Home/Encounter/Article

ഏപ്രി 09, 2020 1964 0 Anu Viji
Encounter

സന്തോഷത്താല്‍ കണ്ണ് നിറഞ്ഞ നിമിഷം

ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയം. ജോലിസ്ഥലത്തിനടുത്താണ് താമസം. ആ സമയങ്ങളില്‍ ഞങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നതുകൊണ്ട് അത്യാവശ്യങ്ങള്‍ മാത്രം നടത്തിപ്പോന്നു. ഗര്‍ഭകാലത്ത് ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പുമൊക്കെ കഴിക്കുന്നത് നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അതിനാല്‍ വാങ്ങണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹം. ഒരു ദിവസം വൈകിട്ട് ചായ കുടിക്കുമ്പോള്‍ ഭര്‍ത്താവും ഞാനും അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്‍റെ കാര്യമായതിനാല്‍ ഉള്ളതില്‍നിന്നും കുറച്ച് പണം അതിനായി മാറ്റിവയ്ക്കാമെന്ന് ഞങ്ങള്‍ കരുതി.

ചായകുടിയൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴതാ അപ്രതീക്ഷിതമായി കൂടെ ജോലിചെയ്യുന്ന രണ്ടുപേര്‍ വീട്ടിലേക്ക് കടന്നുവരുന്നു. വന്നവര്‍ ഒരു കവര്‍ എന്‍റെ കയ്യിലേല്‍പ്പിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്ന് ചായ കുടിച്ച് അവര്‍ തിരികെപ്പോയി. അല്പസമയം കഴിഞ്ഞ് അവര്‍ കൊണ്ടുവന്ന കവര്‍ തുറന്നു നോക്കിയ നിമിഷം… അത്ഭുതവും സന്തോഷവും അടക്കാനാകാതെ ഞാന്‍ കരഞ്ഞുപോയി. കവറില്‍ കുറച്ചധികം ഈന്തപ്പഴവും കശുവണ്ടിപ്പരിപ്പും!!! അതും ഏറ്റവും നല്ല ഗുണനിലവാരമുള്ളത്. ആദ്യം തോന്നിയത് എന്‍റെ യേശു അപ്പച്ചന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ്.

എന്‍റെ ആവശ്യം ഒരു പ്രാര്‍ത്ഥനയായിപ്പോലും ഞാന്‍ സമര്‍പ്പിച്ചിരുന്നില്ല. എങ്കിലും ഹൃദയത്തിലെ ആഗ്രഹം എന്‍റെ പിതാവ് കണ്ടു. അന്ന് ഞാന്‍ വീണ്ടും തിരിച്ചറിഞ്ഞു, നമ്മുടെ കുഞ്ഞുകുഞ്ഞാഗ്രഹങ്ങളും ആവശ്യങ്ങളുംപോലും ദൈവം അറിയുകയും നിറവേറ്റിത്തരികയും ചെയ്യുമെന്ന്. പറഞ്ഞാല്‍ തീരില്ല ആ ദൈവപരിപാലനയുടെ കഥകള്‍…

Share:

Anu Viji

Anu Viji

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles