- Latest articles
മഴക്കാലത്തെ വെള്ളച്ചാട്ടമായ അരീക്കത്തോട് കഴിഞ്ഞ് താരുചേട്ടന്റെ പീടിക എത്താറായപ്പോള്‍ ആ ഒന്നാം ക്ലാസുകാരന്റെ തൊട്ടു പിന്നില്‍ ചേര്‍ത്തു നിര്‍ത്തിയൊരു സ്കൂട്ടര്‍! തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ വികാരിയച്ചനാണ്…
“ടാ കേറ്.. സ്കൂളീ കൊണ്ടാക്കിത്തരാം.” അങ്ങനെ ജീവിതത്തിലാദ്യമായി അവന് സ്കൂട്ടറില്‍ കയറി. മുന്‍വശം ഒഴിഞ്ഞു കിടന്ന അച്ചന്റെ ചേതക് സ്കൂട്ടറിന്റെ മുന്പില് നിന്നുകൊണ്ട് സ്കൂളില്‍ ചെന്നിറങ്ങിയപ്പോഴുണ്ടായ സന്തോഷവും അത് കണ്ടു നിന്ന കൂട്ടുകാരുടെ കണ്ണുകളിലെ കൗതുകവും ആ ഒന്നാം ക്ലാസുകാരന്റെ ഉള്ളില്‍ എവിടെയോ ഒരു വെള്ളയുടുപ്പിലേക്കുള്ള വിത്തു പാകി.
മഴയും വെയിലും മഞ്ഞുമെല്ലാം പല തവണ വന്നുപോയി. ആ പയ്യന്റെയുള്ളില്‍ അച്ചനിലൂടെ വിതയ്ക്കപ്പെട്ട വിത്ത് വളര്‍ന്നുവന്നു. അങ്ങനെ അവന് സെമിനാരിയുടെ പടവുകള്‍ ചവിട്ടിക്കയറി. പിന്നീട് ആ പയ്യനും അച്ചനും കണ്ടുമുട്ടിയത് പ്രായമായ അച്ചന്മാരുടെ ഇടത്തിലെ മുറികളിലൊന്നില്‍ വച്ചാണ്.
അപ്പോഴേക്കും അച്ചന്റെ ജീവിതത്തെ മാറ്റിമറിച്ച ചിലതെല്ലാം സംഭവിച്ചിരുന്നു. ഒരു അപകടം.. അത് ബാക്കി വച്ച പാതി തളര്‍ന്ന ശരീരവുമായി ആ പഴയ വൈദികന്… പക്ഷേ മുഖത്ത് വല്ലാത്ത പ്രസാദമുണ്ടായിരുന്നു. സങ്കടപ്പെട്ട് കടന്നുവരുന്നവനെപ്പോലും സന്തോഷിപ്പിക്കുന്ന പുഞ്ചിരിയും.
പിന്നെയും പലവട്ടം അവര്‍ കണ്ടുമുട്ടി. സുവിശേഷം നിറഞ്ഞു നില്ക്കുന്ന ഡിവൈനിന്റെ മുറിയില്‍. പുറത്തെ പൊട്ടിയൊലിക്കുന്ന മാംസത്തിന്റെ വേദനയുമായി ആശുപത്രിയുടെ മുറികളില്‍…
പക്ഷേ ശരീരം കുത്തിക്കീറുന്ന വേദനയ്ക്കും പാതി തളര്‍ന്ന ശരീരത്തിനും ആ മുഖത്തെ പുഞ്ചിരിയെ തോല്‍പ്പിക്കാനായില്ല! അതങ്ങനെതന്നെ നിന്നു, നീണ്ട പതിനേഴു വര്‍ഷത്തോളം…
മതബോധനത്തിന്റെ പാഠപുസ്തകങ്ങളില്‍ സഹനദാസി അല്‍ഫോന്‍സാമ്മയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. പക്ഷേ നേരിട്ട് കണ്ടിട്ടില്ല. എങ്കിലും നേരിട്ട് കണ്ടിട്ടുള്ള ഒരു പാഠപുസ്തകമാണ് സഹനത്തെ പുഞ്ചിരികൊണ്ട് തോല്‍പ്പിച്ച ചിറ്റിലപ്പിള്ളിയച്ചന്‍, ഫാ. ജോസ് ചിറ്റിലപ്പിള്ളി.
സഹനങ്ങളുടെ കാസ അവസാനമട്ടുവരെ കുടിച്ചു തീര്‍ത്ത് പറുദീസയുടെ പടി കയറുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് ആ പഴയ ഒന്നാം ക്ലാസുകാരന്റെ പ്രണാമം. വൈദികജീവിതത്തിലേക്ക് അവനെ ആകര്‍ഷിച്ച അന്നത്തെ സ്കൂട്ടര്‍യാത്രയെപ്രതി നന്ദി!
'ദരിദ്രമായ ചുറ്റുപാടുകളില്‍നിന്ന് സ്ഥിരമായി പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ വന്നിരുന്ന സ്ത്രീയുടെ അനുഭവം.
എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന ചില അനുഭവസാക്ഷ്യങ്ങളുണ്ട് കെനിയയിലെ ഞങ്ങളുടെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്. സ്വാഹിലി ഭാഷയാണ് അവിടെ പ്രചാരത്തിലുള്ളത്, ഒപ്പം ഇംഗ്ലീഷും. രണ്ട് ഭാഷകളിലുമായി ശുശ്രൂഷകള്‍ നയിക്കും. അവിടെ വന്നിരുന്ന ഒരു സാധാരണ സ്ത്രീയുടെ അനേകരെ പ്രചോദിപ്പിക്കത്തക്കതാണ്. ദരിദ്രമായ ചുറ്റുപാടുകളില്‍നിന്നാണ് അവര്‍ വന്നിരുന്നത്.
മൂന്ന് മക്കളായിരുന്നു അവര്‍ക്ക്. പലപ്പോഴും വീട്ടില്‍ ഭക്ഷണംപോലും ഉണ്ടാവുകയില്ല. പക്ഷേ അവര്‍ ഭക്ഷണമോ മറ്റ് സഹായങ്ങളോ ഒരിക്കലും ചോദിക്കാറില്ല. നിര്‍ബന്ധമായും വചനം വേണം. അവിടത്തെ കൂട്ടായ്മയില്‍ വരുന്നവര്‍ക്ക് ഒരു മാസത്തേക്കുള്ള വചനസന്ദേശം നല്കുന്ന പതിവുണ്ട്. മക്കളെ ഇരുത്തി ആ വചനമെല്ലാം ഉറക്കെ വായിക്കും. മറ്റുള്ളവര്‍ കേട്ടാല്‍ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കുന്ന ചഞ്ചലചിത്തയായിരുന്നില്ല ആ സ്ത്രീ, വിശ്വാസധീരയായിരുന്നു. ദൈവവചനത്തോട് അവര്‍ക്ക് വലിയ ആര്‍ത്തിയായിരുന്നു.
മക്കള്‍ വളരെ ചെറുതായിരുന്നപ്പോള്‍ മുതല്‍ ശനിയാഴ്ചകളില്‍ പ്രാര്‍ത്ഥനാകൂട്ടായ്മക്ക് വരും. മക്കള്‍ക്ക് ഭക്ഷണമായും മരുന്നായുമെല്ലാം നല്‍കിയിരുന്നത് വചനമാണ് എന്നാണ് അവര്‍ പറയുന്നത്. അതായത് ഭക്ഷണമില്ലെങ്കിലും വചനം ഉറക്കെ വായിച്ച് പ്രാര്‍ത്ഥിക്കുന്നത് മുടക്കുകയില്ല. അപ്പോള്‍ ഏതെങ്കിലും വഴിയിലൂടെ ഭക്ഷണം ലഭിക്കും. ചിലപ്പോള്‍ മറ്റാര്‍ക്കും ജോലിയില്ലാത്തപ്പോഴും അവര്‍ക്ക് ജോലി ശരിയാകും. മരുന്ന് വാങ്ങാന്‍ പണമുണ്ടായിരുന്നില്ല, പകരം വചനമായിരുന്നു മരുന്ന്. അങ്ങനെ അവരുടെ അനുദിനജീവിതത്തില്‍ അവര്‍ ദൈവപരിപാലന കണ്ടുകൊണ്ടിരുന്നു.
ഏശയ്യാ 30/19- “ജറുസലെമില്‍ വസിക്കുന്ന സീയോന്‍ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതുകേട്ട് നിനക്ക് ഉത്തരമരുളും.” ഏശയ്യാ 22/22- “ദാവീദുഭവനത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന് തുറന്നാല്‍ ആരും അടയ്ക്കുകയോ അവന് അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല.” ഫിലിപ്പി 4/19- “എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.” ഈ വചനങ്ങളൊക്കെ വചനസന്ദേശമായി കൊടുത്തത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.
പിന്നീട് ആ സ്ത്രീ പങ്കുവച്ചത് ഇങ്ങനെയാണ്. മക്കള്‍ വലുതായപ്പോള്‍ അവര്‍ക്ക് വചനം വായിച്ച് പ്രാര്‍ത്ഥിക്കാന്‍ മടി. അമ്മ പക്ഷേ നിലപാടുകളില്‍ അല്പംപോലും അയവുവരുത്തിയില്ല. വചനമില്ലെങ്കില്‍ വൈകിട്ട് ഭക്ഷണമില്ലെന്ന് മക്കളോട് പറഞ്ഞു. അങ്ങനെ അവരെ വചനത്തില്‍നിന്ന് അകന്നുപോകാതെ കാത്തു. അവരുടെ ഉറച്ച നിലപാട് നമുക്കെല്ലാം നല്ല മാതൃകയാണെന്ന് എനിക്ക് തോന്നി.
വളര്‍ന്നപ്പോള്‍ മക്കളെല്ലാം അനുഗ്രഹിക്കപ്പെടുന്നതാണ് കണ്ടത്. രണ്ട് മക്കള്‍ക്ക് യൂറോപ്പില്‍ ജോലി ലഭിച്ചു. ഒരാള്‍ക്ക് കെനിയയില്‍ത്തന്നെ സര്‍വേയറായി ജോലി കിട്ടി. അങ്ങനെ കുടുംബം മുഴുവന്‍ ഭൗതികമായും അനുഗ്രഹിക്കപ്പെട്ടു. ജീവിതത്തിന് അര്‍ത്ഥമുണ്ടായത് വചനംവഴിയാണ് എന്നാണ് ആ സ്ത്രീയുടെ സാക്ഷ്യം.
ഒരു പ്രത്യേക അനുഗ്രഹവും അവര്‍ പങ്കുവച്ചു. പലപ്പോഴും അവര്‍ വാഹനങ്ങളൊക്കെ നോക്കിനില്ക്കാറുണ്ട്. തനിക്കും ഒരു കാര്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുമുണ്ട്. അങ്ങനെയിരിക്കേ ഒരിക്കല്‍ അവരെ മകന് കാര്‍ ഷോറൂമിലേക്ക് കൊണ്ടുപോയി. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത സ്ത്രീയാണ് അവര്‍. കാറുകളെക്കുറിച്ചോ അവയുടെ പ്രത്യേകതകളെക്കുറിച്ചോ ഒന്നും അവര്‍ക്കറിഞ്ഞുകൂടാ. പക്ഷേ അവിടെ കണ്ട ഒരു കാര്‍ അവരെ വളരെ ആകര്‍ഷിച്ചു. അതില്‍ത്തന്നെ അവര്‍ നോക്കി നിന്നു. അത് കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെ മനസില്‍ ഒരു കൊതിയോടെ.
കുറച്ച് കഴിഞ്ഞപ്പോള്‍ മകന് ചില പേപ്പറുകള്‍ കൊണ്ടുവന്ന് ഒപ്പിട്ടുവാങ്ങി. അവര്‍ക്കൊന്നും അറിയില്ലെങ്കിലും മകന് പറഞ്ഞതുപോലെ എല്ലാം ചെയ്തു. അല്പം കഴിഞ്ഞപ്പോഴാണ് കാര്യം മനസിലായത്. അമ്മയ്ക്ക് പിറന്നാള്‍സമ്മാനമായി കാര്‍ നല്‍കാനാണ് മകന് വിളിച്ചുകൊണ്ടുപോയത്! ആ സ്ത്രീ ഏത് കാര്‍ ആഗ്രഹിച്ചോ ആ കാര്‍തന്നെ മകന് സമ്മാനിക്കുകയും ചെയ്തു!
ആ സ്ത്രീയുടെ ഉറച്ച സാക്ഷ്യം കേള്‍ക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറയും. അവര്‍ വചനത്തില്‍ ഉറച്ചുനിന്നു. വിചാരിച്ച കാര്യം നടക്കാതെവന്നാലും അവര്‍ വചനം ഉപേക്ഷിക്കുമായിരുന്നില്ല. അതിനാല്‍ അവര്‍ വിചാരിച്ചതുപോലെയോ വിചാരിച്ച സമയത്തോ അല്ലെങ്കിലും സജീവമായ വചനം അവരുടെ ജീവിതത്തില്‍ ഫലം നല്കിക്കൊണ്ടേയിരുന്നു. വചനം വിത്തുപോലെയാണ്. അതിന് അതിന്റേതായ സമയമുണ്ട്. സമയമാകുമ്പോള്‍ അത് നീണ്ടുനില്‍ക്കുന്ന ഫലം പുറപ്പെടുവിക്കും.
'
ഒരു ദിവസം ഒരു സന്യാസി പ്രാര്‍ത്ഥിച്ചുകൊണ്ട് ജോലി ചെയ്യുന്നത് വിശുദ്ധ ബര്‍ണാര്‍ഡ് കണ്ടു. അദ്ദേഹം പറഞ്ഞു, “എന്റെ സഹോദരാ, ഈ രീതിയില്‍ത്തന്നെ ജീവിതം തുടരുക; മരണശേഷം നിങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലം ഉണ്ടായിരിക്കുകയില്ല.” നമ്മുടെ കൈകള്‍ ബാഹ്യമായ തൊഴിലുകളില്‍ വ്യാപൃതമായിരിക്കുമ്പോള്‍ത്തന്നെ ഹൃദയം ദൈവത്തില്‍ ഉറപ്പിക്കാനാകും. ജോലി ചെയ്യുമ്പോള്‍ നാം വയ്ക്കുന്ന നല്ല നിയോഗങ്ങള്‍ ദൈവദൃഷ്ടിയില്‍ ജോലികളെ ശുദ്ധീകരിക്കുകയും അതിനെ ഒരു പ്രാര്‍ത്ഥനയാക്കുകപോലും ചെയ്യുന്നു. കാരണം, പ്രാര്‍ത്ഥന എന്നത് ‘മനസും ഹൃദയവും ദൈവത്തിലേക്ക് ഉയര്‍ത്തല്‍’ ആണ്.
'ഒന്നും വ്യക്തമല്ലാത്ത, ഒന്നും മുന്‍കൂട്ടി കാണാനാകാത്ത വേളകള്‍, വിശ്വാസത്തിന്റെ പ്രകരണങ്ങള്‍ പലവട്ടം ചൊല്ലുന്നതിനുള്ള സമയമാണ്. എന്റെ ദാസി ഇവോണ്‍ എയ്മിയുടെ “ഓ ഈശോ, സ്നേഹത്തിന്റെ രാജാവേ, സ്നേഹപൂര്‍ണമായ അങ്ങേ കരുണയില്‍ ഞാന്‍ ശരണം വയ്ക്കുന്നു” എന്ന ചെറിയ പ്രാര്‍ത്ഥന സമാനസാഹചര്യങ്ങളില്‍ ചൊല്ലുന്നത് നല്ലതാണ്. ആവശ്യത്തിനനുസരിച്ച് ആ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കുക. നീ പരിശുദ്ധാത്മാവില്‍ സന്തോഷവും സമാധാനവും അനുഭവിക്കും.
'മര്‍ത്തായെപ്പോലെ സദാ കര്‍മനിഷ്ഠരായ സന്യാസിനികളും മറിയത്തെപ്പോലെ ധ്യാനനിഷ്ഠരായ സന്യാസിനികളും ഒന്നിച്ചുവസിക്കുമ്പോള്‍ ഒരു കൂട്ടര് മറ്റേ കൂട്ടരെ കുറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ വിശുദ്ധ അമ്മത്രേസ്യ നല്കിയ നിര്‍ദേശം.
പ്രിയ സഹോദരിമാരേ, വിശുദ്ധ മര്‍ത്താ പുണ്യവതിയായിരുന്നെങ്കിലും അവള് ധ്യാനനിഷ്ഠയായിരുന്നെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അനേകം പ്രാവശ്യം സ്വീകരിച്ച് സല്‍ക്കരിക്കാനും അവിടുത്തോടൊപ്പം മേശയ്ക്കിരുന്ന് ഭക്ഷിക്കാനും ഭാഗ്യം സിദ്ധിച്ച ആ ധന്യയെപ്പോലെ ആയിത്തീരാന്‍ കഴിയുന്നത് എത്ര അഭികാമ്യം?
മറിയം മഗ്ദലേനായെപ്പോലെ നിങ്ങളെല്ലാം ധ്യാനനിര്‍ലീനരായിരുന്നാല്‍ ആ ദിവ്യാതിഥിക്ക് ആര് ഭക്ഷണം തയാറാക്കും? ഈ സമൂഹം വിശുദ്ധ മര്‍ത്തായുടെ ഭവനമാണെന്ന് ഓര്‍ക്കുക. ഇവിടെ എല്ലാത്തരക്കാരും വേണം. കര്‍മിഷ്ഠജീവിതത്തിന് നിയുക്തരായവര്‍ ധ്യാനത്തില്‍ ലയിച്ചിരിക്കുന്നവരെക്കുറിച്ച് പിറുപിറുക്കരുത്; ധ്യാനനിഷ്ഠര്‍ അതിനുത്തരം പറയാതെ മൗനമവലംബിച്ചാലും കര്‍ത്താവ് അവരുടെ ഭാഗം വാദിക്കും. അവര്‍ തങ്ങളെത്തന്നെയും മറ്റ് സമസ്തവും വിസ്മരിക്കുന്നതിന്റെ മുഖ്യമായ നിദാനം അതാണ്.
അതോടൊപ്പം കര്ത്താവിന് ഭക്ഷണം തയാറാക്കാനും ആരെങ്കിലും വേണമെന്ന കാര്യം മറക്കരുത്; അതിനാല്‍ മര്‍ത്തായെപ്പോലെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതണം. കര്‍ത്താവ് നിയോഗിക്കുന്നതിലെല്ലാം സംതൃപ്തിയടയുന്നതും അതേ സമയം അവിടുത്തെ ശുശ്രൂഷികളാകാന്‍ യോഗ്യതയില്ലെന്ന് കരുതുന്നതുമാണ് യഥാര്‍ത്ഥ എളിമയെന്ന് നിങ്ങള്‍ അറിയണം. ധ്യാനിക്കുന്നതും മാനസികമായും വാചികമായും പ്രാര്‍ത്ഥിക്കുന്നതും മഠത്തില്‍ ആവശ്യമുള്ള മറ്റ് സേവനങ്ങള്‍ അനുഷ്ഠിക്കുന്നതും എല്ലാക്കാര്യങ്ങള്‍ക്കുംവേണ്ടി അധ്വാനിക്കുന്നതും നമ്മോടൊന്നിച്ച് വസിക്കാനും ഭക്ഷിക്കാനും ഉല്ലസിക്കാനും വരുന്ന ദിവ്യാതിഥിയായ ഈശോയുടെ ശുശ്രൂഷയാണെങ്കില്‍ ഏതില്‍ ഏര്‍പ്പെടേണ്ടിവന്നാലും നമുക്കെന്താണ് വ്യത്യാസം?
'ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളെക്കുറിച്ച്….
കരുണയുടെ തിരുനാള്‍ ദിനമായ 2023 ഏപ്രില്‍ 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന്‍ രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള് പറഞ്ഞു, “ഇന്ന് കരുണയുടെ തിരുനാള്‍, പരിപൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനോ മൂന്ന് മണിക്ക് സക്രാരി തുറക്കുന്നത് കാണാനോ ഒരു മെത്രാന്റെ കൈവയ്പ് സ്വീകരിക്കാനോ ഒന്നും നമുക്കിന്ന് പറ്റുമെന്ന് തോന്നുന്നില്ല.” അവള് പറഞ്ഞത് ശരിയായിരുന്നു. ഞങ്ങള്‍ക്കന്ന് ഒരു അത്യാവശ്യയാത്രയുണ്ടായിരുന്നു, പ്രായമായ ഒരമ്മച്ചിയെ കാണാന്‍. കുട്ടിക്കാനത്തുചെന്ന് അമ്മച്ചിയെ കണ്ടതിനുശേഷം മൂന്നുമണിക്കുള്ളില്‍ കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനുള്ള സമയം ലഭിക്കില്ലായെന്ന് അറിയാമായിരുന്നതുകൊണ്ട് യാത്രയില്‍ അങ്ങനെ പ്ലാന്‍ ചെയ്തതേയില്ല. രാവിലെ 5.45-ന്റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഞങ്ങള്‍ യാത്രയ്ക്കിറങ്ങി. 11 മണിയോടെ കുട്ടിക്കാനത്തെത്തി അമ്മച്ചിയെ കണ്ടു. കര്‍ത്താവിന്റെ സ്നേഹവും കരുതലും പങ്കുവച്ച് പ്രാര്‍ത്ഥിച്ചു.
ഭക്ഷണത്തിനുശേഷം രണ്ടുമണിയോടെ അവിടെനിന്ന് ഇറങ്ങി. മടങ്ങിവരുംവഴി ഒരു പിക്നിക് സ്ഥലമായ പാഞ്ചാലിമേട് കാണാന്‍ പോയി. അവിടെ എത്തിയപ്പോള്‍ കുരിശുമലയിലെ ഈശോയെ കണ്ടു. പെട്ടെന്ന് രാവിലത്തെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ത്തുപോയി. അതിനാല്‍ മനസില്‍ ഇങ്ങനെ പറഞ്ഞു, “നീ കുരിശില്‍ മരിച്ചത് ഞങ്ങള്‍ക്കുവേണ്ടിയാണല്ലോ കര്‍ത്താവേ. അതിനാല്‍ കരുണയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ.”
ദൈവം പരിശുദ്ധനും നീതിമാനും കരുണാമയനുമാണ്. എനിക്ക് രക്ഷ പ്രാപിക്കാന്‍ കര്‍ത്താവ് പരിശുദ്ധിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. എന്നാല്‍ പരമപരിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ നില്ക്കാന്മാത്രം ഒരു പരിശുദ്ധിയുമില്ലാത്ത അശുദ്ധനായ എന്റെ മുമ്പില്‍ പരിശുദ്ധിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടും. രണ്ടാമതായി എന്റെ മുമ്പില്‍ നീതിയുടെ വാതില്‍ തുറന്നുകിടക്കുന്നു. ദൈവഹിതം നിവര്‍ത്തിക്കപ്പെടുന്നതാണല്ലോ ദൈവികനീതി. എന്നാല്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കുന്ന വഴികള്‍ ദൈവികമല്ല. നീതിമാനുമാത്രമേ നീതിയുടെ വാതിലിലൂടെ കടക്കാന്‍ സാധിക്കുകയുള്ളൂ. എന്റെ മുമ്പില്‍ നീതിയുടെ വാതിലും കൊട്ടിയടയ്ക്കപ്പെടും. ആയതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ ഒരൊറ്റ സാധ്യതയേ ഉള്ളൂ. അത് കരുണയുടെ വാതിലാണ്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ നേടിത്തന്ന ഒരേയൊരു വാതില്‍. അതുകൊണ്ടാണല്ലോ അവിടുന്ന് പറഞ്ഞുവച്ചത്, “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല” (യോഹന്നാന് 14/6).
അതുകൊണ്ടെന്റെ പൊന്നുകര്‍ത്താവേ, നിന്റെ കരുണയില്‍മാത്രം ഞാന്‍ ആശ്രയിക്കുന്നു എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് ഓര്‍മ്മ വന്നത്, പാഞ്ചാലിമേടിന് അടുത്തെവിടെയോ ആണ് പാലാ രൂപതയുടെ മുന്‍സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ പിതാവ് താമസിക്കുന്നത്. ഒന്നു കാണണമെന്ന ആഗ്രഹത്തില്‍ ചിലരോട് അന്വേഷിച്ച് അദ്ദേഹം താമസിക്കുന്ന നല്ലതണ്ണി ദയറായിലെത്തി. ഒരു ചെറിയ കുടിലില്‍ ധന്യമായ ജീവിതം നയിക്കുന്ന പിതാവിനെ കണ്ടു. ഞങ്ങളുടെ വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം പിതാവ് ഞങ്ങളെ ആ ചെറിയ ഭവനത്തിലെ കുഞ്ഞുചാപ്പലിലേക്ക് നയിച്ചു. അവിടത്തെ സക്രാരി പിതാവ് ശ്രദ്ധയോടും ഭക്തിയോടുംകൂടെ തുറന്നു. അപ്പോള്‍ കൃത്യം മൂന്നുമണി! ദൈവകരുണയുടെ സമയം!! ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
അതിനുശേഷം പിതാവ് ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ക്കുമെല്ലാം കൈവയ്പുപ്രാര്‍ത്ഥന നല്കി. കുറേക്കൂടി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും വേണമെന്ന നിര്‍ദേശം നല്‍കിയിട്ട് പരിശുദ്ധ അമ്മക്കായി ഞങ്ങളെ ഭരമേല്പിച്ചു.
അതെ, അവന്റെ കരുണ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കുമുമ്പിലും കരുണയുടെ കവാടം തുറക്കപ്പെടും. അവിടെ യാതൊരു യോഗ്യതയുടെയും ആവശ്യമില്ല. അന്നേ ദിവസം യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും എന്റെ ജീവിതപങ്കാളി ആഗ്രഹിച്ച അനുഗ്രഹങ്ങള്‍ നല്കി കരുണയുടെ വാതില്‍ തുറന്ന് അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചല്ലോ. അവിടുത്തെ കരുണയില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം.
യേശുവേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു…
'തിരുപ്പട്ടത്തിന് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ സിസ്റ്ററിന് കത്തയക്കുന്നത് അനുചിതമാകുമോയെന്ന് ചിന്തിക്കാതെയാണ് അത് ചെയ്തത്…
പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന് തന്റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന്‍ ബാലന് ആവശ്യപ്പെട്ടു. ‘ഒരു ആത്മാവിന്റെ കഥ’ എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല്‍ പെദ്രോക്ക് ആ ഫ്രഞ്ച് കര്‍മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്‍ന്നുകൊണ്ടിരുന്നു.
പില്ക്കാലത്ത് പെദ്രോ റോമില്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്‍സിലെ ലിസ്യൂവിലേക്ക് ഒരു യാത്ര. അവിടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ കുടുംബം താമസിച്ചിരുന്ന വീടും 14 വയസുമുതല്‍ 24 വയസുവരെ വിശുദ്ധ ജീവിച്ചിരുന്ന മഠവുമെല്ലാം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. അവിടെവച്ച് പെദ്രോ വിശുദ്ധ കൊച്ചുത്രേസ്യയുടെ സഹോദരിയായ സിസ്റ്റര്‍ സെലിനെ കാണുകയും ചെയ്തു.
അന്ന് രാത്രി ആ കര്‍മ്മലമഠത്തിന് സമീപമുള്ള പുരുഷന്മാരുടെ താമസസ്ഥലത്ത് അത്താഴസമയത്ത് പെദ്രോയ്ക്ക് അതാ ഒരു സമ്മാനം എത്തുകയാണ്. കവര്‍ തുറന്നുനോക്കിയപ്പോള്‍ അതില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ മുടിച്ചുരുളായിരുന്നു. സെലിന് പെദ്രോയ്ക്കായി പ്രത്യേകം കൊടുത്തുവിട്ട സമ്മാനമായിരുന്നു അത്.
“ആ രാത്രി സന്തോഷം നിമിത്തം എനിക്കുറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?” എന്നാണ് അതേക്കുറിച്ച് പെദ്രോ ചോദിക്കുന്നത്. “കൊച്ചുത്രേസ്യയെയും സെലിനെയും കുറിച്ച് എന്തെല്ലാം വായിച്ചിട്ടുള്ളതാണ്! ഇപ്പോഴിതാ സെലിന് സമ്മാനിച്ച വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് എനിക്ക് കിട്ടിയിരിക്കുന്നു! ഞാന്‍ സന്തോഷംകൊണ്ട് നിറഞ്ഞു. പിന്നീട് അത്താഴം കഴിച്ചോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അത്രയേറെ സംതൃപ്തനായിക്കഴിഞ്ഞിരുന്നു.”
നാളുകള്‍ക്കുശേഷം അവരുടെ ബാച്ചിലെല്ലാവരുടെയും തിരുപ്പട്ടം അടുത്തുവന്ന സമയം. 24 വയസ് തികയാത്തതിനാല്‍ കാനന്‍ നിയപ്രകാരം പെദ്രോയ്ക്ക് തിരുപ്പട്ടം സ്വീകരിക്കാനാവില്ല എന്ന് അറിയിപ്പ് ലഭിച്ചു. അത് വളരെ സങ്കടകരമായിരുന്നു. ആ സമയത്തുതന്നെയാണ് സിസ്റ്റര്‍ സെലിന് തീര്‍ത്തും രോഗിയായിരിക്കുകയാണ് എന്ന് പെദ്രോ അറിയുന്നതും.
സിസ്റ്ററിന് ഒരു കത്തയക്കാന്‍ പെദ്രോ തീരുമാനിച്ചു. “സിസ്റ്റര്‍ സെലിന്, മാര്‍ച്ച് 14-നുമുമ്പ് ഈ ദിവസങ്ങളില്‍ നിങ്ങള്‍ മരിക്കുകയാണെങ്കില്‍ മാര്‍ച്ച് 14-ന് നടക്കുന്ന തിരുപ്പട്ടസ്വീകരണത്തില്‍ എനിക്കും പങ്കുചേരാന്‍ സാധിക്കണമെന്ന് വിശുദ്ധ കൊച്ചുത്രേസ്യയോട് പറയണം.”
മരണാസന്നയായിരിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കത്തയക്കുന്നത് അനൗചിത്യമാണോ എന്നൊന്നും അന്ന് പെദ്രോ ചിന്തിച്ചില്ല. എന്തായാലും ആ കത്ത് അയച്ചതിനുശേഷം പെദ്രോയ്ക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള കര്‍ദിനാളിന്റെ പ്രത്യേക അനുമതി ലഭിച്ചു. അതിനുശേഷമാണ് ഫെബ്രുവരി 25-ന് സിസ്റ്റര്‍ സെലിന് മരിച്ചുവെന്ന് പെദ്രോ അറിയുന്നത്. താന്‍ പറഞ്ഞുവിട്ട കാര്യം സെലിന് കൊച്ചുത്രേസ്യയോട് പറഞ്ഞുവെന്ന് പെദ്രോയ്ക്ക് ഉറപ്പായി. 1959-ല്‍ നടന്ന ഈ സംഭവം പെദ്രോയ്ക്ക് വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള സ്നേഹം ഒന്നുകൂടി വര്‍ധിപ്പിച്ചു. ഇന്ന് 64 വര്‍ഷത്തെ പൗരോഹിത്യജീവിതം പൂര്‍ത്തിയാക്കിയ 87കാരനാണ് ഫാ. പെദ്രോ തിക്സീറ കാവല്‍കാന്റെ.
‘ദൈവത്തിന്റെ കരുണയുടെ ഫലമായും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും മാധ്യസ്ഥ്യത്താലും വൈദികനായവനാണ് ഞാന്‍,’ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
'എത്ര കഷ്ടപ്പെട്ടാലും സാമ്പത്തിക ഉയര്‍ച്ചയില്ലാത്ത അവസ്ഥ, ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം പരാജയം- ഇതെല്ലാം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്.
ജീവിതത്തില്‍ വേദനകളും പ്രശ്നങ്ങളും രോഗങ്ങളും ഇല്ലാത്തവരില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ വേദനകളുടെയും പിന്നില്‍ ശാപമാണെന്ന് കരുതരുത്. അത് വലിയ ബന്ധനവും അപകടവുമായി മാറും. പ്രശ്നങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ എല്ലാം ശാപമാണെന്ന് പറഞ്ഞ് നിരുന്മേഷരാകുന്നത് ഉചിതമല്ലല്ലോ. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമങ്ങള്‍ക്കുശേഷവും ഒന്നിലും വിജയം കണ്ടെത്താനാകാതെ വരുമ്പോള്‍ അതിന്റെ പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കുടുംബത്തിന്റെ എല്ലാ തായ്വഴികളിലും തലമുറകളിലും ഒരേ പ്രശ്നങ്ങളും രോഗങ്ങളും പ്രകടമാകുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ശാപബന്ധനങ്ങള്‍ കണ്ടേക്കാം. “നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന് സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു” (സുഭാഷിതങ്ങള്‍ 15/27). എങ്ങനെയാണ് ഇതില്‍നിന്ന് മോചനം നേടുക?
നമ്മുടെ ജീവിതം ശാപഗ്രസ്തമാകുന്നതിന്റെ അടിസ്ഥാനകാരണം ദൈവകല്പനകള് ലംഘിക്കപ്പെടുന്നു എന്നതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെട്ടാല്‍ എല്ലാവിധ രോഗങ്ങളും രോഗാണുക്കളും നമ്മെ ആക്രമിച്ച് കീഴടക്കിയേക്കാം. ഇതുപോലെ ദൈവകല്പനകളുടെ ലംഘനംവഴി ദൈവകൃപയുടെ സംരക്ഷണം നാം നിരാകരിക്കുമ്പോള്‍ പൈശാചികശക്തികളും പ്രകൃതിശക്തികളുമെല്ലാം നമ്മെ കീഴടക്കുന്നു. പ്രകൃതിശക്തികളുടെ മുമ്പില്‍ നാം നിസ്സഹായരായിത്തീരുന്നു. ജീവിക്കാനായി ദൈവം നല്കിയ കല്പനകള് നമ്മളും കുടുംബവും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്തുകയും മാപ്പ് ചോദിക്കുകയുമാണ് ശാപമോചനത്തിനുള്ള ആദ്യത്തെ പടി.
സാമ്പത്തികമേഖലയിലെ ശാപകാരണങ്ങള്‍
സഹോദരീസഹോദരന്മാര്ക്ക് അര്‍ഹതപ്പെട്ട സ്വത്ത് വഞ്ചനാപരമായി കൈക്കലാക്കുക.
അയല്‍പക്കംകാരുമായുള്ള ഭൂമിയുടെ അതിര്‍ത്തികളില്‍ കൈയേറ്റം നടത്തുക.
അന്യായപ്പലിശവഴി മറ്റുള്ളവരുടെ നിസ്സഹായതയില്‍ അവരെ ചൂഷണം ചെയ്യുക, കണക്കുകളില്‍ കൃത്രിമം കാണിച്ച് മറ്റുള്ളവരെ വഞ്ചിക്കുക.
കടം വാങ്ങിയത് തിരികെ കൊടുക്കാതിരിക്കുക, കൈക്കൂലി, മോഷണം, കൊള്ള, പിടിച്ചുപറി, ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ അവരെ ചൂഷണം ചെയ്യുക.
പെണ്മക്കള്ക്ക് സ്ത്രീധനം വാഗ്ദാനം ചെയ്തിട്ടും മനഃപൂര്‍വം കൊടുക്കാതിരിക്കുക, കുടുംബസ്വത്ത് ധാരാളമുണ്ടായിട്ടും പെണ്മക്കളെ അവകാശമൊന്നും കൊടുക്കാതെ ഇറക്കിവിടുക.
ചൂതുകളി, മദ്യവില്പന, വ്യഭിചാരം തുടങ്ങിയഅധാര്‍മികമാര്‍ഗങ്ങളിലൂടെ സമ്പത്ത് നേടുക.
വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി ജോലി ചെയ്യാതിരിക്കുക, നമ്മുടെ ഉത്തരവാദിത്വമില്ലായ്മമൂലം നാടിനോ ജോലി ചെയ്യുന്ന സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ സാമ്പത്തികനഷ്ടം ഉണ്ടാക്കുക.
സാമ്പത്തിക ഐശ്വര്യത്തിനുവേണ്ടി സാത്താന്യശക്തികളെ ആരാധിക്കുക, മറ്റുള്ളവര്‍ നശിക്കാന്‍വേണ്ടി പൈശാചികമായ ആരാധനകളും പൂജാവിധികളും നടത്തുക തുടങ്ങിയവയും നമ്മുടെ കുടുംബത്തില്‍ ശാപബന്ധനങ്ങള്‍ സൃഷ്ടിക്കാം.
ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മളോ മാതാപിതാക്കളോ പൂര്‍വികരോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പരിണതഫലമായി സമ്പത്തുമായി ബന്ധപ്പെട്ട നിരന്തരമായ പ്രശ്നങ്ങളും തകര്‍ച്ചകളും കുടുംബത്തില്‍ ഉണ്ടാകാം. “ധനത്തെ ആശ്രയിക്കുന്നവന് കൊഴിഞ്ഞുവീഴും” എന്ന് സുഭാഷിതങ്ങള്‍ 11/28-ല്‍ പറയുന്നു.
ഒരു വിത്ത് മുളച്ചാല്‍ ഉടനെ ഫലം കിട്ടില്ല. ചെടിയുടെ സ്വഭാവമനുസരിച്ച് പല വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അത് ഫലം പുറപ്പെടുവിച്ച് തുടങ്ങുക. ഇതുപോലെ പാപത്തിന്റെ വിത്തും പാപത്തിന്റെ സ്വഭാവമനുസരിച്ച് പല കാലയളവുകള്‍ക്കുശേഷമാണ് അതിന്റെ ഫലമായ ദുരന്തങ്ങളും തകര്‍ച്ചയും പുറപ്പെടുവിച്ച് തുടങ്ങുക. ചിലപ്പോള്‍ അടുത്ത തലമുറകള്‍വരെ ആ കാലയളവ് നീളാം. പക്ഷേ എത്ര വൈകിയാലും പാപത്തിന്റെ പരിണതഫലം അനുഭവിക്കാതെ തരമില്ല.
ഇത്തരത്തിലുള്ള നമ്മുടെയോ പൂര്‍വികരുടെയോ പ്രവര്‍ത്തനങ്ങളും നമ്മുടെ പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടാകാം. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും മുന്നോട്ട് പോകാനുമുള്ള ബദ്ധപ്പാടില്‍ ന്യായാന്യായങ്ങള്‍ നോക്കാതെ നമ്മളും കുടുംബവും ചെയ്ത ഇത്തരം തെറ്റുകള്‍ തിരിച്ചറിയാനായി ദൈവാത്മാവിന്റെ പ്രകാശം നമുക്ക് ആവശ്യമായിരിക്കുന്നു. അതിനാല്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനാരൂപിയുമായി നാം ദൈവസന്നിധിയില്‍ കടന്നുവരണം. “കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്” (സങ്കീര്‍ത്തനങ്ങള്‍ 103/8). അതിനാല്‍ ഇപ്പോള്‍ത്തന്നെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുക.
കര്‍ത്താവായ ദൈവമേ, അങ്ങയുടെ അനുഗ്രഹം സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ഞാനും കുടുംബവും അവിടുത്തെ തിരുസന്നിധിയില്‍ പലവിധ തിന്മകള് പ്രവര്‍ത്തിച്ചുപോയി. ഞങ്ങളോട് കരുണയുണ്ടാകണമേ. അങ്ങയുടെ കൃപയെ തടയുന്ന ‘ബ്ലോക്കുകള്‍’ വെളിപ്പെടുത്തിത്തന്നാലും. ഐശ്വര്യപ്പെടാനായി അവിടുന്ന് നല്കിയ കല്പനകള് അറിഞ്ഞും അറിയാതെയും ലംഘിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ഞങ്ങളുടെ കണ്ണുനീരും ദുഃഖങ്ങളും നിസ്സഹായതയുമായി ഞങ്ങളിതാ അവിടുത്തെ തിരുമുമ്പില്‍ നില്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനുവേണ്ടിയും പൂര്‍വികര്‍ക്കുവേണ്ടിയും ഞങ്ങള്‍ അങ്ങയുടെ കരുണ തേടുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച് വീണ്ടും അങ്ങയുടെ കൃപയുടെ വഴികളിലൂടെ ഞങ്ങളെ നടത്തിയാലും…. ആമ്മേന്‍.
'ക്ഷീണമോ മടിയോ തോന്നി, ഭക്താഭ്യാസങ്ങള്‍ക്ക് പോകാന്‍ വിഷമം അനുഭവപ്പെടുമ്പോള്‍ എന്നോടുതന്നെ ഞാന്‍ പറയുമായിരുന്നു: എവുപ്രാസ്യ, ഇത് നിന്റെ അവസാനത്തെ ധ്യാനമാണ്. വേഗം
എഴുന്നേറ്റ് തീക്ഷ്ണതയോടെ ചെയ്യുക. ഇനിയും
അനുഗ്രഹത്തിന്റെയും യോഗ്യതയുടെയും കാലം കിട്ടുമോ
എന്നറിഞ്ഞുകൂടാ. എന്തിന് നീ ലോകത്തെ ഉപേക്ഷിച്ച് മഠത്തില്‍ വന്നു? പുണ്യം തേടാനോ സുഖം അന്വേഷിച്ചോ? ഇങ്ങനെ ചോദിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് ക്രൂശിതരൂപം ചുംബിച്ച് ഞാന്‍
അലസതയുടെ പ്രലോഭനങ്ങളെ അതിജീവിച്ചിരുന്നു.
വിശുദ്ധ എവുപ്രാസ്യാമ്മ
'രസകരമായ ഒരു സംഭവവും അത് നല്കിയ ആത്മീയ ഉള്‍ക്കാഴ്ചകളും
നമുക്കെതിരെ ഈങ്ക്വിലാബ് മുഴക്കുന്നവരെ നമ്മുടെ പ്രതിയോഗികളായിട്ടാണ് നാം വിലയിരുത്തുന്നത്. അങ്ങനെയാണ് നാം അവരെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാറുമുള്ളത്. പക്ഷേ എന്തുകൊണ്ടാണ് ഈ ഈങ്ക്വിലാബുകള്‍ എന്ന് നാം ചിന്തിക്കാന്‍ മെനക്കെടാറില്ല. എന്റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരു സംഭവം ഞാനിവിടെ കുറിക്കട്ടെ.
ഒരു ദിവസം ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ശാലോം മാസിക എഡിറ്റു ചെയ്യുകയാണ്. ഞാന്‍ മുറിയില്‍ കയറി വാതിലടച്ചിരുന്ന് ഏകാഗ്രതയോടെ ജോലി ചെയ്യുന്നു. പക്ഷേ ആ മുറിയുടെ ഒരു വശത്തുള്ള ജനലുകള്‍ തുറന്നാണ് ഇട്ടിരിക്കുന്നത്.
കുറെനേരം കഴിഞ്ഞപ്പോള്‍ മൂന്നുപേര്‍ അടങ്ങുന്ന ഒരു കുട്ടിപ്പട്ടാളം ജനലിനു പിന്നില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ മൂന്നുപേരും ഹാസ്യച്ചുവ കലര്‍ത്തി ഇപ്രകാരം വിളിച്ചു പറഞ്ഞു.
“ഈങ്ക്വിലാബ് സിന്ദാബാദ്
അമ്മ നീതി പാലിക്കുക.
കരിനയങ്ങള്‍ അവസാനിപ്പിക്കുക.
ഒന്നുകില്‍ ഞങ്ങളെ കളിക്കാന്‍ വിടുക
അല്ലെങ്കില്‍ ഞങ്ങടെകൂടെ കളിക്കാന്‍ കൂടുക.
മാസിക എഴുത്ത് അവസാനിപ്പിക്കുക.
ടിവിയുടെ കോഡ് വയര്‍ തിരികെ തരിക.
സ്റ്റെല്ല ബെന്നി നീതി പാലിക്കുക.
തോല്ക്കുകയില്ല, തോല്ക്കുകയില്ല ഇനിയും ഞങ്ങള്‍ തോല്ക്കുകയില്ല. ഈങ്ക്വിലാബ് സിന്ദാബാദ്.”
മറ്റാരുമല്ല, എന്റെ രണ്ട് മക്കളും അടുക്കളയില്‍ സഹായിക്കുന്ന പെണ്‍കുട്ടിയുമാണ് ഈ കുട്ടിപ്പട്ടാളം.
എന്താണ് എന്റെ നീതികേട് എന്ന് അറിയേണ്ടേ. മക്കള്‍ അപ്രതീക്ഷിതമായിട്ടാണ് ഒരാഴ്ച ക്ലാസില്ലാതെ വീട്ടിലിരിക്കുവാന്‍ ഇടയായത്. ഈ അവസരം നോക്കി അടുത്ത പ്രദേശത്തുള്ള ആണ്‍കുട്ടികളെല്ലാവരുംകൂടി വീടിന് തൊട്ടുമുമ്പിലുള്ള അധികം ഗതാഗതമില്ലാത്ത റോഡില്‍ ക്രിക്കറ്റ് കളിക്കാന്‍ ഒന്നിച്ചുകൂടി. പക്ഷേ ചില പ്രത്യേക കാരണങ്ങള്‍കൊണ്ട് അവരോടൊന്നുചേരാന്‍ ഞാന്‍ അവരെ വിട്ടില്ല.
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഞാനും സഹായിയും ചിലപ്പോഴൊക്കെ അവരുടെ കൂടെ കളിക്കാന്‍ കൂടാറുണ്ട്. ഇത്തവണ ഞങ്ങള്‍ രണ്ടുപേരും വളരെ ജോലിത്തിരക്കിലായതുകൊണ്ട് അതും നടന്നില്ല. വീട്ടില്‍ ടിവിയുണ്ട്. പക്ഷേ എന്റെ മേല്നോട്ടത്തിലല്ലാതെ ടിവി കാണാന്‍ ഞാന്‍ അവരെ സമ്മതിക്കാറില്ല. ദോഷകരമായ ചാനലുകള്‍ കാണും എന്നതാണ് എന്റെ പേടി. അതുകൊണ്ട് ടിവിയുടെ കോഡ് വയര്‍ ഊരിയെടുത്ത് അതും അകത്തുവച്ചു പൂട്ടിയിട്ടാണ് എന്റെ കതകടച്ചിരുന്നുള്ള മാസിക എഡിറ്റിങ്ങ്! ഈ പാവം കുട്ടികള്‍ പിന്നെന്തു ചെയ്യും? എത്ര സമയം കഥപുസ്തകം വായിക്കും. പുറത്താണെങ്കില്‍ ഉശിരന്‍ ക്രിക്കറ്റുകളി നടക്കുന്നു.
എന്റെ ഈ വിവേകരഹിതവും നീതിരഹിതവുമായ പ്രവൃത്തിയാണ് അവരെ ഈങ്ക്വിലാബ് വിളിപ്പിച്ചത്. ആദ്യം ഞാന്‍ അവരെ വഴക്കു പറഞ്ഞോടിക്കാന്‍ നോക്കി. പക്ഷേ നടന്നില്ല. അവരുടെ ഈങ്ക്വിലാബിന്റെ സ്വരം കൂടിക്കൂടി വന്നപ്പോള്‍ ഞാന്‍ വലിയ നീതിമതി ചമഞ്ഞ് കര്‍ത്താവിനോടു ചോദിച്ചു, “കര്‍ത്താവേ ഞാന്‍ എന്തു ചെയ്യണം? മാസിക അടുത്ത ദിവസങ്ങളില്‍ പ്രസില്‍ പോകേണ്ടതാണ്. ഒരൊറ്റയാള്‍ വൈകിയാല്‍ തുടര്‍ന്നു ചെയ്യേണ്ട മറ്റ് എല്ലാവരുടെ ജോലികളും വൈകും.”
കര്‍ത്താവ് മുഖംനോട്ടമില്ലാതെ എന്നോടൊറ്റപ്പറച്ചില്‍, “നീ എഴുത്ത് നിര്‍ത്ത്. നീതി അവരുടെ പക്ഷത്താണ്. നീ എഴുന്നേറ്റുചെന്ന് ടിവിയുടെ കോഡുവയര്‍ തിരികെ കൊടുക്കുക. അവരെ കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി നല്ല ചാനലുകള്‍ മാത്രം വയ്ക്കാനും അമ്മയ്ക്ക് ശല്യമുണ്ടാകാതെ സ്വരം കുറച്ചുവയ്ക്കാനും ഒക്കെ പറയുക. നന്നായി പ്രവര്‍ത്തിച്ചാല്‍ ഒരു പ്രോത്സാഹന സമ്മാനവും വാഗ്ദാനം ചെയ്യുക. നിന്റെ പക്ഷത്തെ നീതികേട് തിരുത്തുക. സമാധാനം ഉണ്ടാകും!”
ഇനി അടുക്കളയില്‍ സഹായിക്കുന്ന പെണ്‍കുട്ടി എന്തിനാണ് സമരം ചെയ്യാന്‍ വന്നതെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. അവളുടെ വശത്തും ന്യായമുണ്ട്. കുട്ടികള്‍ വീട്ടിലിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ പണികളുണ്ട് വീട്ടില്‍. പുറത്തു കളിക്കാന്‍ വിടാത്തതുകൊണ്ട് ചേച്ചി ഞങ്ങളുടെ കൂടെ കളിക്കാന്‍ കൂടണം എന്നായിരിക്കും കുട്ടികളുടെ അടുത്ത ഡിമാന്റ്. കളിക്കാന്‍ കൂടല്‍ അവള്‍ക്കിഷ്ടമുള്ള പണിയാണെങ്കിലും അതിനുപോയാല്‍ നേരത്തും കാലത്തും അടുക്കളയിലെ പണികള്‍ തീരില്ല. പിന്നെ അതാകാം അസമാധാനത്തിനുകാരണം. അതുകൊണ്ടാണ് അവളും തമാശക്കാണെങ്കിലും കൊടി പിടിക്കാനും സിന്ദാബാദ് മുഴക്കാനും കൂടിയത്. ഇപ്പോള്‍ അവരെയെല്ലാവരെയും വെറുതെ വിടാനും അവര്‍ പറഞ്ഞത് തികച്ചും ന്യായമായിരുന്നുവെന്ന് സമ്മതിക്കുവാനും നിങ്ങള്‍ക്ക് കഴിയും.
എന്തുകൊണ്ടണ്ട് ഈങ്ക്വിലാബ്?
ദൈവവചനം പറയുന്നു “നീതികേട് നിന്റെ കൂടാരത്തില്‍ പാര്‍പ്പിക്കരുത്.” മുകളിലിരിക്കുന്ന നമ്മുടെ ജീവിതത്തിലെ നീതികേടുകളാണ് താഴെയുള്ള പലരെക്കൊണ്ടും ഈങ്ക്വിലാബ് വിളിപ്പിക്കാന്‍ കാരണമാകുക. പക്ഷേ നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണ നമ്മള് മഹാ നീതിമാന്മാരും ശ്രേഷ്ഠന്മാരും ആണെന്നും ഈങ്ക്വിലാബ് മുഴക്കുന്നവര്‍ നീതിരഹിതരും ചുട്ട അടി മേടിക്കേണ്ടവരുമാണ് എന്നതുമാണ്. ഈ വീക്ഷണത്തോടുകൂടി നാം കൊടുക്കുന്ന ചുട്ട അടികള്‍ കൂടുതല്‍ വലിയ അസമാധാനത്തിനും കൂടുതല്‍ ഉച്ചത്തിലുള്ള ഈങ്ക്വിലാബിനും മാത്രമേ കാരണമാകൂ.
മറുവശം കാണാത്ത മുന്നേറ്റം
മാതാപിതാക്കന്മാരെ അനുസരിക്കുക, അവര്‍ക്ക് പൂര്‍ണമായും വിധേയപ്പെട്ട് അനുഗ്രഹത്തിന് പാത്രമാവുക എന്ന കല്പന മോശവഴി കര്‍ത്താവ് തന്റെ ജനത്തിന് നല്‍കിയതാണ്. അതു തികച്ചും സത്യവും ന്യായയുക്തവുമാണ്. പക്ഷേ അതിന് മറ്റൊരു പിന്‍പുറമുണ്ട്. ആ പിന്പുറത്തെ പരിശുദ്ധാത്മാവ് വിശുദ്ധ പൗലോസിലൂടെ അനാവരണം ചെയ്യുന്നുണ്ട്. അത് മക്കളെ പ്രകോപിപ്പിച്ച് അവരെ കോപിഷ്ഠരാക്കി മാറ്റരുത്, അവരെക്കൊണ്ട് ഈങ്ക്വിലാബ് വിളിപ്പിക്കരുത് എന്നതാണ്. ഇത് പറയാത്തത് നമ്മുടെ പ്രബോധനങ്ങളിലുള്ള ഭാഗികമായ ഒരു അപൂര്‍ണതയാണ്. തന്മൂലം പ്രസ്തുത വചനം ഞാനിവിടെ കുറിക്കട്ടെ. “കുട്ടികളേ, കര്‍ത്താവില്‍ നിങ്ങള്‍ മാതാപിതാക്കന്മാരേ അനുസരിക്കുവിന്‍. അതു ന്യായയുക്തമാണ്. നിങ്ങള്‍ക്ക് നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. വാഗ്ദാനത്തോടുകൂടിയ ആദ്യകല്പന ഇതത്രേ. പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളര്‍ത്തുവിന്‍” (എഫേസോസ് 6/1-4).
കുട്ടികളില്‍ പ്രകോപനം ഉണ്ടാക്കരുതെന്ന രണ്ടാമത്തെ ഭാഗം നാം മിക്കപ്പോഴും അവഗണിക്കുകയോ സൗകര്യപൂര്‍വം ഒഴിവാക്കുകയോ ചെയ്യുന്നു. ഇതാണ് വലിയ ഈങ്ക്വിലാബുവിളികളായി നമുക്കെതിരെ തിരിച്ചടിക്കുന്നത്. അത്തരം വളരെ ഈങ്ക്വിലാബുകള്‍ ഈ കാലഘട്ടത്തില്‍ നീതിക്കുവേണ്ടിയുള്ള മുറവിളികളായി മുഴങ്ങിക്കേള്‍ക്കാറുമുണ്ട്. അവയെല്ലാം അമര്‍ച്ച ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങള്‍ കൂടുതല്‍ വലിയ നീതികേടിലേക്കും അസമാധാനത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുകയേ ഉള്ളൂ എന്ന് നാം മിക്കപ്പോഴും തിരിച്ചറിയാറുമില്ല.
സമാധാനം നീതിയുടെ ഫലം!
“നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും” (ഏശയ്യാ 32/17). ഈ സമാധാനം നമുക്ക് അടിച്ചമര്‍ത്തലുകളിലൂടെ സംജാതമാക്കാവുന്ന ഒന്നല്ല. അതൊരിക്കലും ക്രിസ്തുവിന്റെ പഠനവുമല്ല. ഒരുപക്ഷേ നിവൃത്തികേടിന്റെ പേരില്‍ അനീതി പ്രവര്‍ത്തിക്കുന്ന അധികാരിയെ നാം അനുസരിച്ചേക്കാം. പക്ഷേ അണികളുടെ ഹൃദയം അവനെ പുറന്തള്ളിക്കൊണ്ട് അവനെതിരെ പോരാടിക്കൊണ്ടിരിക്കും. ക്രിസ്തീയ അധികാരത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും പഠിപ്പിച്ചത് മനസിലാക്കണമെങ്കില്‍ അവിടുത്തെ വചനങ്ങളിലേക്ക് തിരിയണം. “വിജാതീയരുടെമേല്‍ അവരുടെ പിതാക്കന്മാര് ആധിപത്യം അടിച്ചേല്പിക്കുന്നു. തങ്ങളുടെമേല്‍ അധികാരമുള്ളവരെ അവര്‍ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ അങ്ങനെ ആയിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന് ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവന്‍ ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ. ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനെപ്പോലെയാണ്” (ലൂക്കാ 22:25).
പിതാക്കന്മാരേ നിങ്ങള്‍ മക്കളെ പ്രകോപിപ്പിക്കരുത് എന്നു വചനം പറയുന്നുവെങ്കില്‍, നേതാക്കന്മാരേ നിങ്ങള്‍ നിങ്ങളുടെ നീതികേടുകൊണ്ട് അണികളെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണത്. ഭര്ത്താക്കന്മാരേ, നിങ്ങള്‍ നിങ്ങളുടെ നീതികേടുകൊണ്ട് ഭാര്യമാരെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണ്. അഭിഷിക്തരേ, നിങ്ങള്‍ നിങ്ങളാല്‍ നയിക്കപ്പെടുന്നവരെ പ്രകോപിപ്പിക്കരുത് എന്നുകൂടിയാണ്. “അനുസരണം വിധേയത്വം” എന്നതിന്റെ മറ പിടിച്ച് തങ്ങളുടെ കീഴിലുള്ളവരോട് എന്തും പറയാം, എന്തും ചെയ്യാം ഏതു നിലപാടും സ്വീകരിക്കാം എന്ന ഒരു തെറ്റായ ധാരണയുടെ പുറത്താണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നതെങ്കില്‍ ആ പഠനം ഒരിക്കലും യേശുവിന്റെ വാക്കുകളില്‍നിന്നോ പ്രവൃത്തികളില്‍നിന്നോ ഉള്ളതല്ല. അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പേരുപറഞ്ഞ് നാമെന്തിന് നീതിമാനായ യേശുവിന്റെ മുഖം വികൃതമാക്കുന്നു?
ഒരു നാണയത്തിന്റെ ഇരുമുഖങ്ങള്‍
ഒരു നാണയത്തിന് രണ്ടുമുഖങ്ങളുണ്ട്. ആ രണ്ടുമുഖങ്ങളിലെയും ലിഖിതങ്ങള്‍ സത്യമായാല്‍ മാത്രമേ നാണയത്തിന് അതിന്റേതായ വിലയുണ്ടാകൂ. അല്ലെങ്കില്‍ ആ നാണയം കള്ളനാണയമായിട്ടേ നാം കണക്കാക്കൂ. വിധേയത്വത്തെയും അനുസരണത്തെയും സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥത്തില്‍ ദൈവം നല്‍കിയിട്ടുള്ള എല്ലാ പ്രബോധനങ്ങളും മുന്‍പറഞ്ഞ നാണയത്തിന്റെ സത്യസന്ധമായ രണ്ടുമുഖങ്ങളും വ്യക്തമാക്കുന്നതാണ്. “ഭാര്യമാരേ നിങ്ങള്‍ കര്ത്താവിന് എന്നതുപോലെ ഭര്ത്താക്കന്മാര്ക്കു വിധേയരായിരിക്കുവിന്‍” (എഫേസോസ് 5/22) എന്നു പറഞ്ഞവന്‍തന്നെയാണ് ആ നാണയത്തിന്റെ മറ്റേവശവും സത്യമായും വെളിപ്പെടുത്തുന്നത്. അത് ഇതാണ്. ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കുവാന്‍വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം…. അതുപോലെ ഭര്ത്താക്കന്മാര് ഭാര്യയെ സ്വന്തശരീരത്തെ എന്നതുപോലെ സ്നേഹിക്കണം (എഫേസോസ് 5:25,28). സ്നേഹിക്കുന്ന ഒരു ഭര്‍ത്താവിന്റെ മുമ്പില്‍ വിധേയപ്പെടാന്‍ ഏതൊരു ഭാര്യക്കും വളരെ എളുപ്പമാണ്. അതുപോലെതന്നെ അനുസരിക്കുകയും വിധേയപ്പെടുകയും ചെയ്യുന്ന ഒരു ഭാര്യയെ സ്നേഹിക്കുവാന്‍ ഏതൊരു ഭര്‍ത്താവിനും എളുപ്പമാണ്.
പ്രിയപ്പെട്ടവരേ, ആദ്യംതന്നെ നമ്മുടെ കൈയിലുള്ള നാണയം കള്ളനാണയമോ അതോ വിലയുള്ളതോ എന്ന് പരിശോധിച്ചു നോക്കുക. വിലയുള്ളതെങ്കില്‍ അതേപ്രതി കര്‍ത്താവിനു നന്ദി പറയുക. അതല്ല കള്ളനാണയമാണ് നമ്മുടെ കൈവശമുള്ളതെങ്കില്‍ വിട്ടുപോയത് നമുക്ക് കൂട്ടിച്ചേര്‍ക്കാം. തിരുത്തേണ്ടത് തിരുത്താന്‍ തയാറാകാം.
ഓരോരുത്തനും അര്‍ഹിക്കുന്നത് കൊടുക്കുന്നതാണ് യഥാര്‍ത്ഥ നീതി. എന്തെങ്കിലുമൊക്കെ ഔദാര്യരൂപത്തില്‍ കൊടുത്ത് അപരന്റെ വായടപ്പിക്കാന്‍ നോക്കുന്നതല്ല. ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവന് നികുതി. ചുങ്കം അവകാശപ്പെട്ടവന് ചുങ്കം, ആദരം അര്ഹിക്കുന്നവന് ആദരം. ബഹുമാനം നല്കേണ്ടവന് ബഹുമാനം (റോമാ 13/7). ഇതിന്റെ കൂടെ നമുക്ക് കൂട്ടിച്ചേര്‍ക്കാം: സ്നേഹം അര്ഹിക്കുന്നവന് സ്നേഹം, പ്രോത്സാഹനം അര്ഹിക്കുന്നവന് പ്രോത്സാഹനം, കരുണയര്‍ഹിക്കുന്നവന് കരുണ, അംഗീകാരം അര്ഹിക്കുന്നവന് അംഗീകാരം. അപ്പോള്‍ ഈങ്ക്വിലാബ് പോയ്മറയും. കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നമ്മുടെ ജീവിതത്തിലും കുടുംബത്തിലും സഭയിലും എല്ലാം യാഥാര്‍ത്ഥ്യമാകും. “കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും. നീതിയും സമാധാനവും പരസ്പരം ചുംബിക്കും…. നീതി അവിടുത്തെ മുമ്പില്‍ നടന്ന് അവിടുത്തേക്ക് വഴിയൊരുക്കും” (സങ്കീര്‍ത്തനങ്ങള്‍ 85/10-13).
നീതിനിറഞ്ഞ പുതിയ നാളേക്കായി പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് കാത്തിരിക്കാം. ‘ആവേ മരിയ.
'വിശുദ്ധ ബര്‍ണദീത്തക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച സമയം. കേവലം ബാലികയായ അവള് എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്‍ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്‍ശനം ലഭിക്കുന്ന ഗ്രോട്ടോയില്‍ പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്‍പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര്‍ അവളെ തടവിലിടാന്‍ തീരുമാനിച്ചു. ചുറ്റും പ്രശ്നങ്ങള്‍മാത്രം. പക്ഷേ അവള് ആവര്‍ത്തിച്ചുപറഞ്ഞത് പരിശുദ്ധ ദൈവമാതാവ് തനിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുതന്ന കാര്യങ്ങള്‍മാത്രം. ഒരിക്കലും അവള് വാക്കുമാറ്റി പറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ പ്രശ്നങ്ങളില്‍നിന്നെല്ലാം മോചിതയാകുമായിരുന്നു എന്നറിഞ്ഞിട്ടും ഒരിക്കലും അവളതിന് തയാറായില്ല.
നാളുകള്‍ കഴിഞ്ഞാണ് തിരുസഭ ലൂര്‍ദിലെ ദര്‍ശനങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചത്. ഇന്ന് ദൈവാലയങ്ങളോടുചേര്‍ന്ന് നാം ലൂര്‍ദിലെ ദര്‍ശനത്തിന്റെ മാതൃകയില്‍ ഗ്രോട്ടോകള്‍ പണിയുന്നു. അമലോത്ഭവയായ മാതാവിനെ വണങ്ങുന്നു. എന്നാല്‍ അന്ന് താന്‍ തികച്ചും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലും സ്വന്തം സുരക്ഷ നോക്കാതെ ദൈവം നല്കിയ ബോധ്യത്തില്‍ ഉറച്ചുനിന്ന ബര്‍ണദീത്തയെ ഓര്‍ക്കുക. വാസ്തവത്തില്‍ ദൈവവചനം ജീവിച്ചുകാണിക്കുകയായിരുന്നു അവള്.
മത്തായി 5/37- “നിങ്ങളുടെ വാക്കുകള്‍ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്ന് വരുന്നു.”
'