• Latest articles
ഒക്ട് 10, 2024
Encounter ഒക്ട് 10, 2024

ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ പരിശുദ്ധ അമ്മയെ നാം സ്‌നേഹിക്കുക എന്നത്. ഈശോ അനുഭവിച്ച അമ്മയുടെ നെഞ്ചിന്‍റെ ചൂട്, ആ നീലക്കാപ്പയുടെ സ്‌നേഹം അനുഭവിക്കുക എന്നത് വല്ലാത്തൊരു ഭാഗ്യം തന്നെ.
ഈശോയുടെ വാവ എയ്‌ബെല്‍ എല്‍.കെ.ജിയിലേക്ക് യൂണിഫോമില്‍ പോയ ആദ്യ ദിവസം. ഒരു ദിവസം രാവിലെ തന്‍റെ യൂണിഫോമിന് ടൈ കിട്ടാത്തതിനാല്‍ അവന്‍ ചോദിച്ചു, ”അമ്മേ ഞാന്‍ ഇന്ന് എന്‍റെ കൊന്ത ഷര്‍ട്ടിനു പുറത്തിടട്ടെ?”

‘വേണ്ട, അത് അകത്തു കിടക്കട്ടെ’ എന്ന മറുപടിയോടൊപ്പം കുഞ്ഞിന്‍റെ അടുത്ത ചോദ്യം, ”അമ്മേ, ഈശോയ്ക്കു ശ്വാസം മുട്ടില്ലേ? എന്‍റെ ഷര്‍ട്ടിന്‍റെ ബട്ടന്‍ എല്ലാം ലോക്ക് അല്ലേ?” ആ ചോദ്യത്തിന് മുന്നില്‍ അമ്മ തോറ്റു. അങ്ങനെ കുഞ്ഞിന്‍റെ ആഗ്രഹപ്രകാരം യൂണിഫോമിന്‍റെ ടൈയ്ക്ക് പകരം ജപമാലയാകുന്ന ആയുധം അഭിമാനത്തോടെ ഷര്‍ട്ടിനു പുറത്തിട്ട് സ്‌കൂളില്‍ പോയി. അന്ന് ജൂലൈ 13 റോസാ മിസ്റ്റിക്ക മാതാവിന്‍റെ തിരുനാള്‍ ആയിരുന്നു. ആദ്യമായി ജപമാല കുഞ്ഞിന്‍റെ ടൈ ആയ ദിവസം. റോസാ മിസ്റ്റിക്ക മാതാവിന്‍റെ തിരുനാള്‍ മുതല്‍ പുതിയ ടൈ കിട്ടുന്നതുവരെ, ഒരാഴ്ചയോളം, പരിശുദ്ധ അമ്മയുടെയും ഈശോയുടെയും ജീവിതം നിറഞ്ഞൊഴുകുന്ന ജപമാല കുഞ്ഞിനെ കണ്ടുമുട്ടിയവര്‍ക്ക് സാക്ഷ്യമായി.

”സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെ പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍” (മത്തായി 18/3-4).

ജിന്‍സ് & അഞ്ജു ജിന്‍സ്, എടത്തൊട്ടി

'

By: Shalom Tidings

More
ഒക്ട് 09, 2024
Encounter ഒക്ട് 09, 2024

പണ്ടു പണ്ട് ഇസ്രായേല്‍ എന്ന രാജ്യത്ത് ആടുകളെ മേയ്ക്കുന്ന തൊഴില്‍ ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു യുവാവ് ഉണ്ടായിരുന്നു. ആ രാത്രിയും കിടന്നുറങ്ങുന്ന സമയംവരെയും അവനെ പുറംലോകം അറിഞ്ഞിരുന്നില്ല. അവന്‍റെ ജീവിതപാത അന്നുവരെയും വളരെ ഇടുങ്ങിയതായിരുന്നു. അവന്‍റെ പേര്, അവന്‍റെ വീട്ടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും സുപരിചിതമായിരുന്നില്ല. ഒരു ഇടയച്ചെറുക്കന്, ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍, സ്വപ്നങ്ങള്‍ കാണാന്‍. എന്നാല്‍ തൊട്ടടുത്ത ദിനം ഉറങ്ങിയെണീറ്റപ്പോള്‍ അവന്‍റെ ദൈവം അവനെ വിളിച്ചു. അവനെ വലിയവനാക്കി, അവന്‍റെ പാതകള്‍ വിശാലമാക്കി. അന്നുവരെയും ഇസ്രായേലിന്‍റെ മലഞ്ചെരുവില്‍ ആടിനെ നോക്കി നടന്നവന്‍ ആ രാജ്യത്തിന്‍റെ രാജാവായി.

ആരുടെയെല്ലാം മുമ്പില്‍ അവന്‍ ഓച്ഛാനിച്ചുനിന്നോ, അവര്‍ അന്നുമുതല്‍ അവന്‍റെ മുമ്പില്‍ തല കുമ്പിട്ടുനിന്നു. അവന്‍റെ വീടും സ്ഥലവും മാത്രമായി ഒതുങ്ങിക്കൂടിയ ആ ചെറുപ്പക്കാരന് ഇസ്രായേല്‍രാജ്യം മുഴുവന്‍ അധീനതയിലായി. ആരും അറിയപ്പെടാതിരുന്ന അവന്‍റെ പേര് അന്നുമുതല്‍ അനശ്വരമായി. ഇന്നും അവന്‍റെ നാമം ആത്മീയലോകത്ത് അനേകായിരങ്ങള്‍ക്ക് ആവേശമായി നിലനില്‍ക്കുന്നു. ഈ ദാവീദ് എന്ന ചെറുപ്പക്കാരന്‍ തന്‍റെ ജീവിതത്തിന്‍റെ ഇന്നലെകളെ നോക്കി, നടത്തിയ വഴികളും വിധങ്ങളും മറന്നുപോകാതെ തന്‍റെ വളര്‍ച്ചയുടെ വിജയരഹസ്യം ഇങ്ങനെ എഴുതിവച്ചു. ”അവിടുത്തെ വാത്സല്യം എന്നെ വലിയവനാക്കി. അവിടുന്നെന്‍റെ പാത വിശാലമാക്കി” (സങ്കീര്‍ത്തനങ്ങള്‍ 18/36).

ജീവിതത്തില്‍ അല്പംകൂടി വലുതാവാനും ഉയര്‍ച്ച പ്രാപിക്കാനും ആഗ്രഹിക്കാത്തവരായി നമ്മിലാരുണ്ട്? ആത്മീയജീവിതത്തിലും ഭൗതികജീവിതത്തിലും വളരാന്‍വേണ്ടി എന്തെല്ലാം പെടാപ്പാടുകളാണ് ഇന്ന് നാം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതാ വിജയരഹസ്യം സ്വര്‍ഗം വെളിപ്പെടുത്തുന്നു ”മനുഷ്യന്‍റെ വിജയം ദൈവത്തിന്‍റെ കരങ്ങളിലാണ്” (പ്രഭാഷകന്‍ 10/5).

മലബാറിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു മനുഷ്യനെ എനിക്കറിയാം. നമുക്കയാളെ ബേബിച്ചന്‍ എന്ന് വിളിക്കാം. ജന്മനാ ശാരീരിക വൈകല്യങ്ങളുടെ പൂര്‍ണരൂപമായിരുന്നു ആ മനുഷ്യന്‍. ഒരു മനുഷ്യപ്രകൃതിയില്‍ ശിരസുമാത്രം വളര്‍ന്ന രൂപം. കഴുത്തിന് താഴേക്ക് ചലനശേഷി കാര്യമായില്ല. പരസഹായംകൂടാതെ ഒരു കാര്യവും നടത്താന്‍ സാധിക്കാത്ത- ശൈശവ-ബാല്യകാലങ്ങള്‍. പൂര്‍ണ വളര്‍ച്ച പ്രാപിച്ചപ്പോഴും 15 കിലോയില്‍ താഴെമാത്രം തൂക്കം. ലോകം അദ്ദേഹത്തെ ജനിച്ചപ്പോള്‍ത്തന്നെ എഴുതിത്തള്ളി. ഇരുളടഞ്ഞ ഭാവി. വിവാഹം, മക്കള്‍ ഇതെല്ലാം ചിന്തിക്കാന്‍പോലും കഴിയാത്ത ചുറ്റുപാടുകള്‍ – വൈകല്യങ്ങള്‍.

എന്നാല്‍ കര്‍ത്താവിന്‍റെ വാത്സല്യം അദ്ദേഹത്തെ വലിയവനാക്കി. അവിടുന്ന് അവന്‍റെ ഇടുങ്ങിയ പാത വിശാലമാക്കി. അവിടുന്നാണ് സത്യദൈവമായ യേശുക്രിസ്തു. ഒരിക്കല്‍പോലും വിവാഹജീവിതം സ്വപ്നം കാണാന്‍ കഴിയാതിരുന്ന ബേബിച്ചേട്ടന് ഈ ദൈവം ആരോഗ്യവതിയായ ഭാര്യയെ നല്‍കി, രണ്ട് ആണ്‍മക്കളുടെ പിതാവാണ് ഇന്ന് ബേബിച്ചേട്ടന്‍. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒരു പുതിയ സാങ്കേതികവിദ്യ കണ്ടുപിടിക്കാന്‍ കര്‍ത്താവ് ബേബിച്ചന്‍റെ ബുദ്ധിയെ പ്രകാശിപ്പിച്ചു. ഭിന്നശേഷിക്കാരുടെ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്കുള്ള രാഷ്ട്രപതിമെഡല്‍ വാങ്ങുവാന്‍മാത്രം ദൈവം അദ്ദേഹത്തെ വലിയവനാക്കി. തന്നെ തള്ളിക്കളഞ്ഞവരുടെ മുമ്പില്‍ സന്തോഷവാനായി ഇന്ന് അയാള്‍ ജീവിക്കുന്നു.

ലോകം മനുഷ്യന്‍റെ വളര്‍ച്ചയെക്കുറിച്ച് പറയുന്നത് മറ്റൊന്നാണ്. ‘മസില്‍ പവറും’ ‘മണി പവറും’ ഉണ്ടെങ്കില്‍ ആര്‍ക്കും ജീവിതപുരോഗതി കൈവരിക്കാം എന്നതാണ് ആ ആശയം. ‘പണത്തിനുമീതെ പരുന്തും പറക്കില്ല’ എന്നാണല്ലോ ചൊല്ല്. എന്നാല്‍ അതല്ല സത്യം. യഥാര്‍ത്ഥ സത്യം ബൈബിള്‍ പഠിപ്പിക്കുന്നു. ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്” (സങ്കീര്‍ത്തനങ്ങള്‍ 75/6-7).

മറ്റൊരു സംഭവം പങ്കുവയ്ക്കാം. അനുകരണീയമായ മാതൃകയില്‍ ജീവിച്ചുപോന്ന ഒരു കുടുംബം. കുടുംബനാഥന്‍ കൂലിപ്പണിക്ക് പോയി ആ കുടുംബത്തെ പോറ്റുന്നു. മൂന്നുമക്കളെ നല്‍കി ദൈവം ആ കുടുംബത്തെ അനുഗ്രഹിച്ചു. സന്തോഷകരമായി മുന്നോട്ടുപോകുമ്പോള്‍ ഒരു അത്യാഹിതം ആ കുടുംബത്തില്‍ സംഭവിച്ചു. പറയത്തക്ക കാരണങ്ങളൊന്നുമില്ലാതെ ആ കുടുംബനാഥന്‍ ഒരു രാത്രിയില്‍ തൂങ്ങിമരിച്ചു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായ ആ മനുഷ്യന്‍റെ മരണം നാടിനെ നടുക്കിക്കളഞ്ഞു.
ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ നാട്ടുകാര്‍ അടക്കം പറഞ്ഞു, ‘പറക്കമുറ്റാത്ത ഈ പിള്ളേരെയുംകൊണ്ട് ഇവള്‍ എന്തുചെയ്യും? ഈ ദുര്‍മരണം നടന്ന വീട്ടില്‍ ഇവര്‍ എങ്ങനെ ജീവിക്കും? വളര്‍ന്നു വന്നാലും അപ്പന്‍ ആത്മഹത്യ ചെയ്ത പാരമ്പര്യമുള്ള ഈ മക്കള്‍ക്ക് ആര് പെണ്ണ് കൊടുക്കും?’

എന്നാല്‍ ”അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് നിന്നെ കൈക്കൊള്ളും” (സങ്കീര്‍ത്തനങ്ങള്‍ 27/10) എന്ന് വാഗ്ദാനം നല്‍കിയ കര്‍ത്താവിന്‍റെ വാത്സല്യം അവരെ വലിയവരാക്കി. അവിടുന്ന് അവരുടെ പാത വിശാലമാക്കി. ദൈവം അവരുടെ പിതാവാകുന്ന കാഴ്ചയാണ് പിന്നീട് ആ നാട് കണ്ടത്. അതില്‍ മൂത്ത രണ്ടുമക്കളും വിവാഹം കഴിച്ച് കുടുംബമായി സന്തുഷ്ടരായി ജീവിക്കുന്നു. മനോഹരമായ ഭവനവും സാമ്പത്തിക സുസ്ഥിതിയും നല്‍കി കര്‍ത്താവ് അവരെ ഉയര്‍ത്തി.
ലോകവും ജഡവും നമ്മോട് പറയുന്ന ചില ചിന്തകള്‍ ഇവയാണ്:
– ആരോഗ്യമുണ്ടെങ്കിലേ ഭാവിയുള്ളൂ. വരുമാനമുള്ളൂ.
– സൗന്ദര്യമുണ്ടെങ്കിലേ സമൂഹത്തില്‍ ശോഭിക്കാന്‍ കഴിയൂ.
– ജോലിയുണ്ടെങ്കിലേ പെണ്ണ് കിട്ടൂ.
– വിദേശത്ത് പോയാലേ രക്ഷയുള്ളൂ.
– നല്ല സാഹചര്യമില്ലെങ്കില്‍ വിശുദ്ധിയില്‍ വളരാന്‍ കഴിയില്ല.
– വരങ്ങളില്ലെങ്കില്‍ ശുശ്രൂഷ ചെയ്യാന്‍ കഴിയില്ല.
ഇങ്ങനെ പോകുന്നു ലോകത്തിന്‍റെ ചിന്തകള്‍. എന്നാല്‍ ഇതെല്ലാം അപൂര്‍ണ സത്യങ്ങളാണെന്ന് യേശു പഠിപ്പിക്കുന്നു.
ജീവിതത്തില്‍ മേല്‍പ്പറഞ്ഞതൊന്നും ഇല്ലെങ്കിലും ദൈവകൃപയുണ്ടെങ്കില്‍ ഉയരാനും വളരാനും കഴിയുമെന്നാണ് വിശുദ്ധ ബൈബിള്‍ ഓര്‍മിപ്പിക്കുന്നത്. റോമാ 9/16-ല്‍ നാം വായിക്കുന്നു ”മനുഷ്യന്‍റെ ആഗ്രഹമോ പ്രയത്‌നമോ അല്ല ദൈവത്തിന്‍റെ ദയയാണ് എല്ലാറ്റിന്‍റെയും അടിസ്ഥാനം.”

മേല്‍പ്പറഞ്ഞ അനുഭവങ്ങളില്‍നിന്ന് ഒരു കാര്യം നമുക്ക് വ്യക്തമാകുന്നു. കര്‍ത്താവിന്‍റെവാത്സല്യമാണ് നമ്മെ വലിയവരാക്കുന്നത്. അങ്ങനെയെങ്കില്‍ ഈ വാത്സല്യം നേടാന്‍ നാം എന്തു ചെയ്യണം? യേശുവിന്‍റെ വത്സല ശിഷ്യനായ യോഹന്നാന്‍ കര്‍ത്താവിന്‍റെ വക്ഷസിനോട് ചേര്‍ന്നിരുന്നാണ് യേശുവിന്‍റെ വത്സലനായതെന്നു വ്യക്തം. അതേ മാര്‍ഗമാണ് നമ്മുടെയും മുന്നിലുള്ളത്. യേശുവിനോടുചേര്‍ന്ന് നടക്കുക. അവന്‍റെ സ്വന്തമായി ജീവിക്കുക. അവന്‍റെ ഹൃദയം വേദനിക്കുന്നതൊന്നും ചെയ്യില്ലെന്ന് തീരുമാനമെടുക്കുക. സഹനങ്ങളിലും പ്രതിസന്ധികളിലും വിശ്വാസത്തെ മുറുകെ പിടിക്കുക.
സങ്കീര്‍ത്തനം 116/10 ”ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്ന് പറഞ്ഞപ്പോഴും ഞാനെന്‍റെ വിശ്വാസം കാത്തുസൂക്ഷിച്ചു.”

രണ്ടാമതായി ദൈവതിരുമുമ്പില്‍ വിശ്വസ്തതയോടെ ജീവിക്കുക. ദൈവം ഉയര്‍ത്തുകതന്നെ ചെയ്യും. 1 മക്കബായര്‍ 2/53-ല്‍ ജോസഫിന്‍റെ ഉയര്‍ച്ചയുടെ രഹസ്യം വായിക്കുന്നു. ”കഷ്ടതയുടെ കാലത്ത് ജോസഫ് കല്പനകള്‍ പാലിക്കുകയും ഈജിപ്തിന്‍റെ അധികാരിയായി ഉയരുകയും ചെയ്തു.”
ഈ ലേഖനം വായിക്കുന്ന നിങ്ങള്‍ കൊടിയ ദുരിതത്തിലും കഷ്ടതയിലുമാണോ? വിശ്വാസം മുറുകെ പിടിച്ച് കല്പനകള്‍ പാലിച്ച് ദൈവത്തിന്‍റെ വത്സലരായി മാറി ദാവീദിനെയും ജോസഫിനെയുംപോലെ നമുക്കും ഉയര്‍ച്ച പ്രാപിക്കാം. ”നിന്‍റെ ആരംഭം എളിയതായിരുന്നെങ്കില്‍തന്നെ അന്ത്യദിനങ്ങള്‍ അതിമഹത്തായിരിക്കും” (ജോബ് 8/7).

'

By: Mathew Joseph

More
ഒക്ട് 03, 2024
Encounter ഒക്ട് 03, 2024

ദൈവം മനുഷ്യനു നല്‍കിയ വലിയൊരു അനുഗ്രഹമാണ് അവന്‍റെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മനഃസാക്ഷിയുടെ സ്വരം. തെറ്റേത് ശരിയേത് എന്ന് ഹൃദയത്തിന്‍റെ ഈ സ്വരം നമ്മെ ബോധ്യപ്പെടുത്തും. തിരുവചനങ്ങള്‍ ഇപ്രകാരം നമ്മളോട് പറയുന്നു ”നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക. അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിനുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോട് പ്രാര്‍ത്ഥിക്കുക” (പ്രഭാഷകന്‍ 37/14-15).

മനഃസാക്ഷിയുടെ ഈ സ്വരത്തോട് മറുതലിക്കാത്തവന് താന്‍ തിരഞ്ഞെടുക്കേണ്ട വഴി ഏതെന്ന് സാധാരണഗതിയില്‍ ദൈവം വെളിപ്പെടുത്തിക്കൊടുക്കും. തിരുവചനങ്ങള്‍ ഇപ്രകാരം പറയുന്നു ”താന്‍ അംഗീകരിക്കുന്ന കാര്യങ്ങളില്‍ മനഃസാക്ഷി കുറ്റപ്പെടുത്താത്തവന്‍ ഭാഗ്യവാനാണ്” (റോമാ 14/22). എന്നാല്‍ ഇത് സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പൊതുനിയമമാണ്. എന്നാല്‍ വളരെ അസാധാരണമാംവിധം ദൈവം തിരഞ്ഞെടുത്തുയര്‍ത്തുന്ന ചില വ്യക്തികളുടെ ജീവിതത്തില്‍ ഈ പൊതുനിയമങ്ങളെയെല്ലാം മറികടക്കുന്ന വിധത്തില്‍ ഉന്നതമായ സമര്‍പ്പണങ്ങള്‍ ദൈവം ആവശ്യപ്പെടാറുണ്ട്.

വിശുദ്ധ ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ ഈവിധത്തിലുള്ള വ്യക്തികളെ നമുക്ക് കണ്ടെത്തുവാന്‍ കഴിയും. ഹൃദയത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന മനഃസാക്ഷിയുടെ സ്വരത്തെപ്പോലും അതിലംഘിക്കുന്ന രീതിയില്‍ ഉന്നതമായ സമര്‍പ്പണവും അനുസരണവും ഇവരില്‍നിന്നും ദൈവം ആവശ്യപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെയുള്ള ചില കാര്യങ്ങളില്‍ നമ്മുടെ ഹൃദയംപോലും നമ്മെ കുറ്റപ്പെടുത്തിയെന്നിരിക്കും. ”നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നുവെങ്കില്‍ത്തന്നെ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനും ആകയാല്‍ അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും” (1 യോഹന്നാന്‍ 3/20) എന്ന വചനം ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്.

അബ്രഹാമിന്‍റെ ദൈവവിളി

വളരെ അസാധാരണമായ ഒരു ദൈവവിളി ലഭിച്ച ആളാണല്ലോ പിതാവായ അബ്രാഹം. അബ്രാഹമിന്‍റെ ജീവിതത്തില്‍ പലവട്ടം സ്വന്തം മനഃസാക്ഷിയുടെ സ്വരത്തെ മറികടക്കുന്ന വിധത്തിലുള്ള ആഴമായ സമര്‍പ്പണവും അനുസരണവും ദൈവം അദ്ദേഹത്തില്‍നിന്നും ആവശ്യപ്പെടുന്നത് നമുക്ക് കാണാന്‍ സാധിക്കും.
ദൈവം അബ്രാഹമിനോട് ഇപ്രകാരം പറഞ്ഞു ”ആകാശത്തേക്കു നോക്കുക. ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്‍റെ സന്താനപരമ്പരയും അതുപോലെ ആയിരിക്കും” (ഉല്‍പത്തി 15/5). പക്ഷേ അനേകവര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ വന്നപ്പോള്‍ അബ്രാഹമിന്‍റെ ഭാര്യ സാറായുടെ മനസില്‍ ഒരു മറുബുദ്ധി തോന്നി. അവളത് തന്‍റെ ഭര്‍ത്താവായ അബ്രാഹവുമായി പങ്കുവച്ചു.

അബ്രാഹമത് രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അവള്‍ തന്‍റെ ദാസി ഹാഗാറിനെ അബ്രാഹത്തിന് ഭാര്യയായി കൊടുത്തു. തന്‍റെ ദാസിയായ ഹാഗാറില്‍ അബ്രാഹമിനുണ്ടാകുന്ന കുട്ടിയെ സ്വന്തം കുട്ടിയായി കരുതാമെന്നും അങ്ങനെ ദൈവത്തിന്‍റെ വാഗ്ദാനം പൂര്‍ത്തീകരിക്കാമെന്നുമായിരുന്നു സാറായുടെ പ്ലാന്‍. അങ്ങനെ ഹാഗാര്‍ ഗര്‍ഭിണിയായി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചു. അവര്‍ അവന് ഇസ്മായേല്‍ എന്നു പേരിട്ടു. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി അതായിരുന്നില്ല. സാറായുടെ ഉദരത്തില്‍ത്തന്നെ അബ്രാഹമിനു പിറക്കുന്ന കുഞ്ഞുവേണം തന്‍റെ വാഗ്ദാനത്തിന്‍റെ അവകാശി എന്നതായിരുന്നു ദൈവത്തിന്‍റെ തീരുമാനം. ആ പദ്ധതിപ്രകാരം സാറാ വാര്‍ധക്യത്തിലെത്തിയവളെങ്കിലും കര്‍ത്താവിന്‍റെ വലിയ കാരുണ്യത്താല്‍ അബ്രാഹമില്‍നിന്നും ഗര്‍ഭംധരിച്ചു. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവര്‍ അവന് ഇസഹാക്ക് എന്നു പേരിട്ടു.

കുട്ടി മുലകുടി മാറി, കളിക്കാന്‍ പ്രായമായപ്പോള്‍ വലിയൊരു പ്രശ്‌നം ഉടലെടുത്തു. ദാസിയുടെ മകനായ ഇസ്മായേല്‍ യജമാനത്തിയും വാഗ്ദാനത്തിനവകാശിയുമായ താന്‍ പ്രസവിച്ച തന്‍റെ സ്വന്തം കുഞ്ഞായ ഇസഹാക്കിനോടൊപ്പം കളിക്കുന്നതു കണ്ടപ്പോള്‍ സാറായ്ക്ക് തീരെ രസിച്ചില്ല. അവള്‍ അബ്രാഹത്തോട് ഇപ്രകാരം പറഞ്ഞു ”ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കിവിടുക. അവളുടെ മകന്‍ എന്‍റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല” (ഉല്‍പത്തി 21/10-11). അബ്രാഹം വലിയ വിഷമവൃത്തത്തിലായി. അദ്ദേഹത്തിന്‍റെ ചങ്കുപിടഞ്ഞു. അടിമപ്പെണ്ണില്‍ പിറന്നവനെങ്കിലും ഇസ്മായേല്‍ തന്‍റെ സ്വന്തം മകനാണ്. ഇവര്‍ രണ്ടുപേരെയും സംരക്ഷിക്കുകയും പോറ്റുകയും ചെയ്യേണ്ടത് ഭര്‍ത്താവും പിതാവുമായ തന്‍റെ കടമയാണ്. ദൈവത്തിന്‍റെയും മനുഷ്യന്‍റെയും മുമ്പില്‍ അതു നീതിയുക്തവുമാണ്.

പക്ഷേ അവരെ ഇറക്കിവിടാതെ സാറാ അടങ്ങുകയുമില്ല. അബ്രാഹമിന്‍റെ മനഃസാക്ഷി പിടഞ്ഞു. അദ്ദേഹം ദൈവത്തോട് ആലോചന ചോദിച്ചു. അത്ഭുതകരമായിരുന്നു അബ്രാഹമിന്‍റെ പിടയുന്ന മനഃസാക്ഷിക്കുമുകളിലുള്ള ദൈവത്തിന്‍റെ വിധിതീര്‍പ്പ്. ഒറ്റനോട്ടത്തില്‍ ആ വിധിതീര്‍പ്പ് തികച്ചും നീതിരഹിതമെന്നും കാരുണ്യരഹിതമെന്നും വായിക്കുന്നവര്‍ക്ക് തോന്നാം. അവിടുന്ന് പറഞ്ഞു. ”സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം ഇസഹാക്കിലൂടെയാണ് നിന്‍റെ സന്തതികള്‍ അറിയപ്പെടുക. അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്‍റെ മകനാണല്ലോ (ഉല്‍പത്തി 21/12-13).

അബ്രാഹം പിന്നെ മേലുകീഴു ചിന്തിച്ചില്ല. തന്‍റെ മനഃസാക്ഷിയുടെ സ്വരത്തിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദൈവഹിതത്തെ അദ്ദേഹം തിരിച്ചറിഞ്ഞ് അന്വേഷിച്ചു. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു. കുറെ അപ്പവും ഒരു തുകല്‍സഞ്ചിയില്‍ വെള്ളവുമെടുത്ത് ഹാഗാറിന്‍റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. തീര്‍ച്ചയായും വിചാരങ്ങളും വികാരങ്ങളും നീതിബോധവുമുള്ള ഒരു മനുഷ്യവ്യക്തി എന്ന നിലയില്‍ ചങ്കുപിടഞ്ഞുകൊണ്ടുതന്നെയാകണം അബ്രാഹം ആ യാത്രയാക്കല്‍കര്‍മം നിര്‍വഹിച്ചത്. പിന്നീടങ്ങോട്ടും ഈ പുത്രവിയോഗം അദ്ദേഹത്തിന്‍റെ മനസിനെ പലവട്ടം കരയിപ്പിച്ചിട്ടുണ്ടാകാം.

പക്ഷേ ദൈവം തന്‍റെ വാക്കു പാലിച്ചു. അവിടുന്ന് ഹാഗാറിനെ മറ്റൊരുവിധത്തില്‍ പരിപാലിക്കുകയും ഇസ്മായേലിനെ വലിയൊരു ജനതയായി ഉയര്‍ത്തുകയും ചെയ്തു. പക്ഷേ അത് പിന്നീടാണ്. അക്കാലത്ത് അബ്രാഹമിനെ അവമാനിക്കാനുള്ള സാഹചര്യങ്ങള്‍ ആര്‍ക്കും ലഭിക്കാതിരുന്നത് അബ്രാഹത്തിന്‍റെ ഭാഗ്യം! അല്ലെങ്കില്‍ വര്‍ധിച്ച മനോദുഃഖത്തിന്‍റെ കൂട്ടത്തില്‍ താനുള്‍പ്പെടുന്ന സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനും ജീവിതം മുമ്പോട്ടു കൊണ്ടുപോകാനും വയ്യാത്ത അവസ്ഥയില്‍ അബ്രാഹവും കുടുംബവും എത്തിച്ചേര്‍ന്നേനേ! ഇങ്ങനെയാണ് മനുഷ്യവിധികള്‍ക്കും മുകളില്‍ നില്‍ക്കുന്ന ദൈവത്തിന്‍റെ ചില വിധികള്‍!

ഇഹസാക്കിന്‍റെ ബലി

ഇസഹാക്കിന്‍റെ ബലിയും വലിയൊരു അഗ്നിപരീക്ഷണമായിരുന്നു അബ്രഹാമിന്‍റെ ജീവിതത്തില്‍. അതിനെല്ലാമുപരി സ്വന്തം മനഃസാക്ഷിയും ഹൃദയവും പിടഞ്ഞുകൊണ്ടുതന്നെയാണ് അബ്രാഹം ആ ബലിക്ക് തയാറാകുന്നത്. കൊല്ലരുത് എന്നു കല്പിച്ചവന്‍തന്നെ കൊല്ലാന്‍ പറയുന്നു! അതും തന്‍റെ രക്തത്തില്‍ പിറന്ന തന്‍റെ സ്വന്തം പുത്രനെ കൊല്ലാന്‍ പറയുന്നു! തന്‍റെ പുത്രനെ കൈകാലുകള്‍ ബന്ധിച്ച് അടുക്കിയ വിറകിന്‍മേല്‍ കിടത്തി തന്‍റെ കുഞ്ഞിന്‍റെ കരുണയ്ക്കുവേണ്ടിയുള്ള നിലവിളിക്കിടയില്‍ അവന്‍റെ ചങ്കിനുനേരെ കഠാരയുയര്‍ത്തുമ്പോള്‍ അബ്രാഹം പിടഞ്ഞത് ഏറ്റവുമധികമായി സ്വന്തം മനഃസാക്ഷിയോടുള്ള പോരാട്ടത്തിലല്ലേ? ആ കഠാര സ്വന്തം ചങ്കിനുനേരെ ഉയര്‍ത്താനാണ് ദൈവം അബ്രാഹമിനോട് പറഞ്ഞിരുന്നതെങ്കില്‍ അബ്രാഹമിനത് എത്രയോ എളുപ്പമായിരുന്നു.

എന്നിട്ടും അബ്രാഹം ദൈവത്തെ അനുസരിച്ചു. സ്വന്തം മനഃസാക്ഷിയെ മറികടന്ന് അതിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദൈവസ്വരത്തെ അനുസരിച്ചു! ഹോ എത്ര ഭയാനകം! ഇസഹാക്ക് കൊല്ലപ്പെടാതെ ദൈവം സംരക്ഷിച്ചു എന്നത് സത്യമാണ്. പക്ഷേ അതു രണ്ടാമത്തെ ഘട്ടമാണ്. അബ്രാഹമിന്‍റെ ഹൃദയംകൊണ്ട് സ്വന്തം മകനെ കൊന്നതിനുശേഷമാണ് ദൈവമിടപെട്ട് അവനെ കൊല്ലാതെ സംരക്ഷിക്കുന്നത്. ആ ബലിക്കു പകരമായി അബ്രാഹത്തിനെയും ഇസഹാക്കിനെയും അനുഗ്രഹിച്ചു എന്നതു സത്യമാണ്. അത് രണ്ടാമത്തെ ഘട്ടമാണ്. മര്‍മഭേദകമായ ആദ്യത്തെ ഘട്ടത്തിനുശേഷമാണ് അതു സംഭവിച്ചത്.

മറിയത്തിന്‍റെ ജീവിതത്തിലും

പരിശുദ്ധ അമ്മ തന്‍റെ മനഃസാക്ഷിക്കതീതമായ ദൈവസ്വരം കേട്ട് അനുസരിച്ച സമയത്ത് ഭാവിയില്‍ തന്‍റെ ഭര്‍ത്താവാകാന്‍ തന്‍റെ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത ജോസഫുമായി വിവാഹനിശ്ചയം ചെയ്യപ്പെട്ടവളായിരുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന് ദൂതന്‍ അവളോടരുളിചെയ്തപ്പോള്‍ അവളതിനുത്തരമായി ദൂതനോടു പറഞ്ഞു ‘ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ.’ നിയമപ്രകാരം തന്‍റെ ഭര്‍ത്താവാകേണ്ട ജോസഫിനോടോ തന്‍റെതന്നെ മാതാപിതാക്കളോടോ ഒന്നും ചോദിക്കാതെയും ആലോചിക്കാതെയുമാണ് മറിയം ഈ സമ്മതപത്രം നല്‍കുന്നത്.

മാനുഷികനിയമങ്ങള്‍ക്കും പദ്ധതികള്‍ക്കും ഉപരിയാണ് ദൈവത്തിന്‍റെ ഹിതവും അവിടുത്തെ പദ്ധതികളുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ആരോടും ഒരു വാക്കും ചോദിക്കാതെ ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി എന്നു പറഞ്ഞുകൊണ്ട് ദൈവനിശ്ചയപ്രകാരം ഗര്‍ഭവതിയാകാനുള്ള സമ്മതം ദൈവദൂതനെ അറിയിക്കുന്നത്. ഇതൊരു നിസാര കാര്യമല്ല. തന്‍റെ പദ്ധതികള്‍ക്കുമപ്പുറത്തുള്ള ദൈവഹിതത്തെ മനസാ വരിച്ചതുകൊണ്ടുമാണ് മറിയം ഈ സമര്‍പ്പണത്തിന് തയാറാകുന്നത്.

ജോസഫിന്‍റെ ജീവിതവും ഈ വഴിക്കുതന്നെ

ജോസഫുമായി വിവാഹിശ്ചയം ചെയ്ത മറിയം തന്നില്‍നിന്നുമല്ലാതെ ഗര്‍ഭവതിയായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും നല്ല മനഃസാക്ഷിയോടെ അവളെ അല്പംപോലും അപമാനിതയാക്കാതെ രഹസ്യത്തില്‍ അവളെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. അതായിരുന്നു അദ്ദേഹത്തിന്‍റെ മനഃസാക്ഷി അദ്ദേഹത്തിനു കൊടുത്ത നിര്‍ദേശം. എന്നാല്‍ ദൈവത്തിന്‍റെ പദ്ധതി അദ്ദേഹത്തിന്‍റെ മനഃസാക്ഷിയുടെ നിയമത്തിന് ഉപരിയായി വെളിപ്പെട്ടപ്പോള്‍ അദ്ദേഹം ദൈവത്തിന്‍റെ സ്വരത്തെ അനുസരിക്കുന്നു. മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നുമാണ് എന്ന് ദൈവം പറഞ്ഞപ്പോള്‍ അവന്‍ തന്‍റെ മനഃസാക്ഷിക്കും ഉപരിയായി നില്‍ക്കുന്ന ദൈവസ്വരത്തെ അംഗീകരിക്കുന്നു, അനുസരിക്കുന്നു!

മുകളില്‍ കണ്ട സംഭവങ്ങളിലെല്ലാം ഓരോരുത്തരും തങ്ങളുടെ മനഃസാക്ഷി നല്‍കുന്ന പ്രേരണകള്‍ക്കും അതീതമായി നിലകൊള്ളുന്ന ദൈവസ്വരത്തെ അനുസരിക്കുന്നു. ദൈവത്തിന്‍റെ ഹിതങ്ങളും പദ്ധതികളും ചിലപ്പോഴെല്ലാം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും മനഃസാക്ഷിയുടെ സ്വരത്തിനുമെല്ലാം ഉപരിയായി നിലകൊള്ളാമെന്ന് ഇതിലൂടെ വെളിപ്പെടുന്നു. ചിലപ്പോഴെല്ലാം അത് വെളിപ്പെടുത്തപ്പെട്ടിട്ടുള്ള ദൈവികനിയമങ്ങള്‍ക്കും മുകളിലായി നിലകൊള്ളാം.

നിയമങ്ങള്‍ക്കുപരിയായി

”ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതുകണ്ട് അവനോടു പറഞ്ഞു: നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ? അവര്‍ ദൈവഭവനത്തില്‍ പ്രവേശിച്ച് പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കുവാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍ സാബത്തുദിവസം ദൈവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്‍റെ അര്‍ത്ഥം മനസിലായിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍, മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണ്” (മത്തായി 12/1-8).

പ്രിയപ്പെട്ട ശാലോം ടൈംസ് വായനക്കാരേ, നിങ്ങളില്‍ ചിലരെങ്കിലും ചിലപ്പോള്‍ മുന്‍പുപറഞ്ഞ രീതിയിലുള്ള അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകാന്‍ ഇടവന്നിട്ടുള്ളവരാകാം. നമ്മുടെ മനഃസാക്ഷിയുടെ നിയമത്തിന് ഉപരിയായതാണ് ദൈവത്തിന്‍റെ ഹിതമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളില്‍ അത് നിറവേറ്റാന്‍ ശക്തിയില്ലാതെ വല്ലാതെ പകച്ചുനിന്നുപോയിട്ടുണ്ടാകാം. എന്നാല്‍ ഒരു കാര്യം സത്യമാണ് ആരെല്ലാം സ്വന്തമനഃസാക്ഷിയുടെ സ്വരത്തിന് ഉപരിയായി നില്‍ക്കുന്ന ദൈവഹിതം തിരിച്ചറിഞ്ഞ് അനുസരിച്ചോ അവരെയെല്ലാം അടുത്ത പടിയില്‍ ദൈവം അത്ഭുതകരമായ വിധത്തില്‍ രക്ഷിക്കുകയും ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അബ്രാഹമിനെപ്പോലെയും പരിശുദ്ധ മറിയത്തെപ്പോലെയും യൗസേപ്പിതാവിനെപ്പോലെയും ഒക്കെ അത്ഭുതകരമായ സമര്‍പ്പണം നടത്തിയ അനേകര്‍ വിശുദ്ധ ഗ്രന്ഥത്തില്‍ മാത്രമല്ല ഈ വിശ്വാസയാത്രയില്‍ നമുക്ക് ചുറ്റിലുമുണ്ട്.

നാമവരെ പലപ്പോഴും വിമര്‍ശിക്കുകയും കുറ്റം വിധിക്കുകയും കഠിന ശോധനകളിലൂടെ കടന്നുപോകുന്ന അവരുടെ ജീവിതത്തെ യഥാര്‍ത്ഥ സത്യമെന്തെന്നു തിരിച്ചറിയാതെ നമ്മുടെ അല്പബുദ്ധി അനുസരിച്ച് വിധിച്ച് പ്രശ്‌നപൂരിതമാക്കുകയും ചെയ്യാറുണ്ട്. യഥാര്‍ത്ഥ സത്യത്തിനു മാത്രമേ നമ്മെയും അവരെയും വിമോചനത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കാനാവൂ. ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8/32) എന്ന തിരുവചനം നമ്മുടെ ആന്തരിക നയനങ്ങള്‍ക്ക് പ്രകാശം നല്‍കുമാറാകട്ടെ. സത്യവെളിച്ചം നമ്മുടെ ബോധതലങ്ങളെ പ്രകാശിപ്പി ക്കട്ടെ. അങ്ങനെ നമ്മള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കു മറ്റുള്ളവരെ നയിക്കുന്നവരും ആയിത്തീരട്ടെ, ആമ്മേന്‍. ‘ആവേ മരിയ’

'

By: Shalom Tidings

More
സെപ് 30, 2024
Encounter സെപ് 30, 2024

ഏഴാം ക്ലാസിലെ അവധിക്കാലത്ത് ഞാന്‍ ഒരു ബന്ധുവീട്ടില്‍ പോയി. അവിടെ പോകാന്‍ എനിക്ക് വലിയ താത്പര്യമായിരുന്നു. കാരണം അവിടെ എന്‍റെ പ്രായത്തിലുള്ള കുറെ കുട്ടികളുണ്ട്. ഞങ്ങളുടെ അവധിക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്നാണ് പുഴയില്‍ കുളിക്കാന്‍ പോകല്‍. വീട്ടില്‍നിന്ന് അധികം ദൂരെയല്ലാതെയാണ് പുഴ. ഒരു ദിവസം ഞങ്ങള്‍ പുഴയിലിറങ്ങിയ സമയം. എനിക്കന്ന് നീന്തല്‍ അത്ര വശമില്ല. കുളിക്കുന്നതിനിടയില്‍ ഞാന്‍ അല്പം ദൂരേക്ക് നീങ്ങി.

എങ്ങനെയാണെന്നറിയില്ല, താമസിയാതെ ഒരു കയത്തില്‍പെട്ടു. വെപ്രാളപ്പെട്ട് വിളിച്ചെങ്കിലും കളിയുടെ ബഹളത്തിലായതുകൊണ്ട് കൂട്ടുകാരൊന്നും കേട്ടില്ല. ശ്വാസം കിട്ടാത്ത അവസ്ഥ. ഞാന്‍ വല്ലാതെ പേടിച്ചു. വെള്ളത്തില്‍ മുങ്ങിപ്പോയിക്കൊണ്ടിരുന്നു. മരണം മുന്നില്‍ കണ്ടു. ആ സമയത്ത് കഴുത്തില്‍ ഉണ്ടായിരുന്ന ജപമാല മുറുകെ പിടിച്ചതായി ഓര്‍മ്മയുണ്ട്. പെട്ടെന്ന് ഒരു വേരില്‍ പിടുത്തം കിട്ടി. അതില്‍ ഒരു വിധത്തില്‍ പിടിച്ചുകയറി കരയിലെത്തി. എനിക്കുറപ്പാണ് ആ നിമിഷങ്ങളില്‍ എന്‍റെ നല്ല ദൈവം പരിശുദ്ധ അമ്മയുടെ യാചന കേട്ട് എന്നെ മരണത്തില്‍നിന്ന് രക്ഷിച്ചതാണെന്ന്.

ഞങ്ങളുടെ ഇടവകദൈവാലയത്തില്‍ മാതാവിന്‍റെ ഒരു രൂപമുണ്ട്. ചെറുപ്പത്തില്‍ എന്നും സ്‌കൂളില്‍ പോകുമ്പോള്‍ ആ രൂപത്തിനു മുന്‍പില്‍ കുറച്ചു പൂക്കള്‍ കൊണ്ട് പോയി വയ്ക്കുക എന്‍റെ ശീലമായിരുന്നു. ദൈവസ്മരണയോടെ ചെയ്യുന്ന കുഞ്ഞുപ്രവൃത്തികള്‍ക്ക് പോലും അവിടുത്തെ മുന്‍പില്‍ കൃത്യമായ കണക്കുണ്ട് എന്നത് സത്യമാണ്. പൂക്കള്‍ വച്ചിട്ട് വൈദികനാക്കണമെന്നു പ്രാര്‍ത്ഥിച്ചിരുന്നോ എന്ന് ഓര്‍മ്മയില്ല. പക്ഷേ ചെറുപ്പം മുതല്‍ അള്‍ത്താരയില്‍ ശുശ്രൂഷിക്കാന്‍ അവസരം കിട്ടിയതുകൊണ്ട് അന്നേതന്നെ അല്പംകൂടി അള്‍ത്താരയോട് ചേര്‍ന്നുനിന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് പരിശുദ്ധ അമ്മ മനസിലാക്കിയിട്ടുണ്ടാകണം.

കണ്ണ് നിറയ്ക്കുന്ന വാത്സല്യം
കുട്ടിയായിരുന്നപ്പോഴേ പത്ത് മണികളുള്ള ഒരു ചെറിയ കൊന്ത എപ്പോഴും കയ്യില്‍ കരുതുകയും സാധിക്കുമ്പോഴൊക്കെ ചൊല്ലുകയും ചെയ്യുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ പോകാന്‍ അപേക്ഷ കൊടുത്ത സമയം. സെലക്ഷന്‍ ക്യാംപെല്ലാം കഴിഞ്ഞ് ആര്‍ച്ച്ബിഷപ്പിന്‍റെ അടുത്ത് ഇന്റര്‍വ്യൂവിന് ചെന്നിരിക്കുകയാണ്. നാല്പത്തിനാലോളം കുട്ടികള്‍ സെമിനാരി പ്രവേശനത്തിനായി ഇന്റ്റര്‍വ്യൂവിനു വന്നിട്ടുണ്ട്. ഞാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. കാരണം ഇരുപതു പേരെയാണ് തിരഞ്ഞെടുക്കാന്‍ പോകുന്നത്. എന്നാല്‍ ഇന്റര്‍വ്യൂവിന്‍റെ സമയത്തു മാതാവ് തോന്നിപ്പിച്ചതുപാലെ ഞാന്‍ ഒരു കാര്യം പിതാവിനോട് (ആര്‍ച്ച്ബിഷപ്പിനോട്) പറഞ്ഞു, ”എനിക്ക് പത്തു മണികളുള്ള ഒരു ചെറിയ കൊന്തയുണ്ട്, അതുപയോഗിച്ച് ഏറെ കൊന്ത ചൊല്ലാറുണ്ട്. ഏറ്റവും പ്രധാന നിയോഗം അച്ചനാക്കണേ എന്നതാണ്!” പിതാവ് അത് കേട്ട് പുഞ്ചിരിച്ചതുമാത്രമേ ഉള്ളൂ.

പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക വന്നപ്പോള്‍ അതില്‍ ഇരുപത്തിയൊന്ന് പേര്‍! അവസാനത്തെ പേരാകട്ടെ എന്റേതും!! പിന്നീടൊരിക്കല്‍ സെമിനാരിയിലെ ആദ്ധ്യാത്മിക പിതാവായ വൈദികന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു. ആദ്യം തയ്യാറാക്കിയ ഇരുപത് പേരുടെ പട്ടികയില്‍ എന്‍റെ പേര് ഇല്ലായിരുന്നു. പക്ഷേ പിന്നീട് പിതാവ് റെക്ടറച്ചനോട് പറഞ്ഞുവത്രേ, ”കൊന്ത ചൊല്ലാറുണ്ട് എന്ന് പറഞ്ഞ കുട്ടിയുടെ പേരും കൂടി ചേര്‍ത്തുകൊള്ളുക!” അങ്ങനെയാണ് എനിക്ക് സെമിനാരിയില്‍ ചേരാന്‍ കഴിഞ്ഞത്. ഇന്ന് ഒരു പുരോഹിതനായിരുന്നുകൊണ്ട് ഈ വരികള്‍ കുറിക്കുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ട് മാതാവിന്‍റെ വാത്സല്യമോര്‍ത്ത്.

സെമിനാരി ജീവിതത്തില്‍ പരിശീലനത്തിന്‍റെ വഴികളിലൂടെ കടന്നു പോയപ്പോള്‍ ഏറെ അഗ്‌നിപരീക്ഷകള്‍ നേരിടേണ്ടി വന്നു. ആ സമയത്തൊക്കെ പിടിച്ചു നില്ക്കാന്‍ എന്നെ സഹായിച്ചത് നമ്മുടെ അമ്മയുടെ ജപമാലയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ കര്‍ത്താവിന്‍റെ പുരോഹിതനായി.

വൈദികനായപ്പോഴത്തെ തീരുമാനം
വൈദികനായ അന്ന് എടുത്ത ഒരു തീരുമാനമായിരുന്നു എന്‍റെ അജപാലനത്തിനുകീഴില്‍ വരുന്ന ജനങ്ങളില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന്. പുരോഹിതനായി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തലശേരി രൂപതയിലെ വിളമന ദൈവാലയവികാരിയായി പിതാവ് നിയോഗിച്ചു.

കൊവിഡ് കാലത്താണ് ഞാന്‍ അങ്ങോട്ട് എത്തിയത്. കുറച്ചു നാളുകള്‍ക്കു ശേഷം വിമല ഹൃദയ പ്രതിഷ്ഠ നടത്തണമെന്ന് ഒരു പ്രചോദനം കിട്ടി. ഞാന്‍ ഇടവകക്കാരോട് അത് സംബന്ധിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. തന്‍റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആത്മാക്കള്‍ നിത്യ നരകാഗ്‌നിയില്‍ പതിക്കാതെ സംരക്ഷിക്കപ്പെടും എന്നത് മാതാവിന്‍റെ വാഗ്ദാനം ആണല്ലോ.

മുപ്പത്തി മൂന്ന് ദിവസം ഒരുങ്ങി അടുത്ത ദിവസമുള്ള മാതാവിന്‍റെ തിരുനാളിനാണ് നമ്മുടെ ആത്മാക്കളെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടത്. ഇടവകക്കാരെ മുഴുവന്‍ ഇതിനായി പറഞ്ഞ് ഒരുക്കി. 2023 ഏപ്രില്‍ മാസത്തിലും മെയ് മാസത്തിലുമായി മുപ്പത്തിമൂന്നു ദിവസങ്ങള്‍ ഇടവകാംഗങ്ങള്‍ മുഴുവനും പ്രാര്‍ത്ഥിച്ചു ഒരുങ്ങി. ദൈവാലയത്തില്‍ വരാന്‍ സാധിക്കുന്നവര്‍ ദൈവാലയത്തിലും അല്ലാത്തവര്‍ ഓണ്‍ലൈന്‍ ആയും പ്രാര്‍ത്ഥനയില്‍ സ്ഥിരമായി പങ്കെടുത്ത് തങ്ങളെത്തന്നെ ഒരുക്കി.

ഒരുക്കത്തിന്‍റെ അവസാനം മെയ് മാസം പതിമൂന്നിന് ഫാത്തിമ മാതാവിന്‍റെ തിരുനാള്‍ ദിവസം ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ എല്ലാവരും ഞങ്ങളെത്തന്നെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു. ഒരു ഇടവകയിലെ വിശ്വാസികള്‍ ഒന്നിച്ച് വിമലഹൃദയപ്രതിഷ്ഠ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് തോന്നുന്നു. പിന്നീടങ്ങോട്ട് അത്ഭുതങ്ങളുടെ പെരുമഴയ്ക്കാണ് ഞാന്‍ സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും അധികം സന്തോഷം നല്‍കുന്നത് ജനത്തിന് സംഭവിച്ച ആധ്യാത്മിക മുന്നേറ്റമാണ്. ജനത്തിന്‍റെ ആത്മരക്ഷ ഉറപ്പ് കിട്ടുന്നതാണ് പൗരോഹിത്യത്തിന്‍റെ ഏറ്റവും വലിയ സന്തോഷം. തനിക്ക് പ്രതിഷ്ഠിക്കപ്പെട്ട ആത്മാക്കളുടെ ആത്മീയകാര്യങ്ങളില്‍മാത്രമല്ല ഭൗതിക ആവശ്യങ്ങളിലും പരിശുദ്ധ അമ്മ ശ്രദ്ധാലുവാണ് എന്നതും അനുഭവങ്ങളിലൂടെ വ്യക്തമായി.

ഈ കുറിപ്പ് വായിക്കുമ്പോള്‍ നമുക്ക് തീരുമാനമെടുക്കാം അമ്മയോട് ചേര്‍ന്ന് എന്നും ജീവിക്കുമെന്ന്. മാതാവിന്‍റെ ജപമാല എന്നും നമുക്ക് കോട്ടയാവട്ടെ. നമ്മുടെ ആത്മാക്കളെ അമ്മയുടെ വിമലഹൃദയത്തിനു സമര്‍പ്പിച്ചും ആ സമര്‍പ്പണം ഇടയ്ക്കിടെ നവീകരിച്ചും അവളുടെ കരം പിടിച്ചു നമുക്ക് പിതാവിന്‍റെ ഭവനത്തിലേക്കുള്ള യാത്രയില്‍ മുന്നേറാം. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയോട് ഈശോ പറഞ്ഞു, ”എന്‍റെ അമ്മയുടെ ഒരു ചെറിയ നെടുവീര്‍പ്പ് മറ്റെല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനകളെക്കാള്‍ എന്‍റെ മുന്‍പില്‍ വിലപ്പെട്ടതാണ്.” ആ അമ്മ എന്നും നമ്മുടെ കൂടെയുണ്ടാവട്ടെ.

'

By: ഫാ. ഏലിയാസ് എടൂക്കുന്നേല്‍

More
സെപ് 30, 2024
Encounter സെപ് 30, 2024

ഈശോയോട് കൂടുതല്‍ ആഴമുള്ള സൗഹൃദമോ അവിടുത്തെ ക്ഷമയോ ഏതെങ്കിലും പ്രത്യേക കൃപയോ ലഭിക്കാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍, അത് പ്രാപിക്കാനുള്ള സുഗമമായ മാര്‍ഗം നമുക്ക് ബുദ്ധിമുട്ട് ഉളവാക്കുന്ന പ്രത്യേകസഹോദരനെയോ സഹോദരിയെയോ ദിവ്യകാരുണ്യസ്വീകരണത്തില്‍ ഈശോയോടുകൂടെ സ്വാഗതം ചെയ്യുകയാണ്. ”ഈശോയേ, നിന്നോടുകൂടി ഇന്ന് (ഇന്നയിന്ന) വ്യക്തികളെ ഉള്ളില്‍ ഞാന്‍ സ്വീകരിക്കുന്നു. നിന്നോടൊപ്പം അവരെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കും. നീ വരുമ്പോള്‍ അവരെക്കൂടെ കൊണ്ടുവന്നാല്‍ എനിക്ക് വളരെ സന്തോഷമാണ് ” എന്ന് അവിടുത്തോട് പറയുക. ഈ ചെറിയ പ്രവൃത്തി ഈശോയ്ക്ക് വളരെ പ്രീതികരമാണ്. കാരണം, നമ്മുടെ സ്വാര്‍ത്ഥതയ്ക്ക് അല്പമെങ്കിലും മരിക്കാന്‍ അത് നമുക്കിടയാക്കുമെന്ന് ഈശോയ്ക്കറിയാം.

'

By: കര്‍ദിനാള്‍ റനിയെരോ കന്തലമെസ

More
സെപ് 25, 2024
Encounter സെപ് 25, 2024

ക്രിസ്തീയജീവിതത്തെ വെളിവാക്കുന്നതും വേര്‍തിരിക്കുന്നതുമായ മൂന്ന് കാര്യങ്ങളുണ്ട്- ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍. ആദ്യം ചിന്തകളുണ്ടാകുന്നു. തുടര്‍ന്ന് മനസ് രൂപീകരിച്ചവയെ വാക്കുകള്‍ വെളിപ്പെടുത്തുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നു. അവസാനമായി ചിന്തിച്ചവ ദൃശ്യമാക്കുന്ന പ്രവൃത്തികള്‍. ക്രിസ്തീയജീവിത പരിപൂര്‍ണത അടങ്ങിയിരിക്കുന്നത് പൂര്‍ണമായി ക്രിസ്തുവിനെപ്പോലെ ആയിരിക്കുന്നതിലാണ്; ആദ്യം ഹൃദയാന്തര്‍ഭാഗത്തും പിന്നീട് ബാഹ്യപ്രവൃത്തിയിലും.

നിസ്സായിലെ വിശുദ്ധ ഗ്രിഗറി

'

By: Shalom Tidings

More
സെപ് 25, 2024
Encounter സെപ് 25, 2024

കോഴിക്കോടിനടുത്ത് വടകരയില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു ശ്രീമതി ശ്രീധരി രാഘവന്‍. ആഴ്ചയിലൊരിക്കല്‍ വടകര ടൗണിലെ എല്ലാ ഭിക്ഷക്കാര്‍ക്കും അവരുടെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആശുപ്രതികള്‍ സന്ദര്‍ശിച്ച് ബൈബിള്‍ വിതരണം ചെയ്യുകയും രോഗികളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്ന അവര്‍ എല്ലാ ദിവസവും കൊന്ത ചൊല്ലും. ഔദ്യോഗികമായി കത്തോലിക്കാ സഭയില്‍ അംഗമായില്ല എങ്കിലും എല്ലാ പ്രഭാതത്തിലും ദിവ്യബലിയില്‍ പങ്കുചേരാനും അവര്‍ ശ്രമിച്ചു.

ഭര്‍ത്താവ് മരിച്ച, മക്കളില്ലാത്ത, വൃദ്ധയായ അവര്‍ ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ അവരോട് ചോദിച്ചു: ”ഇത്രയും വലിയ ഈ വീട്ടില്‍ എങ്ങനെയാണ് ഒറ്റയ്ക്ക് കഴിയുക? പേടി തോന്നുന്നില്ലേ?”
അല്‍പം രോഷത്തോടെ തന്നെ അവര്‍ മറുപടി പറഞ്ഞു: ”ആര് പറഞ്ഞു ഞാന്‍ ഒറ്റയ്ക്കാണെന്ന്? എന്‍റെകൂടെ എന്‍റെ യേശു ഉണ്ട്. നിങ്ങള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നതിനെക്കാളും വലിയ യാഥാര്‍ത്ഥ്യമായി എനിക്കെന്‍റെ യേശുവിനെ ഈ വീട്ടില്‍ കാണാന്‍ കഴിയും.”

യേശു സമീപത്തുണ്ട്
ഈ മഹതിയുടെ വിശ്വാസദര്‍ശനം നമുക്കുണ്ടോ? തനിയെ കിടന്നുറങ്ങാന്‍ പോലും ഭയമുള്ള വ്യക്തിയായിരിക്കാം നീ. രാത്രിയില്‍ ഒറ്റക്ക് പുറത്തിറങ്ങാനുള്ള ധൈര്യവും ഇല്ലായിരിക്കാം. നിന്‍റെ ഭര്‍ത്താവ് എപ്പോഴും നിന്‍റെ ചുറ്റിലും ഉണ്ടായിരിക്കണമെന്ന് ശാഠ്യം പിടിക്കുന്നവളായിരിക്കാം നീ. ഇരുട്ടിനെ, ഇഴജന്തുക്കളെ, അപകടങ്ങളെ, ഭയന്നുകഴിയുന്ന ജീവിതമായിരിക്കാം നിന്റേത്. നിനക്ക് സുരക്ഷിതത്വം നല്‍കുന്ന, ഭയത്തില്‍നിന്ന് മോചനം നല്‍കുന്ന യേശു നിന്‍റെ അരികിലുണ്ട്. വിശ്വാസത്തിന്‍റെ കണ്ണുകള്‍ കൊണ്ട് അവനെ കാണുക. സര്‍വ്വശക്തനായ കര്‍ത്താവ് അരികിലുണ്ടെങ്കില്‍ പിന്നെ ആരെയാണ് നാം പേടിക്കുക?

നിന്‍റെ രോഗക്കിടക്കയില്‍ ഏകാന്തതയുടെ ദുഃഖംപേറി കരയുകയാണോ നീയിപ്പോള്‍? ദാമ്പത്യബന്ധത്തിലുണ്ടായ വിള്ളല്‍ ഹൃദയത്തിലുളവാക്കിയ ശൂന്യതയില്‍ നീ ഞെരിക്കപ്പെടുകയാണോ? പ്രിയപ്പെട്ടവരുടെ മരണം നിന്നെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ടോ? ജീവിതത്തില്‍ ആരും സഹായിക്കാനില്ലല്ലോ എന്നോര്‍ത്ത് വീര്‍പ്പുമുട്ടുകയാണോ നീയിപ്പോള്‍?

എങ്കില്‍ ഇനി ആശ്വസിക്കുക. യേശു നിന്‍റെ സമീപത്തുണ്ട്. നിന്‍റെ രോഗശയ്യയില്‍…. ഏകാന്തതയില്‍… ശൂന്യതയില്‍…. നിസഹായതയില്‍…..

ഇതാ, ഇന്നും ജീവിക്കുന്നവനായ യേശു കൂട്ടിനുണ്ട്. അവിടുന്ന് നിന്‍റെ കണ്ണുനീര്‍ തുടയ്ക്കും; നിന്നെ ആശ്വസിപ്പിക്കും; നിനക്ക് ശക്തിയും തുണയുമായി അവിടുന്ന് വര്‍ത്തിക്കും. കര്‍ത്താവ് പറഞ്ഞു: ”ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹന്നാന്‍ 14/18) ”യുഗാന്തംവരെ ഞാന്‍ നിങ്ങളോട് കൂടിയുണ്ടായിരിക്കും” (മത്തായി 28/20).

ഈ വചനം വിശ്വസിക്കുക. ഇത് ദൈവത്തിന്‍റെ വചനമാണ്. യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചുകൊണ്ട് നിന്‍റെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും അവയില്‍നിന്ന് മനസ് തിരിക്കുകയും ചെയ്യുമ്പോള്‍ ദൈവം നിന്‍റെ പിതാവാണെന്ന് രുചിച്ചറിയാന്‍ നിനക്ക് കഴിയും. അവിടുത്തെ നിരന്തര സാമീപ്യം നിനക്കനുഭവപ്പെടും. ദൈവത്തിന്‍റെ കരുതലും പരിപാലനവും നീ എവിടെപ്പോയാലും നിന്നോടു കൂടിയുണ്ടാകും. ഈ വലിയ ഭാഗ്യം നിനക്കവകാശപ്പെട്ടതാണ്. നീ ഒന്നുമാത്രം ചെയ്യുക.

നിന്‍റെ കഴിഞ്ഞ കാലത്തെ തെറ്റുകളെയും പാപങ്ങളെയും ഓര്‍ത്ത് അനുതപിക്കുക. നിനക്കുവേണ്ടി, നിന്‍റെ പാപങ്ങള്‍ക്ക് പരിഹാരമായി കാല്‍വരിയില്‍ കുരിശില്‍ തൂങ്ങപ്പെട്ട യേശുവിനെ ജീവിതത്തിന്‍റെ നാഥനും രക്ഷകനുമായി സ്വീകരിക്കുക, അവിടുത്തെ തിരുരക്തം രക്താംബരംപോലെ ചുമന്നിരിക്കുന്ന നിന്‍റെ പാപങ്ങളെ ഹിമംപോലെ വെളുപ്പിക്കും. അവിടുന്ന് നിന്‍റെ തെറ്റുകള്‍ ക്ഷമിക്കുന്നതുപോലെ നിന്നെ വേദനിപ്പിച്ചവരോട് നീയും ക്ഷമിക്കണം. അനേക നാളുകളായി നീ മനസില്‍ കൊണ്ടുനടക്കുന്ന അമര്‍ഷവും വെറുപ്പും വിട്ടുപേക്ഷിച്ചാല്‍ ദൈവത്തിന്‍റെ സമാധാനവും സൗഖ്യവും നിന്‍റെ ജീവിതത്തിലേക്കും കടന്നുവരും.

”ഭയപ്പെടേണ്ട, ഞാന്‍ നിന്‍റെ കൂടെയുണ്ട്. ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41/10) എന്നുപറഞ്ഞ കര്‍ത്താവ് നിന്‍റെ രോഗത്തിലും പരാജയത്തിലും തകര്‍ച്ചയിലും പുനരുത്ഥാനത്തിന്‍റെ ശക്തി പകരും. ”ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോല ചിറകടിച്ചുയരും” (ഏശയ്യാ 40/31) എന്ന തിരുവചനം നിന്‍റെ ജീവിതത്തിലും യാഥാര്‍ത്ഥ്യമാകും. അതിനാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

കര്‍ത്താവായ യേശുവേ, അങ്ങയില്‍നിന്നും എന്നെ അകറ്റുന്ന എന്‍റെ എല്ലാ പാപങ്ങളെ ഓര്‍ത്തും ഞാന്‍ പശ്ചാത്തപിക്കുന്നു. എന്നെ ദ്രോഹിച്ച എല്ലാവര്‍ക്കും ഞാന്‍ മാപ്പ് കൊടുക്കുന്നു, നാഥാ, എന്‍റെ ജീവിതത്തെ അങ്ങേ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കേണമേ. എന്‍റെ ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും അങ്ങയുടെ സാന്നിദ്ധ്യം ദര്‍ശിക്കുവാന്‍ എന്‍റെ വിശ്വാസത്തെ ബലപ്പെടുത്തേണമേ, ആമേന്‍.

'

By: ഷെവ. ബെന്നി പുന്നത്തറ

More
സെപ് 23, 2024
Encounter സെപ് 23, 2024

അതൊരു ഞായറാഴ്ചയായിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തേ പള്ളിയിലെത്താന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യത്തോടെ ഞാനൊന്നു നടുനിവര്‍ത്തിയിരുന്നു. ചുറ്റും ഒന്നു വിസ്തരിച്ചു നോക്കി. നാലഞ്ചു ഭക്ത കത്തോലിക്കര്‍ നേരത്തേതന്നെ ഹാജരുണ്ട്. എന്‍റെ നോട്ടം മദ്ബഹായുടെ വലതു വശത്തുള്ള പരിശുദ്ധ മറിയത്തിന്‍റെ രൂപത്തിലേക്കായി. നല്ല യോഗ്യത്തി മാതാവുതന്നെ, ശില്പിയെ ഞാന്‍ മനസാ അഭിനന്ദിച്ചു.

തൊട്ടടുത്തുതന്നെ ഉണ്ട് ഈശോയുടെ ഒരു രൂപവും. ഇരുരൂപങ്ങളിലും മാറി മാറിനോക്കിയ എന്‍റെ കണ്ണുകള്‍ വിസ്മയംകൊണ്ട് വിടര്‍ന്നു. രണ്ടും തമ്മില്‍ നല്ല മുഖസാമ്യം! പെട്ടെന്നുതന്നെ ഒരു ചിന്ത എന്‍റെ മനസില്‍ കടന്നുവന്നു, അമ്മയും മകനുമല്ലേ സാമ്യം കാണാതിരിക്കുമോ? ഞാനറിയാതെ ചിന്തിച്ചുപോയി, യേശുവിന്‍റെ മുഖഛായ എന്തായിരിക്കും?

”നിനക്കാരുടെ ഛായയാണ്?”സൗമ്യവും ദൃഢവുമായ ആ സ്വരം ഞാന്‍ തിരിച്ചറിഞ്ഞു.
”ദൈവമേ, എന്‍റെ മാതാപിതാക്കളുടെ ഛായ”
”നിന്‍റെ കുഞ്ഞുങ്ങള്‍ക്കോ?”
”എന്‍റെ യും ഭാര്യയുടെയും ഛായ”
”എന്താ അങ്ങനെ വരാന്‍?”

ചോദ്യത്തിന്‍റെ വ്യാപ്തി മനസിലാക്കാനാവാതെ ഞാന്‍ പരുങ്ങി.

”ചോദ്യം വ്യക്തമാക്കാം. എന്തുകൊണ്ടാണ് നിനക്ക് നിന്‍റെ മാതാപിതാക്കളുടെ ഛായ ലഭിച്ചത്? എന്തുകൊണ്ടാണ് നിന്‍റെ കുഞ്ഞുങ്ങള്‍ക്ക് നിന്‍റെയും ഭാര്യയുടെയും ഛായ ലഭിച്ചത്?”
”അതായത് കര്‍ത്താവേ…” ഞാന്‍ വിശദീകരിക്കാനാരംഭിച്ചു. ”മനുഷ്യശരീരത്തിലെ ചില ജീനുകളുടെ…”

”നിന്‍റെ ശാസ്ത്രമൊന്നും വിളമ്പണ്ട” സകല ശാസ്ത്രങ്ങളുടെയും കലവറയായ അവന്‍ പറഞ്ഞു. ”എന്‍റെ ചോദ്യത്തിന് ഋജുവും സരളവുമായ ഉത്തരം പറയൂ.”

”എന്‍റെ മാതാപിതാക്കള്‍ മുഖാന്തിരം ഞാന്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍, ഞാനും ഭാര്യയും മുഖാന്തിരം എന്‍റെ കുഞ്ഞുങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനാല്‍…” തര്‍ക്കുത്തരമാണോ എന്ന സന്ദേഹത്താല്‍ സംശയിച്ചാണ് ഞാനതു പറഞ്ഞത്.
”വളരെ ശരി; അങ്ങനെയെങ്കില്‍ യേശുവിന്‍റെ മുഖഛായ കണ്ടുപിടിക്കാനും നിനക്കാവും.”
”എങ്ങനെ കര്‍ത്താവേ?” ഞാന്‍ മിഴിച്ചിരുന്നു.
”യേശുവിന്‍റെ ജനനം എപ്രകാരമായിരുന്നു?”
”ദൈവാത്മാവിനാല്‍ മറിയത്തില്‍നിന്ന്.”
”ദൈവാത്മാവിനാല്‍ ആയതിനാല്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും. മറിയത്തില്‍ നിന്നായതിനാല്‍ മറിയത്തിന്‍റെ മുഖഛായയില്‍ അഥവാ, രണ്ടും കലര്‍ന്ന് എന്താ അങ്ങനെയല്ലേ?”

”എനിക്കു മനസിലാകുന്നില്ലല്ലോ ദൈവമേ.”

”കുഞ്ഞേ, പരിശുദ്ധാത്മാവിന്‍റെ ആവാസത്തിനുവേണ്ടി മറിയം സ്വശരീരത്തെ വിട്ടുകൊടുത്തു. അങ്ങനെ യേശു ജനിച്ചു. ഇന്നും ആരൊക്കെ സ്വന്തം അസ്തിത്വത്തെ – ആത്മാവിനെയും മനസിനെയും ശരീരത്തെയും പരിശുദ്ധാത്മാവിന്‍റെ ആവാസത്തിനായി സമര്‍പ്പിക്കുന്നുവോ അവനിലൊക്കെ യേശു വീണ്ടും ജനിക്കും മറിയത്തില്‍ ജനിച്ചതുപോലെ.”
”പക്ഷേ കര്‍ത്താവേ, ഞാന്‍ അവന്‍റെ മുഖഛായയെപ്പറ്റിയാണ്….”
”ഉവ്വ്, നിന്‍റെ ചോദ്യം ഞാന്‍ മറന്നിട്ടില്ല. ആരിലാണോ യേശു അപ്രകാരം ജനിക്കപ്പെടുന്നത് അവന്‍റെ മുഖഛായയായിരിക്കും യേശുവിന്.”

”എന്നുവച്ചാല്‍?”

”എവിടെയൊക്കെ യേശുവിനെ ആവശ്യമുണ്ടോ, അവിടെയൊക്കെ അവനെ സാക്ഷ്യപ്പെടുത്തുന്നവര്‍ പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ ഒരു ക്രിസ്തുമസ് പ്രസവം നടത്തുകയാണ്. അങ്ങനെയെങ്കില്‍ ആ യേശുവിന് ആരുടെ ഛായ ആയിരിക്കും?”
ഉത്തരം കിട്ടാതെ ഞാന്‍ മിണ്ടാതിരുന്നു.

”കേട്ടോളൂ” അവിടുന്ന് തുടര്‍ന്നു. ”ചോറുകൊടുക്കുന്നവന്‍റെ രൂപത്തിലാണ് യേശു വിശക്കുന്നവന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. തകര്‍ന്ന ഹൃദയമുള്ളവനെ സംബന്ധിച്ചിടത്തോളം ആശ്വസിപ്പിക്കുന്നവന്‍റെ മുഖച്ഛായയാണ് യേശുവിന്. തനിക്ക് അഭയം തരുന്നവന്റെ മുഖത്ത് അനാഥന്‍ യേശുവിനെ കാണുന്നു.”
എനിക്കു മനസിലായിത്തുടങ്ങിയിരിക്കുന്നു.

”ചുരുക്കത്തില്‍, നീ പരിശുദ്ധാത്മ സഹായത്തോടെ യേശുവിനെ നിന്‍റെ ഉള്ളില്‍ വളര്‍ത്തുന്നുവെങ്കില്‍, മറ്റുള്ളവരുടെ മുമ്പില്‍ അവനെ സാക്ഷ്യപ്പെടുത്തുന്നുവെങ്കില്‍, നീ സാക്ഷ്യപ്പെടുത്തുന്ന യേശുവിന് നിന്‍റെ മുഖഛായ ആയിരിക്കും!”

അതെനിക്ക് നന്നേ രസിച്ചു. യേശുവിന് എന്‍റെ മുഖഛായ. ഞാനതൊന്ന് സങ്കല്‍പിച്ചുനോക്കി.
ന്‍റെ ചിരി ഇത്തിരി ഉറക്കെയായിപ്പോയി എന്നൊരു സംശയം. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരന്‍ എന്നെ തുറിച്ചു നോക്കുന്നു. ‘ഞാനല്ല’ എന്ന മട്ടില്‍ മദ്ബഹായിലേക്ക് നോക്കി ഞാന്‍ അനങ്ങാതിരുന്നു.

'

By: ജെ.ജൂണിപ്പര്‍

More
സെപ് 23, 2024
Encounter സെപ് 23, 2024

തോമസുകുട്ടിയുടെ ജീവിതം ഹൃദയസ്പര്‍ശിയാണ്. അയാളുടെ സുന്ദരിയായ ഭാര്യ ആദ്യ പ്രസവത്തില്‍ മരിക്കുന്നു, ഒരു ആണ്‍കുഞ്ഞിനെ തോമസ്‌കുട്ടിയ്ക്ക് സമ്മാനിച്ചുകൊണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കുവാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. പക്ഷേ അയാള്‍ വഴങ്ങിയില്ല. അദ്ധ്വാനിച്ചു തന്‍റെ കുഞ്ഞിനെ പഠിപ്പിച്ചു, ഇപ്പോള്‍ അവന് ഉയര്‍ന്ന ജോലിയുണ്ട്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തന്‍റെ മകന് ജീവിതപങ്കാളിയായി കണ്ടെത്തി. പുതുപ്പെണ്ണിന്‍റെ സ്‌നേഹത്തില്‍ അവന്‍ പിതാവിനെ മറന്നു. ഓമനിച്ചു വളര്‍ത്തിയ ആ മകന്‍ പിതാവിനെ തന്‍റെ ഭവനത്തില്‍നിന്നും ആട്ടിപ്പുറത്താക്കുന്നു.

ദൈവംപോലും പൊറുക്കാത്ത അപരാധമാണ് അവന്‍ ചെയ്തത് എന്ന് നിങ്ങള്‍ പറയും. പക്ഷേ ദൈവം പറയുന്നു. ആ മനുഷ്യന്‍ നീ തന്നെ. സ്‌നേഹനിധിയായ പിതാവിനെ ധിക്കരിക്കുന്ന മകന്‍ നീ തന്നെ, ആ സ്‌നേഹവാരിധിയുടെ ഹൃദയം നൊന്തുള്ള വിലാപം ദിഗന്തങ്ങളില്‍ ഇന്നും മാറ്റൊലികൊള്ളുന്നു. ”ആകാശങ്ങളേ, ശ്രവിക്കുക. ഭൂതലമേ ശ്രദ്ധിക്കുക. കര്‍ത്താവ് അരുളിചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു (ഏശയ്യ 1/2).

സഹനത്തിലേക്കുള്ള മാര്‍ഗം
പലപ്പോഴും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളില്‍ പിതാവിന്‍റെ ഈ വിലാപസ്വരം മുഴങ്ങി കേള്‍ക്കാം. ഓരോ സഹനത്തിലൂടെയും അവിടുന്നു പറയുന്നു: മകനേ, മകളേ നീ മടങ്ങി വരൂ.
പിതാവിന്‍റെ ഈ മധുരമായ സ്വരം കേള്‍ക്കുന്നവര്‍ സഹനങ്ങളെ നേരിടാന്‍ കരുത്തുള്ളവരാകും. ബിസിനസുകാരനായിരുന്നു ജോണി. പക്ഷേ ദൈവത്തെ മറന്നുള്ള ജീവിതമാണ് നയിച്ചത്. ഒടുവില്‍ ബിസിനസ്സ് തകര്‍ന്നു, ജോണി നാടുവിട്ടു. ജോണിയോടും പിതാവ് ഈ ആഹ്വാനം നടത്തി. അയാള്‍ ഒരു നവീകരണധ്യാനത്തില്‍ പങ്കെടുക്കുകയും യേശുവിനെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു. ഇന്ന് അവിടുത്തെ സാക്ഷിയായി ജീവിക്കുന്നു. കടബാദ്ധ്യതകള്‍ വീട്ടുവാന്‍ അത്ഭുതകരമായി ജോണിയ്ക്ക് അവിടുന്ന് കൃപനല്കി.

സഹനം ആത്മശോധനയുടെ സമയം
സഹനങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും നാം ദൈവത്തോട് ചോദ്യം ചോദിയ്ക്കാറുള്ളത്, ”എന്തുകൊണ്ട് ദൈവം എന്നെ പരീക്ഷിയ്ക്കുന്നു?”പക്ഷേ, യഥാര്‍ത്ഥത്തില്‍ ദുരിതങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ എന്നോടുതന്നെയാണ് ചോദ്യം ചോദിക്കേണ്ടത്. ഈ ദുഃഖാനുഭവത്തിലൂടെ എന്ത് സന്ദേശമാണ് എനിക്ക് എന്‍റെ പിതാവ് നല്‍കുന്നത്? ഇങ്ങനെ ആത്മശോധന നടത്തുന്ന വ്യക്തിക്ക് സഹനം എപ്പോഴും പിതാവിലേയ്ക്ക് ഒരു പടികൂടി അടുക്കുവാന്‍ സഹായകമാകും തീര്‍ച്ചതന്നെ.

വിശുദ്ധന്മാര്‍ക്കും സഹനമോ?
ഞാന്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ച വ്യക്തിയാണ്. അവിടുത്തെ കല്‍പനകളനുസരിച്ച് ജീവിയ്ക്കുന്ന വ്യക്തി. അവിടുത്തെ സുവിശേഷം പകര്‍ന്നു നല്‍കുവാന്‍ എന്‍റെ സമയവും ആരോഗ്യവും സമ്പത്തും ഞാന്‍ വിനിയോഗിക്കുന്നു. എന്നിട്ടും എനിക്കെപ്പോഴും സഹനം. എന്‍റെ ഈ നിശബ്ദമായ തേങ്ങലുകളുടെ അര്‍ത്ഥമെന്താണ്? ഞാന്‍ ആത്മപരിശോധന നടത്തിയിട്ടും തിരുത്തപ്പെടേണ്ട മേഖലകള്‍ കാണുന്നില്ലല്ലോ? ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ നിരവധിയാണ്. ഇതിനുള്ള ഉത്തരം യേശു തന്നെ നല്‍കുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്ന് വെട്ടിയൊരുക്കുകയും ചെയ്യുന്നു (യോഹന്നാന്‍ 15/2).

ശാപമല്ല, അനുഗ്രഹം
യേശുവിനോടൊത്ത് ജീവിക്കുന്ന ഒരു വ്യക്തിയ്ക്ക് സഹനത്തിന്‍റെ ഓരോ നിമിഷങ്ങളും കൂടുതല്‍ ആഹഌദം പകരുന്നു. കാരണമെന്തെന്നല്ലേ? എന്‍റെ ഈശോ എന്നെ കൂടുതല്‍ സ്‌നേഹിക്കുന്നതുകൊണ്ടാണ് എനിയ്ക്ക് കൂടുതല്‍ സഹനങ്ങളുണ്ടാകുന്നത്. എന്‍റെ സഹപ്രവര്‍ത്തകന്‍ എന്നെ കുത്തുവാക്കു പറഞ്ഞു വേദനിപ്പിക്കുമ്പോള്‍ ഞാന്‍ അയാളെ വെറുക്കുന്നില്ല. കാരണം? അയാള്‍ യേശുവിന്‍റെ കൈയിലെ ഒരു ഉപകരണമാണ്. ഈ തിരിച്ചറിവ് ഇല്ലാത്തപ്പോഴാണ് നമ്മെ വേദനിപ്പിക്കുന്നവരോട് നാം അനാവശ്യമായ പക വച്ചു പുലര്‍ത്തുന്നത്. അവരിലൂടെ യേശു കൂടുതല്‍ ഫലം പുറപ്പെടുവിയ്ക്കുവാന്‍ എനിക്ക് പരിശീലനം നല്‍കുകയാണ്.

മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയോ?
പലപ്പോഴും മരണത്തെ നേരില്‍ കാണുന്ന അവസരങ്ങള്‍ പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. ഞാന്‍ മാരകമായ രോഗത്തിന് അടിമയാണെന്ന് ഡോക്ടര്‍ പറയുന്നു. എന്‍റെ പ്രതികരണമെന്ത്? രണ്ടു മാര്‍ഗങ്ങളാണ് മുമ്പില്‍ തുറന്നു കിടക്കുന്നത്. ഒന്ന്, നിരാശയ്ക്ക് അടിമയാവുക. കീഴടക്കുവാന്‍ ഏതു നിമിഷവും കടന്നുവരാവുന്ന മരണത്തിന്‍റെ കാലൊച്ച കേട്ട് ഭയത്തിനടിമയായി ജീവിക്കുക. രണ്ട്, ഈ മരണത്തിന്‍റെ താഴ്‌വരയിലൂടെ എന്നെ കൈപിടിച്ചു നടത്തുന്ന എന്‍റെ സ്‌നേഹപിതാവിനെ കാണുക. ഈ ഇരുള്‍ വീണ താഴ്‌വരയില്‍ ഞാന്‍ തനിച്ചല്ല. ഈ ബോദ്ധ്യം എനിയ്ക്ക് ശക്തി പകരും. ”മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 23/4).

ഒരു ജീവിതാനുഭവം
സുപ്രസിദ്ധ വചന പ്രഘോഷകനായ ഫാ. ജീനോ തന്‍റെ അനുഭവം പങ്കുവച്ചത് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹവും ടീം അംഗങ്ങളും ഒരിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് മരണാസന്നനായി ആസ്പത്രിയില്‍ കിടക്കുന്ന ഒരു യുവാവിനുവേണ്ടി പ്രാര്‍ത്ഥിയ്ക്കുവാന്‍ പോയി. അതികഠിനമായ വേദനയില്‍ തന്‍റെ വിധിയോര്‍ത്ത് അയാള്‍ ദൈവത്തെ പഴിച്ചിരുന്നു. ആ യുവാവിനുവേണ്ടി 23-ാം സങ്കീര്‍ത്തനം പാടിയാണ് അവര്‍ പ്രാര്‍ത്ഥിച്ചത്. മരണത്തിന്‍റെ നിഴല്‍ വീണ താഴ്‌വരയിലൂടെ തന്നെ കൈപിടിച്ചു നടത്തുന്ന കര്‍ത്താവിനെ അയാള്‍ ദര്‍ശിച്ചു. അയാള്‍ ഭയത്തില്‍നിന്നും മോചിതനായി. അയാളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു. പ്രാര്‍ത്ഥനയ്ക്കുശേഷം അയാള്‍ പറയുകയാണ്. I have victory over my suffering.. അതെ, തന്നെ കീഴടക്കുവാന്‍ ശ്രമിച്ച ആ ദുരന്തത്തെ കീഴടക്കുന്നതിനുള്ള കൃപ യേശു അയാള്‍ക്കു നല്‍കി.

വിലയ്ക്ക് വാങ്ങപ്പെട്ടവര്‍
രക്ഷകനായ ഈശോ തന്‍റെ സഹനം മൂലം മനുഷ്യവര്‍ഗത്തെ വിലയ്ക്ക് വാങ്ങി. യേശുവിന്‍റെ ഈ രക്ഷാകരദൗത്യം തുടര്‍ന്നുകൊണ്ടുപോകുവാനുള്ള വിലയേറിയ അവസരങ്ങളാണ് ഓരോ സഹനത്തിന്‍റെ നിമിഷങ്ങളും. എന്‍റെ മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, നാടിന്‍റെ മാനസാന്തരത്തിനായി എന്‍റെ സഹനം എനിക്ക് കാഴ്ചയായി സമര്‍പ്പിക്കുവാന്‍ സാധിക്കും.

രക്ഷാകരമായ സഹനം
രക്ഷകന്‍റെ കുരിശിന്‍റെ ചുവട്ടില്‍ ദൈവതിരുമനസിന് പൂര്‍ണ്ണമായും കീഴടങ്ങിയവളാണ് പരിശുദ്ധ അമ്മ. സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ യേശുവിന്‍റെ ശബ്ദം നമ്മുടെ കാതുകളില്‍ മുഴങ്ങുന്നു: ഇതാ നിന്‍റെ അമ്മ. ജീവിതത്തിലുണ്ടാകുന്ന കുരിശുകളെ സന്തോഷപൂര്‍വ്വം ചുമക്കുവാന്‍ കുരിശിന്‍ചുവട്ടില്‍ നില്‍ക്കുന്ന അമ്മ നമുക്ക് തന്‍റെ പ്രാര്‍ത്ഥനയിലൂടെ ശക്തി പകരും.

സഹനത്തിലൂടെ ജീവന്‍ നേടിയവന്‍
കുരിശില്‍ കിടന്ന് പിടഞ്ഞു മരിയ്ക്കുന്ന ദൈവപുത്രനുമാത്രമേ എന്‍റെ ജീവിതത്തിലുണ്ടാകുന്ന സഹനത്തിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം എനിയ്ക്ക് പറഞ്ഞു തരാനാകൂ. എനിയ്ക്കുവേണ്ടി കുത്തിത്തുറക്കപ്പെട്ട എന്‍റെ രക്ഷകന്‍റെ തിരുഹൃദയത്തിലേയ്ക്ക് നോക്കി ധ്യാനിക്കുമ്പോള്‍ എന്‍റെ ദുരിതങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നു. മറ്റാര്‍ക്കും മനസിലാക്കുവാന്‍ പറ്റാത്ത നിന്‍റെ ഹൃദയത്തിലെ നിശബ്ദമായ തേങ്ങലുകള്‍ അവിടുന്ന് കാണുന്നു. അവിടുന്ന് നിന്നെ ആശ്വസിപ്പിക്കും. കാരണം നിന്നെപ്പോലെ അവിടുന്നു നിശബ്ദനായി വേദനിച്ചവനാണ്.

”അവന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്നില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു” (ഏശയ്യാ 53/7). വേദനിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ അവിടുത്തേക്ക്മാത്രമേ കഴിയൂ. കാരണം, ”അവന്‍റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. അവന്‍റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5).

നിനക്കു വേണ്ടി തന്‍റെ അവസാനതുള്ളി രക്തം വരെയും ചിന്തിക്കൊണ്ട് നിന്നെ രക്ഷിച്ച അവിടുത്തെ കുരിശിന്‍ ചുവട്ടില്‍ നിന്‍റെ ഭാരങ്ങള്‍ ഇറക്കി വയ്ക്കൂ. അങ്ങനെ സ്വതന്ത്രനാകൂ. നിന്‍റെ സഹനങ്ങള്‍ ഇനിമേല്‍ നിരാശയിലേയ്ക്കല്ല, പ്രത്യാശയിലേയ്ക്കാണ് നയിക്കുക. ഓര്‍ക്കുക, നിരാശ പിശാചിന്‍റെ ആയുധമാണ്. അവന്‍ കൊല്ലുവാനും നശിപ്പിക്കുവാനുമാണ് വരുന്നത്. യേശുവിന്‍റെ പക്കല്‍ ഈ നിമിഷം തന്നെ മുട്ടുകുത്തി നിന്‍റെ ക്ലേശങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കൂ.

പ്രാര്‍ത്ഥന
കാരുണ്യവാനായ യേശുവേ, അവിടുത്തെ ആത്മാവിനാല്‍ എന്നെ നിറച്ച് ബലപ്പെടുത്തണമേ.
പരിശുദ്ധ മാതാവേ, എന്‍റെ സഹനങ്ങളെ രക്ഷാകരമാക്കുവാന്‍ എനിക്കുവേണ്ടി അപേക്ഷിക്കണമേ.

കെ.ജെ മാത്യു 1995 ആഗസ്റ്റ് ലക്കം ശാലോം ടൈംസില്‍ എഴുതിയ ലേഖനം

'

By: Shalom Tidings

More
സെപ് 19, 2024
Encounter സെപ് 19, 2024

ഞാനും ഭാര്യ സിസിലിയും വിവാഹിതരായത് 2014 ഡിസംബറിലാണ്. ജോലിസംബന്ധമായി ഞങ്ങള്‍ ചെന്നൈയില്‍ ആയിരുന്നു താമസം. മക്കളുണ്ടാകാന്‍ താമസം നേരിട്ടതിനാല്‍ ഞങ്ങള്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി. ചില ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ഭാര്യക്ക് സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനാല്‍ മൂന്ന് വര്‍ഷത്തോളം പലവിധ ചികിത്സകള്‍ നടത്തി. പക്ഷേ ഒരു കുഞ്ഞിനെ ലഭിച്ചില്ല. അതിനിടെ 2017, 2018 വര്‍ഷങ്ങളില്‍ ധ്യാനങ്ങളില്‍ പങ്കെടുക്കുകയും അതില്‍നിന്ന് ലഭിച്ച ബോധ്യങ്ങളാല്‍ ജീവിതരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

ചെന്നൈയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് സീറോ മലബാര്‍ ഇടവക ഉണ്ടായിരുന്നെകിലും ഞങ്ങള്‍ ഇടവക ചേര്‍ന്നിരുന്നില്ല. 2018-ല്‍ ഇടവക ചേരുകയും കൂട്ടായ്മകളില്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്തു. അതുവരെ ഞായറാഴ്ചകളില്‍ മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് ഞങ്ങള്‍ അനുദിനം വിശുദ്ധബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. ഈ സമയത്ത് ചികിത്സകളെല്ലാം പൂര്‍ണമായി നിര്‍ത്തി. തുടര്‍ന്ന് ദൈവികദാനത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിപ്പ്…

2020-ല്‍ കോവിഡിനെ തുടര്‍ന്ന് തിരികെ നാട്ടിലേക്കെത്തി. എറണാകുളത്ത് പുതിയ ജോലിയില്‍ പ്രവേശിച്ച എനിക്ക് ഒരു വര്‍ഷത്തോളം അനുദിനം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ദൈവഹിതം അതല്ല എന്ന് മനസ്സിലാക്കിയപ്പോള്‍ മറ്റൊന്നും നോക്കിയില്ല, ആ ജോലി രാജിവച്ചു. അത് വെറുതെയായില്ല, 2021 നവംബറില്‍ തിരുവനന്തപുരത്ത് ഒരു പുതിയ ജോലി കര്‍ത്താവ് തന്നു. അവിടെ അടുത്തുതന്നെ നിത്യാരാധന ചാപ്പലും ഇടവക ദൈവാലയവും ഉള്ള ഒരു സ്ഥലത്തു താമസവും ശരിയായി.

അങ്ങനെ ഒരു വര്‍ഷത്തോളം കഴിഞ്ഞുപോയി. സുവിശേഷപ്രചരണം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന ചിന്ത ആ നാളുകളില്‍ ശക്തമായി. അതോടെ അവിടെവച്ച് ശാലോമിന്‍റെ ഒരു ഏജന്‍സി എടുക്കുകയും 27 കോപ്പി ശാലോം പ്രസിദ്ധീകരണങ്ങള്‍ തിരുവനന്തപുരത്തെ ഞങ്ങളുടെ ഇടവകദൈവാലയത്തില്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മറ്റൊരു അനുഗ്രഹംകൂടി കര്‍ത്താവ് തന്നു, ഏറെ സമയം ആരാധന ചാപ്പലില്‍ ദൈവത്തെ ആരാധിച്ച് ചെലവഴിക്കുവാനുള്ള കൃപ! അതോടൊപ്പം കൂടെക്കൂടെ കുമ്പസാരിച്ച് സ്വയം വിശുദ്ധീകരിക്കുന്ന ശീലവും വളര്‍ത്തി.

അങ്ങനെയിരിക്കേയാണ് പുതിയൊരു ജോലി ലഭിച്ചത്. ആ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നവംബര്‍ 2022-ല്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത് ജീവിതത്തെ കൂടുതല്‍ ചിട്ടപ്പെടുത്താനുള്ള സാഹചര്യം ലഭിച്ചു. കാലമേറെ കഴിയുംമുമ്പ് 2023 ജനുവരിയില്‍ വലിയൊരു അത്ഭുതത്തിന് ഞങ്ങള്‍ സാക്ഷികളാകുകയായിരുന്നു. സ്വാഭാവികമായ ഗര്‍ഭധാരണം തികച്ചും വിഷമമാണ് എന്ന് പറഞ്ഞ അവസ്ഥയില്‍ ആയിരുന്ന ഭാര്യ തീര്‍ത്തും സ്വാഭാവികരീതിയില്‍ത്തന്നെ ഗര്‍ഭംധരിച്ചു!! ചികിത്സകളൊന്നും ചെയ്തിരുന്നില്ല. കര്‍ത്താവിന്‍റെ കൃപയാല്‍ത്തന്നെ ഗര്‍ഭകാലം പൂര്‍ത്തിയായി 2023 ഓഗസ്റ്റ് 15-ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ജെറാര്‍ഡ് സെബാസ്റ്റ്യന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ദൈവം അനുവദിച്ച ശുദ്ധീകരണത്തിന്‍റെയും പ്രേഷിതപ്രവര്‍ത്തനത്തിന്‍റെയും ഫലമായിട്ടാണ് ഞങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നു. ”ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71).

കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ പലരും IVF പോലുള്ള ചികിത്സകള്‍ എടുക്കുവാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവ സഭാപഠനങ്ങള്‍ക്ക് എതിരായതിനാല്‍ ഒരിക്കലും അതിനെക്കുറിച്ച് ആലോചിച്ചു കൂടിയില്ല. കുഞ്ഞിനായി കാത്തിരുന്ന എട്ട് വര്‍ഷം സ്വയം ശുദ്ധീകരിക്കപ്പെടാനും ശാലോം മാസികവിതരണത്തിലൂടെ പ്രേഷിത പ്രവൃത്തിയില്‍ ഏര്‍പ്പെടാനും ദൈവം വഴിയൊരുക്കി. നവംബര്‍ 2022-ല്‍ തിരികെ എറണാകുളത്തു വരുമ്പോള്‍ ശാലോം ഏജന്‍സി പാലക്കാട് വടക്കഞ്ചേരിയില്‍ ശുശൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ചേട്ടനെ ഏല്‍പ്പിക്കാന്‍ സാധിച്ചു. ഇന്നും ആ ഏജന്‍സിയിലൂടെ സൗജന്യമായി മുമ്പുണ്ടായിരുന്ന അത്രയും എണ്ണം ശാലോം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യപ്പെടുന്നു. ”കര്‍ത്താവ് എന്‍റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും?” (സങ്കീര്‍ത്തനങ്ങള്‍ 116/12).

'

By: ജയ്‌സ് രാജു

More
സെപ് 18, 2024
Encounter സെപ് 18, 2024

ഒരിക്കല്‍ ഒരു സഹോദരി പ്രയാസത്തോടെ ഇപ്രകാരം പറഞ്ഞു: ഞാന്‍ ധ്യാനങ്ങളും കണ്‍വെന്‍ഷനുകളും കൂടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പക്ഷേ എന്‍റെ ആത്മീയ ജീവിതം തുടങ്ങിയിടത്തുതന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. ഞാന്‍ പിന്നോട്ടുപോയോ എന്നുപോലും സംശയിച്ചു പോകുന്നു. ഇത് ഒരാളുടെമാത്രം വിലാപമല്ല, മറ്റനേകം ഹൃദയങ്ങളുടെയും നൊമ്പരത്തിന് കാരണമായ ചിന്തകളാണ്.

ആത്മീയ വളര്‍ച്ച ചിലര്‍ക്കു മാത്രമായി ദൈവം ഒരുക്കിയിട്ടുള്ള ഒന്നല്ല. എങ്കില്‍ പിന്നെന്തുകൊണ്ടാണ് അനേകര്‍ക്കും വളരാന്‍ കഴിയാതെ വരുന്നത്? ചിലര്‍ മരുഭൂമിയുടെ ഏകാന്തതയിലും വരള്‍ച്ചയിലും പോലും നിറയെ ഫലം ചൂടി നില്‍ക്കുമ്പോള്‍, മഴയും മഞ്ഞും പരിചരണവുമെല്ലാം കിട്ടിയിട്ടും മറ്റു ചില ജീവിതങ്ങള്‍ വളരാതെ, പൂക്കാതെ ഫലം ചൂടാതെ നില്‍ക്കുന്നതിന്‍റെ കാരണമെന്താണ്?

യേശു പറഞ്ഞു:
ഒരുവനും ഒരേസമയം രണ്ട് യജമാനന്മാരെ സേവിക്കാനാവില്ല. ഒന്നുകില്‍ ഒരുവനെ സ്‌നേഹിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും (മത്തായി 6/24). യേശുവിനോട് ഒന്നുചേരണമെങ്കില്‍ അതു വരെ നാം ഒന്നുചേര്‍ന്നിരുന്നവയോട് വേര്‍പിരിയണം. ലോകത്തെ സ്‌നേഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കിത്തീര്‍ക്കുന്നു (യാക്കോബ് 4/4).
ഒരിക്കല്‍ ഒരു യുവതി എന്നോട് ഇപ്രകാരം പറഞ്ഞു, ”ഈ വിവരം കെട്ട കരിസ്മാറ്റിക് പരിപാടികള്‍ക്കൊന്നും ഞാനില്ല. ജീവിതമൊന്നേയുള്ളൂ. യൗവ്വനവും. അതിങ്ങനെ പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഉപവസിച്ചുമൊക്കെ തീര്‍ത്താലെങ്ങനെയാ?” എനിക്ക് ആ സഹോദരിയോട് സഹതാപം തോന്നി… പക്ഷേ ലോകത്തെയും ദുരാശകളെയും ഹൃദയത്തില്‍ നിറച്ചുവച്ചു കൊണ്ട് കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിച്ച് പിന്‍ചെല്ലാനൊരുമ്പെടുന്നവരേക്കാള്‍ മുന്‍പന്തിയിലാണ് ആ യുവതിയെന്ന് പിന്നീടെനിക്കു തോന്നി.

ഇന്ന് അനേകര്‍ യേശുവിനെ പിന്‍ചെല്ലാന്‍ തയ്യാറാകുന്നു. പക്ഷേ, ഉപേക്ഷിക്കേണ്ടവ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ”ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്‍റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല” (1 യോഹന്നാന്‍ 2/15). ധൂര്‍ത്തപുത്രനു പറ്റിയത് ഇതുതന്നെയാണ്. ലോകവും അതിന്‍റെ സുഖങ്ങളും ജഡത്തിന്‍റെ ദുരാശകളും അവന്‍റെ ഹൃദയത്തെ കീഴടക്കിയപ്പോഴാണ്… പിതാവിന്‍റെ സ്‌നേഹത്തിന് അവന്‍റെ ഹൃദയത്തില്‍ സ്ഥലമില്ലാതായി തീര്‍ന്നത്…

ഒരുപക്ഷേ നാം യേശു തരുന്ന രക്ഷയുടെയും സൗഖ്യത്തിന്‍റെയും അനുഭവം ലഭിച്ചിട്ടുള്ളവരായിരിക്കാം. പരിശുദ്ധാത്മാഭിഷേകത്തിലൂടെ ദൈവസ്‌നേഹാനുഭവം ആവോളം നുകര്‍ന്നവരുമാകാം. പക്ഷേ ആ സ്‌നേഹാനുഭവം നഷ്ടപ്പെട്ട് ഇന്നു നമ്മള്‍ മരുഭൂമിയില്‍ അലയുകയാണെങ്കില്‍…. പരിശോധിക്കാം, ആരാണ് എന്‍റെ ഹൃദയത്തിന്‍റെ യജമാനന്‍?

ഞാനെന്ന ശത്രു…!
യേശു പറഞ്ഞു, ”ആരെങ്കിലും എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ തന്നെത്തന്നെ പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്‍റെ പിന്നാലെ വരട്ടെ….”(മത്തായി 16/24). യേശുവിനെ അനുഗമിക്കുവാന്‍വേണ്ടി നഷ്ടപ്പെടുത്തിയതിന്‍റെ കൃത്യമായ കണക്ക് എന്‍റെ കയ്യില്‍ കാണും. പക്ഷേ, സ്വയം പരിത്യജിക്കുവാന്‍ അവന്‍ എന്നോട് ആവശ്യപ്പെടുന്നു.. ഞാന്‍ കുറയുമ്പോഴാണല്ലോ അവന്‍ വളരുക…

അനനിയാസും സഫീറായും കര്‍ത്താവിനോടുകൂടെ ജീവിക്കുവാന്‍ വേണ്ടി സകല സമ്പത്തുകളും വില്‍ക്കുവാന്‍ തയ്യാറായി. പക്ഷേ, വിറ്റതിലൊരു ഭാഗം സ്വാര്‍ത്ഥത്തിനായി കരുതി. അതവരുടെ ജീവന്‍ നഷ്ടമാകുന്നതിന് വഴിയൊരുക്കി. ഇന്ന് യേശുവിനായി സകലതും വില്‍ക്കുവാന്‍ തയ്യാറാകുന്ന അനേകരുണ്ട്. പക്ഷേ, വിറ്റതില്‍ ഒരുപങ്ക് തനിക്കായി കരുതുന്നു. യേശുവിനുവേണ്ടി ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കാനിറങ്ങുന്നവര്‍ അനേകരുണ്ട്. പക്ഷേ പല ത്യാഗങ്ങളുടെ പിന്നിലും ഒളിഞ്ഞുകിടക്കുന്ന സ്വാര്‍ത്ഥത നിറഞ്ഞ ലക്ഷ്യങ്ങള്‍ യേശുവില്‍ വളരാന്‍ നമ്മെ അനുവദിക്കുന്നില്ല.

നീ സേവിക്കുന്നത് ആരെയാണ്?
ഇന്ന് ആത്മാഭിഷേകം പ്രാപിച്ച് നവീകരണജീവിതത്തിലേക്ക് കടന്നുവരുന്ന വ്യക്തിമുതല്‍ അനേകവര്‍ഷത്തെ നവീകരണജീവിതം നയിച്ചവരുള്‍പ്പെടെ ഓരോരുത്തരും കണ്ടെത്തേണ്ട ഒരു സംഗതിയുണ്ട്…. ആരാണ് എന്‍റെ ഹൃദയത്തിന്‍റെ യജമാനന്‍ എന്ന്. നവീകരണപ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പലപ്പോഴും നമ്മുടെ ഉള്ളിലെ ദുരാശകളാല്‍ കലുഷിതമായ പഴയ മനുഷ്യന്‍ പാലൂട്ടി വളര്‍ത്തപ്പെടുന്നില്ലേ?

നമ്മുടെ ഹൃദയത്തിന്‍റെ യജമാനന്‍ മാറിവരുന്നത് നമ്മള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അംഗീകരിക്കപ്പെടാനായുള്ള എന്‍റെ പരതലുകള്‍, സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചിലുകള്‍, നല്ലവനെന്നും നല്ലവളെന്നും അറിയപ്പെടാനുള്ള ഇച്ഛ, അധികാരത്തിനുവേണ്ടിയുള്ള പിടിവലികള്‍.. ഇങ്ങനെ പലതും പലതുമാണ് കര്‍ത്താവിനുവേണ്ടിയുള്ള നമ്മുടെ ജീവിതത്തിനുപിന്നിലുള്ളതെങ്കില്‍ സേവിക്കപ്പെടുന്ന യജമാനന്‍ ദൈവമല്ല… ഞാനാണ്….

നവീകരണത്തിലേക്ക് കടന്നുവരുന്ന വ്യക്തികള്‍ക്ക് കൂട്ടായ്മയിലൂടെ, പ്രേഷിതപ്രവര്‍ത്തനങ്ങളിലുള്ള പങ്കുചേരലിലൂടെ, ലഭിക്കുന്ന അംഗീകാരവും സ്‌നേഹവും പരിഗണനയും വളരെ വലുതാണ്. തീര്‍ച്ചയായും ഇതിലൂടെയും ദൈവം നമ്മെ വളര്‍ത്തുന്നുണ്ട്. പക്ഷേ ഈ ലക്ഷ്യങ്ങള്‍ നമ്മെ ഭരിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ഹൃദയത്തിന്‍റെ യജമാനന്‍ മാറിവരുന്നു.

നമ്മുടെ ഹൃദയത്തിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുകൊണ്ട്, ജീവിതത്തില്‍ ഒരിക്കലും കിട്ടിയിട്ടില്ലാത്ത അംഗീകാരവും പ്രശസ്തിയും നമുക്ക് ലഭിക്കുന്നതുകൊണ്ട്, ആഗ്രഹങ്ങള്‍ സഫലീകൃതമാകുന്നതുകൊണ്ട്, അസാധ്യകാര്യങ്ങള്‍ സാധിച്ചതുകൊണ്ട്… അങ്ങനെ പലതുംകൊണ്ടാണ് നമ്മള്‍ ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുകയും ദൈവികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതെങ്കില്‍ സേവിക്കപ്പെടുന്ന യജമാനന്‍ യേശുവല്ല…ഞാനാണ്. നമ്മളില്‍ വളരുന്നത് ദൈവരാജ്യമല്ല, സ്വന്തം രാജ്യമാണ്: കര്‍ത്താവ് നമ്മെ നോക്കി പറയും- ഈ ജനം…. അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടുമാത്രമാണ് എന്നെ അന്വേഷിച്ചത് (യോഹന്നാന്‍ 6/26).

യേശുവിനോട് ഒരുവന്‍ പറഞ്ഞു- നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും… യേശു അവനോട് പറഞ്ഞു, ”കുറുനരികള്‍ക്ക് മാളങ്ങളും ആകാശപ്പറവകള്‍ക്ക് കൂടുകളുമുണ്ട്. എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഇടമില്ല” (മത്തായി 8/19,20). എന്നെ അനുഗമിക്കുക എന്ന് പറഞ്ഞുകൊണ്ട് ബലഹീനരായ പലരെയും തന്നോടൊപ്പമായിരിക്കാന്‍ ക്ഷണിച്ച കര്‍ത്താവ്, ക്ഷണിക്കാതെതന്നെ അനുഗമിക്കാന്‍ തയാറായി വന്നവനെ പിന്തിരിപ്പിച്ചതെന്തേ? സ്വന്തം സുരക്ഷിതത്വത്തിനും നിലനില്‍പിനും വേണ്ടിയുള്ള ആഗ്രഹമാണ് യേശുവിനെ പിന്‍ചെല്ലാന്‍ അവനെ പ്രേരിപ്പിച്ചത്…. കര്‍ത്താവ് അവന്‍റെ ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഈ വാക്കുകളിലൂടെ…

ന്‍റെ സുരക്ഷിതത്വവും സുഖവുമാണോ കര്‍ത്താവിനെ പിന്‍ചെല്ലുന്ന എന്‍റെ ലക്ഷ്യങ്ങള്‍? ആണെങ്കില്‍ ശൂന്യവത്ക്കരണത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പാതയിലൂടെ ദൈവാരൂപി നമ്മെ നടത്തുവാന്‍ തുടങ്ങുമ്പോള്‍ ഈ വചനം കഠിനമാണ് എന്നു പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞ ജനത്തെപ്പോലെ നമുക്കും പിന്തിരിയേണ്ടിവരും.

രണ്ടു വഞ്ചികള്‍
”നിങ്ങള്‍ എത്ര നാള്‍ രണ്ടുവഞ്ചികളില്‍ കാല്‍വയ്ക്കും? കര്‍ത്താവാണ് ദൈവമെങ്കില്‍ അവിടുത്ത അനുഗമിക്കുമിന്‍, ബാലാണ് ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍” (1 രാജാക്കന്‍മാര്‍ 18/21). ആത്മീയശുഷ്‌കതയെക്കുറിച്ച് വിലപിക്കുന്ന ബഹുഭൂരിപക്ഷം ജീവിതങ്ങളും സമൂഹങ്ങളും ഇന്ന് രണ്ടുവഞ്ചിയില്‍ കാല്‍ വെച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ലോകത്തിന്‍റെ വഞ്ചിയില്‍… പണത്തിന്‍റെയും സ്വാധീനങ്ങളുടെയും വഞ്ചിയില്‍…..സുഖഭോഗങ്ങളുടെ വഞ്ചിയില്‍… അംഗീകാരത്തിന്‍റെയും പ്രശസ്തിയുടെയും വഞ്ചിയില്‍…. ഒരു കാല്‍ വച്ചിട്ട് മറുകാല്‍ യേശുവിന്‍റെ വഞ്ചിയില്‍ വയ്ക്കുന്നു….

യേശു തരുന്ന രക്ഷയും ആനന്ദവും ഇവര്‍ക്ക് അപ്രാപ്യമായിരിക്കും. കൂട്ടുകാരനെ പ്രീതിപ്പെടുത്താനെന്നുപറഞ്ഞ് മദ്യപിക്കുന്നവനും അശുദ്ധഭാഷണത്തില്‍ പങ്കു ചേരുന്നവനും സുഖഭോഗങ്ങളില്‍ മനസ്സുവയ്ക്കുന്നവനും എത്ര ധ്യാനം കൂടിയാലും വളരുകയില്ല… കാരണം അവന്‍റെയുള്ളില്‍ രണ്ട് യജമാനന്മാരുണ്ട് സത്‌പേരിനെ സ്‌നേഹിക്കുന്നവന് പിശാചുബാധിതനെന്നും ദൈവദൂഷകനെന്നും മുദ്രകുത്തപ്പെട്ട യേശുവിനെ സേവിക്കാനാവില്ല.
സ്വന്തം ജഡമോഹങ്ങളെ താലോലിക്കുന്നവന് മരുഭൂമിയില്‍ ഉപവസിച്ച് തന്നെത്തന്നെ വിനീതനാക്കിയ യേശുവിനെ അനുഗമിക്കുക അസാധ്യമാണ്… മഹത്വം തേടുന്നവര്‍ മുള്‍ക്കിരീടത്താല്‍ അപമാനിതനായ യേശുവിനെ പലപ്പോഴും കൈവിട്ടുകളയും. വൈരാഗ്യവും വെറുപ്പും മാത്സര്യവും ഉപേക്ഷിക്കാതെ സ്‌നേഹംതന്നെയായ ദൈവത്തെ ശുശ്രൂഷിക്കുവാന്‍ എങ്ങനെ സാധിക്കും.

ഇവിടെ എനിക്ക് നിന്നെ വിധിക്കുവാനുള്ള അവകാശമില്ല… പക്ഷേ എനിക്ക് എന്നെ കണ്ടെത്താനും വ്യര്‍ത്ഥദൈവങ്ങളില്‍നിന്നും എന്‍റെ ഹൃദയത്തെ മോചിപ്പിക്കുവാനും കടമയുണ്ട്. സ്വയം വിധിക്കുന്നവന് ശിക്ഷാവിധിയെ നേരിടേണ്ടി വരില്ല… ഞാന്‍ എന്നെത്തന്നെ നന്നായി വിധിച്ചാല്‍ തിന്മയില്‍നിന്നു പിന്തിരിഞ്ഞാല്‍ വ്യര്‍ത്ഥമായതിനെ സേവിക്കാന്‍ എനിക്കാവില്ല.
”ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്‍റെ സ്വരം കേട്ട് വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്‍റെ അടുത്തേക്ക് വരും. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷിക്കുകയും ചെയ്യും” (വെളിപാട് 3/19-20).

സ്‌റ്റെല്ല ബെന്നി
ശാലോം ടൈംസിന്‍റെ പൈലറ്റ് ലക്കത്തില്‍ എഴുതിയ ലേഖനം

'

By: സ്റ്റെല്ല ബെന്നി

More