Trending Articles
ആഫിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിബേഹോയില്‍ 1980- ല്‍ പല സ്ഥലങ്ങളിലായി മാതാവ് ചില കുട്ടികള്‍ക്കു പ്രത്യക്ഷപ്പെടുകയും ജനത്തോട് മാനസാന്തരപ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മാതാവിന്റെ ഈ ആഹ്വാനത്തെ തള്ളിക്കളയുന്നപക്ഷം സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാതാവ് വെളിപ്പെടുത്തലുകള്‍ നല്കി.
രക്തം നിറഞ്ഞ ഒരു നദി. …
തലകളറ്റുപോയ ശരീരങ്ങള്‍…
പരസ്പരം കൊല്ലുന്ന ജനങ്ങള്‍…
കുഴിച്ചു മൂടാന്‍ ആരും ഇല്ലാതെ
അനാഥമായി കിടക്കുന്ന ശവങ്ങള്…
എന്നാല്‍, അതു സംഭവിക്കുകതന്നെ ചെയ്തു. 1994-ലെ വസന്തത്തില്‍, ഭീകരമായ ആഭ്യന്തരയുദ്ധം റുവാണ്ടയില്‍ പൊട്ടിപ്പുറപ്പെട്ടു. 10 ലക്ഷം ജനങ്ങളാണ് അന്ന് ആ കലാപത്തില്‍ കൊല്ലപ്പെട്ടത് എന്ന് പറയപ്പെടുന്നു.
ഗ്രാമത്തിലേക്ക് ഇരച്ചുകയറുന്ന മരണദൂതന്മാര് തന്റെ മകളെ കണ്മുന്നിലിട്ട് പിച്ചിച്ചീന്തുന്നതു കാണാന്‍ ഇമ്മാക്കുലിയുടെ പിതാവിന് ശക്തിയില്ലായിരുന്നു. അദ്ദേഹം മകളോട് തന്റെ ഒരു സുഹൃത്തിന്റെ ഭവനത്തില്‍ അഭയം പ്രാപിക്കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഭവനത്തില്‍ അവള്‍ക്കും മറ്റ് ഏഴ് പെണ്‍കുട്ടികള്‍ക്കും അഭയമായത് ഒരു അലമാരയ്ക്കു പിന്നിലെ, 12 ചതുരശ്ര അടി മാത്രം വീതിയുള്ള ഒരു കൊച്ചു ബാത്റൂം ആയിരുന്നു. നീണ്ട 91 ദിവസങ്ങളാണ് ഇടുങ്ങിയ ആ മുറിയില്‍ അവര്‍ കഴിഞ്ഞുകൂടിയത്.
പിന്നീട് കലാപത്തിന്റെ അവസാനം പുറംലോകത്തേക്ക് അവള് ഇറങ്ങുമ്പോള്‍ കണ്മുന്നില് ശൂന്യത മാത്രം. മാതാപിതാക്കളും സഹോദരങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീട് തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെല്ലാം കാരണക്കാരായവരോട് അവള് ക്ഷമിക്കുകയാണ്. ഇമ്മാക്കുലിയുടെ അതിജീവനത്തിന്റെയും ക്ഷമയുടെയും അടിസ്ഥാനം ആ 91 ദിവസങ്ങളില്‍ ഇടുങ്ങിയ ബാത്റൂമില്‍വച്ച് അവള് ജപിച്ചു കൂട്ടിയ ജപമാലകളായിരുന്നു എന്ന് ‘ലെഫ്റ്റ് ടു ടെല്‍’ എന്ന തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ബാത്റൂം പ്രാര്‍ത്ഥനകള്‍!
ഒരു അധ്യാപികയുടെ അനുഭവമാണ് അടുത്തത്. കടുത്ത നിരീശ്വരവാദിയാണ് അവളുടെ ഭര്‍ത്താവ്. അതിനാല്‍, പള്ളിയില്‍ പോകാനോ വീട്ടില്‍വച്ച് പ്രാര്‍ത്ഥിക്കാനോ അവള്‍ക്ക് അനുവാദമില്ല. എന്നാല്‍ വിശ്വാസിയായ ആ മകള്‍ക്ക് പ്രാര്‍ത്ഥിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലായിരുന്നു. അവള്‍ക്കും അഭയമായത് വീട്ടിലെ ബാത്റൂം ആണ്. പ്രാര്‍ത്ഥനയും വചനധ്യാനവുമെല്ലാം ആ നാലു ചുവരുകള്‍ക്കുള്ളില്‍ത്തന്നെ. അവിടെവച്ചു മാതാവിന്റെ ഒരു പുസ്തകം പോലും അവള് വിവര്‍ത്തനം ചെയ്തു. പിന്നീട്, അനേകര്‍ക്ക് ആ പുസ്തകം ഒരു അനുഗ്രഹമായി മാറി.
ഒരു ബാങ്കുദ്യോഗസ്ഥന്റെ അനുഭവമാണ്. രാവിലെ വളരെ ഉന്മേഷത്തോടെ പ്രാര്‍ത്ഥനാപൂര്‍വം ജോലി ആരംഭിക്കുന്ന അദ്ദേഹത്തിന് തന്റെ കൗണ്ടറില്‍ തിരക്കു വര്‍ദ്ധിക്കുന്നതനുസരിച്ച് അതെല്ലാം ചോര്ന്നുപോകുന്നതായി തോന്നും. കൗണ്ടറിനുമുന്നില്‍ നില്ക്കുന്നവരോട് സ്നേഹപൂര്‍വം ഇടപെടാന്‍ സാധിക്കാത്തവിധം പിരിമുറുക്കം നേരിടുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയ ഒരു പരിഹാരമാണ് വാഷ്റൂം പ്രാര്‍ത്ഥന. ഇടയ്ക്ക് വാഷ്റൂമില്‍ പോകുമ്പോള്‍, ഒന്നു സ്തുതിച്ചും പ്രാര്‍ത്ഥിച്ചും ശക്തി വീണ്ടെടുക്കുന്ന അദ്ദേഹത്തിന് പിന്നീട് എല്ലാ ജോലികളും ഉന്മേഷത്തോടെയും സന്തോഷത്തോടെയും ചെയ്യാന്‍ സാധിക്കുമായിരുന്നു.
പ്രാര്‍ത്ഥനയെന്നു ചിന്തിക്കുമ്പോള്‍, പള്ളികളും ചാപ്പലുകളും പ്രാര്‍ത്ഥനാമുറികളുമെല്ലാമായിരിക്കും സ്വാഭാവികമായും നമ്മുടെ മനസ്സിലേക്കു വരിക. എന്നാല്‍, വാഷ്റൂമിലും നമുക്ക് പ്രാര്‍ത്ഥിക്കാം. ആരും കാണാതെ, ആരും കേള്‍ക്കാതെ ഒന്നു കരഞ്ഞു തീര്‍ക്കാന്‍ വാഷ്റൂമില്‍ കയറി ടാപ്പ് തുറന്നുവിട്ട് കരഞ്ഞുതീര്‍ത്തിട്ടുള്ളവര്‍ എത്രയോ പേരുണ്ടാകും. ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍, സ്കൂളിലോ കോളേജിലോ സഹപാഠികള്‍ക്കിടയില്‍, വിങ്ങുന്ന ഹൃദയവുമായി ഭാരപ്പെട്ടിരിക്കുമ്പോള്‍ ആരും കാണാതെ ഒന്നു കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ഒരു ചാപ്പല്‍ അടുത്തുണ്ടാകണമെന്നില്ല. എന്നാല്‍, വാഷ്റൂമുകള്‍ കാണും. ആരും കാണാതെ കരഞ്ഞു പ്രാര്‍ത്ഥിക്കാനോ ദൈവസന്നിധിയില്‍ ഒന്നു നിലവിളിക്കാനോ സാധിക്കാതെ വരുന്ന ഇത്തരം സാഹചര്യങ്ങളില്‍ ബാത്റൂമുകള്‍ ഒരു അഭയമാണ്. “തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവ് സമീപസ്ഥനാണ്” (സങ്കീര്‍ത്തനങ്ങള്‍ 145/18). വാഷ്റൂമില്‍ ചിലവഴിക്കുന്ന നിസ്സാരമെന്നു തോന്നുന്ന അഞ്ചോ പത്തോ മിനിറ്റിനു പോലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയും. അതുമാത്രമല്ല, വെറുതേ പാഴായിപ്പോയേക്കാവുന്ന ഈ അഞ്ചോ പത്തോ മിനിറ്റുകളും പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും.
കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ ആത്മശരീര വിശുദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു അമ്മയെ എനിക്കറിയാം. “ശൈശവം മുതലേ ഞാന്‍ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്; അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ട് നിര്‍മ്മലമായ ശരീരം എനിക്കു ലഭിച്ചു” (ജ്ഞാനം 8/19-20) എന്ന തിരുവചനം ഏറ്റു പറഞ്ഞും കുഞ്ഞിനെക്കൊണ്ട് ഏറ്റു പറയിച്ചുമാണ് ആ പത്തു മിനിറ്റുകള്‍ അവര്‍ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കുന്നത്. ഇങ്ങനെ കുളി ശരീരത്തെ ശുചിയാക്കുമ്പോള്‍, പ്രാര്‍ത്ഥന ആത്മാവിനെയും ശുചിയാക്കുന്നു.
ക്ഷമിക്കാനും എളിമപ്പെടാനും പാടുപെടുമ്പോള്‍, ബാത്ത്റൂമില്‍ കയറി, “സ്നേഹമാം ദൈവമേ അങ്ങെന്നില്‍ അനുദിനവും വളരേണമേ, ഞാനോ കുറയേണമേ” എന്ന ഈരടികള്‍ മനസ്സില്‍ ആലപിക്കുമ്പോള്‍ നാം വിടുതല്‍ പ്രാപിക്കുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. നമുക്കറിയാവുന്ന ‘നന്മനിറഞ്ഞ മറിയമേ’, ‘എത്രയും ദയയുള്ള മാതാവേ’ തുടങ്ങിയ കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍, വചനങ്ങള്‍, സുകൃതജപങ്ങള്‍, ഈരടികള്‍ എന്നിവയും ഈ സമയങ്ങളില്‍ ഉരുവിടാം. മുകളില്‍ പറഞ്ഞ ബാങ്കുദ്യോഗസ്ഥനെപ്പോലെ സ്തുതിച്ചു പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്നറിയാത്ത നമ്മളെ വേണ്ടതുപോലെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനോട് ആവശ്യപ്പെട്ടാല്‍ ഇതുപോലെ പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കപ്പെടും. വാഷ്റൂമുകളില്‍ പാഴായിപ്പോകുന്ന സമയം പ്രാര്‍ത്ഥിക്കാനുള്ള ഓര്‍മ്മ അവിടുന്ന് നമ്മിലുണര്‍ത്തും. എന്തിനുവേണ്ടി, എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും അവിടുന്ന് നമ്മെ പഠിപ്പിക്കും. അതിനാല്‍, ആത്മാവിനോടു പ്രാര്‍ത്ഥിക്കാം.
പരിശുദ്ധാത്മാവേ, എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ. എവിടെയും എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രാര്‍ത്ഥന നിറയ്ക്കേണമേ. ആമ്മേന്‍.
Anu Jose
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreസ്പെയിനിന്റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന് ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, "സാരമില്ല, വേറെ കടലാസുണ്ടല്ലോ." ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി. "മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍"
By: Shalom Tidings
Moreഎന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര് കേട്ടാല്‍ പറയും അതിന്റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെസ്റ്റിന്റെ ഒരു കാര്യവുമില്ല. കാരണം "പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയാകത്തില്ല." അതായത് അമ്മയുടെ രൂപത്തില്‍ ചമഞ്ഞൊരുങ്ങി വരുന്ന പത്തമ്മമാരുടെ കൂട്ടത്തില്‍നിന്നുപോലും മുല കുടിക്കുന്ന ഒരു കുഞ്ഞ് തന്റെ സ്വന്തം അമ്മയെ തിരിച്ചറിയും. ഇതാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം. എന്നാല്‍ ഇന്ന് കാലംമാറി. ഒരു യഥാര്‍ത്ഥ സത്യത്തെ തികഞ്ഞ അസത്യമായും ഒരു യഥാര്‍ത്ഥ അസത്യത്തെ സത്യമായും ചിത്രീകരിച്ച് അതുകൊണ്ട് വിജയം കൊയ്യാന്‍ ഇന്ന് ആധുനിക ലോകത്തിലെ മനുഷ്യന് നിഷ്പ്രയാസം കഴിയും. പിന്നെയെങ്ങനെ ഒരു യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയും? സോളമന്റെ ജ്ഞാനം ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന് രാജാവ് ഇങ്ങനെയൊരു വിഷമവൃത്തത്തില്‍പെട്ടു (1 രാജാക്കന്മാര് 3/16-28). രണ്ടു വേശ്യമാര് ഒരിക്കല്‍ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് സോളമന്റെ രാജസിംഹാസനത്തിനുമുമ്പില്‍ പരാതിയുമായി എത്തി. അതില്‍ ഒരുവള്‍ പറഞ്ഞു, മഹാരാജാവേ, കരുണ കാണിച്ചാലും. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നു. ഇവള് വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആ ദിവസം രാത്രിയില്‍ ഉറക്കബോധമില്ലാതെ ഇവള് ഇവളുടെ കുഞ്ഞിന്റെമേല്‍ കയറിക്കിടന്നു. കുഞ്ഞു മരിച്ചുപോയി. അതു തിരിച്ചറിഞ്ഞ അവള് മരിച്ച കുഞ്ഞിനെ എന്റെ അടുത്തുകൊണ്ടുവന്ന് കിടത്തി. എന്റെ അടുത്തുകിടന്ന ജീവനുള്ള എന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അവളുടെ അടുത്തും കിടത്തി. മഹാരാജാവേ കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ എനിക്ക് തിരികെ മേടിച്ചുതന്നാലും. ഇതുപോലെതന്നെ മറ്റേ സ്ത്രീയും വാദിച്ചു. മഹാരാജാവേ എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നാലും. രാജാവ് അടുത്തുനിന്ന രാജസേവകനോടു പറഞ്ഞു, "വേഗം ഒരു വാള് കൊണ്ടുവരിക." വാള് കൊണ്ടുവരപ്പെട്ടു. രാജാവ് കല്പിച്ചു. "കുഞ്ഞിനെ രണ്ടായി പിളര്‍ക്കുക. രണ്ടുപേര്‍ക്കും ഓരോ ഭാഗം കൊടുക്കുക." ഇതു കേട്ടപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ രാജാവിന്റെ കാല്ക്കല് വീണ് കരഞ്ഞുപറഞ്ഞു. "മഹാരാജാവേ, കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ അവള്‍ക്കു കൊടുത്തേരേ. എനിക്കവനെ വേണ്ട. എന്നിരുന്നാലും അവനെ കൊല്ലരുത്. അവനെ അവളെടുത്തോട്ടെ." മറ്റേ സ്ത്രീയാകട്ടെ ഇപ്രകാരം പറഞ്ഞു, "കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട. അവനെ രണ്ടായി പിളര്‍ക്കുക." അപ്പോള്‍ രാജാവ് കല്പിച്ചു. "കുഞ്ഞിനെ എടുത്ത് ആദ്യത്തവള്‍ക്കു കൊടുക്കുക. അവളാണ് യഥാര്‍ത്ഥ അമ്മ." അങ്ങനെ യഥാര്‍ത്ഥ പെറ്റമ്മക്ക് അവളുടെ കുഞ്ഞിനെ തിരികെ കിട്ടി. മറ്റവളെ വെറുംകയ്യോടെ പറഞ്ഞയച്ചു. അങ്ങനെ ജ്ഞാനം തിന്മയുടെമേല് വിജയം വരിച്ചു. അമ്മ = ത്യാഗം യഥാര്‍ത്ഥ അമ്മമാര്‍ എവിടെയുണ്ടോ അവരുടെ പിന്നില്‍ മഹാത്യാഗങ്ങളുടെ ഒരു ചരിത്രവും കാണും. ഇവിടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ ഹൃദയം തകര്‍ക്കുന്ന ഒരു വലിയ ത്യാഗമുണ്ട്. തന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ് അവള് ആ ത്യാഗത്തിന് തയാറാകുന്നത്. എന്താണാ ത്യാഗമെന്നല്ലേ, പറയാം. ശിശുക്കളെ മുലയൂട്ടുന്ന അല്ലെങ്കില്‍ മുലയൂട്ടിയിട്ടുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിന്റെ നിലവിളി ചെവിയിലെത്തുമ്പോള്‍ത്തന്നെ അവളുടെ മാതൃത്വം ഉണരും. സ്തനങ്ങളില്‍ മുലപ്പാല്‍ നിറയും. ആ നിമിഷങ്ങളില്‍ താന്‍ നൊന്തുപെറ്റ തന്റെ കുഞ്ഞിനെ മറ്റവള് മുലയൂട്ടുന്നതുകണ്ട് നിസഹായയായി നോക്കിനില്ക്കുക ചങ്കു പിളര്‍ക്കുന്ന ഒരു ബലിയാണ്. തന്നെ അമ്മേയെന്നു കുഞ്ഞുവായ്കൊണ്ട് വിളിക്കേണ്ട കുഞ്ഞ് മറ്റവളെ അമ്മേയെന്നു വിളിക്കുകയും തന്നെ തഴയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകള്‍ക്ക് വര്‍ണിക്കാന്‍ ആവാത്തതാണ്. വളര്‍ന്നു വരുമ്പോള്‍ തനിക്ക് താങ്ങും തണലുമായി മാറേണ്ട തന്റെ സ്വന്തം മകന് തനിക്ക് കൈവിട്ടുപോവുകയും മറ്റവളെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ വേദനാജനകമാണ്. ഇതൊന്നും ഒറ്റയിരിപ്പില്‍ ചിന്തിച്ചാലോചിച്ചിട്ടില്ലെങ്കിലും അവള് മറ്റവള്‍ക്കു തന്റെ കുഞ്ഞിനെ വിട്ടുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വേദനകളെയെല്ലാം ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുതന്നെയാണ് 'എന്റെ മോനെ നീയെടുത്തോ എനിക്കവനെ വേണ്ടാ, എന്നാലെങ്കിലും അവന്റെ ജീവന് നഷ്ടപ്പെടാതിരിക്കട്ടെ' എന്നു പറഞ്ഞത്. ഇതൊരു മഹാത്യാഗവും ബലിയുമാണ്. ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ സോളമന് അവളുടെ സ്വന്തം കുഞ്ഞിനെ അവള്‍ക്കുതന്നെ തിരിച്ചുനല്‍കി. പ്രെയ്സ് ദ ലോര്‍ഡ്. വിട്ടുകൊടുക്കല്‍ = ത്യാഗം ഓരോ വിട്ടുകൊടുക്കലിന്റെ പിന്നിലും ഒരു മഹാത്യാഗമുണ്ട്. ത്യാഗം കൂടാതെ നമുക്കര്‍ഹമായതൊന്നും മറ്റുള്ളവര്‍ക്ക് നിരുപാധികം കയ്യാളാനാവില്ല. ഇന്ന് നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയുടെ ഉന്നതതലങ്ങളിലും നിലനില്‍ക്കുന്ന അടിപിടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കനത്ത വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം പിന്നില്‍ വിട്ടുകൊടുക്കാന്‍ തയാറാകാത്ത നമ്മുടെ കടുംപിടുത്തങ്ങളും ഉള്‍പ്പോരുകളുമുണ്ട്. ആരെങ്കിലുമൊന്ന് തല കുനിക്കാനും പിന്‍വാങ്ങാനും തയാറായാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകും. പക്ഷേ അതിന് നമുക്ക് കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്. എന്തുകൊണ്ട് കഴിയുന്നില്ല? മുകളില്‍ കണ്ട യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ വലിയ ഒരു പ്രേരകശക്തി ഉണ്ടായിരുന്നു. അതു മറ്റൊന്നുമല്ല, താന്‍ പത്തുമാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിന്റെ ജീവരക്ഷയായിരുന്നു. അതിനാല്‍ത്തന്നെയാണ് ആ വിട്ടുകൊടുക്കലിലൂടെ ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന ദുരിതങ്ങളെല്ലാം തൃണതുല്യമായി കണ്ടുകൊണ്ട് അവള് ആ ത്യാഗത്തിന് തയാറായത്. ഇന്ന് തമ്മിലടിക്കുകയും സ്വന്ത സാമ്രാജ്യം സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ട് ഓടി നടക്കുകയും ചെയ്യുന്നവരുടെ തലയില്‍ ആ തമ്മിലടിയിലൂടെ തകര്‍ക്കപ്പെടുന്ന മറ്റനേകരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തപോലുമില്ല എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. "ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്" എന്ന് ഓരോരുത്തനും വാദിക്കുന്നു. അതേ സ്ഥാപിക്കാന്‍വേണ്ടി അക്ഷീണം യത്നിക്കുന്നു. ആരു വിട്ടുകൊടുക്കണം? ഇതൊരു വലിയ ചോദ്യമാണ്. ഉത്തരം വളരെ ലളിതവും. ആരാണോ യഥാര്‍ത്ഥ അമ്മ അവള് വിട്ടുകൊടുക്കട്ടെ. ആരാണോ യഥാര്‍ത്ഥ അപ്പന് അവന് വിട്ടുകൊടുക്കട്ടെ. അതുകൊണ്ട് ഞാന്‍ എഴുതട്ടെ വിട്ടുകൊടുക്കല്‍ = ത്യാഗം = വിജയം = യഥാര്‍ത്ഥ അമ്മ. യേശുവിന്റെ ഹൃദയം അമ്മയുടെ ഹൃദയം! അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തിബേരിയൂസ് കടല്‍പ്പുറത്ത് തന്റെ പീഡാസഹനത്തിന്റെ കഠിനവേദനകളില്‍ തന്നെ ഒറ്റയ്ക്കാക്കി, തന്നെ തള്ളിപ്പറഞ്ഞ് ഓടി രക്ഷപെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് അവര്‍ക്കുവേണ്ടി സ്വന്തം കൈകൊണ്ട് പ്രാതലൊരുക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവരെ തന്നോടു വീണ്ടും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തുന്ന യേശുവിന്റെ ഹൃദയം അമ്മയുടേതോ അപ്പന്റേതോ? തീര്‍ച്ചയായും അതൊരമ്മയുടെ ഹൃദയമാണ്. വിട്ടുവീഴ്ചയുള്ള ഒരു ഹൃദയം! ഒരിക്കല്‍പ്പോലും ഒരു പരാതിപോലും അവിടുന്ന് അവരോടു പറയുന്നില്ല. അവരെക്കൊണ്ട് അവരുടെ തെറ്റുകളെല്ലാം ഏറ്റുപറയിപ്പിച്ചിട്ട് അവര്‍ക്കുവേണ്ടി ഭക്ഷണം വിളമ്പാം എന്ന് കരുതുന്നുമില്ല. 'എന്നെ സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ' എന്നുമാത്രം അവരോടു ചോദിക്കുന്നു. ഉദാരവും വിട്ടുവീഴ്ച നിറഞ്ഞതുമായിരുന്നു യേശുവിലെ മാതൃഹൃദയം. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം! ഈ ഹൃദയം സ്ത്രീകള്‍ക്കു മാത്രമല്ല ഏതൊരു പുരുഷനും സ്വന്തമാക്കാം. അങ്ങനെ അവന് പുരുഷനായിരിക്കെത്തന്നെ യഥാര്‍ത്ഥ അമ്മയുമാകാം. മാപ്പു നല്കുന്ന കോടതി സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള ഭാഷാധ്യാപകര്‍ പദ്യഭാഗങ്ങള്‍ പാടി വര്‍ണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അമ്മയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കുന്നു. "ഏതു തെറ്റിനും മാപ്പു നല്കുന്ന ഒരു കോടതിയുണ്ട് ഈ ലോകത്തില്‍. അത് ഒരു പെറ്റമ്മയുടെ ഹൃദയമാണ്." ഒരമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുവാനോ ക്ഷമിക്കുവാനോ ഭൂമിയില്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടല്ലോ ദൈവം ഇപ്രകാരം പറയുന്നത് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല (ഏശയ്യാ 49/15) എന്ന്. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം സ്വന്തമാക്കുക. നമ്മുടെ കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, സഭയുടെ ഉന്നത തലങ്ങളിലാകട്ടെ, തമ്മിലടിച്ച് തലകീഴായി മറിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അതിലൂടെ മാത്രമേ കഴിയൂ. പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി നമുക്ക് നല്കുന്ന സന്ദേശവും ഇതുതന്നെയാണ്. ശൂന്യവല്‍ക്കരിക്കപ്പെട്ട മൂന്നു ജീവിതങ്ങളെ നമുക്ക് പുല്‍ക്കൂട്ടില്‍ കാണാന്‍ കഴിയും. മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും. സ്വന്തമായി പദ്ധതികള്‍ ഒന്നുമില്ലാത്തവര്‍. ദൈവഹിതം മാത്രം പദ്ധതിയായിട്ടുള്ളവര്‍. തമ്മിലടിക്കാനോ ദൈവത്തോട് അടികൂടാനോ വാദമുഖങ്ങള്‍ ഒന്നും കൈയിലില്ലാത്തവര്‍. ഓരോ നിമിഷവും ഓരോ പ്രതികൂലങ്ങളിലും ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി, അല്ലെങ്കില്‍ ദാസന് എന്നുമാത്രം പറഞ്ഞവര്‍. അവരെ നോക്കിയാണ് ദൈവദൂതന് പാടിയത് "ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം" എന്ന്. തിരുക്കുടുംബത്തിന്റെ ആ സമര്‍പ്പണം ഭൂമിയിലുള്ള അനേകകോടികള്‍ക്കു സമാധാനത്തിന്റെ വഴിയായി ദൈവം മാറ്റി. ഭിന്നതയുള്ള കുടുംബങ്ങളെ, ഭിന്നതയുള്ള സമൂഹങ്ങളെ, ഭിന്നതയും തമ്മിലടിയുമായി കഴിയുന്ന സഭാവിഭാഗങ്ങളെ, ഭിന്നതയിലും മാത്സര്യത്തിലും പരസ്പര പോരാട്ടത്തിലുമായിരിക്കുന്ന ലോകജനതയെ, എല്ലാം നമുക്ക് പുല്‍ക്കൂട്ടിലെ സമാധാനത്തിന്റെ സരണിയിലേക്ക് ഒന്നുചേര്‍ക്കാം. കാരണം "അവന് (യേശു) നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന് ഒന്നിപ്പിക്കുകയും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2/14). ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എല്ലാ വായനക്കാര്‍ക്കും ആശംസിക്കുന്നു. പ്രയ്സ് ദ ലോര്‍ഡ്, ആവേ മരിയ.
By: സ്റ്റെല്ല ബെന്നി
Moreഇറ്റലിയിലെ ഒരു ഇടവകപ്പള്ളിയില്‍ ക്രിസ്മസ് രാവില്‍ ആഘോഷം തകൃതിയായി നടക്കുകയായിരുന്നു. എങ്ങും അലങ്കാരങ്ങള്‍! ആലക്തിക ദീപങ്ങള്‍! വികാരിയച്ചന് ഘോരഘോരം പ്രസംഗിക്കുന്നു. പെട്ടെന്ന് അസീസ്സിയിലെ ഫ്രാന്‍സിസ് പള്ളിയുടെ പിന്നില്‍ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടത്രേ, 'ദയവായി പ്രഭാഷണം ഒന്നുനിര്‍ത്താമോ? നിശ്ശബ്ദതയില്‍ ആ കുഞ്ഞിന്റെ കരച്ചിലിന് നമുക്ക് കാതോര്‍ക്കാം!' ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ എന്നറിയില്ല. പക്ഷേ, ആഘോഷത്തിന്റെ ആരവത്തിനിടയില്‍ നിസ്സഹായരുടെ നിലവിളിയും നൊമ്പരവും ശ്രദ്ധിക്കാതെ പോകരുത്. അത് ശ്രദ്ധിക്കുന്നവര്‍ക്കാണ് ക്രിസ്മസിന്റെ ശാന്തിയും യഥാര്‍ത്ഥ സാഫല്യവും അനുഭവിക്കാനാവുന്നത്, പാരില്‍ പിറന്ന ദൈവത്തിന്റെ പൊന്നുണ്ണിയെ കാണാനാവുന്നത്. ബാലനായ മാല്‍ക്കം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. ക്രിസ്മസ് സന്ധ്യയുടെ ആവേശം എല്ലായിടത്തും അവന് കാണുന്നുണ്ട്. അങ്കിള്‍ വാങ്ങിക്കൊടുത്ത പുതിയ ജാക്കറ്റ് അണിഞ്ഞ് തൊപ്പിയും വച്ച് ആഘോഷങ്ങളെല്ലാം ഒന്ന് അടുത്തുകാണുവാന്‍ അവന് പട്ടണത്തിന്റെ തെരുവിലേക്കിറങ്ങി. പുറത്ത് അന്തരീക്ഷം തണുത്തുകൊണ്ടിരുന്നു. മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടായിരുന്നു. തെരുവിലാകെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍. മാല്‍ക്കം എല്ലാ കടകളുടെയും മുന്നില്‍ ചെന്ന് അവിടത്തെ കാഴ്ചകള്‍ കണ്ടുകണ്ട് മുന്നോട്ടുനടന്നു നീങ്ങിക്കൊണ്ടിരുന്നു. ഒരു കടയുടെ മുന്നില്‍ ചെന്ന് നില്ക്കുമ്പോള്, ധനിക കുടുംബത്തിലെ അംഗങ്ങള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് പോകുന്നത് അവന് കൗതുകത്തോടെയും തെല്ല് അസൂയയോടെയും നോക്കി നിന്നു. 'ഇതുപോലെ ഒന്ന് കറങ്ങിനടക്കാനും എന്തെങ്കിലുമൊക്കെ സ്നേഹത്തോടെ വാങ്ങിത്തരാനും എനിക്ക് ആരും ഇല്ലല്ലോ' എന്ന് അവന് ഓര്‍ത്തു. ചെറുസങ്കടത്തോടെ അവന് തിരിച്ച് നടന്നപ്പോള്‍ കണ്ണില്‍ പതിഞ്ഞത് ദൈവാലയത്തിന്റെ ഗോപുരമുകളില്‍ തിളങ്ങുന്ന കുരിശിന്റെ പ്രകാശമായിരുന്നു. സന്ധ്യമയങ്ങിത്തുടങ്ങി. നഗരം മുഴുവന്‍ നക്ഷത്രങ്ങളും വര്‍ണവിളക്കുകളും. മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവന്റെ കണ്ണുകള്‍ കടത്തിണ്ണയിലിരിക്കുന്ന അമ്മയുടെയും അവരുടെ കൈക്കുഞ്ഞിന്റെയും മേല്‍ പതിഞ്ഞു. അവന് സൂക്ഷിച്ചുനോക്കി. ആ ഓമനക്കുഞ്ഞിന്റെ കുഞ്ഞിക്കണ്ണുകള്‍ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു. ആ തണുപ്പിലും വിടര്‍ന്ന് ചുവന്നുതുടുത്ത മുഖം. പെട്ടെന്ന് എന്തോ ഒരു വിഭ്രാന്തിയില്‍ എന്നപോലെ മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി ഒറ്റ ഓട്ടം! പള്ളിമുറ്റത്ത് പുല്‍ക്കൂട് തയാറാക്കിക്കൊണ്ടിരുന്ന ചേട്ടന്റെ അടുത്ത് അവന് ഓടിയെത്തി, കിതപ്പോടെ പറഞ്ഞൊപ്പിച്ചു. "ഞാന്‍ ഉണ്ണീശോയെ കണ്ടു!" അവന് കൈചൂണ്ടി പറഞ്ഞു, "അതാ അവിടെ ഒരു കടത്തിണ്ണയില്‍!" പറഞ്ഞുതീര്‍ന്നതും ചേട്ടന് "ഒന്നുപോടാ ചെറുക്കാ" എന്നുപറഞ്ഞ് അവനെ ഓടിച്ചുവിട്ടു. ചേട്ടനൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരോടും ചെന്നുപറഞ്ഞെങ്കിലും ആരും അവനെ ഗൗനിച്ചില്ല. പെട്ടെന്ന് അവന് ഓര്‍ത്തു, 'തണുപ്പ് കൂടിവരുന്നല്ലോ. ഉണ്ണീശോക്ക് താങ്ങാന്‍ പറ്റുമോ, ആവോ?' അവന് തന്റെ ജാക്കറ്റ് ഊരിയെടുത്ത് കടത്തിണ്ണ ലക്ഷ്യമാക്കി തിരിഞ്ഞോടി. താന്‍ ഉണ്ണീശോയെ കണ്ട സ്ഥലത്തെത്തി; ചുറ്റും നോക്കി. പക്ഷേ അമ്മയെയും കുഞ്ഞിനെയും അവിടെയെങ്ങും കണ്ടില്ല. സങ്കടം കൊണ്ട് അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കടത്തിണ്ണയില്‍ ഇരുന്ന് അവന് വിതുമ്പി, "എന്റെ ഉണ്ണീശോ!" പ്രഭാഷണത്തില്‍ കേട്ട കഥ ഇപ്രകാരമാണ്. ഗ്രാമത്തിലെ പള്ളിസ്കൂളില്‍ നിത്യവും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം സിസ്റ്റര്‍ പ്രിന്‍സിപ്പല്‍ ബൈബിളില്‍നിന്ന് തിരഞ്ഞെടുത്ത ഒരു ഭാഗം വായിക്കും. തുടര്‍ന്ന് ചെറിയ പ്രസംഗവും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉഴപ്പുന്നത് ഈ പ്രസംഗസമയത്താണ്. അന്നൊരു ദിവസം വായിച്ചത് നല്ല സമരിയാക്കാരന്റെ കഥയായിരുന്നു. ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിമദ്ധ്യേ കൊള്ളക്കാരുടെ പ്രഹരമേറ്റ് അവശനായി കിടന്ന ഒരു സാധുമനുഷ്യനെ അപരിചിതനായ സമരിയാക്കാരന് ശുശ്രൂഷിക്കുകയും സത്രത്തില്‍ കൊണ്ടുപോയി സംരക്ഷിക്കുകയും ചെയ്ത കഥ. പ്രസംഗം തുടങ്ങിയതോടെ കുട്ടികളുടെ പതിവ് കലപിലയും തുടങ്ങി. പ്രസംഗത്തിന്റെ ആദ്യവാക്യം ഇങ്ങനെയായിരുന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്ക്കൂളിന്റെ മുന്പിലൂടെയാണ്. പെട്ടെന്ന് ബഹളം നിര്‍ത്തി, കുട്ടികള്‍ ശ്രദ്ധിച്ചു. സിസ്റ്റര്‍ തുടര്‍ന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്കൂളിന്റെ വരാന്തയിലൂടെയാണ്. കുട്ടികള്‍ക്ക് അതിശയമായി. വിടര്‍ന്ന കണ്ണുകളോടെ അവര്‍ പരസ്പരം നോക്കി. സിസ്റ്റര്‍ ആവര്‍ത്തിച്ചു, ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ ക്ലാസ്സുമുറികളിലൂടെയാണ്. കുട്ടികള്‍ക്ക് അര്‍ത്ഥം മനസ്സിലായി. കാരുണ്യം ആവശ്യപ്പെടുന്ന വഴികള്‍ കടന്നുപോകുന്നത് നമ്മുടെ വീട്ടുമുറ്റത്തിലൂടെയും മുറികളിലൂടെയും മനസിലൂടെയും ഒക്കെയാണ്. ആ വഴികളിലൂടെ ചരിക്കുമ്പോള്‍ ക്രിസ്തുമസ് ആയി, ദൈവകാരുണ്യത്തിന്റെ ഉത്സവമായി, മാനവികതയുടെ തിരുപ്പിറവിയായി. കുളിരുകോരുന്ന പാതിരാവില്‍ ബെത്ലഹെമിലെ മലഞ്ചെരുവില്‍ വിശ്രമിച്ചിരുന്ന ആട്ടിടയന്മാര് വലിയൊരു പ്രഭാപൂരം കണ്ടു. ഭയത്തോടെ അവരത് വീക്ഷിച്ചു. കര്‍ത്താവിന്റെ ദൂതന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: "ഭയപ്പെടേണ്ട! വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന് ജനിച്ചിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും." അപ്പോള്‍ മാലാഖമാര്‍ പാടിയ ഒരു സ്വര്‍ഗീയഗീതവും അവര്‍ കേട്ടു. "അത്യുന്നതങ്ങളില്‍ ദൈവത്തിനുമഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം!" അവര്‍ പോയി കാലിത്തൊഴുത്തില്‍ ശയിക്കുന്ന കുഞ്ഞുപൈതലിനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദനിര്‍വൃതി അനുഭവിച്ചു. മരംകോച്ചും തണുപ്പില്‍ കാലികള്‍ക്കരികില്‍ ശയിക്കുന്ന ഒരു ശിശുവിന്റെ നിസ്സഹായത കണ്ടപ്പോള്‍ തങ്ങളുടെ ദൈന്യതയും ക്ഷീണവും അവര്‍ മറന്നു. ദൈവകാരുണ്യം നൊമ്പരപ്പെടുന്നവര്‍ക്കൊപ്പമുണ്ടെന്ന സദ്വാര്ത്ത അവര്‍ തിരിച്ചറിഞ്ഞു. ക്രിസ്മസ് എല്ലാ വര്‍ഷവും നാം ആഘോഷിക്കുന്നു. വീടും പരിസരവുമെല്ലാം മോടിപിടിപ്പിക്കുന്നു. പുല്‍ക്കൂട് കെട്ടുന്നു; നക്ഷത്രവിളക്കുകള്‍ തൂക്കുന്നു. പുതുവസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, വിവിധങ്ങളായ ഭക്ഷണസാധനങ്ങള്‍ ഒരുക്കുന്നു. ക്രിസ്മസ് രാവില്‍ പള്ളികളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഒപ്പം മറ്റ് ആഘോഷങ്ങളും നടക്കുന്നു. എല്ലാവരിലും വലിയ സന്തോഷം ദര്‍ശിക്കാന്‍ സാധിക്കുന്ന സമയം. ഒരു വിഭാഗം ആളുകള്‍, പള്ളികളില്‍ പാതിരാ കുര്‍ബാനകളില്‍ പങ്കെടുക്കുന്നു. വേറൊരു വിഭാഗം മറ്റിടങ്ങളില്‍ ആഘോഷത്തിന്റെമാത്രം അന്തരീക്ഷം ആസ്വദിക്കുന്നു. രാവുണര്‍ന്നുകഴിഞ്ഞും ആഘോഷങ്ങള്‍ തുടരുന്നു! പക്ഷേ ഇതിനെല്ലാം ഇടയില്‍ നാം ഉണ്ണിയെ കണ്ടുമുട്ടാറുണ്ടോ? 'ഹൃദയവിശുദ്ധിയുള്ളവര് അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും.' നിഷ്കളങ്ക ഹൃദയത്തോടെ നമുക്ക് ഉണ്ണിയെ കണ്ടുമുട്ടാനൊരുങ്ങാം. ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങാം. പാരില്‍ പിറന്ന ദൈവസുതനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിക്കാം.
By: Bishop Dr Alex Vadakkumthala
Moreഅതിവേഗം ഓടുന്ന ആളോട് കണ്ടുനിന്നവര്‍ ചോദിച്ചു: "നിങ്ങള്‍ എന്താ ഓടുന്നത്?" "ഒരു വഴക്കു തീര്‍ക്കാന്‍" "ആരാ വഴക്കുകൂടുന്നത്?" "ഞാനും എന്റെ കൂട്ടുകാരനും..." "കര്‍ത്താവിന്റെ ദാസന് കലഹപ്രിയനായിരിക്കരുത്" (2 തിമോത്തിയോസ് 2/24)
By: Shalom Tidings
Moreഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ? ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന് ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ... അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ... അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന് ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി. സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിശ്വാസജീവിതം ആരംഭിച്ചത്. അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. "കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന് തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന് സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ. നിയമനിര്‍മാണത്തിലെ സ്വാധീനം രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു. ദുരനുഭവങ്ങള്‍ പേടിച്ച് പിന്മാറില്ല! എന്റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന് എന്റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും. ഇതിന്റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. ചതിയില്‍ പെട്ടതിങ്ങനെ... ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു. ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്. ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള് രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല. ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന് എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. "അവന് നുണയനും നുണയുടെ പിതാവുമാണ്" (യോഹന്നാന് 8/44). നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന് ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.
By: Serge Abad Gallardo
Moreമയക്കുമരുന്നില്‍നിന്നും രക്ഷപ്പെട്ട ഒരു യുവാവിന്റെ ജീവിതകഥ. കുറേ നാളുകള്‍ക്കുമുമ്പ് ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷയ്ക്കുശേഷം ഒരു യുവാവ് എന്നെ കാണണം എന്നുപറഞ്ഞു. അവന് എന്നോട് ചോദിച്ചു, "ഞാന്‍ ചേട്ടനെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ." "അതിനെന്താടാ" എന്നായിരുന്നു എന്റെ മറുപടി. അവന് കരയാന്‍ തുടങ്ങി. എന്റെ നെഞ്ചില്‍ ചാരിക്കിടന്ന് ഏങ്ങിക്കരയുന്ന അവനോട് ഞാന്‍ ചോദിച്ചു, "എന്തുപറ്റി?" "ചേട്ടാ, ഞാന്‍ മയക്കുമരുന്നിന് അടിമയാണ്. ഒരുപാട് ചികിത്സയൊക്കെ ചെയ്തു. ഒത്തിരി കൗണ്‍സിലിങ്ങിന് പോയി. പല ധ്യാനങ്ങളില്‍ പങ്കെടുത്തു. നിര്‍ത്താന്‍ പറ്റുന്നില്ല. ഇപ്പോള്‍ എനിക്ക് 23 വയസായി. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം. എന്നെയൊന്ന് സഹായിക്കുമോ?" അവിടെ മാതാവിന്റെ ഗ്രോട്ടോ ഉണ്ട്. ഞാനവനെ അതിന്റെ ചുവട്ടില്‍ ഇരുത്തി ചോദിച്ചു, "ആട്ടെ, നീ എപ്പഴാ ഇതാദ്യമായി ഉപയോഗിച്ചത്?" "എന്റെ പതിമൂന്നാമത്തെ വയസില്‍ കഞ്ചാവടിച്ചാണ് തുടക്കം." "അതിനെന്താ കാരണം, എവിടുന്ന് കിട്ടി?" "എന്റെ ചേട്ടാ അതിന് എന്റെ അപ്പനാണ് കാരണം. ചേട്ടനറിയുവോ, എന്റെ അപ്പന് ഒരു മുഴുക്കുടിയനാണ്. എന്നും വെള്ളമടിച്ചുവന്ന് എന്റെ അമ്മയെ തല്ലും. എന്റെയമ്മ കരയാത്ത ഒരു രാത്രി ഞാന്‍ കണ്ടിട്ടില്ല. എന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഈസ്റ്റര്‍ ആഘോഷിച്ചിട്ടില്ല. ബന്ധുക്കള്‍ ആരുംതന്നെ വരില്ല. ഞങ്ങളെ ഒരു ഫംഗ്ഷനും വിളിക്കില്ല. എന്റെ ഒരു ബര്‍ത്ത്ഡേ ആഘോഷിച്ചിട്ടില്ല. എന്നെ എന്റെ അപ്പന് ഉമ്മവച്ച ഓര്മ എനിക്കില്ല. എവിടെയെങ്കിലും ഉടുതുണി ഇല്ലാണ്ട് കിടക്കും. ഞാനും എന്റെ അമ്മയുമാണ് എടുത്തോണ്ട് വരുന്നത്. എന്റെ പതിമൂന്നാമത്തെ വയസില്‍ ഇതുപോലൊരു ദിവസം ആ മനുഷ്യന് വെള്ളമടിച്ചുവന്നു. ഒരു പലകക്കഷണംകൊണ്ട് അമ്മയുടെ ഇടതു കരണത്തിന് അടിച്ചു. അമ്മയുടെ ഇടതുചെവിയില്‍നിന്ന് രക്തം ഒലിച്ചു. അതോടുകൂടി അമ്മയുടെ ഇടതുചെവിക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടു. എനിക്കത് കണ്ടുനില്ക്കാന് പറ്റിയില്ല. ഞാനെന്റെ അപ്പനെ തല്ലി. അതിനുശേഷം ഒരു കുറ്റബോധം വീശാന്‍ തുടങ്ങി - അപ്പനെ തല്ലിയവന്. എന്നെ മനസിലാക്കാനോ ഒന്നു തുറന്നു പറയാനോ ആരുമില്ല. എന്നോടാരോ ഉള്ളില്‍നിന്നും പറയും, നീ അപ്പനെ തല്ലിയവനാണ്. അവസാനം ചെന്നുപെട്ടത് ഒരു മാടക്കടയിലാണ്. കഞ്ചാവ് വലിച്ച് ബോധം നഷ്ടപ്പെടുത്താന്‍ തുടങ്ങി. പിന്നീട് ബോധത്തോടിരിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. അത് ക്രമേണ എന്നെ ഈ അവസ്ഥയിലെത്തിച്ചു. ഡ്രഗ് അന്വേഷിച്ചു ഞാന്‍ ബ്ലാക്ക്മാസില്‍വരെ ചെന്നുപെട്ടു. എനിക്കെങ്ങനെയെങ്കിലും രക്ഷപെടണം ചേട്ടാ." ഞാന്‍ പറഞ്ഞു, "എടാ, നിന്നെ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല. നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇതൊക്കെത്തന്നെ ചെയ്യുമായിരുന്നു. ഇതിന്റെ മറ്റൊരു ഭാഗം ആരും ശ്രദ്ധിക്കാതെ കിടപ്പുണ്ട് മോനേ. നീ പതിമൂന്നാമത്തെ വയസില്‍ അപ്പന് വെള്ളമടിച്ച് അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാന്‍ പറ്റാതെ അപ്പനെ തല്ലി. അതിന്റെ കുറ്റബോധം സഹിക്കാന്‍ പറ്റാതെയല്ലേ കഞ്ചാവടിച്ചു തുടങ്ങിയത്. ഇനി നീ അപ്പന്റെ ഭാഗത്തുനിന്ന് ചിന്തിച്ചേ. നിന്റെ അപ്പന് എന്ത് കണ്ടിട്ടാവും ആദ്യമായി ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ഇതുപോലൊരു മോശം ചരിത്രം നിന്റെ അപ്പനുമുണ്ട്. നിന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ദൈവം നിന്നോട് കാട്ടിയ കരുണ എന്നെപ്പോലൊരുവനെ നിന്റെ മുമ്പില്‍ നിര്‍ത്തിയിരിക്കുന്നു, നിനക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍. ഇതുപോലെ നിന്റെയപ്പന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍ ആരേലും ചെന്നിരുന്നെങ്കില്‍ നിന്റെയമ്മയെ തല്ലുന്നത് നിനക്ക് കാണേണ്ടിവരില്ലായിരുന്നു. നിന്റെ അപ്പന് യഥാര്‍ത്ഥത്തില്‍ കുറ്റക്കാരനാണോ?" ഇതുകേട്ടപ്പോള്‍ അവന് വീണ്ടും കരയാന്‍ തുടങ്ങി. അത് മാപ്പിന്റെ, വീണ്ടെടുപ്പിന്റെ, കണ്ണുനീരായിരുന്നു. അവന്റെ അപ്പനോടവന്‍ ക്ഷമിച്ചു. തന്നെ ചതിച്ച യാക്കോബിനെ കണ്ടപ്പോള്‍ ഏസാവ് ക്ഷമ നല്കി ആലിംഗനം ചെയ്തനേരം യാക്കോബ് പറഞ്ഞു, ചേട്ടാ, നിനക്ക് ദൈവത്തിന്റെ മുഖമാണ്. ആ മകന്റെ മുഖത്തും ആ ദൈവികചൈതന്യം തുളുമ്പുന്നത് കണ്ടു. അവന് മയക്കുമരുന്ന് അടിമത്തില്‍നിന്നും കര്‍ത്താവ് മോചനം നല്കി. ചില മാപ്പുകൊടുക്കലിന്, വിട്ടുകൊടുക്കലിന് പല പാപബന്ധനങ്ങളെയും പൊട്ടിച്ചെറിയാന്‍ സാധിക്കും. "...ക്ഷമിക്കുവിന്‍ നിങ്ങളോടും ക്ഷമിക്കപ്പെടും" (ലൂക്കാ 6/37).
By: ജോര്‍ജ് ജോസഫ്
Moreകോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ ഒരു പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ സഹോദരന് പഠിച്ചിരുന്ന കോളേജിലെ പ്രെയര്‍ ഗ്രൂപ്പിന്റെ വിശേഷങ്ങള്‍ എന്നെ ഇക്കാര്യത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര്‍ ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന്‍ കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്‍ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല്‍ ഫലമോ ശൂന്യം. വര്‍ഷങ്ങള്‍ അധ്വാനിച്ചിട്ടും ഒരാളെപ്പോലും കണ്ടെത്താന്‍ സാധിക്കാത്തതിന്റെ നിരാശയുമായാണ് അവിടെനിന്നും പഠനം കഴിഞ്ഞിറങ്ങിയത്. ഒരാളുപോലും വരാതെ പലതവണ ഞാന്‍ ഒറ്റയ്ക്ക് പ്രെയര്‍ ഗ്രൂപ്പ് കൂടിയിട്ടുണ്ട്. ഈ മുന്‍ അനുഭവം മൂലം, ജോലിക്ക് ചെന്ന പുതിയ സ്ഥലത്ത്, നിശബ്ദനാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ അധ്വാനിക്കാത്ത വയലുകളും നിങ്ങള്‍ നട്ടുവളര്‍ത്താത്ത മുന്തിരിത്തോട്ടവും നിങ്ങള്‍ക്ക് ഞാന്‍ തരുന്നു എന്ന് ജോഷ്വായെ ഓര്‍മ്മപ്പെടുത്തിയ കര്‍ത്താവ് എന്റെ കാര്യത്തിലും അതുതന്നെ ചെയ്തതാണ് അവിടെ ഞാന്‍ കണ്ടത്. ഞാനായിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അവിടെ ആരംഭിച്ച പ്രെയര്‍ ഗ്രൂപ്പ് പുതിയ അംഗങ്ങളാല്‍ നിറയുകയായിരുന്നു. അല്‍പ്പം മുന്‍പ് സൂചിപ്പിച്ച വാഗ്ദാനവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുന്ന കാഴ്ച. അത്ഭുതമെന്തെന്നുവച്ചാല്‍, എനിക്കുണ്ടായ പഴയ അനുഭവംപോലെത്തന്നെ ഒരു പ്രെയര്‍ ഗ്രൂപ്പിനായി വര്‍ഷങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മറ്റൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവിടെ നിന്നും പോയത് എന്നതാണ്. അന്ന് ആ വ്യക്തിയിലൂടെ പ്രെയര്‍ ഗ്രൂപ്പ് ആരംഭിക്കാന്‍ സാധിച്ചില്ലെങ്കിലും അതിനുവേണ്ട ഒരുക്കങ്ങള്‍ ദൈവാത്മാവ് ചെയ്തുവച്ചിരുന്നു. ആ വ്യക്തിയിലൂടെ നട്ടു. മറ്റൊരാളിലൂടെ നനച്ചു. ദൈവംതന്നെ അത് വളര്‍ത്തി. ഇതാണ് കര്ത്താവിന്, സുവിശേഷവേല ചെയ്യുന്നവരോട് എന്നും പറയാനുള്ള കാര്യം. നീ വിതയ്ക്കുക; നീതന്നെ ഫലം കാണണമെന്നോ കൊയ്യണമെന്നോ ആഗ്രഹിക്കാതെ, തളരാതെ വചനം വിതയ്ക്കുക. പൗലോസ് ശ്ലീഹ സ്വന്തം അനുഭവത്തില്‍നിന്നും പറഞ്ഞത് ഇങ്ങനെയല്ലേ? ഞാന്‍ നട്ടു; അപ്പോളോസ് നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും" (1 കോറിന്തോസ് 3/6-8). ഇതുതന്നെയാണ് എന്റെ അനുഭവത്തില്‍നിന്നും മനസ്സിലായിട്ടുള്ളത്. "വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.....നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്റെ ജോലി ചെയ്യുകയും നിന്റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക" (2 തിമോത്തിയോസ് 4/2-5). ആനുകാലിക സംഭവങ്ങളോ പ്രതീക്ഷിക്കാത്ത പ്രതികരണമോ കണ്ട്, അവിടുന്ന് നിന്നെ പ്രത്യേകമായി ഏല്പിച്ചിരിക്കുന്ന ദൗത്യത്തില്‍നിന്നും ഒരിക്കലും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. നാമിപ്പോള്‍ ആയിരിക്കുന്ന ഇടം തന്നെയാണ് അവിടുന്ന് നമുക്ക് നല്‍കിയിരിക്കുന്ന കൃഷിസ്ഥലം. സത്യത്തില്‍ നാമല്ല, ദൈവാത്മാവാണ് നമ്മിലൂടെ അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്. ഈശോമിശിഹായില്‍ അഭിവാദനങ്ങള്‍!
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
Moreഒരു വൈദികന് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒരു പെണ്‍കുട്ടി സീനിലേക്ക് വരുന്നതും 'നിങ്ങള്‍ വൈദികനാണോ' എന്ന് അച്ചനോട് വന്ന് ചോദിക്കുന്നതും. 'അതെ' എന്ന് പറഞ്ഞപ്പോള്‍, ഉടനടി അവള് ചോദിച്ചു, "എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?" 'ഒരു അഞ്ച് മിനിറ്റ് കാക്കാമോ' എന്ന് പറഞ്ഞ്, ആ അച്ചന് സന്ദര്‍ശകരെ ബസിലിക്കായുടെ ഒരു ഭാഗം കാണാന്‍ വിട്ടു. എന്നിട്ട് ഈ പെണ്‍കുട്ടിയുടെ പക്കല്‍ ചെന്ന് കുമ്പസാരം കേട്ടു, പാപമോചനം കൊടുത്തു. വലിയ സന്തോഷത്തോടെയാണ് ആ കുട്ടി തിരികെ പോയത്. തുടര്‍ന്ന് ആ വൈദികന് പറഞ്ഞത് ഇതാണ്, "അച്ചാ, ബസിലിക്കായിലെ കുമ്പസാരത്തിന്റെ സമയം അന്ന് കഴിഞ്ഞിരുന്നു. ആ സമയത്തുതന്നെ ഈ അതിഥികള്‍ വരാനും അവരെയും കൊണ്ട് അനുതാപത്താല്‍ ഹൃദയം ഉരുകിയ ഈ ആത്മാവിന്റെ മുന്നില്‍ എത്താനും ഇടയായല്ലോ. വാസ്തവത്തില്‍ ഏതോ ഒരു ശക്തി എന്നെ അങ്ങോട്ട് നയിച്ചതാണച്ചാ, ആ ആത്മാവിനെ വീണ്ടെടുക്കാന്‍..." അതുകേട്ടപ്പോള്‍ ആ വൈദികനൊപ്പം ഞാനും ദൈവത്തിന് നന്ദി പറഞ്ഞു. അവള്‍ക്ക് ആത്മസൗഖ്യാനുഭവം കൊടുക്കാന്‍ ദൈവം തന്റെ പ്രതിനിധിയെ അവള്‍ക്കരികിലേക്ക് അയച്ചതോര്‍ത്ത്... പ്രസംഗിക്കാന്‍ ശിഷ്യരെ അയച്ചുകൊണ്ട് യേശു പറഞ്ഞതിങ്ങനെയാണ്, "...സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍..." (മത്തായി 10/7-8). ഹൃദയംകൊണ്ട് പിതാവിനെ അന്വേഷിച്ചാല്‍ ഏറ്റവും അടുത്തുള്ള തന്റെ കൃപാസ്രോതസുകള് അന്വേഷിക്കുന്നവന് മുന്നില്‍ പിതാവ് എത്തിച്ച് കൊടുക്കും.
By: Father Joseph Alex
Moreഇറ്റലിയിലെ മിലനില്നിന്നുള്ള ഭൂതോച്ചാടകനായ ഫാ. അംബ്രോജിയോ ഒരു യുവതിയുടെ ഭൂതോച്ചാടനം നടത്തുന്ന സമയത്ത് സംഭവിച്ചത്... ബേല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ചാടനവേളയില്‍ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ദുഷ്ടാരൂപിയോട് ഫാ. അംബ്രോജിയോ ആജ്ഞാപിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ 7-ന് ജപമാലറാണിയുടെ തിരുനാള്‍ദിനത്തിലാണ് ഇപ്രകാരം ചെയ്തത്. ജോര്‍ജ് റമിറെസ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വെളിപ്പെടുത്തല്‍ പങ്കുവച്ചു. ഓ കന്യകേ, ഇന്ന് പരിശുദ്ധ ജപമാലരാജ്ഞിയായ അങ്ങയുടെ തിരുനാളാണ്. ഈ ദുഷ്ടാരൂപി ബേല്‍സെബൂബ് പരിശുദ്ധ ജപമാലയെക്കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ ചോദിക്കുകയാണ് മാതാവേ, ഇതേക്കുറിച്ചുള്ള വേദോപദേശം ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രത്യേക തിരുനാള്‍ദിനമാണല്ലോ. പരിശുദ്ധ ജപമാലയെക്കുറിച്ച് കുറച്ച് മിനിറ്റുകള്‍ സംസാരിക്കാന്‍ അങ്ങ് ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കണമേ. ആയതിനാല്‍, പരിശുദ്ധ മറിയത്തിന്റെ അനുവാദത്തോടെയും സ്വര്‍ഗത്തിന്റെ ആജ്ഞയോടെയും ദൈവനാമത്തില്‍, ഞാന്‍ നിന്നോട് സംസാരിക്കാന്‍ കല്പിക്കുന്നു. പരിശുദ്ധ ജപമാലയെക്കുറിച്ചും അതിന് നിനക്കെതിരെയുള്ള ശക്തിയെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിക്കുന്നു. ദൈവനാമത്തില്‍, ഞാന്‍ നിന്നോട് സംസാരിക്കാന്‍ ആജ്ഞാപിക്കുന്നു. സംസാരിക്കുക, വ്യക്തമായ ഇറ്റാലിയന്‍ ഭാഷയില്‍. നല്ല കാര്യങ്ങള്‍ ഞങ്ങളോട് പറയുക. സംസാരിക്കുക! (അവ്യക്തമായ വികൃതസ്വരത്തില്‍ മറുപടി പറയുന്നു) ആ കിരീടം (ജപമാല) എന്നെ നശിപ്പിക്കുന്നു. കുറച്ചുകൂടി നല്ല രീതിയില്‍ പറയുക, വ്യക്തമായ ഇറ്റാലിയനില്‍... ഊം.... പറയുക. (വ്യക്തമായി പറഞ്ഞുതുടങ്ങുന്നു) എല്ലാ 'നന്മ നിറഞ്ഞ മറിയമേ'യും എന്റെ തല തകര്‍ക്കുന്നു... പറയുക, ഞാന്‍ ആവശ്യപ്പെടാതെതന്നെ സംസാരിക്കുക. നിനക്കെതിരെ ജപമാല എത്രമാത്രം ശക്തമാണെന്ന് നീ ഞങ്ങളോട് പറയണം എന്ന് പരിശുദ്ധ കന്യക ആവശ്യപ്പെടുന്നു. ഇത് വളരെ ലളിതമായ പ്രാര്‍ത്ഥനയാണ്. വളരെ ലളിതമായ പ്രാര്‍ത്ഥന, എന്നാല്‍ എല്ലാവരും ചൊല്ലുകയില്ല. പക്ഷേ ഇത് ചൊല്ലുന്നവര്‍ തങ്ങളെത്തന്നെ ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ഈ ഒരേ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ തല പൊട്ടിത്തെറിക്കുകയാണ്. എനിക്കത് കേട്ടുനില്ക്കാനാവില്ല. ജപമാല ആരെങ്കിലും കൈയില്‍ വയ്ക്കുന്നതുപോലും എന്നെ കോപാകുലനാക്കുന്നു, അയാള്‍ അത് ചൊല്ലുന്നില്ലെങ്കില്‍പ്പോലും. എനിക്ക് അത് സഹിക്കാനാവില്ല. മറിയത്തിന് ഈ പ്രാര്‍ത്ഥന ഇഷ്ടമാണ്. തുടരുക! ആരെങ്കിലും ഇത് കുടുംബത്തോടൊപ്പം ചൊല്ലിയാല്‍ ആ വ്യക്തിക്ക് അതിലൂടെ പ്രത്യേകസംരക്ഷണം ലഭിക്കും. എനിക്ക് ആ വീട്ടില്‍ കയറാന്‍ സാധിക്കില്ല. എനിക്കതിന് അനുവാദമില്ല. കുടുംബത്തിലെ പരിശുദ്ധ ജപമാലയുടെ ശക്തി എന്നെ തകര്‍ക്കുന്നു. തുടരുക! ചില കുടുംബങ്ങളില്‍ ഒരാള്‍മാത്രമേ ഇത് ചൊല്ലുന്നുള്ളൂ എങ്കിലും അയാള്‍ക്ക് കുടുംബത്തിലെ മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കാന്‍ കഴിയും. (മാതാവിനോട്) മരിയാ, ഈ ദുഷ്ടാരൂപി ബേല്‍സെബൂബിനെ പരസ്യമായി സംസാരിക്കാന്‍, പരിശുദ്ധ ജപമാലയെക്കുറിച്ചുള്ള വേദോപദേശം പറയാന്‍, നിര്‍ബന്ധിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഓ അമൂല്യയായ മരിയാ, അങ്ങേ അനുവാദത്തോടെ ഇത് അനേകരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കുക. (ദുഷ്ടാരൂപിയോട്) തുടര്‍ന്ന് പറയുക! അവളുടെ ഇഷ്ടപ്പെട്ട രഹസ്യങ്ങള്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ രഹസ്യങ്ങളാണ്. അവിടെ മനുഷ്യവംശത്തിന്റെ മുഴുവന്‍ രക്ഷയുണ്ട്. പ്രകാശത്തിന്റെ രഹസ്യങ്ങള്‍ മറിയത്തിന് ഇഷ്ടമല്ലേ? അതും ഇഷ്ടമാണ്. തുടരുക! പക്ഷേ ആരെങ്കിലും ജപമാല ചൊല്ലാന്‍ തുടങ്ങുകയാണെങ്കില്‍ അവനെ ശല്യപ്പെടുത്താന്‍ ഞാന്‍ വരും. എങ്ങനെ? ചിന്തകള്‍കൊണ്ട്, പലവിധ അസ്വസ്ഥതകള്‍കൊണ്ട്... പക്ഷേ മാതാവും അതിനൊപ്പം വരികയില്ലേ? ഉവ്വ്. തുടരുക! ഇത് കുട്ടികള്‍ക്കൊപ്പം ചൊല്ലണം. ഈ പ്രാര്‍ത്ഥന കുട്ടികളെ പഠിപ്പിക്കണം, ഞാനവരെ ശല്യപ്പെടുത്താന്‍ ചെല്ലുംമുമ്പ്, കുറച്ചുകഴിഞ്ഞാല്‍ ഞാന്‍ അവരുടെ വിശുദ്ധി കവര്‍ന്നെടുക്കും. മാതാപിതാക്കള്‍ മക്കള്‍ക്കായി ജപമാല ചൊല്ലണം. കാരണം കുടുംബത്തെയും യുവതീയുവാക്കളെയും നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജപമാല പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അവള് കൃപകള്‍ നല്കുന്നു. ഒരുപാട് ഒരുപാട്! അതെനിക്ക് സഹിക്കാനാവില്ല! നൊവേനകളും എന്റെ തലയെ തകര്‍ക്കുന്നു. എനിക്ക് അത് താങ്ങാനാവില്ല! ഇതിനെല്ലാം മുകളില്‍, കന്യക എല്ലാ ബന്ധനങ്ങളും അഴിക്കുന്നു. ഞങ്ങള്‍ക്ക് ലുത്തിനിയകള്‍ വളരെ ഇഷ്ടമാണ്. നിനക്ക് അത് ഉപദ്രവമാണെന്ന് നേരത്തേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ലുത്തിനിയകളെക്കുറിച്ച് നിനക്ക് എന്താണ് ഞങ്ങളോട് പറയാനുള്ളത്? അതെന്നെ ഞെരിക്കുന്നു. അതെനിക്ക് മടുപ്പാണ്! എന്തുകൊണ്ട്? കാരണം അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മരിയസ്തുതിയാണ്, സ്തുതി, സ്തുതി! പക്ഷേ മാതാവ് അത് അര്‍ഹിക്കുന്നു. അത് നിങ്ങള്‍ക്ക്. പക്ഷേ അവള് നിങ്ങള്‍ക്കും രാജ്ഞിയല്ലേ, നിങ്ങള്‍ അത് തിരിച്ചറിയുന്നില്ലെങ്കിലും, അല്ലേ? അതെ! ലുത്തിനിയയെക്കുറിച്ച് എന്ത് പറയുന്നു? ഇനിയും എന്താണ് നിനക്ക് ഞങ്ങളോട് പറയാന്‍ കഴിയുക? പലരും ജപമാല പൂര്‍ത്തിയാക്കുമ്പോള്‍ അത് ചൊല്ലാറില്ലല്ലോ? എനിക്കറിയാം, എനിക്കറിയാം... അതാ ണ് എനിക്കിഷ്ടവും. (മാതാവിനോട്) മരിയാ, ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു. (ദുഷ്ടാരൂപിയോട്) ഇനിയും ഞങ്ങളോട് എന്തെങ്കിലും പറയണമെന്ന് കല്പിച്ചിട്ടുണ്ടോ? അതോ പറഞ്ഞുകഴിഞ്ഞോ? മറുപടി തരുക! പറയാനുള്ളത് കഴിഞ്ഞു! ഇനി നമുക്ക്, പരിശുദ്ധ രാജ്ഞീ ചൊല്ലാം. പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്വരയില്‍നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
By: Shalom Tidings
Moreബില്‍ വച്ച് പരിശോധിച്ചപ്പോഴാണ് കണക്ക് ശരിയായത്. അതുവരെ കൂട്ടിയും കുറച്ചും ഞാന്‍ കഷ്ടപ്പെട്ടു. പണം ഏതുവഴിക്കാണ് പോയതെന്ന് അറിയാതെ കുടുങ്ങിയിരിക്കുകയായിരുന്നു. ഏതായാലും ബില്‍ കയ്യിലെടുത്തുവച്ച് നോക്കിയപ്പോള്‍ കാഷ് ടാലിയായി. പ്രിയപ്പെട്ട സുഹൃത്തേ, ഇതുപോലെ കണക്ക് ശരിയാവാതെ വിഷമിക്കുകയാണോ? ജീവിതത്തില്‍ എന്തെങ്കിലും തടസം താങ്കള്‍ അനുഭവിക്കുന്നുണ്ടോ? കാര്യങ്ങള്‍ ഒന്നും ശരിയാവുന്നില്ലേ? വിഷമിക്കണ്ട. ഒരു ടിപ് പറയാം. വിശുദ്ധ ഗ്രന്ഥമെടുത്ത്, വായിക്കുന്ന ഓരോ വചനത്തിലൂടെയും ഒരു പരിശോധന നടത്താന്‍ തയ്യാറാണോ? കാര്യം ശരിയാവും. വിശദമായി പറയാം. ഉദാഹരണത്തിന്, ഹെബ്രായര്‍ പതിമൂന്നാം അധ്യായം വായിക്കുകയാണെന്നു വിചാരിക്കുക. അതിലെ ആദ്യത്തെ വചനം ഇപ്രകാരമാണ്. ‘സഹോദരസ്നേഹം നിലനില്ക്കട്ടെ, അതിഥിമര്യാദ മറക്കരുത്. ‘ഇത് വായിച്ചുകഴിഞ്ഞാല്‍ ഒരു നിമിഷം മനസ്സില്‍ ചോദിക്കണം. ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന്. ഉണ്ടെങ്കില്‍ ഉടനെ നോട്ട് ചെയ്തുവയ്ക്കണം. തൊട്ടടുത്ത കുമ്പസാരത്തില്‍ ഏറ്റുപറയുകയും പ്രാവര്‍ത്തികമാക്കുകയും വേണം. നമ്മള് വെറുതെ നോക്കിയാല്‍ ഒരുപക്ഷേ നമ്മുടെ ജീവിതത്തിന് ഒരു കുറവും കണ്ടെന്നു വരില്ല. തെറ്റെന്ന് എടുത്തുപറയാന്‍ തക്കവിധം ഒന്നും ശ്രദ്ധയില്‍പ്പെട്ടെന്നും വരില്ല. എന്നാല്‍ വിശുദ്ധ ബൈബിള്‍ കയ്യിലെടുത്ത് അതിലെ ഓരോ വചനവും പരിശോധിച്ചാല്‍ നമ്മുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാകും. പ്രഭാഷകന്‍, സുഭാഷിതങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളെല്ലാം നമ്മുടെ അനുദിനവ്യാപാരങ്ങളെ പരിശോധിക്കാന്‍ സഹായിക്കും. സത്യത്തില്‍ നാം ദൈവം പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നുണ്ടോ? വചനം പാലിക്കുന്നുണ്ടോ? ഏതൊക്കെയാണ് അറിവില്ലായ്മമൂലം ലംഘിക്കുന്നത്? അവയെല്ലാം കണ്ടെത്തി ഏറ്റുപറഞ്ഞു കുമ്പസാരിക്കാന്‍ തുടങ്ങാമോ? നമ്മുടെ ജീവിതത്തിന്റെ തടസം മാറും. ഇത്തരത്തില്‍ കുമ്പസാരത്തിന് ഒരുങ്ങിനോക്കൂ. വചനം വായിക്കാനും തുടങ്ങൂ. വലിയ വ്യത്യാസം നമ്മുടെ ജീവിതത്തിനുണ്ടാകും. ആത്മീയ വളര്‍ച്ചയും സാധ്യമാകും, ഉറപ്പ്! ഇതോടൊപ്പം മനസിലിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, പലരും പറയുന്നു: ‘ഞാന്‍ അത്യധികം തിന്മ ചെയ്തു. കര്ത്താവിന് എന്നോടു ക്ഷമിക്കാന്‍ സാധിക്കുകയില്ല.’ അത് കടുത്ത ദൈവദൂഷണമാണ്. കാരണം, അത് ദൈവത്തിന്റെ കാരുണ്യത്തിന് നാം അതിര് നിശ്ചയിക്കുന്നു. വാസ്തവത്തില്‍ ദൈവകാരുണ്യത്തിന് അതിരില്ല. അത് അനന്തമാണ്. ”നമ്മുടെ പ്രിയപ്പെട്ട കര്‍ത്താവിന്റെ കാരുണ്യത്തെപ്പറ്റി സംശയിക്കുകയെന്നതുപോലെ അവിടത്തെ ദ്രോഹിക്കുന്ന മറ്റൊന്നുമില്ല” (വിശുദ്ധ ജോണ്‍ വിയാനി). കരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയിലൂടെയും ഈശോ ഇതുതന്നെയാണ് പലയാവര്‍ത്തി പറഞ്ഞിട്ടുള്ളത്. നമ്മുടെ കുമ്പസാരങ്ങള്‍ ഒരേ കാര്യത്തിന്റെ ആവര്ത്തനമാകുന്നതുകൊണ്ടാകാം ഒരുപക്ഷേ അതില്‍ അനുഭവം ഇല്ലാതെയും സാധ്യമായ കൃപ കരസ്ഥമാക്കാതെയും പോകുന്നത്. സാരമില്ല, നമ്മുടെ സമീപനരീതി മാറ്റാം. ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കണം. വിജയമാണെന്നുകണ്ടാല് മറ്റുള്ളവരോടും പറഞ്ഞുകൊടുക്കണം, തയാറാണോ? ”എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്ത്തിച്ചിട്ടുള്ളതുപോലെ, എന്റെ സാന്നിധ്യത്തില്‍മാത്രമല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍. എന്തെന്നാല്‍, തന്റെ അഭീഷ്ടമനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ് (ഫിലിപ്പി 2/12-13).
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
Moreഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സഹോദരി തന്റെ ഉദരത്തിലുള്ള കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചു. സ്കാനിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം (Down syndrome) ഉള്ളതായി ജനിക്കും. അതിനാല്‍ അബോര്ഷന് താല്പര്യം ഉണ്ടെങ്കില്‍ ചെയ്യാം എന്നാണ്. മാനസികമായി തകര്‍ന്ന അവര്‍ തീരുമാനം എടുക്കാന്‍ കഴിയാതെ നീറി. ജീവന് എടുക്കാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവരോട് എന്ത് മറുപടിയാണ് നല്കാന് കഴിയുക. ധൈര്യമായി മുന്നോട്ടുപോകാന്‍ സഹോദരിയോട് പറഞ്ഞു… ഞങ്ങള്‍ കുറച്ചുപേര്‍ ഈശോയോട് തുടര്‍ച്ചയായി ഈ നിയോഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ സ്കാനിങ്ങിലും ഒരു വ്യത്യാസവും ഇല്ലാതെ ഡൗണ്‍ സിന്‍ഡ്രോം ആണെന്ന റിപ്പോര്‍ട്ടാണ് വന്നത്. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതുപോലെ തോന്നി. എങ്കിലും വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്നു പറഞ്ഞ യേശുവില്‍ വിശ്വസിച്ച് പ്രാര്‍ത്ഥനയോടെ മുന്നോട്ടു നീങ്ങി. ഗര്‍ഭകാലം മുഴുവന്‍ ഈശോയോട് വാശിപിടിച്ച് പ്രാര്‍ത്ഥിച്ചു, ദൈവമഹത്വം വെളിപ്പെടുന്നതിനു വേണ്ടി… ഒടുവില്‍ ക്ലൈമാക്സ് ദിവസത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ, ഒരു കുറവുകളുമില്ലാത്ത പെണ്‍കുഞ്ഞിനെ ഈശോ ഭൂമിയിലേക്ക് അയച്ചു… മറ്റൊരു സഹോദരിക്ക് ലിംഫോമ എന്ന കാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചു. വളരെ കുറച്ച് ആഴ്ചകള്‍മാത്രം വളര്‍ച്ചയുള്ള കുരുന്നു ജീവന് അവളുടെ ഉദരത്തില്‍ ഉണ്ടായിരുന്നു. ആ സന്തോഷം ആസ്വദിക്കാന്‍ തുടങ്ങുമ്പോഴാണ് മരണകരമായ വേദന ജീവിതത്തിലേക്ക് കടന്നു വന്നത്. ഇതെല്ലാം കാണുമ്പോള്‍, ചിലപ്പോഴൊക്കെ ഈശോയെ വഴക്കു പറയുന്നത് ന്യായമാണെന്ന് എനിക്ക് തോന്നാറുണ്ട്. ബയോപ്സി എടുത്ത ശേഷം ചികിത്സ തുടങ്ങാമെന്നാണ് ചികില്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം. എന്തായാലും ചികിത്സ തുടങ്ങേണ്ടതുകൊണ്ട് അബോര്ഷന് ചെയ്തേ മതിയാകൂ എന്നതും വലിയൊരു വെല്ലുവിളിയായി നിന്നു. എന്നും ഈശോയ്ക്ക് പണി കൊടുക്കുന്ന ആളായതുകൊണ്ടായിരിക്കാം ചിലപ്പോഴൊക്കെ ശക്തമായി പ്രാര്‍ത്ഥിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ഈശോ എനിക്ക് നേരെ വച്ച് നീട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു ‘ഗിവ് ആന്‍ഡ് ടേക്ക് പോളിസി!’ കുറച്ചുപേര്‍ ചേര്‍ന്ന് ദൈവകരുണയുടെ ജപമാല തുടര്‍ച്ചയായി ഒരു മാസത്തോളം പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ ബയോപ്സി നടത്തി പരിശോധനാഫലം വന്നു. രക്തത്തില്‍ ചെറിയ ഇന്ഫെക്ഷന് ഉണ്ടെന്നല്ലാതെ ക്യാന്‍സറിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് ഈശോ സ്ഥിരീകരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്കി. ജീവിതത്തിന്റെ ചില നിര്‍ണായക നിമിഷങ്ങളില്‍ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ നമുക്കുണ്ടാകാം. ദൈവം എന്നത് നിലനില്‍ക്കുന്ന സത്യമാണോ, പ്രാര്ത്ഥനകൊണ്ടൊക്കെ എന്തെങ്കിലും സാധ്യമാണോ- എന്നിങ്ങനെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന അനേകം ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉയര്‍ന്നുവരാം. എന്നാല്‍ വചനം ഓര്‍മിപ്പിക്കുന്നു, ”എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1തിമോത്തിയോസ് 2/1). ആത്മീയ മേഖലയില്‍ പലപ്പോഴായി കണ്ടു വരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനുള്ള ഭയം. ആര്‍ക്കെങ്കിലുംവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഉടനെ തങ്ങള്‍ക്കും അതേ കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും എന്ന തെറ്റായ ചിന്ത. അമിതമായ ഭയം പലപ്പോഴും മധ്യസ്ഥപ്രാര്ത്ഥനയില്നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. ജറുസലേം പട്ടണത്തിലൂടെ കടന്നു പോകുമ്പോള്‍ ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്തു കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടണമെന്നും അടയാളമുള്ളവരെ ആരെയും തൊടരുതെന്നും അല്ലാത്തവരെ സംഹരിക്കണമെന്നും ദൂതനോട് കല്പിക്കുന്ന ദൈവത്തെ എസെക്കിയേല്‍ 9/4-6-ല്‍ നാം കാണുന്നു. അതായത് ഏതെങ്കിലും ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കുകയും മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ ദൈവം മുദ്രയിട്ട് സംരക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്, പീഡനങ്ങള്‍ നല്കി വേദനിപ്പിക്കും എന്നല്ല… ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വ്യക്തിയും. പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയില്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയില്‍ നാം ആവര്‍ത്തിക്കുന്നത് പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാണ്. പാപികളായ ഞങ്ങള്‍ക്കുവേണ്ടി എന്നത് ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. കരുണയുടെ ജപമാലയില്‍ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേല്‍ കരുണയായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകം മുഴുവനുംവേണ്ടിയുള്ള ഈ പ്രാര്ത്ഥനകളിലൂടെയെല്ലാം പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നില്ലേ? ഇസ്രായേല്‍ ജനം അമലേക്യരുമായി യുദ്ധം ചെയ്തപ്പോള്‍ മോശ ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. മോശയുടെ കരങ്ങള്‍ ഉയര്ന്നുനിന്നപ്പോഴെല്ലാം ഇസ്രായേല്‍ജനം വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ന്നുപോയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ ഉയര്‍ന്ന കരങ്ങളിലൂടെ ദൈവം ഇസ്രായേല്‍ ജനത്തിന് വിജയം നല്കി (പുറപ്പാട് 17/11-12). ജറുസലേം കവാടം പണിയാനോ കോട്ടയിലെ വിള്ളലില്‍ നില ഉറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത ദൈവത്തിന്റെ വിലാപം എസെക്കിയേല്‍ 22/30 -ല്‍ നാം വായിക്കുന്നു. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.” ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്നിക്കിരയായി, അതേപടി കിടക്കുന്നു. ഇതുകേട്ടു നെഹെമിയ പ്രവാചകന് നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു (നെഹെമിയാ 1/3-4). ജോബ് തന്റെ സ്നേഹിതന്മാര്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന് നഷ്ടപ്പെട്ട ഐശ്വര്യത്തിന്റെ ഇരട്ടിയാണ് ദൈവം തിരിച്ചു നല്‍കിയത് (ജോബ് 42/10). മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്, പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ സഹനങ്ങള്‍ ഉണ്ടാകും എന്നത് ദൈവികമായ ചിന്ത അല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിത ത്തില്‍ പിശാച് ഇത്തരത്തില്‍ പ്രലോഭകനായി വിശുദ്ധയെ സമീപിക്കുന്ന അവസരമുണ്ട്. ”മറ്റ് ആത്മാക്കളെക്കുറിച്ച് നീ എന്തിനാണ് ഇത്ര വിഷമിക്കുന്നത്. നീ നിനക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കാനേ കടപ്പെട്ടിട്ടുള്ളൂ. പാപികളുടെ കാര്യത്തില്‍ അവര്‍ നിന്റെ പ്രാര്‍ത്ഥന കൂടാതെതന്നെ മാനസാന്തരപ്പെട്ടുകൊള്ളും. ഞാന്‍ നിനക്ക് ഒരു ഉപദേശ ശകലം നല്കുവാന് പോവുകയാണ്. ദൈവ കരുണയെക്കുറിച്ച് ഇനി ഒരിക്കലും സംസാരിക്കരുത്. പാപികളെ ദൈവകരുണയില്‍ ആശ്രയിക്കാന്‍ അല്പംപോലും പ്രോത്സാഹിപ്പിക്കരുത്. കാരണം അവര്‍ ശിക്ഷാവിധി അര്‍ഹിക്കുന്നവരാണ്. ആ നിമിഷത്തില്‍ ഈശോയെ ഞാന്‍ ദര്‍ശിച്ചു. അവിടുന്ന് അരുളിച്ചെയ്തു. കരുണയുടെ പ്രവൃത്തികളില്‍ നിന്റെ കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ടെങ്കില്‍ നിനക്ക് തീര്‍ച്ചയായും സമാധാനത്തിലായിരിക്കാം. നിന്നെ പ്രലോഭിപ്പിച്ചതിലൂടെ സാത്താന് ഒന്നും നേടിയില്ല. കാരണം നീ അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല. വിശ്വസ്തതയോടെ പോരാടിക്കൊണ്ട് നീ എനിക്ക് ഇന്ന് വളരെ മഹത്വം നല്കി. ഇത് നിന്നില്‍ ഉറപ്പിക്കുകയും ഹൃദയത്തില്‍ കൊത്തിവയ്ക്കുകയും ചെയ്യുക. ഞാന്‍ എപ്പോഴും നിന്നോട് കൂടെ ഉണ്ട്. യുദ്ധ സമയങ്ങളില്‍ എന്റെ സാന്നിധ്യം നിനക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഞാന്‍ നിന്നോട് കൂടെയുണ്ട്”(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1497,1499). വലിയ കാര്യങ്ങള്‍ നമുക്ക് ദൈവവേലയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്നോര്ത്തു ഭാരപ്പെടരുത്. സുവിശേഷപ്രഘോഷണത്തിലൂടെയും മിഷന് പ്രവര്‍ത്തനങ്ങളിലൂടെയും നേടാന്‍ കഴിയുന്നതിനെക്കാള്‍ ആത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും നേടാന്‍ കഴിയും. ഈശോ നമുക്കുവേണ്ടി പിതാവായ ദൈവത്തിനുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുന്നതുപോലെ ആത്മാക്കളുടെ രക്ഷക്കായി ഈശോയുടെ മുമ്പില്‍ നമുക്കും മാധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കട്ടെ. ”എന്റെ മകളേ, പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും എങ്ങനെ ആത്മാക്കളെ രക്ഷിക്കാമെന്ന് നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മിഷനറി സുവിശേഷ പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും നേടുന്നതില്‍ കൂടുതല്‍ ആത്മാക്കളെ നിനക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും മാത്രം നേടാന്‍ സാധിക്കും” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1767).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreതൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള നെസ്റ്റ് ഡി അഡിക്ഷന് സെന്ററില്‍ ഞാന്‍ നഴ്സായി ചെയ്തിരുന്ന സമയം. വയസ് 31 ആയതിനാല്‍ വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചിന്തയോടെ ഒരു ധ്യാനത്തിനായി പോയി. നഴ്സുമാര്‍ക്കുള്ള ധ്യാനമായിരുന്നു അത്. ദൈവാലയത്തിലെ തൂണിനടുത്ത് ഒരു പെണ്‍കുട്ടിയെ കാണും. അവളോട് വിവാഹാഭ്യര്‍ത്ഥന നടത്താം എന്നുപോലും ഭാവനയില്‍ കണ്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പെണ്‍കുട്ടിയെ ധ്യാനത്തിനിടെ കണ്ടതേയില്ല. അതിനുപകരം മറ്റൊന്ന് സംഭവിച്ചു! ഞാന്‍ കൗണ്‍സിലിംഗിനായി പോയത് ഒരു സിസ്റ്ററിന്റെയടുത്താണ്. വീട്ടിലെ പശ്ചാത്തലവും എന്റെ ചുരുക്കം വിവരങ്ങളുമെല്ലാം പങ്കുവച്ചതോടൊപ്പം വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍ സിസ്റ്റര്‍ ചോദിച്ചത് വേറെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നാണ്. വൈദികനാകാന്‍ മുമ്പ് ചിന്തിച്ചിരുന്നുവെന്നായിരുന്നു എന്റെ മറുപടി. അതേത്തുടര്‍ന്ന് വൈദികദൈവവിളിയെക്കുറിച്ചുള്ള ചിന്തയുമായി ആ ധ്യാനം കഴിഞ്ഞ് മടങ്ങി. അമ്മാമ്മ ചൊല്ലിത്തന്നത്… പള്ളിയും അനുബന്ധകാര്യങ്ങളുമായി ജീവിച്ചിരുന്നവരായിരുന്നു എന്റെ കുടുംബാംഗങ്ങള്‍. അപ്പാപ്പന് കപ്യാരായിരുന്നു. അമ്മാമ്മയാകട്ടെ ഒരു ഭക്തസ്ത്രീയും. അമ്മാമ്മ പറയുന്നത് ഏറ്റുചൊല്ലുന്നതായിരുന്നു കുട്ടിക്കാലത്തെ എന്റെ പ്രാര്‍ത്ഥനാരീതി. എന്നും സ്കൂളിലേക്ക് പോകുന്നതിനുമുമ്പ് അമ്മാമ്മ ചൊല്ലിത്തരുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, ”എല്ലാ കാര്യങ്ങളും നന്നായി പഠിക്കാന്‍ പറ്റണേ… കുറുമ്പ് കാണിക്കാന്‍ തോന്നരുതേ… അപ്പനെയും അമ്മയെയും ഒക്കെ നന്നായി നോക്കണേ… പഠിച്ചുപഠിച്ച് അച്ചനാക്കണേ…” ഞാനതെല്ലാം അതേപടി ഏറ്റുപറയും. കാലം മുന്നോട്ടുപോയി. ഞാന്‍ തനിയെ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു. സാവധാനം അമ്മാമ്മ പഠിപ്പിച്ചുതന്ന പ്രാര്‍ത്ഥനയെല്ലാം മാറി. കാലം കഴിയുന്തോറും വീട്ടിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചിന്ത എന്നെ മഥിച്ചു. എങ്ങനെയെങ്കിലും ഒരു ജോലി ചെയ്ത് അപ്പനെ സഹായിക്കണം എന്നായിരുന്നു മനസില്‍. അതിനിടയില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചു. സയന്‍സ് വിഭാഗത്തില്‍ പ്ലസ് ടു പ്രവേശനവും കിട്ടി. അതിനാല്‍ത്തന്നെ പിന്നെ എങ്ങനെയെങ്കിലും പ്ലസ് ടു പൂര്‍ത്തിയാക്കുക, അതുകഴിഞ്ഞാലുടനെ എന്തെങ്കിലും ജോലി എന്നതായിരുന്നു ചിന്ത. ചിന്തിച്ചതുപോലെ പ്ലസ് ടു കഴിഞ്ഞപ്പോള്‍ അന്നത്തെ ഞങ്ങളുടെ വികാരിയച്ചനായിരുന്ന ഫാ.ജേക്കബ് മലയാറ്റി എസ്.ഡി.ബി വഴി ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി കിട്ടി. 800 രൂപയായിരുന്നു ആദ്യശമ്പളം. അച്ചന് അത് നല്‍കാമെന്ന് കരുതിയെങ്കിലും അച്ചന് അത് വാങ്ങിയില്ല, പകരം ആ തുക വീട്ടില്‍ നല്കാന് പറഞ്ഞയച്ചു. ഒരു വരുമാനം കണ്ടെത്തിയ സന്തോഷത്തില്‍ മുന്നോട്ടുപോകുമ്പോള്‍, അല്പംകൂടി പഠിച്ചിരുന്നെങ്കില്‍ കൂടുതല്‍ നല്ല ജോലി ലഭിക്കുമായിരുന്നു എന്നു തോന്നി. പക്ഷേ സ്വയം പണം കണ്ടെത്തി ട്യൂഷന് പോയി പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയിരിക്കേയാണ് ചേര്‍ന്ന ഒരു ‘ഓഫര്‍’ വരുന്നത്. മാര്‍ക്കറ്റിലെ പയ്യന് തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡിനോടനുബന്ധിച്ചുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ ഒരു ചായക്കടയില്‍ ജോലി ചെയ്യാം. രാവിലെ 5.30 ആകുമ്പോള്‍ ജോലിക്കെത്തിയാല്‍ ഏതാണ്ട് 11 മണിയോടെ ജോലി കഴിയും. പിന്നെ ട്യൂഷന് പോകാം. മാത്രവുമല്ല, ജോലിക്കുള്ള പ്രതിഫലമായി പണവും രാവിലത്തെ ഭക്ഷണവും കിട്ടും. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ചായക്കടയിലെ ജോലി സ്വീകരിക്കാനുള്ള താത്പര്യക്കുറവ് മാറി. അങ്ങനെ അവിടെ ജോലി തുടങ്ങി. ജോലിയുടെ ഭാഗമായി പച്ചക്കറിക്കടകളില്‍ ചായ കൊണ്ടുപോയി കൊടുക്കണം, അല്പനേരം കഴിഞ്ഞ് ഗ്ലാസുകള്‍ തിരിച്ചെടുക്കണം. അങ്ങനെ ആ കടകളിലുള്ളവരെയെല്ലാം പരിചയമായി. സേവിയേട്ടന്‍ എന്ന എന്റെ കടയുടമയോടുള്ള താത്പര്യവുംകൂടിയായതോടെ എന്റെ വീട്ടിലേക്ക് വേണ്ട പച്ചക്കറികള്‍ അവര്‍ സൗജന്യമായി തരാന്‍ തുടങ്ങി. അങ്ങനെയിരിക്കേ ഒരു കടയുടമ എന്നോട് ചോദിച്ചു: ‘കടയില്‍ പച്ചക്കറി എടുത്തുകൊടുക്കാന്‍ നില്‍ക്കാമോ?’ ചിന്തിച്ചപ്പോള്‍ അത് കുറച്ചുകൂടി മെച്ചമുള്ള ജോലിയാണെന്ന് തോന്നിയതിനാല്‍ സ്വീകരിച്ചു. തുടര്‍ന്ന് വത്സന് എന്ന ചേട്ടന് അദ്ദേഹത്തിന്റെ കടയില്‍ കണക്കുകള്‍ എഴുതുന്ന റൈറ്റര്‍ ആയി എന്നെ എടുത്തു. അദ്ദേഹവും ഏറെ സഹായിച്ചു. ‘നിസ്വന്റെ’ ചോദ്യം തുടര്‍ന്നാണ് തൃശൂര്‍ അതിരൂപതയുടെ ഫാമിലി അപ്പസ്തോലേറ്റ് സെന്ററില്‍ ജോലിക്കായി പോയത്. ആ സമയത്ത് ലൈബ്രറിയില്‍നിന്ന് ‘ദൈവത്തിന്റെ നിസ്വന്’ എന്ന നോവല്‍ വായിക്കാന്‍ എടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു നോവല്‍. വാസ്തവത്തില്‍ ഒരു മനുഷ്യന് ഇങ്ങനെയൊക്കെ ആകാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു അത് വായിച്ചപ്പോള്‍ എന്റെ മനസില്‍. ആ പുസ്തകം അത്രമാത്രം സ്വാധീനിച്ചതിനാല്‍ വീണ്ടും അതുതന്നെ ലൈബ്രറിയില്‍നിന്ന് എടുത്തു. അപ്പോഴെല്ലാം മനസില്‍ വിശുദ്ധ ഫ്രാന്‍സിസ് ചോദിക്കുന്നതുപോലെ, ”നിനക്കും ഇത് കഴിയുമോ?” അപ്പോള്‍ ഞാനിങ്ങനെ മനസില്‍ പറയും, ”എനിക്ക് കഴിയില്ല ഫ്രാന്‍സിസ്! നീ ഫ്രാന്‍സിസ് ആണ്, ഞാന്‍ വെറും ലിജോ അല്ലേ?!!” ഇങ്ങനെ പറയുമെങ്കിലും ഫ്രാന്‍സിസിനെപ്പോലെ ഒരു സമര്‍പ്പിതജീവിതം വേണമെന്ന ചിന്ത എന്റെ മനസില്‍ ഉണ്ടായിരുന്നു. എങ്കിലും വ്യക്തമായ ഒരു തീരുമാനമൊന്നും ഉണ്ടായില്ല. ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നമ്മുടെ ദൈവവിളി മനസിലാക്കാനും സ്വീകരിക്കാനും നമ്മെ സഹായിക്കാന്‍ ദൈവം പലരെയും നിയോഗിക്കുമല്ലോ. അങ്ങനെ ചിലര്‍ എന്റെ ജീവിതത്തിലും എത്തി. സിസ്റ്റര്‍ ജെസില്‍ നെടുമറ്റത്തില്‍ സി.എസ്.സി. ആയിരുന്നു അതിലൊരാള്‍. പ്രാര്‍ത്ഥനയും ത്യാ ഗവും സ്നേഹവും കരുതലുംവഴി എന്നെ തമ്പുരാന്റെ ബലിപീഠത്തിലേക്ക് നയിച്ചതില്‍ സിസ്റ്ററിന്റെയും കുടംബത്തിന്റെയും പിന്തുണ വലുതായിരുന്നു. ഹോമിയോ ഡോക്ടര്‍ ആയ സിസ്റ്റര്‍ ലീമ എഫ്സിസിയും മറക്കാനാവാത്ത സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. ഫാമിലി അപ്പസ്തോലേറ്റ് ഓഫീസില്‍ ജോലി ചെയ്യവേ, ഒരിക്കല്‍ സിസ്റ്ററെ സന്ദര്‍ശിച്ചപ്പോള്‍ പ്രാര്‍ത്ഥിച്ച് ബൈബിള്‍ തുറക്കാന്‍ പറഞ്ഞു. അന്ന് എനിക്ക് ഏശയ്യായുടെ ഗ്രന്ഥം ആറാം അധ്യായമാണ് ലഭിച്ചത്. എട്ടാം വചനം എന്നില്‍ ആഴത്തില്‍ പതിഞ്ഞു, ”ആരെയാണ് ഞാന്‍ അയക്കുക? ആരാണ് നമുക്കുവേണ്ടി പോകുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും!” അന്ന് സിസ്റ്റര്‍ എനിക്കായി പ്രാര്‍ത്ഥിച്ചാണ് മടക്കിയയച്ചത്. എങ്കിലും വീട്ടിലെ കാര്യമോര്‍ത്തപ്പോള്‍ ഞാന്‍ മുന്നോട്ട് പോയില്ല. മെയ്ല് നഴ്സ് അങ്ങനെയിരിക്കേ എനിക്ക് വലിയ താങ്ങായിരുന്ന ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോണ്സണ് അന്തിക്കാടന്‍ മാറി ഫാ. വര്‍ഗീസ് കൂത്തൂര്‍ വന്നു. വര്‍ഗീസ് അച്ചനും എന്നെ വളരെയേറെ പിന്തുണച്ചു. മെയ്ല് നഴ്സുമാര്‍ക്ക് നല്ല ജോലിസാധ്യതയുണ്ടെന്ന് പറഞ്ഞ് എന്നെ നഴ്സിംഗ് പഠനത്തിനയച്ചത് അദ്ദേഹമാണ്. അങ്ങനെ പുതിയ സാധ്യത തുറന്നുകിട്ടി. അച്ചന്റെ കരുതലിലായിരുന്നു പഠനം. ആദ്യം ചെന്നൈയില്‍ ജോലി ചെയ്തശേഷം കുറച്ചുനാള്‍ തൃശൂര്‍ ചേറൂരിലുള്ള നെസ്റ്റ് ഡി അഡിക്ഷന് സെന്ററിലായിരുന്നു ജോലി. എന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായി അവിടെ ചാപ്പലില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങനെയാണ് ധ്യാനത്തിന് പോകുന്നത്. തുടക്കത്തില്‍ പറഞ്ഞതുപോലെ, വിവാഹജീവിതത്തെക്കുറിച്ചുള്ള ചിന്തകളോടെയാണ് ധ്യാനത്തിന് പോയത്. ഈശോ അത് മറന്നില്ല അമ്മാമ്മയുടെ പ്രാര്‍ത്ഥനാനിയോഗം ഞാന്‍ മറന്നുപോയെങ്കിലും ഈശോ മറന്നിരുന്നില്ല എന്ന് വ്യക്തമാക്കുന്ന ചിന്തകളുമായാണ് ആ ധ്യാനത്തില്നിന്നുള്ള മടക്കം. വൈദികദൈവവിളി സ്വീകരിക്കുന്നതിനായി അപ്പോള്‍ എന്റെ മനസില്‍ രണ്ട് വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്: കുടുംബത്തിന് സ്വന്തം വീട് വേണം, വീട്ടുകാര്യങ്ങള്‍ നോക്കിനടത്താന്‍ അനുജന് സാധിക്കണം. ഈ രണ്ട് ആവശ്യങ്ങളും താമസിയാതെ നിറവേറി. സ്വന്തമായി വീട് ലഭിച്ചു; അനുജന് വിദേശത്ത് ജോലിയുമായി. അതോടെ എനിക്ക് വൈദികനാകുന്നതിനുള്ള സാധ്യത തെളിഞ്ഞു. ആദ്യം അനുജന് ലിന്റോയോടാണ് ഇക്കാര്യം പറഞ്ഞത്. അവന് പൂര്‍ണ പിന്തുണ തന്നു. ശേഷം അപ്പനും അമ്മയും അനുജത്തിയുമെല്ലാം അടങ്ങുന്ന കുടുംബത്തോടും കാര്യം അവതരിപ്പിച്ചു. എന്നെക്കുറിച്ചുള്ള അവരുടെ സ്വപ്നം മറ്റൊന്നായിരുന്നെങ്കിലും ആരും എതിര്‍ത്തില്ല; എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. എനിക്ക് ലഭിച്ച ദൈവവിളിയെ സംബന്ധിച്ച് പറയുമ്പോള്‍ 1കോറിന്തോസ് 1/26-29 വചനങ്ങളാണ് ഓര്മ വരിക: ”സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍. ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര് അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാന്‍വേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.” അതിന്റെ കാരണവും തുടര്‍ന്നുള്ള വചനത്തില്‍ പറയുന്നു, ”ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്.” അങ്ങനെ കര്‍ത്താവിന്റെ തിരഞ്ഞെടുപ്പ് മുഖാന്തിരം 31-ാം വയസില്‍ ഞാന്‍ വൈദികവിദ്യാര്‍ത്ഥിയായി. 2024 ഏപ്രില്‍ പത്തിന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് വൈദികനായി ജീവിക്കുമ്പോള്‍ തിരുപ്പട്ടസ്വീകരണദിനത്തില് പറഞ്ഞ തിരുവചനം ആവര്‍ത്തിക്കാനാണ് എനിക്കിഷ്ടം. ”അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നുകിട്ടിയിരിക്കുന്നത്; വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 16/6).
By: ഫാ. ലിജോ വര്‍ഗീസ് പതിപ്പറമ്പന്
Moreമെക്സിക്കന്‍ സംസ്ഥാനമായ ജാലിസ്കോയിലെ സപ്പോപാന്‍ നഗരത്തിലെ ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില്‍ ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്റെ ചിത്രത്തിന് മുന്നില്‍ എല്ലാ ബുധനാഴ്ചയും ആയിരങ്ങള്‍ പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു. ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്റെ ലക്ഷ്യം. ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പലരും ജപമാലയില്‍ പങ്കുചേരുന്നു. ദൈവത്തിന്റെ വിളിയോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ ഷോപ്പിംഗ് സെന്റര്‍ പിന്തുണയ്ക്കുമെന്ന് ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്റെ കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ഡയാന ഗാര്‍സിയ വ്യക്തമാക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്ററാണ് തങ്ങളുടേത്. തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാര്‍സിയ പറയുന്നു. ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച ദൈവമാതൃദര്ശനത്തിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.
By: Shalom Tidings
More