Home/Engage/Article

ആഗ 28, 2023 245 0 Stella Benny
Engage

ഇവയൊക്കെ ചെയ്യാന്‍ ഇങ്ങനെയും ചിലര്‍

നിങ്ങളുടെ ജീവിതത്തിന്‍റെ പ്രതിക്കൂട്ടില്‍ ആരൊക്കയാണുള്ളത്?

1990-ാം ആണ്ടിന്‍റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ഞാനെന്‍റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. “എന്‍റെ പിതാവേ, നീയെന്നില്‍നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്‍റെ കരങ്ങളില്‍ എന്‍റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് എന്നെയും തന്‍റെ സമയത്തിന്‍റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്‍റെ മഹിമയിലേക്ക് നയിക്കും എന്ന് എനിക്കുറപ്പുണ്ട്, ആമേന്‍ ഈശോ.”

എന്തിനെക്കുറിച്ചാണ് ഞാന്‍ ഈ വാചകങ്ങള്‍ കുറിച്ചുവച്ചതെന്ന് ഇതെഴുതിയ സമയത്ത് എനിക്ക് നിശ്ചയമായും അറിഞ്ഞുകൂടായിരുന്നു. പാപികളുടെ മാനസാന്തരത്തിനും ലോകത്തിന്‍റെ രക്ഷയ്ക്കുംവേണ്ടി യേശുവിന്‍റെ പീഡാസഹനത്തോട് ചേര്‍ത്തുവയ്ക്കാന്‍ എന്തൊക്കെയോ സഹനങ്ങള്‍ പിതാവായ ദൈവം എന്നില്‍നിന്നും ആവശ്യപ്പെടുന്നു എന്നുമാത്രമേ ഈ വാക്കുകള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുമ്പോള്‍ എനിക്ക് തോന്നിയുള്ളൂ. അത് എനിക്ക് താങ്ങാനാവുന്നതിലും ഒരുപാട് അധികമായിരിക്കുമെന്ന് ആ സമയത്ത് എനിക്ക് തോന്നിയില്ല. എങ്കില്‍ ഞാനൊരുപക്ഷേ അങ്ങനെയൊരു ‘സമ്മതപത്രം’ പിതാവായ ദൈവത്തിന് എഴുതി നല്‍കയില്ലായിരുന്നു എന്ന് ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഊഹിക്കുകയാണ്. ഒരുപക്ഷേ “സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്‍റെ ശരീരത്തില്‍ നികത്തുന്നു” (കൊളോസോസ് 1/24) എന്ന് എഴുതിവച്ച പൗലോസ് അപ്പസ്തോലന് ലഭിച്ച ഉള്‍വിളിയുടെ ചെറിയൊരംശം നല്ല ദൈവം പാപിയായ എനിക്കു പകുത്തു നല്‍കിയതാവാം എന്ന് ഇന്നെനിക്ക് തോന്നുന്നു. എന്തുതന്നെയുമാകട്ടെ, മേല്‍പറഞ്ഞ സമ്മതപത്രം എഴുതിക്കഴിഞ്ഞ തൊട്ടടുത്ത നാള്‍മുതല്‍ എന്‍റെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ച തികച്ചും അപ്രതീക്ഷിതമായ ഭീകരമായ സഹനപരമ്പരകള്‍ എന്‍റെ ജീവിതത്തില്‍ അരങ്ങേറുവാന്‍ തുടങ്ങി. ജീവിതത്തിലൊരിക്കലും സ്വപ്നത്തില്‍പോലും ഞാന്‍ ചിന്തിച്ചില്ല ഞാന്‍ കടന്നുപോന്ന സഹനപരമ്പരകളില്‍ ഒന്നെങ്കിലും എന്‍റെ ജീവിതത്തില്‍ സംഭവിക്കുമെന്ന്. ‘സഹനപരമ്പര’ എന്ന് ഞാന്‍ പറയാന്‍ കാരണമുണ്ട്. ഈ പീഡാസഹനങ്ങളുടെ പങ്കുചേരല്‍ അതിനുശേഷം ഇന്നോളമുള്ള കാലഘട്ടത്തില്‍ ഒരു വട്ടമല്ല പലവട്ടം എന്‍റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. പലവട്ടം അതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഈശോയോടു ചോദിച്ചു, “എന്‍റെ ഈശോയേ, നീ ജീവിതത്തില്‍ ഒരു വട്ടമേ കുരിശില്‍ തൂങ്ങി മരിച്ചുള്ളൂ. കൃമിയും കീടവുമായ ഞാന്‍ ഇതെത്രാമത്തെ വട്ടമാണ് ക്രൂശിക്കപ്പെടുന്നത്?”

അപ്പോള്‍ ഈശോ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “എന്‍റെ മകളേ, ഞാന്‍ കടന്നുപോയ സഹനങ്ങളുടെ എള്ളോളമൊരംശമേ ഓരോ സഹനവേളയിലും ഞാന്‍ നിനക്ക് തരുന്നുള്ളൂ. ഒന്നിച്ചിത് താങ്ങാന്‍ നിനക്ക് കെല്പില്ലാത്തതിനാല്‍ ഇന്‍സ്റ്റാള്‍മെന്‍റായി ഞാനിത് നിനക്ക് തന്നുകൊണ്ടിരിക്കുകയാണ്. ഒട്ടും ഭയം വേണ്ട. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകുക, ഞാന്‍ കൂടെയുണ്ട്.”

ആരു പറഞ്ഞു ഏറ്റെടുക്കുവാന്‍?

ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സഹനങ്ങളുടെ തീവ്രത മനസിലാക്കിയ ഒരു കൊച്ചനുജത്തി ഒരിക്കലെന്നോടു ചോദിച്ചു “ചേച്ചിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു കാര്യം ഏറ്റെടുക്കുവാന്‍? പറ്റുകയില്ല കര്‍ത്താവേ എന്നങ്ങ് പറഞ്ഞുകൂടായിരുന്നോ? ഭര്‍ത്താവും കുട്ടികളുമുള്ള ഒരു സ്ത്രീ ഇതൊക്കെ ഏറ്റെടുത്താല്‍ കുടുംബത്തിന്‍റെ അവസ്ഥ എന്താകും?” മറുപടിയെന്നവണ്ണം ഞാന്‍ അവളോടു പറഞ്ഞു, “എന്‍റെ മോളേ, കര്‍ത്താവ് ഒരുപക്ഷേ എന്നോട് ചോദിക്കുന്നതിനുമുമ്പ് പലരോടും ചോദിച്ചിട്ടുണ്ടാകാം ഈ രീതിയിലൊരു സഹനം ഏറ്റെടുക്കാമോ എന്ന്. അവരാരും ഏറ്റെടുക്കുവാന്‍ തയാറാകാത്തതുകൊണ്ടാകാം ഭര്‍ത്താവും കുട്ടികളും കുടുംബവും കുടുംബജീവിതവുമൊക്കെയുള്ള എന്നെത്തേടി അവിടുന്നെത്തിയത്.” ഞാനാ പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് പിന്നീട് എന്‍റെ ജീവിതത്തില്‍ എനിക്ക് വ്യക്തമായി. “ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു. അവിടുന്നെന്‍റെ കഴുത്തിനു പിടിച്ച് നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്‍റെ നേരേ ഉന്നംവച്ചിരിക്കുന്നു. അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്നെന്‍റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെന്‍റെ പിത്തനീര് ഒഴുക്കിക്കളയുന്നു. അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു” (ജോബ് 16/12-14) എന്ന ജോബിന്‍റെ കഷ്ടതയുടെ വിലാപങ്ങള്‍ എന്‍റെയും വിലാപമായി പലവട്ടം മാറി.

ഇതൊക്കെ ചെയ്യാന്‍ ചിലര്‍!

എന്നെ കഠിനസഹനങ്ങളിലൂടെ കടത്തിവിടുവാന്‍വേണ്ടി ദൈവം ഉപകരണമാക്കിത്തീര്‍ത്ത പലരെയും വെറുതെ വിടുവാനും അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും ആദ്യകാലഘട്ടങ്ങളില്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്‍റെ കുമ്പസാരക്കൂട്ടിലെ സ്ഥിരം ഏറ്റുപറച്ചിലിന്‍റെ ഒരു വിഷയമായിരുന്നു ക്ഷമിക്കുവാനും ദ്രോഹം ചെയ്തവരെ അംഗീകരിക്കുവാനും പറ്റാത്ത എന്‍റെ മാനസികാവസ്ഥ. ഈ ആത്മീയ പ്രതിസന്ധി മനസിലാക്കിയ ആ നാളുകളിലെ എന്‍റെ കുമ്പസാരക്കാരനച്ചന്‍ എന്നോട് ഇങ്ങനെ പറഞ്ഞു: “സഹോദരീ, ഇങ്ങനെയൊക്കെ നിന്നോടു ചെയ്യാന്‍ നിന്‍റെ ജീവിതത്തില്‍ ചിലരെയൊക്കെ ദൈവം ചേര്‍ത്തുതന്നതിന് നീ ദൈവത്തിന് നന്ദി പറയണം. ദൈവമാണ് അവരെ നിയോഗിച്ചത്. അവരാണ് യഥാര്‍ത്ഥത്തില്‍ സഹോദരിയുടെ ഏറ്റവും വലിയ ഉപകാരികള്‍. അവര്‍ അങ്ങനെയൊക്കെ ചെയ്തില്ലായിരുന്നുവെങ്കില്‍ നീയിപ്പോള്‍ ഇവിടെയെങ്ങും എത്തുകയില്ലായിരുന്നു. ഇപ്പോഴുള്ള ഒരാധ്യാത്മിക അവസ്ഥയിലേക്ക് സഹോദരിയുടെ ജീവിതം ഉയര്‍ത്തപ്പെടുകയില്ലായിരുന്നു. അതിനാല്‍ ഇങ്ങനെയൊക്കെ എന്നോടു ചെയ്യാന്‍ ഇവരെയൊക്കെ എന്‍റെ ജീവിതത്തോടു കൂട്ടിച്ചേര്‍ത്ത ദൈവമേ നിനക്ക് നന്ദിയെന്ന് ദൈവത്തോട് ആവര്‍ത്തിച്ചു പറഞ്ഞ് അവരെയൊക്കെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. കാരണം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇങ്ങനെയൊക്കെ ചിലര്‍ ജീവിതത്തിലുണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്.”

ആ ഉപദേശം എന്‍റെ കണ്ണും കാതും തുറപ്പിച്ചു. ഞാന്‍ ആ ബഹുമാന്യ വൈദികന്‍ പറഞ്ഞതുപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആ പ്രാര്‍ത്ഥന വലിയൊരു വിടുതലിലേക്ക് എന്‍റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ബന്ധങ്ങളെയും നയിച്ചു.

പൂര്‍വയൗസേപ്പിന്‍റെ ജീവിതത്തില്‍

ദൈവം അംഗീകരിച്ചുയര്‍ത്താനും ഇസ്രായേലിന്‍റെ മുഴുവന്‍ രക്ഷയ്ക്ക് കാരണമാകാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു പിതാവായ യാക്കോബിന്‍റെ സന്തതികളില്‍ ഇളയവനായ ജോസഫ്. കണ്ടാല്‍ കോമളന്‍. പിതാവായ യാക്കോബിനാല്‍ ഏറ്റവും സ്നേഹിക്കപ്പെട്ടവന്‍. അതുകൊണ്ടുതന്നെ സ്വസഹോദരങ്ങള്‍ അസൂയപൂണ്ട് അവനെ വെറുത്തു. മേച്ചില്‍സ്ഥലത്തുവച്ച് അവനെ പിടിച്ച് ബന്ധിച്ച് അവന്‍റെ സുരക്ഷിതത്വത്തിന്‍റെ കുപ്പായം ഊരിയെടുത്തു. കൈയും കാലും ബന്ധിച്ച് പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. പിന്നീട് ആ വഴിവന്ന ഇസ്മായേല്യര്‍ക്ക് അവനെ വിറ്റു. ഇസ്മായേല്യര്‍ അവനെ പൊത്തിഫറിന് കൈമാറി. തന്‍റെ ഇംഗിതത്തിനു വഴങ്ങി പാപം ചെയ്യാത്തതില്‍ വൈരാഗ്യം പൂണ്ട പൊത്തിഫറിന്‍റെ ഭാര്യ അവനെ വ്യഭിചാരക്കുറ്റം ആരോപിച്ച് ജയിലില്‍ അടപ്പിച്ചു. നീണ്ട വര്‍ഷത്തെ തീവ്രമായ സഹനങ്ങള്‍! അവസാനം ഈജിപ്തിലെ രാജാവായ ഫറവോയുടെ കരങ്ങളാല്‍ അവിടുത്തെ ഗവര്‍ണറായി അവരോധിക്കപ്പെടുന്നതുവരെ ജോസഫിന്‍റെ മുഖചിത്രം ഒരു വ്യഭിചാരിയുടെയും കയ്യേറ്റക്കാരന്‍റേതുമായിരുന്നു.

ഇത് ഉയര്‍ച്ചയ്ക്കുവേണ്ടി

സ്വന്തസഹോദരങ്ങളുടെ അസൂയയും പൊത്തിഫറിന്‍റെ ഭാര്യ അവനോടു ചെയ്ത ക്രൂരതയുമാണ് ഈജിപ്തിലെ രാജാവായ ഫറവോയുടെ അരമനയില്‍ അവനെ എത്തിച്ചത്. ദൈവംതന്നെയാണ് അവരിലൂടെ പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് ജോസഫിന് നല്ല തിരിച്ചറിവുണ്ടായിരുന്നു. അവന്‍ തന്‍റെ സഹോദരങ്ങളോടു പറയുന്നു “…നിങ്ങളല്ല ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്” (ഉല്‍പത്തി 45/7-8).

യേശുവിന്‍റെ മഹത്വീകരണത്തിനുപിന്നില്‍

പീഡാനുഭവ വാരാചരണത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണല്ലോ നമ്മള്‍. യേശുവിനെ പുനരുത്ഥാനത്തിന്‍റെ മഹത്വത്തിലേക്ക് ആനയിച്ചതും ഒരു സംഘം അസൂയാലുക്കളായ പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയ പ്രമാണികളുടെയും സംഘടിതമായ പ്രതികൂല പ്രവര്‍ത്തനങ്ങളാണ്. അവരുടെ അതിവിദഗ്ധമായ പ്രതികൂല പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യേശു തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ടതും കൊല്ലാനായി വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെട്ടതും (മര്‍ക്കോസ് 15). വിജാതീയരുടെ കരങ്ങളാലാണ് യേശു വധിക്കപ്പെട്ടത്. പക്ഷേ കൊല്ലിച്ചതാകട്ടെ സ്വന്തജനമായ ഇസ്രായേലിലെ പുരോഹിത പ്രമുഖന്മാരും! യേശുവിനെ കുരിശുമരണത്തിന്‍റെ വിജയത്തിലേക്കും പുനരുത്ഥാനത്തിന്‍റെ മഹത്വത്തിലേക്കും നയിക്കുവാന്‍ ഇങ്ങനെയൊക്കെ അവനോട് ചെയ്യുവാന്‍ ഇങ്ങനെയൊക്കെ കുറെപ്പേര്‍ അവിടുത്തെ ജീവിതത്തില്‍ അനിവാര്യമായിരുന്നു. അത് പിതാവിന്‍റെ നിഗൂഢമായ ജ്ഞാനമായിരുന്നു. “അവന് ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്” (ഏശയ്യാ 53/9-10).

തന്‍റെ കുരിശുമരണം ലോകത്തിന്‍റെ രക്ഷക്കുവേണ്ടിയുള്ള പിതാവിന്‍റെ പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ യേശു ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തന്‍റെ ജീവനും ജീവിതവും വിട്ടുകൊടുത്തു. തന്നെ കൊല്ലിച്ചവര്‍ക്കും കൊല നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും മാപ്പു നല്‍കി, അവരുടെ രക്ഷയ്ക്കായി പിതാവിനോട് കെഞ്ചി പ്രാര്‍ത്ഥിക്കുന്നു. ഇവരാണ് തന്‍റെ മഹത്വീകരണത്തിന്‍റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെയുള്ള കുറെപ്പേര്‍ അനിവാര്യമാണെന്ന് അവിടുത്തേക്കറിയാമായിരുന്നു.

യേശുവിന്‍റെ കുരിശുമരണത്തിനുശേഷം എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍ യേശുവിന് നേരിട്ട അതിദാരുണമായ ക്രൂശീകരണത്തെക്കുറിച്ച് തികച്ചും പ്രത്യാശയറ്റവരായി സംസാരിച്ചുകൊണ്ടിരുന്നു. യേശുവാകട്ടെ അവര്‍ തിരിച്ചറിയാത്ത വിധത്തില്‍ അവരുടെ ഒപ്പമെത്തി അവരെ ആശ്വസിപ്പിച്ച് തിരുത്തുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പറഞ്ഞു. “ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ” (ലൂക്കാ 24/25-26).

അവരെ വെറുതെ വിടൂ!

പ്രിയപ്പെട്ടവരേ, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരില്‍നിന്നും നേരിട്ട പ്രതികൂല അനുഭവങ്ങളിലൂടെ ക്രൂശീകരണത്തിന്‍റെ വഴികളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. അതിന്‍റെ ഫലമായി നമ്മുടെ ശത്രുപക്ഷത്ത് നാം തീര്‍ത്ത പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ടാകാം. ഈ നോമ്പുകാലത്ത് പീഡാനുഭവ വാരാചരണത്തിനുവേണ്ടി നാം തയാറെടുക്കുമ്പോള്‍ ആദ്യമായി നാം ചെയ്യേണ്ടത് പ്രതിക്കൂട്ടില്‍നിന്നും ഇറക്കി നിരുപാധികം ക്ഷമിച്ച് അവരെ വിട്ടയയ്ക്കുകയാണ്. കാരണം നമ്മുടെ മഹത്വീകരണത്തിന്‍റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ അവരാണ്. നാം ആയിരുന്ന അവസ്ഥയില്‍നിന്നും നാം ആയിരിക്കേണ്ട മഹത്വത്തിന്‍റെ വഴികളിലേക്ക് നമ്മെ ഉയര്‍ത്തുവാന്‍ നമ്മോടിങ്ങനെയൊക്കെ ചെയ്യുവാന്‍ ഇങ്ങനെയും കുറച്ചുപേര്‍ നമ്മുടെ ജീവിതവഴികളില്‍ നമുക്കനിവാര്യമായിരുന്നു. ദൈവമാണ് അവരെയെല്ലാം നിയോഗിച്ചത്. അവരെയെല്ലാം ഓര്‍ത്ത് പിതാവായ ദൈവത്തിന് നന്ദി പറയുകയും അവര്‍ക്കെല്ലാം മാപ്പു നല്‍കി അനുഗ്രഹിക്കുകയും ചെയ്യാം. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാള്‍ ദിനമെത്തുമ്പോഴേക്കും നമ്മുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ഉത്ഥിതനായ കര്‍ത്താവ് ഭരണം നടത്തുന്ന അനുഭവം നല്‍കി പരിശുദ്ധാത്മാവായ ദൈവം നമ്മെ ഉയര്‍ത്തും. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാളിന്‍റെ എല്ലാ മംഗളങ്ങളും വിജയവും മുന്നമേകൂട്ടി ആശംസിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ‘ആവേ മരിയ.’

Share:

Stella Benny

Stella Benny

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles