Trending Articles
നമ്മള് പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്?
എന്റെ മൂന്നുവയസുള്ള പേരക്കുട്ടിയുമായിട്ടാണ് ഒഴിവുസമയങ്ങളിലെ വിനോദം. മാസത്തില്‍ രണ്ടാഴ്ചയാണ് എനിക്ക് ജോലിയുണ്ടാവുക. ജോലിസ്ഥലത്ത് ആയിരിക്കുമ്പോഴും എനിക്ക് യഥാര്‍ത്ഥത്തില്‍ ‘മിസ്’ ചെയ്യുന്നത് ഈ പേരക്കുട്ടിയുടെ സാന്നിധ്യമാണ്. പോകുമ്പോള്‍ കുഞ്ഞിനോട് പറയുന്നത് ഗ്രാന്റ് ഫാദര്‍ വരുമ്പോള്‍ മോള്‍ക്ക് ഇഷ്ടപ്പെട്ട ടോയ്സും ചോക്ലേറ്റ്സും വാങ്ങിക്കൊണ്ടുവരാമെന്നാണ്. എന്നാല്‍ കഴിഞ്ഞ മാസം ജോലിക്ക് പോകുന്നതിന് മുമ്പ് ചോദിച്ചു, “ഇത്തവണ പോയിട്ടു വരുമ്പോള്‍ എന്താണ് കൊണ്ടുവരേണ്ടത്?” എന്റെ തോളിലിരുന്ന അവള് എന്നെ കുറച്ചുനേരം നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു, “എനിക്ക് ടോയ്സും ചോക്ലേറ്റ്സും ഒന്നുംവേണ്ട. ഗ്രാന്റ്പാ പോകണ്ട, അതുമതി.”
അതുകേട്ട് കുഞ്ഞുമോള്‍ക്ക് ഉമ്മയും നല്കി ഉറക്കാനായി മകളെ ഏല്പിക്കുമ്പോള് ഞാന്‍ മനസില്‍ ചിന്തിച്ചത് ഇതാണ് – എത്ര വേഗമാണ് കുഞ്ഞുമനസ് സത്യം തിരിച്ചറിഞ്ഞത്.
ദാവീദ് തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. “ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്മുമ്പില് ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലതുവശത്തുണ്ട്” (അപ്പസ്തോല പ്രവര്‍ത്തനം 2/25). എന്നാല്‍, ദാവീദിനെപ്പറ്റി ദൈവം പറയുന്നത് ‘എന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍’ എന്നാണ്. 40 വര്‍ഷക്കാലം ജറുസലേമില്‍ രാജാവായി ഇരിക്കുവാന് ദാവീദിനെ സഹായിച്ചത് ദൈവികസാന്നിധ്യം എപ്പോഴും അനുഭവിച്ച തുകൊണ്ടാണ്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2/28-ല്‍ ഉദ്ധരിച്ചിരിക്കുന്ന ദാവീദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, “ജീവന്റെ വഴികള്‍ അവിടുന്ന് എനിക്ക് കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.”
കര്‍ത്താവ് നമ്മുടെ ഹൃദയം പരിശോധിക്കുന്നു. നമ്മള് പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്? എന്തിനാണ്? യേശു ജനക്കൂട്ടത്തോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിക്കുന്നത് എന്ന് (യോഹന്നാന് 6). ഈ ചോദ്യം ഇന്ന് വളരെ പ്രസക്തമാണ്.
സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോഴാണ് കുട്ടി അറിയുന്നത് അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന്. പക്ഷേ അമ്മ ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പേതന്നെ വൈകുന്നേരം കാപ്പിയും ഇഷ്ടപ്പെട്ട പലഹാരങ്ങളും തന്റെ കുട്ടിക്കുവേണ്ടി ഒരുക്കിവച്ചിട്ടാണ് പോയത്. ആ കുട്ടിക്ക് സ്കൂളില്‍നിന്ന് വരുമ്പോള്‍ വിശപ്പും ദാഹവും ഉണ്ടായിരുന്നു. എന്നാല്‍ അമ്മയെ കാണുവാനുള്ള വിശപ്പും ദാഹവും അതിലേറെ ആയിരുന്നതിനാല്‍ ആ കുട്ടി ആശുപത്രിയില്‍ ചെന്ന് അമ്മയെ കണ്ടു, കൂടെയിരുന്നു. അമ്മ നല്കുന്നവയല്ല അമ്മയെ അന്വേഷിച്ചു കണ്ടെത്തിയപ്പോഴാണ് കുട്ടിയുടെ മനസും ഹൃദയവും ശാന്തമായത്.
നമുക്കും ദാനങ്ങളെക്കാളുപരി ദാതാവിനെ സ്നേഹിക്കാം. സങ്കീര്‍ത്തകനോടുചേര്‍ന്ന് പാടാം, “നീര്ച്ചാല് തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു” (സങ്കീര്‍ത്തനങ്ങള്‍ 42/1).
PJ Joseph Edappally
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreകടല്ക്കരയില് എന്നും ഒരു ബലൂണ്വില്പനക്കാരന് എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും. ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, "കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ പറക്കുമോ?" ബലൂണ്വില്പനക്കാരന് കൗതുകമായി. "അതെന്താ കുട്ടീ, അങ്ങനെ ചോദിച്ചത്?" "എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരന് ഉണ്ടാക്കിക്കൊണ്ടുവന്ന പട്ടം അവനെപ്പോലെ കറുത്തതാണ്; അത് പറത്താന്‍ കഴിയില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞല്ലോ. അവര്‍ അവനെ ഞങ്ങള്‍ക്കൊപ്പം പട്ടം പറത്താന്‍ കൂട്ടിയുമില്ല." അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനര്‍ത്ഥം വില്പനക്കാരന് മനസിലായി. അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു, "ബലൂണിന്റെ നിറം ഏതായാലും പ്രശ്നമില്ല, ഉള്ളില്‍ നിറച്ച ഹീലിയമാണ് മോനേ, ബലൂണിനെ പറത്തുന്നത്. നിന്റെ കൂട്ടുകാരന് നല്ല കുട്ടിയായി വളര്‍ന്നാല്‍മതി. അവനെ ദൈവം ഉയര്‍ത്തിക്കൊള്ളും. പിന്നെ ആര്‍ക്കും അവനെ കളിയാക്കാനാവില്ല." അതുകേട്ട് ഒരു കറുത്ത ബലൂണും വാങ്ങി സന്തോഷത്തോടെ ആ കുട്ടി തിരികെപ്പോയി. "ലജ്ജിതരായതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും. അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും" (ഏശയ്യാ 61/7)
By: Shalom Tidings
Moreഈവര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, "അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല" (യോഹന്നാന് 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. "ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ" എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതിന്റെ രണ്ടാം ദിവസം ഒരാള്‍ മഠത്തില്‍ വന്നു പറഞ്ഞു, "കുഴല്‍കിണറിന് യന്ത്രം ഉപയോഗിച്ച് സ്ഥാനം കാണുന്നവര്‍ ഈ പ്രദേശത്ത് വരുന്നുണ്ട്. ഈ വര്‍ഷം കിണര്‍ കുഴിക്കുന്നില്ലെങ്കിലും സ്ഥാനം കണ്ടുവയ്ക്കുന്നത് നല്ലതായിരിക്കും." അന്നുരാത്രി ഞങ്ങളുടെ പറമ്പില്‍ രണ്ട് സ്ഥലത്ത് വെള്ളമുള്ളതായി ഞാന്‍ സ്വപ്നം കണ്ടു. പിറ്റേന്ന് അതിലൊരു സ്ഥലത്തുതന്നെ കുഴല്‍കിണറിന് സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. എങ്കിലും മഴക്കാലം അടുത്തുവരുന്നതുകൊണ്ടും അടുത്തുള്ള മഠത്തില്‍ കുഴല്‍കിണര്‍ കുത്തിയിട്ട് വെള്ളം ലഭിക്കാത്തതുകൊണ്ടും ആ സമയത്ത് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിക്കുക എന്നത് അല്പം ക്ലേശകരമായ കാര്യമായിരുന്നു. എന്തായാലും ദൈവത്തില്‍ ആശ്രയിച്ച് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ 29-ന് രാവിലെ എട്ടുമണിക്കാണ് കിണര്‍പണി ആരംഭിക്കുന്നത്. വെള്ളമില്ലാത്തപ്പോള്‍ സ്തുതിച്ച് പ്രാര്ത്ഥിച്ചാല്മതിയെന്ന ഞങ്ങളുടെ സ്ഥാപകപിതാവ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ വാക്കുകള്‍ അനുസരിച്ച്, കിണറിന് സ്ഥാനം കണ്ടിരുന്നിടത്ത് അന്ന് അതിരാവിലെ പോയി സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം എട്ടുമണിക്കുതന്നെ കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. അവരിലൊരാള്‍ പറഞ്ഞു, "സിസ്റ്ററേ, ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോ നാലോ കിണറുകള്‍ കുഴിച്ചു. എവിടെയും വെള്ളം കിട്ടിയില്ല. ഇവിടെയും സാധ്യതയില്ല." അതുകേട്ട് ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, "ഇത് ദൈവത്തിന്റെ ഭവനമാണ്. അതുകൊണ്ട് ദൈവം വെള്ളം തരും. ദയവായി പണി തുടങ്ങണം." അങ്ങനെ അവര്‍ പണി ആരംഭിച്ചു. ഈ സമയം ഞാന്‍ പ്രാര്‍ത്ഥിച്ചു, "വെള്ളം ലഭിച്ചാല്‍ ദൈവമഹത്വത്തിനായി ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം." അതോടൊപ്പം, "അമ്മേ, മാതാവേ, വെള്ളത്തിന്റെ കാര്യം ഈശോയെ ഓര്‍മ്മിപ്പിക്കണമേ" എന്ന യാചനയും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 50 അടി ആയപ്പോള്‍ പാറ കണ്ടു. അതിനാല്‍ പൈപ്പ് ഇറക്കി. 135 അടി ആയപ്പോള്‍ വെള്ളം കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് അത്ഭുതമായിരുന്നു. 200 അടി ആയപ്പോഴേക്കും സമൃദ്ധമായി വെള്ളം ലഭിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. നിലവിലുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുതന്നെയായിരുന്നു പുതിയ കുഴല്‍കിണര്‍. ഈശോ കാണിച്ച കരുണയും സ്നേഹവും അവിടുത്തെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തുന്നു.
By: Sr Sherly Mathew M.S.M.I
Moreഎപ്പോഴും പ്രാര്‍ത്ഥിക്കണമെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു എന്ന് പഴി കേട്ട വീട്ടമ്മ അടുക്കളയില്‍ പുണ്യം അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍... പാചകം ഒരു കലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദിവസവും നേരിടേണ്ട ഒരു യുദ്ധം ആയിട്ടാണ് ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി വായിലൂടെയാണ് എന്ന പഴമൊഴി ഉണ്ടല്ലോ! പക്ഷേ അതിന്റെ മറുവശമാണ് എന്റെ ജീവിതത്തില്‍ സത്യമായിക്കൊണ്ടിരുന്നത്. പഠനശേഷമുള്ള പരിശീലനത്തിന്റെ കാലത്തായിരുന്നു വിവാഹം. അതിനാല്‍ത്തന്നെ അടുക്കള എന്നത് ആദ്യനാളുകളില്‍ എന്റെ പരീക്ഷണശാല ആയിരുന്നു. ഭര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച് ചെയ്ത പാചക പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. അതോടൊപ്പം ചില പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടിയും വന്നു. ഇതൊന്നും കൂടാതെ ദീര്‍ഘനേരം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ശാരീരികമായ ചില അസ്വസ്ഥതകള്‍ എനിക്കുണ്ടായിരുന്നു. അക്കാരണംനിമിത്തം പാചകവും അതിനെക്കാളുപരി പാചകശേഷമുള്ള ശുചീകരണങ്ങളും വലിയ ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടാന്‍ തുടങ്ങി. സ്വതേ മന്ദഗതിക്കാരിയായ ഞാന്‍ പിന്നീടങ്ങോട്ട് സമയത്ത് കടമ തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള അടുക്കള അഭ്യാസങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ജോലിസമയം കഴിഞ്ഞുള്ള സമയത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന ഒരു വില്ലന്‍ ആയിട്ടാണ് അടുക്കളപ്പണിയെ ഞാന്‍ വീക്ഷിച്ചത്. പ്രാര്‍ത്ഥിക്കാനോ വായിക്കാനോ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനോ കഴിയാത്തതിന്റെ വിതുമ്പലും എന്റെയുള്ളില്‍ ഉണ്ടായിരുന്നു. എന്റെ ഈശോയെ വിട്ട് ഈ ലോകത്തിന്റെ പിടിയിലമര്‍ന്നോ എന്ന് വേദനിച്ച നാളുകള്‍.... ഈ ചിന്ത പങ്കു വയ്ക്കുമ്പോള്‍ 'എപ്പോഴും പ്രാര്‍ത്ഥനയുമായി നടക്കണമായിരുന്നെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു' എന്ന് പറഞ്ഞവരെ തെറ്റ് പറയാനുമില്ലല്ലോ! കോളേജില്‍ എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കുകയും ആഴ്ചയില്‍ രണ്ട് പ്രെയര്‍ ഗ്രൂപ്പുകളില്‍ പങ്കെടുക്കുകയും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി മറ്റിടങ്ങളിലേക്ക് യാത്രകള്‍ ചെയ്യുകയും ഒക്കെ ചെയ്ത നാളുകള്‍ എന്റെയുള്ളില്‍ നഷ്ടബോധത്തോടെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഞാനിപ്പോള്‍ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലല്ലോ, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കുറച്ചു സമയം പ്രാര്‍ത്ഥിക്കാന്‍ പോലും ആവുന്നില്ലല്ലോ എന്നൊക്കെ ഉള്ളില്‍ വിങ്ങി നടന്ന നാളുകളായിരുന്നു അവ. സോഷ്യല്‍ മീഡിയകളിലൂടെ കുറച്ചു മെസേജുകള്‍ ഒക്കെ തയാറാക്കി അയക്കുമായിരുന്നു. എങ്കിലും അത് എപ്പോഴും ദൈവഹിതത്തിന് അനുരൂപമായിട്ടാണോ ചെയ്തിരുന്നത് എന്ന് സംശയം തോന്നിയിരുന്നു. ആ സമയത്ത് ഒരു ഓണ്‍ലൈന്‍ പ്രയര്‍ഗ്രൂപ്പിലൂടെ സ്വര്‍ഗം എന്റെ പരിഭവങ്ങള്‍ പരിഹരിക്കാനായി കനിവോടെ ഇടപെട്ടു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ക്രമമായി സങ്കീര്‍ത്തന ആരാധന നടത്തുന്ന Psalms Adoration Group UAEയില്‍ ഞാനും അംഗമായതോടെയാണ് അത് ആരംഭിച്ചത്. ഇതോടൊപ്പം സങ്കീര്‍ത്തന ആരാധന കൂടാതെ ആത്മവിശുദ്ധിക്കായുള്ള അവരുടെ മറ്റ് ഗ്രൂപ്പുകളിലും ഞാന്‍ പങ്കാളിയായി. അവിടെയായിരുന്നു ഫാസ്റ്റിംഗ് ക്ലബ്, വിമലഹൃദയപ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങള്‍ ആഘോഷമായി നടത്തപ്പെടുന്നത്. ഇവിടെ ഈശോയുടെ സഹനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസം മാത്രമല്ല, പുണ്യങ്ങള്‍ അഭ്യസിപ്പിക്കല് (Virtue Training), ICU എന്ന ഇന്റെന്‍സീവ് ക്ലെന്‍സിങ് യൂണിറ്റ്, സാത്താനെ തോല്പിക്കല്, വചന വിചിന്തനങ്ങള്‍, ജപമാല നദി, കരുണക്കടല്‍ എന്ന് തുടങ്ങി എന്നും എല്ലായ്പോഴും കര്‍ത്താവിനോടു ചേര്‍ന്ന് നില്‍ക്കാനും ഒക്കെ ഞങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. "ഏത് അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്ത് നിലനില്ക്കുവിന്" (1 കോറിന്തോസ് 7/24). പുണ്യങ്ങള്‍ അഭ്യസിപ്പിക്കുന്നതിലൂടെ ജീവനുള്ള നന്മപ്രവൃത്തികള് ചെയ്യാനും ഞങ്ങളെ ഒരുക്കിയിരുന്നു. അങ്ങനെ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് നാം ചെയ്ത പുണ്യങ്ങള്‍ എണ്ണിയെടുത്ത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നു എന്ന് അതാത് ഗ്രൂപ്പുകളില്‍ ടൈപ്പ് ചെയ്ത് അയക്കുന്ന പതിവുമുണ്ട്. അനുദിനജീവിതത്തിലെ മാറ്റം ഗ്രൂപ്പില്‍ നല്‍കിയിരുന്ന ക്ലാസുകള്‍ കേട്ടപ്പോള്‍ അനുദിന ജീവിതത്തോടുള്ള മനോഭാവത്തിലും ആത്മീയ ജീവിതത്തെക്കുറിച്ചുള്ള ധാരണകളിലും വിപ്ലവാത്മകമായ ഒരു മാറ്റം വരേണ്ടതുണ്ട് എന്നെനിക്ക് ബോധ്യമായി. പുണ്യങ്ങളെക്കുറിച്ചുള്ള ധാരണയ്ക്കും മാറ്റം വന്നു. വീരോചിതമായ രീതിയില്‍ ചെയ്ത ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും പ്രവൃത്തികളെമാത്രമേ പുണ്യങ്ങള്‍ എന്ന് വിളിക്കാനാവൂ എന്നായിരുന്നു അതുവരെ എന്റെ ധാരണ. അതെല്ലാം വിശുദ്ധപദവിയില്‍ എത്തിയവര്‍ക്ക് മാത്രമേ സമ്പാദിക്കാനായിട്ടുള്ളൂ എന്നും... എന്നാല്‍ അങ്ങനെയല്ല, നമ്മള് ദൈവതിരുമനസിനൊത്തവിധം ചെയ്യുന്ന എല്ലാ പ്രവൃത്തികളും വാക്കുകളും, ചിന്തകള്‍ പോലും, ദൈവസ്നേഹത്തെപ്രതി നിര്‍വഹിക്കുമ്പോള്‍ അവയെല്ലാം പുണ്യങ്ങളായി മാറുന്നു എന്ന് ക്ലാസുകളിലൂടെ ബോധ്യമായി. പക്ഷേ നാം അപൂര്‍ണരായതിനാല്‍ നമ്മുടേതായതെല്ലാം അപൂര്‍ണമായിരിക്കും. അവയെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ നല്കുമ്പോള് അമ്മ അവയെ മനോഹരമാക്കിയാണ് ദൈവത്തിനു നല്‍കുക. സ്നേഹത്തിന്റെ പര്യായമായ ദൈവത്തിന്റെ പിതൃഹൃദയം അവയെ ആര്‍ദ്രതയോടെ കൈക്കൊള്ളുന്നു. അങ്ങനെ തങ്ങളുടെ സാധാരണ ജീവിതത്തെ, ഉന്നതമായ ദൈവസ്നേഹം കൊണ്ട് വിശുദ്ധീകരിച്ച് ദൈവത്തിന് സന്തോഷം നല്കുന്ന വ്യക്തികളുടെ സാക്ഷ്യങ്ങളും സ്ഥിരതയും എനിക്ക് പ്രചോദനം പകര്‍ന്നു. മദര്‍ തെരേസ പറഞ്ഞത് പോലെ ചെറിയ പ്രവൃത്തികളിലെ വലിയ സ്നേഹം കൊണ്ട് നമുക്ക് ദൈവത്തെ സന്തോഷിപ്പിക്കാനാവും എന്ന ചിന്ത എന്നിലും വെളിച്ചമായി. എല്ലാം കര്‍ത്താവിനോടൊപ്പം ചെയ്യാന്‍... സാധാരണ നമ്മുടെ മിക്ക പ്രവൃത്തികളുടെയും വാക്കുകളുടെയും ചിന്തകളുടെയും ഉറവിടം ദൈവസ്നേഹമോ പരസ്നേഹമോ അല്ല മറിച്ച് സ്വയംസ്നേഹമാണ് അല്ലെങ്കില്‍ മറ്റു സൃഷ്ടികളോടുള്ള സ്വാര്‍ത്ഥത നിറഞ്ഞ സ്നേഹമാണ്. അവയുടെ ലക്ഷ്യമോ മിക്കപ്പോഴും ദൈവമഹത്വവുമല്ല, നമ്മുടെ അഹത്തിനും ജഡത്തിനും ലഭിക്കുന്ന സംതൃപ്തിയും ലോകത്തിന്റെ പ്രശംസയുമാണ്. അതായത്, നമ്മുടെ അനുദിനജീവിതത്തില്‍ നാം നിര്‍വഹിക്കുന്ന ഏറെക്കാര്യങ്ങളും സ്വര്‍ഗോന്‍മുഖമല്ല. കൂടാതെ, ഫരിസേയരോട് ഈശോ പറഞ്ഞതുപോലെ, അതിനുള്ള പ്രതിഫലമായ മനുഷ്യപ്രീതി ഈ ലോകത്തുവച്ച് ലഭിച്ചും കഴിഞ്ഞു. ദൈവപ്രീതി നേടുന്നതിനായിട്ടല്ലല്ലോ നാം അവയൊന്നും ചെയ്തത്? പൗലോസ് ശ്ലീഹ പറയുന്ന വയ്ക്കോല്പോലെ കത്തിപ്പോകുന്ന നിര്‍ജീവ പ്രവൃത്തികള്‍! (1 കോറിന്തോസ് 3/12-15). എന്നാല്‍, 'ദൈവത്തെപ്രതിമാത്രം' എന്ന ശുദ്ധ നിയോഗത്തോടെ എല്ലാം നിര്‍വഹിക്കുമ്പോള്‍ നമ്മിലും വലിയ അളവില്‍ വിശുദ്ധീകരണം സംഭവിക്കുന്നു എന്നു ഞാന്‍ മനസിലാക്കി. കാരണം നമ്മുടെ എല്ലാ കര്‍മങ്ങളിലും മറ്റുള്ളവര്‍ക്ക് ഉളവാകുന്ന പ്രീതി- അപ്രീതികള്‍ക്കനുസരിച്ചാണ് നാം സന്തോഷിക്കുന്നത് അല്ലെങ്കില്‍ സങ്കടപ്പെടുന്നത്. എന്നാല്‍ എല്ലാം ദൈവത്തെ പ്രതി ഈശോയില്‍ ആയിരുന്നു കൊണ്ട് ചെയ്യുമ്പോള്‍ സൃഷ്ടികളുടെ പ്രതികരണമോ, അതിലെ ജയപരാജയങ്ങളോ നമ്മെ അലോസരപ്പെടുത്തുകയില്ല. എന്തു ചെയ്യുമ്പോഴും എപ്പോഴും കര്‍ത്താവുമായി ചേര്‍ന്നിരിക്കാനും സാധിക്കുന്നു! പിതാവിന്റെ ഇഷ്ടത്തിനനുസരിച്ചു പുത്രനില്‍ വസിച്ച് എന്റെ ആത്മാവ് പരിശുദ്ധാത്മാവില്‍നിന്നും ശക്തി സ്വീകരിച്ച്; എന്റെ കുടുംബാംഗങ്ങള്‍ക്കായി അധ്വാനിക്കുമ്പോള്‍ അതിനുള്ള പ്രതിഫലം എനിക്ക് ലഭിക്കുന്നത് സ്വര്‍ഗത്തില്‍നിന്നാണ്. കാരണം സ്വര്‍ഗീയപിതാവിന്റെ മക്കളായി എനിക്ക് ഉത്തരവാദിത്വത്തോടെ ഏല്പിച്ചു തന്നവരാണ് ജീവിതപങ്കാളിയും മക്കളും മറ്റു കുടുംബാംഗങ്ങളുമെല്ലാം. എന്നെ നേടാന്‍ വന്ന ഈശോയുടെ സ്വപ്നം പൂവണിയുന്ന ഓരോ നിമിഷവും, സ്വര്‍ഗീയ പിതാവിന്റെ ഹൃദയം എത്രമാത്രം സന്തോഷിക്കുന്നു? എന്നില്‍ വസിക്കുന്ന എന്റെ സഹായകനായ പരിശുദ്ധാത്മാവിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ ആ ഹൃദയത്തുടിപ്പ് ഞാന്‍ അറിയാറുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാനായി എന്റെ അടുക്കളയും എന്റെ ജോലി സ്ഥലവും അങ്ങനെ ഞാന്‍ ധൃതിപിടിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ ഹിതം ചെയ്യുന്നതിലൂടെ, സാത്താന് എന്നില്‍ നിക്ഷേപിച്ച എന്റെ ഇഷ്ടം ചെയ്യുക എന്ന 'അഹം' എന്നില്‍ ആടി ഉലയാന്‍ ആരംഭിച്ചു. ഒപ്പം കോപവും മറ്റു മൂല പാപങ്ങളും തകരാനും തുടങ്ങി. ഇതൊക്കെ കണ്ട് സാത്താന് ഏഴ് ദുഷ്ടാരൂപികളെക്കൂടി കൂട്ടി അതിശക്തമായി രംഗത്തുണ്ട് എന്നുള്ളത് പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും വീണു പോകാറുമുണ്ട്. പക്ഷേ അപ്പോഴേക്കും പുതിയ തലങ്ങളിലേക്ക് കുമ്പസാരത്തിലൂടെയും പരിശുദ്ധ കുര്‍ബാനയിലൂടെയും ഗ്രൂപ്പിലെ ക്ലാസ്സുകളിലൂടെയും ഈശോ ഞങ്ങളെ എല്ലാവരെയും കൈപിടിച്ച് ഉയര്‍ത്തുന്നു. ഇഹലോകജീവിതം അസ്തമിക്കുന്നതുവരെയും ഈ സമരം തുടരും എന്നും, അവസാനം വരെ ഈ യുദ്ധം തുടരുന്നവര്‍ വിജയിക്കും എന്നുമുള്ള നാഥന്റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ട്, ദിനം തോറും മുന്നോട്ട് പോവുകയാണ്... ഈയിടെ കേട്ട പാട്ടിലെ ഈരടികള്‍ പോലെ... സ്നേഹമേ, എന്നില്‍ നീ വസിക്കൂ, ഞാന്‍ നിന്നിലാകുവാന്‍.. നീ എന്നിലാകുവാന്‍...
By: Dr. Annamol Varghese
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: ജോര്‍ജ് ജോസഫ്
Moreസഹനങ്ങളെ വ്യത്യസ്തമായി നേരിടാന്‍ ഈശോ പറഞ്ഞുകൊടുത്ത രഹസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്‍വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ എനിക്ക് ഒരു അനുഭവം ഉണ്ടായി. എന്നെ ആരോ ഒരു കുന്നിന്ചെരുവില് കൊണ്ടുപോയി നിര്‍ത്തി. ഒരു മിന്നല്‍പോലെയാണ് അവിടെയെത്തിച്ചത്. മുന്നില്‍ ഒരു വഴിയുണ്ട്. ആ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെകൂടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു, പക്ഷേ ആളെ കാണാനാകുന്നില്ല. കുന്നിന്‍ചെരുവിലേക്ക് നോക്കിയപ്പോള്‍ കുറെയധികം കുരിശുകള്‍ നാട്ടിയിരിക്കുന്നു. അവയിലെല്ലാം ഓരോ വ്യക്തികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഒരു കുരിശ് ചൂണ്ടിക്കാണിച്ച് ഉറച്ച ഒരു സ്വരം ഇങ്ങനെ പറഞ്ഞു, "അത് നീയാണ്!" ഞാന്‍ നോക്കി, അവിടെ മുഴുവന്‍ കുരിശില്‍ തൂങ്ങപ്പെട്ടവരാണ്. ഏറ്റവും മുന്നില്‍ ഒരു വലിയ കുരിശുണ്ട്. അതിന്റെ വശങ്ങളിലും പിറകിലുമായാണ് ക്രൂശിതര്‍ കിടക്കുന്നത്. അനക്കമൊന്നുമില്ല. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ആ സ്വരം അത്ര ഗാംഭീര്യമുള്ളതായിരുന്നു. പിറ്റേന്ന് കുട്ടികളെല്ലാം സ്കൂളില്‍ പോയപ്പോള്‍ ഈ സംഭവം വീണ്ടും മനസില്‍ പൊങ്ങിവന്നു. വീട്ടില്‍ മറ്റാരുമില്ല. മൂന്നരവരെ സര്‍വത്ര നിശബ്ദതയാണ്. പലപ്പോഴും ഈശോയോട് സംസാരിക്കുന്നത് വീട്ടുപണികള്‍ക്കിടയിലുള്ള ആ സമയത്താണ്. ഈശോയ്ക്കും അതാണ് ഇഷ്ടമെന്ന് തോന്നാറുണ്ട്. ഈ സംഭവം മനസില്‍ വന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു, "സമാധാനമായി, എന്തായാലും കുരിശിലാണല്ലോ കിടക്കുന്നത്. പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ആരും കൊലപാതകിയോ മോഷ്ടാവോ ആയിട്ടല്ല നന്മ ചെയ്തിട്ടാണ് ദുരിതമനുഭവിക്കുന്നതെങ്കില്‍ അത് ദൈവാനുഗ്രഹത്തിന് കാരണമാകും എന്നല്ലേ." അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഈശോയോടൊപ്പമാണല്ലോ ക്രൂശിക്കപ്പെട്ടിരിക്കുന്നത്. ആ സന്തോഷവും സമാധാനവും അധികനേരം നീണ്ടുനിന്നില്ല. ഈശോ എന്നോട് ചോദിച്ചു, "നീ ഏത് വശത്താണ് കിടക്കുന്നത്? ഇപ്പോള്‍ നിന്റെ കുരിശിലെ കിടപ്പ് എങ്ങനെയാണ്?" അതുകേട്ട് ഞാനൊന്ന് ആലോചിച്ചുനോക്കി, "ഇപ്പോഴത്തെ എന്റെ കിടപ്പ് അതിഭീകരമാണ്. ശപിച്ചും ശകാരിച്ചും നിന്ദിച്ചും കുറ്റപ്പെടുത്തിയുമാണ് ഞാന്‍ കിടക്കുന്നത്. കഴുകനോ മലങ്കാക്കകള്‍ക്കോപോലും എന്റെയടുത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അവപോലും പേടിച്ചോടും. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഈ കിടപ്പ് അധികനേരം കിടന്നാല്‍ പടയാളികള്‍ വന്ന് എന്റെ കണങ്കാല് തകര്‍ത്തുകളയും, പെട്ടെന്ന് മരിച്ച് എന്റെ ശല്യമൊഴിയാന്‍. അതിനുമുമ്പ് വശം മാറണം. അതുകൊണ്ട് ഞാന്‍ ചോദിച്ചു, "ഈശോയേ, ഞാനെന്ത് ചെയ്യണം?" ഈശോ പറഞ്ഞു, "നീ സഹനങ്ങളെല്ലാം എന്റെ കൈയില്‍നിന്ന് സ്വീകരിക്കണം. എല്ലാ സഹനങ്ങളും ഞാന്‍ നിനക്ക് തന്നതല്ല. വചനം അറിയാത്തതുമൂലം നീ എടുത്ത തെറ്റായ തീരുമാനങ്ങളും തിന്മയുടെസ്വാധീനത്താല്‍ ചെയ്ത പാപങ്ങളുമൊക്കെയുണ്ട് നിന്റെ ഈ കിടപ്പിനുപിന്നില്‍. നിന്നെത്തന്നെ വിശുദ്ധീകരിക്കാന്‍ തയാറാവുക. എന്റെ വീഴ്ചക്ക് കാരണം കര്‍ത്താവാണെന്നോ മറ്റാരെങ്കിലും ആണെന്നോ നീ പറയരുത്. നിന്റെ മുമ്പില്‍ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. യോഹന്നാന്റെ സുവിശേഷത്തില്‍ എന്റെ പ്രാര്‍ത്ഥന നീ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിച്ചു. നിന്റെ ജീവിതപങ്കാളിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, നീ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നിന്റെ സഹനങ്ങള്‍ എന്റെ കുരിശിലെ ബലിയോട് ചേര്‍ത്തുവച്ച് നിന്നെ ഏല്‍പ്പിച്ചവര്‍ക്ക് ജീവന് പകരുക. അപ്പോള്‍ നീ തലമുറകളുടെ കേടുപോക്കുന്നവള്‍(ഏശയ്യാ 58/12) എന്ന് വിളിക്കപ്പെടും. അല്ലാതെ നീ സഹനത്തിന്റെ കാരണക്കാരെ ശപിക്കരുത്. നീ ഇപ്പോള്‍ കിടക്കുന്നത് എന്റെ ഇടതുവശത്താണ്, അവിടെനിന്നും മാറി എന്റെ വലതുവശത്തേക്ക് വരുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിന്റെ ഞെരുക്കങ്ങള്‍ ഞാനറിയുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. അല്പകാലത്തെ സഹനത്തിനുശേഷം ഞാന്‍ നിന്നെ സ്ഥിരീകരിക്കും." ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവിടുന്ന് എനിക്ക് തന്നത്. എന്നോട് ആവശ്യപ്പെടുന്നത് ഇടതുഭാഗത്തെ കള്ളന്റെ സ്ഥാനത്തുനിന്ന് വലതുഭാഗത്തെ കള്ളന്റെ സ്ഥാനത്തേക്കുള്ള മാറ്റമാണ്. അതാണ് മാനസാന്തരം. അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് എളിമയോടെയും അനുതാപത്തോടെയും മുന്നോട്ടുപോകാനുള്ള ആഗ്രഹത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക" (ഏശയ്യാ 66/2).
By: Lisa Denny
More'ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!'ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല് മുള്‍ച്ചെടികളുണ്ട്...' തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തില്‍ 1206ല്‍, ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവന്. മറ്റുള്ളവര്‍ പ്രകൃതിയെപ്പറ്റി പഠിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ആല്‍ബര്‍ട്ട് പ്രകൃതിയെത്തന്നെ വായിച്ചു. അവന്റെ പ്രദേശത്തുള്ള പക്ഷികളെപ്പറ്റി അവന് എഴുതി. ഡാന്യൂബ് നദിയിലെ മത്സ്യങ്ങളുടെ സഞ്ചാരമാര്‍ഗം നിരീക്ഷിച്ചറിഞ്ഞു. ശ്രമകരമായ നിരീക്ഷണപാടവവും പരീക്ഷണങ്ങളും പ്രകൃതിശാസ്ത്രത്തെക്കുറിച്ച് അവന് ആഴത്തിലുള്ള അറിവാണ് നല്‍കിയത്. ഈ അറിവുവച്ച് പല കാര്യങ്ങളും അവന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു അത്ഭുതമായിത്തോന്നിയതിനാല് പലരും അവനെ ഒരു ജാലവിദ്യക്കാരന് എന്ന് വിളിച്ചു. ആല്‍ബര്‍ട്ട് വസ്തുതകള്‍ ശേഖരിക്കുന്നത് ഒരു അന്വേഷണത്തിനുള്ള തുടക്കം മാത്രമായിരുന്നു. ലഭിച്ച വസ്തുതകള്‍ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ആ സംയോജനം അതുപോലുള്ള വേറെ കുറെ സാധ്യതകളിലേക്ക് വഴി തുറക്കും. അതിലെല്ലാം പരീക്ഷണങ്ങള്‍ നടത്തി ശരിയായിട്ടുള്ള കാരണം കണ്ടെത്തി ഉപസംഹരിക്കണം. അങ്ങനെ, ആല്‍ബര്‍ട്ട് മദ്ധ്യകാലഘട്ടത്തിലെ ആളുകളുടെ ശാസ്ത്രപരമായ അറിവ് വര്‍ദ്ധിക്കാനും അഭിവൃദ്ധിപ്പെടാനും കാരണമായി. റോജര്‍ ബേക്കണിനൊപ്പം ആല്‍ബര്‍ട്ടും പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു. പാദുവയിലെ യൂണിവേഴ്സിറ്റിയാണ് ആല്‍ബര്‍ട്ട് പഠനത്തിനായി തിരഞ്ഞെടുത്തത്. പ്രകൃതിയെ കുറിച്ചുള്ള വിശദമായ അവന്റെ നിരീക്ഷണങ്ങള്‍ വഴി, സൃഷ്ടികളുടെ രഹസ്യാത്മകത മാത്രമല്ല സ്രഷ്ടാവിന്റെ മഹത്വവും ആല്‍ബര്‍ട്ടിന് വെളിപ്പെട്ടു കിട്ടി. അറിവിനോടൊപ്പമുണ്ടായിരുന്ന ദൃഢമായ ഭക്തി, ക്രൈസ്തവവിശ്വാസത്തെ കൂടുതല്‍ തുറവിയോടെയും തീവ്രമായും പിഞ്ചെല്ലാന്‍ അവനെ സഹായിച്ചു. പാദുവയില്‍ അപ്പോള്‍ സ്ഥാപിതമായിരുന്ന ഡൊമിനിക്കന്‍ ചാപ്പലായ സാന്താ മരിയ ഡെല്ലെ ഗ്രാസിയെ (ഒീഹ്യ ങമൃ്യ ീള ഏൃമരലെ) അവന് കൂടെക്കൂടെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവിടെ ഡൊമിനിക്കന്‍സിന്റെ രണ്ടാം മാസ്റ്റര്‍ ജനറല്‍ ആയിരുന്ന സാക്സണിയിലെ വാഴ്ത്തപ്പെട്ട ജോര്‍ഡനിന്റെ പ്രഭാഷണങ്ങളില്‍ ആല്‍ബര്‍ട്ട് ആകൃഷ്ടനായി. പ്രാര്‍ത്ഥന, ധ്യാനം, പഠനം എന്നിവയോടുകൂടി പ്രസംഗവും പ്രബോധനവും കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി പാദുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെ 1223ല്‍ ആല്‍ബര്‍ട്ട് ഡൊമിനിക്കന്‍ സഭയിലെ അംഗമായി. ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഇതെല്ലാം അനായാസേന ഈ ബഹുമുഖപ്രതിഭക്ക് വശപ്പെട്ടു. പ്രകൃതിശാസ്ത്രത്തോട് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആല്‍ബര്‍ട്ട് കൂട്ടിചേര്‍ത്തു. ഡൊമിനിക്കന്‍ സഭയിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിച്ചു. അധ്യാപകന്, പ്രൊവിന്‍ഷ്യാല്‍, ബിഷപ്പ് 1228ല്‍ കൊളോണില്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അധ്യയനത്തില്‍ സൂപ്പര്‍വൈസര്‍ ആയി, റാറ്റിസ്ബണിലും സ്ട്രാസ്സ്ബര്‍ഗിലുമെല്ലാം പഠിപ്പിച്ചു. പാരീസ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ച ആല്‍ബര്‍ട്ടിന് ഡോക്ടറേറ്റും ലഭിച്ചു. അന്ന് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം പാരീസ് ആയിരുന്നു. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അവിടത്തെ അന്തരീക്ഷം ആല്‍ബര്‍ട്ടിലെ മികച്ചത് പുറത്തുകൊണ്ടുവന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് ആ മഹാനായ തത്വചിന്തകന്റെ രചനകളെ കുറിച്ചും നിരൂപണങ്ങളെക്കുറിച്ച് പഠനം നടത്തി. ജര്‍മ്മനിയിലേക്ക് മടങ്ങിയ ആല്‍ബര്‍ട്ട് 1254ല്‍ ഡൊമിനിക്കന്‍സിന്റെ പ്രയര്‍ പ്രൊവിന്‍ഷ്യാല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കുറെയേറെ യാത്രകള്‍ നടത്തേണ്ടി വന്നു. 40ല്‍ അധികം ഡൊമിനിക്കന്‍ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് 1000ല്‍ അധികം സഹോദരരെ വ്യക്തിപരമായി കണ്ടു. പഠനം തുടരാനായി 1257ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. അലക്സാണ്ടര്‍ നാലാമന് പാപ്പയുടെ സ്വകാര്യ തിയോളജിയനും കാനനിസ്റ്റുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യമായ പോപ്പ് റാറ്റിസ്ബണിന്റെ ബിഷപ്പ് ആയി ആല്‍ബര്‍ട്ടിനെ 1260ല്‍ നിയമിച്ചു. പിന്നീട് ഊര്‍ബന്‍ നാലാം പാപ്പ ആല്‍ബര്‍ട്ടിനെ സഭയ്ക്ക് ഒരു ഗവേഷകനും പണ്ഡിതനും തത്വശാസ്ത്ര, ദൈവശാസ്ത്ര അധ്യാപകനുമൊക്കെയായി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ വിരമിക്കാന്‍ അനുവദിച്ചു. മികച്ച അധ്യാപകനും പേരുകേട്ട പണ്ഡിതനും മാത്രമല്ല അനുവാചകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന വിധത്തില്‍ ദൈവസ്നേഹത്തെ കുറിച്ച് ഹൃദയത്തില്‍ നിന്ന് സംസാരിച്ചിരുന്ന പ്രാസംഗികന് കൂടിയായിരുന്നു ആല്‍ബര്‍ട്ട്. സദസ്സിലുള്ളവര്‍ക്ക്, ഓര്‍മയില്‍ സൂക്ഷിക്കാനും പിന്നീട് ആവര്‍ത്തിച്ച് പറഞ്ഞ് തങ്ങളുടെ വിശ്വാസത്തെ ജ്വലിപ്പിക്കാനും തീക്ഷ്ണതയുള്ളതാക്കാനും കഴിയുന്ന തരത്തില്‍ മനോഹരമായ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി ആല്‍ബര്‍ട്ട് രചിക്കാറുണ്ടായിരുന്നു. പരിശുദ്ധ കുര്ബാനയെപ്പറ്റിയും പരിശുദ്ധ അമ്മയെപ്പറ്റിയുമുള്ള പ്രഭാഷണങ്ങളുടെ പേരിലും ആല്‍ബര്‍ട്ട് പ്രശസ്തനായിരുന്നു. വിദ്യാര്ത്ഥിയെക്കുറിച്ചൊരു പ്രവചനം പാരീസില്‍ 1245നും 1248നും ഇടക്ക് പഠിപ്പിക്കുമ്പോള്‍ ഒരു യുവ ഇറ്റാലിയന്‍ സഹോദരന്റെ അധ്യാപകനാകാന്‍ ആല്‍ബര്‍ട്ടിന് ഭാഗ്യമുണ്ടായി. വിശുദ്ധ തോമസ് അക്വീനാസ് ആയിരുന്നു അത്. തോമസ് വളരെ കുറച്ച് സംസാരിച്ചിരുന്നവനും വണ്ണമുള്ള പ്രകൃതക്കാരനും ആയിരുന്നതുകൊണ്ട് ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ 'ഊമക്കാള' എന്നാണ് അവനെ വിളിച്ചിരുന്നത്. ചിരിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളോട് ആല്‍ബര്‍ട്ട് പറഞ്ഞു, "ഈ യുവാവിനെ ഇപ്പോള്‍ നിങ്ങള്‍ 'ഊമക്കാള' എന്ന് വിളിക്കുന്നു, പക്ഷേ ഒരു ദിവസം അവന്റെ മുക്രയിടല്‍ ലോകം മുഴുവനിലും പ്രതിധ്വനിക്കും." അദ്ദേഹത്തിന്റെ പ്രവചനം നിറവേറി. തോമസ് പാണ്ഡിത്യത്തിലും പ്രശസ്തിയിലും വളരെവേഗം തന്റെ പ്രൊഫസറെ മറികടന്നു. തോമസിന്റെ കഴിവ് തിരിച്ചറിഞ്ഞ ആല്‍ബര്‍ട്ട് അവനെ കൊളോണില്‍ വിദ്യാര്‍ത്ഥികളുടെ മാസ്റ്റര്‍ ആയി നിയമിച്ചു. 1256ല്‍ വിശുദ്ധ ആല്‍ബര്‍ട്ട്, വിശുദ്ധ തോമസ് അക്വീനാസ് എന്നിവര്‍ ഫ്രാന്‍സിസ്കനായ വിശുദ്ധ ബൊനവെഞ്ചറിന്റെ കൂടെ പോപ്പിന് മുമ്പില്‍ ഡൊമിനിക്കന്‍ സഭയുടെയും ഫ്രാന്‍സിസ്കന്‍ സഭയുടെയും നിയമാവലിയെയും അവകാശങ്ങളെയും വിജയകരമായി പ്രതിരോധിച്ചു. 1274ല്‍ ആല്‍ബര്‍ട്ട് ലിയോന്‍സിലെ കൗണ്‍സിലില്‍ പങ്കെടുത്ത് ഗ്രീക്ക് സഭയുടെയും റോമിന്റെയും ഒരുമിക്കലിനു സജീവമായ പങ്കു വഹിച്ചു. തോമസ് അക്വീനാസും അതില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും മാര്‍ഗമധ്യേ മരിച്ചു. ദുഃഖാര്‍ത്തനായ ആല്‍ബര്‍ട്ട് ആശ്രമവാസികളോട് തോമസിന്റെ മരണത്തെപ്പറ്റി അറിയിച്ചത് ഇങ്ങനെ ആയിരുന്നു, "സഭയിലെ പ്രകാശം അണഞ്ഞിരിക്കുന്നു!" പിന്നീട് ജീവിതകാലം മുഴുവന്‍, തന്റെ വിദ്യാര്‍ത്ഥിയും സഹപ്രവര്‍ത്തകനും സുഹൃത്തുമായ തോമസിനെപ്പറ്റി എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സാര്‍വ്വത്രിക വേദപാരംഗതന് ആല്‍ബര്‍ട്ടിന്റെ ബുദ്ധിശക്തി കീര്ത്തിയുറ്റതായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം, നിരീക്ഷണത്തിനും പരീക്ഷണത്തിനും നല്കിയ അകമഴിഞ്ഞ പിന്തുണ, അങ്ങനെ ഓരോന്നും അദ്ദേഹമടങ്ങുന്ന അന്വേഷകരുടെ പുതിയ ശാസ്ത്രം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവമായി പരിണമിക്കാനിടയാക്കി. പാരീസ് യൂണിവേഴ്സിറ്റിയില്‍ 1245നും ഇടയ്ക്ക് 1248 നും പഠിക്കുമ്പോള്‍ മാനുഷിക അറിവിനെയെല്ലാം ഒന്നായി ശേഖരിച്ചുകൊണ്ട്, പ്രകൃതിശാസ്ത്രം, തര്‍ക്കശാസ്ത്രം, വാചാടോപം, ഗണിത ശാസ്ത്രം, നീതിശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, തത്വമീമാംസ തുടങ്ങിയ ശാഖകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു യത്നത്തിന് തുടക്കമിട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ ഈ പദ്ധതിക്കും മറ്റു സേവനത്തിനുമായി വിഭജിച്ചു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും അറിവും അത്രക്കും ഉയര്‍ന്നതായതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലീനര്‍ ആല്‍ബര്‍ട്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മഹാനായ ആല്‍ബര്‍ട്ട് എന്ന് വിളിക്കുകയും എന്തിനെപ്പറ്റിയും പഠിപ്പിക്കാന്‍ കഴിവുള്ളവന് അഥവാ സാര്‍വ്വത്രിക ആചാര്യന് എന്ന സ്ഥാനം നല്‍കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ആല്‍ബര്‍ട്ടിന്റെ രചനകള്‍ 38 വാല്യങ്ങളുണ്ട്. സസ്യശാസ്ത്രത്തിലും, മനുഷ്യ, ജന്തു ശരീരശാസ്ത്രത്തിലുമുള്ള പ്രബന്ധങ്ങളുടെ പേരില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകള്‍ ക്രൈസ്തവ പ്രമാണങ്ങള്‍ക്കനുസൃതമായി ആല്‍ബര്‍ട്ട് വീണ്ടും അവതരിപ്പിച്ചു. അള്‍ത്താരയിലേക്ക് 1278ല്‍ ഒരു പ്രഭാഷണത്തിനിടയില്‍ ആല്‍ബര്‍ട്ടിന്റെ ഓര്‍മ്മ നശിച്ചു. പ്രാര്‍ത്ഥന ഇഴ ചേര്‍ത്തുള്ള ശാന്തമായ ഒരു ജീവിതമായിരുന്നു പിന്നീട്. ഒരു വലിയ മരക്കസേരയില്‍ ഡൊമിനിക്കന്‍ സഹോദരരുടെ ഇടയിലിരുന്ന് അവര്‍ പാടുന്ന പരിശുദ്ധ രാജ്ഞി എന്ന ജപം കേട്ടുകൊണ്ടിരിക്കവേ 1280 നവംബര്‍ 15-ന്, ആല്‍ബര്‍ട്ട് തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. വിശുദ്ധവണക്കത്തിലേക്കുള്ള ആല്‍ബര്‍ട്ടിന്റെ വഴി സാധാരണക്രമത്തില്‍ ആയിരുന്നില്ല. 1484 ല്‍ ഇന്നസെന്റ് എട്ടാമന് പാപ്പ ഡൊമിനിക്കന്‍സിന് ആല്‍ബര്‍ട്ടിന്റെ അള്‍ത്താരവണക്കത്തിനും തിരുനാള്‍ ആഘോഷിക്കാനുമായുള്ള അനുവാദം നല്കി. ഇതായിരുന്നു വാഴ്ത്തപ്പെട്ട പദവിക്ക് തുല്യമായി കണക്കാക്കിയത്. പില്ക്കാലത്ത് 1931ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ആല്‍ബര്‍ട്ടിനെ സഭയിലെ വേദപാരംഗതന് ആയി പ്രഖ്യാപിച്ചു. 1941ല്‍ നവംബര്‍ 15-ന് പന്ത്രണ്ടാം പീയൂസ് പാപ്പ വിശുദ്ധ ആല്‍ബര്‍ട്ടിനെ പ്രകൃതിശാസ്ത്രവിദ്യാര്ത്ഥികളുടെ സ്വര്‍ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
By: Jills Joy
Moreതാമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല 2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്! ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: "നിങ്ങള്‍ താമസിക്കുന്ന വീടിന് ലോണ്‍ ഉണ്ട്. വീടിന്റെ ഉടമ വളരെ ദൂരെയുള്ള ആളാണ്. നിങ്ങള്‍ തരുന്ന വീട്ടുവാടക സ്ഥിരമായി ബാങ്കില്‍ അടയ്ക്കാന്‍ വേറെ ഒരു വ്യക്തിയെ ഏല്പിച്ചിരുന്നു. ആ വ്യക്തി നാളുകളായി ബാങ്കില്‍ അടയ്ക്കാത്തതുകൊണ്ടാണ് ജപ്തി വന്നിരിക്കുന്നത്." ഇതൊന്നുംകൂടാതെ ഞങ്ങളെ ഏറെ വിഷമത്തിലാക്കുന്ന ഒരു കാര്യംകൂടി അദ്ദേഹം അറിയിച്ചു, "ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ആ വീട്ടില്‍നിന്ന് താമസം മാറണം!" "എത്ര കഷ്ടപ്പെട്ടാണ് ദൈവമേ ഈ വീടുതന്നെ കിട്ടിയത്?" ഭാര്യ ആത്മഗതം ചെയ്തു. അടുത്ത ദിവസം അതാ എന്റെ വീട്ടില്‍നിന്ന് പപ്പാ വിളിച്ചു പറയുന്നു, "ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്!" ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുന്ന ദിവസവും വീട് മാറേണ്ട അവസാന ദിവസവും ഒന്നാണ്. അതുകൂടി ശ്രദ്ധിച്ചപ്പോള്‍ ആകെ അസ്വസ്ഥതയായി. ഞങ്ങള്‍ രണ്ടുപേരും പരിചയമുള്ള എല്ലാവരോടും വീട് അന്വേഷിച്ചു. മൂന്നാഴ്ചയോളം അന്വേഷിച്ചിട്ടും കിട്ടിയില്ല, ആകെ സങ്കടം. ഇനി ഒരാഴ്ചമാത്രമേയുള്ളൂ വീടിന് കാലാവധി. എന്തായാലും അതിനുശേഷം വന്ന ഞായറാഴ്ച പതിവുപോലെ ദൈവാലയത്തില്‍ പോയി. അന്ന് അവിടത്തെ ഇടവകദൈവാലയത്തില്‍ വാര്‍ഷിക ധ്യാനത്തിന്റെ അവസാന ദിവസമായിരുന്നു. ഞങ്ങള്‍ ആ ദിവസത്തെ ധ്യാനമേ കൂടിയുള്ളൂ. തിരിച്ചുവന്നതിനുശേഷം ഒരു അങ്കിള്‍ പറഞ്ഞതിന്‍പ്രകാരം ഒരു വീട് കാണാന്‍ പോകണം. അങ്കിള്‍ ആ വീട് കിട്ടുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പില്‍ ഞങ്ങള്‍ സമാധാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചപ്പോള്‍ അങ്കിള്‍ പറഞ്ഞു, "എടാ ആ വീട് കിട്ടില്ല." അത് കേട്ടപ്പോള്‍ത്തന്നെ ധ്യാനംകൂടിയ എല്ലാ സന്തോഷവും പോയി. ആകെ നിരാശപ്പെട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു. അന്നത്തെ ധ്യാനപ്രസംഗം മാതാവിനെക്കുറിച്ചായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ' എന്ന് നമ്മള് പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അതുകൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ല, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ മാതാവിനോട് ശക്തമായി മാധ്യസ്ഥ്യം അപേക്ഷിക്കണം. ധ്യാനഗുരു പറഞ്ഞ ഈ ഭാഗം ഞങ്ങളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഉടനെതന്നെ ഭാര്യയുടെ താല്പര്യപ്രകാരം മാതാവിന്റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി വീട് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ കരഞ്ഞ് ജപമാല ചൊല്ലി. ഈ സാഹചര്യത്തില്‍ മാതാവ് ഞങ്ങളെ കൈവിടില്ല എന്നുള്ള വിശ്വാസത്തില്‍നിന്നുള്ള നിലവിളിയായിരുന്നു. പിന്നീട് ഞാന്‍ ശാന്തമായി കിടന്നു. വൈകുന്നേരം വീണ്ടും വീട് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ട ഒരു ചെറിയ കടയിലെ വ്യക്തിയോട് അന്വേഷിക്കാന്‍ തോന്നി. ഞാന്‍ അവിടെച്ചെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, "ഇവിടെ അടുത്തുതന്നെ ഒരു വീട് ഉണ്ട്. ഇന്ന് ഒരു വീടിന്റെ കാര്യം ഒരാള്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് ഉടനെ താമസക്കാരെ വേണമെന്ന്!" അവര്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ അയാള്‍ വിളിച്ച് സംസാരിച്ചു. വീട് ഏര്‍പ്പാടാക്കി. മൂന്ന് ആഴ്ച പലരിലൂടെ അന്വേഷിച്ചിട്ട് നടക്കാത്ത കാര്യം മാതാവിനോടുള്ള മാധ്യസ്ഥ്യം വഴി ഏതാനും മണിക്കൂറുകള്‍ക്കകം നടന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി, മാതാവ് ഇത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടതിന്. ഉടനെതന്നെ പറഞ്ഞ വീട് പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത ദിവസം വാടകച്ചീട്ട് എഴുതാനും സാധിച്ചു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലിയെന്ന് പറഞ്ഞാലും ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്നും മാതാവ് ഇത്രയും വേഗത്തില്‍ ഇടപെടുമെന്നും അന്നാണ് അത്രയും ബോധ്യം വന്നത്. ആദ്യം താമസിച്ചിരുന്ന വീടിനെക്കാള്‍ നല്ലതും വാടക കുറവും ഉള്ള വീട് ആയിരുന്നു അത്. നാട്ടില്‍നിന്ന് മാതാപിതാക്കള്‍ വരുന്ന അന്നുതന്നെ ഞങ്ങള്‍ക്ക് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു. ഈ സംഭവത്തിനുശേഷം എനിക്ക് ജപമാല പ്രാര്‍ത്ഥനയോടുള്ള വിരസത മാറി. ജപമാല പ്രാര്‍ത്ഥന വേഗത കുറച്ച് സ്ഫുടതയോടെ ചൊല്ലാന്‍ തുടങ്ങി. ലുത്തിനിയയുടെ വേഗതയും കുറച്ചു. അന്ന് വീട് ലഭിക്കാനുണ്ടായ താമസം മാതാവിന്റെ ഇടപെടല്‍ അറിയാന്‍ കാരണമായി. ഇന്നും ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ജപമാല ചെല്ലും. ചില കാര്യങ്ങളില്‍ മാതാവ് പെട്ടെന്ന് ഇടപെടും, ചിലതില്‍ സാവകാശവും. ഉത്തരം കിട്ടുന്നതു വരെ കാത്തിരിക്കാനുള്ള കൃപയും മാതാവിലൂടെ ഈശോ തന്നു. താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം തിന്മയാണന്ന് കരുതാതെ അതില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കും എന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. "അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവന് കഴിവില്ല" (സഭാപ്രസംഗകന്‍ 3/11).
By: Joby George Kongandushalakal
Moreഎന്റെ കാലുകള്‍ക്ക് മൂന്നോളം സര്‍ജറികള്‍ കഴിഞ്ഞതാണ്. അതിന്റെ ഫലമായി മൂന്നോ നാലോ ഞരമ്പുകള്‍ നഷ്ടമായി. അതിനാല്‍ത്തന്നെ കാലില്‍ രക്തയോട്ടം കുറവാണ്. മുട്ടിനുതാഴെ ഇരുണ്ട നിറമാണ്. കല്ലുപോലെയാണ് അവിടം ഇരിക്കുന്നതും. ചിലപ്പോള്‍ വളരെയധികം ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എങ്ങനെയെങ്കിലും അവിടെ ലേശം തോലുപോയാല്‍ അത് പിന്നീട് വലിയ മുറിവായിത്തീരും. ആയുര്‍വേദമരുന്നും ഇംഗ്ലീഷ് മരുന്നും ചെയ്ത് ഞാന്‍ മടുത്തു. ആയിടക്ക് കാല്‍പ്പാദത്തില്‍ ഒരു വലിയ മുറിവുണ്ടായി. അത് പഴുത്ത് വ്രണമായി. ഞരമ്പിലായതുകൊണ്ട് ഉണങ്ങാന്‍ താമസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ആ സമയത്താണ് എന്നെ സഹായിക്കാനും പരിചരിക്കാനുമായി പേരക്കുട്ടി കുറച്ച് ദിവസത്തേക്ക് വീട്ടില്‍ വന്നത്. അവളുടെ കൈയില്‍ 2021 സെപ്റ്റംബര്‍ മാസത്തിലെ ശാലോം ടൈംസ് ഉണ്ടായിരുന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ 'മാതാവ് പറഞ്ഞ പ്രതിവിധി' എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടി എന്നായിരുന്നു അതിലെഴുതിയിരുന്നത്. അതുവായിച്ചപ്പോള്‍ ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവം, 'നീയും അതുപോലെ ചെയ്യുക!' അതിനാല്‍ ഒരു തീരുമാനമെടുത്തു, 'ഞാനും ഇപ്രകാരം ചെയ്യും.' ആ തീരുമാനമെടുത്ത് മൂന്ന് മാസങ്ങള്‍ക്കകം മുറിവ് നല്ലതുപോലെ ഉണങ്ങി. ഇതിനുമുമ്പ് ചെറിയ മുറിവുകള്‍പോലും ഒരു വര്ഷംകൊണ്ടൊക്കെയാണ് ഉണങ്ങിയിരുന്നത്. ദൈവവചനം പ്രഘോഷിക്കാന്‍ നാമെടുക്കുന്ന ഓരോ ചുവടും എത്രമാത്രം അനുഗ്രഹമാണ് സമ്മാനിക്കുന്നത്! "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 6/33) എന്ന് തിരുവചനത്തിലൂടെ ഈശോ ഉറപ്പുതരുന്നുണ്ടല്ലോ. അവിടുത്തെ വാഗ്ദാനംപോലെതന്നെ, നൂറ് ശാലോം ടൈംസ് മാസികയിലൂടെ നൂറോ അതിലധികമോ ആളുകളിലേക്ക് ദൈവവചനം എത്തിക്കാന്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ അത് എനിക്ക് അനുഗ്രഹമായി മാറി. അതോടൊപ്പം ഈ മാസിക വായിക്കുന്ന അനേകം പേരുടെ ജീവിതവും അനുഗ്രഹിക്കപ്പെടാതിരിക്കുകയില്ല. ദൈവനാമം മഹത്വപ്പെടട്ടെ.
By: Leelamma Alex
Moreഎന്റെ കുടുംബത്തിലെ രണ്ടാമത്തെ മകനാണ് ഞാന്‍. മാതാപിതാക്കളും ചേട്ടനും അനിയത്തിയും അടങ്ങുന്ന കുടുംബത്തില്‍നിന്ന് 2003 ജൂണ്‍ മാസം എട്ടാം തിയതി ഞാന്‍ പൗരോഹിത്യപരിശീലനത്തിനായി ഇറങ്ങി. സ്കൂള്‍ പഠനകാലത്ത് പഠനത്തില്‍ മോശമായിരുന്നു. എന്നാല്‍ വൈദികപരിശീലനകാലത്ത് പഠനമേഖലയില്‍ ഈശോ പ്രത്യേക അനുഗ്രഹം ചൊരിയാന്‍ തുടങ്ങി. സാമാന്യം മികച്ച മാര്‍ക്കാണ് എനിക്ക് വൈദികപഠനസമയത്ത് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെ സന്തോഷകരമായി സെമിനാരിജീവിതം മുന്നോട്ടുപോയിക്കൊണ്ടിരുന്നു. വൈദികപരിശീലനം ആരംഭിക്കുന്ന ഓരോ വൈദികവിദ്യാര്‍ത്ഥിയും സ്വപ്നം കാണുന്ന ഒരു ദിവസമുണ്ട്, ആദ്യമായി ഈശോയുടെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. ആ സ്വപ്നത്തിലേക്ക് ഞാനുള്‍പ്പെടെയുള്ള ഞങ്ങളുടെ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അടുത്തുകൊണ്ടിരുന്നു… തിരുപ്പട്ടത്തിലേക്ക് എത്താന്‍ ഏതാണ്ട് ഒന്നരവര്‍ഷം ബാക്കി നില്ക്കുന്ന നാളുകള്‍. ഒരു ദിവസം നേരം വെളുത്തപ്പോള്‍ എന്റെ ഇടത്തേ കണ്ണിന് കാഴ്ചയില്ല! കണ്ണാടിയില്‍ നോക്കി പരിശോധിച്ചപ്പോള്‍ ആ കണ്ണ് തുറന്നുതന്നെയിരിക്കുന്നുണ്ട്, പക്ഷേ കാര്യമായി ഒന്നും കാണുന്നില്ല! തുടര്‍ന്ന് ചികിത്സകള്‍ക്കായി പോയി. പരിശീലകരായ വൈദികര്‍ക്ക് എന്നെ മുന്നോട്ട് പോകാന്‍ അനുവദിക്കണോ എന്നുള്ള സംശയങ്ങളും ആകുലതകളുമൊക്കെയുണ്ട്. കാരണം കാഴ്ചയില്ലാത്ത ഒരാള്‍ക്ക് അജപാലനപരമായ മേഖലകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ലല്ലോ. പക്ഷേ കര്‍ത്താവിന്റെ പ്രത്യേക കരുതല്നിമിത്തം പഠനമേഖലകളിലും പ്രാര്‍ത്ഥനാജീവിതത്തിലുമെല്ലാം സമൃദ്ധമായി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. തളരാതിരുന്നതിനുപിന്നില്…. ആ സമയത്ത് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, ‘എങ്ങനെ തളരാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു? പേടി തോന്നിയില്ലേ?’ വാസ്തവത്തില്‍, ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നതിന് നാലുമാസങ്ങള്‍ക്കുമുമ്പ് പരിശുദ്ധ കുര്‍ബാനയുടെ ഇടയില്‍ ഈശോ എനിക്കൊരു അനുഭവം തന്നു. ആ അനുഭവം ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴും ആവര്‍ത്തിച്ചു. ഈ രണ്ട് അനുഭവങ്ങളും എന്റെ ആത്മീയപിതാവിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ”പരിശുദ്ധ കുര്ബാനയര്പ്പിക്കുമ്പോള് അത് ഈശോയുടെ തിരുശരീരമാണെന്നും തിരുരക്തമാണെന്നും കുറെക്കൂടി വിശ്വസിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ലേ. ഈ വിശ്വാസം ഉള്ളില്‍ വച്ചാല്‍ മതി.” ആ ഉപദേശം സ്വീകാര്യമായിരുന്നു. പക്ഷേ അതോടൊപ്പംതന്നെ എന്തോ ഒരു വേദന വരാന്‍ പോകുന്നുണ്ടോ എന്നൊരു ചിന്തയും എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേയാണ് 2012 മെയ് 30-ന് ഇടത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. അതേത്തുടര്‍ന്ന് സെമിനാരിയില്‍ അവസാന ഒന്നര വര്‍ഷത്തെ പ്രധാന പഠനങ്ങള്‍ക്കൊപ്പം ചികിത്സകളും നടന്നുകൊണ്ടിരുന്നു. ആ വര്‍ഷം കടന്നുപോയി. അടുത്ത വര്‍ഷത്തെയും പഠനം ഏതാണ്ട് പൂര്‍ത്തിയായി. തിരുപ്പട്ടം കിട്ടാനായി നിശ്ചയിച്ചിരുന്ന ദിവസങ്ങള്‍ അടുക്കുകയാണ്. ആ സമയത്ത് ഞാനും ഒപ്പമുള്ളവരും ചേര്‍ന്ന് പീലാസയും കാസയും കാപ്പയുമൊക്കെ വാങ്ങാനായി പോയി. അതെല്ലാം കൈയില്‍ കിട്ടാനായി കൊതിയോടെ കാത്തിരിക്കുന്ന സമയം. ആ ഡിസംബര്‍ 15-ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ വലത്തേ കണ്ണിന്റെ കാഴ്ചയും നഷ്ടമായിരുന്നു. അപ്പച്ചന് എന്നെയുംകൊണ്ട് ആശുപത്രിയില്‍ കയറിയിറങ്ങി. ഡോക്ടര്‍ അവസാനം പറഞ്ഞു, ”ഞാനും പ്രാര്‍ത്ഥിക്കാം.” കാരണം മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈശോ ഉത്തരം പറഞ്ഞില്ല… തീര്‍ത്തും അവ്യക്തമായി എന്തോ കാണുന്നു എന്നുമാത്രമേയുണ്ടായിരുന്നുള്ളൂ പിന്നീട്. ആ ദിവസങ്ങളില്‍ കൂട്ടുകാര്‍ കാസയും പീലാസയും എന്റെ കൈയില്‍ കൊണ്ടുവന്നുതന്നു. അന്ന് ഞാന്‍ ഹൃദയം നൊന്ത് ചോദിച്ചു, ”ഈശോയേ, ഈ പീലാസയെടുത്ത് ഇതില്‍ നിന്റെ തിരുശരീരം വച്ച് ഇതെന്റെ ശരീരമാകുന്നു എന്നു പറയാന്‍ എന്നെ അനുവദിക്കുമോ? കാസയെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്ന് പറയാന്‍ ഈശോയേ, എന്നെ ഒന്ന് അനുവദിക്കുമോ?” അന്ന് ഈശോ ഒരുത്തരവും പറഞ്ഞില്ല. എല്ലാവരും കാപ്പ നോക്കി ‘നല്ല ഭംഗിയുണ്ടെ’ന്ന് പറയുമ്പോള്‍ ഇതൊക്കെ ഒരിക്കലെങ്കിലും ധരിക്കാന്‍ കഴിയുമോ എന്നും ഈശോയോട് ചോദിച്ചുപോയിട്ടുണ്ട്. അപ്പോഴും ഈശോ ഒരുത്തരവും പറഞ്ഞില്ല. ആ സമയത്ത് വീട്ടില്‍ കുറച്ചുനാള്‍ വി്രശമിച്ചിരുന്നു. അന്ന് അനിയത്തിയാകട്ടെ പ്രസവശേഷം വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന സമയമാണ്. അനിയത്തിയും അധ്യാപികയായിരുന്ന ആന്റിയും ചേര്‍ന്ന് വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകളെല്ലാം കാണാപാഠം പഠിക്കാന്‍ സഹായിച്ചു. ചില പ്രാര്‍ത്ഥനകള്‍ പഠിക്കാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ പഠനം നിര്‍ത്തിയിട്ട് ഒരു ജപമാലരഹസ്യം ധ്യാനിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് വീണ്ടും പഠിക്കും. അങ്ങനെ എല്ലാ പ്രാര്‍ത്ഥനകളും കാണാപാഠമായി. അനിശ്ചിതത്വം… അശരീരി… ഡിസംബര്‍ 31-ന് വീട്ടില്‍നിന്നും ഇറങ്ങി. തുടര്‍ന്ന് സെമിനാരിയിലേക്കും ബിഷപ്സ് ഹൗസിലേക്കും പോകേണ്ടിയിരുന്നു. ആദരണീയനായ റാഫേല്‍ തട്ടില്‍ പിതാവാണ് എനിക്ക് പട്ടം തരേണ്ടത്. പിതാവ് എനിക്കായി ഒന്നരമണിക്കൂറോളം പ്രാര്‍ത്ഥിച്ചിട്ട് എന്റെ കണ്ണിന്റെ കാഴ്ചയുടെ പ്രശ്നം അറിഞ്ഞിട്ടുതന്നെ പട്ടം സ്വീകരിക്കാന്‍ അനുവാദം തന്നു. അത്ഭുതകരമായ ആ ദൈവിക ഇടപെടലില്‍ തിരുപ്പട്ടം സ്വീകരിക്കാന്‍ ഞാന്‍ ഒരുങ്ങി. തിരുപ്പട്ടത്തിന്റെ ദിവസമെത്തി. 2014 ജനുവരി ഒന്ന്. അന്ന് പടികള്‍ കയറിയിറങ്ങുക തുടങ്ങി, പല കാര്യങ്ങളും കൂട്ടുകാരുടെ സഹായമില്ലാതെ തനിയെ ചെയ്യേണ്ടിവരും എന്നെനിക്കറിയാം. എങ്ങനെ അതെല്ലാം ചെയ്യുമെന്ന ആശങ്കയുമുണ്ട്. എന്തായാലും പിതാവിനോടൊപ്പം കാറില്‍ ജപമാല ചൊല്ലിക്കൊണ്ടാണ് വന്നത്. തിരുപ്പട്ടത്തിനായി ഒരുങ്ങുന്നതിന്റെ തിരക്കില്‍ ആ ജപമാല പോക്കറ്റിലിടാന്‍ മറന്നുപോയി. പിന്നീട് പോക്കറ്റിലിടാന്‍ പറ്റുകയുമില്ല. കൈയില്‍ പിടിക്കാനുമാവില്ലെന്നറിയാം. അതിനാല്‍ കൈത്തണ്ടയില്‍ ചുറ്റിവച്ചു. തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇരുവശത്തും നിന്നിരുന്ന വൈദികര്‍ക്ക് എന്റെ അവസ്ഥ അറിയാമായിരുന്നതുകൊണ്ട് അവര്‍ എന്നെ സഹായിക്കാനായി പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്നിരുന്നു. എന്നാല്‍ അവരുടെ സ്വരത്തെക്കാള്‍ തെളിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തരുന്ന മറ്റൊരു സ്വരം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുന്നതിന് കൂടെ ഒരാളുണ്ടെന്ന് എനിക്ക് മനസിലായി. അത് മറ്റാരുമായിരുന്നില്ല പരിശുദ്ധ അമ്മയായിരുന്നു. അന്നുമുതല്‍ എന്നും കൈത്തണ്ടയില്‍ ചുറ്റിയ ജപമാല എല്ലായ്പോഴും, പ്രത്യേകിച്ച് ദിവ്യബലിസമയത്തും എന്നോടൊപ്പമുണ്ട്. ഉത്തരം കിട്ടിയ ദിവസം ഞാന്‍ ഹൃദയം നൊന്ത് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം എന്റെ തിരുപ്പട്ടത്തിന്റെ ദിവസം ഈശോ ഉത്തരം തന്നു. ഇന്ന് അനേകതവണ ഞാന്‍ എന്റെ കാപ്പ അണിഞ്ഞുകഴിഞ്ഞു. ഏത് പീലാസയും കാസയും കൈയിലെടുത്താണോ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ എനിക്ക് സാധിക്കുമോ എന്ന് ഹൃദയമുരുകി ചോദിച്ചത് അതേ പീലാസയും കാസയും കൈയിലേന്തി അനേകതവണ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകഴിഞ്ഞു. ആദ്യബലിയുടെ അന്നും പിന്നീടും അതാതു ദിവസത്തെ സുവിശേഷഭാഗം കാണാതെ പഠിച്ചാണ് പരിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിരുന്നത്. വൈദികനായതിനുശേഷം പിതാവിന്റെ നിര്‍ദേശപ്രകാരം ഞാനൊരു പള്ളിയില്‍ മൂന്നര മാസക്കാലം സഹവികാരിയായി ഇരുന്നു. പിന്നീട് എന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ എട്ടരമാസത്തോളം ഒരു അംഗത്തെപ്പോലെ താമസിച്ചു. അതിനുശേഷം പാലക്കാട് ധോണി ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു. ചികിത്സകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 2016 ഫെബ്രുവരിയില്‍ നിര്‍ണായകമായ ഒരു സംഭവമുണ്ടായി. കുറച്ച് മാസങ്ങളായി സ്ഥിരമായി പനിനിമിത്തം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഫെബ്രുവരിയിലാകട്ടെ ബി.പി വല്ലാതെ കുറഞ്ഞ് ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കാത്ത അവസ്ഥ വന്നു. മരണമെന്നുതന്നെ ഡോക്ടേഴ്സ് ഉള്‍പ്പെടെ എല്ലാവരും ചിന്തിച്ചുതുടങ്ങി. മാതാപിതാക്കളോടും അപ്രകാരം പറയുകയും ചെയ്തു. എന്നാല്‍ പെട്ടെന്നൊരു ദിവസം ബി.പി തനിയെ ഉയര്‍ന്നു. അങ്ങനെ അത്ഭുതകരമായി ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് തിരികെവന്നു. കര്‍ത്താവ് എന്റെ പൗരോഹിത്യശുശ്രൂഷ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു! അല്പനാളുകള് കഴിഞ്ഞപ്പോള്‍ മറ്റൊരു അത്ഭുതം! എന്റെ വലത്തെ കണ്ണിന്റെ കാഴ്ച ഈശോ 2016 ആഗസ്റ്റ് 22-ന് എനിക്ക് തിരിച്ചുതന്നു. വൈദ്യശാസ്ത്രത്തിന് അതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ല. ഇപ്പോള്‍ വലത്തേ കണ്ണിന് മാത്രമേ കാഴ്ചയുള്ളൂവെങ്കിലും എനിക്ക് വായിക്കാനും വാഹനം ഓടിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. ബെഷെറ്റ്സ് ഡിസീസ് (Behcet’s Disease) എന്ന അപൂര്‍വ അസുഖമാണ് എനിക്കുള്ളത്. ഈ അസുഖം ശരീരത്തില്‍ ഇമ്യൂണിറ്റി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. അതാണ് കാഴ്ച നഷ്ടപ്പെടാനുണ്ടായ കാരണം. കണ്ണുകള്‍മാത്രമല്ല, രക്തയോട്ടമുള്ള ഏത് അവയവവും ഈ രോഗത്തിന്റെ ഫലം അനുഭവിക്കേണ്ടിവന്നേക്കാം. പക്ഷേ ഇന്നും ഈശോ അവിടുത്തെ പൗരോഹിത്യശുശ്രൂഷ ചെയ്യാനുള്ള ആരോഗ്യസ്ഥിതി എനിക്ക് തരുന്നു. കര്‍ത്താവ് കാണിച്ച കാരുണ്യം മാത്രമാണ് എന്റെ പൗരോഹിത്യം. ”കര്‍ത്താവിന്റെ പുരോഹിതരെന്ന് നിങ്ങള്‍ വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകരെന്ന് നിങ്ങള്‍ അറിയപ്പെടും” (ഏശയ്യാ 61/6). കണ്ണില്ലാതെ ബലിയര്‍പ്പിക്കാന്‍ തുടങ്ങിയ എനിക്ക് തിരുവോസ്തിരൂപനായ ഈശോയെ കാണാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഞാനര്‍പ്പിച്ച ബലികളില്‍ പലരും ഈശോയെ കണ്ടു, അനുഭവിച്ചു! അവിടുത്തേക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക! തൃശൂര്‍ അതിരൂപതയില്‍ വെളുത്തൂര്‍ സെന്റ് ജോര്‍ജ് ഇടവകാംഗമാണ് ഫാ. പോള്‍. പിതാവ്: നിര്യാതനായ കെ.ഐ.ആന്റണി, മാതാവ്: റോസിലി ആന്റണി, രണ്ട് സഹോദരങ്ങള്‍. ഇപ്പോള്‍ തൃപ്രയാര്‍ താന്ന്യം സെന്റ് പീറ്റേഴ്സ് ദൈവാലയത്തിലും നാട്ടിക സെന്റ് ജൂഡ് ദൈവാലയത്തിലും വികാരിയായി സേവനം ചെയ്യുന്നു.
By: ഫാ. പോള്‍ കള്ളികാടന്‍
Moreഞാനും എന്റെ കുടുംബവും ശാലോം ടൈംസ് മാസിക വായിക്കുന്നുണ്ട്. ഞങ്ങള്‍ ശാലോം ടി.വിയെ സാമ്പത്തികമായും പ്രാര്‍ത്ഥനയിലൂടെയും താങ്ങുന്ന ശാലോം പീസ് ഫെലോഷിപ് (എസ്.പി.എഫ്) അംഗങ്ങളുമാണ്. 12 വര്‍ഷമായി ഞങ്ങള്‍ വാങ്ങിയ കൃഷിസ്ഥലത്ത് കുടിവെള്ളത്തിന് യാതൊരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു. പലരെയും കൊണ്ടുവന്ന് സ്ഥാനം നോക്കി മൂന്ന് കുഴല്‍കിണറുകള്‍ കുത്തിയെങ്കിലും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ മാസികയില്‍ വായിച്ച 2 രാജാക്കന്മാര് 3/16-20 വചനഭാഗം രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ചൊല്ലി പ്രാര്‍ത്ഥിക്കുകയും വെള്ളം ലഭിച്ചാല്‍ സാക്ഷ്യമറിയിക്കാമെന്ന് നേരുകയും ചെയ്തു. ആ സമയത്ത് ഒരു ദിവസം വീട്ടില്‍ ജോലിക്ക് വന്ന ആള് വെള്ളത്തിന് സ്ഥാനം കാണുകയും കുളം കുഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കുളം കുഴിക്കുന്നതിന്റെ തലേ ദിവസം പ്രാര്‍ത്ഥിച്ച് വചനം എടുത്തപ്പോള്‍ ”അവിടുന്ന് പാറയെ ജലാശയമാക്കി, തീക്കല്ലിനെ നീരുറവയാക്കി” എന്ന സങ്കീര്‍ത്തനങ്ങള്‍ 114/8 വചനം ലഭിച്ചു. അതില്‍ വിശ്വസിച്ച് കുളം കുഴിച്ചപ്പോള്‍ സമൃദ്ധമായി വെള്ളം കിട്ടി. ഈശോ ഞങ്ങള്‍ക്ക് ചെയ്തുതന്ന ഈ വലിയ അനുഗ്രഹത്തിന് നന്ദിയും സ്തുതിയും ആരാധനയും അര്‍പ്പിക്കുന്നു.
By: ഷിബു പന്യാംമാക്കല്‍
Moreഒരു ഞായറാഴ്ച, യാത്രാമധ്യേ റോഡരികിലുള്ള ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ കയറി. രണ്ടാമത്തെ വിശുദ്ധ കുര്‍ബാനയാണ് ഇനിയുള്ളത്. അല്പം നേരത്തെ എത്തി ദൈവാലയത്തില്‍ ഇരിക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. ചുളിവു വീഴാത്ത വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മുതിര്‍ന്ന യുവാവ്. ആദ്യത്തെ ദിവ്യബലിയ്ക്കുപയോഗിച്ച വിശുദ്ധ പാത്രങ്ങളും തിരികളും മാറ്റി രണ്ടാമത്തെ വിശുദ്ധ ബലിക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ക്കായി അനേകതവണ അദേഹത്തിന് ദൈവാലയത്തിലേക്ക്, വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുകയും സങ്കീര്‍ത്തിയിലേക്ക് പോവുകയും ചെയ്യേണ്ടിവന്നു. ദൈവാലയത്തിനുള്ളിലൂടെ പലപ്രാവശ്യം ദിവ്യകാരുണ്യ ഈശോയ്ക്ക് അപ്പുറവും ഇപ്പുറവും കടക്കേണ്ടതായും വന്നു. എന്നാല്‍ ഏറ്റവും അതിശയകരമായത്, ഈ അവസരങ്ങളിലെല്ലാം അദ്ദേഹം ദിവ്യകാരുണ്യ ഈശോയെ ശിരസുനമിച്ച് ഭക്തിയോടെ ആരാധിച്ചിരുന്നു എന്നതാണ്. ആരും ശ്രദ്ധിച്ചുപോകുന്ന സ്നേഹപ്രകടനം. എത്ര ആദരവോടെയാണ് അദേഹം ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്..! സങ്കീര്‍ത്തിയിലേക്ക് പോകുമ്പോഴും ആ ബഹുമാനത്തിന് മാറ്റുകുറയുന്നില്ല. രാജാധിരാജാവിന്റെ സന്നിധിയില്‍ ഭയഭക്ത്യാദരവുകളോടെ പ്രവേശിക്കുകയും കുമ്പിട്ട് ആരാധിച്ച് ഉത്തരവാദിത്വങ്ങള്‍ സ്നേഹപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്ന ദൈവാലയ ശുശ്രൂഷി. ഈശോയോട് അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ള ഉത്ഘടസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ ആദരവിന്റെ ഉറവിടം. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാലറിയാം അവിടെ സര്‍വശക്തനായ ദൈവം സന്നിഹിതനാണെന്ന്. സ്വര്‍ഗത്തില്‍ വസിക്കുന്ന അത്യുന്നതന് ആ ദൈവാലയത്തില്‍ സര്‍വമഹത്വത്തോടെ ഉപവിഷ്ഠനാണെന്ന് ആ കപ്യാര് ഒന്നും പറയാതെ കാണിച്ചുതന്നു; ഒരു മാലാഖയെപ്പോലെ. അദ്ദേഹത്തിന്റെ പേരോ വിശദാംശങ്ങളോ അറിയില്ല, പക്ഷേ, ഒന്നറിയാം, ആ ശുശ്രൂഷിക്ക് ദൈവത്തെ അറിയാം. അവിടുത്തെ എപ്രകാരം സ്നേഹിക്കണമന്ന്, ആദരിക്കണമെന്ന് അറിയാം. ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും” (1സാമുവല്‍ 2/30), ”ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്; ഏതു മഹത്വത്തെയുകാള് നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40/27) എന്ന ദൈവത്തിന്റെ വാഗ്ദാനപ്രകാരം ഈ ദൈവാലയ ശുശ്രൂഷിയെയും കുടുംബത്തെയും അദേഹത്തിനുള്ള സകലത്തെയും അവിടുന്ന് എത്രയധികമായി ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും..! കര്‍ത്താവിന്റെ പേടകം ആദരവോടെ സംരക്ഷിച്ച ഓബദ് ഏദോമിനെക്കുറിച്ച് 2സാമുവല്‍ 6/11,12 രേഖപ്പെടുത്തുന്നു: ‘കര്‍ത്താവിന്റെ പേടകം ഓബദ് ഏദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു. കര്‍ത്താവ് ഓബദ് ഏദോമിനെയും കുടുംബത്തെയും അനുഗ്രഹിച്ചു. ദൈവത്തിന്റെ പേടകം നിമിത്തം കര്‍ത്താവ് ഓബദ് ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു…’
By: ആന്സിമോള് ജോസഫ്
Moreചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷാ പേപ്പര്‍ വീട്ടില്‍ കാണിച്ച് രക്ഷിതാവിന്റെ ഒപ്പ് വാങ്ങിച്ചുകൊണ്ടുചെല്ലണമായിരുന്നു. മൂന്നോ നാലോ വിഷയങ്ങള്‍ ഒരുമിച്ച് കിട്ടിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുള്ള പേപ്പര്‍ ആദ്യം കാണാവുന്ന വിധം മുകളില്‍ വയ്ക്കും. താഴേക്ക് താഴേക്ക് മാര്‍ക്ക് കുറവുള്ളതും. ഇപ്രകാരമായിരുന്നു ഒപ്പ് വാങ്ങിക്കാന്‍ ഞാന്‍ പപ്പയുടെ അടുത്ത് പേപ്പര്‍ കൊടുത്തിരുന്നത്. ആദ്യത്തേതിന് നല്ല മാര്‍ക്കുണ്ടെന്ന് കണ്ടാല്‍ പിന്നെ അവസാനം ഇരിക്കുന്നവയ്ക്ക് കുറച്ച് കുറവുണ്ടെന്ന് തോന്നിയാലും അത് പ്രശ്നമാക്കാറില്ല. നമുക്ക് എവിടെ നിന്നെങ്കിലും ഒരു പ്രശംസയോ വെരി ഗുഡ് എന്ന കമന്റോ കിട്ടിയെന്ന് വിചാരിക്കുക, അന്ന് വൈകുന്നേരംതന്നെ ഒരഞ്ചുമിനിട്ട് കണ്ടെത്തിയിട്ട് ഈശോയോട് ഇങ്ങനെ പറയണം, ‘ഈശോയേ, ഇന്ന് ഒരു വെരി ഗുഡ് കിട്ടിയിട്ടുണ്ട്, പിന്നെ പ്രോത്സാഹനവും പ്രശംസയും പരിഗണനയും. പക്ഷേ പതിവുപോലെ ഇന്നും കുറ്റം പറച്ചില്, ആവര്‍ത്തിച്ചുള്ള വിധിക്കല്‍, ക്ഷമിക്കാനാകാതെ വാശി തുടങ്ങിയവയും ഉണ്ടായിരുന്നു…” അതായത്, നന്മകള് ആദ്യം പറഞ്ഞോളൂ. പിന്നാലെ വീഴ്ചകളും പറയണം എന്നുസാരം. ഇങ്ങനെയൊരു സംഭാഷണരീതി തുടങ്ങിയാല്‍, കൊച്ചുകൊച്ചുകാര്യങ്ങളില് ആത്മപ്രശംസ നടത്തുകയോ, കൊച്ചുകൊച്ചു വീഴ്ചകള്‍ വിട്ടുകളയുകയോ ചെയ്യില്ല. എല്ലാം സുതാര്യമായി ദിവസവും കര്‍ത്താവിനോട് സംഭാഷിച്ചിരിക്കും. മാത്രമല്ല, നല്ല ഒരുക്കത്തോടെ വിശുദ്ധ കുമ്പസാരത്തിന് അണയുകയും ചെയ്യാം. സത്യത്തില്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് മഹത്വം സ്വീകരിച്ച കാര്യങ്ങള്‍ ഏറ്റുപറയുന്നതും. ഇത്തരത്തില്‍ നാം നടത്തുന്ന സംഭാഷണം കൊച്ചുകൊച്ചു പാപങ്ങള്‍ ഏറ്റുപറയുന്നതിനൊപ്പം നമുക്ക് ലഭിച്ച കൊച്ചുകൊച്ചു മഹത്വങ്ങളും കര്ത്താവിന് സമര്‍പ്പിക്കാനുള്ള അവസരം കൂടിയാണ്. ഇപ്രകാരം തുടരുമ്പോള്‍ വീഴ്ചയുടെ എണ്ണം കുറയുന്നതായും ആത്മപ്രശംസക്ക് കാരണമാകാത്ത വെരിഗുഡുകളുടെ എണ്ണം കൂടുന്നതായും കാണാം. കര്‍ത്താവ് അതിനിടവരുത്തും. കല്പ്പനലംഘനം മൂലമുള്ള പാപം നിമിത്തം കര്‍ത്താവിനെ വേദനിപ്പിക്കുന്നപോലെ തന്നെ പ്രധാനപ്പെട്ടതാണ് കര്ത്താവിന് അര്‍ഹമായ മഹത്വം നമ്മള് കൈവശമാക്കുന്നതും. ഈ സംഭാഷണരീതിയിലൂടെ ഇതിനുരണ്ടിനും മാറ്റം വരുത്താം. അല്ലാത്തപക്ഷം, ”ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവന് അല്പാല്പമായി നശിക്കും” (പ്രഭാഷകന്‍ 19/1) എന്നതാകും സംഭവിക്കുക. ഇനി മറ്റൊരു പ്രത്യേകത എന്തെന്നുവച്ചാല്‍ നാം സമര്‍പ്പിക്കുന്ന ഇത്തരം കൊച്ചുകൊച്ചു പാപങ്ങളും ബലഹീനതകളും ഉഗ്രന്‍ പ്രാര്ത്ഥനകള്കൂടിയാണ് എന്നതാണ്. ഇങ്ങനെ നാം വായിക്കുന്നു, ”നിന്റെ ബലഹീനത നിനക്കുള്ള എന്റെ ദാനമാണ്. നിന്റെ നേട്ടങ്ങള്‍ എനിക്കു സമര്‍പ്പിക്കുന്നതിനൊപ്പം നിന്റെ ദാരിദ്ര്യവും ബലഹീനതയും വന്‍കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള പരാജയവും എനിക്കു കാഴ്ചവയ്ക്കുക. പകരമായി, ഞാന്‍ നിന്റെ കാഴ്ച സ്വീകരിച്ച് അതിനെ എന്റെ എത്രയും സമ്പൂര്‍ണ്ണമായ പീഡാനുഭവത്തോടുചേര്ത്ത് എന്റെ വൈദികര്‍ക്കും സഭയ്ക്കും ഫലപ്രദമാക്കും” (ഇന്‍ സിനു ജേസു, പേജ് 220). വൈദികര്‍ക്ക് വേണ്ടിയും സമര്പ്പിതര്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുള്ള വ്യക്തിയാണോ താങ്കള്‍? അങ്ങനെയെങ്കില്‍ ഇവ്വിധത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്, നമ്മുടെ ബലഹീനതകള്‍ കര്ത്താവിന് സമര്‍പ്പിച്ചുകൊണ്ട് നമുക്ക് അവിടുത്തെ പ്രസാദിപ്പിക്കാവുന്നതാണ്. സത്യത്തില്‍ നമ്മുടേയും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിന് അനുദിനം ഒരഞ്ച് മിനിറ്റ് വളരെ ‘സിംപിള്‍’ ആയി നമുക്ക് നീക്കിവയ്ക്കാം.
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
More