Home/Engage/Article

ജൂണ്‍ 26, 2020 2025 0 Anitha Joji
Engage

അസൂയപ്പെടാന്‍ എനിക്ക് കാരണമുണ്ടായിരുന്നു

വലിയൊരു ഗായികയാവണമെന്നതായിരുന്നു വളരെ ചെറുപ്പംമുതലുള്ള എന്‍റെ ഏറ്റവും വലിയ ആഗ്രഹം. അതിനായി സംഗീതകോളേജില്‍ ചേര്‍ന്നു പഠിക്കാനും കൊതിച്ചു. അങ്ങനെയിരിക്കേ, സ്കൂള്‍ പഠനകാലത്ത് ഒരു അധ്യാപികയില്‍ നിന്ന് യേശുവിനെക്കുറിച്ചറിഞ്ഞു. അക്രൈസ്തവയായിരുന്ന എനിക്ക് യേശുവിനോട് അന്നു മുതല്‍ വളരെ ഇഷ്ടം തോന്നി. പിന്നീട് പഠനം തുടര്‍ന്നു. പത്താം ക്ലാസ് പഠിക്കുന്ന സമയമായപ്പോഴേക്കും യേശുവുമായി ഒരു നല്ല ബന്ധത്തിലേക്കെത്തിയിരുന്നു.

ഡിഗ്രി പഠിക്കുന്ന സമയത്ത് തമ്പലക്കാട് ഒരു ആശ്രമത്തില്‍ പോകാനിടയായി. അവിടെവച്ചാണ് ഒരു വൈദികനില്‍നിന്ന് വിശുദ്ധ കുര്‍ബാനയെക്കുറിച്ച് വ്യക്തമായി അറിയുന്നത്. അദ്ദേഹം പറഞ്ഞു, ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ളവര്‍ കത്തോലിക്കരാണെന്നും അവര്‍ ദൈവത്തെ വഹിക്കുന്നവരാണെന്നും. വിശുദ്ധ കുര്‍ബാനയില്‍ അപ്പമായി എഴുന്നള്ളിവരുന്ന ദൈവത്തെ അവര്‍ വഹിക്കുന്നതിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്ക് അവരോട് അസൂയ തോന്നി. എനിക്ക് അത് സാധിക്കുകയില്ലല്ലോ എന്നോര്‍ത്ത് വേദനയും.

ആ സമയത്ത് ഒരു ആത്മീയപ്രസിദ്ധീകരണത്തില്‍ ഡോ. സിന്ധുവിന്‍റെ ഒരു അനുഭവക്കുറിപ്പ് വായിക്കാനിടയായി. അക്രൈസ്തവയായിരുന്നെങ്കിലും യേശുവിനെ അറിഞ്ഞ അവര്‍ വിശുദ്ധ കുര്‍ബാനയില്‍ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടു വരുന്ന ഏതെങ്കിലും വ്യക്തിയെ മുട്ടിനില്ക്കുമായിരുന്നത്രേ. തനിക്ക് സ്വീകരിക്കാന്‍ സാധിക്കാത്തതിനാലായിരുന്നു അവരങ്ങനെ ചെയ്തിരുന്നത്. ആ സമയത്ത് അവര്‍ക്ക് ഷോക്കടിക്കുന്ന അനുഭവം ഉണ്ടാകാറുണ്ട് എന്നും അവര്‍ ആ കുറിപ്പില്‍ എഴുതിയിരുന്നു. ഞാനും അത് പരീക്ഷിക്കാന്‍ തീരുമാനിച്ചു.

ആ വര്‍ഷമാകട്ടെ തിരുസഭ ദിവ്യകാരുണ്യ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എന്‍റെ കൂട്ടുകാരിയോട് ദിവ്യകാരുണ്യസ്വീകരണം കഴിഞ്ഞ് എന്‍റെയരികില്‍ മുട്ടിനില്ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തപ്പോഴൊക്ക എനിക്കും ഷോക്കടിക്കുന്ന അനുഭവമുണ്ടായി. അതോടെ വിശുദ്ധ കുര്‍ബാനയോട് എനിക്ക് കടുത്ത അഭിനിവേശമായി. തുടര്‍ന്ന് ദിവ്യകാരുണ്യത്തിനു മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഏറെ പാട്ടുകള്‍ എഴുതാനും ഈണമിടാനുമുള്ള കൃപ ലഭിച്ചു. ‘ജീവിതകാലം മുഴുവന്‍ ഞാന്‍ നാഥനു ഗീതികള്‍ പാടീടും’ എന്ന വിശുദ്ധ കുര്‍ബാനയിലെ സങ്കീര്‍ത്തനഭാഗത്തില്‍നിന്ന് കിട്ടിയ ബോധ്യമനുസരിച്ച് ഞാന്‍ ഒരു തീരുമാനമെടുക്കുകയും ചെയ്തു, “ഞാന്‍ എന്‍റെ യേശുവിനായിമാത്രമേ ഇനി പാടൂ.”

പിന്നീട് ബിരുദാനന്തര ബിരുദപഠനത്തിനായി കോയമ്പത്തൂരിലേക്ക് പോയി. ആ സമയത്താണ് എന്‍റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത്. ഉച്ചസ്ഥായിയില്‍ (ഹൈ പിച്ച്) പാടാനാവാത്ത വിധം എന്‍റെ വോക്കല്‍ കോര്‍ഡ് അഥവാ സ്വനനാളിക്ക് പ്രശ്നമുണ്ടായി. യേശുവിനായി പാടാന്‍ തീരുമാനിച്ചിട്ടും എന്തേ ഇങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു. അപ്പോഴെല്ലാം ഉള്ളില്‍നിന്ന് ഒരു സ്വരം കേള്‍ക്കുമായിരുന്നു, ‘ദിവ്യകാരുണ്യമായി ഉള്ളില്‍ വരുമ്പോള്‍ സൗഖ്യം.’

എന്നാല്‍ മാമ്മോദീസായിലൂടെ വിശുദ്ധ കുര്‍ബാനസ്വീകരണത്തിനുള്ള അര്‍ഹത നേടുക എന്നത് ഒരു വിദൂരസ്വപ്നം മാത്രമായിരുന്നതിനാല്‍ അതേപ്പറ്റി അധികം ചിന്തിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, കര്‍ത്താവിന്‍റെ അനന്തകരുണയാല്‍ ആ മഹാത്ഭുതം നടന്നു; 2007 ഡിസംബര്‍ 24-ന് എനിക്ക് മാമോദീസായും വിശുദ്ധ കുര്‍ബാനയും സ്വീകരിക്കാന്‍ ഭാഗ്യം കിട്ടി. അന്നു വൈകുന്നേരം ഈശോയെ സ്തുതിച്ചാരാധിച്ച് പാട്ടുപാടിക്കൊണ്ടിരുന്ന സമയത്ത് ഹൈ പിച്ചില്‍ പാടേണ്ട വരികള്‍ പാടിയപ്പോഴാണ് എനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഞാന്‍ തിരിച്ചറിഞ്ഞത്. വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ത്തന്നെ എനിക്ക് സൗഖ്യം ലഭിച്ചു കഴിഞ്ഞിരുന്നു എന്നെനിക്ക് മനസ്സിലായി. പിന്നീടങ്ങോട്ട് വിശുദ്ധ ബലി എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനയായി മാറി. വിശുദ്ധ കുര്‍ബാനയില്‍ ഇന്നും ജീവിക്കുന്ന യേശു എന്നെ തേടിയെത്തിയതിന് എങ്ങനെ നന്ദി പറയണമെന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ.

Share:

Anitha Joji

Anitha Joji

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles