• Latest articles
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

എന്‍റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ “മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്‍റെ ഫലമായി, നടക്കില്ല എന്ന് എല്ലാവരും പറഞ്ഞ ട്രാന്‍സ്ഫര്‍ 2020 മാര്‍ച്ചില്‍ നല്‍കി മകളെ ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.

'

By: Lisy Roy

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

തികച്ചും അപ്രതീക്ഷിതമായി പന്ത്രണ്ടാം വയസിലുണ്ടായ ദൈവാനുഭവവും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളും.

“റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!” കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില്‍ മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു.

വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ ‘വിഗ്രഹം’ ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, “ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്.” വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, “പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല.”

എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്‍റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്‍റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന്‍ കമിഴ്ന്നുകിടക്കുന്നു… പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു. പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്‍റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്‍ക്കുന്നു. അപ്പോള്‍ അയാള്‍ ‘ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്’ എന്ന് അവളോട് പറയുന്നു…. ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്.

ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്‍റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, “കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു…. എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു” എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. എന്‍റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്‍റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്‍റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു.

അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല. പകരം അതിന്‍റേതായ ശാരീരികപ്രശ്നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്‍ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു.

നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് ‘സ്വര്‍ണപ്രശ്നം’ എന്ന പ്രത്യേക ജ്യോതിഷപ്രശ്നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം ‘കുരിശിന്‍റെ വഴി അനുഭവങ്ങളി’ലൂടെയാണ് കടന്നുപോയത്.

പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്‍റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്‍റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി.

പനയ്ക്കലച്ചന്‍ ധ്യാനം നയിക്കുന്ന സമയം. ‘നാരായണന്‍ സ്റ്റേജില്‍ കയറിവരാന്‍’ പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്‍മാര്‍ കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്നേഹിച്ച നാരായണന്‍ സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന്‍ വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് ‘നിന്‍റെ കര്‍ത്താവിനെക്കുറിച്ച് പറയുക’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്‍റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം.

എന്‍റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്.

ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ…

ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.

'

By: Narayanan Paul

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

രോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന്‍ ലേഖകനുള്ള സമ്മാനം കൈമാറിയത്.

വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന്‍ സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി.

അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, “സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?”

മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ “ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന്‍ ദൈവത്തിന്‍റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു.

അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്‍റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്‍റെ തമ്പുരാന്‍ തന്നു.

ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്‍റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

പൂജാമുറിയിലെ ശാലോം ടൈംസ്

ഒരിക്കല്‍ എന്‍റെ അക്രൈസ്തവനായ ഒരു സഹപ്രവര്‍ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു “എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്‍റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്.”

സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്‍കി അനുഗ്രഹിച്ചു.

ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്‍റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്‍റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി.

അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു.

ട്രാന്‍സ്ഫറിലെ അത്ഭുതം

ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്‍റെ വിചാരം. “എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും.” ഇങ്ങനെയൊരു കമന്‍റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു.

പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്‍റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്‍റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു.

ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, “മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക.”

ചോദിച്ച് വാങ്ങിക്കുന്നവര്‍

വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള്‍ അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന്‍ തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്‍റെ നാഥന് ഒരായിരം നന്ദി.

“ഉണര്‍ന്ന് പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്‍റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്‍റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും” (ഏശയ്യാ 60/1-3). ډ

'

By: Thomas P M

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമോ?

വര്‍ഷം 1965. അന്ന് ജോണ്‍ ഫോസ്സെ എന്ന ബാലന് ഏഴ് വയസുമാത്രം. കുടുംബവീടിന് ചുറ്റുമുള്ള മഞ്ഞില്‍ കളിക്കുകയായിരുന്നു അവന്‍. കളിക്കിടെ, തെന്നിവീണ് ഫോസ്സെയുടെ കൈത്തണ്ട ഗുരുതരമായി മുറിഞ്ഞു. മരണത്തിലേക്ക് നീങ്ങുംവിധത്തില്‍ ഭയാനകമായ ബ്ലീഡിംഗ്. മകനെയുംകൊണ്ട് മാതാപിതാക്കള്‍ ഡോക്ടര്‍ക്കരികിലേക്ക് പായുമ്പോള്‍ കാറിന്‍റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇത് അവസാനമായി തന്‍റെ വീട് കാണുന്നതാണെന്ന് ഫോസ്സെ ചിന്തിച്ചുവത്രേ. പക്ഷേ അവന് ഭയം തോന്നിയില്ല. പകരം, മഹത്തായ ഒരു സൗന്ദര്യം ആസ്വദിക്കാന്‍ ലഭിച്ച അനുഭവമായിട്ടാണ് തോന്നിയത്. തന്നില്‍നിന്നുതന്നെ ഒരു വിരക്തിയും അതിലൂടെ അനുഭവപ്പെട്ടു. അപ്പോള്‍മുതലാണ് താനൊരു എഴുത്തുകാരനാകുമെന്ന് സ്വയം അറിഞ്ഞതെന്ന് ഫോസ്സെ വിശ്വസിക്കുന്നു. എന്തായാലും ഫോസ്സെയുടെ ജീവന്‍ തിരികെക്കിട്ടി.

കാലം കടന്നുപോയപ്പോള്‍ ഫോസ്സെ എഴുത്തില്‍ സജീവമായി. ബാല്യകാലത്തെ അനുഭവത്തിന്‍റെ സ്വാധീനംകൊണ്ടാവാം, മരണത്തോട് ഒരടുപ്പം ഫോസ്സെയുടെ കൃതികളില്‍ കാണാമായിരുന്നു. പക്ഷേ ജീവിതം ഇരുണ്ടുപോയിരുന്നു. കാരണം അദ്ദേഹം മദ്യപാനത്തിന് അടിമയായിപ്പോയി.

1959-ലായിരുന്നു ഫോസ്സെയുടെ ജനനം. ലൂഥറന്‍ വിശ്വാസിയായിരുന്നുവെങ്കിലും കൗമാരപ്രായത്തില്‍ത്തന്നെ ലൂഥറന്‍ വിശ്വാസം ഉപേക്ഷിച്ചു. പില്ക്കാലത്ത് 2011-ല്‍ നോര്‍വീജിയന്‍ ഭാഷയിലേക്ക് ബൈബിള്‍ പുതുതായി വിവര്‍ത്തനം ചെയ്തപ്പോള്‍ ആ വിവര്‍ത്തകസംഘത്തില്‍ ഫോസ്സെയും ഉള്‍പ്പെട്ടിരുന്നു. അക്കാലത്തുതന്നെ സ്ലോവാക്യ സ്വദേശിയായ അന്ന എന്ന വനിതയെ അദ്ദേഹം വിവാഹം ചെയ്തു. അന്ന കത്തോലിക്കാവിശ്വാസിനിയായിരുന്നു. ബൈബിള്‍ വിവര്‍ത്തനവും വിവാഹവുമെല്ലാം സ്വാധീനം ചെലുത്തിയതിന്‍റെ ഫലമായി 2012-ല്‍ അദ്ദേഹം ഔദ്യോഗികമായി കത്തോലിക്കാസഭാംഗമായി. ഓസ്ലോയിലെ സെയ്ന്‍റ് ഡൊമിനിക് ആശ്രമത്തില്‍വച്ചായിരുന്നു തിരുസഭാപ്രവേശം.

അതേത്തുടര്‍ന്ന് മദ്യപാനത്തില്‍നിന്ന് പിന്‍വാങ്ങി. പിന്നീടാണ് അദ്ദേഹം A New Name: Septology VI-VII എന്ന നോവലിന്‍റെ എഴുത്തിലേക്ക് കടന്നത്. ഉറച്ച കത്തോലിക്കാവിശ്വാസം എത്രമാത്രം ഒരാളെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണംകൂടിയാണ് ഫോസ്സെയുടെ ജീവിതം.

ഈ നോവലിലെ നായകകഥാപാത്രം ഒരു ചിത്രകാരനാണ്, എയ്സല്‍. ഫോസ്സെയുടെ ആത്മകഥാംശമുണ്ടെന്ന തോന്നലുളവാക്കുംവിധം നായകനും കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് നായകകഥാപാത്രം. ഭാര്യയായ ആലെസിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന എയ്സലാണ് നോവലിലെ കഥ പറയുന്നത്. സമാധാനം അഥവാ അനുരഞ്ജനത്തിന്‍റെ ഒരു ഛായ തന്‍റെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഫോസ്സെയുടെതന്നെ വിലയിരുത്തല്‍.

A New Name: Septology VI-VII എന്ന നോവല്‍ കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനത്തിനായും പരിഗണിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമാകട്ടെ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരംതന്നെ ലഭിച്ചു. തന്‍റെ ഭാഷയ്ക്ക് ലഭിച്ച അംഗീകാരമായി നൊബേല്‍ സമ്മാനത്തെ അദ്ദേഹം കാണുന്നു.

ഹെസ്സിയന്‍ എന്ന നിരൂപകന്‍ പറയുന്നത് ഫോസ്സെയുടെ പില്‍ക്കാല നോവലുകളില്‍ വിശ്വാസത്തെക്കുറിച്ച് ഒന്നും തുറന്നെഴുതുന്നില്ലെങ്കിലും തൊട്ടറിയാവുന്ന ഒരു മതാത്മകത കാണാമെന്നാണ്. അഗാധതയെക്കുറിച്ചുള്ള അവബോധം കുടികൊള്ളുന്ന നമ്മുടെ അന്തരംഗത്തില്‍ കലയും ആത്മീയതയും ഒന്നിച്ച് വസിക്കുന്നുവെന്ന് ദര്‍ശിക്കുന്ന ഒരു മതാത്മകത.

നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കച്ചവടശക്തികള്‍ക്ക് ഒരു വെല്ലുവിളിയായി നിയതമായ മതം നിലനില്ക്കുന്നു എന്ന് ഫോസ്സെ നിരീക്ഷിക്കുന്നു. കത്തോലിക്കാസഭ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. കലയും സാഹിത്യവും ഇത്തരത്തില്‍ ശക്തമാണ് എന്നാല്‍ സഭയുടെയത്രയും വരില്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

സ്വന്തം വിലയിരുത്തല്‍ അനുസരിച്ച് ഫോസ്സെയുടെ നാടകങ്ങളില്‍ മരണത്തോട് ഒരു അടുപ്പം കാണാം. മരിക്കാന്‍ പഠിക്കുന്നതിനുള്ള ഒരു വഴിയാണ് തത്വശാസ്ത്രം എന്ന് സിസെറോ പറഞ്ഞിട്ടുണ്ട്. സാഹിത്യവും മരിക്കാന്‍
പഠിക്കാനുള്ള ഒരു മാര്‍ഗമാണെന്നാണ് ഫോസ്സെയുടെ അഭിപ്രായം.

ഒരു നല്ല കത്തോലിക്കാസാഹിത്യകാരനെന്ന നിലയില്‍ ജോണ്‍ ഫോസ്സെക്ക് ലഭിച്ച നൊബേല്‍ പുരസ്കാരം, കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമല്ല, സഹായമാണ് എന്നുകൂടി പറയാതെ പറയുന്നുണ്ട്.

'

By: John Fosse

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

ചുറ്റുമുള്ള ലോകത്തെ സൗഖ്യപ്പെടുത്തുന്നവരായി മാറാം ഈ പുതുവര്‍ഷത്തില്‍…

വര്‍ഷങ്ങള്‍ക്കുമുമ്പ് ടീച്ചറായി ലീവ് വേക്കന്‍സികളില്‍ ചുറ്റിനടന്ന കാലഘട്ടങ്ങളില്‍ പല സ്ഥലത്തും ടീച്ചേഴ്സിനുവേണ്ടിയിട്ടുള്ള ലോഡ്ജുകളില്‍ താമസിക്കാനിടവന്നിട്ടുണ്ട്. ആ നാളുകളില്‍ വൈകുന്നേരങ്ങളില്‍ ധാരാളം സമയം വര്‍ത്തമാനം പറയാനും തമാശ പറഞ്ഞ് ചിരിക്കാനുമൊക്കെ കിട്ടും. പക്ഷേ എന്നോട് ആരുംതന്നെ അധികം തമാശ പറയാറില്ലായിരുന്നു. പകരം സമയം കിട്ടുമ്പോഴൊക്കെ അവര്‍ അവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും പങ്കുവയ്ക്കും. ഞാന്‍ കഴിയുന്നവിധത്തിലൊക്കെ അവരെയൊക്കെ ആശ്വസിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ചേര്‍ത്തുപിടിക്കാനൊരാള്‍!

ഒരിക്കല്‍ ഒരു ടീച്ചര്‍ ഇപ്രകാരം തന്‍റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ച് പങ്കുവച്ചു. “കുടുംബജീവിതം തുടങ്ങിയ നാളില്‍ തുടങ്ങിയ കഷ്ടപ്പാടാ… ആദ്യത്തെ പ്രഗ്നന്‍സി ഒരു മാസമായപ്പോള്‍ നഷ്ടപ്പെട്ടുപോയി. പിന്നെ കുറെയേറെ നാളുകളിലേക്ക് ഗര്‍ഭധാരണം നടന്നതേയില്ല. പിന്നീടുണ്ടായ ഗര്‍ഭം ആറുമാസം പ്രായമായപ്പോള്‍ കുട്ടി ഉള്ളില്‍ കിടന്നു മരിച്ച് നീക്കം ചെയ്യേണ്ടതായി വന്നു. പിന്നീടുള്ള ഗര്‍ഭധാരണം കഴിഞ്ഞ് പ്രസവം നടക്കുന്നതുവരെ ബഡ്റെസ്റ്റില്‍ കഴിയേണ്ടിവന്നു. പ്രസവം വളരെ പ്രയാസകരമായിരുന്നു. പ്രസവശേഷം ആദ്യം ഇട്ട സ്റ്റിച്ചുകള്‍ പഴുത്തുപൊട്ടി, രണ്ടാമതും സ്റ്റിച്ച് ഇടേണ്ടിവന്നു. ഞാന്‍ മാത്രമല്ല, എന്നെ പരിചരിച്ചവരും വല്ലാതെ ബുദ്ധിമുട്ടി. അനുഭവിച്ചു തീര്‍ത്തതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. എന്‍റെ ചേട്ടായി അതായത് എന്‍റെ ഭര്‍ത്താവ് ഒത്തിരി സ്നേഹത്തോടുകൂടെ എപ്പോഴും കൂടെയുണ്ടായിരുന്നു. അതോര്‍ക്കുമ്പോഴാണ് ഏക ആശ്വാസം.

എന്തുമാത്രം സഹിച്ചാലെന്താ അതൊക്കെ കാണാനും കേള്‍ക്കാനും അംഗീകരിക്കാനും ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാനും സ്നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെന്ന അനുഭവം ഏറെ ആശ്വാസകരമായ ഒന്നായിരുന്നു. ചേട്ടായി തന്ന കരുതലോര്‍ക്കുമ്പോള്‍ ഇന്നും കണ്ണു നിറഞ്ഞുപോകും. ലോകത്തില്‍ മറ്റൊരാണുങ്ങള്‍ക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നിപ്പോകുകയാണ്. ഇന്നും ജീവിതം പലവിധ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും ചേര്‍ത്തുനിര്‍ത്തി സ്നേഹിക്കാന്‍ എന്‍റെ ചേട്ടായി എന്‍റെ കൂടെയുണ്ട് എന്നതാണ് എന്‍റെ ഏക ആശ്വാസം!” ചേട്ടായിയെക്കുറിച്ച് പറയുമ്പോള്‍ ആ ടീച്ചറിന്‍റെ മുഖം പൂപോലെ വിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. കടന്നുപോകുന്ന ദുരിതങ്ങള്‍ക്കിടയിലും അവളിലെ ഭാര്യ പൂര്‍ണസംതൃപ്തയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവത്തിന് സ്തുതി.

കാണാനും കേള്‍ക്കാനും അംഗീകരിക്കാനും സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്താനും ഒരാള്‍ ഉണ്ടായിരിക്കുക. ഇതല്ലേ ഓരോ ഭാര്യയുടെയും ഹൃദയം കൊതിക്കുക.

സംതൃപ്തനായ ഒരു ഭര്‍ത്താവ്

ഹൈന്ദവനായ അയാള്‍ പറഞ്ഞു; “എന്‍റെ ചേച്ചീ, ഞങ്ങള്‍ പ്രേമിച്ചു കെട്ടിയതാണ്. ഞങ്ങളുടെ വിവാഹത്തിന് രണ്ടുവീട്ടുകാരും എതിരായിരുന്നു. അവള്‍ വലിയ സമ്പന്ന തറവാട്ടിലേത്. ഞാനോ തറവാടു മോശമല്ലെങ്കിലും ദരിദ്രന്‍. നാലഞ്ചു വര്‍ഷം സ്നേഹിച്ചു നടന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഞങ്ങള്‍ വിവാഹിതരായി. തമ്പുരാന്‍ ഞങ്ങള്‍ക്ക് രണ്ട് മക്കളെയും തന്നു. ഇന്നിപ്പോള്‍ ഏഴുവര്‍ഷം പിന്നിട്ടു. എന്‍റെ കുറവുകളിലേക്കും പരിമിതികളിലേക്കും ഇറങ്ങിവന്ന് അവള്‍ക്ക് ഒത്തിരി ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ മുഖം കറുത്തൊരു വാക്കോ ഇല്ലായ്മയെക്കുറിച്ച് പരാതിയോ അവളില്‍നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. കുറ്റവും കുറവും പറഞ്ഞതായി യാതൊരു ഓര്‍മയുമില്ല. അന്നും ഇന്നും ഞാനെന്നുവച്ചാല്‍ അവള്‍ക്ക് ജീവനാ.

വീടുവിട്ടിറങ്ങിവന്നിട്ട് ഞാന്‍ കിടന്ന സിമന്‍റുതറയില്‍ ഒരു തുണിക്കഷണവും വിരിച്ച് അവള്‍ എന്നോടുചേര്‍ന്ന് കിടന്നു. ഞാന്‍ നടന്നപ്പോള്‍ എന്നോടു ചേര്‍ന്നു നടന്നു. ഇന്നിപ്പോള്‍ ഞങ്ങളുടെ സാമ്പത്തികനില ഏറെ മാറി. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളുടെ വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചു. പക്ഷേ എന്‍റെ പെണ്ണിന്‍റെ മനസുമാത്രം മാറിയിട്ടില്ല. അവള്‍ക്ക് അന്നും ഇന്നും ഞാന്‍ ദൈവമാണ്. ഇതൊക്കെയല്ലേ ചേച്ചീ, ഒരു ഭര്‍ത്താവിന്‍റെ ആനന്ദം. പണം കൊടുത്താല്‍ ചന്തയില്‍നിന്നും വാങ്ങാന്‍ കിട്ടുന്നതല്ല ഇതൊന്നും. ഒരു ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. കാണാനും കേള്‍ക്കാനും മാനിക്കാനും അംഗീകരിക്കാനും ചേര്‍ന്നുനില്‍ക്കാനും ബലം പകരാനും ഒരുവള്‍ കൂടെയുണ്ടായിരിക്കുക. അതല്ലേ ഏറ്റവും വലിയ ധനം?”

ഒരമ്മച്ചിയുടെ ആനന്ദം

അമ്മച്ചി ഇങ്ങനെ പറഞ്ഞുതുടങ്ങി. “പിള്ളേരുടെ അപ്പന്‍ മരിച്ചിട്ട് പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. സത്യത്തില്‍ കണ്ണീരേറെ കുടിച്ചിട്ടാ മോളെ ഇവറ്റകളെയൊക്കെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ചത്. നൊന്തുപെറ്റ ഒമ്പതു മക്കളെ നോക്കുന്നതോടൊപ്പം പ്രായമായ അപ്പനെയും അമ്മയെയും നോക്കി അവരെയും പറഞ്ഞുവിടേണ്ട വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പിച്ചിട്ടാണ് അകാലത്തില്‍ അങ്ങേര് പോയത്. ഇന്നിപ്പോള്‍ എല്ലാം ശാന്തമായി. മക്കളൊക്കെ നല്ല നിലയിലായി. പക്ഷേ അവരാരും ഈ അമ്മ ഒരു വാക്കു പറഞ്ഞാല്‍ അതുവിട്ട് പുറം ചാടി പോകില്ല. അവര്‍ക്കറിയാം ഞാനെന്തു വില കൊടുത്താ അവരെ പോറ്റിവളര്‍ത്തി ഇത്രത്തോളമെത്തിച്ചതെന്ന്. അമ്മയെ അമ്മയായി കരുതി ചേര്‍ന്നുനില്‍ക്കുന്നവരും ചേര്‍ത്തുനിര്‍ത്തുന്നവരുമാണ് വന്നുകയറിയ മരുമക്കളും. കഷ്ടതയേറെ സഹിച്ചെങ്കിലെന്താ എന്‍റെ മക്കളും മരുമക്കളും അതെല്ലാം കാണുകയും കേള്‍ക്കുകയും അംഗീകരിക്കുകയും എന്നോടുചേര്‍ന്നു നില്‍ക്കുകയും ചെയ്തു. ഞാനൊരു ഭാഗ്യവതിയായ അമ്മതന്നെയാ മോളേ, ഒടേതമ്പുരാന് സ്തുതി.”

ഒരപ്പന്‍റെ നിര്‍വൃതി

“ചോരത്തിളപ്പിന്‍റെ കാലത്ത് കുടിയേറിയതാണ് മലബാറിന്‍റെ മണ്ണിലേക്ക്. ഏറെയേറെ അധ്വാനിച്ചു. കഷ്ടതകളേറെ സഹിച്ചു. എന്‍റെ ഭാര്യയും ഞാനുംകൂടി ദൈവത്തോടുചേര്‍ന്ന് അധ്വാനിച്ചതിന്‍റെ ഫലമായി ഇന്നിപ്പോള്‍ ഈ നിലയിലെത്തി. അമ്പത്താറാം വയസിലാണ് എന്‍റെ ഭാര്യ മരിച്ചത്. രണ്ടാം വിവാഹം കഴിക്കാന്‍ എല്ലാവരും എന്നെ ഏറെ നിര്‍ബന്ധിച്ചു. പക്ഷേ ഞാനതിന് വഴങ്ങിയില്ല. തന്മൂലം ത്യാഗങ്ങളും കഷ്ടപ്പാടുകളും ഏറെ ഏറ്റെടുക്കേണ്ടിവന്നു. അതിന് വലിയ ഫലവുമുണ്ടായി. ഇന്നിപ്പോള്‍ എന്‍റെ മക്കളെല്ലാം നല്ല നിലയിലാണ്. വന്നുകേറിയ മരുമക്കളും അങ്ങനെതന്നെ. എന്നെ അപ്പച്ചീ എന്നു വിളിച്ചാല്‍ പകുതി വിളിക്കില്ല എന്‍റെ കൊച്ചുമക്കളും. ആകപ്പാടെ സന്തോഷമാ എന്‍റെ മക്കളേ… എന്‍റെ അലച്ചിലും കഷ്ടപ്പാടും എന്‍റെ മക്കളു കണ്ടു, അംഗീകരിച്ചു, ആദരിച്ചു, ചേര്‍ത്തുനിര്‍ത്തി. അല്ല, ദൈവം കണ്ടു എന്നു പറയുന്നതാ ഏറെ ശരി. എല്ലുമുറിയെ പണി ചെയ്ത് കുടുംബം പോറ്റിയിട്ടും ആരാലും അംഗീകരിക്കപ്പെടാത്ത എത്രയോ പേര് ഈ ഭൂമിയിലുണ്ട്. അതുവച്ചു നോക്കുമ്പോള്‍ ഇത്തിരി കഷ്ടപ്പെട്ടാലെന്താ ഞാനൊരു ഭാഗ്യവാനല്ലേ. ദൈവം തുണച്ചു. അതല്ലാതെന്തു പറയാന്‍.”

ഗുണവതിയായ ഒരു ഹെഡ്മിസ്ട്രസ്

എന്‍റെ അധ്യാപന ജീവിതകാലത്ത് ഒരു സ്കൂളിലൊഴികെ എല്ലായിടത്തും എന്‍റെ ഹെഡ്മിസ്ട്രസുമാര്‍ സിസ്റ്റേഴ്സായിരുന്നു. എല്ലാവരും നല്ലവരും പ്രഗത്ഭരുംതന്നെ. ഒരു സിസ്റ്റര്‍മാത്രം എന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രമായി. ആ സിസ്റ്ററിന് തന്‍റെ സഹാധ്യാപകരെല്ലാവരും മക്കളെപ്പോലെയാണ്. ഓരോ സ്റ്റാഫിന്‍റെ വീട്ടിലെയും ഓരോ അംഗങ്ങളെയും സിസ്റ്ററിനറിയാം. സിസ്റ്ററിന് അവരെല്ലാം പ്രിയപ്പെട്ടവര്‍തന്നെ. സിസ്റ്റര്‍ സ്കൂള്‍ ഭരിച്ചിരുന്നത് തലകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. അതുകൊണ്ടുതന്നെ സിസ്റ്ററിന്‍റെ വായില്‍നിന്നും ഒരു വാക്ക് പുറത്തുവരുന്നതിനുമുമ്പുതന്നെ സ്റ്റാഫത് അനുസരിച്ചിരിക്കും. സിസ്റ്ററിന്‍റെ ഭരണകാലത്ത് ഒരു സ്റ്റാഫും താമസിച്ച് സ്കൂളില്‍ വന്നിരുന്നില്ല. അധ്യാപകര്‍ തമ്മില്‍ത്തമ്മിലാണെങ്കിലും വലിയ ഹൃദയ ഐക്യവും പരസ്പര ധാരണയും ആയിരുന്നു ഉണ്ടായിരുന്നത്. സിസ്റ്ററിനോട് സംസാരിക്കുന്ന ഓരോ സ്റ്റാഫിനും ഓരോ കുട്ടിക്കും തോന്നുന്ന ഒരു ഫീലിങ്ങ് ഉണ്ട് – ഞാനാണ് സിസ്റ്ററിനാല്‍ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തി എന്ന്. ഹൃദയംകൊണ്ട് അംഗീകരിച്ച് സ്നേഹിച്ചപ്പോള്‍ ഹൃദയത്തിന്‍റെ അംഗീകാരം സ്റ്റാഫില്‍നിന്നും കുട്ടികളില്‍നിന്നും അവരുടെ മാതാപിതാക്കളില്‍നിന്നും സിസ്റ്ററിന് തിരികെ കിട്ടി. അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘ശാന്തിനികേതനം’ തന്നെയായിരുന്നു ആ നാളുകളില്‍ ആ സ്കൂള്‍.

ഭാഗ്യപ്പെട്ട അഞ്ചുപേര്‍

മുകളില്‍ കണ്ട അഞ്ച് ഉദാഹരണങ്ങളില്‍ മറ്റുള്ളവരുടെ ഹൃദയത്തിന്‍റെ അംഗീകാരം ഏറ്റുവാങ്ങി ഭാഗ്യവാന്മാരായ വ്യക്തികളെയാണ് നാം പരിചയപ്പെട്ടത്. കാണുക, കേള്‍ക്കുക, അംഗീകരിക്കുക, സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുക… ഭൂമിയില്‍ സന്തോഷത്തിന്‍റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി നാം അധിവസിക്കുന്ന ഈ ലോകത്തെ ഐശ്വര്യപൂര്‍ണമാക്കുക! ഈ പുത്തനാണ്ടില്‍ ഇതിനായി ദൈവം നമ്മെ വിളിക്കുകയാണ്. ഒരുവന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. അളക്കുന്നതുതന്നെ തിരിച്ചുകിട്ടും. ഹൃദയബന്ധങ്ങള്‍ നഷ്ടപ്പെട്ട ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. തലകൊണ്ടും ലൈംഗികാവയവങ്ങള്‍കൊണ്ടും ചിന്തിക്കുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഒരു യുഗത്തില്‍ നാം ജീവിക്കുന്നു. ഈ പുതുയുഗത്തില്‍ ദൈവമക്കളായ നമ്മളെ ദൈവം വിളിക്കുന്നത് പണ്ടെങ്ങോ നഷ്ടമായ ഹൃദയബന്ധങ്ങള്‍ വീണ്ടെടുക്കാനും ഹൃദയംകൊണ്ട് ഭരിക്കുന്ന ഒരു ലോകത്തിന് രൂപം കൊടുക്കാനുമാണ്.

അപ്പനെ അപ്പനായി കാണാന്‍, അംഗീകരിക്കാന്‍, ആദരിക്കാന്‍, സ്നേഹപൂര്‍വം ചേര്‍ന്നുനില്‍ക്കാന്‍ ഇന്നത്തെ തലമുറയ്ക്കാവുന്നില്ല. അമ്മയെ അമ്മയായും ഭര്‍ത്താവിനെ ഭര്‍ത്താവായും ഭാര്യയെ ഭാര്യയായും അയല്‍ക്കാരനെ അയല്‍ക്കാരനായും മേലധികാരിയെ മേലധികാരിയായും സഹപ്രവര്‍ത്തകനെ സഹപ്രവര്‍ത്തകനായും ഹൃദയപൂര്‍വം കാണാനും ഹൃദയംകൊണ്ടംഗീകരിക്കാനും ഇന്നത്തെ യുഗത്തില്‍ അനേകര്‍ക്കാകുന്നില്ല. ഈ 2024-ല്‍ ബന്ധങ്ങളുടെ തലങ്ങളിലുള്ള ഒരു തിരിച്ചുവരവിലേക്ക് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ. ലോകത്തെ വലിയ നാശത്തില്‍നിന്നും തിരികെ കൊണ്ടുവന്നു രക്ഷപെടുത്താന്‍ ബന്ധങ്ങളുടെ തലങ്ങളിലുള്ള ഈ തിരിച്ചുവരവിനേ സാധിക്കുകയുള്ളൂ. മലാക്കി പ്രവചനം ഇപ്രകാരം പറയുന്നു “കര്‍ത്താവിന്‍റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് ഞാന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും” (മലാക്കി 4/5-6).

പ്രിയപ്പെട്ടവരേ, ഈ അവസാന നാളുകളില്‍ ഹൃദയങ്ങളെ കോര്‍ത്തിണക്കാന്‍ വരുന്ന ഏലിയാ ദൈവത്തിന്‍റെ പരിശുദ്ധാത്മാവാണ്. കണ്ടും കേട്ടും സ്നേഹിച്ചംഗീകരിച്ചും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി താലോലിച്ചും നമുക്ക് ചുറ്റുമുള്ള ലോകത്തെ സൗഖ്യപ്പെടുത്തുന്നവരായി ഈ 2024-ല്‍ നാം മാറട്ടെ. ദൈവകൃപ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു. ആവേ മരിയ.

 

 

'

By: Stella Benny

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കായി…

പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷംകൂടെ… ജീവിതകാലഘട്ടമാകുന്ന വൃക്ഷത്തില്‍നിന്ന് 2023 എന്ന ഒരിലകൂടി പൊഴിഞ്ഞ് 2024-ലെ പുതുവര്‍ഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ നാം പ്രവേശിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവാനുഗ്രഹവും നന്മകളും നിറഞ്ഞ ഒരു പുതുവര്‍ഷം ആദ്യമേ ആശംസിക്കുന്നു. മാനവജീവിതചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായത്തിന് നാം തുടക്കം കുറിക്കുമ്പോള്‍ 2024-ല്‍ എന്തെഴുതണം എന്ന തീരുമാനമാണ് ഇനി സ്വീകരിക്കാനുള്ളത്.

ആദ്യചിന്ത കൃതജ്ഞത

ജനുവരി വിചാരത്തിലെ ആദ്യചിന്ത കൃതജ്ഞതയുടേതുതന്നെയാണ്. “ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ… നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ…” ചെറുപ്പകാലം മുതലേ നാം കേള്‍ക്കുന്ന ഈ ഈരടികള്‍ എത്രയോ അര്‍ത്ഥപൂര്‍ണമാണ്. ഓരോ പ്രഭാതത്തെ ഓര്‍ത്തും നാം ദൈവത്തോട് നന്ദി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതുപോലെ ഈ പുതുവര്‍ഷത്തിലും നമുക്ക് നന്ദി ചൊല്ലാം… കഴിഞ്ഞുപോയ വര്‍ഷം അവിടുന്ന് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക്, വിജയങ്ങള്‍ക്ക്, പരാജയങ്ങള്‍ക്ക്, കൈപിടിച്ചു നടത്തിയതിന്, പാപത്തില്‍ വീഴാതെ സംരക്ഷിച്ചതിന് ആപത്തുകളില്‍ പുതുവഴി കാണിച്ചതിന്, സങ്കടങ്ങളുടെയും ഒറ്റപ്പെടലുകളുടെയും നേരങ്ങളില്‍ വീഴാതെ ചേര്‍ത്തുപിടിച്ചതിന്.

“എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം” (1 തെസലോനിക്ക 5/16-18). വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ നമുക്ക് വഴികാട്ടിയാകണം. സന്തോഷം നിറഞ്ഞ, ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കുന്ന, എല്ലാം ദൈവദാനമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഓരോ പുതുവര്‍ഷവും ഒരു അനുഗ്രഹമായിത്തീരും, സംശയമില്ല. പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തി കടന്നുപോയ ഈശോ അവരെ കാത്തിരുന്നു – നന്ദിയുടെ ഒരു വാക്ക് കാത്തുകൊണ്ട്. പക്ഷേ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് വന്ന് നന്ദി പറയാന്‍ മനസുണ്ടായത് ഒരാള്‍ക്കുമാത്രം.

ആ ഒരാളോട് ഈശോ ചോദിച്ച ചോദ്യം നമ്മുടെയും ആത്മശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്; “പത്തുപേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒമ്പതുപേര്‍ എവിടെ?” എണ്ണമറ്റ അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്ന് സ്വീകരിച്ച് നാം പോകുമ്പോഴും അറിയാതെയെങ്കിലും നന്ദി പറയാന്‍ നാം മറന്നുപോകുന്നുണ്ടോ എന്നുള്ളത് ഒരു ധ്യാനവിഷയമാകേണ്ടതാണ്. നമ്മുടെ പ്രാര്‍ത്ഥനകളും നിയോഗങ്ങളും സമര്‍പ്പിക്കാന്‍ കാണിക്കുന്ന അതേ തീക്ഷ്ണത നന്ദി പറയാനും നാം കാണിക്കണം എന്നത് പ്രധാനമാണ്. അതുകൊണ്ട് ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലും സന്തോഷിക്കാനും എല്ലാത്തിനോടും എല്ലാവരോടും നന്ദിയുള്ളവരാകാനും നമുക്ക് ശ്രമിക്കാം. ചുറ്റുമുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളില്‍ ‘നന്ദി’ എന്ന വാക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാം. കാരണം ഒരു ‘താങ്ക്യൂ’ പറയുന്നത് മറ്റുള്ളവരുടെ മുമ്പില്‍ നാം എളിമപ്പെടുന്നതിനും അവരെ അംഗീകരിക്കുന്നതിനും അവരെ വിലയുള്ളതായി കരുതുകയും ചെയ്യുന്നതിന് തുല്യമാണ്.

നല്ല നാളേക്കുള്ള കാത്തിരിപ്പ്

ജനുവരി വിചാരത്തിലെ രണ്ടാമത്തെ ചിന്ത പ്രത്യാശയുടേതാണ്. പുതിയ വര്‍ഷത്തില്‍ പ്രതീക്ഷകള്‍ നിറയുമ്പോഴാണ് അത് വ്യത്യസ്തമാകുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാണാത്തതിനെയാണ് നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.” ഓരോ വ്യക്തിയുടെയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഒരു ദൈവികപുണ്യമാണ് പ്രത്യാശ. പ്രത്യാശയില്ലാതെ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന് അര്‍ത്ഥമില്ല. എല്ലാവരിലും തുടിച്ചുനില്‍ക്കുന്ന വികാരമാണത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്ന വിശ്വാസമാണത്. നല്ല നാളേക്കുള്ള കാത്തിരിപ്പാണത്.

അമേരിക്കന്‍ പ്രചോദനാത്മക ഗ്രന്ഥകാരനായ ഓറിസണ്‍ സ്വെറ്റ് മാര്‍സല്‍ പറയുന്നതനുസരിച്ച് പ്രത്യാശയെപ്പോലെ ഫലപ്രദമായ ഒരു മരുന്നോ ശക്തമായ പ്രോത്സാഹനമോ ഇല്ല. അതെ, പ്രത്യാശയാണ് നമുക്ക് എപ്പോഴും നവജീവന്‍ പകരുന്നത്. പ്രത്യാശയുടെ നേര്‍സാക്ഷ്യങ്ങള്‍ ചുറ്റിലും നിറഞ്ഞുനില്‍ക്കുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ജീവിതത്തെ വെറുത്ത്, സ്വജീവന്‍പോലും നശിപ്പിക്കുന്ന അനേകം സംഭവങ്ങളും നാം അനുദിനം കാണുന്നുണ്ട്. മാതാപിതാക്കള്‍ ഒന്നു ശകാരിക്കുമ്പോള്‍, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കുമ്പോള്‍, ചോദിച്ച സാധനം വാങ്ങിക്കൊടുക്കാതിരിക്കുമ്പോള്‍, പ്രതീക്ഷിച്ചത്ര വിജയം പരീക്ഷകളില്‍ നേടാതിരിക്കുമ്പോള്‍, പ്രണയിച്ച പങ്കാളിക്ക് ഇനി തന്നെ വേണ്ട എന്നറിയുമ്പോള്‍ അവസാനിപ്പിക്കേണ്ടതാണോ ദൈവം നമുക്ക് ദാനമായി നല്‍കിയ ഈ ജീവിതം? ജീവിതത്തില്‍ നഷ്ടപ്പെടാത്തവരായി ആരുണ്ട്? ജീവിതത്തില്‍ പരാജയം നുകരാത്തവരായി ആരുണ്ട്?

നഷ്ടപ്പെടുത്തലുകള്‍ നേട്ടങ്ങളുടെയും പരാജയങ്ങള്‍ വിജയങ്ങളുടെയും മുന്നോടിയാണ്. നമുക്കുമുമ്പേ ജീവിച്ച വിശുദ്ധാത്മാക്കളും മഹദ് വ്യക്തികളും എല്ലാവരും നന്നായി തുടങ്ങിയവരല്ല, എന്നാല്‍ നന്നായി അവസാനിപ്പിച്ചവരാണ്. നമുക്കുമുമ്പേ ഓടിയവര്‍ തങ്ങളുടെ ജീവിതത്തിന്‍റെ നഷ്ടങ്ങളില്‍, വേദനകളില്‍, അടിപതറിയവരായിരുന്നെങ്കില്‍ അവര്‍ ഒരിക്കലും വിജയത്തിലെത്തുമായിരുന്നില്ല. ജീവിതത്തില്‍ വലിയ പാപസാഹചര്യങ്ങളിലൂടെ കടന്നുപോയ അഗസ്റ്റിന്‍, വിശുദ്ധ അഗസ്തീനോസ് ആയതിനു പിന്നില്‍ പ്രത്യാശയുടെ ഒരു നാളെയുണ്ട് എന്ന അദ്ദേഹത്തിന്‍റെ ബോധ്യമാണ്. പാപത്തില്‍ മുഴുകിമാത്രം ജീവിച്ചിരുന്നെങ്കില്‍ ഒരു വിശുദ്ധനെ സഭയ്ക്ക് ലഭിക്കില്ലായിരുന്നു. മകന്‍റെ തിരിച്ചുവരവിനും മാനസാന്തരത്തിനുമായി മോനിക്ക പുണ്യവതി പ്രാര്‍ത്ഥിച്ചത് 28 വര്‍ഷമാണ്. 28 വര്‍ഷം ദൈവപരിപാലനയില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാന്‍ മോനിക്കയെ പ്രേരിപ്പിച്ചത് ഈ പ്രത്യാശയാണ്. അതുകൊണ്ട് പ്രത്യാശ നമ്മില്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ.

പ്രത്യാശയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നെ ഏറെ സ്പര്‍ശിച്ച സാജനച്ചന്‍റെ ഗാനത്തിന്‍റെ ഈരടികള്‍ കുറിക്കട്ടെ;

“ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറുതോണിയില്‍
അമരത്തെന്നരികെ അവനുള്ളതാല്‍.”

പ്രത്യാശ നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവര്‍ മാത്രമല്ല നമുക്ക് ചുറ്റിലുമുള്ളത് മറിച്ച്, മദ്യപാനം, എംഡിഎംഎ പോലുള്ള സിന്തറ്റിക്ക് ഡ്രഗ്സ്, അശ്ലീല ചിത്രങ്ങള്‍, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവയിലൊക്കെ തങ്ങളുടെ ആശ്വാസം കണ്ടെത്തുന്നവര്‍കൂടിയാണ്. ഇത്തരത്തിലുള്ള കെണികളില്‍ ചെന്നു ചാടുന്നവര്‍ക്ക് പെട്ടെന്നൊരു തിരിച്ചുവരവ് സാധ്യമല്ല. അതുകൊണ്ട് ചെറുപ്പകാലഘട്ടം മുതല്‍ നമ്മുടെ മക്കളെ ഒരു ‘കംഫര്‍ട്ട് സോണി’ല്‍ മാത്രം വളര്‍ത്താതെ, പരാജയങ്ങളെയും സങ്കടങ്ങളെയും സഹനങ്ങളെയുമൊക്കെ അഭിമുഖീകരിച്ച് വളര്‍ത്താന്‍ നാം ശ്രദ്ധാലുക്കളായിരിക്കണം. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നമ്മുടെ കാരണവന്മാര്‍ പറയുന്നതുപോലെ നമ്മുടെ മക്കള്‍ കൂടുതല്‍ പ്രത്യാശയുള്ളവരായി ഓരോ ദിവസവും വളരട്ടെ.

പുത്തന്‍ തീരുമാനങ്ങള്‍

ജനുവരിവിചാരത്തിലെ മൂന്നാമത്തെ ചിന്ത പുത്തന്‍ തീരുമാനങ്ങളുടേതാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം.” ജീവിതത്തില്‍ ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്? ജീവിതത്തിലെ പല അവസരങ്ങള്‍ പുത്തന്‍ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത് ഒരു ധ്യാനമാകാം, കുമ്പസാരമാകാം, കൗണ്‍സലിങ്ങ് ആകാം, ചിലരുടെ സ്വാധീനമാകാം അല്ലെങ്കില്‍ പുതുവര്‍ഷം തന്നെയാകാം. 2024 നമുക്ക് ഓരോരുത്തര്‍ക്കും പുത്തന്‍ തീരുമാനങ്ങളുടെ വര്‍ഷമാകട്ടെ.

കുടുംബത്തിലും സമൂഹത്തിലും നല്ലവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ നമ്മുടെ കുടുംബപശ്ചാത്തലങ്ങള്‍, നാം ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍, നാം കണ്ടുവളര്‍ന്ന ജീവിതമാതൃകകള്‍, നമ്മുടെ കൂട്ടുകെട്ടുകള്‍ ഇവയെല്ലാം നമ്മെ നാം ആഗ്രഹിക്കാത്ത വഴികളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. “പിന്നിലുള്ളവയെ വിസ്മരിച്ച് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു” എന്ന വചനം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് പാപത്തിന്‍റെ നൈമിഷിക സുഖങ്ങളുടെ ഇന്നലെകളെ പൂര്‍ണമായും ഉപേക്ഷിച്ച് ദൈവപരിപാലനയില്‍ ആശ്രയിച്ച് വിശുദ്ധി ലക്ഷ്യമാക്കി നമുക്ക് യാത്ര ചെയ്യാം. കാരണം നമ്മുടെ ലക്ഷ്യം സ്വര്‍ഗമാണ്.

ഹൃദയവിശുദ്ധിയുള്ളവര്‍ക്കാണ് സ്വര്‍ഗം പൂകാന്‍ സാധിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവര്‍ക്ക് മാതൃക നല്‍കുന്ന ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കുമ്പോള്‍ ഈ പുതുവര്‍ഷം അര്‍ത്ഥപൂര്‍ണമാകും. ഒരു കുഞ്ഞു പ്രലോഭനം വരുമ്പോഴേക്കും ഉലയുന്നവയാകാതിരിക്കട്ടെ നാം എടുക്കുന്ന പുത്തന്‍ തീരുമാനങ്ങള്‍. “ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍നിന്നു നാവിനെയും വ്യാജം പറയുന്നതില്‍നിന്നും തന്‍റെ അധരത്തെയും നിന്ത്രിക്കട്ടെ” (1പത്രോസ് 3/10) എന്ന വചനം നമ്മുടെ പാതകള്‍ക്ക് പ്രകാശമാകട്ടെ. അനുഗ്രഹത്തിന്‍റെ വചനങ്ങള്‍ നമ്മില്‍നിന്നും ഉണ്ടാകട്ടെ.

2024 എന്ന പുതുവര്‍ഷത്തിലേക്കു പുത്തന്‍ തീരുമാനങ്ങളുമായി നാം കാലെടുത്തുവയ്ക്കുമ്പോള്‍, ഓര്‍ക്കുക…. ഞാനും വര്‍ഷങ്ങളായി ഫലം നല്‍കാത്ത ഒരു അത്തിവൃക്ഷമായിരുന്നിരിക്കാം. കൃഷിക്കാരന്‍ യജമാനനോടു പറഞ്ഞതുപോലെ, ‘ഒരു വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്‍റെ ചുവടു കിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം’ എന്ന ചിന്തയിലാകാം ഈ വര്‍ഷം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. അതിനാല്‍, ഒരു വര്‍ഷം കൂടെ ദൈവം ദാനമായി നല്‍കുമ്പോള്‍, കൂടുതല്‍ ആഴപ്പെട്ട്, എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും മാതൃകയായി, സുകൃതസമ്പന്നമായ ജീവിതം നയിച്ച് നല്ല ഫലം കായ്ക്കുന്ന വൃക്ഷമാകാന്‍ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

'

By: Mar Pauly Kannookadan

More
മാര്‍ 20, 2024
Encounter മാര്‍ 20, 2024

രക്ഷ നേടാനുള്ള അവസാന അവസരത്തെക്കുറിച്ച് യേശു പറയുന്നു, “ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.”

നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. ‘ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കണം’ എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താന്‍ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂര്‍വം നിഷേധിക്കുന്നവര്‍ മാത്രമേ കര്‍ത്താവിന്‍റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതില്‍ തിരസ്കരിക്കുന്നവര്‍ക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതില്‍.

ദൈവത്തിന്‍റെ നീതിപൂര്‍വമായ ശിക്ഷ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നല്‍കുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂര്‍. ഈ മൂന്നു മണിക്കൂറില്‍ എന്തെല്ലാം സംഭവിക്കും? ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളില്‍ ഭൂമി മുഴുവന്‍ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യര്‍ക്ക് ആകാശത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം ലഭിക്കും. യേശുവിന്‍റെ തിരുമുറിവുകളില്‍നിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്‍റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവേളയായിരിക്കും.

“അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും” (യോഹന്നാന്‍ 16/8).

ലോകത്തിന്‍റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് എന്ന തിരിച്ചറിവില്‍ ഞെട്ടും. ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറില്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് വിലപിക്കും. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ അര്‍ത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂര്‍ കൃപയുടെ മണിക്കൂറായിരിക്കും.

ലോകജനതയെ മുഴുവന്‍ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്‍റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നല്‍കുമ്പോള്‍ തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവര്‍ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും?

ദൈവത്തിന്‍റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാല്‍വരിയിലെ ക്രൂശില്‍ മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്‍റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്‍റെ നിമിഷങ്ങളിലും ഉണ്ടാകും.

“ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി…. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു യേശു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു…. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു” (മത്തായി 27/45-54).

അയര്‍ലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെര്‍ക്ക് നല്‍കപ്പെട്ട സന്ദേശത്തില്‍ മാതാവ് പറയുന്നതിപ്രകാരമാണ്. “ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നല്‍കപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാല്‍ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും.

“ലോകത്തിലുള്ള എല്ലാവര്‍ക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തില്‍നിന്നാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ അന്ധകാരത്തില്‍ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്.”

മരിയ എസ്പരന്‍സാ (വെനിസ്വേല)

“ഇതാ പ്രകാശത്തിന്‍റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങള്‍ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകള്‍ക്ക് പരിഹാരം ചെയ്യുവാനും അതവരെ സജ്ജരാക്കും.”

മുന്നറിയിപ്പിന്‍റെ വിശദീകരണം

അമേരിക്കയിലുള്ള ഒരു ദര്‍ശകയ്ക്ക് 1992-ല്‍ ദൈവം ലോകത്തിനു നല്‍കുവാന്‍ പോകുന്ന വലിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ‘ദി തണ്ടര്‍ ആന്‍റ് ജസ്റ്റിസ്’ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ആ സന്ദേശം ഇപ്രകാരമാണ്.

“എന്‍റെ കൃപയില്‍ വസിക്കുന്നവര്‍ക്ക് ‘മുന്നറിയിപ്പ്’ വരുമ്പോള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. എന്‍റെ സ്നേഹത്തെക്കാള്‍ മഹത്തരമായി യാതൊന്നുമില്ല എന്ന് നിങ്ങളെന്നാണ് ഇനി മനസിലാക്കുക? എന്‍റെ സ്നേഹത്തിന്‍റെ ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? എനിക്കുപരിയായി ആരെങ്കിലും ഉണ്ടോ? എന്തിന് നിങ്ങള്‍ മറ്റിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്നു. എന്‍റെ വലയത്തിലേക്ക് കടന്നുവരിക.”

മനുഷ്യവംശത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തതുപോലുള്ള ഒരു സമയമായിരിക്കും അത്. മരണസമയത്ത് ഉണ്ടാകുന്ന തിരിച്ചറിവ് അപ്പോള്‍ മനുഷ്യന് നല്‍കപ്പെടും. എന്‍റെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായിരിക്കും ഇത്. തന്‍റെ ജീവിതത്തിലെ പാപങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ആ നിമിഷങ്ങളില്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും അതിനെ എങ്ങനെ വേണമെങ്കിലും സ്വീകരിക്കാന്‍. ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍ തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.

മനുഷ്യവംശത്തെ ബാധിച്ചിരിക്കുന്ന അന്ധകാരം നിമിത്തം ലോകത്തിലെ പാപത്തിന്‍റെ ആഴം ആര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. തല്‍ഫലമായി പാപത്തിന്‍റെ പരിണത ഫലങ്ങളുടെ ഭീകരതയും തിരിച്ചറിയാതെ പോകുന്നു. എന്‍റെ പീഡാസഹനത്തിന്‍റെ മഹത്വീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവന്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവന്‍ ഒരിക്കല്‍ക്കൂടി എന്‍റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്‍റെ പാപം നിമിത്തം എന്‍റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലര്‍ക്കും ബോധ്യമുണ്ടാകും.
പാപത്തിന്‍റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളില്‍നിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലാദ്യമായി ദൈവത്തിനര്‍ഹമായ ആദരവ് നല്‍കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും.

മുന്നറിയിപ്പിനുശേഷമുള്ള എന്‍റെ ആത്മാവിന്‍റെ വര്‍ഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ… എന്‍റെ പിതാവിന്‍റെ ഹൃദയത്തിലെ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? എന്‍റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല.

പിതാവായ ദൈവം സ്വര്‍ഗത്തില്‍നിന്നും സംസാരിച്ചു. “എന്‍റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാന്‍ സൂര്യനെ മൂന്നുമണിക്കൂര്‍ സമയത്തേക്ക് അന്ധകാരത്തിലാക്കുവാന്‍ പോവുകയാണ്.”
“ജനങ്ങള്‍ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവരും… അവരില്‍ ചിലരെ ആശ്വസിപ്പിക്കുവാന്‍പോലും സാധിക്കുകയില്ല. വൈദികര്‍പോലും ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടും.”

ജപമാല ചൊല്ലണം

ജപമാല ചൊല്ലുവാനായി ജനങ്ങളോട് പറയുക. ഇത് അത്രയധികം പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ എന്നെ സഹായിക്കേണ്ടിവരും. മറ്റൊരു ഉപവാസംകൂടി അവര്‍ എടുക്കേണ്ടതുണ്ട്. ജനങ്ങള്‍ തങ്ങളെത്തന്നെ വിസ്മരിക്കണം. അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടണം. അതെ, അവര്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യും. വിവാഹിതരാകാതെ ദമ്പതികളെപ്പോലെ ജീവിക്കുന്നവര്‍ വേര്‍പിരിയും. അതിരുവിട്ടുള്ള എല്ലാത്തിനും അവസാനം കുറിക്കും. അത്യാസക്തികളാല്‍ ബന്ധിതരായവരും എന്‍റെ കൃപകൊണ്ടുതന്നെ വീണ്ടെടുക്കപ്പെടും.

മുന്നറിയിപ്പിനെക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും അതിന്‍റെ സമയം. അന്തരീക്ഷം വലിയ ഇരുട്ടു നിറഞ്ഞതായിത്തീരും. ഭൂമി കുലുങ്ങും. ലോകം മുഴുവനും അസ്വസ്ഥത വ്യാപിക്കും. ഏറ്റവും വലിയ ദുരന്തം മനുഷ്യഹൃദയങ്ങളിലായിരിക്കും സംഭവിക്കുക. ലോകം അവസാനിക്കുവാന്‍ പോകുകയാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് ആനുപാതികമായിട്ടായിരിക്കും അവര്‍ അനുഭവിക്കുന്ന ഭയവും.

അവര്‍ക്കാവശ്യമായ സമയം ഞാന്‍ നല്‍കും. ക്ഷമയോടെ ഞാനവരുടെ മുന്നില്‍ കുരിശില്‍ തൂങ്ങിയ നിലയില്‍ നില്‍ക്കും. അവര്‍ എന്നെ കാണുന്ന നിമിഷങ്ങളില്‍ത്തന്നെ പരിശുദ്ധാത്മാവിന്‍റെ ചൊരിയല്‍ ആരംഭിക്കും. അതു മനുഷ്യവര്‍ഗത്തിന്‍റെ നിര്‍ണായക സമയമാണ്. അവന് തന്‍റെ പാപങ്ങളില്‍നിന്നും കഴുകി വിശുദ്ധീകരിക്കപ്പെടുകയോ അവ വഴിയായി തന്‍റെ നാശം ക്ഷണിച്ചുവരുത്തുകയോ ചെയ്യാം.

എന്‍റെ കരങ്ങള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും. എന്‍റെ കാരുണ്യം കരകവിഞ്ഞൊഴുകും. അത് അവസാനത്തേതായി മാറും. സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല – ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്).

മുന്നറിയിപ്പിന്‍റെ സമയത്ത് കാല്‍വരി ആവര്‍ത്തിക്കുവാന്‍ പോകുകയാണോ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നല്‍കി.

ലോകത്തിന്‍റെ പാപങ്ങള്‍ അത്രമാത്രം പെരുകിയതിനാല്‍ അതിനെ അതിലംഘിക്കുവാന്‍ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്‍റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തില്‍ കുരിശിനെ നിങ്ങള്‍ കാണും. ഞാന്‍ വാഗ്ദാനം ചെയ്തത് ഞാന്‍ നിറവേറ്റും. അപ്പോള്‍ നിങ്ങളെല്ലാവരും പറയും:

“സത്യമായും ഇത് ദൈവപുത്രനാകുന്നു.”

'

By: Chev. Benny Punnathara

More
മാര്‍ 20, 2024
Encounter മാര്‍ 20, 2024

സ്പെയിനിന്‍റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന്‍ ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്‍റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്‍റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്‍പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, “സാരമില്ല, വേറെ കടലാസുണ്ടല്ലോ.” ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി.

“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍”

'

By: Shalom Tidings

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

കുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം.

പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, “സോറി…. നിങ്ങളൊരു ഡോക്ടറല്ലേ…? പിന്നെന്തിനീ സൗഖ്യം…? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല…”

ഡോക്ടര്‍ വല്ലാതെയായി. “എന്‍റെ മാലാഖേ… പ്ലീസ്… പതുക്കെപ്പറ…. ഇങ്ങനെ പരസ്യമായി… എല്ലാരും എന്തു വിചാരിക്കും…”

മാലാഖ തുടര്‍ന്നു: “രോഗത്തിന്‍റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്‍റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്‍റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്… രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക.”

വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3).

ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. “….ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു” (2 കോറിന്തോസ് 1/4).

'

By: Shalom Tidings

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

ഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ?

ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്‍റെ മകന്‍ ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ…

അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ…

അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്‍റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്‍റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്‍റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്‍റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി.

സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്‍റെ വിശ്വാസജീവിതം ആരംഭിച്ചത്.

അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്‍റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. “കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന്‍ സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്.

മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ.

നിയമനിര്‍മാണത്തിലെ സ്വാധീനം

രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു.

ദുരനുഭവങ്ങള്‍ പേടിച്ച് പിന്‍മാറില്ല!

എന്‍റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്‍ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്‍റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്‍റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും.

ഇതിന്‍റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. “ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്‍റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു.

ചതിയില്‍ പെട്ടതിങ്ങനെ…

ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്‍റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു.

ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്.

ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്‍റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്‍റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള്‍ രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല.

ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന്‍ എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. “അവന്‍ നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന്‍ 8/44).

നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്‍റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന്‍ ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.

'

By: Serge Abad Gallardo

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

ഒരു ഇന്‍റര്‍വ്യൂവിനായി 2022 ആഗസ്റ്റില്‍ കോട്ടയത്തുനിന്ന് ആന്ധ്രാപ്രദേശിലെ എന്‍.ഐ.ടിയിലേക്ക് ട്രെയിന്‍യാത്ര ചെയ്യേണ്ടിവന്നു. പെട്ടെന്ന് അറിഞ്ഞതായതിനാല്‍ ആര്‍.എ.സി ടിക്കറ്റിലായിരുന്നു യാത്ര. എന്‍റെ സഹയാത്രികന്‍, പിന്നെ ഒരു ഉത്തരേന്ത്യന്‍ – ഇങ്ങനെ ഞാനുള്‍പ്പെടെ മൂന്നുപേര്‍മാത്രമാണ് ഞങ്ങളുടെ കാബിനില്‍.

കോയമ്പത്തൂര്‍ കഴിഞ്ഞപ്പോള്‍, രാത്രി ഏകദേശം പത്തുമണി സമയത്ത്, മൂന്ന് ഉത്തരേന്ത്യന്‍ യുവാക്കള്‍ ടിക്കറ്റില്ലാതെ കയറി. കാലിയായ കാബിനില്‍ ഇരിപ്പുറപ്പിച്ചതും പോരാഞ്ഞ് അവര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു. ഉള്ളിലൊരു ഭയം നിറഞ്ഞു. ഉടനെ ജപമാല കൈയിലെടുത്തു, ‘കൃപ നിറഞ്ഞ മറിയമേ’ ചൊല്ലാന്‍ തുടങ്ങി. മാതാവിനെ വിളിച്ച് അഞ്ചുമിനിറ്റ് പോലും കഴിഞ്ഞില്ല, വേറേതോ കാബിനിലെ ടി.ടി.ആര്‍ വരുന്നു. അവരുടെ കയ്യില്‍ ടിക്കറ്റില്ലെന്ന് മനസിലാക്കി ഫൈന്‍ നല്കി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴും എന്‍റെ ടിക്കറ്റ് ആര്‍.എ.സിതന്നെയാണ്. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞങ്ങളുടെ കാബിന്‍ ഡ്യൂട്ടിയുള്ള ടി.ടി.ആര്‍ വന്നു. എനിക്ക് വേറൊരു സീറ്റ് അലോട്ട് ചെയ്തു. അതാകട്ടെ മലയാളിയാത്രക്കാരുടെ അരികിലും. മാതാവ് കൂടെവന്ന അനുഭവം.

ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി. ഞാനൊരു കത്തോലിക്കയല്ല. പക്ഷേ എന്നെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിച്ചത് ശാലോമിലെ ലേഖനങ്ങളാണ്.

'

By: Emmanuel

More