- Latest articles
ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ എന്ന് സംശയിച്ചിരുന്ന ലേഖകന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍
എന്‍റെ യുവത്വം തുടങ്ങുന്ന കാലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടാന്‍ ഇടയായി. ധ്യാനാവസരത്തില്‍ പനയ്ക്കലച്ചന്‍ ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്‍ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില്‍ അച്ചന്‍ പറഞ്ഞു, “ഈ അപ്പം ഈശോതന്നെയാണ്. എങ്കിലും ഈ ആരാധനയില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഈശോ ആണെന്ന ബോധ്യമില്ല. അങ്ങനെയുള്ളവര്‍ ഈ അപ്പത്തിന് ജീവനുണ്ടെന്നോ ഇത് ഈശോ ആണെന്നോ ചിന്തിക്കാതെ ഇത് ഒരു അപ്പമാണെന്ന് മാത്രം വിശ്വസിച്ച് അപ്പത്തോട് പറയുക. ഈ അപ്പം ഈശോയാണെന്നുള്ള ബോധ്യം നല്കണമേ.”
അപ്പത്തെ നോക്കി പ്രാര്‍ത്ഥിച്ചപ്പോള്‍
ഞാനും അപ്പത്തെ നോക്കി അങ്ങനെ പ്രാര്‍ത്ഥിച്ചു. പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആരാധനയ്ക്കുശേഷം കുര്‍ബാന ആരംഭിച്ചു. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു: “സജീവവും ജീവദായകവുമായ ഈ അപ്പം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവന്‍ ജീവന്‍ നല്കുന്നതുമാകുന്നു” ആ പ്രാര്‍ത്ഥനാസമയം ഞാന്‍ തിരുവോസ്തിയിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാല്‍ ഈശോ തിരുവോസ്തിയില്‍നിന്ന് ഇറങ്ങി നടന്ന് ക്രിസ്തുരാജന്‍റെ രൂപത്തില്‍ എന്‍റെ ഹൃദയത്തിലേക്ക് വന്നു കയറി. ആ നിമിഷം മുതല്‍ ഞാന്‍ ദിവ്യകാരുണ്യത്തില്‍ വിശ്വാസമുള്ളവനായിത്തീര്‍ന്നു. അവിശ്വാസം മാറി പൂര്‍ണ്ണ ബോധ്യമുള്ളവനായി. “സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്” (യോഹന്നാന്‍ 6/51).
പിന്നെയും നാളുകളേറെ കഴിഞ്ഞുപോയി. എന്‍റെ വിവാഹം നടന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതിനുശേഷം ഭാര്യ രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയം. പ്രസവത്തിനായി 2012 ആഗസ്റ്റ് 16 ന് രാവിലെ ആശുപത്രിയില്‍ അഡ്മിറ്റായി. അടുത്ത ദിവസം രാവിലെ ഡോക്ടര്‍ വിസിറ്റിങ്ങിന് വന്നപ്പോള്‍ പറഞ്ഞു, “ഇന്ന് വേദന വന്നില്ലെങ്കില്‍ നാളെ വേദനയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കാം.”
അന്ന് വൈകുന്നേരം ഞാന്‍ ആശുപത്രിക്ക് പുറത്ത് നടക്കാന്‍ ഇറങ്ങി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ അഖണ്ഡ ജപമാല നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അള്‍ത്താരയില്‍ ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് വച്ച് ചൊല്ലിക്കൊണ്ടിരുന്ന ആ ജപമാലപ്രാര്‍ത്ഥനയില്‍ അല്പനേരം പങ്കെടുത്ത് ഞാന്‍ തിരിച്ച് റൂമിലെത്തി. ഉടനെ കുളിക്കാനായി കുളിമുറിയില്‍ കയറി. അപ്പോള്‍ ധ്യാനകേന്ദ്രത്തില്‍നിന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കാമായിരുന്നു. വെന്‍റിലേഷന്‍ വഴി എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കിയപ്പോള്‍ ധ്യാനകേന്ദ്രത്തിന്‍റെ അള്‍ത്താരയിലിരിക്കുന്ന ദിവ്യകാരുണ്യവും പ്രാര്‍ത്ഥിക്കുന്നവരെയും കാണാമായിരുന്നു. അവിടെനിന്ന് കേള്‍ക്കുന്ന ആരാധനയുടെ ഗാനത്തിന് ഈണം പിടിച്ച് കുളിക്കാന്‍ തുടങ്ങിയ സമയത്ത് ഭിത്തിയില്‍ ഒരു അസാധാരണ കാഴ്ച!
ഒരു പഴയ ഫിലിം റോളില്‍ കാണുന്നതു പോലെ… അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങുന്നു. കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റാന്‍ തുടങ്ങുന്ന ഒരു ദ്യശ്യം വളരെ വ്യക്തമായി കാണാം. ഇത് എന്താണെന്ന് മനസ്സിലാകാതെ ഞാന്‍വീണ്ടും ദിവ്യകാരുണ്യത്തെ നോക്കി. വീണ്ടും കാണുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഒരു വെളുത്ത ആണ്‍കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മുറുകുന്നതാണ്.
ഭാര്യയുടെ സ്വപ്നവും
ഭിത്തിയിലെ കാഴ്ചയും
എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ മനസ്സില്‍ വന്നു. ഞാന്‍ വേഗത്തില്‍ കുളിനിര്‍ത്തി പുറത്ത് വന്ന് ഭാര്യയെ നോക്കുമ്പോള്‍ അവള്‍ ജപമാല ചൊല്ലുകയായിരുന്നു. ഞാന്‍ കണ്ട കാര്യം അവളോട് പറയാതെ ഉദരത്തില്‍ ജപമാല വച്ച് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. സന്ധ്യക്ക് ആശുപത്രി ചാപ്പലിലെ ജപമാലയിലും ഞങ്ങള്‍ പങ്കു ചേര്‍ന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ ഭാര്യ എന്നോട് പറഞ്ഞു, “ഞാന്‍ ഒരു സ്വപ്നം കണ്ടു. പ്രസവം കഴിഞ്ഞ് എന്നെ ആശുപത്രിയില്‍ തനിച്ചാക്കി എല്ലാവരും കുഞ്ഞിനെയും കൊണ്ട് ദൂരെ എവിടെയോ പോകുന്നു.” അപ്പോള്‍ എനിക്ക് തോന്നി ഭാര്യയുടെ സ്വപ്നവും ഞാന്‍ കണ്ട ദര്‍ശനവും എന്തോ സംഭവിക്കാനുള്ള ഒരു അടയാളമാണെന്ന്. എങ്കിലും ശാന്തതയോടെ ഭാര്യയെ ആശ്വസിപ്പിച്ചു, “സാരമില്ല, നിന്‍റെ പേടികൊണ്ടുള്ള തോന്നലാണ്.”
അധികം താമസിയാതെ അവള്‍ക്ക് വേദന വരാനുള്ള ഇഞ്ചക്ഷന്‍ വച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് വേദന ശക്തമായപ്പോള്‍ അവളെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. അപ്പോഴും അവള്‍ ജപമാല ചൊല്ലുന്നുണ്ടായിരുന്നു.
എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താല്‍ ഞാന്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അരമണിക്കൂറിനുള്ളില്‍ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. തലേദിവസം ഞാന്‍ കണ്ട പോലത്തെ വെളുത്തുമെലിഞ്ഞ കുഞ്ഞ്. ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. സമാധാനമായി എന്നു കരുതി ഭാര്യ റൂമില്‍ വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തലേന്ന് കണ്ട ദൃശ്യങ്ങളുടെ കാര്യങ്ങള്‍ അവളോട് പറഞ്ഞു. കുഴപ്പമൊന്നുമില്ലാതെ സംരക്ഷിച്ച ഈശോയ്ക്ക് ഞങ്ങള്‍ നന്ദിയര്‍പ്പിച്ചു.
പക്ഷേ ഭാര്യ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരിക്കുമ്പോള്‍ നഴ്സായ അവളുടെ നാത്തൂന്‍ പറഞ്ഞു, “കുഞ്ഞിന് എന്തോ പ്രശ്നമുണ്ട്, കുറുകുറുപ്പ് വരുന്നുണ്ടല്ലോ.” ഉടനെ ഡ്യൂട്ടി നേഴ്സിനെ അറിയിച്ചു. അവര്‍ വന്ന് കുഞ്ഞിനെ ചകഇഡ ലേക്ക് മാറ്റി. അരമണിക്കൂര്‍ കഴിഞ്ഞ് കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചു തന്നു. പക്ഷേ കുഞ്ഞിന്‍റെ കുറുകുറുപ്പ് മാറിയില്ല.
നാത്തൂന്‍ നിര്‍ദ്ദേശിച്ചതുപോലെ ഞങ്ങള്‍ കുഞ്ഞിനെ കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് വന്ന പനി കുട്ടിക്കും വന്നതാണെന്നായിരുന്നു അവിടെനിന്ന് പറഞ്ഞത്. വീണ്ടും നാത്തൂന്‍, കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്ന് ആവര്‍ത്തിച്ചു. ‘പ്രസവത്തില്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ?’ ‘വേറെ ആശുപത്രിയില്‍ പോകണോ?’ എന്നൊക്കെ അന്വേഷിച്ചപ്പോഴും, ‘കുഴപ്പമൊന്നുമില്ല, വേറെ ആശുപത്രിയില്‍ പോകേണ്ട’ എന്നാണ് പറഞ്ഞത്.
കന്യാസ്ത്രീ പറഞ്ഞ രഹസ്യം
കുറച്ച് കഴിഞ്ഞപ്പോള്‍ നഴ്സായ ഒരു കന്യാസ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു, “ഡോക്ടര്‍ ഇപ്പോള്‍ വിസിറ്റിങ്ങിന് വരും. അപ്പോള്‍ അനുമതി വാങ്ങി വേറെ ഹോസ്പിറ്റലില്‍ കുഞ്ഞിനെ കൊണ്ടു പോകണം. ഞാന്‍ പറഞ്ഞതായി പറയണ്ട.”
കുട്ടിയുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പ്രസവ സമയത്ത് കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. ഭാഗ്യംകൊണ്ടാണ് നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചത്. അതുമൂലം കുഞ്ഞിന്‍റെ ഉള്ളില്‍ ഫ്ളൂയിഡ് പോയതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ആശുപത്രിയില്‍ പോകാം. നാളെ ഞാന്‍ ലീവാണ്. തിരക്കു പിടിക്കണ്ട, സാവകാശം പോയാല്‍ മതി.”
ഞങ്ങള്‍ പരിചയമുള്ള ഒരു വാഹനം ഏര്‍പ്പാടാക്കി വേറെ വലിയ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ യാത്ര ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം ഒരു അപകടത്തില്‍പ്പെട്ട് മുന്നിലെ ഗ്ലാസ്സ് പൊട്ടിത്തൂങ്ങി. അധികം താമസിക്കാതെ തൂളുമഴയും തുടങ്ങി. പിന്നീട് വളരെ പ്രയാസപ്പെട്ട് 40 കിലോമീറ്റര്‍ യാത്ര ചെയ്ത് ആശുപത്രിയില്‍ എത്തി. ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയതുമൂലം ഫ്ളൂയിഡ് ഉള്ളില്‍ ചെന്നതാണ്. കുട്ടിയെ ഇപ്പോള്‍ കൊണ്ടുവന്നത് നന്നായി. അല്ലെങ്കില്‍ ഭാവിയില്‍ ന്യൂമോണിയക്കും ആസ്ത്മക്കും കാരണമായേനെ.”
പിറ്റേന്ന് ഭാര്യയെ കുഞ്ഞിന്‍റെ അടുത്ത് കൊണ്ടു വന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം ഞങ്ങള്‍ തിരിച്ച് വീട്ടില്‍ പോയി. ഇന്ന് ദൈവാനുഗ്രഹത്താല്‍ മകന് കുഴപ്പമില്ല. അവന്‍റെ ഓരോ ജന്മദിനവും ദൈവത്തിന്‍റെ കരുതലിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. “ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32/6).
ദിവ്യകാരുണ്യസന്നിധിയിലെ ജപമാലപ്രാര്‍ത്ഥനവഴിയായി എന്നോട് സംസാരിച്ച, ദുരിതങ്ങളുടെ മധ്യത്തിലും ഞങ്ങളെ കാത്തുപരിപാലിച്ച ദൈവത്തിന്‍റെ സ്നേഹം ഇന്നും ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യം എന്നെ ആഴമായി ബോധ്യപ്പെടുത്തിയ രണ്ട് സംഭവങ്ങളും ഇന്നും മനസില്‍ പച്ചപിടിച്ചുനില്ക്കുകയാണ്.
'പാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില്‍ മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- “ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും.” പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്‍ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ വ്യക്തിക്കും അത് വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുന്നു.
ദൈവകൃപയുടെ പ്രവൃത്തിവഴി പാപമാകുന്ന ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിളി ലഭിക്കുമ്പോള്‍ ഒരാള്‍ മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്.
പാപനിദ്രയില്‍നിന്ന് ഉണരുന്നു.
കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് സമാനമായി മാനസാന്തരത്തിനുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നു.
പുതിയ ജീവിതത്തിന് ഊര്‍ജസ്വലത ലഭിക്കാനായി വിശുദ്ധ കുമ്പസാരം നടത്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു.
ധൂര്‍ത്തപുത്രന്‍ ഇതുതന്നെയാണ് ചെയ്തത്. സുബോധമുണ്ടായപ്പോള്‍ തീരുമാനമെടുക്കുകയാണ്, ഞാന്‍ എഴുന്നേറ്റ് പിതാവിന്‍റെ അടുക്കല്‍ ചെല്ലുമെന്ന്. അതായത് അതുവരെയുള്ള ജീവിതരീതി മാറ്റുന്നു. പിന്നീട്, പിതാവിന്‍റെ അടുക്കലെത്തി കുറ്റം ഏറ്റുപറയുന്നു. ഇതാണ് അനുതാപപൂര്‍ണമായ കുമ്പസാരം. തുടര്‍ന്ന് പിതാവ് അവനെ ഏറ്റവും നല്ല മേലങ്കി ധരിപ്പിക്കുന്നതായി നാം കാണുന്നു. പാപത്താല്‍ നഗ്നമായ അവന്‍റെ ആത്മാവിന് വിശുദ്ധ കുമ്പസാരത്തിലൂടെ പാപമോചനം നല്കുന്നതിന്‍റെ സൂചനയാണിത്. തുടര്‍ന്ന് അവന് വിരുന്ന് നല്കുന്നു. അതായത് വിശുദ്ധ കുര്‍ബാനയാകുന്ന സ്വര്‍ഗീയവിരുന്ന് അവന് വിളമ്പിക്കൊടുക്കുന്നു.
ഇപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പാപാവസ്ഥയില്‍നിന്ന് ദൈവത്തിലേക്ക് സഞ്ചരിക്കാം.
'അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്.
എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്‍റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്‍റെ മകന്‍ അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നല്‍കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.
നീ ആരോഗ്യവാനായിരിക്കട്ടെ
നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന്‍ 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്‍റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്… എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്‍റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്‍കിയാല്‍ ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്‍റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും.
ദൈവം നല്കിയ സമ്മാനം
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്‍റെ ശ്വാസകോശത്തിന്‍റെ പകുതി എന്‍റെ അടുത്തുനില്‍ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം.
വിസ്മയാവഹമായ കല്പനകള്‍
അങ്ങയുടെ കല്പനകള്‍ വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്‍പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ.
സമയത്തിന് മുമ്പേ
നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്‍റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം.
ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍
“ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു” (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്‍പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്‍ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്.
“നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്‍റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
'ഏകദേശം അഞ്ചുവര്‍ഷം ഞങ്ങള്‍ ഒരു ദമ്പതി പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്‍ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില്‍ കുറച്ചെങ്കിലും വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ ഇടവക ദൈവാലയത്തില്‍ ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ആര്‍ക്കെങ്കിലും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ പങ്കുവച്ച് പരസ്പരം പ്രാര്‍ത്ഥിക്കും. വിവാഹ വാര്‍ഷികം മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ആഘോഷം നടക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയും. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളെയും കൂട്ടി ടൂര്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയും മറ്റ് സാഹചര്യങ്ങളും നിമിത്തം ആ ഗ്രൂപ്പ് തുടരാന്‍ പറ്റിയില്ല. എങ്കിലും പഴയ സൗഹൃദം തുടരുന്നു.
ഞങ്ങളുടെ ഗ്രൂപ്പിന്‍റെ ഒരു പൊതുനിര്‍ദേശമായിരുന്നു എന്നും കുറച്ചുസമയം ഭാര്യഭര്‍ത്താക്കന്മാര്‍ അവരുടെ മുറിയില്‍ ഒരുമിച്ചിരുന്ന് കരങ്ങള്‍കോര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നത്. കാരണം ഈശോ നമുക്ക് തന്ന വാഗ്ദാനമാണത് “ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റി തരും” (മത്താ. 18:19). ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ചതുമൂലം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ദൈവാനുഗ്രഹം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരനുഭവം പങ്കുവയ്ക്കട്ടെ.
എന്‍റെ രണ്ടാമത്തെ മകള്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും നീറ്റ് എന്‍ട്രന്‍സ് പരിശീലനത്തിന് വിടുമോ എന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട് – ഒരു വര്‍ഷമേ എന്‍ട്രന്‍സ് പരിശീലനത്തിന് വിടുകയുള്ളൂ. എഴുതാന്‍ പറ്റുന്ന എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം. മോള്‍ക്ക് ദൈവം ഏത് കോഴ്സാണോ തരുന്നത് അത് സന്തോഷത്തോടെ സ്വീകരിക്കണം. അവളത് സമ്മതിച്ചു. കേരളത്തിലെ പ്രശസ്തമായ ഒരു പരിശീലന കേന്ദ്രത്തില്‍ അവളെ ചേര്‍ത്തു.
കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമായിരുന്നു. വീട്ടില്‍ ഇരുന്ന് പഠിച്ചതുകൊണ്ട് വലിയൊരു ഗുണം കിട്ടി. ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുശേഷം മകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വിവിധ എന്‍ട്രസന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ കൊടുത്തെങ്കിലും കോവിഡ്മൂലം പരീക്ഷകള്‍ ഒന്നും നടന്നിരുന്നില്ല. അങ്ങനെ 2021 ജൂലൈ മാസത്തില്‍ ആദ്യത്തെ പരീക്ഷയ്ക്കുള്ള അറിയിപ്പ് വന്നു. കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്കുള്ള ബി.എസ്സി നഴ്സിങ്ങ് കോഴ്സിനുള്ള പരീക്ഷയായിരുന്നു അത്. സാധാരണയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതാണ്. കോവിഡ് പ്രശ്നംമൂലം അവര്‍ ആ വര്‍ഷം ബാംഗ്ലൂര്‍ മാത്രം കേന്ദ്രമാക്കിയാണ് പരീക്ഷ നടത്തിയത്.
ജനറല്‍ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയില്‍ വളരെ കുറഞ്ഞ സീറ്റ് ഉള്ളതുകൊണ്ട് മോള്‍ക്ക് പോകാന്‍ മടിയായിരുന്നു. എന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ പരീക്ഷയില്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ സെലക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രവേശിക്കണമെന്ന് അറിയിപ്പ് വന്നു. സാധാരണയായി അഡ്മിഷന്‍ എടുത്ത് ഒരു മാസം കഴിഞ്ഞാണ് അവിടെ ക്ലാസ് തുടങ്ങാറുള്ളത്. അതിനാല്‍ നീറ്റ് പരീക്ഷ കഴിഞ്ഞിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസ് തുടങ്ങി. കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ അത് അനുവദിക്കാന്‍ സാധ്യമല്ല എന്നാണ് അവര്‍ മറുപടി തന്നത്.
ഇതുമൂലം മോള്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനത്തെ മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം വിവിധ മോഡല്‍ പരീക്ഷകള്‍ എഴുതി പരിശീലനം നടത്തേണ്ട സമയമാണത്. എന്നാല്‍ മോള്‍ക്ക് പഠിക്കാന്‍ പറ്റിയ സാഹചര്യം അവിടെ ഇല്ലായിരുന്നു. പകല്‍ ക്ലാസില്‍ പോകണം, രാത്രിയില്‍ ഹോസ്റ്റലില്‍ വന്നാലും പഠിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടു. നേരത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തിയ മോഡല്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്ന മോള്‍ക്ക് അവിടെവച്ച് എഴുതിയ പരീക്ഷക്ക് വളരെ കുറഞ്ഞ മാര്‍ക്കാണ് കിട്ടിയത്. ഇതോടെ മോള്‍ ആകെ തളര്‍ന്നു.
അവള്‍ക്കവിടെ തുടരാന്‍ പറ്റുകയില്ലെന്നും തിരികെ പോരണമെന്നും നീറ്റ് പരീക്ഷയാണ് അവളുടെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് അവള്‍ എന്നും കരച്ചിലായിരുന്നു. ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലായി. കാരണം നീറ്റ് വഴി അവളാഗ്രഹിക്കുന്നതുപോലെ ഒരു ഗവണ്‍മെന്‍റ് എം.ബി.ബി.എസ് സീറ്റ് കിട്ടുകയെന്നത് ഉറപ്പുള്ള കാര്യമല്ല, ഒരു കേന്ദ്ര ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ കിട്ടിയ നല്ല ജോലിസാധ്യതയുള്ള കോഴ്സ് നഷ്ടപ്പെടുത്തുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. വേറെ ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. കോളജിന് ഒരു ബോണ്ടുപേപ്പര്‍ കൊടുത്തിട്ടുണ്ട്. തക്കതായ കാരണമില്ലാതെ കോഴ്സ് ഉപേക്ഷിച്ച് പോന്നാല്‍ വേണമെങ്കില്‍ കോളജ് അധികാരികള്‍ക്ക് പിഴ ഈടാക്കാം.
ഈ ദിവസങ്ങളില്‍ ഞാനും ഭാര്യയും കൈചേര്‍ത്ത് പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, “സ്വര്‍ഗസ്ഥനായ അപ്പച്ചാ, ഈശോയുടെ വിലയേറിയ തിരുരക്തത്തിന്‍റെ യോഗ്യതയാല്‍ ഞങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമേ.” മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മോള്‍ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കഴിവ് കൊടുക്കണം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ള ഒരു സ്ഥലത്ത് അഡ്മിഷന്‍ കൊടുക്കണം. ഈ ലോകത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമയായ അപ്പച്ചന് ഇഷ്ടമാണെങ്കില്‍ അവള്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സീറ്റ് കൊടുത്ത് അനുഗ്രഹിക്കണം.
കുറച്ച് ദിവസം ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിന് ഒരു ശാന്തത വന്നു. ഞാന്‍ മോളോട് പറഞ്ഞു, “നിനക്ക് അവിടെ തുടരാന്‍ പറ്റുകയില്ലെങ്കില്‍ കോഴ്സ് നിര്‍ത്തി പോരാന്‍ അപേക്ഷ കൊടുത്തുകൊള്ളുക. തമ്പുരാന്‍ എന്തെങ്കിലും മാര്‍ഗം കാണിച്ചുതരും.”
അവള്‍ കോളജ് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ വന്ന് വിവരങ്ങള്‍ ചോദിച്ചു. കോഴ്സ് ഉപേക്ഷിച്ചു പോരാനുള്ള അനുവാദം കൊടുത്തു. അതുമായി കോളജ് രജിസ്ട്രാറുടെ അടുത്ത് പോകണം. അവിടെനിന്നാണ് വിടുതല്‍ ചെയ്യുക. മറ്റു കുട്ടികള്‍ ഇതറിഞ്ഞപ്പോള്‍ അവളോട് പറഞ്ഞു, “മൂന്ന് പ്രാവശ്യം വരെ നീറ്റ് എഴുതിയവര്‍വരെ നമ്മുടെ കൂടെയുണ്ട്. കിട്ടാന്‍ അത്ര എളുപ്പമല്ല. നീ ഈ നല്ല കോഴ്സ് ഉപേക്ഷിക്കരുത്. നീ ഒരിക്കല്‍കൂടി പ്രിന്‍സിപ്പാളിന്‍റെ അടുത്തുപോയി കുറച്ച് ദിവസങ്ങള്‍ അവധി ചോദിക്ക്.”
അവര്‍ പറഞ്ഞതനുസരിച്ച് അവള്‍ അവധി ചോദിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള പത്തുദിവസം അവര്‍ അവധി നല്‍കാമെന്ന് സമ്മതിച്ചു. അതോടെ അവളുടെ പ്രയാസമെല്ലാം മാറി. ഒഴിവുള്ള സമയങ്ങളിലെല്ലാം അവള്‍ നന്നായി പഠിച്ചു. പരീക്ഷക്ക് മുന്‍പുള്ള പത്തുദിവസം ബാംഗ്ലൂര്‍ ഉള്ള ഞങ്ങളുടെ ഒരു ബന്ധുവിന്‍റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ച് മോള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ പറ്റി.
ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മോള്‍ ആറരമാസം പ്രസ്തുത സ്ഥാപനത്തില്‍ വളരെ സന്തോഷത്തോടെ പഠിച്ചു. നീറ്റ് വഴി കര്‍ണാടകത്തില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടി. മെഡിക്കല്‍ കോളജിന് അടുത്തുതന്നെ ഒരു ദൈവാലയമുണ്ട്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. “നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരുവാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ ആമ്മേന്‍ (എഫേസോസ് 3/20-21).
'ഞാന്‍ ഇരുപത്തിയൊന്നും പത്തും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ്. മാര്‍ച്ച് 2023-ലെ ശാലോം മാസികയില്‍ വായിച്ച ഒരു സാക്ഷ്യം (മകളുടെ മാനസാന്തരം – രണ്ട് ദിവസത്തിനകം – ടീന കുര്യന്‍) സമാന അവസ്ഥയിലൂടെ ഒരാഴ്ചയായി കടന്നുപൊയ്ക്കൊണ്ടിരുന്ന എന്നെ വല്ലാതെ സ്വാധീനിച്ചു. എന്‍റെ മകള്‍ ഒരു അക്രൈസ്തവ യുവാവുമായി അടുപ്പത്തിലായി. പപ്പയെയും അമ്മയെയും സഹോദരനെയുംകാള്‍ ആ ബന്ധത്തിന് അവള്‍ വിലകൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. കാരണം ചെറുപ്പത്തില്‍ തന്നെ വേദപാഠം പഠിപ്പിച്ചും വചനങ്ങള്‍ ചൊല്ലി പഠിപ്പിച്ചും ക്രിസ്തീയ വിശ്വാസത്തില്‍ ശക്തമായൊരു അടിസ്ഥാനം രണ്ട് മക്കള്‍ക്കും നല്‍കിയിരുന്നു. ആത്മീയ ചാനലുകള്‍വഴി ലഭിക്കുന്ന സഭയുടെ ഓരോ പ്രബോധനങ്ങളും അവരിലേക്ക് എത്തിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്‍റെ മകള്‍ ഒരിക്കലും വഴിതെറ്റുകയില്ല എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.
ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. ആ യുവാവിന്‍റെ വീട്ടുകാരും ഈ ബന്ധത്തെ അനുകൂലിച്ചില്ല. തുടര്‍ന്ന് ഞങ്ങളുടെ ചില അടുത്ത ബന്ധുക്കളുടെ പിന്തുണയോടെ അവര്‍ ഏറ്റവും അടുത്ത ദിവസംതന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.
ഈ ദിവസങ്ങളിലെല്ലാം ഞാന്‍ കണ്ണുനീരോടെ കരണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു. മാതാവിന്‍റെ വ്യാകുലങ്ങളോടു ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിച്ചു. വിശ്വാസപ്രമാണം ചൊല്ലി. മാസികയിലെ അനുഭവക്കുറിപ്പില്‍ വായിച്ചതുപോലെ വിശുദ്ധ മോനിക്കയുടെയും വിശുദ്ധ അഗസ്റ്റിന്‍റെയും മാധ്യസ്ഥ്യം തേടി. വചനം ചൊല്ലി പ്രാര്‍ത്ഥിച്ചു. ശാലോമിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉപവസിച്ചു.
അത്ഭുതമെന്നു പറയട്ടെ, ഈ പ്രശ്നങ്ങളെത്തുടര്‍ന്ന് ഞങ്ങളുടെ വീട്ടില്‍നിന്നും ഇറങ്ങിപ്പോയ മകള്‍ അന്ന് രാത്രി പപ്പയെ വിളിച്ചു, “അവനെ അവന്‍റെ വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണ്. യാതൊരു വിധത്തിലും കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല.” ഇതായിരുന്നു അവള്‍ പറഞ്ഞത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവനെ അവന്‍റെ വീട്ടുകാര്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും എല്ലാവരുടെയും മുന്‍പില്‍വച്ച് ഈ ബന്ധത്തില്‍നിന്നും സ്വമനസാലെ പിന്‍മാറുകയാണെന്ന് അവന്‍ ഒപ്പിട്ടു കൊടുത്തു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തതായിരിക്കാം.
ഈ സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം ഞാന്‍ ഹൃദയം നൊന്ത് വിശ്വാസപ്രമാണം 33 തവണ ചൊല്ലുകയായിരുന്നു. മാതാവിനോട് ‘അവളെ തിന്മയ്ക്ക് വിട്ടുകൊടുക്കരുതേ, അമ്മയുടെ നീലമേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷണം കൊടുക്കണേ’ എന്ന് കരഞ്ഞ് മാധ്യസ്ഥ്യം യാചിക്കുകയും ചെയ്തു.
ദൈവത്തിന്‍റെ മഹാകരുണയാല്‍, നഷ്ടപ്പെട്ടുപോയി എന്ന് ഞങ്ങള്‍ കരുതിയിരുന്ന മകളെ തിരിച്ചുകിട്ടി. ഇപ്പോള്‍ അവള്‍ ഞങ്ങളുടെ കൂടെത്തന്നെയുണ്ട്, അവളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. “ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8/28).
'നമ്മള്‍ പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്?
എന്‍റെ മൂന്നുവയസുള്ള പേരക്കുട്ടിയുമായിട്ടാണ് ഒഴിവുസമയങ്ങളിലെ വിനോദം. മാസത്തില്‍ രണ്ടാഴ്ചയാണ് എനിക്ക് ജോലിയുണ്ടാവുക. ജോലിസ്ഥലത്ത് ആയിരിക്കുമ്പോഴും എനിക്ക് യഥാര്‍ത്ഥത്തില്‍ ‘മിസ്’ ചെയ്യുന്നത് ഈ പേരക്കുട്ടിയുടെ സാന്നിധ്യമാണ്. പോകുമ്പോള്‍ കുഞ്ഞിനോട് പറയുന്നത് ഗ്രാന്‍റ് ഫാദര്‍ വരുമ്പോള്‍ മോള്‍ക്ക് ഇഷ്ടപ്പെട്ട ടോയ്സും ചോക്ലേറ്റ്സും വാങ്ങിക്കൊണ്ടുവരാമെന്നാണ്. എന്നാല്‍ കഴിഞ്ഞ മാസം ജോലിക്ക് പോകുന്നതിന് മുമ്പ് ചോദിച്ചു, “ഇത്തവണ പോയിട്ടു വരുമ്പോള്‍ എന്താണ് കൊണ്ടുവരേണ്ടത്?” എന്‍റെ തോളിലിരുന്ന അവള്‍ എന്നെ കുറച്ചുനേരം നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു, “എനിക്ക് ടോയ്സും ചോക്ലേറ്റ്സും ഒന്നുംവേണ്ട. ഗ്രാന്‍റ്പാ പോകണ്ട, അതുമതി.”
അതുകേട്ട് കുഞ്ഞുമോള്‍ക്ക് ഉമ്മയും നല്‍കി ഉറക്കാനായി മകളെ ഏല്‍പിക്കുമ്പോള്‍ ഞാന്‍ മനസില്‍ ചിന്തിച്ചത് ഇതാണ് – എത്ര വേഗമാണ് കുഞ്ഞുമനസ് സത്യം തിരിച്ചറിഞ്ഞത്.
ദാവീദ് തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. “ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്‍റെ വലതുവശത്തുണ്ട്” (അപ്പസ്തോല പ്രവര്‍ത്തനം 2/25). എന്നാല്‍, ദാവീദിനെപ്പറ്റി ദൈവം പറയുന്നത് ‘എന്‍റെ ഹൃദയത്തിന് ഇണങ്ങിയവന്‍’ എന്നാണ്. 40 വര്‍ഷക്കാലം ജറുസലേമില്‍ രാജാവായി ഇരിക്കുവാന്‍ ദാവീദിനെ സഹായിച്ചത് ദൈവികസാന്നിധ്യം എപ്പോഴും അനുഭവിച്ച തുകൊണ്ടാണ്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2/28-ല്‍ ഉദ്ധരിച്ചിരിക്കുന്ന ദാവീദിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്, “ജീവന്‍റെ വഴികള്‍ അവിടുന്ന് എനിക്ക് കാണിച്ചുതന്നു. തന്‍റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.”
കര്‍ത്താവ് നമ്മുടെ ഹൃദയം പരിശോധിക്കുന്നു. നമ്മള്‍ പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്? എന്തിനാണ്? യേശു ജനക്കൂട്ടത്തോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിക്കുന്നത് എന്ന് (യോഹന്നാന്‍ 6). ഈ ചോദ്യം ഇന്ന് വളരെ പ്രസക്തമാണ്.
സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോഴാണ് കുട്ടി അറിയുന്നത് അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന്. പക്ഷേ അമ്മ ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പേതന്നെ വൈകുന്നേരം കാപ്പിയും ഇഷ്ടപ്പെട്ട പലഹാരങ്ങളും തന്‍റെ കുട്ടിക്കുവേണ്ടി ഒരുക്കിവച്ചിട്ടാണ് പോയത്. ആ കുട്ടിക്ക് സ്കൂളില്‍നിന്ന് വരുമ്പോള്‍ വിശപ്പും ദാഹവും ഉണ്ടായിരുന്നു. എന്നാല്‍ അമ്മയെ കാണുവാനുള്ള വിശപ്പും ദാഹവും അതിലേറെ ആയിരുന്നതിനാല്‍ ആ കുട്ടി ആശുപത്രിയില്‍ ചെന്ന് അമ്മയെ കണ്ടു, കൂടെയിരുന്നു. അമ്മ നല്‍കുന്നവയല്ല അമ്മയെ അന്വേഷിച്ചു കണ്ടെത്തിയപ്പോഴാണ് കുട്ടിയുടെ മനസും ഹൃദയവും ശാന്തമായത്.
നമുക്കും ദാനങ്ങളെക്കാളുപരി ദാതാവിനെ സ്നേഹിക്കാം. സങ്കീര്‍ത്തകനോടുചേര്‍ന്ന് പാടാം, “നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു” (സങ്കീര്‍ത്തനങ്ങള്‍ 42/1).
'വിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്‍ക്കുശേഷം ഡോണ്‍ ബോസ്കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ്‍ ബോസ്കോ അപ്പോള്‍ ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു. അവര്‍ ഇരുവരും ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഡോണ്‍ ബോസ്കോ ചോദിച്ചു, “ജീവിതകാലത്ത് നീ അനേകപുണ്യങ്ങള്‍ അഭ്യസിച്ചിരുന്നല്ലോ. മരണവേളയില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്?”
സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്, “അങ്ങ് എന്ത് വിചാരിക്കുന്നു?”
“ശുദ്ധത?”
“അതുമാത്രമല്ല”
“പ്രത്യാശ?”
“അതുമല്ല.”
“നിന്‍റെ സുകൃതങ്ങള്‍?”
“നല്ലതുതന്നെ, പക്ഷേ ഏറ്റവും ഉപകാരപ്രദമായത് അതൊന്നുമല്ല.”
“പിന്നെ എന്തായിരുന്നു?”
“സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്‍റെ അമ്മയുമായ മറിയത്തിന്‍റെ സഹായമാണ് മരണസമയത്ത് എന്നെ ഏറ്റവുമധികം സഹായിച്ചത്.”
'നിന്ദനത്തിന്‍റെ അവസരങ്ങള്‍ പുണ്യയോഗ്യതകള്‍ സമ്പാദിച്ചുകൂട്ടാനുള്ള സന്ദര്‍ഭങ്ങളാണ്. ഒരു അധിക്ഷേപം ക്ഷമാപൂര്‍വം സഹിക്കുന്നതിലൂടെ, പത്തുദിവസം അപ്പക്കഷ്ണവും വെള്ളവും മാത്രമുപയോഗിച്ച് ഉപവസിക്കുന്നതിനെക്കാള്‍ ഫലം നേടാന്‍ നമുക്ക് കഴിയും. നാം മറ്റുള്ളവരില്‍നിന്ന് ഏറ്റുവാങ്ങുന്ന നിന്ദനങ്ങള്‍ സ്വയം ചുമത്തുന്നവയെക്കാള്‍ ഫലദായകമാണ്. കാരണം മറ്റുള്ളവര്‍ സമ്മാനിക്കുന്ന നിന്ദനങ്ങളില്‍ ആത്മാംശം കുറവും ദൈവികാംശം കൂടുതലുമാണ്.
'1979 ജൂണ്‍ 2. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലെ വാഴ്സോയുടെ ഹൃദയഭാഗത്തുള്ള വിക്ടറി സ്ക്വയറില്‍ എത്തി. ആയിരക്കണക്കിന് വിശ്വാസികളുടെയും പോളിഷ് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് അധികാരികളുടെയും സാന്നിധ്യത്തില്‍ അവിടെ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തില്‍ പാപ്പ പങ്കുവച്ചത് ദൈവത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു. പാപ്പ വചനം പ്രഘോഷിച്ചപ്പോള്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങി, “ഞങ്ങള്‍ക്ക് ദൈവത്തെ വേണം, ദൈവത്തെ വേണം!” പാപ്പ തുടര്‍ന്നും പ്രസംഗിച്ചു, ജനങ്ങളുടെ വാക്കുകളും ആവര്‍ത്തിക്കപ്പെട്ടു. അത് ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നിലയ്ക്കാതെ തുടര്‍ന്നു. പാപ്പ പോളിഷ് ഗവണ്‍മെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ദുര്‍ബലമാക്കി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ ശിഥിലീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ആക്രമണങ്ങളോ പലായനമോ ഒന്നും വേണ്ടിവന്നില്ല പകരം ഒരു ചെറിയ പ്രവൃത്തിവഴി അക്രമചിന്ത പുലര്‍ത്തുന്നവരിലേക്ക് ആത്മീയ സുബോധം പകരാന്‍ പാപ്പ പരിശ്രമിച്ചു. അതെ, യോഗ്യമായ ദിവ്യബലിയര്‍പ്പണം ഒരു വിപ്ലവമാണ്!
'സ്വന്തം തീരുമാനം മാറ്റാന്‍ ലേഖകനോട് പറഞ്ഞ ഈശോയും ദൈവസ്നേഹാനുഭവവും
കുഞ്ഞുനാളുമുതലേ, വിശുദ്ധവാരത്തിലെ പെസഹാ തിരുനാള്‍ ദിവസം ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആകാംക്ഷയോടെ നോക്കിയിരുന്നുപോയിട്ടുള്ള ഒരു കാഴ്ചയുണ്ട്. അള്‍ത്താരയോട് ചേര്‍ന്ന് മുന്‍വശത്തായി നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പന്ത്രണ്ട് അപ്പാപ്പന്മാര്‍ ഇരിക്കുന്നതും പുരോഹിതന്‍ അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നതും തുടര്‍ന്ന് പെസഹാ അപ്പം കൊടുക്കുന്നതും. ആ കാലങ്ങളില്‍ ആ തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ആത്മീയ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ തിരുക്കര്‍മങ്ങളുടെ പ്രാധാന്യം അത്രമേല്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്തു. അന്നാളുകളില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചുപോയിട്ടുണ്ട്, ആ വിശുദ്ധ കര്‍മങ്ങളിലൂടെ ഒന്ന് കടന്നുപോകുവാന്‍. എന്നാല്‍ എന്‍റെ ജീവിതത്തെയും ജീവിതശൈലിയെയും കുറിച്ചോര്‍ക്കുമ്പോള്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് തോന്നും. കാരണം, ആ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ലായിരുന്നു. എങ്കിലും ആഗ്രഹം മനസില്‍ കിടന്നു.
അങ്ങനെയിരിക്കെ 2018-ലെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍. അന്ന് വൈകുന്നേരം ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ വീട്ടില്‍വച്ച് ഒരു മീറ്റിംഗ് ഉണ്ട്. അതില്‍ പങ്കെടുക്കണം എന്നാണ് ആദ്യം പറഞ്ഞത്. അതുകഴിഞ്ഞ് ആ ചേട്ടന്‍ പറഞ്ഞു, “ഒരു കാര്യംകൂടി. ഈ വര്‍ഷത്തെ പെസഹാ തിരുനാളില്‍ നടക്കുന്ന പാദം കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരിയച്ചന്‍ യുവജനങ്ങളുടെ പ്രതിനിധിയായിട്ട് ജീസസ് യൂത്തില്‍നിന്നും ഒരാളെ ചോദിച്ചിട്ടുണ്ട്. നിന്നെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്, നീ പോകണം.”
ഞെട്ടലോടെ ഞാന്‍ പറഞ്ഞു “പ്ലീസ് ചേട്ടാ, എന്നോട് പറയല്ലേ, എനിക്കതിന് കഴിയില്ല.” ചേട്ടന്‍ കുറെ നിര്‍ബന്ധിച്ചു, പക്ഷേ എനിക്കതിന് ധൈര്യമില്ലായിരുന്നു. അവസാനം ചേട്ടന്‍ പറഞ്ഞു, “ശരി, നീ ആദ്യം മീറ്റിംഗില്‍ വാ.”
“ഞാന്‍ വരാം” എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്ന് വൈകുന്നേരം മീറ്റിംഗില്‍ പങ്കെടുത്തു. അവിടെവച്ച് മറ്റൊരു ചേട്ടന്‍ എന്നോട് പാദം കഴുകല്‍ ശുശ്രൂഷയെക്കുറിച്ച് സംസാരിച്ചു. അപ്പോഴും എനിക്ക് ആ ശുശ്രൂഷയില്‍ പങ്കുചേരാന്‍ ധൈര്യം വന്നില്ല. പിന്നീട് വീണ്ടും രണ്ടുപേര്‍ ഒന്നിച്ച് നിര്‍ബന്ധിച്ചിട്ടും എനിക്ക് സമ്മതം നല്കാന്‍ കഴിയുന്നില്ലായിരുന്നു. അതിനാല്‍ അവരിരുവരും പറഞ്ഞു, “ശരി നമുക്ക് പ്രാര്‍ത്ഥിക്കാം. മീറ്റിംഗ് കഴിഞ്ഞിട്ട് ഈ കാര്യത്തില്‍ തീരുമാനമെടുക്കാം.”
തുടര്‍ന്ന് മീറ്റിംഗിനുമുമ്പുള്ള പ്രാര്‍ത്ഥന തുടങ്ങി. എല്ലാവരും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പൂര്‍ണ നിശബ്ദതയിലായിരുന്നു. ആ നിശബ്ദതയില്‍ ആരോ മനസില്‍ ഇങ്ങനെ മന്ത്രിക്കുന്നതുപോലെ, “നീ ഉറപ്പായും പാദം കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കണം. ഞാനാണ് നിന്നെ വിളിക്കുന്നത്.” ഇങ്ങനെ തുടരെത്തുടരെ കേട്ടുകൊണ്ടിരുന്നു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, “കര്‍ത്താവേ, ഇതിന് എനിക്ക് കഴിയില്ല. കാരണം എന്‍റെ ജീവിതാവസ്ഥ എന്നെക്കാളും നന്നായി അങ്ങേക്കറിയാം. അത്രമേല്‍ പാപത്തിന്‍റെ മാലിന്യങ്ങള്‍ കുന്നുകൂടിയ കൂനയാണ് ഞാന്‍. അതുകൊണ്ട്, ഈ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ എനിക്കൊട്ടും യോഗ്യതയില്ല.” പക്ഷേ, എന്നെ വിടില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ ശക്തമായി ഈശോ എന്നില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. “എന്‍റെ പെസഹാവിരുന്നില്‍ നീ എന്നോടൊപ്പം ഉണ്ടാകണം. ഞാനാണ് നിന്നെ വിളിക്കുന്നത്.” ശക്തമായ പ്രേരണയാല്‍ ഒടുവില്‍ എനിക്കെന്‍റെ തീരുമാനം മാറ്റേണ്ടിവന്നു. അല്ല, ഈശോ എന്‍റെ തീരുമാനം മാറ്റിപ്പിക്കുകയായിരുന്നു. അവന് നിര്‍ബന്ധമായിരുന്നു അവന്‍റെ പെസഹാവിരുന്നില്‍ ഞാനുണ്ടാകണമെന്ന്.
അവസാനം പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, “ഞാന്‍ പോകാം.” നിറഞ്ഞ സന്തോഷത്തോടെ അവര്‍ അത് സ്വീകരിക്കുക മാത്രമല്ല, ‘കൊള്ളാം’ എന്നൊരു കമന്‍റ് പാസാക്കുകയും ചെയ്തു. എനിക്ക് വീണ്ടും ബോധ്യമായി ഈശോയ്ക്ക് എന്നെ വിട്ടുപോകാന്‍ മനസില്ല എന്ന്. ഞാന്‍ എത്രത്തോളം അവനെ വിട്ടുപോയോ അതിനെക്കാളും ഇരട്ടി സ്നേഹത്തോടെ എന്‍റെ പിന്നാലെ വന്നു വിളിക്കുന്നവന്‍, എത്രതന്നെ തള്ളിപ്പറഞ്ഞാലും ഒറ്റപ്പെടുത്തിയാലും പീഡിപ്പിച്ചാലും അപമാനിച്ചാലും ശരി, എനിക്ക് നിന്നോട് സ്നേഹം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് കൂടെ നില്ക്കുന്നവന്‍ അവസാനം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. “നിന്നോട് കരുണയുള്ള കര്‍ത്താവ് അരുളിചെയ്യുന്നു; മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍ എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല, എന്‍റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല” (ഏശയ്യാ 54/10).
പിന്നെ ഈശോ എന്നെ പെസഹാവിരുന്നില്‍ പങ്കെടുക്കാന്‍വേണ്ടി ഒരുക്കിക്കൊണ്ടിരുന്നു. കുമ്പസാരക്കൂടൊരുക്കി എന്നെ കാത്തിരിക്കുകയും പാപമോചനം നല്കി ആശീര്‍വദിക്കുകയും ചെയ്തു. പെസഹാ ധ്യാനത്തിലൂടെ എന്നെ കൊണ്ടുപോയി. അങ്ങനെ സന്തോഷത്തോടെ, പ്രാര്‍ത്ഥനയോടെ ആ ദിവ്യവിരുന്നിനായി ഞാന്‍ കാത്തിരുന്നു. ഇതിനിടയില്‍ എന്നെ കളിയാക്കിയവരും ഉണ്ട്. പന്ത്രണ്ടുപേരില്‍ യൂദാസാണ് നീ എന്നും നിന്‍റെ പാദം കഴുകാന്‍ വൈദികന് യോഗ്യതയുണ്ടോ എന്നും പറഞ്ഞ് പരിഹസിക്കുമ്പോള്‍ മനസില്‍ വേദന തോന്നി. ഒന്ന് ചിരിച്ചുകൊണ്ട് കടന്നുപോയി. പക്ഷേ, മറുത്ത് ഒരു വാക്ക് സംസാരിക്കാന്‍ ആരോ എന്നെ അനുവദിക്കാത്തതുപോലെ. അതെ, അത് ക്രിസ്തുതന്നെയാണ്. അതുകൊണ്ട് പുഞ്ചിരിയോടെ അവയെ കടന്നുപോകാന്‍ സാധിച്ചു.
അങ്ങനെ പെസഹാ വിരുന്നെത്തി. വലിയ അപ്പനപ്പൂപ്പന്മാരുടെ കൂട്ടത്തില്‍ രണ്ടു യുവാക്കളായി ഞാനും പ്രിയസുഹൃത്തും ഉണ്ടായിരുന്നു. പെസഹാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഉള്ളില്‍ ആവേശത്തിന്‍റെ അലയൊലികളും ഓളം വെട്ടി. ശുശ്രൂഷയുടെ മധ്യേ കാത്തിരുന്ന നിമിഷം ആഗതമാകുകയാണ്. ഗായകസംഘം ‘താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി’ എന്ന ഗാനം ആലപിക്കാന്‍ തുടങ്ങി. ഈശോയുടെ പ്രതിപുരുഷനായ വൈദികന്‍ തിരുക്കച്ച ചുറ്റി താലത്തില്‍ വെള്ളവുമായി വന്ന് പാദങ്ങള്‍ കഴുകുന്നു. ഹൃദയത്തില്‍ പ്രാര്‍ത്ഥനയും സ്നേഹവും നിറഞ്ഞുനിന്നു.
വൈദികന്‍ എന്‍റെ അടുക്കലേക്ക് വന്ന് എന്‍റെ പാദങ്ങള്‍ കഴുകുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയും സന്തോഷവുംകൊണ്ട് ഞാനാകെ നിറഞ്ഞു. അനന്തരം പെസഹാ അപ്പവും തന്നു. ആ പെസഹാ വിരുന്നു ശുശ്രൂഷയും അതിനുശേഷം ദൈവാലയം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും കഴിഞ്ഞ് ഈശോയ്ക്ക് നന്ദിയും പറഞ്ഞുകൊണ്ട് ദൈവാലയത്തിന് പുറത്തിറങ്ങി എല്ലാവര്‍ക്കും അപ്പം പങ്കുവച്ചു. എന്‍റെ ഒരു കസിന്‍ അതിശയത്തോടെ പറഞ്ഞു, “എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ആശ്ചര്യപ്പെട്ടുപോയി ഞാന്‍, അപ്പസ്തോലന്മാരില്‍ ഒരാളായി നിന്നെ കണ്ടപ്പോള്‍.” അവള്‍ തമാശ രൂപേണ പറഞ്ഞു: “നിനക്ക് അതിനുള്ള യോഗ്യതയുണ്ടോ?” ഞാന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്ക് യോഗ്യതയില്ല എന്നെനിക്കറിയാം. എന്നാല്‍ എന്‍റെ ഈശോ എന്നെ യോഗ്യനാക്കി മാനിച്ചു.” അതെ, എന്‍റെ അയോഗ്യതയാണ് എന്‍റെ യോഗ്യത.
“നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു” (റോമാ 5/8).