Home/Enjoy/Article

സെപ് 01, 2023 381 0 Joy Mathew Planthra
Enjoy

ആ പുഞ്ചിരി മനസില്‍നിന്ന് മായില്ല!

നിലത്തെറിഞ്ഞ പുസ്തകത്തില്‍നിന്നും പുഞ്ചിരിതൂകിയ കുഞ്ഞിന്‍റെ കൈകള്‍…

ശാലോം ഏജന്‍സി മീറ്റിങ് നടക്കുന്ന സമയം. പുസ്തകങ്ങള്‍ നിരത്തിയിരിക്കുന്ന കൗണ്ടറില്‍ നിന്നും ഉച്ചത്തിലുള്ള സംസാരംകേട്ടു നോക്കിയപ്പോള്‍ ഒരു സിസ്റ്റര്‍ മറ്റൊരാളോട് ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ് കണ്ടണ്ടത്. ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകം കയ്യില്‍ എടുത്തുകാണിച്ചുകൊണ്ടണ്ടാണ് സിസ്റ്റര്‍ സംസാരിക്കുന്നത്.. അതോടെ എനിക്ക് ആകാംക്ഷയായി.

ഞാന്‍ പതുക്കെ സിസ്റ്ററിനെ സമീപിച്ചു … സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ തുടങ്ങി. മുമ്പ് സിസ്റ്റര്‍ ഒരു ക്ലിനിക്കിലാണ് സേവനം ചെയ്തിരുന്നത്. ഒരിക്കല്‍ അവിടെ വന്ന ദമ്പതികളെ സിസ്റ്റര്‍ ശ്രദ്ധിച്ചു. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു പന്തികേട്… സിസ്റ്റര്‍ കാര്യംതിരക്കിയപ്പോള്‍ അവര്‍ പലതും പറഞ്ഞ് സിസ്റ്ററിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ അല്പം സംസാരിച്ചു. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ കുഞ്ഞിനെ വേണ്ട. അബോര്‍ഷന്‍ ചെയ്യണം,” അതുകേട്ട് സിസ്റ്ററിന്‍റെ ചങ്കുപിടഞ്ഞു. പെട്ടെന്നാണ് തന്‍റെ കൈയിലുള്ള ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകത്തെക്കുറിച്ച് ഓര്‍മവന്നത്. അതെടുത്ത് വേഗം ആ ഭര്‍ത്താവിന്‍റെ കൈയില്‍ കൊടുത്തു. എന്നാല്‍ അത് ഒട്ടും ഇഷ്ടപ്പെടാത്ത ആ മനുഷ്യന്‍ പുസ്തകം ഗേറ്റിന്‍റെ ചുവട്ടിലേക്ക് എറിഞ്ഞു. സിസ്റ്റര്‍ അതെടുത്ത് വീണ്ടും അദ്ദേഹത്തിന്‍റെ കൈയിലേക്ക് കൊടുത്തിട്ട് പറഞ്ഞു, “മോന് വേണ്ടെങ്കില്‍ വായിക്കണ്ട, എന്നാലും മോന്‍ കൊണ്ടുപൊയ്ക്കോ… പ്ലീസ്….” സിസ്റ്റര്‍ കെഞ്ചിപ്പറഞ്ഞതുകൊണ്ടണ്ടുമാത്രം അദ്ദേഹം ആ പുസ്തകം കൊണ്ടുപോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സിസ്റ്റര്‍ ക്ലിനിക്കില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഞ്ഞുപെണ്‍കുട്ടി പിന്നില്‍നിന്ന് സിസ്റ്ററിന്‍റെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ അവള്‍ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സിസ്റ്ററിനെ നോക്കിനില്‍ക്കുകയാണ്. അടുത്തുനില്‍ക്കുന്ന അവളുടെ മാതാപിതാക്കളെ സിസ്റ്ററിന് വേഗം മനസിലായി, നാളുകള്‍ക്കുമുമ്പ് താന്‍ പുസ്തകം കൊടുത്തുവിട്ട ദമ്പതികള്‍! ‘നിലവിളി കേള്‍ക്കുന്ന ദൈവം’ എന്ന പുസ്തകം അവരെ മാറ്റിചിന്തിപ്പിച്ചുവെന്നും അങ്ങനെ അബോര്‍ഷന്‍ വേണ്ടെന്നുവച്ചുവെന്നും അവര്‍ സന്തോഷത്തോടെ പങ്കുവച്ചു.

ഇക്കാര്യം പറഞ്ഞിട്ട് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു, “എന്‍റെ മരണം വരെ ആ കുഞ്ഞിന്‍റെ മുഖത്തെ പുഞ്ചിരി എന്‍റെ മനസില്‍നിന്നും മായില്ല. ദൈവം എത്ര കാരുണ്യവാനാണ്. തന്‍റെ വചനത്തിലൂടെ അവിടുന്ന് തന്‍റെ മക്കളെ വീണ്ടെടുക്കുന്നു.”

“ദൈവവചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12).

നാം ചെയ്യുന്ന ഒരു ശുശ്രൂഷയും ചെറുതല്ലെന്ന് ആ സിസ്റ്ററിന്‍റെ വാക്കുകള്‍ എന്നെ ഓര്‍മിപ്പിച്ചു. അത് ഒരു ശാലോം മാസിക വിതരണം ചെയ്യുന്നതാവാം, ഒരു ദൈവവചനം പങ്കുവയ്ക്കുന്നതാവാം, പുസ്തകം കൊടുക്കുന്നതാകാം. അപ്പോള്‍ത്തന്നെ അതിന്‍റെ ഫലം കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നാം വിതച്ച വചനത്തിന്‍റെ വിത്ത് ഒരുനാള്‍ കിളിര്‍ത്ത്, വളര്‍ന്ന് ഫലം ചൂടുകതന്നെ ചെയ്യും.

Share:

Joy Mathew Planthra

Joy Mathew Planthra

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles