- Latest articles
പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയിലെ കോടതിയില്‍ അനേകനാളായി ഒരു കേസ് നടന്നുവരികയായിരുന്നു. 1625-ല്‍ അതിന് വിധിയായി. എന്നാല്‍ അത് വളരെ ക്രൂരമായ ഒന്നായിരുന്നു; അന്ന എന്ന യുവതിയെ നദിയിലെറിഞ്ഞ് കൊല്ലണം.
നിഷ്കളങ്കയായ ഒരു ഗ്രാമീണ കന്യകയായിരുന്നു അന്ന. ബര്‍ട്ലോ മാര്‍ജിന്‍റെയും ജാഡ്വിഗയുടെയും മകളായ അന്നയുടെ വീട്ടില്‍ നിത്യം പട്ടിണിയായിരുന്നു. മാതാപിതാക്കളുടെ അദ്ധ്വാനങ്ങളൊന്നും ദാരിദ്ര്യമകറ്റാന്‍ പര്യാപ്തമായില്ല. അതിനാല്‍ മനസില്ലാമനസോടെ അവര്‍ അന്നയെ വാര്‍സോ നഗരത്തിലെ ഒരു കുടുംബത്തില്‍ വീട്ടുവേലയ്ക്കയച്ചു.
നാളുകള്‍ കഴിഞ്ഞു, ഗ്രാമത്തിന്‍റെ നിഷ്കളങ്കതയില്‍ വളര്‍ന്ന അന്നയ്ക്ക് നഗരത്തിന്‍റെ കാപട്യങ്ങള്‍ മനസിലായില്ല. നഗരത്തിലെ ഒരു യുവാവുമായി അവള്‍ പ്രണയത്തിലായി, അയാളുടെ സ്നേഹം ആത്മാര്‍ത്ഥമെന്ന് തെറ്റിദ്ധരിച്ചു. അയാളുടെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നിടംവരെ എത്തി ആ ബന്ധം. എന്നാല്‍ ഇതറിഞ്ഞ യുവാവ് അന്നയെ വിവാഹം കഴിക്കുവാന്‍ തയ്യാറായതുമില്ല. വിശ്വസിച്ചുസ്നേഹിച്ച വ്യക്തിയാല്‍ വഞ്ചിക്കപ്പെട്ട അന്ന, കുഞ്ഞിന്‍റെ ജനനത്തോടെ മാനസിക വിഭ്രാന്തിയിലെത്തി. അപമാനവും ഭയവും നിരാശയും താങ്ങാനാകാതെ, കുഞ്ഞിനെ അടുത്തുള്ള നദിയിലെറിഞ്ഞു. പ്രസ്തുത കേസിലാണ് അവള്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.
വിസ്റ്റുല നദിയില്‍ എറിഞ്ഞ് വധിക്കാന്‍ വിധിക്കപ്പെട്ട അന്നയെ മരണത്തിനൊരുക്കുവാന്‍ നിയോഗിക്കപ്പെട്ട വൈദികന് അവളുടെ നിഷ്കളങ്കതയും ആത്മാര്‍ത്ഥതയും ബോധ്യമായി. അദ്ദേഹം അവളെ ആശ്വസിപ്പിച്ചു. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ മാധ്യസ്ഥ്യം തേടാനും അമ്മയുടെ സംരക്ഷണത്തിന് സ്വയം ഭരമേല്‍പ്പിക്കാനും അദ്ദേഹം അന്നയെ ഉപദേശിക്കുകയും അതിന് അവളെ സഹായിക്കുകയും ചെയ്തു.
ക്രൂരമായ വിധി നടപ്പാക്കല്‍
വിധി നടപ്പാക്കേണ്ട ദിനം വന്നെത്തി. ആകാംക്ഷാഭരിതരായ വലിയ ജനക്കൂട്ടം വിസ്റ്റുല നദീതീരത്ത് തടിച്ചുകൂടി. അനുകമ്പയും കുറ്റപ്പെടുത്തലുകളും സമ്മിശ്രിതമായ അന്തരീക്ഷം. മരണം തൊട്ടുതൊട്ടു നില്ക്കുന്ന അന്ന പക്ഷേ അതൊന്നും കേട്ടില്ല. നദിയുടെ മുകളിലൂടെയുള്ള പാലംവരെ ജനം അന്നയെ അനുഗമിച്ചു. ആരാച്ചാര്‍ വലിയൊരു കല്ല് അവളുടെ കാലില്‍ ബന്ധിച്ചു. നദിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് അവള്‍ ആണ്ടുപോകുമെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണത്.
ഭയവിഹ്വലയായി ജീവഛവംപോലെ വിറങ്ങലിച്ചുനിന്ന അന്ന നദിക്കരയില്‍ മുട്ടുകുത്തി. അവളുടെ തെറ്റുകള്‍ മുഴുവന്‍ ജനത്തിനുമുമ്പില്‍ പരസ്യമായി ഏറ്റുപറഞ്ഞു. യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതെല്ലാം വിവരിച്ച് ദൈവത്തോടു മാപ്പപേക്ഷിച്ചു. അവസാനം, ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിനായി സ്വയം സമര്‍പ്പിച്ചു. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും ചോദിച്ച് അവള്‍ പ്രാര്‍ത്ഥിച്ചു. തന്‍റെ ജീവന്‍ തിരികെ ലഭിച്ചാല്‍ ദൈവഹിതപ്രകാരം, പരിശുദ്ധ അമ്മയുടെ മകളായി പുതിയ ജീവിതം നയിച്ചുകൊള്ളാമെന്ന് അന്ന അമ്മയ്ക്ക് വാക്കുകൊടുക്കുകയും ചെയ്തു.
ആരാച്ചാര്‍ക്ക് തന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട സമയമായി. കാലില്‍ ഭാരമേറിയ കല്ല് ബന്ധിക്കപ്പെട്ട അന്നയെ അയാള്‍ വിസ്റ്റുലനദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ഇളകിമറിയുന്ന നദീജലത്തില്‍ അവളുടെ നിലവിളി സാവധാനം അലിഞ്ഞലിഞ്ഞില്ലാതായി. കടുത്ത നിശബ്ദതയില്‍ എല്ലാം നോക്കി ജനം നിന്നു. പതിയെ പല കൂട്ടങ്ങളായി അവര്‍ പിരിഞ്ഞകലുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് നദിക്കരയില്‍ നില്പുണ്ടായിരുന്നു.
ആഴിയുടെ അഗാധങ്ങളിലെ സംഭവം
ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞുകാണും; നദിയിലെ ജലം ശക്തമായി ഇളകിമറിയാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും അവിടേക്ക് ഉറ്റുനോക്കി. അതാ, ഒരു സ്ത്രീരൂപം വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നു വരുന്നു. അത് കര ലക്ഷ്യമാക്കി നീന്തുകയാണ്. ശ്വാസം അടക്കിപ്പിടിച്ചുനിന്ന ജനത്തിന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നദിയില്‍ എറിയപ്പെട്ട അന്ന ജീവനോടെ കരയിലേക്കെത്തുന്നു. എല്ലാവരും അവളുടെ അടുത്തേക്ക് ഓടി. അവിശ്വസനീയതയോടെ നില്ക്കുന്ന ജനത്തോട് അന്ന ശാന്തമായി സംസാരിച്ചു.
നദിയില്‍ എറിയപ്പെട്ടതിനുശേഷം ഉണ്ടായ സംഭവങ്ങള്‍, ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് അന്ന വിവരിച്ചു. കാലില്‍ ബന്ധിച്ചിരുന്ന കല്ലിന്‍റെ ഭാരം നദിയുടെ ആഴങ്ങളിലേക്ക് അവളെ താഴ്ത്തി. അടിത്തട്ടിലെ ചെളിക്കൂനയില്‍ അന്ന പൂണ്ടുപോകവേ, പെട്ടെന്ന് ഷെസ്റ്റോകോവയിലെ പരിശുദ്ധ അമ്മ പ്രഭാപൂരിതയായി അവിടെ പ്രത്യക്ഷയായി. വിസ്റ്റുല നദിയുടെ ആഴങ്ങളില്‍, ചെളിക്കൂനയിലേക്ക് അമ്മ ഇറങ്ങി, അന്നയെ താങ്ങിയെടുത്തു. “അത്യുന്നതങ്ങളില്‍നിന്ന് കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു” (2സാമുവല്‍ 22/17). ഭയപ്പെടേണ്ടെന്നു പറഞ്ഞ് സ്നേഹത്തോടെ ആശ്വസിപ്പിച്ചു. അന്നയുടെ കാലില്‍ ബന്ധിച്ചിരുന്ന വലിയ കല്ല് വാത്സല്യനിധിയായ പരിശുദ്ധ ദൈവമാതാവ് അഴിച്ചുനീക്കി. അതിനുശേഷം കരയിലേക്ക് നീന്താന്‍ അമ്മ അവളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവള്‍ ജീവനോടെ കരയിലെത്തിയത്.
അന്ന പറഞ്ഞവയെല്ലാം കേട്ടുനിന്ന, ജഡ്ജിമാരുള്‍പ്പെടെ നദിക്കരയിലുണ്ടായിരുന്ന സകലരും ഉടന്‍ നിലത്തു മുട്ടുകുത്തി പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയര്‍പ്പിച്ചു. “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ 1/49) എന്ന് പരിശുദ്ധ അമ്മയോടൊപ്പം അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
അമ്മയെ കണ്ടുകഴിഞ്ഞാല്‍
ഒട്ടും വൈകിപ്പിക്കാതെ, അന്നയും മാതാപിതാക്കളും ജാസ്നഗോരയിലേക്ക് പുറപ്പെട്ടു, ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന് നേരിട്ട് നന്ദി പറയുന്നതിനുവേണ്ടി. അപ്പോഴേക്കും അന്ന ആകെ മാറിക്കഴിഞ്ഞിരുന്നു; സ്വജീവിതം ദൈവമാതാവിന് സമര്‍പ്പിച്ചു. മടങ്ങിയെത്തിയ അവള്‍ പ്രാര്‍ത്ഥനയും പരിഹാരവും പുണ്യപ്രവൃത്തികളും ജീവിതശൈലിയാക്കി. ഈശോയെയും പരിശുദ്ധ അമ്മയെയും പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടിമാത്രമായിരുന്നു പിന്നീട് അവളുടെ ജീവിതം.
പരിശുദ്ധ അമ്മയെ കണ്ടവരും അമ്മയുടെ സ്നേഹം അനുഭവിച്ചവരും പിന്നീടൊരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയിട്ടില്ല. മാത്രമല്ല, അവരുടെ ജീവിതം പരിശുദ്ധ അമ്മയിലൂടെ ക്രിസ്തു കേന്ദ്രീകൃതമായി വിശുദ്ധിയില്‍ കൂടുതല്‍ പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയില്‍ ആശ്രയിക്കുന്നവരെ അമ്മ സ്വന്തമായി സ്വീകരിച്ച് സഹായിക്കുകയും സംരക്ഷിക്കുകയും ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്യും.
അന്നയെപ്പോലെ പാപാവസ്ഥയിലായിരുന്നാലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍ അമ്മ സഹായത്തിന് എത്തിയിരിക്കും. പാപികളുടെ സങ്കേതമാണല്ലോ നമ്മുടെ അമ്മ. പ്രലോഭനങ്ങളാല്‍ വലയുമ്പോഴും പാപത്തില്‍ വീണുപോകുമ്പോഴും പാപഭാരം താങ്ങാതാകുമ്പോഴും ആരും സഹായമില്ലാതെ നിസഹായതയിലാഴുമ്പോഴുമെല്ലാം, ഒരിക്കലും കുറ്റപ്പെടുത്താതെ സ്നേഹിച്ച് ആശ്വസിപ്പിക്കുന്ന ഈ സങ്കേതത്തില്‍ നമുക്ക് അഭയം തേടാം. അമ്മയുടെ പുണ്യങ്ങളാല്‍ അലങ്കരിച്ച് അമ്മ നമ്മെ പുണ്യപ്പെട്ടവരാക്കിത്തീര്‍ത്തുകൊള്ളും.
'പ്രാര്‍ത്ഥനയിലെ പലവിചാരങ്ങളെ സംബന്ധിച്ചുള്ള വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനങ്ങള്‍
പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍ ഏറെപ്പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുമ്പോള്‍ ശരിയായി പ്രാര്‍ത്ഥിച്ചില്ലല്ലോ എന്ന കുറ്റബോധം നമ്മെ അലട്ടാറുമുണ്ട്. ഈ വിഷയത്തില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനം ശ്രദ്ധിക്കുക:
പ്രാര്‍ത്ഥനാസമയത്ത് ശരിയായ ശ്രദ്ധ കാത്തുസൂക്ഷിക്കാന്‍ നന്നായി പ്രയത്നിക്കണം. എന്നിട്ടും മനഃപൂര്‍വമല്ലാത്ത പലവിചാരങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവയെപ്പറ്റി കൂടുതല്‍ അസ്വസ്ഥപ്പെടേണ്ടണ്ടതില്ല; നിങ്ങള്‍ സമ്മതം നല്കുന്നില്ലെങ്കില്‍ അവയ്ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല. നമ്മുടെ ബലഹീനതയ്ക്കുമേല്‍ കര്‍ത്താവിന് അനുകമ്പയുണ്ട്. പലപ്പോഴും, നാം അവസരം നല്‍കാതിരിക്കുമ്പോഴും പലവിചാരങ്ങള്‍ മനസില്‍ പ്രവേശിച്ചേക്കാം. അത്തരം ചിന്തകള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനയുടെ ഫലങ്ങളെ നശിപ്പിക്കാനാവില്ല. എന്നാല്‍ ബോധപൂര്‍വം അവ അനുവദിച്ചാല്‍ ഫലം വിപരീതമാവുകയും ചെയ്യും.
പ്രശസ്തനായ വിശുദ്ധ തോമസ് പറയുന്നത്, അനുഗൃഹീതരായ ആത്മാക്കള്‍ക്കുപോലും എപ്പോഴും ആത്മപരമാത്മ ഐക്യത്തിന്‍റെ ഉയരങ്ങളില്‍ നിലനില്‍ക്കാനാവുന്നില്ല എന്നാണ്. മാനുഷികദൗര്‍ബല്യങ്ങളുടെ ഭാരം അവരെ പിടിച്ചുതാഴ്ത്തുകയും അവരുടെ ഇഷ്ടപ്രകാരമല്ലാതെ ചില പലവിചാരങ്ങള്‍ അവരിലും വരുകയും ചെയ്യുന്നു.
നേരെ മറിച്ച്, സ്വന്തം ഇഷ്ടപ്രകാരമുള്ള പലവിചാരങ്ങളെ താലോലിക്കുന്നവന് പാപത്തില്‍നിന്നും ഒഴികഴിവില്ല; അവന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഒരു പ്രതിസമ്മാനവും പ്രതീക്ഷിക്കാനാവില്ല എന്നാണ് വിശുദ്ധ തോമസ് പറയുന്നത്. നല്ല മനസ് ചിന്തകളെ ആത്മീയഫലത്തിന് യോഗ്യമാക്കുന്നതുപോലെ അലസമനസ് അവയെ കര്‍ത്താവിന് അയോഗ്യമാക്കുന്നുവെന്നും അതിനാല്‍ പ്രതിഫലത്തിന് പകരം അവര്‍ക്ക് ശിക്ഷ ലഭിക്കുന്നുവെന്നും വിശുദ്ധ ബര്‍ണാഡ് പറയുന്നു.
വിശുദ്ധ ബര്‍ണാഡിന് തന്‍റെ സഹോദരങ്ങളോടൊപ്പം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ ലഭിച്ച ഒരു ദര്‍ശനത്തെപ്പറ്റി സിറ്റോ നഗരത്തിന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഓരോ സന്യാസസഹോദരന്‍റെയും അരികില്‍ നിന്ന് എന്തോ എഴുതുന്ന മാലാഖമാരെ അദ്ദേഹം കണ്ടു. ചില മാലാഖമാര്‍ സ്വര്‍ണംകൊണ്ടും ചിലര്‍ വെള്ളികൊണ്ടും മറ്റു ചിലര്‍ മഷികൊണ്ടും ചിലര്‍ വെള്ളംകൊണ്ടുമാണ് എഴുതിയിരുന്നത്. ചിലരാകട്ടെ ഒന്നും എഴുതാതെ നിന്നിരുന്നു.
എന്താണ് ഇതിന്‍റെ അര്‍ത്ഥമെന്ന് ദൈവം വെളിപ്പെടുത്തിക്കൊടുത്തു. സ്വര്‍ണം സൂചിപ്പിച്ചത് ആ സഹോദരന്‍മാര്‍, പ്രാര്‍ത്ഥന തീക്ഷ്ണമായ ഭക്തിയോടെയാണ് ചൊല്ലിയിരുന്നത് എന്നാണ്. വെള്ളിയുടെ അര്‍ത്ഥം ആ സഹോദരരുടെ ഭക്തി ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ്. വാക്കുകള്‍ ശ്രദ്ധാപൂര്‍വം ചൊല്ലിയെങ്കിലും ഭക്തിയില്ലാതിരുന്ന സഹോദരങ്ങളുടെ സമീപത്തുനിന്നിരുന്ന മാലാഖമാരാണ് മഷികൊണ്ടെഴുതിയത്. ഒരു ശ്രദ്ധയുമില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കരികിലെ മാലാഖമാര്‍ വെള്ളംകൊണ്ട് എഴുതി. മനഃപൂര്‍വമായ പലവിചാരങ്ങളെ താലോലിച്ചുകൊണ്ടിരുന്നവരുടെ അരികിലെ മാലാഖമാര്‍ ഒന്നും എഴുതാതെ നിന്നു.
അധരങ്ങള്‍ ഉച്ചരിക്കുന്ന ഭക്തവാക്കുകള്‍ ഹൃദയത്തില്‍ ഭക്തി ഉണര്‍ത്തുന്നു എന്നാണ് വിശുദ്ധ തോമസ് പറയുന്നത്. ഇക്കാരണത്താല്‍ അധരങ്ങള്‍ ബാഹ്യമായി ഏറ്റുപറയുന്നത് ഹൃദയം ആഗ്രഹിക്കുന്നതിനായി നമ്മുടെ കര്‍ത്താവ് നമ്മെ വാചികപ്രാര്‍ത്ഥന ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ദാവീദ് പറയുന്നതുപോലെ, “ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോട് യാചിക്കുന്നു”(സങ്കീര്‍ത്തനങ്ങള്‍ 142/1). വിശുദ്ധ അഗസ്റ്റിന്‍ എഴുതുന്നു, “അനേകര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു. എന്നാല്‍ ആത്മാവിന്‍റെ സ്വരംകൊണ്ടല്ല, ശരീരത്തിന്‍റെ സ്വരംകൊണ്ടാണ് അവര്‍ വിളിക്കുന്നത്. നിങ്ങളുടെ ചിന്തകള്‍കൊണ്ട് കര്‍ത്താവിനെ വിളിക്കുക; ഹൃദയംകൊണ്ട് വിളിക്കുക; അപ്പോള്‍ കര്‍ത്താവ് തീര്‍ച്ചയായും നിങ്ങളെ ശ്രവിക്കും.”
'എന്‍റെ മകള്‍ക്ക് മൂന്ന് മാസം പ്രായമായ സമയത്ത് സ്കാനിംഗ് നടത്തിയപ്പോള്‍ നട്ടെല്ലിന്‍റെ ഉള്ളില്‍ ഒരു മുഴയും (ഹശുീാമ) അതുപോലെ ുശെിമയശളശറമ എന്ന അസുഖവും ഉണ്ടെന്ന് കണ്ടെത്തി. അത് കുഞ്ഞിന്‍റെ മലവിസര്‍ജനം നിയന്ത്രിക്കുന്ന ഞരമ്പിനെയും ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു. ഒരു മാസത്തിനുശേഷം ങഞക എടുത്ത് നോക്കണം എന്നും ചിലപ്പോള്‍ സര്‍ജറി ചെയ്യേണ്ടിവന്നേക്കാമെന്നും ആയിരുന്നു ന്യൂറോസര്‍ജന്‍റെ അഭിപ്രായം.
വളരെ വിഷമിച്ച് ഇരിക്കുമ്പോള്‍, 2023 ഫെബ്രുവരി ലക്കം ശാലോം ടൈംസ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അതെടുത്ത് ഞാന്‍ വായിക്കാന്‍ തുടങ്ങി. ആ മാസികയില്‍ ‘പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും’ എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടിയെന്നായിരുന്നു അതിലെഴുതിയിരുന്നത്. അത് വായിച്ചപ്പോള്‍ ‘നീയും അതുപോലെ ചെയ്യുക’ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവമുണ്ടായി. അതിനാല്‍ ഞാനും അപ്രകാരം ചെയ്യാന്‍ തീരുമാനിച്ചു.
മാത്രവുമല്ല, യോഹന്നാന്‍ 14/1 – “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” എന്ന തിരുവചനവും എന്നെ വളരെയധികം സ്പര്‍ശിച്ചു. അതിനുശേഷം കുഞ്ഞിനെക്കുറിച്ച് എപ്പോള്‍ വിഷമം തോന്നിയാലും ഈ വചനം മനസിലേക്ക് ഓടിയെത്തും. അതെന്നെ വളരെയധികം ആശ്വസിപ്പിച്ചു.
പിന്നീട് ഞങ്ങള്‍ ങഞക എടുത്തപ്പോള്‍ കുഞ്ഞിന് അസുഖമൊന്നുമില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. മുഴയും അപ്രത്യക്ഷമായിരുന്നു. യാതൊരു ചികിത്സയുമില്ലാതെ ഈശോ കുഞ്ഞിന് പൂര്‍ണസൗഖ്യം നല്കി. ദൈവരാജ്യത്തിനായി നാം ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും നല്ല ദൈവം പ്രതിഫലം നല്കി അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പായി.
'പോളണ്ട്: ഫാത്തിമ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്ത് പോളണ്ടില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരന്‍ ജാകുബ് കാര്‍ലോവിക്സ്. 5600 കിലോമീറ്ററാണ് ഈ തീര്‍ത്ഥാടനത്തിനായി ജാകുബ് 221 ദിവസംകൊണ്ട് നടന്നത്. എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കുചേരുമായിരുന്നു. ദിവ്യബലിക്ക് അത്രമാത്രം പ്രാധാന്യം ജാകുബ് നല്കുന്നു. ഓരോ പുതിയ കിലോമീറ്റര്‍ താണ്ടുമ്പോഴും ലോകസമാധാനത്തിനും പ്രിയപ്പെട്ടവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കുംവേണ്ടി ഒരു ‘നന്മനിറഞ്ഞ മറിയമേ’ സമര്‍പ്പിച്ചിരുന്നു.
യാത്രയ്ക്കായി പണവും വസ്ത്രങ്ങളുംമാത്രമല്ല ഭക്ഷണംപോലും കരുതിയിരുന്നില്ല എന്നതും ശ്രദ്ധേയമായി. ഹെയര്‍ഡ്രസ്സറായ ജാകുബ് തന്‍റെ തൊഴിലുപകരണങ്ങള്‍ കൈയില്‍ കരുതിയിരുന്നു. അതിനാല്‍ യാത്രയ്ക്കിടെ സാഹചര്യങ്ങള്‍ ലഭിച്ചപ്പോള്‍ സ്വന്തം തൊഴില്‍ ചെയ്ത് അല്പം പണം നേടി. ചുരുക്കത്തില്‍, പരിശുദ്ധ അമ്മയോടുചേര്‍ന്ന് ദൈവികപരിപാലനയില്‍മാത്രം ആശ്രയിച്ചുള്ള യാത്ര. പ്രത്യേകമധ്യസ്ഥനായി വിശുദ്ധ ഡോണ്‍ ബോസ്കോയും. ‘ദുഃഖിതനായ വിശുദ്ധന്‍ ഒരു യഥാര്‍ത്ഥ വിശുദ്ധനല്ല’ എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ജാകുബിന് വഴികാട്ടിയായി.
2022 ജൂലൈ 17നായിരുന്നു യാത്ര ആരംഭിച്ചത്. കൈകളില്‍ ജപമാലയും വഹിച്ച് 10 രാജ്യങ്ങളിലൂടെ അദ്ദേഹം നടന്ന് സഞ്ചരിച്ചു. ഓരോ രാജ്യങ്ങളിലെയും വിവിധ ഗ്രാമങ്ങളില്‍നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചതത്രേ. പലരും ജാകുബിനെ സ്വന്തം വീട്ടിലേക്ക് അതിഥിയായി ക്ഷണിച്ചു.
യാത്രാനുഭവങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. ഫ്രാന്‍സില്‍വച്ച് നടന്നത് നാടകീയമായ ഒരു സംഭവം! പാഞ്ഞുവന്ന ഒരു ബി.എം.ഡബ്ളിയു കാര്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി! മുഖംമൂടി ധരിച്ച കുറച്ചുപേര്‍ പുറത്തിറങ്ങി ഡിക്കി തുറന്ന് മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണം നല്‍കിയ ശേഷം അതിവേഗം പോയി!
ഇപ്രകാരം ദൈവികപരിപാലനയുടെ അനുഭവങ്ങളാല്‍ സമ്പന്നമായിരുന്നു യാത്ര. ഇനിയും അനേകം മരിയന്‍ കേന്ദ്രങ്ങളിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം ചെയ്യണമെന്നാണ് ജാകുബിന്‍റെ ആഗ്രഹം.
'പ്രാര്‍ത്ഥിക്കാന്‍ ഇരുന്നാലും വചനം ആഗ്രഹത്തോടെ വായിക്കാന്‍ ഇരുന്നാലും ഒരു ജ്വലനം ആത്മാവില്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാറില്ലേ? ഈ നിര്‍ജീവ അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടത്?
നാലു വയസുള്ള കുഞ്ഞിന് എന്‍റെനേര്‍ക്കുള്ള സ്നേഹം ഞാന്‍ എന്നും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. സാധാരണ കുഞ്ഞുങ്ങളില്‍നിന്നും വ്യത്യസ്തമായി അതിശക്തമായ പ്രേമം നിറഞ്ഞാണ് അവനെന്നെ സ്നേഹിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. മറ്റു രണ്ട് കുഞ്ഞുങ്ങളെപ്പോലെ ഇവന്‍ എന്‍റെ കവിളത്ത് ഉമ്മ വയ്ക്കാറില്ല; പകരം എന്‍റെ ചെവിക്കുള്ളില്‍ ഉമ്മവച്ച് ഇക്കിളിപ്പെടുത്തും. രാത്രി കിടക്കുമ്പോള്‍ അവന് എന്‍റെ കൂടെയല്ല കിടക്കേണ്ടത്. പകരം എന്‍റെ നെഞ്ചത്തും വയറിലുമായാണ് കിടപ്പ്. ഏകദേശം ഇരുപതു കിലോ അടുത്ത് ഭാരമുള്ള അവനങ്ങനെ കിടക്കുമ്പോള്‍ എനിക്ക് ഭാരം അനുഭവപ്പെടാറേയില്ല. ഇതിനെല്ലാം പുറമേ നാഴികയ്ക്ക് നാല്‍പതുവട്ടം ‘ഇതെന്‍റെ അപ്പയാ’ എന്ന് പറഞ്ഞുകൊണ്ടുമിരിക്കും. മേല്‍പറഞ്ഞ രീതിയിലും അതില്‍ക്കവിഞ്ഞ രീതിയിലുമൊക്കെയുള്ള അവന്‍റെ സ്നേഹപ്രകടനങ്ങള്‍ പലപ്പോഴും ശാരീരികമായി തളര്‍ന്ന എന്നെ ബുദ്ധിമുട്ടിക്കാറുമുണ്ട്.
വരള്‍ച്ചകള്‍ വളര്‍ച്ചയാക്കാം
എന്നാല്‍ ആ വേളകളിലെല്ലാം എന്‍റെ ഉള്ളില്‍നിന്നും ഈശോനാഥന്‍ എന്നെ അല്പം ശാസിച്ച് ഇങ്ങനെ ചോദിക്കാറുണ്ട്, ‘അവനുള്ള ഈ സ്നേഹത്തിന്‍റെ എത്ര ശതമാനം നിനക്ക് എന്നോടുണ്ട്?’ ഈയൊരു സ്വരം എന്നെയും നിങ്ങളെയുമൊക്കെ അല്‍പം വിഷമിപ്പിക്കുന്ന ഒരു ആത്മീയ വിചിന്തനംതന്നെയാണ്. മിക്കവാറും നാമെല്ലാം ഓര്‍ക്കാറുണ്ട്, ആകെ ഒരു വരള്‍ച്ചയും തളര്‍ച്ചയുമാണല്ലോ ഈശോയോടുള്ള സ്നേഹത്തിലും പ്രാര്‍ത്ഥനാ ജീവിതത്തിലുമൊക്കെ. പഴയപോലെ ഒരു പ്രാര്‍ത്ഥനാരീതി, ഉണര്‍വ്, ജ്വലനം ഒന്നുമില്ലല്ലോ എന്നീ ചിന്തകള്‍ ഉള്ളവരാണ് ഇന്നേറെയും.
ഇത്തരത്തിലുള്ള ശുഷ്കിച്ച ആത്മീയ മേഖലയിലുള്ളവര്‍ക്കുള്ള ആശ്വാസദൂതാണ് മേല്‍പ്പറഞ്ഞ കുഞ്ഞിന്‍റെ സ്നേഹപ്രകടനങ്ങള്‍. ഈ കുഞ്ഞ് എപ്പോഴും ആവര്‍ത്തിക്കുന്ന വാക്കാണ് അതിന്‍റെ ഉത്തരവും പോംവഴിയും. ‘ഇതെന്‍റെ അപ്പയാ.’
ഈശോയുമായുള്ള സ്നേഹജീവിതത്തിലേക്ക് നമ്മെ അടുപ്പിക്കുന്നതും അവനുമായി നമ്മെ ഒന്നാക്കുന്നതുമായ ഒന്നിന്‍റെ പേരാണ് പ്രാര്‍ത്ഥനയും ആരാധനയും കൂദാശയുമൊക്കെ. ഉത്തമഗീതം 2/16-ല്‍ നാം കാണുന്നു “എന്‍റെ ആത്മനാഥന്‍ എന്‍റേതാണ്, ഞാന്‍ അവന്‍റേതും.” ഈയൊരു ഉറപ്പും അവകാശവാദവും സ്നേഹപ്രകടനവും ഇതിന്‍റെ ബഹിര്‍സ്ഫുരണവുമാണ് പ്രാര്‍ത്ഥനയും മിസ്റ്റിക്കുകള്‍പോലും അനുഭവിച്ച പ്രേമപാരവശ്യവും. ഒരുപക്ഷേ പഴയ കാലങ്ങളിലേതുപോലെ ദീര്‍ഘമായി ഏകാന്തതയിലും പ്രാര്‍ത്ഥനാകൂട്ടായ്മകളിലുമൊക്കെ ഇരുന്ന് പ്രാര്‍ത്ഥിക്കാന്‍ നമുക്കാവുന്നില്ലായിരിക്കാം. ഒരുപക്ഷേ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നാലും വചനം ആഗ്രഹത്തോടെ വായിക്കാന്‍ ഇരുന്നാല്‍പ്പോലും ഒരു ജ്വലനം ആത്മാവില്‍ ഇല്ലായിരിക്കാം. ഇവിടെ നാം നിരാശപ്പെടേണ്ടതില്ല. ഈശോ അനുവദിക്കുന്ന ഈ നിര്‍ജീവ അവസ്ഥയില്‍, ‘എന്‍റെ ഈശോയേ’ എന്ന ഒറ്റ വാക്ക് കേള്‍ക്കാനാണ് നാഥന്‍ കൊതിക്കുന്നത്.
ഇതാണോ വളര്‍ച്ച…?
പ്രാര്‍ത്ഥനയുടെ ആധിക്യത്താലും, ആത്മീയ ജ്ഞാനത്തിന്‍റെ വഴികള്‍ താണ്ടുമ്പോഴും ഈ കുഞ്ഞിനെപ്പോലെ ഈശോയോട് കൊഞ്ചാനാകുന്നില്ലെങ്കില്‍, നാം വളരുകയല്ല തളരുകയാണ്. ധനികനായ ശിമയോന്‍റെ പൂമേടയില്‍ വിരുന്നിനെത്തിയ ഈശോയുടെ നോട്ടം രുചിയും കൊഴുപ്പും അലങ്കാരവും മുറ്റിയ ഭക്ഷണവിഭവങ്ങളിലല്ല; പാപിനിയുടെ അനുതാപാര്‍ദ്ര ചുംബനത്തിലായിരുന്നു. അതിഥിസല്‍ക്കാരത്തിന്‍റെ ഉത്തുംഗ തലങ്ങളിലെത്തിയ ശിമയോനോട് അവിടുന്ന് പറഞ്ഞത്, നീ എനിക്ക് ചുംബംനം തന്നില്ല എന്നാണ്. ഉത്തമഗീതത്തിന്‍റെ ആദ്യ വരികള്‍ മനസില്‍ പാടാം “നിന്‍റെ അധരം എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ; നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്” (ഉത്തമഗീതം 1/1-2).
അവനെ തലോടാത്ത, ചുംബിക്കാത്ത, അവന്‍റെ ചങ്കിലേക്ക് യോഹന്നാനെപ്പോലെ ചാഞ്ഞു കിടക്കാത്ത പ്രാര്‍ത്ഥനകളിലെല്ലാം ശിമയോനോട് ഈശോ ചോദിച്ച ചോദ്യത്തിന്‍റെ സാധ്യതയും കുറവും ബാക്കി കിടക്കുന്നു. ഈശോയോടുള്ള സ്നേഹവും പ്രേമവും ഉണരാത്ത പ്രാര്‍ത്ഥനകള്‍ എന്‍റെ ചുണ്ടില്‍നിന്ന് ഉയരാതിരിക്കാന്‍ നമുക്ക് ആഗ്രഹിക്കാം.
പ്രാര്‍ത്ഥനയിലുള്ള ഈ മാറ്റം വിശുദ്ധ കൂദാശകളും കൃപയൊഴുകുന്ന മറ്റു ക്രിസ്തീയ പാരമ്പര്യ പ്രാര്‍ത്ഥനകളും ഉപേക്ഷിച്ചിട്ടല്ല, പകരം ഇവയിലെല്ലാമുള്ള നമ്മുടെ സ്നേഹബോധമാണ് മാറേണ്ടത്. ഭവനത്തിലായിരിക്കുമ്പോള്‍, ഈശോയേ എന്ന് വിളിക്കാന്‍പോലും മനസിന് ആവുന്നില്ലെങ്കില്‍ ഈശോയുടെ തിരുഹൃദയരൂപത്തിന് അടുത്തേക്ക് ചെന്ന് ഒന്ന് അവനെ സ്നേഹത്തോടെ നോക്കിനില്‍ക്കാമോ. അവന്‍റെ സഹനങ്ങളോട്, നമ്മുടെ നൊമ്പരങ്ങള്‍ ചേര്‍ത്തുവച്ച് കണ്ണുകളെ സജലമാക്കാമോ? ഉത്തമഗീതം 6/5 പറയുന്നു “നീ എന്നില്‍നിന്ന് നോട്ടം പിന്‍വലിക്കുക, അത് എന്നെ വിവശനാക്കുന്നു.” ഇത്തരത്തില്‍ ഈശോയുടെ തിരുഹൃദയത്തെ ആനന്ദിപ്പിക്കുമാറ്, സ്നേഹം നിറച്ച ചങ്കുകൊണ്ടുള്ള കടാക്ഷങ്ങള്‍ കൂടെക്കൂടെ പകരുക. മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ഈശോയെ ഞാന്‍ സ്നേഹിക്കണം, ആശ്വസിപ്പിക്കണം. കാരണം മറ്റുള്ളവരെക്കാള്‍ ഞാന്‍ ഈശോയെ വേദനിപ്പിച്ചു അല്ലെങ്കില്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്ത്, മനസുരുകുന്ന അനുതാപത്തിന്‍റെ തപം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകട്ടെ.
ഫലംതരുന്ന ടിപ്പുകള്‍
ഹൃദയത്തെ ഉരുക്കുന്ന ആത്മീയഗാനം കേട്ടുകൊണ്ട്, ഈശോയുടെ മുമ്പിലിരിക്കുക, ഈശോയെ അതിയായി സ്നേഹിച്ച വിശുദ്ധരുടെ ജീവിതാനുഭവങ്ങള്‍ വായിച്ചു ധ്യാനിക്കുക, അല്‍പമേ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നുള്ളൂ എങ്കിലും അര്‍ത്ഥം മനസിലാക്കി, ഉദാഹരണമായി ‘നന്മനിറഞ്ഞ മറിയമേ’ എന്നു വിളിക്കുമ്പോള്‍ ദൂതന്‍ തലകുനിച്ച് വിനീതനായി നിന്നപോലെ മറിയം എന്‍റെ മുമ്പിലുണ്ട് എന്ന ചിന്തയില്‍, അമ്മയുടെ കണ്ണില്‍ നോക്കി ചൊല്ലുന്ന ഒരു ‘നന്മനിറഞ്ഞ മറിയം’, നമ്മുടെ ചുണ്ടില്‍ നിന്നുയര്‍ത്തുക. കൂടുതല്‍ ശക്തിയുള്ള പ്രാര്‍ത്ഥനകള്‍, വചനങ്ങള്‍ കൂടുതല്‍ തവണ പ്രാര്‍ത്ഥിക്കല്‍ എന്നീ സത്ചിന്തകള്‍ക്കൊപ്പം കൂടുതല്‍ അനുഭവമുള്ള, കൂടുതല്‍ സ്നേഹിച്ചുള്ള, സമര്‍പ്പണമുള്ള ശൈലികളും നമ്മില്‍നിന്ന് ഉയരട്ടെ.
വചനം മുഴുവന്‍ വായിച്ചുതീര്‍ക്കാനും ദിവസേന ഒരു നേര്‍ച്ചപോലെ കൃത്യതയുള്ള സമയം വചനം വായിക്കും എന്ന തീരുമാനത്തിനൊപ്പം ഓരോ അക്ഷരത്തിലുമുള്ള ഹൃദയമിടിക്കുന്ന വചനത്തെ, അവതരിച്ച ദൈവപുത്രന്‍റെ കോമള ശരീരത്തെ ലാളിക്കാനും തലോടാനും വചനത്തെ ചുംബിക്കാനുംകൂടി സാധിച്ചാല്‍ അതും പ്രാര്‍ത്ഥനയുടെ മറ്റൊരു തലമായി.
നാഥന്‍ പറയുന്നു “എന്‍റെ മാടപ്പിറാവേ, പാറയിടുക്കുകളിലും ചെങ്കുത്തായ പൊത്തുകളിലും ജീവിക്കുന്ന നിന്‍റെ മുഖം ഞാനൊന്ന് കാണട്ടെ. ഞാന്‍ നിന്‍റെ സ്വരമൊന്ന് കേള്‍ക്കട്ടെ” (ഉത്തമഗീതം 2/14). നാഥന് വേണ്ടത് വെറും അധരവ്യായാമമല്ല. ഭക്തിയില്ലാത്ത ആത്മീയ ജ്ഞാനമല്ല. പകരം പ്രേമത്താല്‍ പിടക്കുന്ന ആരാധനയാണ്; ചുംബനമാണ്, നോട്ടമാണ്, സ്വരമാണ്, തലോടലാണ്. നാഥന്‍റെ കാതുകളെ നമുക്ക് സ്നേഹത്താല്‍ ഇക്കിളിപ്പെടുത്താം, ആമ്മേന്‍.
'ആത്മീയജീവിതത്തില്‍ പുരോഗമിക്കാന്‍ നാം സദാ പരിശ്രമിക്കണം. അഭിവൃദ്ധിയില്ലെങ്കില്‍ നമ്മുടെ നില ആശങ്കാജനകമാണ്. പിശാച് നമ്മെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നതിന് സംശയമില്ല. പുരോഗമിച്ച ഒരാത്മാവ് കൂടുതല്‍ വളരാതിരിക്കുക സാധ്യമല്ല. സ്നേഹം ഒരിക്കലും അലസമായിരിക്കയില്ല; തന്നിമിത്തം അഭിവൃദ്ധിയുടെ അഭാവം ശുഭലക്ഷണമേയല്ല. ദൈവത്തിന്‍റെ പ്രിയങ്കരിയാകാന്‍ ആഗ്രഹിക്കുകയും അവിടുത്തോടുള്ള ബന്ധത്തില്‍ ഉയര്‍ന്ന പദവിയിലേക്ക് എത്തുകയും ചെയ്ത ആത്മാവ് അലസമായ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ ഇടവരരുത്.
ആവിലായിലെ വിശുദ്ധ ത്രേസ്യ
‘ആഭ്യന്തരഹർമ്യം’
'മരുന്നുകളുടെ പേരും അതിന്‍റെ പ്രവര്‍ത്തനവുമെല്ലാം പ്രതിപാദിക്കുന്ന ഒരു ശാസ്ത്രവിഷയമാണ് ഫാര്‍മക്കോളജി. മെഡിക്കല്‍ കോഴ്സുകളില്‍ ഒരു പ്രധാനപ്പെട്ട വിഷയമാണ് ഇത്. ഈ വിഷയത്തിന്‍റെ പരീക്ഷക്കായി ഞാന്‍ ഒരുങ്ങിയത് ഇന്നും മറന്നിട്ടില്ല. പഠിക്കാനിരിക്കുന്ന സ്ഥലത്തും വായിക്കുന്ന പുസ്തകത്തിന്‍റെ ഇരുവശങ്ങളിലും വാതില്‍പ്പടിയിലും ഫോണിലും ജനാലയിലും എന്തിനേറെ പറയുന്നു, ഊണുമേശയില്‍പ്പോലും ഇതിന്‍റെ കാര്യങ്ങള്‍ എഴുതിയിട്ടിരുന്നു. എപ്പോള്‍ എവിടെയായിരുന്നാലും ഈ വിഷയം ഓര്‍മ്മവരാനും പഠിച്ചവ റിവൈസ് ചെയ്യാനും വേണ്ടി. 24 ഃ 7 സമയവും അതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രം. പരീക്ഷ പ്രധാനപ്പെട്ടതാണല്ലോ?
ഇതിനെക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് നിരന്തര ദൈവസാന്നിധ്യസ്മരണ. എവിടെയായിരുന്നാലും എപ്പോഴും, നിരന്തരം ദൈവപിതാവിനെക്കുറിച്ച്, യേശുവിനെക്കുറിച്ച്, പരിശുദ്ധാരൂപിയെക്കുറിച്ച്, ചിന്തിക്കുക. പാപത്തില്‍നിന്ന് ഒഴിവാകാനും കൃപയില്‍ നിലനില്‍ക്കാനും ഇതിലും നല്ല മാര്‍ഗം വേറെ കണ്ടെത്താനില്ല. ഏത് സമയത്തും നമ്മുടെ ഏതവസ്ഥയും ‘കണക്ട് ടു ഗോഡ്.’ എന്‍റെ മുന്‍പിലും പിന്‍പിലും, എന്‍റെ വലതും ഇടതും, എന്നെ സൂക്ഷിച്ചു വീക്ഷിക്കുന്ന എന്നെ കാണുന്ന, (സങ്കീര്‍ത്തനങ്ങള്‍ 139) എന്നെ കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞ് കൂട്ടുകൂടുന്നു, സംസാരിക്കുന്നു, വഴക്കിടുന്നു, കെട്ടിപ്പിടിക്കുന്നു, സ്നേഹിക്കുന്നു.
അപ്പോള്‍ എങ്ങനെ ഞാന്‍ പാപം ചെയ്യും? രഹസ്യത്തില്‍ ഞാനെങ്ങനെ അശുദ്ധപാപത്തില്‍ മുഴുകി അവനെ കരയിപ്പിക്കും? ഒപ്പമുള്ളവനെ വഞ്ചിക്കാനും അവനോട് കപടമായി പെരുമാറാനും എങ്ങനെ തോന്നും? എങ്ങനെ ഭയപ്പെടാനും ആകുലപ്പെടാനും വിഷാദിച്ചിരിക്കാനും പറ്റും? അതുകൊണ്ട് എത്രയും പെട്ടന്ന് ഈയൊരു അനുഗ്രഹം കരസ്ഥമാക്കുക.
അദൃശ്യപോരാട്ടം എന്ന വിഖ്യാതമായ ആത്മീയഗ്രന്ഥം നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നു (പേജ് 288) “പ്രാര്‍ത്ഥനയില്‍ പുരോഗമിക്കുന്നതിനായി യത്നിക്കുന്ന എല്ലാവരുടെയും മുഴുവന്‍ ശ്രദ്ധയും ഒന്നാമതായി ലക്ഷ്യം വയ്ക്കേണ്ടതും തിരിയേണ്ടതും ഈ ലക്ഷ്യത്തിലേക്കാണ്. അതായത് ഒരിക്കലും ഹൃദയം തളരരുത്. ദൈവത്തെക്കുറിച്ചുള്ള ചിന്ത ഒഴികെയുള്ള എല്ലാ ചിന്തയില്‍ന്നും അതിനെ സംയമനത്തോടെ സംരക്ഷിക്കുക.”
ചിന്തകളുടെ വിശുദ്ധീകരണം, നല്ല മനസ്സാക്ഷിയുടെ രൂപീകരണം, ശുദ്ധ നിയോഗങ്ങളെ കുറിച്ചുള്ള ആലോചന, ആകുലതയും ഉത്കണ്ഠയുമകന്ന ജീവിതം, ആത്മാവിന്‍റെ പ്രേരണകളെ വിവേചിക്കാനുള്ള വരം, ദൈവൈക്യത്തിലേക്കുള്ള മലകയറ്റം എന്നിവയെല്ലാം നിരന്തര ദൈവസാന്നിധ്യസ്മരണയില്‍ തുടക്കം കുറിക്കുന്നു. കാരണം, “ചിന്തയാണ് എല്ലാ പ്രവൃത്തിയുടെയും ആരംഭം; എല്ലാ ഉദ്യമവും ആലോചനയുടെ തുടര്‍ച്ചയാണ്. ചിന്ത ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നു” (പ്രഭാഷകന്‍ 37/16,17). ഈ നിമിഷം തന്നെ ആരംഭിക്കുക. “കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍; നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍”ڔ(സങ്കീര്‍ത്തനങ്ങള്‍ 105/4).
'സ്നേഹവും ലാളിത്യവും ഊഷ്മളതയും നിറഞ്ഞ ഫ്രാന്‍സിസ്കന്‍ സഹോദരനായിരുന്നു ജൂണിപ്പര്‍. പക്ഷേ ആരെങ്കിലും അദ്ദേഹത്തോട് മുഖം കറുപ്പിച്ചാല്‍, ഉറക്കെ സംസാരിച്ചാല്‍ അദ്ദേഹമാകെ വാടിത്തളരും. ആക്ഷേപിക്കുന്നവരോട് ക്ഷമിക്കാനുള്ള ഉള്‍ക്കരുത്തുമില്ലായിരുന്നു ജൂണിപ്പറിന്. എന്നാല്‍, ഈ ബലഹീനതകളെപ്പറ്റി ബോധവാനായിരുന്നു അദ്ദേഹം. അതിനാല്‍ത്തന്നെ ഈ ബലഹീനതകളെ കീഴടക്കാന്‍ അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു.
എത്ര ക്രൂരമായ അധിക്ഷേപത്തിന്‍റെ മുമ്പിലും ധീരതയോടെ നിശബ്ദത പാലിക്കുക, അതൃപ്തിയോടെ ആരെങ്കിലും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടാല്‍ പ്രതികരിക്കരുത്, മറ്റുള്ളവര്‍ ശകാരിച്ചാല്‍പ്പോലും ശാന്തനായിരിക്കണം- ഇതൊക്കെയായിരുന്നു ജൂണിപ്പര്‍ സ്വയം നിയന്ത്രിക്കാന്‍ സ്വീകരിച്ച ചില പ്രായോഗികമാര്‍ഗങ്ങള്‍. തന്‍റെ നാക്കാണ് ഏറ്റവും ഉപദ്രവകാരി എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നാവിനെ നിലയ്ക്കുനിര്‍ത്താന്‍ മൗനവ്രതം എടുക്കാന്‍ തീരുമാനിച്ചു. പിതാവിന്‍റെ സ്നേഹവും പുത്രനായ യേശുവിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സ്നേഹവും പിന്നെ പരിശുദ്ധ കന്യാമറിയവും വിശുദ്ധ ഫ്രാന്‍സിസുമൊക്കെയായിരുന്നു ഓരോ ദിവസത്തെ ധ്യാനവിഷയങ്ങള്‍. അത്യാവശ്യകാര്യങ്ങള്‍ക്ക് ആംഗ്യങ്ങള്‍കൊണ്ട് മറുപടി നല്കും. അങ്ങനെ തുടര്‍ന്ന മൗനപാലനം ആറുമാസങ്ങള്‍ നീണ്ടു.
അങ്ങനെയിരിക്കേ ഒരു ദിവസം ഒട്ടും സഹിക്കാന്‍ സാധിക്കാത്തവിധം ചില സഹോദരന്‍മാര്‍ തന്നെക്കുറിച്ച് സംസാരിക്കുന്നത് ജൂണിപ്പര്‍ കേട്ടു. മൗനമായിരിക്കാന്‍ അദ്ദേഹം അതിതീവ്രശ്രമം നടത്തേണ്ടിവന്നു. അതിന്‍റെ ഫലമായി നെഞ്ചിനുള്ളിലെ ഞരമ്പുകള്‍ പൊട്ടി. പുറത്തേക്ക് തുപ്പിയത് രക്തം.
അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സഹിക്കാനാവാതെ അദ്ദേഹം ദൈവാലയത്തിലേക്ക് ഓടി. ക്രൂശിതനെ കെട്ടിപ്പിടിച്ച് കേണു, “നാഥാ, അങ്ങയോടുള്ള സ്നേഹത്തെപ്രതിയാണ് ഇതെല്ലാം ഞാന്‍ സഹിക്കുന്നത്. എന്നെ അനുഗ്രഹിക്കണമേ…”
ഒരു അത്ഭുതമാണ് തുടര്‍ന്ന് അവിടെ ഉണ്ടായത്. ക്രൂശിതരൂപത്തില്‍നിന്നും യേശുവിന്‍റെ വലംകൈ സാവധാനം താഴ്ന്നു. ജൂണിപ്പറിന്‍റെ മാറില്‍ ആ കൈ വച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു, “മകനേ, നിനക്കുവേണ്ടി ഞാന്‍ സഹിച്ചത് ഓര്‍ക്കൂ, നീയത് മനസിലാക്കുന്നില്ലേ?”
ജൂണിപ്പര്‍ സഹോദരന്‍റെ അവസ്ഥ അവര്‍ണനീയമായിരുന്നു. പിന്നീടങ്ങോട്ട് ദൈവികവരദാനത്തിന്‍റെ പ്രകടമായ ശക്തി ജൂണിപ്പറിന് അനുഭവപ്പെട്ടു. അപ്പോള്‍മുതല്‍ ഏത് അധിക്ഷേപവും സന്തോഷത്തോടെ സഹിക്കാമെന്നായി.
'ഈവര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, “അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല” (യോഹന്നാന്‍ 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. “ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ” എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതിന്‍റെ രണ്ടാം ദിവസം ഒരാള്‍ മഠത്തില്‍ വന്നു പറഞ്ഞു, “കുഴല്‍കിണറിന് യന്ത്രം ഉപയോഗിച്ച് സ്ഥാനം കാണുന്നവര്‍ ഈ പ്രദേശത്ത് വരുന്നുണ്ട്. ഈ വര്‍ഷം കിണര്‍ കുഴിക്കുന്നില്ലെങ്കിലും സ്ഥാനം കണ്ടുവയ്ക്കുന്നത് നല്ലതായിരിക്കും.”
അന്നുരാത്രി ഞങ്ങളുടെ പറമ്പില്‍ രണ്ട് സ്ഥലത്ത് വെള്ളമുള്ളതായി ഞാന്‍ സ്വപ്നം കണ്ടു. പിറ്റേന്ന് അതിലൊരു സ്ഥലത്തുതന്നെ കുഴല്‍കിണറിന് സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. എങ്കിലും മഴക്കാലം അടുത്തുവരുന്നതുകൊണ്ടും അടുത്തുള്ള മഠത്തില്‍ കുഴല്‍കിണര്‍ കുത്തിയിട്ട് വെള്ളം ലഭിക്കാത്തതുകൊണ്ടും ആ സമയത്ത് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിക്കുക എന്നത് അല്പം ക്ലേശകരമായ കാര്യമായിരുന്നു.
എന്തായാലും ദൈവത്തില്‍ ആശ്രയിച്ച് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ 29-ന് രാവിലെ എട്ടുമണിക്കാണ് കിണര്‍പണി ആരംഭിക്കുന്നത്. വെള്ളമില്ലാത്തപ്പോള്‍ സ്തുതിച്ച് പ്രാര്‍ത്ഥിച്ചാല്‍മതിയെന്ന ഞങ്ങളുടെ സ്ഥാപകപിതാവ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍റെ വാക്കുകള്‍ അനുസരിച്ച്, കിണറിന് സ്ഥാനം കണ്ടിരുന്നിടത്ത് അന്ന് അതിരാവിലെ പോയി സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം എട്ടുമണിക്കുതന്നെ കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. അവരിലൊരാള്‍ പറഞ്ഞു, “സിസ്റ്ററേ, ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോ നാലോ കിണറുകള്‍ കുഴിച്ചു. എവിടെയും വെള്ളം കിട്ടിയില്ല. ഇവിടെയും സാധ്യതയില്ല.”
അതുകേട്ട് ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, “ഇത് ദൈവത്തിന്‍റെ ഭവനമാണ്. അതുകൊണ്ട് ദൈവം വെള്ളം തരും. ദയവായി പണി തുടങ്ങണം.” അങ്ങനെ അവര്‍ പണി ആരംഭിച്ചു. ഈ സമയം ഞാന്‍ പ്രാര്‍ത്ഥിച്ചു, “വെള്ളം ലഭിച്ചാല്‍ ദൈവമഹത്വത്തിനായി ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം.” അതോടൊപ്പം, “അമ്മേ, മാതാവേ, വെള്ളത്തിന്‍റെ കാര്യം ഈശോയെ ഓര്‍മ്മിപ്പിക്കണമേ” എന്ന യാചനയും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 50 അടി ആയപ്പോള്‍ പാറ കണ്ടു. അതിനാല്‍ പൈപ്പ് ഇറക്കി. 135 അടി ആയപ്പോള്‍ വെള്ളം കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് അത്ഭുതമായിരുന്നു. 200 അടി ആയപ്പോഴേക്കും സമൃദ്ധമായി വെള്ളം ലഭിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. നിലവിലുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുതന്നെയായിരുന്നു പുതിയ കുഴല്‍കിണര്‍. ഈശോ കാണിച്ച കരുണയും സ്നേഹവും അവിടുത്തെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തുന്നു.
'ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ എന്ന് സംശയിച്ചിരുന്ന ലേഖകന്‍റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍
എന്‍റെ യുവത്വം തുടങ്ങുന്ന കാലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടാന്‍ ഇടയായി. ധ്യാനാവസരത്തില്‍ പനയ്ക്കലച്ചന്‍ ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്‍ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില്‍ അച്ചന്‍ പറഞ്ഞു, “ഈ അപ്പം ഈശോതന്നെയാണ്. എങ്കിലും ഈ ആരാധനയില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഈശോ ആണെന്ന ബോധ്യമില്ല. അങ്ങനെയുള്ളവര്‍ ഈ അപ്പത്തിന് ജീവനുണ്ടെന്നോ ഇത് ഈശോ ആണെന്നോ ചിന്തിക്കാതെ ഇത് ഒരു അപ്പമാണെന്ന് മാത്രം വിശ്വസിച്ച് അപ്പത്തോട് പറയുക. ഈ അപ്പം ഈശോയാണെന്നുള്ള ബോധ്യം നല്കണമേ.”
അപ്പത്തെ നോക്കി പ്രാര്‍ത്ഥിച്ചപ്പോള്‍
ഞാനും അപ്പത്തെ നോക്കി അങ്ങനെ പ്രാര്‍ത്ഥിച്ചു. പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആരാധനയ്ക്കുശേഷം കുര്‍ബാന ആരംഭിച്ചു. വൈദികന്‍ തിരുവോസ്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു: “സജീവവും ജീവദായകവുമായ ഈ അപ്പം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവന്‍ ജീവന്‍ നല്കുന്നതുമാകുന്നു” ആ പ്രാര്‍ത്ഥനാസമയം ഞാന്‍ തിരുവോസ്തിയിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാല്‍ ഈശോ തിരുവോസ്തിയില്‍നിന്ന് ഇറങ്ങി നടന്ന് ക്രിസ്തുരാജന്‍റെ രൂപത്തില്‍ എന്‍റെ ഹൃദയത്തിലേക്ക് വന്നു കയറി. ആ നിമിഷം മുതല്‍ ഞാന്‍ ദിവ്യകാരുണ്യത്തില്‍ വിശ്വാസമുള്ളവനായിത്തീര്‍ന്നു. അവിശ്വാസം മാറി പൂര്‍ണ്ണ ബോധ്യമുള്ളവനായി. “സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണ്” (യോഹന്നാന്‍ 6/51).
പിന്നെയും നാളുകളേറെ കഴിഞ്ഞുപോയി. എന്‍റെ വിവാഹം നടന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതിനുശേഷം ഭാര്യ രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയം. പ്രസവത്തിനായി 2012 ആഗസ്റ്റ് 16 ന് രാവിലെ ആശുപത്രിയില്‍ അഡ്മിറ്റായി. അടുത്ത ദിവസം രാവിലെ ഡോക്ടര്‍ വിസിറ്റിങ്ങിന് വന്നപ്പോള്‍ പറഞ്ഞു, “ഇന്ന് വേദന വന്നില്ലെങ്കില്‍ നാളെ വേദനയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കാം.”
അന്ന് വൈകുന്നേരം ഞാന്‍ ആശുപത്രിക്ക് പുറത്ത് നടക്കാന്‍ ഇറങ്ങി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ അഖണ്ഡ ജപമാല നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അള്‍ത്താരയില്‍ ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് വച്ച് ചൊല്ലിക്കൊണ്ടിരുന്ന ആ ജപമാലപ്രാര്‍ത്ഥനയില്‍ അല്പനേരം പങ്കെടുത്ത് ഞാന്‍ തിരിച്ച് റൂമിലെത്തി. ഉടനെ കുളിക്കാനായി കുളിമുറിയില്‍ കയറി. അപ്പോള്‍ ധ്യാനകേന്ദ്രത്തില്‍നിന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കാമായിരുന്നു. വെന്‍റിലേഷന്‍ വഴി എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കിയപ്പോള്‍ ധ്യാനകേന്ദ്രത്തിന്‍റെ അള്‍ത്താരയിലിരിക്കുന്ന ദിവ്യകാരുണ്യവും പ്രാര്‍ത്ഥിക്കുന്നവരെയും കാണാമായിരുന്നു. അവിടെനിന്ന് കേള്‍ക്കുന്ന ആരാധനയുടെ ഗാനത്തിന് ഈണം പിടിച്ച് കുളിക്കാന്‍ തുടങ്ങിയ സമയത്ത് ഭിത്തിയില്‍ ഒരു അസാധാരണ കാഴ്ച!
ഒരു പഴയ ഫിലിം റോളില്‍ കാണുന്നതു പോലെ… അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങുന്നു. കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റാന്‍ തുടങ്ങുന്ന ഒരു ദ്യശ്യം വളരെ വ്യക്തമായി കാണാം. ഇത് എന്താണെന്ന് മനസ്സിലാകാതെ ഞാന്‍വീണ്ടും ദിവ്യകാരുണ്യത്തെ നോക്കി. വീണ്ടും കാണുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഒരു വെളുത്ത ആണ്‍കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മുറുകുന്നതാണ്.
ഭാര്യയുടെ സ്വപ്നവും
ഭിത്തിയിലെ കാഴ്ചയും
എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ മനസ്സില്‍ വന്നു. ഞാന്‍ വേഗത്തില്‍ കുളിനിര്‍ത്തി പുറത്ത് വന്ന് ഭാര്യയെ നോക്കുമ്പോള്‍ അവള്‍ ജപമാല ചൊല്ലുകയായിരുന്നു. ഞാന്‍ കണ്ട കാര്യം അവളോട് പറയാതെ ഉദരത്തില്‍ ജപമാല വച്ച് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. സന്ധ്യക്ക് ആശുപത്രി ചാപ്പലിലെ ജപമാലയിലും ഞങ്ങള്‍ പങ്കു ചേര്‍ന്നു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ ഭാര്യ എന്നോട് പറഞ്ഞു, “ഞാന്‍ ഒരു സ്വപ്നം കണ്ടു. പ്രസവം കഴിഞ്ഞ് എന്നെ ആശുപത്രിയില്‍ തനിച്ചാക്കി എല്ലാവരും കുഞ്ഞിനെയും കൊണ്ട് ദൂരെ എവിടെയോ പോകുന്നു.” അപ്പോള്‍ എനിക്ക് തോന്നി ഭാര്യയുടെ സ്വപ്നവും ഞാന്‍ കണ്ട ദര്‍ശനവും എന്തോ സംഭവിക്കാനുള്ള ഒരു അടയാളമാണെന്ന്. എങ്കിലും ശാന്തതയോടെ ഭാര്യയെ ആശ്വസിപ്പിച്ചു, “സാരമില്ല, നിന്‍റെ പേടികൊണ്ടുള്ള തോന്നലാണ്.”
അധികം താമസിയാതെ അവള്‍ക്ക് വേദന വരാനുള്ള ഇഞ്ചക്ഷന്‍ വച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് വേദന ശക്തമായപ്പോള്‍ അവളെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. അപ്പോഴും അവള്‍ ജപമാല ചൊല്ലുന്നുണ്ടായിരുന്നു.
എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താല്‍ ഞാന്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അരമണിക്കൂറിനുള്ളില്‍ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. തലേദിവസം ഞാന്‍ കണ്ട പോലത്തെ വെളുത്തുമെലിഞ്ഞ കുഞ്ഞ്. ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. സമാധാനമായി എന്നു കരുതി ഭാര്യ റൂമില്‍ വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തലേന്ന് കണ്ട ദൃശ്യങ്ങളുടെ കാര്യങ്ങള്‍ അവളോട് പറഞ്ഞു. കുഴപ്പമൊന്നുമില്ലാതെ സംരക്ഷിച്ച ഈശോയ്ക്ക് ഞങ്ങള്‍ നന്ദിയര്‍പ്പിച്ചു.
പക്ഷേ ഭാര്യ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരിക്കുമ്പോള്‍ നഴ്സായ അവളുടെ നാത്തൂന്‍ പറഞ്ഞു, “കുഞ്ഞിന് എന്തോ പ്രശ്നമുണ്ട്, കുറുകുറുപ്പ് വരുന്നുണ്ടല്ലോ.” ഉടനെ ഡ്യൂട്ടി നേഴ്സിനെ അറിയിച്ചു. അവര്‍ വന്ന് കുഞ്ഞിനെ ചകഇഡ ലേക്ക് മാറ്റി. അരമണിക്കൂര്‍ കഴിഞ്ഞ് കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചു തന്നു. പക്ഷേ കുഞ്ഞിന്‍റെ കുറുകുറുപ്പ് മാറിയില്ല.
നാത്തൂന്‍ നിര്‍ദ്ദേശിച്ചതുപോലെ ഞങ്ങള്‍ കുഞ്ഞിനെ കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് വന്ന പനി കുട്ടിക്കും വന്നതാണെന്നായിരുന്നു അവിടെനിന്ന് പറഞ്ഞത്. വീണ്ടും നാത്തൂന്‍, കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്ന് ആവര്‍ത്തിച്ചു. ‘പ്രസവത്തില്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ?’ ‘വേറെ ആശുപത്രിയില്‍ പോകണോ?’ എന്നൊക്കെ അന്വേഷിച്ചപ്പോഴും, ‘കുഴപ്പമൊന്നുമില്ല, വേറെ ആശുപത്രിയില്‍ പോകേണ്ട’ എന്നാണ് പറഞ്ഞത്.
കന്യാസ്ത്രീ പറഞ്ഞ രഹസ്യം
കുറച്ച് കഴിഞ്ഞപ്പോള്‍ നഴ്സായ ഒരു കന്യാസ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു, “ഡോക്ടര്‍ ഇപ്പോള്‍ വിസിറ്റിങ്ങിന് വരും. അപ്പോള്‍ അനുമതി വാങ്ങി വേറെ ഹോസ്പിറ്റലില്‍ കുഞ്ഞിനെ കൊണ്ടു പോകണം. ഞാന്‍ പറഞ്ഞതായി പറയണ്ട.”
കുട്ടിയുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പ്രസവ സമയത്ത് കുഞ്ഞിന്‍റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. ഭാഗ്യംകൊണ്ടാണ് നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചത്. അതുമൂലം കുഞ്ഞിന്‍റെ ഉള്ളില്‍ ഫ്ളൂയിഡ് പോയതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ആശുപത്രിയില്‍ പോകാം. നാളെ ഞാന്‍ ലീവാണ്. തിരക്കു പിടിക്കണ്ട, സാവകാശം പോയാല്‍ മതി.”
ഞങ്ങള്‍ പരിചയമുള്ള ഒരു വാഹനം ഏര്‍പ്പാടാക്കി വേറെ വലിയ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ യാത്ര ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം ഒരു അപകടത്തില്‍പ്പെട്ട് മുന്നിലെ ഗ്ലാസ്സ് പൊട്ടിത്തൂങ്ങി. അധികം താമസിക്കാതെ തൂളുമഴയും തുടങ്ങി. പിന്നീട് വളരെ പ്രയാസപ്പെട്ട് 40 കിലോമീറ്റര്‍ യാത്ര ചെയ്ത് ആശുപത്രിയില്‍ എത്തി. ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയതുമൂലം ഫ്ളൂയിഡ് ഉള്ളില്‍ ചെന്നതാണ്. കുട്ടിയെ ഇപ്പോള്‍ കൊണ്ടുവന്നത് നന്നായി. അല്ലെങ്കില്‍ ഭാവിയില്‍ ന്യൂമോണിയക്കും ആസ്ത്മക്കും കാരണമായേനെ.”
പിറ്റേന്ന് ഭാര്യയെ കുഞ്ഞിന്‍റെ അടുത്ത് കൊണ്ടു വന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം ഞങ്ങള്‍ തിരിച്ച് വീട്ടില്‍ പോയി. ഇന്ന് ദൈവാനുഗ്രഹത്താല്‍ മകന് കുഴപ്പമില്ല. അവന്‍റെ ഓരോ ജന്മദിനവും ദൈവത്തിന്‍റെ കരുതലിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. “ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32/6).
ദിവ്യകാരുണ്യസന്നിധിയിലെ ജപമാലപ്രാര്‍ത്ഥനവഴിയായി എന്നോട് സംസാരിച്ച, ദുരിതങ്ങളുടെ മധ്യത്തിലും ഞങ്ങളെ കാത്തുപരിപാലിച്ച ദൈവത്തിന്‍റെ സ്നേഹം ഇന്നും ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യം എന്നെ ആഴമായി ബോധ്യപ്പെടുത്തിയ രണ്ട് സംഭവങ്ങളും ഇന്നും മനസില്‍ പച്ചപിടിച്ചുനില്ക്കുകയാണ്.
'പാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില്‍ മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- “ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും.” പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്‍ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ വ്യക്തിക്കും അത് വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുന്നു.
ദൈവകൃപയുടെ പ്രവൃത്തിവഴി പാപമാകുന്ന ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിളി ലഭിക്കുമ്പോള്‍ ഒരാള്‍ മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്.
പാപനിദ്രയില്‍നിന്ന് ഉണരുന്നു.
കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് സമാനമായി മാനസാന്തരത്തിനുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നു.
പുതിയ ജീവിതത്തിന് ഊര്‍ജസ്വലത ലഭിക്കാനായി വിശുദ്ധ കുമ്പസാരം നടത്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു.
ധൂര്‍ത്തപുത്രന്‍ ഇതുതന്നെയാണ് ചെയ്തത്. സുബോധമുണ്ടായപ്പോള്‍ തീരുമാനമെടുക്കുകയാണ്, ഞാന്‍ എഴുന്നേറ്റ് പിതാവിന്‍റെ അടുക്കല്‍ ചെല്ലുമെന്ന്. അതായത് അതുവരെയുള്ള ജീവിതരീതി മാറ്റുന്നു. പിന്നീട്, പിതാവിന്‍റെ അടുക്കലെത്തി കുറ്റം ഏറ്റുപറയുന്നു. ഇതാണ് അനുതാപപൂര്‍ണമായ കുമ്പസാരം. തുടര്‍ന്ന് പിതാവ് അവനെ ഏറ്റവും നല്ല മേലങ്കി ധരിപ്പിക്കുന്നതായി നാം കാണുന്നു. പാപത്താല്‍ നഗ്നമായ അവന്‍റെ ആത്മാവിന് വിശുദ്ധ കുമ്പസാരത്തിലൂടെ പാപമോചനം നല്കുന്നതിന്‍റെ സൂചനയാണിത്. തുടര്‍ന്ന് അവന് വിരുന്ന് നല്കുന്നു. അതായത് വിശുദ്ധ കുര്‍ബാനയാകുന്ന സ്വര്‍ഗീയവിരുന്ന് അവന് വിളമ്പിക്കൊടുക്കുന്നു.
ഇപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പാപാവസ്ഥയില്‍നിന്ന് ദൈവത്തിലേക്ക് സഞ്ചരിക്കാം.
'