Home/Encounter/Article

മാര്‍ 27, 2020 2186 0 Binumon George
Encounter

അമ്മ തന്ന ‘ലവീത്ത’

ഒരിക്കല്‍ ഒരു കൊച്ചുപുസ്തകം എന്‍റെ കൈയില്‍ കിട്ടി. ‘ലവീത്ത’ എന്നായിരുന്നു ആ പ്രാര്‍ത്ഥനാപുസ്തകത്തിന്‍റെ പേര്. കിട്ടിയ ഉടനെ മറിച്ചുപോലും നോക്കാതെ ഞാന്‍ അത് എന്‍റെ എണ്‍പത്തിനാലുകാരിയായ അമ്മയെ ഏല്പ്പിച്ചു. അമ്മയ്ക്ക് ഏത് പ്രാര്‍ത്ഥന കിട്ടിയാലും വായിക്കാന്‍ വലിയ ഇഷ്ടമാണ് എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ അതുമാത്രമാണ് കാരണം എന്ന് പറയാനാവില്ല. ‘ഇതൊന്നും എനിക്ക് അത്ര പറ്റിയതല്ല, അമ്മയ്ക്കാണ് കൂടുതല്‍ ഇണങ്ങുക’ എന്ന ഒരു ചിന്തയുമുണ്ടായിരുന്നു എന്‍റെയുള്ളില്‍.

കുറെ മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം പതിവുപോലെ ഞാന്‍ കമ്പ്യൂട്ടറില്‍ എന്‍റെ ഓണ്‍ലൈന്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ അമ്മ വന്ന് ആ ചെറിയ പുസ്തകം എന്‍റെ നേര്‍ക്കു നീട്ടി ‘ലവീത്ത പ്രാര്‍ത്ഥനയാ’ എന്ന് പറഞ്ഞു. ആദ്യം എനിക്ക് മനസിലായില്ല. കയ്യില്‍ വാങ്ങി നോക്കിയപ്പോഴാണ് ഓര്‍മ്മ വന്നത്. കിട്ടിയ ഉടനെ വായിച്ചുപോലും നോക്കാതെ അമ്മയെ ഏല്‍പ്പിച്ച പുസ്തകമാണല്ലോ എന്ന്. ആ ഒരു ഖേദത്തോടെ ഞാന്‍ അത് മുഴുവന്‍ വായിച്ചു.

ചെറിയ പുസ്തകമാണെങ്കിലും അത് വളരെ നല്ലതായി തോന്നി. പല ദിവസങ്ങളിലായി രണ്ടോ മൂന്നോ പ്രാവശ്യം ഞാന്‍ അത് ആവര്‍ത്തിച്ച് വായിച്ചു. അപ്പോഴാണ് അതിന്‍റെ തുടക്കത്തില്‍ നല്കിയിരുന്ന പരിശുദ്ധാത്മാവിനോടുള്ള ജപം എന്നെ ആകര്‍ഷിച്ചത്. പിന്നെ അത് മാത്രമായി പലപ്പോഴും ചൊല്ലാന്‍ തുടങ്ങി, അല്ല നോക്കി വായിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. ഒടുവില്‍ അത് കാണാതെ പഠിച്ചു. ദിവസത്തില്‍ പല തവണ ആ പ്രാര്‍ത്ഥന ചൊല്ലുന്നത് ഒരു ശീലവുമായി. അതിലെ ഓരോ വാക്കുകളിലും വരികളിലും എന്തുമാത്രം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് പതിയെ വെളിപ്പെട്ടുതുടങ്ങി.

പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക.

മാമ്മോദീസായിലൂടെ നല്കപ്പെട്ട പരിശുദ്ധാത്മാവിനെ നമ്മള്‍ പാപം ചെയ്ത് അകറ്റി നിര്‍ത്തുകയാണ് പലപ്പോഴും. അപ്പോള്‍ ആ പരിശുദ്ധാത്മാവ് നമ്മിലേക്ക് തിരിച്ചുവന്നു നമ്മുടെ ഹൃദയത്തില്‍ വാസമാക്കുവാന്‍ പശ്ചാത്താപത്തോടെ കരഞ്ഞു വിളിക്കേണ്ടി വരുന്നു.

അങ്ങേ വെളിവിന്‍റെ കതിരുകളെ സ്വര്‍ഗ്ഗത്തില്‍നിന്നും അയയ്ക്കണമേ.

വെളിവ് എന്നത് ജ്ഞാനം അഥവാ നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ആണ്. കതിരുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വീണ്ടും ഞാന്‍ ധ്യാനിച്ചു. ധാന്യങ്ങളാണല്ലോ കതിരുകളായി വിളയുന്നത്. അതുപോലെ ജ്ഞാനം നമ്മില്‍ കതിരാകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കതിരുകള്‍ക്കു രശ്മികള്‍ എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. അപ്പോള്‍ വെളിവ് എന്നത് പ്രകാശവും ആകുന്നു.

അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്‍റെ പ്രകാശമേ, എഴുന്നള്ളി വരിക.

ഒരു അഗതിയെപ്പോലെ അവിടുന്നില്‍ ആശ്രയിക്കുന്ന നമ്മുടെ ഓരോ തലമുടിനാരുപോലും എണ്ണി സൂക്ഷിക്കുന്ന, കണ്ണുനീരുകളെ കുപ്പിയില്‍ സൂക്ഷിക്കുന്ന ഒരു പിതാവായ ദൈവം നമുക്കുണ്ട് എന്ന ആശ്വാസം ഈ വരികളിലൂടെ ലഭിക്കുന്നു.

ഹൃദയത്തിലെ അന്ധകാരത്തെ നീക്കി പ്രകാശമായി എത്തുന്ന പരിശുദ്ധാത്മാവ് നല്‍കുന്ന ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നീ ദാനങ്ങള്‍ ധാരാളമായി വര്‍ഷിക്കപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നു.

എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ…

ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. വിണ്ടുണങ്ങിയ ഹൃദയത്തിലേക്ക് ആശ്വാസത്തിന്‍റെ മഴത്തുള്ളികളായി പെയ്തിറങ്ങുന്ന പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്.

ആത്മാവിന് മാധുരമായ വിരുന്നേ…

നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടവര്‍ വീട്ടില്‍ വിരുന്ന് വരുന്നത് വളരെ സന്തോഷപ്രദമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന് വിരുന്നായി എത്തുന്ന പരിശുദ്ധാത്മാവ്. അത് മധുരതരമായ മുഹൂര്‍ത്തം തന്നെയാണ്.

മധുരമായ തണുപ്പേ, കരച്ചിലില്‍ സ്വൈരമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല.

ദൈവമേ അങ്ങേ വെളിവ് കൂടാതെയുള്ള അവസ്ഥകളില്‍ ഞങ്ങള്‍ മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയിലേക്ക് അധഃപതിക്കുന്നു. എങ്കിലും പാപികളോടുള്ള കരുണാര്‍ദ്രമായ സ്നേഹത്താല്‍ അവിടുന്ന് ഞങ്ങളെ വീണ്ടെടുക്കുന്നു. അങ്ങയുടെ തിരുക്കുമാരന്‍ കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്‍റെ യോഗ്യതയാല്‍ അങ്ങേ പരിശുദ്ധാത്മാവിനെ നല്കുന്നു. അങ്ങേയ്ക്ക് നന്ദിയും സ്തോത്രവും…

അറപ്പുള്ളതു കഴുകുക

വിശുദ്ധ മദര്‍ തെരേസ കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ കുഷ്ഠരോഗികളെ വാരിയെടുക്കുകയും അവരുടെ അറപ്പ് തോന്നിക്കുന്ന ശരീരഭാഗങ്ങള്‍ കഴുകി തുടച്ച് മരുന്ന് വച്ച് കെട്ടി ശുശ്രൂഷിക്കുകയും ചെയ്തിരുന്നല്ലോ. അറപ്പുള്ളത് കഴുകുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളുടെ വലിയ ദൃഷ്ടാന്തമായി അത് എനിക്ക് തോന്നി.

വാടിപ്പോയതു നനയ്ക്കുക.

ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോഴാണല്ലോ വാടിപ്പോകുന്നത്. മനുഷ്യരായ നമ്മളും ജീവിതത്തിന്‍റെ പല ദുര്‍ഘട നിമിഷങ്ങളിലും തളരുകയും വാടിപ്പോകുകയും ചെയ്യാറുണ്ട്. അവിടെ ജീവന്‍റെ ജലം നമുക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക.

മുറിവുകള്‍ ശരീരത്തിലും മനസിലും ആത്മാവിലും ഉണ്ടാകാം. ശരീരത്തിന്‍റെയും മനസിന്‍റെയും ആത്മാവിന്‍റെയും മുറിവുണക്കാന്‍ ശക്തിയുള്ള ഏറ്റവും വലിയ ഭിഷഗ്വരനായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

കടുപ്പമുള്ളതു മയപ്പെടുത്തുക

ഹൃദയകാഠിന്യം മാറ്റി മൃദുവാക്കാനും അലിയിപ്പിക്കാനും ദൈവത്തിന്‍റെ ആത്മാവിന് സാധിക്കും. മറ്റുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെയാണ് അത് സാധ്യമാകുന്നത്. പ്രാര്‍ത്ഥനകള്‍കൊണ്ട് ആത്മാക്കളെ നേടിയ വിശുദ്ധ കൊച്ചുത്രേസ്യയുടെയും മറ്റു വിശുദ്ധരുടെയും മാതൃക നമുക്കും പ്രചോദനമാകട്ടെ.

തണുത്തത് ചൂടുപിടിപ്പിക്കുക

നമ്മുടെ അനുദിന ജീവിതത്തില്‍ ഊര്‍ജവും ഉന്മേഷവും ലഭിക്കാന്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന സഹായകമാകുന്നു.

നേര്‍വഴിയല്ലാതെ പോയതു തിരിക്കുക
ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനയാണ് വഴി തെറ്റി പോയവരെ തിരിച്ചു കൊണ്ട് വരാന്‍ ഇടയാക്കുന്നത്. കേവലം വ്യക്തികള്‍ക്കു വേണ്ടി മാത്രമല്ല വഴിതെറ്റി പോയ സമൂഹത്തിനും രാജ്യങ്ങള്‍ക്കു വേണ്ടിയും നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.
അങ്ങില്‍ ശരണപ്പെട്ടിരിക്കുന്നവര്‍ക്ക് ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍

Share:

Binumon George

Binumon George

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles