- Latest articles
ഞങ്ങളുടെ പ്രൊഫസര്‍മാര്‍ പറയുന്ന ഒരു കാര്യമുണ്ട്, വിശുദ്ധരായിട്ടുള്ള വ്യക്തികള്‍ ആണെങ്കില്‍ പോലും, ദൈവിക വെളിപാടിന്‍റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരി ആകണം എന്നില്ല.
അതുകൊണ്ട് അവരുടെ ആശയങ്ങളെ ഖണ്ഡിക്കാന്‍ മടി വിചാരിക്കരുതെന്ന്. അവര്‍ പറയുന്ന ആശയത്തിലെ തെറ്റ് എന്താണെന്നും എന്തുകൊണ്ടാണ് ഞാനങ്ങനെ പറയുന്നതെന്നും കാര്യകാരണങ്ങള്‍ സഹിതം അവതരിപ്പിച്ചാല്‍ മതി.
വിശുദ്ധര്‍ക്കും ആശയപരമായ തെറ്റുകള്‍ ഉണ്ടായിക്കൂടാ എന്നില്ല.
പക്ഷേ തങ്ങളുടെ വിശ്വസ്തജീവിതം കൊണ്ട് അവര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു. പക്ഷേ തിരുത്തപ്പെടേണ്ട ചിലത് അവരിലുമുണ്ടായിരുന്നു. നമ്മുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. നമ്മിലൂടെ ദൈവം വലിയ അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതിനര്‍ത്ഥം എന്‍റെ കാഴ്ചപ്പാടുകളില്‍ ഒരു തെറ്റും ഇല്ല എന്നല്ല. അതിനാല്‍, തിരുത്തലുകളോട് തുറവി ഉള്ളവരാവണം. അല്ലാതെ ഫരിസേയരെപ്പോലെ ആവരുത്. സാബത്ത് ദിവസം ഈശോ സിനഗോഗില്‍വച്ച് കൈ ശോഷിച്ചയാളെ സുഖപ്പെടുത്തുന്ന രംഗം ധ്യാനിക്കുക. ഈശോ ഉയര്‍ത്തുന്ന വലിയൊരു ചോദ്യമുണ്ട് അവിടെ. ”അവന്‍ അവരോട് ചോദിച്ചു: സാബത്തില്‍ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം?” (മര്‍ക്കോസ് 3/4). വലിയൊരു തിരുത്ത് ഈശോ ഈ സംഭവത്തിലൂടെ പഠിപ്പിച്ചു, സാബത്തില്‍ നന്മ ചെയ്യുന്നത് ഉചിതവും ന്യായവുമാണെന്ന്.
എന്നാല്‍, ആ ഫരിസേയര്‍ നേരെ തിരിച്ചാണ് പ്രവര്‍ത്തിച്ചത്. ഈശോയെ നശിപ്പിക്കാനായി പദ്ധതികള്‍ മെനഞ്ഞു. അവരെപ്പോലെ ആവാതിരിക്കാം. തിരുത്തലുകളെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ കൃപ ചോദിക്കാം. ദൈവം, സ്‌നേഹിക്കുന്നവരെ തിരുത്തുകയും ശാസിക്കുകയും ചെയ്യുമെന്ന സത്യം മറക്കാതിരിക്കാം.
ഈശോയുടെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും നടത്തുന്നത് മാത്രമല്ല വളര്‍ച്ച. എളിമപ്പെട്ട് തിരുത്തലുകളെ സ്വീകരിക്കുന്നതും വളര്‍ച്ചയുടെ ഭാഗംതന്നെ.
നമ്മുടെ കുറ്റം പറയുന്നവരെ സന്തോഷപൂര്‍വ്വം കേള്‍ക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ടോ?
സമഗ്രമായ വളര്‍ച്ച ഉണ്ടാവട്ടെ എന്‍റെ ആദ്ധ്യാത്മിക ജീവിതത്തിന്.
വിശുദ്ധ പാദ്രേ പിയോ പ്രഭാതത്തില്‍ പതിവുപോലെ പ്രാര്‍ത്ഥിക്കാനായി ചാപ്പലിലേക്ക് പോയി. വാതില്‍ തുറന്നപ്പോള്‍ ചാപ്പലിനുള്ളില്‍ ഒരു സന്യാസി…! ഇദ്ദേഹമെങ്ങനെ അടഞ്ഞുകിടന്ന ചാപ്പലില്‍ കയറി? വിശുദ്ധന്‍ ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല. കണ്ടുപരിചയമില്ലല്ലോ… അമ്പരന്നുനില്ക്കുമ്പോള്‍ അദേഹം മറ്റൊന്നുകൂടി കണ്ടു; സന്യാസി ചാപ്പലിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സക്രാരിക്കുമുമ്പിലെത്തുമ്പോള്‍ താണുവണങ്ങി, ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുന്നു. എഴുന്നേറ്റ് അപ്പുറംകടക്കും,
തിരികെവന്ന് ദിവ്യകാരുണ്യ ഈശോയ്ക്കുമുമ്പില്‍ കുമ്പിട്ടാരാധിക്കും. ഇതുതന്നെ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു. പാദ്രേക്ക് ഒന്നും മനസിലായില്ല. തലേന്ന് പുറത്തുനിന്ന് അടച്ചിരുന്ന ചാപ്പല്‍ രാവിലെ പാദ്രേപിയോ ആണ് തുറന്നത്.
പൂട്ടിക്കിടന്ന ചാപ്പലില്‍ ഈ സന്യാസിക്കെങ്ങനെ പ്രവേശിക്കാന്‍ കഴിഞ്ഞു? വിശുദ്ധന്‍ സന്യാസിയെ ചാപ്പലിന് പുറത്തേക്ക് വിളിച്ചു. ആരാണ്, എങ്ങനെ ചാപ്പലില്‍ കയറി?
നിശബ്ദനായി നിന്നശേഷം സന്യാസി പറഞ്ഞു: ‘അനേക വര്‍ഷങ്ങള്‍ക്കുമുമ്പ്-കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ആശ്രമത്തില്‍ ജീവിച്ചിരുന്ന സന്യാസിയാണ് ഞാന്‍. അക്കാലയളവില്‍ ഈ ചാപ്പലിന്‍റെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ എനിക്കും അവസരം ലഭിച്ചിരുന്നു. ചാപ്പല്‍ വൃത്തിയാക്കുമ്പോഴും അള്‍ത്താര അലങ്കരിക്കുമ്പോഴും മറ്റു ക്രമീകരണങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം അനേകതവണ ചാപ്പലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടി വരുമല്ലോ. സ്ഥിരമായി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പരിശുദ്ധനായ ദൈവത്തിന്‍റെ ഈ ആലയത്തിനോ ഇവിടെ വസിക്കുന്ന സര്‍വശക്തനായ ദൈവത്തിനോ വേണ്ടത്ര ആദരവോ ആരാധനയോ നല്കാന്‍ ഞാന്‍ ശ്രദ്ധിച്ചില്ല. സക്രാരിയില്‍ വസിക്കുന്ന ദിവ്യകാരുണ്യ ഈശോയെ ഞാന്‍ ആദരിക്കാതെ നിസാരമാക്കി. ചാപ്പലിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ കുമ്പിടുകയോ വണങ്ങുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. മറ്റേതൊരു സ്ഥലത്തെന്നതുപോലെ സാധാരണമായി പെരുമാറി. എന്‍റെ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നുമാത്രമായിരുന്നു എന്‍റെ ചിന്ത.
ഇപ്പോള്‍ ഞാന്‍ ശുദ്ധീകരണസ്ഥലത്താണ്. സ്‌നേഹസമ്പന്നനും പരമപരിശുദ്ധനും മഹത്വപൂര്‍ണനുമായ ദൈവത്തിന് അര്‍ഹമായ മഹത്വവും ആരാധനയും ആദരവും നല്കാതെ നിസാരമാക്കിയതിന് ഞാനിവിടെ പരിഹാരം ചെയ്യുകയാണ്. ഞാന്‍ മരിച്ചിട്ട് അനേക വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും എന്‍റെ ശുദ്ധീകരണം പൂര്‍ത്തിയായിട്ടില്ല. നിങ്ങള്‍ക്കു കാണാന്‍ കഴിയില്ലെങ്കിലും എന്നെ ശുദ്ധിചെയ്തുകൊണ്ടിരിക്കുന്ന തീവ്രമായ അഗ്നിയില്‍ത്തന്നെയാണ് ഞാനിപ്പോഴും.’
സ്തബ്ധനായി നിന്ന പാദ്രേയോട് സന്യാസി തുടര്‍ന്നു. എനിക്ക് മഹത്വമായി മാറേണ്ടിയിരുന്ന കാര്യങ്ങളാണ് ശിക്ഷാകരമാക്കി ഞാന്‍ മാറ്റിയത്. ദിവ്യകാരുണ്യത്തില്‍ സര്‍വമഹത്വത്തോടെ വസിക്കുന്ന സര്‍വശക്തനായ ദൈവത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും വണങ്ങുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണ്. നമ്മുടെ കടമ നിര്‍വഹിക്കുമ്പോള്‍പോലും അവിടുന്ന് നമ്മെ അനുഗ്രഹിക്കുന്നുണ്ട്. അതായത്, നാം ഓരോ പ്രാവശ്യവും ദൈവതിരുമുമ്പില്‍ സ്‌നേഹത്തോടും ആദരവോടും കുമ്പിടുമ്പോള്‍ അവിടുന്ന് സ്‌നേഹവാത്സല്യങ്ങളോടെ നമ്മെ അനുഗ്രഹിക്കുകയും അവിടുത്തെ മഹത്വം നമ്മിലേക്ക് പകരുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ത്തന്നെ സ്വര്‍ഗത്തില്‍ വലിയ പ്രതിഫലം നമുക്കായി നിക്ഷേപിക്കപ്പെടും. പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും നിത്യതയില്‍ നമുക്കത് വ്യക്തമാകും. കൂടാതെ, നമ്മുടെ പാപകടങ്ങള്‍ അവിടുന്ന് കനിഞ്ഞ് പൊറുക്കുകയും ചെയ്യുന്നു.
സൗജന്യമായി ലഭിക്കേണ്ട അവിടുത്തെ അനുഗ്രഹങ്ങളും എനിക്കായി കരുതിവച്ചിരുന്ന മഹത്വവും പാപമോചനവും, അവിടുത്തെ ആദരിക്കാതിരുന്നതുമൂലം ഞാന്‍ നിരാകരിച്ചു. മാത്രമല്ല, അത്യുന്നതമായ ആദരം അര്‍ഹിക്കുന്ന അവിടുത്തെ അനാദരിച്ച്, നിന്ദിച്ച്, അവഗണിച്ചുകൊണ്ട് ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ വലിയ തിന്മ പ്രവര്‍ത്തിക്കുകയും ചെയ്തു. ഞാന്‍ എന്‍റെ സുപ്പീരിയറിനു കൊടുത്ത ബഹുമാനംപോലും ദൈവത്തിന് നല്കാതെ പോയി. എന്‍റെ പാപകടങ്ങളുടെ പരിഹാരമായിത്തീരേണ്ടിയിരുന്നത് അനാസ്ഥമൂലം ഞാന്‍ പാപമാക്കിമാറ്റി. അതിനാല്‍ പിതാവേ, അങ്ങ് എനിക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമോ? എത്രയുംവേഗം വിശുദ്ധീകരണം പൂര്‍ത്തിയാക്കി ഈ തീക്കുണ്ഠത്തില്‍നിന്നും രക്ഷപ്പെട്ട് സ്‌നേഹമായ ദൈവത്തില്‍ എത്തിച്ചേരാന്‍ എന്നെ സഹായിക്കണമേ.’
ശ്വാസംവിടാതെ എല്ലാം കേട്ടുനിന്ന പാദ്രേ പറഞ്ഞു: ‘ഞാന്‍ അങ്ങേയ്ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം.’
തിരുവചനം ഓര്‍മിപ്പിക്കുന്നു, ‘ഓരോരുത്തര്‍ക്കും അവകാശപ്പെട്ടത് കൊടുക്കുവിന്,.. ആദരം അര്‍ഹിക്കുന്നവന് ആദരം, ബഹുമാനം അര്‍ഹിക്കുന്നവന് ബഹുമാനം’ (റോമാ 13/7).
തിരുസഭ ശക്തവും വ്യക്തവുമായി പഠിപ്പിക്കുന്നു, പരിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തു പൂര്‍ണമായും വസിക്കുന്നു. തന്മൂലം ഏറ്റവും പരിശുദ്ധവും വണക്കത്തിനും ആരാധനയ്ക്കും ബഹുമാനത്തിനും യോഗ്യവുമായ ദിവ്യകാരുണ്യത്തോട് അത്യുന്നതമായ ആദരവും ആരാധനയും ബഹുമാനവും ഉണ്ടായിരിക്കണം. ഉന്നതമായ ഭക്ത്യാദരവുകളോടെ മാത്രമേ പരിശുദ്ധ കുര്‍ബാനയെ സമീപിക്കാവൂ; അത് പ്രവൃത്തികളിലും പെരുമാറ്റത്തിലൂം പ്രകടമായിരിക്കുകയും വേണം.
ദൈവസന്നിധിയില്‍ അശ്രദ്ധമായ പെരുമാറ്റവും പ്രവര്‍ത്തനരീതികളും അനാദരവുകളും അനാസ്ഥകളും അവഗണനയും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. കാനന്‍ നിയമവും വത്തിക്കാന്‍ കൗണ്‍സിലും കാലാകാലങ്ങളില്‍ മാര്‍പാപ്പാമാരുടെ പ്രബോധനങ്ങളുമെല്ലാം ഇക്കാര്യങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്. ദിവ്യകാരുണ്യത്തിന് എതിരായി, അഥവാ ക്രിസ്തുവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ ചെയ്യുന്ന എല്ലാ പാപങ്ങളും അതീവ ഗൗരവതരമാണ് എന്ന് മതബോധനഗ്രന്ഥവും (Catechism of the Catholic Church 2120) പഠിപ്പിക്കുന്നു.
അതിനാല്‍, നിരന്തരം ദൈവാലയങ്ങളില്‍ വ്യാപരിക്കുന്നവരും അല്ലാത്തവരും ദൈവമായ കര്‍ത്താവ് 1സാമുവല്‍ 2/30-ല്‍ പറയുന്നത് സദാ ഓര്‍മയില്‍ സൂക്ഷിക്കണം: ”എന്നെ ആദരിക്കുന്നവനെ ഞാനും ആദരിക്കും; എന്നെ നിന്ദിക്കുന്നവന്‍ നിന്ദിക്കപ്പെടും.”
നമുക്ക് കര്‍ത്താവിനെ ആദരിക്കുന്നവരും കര്‍ത്താവിനാല്‍ ആദരിക്കപ്പെടുന്നവരുമാകാം. അപ്രകാരം ഇവിടെയും സ്വര്‍ഗത്തിലും അവിടുത്തെ മഹത്വത്തിനും സമ്മാനത്തിനും അവകാശികളായിത്തീരട്ടെ.
പ്രൊവിന്‍ഷ്യാള്‍, ലാസലെറ്റ് മാതാ ഇന്ത്യന്‍ പ്രൊവിന്‍സ്
അന്ന് ശാലോം നൈറ്റ് വിജില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് നില്‍ക്കവേ ഒരു സഹോദരന്‍ എന്നെ സമീപിച്ചു: ”അച്ചന്‍ രാത്രിതന്നെ പോകുമോ അതോ നാളെ രാവിലെയാണോ?”
പിറ്റേന്നാണ് പോകുന്നത് എന്ന് കേട്ടപ്പോള്‍ വിരോധമില്ലെങ്കില്‍ എന്നെ ബസ് സ്റ്റോപ്പില്‍ ഇറക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് രാവിലെ ഒന്നിച്ച് യാത്രയാരംഭിച്ചത്.
യാത്രയ്ക്കിടയില്‍ അദ്ദേഹം മനസ് തുറന്നു:
”’എന്‍റെ പേര് തോമസ്. വയനാട്ടിലെ തലപ്പുഴ ഇടവകക്കാരനാണ്. സര്‍ക്കാര്‍ ജോലിയുണ്ട്. ഭാര്യയും മക്കളുമായി സന്തോഷത്തോടെ കഴിയുന്നു. അച്ചന്‍ വയനാട്ടിലെ ലാസലെറ്റ് ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഏകദിന ശുശ്രൂഷകള്‍ക്ക് മുടങ്ങാതെ പങ്കെടുത്തിരുന്ന വ്യക്തിയാണ്.”’
അദ്ദേഹമത് പറഞ്ഞപ്പോഴാണ് എനിക്ക് ആളെ കൂടുതല്‍ മനസിലായത്.
അദ്ദേഹം തന്‍റെ ജീവിതകഥ തുടര്‍ന്നു, ”അച്ചനറിയുമോ, സ്ഥിരമായി ശാലോം മാസിക വായിച്ചു കൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. കോവിഡ് കാലത്ത് മാസിക ലഭിക്കാതിരുന്നപ്പോള്‍ മനസ് വല്ലാതെ വിഷമിച്ചു. ജീവിതത്തില്‍നിന്ന് ദൈവാനുഗ്രഹം ചോര്‍ന്നു പോകുന്നതു പോലെ തോന്നി. ഉള്ളില്‍ നിന്നും ലഭിച്ച പ്രചോദനത്താല്‍ ആ പ്രദേശത്ത് ശാലോം മാസിക വിതരണം ചെയ്യുന്ന വ്യക്തിക്ക് ഫോണ്‍ ചെയ്തു.
‘ഞാന്‍ രോഗബാധിതനാണ്. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ വീടുവരെ വരാമോ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പലര്‍ക്കും കൊടുക്കാനുള്ള മാസികകളെല്ലാം കെട്ടഴിക്കാതെ വീട്ടിലിരിപ്പുണ്ട് എന്നും പറഞ്ഞു.’
പറഞ്ഞപ്രകാരം ചെന്ന് കണ്ടെങ്കിലും അധികം സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അന്ന് അദ്ദേഹം. പക്ഷേ ഞാന്‍ അദ്ദേഹത്തിന്‍റെ ശുശ്രൂഷ ഏറ്റെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നെ വീണ്ടും കാണാമെന്ന് പറഞ്ഞ് ഞാന്‍ മടങ്ങി. പിന്നീടറിയുന്നത് അദ്ദേഹം നിത്യതയിലേക്ക് പ്രവേശിച്ചു എന്ന വാര്‍ത്തയാണ്.
എന്തായാലും ദൈവാത്മാവിന്‍റെ പ്രേരണയാല്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ഭാര്യയില്‍നിന്നും മാസിക വരുത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ക്ക് വരിക്കാരെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.
എന്തായാലും അന്വേഷണം തുടര്‍ന്നു. പെരുവണ്ണാമൂഴിയിലെ ശാലോം ഓഫീസിലേക്ക് വിളിച്ചപ്പോള്‍ വരിക്കാരായ ഏതാനും പേരുടെ ഫോണ്‍ നമ്പര്‍ അവര്‍ തന്നു. ആ നമ്പറില്‍നിന്നും മറ്റുള്ളവരെക്കൂടി കണ്ടെത്തി.
അങ്ങനെയാണ് ഇടവകയില്‍ ഞാന്‍ മാസികയുടെ വിതരണ ശുശ്രൂഷ ആരംഭിക്കുന്നത്. 25 പേര്‍ക്ക് അവരുടെ വീടുകളില്‍ മാസിക എത്തിച്ചു. പിന്നീടത് അമ്പതായി, നൂറായി. ഇപ്പോള്‍ ഇരുന്നൂറ്റിയമ്പതില്‍ പരം വ്യക്തികളിലേക്ക് എല്ലാ മാസവും ശാലോം മാസിക എത്തിക്കാന്‍ കഴിയുന്നുണ്ട്. മാത്രമല്ല എന്‍റെ ഇടവക ഇന്ന് സമ്പൂര്‍ണ്ണ ശാലോം ഇടവകയാണ്.
അച്ചനറിയുമോ, ഇങ്ങനെയൊരു ശുശ്രൂഷയിലേക്ക്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എന്നെ ദൈവം ഉയര്‍ത്തുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. ദൈവത്തിന് എന്നെക്കുറിച്ച് ഇങ്ങനെയും ഒരു പദ്ധതിയുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാസിക ഓരോ വ്യക്തികള്‍ക്ക് കൊടുക്കുമ്പോഴും അത് സ്വീകരിക്കുന്ന വ്യക്തിക്കും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. അക്രൈസ്തവര്‍ക്കും ഞാന്‍ മാസിക നല്‍കുന്നു. നിനക്കൊന്നും വേറൊരു പണിയുമില്ലേ എന്ന് ചോദിച്ചത് ചില ക്രൈസ്തവരാണെന്നത് വേദനാജനകം.
ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതിന്‍റെ പേരില്‍ ജോലിസ്ഥലത്തുപോലും അവഗണനകളും കുത്തുവാക്കുകളും ഏറ്റിട്ടുണ്ട്. എന്നാല്‍ ഓരോ ദിവസവും അവയെല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. അപ്പോള്‍ ലഭിക്കുന്ന ആനന്ദം എത്ര വലുതാണെന്ന് വര്‍ണ്ണിക്കാനാകില്ല. ഞാനുമെന്‍റെ ഭാര്യയും അനുദിനം അല്പസമയമെങ്കിലും ഒരുമിച്ച് പ്രാര്‍ത്ഥിക്കും. കൂടാതെ എന്നും ബൈബിള്‍ വായിക്കാനും സമയം കണ്ടെത്തും. ദൈവത്തോട് സങ്കടങ്ങളും പരിഭവങ്ങളും ഏറ്റുപറയുമ്പോള്‍ മനസ് ശാന്തമാകും. എന്‍റെ കാര്യങ്ങള്‍ എല്ലാം യഥാസമയം ക്രമീകരിക്കുന്ന ആ ദൈവത്തെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ചെറിയ ശ്രമമെങ്കിലും നടത്തിയില്ലെങ്കില്‍ എന്‍റെ വിശ്വാസത്തിന് എന്തര്‍ത്ഥമാണുള്ളത്?”’
ദൈവരാജ്യ ശുശ്രൂഷയിലുള്ള ഇദ്ദേഹത്തിന്‍റെ തീക്ഷ്ണതയും ബോധ്യവും എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു.
നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിനെ ഇഷ്ടമാണ്. ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും ദൈവാലയത്തില്‍ പോകാനും താത്പര്യമുണ്ട്. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് ദൈവരാജ്യ പ്രഘോഷണത്തിനുവേണ്ടി ചെറിയ കാര്യങ്ങള്‍പോലും ചെയ്യാന്‍ പലപ്പോഴും കഴിയുന്നില്ലെന്നത് വാസ്തവമല്ലേ? അതിനായി ചെറിയ സഹനങ്ങളും അവഹേളനങ്ങളും ഏറ്റെടുക്കാനും നമ്മള്‍ ഒരുക്കമല്ല. ഇവിടെയാണ് ക്രിസ്തുമൊഴികള്‍ക്ക് മൂര്‍ച്ചയേറുന്നത്: ”മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും” (മത്തായി 10/32-33).
ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാത്ത ക്രിസ്തുവിശ്വാസികളാകാന്‍ നമുക്കും പരിശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതവും അനുഗ്രഹപ്രദമാകും.
അന്ന്, സന്ദര്‍ശനമുറിയുടെ ഉത്തരവാദിത്വം എനിക്കായിരുന്നു. കോളിംഗ് ബെല്‍ മുഴങ്ങുന്ന ശബ്ദംകേട്ട് ആരെന്നറിയാന്‍ ചെന്നപ്പോള്‍, മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു യുവാവ്. ഞാന്‍ കാര്യം തിരക്കി. ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട്, മറ്റേ കണ്ണിന്‍റെ അല്‍പം കാഴ്ചയുമായിട്ടാണയാള്‍ നില്‍ക്കുന്നത്. ”അച്ചോ, വായിക്കാന്‍ എനിക്കൊരു ബൈബിള്‍ തരാമോ?”
”അതിനെന്താ തരാമല്ലോ’ ഞാന്‍ മറുപടി പറഞ്ഞു. ”അയ്യോ അച്ചാ, എനിക്ക്, അന്ധര്‍ക്കു വായിക്കാന്‍ പ്രത്യേകം തയാറാക്കിയ, അക്ഷരങ്ങള്‍ തൊട്ടുതൊട്ടു വായിക്കാന്‍ കഴിയുന്ന ബൈബിള്‍ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ?” അയാള്‍ ചോദിച്ചു. ലോട്ടറിവില്‍പന നടത്തുന്ന ആ ചെറുപ്പക്കാരന് അത്തരമൊരു ബൈബിള്‍ വാങ്ങാന്‍ പണമില്ല. എറണാകുളത്തെവിടെയോ ആണ് ലഭിക്കുക!
സഹായിക്കാമോ’ അയാള്‍ ദയനീയമായി എന്നോടു ചോദിച്ചു. ഇതുപോലൊരു ബൈബിള്‍ എവിടെ ലഭിക്കും? ഞാന്‍ ഇന്റര്‍നെറ്റില്‍ തപ്പി, അടുത്തുള്ള ഡിവൈന്‍ ബുക്ക്‌ഷോപ്പില്‍ വിളിച്ചന്വേഷിച്ചു. വില കൂടുതല്‍ ആതിനാലും ആവശ്യക്കാര്‍ കുറവായതിനാലും അത്തരം ബൈബിള്‍ കിട്ടാനില്ലായിരുന്നു. ഒടുവില്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന ആ ചെറുപ്പക്കാരനോട് ‘ഇല്ല’ എന്നു പറയാന്‍ എനിക്ക് മനസുവന്നില്ല. അന്ന് പാവങ്ങളെ സഹായിക്കാനുള്ള പണം മുഴുവന്‍ നല്‍കി, ബൈബിള്‍ വാങ്ങാനുള്ള പണം അയാള്‍ക്ക് തയാറാക്കിക്കൊടുത്തു. വലിയൊരു നിധി കിട്ടിയതുപോലൊരു സന്തോഷം ആ മുഖത്ത് ഞാന്‍ കണ്ടു.
”അച്ചാ, ഒരുപാട് നന്ദി. ഞാന്‍ എന്നും വചനം കേള്‍ക്കാറുണ്ട്, ഈശോയെ കൂടുതല്‍ അനുഭവിക്കാറുണ്ട്, അച്ചനുവേണ്ടിയും പ്രാര്‍ത്ഥിക്കാം കേട്ടോ.” അയാള്‍ സന്തോഷം അടക്കാന്‍ കഴിയാതെ പറഞ്ഞു. പോകാന്‍ തുനിയുന്ന ആ യുവാവിനോട് എനിക്കുവേണ്ടി ഒരു വചനം പറയാമോ എന്ന് ഞാന്‍ ചോദിച്ചു. ‘അതിനെന്താ, അയാള്‍ രണ്ടു കണ്ണും അടച്ച് ഏശയ്യാ 45/2 ,3 എനിക്കുവേണ്ടി ഉരുവിട്ടു. ”ഞാന്‍ നിനക്കുമുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്കു തരും.” ഈ വചനം പല ആവര്‍ത്തി കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആ വാക്കുകള്‍ അന്ന് എന്തോ എന്നെ വല്ലാതെ സ്പര്‍ശിക്കുന്നതുപോലെ തോന്നി. ”ദൈവം നമുക്കുമുമ്പേ പോയി നമുക്ക് വേണ്ടതൊക്കെ ചെയ്തുതരും അച്ചോ” അയാള്‍ എന്നെ നോക്കിപ്പറഞ്ഞു. ഞാന്‍ നിശബ്ദനായി തലയാട്ടി നിന്നു. വീണ്ടും നന്ദിപറഞ്ഞ് അയാള്‍ മെല്ലെ നടന്നകന്നു.
വാസ്തവത്തില്‍ ‘നല്ല കാഴ്ച’യുണ്ട് അയാള്‍ക്കെന്ന് തോന്നി. യഥാര്‍ത്ഥത്തില്‍ വചനം ജീവിക്കുന്ന അയാളെത്തന്നെ നോക്കി ഞാന്‍ അല്പനേരം അവിടെ നിന്നുപോയി. ”നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).
'ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ സമ്പൂര്‍ണ സൗഭാഗ്യാവസ്ഥയിലായിരിക്കുന്ന ദൈവത്തിന് ഭൂമിയില്‍ പിടയുന്ന മനുഷ്യമനസിന്‍റെ വേദനകള്‍ മനസിലാക്കുവാന്‍ സാധിക്കുമോ? അവന്‍റെ രോദനങ്ങള്‍ ദൈവം ചെവിക്കൊള്ളുന്നുണ്ടോ? പലരുടെയും മനസില്‍ ഉയരുന്ന സംശയങ്ങളാണിവയെല്ലാം. കണ്ണുകാണാത്ത, ചെവി കേള്‍ക്കാത്ത വെറും കളിമണ്‍പ്രതിമകളാണ് ഈശ്വരരൂപങ്ങളെന്ന് നിരീശ്വരവാദികള്‍ പരിഹസിക്കുന്നു. എവിടെയാണ് സത്യം?
ദൈവം ജീവനുള്ളവനാണ്. കാരണം അവിടുന്ന് മനുഷ്യനോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. തന്‍റെ കണ്ണുകളും കാതുകളും തുറന്നവയാണെന്ന് അവിടുന്നുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏശയ്യായുടെ പ്രവചനഗ്രന്ഥത്തില്‍ ഇപ്രകാരം അവിടുന്ന് പറയുന്നു: ”നിന്‍റെ പ്രാര്‍ത്ഥന ഞാന്‍ ശ്രവിച്ചിരിക്കുന്നു. നിന്‍റെ കണ്ണുനീര്‍ ഞാന്‍ ദര്‍ശിച്ചു” (ഏശയ്യാ 38/5). ഹെസക്കിയാ രാജാവിനോടാണ് ഇത് പറയപ്പെടുന്നത്. മാരകരോഗത്തിന് അടിമയായ ഹെസക്കിയാ മരണത്തിന്‍റെ വക്കിലെത്തി. ”നീ മരിക്കും, സുഖം പ്രാപിക്കുകയില്ല’ എന്ന സന്ദേശം പ്രവാചകനിലൂടെ ദൈവം രാജാവിന് നല്‍കി. ഹൃദയം തകര്‍ന്നുപോയി ഹെസക്കിയാ രാജാവിന്‍റെ. മരണവാര്‍ത്ത ആരെയാണ് ഭയപ്പെടുത്താത്തത്? എന്നാല്‍ അദ്ദേഹം നിരാശയ്ക്ക് അടിമയായില്ല. മറിച്ച് അദ്ദേഹം ദൈവത്തിന്‍റെ കരുണയില്‍ കൂടുതല്‍ ശരണപ്പെട്ടു. വേദനയോടെ കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ദൈവം മനസലിയുമെന്നും അവിടുന്ന് തന്‍റെ തീരുമാനം മാറ്റുമെന്നും ഹെസക്കിയാ മനസിലാക്കിയിരുന്നു.
എന്താണ് അദ്ദേഹം ചെയ്തത് എന്നറിയാമോ? ആശ്വാസത്തിനായി കൊട്ടാരത്തിലെ ഉപദേശകരുടെ നേരേ അദ്ദേഹം തിരിഞ്ഞില്ല. പ്രത്യുത ഈ വിപല്‍സന്ധിയില്‍ ദൈവത്തിലേക്കുമാത്രം തിരിഞ്ഞു. അദ്ദേഹം വെറുതെ പ്രാര്‍ത്ഥിക്കുകയല്ല ചെയ്തത്, ഹൃദയം നൊന്ത്, കണ്ണീരോടെ ദൈവസന്നിധിയില്‍ നിലവിളിച്ചു. തന്‍റെ കണ്ണീര്‍ മറ്റാരും കാണാതിരിക്കാന്‍ രാജാവ് ചുമരിന് നേരേ തിരിഞ്ഞ് കിടന്നാണ് പ്രാര്‍ത്ഥിച്ചത്. ആ നിലവിളി ദൈവസന്നിധിയിലെത്തി. ദൈവം ഉടന്‍ ഉത്തരം നല്‍കി. ”ഇതാ, നിന്‍റെ ആയുസ് പതിനഞ്ചു വര്‍ഷംകൂടി ഞാന്‍ ദീര്‍ഘിപ്പിക്കും” (ഏശയ്യാ 38/5).
കഷ്ടതകള്‍ പ്രളയജലംപോലെ കരകവിഞ്ഞ് ഒഴുകുന്ന നിമിഷങ്ങളില്‍ നാം ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം നമുക്ക് അഭയമായി, ഉറപ്പുള്ള പാറയായി ഒരു ദൈവമുണ്ട്. സങ്കീര്‍ത്തകന്‍ ഇപ്രകാരം പറയുന്നു: ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്” (സങ്കീര്‍ത്തനങ്ങള്‍ 46/1). നമ്മെ പിടിച്ചുലയ്ക്കുന്ന അതിശക്തമായ പ്രകൃതിക്ഷോഭങ്ങളോ സമാനങ്ങളായ അനുഭവങ്ങളോ ഉണ്ടായാലും ചഞ്ചലചിത്തരാകേണ്ട കാര്യമില്ല. ”ഭൂമി ഇളകിയാലും പര്‍വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 46/2). ഈ ദൈവത്തില്‍ അഭയം കണ്ടെത്തുന്നവര്‍ ഭാഗ്യവാന്മാര്‍. അവിടുന്ന് വലിയ കാര്യങ്ങളില്‍ മാത്രമല്ല, വളരെ നിസാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാവുന്ന കാര്യങ്ങളില്‍പ്പോലും ശ്രദ്ധിക്കുന്ന ഒരു ദൈവംതന്നെയാണ്. എന്‍റെ ഒരു അനുഭവം കുറിക്കട്ടെ.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഒരു ദിവസം നല്ല ശാരീരികക്ഷീണം തോന്നിയതുകൊണ്ട് ഒരു ദിവസം വീട്ടില്‍ വിശ്രമിക്കാമെന്ന് കരുതി. ഉച്ചവരെ വിശ്രമിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് അല്പനേരത്തെ വിശ്രമത്തിനുശേഷം പ്രാര്‍ത്ഥനയ്ക്കായി എഴുന്നേറ്റപ്പോള്‍ കണ്ടത് ഭാര്യ മേരിക്കുട്ടി കിടക്കുന്നതാണ്. എന്താണ് പറ്റിയത് എന്ന് ഞാന്‍ ചോദിച്ചു. കാരണം അങ്ങനെ ദീര്‍ഘസമയം കിടക്കുന്ന സ്വഭാവം ഉള്ള ആളല്ല. ഗ്യാസ് കുടുങ്ങിയതുകൊണ്ടുള്ള അസ്വസ്ഥതയാണെന്ന് പറഞ്ഞു. ഇടയ്ക്ക് അങ്ങനെ വരാറുള്ളതാണ്. പണി പാളിയല്ലോ എന്നു ഞാന്‍ വിചാരിച്ചു. ശുശ്രൂഷിക്കപ്പെടുവാന്‍ കിടന്ന ഞാന്‍ ശുശ്രൂഷിക്കേണ്ട ഒരു സാഹചര്യം. വേഗം അതിനുള്ള പതിവു മരുന്നുകള്‍ നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദി തുടങ്ങി. ഞാന്‍ അടുക്കളയില്‍പോയി നോക്കി. ദൈവാനുഗ്രഹം! കഞ്ഞിക്കലത്തിന്‍റെ മൂട്ടില്‍ അല്പം ചോറുണ്ട്. ഞാന്‍ അത് ചൂടാക്കി മിക്‌സിയില്‍ ഇട്ട് അടിച്ച് ഉപ്പുചേര്‍ത്ത് നല്‍കി. ഇങ്ങനെ പല പ്രാവശ്യം നല്‍കി. അസ്വസ്ഥതകള്‍ കുറഞ്ഞു, ശാന്തമായി ഉറങ്ങുവാന്‍ തുടങ്ങി.
ഏകദേശം എട്ടുമണിയായി. വെള്ളിയാഴ്ച ആയതിനാല്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല. അടുക്കള ബന്ദാണ്. എന്തുചെയ്യും? ഹോട്ടലില്‍ പോയാല്‍ പൊറോട്ടയോ ചപ്പാത്തിയോ മാത്രമേ കിട്ടുകയുള്ളൂ. ചെറിയ കറിയാണെങ്കിലും അല്പം ചോറുണ്ണണമെന്നാണ് ആഗ്രഹം. ഭക്ഷണം പാകംചെയ്യാനുള്ള ആരോഗ്യവുമില്ല. അടുത്ത വീടുകളില്‍ ഈ സമയത്ത് ചെന്നാല്‍ ചോറുണ്ണാന്‍ വന്നതാണെന്ന് അവര്‍ വിചാരിക്കും. ഒരു കാര്യം ചെയ്യാം, ക്ഷീണമാണെങ്കിലും അല്പം ദൂരെയുള്ള അനിയന്‍റെ വീട്ടില്‍ പോകാം. ഞാന്‍ ഫോണ്‍ വിളിച്ചു, കാര്യം പറഞ്ഞു. അനിയന്‍റെ മറുപടി എനിക്ക് സന്തോഷം നല്‍കി. ‘എനിക്ക് ചക്കിട്ടപാറയ്ക്ക് വരേണ്ട ആവശ്യമുണ്ട്. കുടുംബകൂട്ടായ്മയ്ക്ക് വികാരിയച്ചന്‍ വന്നിട്ടുണ്ട്.
അച്ചനെ തിരിച്ചുകൊണ്ടുവിടാന്‍ വരുമ്പോള്‍ ഞാന്‍ ചോറും കറിയുമായി എത്തിയേക്കാം.’ ഏകദേശം ഒമ്പതുമണിയായപ്പോള്‍ ബെല്ലടിച്ചു. ഇതാ സമൃദ്ധമായ ചോറും കറിയും മുമ്പില്‍! ഒരു കാര്യം എനിക്ക് ബോധ്യമായി കാക്കകളെ വിട്ട് ഏലിയായ്ക്ക് കാലത്തും വൈകിട്ടും അപ്പവും മാംസവും കൊടുത്ത ദൈവം (1 രാജാക്കന്മാര്‍ 17/6) ചരിത്രത്തില്‍ ഉറങ്ങുന്ന ഒരു ദൈവമല്ല. അവിടുന്ന് ഇന്ന് ചക്കിട്ടപാറയിലും ജീവിക്കുന്നു,
പ്രവര്‍ത്തിക്കുന്നു. തന്നിലേക്ക് മുഖമുയര്‍ത്തുന്നവരുടെ ചെറിയ ആവശ്യങ്ങള്‍പോലും നിറവേറ്റുന്നു.
ആ ദൈവത്തിന്‍റെ മുമ്പില്‍ നമ്മുടെ ജീവിതത്തെ ഇപ്പോള്‍ നല്‍കി പ്രാര്‍ത്ഥിക്കാം:
പിതാവേ, അങ്ങ് ജീവിക്കുന്ന ദൈവമാണല്ലോ. അങ്ങയെ സംശയിച്ചുപോയ നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ മാപ്പു ചോദിക്കുന്നു. അങ്ങയുടെ തിരുമുഖം എന്നും എനിക്ക് വെളിപ്പെടുത്തിത്തരണമേയെന്നുമാത്രം ഞാന്‍ അപേക്ഷിക്കുന്നു. അങ്ങയുടെ ചിറകിന്‍റെ നിഴലില്‍ എന്നെ നിരന്തരം സൂക്ഷിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
1940-ലെ ജൂണ്‍ മാസം. നാസിപ്പടയുടെ കണ്ണുവെട്ടിച്ച് ജര്‍മനിയില്‍നിന്ന് പോര്‍ച്ചുഗലിലേക്ക് കടക്കാനായി ഓടുന്ന ജൂതന്മാരുടെ സംഘങ്ങള്‍ ഫ്രാന്‍സിലെ ബോര്‍ഡോ നഗരത്തില്‍ ധാരാളമുള്ള സമയം. ഒരു ജൂതനും പോര്‍ച്ചുഗലിലേക്ക് കടക്കാനുള്ള താത്ക്കാലിക അനുമതി കൊടുക്കരുതെന്ന സന്ദേശം നഗരത്തിലെ പോര്‍ച്ചുഗല്‍ പ്രതിനിധിയായ കോണ്‍സുല്‍ ജനറല്‍ മെന്‍ഡസിന് ലഭിച്ചു. പോര്‍ച്ചുഗീസ് വംശജനായ അരിസ്റ്റൈഡിസ് ഡിസൂസ മെന്‍ഡസ് എന്ന ആ കോണ്‍സുല്‍ ജനറലിന്‍റെ ഓഫീസിലേക്കാണ് പോര്‍ച്ചുഗലിലേക്കു കടക്കാനുള്ള താത്കാലിക അനുമതിക്കായി ജൂതര്‍ വന്നുകൊണ്ടിരുന്നത്. നാസികള്‍ക്ക് പിടികൊടുത്താല്‍ അത് മരണമാണെന്നവര്‍ക്കറിയാം. അതിനാല്‍ത്തന്നെ രക്ഷപ്പെടാനുള്ള വഴിയായിരുന്നു പോര്‍ച്ചുഗലിലേക്ക് കടക്കുക എന്നത്.
അധികാരികളെ അനുസരിക്കണോ അതോ ജൂതന്മാര്‍ക്ക് പ്രവേശനാനുമതി കൊടുക്കണോ എന്ന ആശയക്കുഴപ്പത്തില്‍ അയാള്‍ കയറിയത് ഒരു ദൈവാലയത്തിലേക്കാണ്. പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ആ ദൈവാലയത്തിലെ അള്‍ത്താരക്ക് മുന്‍പില്‍ അയാള്‍ മുട്ടുകുത്തി കൈകൂപ്പി. ആ നിശബ്ദതയില്‍ താന്‍ എന്തുചെയ്യണമെന്ന ദൈവികബോധ്യം അയാളില്‍ നിറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെയാണ് അവിടെനിന്ന് എഴുന്നേറ്റത്. തന്നെ കാത്തിരിക്കുന്നത് ഒരുപക്ഷേ വലിയ പ്രതിസന്ധികളായിരിക്കുമെന്ന ചിന്തയോടെതന്നെ…
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ അകപ്പെടുക എന്ന അപകടം ഒഴിവാക്കാന്‍ രേഖകളുമായി അനുമതിപത്രത്തില്‍ ഒപ്പിടുവിക്കാന്‍ ഏറെപ്പേര്‍ തിക്കിത്തിരക്കി കാത്തിരുന്നു. അവര്‍ക്കുവേണ്ടി 1940 ജൂണ്‍ 16 മുതല്‍ മൂന്നാഴ്ചത്തേക്ക് രാത്രിയും പകലും അയാള്‍ ജോലി ചെയ്തു. ആളുകളുടെ ബാഹുല്യം കൊണ്ട് തെരുവില്‍ നിന്നുപോലും വിസവിതരണം ചെയ്യേണ്ടി വന്നു.
തന്‍റെ ഓഫീസ് കെട്ടിടത്തില്‍ സാധിക്കുന്നിടത്തോളം ആളുകള്‍ക്ക് അയാള്‍ കിടക്കാന്‍ ഇടം കൊടുത്തു. ജീവനുംകൊണ്ട് ഓടുകയായിരുന്ന കുറെ പാവങ്ങള്‍ക്ക് അത് വലിയൊരു ആശ്വാസമായി.
അയാള്‍ അവരോട് പറഞ്ഞു, ”ഞാന്‍ നിങ്ങളെയെല്ലാം രക്ഷിക്കാന്‍ സാധിക്കുന്നത് ചെയ്യാം. മനുഷ്യരുടെ കൂടെ നിന്ന് ദൈവത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ദൈവത്തിന്‍റെ കൂടെ നിന്ന് മനുഷ്യര്‍ക്കെതിരാവുന്നതാണ്.” ഉറച്ച കത്തോലിക്കനായിരുന്ന മെന്‍ഡസ് ചിലരോടെല്ലാം പറഞ്ഞത് ഇങ്ങനെയാണ്, ”കത്തോലിക്കനായിരുന്നിട്ടും ക്രൂരത കാണിക്കുന്ന ഹിറ്റ്‌ലറെപ്പോലെ ഒരാള്‍ നിമിത്തം ആയിരക്കണക്കിന് ജൂതന്‍മാര്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്കായി ഒരു കത്തോലിക്കന്‍ കഷ്ടപ്പെടുന്നത് നല്ലതാണ്.”
മെന്‍ഡസ് എന്ന ഒരാള്‍ കാരണം മുപ്പതിനായിരത്തോളം ജൂതന്മാര്‍ ഗ്യാസ് ചേംബര്‍ കൂട്ടക്കൊലകളില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ചരിത്രകാരനായ യെഹൂദ ബാവര്‍ പറയുന്നത് നാസി കൂട്ടക്കൊലകള്‍ക്കിടയില്‍ ഒറ്റക്കൊരു മനുഷ്യനാല്‍ ഏറ്റവുമധികം ആളുകള്‍ മോചിക്കപ്പെട്ട രക്ഷാപ്രവര്‍ത്തനം ഒരുപക്ഷേ ഇതായിരിക്കുമെന്നാണ്. 1885 ല്‍ പോര്‍ച്ചുഗലില്‍ ആണ് മെന്‍ഡ സ് ജനിച്ചത്. പല രാജ്യങ്ങളിലും പോര്‍ച്ചുഗലിനെ പ്രതിനിധാനം ചെയ്ത് ജോലി നോക്കിയതിനുശേഷം രണ്ടാം ലോകമഹായുദ്ധത്തിന്‍റെ സമയത്താണ് അദ്ദേഹം ഫ്രാന്‍സിലെ ബോര്‍ഡോയില്‍ എത്തിയത്. ജൂതന്‍മാരോട് അദ്ദേഹം കാണിച്ച അനുകമ്പ പോര്‍ച്ചുഗല്‍ അധികാരികളുടെ നിര്‍ദേശത്തിനെതിരായിരുന്നതിനാല്‍ പ്രസിഡന്റിന് അദ്ദേഹത്തിന്‍റെ പ്രവൃത്തി ക്ഷമിക്കാന്‍ കഴിയുന്നതായിരുന്നില്ല. അനുസരണക്കേടിന്‍റെയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന്‍റെയും പേരില്‍ 1941 ല്‍ നയതന്ത്ര ഉദ്യോഗത്തില്‍നിന്ന് അദ്ദേഹം പിരിച്ചുവിടപ്പെട്ടു.
പക്ഷേ ഉദ്യോഗത്തിലുള്ള അവസാന നിമിഷം വരെയും അന്ന് ദൈവാലയത്തില്‍നിന്ന് കിട്ടിയ ദൈവികപ്രചോദനത്തിന് അനുസൃതമായിത്തന്നെ മെന്‍ഡസ് പ്രവര്‍ത്തിച്ചു. ആദ്യം പോര്‍ച്ചുഗലിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും രക്ഷപ്പെടാനായി ധൃതി പിടിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് അനുമതി കൊടുക്കുന്ന രേഖകളില്‍ അദ്ദേഹം ഒപ്പ് വച്ചുകൊണ്ടിരുന്നു. ഭാര്യയും 14 മക്കളുമുണ്ടായിരുന്ന അദ്ദേഹം അതിനുശേഷം സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോയി. പക്ഷേ പെന്‍ഷന് അനുമതി നിഷേധിച്ചിരുന്നു, തനിക്ക് വശമുള്ള വക്കീല്‍ജോലി ചെയ്യാനും അനുവദിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ മെന്‍ഡസിന്‍റെ കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ വിഷമിച്ചു. അദ്ദേഹത്തിന്‍റെ മക്കളെപ്പോലും കരിമ്പട്ടികയില്‍ പെടുത്തി,
യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനോ ജോലി സമ്പാദിക്കാനോ അവരെ അനുവദിക്കുന്നില്ലായിരുന്നു. ഒരു കാലത്ത് സമ്പന്നനും ബഹുമാനിതനുമായിരുന്ന ആ മനുഷ്യന്‍ ദാരിദ്ര്യത്തില്‍, 1954-ല്‍ ഫ്രാന്‍സിസ്‌കന്‍ സഹോദരങ്ങള്‍ നടത്തിയിരുന്ന ഒരു ഭവനത്തില്‍ കിടന്നു മരിച്ചു. ഇടാന്‍ ഒരു കോട്ട് പോലുമില്ലാതെ ആശ്രമത്തിലെ ആരുടെയോ ഒരു കീറിയ ഉടുപ്പ് പൊതിഞ്ഞാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. മേലധികാരികളുടെ ആജ്ഞ ധിക്കരിച്ച് ആയിരക്കണക്കിന് ജൂതന്മാരെ രക്ഷപ്പെടുത്തിയതിന് കൊടുക്കേണ്ടിവന്ന വില!
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം 1967ല്‍ ആദ്യത്തെ അംഗീകാരം ഇസ്രായേലില്‍നിന്ന് ലഭിച്ചു. Jewish Organisation of the Holocaust അദ്ദേഹത്തെ വിശേഷിപ്പിച്ചത് രാഷ്ട്രങ്ങളില്‍വച്ച് നീതിമാനായ മനുഷ്യന്‍ (A Just man among Nations) എന്നാണ്. 1986-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്‍റെ വീരോചിതമായ പ്രവൃത്തിയെ പുകഴ്ത്തികൊണ്ട് വിജ്ഞാപനമിറക്കി. അവസാനം പോര്‍ച്ചുഗല്‍ പ്രസിഡന്റ്, ഡിസൂസ മെന്‍ഡസിന്‍റെ കുടുംബത്തോട് മാപ്പു ചോദിച്ചു, അദ്ദേഹത്തിന്‍റെ റാങ്ക് അംബാസ്സഡറിലേക്കുയര്‍ത്തി. ഇന്ന് ഏറെ രാജ്യങ്ങളുടെ സ്റ്റാമ്പുകളില്‍ അദ്ദേഹത്തിന്‍റെ മുഖമുണ്ട്.
1998-ല്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം പുറത്തിറങ്ങി. ഫ്രാന്‍സിലും പോര്‍ച്ചുഗലിലുമായി നടന്ന അനുസ്മരണച്ചടങ്ങുകളില്‍ ധൈര്യത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമായി അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെട്ടു.
അസഹിഷ്ണുതയും വംശീയതയും വംശഹത്യകളും ഒക്കെ വര്‍ദ്ധിക്കുന്ന ഈ ലോകത്തില്‍, തന്‍റെ ജീവിതംതന്നെ ബലിയായി നല്കിയ ഈ കത്തോലിക്കന്‍റെ ത്യാഗോജ്ജ്വലമാതൃകക്ക് വളരെ പ്രസക്തിയുണ്ട്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി എന്ന നിലയില്‍ അരിസ്‌റ്റൈഡിസ് ഡിസൂസ മെന്‍ഡസിന്‍റെ നിലപാടുകള്‍ വരുംതലമുറകളെയും പ്രചോദിപ്പിക്കും.
മനുഷ്യമസ്തിഷ്‌കം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ന്യൂറോണുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളാലാണ്. പതിനായിരം കോടിയലധികം വരുന്ന ന്യൂറോണുകള്‍ മസ്തിഷ്‌കത്തില്‍ പരസ്പരം ചേര്‍ന്നിരിക്കുന്നു. ഓരോ ന്യൂറോണിനും വൃക്ഷത്തിന്‍റെ ശാഖകള്‍പോലെയുള്ള ഡെന്‍ഡ്രൈറ്റുകള്‍ എന്ന ഭാഗമുണ്ട്. അതിനോടുചേര്‍ന്ന് തണ്ടുപോലെ കാണപ്പെടുന്നതാണ് ആക്‌സോണ്‍. ന്യൂറോണില്‍ ഡെന്‍ഡ്രൈറ്റിലേക്ക് വിവരങ്ങള്‍ കൈമാറുന്നത് ആക്‌സോണുകള്‍വഴിയാണ്. എന്നാല്‍ ആക്‌സോണും ഡെന്‍ഡ്രൈറ്റും ചേരുന്നയിടങ്ങളില്‍ ഒരു ചെറിയ വിടവുണ്ട്. ആ വിടവ് കടന്ന് മുന്നോട്ടുപോകാന്‍ ആവേഗങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ ആവേഗങ്ങള്‍ കൈമാറാനായി ന്യൂറോ ട്രാന്‍സ്മിറ്റേഴ്‌സ് എന്ന രാസപദാര്‍ത്ഥങ്ങള്‍ അവിടെ സന്നിഹിതമാണ്. അത്തരത്തിലുള്ള മസ്തിഷ്‌കസ്രവങ്ങളുടെ പേരാണ് എന്‍ഡോര്‍ഫിനുകള്‍. അതില്‍ ബീറ്റാ എന്‍ഡോര്‍ഫിന്‍ എന്ന സ്രവം ശക്തമായ വേദനാസംഹാരിയാണ്. ദൈവാരാധനയില്‍ സജീവമായി പങ്കുകൊള്ളുന്ന സമയത്ത് എന്‍ഡോര്‍ഫിനുകളുടെ പ്രവര്‍ത്തനം വര്‍ധിക്കുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.
'എല്ലാ മാസവും മുത്തശ്ശിയെ കാണാന്‍ അപ്പായുടെയും അമ്മയുടെയുമൊപ്പം പോകാറുണ്ട് മാര്‍ട്ടിന്‍. ട്രെയിനിലുള്ള ആ പതിവുയാത്ര ഏറെനാള്‍ തുടര്‍ന്നപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു, ”ഞാന്‍ വലുതായി, എനിക്കിപ്പോള്‍ മുത്തശ്ശിക്കടുത്തേക്ക് തനിയെ പോകാനറിയാം. അടുത്ത തവണ എന്നെ തനിയെ അയക്കണം.” മാര്‍ട്ടിന്‍റെ ആഗ്രഹവും ധൈര്യവും കണ്ടപ്പോള്‍ അമ്മയും അപ്പയും സമ്മതിച്ചു. അടുത്ത തവണത്തെ അവധിദിവസം തനിയെ യാത്രയ്‌ക്കൊരുങ്ങിയ അവനെ യാത്രയാക്കാന്‍ അപ്പയും അമ്മയും കൂടെച്ചെന്നു. അവരുടെ നിര്‍ദേശങ്ങള്‍ കേട്ടുമടുത്തപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു, ”ഇതെന്നോട് ആയിരം വട്ടം പറഞ്ഞിട്ടുള്ളതല്ലേ, ഞാന്‍ ശ്രദ്ധിച്ചോളാം.”
എങ്കിലും ട്രെയിന്‍ പുറപ്പെടുംമുമ്പ് അപ്പ അവന്‍റെ പോക്കറ്റില്‍ ഒരു തുണ്ട് പേപ്പര്‍ തിരുകിവച്ചു. എന്നിട്ട് പറഞ്ഞു, ”എന്തെങ്കിലും പ്രശ്‌നം തോന്നുകയാണെങ്കില്‍ ഇതെടുത്ത് നോക്കണം.” ശരിയെന്ന് പറഞ്ഞപ്പോഴേക്കും ട്രെയിന്‍ പുറപ്പെട്ടു. സീറ്റില്‍ മാര്‍ട്ടിന്‍ നിവര്‍ന്നിരുന്നു. ആദ്യമായി തനിയെയുള്ള യാത്ര. അവന് ഏറെ സന്തോഷവും അഭിമാനവും തോന്നി. അങ്ങനെ ഒന്ന് മയങ്ങാന്‍ തുടങ്ങിയപ്പോഴാണ് കുറച്ചുപേര്‍ കംപാര്‍ട്ട്‌മെന്റിലേക്ക് ഓടിക്കയറിയത്. അവര്‍ വല്ലാതെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. മാര്‍ട്ടിന് അല്പം അസ്വസ്ഥത തോന്നി.
അങ്ങനെയിരിക്കുമ്പോള്‍ അവരില്‍ ചിലര്‍ മാര്‍ട്ടിനെ ശ്രദ്ധിക്കുന്നത് അവന്‍ കണ്ടു. ആ കുട്ടിയുടെകൂടെ ആരുമില്ല എന്നെല്ലാമാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, മാര്‍ട്ടിന്‍ വളരെ ഭയത്തിലായി. തനിയെ യാത്ര പോരേണ്ടിയിരുന്നില്ലെന്ന് പെട്ടെന്ന് അവന് തോന്നി. അപ്പോഴാണ് അപ്പ തന്ന തുണ്ടുപേപ്പറിന്‍റെ കാര്യം അവന് ഓര്‍മ്മവന്നത്. അവന്‍ വേഗം പോക്കറ്റില്‍നിന്ന് അതെടുത്ത് വായിച്ചു, ”അപ്പ പിന്നിലെ കംപാര്‍ട്ട്‌മെന്റിലുണ്ട്!” മാര്‍ട്ടിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. വേഗംതന്നെ അവന്‍ അപ്പായുടെ അരികിലേക്ക് പോയി.
അദൃശ്യനായി അനുഭവപ്പെട്ടേക്കാമെങ്കിലും ജീവിതയാത്രയില്‍ ഏതുനേരത്തും സഹായമരുളാനായി കര്‍ത്താവ് നമ്മുടെകൂടെയുണ്ട്.
”പിതാവിന് മക്കളോടെന്നപോലെ കര്‍ത്താവിന് തന്‍റെ ഭക്തരോട് അലിവുതോന്നുന്നു” (സങ്കീര്‍ത്തനങ്ങള്‍ 103/13).
എന്‍റെ മകന്‍ യൂഹാനോന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുമായിരുന്നു. പല ഡോക്ടര്‍മാരെയും മാറിമാറി കണ്ടു. അവരെല്ലാം മൈഗ്രയ്ന്‍ ആണെന്ന് പറഞ്ഞ് മരുന്നുകള്‍ നല്‍കും. താത്കാലികമായി ആശ്വാസം ലഭിക്കും. ആദ്യമൊക്കെ മാസത്തില്‍ ഒരു തവണ വന്നിരുന്ന തലവേദന മാസത്തില്‍ രണ്ടായി. പിന്നീട് ആഴ്ചതോറും രണ്ടുദിവസം കൂടുമ്പോഴും വരാന്‍ തുടങ്ങി. തലവേദന വരുമ്പോള്‍ പ്രകാശം അടിക്കുവാനോ ശബ്ദം കേള്‍ക്കുവാനോ പാടില്ല. അങ്ങനെ പ്ലസ്ടുപഠനം മിക്കവാറും മുടങ്ങി. അയല്‍പക്കത്തുള്ള ഒരു സഹോദരി ഒറ്റമൂലി മരുന്ന് ഉണ്ടാക്കിത്തന്നു.
ആദ്യം മൂന്നുദിവസം ചെയ്തിട്ട് കുറഞ്ഞില്ലെങ്കില്‍ പിന്നെ ഏഴുദിവസം ചെയ്യണം. രണ്ടും ചെയ്തിട്ടും ഒരു ഫലവും കണ്ടില്ല. വേദനയുടെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ഞങ്ങള്‍ എല്ലാവരോടും പ്രാര്‍ത്ഥന ചോദിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ വീണ്ടും അലോപ്പതി ഡോക്ടറിനെ കണ്ടു മരുന്നു കഴിച്ചു. മരുന്നിന്‍റെ പരിധി കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലാകും. മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍പോലും ബുദ്ധിമുട്ടായി തുടങ്ങി. വേദനയുടെ കാഠിന്യത്തില്‍ മോന്‍ പറഞ്ഞു: ”ഞാന്‍ മരിച്ചുപോയാല്‍ എന്‍റെ പെട്ടിയില്‍ ഒരു മൊബൈല്‍ ഫോണ്‍ വച്ചേരേ. ഈശോ വീണ്ടും ജീവന്‍ തന്നാല്‍ നിങ്ങളെ വിളിക്കാനാ.” ഞങ്ങള്‍ തമാശയായി അവനോടു മറുപടി പറഞ്ഞെങ്കിലും ഒരു പിതാവിന്‍റെ വേദന എനിക്ക് നന്നായി അനുഭവപ്പെട്ടു.
തുടര്‍ന്ന് ഒരു ആയുര്‍വേദ ക്ലിനിക്കില്‍ പോയി. കൈയിലെ ഞരമ്പ് പിടിച്ചുനോക്കി രോഗനിര്‍ണയം നടത്തുന്ന വൈദ്യന്‍. അദ്ദേഹം രോഗനിര്‍ണയം നടത്തിയപ്പോള്‍ മൈഗ്രയ്‌നല്ല, ചെറുപ്പത്തിലേ വീഴ്ചയില്‍ തലയുടെ പുറകില്‍ ചതവു പറ്റിയതാണെന്നു പറഞ്ഞു. കണ്ണിലേക്കുള്ള ഞരമ്പുകള്‍ അവിടെനിന്നുമാണ്. പതിനഞ്ചുദിവസം കിടന്ന് ചികിത്സിക്കാതെ പറ്റില്ല. എകദേശം ഞരമ്പുകള്‍ എല്ലാംതന്നെ തളര്‍ന്നിരുന്നു. ഏറ്റവും അടുത്ത ദിവസംതന്നെ ആ ക്ലിനിക്കില്‍ പ്രവേശിച്ച് ചികിത്സ തുടങ്ങി ചില ദിവസങ്ങളില്‍ ഛര്‍ദി വരും. ഒത്തിരി കഫം പോയി. വേദനയുടെ അളവ് കുറഞ്ഞു തുടങ്ങി. ആ വര്‍ഷത്തെ ഓശാന ഞായറാഴ്ചയുടെ തലേന്നാള്‍ ഡിസ്ചാര്‍ജായി. മൂന്നുമാസം വിശ്രമം പറഞ്ഞ് മരുന്നുകള്‍ തന്നു.
മരുന്ന് തുടര്‍ന്നു. പക്ഷേ പ്രകാശമടിക്കുവാനോ പുറത്തിറങ്ങുവാനോ സാധിച്ചിരുന്നില്ല. ജറെമിയാ 17/14- ‘കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ’ എന്ന വചനം എല്ലാ ദിവസവും എഴുതുന്നുണ്ടായിരുന്നു. ആദ്യമൊക്കെ രണ്ടുവീതം എഴുതുമ്പോഴേക്കും കണ്ണിന് മങ്ങല്‍ വരുമായിരുന്നു. പിന്നീടത് കുറഞ്ഞുതുടങ്ങി.
മക്കളും ഞാനും മദ്ബഹാശുശ്രൂഷകരും കൂടിയായിരുന്നതിനാ ല്‍ ദൈവാലയത്തില്‍ പോകാതിരിക്കുന്നത് വളരെ വിഷമകരമായിരുന്നു. എന്നാല്‍ ആ സമയത്ത് എല്ലാ ആഴ്ചയിലും വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിച്ചു. കറുത്ത ഗ്ലാസും തൊപ്പിയും വച്ചാണ് വിശുദ്ധബലിക്ക് പോയിക്കൊണ്ടിരുന്നത്. കൂട്ടുകാര്‍ പരിഹസിക്കുമ്പോള്‍ അവന് വിഷമമായിരുന്നു.
എങ്കിലും ദൈവകൃപയാല്‍ വിശുദ്ധ കുര്‍ബാനയനുഭവത്തിന് മുടക്കം വന്നില്ല. യാക്കോബായ സഭാംഗങ്ങളായ ഞങ്ങള്‍ കുടുംബമായി രണ്ടുനേരങ്ങളില്‍ യാമപ്രാര്‍ത്ഥനകള്‍ ചൊല്ലാറുണ്ട്. അതോടൊപ്പം വൈകുന്നേരം പരിശുദ്ധ മാതാവിന്‍റെ ജപമാലയും ലുത്തിനിയയും ചൊല്ലുമായിരുന്നു. എന്നാല്‍ ക്ലിനിക്കില്‍ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍മുതല്‍ രാവിലെയും ജപമാല ചൊല്ലിത്തുടങ്ങി. സന്ധ്യയായാല്‍ വീടിനകത്തെ ലൈറ്റുകള്‍ ഒന്നും ഇടാന്‍ കഴിഞ്ഞിരുന്നില്ല. പുറത്തെ മങ്ങിയ വെളിച്ചത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. ആ സമയത്ത് ഞങ്ങളുടെ ബന്ധുവഴി പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടതനുസരിച്ച് ശാലോമിലെ ഒരു ബ്രദര്‍ ഫോണിലൂടെ മകനുവേണ്ടി പ്രാര്‍ത്ഥിച്ചു. ജപമാല ചൊല്ലുമ്പോള്‍ മുട്ടിന്മേല്‍നിന്ന് കൈകള്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുനേരവും ഞങ്ങള്‍ എല്ലാവരും അങ്ങനെതന്നെ ചെയ്തുപോന്നു.
ആ സമയത്ത് മകന്‍റെ പ്ലസ്ടുവിന്‍റെ പൊതുപരീക്ഷ സമയമായി. രജിസ്റ്റര്‍ ചെയ്തതിനാല്‍ കാന്‍സല്‍ ചെയ്യാനും കഴിയില്ലെന്നായിരുന്നു ടീച്ചേഴ്‌സ് പറഞ്ഞത്. കണ്ണിന് മങ്ങലോടെ എങ്ങനെ പരീക്ഷയെഴുതും? എങ്കിലും ഞങ്ങള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥന, പ്രത്യേകിച്ച് ജപമാലപ്രാര്‍ത്ഥന, തുടര്‍ന്നു. പരീക്ഷ എഴുതാന്‍ തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ ഞാന്‍ ജോലിക്ക് പോയി. ആ സമയങ്ങളില്‍ യൂഹാനോന്‍ തനിച്ചിരുന്നാണ് പ്രാര്‍ത്ഥന. അവന്‍ പ്രഭാതപ്രാര്‍ത്ഥന നടത്തി മുട്ടിന്മേല്‍നിന്ന് ജപമാല ചൊല്ലി, അഞ്ചാം രഹസ്യം പകുതിയായപ്പോഴേക്കും ആദ്യം നല്ല കുന്തിരിക്കത്തിന്‍റെ സുഗന്ധവും പിന്നീട് മുല്ലപ്പൂവിന്‍റെ സുഗന്ധവും അവന് അനുഭവപ്പെടാന്‍ തുടങ്ങി.
ശരീരം മുഴുവന്‍ തീ പൊള്ളുന്നതുപോലെയും അനുഭവപ്പെട്ടു. പരിശുദ്ധ അമ്മയും ഉണ്ണീശോയും ഉള്ള ചിത്രത്തിലേക്ക് നോക്കിയപ്പോള്‍ പരിശുദ്ധ അമ്മ നന്നായി ചിരിക്കുന്നതായി അവന് അനുഭവപ്പെട്ടു. പെട്ടെന്ന് ബള്‍ബിന്‍റെ സ്വിച്ച് ഇടാന്‍ തോന്നി. ചിത്രത്തിനു ചുറ്റും എല്‍ഇഡി ബള്‍ബ് പ്രകാശിച്ചപ്പോഴും അവന് യാതൊരു വിഷമവും തോന്നിയില്ല. പരിശുദ്ധ അമ്മവഴി ഈശോ തന്ന സൗഖ്യം! യേശുവേ നന്ദി. ഞാന്‍ ഉച്ചയ്ക്ക് ജോലി കഴിഞ്ഞു വന്നപ്പോള്‍ വീടിനുള്ളിലെ ലൈറ്റുകളെല്ലാം ഓണായി കിടക്കുന്ന ആശ്വാസകരമായ കാഴ്ചയാണ് കണ്ടത്.
ഉച്ചകഴിഞ്ഞ് കിടന്നുറങ്ങിയതിനുശേഷം വീണ്ടും പഴയപോലെതന്നെ തലവേദനയായി. എങ്കിലും കണ്ണിന് ഒരു കുഴപ്പവുമില്ലായിരുന്നു. ആ സമയത്ത് ഞാനും മൂത്ത മകനുംകൂടി അടുത്തുള്ള ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥനയ്ക്കായി പോയി. ശക്തമായ തലവേദനകാരണം യൂഹാനോനും അവന്‍റെ അമ്മയും വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മ മകന്‍റെ തലയില്‍ പതിയെ തിരുമ്മി തലോടിക്കൊടുത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അന്ന് ചാപ്പലില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയത്തുതന്നെ അവള്‍ മോനോട് പറഞ്ഞിട്ട് പ്രാര്‍ത്ഥനാമുറിയില്‍ ഇരുന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു.
ആ സമയത്ത് യൂഹാനോന്‍ മയങ്ങിപ്പോയി. അപ്പോള്‍ അവന്‍റെ തലയില്‍ വീണ്ടും മുടിയിഴകളിലൂടെ നല്ല തലോടല്‍. അമ്മ തലോടുന്നതായിരിക്കുമെന്ന് അവന്‍ കരുതിയപ്പോള്‍ അമ്മയുടെ പ്രാര്‍ത്ഥന അപ്പുറത്തെ മുറിയില്‍നിന്ന് കേട്ടു. കണ്ണു തുറന്ന് നോക്കിയപ്പോള്‍ ഭിത്തിയില്‍ ഒരു വെളുത്ത നിഴല്‍ മായുന്നപോലെ… അവന് വല്ലാത്ത ഒരു ആശ്വാസം തോന്നുകയും ചെയ്തു. അതോടെ തലവേദനയില്‍നിന്ന് പൂര്‍ണസൗഖ്യത്തിലേക്ക് വന്നു.
പിന്നീട് ഒരാഴ്ചകൊണ്ട് പരീക്ഷയ്ക്കുള്ള എല്ലാ വിഷയങ്ങളും വെറുതെയൊന്ന് വായിച്ചു, ഒന്നും മനസിലാകുന്നില്ലായിരുന്നു. എങ്കിലും കൂട്ടുകാരുടെകൂടെ സഹായത്തോടെ പഠിക്കാന്‍ ശ്രമിച്ചു.
ഞങ്ങള്‍ കുടുംബമൊന്നിച്ച് പ്രാര്‍ത്ഥിച്ചാണ് പരീക്ഷയ്ക്കായി അയച്ചത്. യോഹന്നാന്‍ 14/26 വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും പരിശുദ്ധ അമ്മ കൂടെയിരുന്ന് പരീക്ഷ എഴുതാന്‍ സഹായം ചോദിക്കുകയും ചെയ്തിരുന്നു. റിസല്‍റ്റ് വന്നപ്പോള്‍ ഭേദപ്പെട്ട മാര്‍ക്കോടെ നല്ലൊരു വിജയം കര്‍ത്താവ് നല്കി. പരിശുദ്ധ അമ്മയുടെ ജപമാലയിലൂടെ ലഭിച്ച ഈ വലിയ അനുഗ്രഹത്തെയൊര്‍ത്ത് കര്‍ത്താവിന് മഹത്വം.
”എന്‍റെ നാമത്തെ ഭയപ്പെടുന്ന
നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍
ഉദിക്കും. അതിന്‍റെ ചിറകുകളില്‍ സൗഖ്യമുണ്ട്. തൊഴുത്തില്‍നിന്നുവരുന്ന
പശുക്കുട്ടിയെന്നപോലെ നിങ്ങള്‍ തുള്ളിച്ചാടും” (മലാക്കി 4/2).
ദൈവഭക്തനായ ഗവര്‍ണറുടെ മകനായിരുന്നെങ്കിലും ആ യുവാവ് തിന്മയ്ക്ക് അടിമയായിരുന്നു. മാതാപിതാക്കള്‍ അവന് വൈദ്യശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നല്കി. ക്രിസ്തുവിശ്വാസത്തില്‍ അടിയുറച്ച അവരുടെ പ്രാര്‍ത്ഥനയും അപേക്ഷകളും വകവയ്ക്കാതെ അവന്‍ മന്ത്രവാദത്തിനും പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നാലെ പോയി.
ഏഴു വര്‍ഷത്തോളം പിശാചിന്‍റെ കീഴില്‍ പഠിച്ചു. തന്‍റെ ആത്മാവിനെ പിശാചിന് അടിയറവയ്ക്കണമെന്നും സ്വന്തം രക്തംകൊണ്ട് ഒപ്പിട്ട്, ജീവിതംമുഴുവന്‍ സാത്താന് തീറെഴുതികൊടുക്കണമെന്നും പിശാച് ആവശ്യപ്പെട്ടു. യുവാവ് ഒരു മടിയുംകൂടാതെ അനുസരിച്ച് മന്ത്രവാദിയായിത്തീര്‍ന്നു.
ഒരുദിവസം അയാള്‍ ലൈബ്രറിയിലായിരിക്കുമ്പോള്‍ ഭീമാകാരനും ആയുധധാരിയുമായ ഒരു പടയാളി ഭീതിപ്പെടുത്തുന്ന മുഖവുമായി അയാളുടെ മുമ്പിലെത്തി. വാളുയര്‍ത്തി വീശിക്കൊണ്ട് കര്‍ശനസ്വരത്തില്‍ പറഞ്ഞു: ‘നീ നിന്‍റെ ദുഷിച്ച ജീവിതം അവസാനിപ്പിക്കുക. മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ അനുഗമിക്കുക.” യുവാവ് ഒന്നു പരിഭ്രമിച്ചെങ്കിലും പഴയ ജീവിതം തുടര്‍ന്നു. സൈനികന്‍ വീണ്ടും വന്നു. ‘ഇനിയും നീ സാത്താനെ ഉപേക്ഷിച്ച് ക്രിസ്തുവിന്‍റെ സ്വന്തമാകുന്നില്ലെങ്കില്‍ നീ വധിക്കപ്പെടും’ എന്ന മുന്നറിയിപ്പുനല്കി. ഭയന്നുപോയ യുവാവ് ഉടന്‍ അനുതാപത്തോടെ നിലത്തുവീണ് ദൈവത്തോട് മാപ്പുചോദിച്ചു. മാന്ത്രിക ഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയാക്കി, സ്വഭവനത്തിലേക്ക് മടങ്ങി.
അവന്‍റെ മാതാപിതാക്കളുടെ മടുപ്പുകൂടാതെയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം കാവല്‍മാലാഖയെ അയച്ച് അവനെ രക്ഷിക്കുകയായിരുന്നു. യുവാവ് പിന്നീട് വിശുദ്ധ ഡൊമിനിക്കിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ഡൊമിനിക്കന്‍ സഭാവസ്ത്രം സ്വീകരിച്ച് പ്രാര്‍ത്ഥനയുടെയും പരിഹാരത്തിന്‍റെയും ജീവിതം നയിച്ചു. സാത്താന് തീറെഴുതിയ ഏഴുവര്‍ഷത്തെക്കുറിച്ചുള്ള ഭയാനകമായ ഒര്‍മകള്‍ ഏഴുവര്‍ഷം അവനെ വേട്ടയാടി. കഠിനമായ ആന്തരിക പീഡയാല്‍ അവന്‍ വലഞ്ഞു; എന്നാല്‍ പരിശുദ്ധ ദൈവമാതാവ് സഹായത്തിനെത്തി. പരിശുദ്ധ മറിയത്തിന്‍റെ അധികാരശക്തിക്കുമുമ്പില്‍ സാത്താന്‍ അടിയറവു പറഞ്ഞ് കീഴടങ്ങി.
പരിശുദ്ധ കന്യകയുടെ അള്‍ത്താരയില്‍ യുവാവ് തന്‍റെ ജീവിതം തീറെഴുതിക്കൊടുത്തു, മാതാവ് അയാളുടെ ജീവിതം ഏറ്റെടുത്തു. ഒടുവില്‍ പരിശുദ്ധ അമ്മതന്നെ ഇദേഹത്തെ പുണ്യത്തില്‍ പരിശീലിപ്പിച്ച് സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇദ്ദേഹമാണ് പോര്‍ട്ടുഗലിലെ വിശുദ്ധ ജൈല്‍സ്.
പരിശുദ്ധ ദൈവമാതാവിന് സമര്‍പ്പിക്കപ്പെട്ടാല്‍, അമ്മയുടെ വാക്കുകള്‍ അനുസരിക്കാന്‍ തയ്യാറെങ്കില്‍ എത്ര വലിയ പാപിയെയും അമ്മ വലിയ വിശുദ്ധരാക്കി ഉയര്‍ത്തും. നമ്മെയും നമ്മുടെ മക്കളെയും മാനസാന്തരം ആവശ്യമുള്ളവരെയും പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ച്, ജൈല്‍സിന്‍റെ മാതാപിതാക്കളെപ്പോലെ മടുപ്പുകൂടാതെ പ്രാര്‍ത്ഥിക്കാം. ദൈവമാതാവിലൂടെ ഏവരും വിശുദ്ധരായിത്തീരട്ടെ.
നഴ്‌സിംഗ് പഠനത്തിന്‍റെ രണ്ടാം വര്‍ഷം. അതികഠിനമായ തലവേദനയാല്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയ നാളുകള്‍. എല്ലാ ദിവസവും വൈകിട്ട് കോളേജ് കഴിഞ്ഞു മുറിയില്‍ എത്തുന്നത് ചെറിയ തലവേദനയുടെ ആരംഭത്തോടെ ആണ്. തുടര്‍ന്ന് വേദനയുടെ കാഠിന്യം കൂടാന്‍ തുടങ്ങും. മുറിയില്‍ പ്രകാശം ഉണ്ടാകാതിരിക്കാന്‍ ജനലുകള്‍പോലും തുണി കൊണ്ടു മറയ്ക്കുകയാണ് ചെയ്തിരുന്നത്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ വാതിലുകളും ജനലുകളും അടയ്ക്കും. ഒരു തുണികൊണ്ട് നെറ്റിയില്‍ തലയ്ക്കുചുറ്റും കെട്ടിവയ്ക്കുന്നതും വേദന ശമിപ്പിക്കാനുള്ള മാര്‍ഗമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ ഐസ് കട്ടകള്‍ നിറച്ച് തല മുഴുവന്‍ തണുപ്പിച്ചുകൊണ്ടിരിക്കും.
കിടക്കുന്നിടത്ത് ഒരു ബക്കറ്റ് വയ്ക്കും. കാരണം വേദന തീവ്രമാകുമ്പോള്‍ തുടര്‍ച്ചയായി ഛര്‍ദിക്കാറുണ്ട്. മാസങ്ങള്‍ ഇങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൈഗ്രെയ്ന്‍ ആണെന്ന് സ്ഥിരീകരിക്കുകയും അതിനുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്തു. അത് ശരീരത്തെ കൂടുതല്‍ തളര്‍ത്തി. എപ്പോഴും ഉറക്കം വരുന്ന അവസ്ഥ. ഭക്ഷണസാധനങ്ങള്‍ പലതും ഒഴിവാക്കി. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ഉപേക്ഷിച്ചു. വെയില്‍ കൊള്ളാതെ നോക്കി. അങ്ങനെ നഴ്‌സിംഗ് പഠന കാലത്ത് മൈഗ്രെയ്‌നിന്റ അസ്വസ്ഥതകളുമായി രണ്ടു വര്‍ഷക്കാലം കടന്നുപോയി.
ഇതിനിടയില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോള്‍ സ്പിരിച്വല്‍ കൗണ്‍സിലിങ്ങില്‍ ഈശോ ഒരു കാര്യം പറഞ്ഞു, ഒരു സഹോദരിയോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍. എന്‍റെ രോഗാവസ്ഥയെക്കുറിച്ച് ഞാനോ കൗണ്‍സിലറോ ഒന്നും പറഞ്ഞതുമില്ല. എന്തായാലും ഈശോയുടെ വാക്കുകള്‍ സത്യമാണെന്നു ബോധ്യപ്പെട്ടതിനാല്‍ ഹൃദയത്തില്‍ ആ വാക്കുകള്‍ സ്വീകരിച്ചു. ധ്യാനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയതിനുശേഷം ഒരു ദിവസം ഞാന്‍ ആ സഹോദരിയെ അന്വേഷിച്ചിറങ്ങി. അവരുടെ താമസസ്ഥലം കണ്ടെത്തി അവിടെ ചെന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടല്‍.
പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
ഒടുവില്‍ അവരെ അവിടെ യുള്ള ദൈവാലയത്തിലേക്ക് ക്ഷണിച്ചു. അള്‍ത്താരയ്ക്ക് മുന്നില്‍ നിന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ഞാന്‍ ഉടനെ അവരുടെ മുമ്പില്‍ മുട്ടുകുത്തി. കാലില്‍ വീണു മാപ്പു ചോദിച്ചു. കണ്ണുനീര്‍ തുള്ളികള്‍ സഹോദരിയുടെ പാദങ്ങളില്‍ വീണുകൊണ്ടിരുന്നു. എന്‍റെ ശിരസ്സിലേക്ക് ആ വ്യക്തിയുടെ കണ്ണുനീര്‍ത്തുള്ളികളും. കുറച്ചു സമയം കടന്നുപോയി. സഹോദരി എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ”മോളേ, നിന്‍റെ മനസ്സില്‍ ഞാന്‍ ഒരു വേദന ഉണ്ടാക്കിയിരുന്നു എന്ന് അറിഞ്ഞില്ല. നീ എന്‍റെ മകളാണ്.”
ഈശോയോടും സഹോദരിയോടും നന്ദി പറഞ്ഞ് യാത്ര തിരിച്ചു. അതുവരെ അനുഭവിക്കാത്ത ഒരു സന്തോഷവും സമാധാനവും ഹൃദയത്തില്‍ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അന്ന് വൈകിട്ട് തലവേദന അനുഭവപ്പെട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വേദന ഇല്ലാതെ കടന്നുപോയി. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറായപ്പോള്‍ ഈശോ അതേ നിമിഷത്തില്‍ എന്നെ പൂര്‍ണസൗഖ്യത്തിലേക്കു നയിച്ചു..
18 വര്‍ഷമായി ഈശോ സൗഖ്യം നല്‍കിയിട്ട്. മൈഗ്രെയ്ന്‍മൂലം തലച്ചോറില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ എം ആര്‍ ഐ സ്‌കാനില്‍ ഇന്നും അവശേഷിച്ചിട്ടുണ്ട്. ”നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16).
‘ഹാപ്പി ബര്‍ത്ത്‌ഡേ’യ്ക്കിടെ ഒരു സ്വകാര്യം
കഴിഞ്ഞ ക്രിസ്തുമസിനു രാവിലെ ഈശോയ്ക്ക് ഹാപ്പി ബര്‍ത്‌ഡേ പാടി വിഷ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈശോ പതുക്കെ ചെവിയില്‍ ഒരു കാര്യം പറഞ്ഞു. ഒരു പേര് വെളിപ്പെടുത്തിക്കൊണ്ട് അവരെ എത്രയും പെട്ടെന്ന് പോയി കാണണം എന്നതാണ് ഈശോയുടെ ആവശ്യം.
മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുമസിനോട് അനുബന്ധിച്ചു നടന്ന ഒരു സംഭവം ഈശോ ഓര്‍മയില്‍ കൊണ്ടുവന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്‌കൂളില്‍ പുല്‍ക്കൂട് മത്സരം നടക്കുകയാണ്. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി പരിശുദ്ധ കുര്‍ബ്ബാന ക്രമീകരിച്ചിട്ടുണ്ട് ഉച്ചയോടെ. ഞാന്‍ എന്നും രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുന്നതുകൊണ്ട് അന്നും പതിവ് തെറ്റിച്ചിരുന്നില്ല. ക്ലാസ് ടീച്ചറോട് പറഞ്ഞപ്പോള്‍ വീണ്ടും വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകേണ്ടതില്ല എന്ന് പറഞ്ഞു.
പുല്‍ക്കൂട് ഒരുക്കുന്നതിനിടയില്‍ വേറൊരു അധ്യാപിക ക്ലാസ്സിലേക്ക് വന്നു. എന്നെ കണ്ടപ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാത്തതിന്‍റെ കാരണം തിരക്കി. രാവിലെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച കാര്യവും ക്ലാസ് ടീച്ചറുടെ നിര്‍ദേശവും അറിയിച്ചു. അവരെന്നെ അവിശ്വസിച്ചതാണോ എന്ന് അറിയില്ല, കയ്യില്‍ പിടിച്ചിരുന്ന ചൂരല്‍ കൊണ്ട് കാലില്‍ അടിച്ചു. കൂടെ ഉള്ള സഹപാഠികളുടെ മുന്‍പില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. കുര്‍ബ്ബാന ആരംഭിച്ചിട്ട് കുറച്ചു സമയം കഴിഞ്ഞെങ്കിലും ഞാന്‍ ദൈവാലയത്തിലെത്തി. കുരിശിലെ ഈശോയെ നോക്കിയപ്പോള്‍ കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പത്തുവയസ്സുകാരിക്ക് ഈശോയുടെ ക്രിസ്മസ് സമ്മാനം.
തിരിച്ച് ക്ലാസ്സിലേക്ക് ചെന്നപ്പോള്‍ പുല്‍ക്കൂടിന്‍റെ പണികളെല്ലാം തീര്‍ന്നിട്ടുണ്ട്. പക്ഷേ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും എനിക്ക് തല്ലുകിട്ടിയത് അറിഞ്ഞിരിക്കുന്നു. ചിലര്‍ കളിയാക്കി, മറ്റു ചിലര്‍ സഹതപിച്ചു. പക്ഷേ ആരും ആശ്വസിപ്പിച്ചില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഈ വേദനിപ്പിക്കുന്ന ഓര്‍മ്മ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുകയാണ്. ആ അധ്യാപികയെ അവധിയില്‍ വന്നപ്പോള്‍ സന്ദര്‍ശിച്ചു. പ്രായമായി, കിടപ്പു രോഗിയാണ്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. ആരെയും തിരിച്ചറിയുന്നില്ല. എങ്കിലും അവരുടെ കാലില്‍ പിടിച്ചു ക്ഷമ ചോദിച്ചു. കൈകള്‍ എന്‍റെ ശിരസില്‍ വച്ച് അനുഗ്രഹം വാങ്ങി. ഒരു കരുണക്കൊന്ത പ്രാര്‍ത്ഥിച്ചു മടങ്ങി.
ധനികനായ ഒരു മനുഷ്യന്‍ യേശുവിനോട് നിത്യജീവന്‍ പ്രാപിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന സംഭവം നമുക്കറിവുള്ളതാണല്ലോ. പ്രമാണങ്ങളെല്ലാം അനുസരിച്ച് ജീവിക്കുന്ന അദ്ദേഹത്തെ നോക്കി അഭിനന്ദനങ്ങള്‍ എന്ന് പറയാതെ ‘ഇനിയും നിനക്ക് ഒരു കുറവുണ്ട്’ എന്ന് ഈശോ പറഞ്ഞത് എന്തുകൊണ്ടാണ്? അനേകം നന്മകളും കൃപകളും നമ്മില്‍ നിലനില്‍ക്കുമ്പോഴും ഈശോ കാണിച്ചു തരുന്ന ഒരു കുറവായിരിക്കാം നമ്മുടെ ആത്മാവിനെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്താന്‍ പ്രാപ്തമായിരിക്കുന്നത്. ആ ചില കുറവുകളെ കണ്ടെത്തി തിരുത്താന്‍ നാം തയ്യാറായാല്‍ നമ്മുടെ ജീവിതം പിന്നീട് വേറെ ലെവല്‍ ആണ്.
അതിനാല്‍ നമ്മുടെ ഹൃദയത്തിന്‍റെ താക്കോല്‍ ഈശോയെ ഏല്പിക്കാം. അവിടുന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് വിലകെട്ടതെല്ലാം എടുത്തുമാറ്റി അതിനെ രൂപാന്തരപ്പെടുത്തി പുതിയൊരു ഹൃദയമാക്കി മാറ്റട്ടെ. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ വിശുദ്ധരോടുകൂടെവരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ” (1 തെസലോനിക്കാ 3/13).
'