന്റെ അനുസരണം വേദന നിറഞ്ഞതുകൂടി ആയിരുന്നില്ലേ? ഇസഹാക്കിനെ ബലിയര്‍പ്പിക്കുന്നതിനുമുമ്പ് അബ്രാഹം ഇസ്മായേലിനുവേണ്ടിയാണ് തന്റെ ഹൃദയബലി അര്‍പ്പിച്ചത്. മക്കളെ ജീവനുതുല്യം സ്നേഹിച്ചുവളര്‍ത്തുന്ന ഏതൊരു പിതാവിനും ഇസ്മായേലിനുവേണ്ടിയുള്ള ഈ ഹൃദയബലിയുടെ വേദന മനസിലാകും. അബ്രാഹം തന്റെ രണ്ടുമക്കളെയും അനുസരണത്തിന്റെ പേരില്‍ ബലിചെയ്ത ഒരു പിതാവാണ്. ഇസഹാക്കിന്റെ ബലി ദൈവം അബ്രാഹത്തോടു കല്പിച്ചു. "നീ സ്നേഹിക്കുന്ന നിന്റെ ഏകമകന് ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിക്കുന്ന മലമുകളില്‍ നീ അവനെ എനിക്കൊരു ദഹനബലിയായി അര്‍പ്പിക്കണം" (ഉല്പത്തി 22:1-3). അബ്രാഹം അതിനു തയാറായി എന്നതിന്റെ പിന്നില്‍ അധികമാരും ചിന്തിക്കാത്ത മറ്റൊരു കഠിനവേദനകൂടിയുണ്ട്. ഇസഹാക്കിനെ ബലി ചെയ്യാന്‍ തയാറായതിലൂടെ ഒരു മകനെ മാത്രമല്ല ദൈവം അതുവരെയും തന്നോടു ചെയ്ത എല്ലാ വാഗ്ദാനങ്ങളെയുമാണ് ബലി ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ആ ബലിയില്‍ രണ്ടു ബലികള്‍ നടന്നിട്ടുണ്ട്. ഒന്ന്, വാഗ്ദാനസന്താനമായ തന്റെ പുത്രന്. രണ്ട്, ദൈവമതുവരെ തന്ന വാഗ്ദാനങ്ങള്‍. ഇതിനു രണ്ടിനും തയാറായ അബ്രാഹം ഹൃദയബലികളുടെ ഒരു മഹാമനുഷ്യന് തന്നെയായിരുന്നു. ആ അബ്രാഹമിനെ ദൈവം താന്‍ വാഗ്ദാനം ചെയ്തതിലും വളരെയധികമായി അനുഗ്രഹിച്ചു. വിശ്വാസികളുടെ പിതാവാക്കി ഉയര്‍ത്തി. ദൈവം പറഞ്ഞു: നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്പത്തി 22/16-18). അനുസരണത്തിനു പിന്നാലെ അനുഗ്രഹമുണ്ട്. പക്ഷേ ആ അനുഗ്രഹത്തോടുചേര്‍ന്ന് അതിനുമുമ്പ് സഹനമുണ്ട്. പ്രിയപ്പെട്ട സമര്‍പ്പിതരേ, അബ്രാഹമിനെപ്പോലെ ദൈവത്തിന്റെ വാക്കുകേട്ട് നാടും വീടും ഉറ്റവരെയും ഉടയവരെയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരല്ലേ നിങ്ങള്‍. അബ്രാഹത്തെ വിളിച്ച് രക്ഷിച്ച് അനുഗ്രഹമാക്കിയ കര്‍ത്താവ് നമ്മോടൊത്തുമുണ്ട്. അനുഗ്രഹപൂര്‍ണമായ ഈ അനുസരണം സഹനപൂരിതംകൂടിയാണെന്ന കാര്യം മറന്നുപോകരുതേ. അതു മറക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പതറിപ്പോകുന്നത്. യേശുവിന്റെ ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, അബ്രാഹമിന്റെയും പ്രവാചകന്മാരുടെയും വിളിക്കപ്പെട്ട മറ്റനേകരുടെയും ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തിലും അത് സഹനപൂരിതമായിരിക്കും. പ്രിയപ്പെട്ട കുടുംബസ്ഥരേ, നിങ്ങള്‍ പതറിപ്പോകരുത്. ദൈവം ഒന്നിപ്പിച്ചവരായിരുന്നു അബ്രാഹവും സാറായും. പക്ഷേ അവരുടെ കുടുംബജീവിതം കടന്നുപോയ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുകളും ഈ ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. ദൈവം വിളിച്ചു നിയോഗിച്ചു എന്ന കാരണത്താല്‍ നമ്മുടെ ജീവിതം പ്രതിസന്ധികളില്ലാത്തതും പ്രശ്നരഹിതവുമായിരിക്കുമെന്ന് അന്ധമായി വ്യാമോഹിക്കരുത്. അനുസരണത്തിന്റെ വഴിയിലൂടെ മാത്രം ചരിച്ച നസറത്തിലെ തിരുക്കുടുംബം നേരിട്ട സഹനങ്ങളും പ്രതിസന്ധികളും നമുക്കറിയാമല്ലോ. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍, ദൈവം നഷ്ടമായതിന്റെ അടയാളമായി കണ്ട് നിങ്ങള്‍ കലങ്ങിപ്പോകരുതേ. അവിടുന്ന് നമ്മോടൊപ്പമുണ്ട്. ധൈര്യമായിരിക്കുക. "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം" (ഹെബ്രായര്‍ 4:15-16).
By: സ്റ്റെല്ല ബെന്നി
Moreകഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന് പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള് വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍ കഴിവില്ലാതായി; താടി നെഞ്ചില്‍ മുട്ടി. താടിയുടെ മര്‍ദംമൂലം നെഞ്ചു ഭാഗത്ത് വ്രണങ്ങള്‍ രൂപപ്പെടുകപോലും ചെയ്തപ്പോഴാണ് ആ വേദനയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. ഈ രോഗാവസ്ഥയില്‍ ശാരീരിക വേദനയെക്കാളേറെ അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ദൈവത്തിന്റെ തിരുമനസ്സിതാണെങ്കില്‍ ഈ അവസ്ഥയില്‍ തുടരാന്‍ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ് എന്റെ സന്തോഷം." ദൈവകൃപയാല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ടു. അള്‍ത്താരയ്ക്കരികില്‍ കസേരയില്‍ ഇരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അദ്ദേഹത്തിനായി. ഈ അവസ്ഥയിലും രൂപതാഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചത് ആത്മീയ ശക്തികൊണ്ട് മാത്രമാണ്. ശാരീരിക ദൗര്‍ബല്യങ്ങളൊന്നും ആ കര്‍മധീരന്റെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചില്ല എന്ന വസ്തുത നാം ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയുവാന്‍ തയാറാകാത്ത അദ്ദേഹം മധ്യവയസിനുശേഷം മാത്രമാണ് പുസ്തകങ്ങളെഴുതുവാന്‍ ആരംഭിച്ചത്. രോഗങ്ങള്‍ യാത്രകളെയും പ്രസംഗങ്ങളെയും തടയുവാന്‍ ശ്രമിച്ചപ്പോള്‍ എഴുത്തിലൂടെ തന്റെ ദൗത്യം അദ്ദേഹം തുടര്‍ന്നു. പുസ്തകമെഴുതി വെറുതെ സമയം കളയുന്നു, മെത്രാന്റെ പണി പുസ്തകമെഴുത്തല്ല എന്നൊക്കെ വിമര്‍ശിച്ചുകൊണ്ട് ശത്രുക്കള്‍ ഈ അവസ്ഥയിലും അല്‍ഫോന്‍സ് ലിഗോരിയെ തളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ക്രിസ്തുവിനോടുള്ള സ്നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമര്‍ശനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്ത് നല്കി. അറുപതാമത്തെ വയസില്‍ പ്രസിദ്ധപ്പെടുത്തിയ 'ദിവ്യകാരുണ്യ സന്ദര്‍ശനം' ആണ് ആദ്യഗ്രന്ഥം. ദൈവമാതാവിനെതിരായി പ്രചരിച്ചിരുന്ന പാഷണ്ഡതകളെ ചെറുത്തു തോല്പ്പിക്കുവാന് അല്‍ഫോന്‍സ് ലിഗോരിയുടെ പ്രസംഗങ്ങളും രചനകളും പ്രത്യേകിച്ച് 'ഗ്ലോറീസ് ഓഫ് മേരി' എന്ന ഗ്രന്ഥവും ഏറെ സഹായകമായി. മാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ പിന്നിലും അല്‍ഫോന്‍സിന്റെ ഗ്രന്ഥങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാജീവിതം, ദിവ്യകാരുണ്യഭക്തി, മാര്‍പാപ്പയുടെ അപ്രമാദിത്വം, സഭാദര്‍ശനം തുടങ്ങിയ മേഖലകളില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം നല്കിയ പരിപോഷണത്തെ മാനിച്ചുകൊണ്ട് 1871 മാര്‍ച്ച് 23-ന് ഒന്‍പതാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. പ്രതിഫലത്തിന്റെയും ആനന്ദത്തിന്റെയും സ്ഥലം സ്വര്‍ഗമാണ്. ഇതായിരുന്നു അല്‍ഫോന്‍സ് ലിഗോരിയുടെ കാഴ്ചപ്പാട്. അതിനാല്‍ തീവ്രമായ വേദനകളിലും ദൈവഹിതം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം അനുവദിക്കുന്ന നൊമ്പരങ്ങളെ നിരാകരിക്കുന്നത് അവിടുത്തെ നന്മയിലുള്ള അവിശ്വാസം മൂലമാണ്. ദൈവത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല പ്രത്യുത, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മള് ഇച്ഛിക്കുവാന്‍ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂര്‍ണതയുടെ മാര്‍ഗമെന്നും വിശുദ്ധ ലിഗോരി പഠിപ്പിച്ചു. എതിര്‍പ്പുകളും വിമര്‍ശനങ്ങളുംവഴി നിഷ്ക്രിയരായിപ്പോകുന്നവര്‍ക്ക് അല്‍ഫോന്‍സ് ലിഗോരി ഒരു പാഠമാണ്. അധ്വാനത്തിന് ആഗ്രഹിച്ച ഫലം കിട്ടാതെ വരുമ്പോള്‍ പലരുടെയും ആവേശം കെട്ടുപോകും. ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും കഷ്ടപ്പാടുകള്‍ മനസ്സിലാക്കപ്പെടാതെ വരുമ്പോഴും തീക്ഷ്ണത നഷ്ടപ്പെട്ടുപോകാം. വ്യക്തിപരമായ പരിമിതികളെ ഓര്‍ത്ത് എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് കരുതി നിഷ്ക്രിയരാകുന്നവരും ധാരാളമാണ്. സ്നേഹത്തിനു മാത്രമേ എപ്പോഴും ഉണര്‍വോടെ കര്‍മനിരതമാകാന്‍ പറ്റൂ. സ്നേഹത്തിന്റെ കുറവാണ് അലസതയുടെയും നിഷ്ക്രിയത്വത്തിന്റെയും അടിസ്ഥാന കാരണം. ദൈവത്തോടുള്ള സ്നേഹം വലുതാകുമ്പോള്‍ സഭയോടുള്ള സ്നേഹവും വളരും. ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും അതോടൊപ്പം വര്‍ധിച്ചുകൊണ്ടിരിക്കും. അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം മുഴുവനും തെറ്റിദ്ധാരണകളാലും വിമര്ശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. എല്ലാ ഉദ്യമങ്ങളും ആഗ്രഹിച്ചതുപോലെ ഫലം നല്കിയുമില്ല. ആത്മാര്‍ത്ഥതയ്ക്ക് പ്രതിഫലമായി ലോകവും ജീവിതവും നൊമ്പരങ്ങള്‍ മാത്രം നല്കി. എന്നിട്ടും തളരാത്ത ആ മനസ്സിന്റെ രഹസ്യമെന്താണ്? ക്രിസ്തുവിനോടുള്ള സ്നേഹം! ആ തീക്ഷ്ണതയുടെ രഹസ്യം അതുമാത്രമായിരുന്നു. മടുപ്പും വിരസതയും ശൂന്യതയും നീക്കാനുള്ള വഴി ക്രിസ്തുവിന്റെ സ്നേഹംകൊണ്ട് നിറയുക മാത്രമാണ്. ദൈവം തന്ന ജീവിതത്തെ സ്നേഹിക്കുവാന്‍ പഠിക്കണം. അവിടുന്ന് തന്ന ജോലിയെയും ദൗത്യങ്ങളെയും സാഹചര്യങ്ങളെയും ക്രിസ്തുവിനെപ്രതി സ്നേഹിക്കണം. പിന്നെ വെറുതെ ഇരിക്കുവാന് നമുക്കാകില്ല. പ്രതിബന്ധങ്ങള്‍ വലുതായി തോന്നുന്നത് സ്വാര്‍ത്ഥത കൂടുമ്പോഴാണ്. ദാവീദ് ഗോലിയാത്തിനെ കൊന്നത് കല്ലും കവിണയും കൊണ്ടല്ല; ഇസ്രായേലിന്റെ ദൈവത്തെപ്രതിയുള്ള തീക്ഷ്ണത കൊണ്ടാണ്. തടവിലാക്കപ്പെട്ട പൗലോസ് അപ്പസ്തോലന് തന്നെ കാത്തിരിക്കുന്നത് മരണമാണെന്നറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം നിഷ്ക്രിയനായിരുന്നില്ല. ജയിലിന്റെ പരിമിതികളിലിരുന്നും അദ്ദേഹം എഴുതി. എല്ലാക്കാലത്തെയും സഭാസമൂഹങ്ങള്‍ക്കുവേണ്ടി ദീര്‍ഘമായ ലേഖനങ്ങള്‍. തടവറയില്‍പ്പോലും കര്‍മോത്സുകനാകാന്‍ അപ്പസ്തോലനെ സഹായിച്ചതെന്താണ്? സകല സഭകളെയുംകുറിച്ചുള്ള തീക്ഷ്ണത. തീക്ഷ്ണത നഷ്ടപ്പെട്ട് മന്ദീഭവിച്ച ഹൃദയങ്ങളാണ് അറിവും കഴിവും സാഹചര്യങ്ങളും ഉപയോഗിക്കാനാവാതെ നാം നിഷ്ക്രിയരാകുന്നതിന് കാരണം. ക്രൂരമായ പീഡനങ്ങളെയും എതിര്‍പ്പുകളെയും ആദിമസഭ നേരിട്ടത് രാഷ്ട്രീയ തന്ത്രങ്ങള്‍കൊണ്ടോ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല. ക്രിസ്തുവിനോടുള്ള തീക്ഷ്ണസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങള്‍കൊണ്ടായിരുന്നു. നമുക്കും ആ പാത പിന്തുടരാം. ډ
By: Chevalier Benny Punnathara
Moreകണ്‍ഫ്യൂഷനിസം വിശ്വാസം പിന്തുടര്ന്നവര് ആയിരുന്നു കിം അഗിതി അഗത എന്ന കൊറിയന്‍ യുവതിയും കുടുംബവും. ഒരു ദിവസം അഗതയുടെ കത്തോലിക്കയായ സഹോദരി അവരെ സന്ദര്‍ശിക്കുന്നതിനായി വന്നു. ആ കുടുംബം പിന്തുടര്ന്നിരുന്ന വിജാതീയ ആചാരങ്ങള്‍ കണ്ടു വേദനിച്ച സഹോദരി അവരോട് ഇപ്രകാരം പറഞ്ഞു, "ലോകത്തെ മുഴുവന്‍ ഭരിക്കുന്നത് ഒരാള്‍തന്നെയാണ്, അത് ക്രിസ്തുവാണ്. അന്ധകാരത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റ് നിങ്ങളും സത്യത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." ഈ സഹോദരിയുടെ വാക്കുകള്‍ കേട്ട് അഗതയ്ക്ക് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് അറിയുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായി. എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. എങ്കിലും സത്യത്തിനു വേണ്ടി എന്ത് ത്യാഗവും ഏറ്റെടുക്കുവാന്‍ അഗത തീരുമാനിച്ചു. അങ്ങനെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ പഠനത്തില്‍ പിന്നിലായിരുന്ന അഗതയ്ക്ക് പ്രാര്‍ത്ഥനകളും വിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളും പഠിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ ഈശോയുടെയും മറിയത്തിന്റെയും നാമങ്ങള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്ത് ചോദിച്ചാലും ഈശോ, മറിയം എന്നീ രണ്ടു വാക്കുകള്‍ മാത്രമാണ് അഗതക്ക് പറയാനുണ്ടായിരുന്നത്. ബുദ്ധിശക്തിയില്‍ പിന്നോക്കമായിരുന്നതിനാല്‍ അഗതയ്ക്ക് അന്ന് മാമ്മോദീസാ ലഭിച്ചില്ല. കൊറിയയില്‍ ഉഗ്രമായ മതപീഡനം നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അഗതയും ജയിലിലടയ്ക്കപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്ക് ഈശോയെയും മാതാവിനെയുംകുറിച്ചുമാത്രമേ അറിയുകയുള്ളൂ എന്നായിരുന്നു അഗതയുടെ ഉത്തരം. അപ്പോള്‍ അധികാരികള്‍ ചോദിച്ചു, "അവരെ നിരാകരിക്കാന്‍ തയ്യാറാണോ?" ഉടനെ അഗത മറുപടി നല്കി, "ഞാന്‍ അവര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണ്!" തുടര്‍ന്ന് അഗത നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. ഭര്‍ത്താവും മകനും വിശ്വാസം ഉപേക്ഷിച്ചെങ്കിലും വിശ്വാസം തള്ളിപ്പറയാന്‍ അഗത തയാറായില്ല. പീഡനങ്ങള്‍ക്ക് നടുവിലും പിടിച്ചുനില്ക്കാന് സഹതടവുകാരുടെ വിശ്വാസവും അവള്‍ക്ക് തുണയായി. തിരുസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ച കിം മഗ്ദലന്‍, ഹാന്‍ ബാര്‍ബ തുടങ്ങിയവരായിരുന്നു അവരില്‍ ചിലര്‍. ഈശോയെയും മാതാവിനെയുംകുറിച്ച് മാത്രം അറിയാവുന്ന അഗതയുടെ ധൈര്യവും വിശ്വാസവും സഹതടവുകാരെപ്പോലും ഏറെ സ്പര്‍ശിച്ചു. അങ്ങനെ ജയിലില്‍വച്ചാണ് അഗത മാമ്മോദീസ സ്വീകരിച്ചത്. ജയിലില്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ നേരിടുവാന്‍ മാമ്മോദീസ അഗതയ്ക്ക് കൂടുതല്‍ കരുത്തു നല്കി. 1839-ല്‍ അഗതയുടെയും ഒമ്പത് സഹതടവുകാരുടെയും വധശിക്ഷ നടപ്പിലാക്കി. കാളവണ്ടിയില്‍ സ്ഥാപിച്ച കുരിശിലേക്കു ഇവരുടെ കൈകളും തലമുടിയും ബന്ധിച്ച ശേഷം ദുര്‍ഘടമായ ഒരു ഇറക്കത്തിലൂടെ മലയുടെ മുകളില്‍നിന്ന് താഴത്തേക്ക് കാളയെ അതിവേഗം ഓടിച്ചു. തുടര്‍ന്ന് അവരെ ശിരച്ഛേദം ചെയ്തു. പഠനമോ പാണ്ഡിത്യമോ അല്ല വിശുദ്ധിയുടെ മാനദണ്ഡം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് 1925 ജൂലൈ അഞ്ചാം തീയതി തിരുസഭ അഗതയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1984 മെയ് ആറാം തീയതി സോളില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ അഗതയെ വിശുദ്ധയായി നാമകരണം ചെയ്തു.
By: Ranjith Lawrence
Moreസമ്പന്ന കര്‍ഷകകുടും ബത്തിലാണ് നിക്കോളാസ് ജനിച്ചത്. 21 വയസ്സായപ്പോള്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ധീരതയോടെ സൈന്യസേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മുപ്പതാമത്തെ വയസില്‍ കര്‍ഷകപുത്രിയായ ഡൊറോത്തിയായെ വിവാഹം ചെയ്തു. അവര്‍ക്ക് പത്തു മക്കള്‍ പിറന്നു. മുപ്പത്തിയേഴാം വയസുവരെയും സൈന്യസേവനം തുടര്‍ന്ന അദ്ദേഹം പിന്നീട് പൊതുസേവനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. അക്കാലത്താണ് നിക്കോളാസിന് ഒരു സ്വപ്നമുണ്ടായത്. ഒരു കുതിര ലില്ലിപ്പൂ വിഴുങ്ങുന്നതായി ആ സ്വപ്നത്തില്‍ അദ്ദേഹം കണ്ടു. തന്റെ വിശുദ്ധജീവിതത്തെ ലൗകികത വിഴുങ്ങിക്കളഞ്ഞേക്കാമെന്നാണ് അതിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് ഭാര്യയുടെ അനുവാദത്തോടെ, താപസജീവിതം അനുഷ്ഠിക്കാന്‍ തീരുമാനിച്ചു വീടുവിട്ടിറങ്ങി. അനുദിന ദിവ്യലി അര്‍പ്പിക്കാന്‍ ഒരു വൈദികന്റെ സഹായം ലഭിക്കുന്നതിന് തന്റെ സ്വന്തം സമ്പത്തുപയോഗിച്ച് ഒരു കൊച്ചുചാപ്പല്‍ ഒരുക്കി. അതോടുചേര്‍ന്ന് ജീവിച്ചുകൊണ്ട് പരിഹാരപ്രവൃത്തികളാല്‍ സമ്പന്നമായ ഒരു താപസജീവിതം നയിച്ചു. പത്തൊന്‍പത് വര്‍ഷത്തോളം വിശുദ്ധ കുര്‍ബാനമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. പതുക്കെ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം നാടെങ്ങും പരന്നു. അനേകര്‍ അദ്ദേഹത്തില്‍നിന്ന് ദൈവികവചസുകള്‍ കേള്‍ക്കാനെത്തി. അവര്‍ അദ്ദേഹത്തെ ബ്രൂഡർ ക്ലൗസ് അഥവാസഹോദരന് നിക്കോളാസ് എന്നു വിളിച്ചു. 1487-ല്‍ തന്റെ എഴുപതാം വയസില്‍ ആ പുണ്യചരിതന് മരണം പുല്കുമ്പോള് ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രത്യേക മധ്യസ്ഥനാണ് ഫ്ളൂവിലെ വിശുദ്ധ നിക്കോളാസ് എന്ന് ഔദ്യോഗിക നാമമുള്ള ഈ പുണ്യവാന്. സഭൈക്യത്തിന്റെ പ്രതീകവുംകൂടിയാണ് അദ്ദേഹം. സ്വിറ്റ്സര്‍ലന്‍ഡില്‍ അദ്ദേഹം ജനിച്ചു വളര്‍ന്ന സ്ഥലവും വീടും ഒപ്പംതന്നെ താപസജീവിതം നയിച്ചിരുന്ന കൊച്ചുചാപ്പലുമെല്ലാം ഇന്ന് തീര്‍ത്ഥാടനസ്ഥലങ്ങളാണ്.
By: Shalom Tidings
Moreകുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില് കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ നടത്തത്തിന്റെ വേഗത കുറയുന്നു, ആ മണം നമ്മെ ബുദ്ധിമുട്ടിക്കുന്നു. ചവിട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അരോചകമായി തോന്നുന്നു… അങ്ങനെയങ്ങനെ… ആദ്ധ്യാത്മികജീവിതത്തില്‍ പാപത്തില്‍ വീഴുന്നവനും ഇതുപോലെതന്നെയാണ് കേട്ടോ. എത്രയും വേഗം പാപക്കറ കഴുകിക്കളഞ്ഞില്ലെങ്കില്‍ നമ്മുടെ പ്രവൃത്തികളെ പതിയെ ബാധിച്ച് തുടങ്ങും, ക്രമേണ ഒരു ആത്മീയ തളര്‍വാതം സംഭവിക്കും, ജാഗ്രതൈ. ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവം ശ്രദ്ധിക്കുക. അയാളുടെ പാപം മോചിക്കുകയാണ് ഈശോ ആദ്യമേ ചെയ്തത്. "മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (മത്തായി 9/2). അതിനുശേഷമാണ് അവിടുന്ന് "എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക” (മത്തായി 9/6) എന്ന് കല്പിക്കുന്നത്. ആ തളര്‍വാതരോഗി എഴുന്നേറ്റ് വീട്ടിലേക്ക് പോയി എന്ന് തിരുവചനത്തില്‍ നാം തുടര്‍ന്ന് വായിക്കുന്നു. വര്‍ഷങ്ങളായി കുമ്പസാരമില്ലാതെ കഴിയുന്നവരുടെ തളര്‍വാതം എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല. ഇങ്ങനെ ചെളിയില്‍ ചവിട്ടിപ്പോകുന്നത് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ. വിശുദ്ധ കുമ്പസാരത്തിലൂടെ അത് നീക്കിക്കളഞ്ഞ് സുഗമമായി നടക്കാന്‍ നമുക്ക് സാധിക്കട്ടെ. അങ്ങനെ ശ്രദ്ധയോടെ ചരിച്ച് വിശുദ്ധിയിലേക്ക് നടന്നടുക്കാം, ആമ്മേന്‍.
By: ഫാദർ ജോസഫ് അലക്സ്
Moreകുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന് രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍ മഞ്ഞനിറത്തില്‍ പുറത്തേക്ക് തള്ളിയിരിക്കുന്നു. ശ്വാസം എടുക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു, ഓക്സിജന്‍ കൊടുക്കുന്നുണ്ട്. ഒരുപാട് നഴ്സുമാര്‍ മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോഴുള്ള ഒരു ഭയാനകത്വം അവിടെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ എന്റെ ഊഴം എത്തിച്ചേര്‍ന്നു. രാവിലെ ജോലിക്കായി അദ്ദേഹത്തിനടുത്തേക്ക് കടന്നുചെന്നു. ഈശോയേ, നമുക്ക് ഇന്ന് എന്തെങ്കിലും ഈ സഹോദരനുവേണ്ടി ചെയ്യണം കേട്ടോ എന്ന് പറഞ്ഞിട്ട് ഈശോയെ കൂടെ കൂട്ടി. അദ്ദേഹത്തോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. രാത്രിയില്‍ ഉറങ്ങിയോ? രാവിലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം അല്പനേരം ചെലവഴിച്ചു. കഴിക്കാതെ മാറ്റിവച്ചിരിക്കുന്ന പ്രഭാതഭക്ഷണം എന്റെ ശ്രദ്ധയില്‍പ്പെട്ടു. രോഗാവസ്ഥ കൊണ്ടുതന്നെ അദ്ദേഹം വളരെ അവശനാണ്. ഭക്ഷണം കഴിക്കാന്‍ കുറച്ചു ദിവസങ്ങളായി തോന്നുന്നില്ല, പലപ്പോഴും കൊണ്ടു വന്ന ഭക്ഷണം കളയേണ്ടിവരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്തോ ദുഃഖഭാരത്താല്‍ നിറയുന്നപോലെ… കട്ടിലിനടുത്തുള്ള ഒരു കസേരയില്‍ ഞാന്‍ ഭക്ഷണവുമായി ഇരുന്നു. മരുന്ന് കഴിക്കാനുള്ളതാണെന്നും ഭക്ഷണം കഴിച്ചേ മതിയാകൂ എന്നും ഞാന്‍ ശഠിച്ചു. അല്പം പിണക്കത്തോടെ ആ കണ്ണുകള്‍ എന്നെ നോക്കി. പെട്ടന്നാണ് ഡോക്ടര്‍ മുറിയിലേക്ക് കടന്നു വന്നത്. ഭക്ഷണം കഴിക്കുകയാണെങ്കില്‍ പിന്നീട് വരാം എന്ന് പറഞ്ഞു ഡോക്ടര്‍ മടങ്ങാന്‍ ഒരുങ്ങി. അദ്ദേഹം ഡോക്ടറോട് പരിശോധിച്ച് കൊള്ളാന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റലില്‍ അഡ്മിഷന് ആകാനും തുടര്‍ന്നുള്ള ചികിത്സക്ക് നല്‍കാനും തന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്, വലിയ കടബാധ്യതയില്‍ ആണ് കുടുംബം. നാണക്കേടും ഭയവും മൂലം അദ്ദേഹം വീട്ടില്‍ പോകാതെയായി. കടങ്ങള്‍ തീര്‍ത്ത ശേഷം ഭാര്യയെയും മക്കളെയും നേരിട്ട് കാണാന്‍ പോകണം എന്ന് ആഗ്രഹമുണ്ട്. എന്റെ ജീവന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ എനിക്കുവേണ്ടി ചെയ്യണം. ഞാന്‍ മുഴുവന്‍ പണവും പിന്നീട് തിരിച്ചടച്ചുകൊള്ളാം. ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീരിന് നിര്‍വചിക്കാനോ അളക്കാനോ കഴിയാത്തൊരു ചൂട് ഉള്ളതുപോലെ… ഡോക്ടര്‍ അല്പനേരം നിശബ്ദത പാലിച്ചു. ഒടുവില്‍ ജീവന് രക്ഷിക്കാനുള്ള ക്രിട്ടിക്കല്‍ അവസരങ്ങളില്‍ പരിഗണിക്കുന്ന ഒരു വഴി ചെയ്യാമെന്ന് വാക്കു നല്കി തിരിച്ചു പോയി. ‘ഇനി എന്റെ കഥ പറയാം’ എന്ന് പറഞ്ഞുകൊണ്ട് ഈശോ എന്റെ ജീവിതത്തില്‍ ചെയ്ത ചില അത്ഭുതങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. സ്പൂണ്‍ കൊണ്ട് ഞാന്‍ ഭക്ഷണം വാരി കൊടുക്കുന്നതിനിടക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ശാന്തതയോടെ ഈശോയെ കേട്ടുകൊണ്ട് ഭക്ഷണം കഴിച്ചു. കഥ കേട്ട് ഭക്ഷിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ അന്നത്തെ പ്രഭാതഭക്ഷണം മുഴുവനായും കഴിച്ചു. അദ്ദേഹത്തിനുള്ള മരുന്നുകള്‍ എടുക്കാനായി പോയപ്പോള്‍ ഈശോ സംസാരിച്ചു. ആ രോഗിക്കു വേണ്ടി ദൈവകരുണയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുക. മരുന്നുകളെല്ലാം കൊടുത്ത ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചോട്ടെ? അക്രൈസ്തവനായിരുന്നിട്ടുകൂടി അദ്ദേഹം പറഞ്ഞു, "നീ നിന്റെ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.” അല്പനേരം ഈശോയെ സ്തുതിച്ചു. പിന്നീട് ഒരു കരുണയുടെ ജപമാല ആ രോഗിക്ക് വേണ്ടി ചൊല്ലി പ്രാര്‍ത്ഥിച്ചു.”ഈശോയേ നിന്റെ മകന് അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ വീഴ്ചകളുടെയും മേല്‍ കരുണയായിരിക്കണമേ. അങ്ങയുടെ ഹിതം ഈ മകന്റെ മേല്‍ നിറവേറണമേ. "ഇത്രയും പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആമേന്‍ എന്ന് ആവര്‍ത്തിച്ചു ഏറ്റു പറഞ്ഞു കൊണ്ടിരുന്നു. ദൈവസാന്നിധ്യത്താല്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പ് അദ്ദേഹത്തിനുള്ള മുറി ലഭിച്ചു. അവിടെ കൊണ്ടു ചെന്നാക്കി യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം തിരതല്ലി. നിന്റെ മാതാപിതാക്കളോട് ഞാന്‍ അന്വേഷിച്ചതായി പറയണം എന്ന് എന്നോട് പറഞ്ഞു. പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു ദൈവസ്നേഹവും സമാധാനവും മനസ്സില്‍ നിറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. ഗ്ലാസ് ഡോറിലൂടെ നോക്കിയപ്പോള്‍ ശൂന്യമായ കട്ടില് മാത്രം. എന്റെ മനസ്സ് വിങ്ങി. അദ്ദേഹം പുലര്‍ച്ചെ മരിച്ചുപോയി എന്ന് അറിഞ്ഞു. ഹൃദയത്തില്‍ കഠിനഭാരം അനുഭവപ്പെട്ടു. ആശുപത്രിയുടെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഈശോയോട് ഒരു ചോദ്യം. "ഈശോയേ അദ്ദേഹം നിന്റെ അടുത്തുണ്ടോ? ഇത്ര വേഗം കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നോ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത്??” ഈശോയെക്കുറിച്ച് കേട്ടും അവിടുത്തെ കരുണക്കായി പ്രാര്‍ത്ഥിച്ചും സഹനത്തിന്റെ ലോകത്തു നിന്നും അദ്ദേഹം യാത്രയായി. "കുരിശില്‍ വച്ച് കുന്തത്താല്‍ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കള്‍ക്കും വേണ്ടിയുള്ളതാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1182). നാം ആഗ്രഹിച്ചത് ലഭിച്ചില്ലെന്നുകരുതി പ്രാര്‍ത്ഥനകള്‍ പാഴായിട്ടില്ല. മറ്റൊരു വിധത്തില്‍ അവയെല്ലാം ഫലം നല്‍കും. നാഥാന് പ്രവാചകനിലൂടെ ദൈവം ദാവീദിന് അദ്ദേഹത്തിന്റെ കുഞ്ഞ് മരിച്ചുപോകും എന്ന് സന്ദേശം നല്കി. കര്‍ത്താവ് കൃപ തോന്നി കുഞ്ഞിന്റെ ജീവന് രക്ഷിക്കും എന്ന് കരുതി ദാവീദ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. എന്നാല്‍, ദാവീദിന്റെ പ്രാര്‍ത്ഥനയ്ക്ക് വിപരീതമായും ദൈവകരുണ ദാവീദ് പ്രതീക്ഷിച്ച വിധം പ്രകടമാകാതെയും കുഞ്ഞ് മരണപ്പെട്ടു. എങ്കിലും അവന് തന്റെ ദുഖത്തിന്റെ നാളുകള്‍ക്കു വിട പറഞ്ഞുകൊണ്ട് ദൈവാലയത്തില്‍ പോയി അവിടുത്തെ ആരാധിച്ചു. ദാവീദിന്റെ ത്യാഗോജ്വലമായ പ്രാര്‍ത്ഥനയുടെയും ആഴമേറിയ ദുഃഖത്തിന്റെ നടുവില്‍ നടത്തിയ ദൈവാരാധനയുടെയും ഫലം മറ്റൊന്നായിരുന്നു. അന്യപുരുഷന്റെ ഭാര്യയുമായി ശയിച്ചു വ്യഭിചാരം ചെയ്യുകയും ചതിയിലൂടെ അവനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദ്. തന്റെ ഭര്‍ത്താവിനെ വഞ്ചിച്ച ബേത്ഷബ. കര്ത്താവിന് അനിഷ്ടമായ പ്രവൃത്തി ചെയ്ത രണ്ടുപേര്‍. അവരില്‍നിന്നും ലോകത്തിലെ സര്‍വ്വജ്ഞാനിയായ സോളമന് ജനിച്ചു. ദൈവത്തിന്റെ അനന്തമായ കരുണയും സ്നേഹവും ദാവീദിന്റെ ജീവിതത്തില്‍ വെളിപ്പെട്ടത് ഇപ്രകാരമാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വിപരീതമാം വിധം ഉത്തരം ലഭിച്ചാലും നിരാശപ്പെടരുത്. ദാവീദിനെപ്പോലെ നമ്മുടെ ദുഖങ്ങളില്‍നിന്നും എഴുന്നേറ്റ് ദൈവത്തെ ആരാധിക്കുക. സോളമന്റെ ജനനമെന്നോണം നമുക്കായി ദൈവം ഒരുക്കുന്ന അനുഗ്രഹത്തിനുവേണ്ടി കാത്തിരിക്കുക. പ്രതികൂലങ്ങളില് അവിടുത്തെ വചനം നമ്മെ ശക്തിപ്പെടുത്തട്ടെ, "പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നരുത്” (പ്രഭാഷകന്‍ 7/10).
By: ആന്‍ മരിയ ക്രിസ്റ്റീന
More2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന് സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള്‍ യാത്രയില്‍ മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില്‍ പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന്‍ പോവുകയാണല്ലോ എന്ന വലിയ ഒരു ആനന്ദം ഹൃദയത്തില്‍ നിറഞ്ഞു. ട്രെയിന്‍ കേരളം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ട്രെയിനിലെ ഞങ്ങളുടെ പ്രാര്‍ത്ഥനയും സംസാരവും വചനവായനയും എല്ലാം മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളും സഹനങ്ങളും ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയുള്ളവരായി. ഈ സമയത്താണ് ആജാനുബാഹുവായ ഒരു മനുഷ്യന് ഞങ്ങളെ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധിച്ചത്. ഞങ്ങള്‍ പരസ്പരം പറഞ്ഞു, ‘ചിലപ്പോള്‍ ഒരു മതതീവ്രവാദി ആയിരിക്കും. നമ്മള് ഇനി കൂടുതല്‍ ശ്രദ്ധിക്കണം.’ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്ലാ ധാരണയെയും അതിലംഘിച്ച് ആ വ്യക്തി ഞങ്ങളുടെ മുന്നില്‍ വന്ന് ഇരുന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. അയാള്‍ സ്വയം പരിചയപ്പെടുത്തി, ”എന്റെ പേര് അലോക് ഭണ്ഡാര. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്! " ഞാനും എന്റെ കൂട്ടുകാരനും വാസ്തവത്തില്‍ ആശ്വസിച്ചു. കാരണം ഞങ്ങള്‍ പ്രതീക്ഷിച്ച വലിയ ഒരു പ്രതിസന്ധി മാറിപ്പോയി. അലോക് മഹാരാഷ്ട്രയിലെ നാഗ്പൂരാണ് താമസിക്കുന്നത്. ഒരു ഇന്ത്യന്‍ പട്ടാളക്കാരന് ആയിരുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. പാപത്തിന്റെയും സഹനത്തിന്റെയും പാതയില്‍ക്കൂടി ഈ വ്യക്തി ഏറെ സഞ്ചരിച്ചിട്ടുണ്ട്. ആ സമയങ്ങളിലാണ് ഗ്രാമത്തിലുള്ള ഒരു ക്രൈസ്തവവിശ്വാസിയിലൂടെ യേശുവിനെക്കുറിച്ച് അറിയുന്നത്. അലോക് പറഞ്ഞത് ഇപ്രകാരമാണ്, യേശുവിനെ അറിഞ്ഞതിനുശേഷം എന്റെ ജീവിതം പകലും രാത്രിയുംപോലെ മാറിപ്പോയി. ഞാനിപ്പോള്‍ യഥാര്‍ത്ഥ ആനന്ദവും സമാധാനവും അനുഭവിക്കുന്നു. യേശുവിനെ അറിഞ്ഞതിനുശേഷം അലോക് ഭണ്ഡാരയുടെ ജീവിതത്തില്‍ രണ്ട് പ്രധാനപ്പെട്ട അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം കണ്ടത് മഞ്ഞുമലയില്‍… ഈ സഹോദരന് ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന സമയം. ജമ്മു കാശ്മീരില്‍ ഉള്ള മഞ്ഞുമലനിരകളിലൂടെ, ട്രക്ക് ഓടിച്ച് പോകുകയായിരുന്നു. കൂടെ മറ്റ് ഏഴ് പട്ടാളക്കാര്‍ ഉണ്ട്. നല്ല കാറ്റും മഞ്ഞുവീഴ്ചയും ഉള്ള സമയം. സമയം പാതിരാത്രി ആയതുകൊണ്ടും കാലാവസ്ഥ മോശമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ ചുരത്തിന്റെ അടുത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വലിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. മരണമാണ് മുന്നില്‍, അലോക് ഭണ്ഡാര ഉറക്കെ യേശുനാമം വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നെ കത് അത്ഭുതമാണ്! ഇവരുടെ വാഹനത്തിന്റെ മുന്നിലേക്ക് വലിയ ഒരു മരം കടപുഴകി വീഴാന്‍ തുടങ്ങി. പക്ഷേ അത് വാഹനത്തിന്റെമേല്‍ വീണില്ല. പകരം ഈ മരത്തില്‍ തടഞ്ഞ് വാഹനം നിശ്ചലമായി. ഒരു വലിയ ഗര്‍ത്തത്തിന്റെ മുന്പില് വച്ച് കര്‍ത്താവ് ഇവര്‍ക്ക് വീണ്ടും ജീവന് നല്കി. സങ്കീര്‍ത്തനങ്ങള്‍ 18/33 വചനം പറയുന്നു, "കര്‍ത്താവ് ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി.” അലോക് എന്ന പട്ടാളക്കാരന് പറയുകയാണ് യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിച്ചു. പുഴയിലെ അത്ഭുതം അലോക് സൈനികസേവനത്തില്‍നിന്ന് വിരമിച്ചതിനു ശേഷമാണ് ആ സംഭവം. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്ന സമയം. നല്ല മഴക്കാലമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ കാട്ടില്‍നിന്ന് നല്ല മരങ്ങള്‍ ഒഴുകിവരുമായിരുന്നു. ആ ഗ്രാമത്തിലുള്ള അനേകം കുടുംബനാഥന്മാരുടെ വരുമാനമാര്‍ഗം, ഈ സമയങ്ങളില്‍ ഒഴുക്കില്‍നിന്ന് നല്ല മരത്തടികള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു. നല്ല ആരോഗ്യമുള്ളവര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലി. അലോക് ഭണ്ഡാരയും ഇത് ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം സാധാരണ ഒഴുക്കുള്ള പുഴയുടെ തീരത്ത് നിന്നുകൊണ്ട് അലോക് ഭണ്ഡാര മരങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി അദ്ദേഹം ഒരു കാഴ്ച കാണുന്നത്, ഒരു വലിയ മലവെള്ളപ്പാച്ചില്‍ തന്റെ നേരെ വരുന്നു. മരവും കല്ലും എല്ലാം അതിലുണ്ട്. നിമിഷനേരം കൊണ്ട് അലോക് ഭണ്ഡാരയും ഒഴുക്കില്‍ പെട്ടുപോയി. എത്ര ശക്തി ഉപയോഗിച്ചിട്ടും അതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. താന്‍ മരണത്തെ മുന്നില്‍ കണ്ടു എന്നാണ് അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യയെയും മക്കളെയുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഈ സമയത്താണ് ഉള്ളില്‍ ആരോ പറയുന്നതുപോലെ, യേശുവിന്റെ നാമം വിളിക്കുക. രണ്ടാം പ്രാവശ്യം മുങ്ങി മുകളിലേക്ക് വന്നപ്പോള്‍ ശക്തി സംഭരിച്ച് അദ്ദേഹം യേശുനാമം വിളിച്ചു. ഫിലിപ്പി 2/9 വചനം പറയുന്നുണ്ട്, യേശുവിന്റെ നാമം എല്ലാ നാമത്തെക്കാളും ഉപരിയായ നാമമാണ്. പരിശുദ്ധ അമ്മ യൂറോപ്പില്‍ ഉള്ള മെഡ്ജുഗോറിയ എന്ന ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇപ്രകാരം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, മക്കളേ, നിങ്ങളുടെ പ്രതിസന്ധികളില്‍ എന്റെ പുത്രനായ യേശുവിന്റെ നാമം വിളിക്കുക. അവന്റെ നാമം എല്ലാ അന്ധകാരങ്ങളെയും കീറിമുറിക്കുന്ന ശക്തിയാണ്. അവന്റെ നാമം വിളിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ യേശുവിന്റെ നാമം വിളിക്കുമ്പോള്‍ത്തന്നെ ഞാനും എന്റെ മകനും നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവരുന്നുണ്ട്. അലോക് ഭണ്ഡാര ഹൃദയത്തിന്റെ അഗാധങ്ങളില്‍ നിന്ന് യേശുവിന്റെ നാമം വിളിച്ചപ്പോള്‍, സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നു. ന്യായാധിപന്മാര് 15/18-19 വചനം സാംസനെക്കുറിച്ച് പറയുന്നു, പ്രതിസന്ധിയില്‍ അവന് കര്‍ത്താവിനെ വിളിച്ച് അപേക്ഷിച്ചു. ദൈവം ലേഹിയില് ഉള്ള് പൊള്ളയായ ഒരു സ്ഥലം തുറന്നു. കര്‍ത്താവ് ഒരുക്കിയ അത്ഭുതകരമായ രക്ഷപ്പെടലിന്റെ തുരുത്തില് കയറി നിന്ന് അലോക് കരമുയര്‍ത്തി ഒരിക്കല്‍ക്കൂടി നിലവിളിയോടെ ദൈവത്തിന് നന്ദി പറഞ്ഞു. പെട്ടെന്നുതന്നെ ആ മലവെള്ളപ്പാച്ചില്‍ നില്‍ക്കുകയും ചെയ്തു. ഒരു നിലവിളിയുടെ മുന്‍പിലും പിന്പിലും മരണവും ജീവനും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഈ വ്യക്തിയിലൂടെ അനേകം അക്രൈസ്തവസഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സാധിക്കുന്ന സ്ഥലങ്ങളിളെല്ലാം പോയി തന്റെ ജീവിതസാക്ഷ്യം പങ്കുവെച്ച് യേശുനാമം മഹത്വപ്പെടുത്തുകയാണ് അലോക്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു. അതില്‍ ഒരു സുഹൃത്തിന്റെ മകന് പറയുകയാണ്, ‘എനിക്ക് ഒരു സുവിശേഷപ്രസംഗകന്‍ ആകണം.’ അതുകേട്ട് ഞാന്‍ ചോദിച്ചു, "മോന്റെ കയ്യില്‍ ബൈബിള്‍ ഉണ്ടോ?” അവന് ബാഗില്‍നിന്ന് ബൈബിള്‍ എടുത്ത് അഭിമാനത്തോടെ എനിക്ക് കാണിച്ചുതന്നു. ഈ മകന് പറയുകയാണ് കോളേജില്‍ ഞാന്‍ ഇപ്പോള്‍ യേശുവിന്റെ സാക്ഷിയാണ്. ഞങ്ങള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഇന്ത്യയുടെ സുവിശേഷവത്കരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോ എടുത്തു സ്നേഹം പങ്കുവെച്ചു. ഇവരെ യേശുവിനെ അറിയിച്ച, ആ നല്ല വിശ്വാസികളെ ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തു. സുവിശേഷത്തിന്റെ ആനന്ദവും ശക്തിയും പങ്കുവയ്ക്കാന്‍ നമുക്കും ഒരുങ്ങാം. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെയും സുവിശേഷവേലയിലൂടെയും നമുക്ക് ദൈവരാജ്യത്തിനായി ഉണരാം. ഹല്ലേലുയാ!
By: ജസ്റ്റിന് പുളിക്കന്‍
Moreപെട്ടെന്നാണ് ആ വാര്‍ത്ത സ്കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന്‍ പോയി. അക്കൂട്ടത്തില്‍ സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില്‍ കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ കടന്നുപോയി. സുധീഷിന്റെ സഹപാഠികളില്‍ പലരും സുധീഷിന്റെ അമ്മയെ നോക്കി ചിരിയടക്കി. കണ്ടു കടന്നുപോയവരില്‍ ചിലര്‍ അടക്കം പറഞ്ഞു, "ഭ്രാന്തു പണ്ടേ ഉള്ളതാ. ഇപ്പോഴത് മൂത്ത് ചങ്ങലയ്ക്കിടേണ്ടി വന്നു എന്നുമാത്രം. അങ്ങേരുടെ (സുധീഷിന്റെ അച്ഛന്റെ) ഒരു കഷ്ടകാലം.” ഒരു പഴമൊഴി ഇപ്രകാരമുണ്ട്. "ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേലാണ്.” അമ്മയെനോക്കി നെടുവീര്‍പ്പടക്കി മൂലയില്‍ കുത്തിയിരുന്ന് കരയുന്ന സുധീഷിനെ ആ ടീച്ചര്‍ താങ്ങിയെഴുന്നേല്പിച്ചു. അവനെ മാറോടു ചേര്‍ത്തണച്ച് നെറുകയില്‍ ചുംബിച്ചു. അവന്റെ കണ്ണില്‍നിന്നും കണ്ണീര് തുടച്ചുനീക്കി. ആ ടീച്ചര്‍ അവനോടു പറഞ്ഞു. "മോനേ, സുധീഷേ ഒട്ടും പേടിക്കേണ്ട. നിന്റെയമ്മ തീര്‍ച്ചയായും സുഖപ്പെടും. മോന് നാളെമുതല്‍ തീര്‍ച്ചയായും സ്കൂളില്‍ വന്നുതുടങ്ങണം. നിനക്കൊരു നല്ല ഭാവിയുണ്ട്.” ഒരു ഭ്രാന്തിയുടെ മകനായിട്ട് സ്കൂളില്‍ വരിക എന്നത് സുധീഷിന് വളരെ വേദനാജനകമായ കാര്യമായിരുന്നു. എന്നിരുന്നാലും ആ ടീച്ചറിലൂടെ വെളിപ്പെട്ട ദൈവസ്നേഹം അവനെ താങ്ങിനിര്‍ത്തി. വീണ്ടും സ്കൂളിലെത്തിച്ചു. ടീച്ചര്‍ അവനെ ചേര്‍ത്തുപിടിച്ചു ചോദിച്ചു, "മോനേ സുധീഷ്, നീ ടീച്ചറിനോട് സത്യം പറയണം. നിന്റെ അമ്മയ്ക്ക് നിന്റെ ഓര്‍മവച്ച നാള് മുതല്‍ ഭ്രാന്തുണ്ടായിരുന്നോ? "അവന് പറഞ്ഞു, ”ഇല്ല ടീച്ചര്‍. എന്റെ അമ്മ ഒത്തിരി നല്ലവളായിരുന്നു. എല്ലാവരുംകൂടി എന്റെ അമ്മയെ അങ്ങനെ ആക്കിത്തീര്‍ത്തതാണ്.” അതുപറയുമ്പോള്‍ അവന്റെ കവിള്‍ത്തടത്തിലൂടെ കണ്ണീര് ഒലിച്ചിറങ്ങി. ടീച്ചര്‍ ചോദിച്ചു, "അപ്പോള്‍ മോനേ ഇതെങ്ങനെ സംഭവിച്ചു?” ആ ചോദ്യത്തിനുമുമ്പില്‍ അവന് വല്ലാതെ നിസഹായനായി വിതുമ്പിനിന്നുപോയി. ടീച്ചര്‍ ഒന്നുകൂടി അവനെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു, ”മോന് ധൈര്യമായി ഈ ടീച്ചറമ്മയോടു പറഞ്ഞുകൊള്ളൂ. ഈ ടീച്ചര്‍ ഇതാരോടും പറയില്ല.” അവന് പേടിച്ചുപേടിച്ചു പറഞ്ഞുതുടങ്ങി. "എന്റെ അച്ഛനാണ് അമ്മയ്ക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പണ്ടുമുതലേ പറഞ്ഞുപരത്തിയത്. അച്ഛന് പല സ്ത്രീകളുമായും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. അമ്മ അതിനെക്കുറിച്ച് അച്ഛനോട് പരാതിപ്പെടുകയും കരയുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന് അമ്മയെ അടിക്കും. സഹിക്കവയ്യാതെ വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. അതു കേള്‍ക്കുമ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടും. എന്തു പ്രശ്നമെന്നു നാട്ടുകാര്‍ ചോദിക്കുമ്പോള്‍ അമ്മ ഒരുത്തരവും അച്ഛനെതിരായി പറയുകയില്ല. പക്ഷേ അച്ഛന് പറയും, ‘അവള്‍ക്ക് മാനസികരോഗമാണ്. നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒക്കെ പേരു ചേര്‍ത്തുപറഞ്ഞ് എന്റെ സമാധാനം കെടുത്തും. എന്നെ നിങ്ങള്‍ക്കറിയില്ലേ. സഹികെട്ടു കഴിയുമ്പോള്‍ ഞാന്‍ രണ്ടു പെട കൊടുക്കും. അതിന്റെ ബഹളമാണ് നിങ്ങളിപ്പോഴീ കേള്‍ക്കുന്നത്. ഇനി ഇങ്ങനെയൊരു ബഹളം കേട്ടാല്‍ നിങ്ങളാരും ഇങ്ങോട്ട് ഓടിവരേണ്ട. ഈ നില കൂടിക്കൂടി വന്നാല്‍ നമുക്കിവളെ ഭ്രാന്താശുപത്രിയിലെത്തിക്കാം. അപ്പോള്‍ നിങ്ങളെന്നെ ഒന്നു സഹായിച്ചാല്‍ മതി.” അങ്ങനെ ആ വീട്ടിലേക്കുള്ള അയല്‍ക്കാരുടെ വരവുകള്‍ നിലച്ചു. മാന്യന്മാരില് മാന്യനായ പൊതുപ്രവര്‍ത്തകനായ സുധീഷിന്റെ അച്ഛന് പറഞ്ഞത് അയല്‍ക്കാരും പൊതുജനവും വിശ്വസിച്ചു. ”എന്റെ അമ്മ ഞങ്ങളോടു പറഞ്ഞു. അച്ഛന്റെ ഈവക കാര്യങ്ങളൊന്നും പുറത്താരോടും പറയരുതെന്ന്. ഞങ്ങളുടെ ഭാവി പോകുമെന്ന്. അതുകൊണ്ട് ഞാനും എന്റെ പെങ്ങളും ഇതാരോടും പറഞ്ഞുമില്ല. അങ്ങനെ സുധീഷിന്റെ അമ്മ പൊതുജനത്തിന്റെ മുമ്പില്‍ ഭ്രാന്തിയായിത്തീര്ന്നു. കണ്ണുനീരും കരച്ചിലുമായിട്ടാണ് എന്റെയമ്മ ഇതുവരെ എത്തിയത്,” സുധീഷ് പറഞ്ഞുനിര്‍ത്തി. ഇപ്പോഴെന്തുപറ്റി ഇങ്ങനെ വരാന്‍? ടീച്ചര്‍ അവനോടു ചോദിച്ചു. "മോനേ, പക്ഷേ ഇപ്പോള്‍ നിന്റെയമ്മ കാണിക്കുന്നത് തനി ഭ്രാന്തിന്റെ ലക്ഷണങ്ങളാണല്ലോ.” അവന് പറഞ്ഞു, അതോ ടീച്ചേറേ, അച്ഛന്റെ ചില കൂട്ടുകാര്‍ചേര്‍ന്ന് അച്ഛന്റെ അനുവാദത്തോടുകൂടി അമ്മയെ മാനഭംഗപ്പെടുത്തി. വാക്കത്തിയുമായി അവരെയും അച്ഛനെയും വെട്ടാനൊരുങ്ങിയ അമ്മ ശരിക്കും ഭ്രാന്തിയെപ്പോലായി. ഞാനിതെങ്ങനെ മറ്റുള്ളവരോട് പറയും ടീച്ചേറേ? അച്ഛനെതിരായി മറ്റുള്ളവരോടെന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കും അമ്മയുടെ ഇതേ അനുഭവംതന്നെ ഉണ്ടാകും. അമ്മയ്ക്കെതിരായി അമ്മ ഭ്രാന്തിയാണെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ ദൈവംപോലും ഞങ്ങളോടു ക്ഷമിക്കില്ല. ഞാനും എന്റെ പെങ്ങളും എന്തുചെയ്യണം ടീച്ചര്‍? പുറത്തുള്ളവരെല്ലാവരും ഞങ്ങളുടെ അച്ഛന് പറയുന്നതേ വിശ്വസിക്കൂ.” അച്ഛന്റെയും അമ്മയുടെയും തകര്‍ന്ന ദാമ്പത്യത്തിന്റെ ദുരവസ്ഥകളില്പെട്ടുപോയ രണ്ടു ബാല്യങ്ങളുടെ പിടച്ചിലുകളാണ് നാം മുകളില്‍ കണ്ടത്. ആ ടീച്ചര്‍ അവനെ ഒന്നുകൂടി ചേര്‍ത്തുനിര്‍ത്തി ഉറപ്പിച്ചു പറഞ്ഞു, മോനേ സുധീഷേ, ദൈവം നിങ്ങളെ സഹായിക്കും. എന്റെ മക്കള്‍ അച്ഛനെതിരായോ അമ്മയ്ക്കെതിരായോ ആരോടും ഒന്നും പറയേണ്ട. മോന് യേശുവിനോടു പ്രാര്‍ത്ഥിക്കൂ, യേശു നിങ്ങളെ സഹായിക്കും. ആ ടീച്ചറിലൂടെ കവിഞ്ഞൊഴുകിയ യേശുസ്നേഹത്തിന്റെ അനുഭവം ആ കുടുംബത്തെ വീണ്ടുരക്ഷിച്ചു. സുധീഷിന്റെ അച്ഛന് മാനസാന്തരത്തിലേക്കു കടന്നുവന്നു. അമ്മയുടെ ഭ്രാന്തു മാറി. സുധീഷ്, റോഡിലൂടെ അലയുന്ന മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിലെ പ്രധാനശുശ്രൂഷകനായി. സുധീഷിന്റെ അനുജത്തിയെ നല്ല രീതിയില്‍ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സമാധാനത്തിന്റെ തീരത്തേക്ക് ദൈവം ആ കുടുംബത്തെ നയിച്ചു. സങ്കീര്‍ത്തനം 27/10-ല്‍ പറയുന്നു: "അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും.” "സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം. എന്നാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/10). പെട്ടുപോയ ഒരു യുവാവിന്റെ കഥ ബാല്യകാലത്ത് എനിക്ക് വളരെ അടുത്തറിയാവുന്ന ഞാന്‍ എന്റെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ച ഒരു ആണ്‍കുട്ടിയെക്കുറിച്ച് അവന്റെ യുവത്വത്തിന്റെ കാലഘട്ടത്തില്‍ വളരെ മോശമായതു പലതും കേള്‍ക്കുവാനിടയായി. സ്വന്തം വീട്ടിലെ കനത്ത വിധിവൈപരീത്യങ്ങളുടെയും നിസഹായതകളുടെയും നടുവിലും മനോജിന്റെ (പേര് സാങ്കല്പികം) ജീവിതം അത്രമേല്‍ വിശുദ്ധമായിരുന്നു അന്ന്. കേട്ടതെല്ലാം സത്യമെങ്കില്‍ ഇവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയെടുക്കണം എന്ന ആഗ്രഹത്തിന്റെ തീവ്രതകൊണ്ട് ഞാനവനെ വീട്ടില്‍ വിളിച്ചുവരുത്തി. സാഹചര്യങ്ങളും എന്റെ ആരോഗ്യവും വളരെ വിപരീതമായിരുന്നിട്ടും അങ്ങനെയൊരു സ്നേഹശുശ്രൂഷ നല്കാന് യേശുവിന്റെ സ്നേഹം എന്നെ നിര്‍ബന്ധിച്ചു. വളരെയേറെ കരുണക്കൊന്തകളും ജപമാലകളും അവനും അവന്റെ കുടുംബത്തിനുംവേണ്ടി ചൊല്ലിയതിനുശേഷമാണ് ഞാനവനെ വിളിച്ചത്. അവനോട് ഒത്തിരി സ്നേഹത്തോടെ ചോദിച്ചു, "മോനേ മനോജേ, നീ ഒരു വിശുദ്ധനായ ബാലകനായിരുന്നു നിന്റെ ഇന്നലെകളില്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് കേള്‍ക്കുന്നതൊന്നും ഒട്ടും നല്ല കാര്യങ്ങളല്ല. പറയൂ മോനേ, നിനക്കെന്താണ് സംഭവിച്ചത്? ഞാനൊരിക്കലും നിന്നെ ഒറ്റുകൊടുക്കുകയില്ല.” എന്റെ ആ ചോദ്യത്തിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. പെട്ടുപോയ ഒരു യുവത്വത്തിന്റെ നിസഹായതയുടെ പിടച്ചിലായിരുന്നു ആ കരച്ചില്. ”എന്റെ ആന്റീ, എന്നെയിന്ന് ഒരു ക്രിമിനലായിട്ടാണ് എന്റെ വീട്ടുകാര്‍ കാണുന്നത്. എന്റെ നാട്ടുകാരും ലോകവും അങ്ങനെതന്നെ കാണുന്നു. എന്നെക്കുറിച്ച് കേട്ടറിഞ്ഞവര്‍ എനിക്കൊരിക്കലും ഒരു നല്ല ജോലി തരില്ല. എന്നെ വിശ്വസിച്ച് ഒരു പെണ്ണിനെയും കെട്ടിച്ചു തരികയുമില്ല. ഞാനെന്തായിരുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ അറിയാവുന്നത് ആന്റിക്കുമാത്രമാണ്. എന്റെ അമ്മയ്ക്കുപോലും എന്നെ അറിയില്ല. അവരൊക്കെ എന്റെ ജീവിതത്തില്‍ ഇന്നു കാണുന്ന നെഗറ്റീവായ കാര്യങ്ങള്‍ കണ്ടിട്ടാണ് എന്നെ വിലയിരുത്തുന്നത്. പക്ഷേ ഞാനെങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ആര്‍ക്കുമൊട്ടു താല്പര്യവുമില്ല ആന്റി.” തുടര്‍ന്ന് അവന് തന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞു. സ്വന്തം തെറ്റുകൊണ്ടെന്നല്ലാതെ മറ്റുള്ളവരുടെ തെറ്റുകൊണ്ടും തിന്മ നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍കൊണ്ടും പെട്ടുപോയ പല നിസഹായതകളും തകര്‍ച്ചകളും അവയുടെ പെടച്ചിലുകളും! അതില്‍നിന്ന് സ്വന്തപരിശ്രമംകൊണ്ട് കരകയറാന്‍ കഴിയാതെ പോയി. അവനെ യഥാര്‍ത്ഥത്തില്‍ ഒന്നു മനസിലാക്കുവാനോ ഒരു കൈത്താങ്ങ് കൊടുത്ത് ഉയര്‍ത്തുവാനോ ആരും ഇല്ലാതെപോയി. എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകള്‍മാത്രം! അതിനിടയില്‍ വന്നുപോയ ചില പാപങ്ങളും പാപാവസ്ഥകളും കരുതിക്കൂട്ടി ദ്രോഹിച്ചവരോടുള്ള പ്രതികാരചിന്തയും. അതാണ് അവനൊരു ക്രിമിനല്‍ പരിവേഷം കൊടുത്തത്. അവന് കണ്ണുനീരോടെ പറഞ്ഞു: "ആന്റീ ഞാനിന്ന് പലരുടെയും കാഴ്ചപ്പാടില്‍ ഒരു പക്കാ ക്രിമിനലാണ്. പക്ഷേ എന്റെ ഹൃദയംകൊണ്ട് എനിക്കങ്ങനെ ആകാന്‍ കഴിയില്ല എന്ന് ആന്റീക്കറിയാമല്ലോ. ഇനിയും മറ്റൊരു കാര്യമുണ്ട്. ഇനിയും മുന്നോട്ട് ദൈവമെന്നെ ഒരു പുണ്യവാളനാക്കി മാറ്റിയാലും എന്റെ ചുറ്റുമുള്ള ലോകം അതംഗീകരിക്കില്ല…” അവന് പറഞ്ഞുനിര്‍ത്തി. ഞാനവനെ ഹൃദയംകൊണ്ട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. "മനുഷ്യര്‍ക്കാണ് ഇത് അസാധ്യമായിട്ടുള്ളത്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” "ഞാന്‍ സകല മര്‍ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെമിയ 32/27). ” ഞാനവനെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഉയര്‍ന്ന പ്രത്യാശയും ദൈവസ്നേഹാനുഭവവും കൊടുത്ത് സന്തോഷത്തോടെ പറഞ്ഞയച്ചു. തുടര്‍ന്നും കരുണക്കൊന്ത ചൊല്ലിയും ജപമാല ചൊല്ലിയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. നല്ല രീതിയില്‍ അവന്റെ വിവാഹം നടന്നു. സാമാന്യം ഭേദപ്പെട്ട ഒരു നല്ല ജോലി നല്കി ദൈവം അവനെ അനുഗ്രഹിച്ചു. അങ്ങനെ വലിയൊരു പ്രത്യാശയുടെ തുറമുഖത്തേക്ക് ദൈവമവനെ നയിച്ചു. "ഈ ഭൂമിയില്‍ ആരെങ്കിലും ഒരാളെങ്കിലും യഥാര്‍ത്ഥത്തില്‍ എന്നെ മനസിലാക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ആന്റീ . ആന്റീയെങ്കിലും അതിനു തയാറായല്ലോ, നന്ദി, ആന്റീ നന്ദി. പ്രിയപ്പെട്ടവരേ, പെട്ടുപോയതിന്റെ പിടച്ചിലുകളുമായി നിസഹായതയില്‍ ആരും സഹായിക്കാനില്ലാതെ ഉള്ളിന്റെ ഉള്ളില്‍ കരയുന്ന ഒത്തിരി യുവത്വങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരൊരുപക്ഷേ ഇന്ന് ക്രിമിനല്‍ പരിവേഷം ഉള്ളവരായിരിക്കാം. ആരും ആഗ്രഹിച്ചിട്ടല്ല അവരൊക്കെ ആ രീതിയില്‍ ആയിപ്പോയത്. അവരെ കുറ്റം വിധിക്കാതെ, ഒറ്റപ്പെടുത്താതെ തക്കസമയത്ത് ഒരു താങ്ങു നല്കി നിസഹായതയുടെ നീര്‍ക്കയത്തില്‍നിന്നും അവരെ പിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നില്ലേ. ഇതല്ലേ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സുവിശേഷപ്രഘോഷണം. ഒരു ഭാര്യയുടെ കദനകഥ ഈ ഭാര്യയും നിസഹായതയില്പെട്ട് പിടഞ്ഞുപോയവളാണ്. ഉയര്‍ന്ന സാമ്പത്തികം കൊടുത്ത് മാന്യമായി മാതാപിതാക്കള്‍ പറഞ്ഞയച്ചവള്‍. സുന്ദരി, ആരോഗ്യവതി, അഭ്യസ്ഥവിദ്യ, സല്‍സ്വഭാവി. ഭര്‍ത്താവ് ഉന്നതമായ വരുമാനമുള്ള ഉന്നത ഉദ്യോഗസ്ഥന്. സമൂഹത്തില്‍ ആദരണീയന്‍. എന്റെ അടുത്തുവന്ന നിമിഷം മുതല്‍ അവള് കരയാന്‍ തുടങ്ങി. പക്ഷേ ആ കരച്ചില് പരിശുദ്ധാത്മാവ് കൊടുത്ത ഒരു കരച്ചിലായിരുന്നു. അവള് പറഞ്ഞു. "വര്‍ഷങ്ങളായി സ്വയംഭോഗത്തിന്റെ ബന്ധനത്തിലാണ് ഞാന്‍. ഞങ്ങള്‍ക്കു കുട്ടികളില്ല. എത്ര പ്രാര്‍ത്ഥിച്ചിട്ടും കുമ്പസാരിച്ചിട്ടും സ്വയംഭോഗത്തിന്റെ ബന്ധനം എന്നെ വിട്ടുപോകുന്നില്ല.” അവള് തന്റെ കദനകഥ പറഞ്ഞു. ഭര്‍ത്താവിന് വിവാഹത്തിന് വളരെ പണ്ടുമുതലേ വേശ്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകാന്‍ ആഗ്രഹിച്ചതും വിവാഹിതനായതുമെല്ലാം സമൂഹത്തിലെ ഒരു മാന്യതക്കുവേണ്ടിമാത്രം. മാതാപിതാക്കള്‍ വളരെയേറെ ആലോചിച്ചിട്ടും അന്വേഷിച്ചിട്ടുമാണ് തന്റെ പ്രിയമകളുടെ വിവാഹം നടത്തിയത്. അങ്ങനെയൊരു വേശ്യാദോഷം ആരും അയാളെക്കുറിച്ച് ഒരിടത്തുനിന്നും പറഞ്ഞുകേട്ടതുമില്ല. പക്ഷേ ദുര്‍വിധി അവളുടെ ജീവിതത്തെ ക്രൂരമായി കാര്‍ന്നുതിന്നുകയായിരുന്നു. ഭര്‍ത്താവിന് അവളെ തീര്‍ത്തും വേണ്ടായിരുന്നു. അങ്ങനെ അവള് ആ ദുശ്ശീലത്തിന് അടിമയായി. ഒരു വശത്ത് ഒരു യുവഭാര്യയുടെ ശരീരത്തിന്റെയും മനസിന്റെയും ന്യായമായ ആവശ്യങ്ങള്‍. മറുവശത്ത് മനഃസാക്ഷിയുടെ പിടച്ചിലുകള്‍! മാതാപിതാക്കളുടെ ഏകമകളാണവള്‍. ഒരുപക്ഷേ ഇതറിഞ്ഞാല്‍ അവര്‍ ചങ്കുപൊട്ടി ചാകുമെന്നും ആത്മഹത്യ ചെയ്തുപോയേക്കുമെന്നുമുള്ള ഭയം വീട്ടില്‍ ഈ വിവരം അറിയിക്കുന്നതില്‍നിന്നും അവളെ തടഞ്ഞു. അങ്ങനെ പുകയുന്ന ഒരു അഗ്നികുണ്ഠംപോലെയാണ്. ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ചാണ് അവള് എന്റെയടുത്ത് എത്തിച്ചേര്‍ന്നത്. ഈ സംഭവം കേട്ടതിന്റെ ഷോക്കില്‍ ഞാനാകെ നിസഹായയായി തരിച്ചിരുന്നുപോയി. എന്തുപറഞ്ഞ് ഞാനിവളെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ. ഇങ്ങനെയുമുണ്ടോ ദൈവമേ, ഭൂമിയില്‍ മനുഷ്യര്‍! ഇത്തവണ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളാണ്. ഞാനവളുടെ തലയില്‍ കൈവച്ച് അബോധാവസ്ഥയില്‍ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. അങ്ങനെയേ എനിക്ക് കഴിയുമായിരുന്നുള്ളൂ. പെട്ടെന്ന് ഞാനവളോടു പറഞ്ഞു, "മോളെ, സ്വയംഭോഗം തീര്‍ച്ചയായും പാപമാണ്. കത്തോലിക്കാസഭയും അങ്ങനെതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ എന്റെ പൊന്നുസഹോദരീ, സഹോദരിയുടെ കാര്യത്തില്‍ ഇത് പെട്ടുപോയതിന്റെ പിടച്ചിലുകളാണ്. കാരുണ്യവാനായ ദൈവം നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നവനാണ്. നമ്മെ തള്ളിക്കളയുന്നവനല്ല, അവിടുത്തേക്ക് നിന്നെ മനസിലാകും. കാരുണ്യത്തിന്റെ ദൈവമായ അവിടുന്ന് കാര്‍ക്കശ്യത്തിന്റെ മഹാഭീകരനല്ല. കുറ്റബോധം ഉപേക്ഷിച്ച് കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞ് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി.” ഒരു നിമിഷം അവളുടെ മുഖം പ്രസന്നമായി. കുറ്റബോധത്തിന്റെയും നിരാശയുടെയും പിടച്ചിലുകള്‍ അവളുടെ മനസില്‍നിന്നും അകന്നുപോയിരുന്നു. ശരിയായി ആശ്വസിപ്പിക്കപ്പെട്ടുതന്നെയാണ് നന്ദിപറഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി അവള് തിരിച്ചുപോയത്. പിന്നീട് ഒരിക്കലും ഞാനവരെ കാണാന്‍ ദൈവം ഇടവരുത്തിയില്ല. പ്രിയപ്പെട്ടവരേ, ഈ രീതിയില്‍ സ്വന്തം തെറ്റുകൊണ്ടല്ലാതെ പെട്ടുപോയ എത്രപേരുടെ പിടച്ചിലുകളെ യഥാര്‍ത്ഥ സത്യമെന്തെന്ന് തിരിച്ചറിയാതെ നാം നിര്‍ദാക്ഷിണ്യം കുറ്റംവിധിക്കുന്നുണ്ട്. "ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല” (മത്തായി 12/7) എന്ന കരുണാമയനായ യേശുവിന്റെ വചനം നമുക്കുനേരെ പലവട്ടം വിരല്‍ചൂണ്ടിയിട്ടും നാമതിനെ വകവയ്ക്കാതെ അതിനുനേരെ പുറംതിരിഞ്ഞ് നിന്നുകൊണ്ട് നമ്മുടേതായ ബോധ്യങ്ങളില്‍നിന്നും അണുവിട മാറാതെ നമ്മുടേതായ രീതികളില്‍ സുവിശേഷം പറയുന്നു. 2025 ല്‍ എങ്കിലും ഒരു മാറ്റം?! 2025 പ്രത്യാശയുടെ വര്ഷമായിട്ടാണല്ലോ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. തകര്‍ന്നവനും തകര്‍ച്ചയുടെ പാതയിലൂടെ ചരിക്കുന്നവനും പ്രത്യാശ നല്കി അവരെ ഉയര്ത്തുന്നവരായിട്ടാണ് ഈ വര്‍ഷത്തിലെങ്കിലും നാം രൂപാന്തരം പ്രാപിക്കേണ്ടത്. കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു, നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു (സങ്കീര്‍ത്തനം 145/15). പാപം പാപമല്ല എന്ന് പഠിപ്പിക്കാനല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിസഹായതയുടെ തീരങ്ങളില്‍ പെട്ടുപോയതിന്റെ പിടച്ചിലുകളില്‍ കഴിയുന്നവരെ അവരുടെ ഉള്ളില്‍ അവശേഷിക്കുന്ന നേരിയ പ്രത്യാശയെകൂടി തകര്‍ക്കുന്നവരും അവരുടെ വഴികളെ മുള്ളുവേലി കെട്ടി അവര്‍ക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്തുന്നവരും ആയി ഇനിയെങ്കിലും നാം മാറാതിരിക്കട്ടെ എന്നാണ്. ഇതു വായിക്കുവാന്‍ ഇടവരുന്ന പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമ്മള് നടത്തുന്ന വചനപ്രഘോഷണങ്ങളും പ്രബോധനങ്ങളും ഗാനാലാപനങ്ങളും സ്പിരിച്വല്‍ കൗണ്‍സിലിങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമെല്ലാം സമ്പൂര്‍ണ വിമോചനത്തിലേക്കും സത്യത്തിന്റെപൂര്ണതയിലേക്കും നമ്മുടെ സഹജീവികളെ നയിക്കുന്നതായി രൂപാന്തരപ്പെടട്ടെ ആമ്മേന്‍. നിരാശയ്ക്കടിമപ്പെട്ട ജീവിതങ്ങളെ പ്രത്യാശയുടെ പൊന്‍വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവേ എന്നില്വന്നു നിറയണമേ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി ഉള്ളുരുകി പ്രാര്‍ത്ഥിക്കാം. ‘പ്രെയ്സ് ദ ലോര്‍ഡ്, ആവേ മരിയ’
By: സ്റ്റെല്ല ബെന്നി
More