- Latest articles
അസ്സീസ്സിയിലെ മേയര്‍ ആയിരുന്നു വിശുദ്ധ ഗബ്രിയേല്‍ പൊസെന്റിയുടെ പിതാവ്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ അദേഹം ദൈവത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കും. മേയര്‍ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കാനുള്ള ദൈവകൃപ ചോദിച്ചും അദേഹം പ്രാര്‍ത്ഥിച്ചിരുന്നു. വിശുദ്ധന്റെ അമ്മ പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലങ്ങളെക്കുറിച്ച് നിരന്തരം ധ്യാനിക്കുക പതിവായിരുന്നു. ഇരുവരുടെയും പ്രാര്‍ത്ഥനയും ധ്യാനവും മകനെ വ്യാകുലമാതാവിന്റെ വിശുദ്ധ ഗബ്രിയേലായി രൂപാന്തരപ്പെടുത്തി.
ബിസിനസുകാരനായ പിതാവില്‍നിന്നാണ് ദൈവാരാധനയുടെയും കൃതജ്ഞതയുടെയും പ്രാധാന്യം വിശുദ്ധ ജോസ് മരിയ എസ്‌ക്രീവ മനസിലാക്കുന്നത്. ബിസിനസില്‍ വഞ്ചിക്കപ്പെട്ടപ്പോഴും അദേഹം നിരാശനാവുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച് തികഞ്ഞ മുഖപ്രസാദത്തോടെ ദൈവത്തിന് നന്ദിയും ആരാധനയും അര്‍പ്പിച്ചുകൊണ്ടിരുന്നു. വിശുദ്ധന്‍ പിതാവിനെക്കുറിച്ച് പറയുന്നതിങ്ങനെ: എന്റെ പിതാവ് ബിസിനസില്‍ വഞ്ചിക്കപ്പെട്ട് തകര്‍ക്കപ്പെട്ടു. അതിനാല്‍ ദാരിദ്ര്യം എന്തെന്ന് ഞാന്‍ അറിയാന്‍ ഇടയായി.
കടുത്ത പരാജയത്തിലും ദാരിദ്ര്യത്തിലും ദൈവത്തിന് നന്ദിപറയുന്ന പിതാവില്‍ നിന്ന് ഞാന്‍ ദൈവത്തെ കണ്ടെത്തി. അതിനാല്‍ ദാരിദ്ര്യത്തെപ്രതിയും എന്റെ പിതാവിനെപ്രതിയും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.”
വിശുദ്ധ ജിയന്ന മൊള്ളയുടെ ഭവനത്തില്‍, ഭക്ഷണത്തിന് മുമ്പ് ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ തുടര്‍ച്ചയെന്നോണം, അത്ര പവിത്രമായിരുന്നു അവര്‍ക്ക് കുടുംബഭക്ഷണം. മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ആ അനുഗൃഹീത പ്രാര്‍ത്ഥന ജിയന്നയെ വളരെയധികം സ്വാധീനിച്ചു. അവരുടെ ദൈവോന്മുഖ ജീവിതശൈലിയാണ് ജിയന്ന മൊള്ളയുടെ വിശുദ്ധിയുടെ അടിക്കല്ലുകള്‍.
ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയുടെ വ്യക്തിത്വങ്ങളായിരുന്നു. പിതാവ് വിശുദ്ധ ലൂയി മാര്‍ട്ടിന്‍, കൊച്ചുത്രേസ്യായ്‌ക്കൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ ദൈവാലയം കൂടെക്കൂടെ സന്ദര്‍ശിച്ച് സ്വദേശമായ ഫ്രാന്‍സിനുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ഫ്രാന്‍സ് ക്രൈസ്തവവിശ്വാസത്തില്‍ വേരുറയ്ക്കാനും ലോകരാഷ്ട്രങ്ങള്‍ക്ക് ക്രിസ്തുസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായിത്തീരുന്നതിനും സമൃദ്ധമായ ദൈവകൃപ അത്യാവശ്യമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. ഇവയെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന ഇളയമകള്‍ മിഷനറിമാരുടെ മദ്ധ്യസ്ഥയായത് യാദൃശ്ചികമല്ലല്ലോ. ലൂയി മാര്‍ട്ടിനും ജീവിതപങ്കാളിയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടു.
വിശുദ്ധ ഫൗസ്റ്റീന തന്റെ പിതാവ് സ്റ്റാനിസ്ലോവൂസിന്റെ പ്രാര്‍ത്ഥനാജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഇത്രയും വര്‍ഷം മഠത്തില്‍ ജീവിച്ചിട്ടും എന്റെ പിതാവിന്റെ അത്ര ആത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ലജ്ജ തോന്നുന്നു. അദ്ദേഹം അതിരാവിലെ എഴുന്നേല്‍ക്കുകയും പരിശുദ്ധ അമ്മയുടെ ചെറിയ ഓഫീസ് പ്രാര്‍ത്ഥിക്കുകയും ചെയ്യും. നോമ്പുകാലത്ത് എല്ലാദിവസവും കുരിശിന്റെ വഴി അര്‍പ്പിച്ചും അദ്ദേഹം പ്രാര്‍ത്ഥിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, അദേഹത്തിന്റെ പിതാവ് രാത്രിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് ദിവസേന കണ്ടു വളര്‍ന്നിരുന്നതിനാല്‍ അത് അദ്ദേഹവും അനുവര്‍ത്തിച്ചു. മുട്ടിന്മേല്‍ നിന്നുള്ള പ്രാര്‍ത്ഥനകൊണ്ട് അദേഹം സാര്‍വത്രികസഭയെ ദീര്‍ഘനാള്‍ നയിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വിശുദ്ധരുടെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം, പറയാതെ പഠിപ്പിച്ച ചില വാക്കുകളും പ്രവൃത്തികളുമായിരുന്നു.
വിശുദ്ധര്‍ അവരുടെ മാതാപിതാക്കളുടെ കരങ്ങളില്‍ പരിശുദ്ധ ജപമാല കണ്ടു. അതിരാവിലെയുള്ള പ്രാര്‍ത്ഥന, മഞ്ഞും വിറയ്ക്കുന്ന തണുപ്പും വകവയ്ക്കാതെ ദൈവാലയത്തിലേക്കുള്ള യാത്ര, ദൈവതിരുമുമ്പില്‍ ശിരസു നമിക്കുന്നത്, കാല്‍മുട്ടുകള്‍ തറയില്‍ കുത്തിനില്‍ക്കുന്നു, വിശുദ്ധ ബൈബിള്‍ ഭക്തിയോടെ വായിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. അവിടെനിന്നും വിശുദ്ധര്‍ ജന്മമെടുത്തു. അങ്ങനെ വിശുദ്ധരുടെ മാതാപിതാക്കള്‍ തങ്ങളുടെ മുട്ടുകുത്തി ലോകത്തെ മാറ്റിമറിച്ചു.
'”പിതാവായ ദൈവമേ, അങ്ങിത് കനിഞ്ഞരുളണമേ. എന്‍റെയും ഈശോയുടെയും പാദങ്ങള്‍ ഒന്നിച്ച് നടത്തണമേ. ഞങ്ങളുടെ കരങ്ങള്‍ ഒന്നുചേര്‍ന്നിരിക്കണമേ. ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിച്ച് മിടിക്കണമേ, ഞങ്ങളുടെ സത്തകള്‍ ഒന്നായിരിക്കട്ടെ. ഞങ്ങളുടെ ചിന്തകളും മനസും ഒന്നായിരിക്കണമേ; ഞങ്ങളുടെ കാതുകള്‍ ഒന്നുചേര്‍ന്ന് നിശബ്ദതയില്‍ ശ്രവിക്കട്ടെ. പരസ്പരം ഞങ്ങള്‍ മിഴികളില്‍ ഐക്യത്തോടെ നോക്കിയിരിക്കട്ടെ; ഞങ്ങളുടെ അധരങ്ങള്‍ ഒരുമിച്ച് നിത്യപിതാവിനോട് കരുണയ്ക്കായി പ്രാര്‍ത്ഥിക്കട്ടെ”
‘പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെ സ്‌നേഹാഗ്നിജ്വാല’, എലിസബത്ത് സാന്റോ എന്ന വീട്ടമ്മയ്ക്ക് ഈശോ വെളിപ്പെടുത്തിയത്
'2022 ജനുവരി മാസത്തില്‍ ശാലോം മാസികയില്‍ ആന്‍ മരിയ ക്രിസ്റ്റീന എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. ‘കുഞ്ഞിനെ നല്‍കിയ വചനക്കൊന്ത’ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു അത്. അതില്‍ ആന്‍ മരിയ കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന തന്റെ സഹോദരിക്ക് ഈ വചനക്കൊന്ത പ്രാര്‍ത്ഥിക്കാനായി നല്‍കിയതും സഹോദരിക്ക് കുഞ്ഞ് ജനിച്ചതും വായിച്ചപ്പോള്‍ പതിനഞ്ചു വര്‍ഷമായി കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന എന്റെ അനുജത്തിക്ക് ഇത് അയച്ചുകൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ പറയുകയും ഒപ്പം അമ്മയും സഹോദരങ്ങളും ഇത് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ആ വര്‍ഷംതന്നെ അവള്‍ ഗര്‍ഭിണിയാവുകയും ഒരു മകളെ നല്‍കി സര്‍വശക്തനായ ദൈവം അനുഗ്രഹിക്കുകയും ചെയ്തു. ഈ അനുഗ്രഹം സാക്ഷ്യപ്പെടുത്തിക്കൊള്ളാമെന്നും നൂറ് ശാലോം മാസിക വിതരണം ചെയ്തുകൊള്ളാമെന്നും ഞാന്‍ ഈശോയോട് വാക്ക് കൊടുത്തിരുന്നു. ഈശോയേ നന്ദി!
'രക്ഷ നേടാനുള്ള അവസാന അവസരത്തെക്കുറിച്ച് യേശു പറയുന്നു, “ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.”
നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. ‘ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കണം’ എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താന്‍ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂര്‍വം നിഷേധിക്കുന്നവര്‍ മാത്രമേ കര്‍ത്താവിന്‍റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതില്‍ തിരസ്കരിക്കുന്നവര്‍ക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതില്‍.
ദൈവത്തിന്‍റെ നീതിപൂര്‍വമായ ശിക്ഷ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നല്‍കുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂര്‍. ഈ മൂന്നു മണിക്കൂറില്‍ എന്തെല്ലാം സംഭവിക്കും? ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളില്‍ ഭൂമി മുഴുവന്‍ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യര്‍ക്ക് ആകാശത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം ലഭിക്കും. യേശുവിന്‍റെ തിരുമുറിവുകളില്‍നിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്‍റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവേളയായിരിക്കും.
“അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും” (യോഹന്നാന്‍ 16/8).
ലോകത്തിന്‍റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് എന്ന തിരിച്ചറിവില്‍ ഞെട്ടും. ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറില്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് വിലപിക്കും. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ അര്‍ത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂര്‍ കൃപയുടെ മണിക്കൂറായിരിക്കും.
ലോകജനതയെ മുഴുവന്‍ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്‍റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നല്‍കുമ്പോള്‍ തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവര്‍ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും?
ദൈവത്തിന്‍റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാല്‍വരിയിലെ ക്രൂശില്‍ മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്‍റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്‍റെ നിമിഷങ്ങളിലും ഉണ്ടാകും.
“ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി…. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു യേശു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു…. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു” (മത്തായി 27/45-54).
അയര്‍ലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെര്‍ക്ക് നല്‍കപ്പെട്ട സന്ദേശത്തില്‍ മാതാവ് പറയുന്നതിപ്രകാരമാണ്. “ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നല്‍കപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാല്‍ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും.
“ലോകത്തിലുള്ള എല്ലാവര്‍ക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തില്‍നിന്നാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ അന്ധകാരത്തില്‍ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്.”
മരിയ എസ്പരന്‍സാ (വെനിസ്വേല)
“ഇതാ പ്രകാശത്തിന്‍റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങള്‍ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകള്‍ക്ക് പരിഹാരം ചെയ്യുവാനും അതവരെ സജ്ജരാക്കും.”
മുന്നറിയിപ്പിന്‍റെ വിശദീകരണം
അമേരിക്കയിലുള്ള ഒരു ദര്‍ശകയ്ക്ക് 1992-ല്‍ ദൈവം ലോകത്തിനു നല്‍കുവാന്‍ പോകുന്ന വലിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ‘ദി തണ്ടര്‍ ആന്‍റ് ജസ്റ്റിസ്’ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ആ സന്ദേശം ഇപ്രകാരമാണ്.
“എന്‍റെ കൃപയില്‍ വസിക്കുന്നവര്‍ക്ക് ‘മുന്നറിയിപ്പ്’ വരുമ്പോള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. എന്‍റെ സ്നേഹത്തെക്കാള്‍ മഹത്തരമായി യാതൊന്നുമില്ല എന്ന് നിങ്ങളെന്നാണ് ഇനി മനസിലാക്കുക? എന്‍റെ സ്നേഹത്തിന്‍റെ ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? എനിക്കുപരിയായി ആരെങ്കിലും ഉണ്ടോ? എന്തിന് നിങ്ങള്‍ മറ്റിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്നു. എന്‍റെ വലയത്തിലേക്ക് കടന്നുവരിക.”
മനുഷ്യവംശത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തതുപോലുള്ള ഒരു സമയമായിരിക്കും അത്. മരണസമയത്ത് ഉണ്ടാകുന്ന തിരിച്ചറിവ് അപ്പോള്‍ മനുഷ്യന് നല്‍കപ്പെടും. എന്‍റെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായിരിക്കും ഇത്. തന്‍റെ ജീവിതത്തിലെ പാപങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ആ നിമിഷങ്ങളില്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും അതിനെ എങ്ങനെ വേണമെങ്കിലും സ്വീകരിക്കാന്‍. ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍ തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.
മനുഷ്യവംശത്തെ ബാധിച്ചിരിക്കുന്ന അന്ധകാരം നിമിത്തം ലോകത്തിലെ പാപത്തിന്‍റെ ആഴം ആര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. തല്‍ഫലമായി പാപത്തിന്‍റെ പരിണത ഫലങ്ങളുടെ ഭീകരതയും തിരിച്ചറിയാതെ പോകുന്നു. എന്‍റെ പീഡാസഹനത്തിന്‍റെ മഹത്വീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവന്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവന്‍ ഒരിക്കല്‍ക്കൂടി എന്‍റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്‍റെ പാപം നിമിത്തം എന്‍റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലര്‍ക്കും ബോധ്യമുണ്ടാകും.
പാപത്തിന്‍റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളില്‍നിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലാദ്യമായി ദൈവത്തിനര്‍ഹമായ ആദരവ് നല്‍കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും.
മുന്നറിയിപ്പിനുശേഷമുള്ള എന്‍റെ ആത്മാവിന്‍റെ വര്‍ഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ… എന്‍റെ പിതാവിന്‍റെ ഹൃദയത്തിലെ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? എന്‍റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല.
പിതാവായ ദൈവം സ്വര്‍ഗത്തില്‍നിന്നും സംസാരിച്ചു. “എന്‍റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാന്‍ സൂര്യനെ മൂന്നുമണിക്കൂര്‍ സമയത്തേക്ക് അന്ധകാരത്തിലാക്കുവാന്‍ പോവുകയാണ്.”
“ജനങ്ങള്‍ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവരും… അവരില്‍ ചിലരെ ആശ്വസിപ്പിക്കുവാന്‍പോലും സാധിക്കുകയില്ല. വൈദികര്‍പോലും ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടും.”
ജപമാല ചൊല്ലണം
ജപമാല ചൊല്ലുവാനായി ജനങ്ങളോട് പറയുക. ഇത് അത്രയധികം പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ എന്നെ സഹായിക്കേണ്ടിവരും. മറ്റൊരു ഉപവാസംകൂടി അവര്‍ എടുക്കേണ്ടതുണ്ട്. ജനങ്ങള്‍ തങ്ങളെത്തന്നെ വിസ്മരിക്കണം. അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടണം. അതെ, അവര്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യും. വിവാഹിതരാകാതെ ദമ്പതികളെപ്പോലെ ജീവിക്കുന്നവര്‍ വേര്‍പിരിയും. അതിരുവിട്ടുള്ള എല്ലാത്തിനും അവസാനം കുറിക്കും. അത്യാസക്തികളാല്‍ ബന്ധിതരായവരും എന്‍റെ കൃപകൊണ്ടുതന്നെ വീണ്ടെടുക്കപ്പെടും.
മുന്നറിയിപ്പിനെക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും അതിന്‍റെ സമയം. അന്തരീക്ഷം വലിയ ഇരുട്ടു നിറഞ്ഞതായിത്തീരും. ഭൂമി കുലുങ്ങും. ലോകം മുഴുവനും അസ്വസ്ഥത വ്യാപിക്കും. ഏറ്റവും വലിയ ദുരന്തം മനുഷ്യഹൃദയങ്ങളിലായിരിക്കും സംഭവിക്കുക. ലോകം അവസാനിക്കുവാന്‍ പോകുകയാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് ആനുപാതികമായിട്ടായിരിക്കും അവര്‍ അനുഭവിക്കുന്ന ഭയവും.
അവര്‍ക്കാവശ്യമായ സമയം ഞാന്‍ നല്‍കും. ക്ഷമയോടെ ഞാനവരുടെ മുന്നില്‍ കുരിശില്‍ തൂങ്ങിയ നിലയില്‍ നില്‍ക്കും. അവര്‍ എന്നെ കാണുന്ന നിമിഷങ്ങളില്‍ത്തന്നെ പരിശുദ്ധാത്മാവിന്‍റെ ചൊരിയല്‍ ആരംഭിക്കും. അതു മനുഷ്യവര്‍ഗത്തിന്‍റെ നിര്‍ണായക സമയമാണ്. അവന് തന്‍റെ പാപങ്ങളില്‍നിന്നും കഴുകി വിശുദ്ധീകരിക്കപ്പെടുകയോ അവ വഴിയായി തന്‍റെ നാശം ക്ഷണിച്ചുവരുത്തുകയോ ചെയ്യാം.
എന്‍റെ കരങ്ങള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും. എന്‍റെ കാരുണ്യം കരകവിഞ്ഞൊഴുകും. അത് അവസാനത്തേതായി മാറും. സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല – ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്).
മുന്നറിയിപ്പിന്‍റെ സമയത്ത് കാല്‍വരി ആവര്‍ത്തിക്കുവാന്‍ പോകുകയാണോ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നല്‍കി.
ലോകത്തിന്‍റെ പാപങ്ങള്‍ അത്രമാത്രം പെരുകിയതിനാല്‍ അതിനെ അതിലംഘിക്കുവാന്‍ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്‍റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തില്‍ കുരിശിനെ നിങ്ങള്‍ കാണും. ഞാന്‍ വാഗ്ദാനം ചെയ്തത് ഞാന്‍ നിറവേറ്റും. അപ്പോള്‍ നിങ്ങളെല്ലാവരും പറയും:
“സത്യമായും ഇത് ദൈവപുത്രനാകുന്നു.”
'സ്പെയിനിന്‍റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന്‍ ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്‍റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്‍റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്‍പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, “സാരമില്ല, വേറെ കടലാസുണ്ടല്ലോ.” ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി.
“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍”
'കത്തോലിക്കാ തിരുസഭ ദൈവിക വെളിപാടിന്റെ രണ്ട് ഉറവിടങ്ങളെ മുറുകെപ്പിടിക്കുന്നു: വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും. വിശുദ്ധ പാരമ്പര്യം എന്നത് അപ്പസ്‌തോലന്മാരില്‍ നിന്നു വരുന്നതും യേശുവിന്റെ പ്രബോധനങ്ങളില്‍നിന്നും മാതൃകയില്‍ നിന്നും അവര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങളെ കൈമാറുന്നതാണ്. ആദ്യ തലമുറയിലെ ക്രിസ്ത്യാനികള്‍ക്ക് ലിഖിതമായ പുതിയ നിയമം ഇല്ലായിരുന്നു. പാരമ്പര്യത്തില്‍നിന്നാണ് വിശുദ്ധ ഗ്രന്ഥം ഉണ്ടായത്. വിശുദ്ധഗ്രന്ഥത്തില്‍നിന്ന് പാരമ്പര്യം ഉണ്ടാവുകയല്ല ചെയ്തത്.
”വിശുദ്ധ പാരമ്പര്യവും തിരുലിഖിതങ്ങളും സഭയ്ക്ക് ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ദൈവ വചനത്തിന്റെ വിശുദ്ധഭണ്ഡാഗാരമാണ്”’ (DV.10).
ഈ വിശുദ്ധ പാരമ്പര്യത്തെ കാലക്രമത്തില്‍ പ്രാദേശിക സഭകളില്‍ രൂപംകൊണ്ട വ്യത്യസ്തങ്ങളായ ദൈവശാസ്ത്രപരമോ, ശിക്ഷണപരമോ, ആരാധനക്രമപരമോ ഭക്തിപരമോ ആയ പാരമ്പര്യങ്ങളില്‍നിന്ന് വേര്‍തിരിച്ചു കാണേണ്ടതുണ്ട്. സ്ഥലകാലാനുസൃതമായി ആ മഹാപാരമ്പര്യത്തെ അവതരിപ്പിക്കുന്ന പ്രത്യേക രൂപഭാവങ്ങളാണ് പ്രസ്തുത പാരമ്പര്യങ്ങള്‍. ഈ മഹാപാരമ്പര്യത്തിന്റെ വെളിച്ചത്തില്‍, സഭയുടെ പ്രബോധനാധികാരത്തിന്റെ മാര്‍ഗദര്‍ശനമനുസരിച്ച്, ഈ പാരമ്പര്യങ്ങളെ നിലനിര്‍ത്താനും പരിഷ്‌കരിക്കാനും, വേണ്ടിവന്നാല്‍ ഉപേക്ഷിക്കാന്‍ പോലും സാധ്യമാണ്'(മതബോധന ഗ്രന്ഥം 83).
സഭയുടെ വിശുദ്ധ പാരമ്പര്യം സഭയുടെ വിശ്വാസ നിക്ഷേപമാണ് (depositum fidei). അത് സഭയുടെ പൊതുസ്വത്താണ്. മതബോധനഗ്രന്ഥം 85 ല്‍ പറയുന്നു: ”ലിഖിത രൂപത്തിലോ പാരമ്പര്യത്തിലോ ഉള്ള ദൈവവചനത്തെ ആധികാരികമായി വ്യാഖ്യാനിക്കാനുള്ള ധര്‍മ്മം സഭയുടെ സജീവ പ്രബോധനാധികാരത്തിനു മാത്രമാണ് നല്‍കപ്പെട്ടിരിക്കുന്നത്. എങ്കിലും സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് അതീതമല്ല, അതിനു ശുശ്രൂഷ നടത്തുകയാണ് ചെയ്യുന്നത്”(മതബോധന ഗ്രന്ഥം 86).
”സഭ വിശ്വാസസത്യങ്ങളായി പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ സ്വീകരിച്ച് വിശ്വസിക്കാന്‍ സഭാംഗങ്ങള്‍ക്ക് കടമയുണ്ട്. വിശ്വാസത്തെയും സന്മാര്‍ഗത്തെയും കുറിച്ച് സഭ ഔദ്യോഗികമായി നല്കുന്നതാണ് നാം സ്വീകരിക്കേണ്ടത്. ക്രിസ്തുവില്‍നിന്ന് നാം സ്വീകരിച്ച പ്രബോധനാധികാരം സമ്പൂര്‍ണമായി വിനിയോഗിക്കുന്നത്, വിശ്വാസ സത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴാണ്” (മതബോധനഗ്രന്ഥം 88).
വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: ”കത്തോലിക്കാസഭയുടെ പ്രബോധനാധികാരം എന്നെ പ്രേരിപ്പിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ സുവിശേഷത്തില്‍ വിശ്വസിക്കുമായിരുന്നില്ല.”
കത്തോലിക്കാസഭാംഗങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധ പാരമ്പര്യത്തിന്റെയും വെളിച്ചത്തില്‍ സഭ പഠിപ്പിക്കുന്ന വിശ്വാസ സത്യങ്ങളെ അംഗീകരിക്കാന്‍ കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഗ്രന്ഥം മാത്രം മതി എന്ന ചിന്തയിലേയ്ക്ക് വഴുതിവീഴാന്‍ തക്ക പ്രലോഭനങ്ങള്‍ ഇക്കാലത്ത് ശക്തമാണ് എന്ന് നാം അറിഞ്ഞിരിക്കുക.
വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തെക്കുറിച്ച് കത്തോലിക്കാ സഭയുടെ നിലപാട് ഇപ്രകാരമാണ്: സഭയുടെ സജീവ പാരമ്പര്യത്തോട് ചേര്‍ന്നു നില്ക്കാതെ ദൈവവചനത്തിന്റെ വ്യാഖ്യാനം അസാധ്യമാണ്. ദൈവികവെളിപാട് വചനത്തിലും സഭാ പാരമ്പര്യത്തിലും ഒരുപോലെ സജീവമായതിനാല്‍ അവയുടെ പാരമ്പര്യം ഗ്രഹിക്കേണ്ടത് വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിന് പരമപ്രധാനമാണ്. ഒന്ന് എഴുതപ്പെട്ടപ്പോള്‍ മറ്റൊന്ന് ആചരണമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നുമാത്രം. രണ്ടും ഒരേ ആത്മാവിന്റെ പ്രചോദനത്താല്‍ സംഭവിച്ചതാണ്.
ദൈവിക വെളിപാട് ദൈവം ഭരമേല്‍പിച്ചത് തിരുസഭയെയാണ്. ആകയാല്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ സഭയാണ് അവ വ്യാഖ്യാനിച്ചു നല്‌കേണ്ടത്. ‘ദൈവവചനം ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല’ എന്ന് വചനംതന്നെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ. ആകയാല്‍ സഭയുടെ പ്രബോധനാധികാരം ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കേണ്ടതുണ്ട്.
സഭയുടെ പ്രബോധനം കാണുക: ”ദൈവം മനുഷ്യരോട് മനുഷ്യഭാഷയില്‍ സംസാരിക്കുന്നു. ആകയാല്‍ വിശുദ്ധ ഗ്രന്ഥകാരന്മാര്‍ എന്താണ് ഉദ്ദേശിച്ചത് എന്നും ഏത് അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവെന്നും പഠിക്കുക. അവരിലൂടെ എന്തു വെളിപ്പെടുത്താനാണ് ദൈവം ആഗ്രഹിച്ചത് എന്നും ശ്രദ്ധിക്കുക” (മതബോധനഗ്രന്ഥം 109).
ഇതിനുള്ള മാര്‍ഗവും മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: ”വിശുദ്ധ ഗ്രന്ഥകാരന്മാര്‍ ഉദ്ദേശിച്ച അര്‍ത്ഥം ഗ്രഹിക്കുന്നതിന് അവര്‍ ജീവിച്ച കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും അവരുടെ കാലത്തെ സാഹിത്യ രൂപത്തിന്റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്റെയും ആഖ്യാനത്തിന്റെയും രീതികളും നാം ശ്രദ്ധിക്കണം” (മതബോധന ഗ്രന്ഥം 110).
പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ”വിശുദ്ധ ഗ്രന്ഥത്തിന്റെ രചയിതാവായ അതേ പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍ മാത്രമേ വിശുദ്ധ ഗ്രന്ഥം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാവൂ” എന്നതാണ് (മതബോധന ഗ്രന്ഥം 111). രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നു: ദൈവാവിഷ്‌കാരത്തെക്കുറിച്ചുള്ള പ്രമാണരേഖയില്‍ നാമിത് ദര്‍ശിക്കുന്നു (DV 11-þ25).
വിശുദ്ധ ഗ്രന്ഥം മുഴുവന്റെയും ഉള്ളടക്കത്തിലും ഏകതാനതയിലും വളരെയേറെ ശ്രദ്ധ പതിപ്പിക്കുക.
സഭ മുഴുവന്റെയും സജീവ പാരമ്പര്യത്തില്‍ ബൈബിള്‍ വായിക്കണം. സഭയുടെ ഹൃദയത്തിലാണ് വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടത്. സഭയുടെ പാരമ്പര്യത്തില്‍ ദൈവ വചനത്തിന്റെ ജീവത് സ്മരണ പുലര്‍ത്തുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ സാധര്‍മ്യത്തില്‍ ശ്രദ്ധ പതിപ്പിക്കണം. വിശ്വാസ സാധര്‍മ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് വിശ്വാസ സത്യങ്ങള്‍ക്ക് തമ്മില്‍ത്തമ്മിലും, അവയ്ക്ക് ദൈവാവിഷ്‌കരണ പദ്ധതി മുഴുവനോടുമുള്ള സമന്വയമാണ്. (DV 12 cf. CCC 112 -114).
ദൈവം തിരുലിഖിതങ്ങളിലൂടെ മനുഷ്യഭാഷയില്‍ സംസാരിച്ചതുകൊണ്ട്, വിശുദ്ധ ഗ്രന്ഥകര്‍ത്താക്കള്‍ യഥാര്‍ത്ഥത്തില്‍ സംവേദിപ്പിക്കാന്‍ ആഗ്രഹിച്ചത് എന്തെന്നും അവരുടെ വാക്കുകളിലൂടെ ദൈവം എന്തു വെളിപ്പെടുത്താനാഗ്രഹിച്ചെന്നും പരിശോധിക്കണം.
വിശുദ്ധ ഗ്രന്ഥ രചനയില്‍ സ്വീകരിച്ചിട്ടുള്ള ഇതര സാഹിത്യ രൂപങ്ങളെ പരിഗണിച്ചുകൊണ്ട് ഗ്രന്ഥകര്‍ത്താക്കളുടെ വിവക്ഷ ഗ്രഹിക്കണം.
കാലത്തിന്റെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും പരിതസ്ഥിതിക്കനുസൃതമായി ഗ്രന്ഥകാരന്‍ ഉദേശിച്ചവ ഗ്രഹിക്കാന്‍ ശ്രദ്ധിക്കുക.
വിശുദ്ധ ലിഖിതങ്ങള്‍ എഴുതപ്പെട്ട അരൂപിയില്‍ത്തന്നെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടതുള്ളതുകൊണ്ട് വിശുദ്ധ പുസ്തകങ്ങളുടെ ആശയം ശരിയായി വ്യക്തമാക്കാന്‍ വിശുദ്ധ ലിഖിതങ്ങളുടെ മുഴുവന്‍ ഉള്ളടക്കവും ഏകതാനതയും സാര്‍വ്വത്രിക സഭയുടെ സജീവ പാരമ്പര്യവും വിശ്വാസത്തിന്റെ സാധര്‍മ്യവും കണക്കിലെടുക്കുക.
തിരുലിഖിതങ്ങള്‍ വ്യാഖ്യാനിക്കാനുള്ള കടമ സംബന്ധിച്ച കാര്യങ്ങളെല്ലാം സഭയുടെ വിധിതീര്‍പ്പിന് ആത്യന്തികമായി വിധേയമാണ്. സഭയാണ് ദൈവവചനം സംരക്ഷിക്കാനും വ്യാഖ്യാനിക്കാനുമുള്ള കല്പനയും കടമയും ദൈവദത്തമായി നിര്‍വഹിക്കുന്നത്.
പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും പ്രചോദന കര്‍ത്താവും രചയിതാവും ദൈവം തന്നെയാണ്. പുതിയത് പഴയതില്‍ മറഞ്ഞിരിക്കാനും പുതിയതില്‍ പഴയത് വെളിവാകാനും ദൈവം തന്റെ ജ്ഞാനത്താല്‍ ക്രമീകരണം നടത്തി. പഴയനിയമ പുസ്തകങ്ങള്‍ മുഴുവനും സുവിശേഷ പ്രഘോഷണത്തില്‍ സ്വീകരിച്ചുകൊണ്ട് പുതിയനിയമത്തില്‍ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥവ്യാപ്തി കൈക്കൊള്ളുകയും പ്രകടിപ്പിക്കുകയും ചെയ്തു. ആകയാല്‍ ഈ സത്യം ഗ്രഹിച്ചുവേണം വചനം വ്യാഖ്യാനിക്കാന്‍.
മിശിഹായില്‍ പൂര്‍ത്തിയായ ദൈവിക രക്ഷാപദ്ധതി പുതിയനിയമത്തില്‍ ലിഖിതരൂപത്തില്‍ നിലകൊള്ളുന്നു. പുതിയ നിയമ ലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളുടെയും കൂട്ടത്തില്‍, അവതരിച്ച വചനമായ നമ്മുടെ രക്ഷകന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും സംബന്ധിച്ച പ്രധാന സാക്ഷ്യങ്ങള്‍ എന്ന നിലയ്ക്ക് സുവിശേഷങ്ങള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്. നാലു സുവിശേഷങ്ങള്‍ ശ്ലൈഹികോല്‍പത്തിയുള്ളവയായി സഭ എക്കാലവും എവിടെയും സമര്‍ത്ഥിക്കുന്നു.
സഭയുടെ മനോഭാവത്തിനനുസൃതമായി വചനശുശ്രൂഷ നിര്‍വഹിക്കണം. മറ്റ് ദൈവശാസ്ത്ര പഠിതാക്കളോട് സോത്സാഹം ഒത്തൊരുമിച്ച്, വിശുദ്ധ സഭാ പ്രബോധനാധികാരത്തിന്റെ മേല്‍നോട്ടത്തില്‍, ഉചിതമായ രീതികള്‍ അവലംബിച്ച് വിശുദ്ധ ലിഖിതങ്ങള്‍ പരിശോധിക്കുകയും അവതരിപ്പിക്കുകയും ചെയ്യാന്‍ പരിശ്രമിക്കണം എന്ന് വിശുദ്ധ ഗ്രന്ഥ ഗവേഷകരോട് സഭ ആവശ്യപ്പെടുന്നു.
വചനശുശ്രൂഷയില്‍ വ്യാപൃതരായവര്‍ ആന്തരികമായി വചനം ശ്രവിക്കാത്ത ദൈവവചനത്തിന്റെ വ്യര്‍ത്ഥമായ ഉപരിപ്ലവ പ്രഭാഷകര്‍ ആകാതിരിക്കണമെന്ന് സഭ നിര്‍ദേശിക്കുന്നു. നിരന്തരമായ വിശുദ്ധഗ്രന്ഥ പാരായണം ഇതിനാവശ്യമാണ്. അതോടൊപ്പം പ്രാര്‍ത്ഥനയും കൂടിയേ കഴിയൂ.
മതബോധനഗ്രന്ഥം വിശുദ്ധ ലിഖിതത്തിന്റെ നാല് അര്‍ത്ഥ തലങ്ങളെ അടിസ്ഥാനമാക്കി കഴിഞ്ഞ കാലങ്ങളില്‍, വിശിഷ്യാ മധ്യശതകങ്ങളില്‍ നിലനിന്നിരുന്ന വ്യാഖ്യാന രീതിയെ അനുസ്മരിക്കുന്നു. ആ നാല് അര്‍ത്ഥതലങ്ങള്‍ ഇവയാണ്.
1) വാച്യാര്‍ത്ഥ്യം (Literal meaning)
2) ആദ്ധ്യാത്മികാര്‍ത്ഥം (Spiritual Meaning)
ആദ്ധ്യാത്മികാര്‍ത്ഥത്തിന് മൂന്ന് വിഭാഗങ്ങളുണ്ട്: പ്രതീകാത്മകമായ അര്‍ത്ഥം (typological meaning), ധാര്‍മ്മികമായ അര്‍ത്ഥം (Moral meaning), സനാതനമായ അര്‍ത്ഥം (Eternal meaning); നിത്യതയുമായി ബന്ധിപ്പിച്ചു കാണുന്നതിന്റെ ഫലമായി ലഭിക്കുന്നതാണിത്.
ആകയാല്‍ കത്തോലിക്കാസഭയുടെ പ്രബോധനരംഗത്തും വചന പ്രഘോഷണ രംഗത്തും ശുശ്രൂഷ ചെയ്യുന്നവര്‍ വിശുദ്ധ ഗ്രന്ഥത്തോടൊപ്പം സഭയുടെ വിശുദ്ധ പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും പഠനവിഷയമാക്കുകയും അവയോട് വിശ്വസ്തത പുലര്‍ത്തുകയും ചെയ്യേണ്ടതാണ്. വചന പ്രഘോഷണത്തിലും വ്യാഖ്യാനത്തിലും കത്തോലിക്കാസഭ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിക്കുകയും ചെയ്യേണ്ടതാണ് എന്ന് വ്യക്തം.
ഒന്നാം വത്തിക്കാന്‍ സുനഹദോസ് നടന്നുകൊണ്ടിരുന്ന 1870 കാലം. പുരോഹിതനായ ഡാനിയല്‍ കൊമ്പോണി, വെറോണയിലെ മെത്രാന്റെ കൂടെ ഒന്നാം വത്തിക്കാന്‍ സൂനഹദോസിനെത്തിയിരുന്നു. കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ച പ്രമാണരേഖക്കായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കവേയാണ് സാവന്നയുടെ മെത്രാന്‍, അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് വന്ന പിതാവ്, ഈ വരി കൂട്ടിച്ചേര്‍ക്കാന്‍ പറയുന്നത്: ”നീഗ്രോകള്‍ മനുഷ്യകുടുംബത്തിന്റെ ഭാഗമാകേണ്ടവര്‍ അല്ലെന്നും മനുഷ്യര്‍ക്കുള്ളതുപോലുള്ള ആത്മാവ് അവര്‍ക്ക് ഇല്ലെന്നുമുള്ള മണ്ടന്‍ അഭിപ്രായത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.”
ആഫ്രിക്കക്കാരെ അമേരിക്കയില്‍ അടിമകളായി വില്‍ക്കുകയും അവരോട് മൃഗങ്ങളോടെന്നവണ്ണം പെരുമാറുകയും ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു അത്. മനുഷ്യരായി അവരെ പരിഗണിച്ചിരുന്നില്ല. ഹിറ്റ്‌ലര്‍, ‘മെയിന്‍ കാംഫ്’ എന്ന പുസ്തകത്തില്‍ എഴുതിയിരുന്നത് പകുതി കുരങ്ങും പകുതി മനുഷ്യനുമായ നീഗ്രോയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമായ വിഡ്ഢിത്തവും യുക്തിക്ക് നിരക്കാത്ത തെറ്റും ആണെന്നാണ്. അമേരിക്കയിലെ ബിഷപ്പിന്റെ ഇടപെടലിന് ശേഷമുണ്ടായ ചര്‍ച്ച ശ്രദ്ധയോടെ കേട്ടിരുന്ന ഫാ. ഡാനിയല്‍ കൊമ്പോണി, ഏറ്റവും അവഗണിക്കപ്പെട്ടിരുന്ന ഭൂഖണ്ഡമായ ആഫ്രിക്കയുടെ സുവിശേഷവല്‍ക്കരണത്തിനായി അപേക്ഷിച്ചു, വാദിച്ചു. ആഫ്രിക്കയില്‍ സുവിശേഷം എത്തിക്കാനായി ഓരോ ഇടവകയും തങ്ങളാല്‍ ആയത് ചെയ്യണം എന്നുള്ള അപേക്ഷയില്‍ 70 മെത്രാന്മാരെക്കൊണ്ട് ഒപ്പിടുവിക്കാന്‍ കഴിഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍, പ്രേഷിതപ്രവര്‍ത്തനം, തിരുസ്സഭ തുടങ്ങിയ പ്രമാണരേഖകളില്‍ ഡാനിയല്‍ കൊമ്പോണിയുടെ ധാരാളം ആശയങ്ങള്‍ കടമെടുത്തു.
പരസ്യമാക്കാത്ത വ്രതം
ലൂയിജിയുടെയും ഡോമെനിക്കയുടെയും മകനായി, ഇറ്റലിയില്‍ ലിമോണെ എന്ന സ്ഥലത്ത്, 1831 മാര്‍ച്ച് 15-ന് ഡാനിയേല്‍ കൊമ്പോണി ജനിച്ചു. എട്ട് മക്കളില്‍, നാലാമനായി ജനിച്ച ഡാനിയേല്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയി. ദാരിദ്ര്യം മൂലം, 12 വയസുള്ളപ്പോള്‍ വെറോണയിലെ ഒരു സ്‌കൂളിലേക്ക് അവനെ അയച്ച് പഠിപ്പിക്കേണ്ടി വന്നു. ഫാദര്‍ നിക്കോള മാസ സ്ഥാപിച്ച സ്‌കൂള്‍ ആയിരുന്നു അത്. ഫാദര്‍ മാസ, ആഫ്രിക്കയെ നെഞ്ചിലേറ്റിയിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും, അടിമകച്ചവടത്തില്‍നിന്ന് രക്ഷിക്കപ്പെട്ട ആഫ്രിക്കന്‍ കുട്ടികള്‍ക്ക് സന്തോഷത്തോടെ ക്രൈസ്തവവിദ്യാഭ്യാസം നല്‍കിയിരുന്നു.
പിന്നീട് പുരോഹിതരായോ വിവാഹം കഴിപ്പിച്ചോ അവരുടെ സ്വന്തം രാജ്യത്തേക്ക് സുവിശേഷവല്‍ക്കരണത്തിനായി അയക്കുമായിരുന്നു. സ്‌കൂളില്‍ ഡാനിയലിന് എത്യോപ്യക്കാരനായ, മുമ്പ് അടിമയായിരുന്ന, ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അതോടൊപ്പം, ആഫ്രിക്കയില്‍നിന്ന് തിരിച്ചുവരുന്ന മിഷനറിമാര്‍ പറയുന്ന കഥകളും കേട്ട് അവന് ആഫ്രിക്കന്‍ മിഷനോട് വലിയ താല്പര്യം തോന്നി. 1849-ല്‍, 18 വയസുള്ളപ്പോള്‍, ആഫ്രിക്കയുടെ സുവിശേഷവല്‍ക്കരണത്തിനായി ജീവിതം അര്‍പ്പിക്കുന്നു എന്ന സ്വകാര്യവ്രതം കൂടി അവനെടുത്തു.
എല്ലാവരും മരിച്ചപ്പോള്‍…
1854-ല്‍ ഡാനിയേല്‍ കൊമ്പോണി വൈദികനായി. വെറോണയില്‍ ദൈവശാസ്ത്രത്തിന് പുറമേ ചില ഭാഷകളും അതിന് പുറമേ വൈദ്യശാസ്ത്രവും അദ്ദേഹം പഠിച്ചു. യുവവൈദികന്‍ ആയിരിക്കുമ്പോള്‍ തന്നെ പ്‌ളേഗ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കാനും മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുമുള്ള അറിവുണ്ടായിരുന്നു. ലാറ്റിന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മന്‍, ഹീബ്രു, അറബിക്കിന്റെ 13 പ്രാദേശികവകഭേദങ്ങള്‍, മൂന്ന് ആഫ്രിക്കന്‍ ഭാഷകള്‍-ഇത്രയും കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു.
1857-ല്‍ ഡാനിയേലും മറ്റ് അഞ്ച് മിഷനറിമാരും സുഡാനിലെ കാര്‍ത്തൂമില്‍ എത്തി. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പേര്‍ മരിച്ചു. അവരുടെ നേതാവും സുപ്പീരിയറും അടക്കം. മരിക്കുന്നതിന് മുന്‍പ് സുപ്പീരിയര്‍ അവരെക്കൊണ്ട് ഒരു പ്രതിജ്ഞ എടുപ്പിച്ചു. അവരില്‍ ഒരാളേ അവശേഷിക്കുന്നുള്ളൂ എങ്കില്‍പ്പോലും അവരുടെ ഉദ്യമം ഉപേക്ഷിക്കില്ലെന്നും തിരിച്ചുപോകില്ലെന്നുമുള്ളതായിരുന്നു അത്. ദൈവം ആഫ്രിക്കയുടെ മാനസാന്തരം ആഗ്രഹിക്കുന്നു, അവര്‍ അത് തുടരും എന്നുള്ള ഉറപ്പിലാണ് അദ്ദേഹം കണ്ണടയ്ക്കുന്നത് എന്ന് പറഞ്ഞു. തന്റെ പതിനെട്ടു വയസ്സില്‍ എടുത്ത വ്രതം ഡാനിയേല്‍ നവീകരിച്ചു. മംഗളവാര്‍ത്ത തിരുന്നാള്‍ ദിവസമായിരുന്നു അത്.
പുതിയ വെളിപാട്
ആദ്യത്തെ മിഷനറിയാത്ര കൂടുതല്‍ വിപരീതസാഹചര്യങ്ങളിലേക്കും കഠിനമായ കാലാവസ്ഥയിലേക്കും കൊണ്ടെത്തിച്ചെങ്കിലും ഡാനിയേല്‍ അചഞ്ചലനായിരുന്നു. എട്ടുമക്കളില്‍ ആകെ അവശേഷിച്ച മകനായിരുന്നിട്ടും അവന്‍ മാതാപിതാക്കള്‍ക്കെഴുതി, ”ഞങ്ങള്‍ ഇനിയും കഠിനമായി അധ്വാനിക്കേണ്ടി വന്നേക്കാം, കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നേക്കാം, മരിക്കേണ്ടി വന്നേക്കാം. എങ്കിലും ഈശോമിശിഹായുടെ സ്‌നേഹത്തെപ്രതിയും ഏറ്റവും അവഗണിക്കപ്പെട്ട ആത്മാക്കളെ പ്രതിയും അധ്വാനിക്കുകയും മരിക്കുകയും ചെയ്യേണ്ടി വരുന്നത് അത്രത്തോളം മാധുര്യമുള്ളതായത് കൊണ്ട് ഞങ്ങള്‍ക്ക് ഈ ഉദ്യമം ഉപേക്ഷിക്കാന്‍ വയ്യ.”
പക്ഷേ മരണത്തിന്റെ വക്കോളം എത്തിയത് കൊണ്ട് ഡാനിയേലിന് ഇറ്റലിയിലേക്ക് തിരിച്ചുപോരേണ്ടി വന്നു. 1864-ല്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി അദ്ദേഹം റോമിലെത്തി. സെപ്റ്റംബര്‍ 15ന്, വ്യാകുലമാതാവിന്റെ തിരുന്നാള്‍ ദിനത്തില്‍ വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനരികില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ പുതിയൊരു പദ്ധതി ഡാനിയേലിന്റെ മുന്‍പില്‍ തെളിഞ്ഞു, ‘ആഫ്രിക്കയിലൂടെതന്നെ ആഫ്രിക്കയെ രക്ഷിക്കുക.’ തങ്ങളുടെ ഭൂഖണ്ഡത്തെ സുവിശേഷവല്‍ക്കരിക്കാനായി തങ്ങളുടെ തന്നെ മിഷനറിമാരെ അയക്കാന്‍ കെല്‍പ്പുള്ള ആഫ്രിക്കന്‍ സഭയെ രൂപീകരിക്കണം. എല്ലാ മിഷനറി ഇന്‍സ്റ്റിറ്റിയൂട്ടുകളുടെയും സഹായത്തോടെ ആഫ്രിക്കന്‍ തീരദേശങ്ങളില്‍, വിദേശികള്‍ക്ക് കാലാവസ്ഥ അത്രക്ക് പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍, സ്വദേശികള്‍ക്ക് പരിശീലനം നല്‍കണം.
വിശ്വാസപ്രചാരണത്തിനായി കര്‍ദ്ദിനാളിന്റെയും ഒന്‍പതാം പീയൂസ് പാപ്പയുടെയും അനുമതി ലഭിച്ചതിന് ശേഷം ഡാനിയേല്‍ ഒരു യൂറോപ്പ് ടൂര്‍ സംഘടിപ്പിച്ചു, രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും മെത്രാന്മാരുടെയും സാധാരണ ജനത്തിന്റെയുമൊക്കെ പിന്തുണക്കായി. മിഷനറി പ്രവര്‍ത്തനത്തിനായി സഹായമാകുംവിധം ഒരു മിഷനറി മാഗസിനും ഇറക്കി. പാപ്പ എല്ലാത്തിനും പിന്തുണയുമായി നിന്നു.
1867-ല്‍ ഡാനിയേല്‍ കൊമ്പോണി ‘തിരുഹൃദയത്തിന്റെ പുത്രന്മാര്‍’ എന്ന പേരില്‍ ഒരു സഭാസ്ഥാപനത്തിന് തുടക്കം കുറിച്ചു. പിന്നീട് അത് പുരോഹിതരും സഹോദരരും അടങ്ങിയ സഭാസ്ഥാപനമായി വളര്‍ന്നു, Combonian Missionaries of the Heart of Jesus’ Or ‘The Verona Fathers and Brothers എന്ന പേരില്‍. ഡിസംബര്‍ 8, 1867 അമലോത്ഭവതിരുന്നാള്‍ ദിവസം ഈജിപ്തിലെ കെയ്‌റോയില്‍ ആദ്യത്തെ മിഷന്‍ സെന്റര്‍ തുറന്നു. പദ്ധതികളെല്ലാം ഡാനിയേല്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. സ്വദേശികളായ ആഫ്രിക്കക്കാരെ അധ്യാപകരായി നിയമിച്ചു. ആഫ്രിക്കന്‍ പെണ്‍കുട്ടികള്‍ക്ക് വിശ്വാസപരിശീലവും , എംബ്രോയ്ഡറി, വീട്ടുജോലികള്‍, ഗണിതം, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, അറബിക്, അര്‍മേനിയന്‍ എന്നിവയില്‍ പരിശീലനവും നല്‍കി. 1872-ല്‍ മിഷനറികളായ സ്ത്രീകള്‍ക്കായി ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിച്ചു.
1872-ല്‍ അദ്ദേഹം, സെന്‍ട്രല്‍ ആഫ്രിക്കയുടെ പ്രോ വികാര്‍ അപ്പോസ്‌തോലിക് ആയി. 1846 ല്‍ വികാരിയേറ്റില്‍ നൂറു മില്യണ്‍ നിവാസികള്‍ അടങ്ങിയിരുന്നു. അതിലേക്കായി നിയോഗിക്കപ്പെട്ട 120 മിഷനറിമാരില്‍ 46 പേര്‍ മരണമടഞ്ഞു, ബാക്കിയുള്ളവര്‍ പിന്മാറി. കൊമ്പോണിക്ക് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. എല്‍ ഓബെയ്ദ്, കാര്‍ത്തും എന്നീ മിഷനുകളുമായി അദ്ദേഹം വീണ്ടും ആരംഭിച്ചു.
അടച്ചുപൂട്ടലുകളുടെ ആരംഭം
എല്‍ ഒബേയ്ദ് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. കൊമ്പോണിയുടെ പരിശ്രമഫലമായി, എല്‍ ഒബെയ്ദ് അടച്ചുപൂട്ടി. സ്വതന്ത്രരായ അടിമകളെ പൗരോഹിത്യത്തിനായി റോമിലേക്ക് അയക്കുകപോലും ചെയ്തു അദ്ദേഹം. അടിമസമ്പ്രദായം നിര്‍ത്തലാക്കാനുള്ള ആദ്യത്തെ ഫലപ്രദമായ വഴിയായി ആഫ്രിക്കയുടെ സുവിശേഷവല്‍ക്കരണം അദ്ദേഹം കണ്ടു. ക്രിസ്തീയതക്ക് മാത്രമേ ആഫ്രിക്കന്‍ സംസ്‌കാരം മെച്ചപ്പെടുത്താന്‍ കഴിയൂ എന്ന് ഡാനിയേല്‍ തിരിച്ചറിഞ്ഞു.
1877-ല്‍ ഡാനിയേല്‍ കൊമ്പോണി സെന്‍ട്രല്‍ ആഫ്രിക്കയുടെ വികാര്‍ അപ്പോസ്‌തോലിക് ആയി. മാസങ്ങള്‍ക്കകം, ആ വര്‍ഷത്തെ സ്വര്‍ഗാരോപണതിരുന്നാളില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1877-78 കാലഘട്ടം കഠിനപരീക്ഷണങ്ങളുടേതായിരുന്നു. കഠിനവരള്‍ച്ചയും ക്ഷാമവും കൊണ്ട് ഇടയഗണത്തില്‍ത്തന്നെ കുറേപേര്‍ മരിച്ചു. ”ആഫ്രിക്കയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ദൈവപദ്ധതിയാണെന്നുള്ളതിന്റെ തെളിവാണ് നമ്മുടെ ഇപ്പോഴത്തെ കഷ്ടതകള്‍. ഈ ദുരന്തങ്ങള്‍, അപകടങ്ങള്‍, ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുമ്പോഴും നിരാശപ്പെടരുത്, കാരണം കുരിശ് വിജയത്തിലേക്കുള്ള രാജകീയ പാതയാണ്,” അദ്ദേഹം ഓര്‍മിപ്പിച്ചു.
1880-ല്‍ തളരാത്ത തീക്ഷ്ണതയോടെ ബിഷപ്പ് കൊമ്പോണി അദ്ദേഹത്തിന്റെ എട്ടാമത്തെയും അവസാനത്തെയും ആഫ്രിക്കന്‍ യാത്ര നടത്തി. കൂടുതല്‍ സ്വദേശി ആഫ്രിക്കക്കാര്‍ സുവിശേഷവേലയില്‍ പങ്കാളികളാകുന്നത് അദ്ദേഹത്തെ ആശ്വസിപ്പിച്ചെങ്കിലും വിദേശമിഷനറിമാരുടെ മരണനിരക്ക് ഏറെ ആയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, അധ്വാനഭാരത്താല്‍, സഹമിഷനറിമാരുടെ മരണസംഖ്യയുടെ വിഷമത്താല്‍, മഹാനായ ആ മിഷനറി രോഗബാധിതനായി. ഒക്ടോബര്‍ 10, 1881-ല്‍ 50-ാം വയസില്‍ കാര്‍ത്തൂമിലെ തന്റെ ആളുകളുടെ മധ്യേവച്ച്, സ്വര്‍ഗസമ്മാനത്തിനായി അദ്ദേഹം യാത്രയായി.
മാര്‍പാപ്പാ കണ്ട സ്വപ്നയാഥാര്‍ത്ഥ്യം
എല്ലാം പാഴായെന്ന് തോന്നുന്ന അവസ്ഥ ആയിരുന്നു അപ്പോള്‍. സെന്‍ട്രല്‍ ആഫ്രിക്ക മിഷനിലെ നൂറോളം പുരോഹിതര്‍ മരണമടഞ്ഞിരുന്നു. മുസ്‌ലീങ്ങളുടെ പ്രവര്‍ത്തനംമൂലം കുറേ മിഷനുകള്‍ വിഫലമായി, അദ്ദേഹത്തിന്റെ ശവകുടീരം അശുദ്ധമാക്കാന്‍ പോലും അവര്‍ മുതിര്‍ന്നു. എങ്കിലും ശുഭപ്രതീക്ഷയുണ്ടായിരുന്നു. മിഷനുകളുടെ പ്രവാചകനായ ഡാനിയേല്‍ കൊമ്പോണി പറഞ്ഞിരുന്നു, ”പേടിക്കണ്ട, ഞാന്‍ മരിച്ചാലും മിഷന്‍മരിക്കില്ല. സഹിക്കാന്‍ ഏറെയുണ്ടാകുമെങ്കിലും നമ്മുടെ മിഷന്റെ വിജയം നിങ്ങള്‍ കാണും.”
അത് ശരിയായി, മധ്യ ആഫ്രിക്കയില്‍ ഇന്ന് 600 ല്‍ ഏറെ മെത്രാന്മാരും 28000-ല്‍ അധികം പുരോഹിതരും അടങ്ങുന്ന ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഉള്ളത്.
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ 1993 ഫെബ്രുവരി 10-ന് കാര്‍ത്തൂമിലെ തുറന്ന സ്റ്റേഡിയത്തിലെ പ്രസംഗപീഠത്തില്‍ നില്‍ക്കുമ്പോള്‍ ലക്ഷോപലക്ഷം വിശ്വാസികള്‍ പാപ്പയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. സുഡാനിലെ ബിഷപ്പ് എല്ലാവരുടെയും പേരില്‍ പിതാവിനോട് പറഞ്ഞു, ”പരിശുദ്ധ പിതാവേ, ബിഷപ് കൊമ്പോണിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതാണ് ഞങ്ങളെല്ലാം.”
മാര്‍ച്ച് 26, 1994-ല്‍ അദ്ദേഹത്തിന്റെ വീരോചിതമായ നന്മകള്‍ അംഗീകരിക്കപ്പെട്ടു, ഡാനിയേല്‍ കൊമ്പോണിയെ ധന്യനായി ഉയര്‍ത്തി. 1996, മാര്‍ച്ച് 17-ന് വിശുദ്ധ ജോണ്‍പോള്‍ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തി. ഡിസംബര്‍ 20, 2002 ല്‍ ലുബ്‌ന അബ്ദല്‍ അസീസ് എന്ന സുഡാനില്‍ നിന്നുള്ള ഒരു മുസ്ലീം വനിതയുടെ രോഗശാന്തി ഡാനിയേല്‍ കൊമ്പോണിയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതമായി സ്ഥിരീകരിച്ചതോടെ 2003 ഒക്ടോബര്‍ 5ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പതന്നെ അദ്ദേഹത്തെ അള്‍ത്താരവണക്കത്തിലേക്ക് ഉയര്‍ത്തി.
'ഒരു ദിവസം രാവിലെ ഞങ്ങളുടെ ആന്റിയുടെ ഫോണ്‍കോള്‍. ആന്റിയുടെ ഒരു ബന്ധുവും ഭാര്യയും ഞങ്ങളുടെ പ്രദേശത്തിന് സമീപത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് പോയി. അവിടെ വച്ച് ആ ചേട്ടന് രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘അവരെ നിങ്ങള്‍ ഒന്ന് സഹായിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ അവരുടെ ഫോണ്‍ നമ്പര്‍ തന്നു.
ആ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. ആന്റി പറഞ്ഞ ചേട്ടന്റെ ഷുഗര്‍ കൂടി അബോധാവസ്ഥയിലായിപ്പോയതിനാല്‍ അവര്‍ക്ക് ധ്യാനം കൂടാന്‍ സാധിച്ചില്ല. രണ്ട് ദിവസവും കൂടി ആശുപത്രിയില്‍ നില്‍ക്കണം. ഡിസ്ചാര്‍ജ്ജ് ആയ ശേഷം അധികം യാത്ര പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതിനാല്‍ അവരെ ഞാനും ഭാര്യയും ചേര്‍ന്ന് ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
ഭാര്യക്ക് വളരെ ദൂരത്ത് നിന്ന് വന്നിട്ടും ധ്യാനം കൂടാന്‍ സാധിക്കാത്തതിന്‍റെ വിഷമം. ഭര്‍ത്താവിന്‍റെ രോഗാവസ്ഥയെക്കുറിച്ചുള്ള ദുഃഖം. ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ. ഇതെല്ലാം പേറിയാണ് ആ ചേച്ചിയും ഭര്‍ത്താവും ഞങ്ങളുടെ വീട്ടില്‍ എത്തിയത്. ഞങ്ങളുമായി സംസാരിച്ചിരുന്നപ്പോള്‍ ചേച്ചി മനസ്സ് തുറന്നു.
കുറച്ച് ദിവസം ഞങ്ങളുടെ കൂടെ അവര്‍ താമസിച്ചു. രോഗം കുറച്ച് ഭേദമാകുമ്പോള്‍ വീണ്ടും ധ്യാനത്തിന് പോകണം. ധ്യാനം കൂടിക്കഴിയുമ്പോള്‍ ചേട്ടന്റെ രോഗം പൂര്‍ണ്ണമായും മാറും എന്നാണ് ചേച്ചിയുടെ വിചാരം.
അവര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന സമയത്ത് ചേട്ടന്റെ മലമൂത്ര വിസര്‍ജനം നിയന്ത്രണത്തിലല്ലായിരുന്നു. ചേച്ചി അത് വൃത്തിയാക്കുമ്പോള്‍ പറഞ്ഞു, ‘ഞങ്ങള്‍ വന്നത് നിങ്ങള്‍ക്ക് ഒരു ശല്യമായല്ലോ.’
ഒരിക്കലും ശല്യമല്ലെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ചേച്ചി തുടര്‍ന്നു, ”ഇതെല്ലാം എന്റെ ഭര്‍ത്താവിന്റെ പലതരത്തിലുമുള്ള ദുര്‍നടപ്പുമൂലം വന്നുഭവിച്ച രോഗങ്ങളാണ്.”
ഭര്‍ത്താവിന്‍റെ മാനസാന്തരവും രോഗസൗഖ്യവും പ്രതീക്ഷിച്ചാണ് ആ ചേച്ചി രോഗിയായ ഭര്‍ത്താവിനെയും കൂട്ടി ദൂരത്തുനിന്നും ധ്യാനത്തിന് വന്നത്. ചേച്ചി എപ്പോഴും ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും ഞങ്ങളോടും ഭര്‍ത്താവിനോടും പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ ചേച്ചി പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ടിരുന്നു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ഞങ്ങള്‍ ആ കുടുംബത്തെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അന്നുതന്നെ പരിചയമുള്ള ഒരു ആത്മീയ കൗണ്‍സലറെ വിളിച്ച് ഈ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടപ്പോള്‍ ആ വ്യക്തി പറഞ്ഞു ആ ചേട്ടന് നല്ല മരണം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്. ഞങ്ങള്‍ അക്കാര്യം അവരോട് പറഞ്ഞില്ലെങ്കിലും അപ്രകാരം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.
ചേച്ചി ചേട്ടന് ഭക്ഷണം വാരി കൊടുക്കുമ്പോഴും കൂടെ കുറ്റപ്പെടുത്തലും ആവലാതിയും നടക്കുന്നുണ്ടായിരുന്നു. അന്ന് ചേട്ടന് അത്താഴവും മരുന്നും കൊടുത്തതിനുശേഷം ചേച്ചിയും ഞങ്ങളും കൂടി അത്താഴം കഴിക്കുന്ന സമയം. ചേച്ചി പറയുന്നത് ‘ഞങ്ങള്‍ക്ക് ധ്യാനത്തിന് വീണ്ടും പോകണം, ചേട്ടന്റെ അസുഖം മാറും, ചേട്ടന്‍ എന്നില്‍നിന്ന് അകന്നു പോകാതെ ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കും’ എന്നൊക്കെയാണ്. ഇപ്രകാരം പ്രത്യാശയുടെ കാര്യങ്ങള്‍ പറയുമ്പോഴും അറിയാതെതന്നെ ചേട്ടനെ കുറ്റപ്പെടുത്തി പറയുകയും ചെയ്യും. തന്റെ ജീവിതം ദു:ഖപൂര്‍ണ്ണമാക്കിയ ഭര്‍ത്താവിനോടുള്ള നീരസം അത്രയും ഉള്ളില്‍ കിടക്കുകയാണ്.
അപ്പോള്‍ തോന്നിയ ഉള്‍പ്രേരണയാല്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു, ”ചേച്ചി ചേട്ടനെ ഒരു നല്ല കുമ്പസാരത്തിന് ഒരുക്കണം. കുമ്പസാരിച്ച് പാപമോചനം നേടിയാലും നിങ്ങള്‍ വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ചേച്ചിയോട് ചേട്ടന്‍ തന്റെ ജീവിതത്തില്‍ വന്ന എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കും. ചേച്ചിക്ക് പൂര്‍ണ്ണ അവകാശമുള്ള ഭര്‍ത്താവിന്റെ ശരീരം ഭര്‍ത്താവിന്റെ ദുര്‍നടപ്പിലൂടെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും ഒരു പൂര്‍ണ്ണ പാപക്ഷമ കൊടുക്കേണ്ടത് ചേച്ചിയാണ്. അതിനാല്‍ ചേച്ചി പൂര്‍ണ്ണമായി ക്ഷമിച്ച് ഭര്‍ത്താവിന് മാപ്പ് നല്‍കണം. ചേച്ചി നല്കുന്ന പാപക്ഷമയാണ് ഭര്‍ത്താവിന്റെ നിത്യരക്ഷയ്ക്ക് സഹായമാകുക. എങ്കിലേ ചേച്ചിയുടെ വര്‍ഷങ്ങളായുള്ള സഹനത്തിന് ദൈവസന്നിധിയില്‍ വിലയുണ്ടാവുകയുള്ളൂ.”
”എന്നെങ്കിലും എന്റെ ഭര്‍ത്താവ് അങ്ങനെ ചോദിച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായും ക്ഷമ നല്കുകയും അപ്രകാരം ദൈവസന്നിധിയില്‍നിന്ന് ചേട്ടന് പാപമോചനം വാങ്ങിക്കൊടുക്കുകയും ചെയ്യും” ചേച്ചി ഞങ്ങള്‍ക്ക് ഉറപ്പ് തന്നു.
പിറ്റേന്ന് ആ ചേട്ടന്റെ ആഗ്രഹപ്രകാരം മാതാവിന്റെ നാമത്തിലുളള ഒരു പള്ളിയില്‍ പോയി. പോകുംവഴി ചേട്ടന്‍ തന്റെ ദു:ശ്ശീലങ്ങള്‍ ആ രോഗാവസ്ഥയിലും പ്രകടമാക്കി. പുകവലിയും ലോട്ടറിയെടുപ്പും എല്ലാം കണ്ട് ചേച്ചിയുടെ നിയന്ത്രണം വിട്ടുപോകുന്നതുപോലെ തോന്നി. എന്തായാലും അടുത്ത ദിവസം അവര്‍ തിരിച്ച് അവരുടെ വീട്ടിലേക്ക് പോയി. അവരെ ബസ്സില്‍ കയറ്റി വിടുമ്പോഴും ഇനി ഈ ചേട്ടനെ കാണാന്‍ പറ്റുമോ എന്നുളള ഒരു ചിന്തയും ബാക്കി.
അവര്‍ വീട്ടില്‍ ചെന്ന് ചികിത്സകള്‍ തുടര്‍ന്നു. പിന്നീട് ഒരു നല്ല കുമ്പസാരം നടത്തി, രണ്ടാഴ്ചക്കു ശേഷം ഒരു ദിവസം രാത്രി ചേട്ടന്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഓരോ തെറ്റുകളും ഏറ്റ് പറഞ്ഞ് ഭാര്യയോട് മാപ്പ് ചോദിച്ചു. ആവര്‍ത്തിച്ചുളള ക്ഷമാപണത്തില്‍ ചേച്ചി തന്റെ ഭര്‍ത്താവിനോട് പൂര്‍ണ്ണമായി ക്ഷമിച്ച് മാപ്പ് കൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ചേട്ടന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തന്റെ ക്ഷമയാല്‍ ഒരു ആത്മാവിനെ സ്വര്‍ഗത്തില്‍ പറഞ്ഞ് വിട്ട അഭിമാനത്തോടെ ചേച്ചി ജീവിതം തുടര്‍ന്നു. മത്തായി 6/12 – ”ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ.”
'”എന്റെ പുത്രന്റെ ശരീരത്തില്‍ ചെയ്യപ്പെട്ടതിലൂടെ എന്റെ നീതി കാരുണ്യമായി മാറി. ആബേലിന്റെ രക്തംപോലെ ക്രിസ്തുവിന്റെ രക്തം പ്രതികാരത്തിനുവേണ്ടി നിലവിളിക്കുന്നില്ല. മറിച്ച് അത് കരുണയാണ് ചോദിക്കുന്നത്. എന്റെ നീതിക്ക് ആ രക്തത്തിന്റെ അപേക്ഷ നിരസിക്കാനാവില്ല. ഒരിക്കല്‍ ശിക്ഷിക്കാനായി ഉയര്‍ത്തപ്പെട്ട നീതിയുടെ കരങ്ങളെ അവ ഇനി ഉയര്‍ത്തപ്പെടാതിരിക്കാന്‍വേണ്ടി യേശുവിന്റെ രക്തം ബന്ധിക്കുന്നു.”
'സ്വന്തമായി ഒരു തൊഴില്‍ ചെയ്ത് ആരുടെയും മുമ്പില്‍ കൈകള്‍ നീട്ടാതെ ജീവിക്കണം. അതായിരുന്നു എന്റെ സ്വപ്നം. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് അത് അത്ര വിഷമകരമല്ല, എന്നാല്‍ ഭിന്നശേഷിയുള്ള എന്നെ സംബന്ധിച്ച് ആ സ്വപ്നം ക്ലേശകരമായിരുന്നു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നുകൂടി ഓര്‍ക്കണം. ഭിന്നശേഷിയുള്ള ഒരു വ്യക്തി കുടുംബത്തില്‍ ഉണ്ടെങ്കില്‍ അത് കുടുംബത്തിനും ദേശത്തിനും ഒക്കെ ഭാരമാണെന്ന് അനേകര്‍ ചിന്തിക്കുന്ന കാലം. അവരുടെ വൈകല്യത്തിന്റെ പേരിലാണ് അവര്‍ അറിയപ്പെടുകപോലും ചെയ്യുക. എന്നാല്‍ ദൈവത്തിന്റെ പദ്ധതി ഞാന്‍ ചിന്തിച്ചതിനെക്കാള്‍ ഉന്നതമായിരുന്നു.
എനിക്ക് എല്ലാവിധത്തിലും സഹകാരിയാകാന്‍ മേരി എന്നൊരു സുഹൃത്തിനെ കിട്ടി. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കാലുകള്‍ക്ക് സ്വാധീനം കുറവാണ്. ബാല്യത്തില്‍ ഉണ്ടായ രോഗാവസ്ഥകള്‍ക്കുശേഷമാണ് ശാരീരികവൈകല്യങ്ങള്‍ സംഭവിച്ചത്. മേരി എന്നെക്കാള്‍ അല്പംകൂടി ക്ലേശകരമായ വൈകല്യം അനുഭവിക്കുന്ന ആളായിരുന്നു. പക്ഷേ സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്തി ജീവിക്കണമെന്ന് ഇരുവര്‍ക്കും വലിയ ആഗ്രഹമുണ്ടായിരുന്നു. ദൈവം ഞങ്ങളെ ഒന്നിച്ചുനിര്‍ത്തിയപ്പോള്‍ ഞങ്ങളെപ്പോലെ വൈകല്യമുള്ളവരെ സ്‌നേഹിക്കാനും അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാനുമുള്ള വലിയ ദൗത്യമാണ് തന്നത്. ”മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ” (സുഭാഷിതങ്ങള്‍ 16/1) എന്ന് വചനം പറയുന്നുണ്ടല്ലോ.
ഭിന്നശേഷിയുള്ളവര്‍ക്ക് പരിശീലനം നല്കുന്ന ഒരു സ്ഥാപനത്തില്‍വച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് അവിടെനിന്ന് ലഭിച്ച പ്രാര്‍ത്ഥനാനുഭവത്തിന്റെയും പരിശീലനത്തിന്റെയും ബലത്തില്‍ ഞങ്ങള്‍ സ്വന്തമായി ഒരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍നിന്നുള്ളയാളായിരുന്നു ഞാന്‍. മേരി കോതമംഗലം നാടുകാണിയില്‍നിന്നും. 1984 മാര്‍ച്ച് 19ന് സാന്‍ജോ ഭവന്‍ എന്ന പേരില്‍ നാടുകാണിയില്‍ ഒരു കൊച്ചുഭവനത്തിന് തുടക്കമിട്ടു. കാര്യമായ പിന്തുണയൊന്നും ലഭിക്കാനില്ലായിരുന്നു. ജപമാലയും കുരിശിന്റെ വഴിയും കണ്ണുനീരും മാത്രമായിരുന്നു ഞങ്ങളുടെ കൈമുതല്‍.
ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് 18 വര്‍ഷം രാത്രിയും പകലും ഞങ്ങള്‍ അധ്വാനിച്ചു. തയ്യല്‍ജോലികളായിരുന്നു കൂടുതല്‍. തയ്യല്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യമൊക്കെ പലര്‍ക്കും തയ്യല്‍ജോലികള്‍ ഞങ്ങളെ ഏല്പിക്കാന്‍ വിശ്വാസമില്ലായിരുന്നു. ‘കാല് വയ്യാത്തവര്‍ തയ്ച്ചാല്‍ ശരിയാകുകയില്ല’ എന്നുള്ള അഭിപ്രായങ്ങളൊക്ക കേട്ട് വിഷമിച്ചുപോയിട്ടുണ്ട്. എന്നാല്‍ ദൈവമായ കര്‍ത്താവ് വിശുദ്ധ പൗലോസ് ശ്ലീഹായിലൂടെ പറയുന്നതുപോലെ, ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര്‍ക്ക് നമ്മെ തോല്‍പ്പിക്കാന്‍ സാധിക്കും? (റോമാ 8/31). പതിയെ തയ്യല്‍ജോലികള്‍ ലഭിക്കാന്‍ തുടങ്ങി.
ഞങ്ങളുടെ പക്കല്‍ തയ്യല്‍ പരിശീലനത്തിന് വന്നതിനുശേഷം ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി വന്നവര്‍ പലരും സാക്ഷ്യപ്പെടുത്താന്‍ തുടങ്ങി. പ്രത്യേകിച്ചും, വിവാഹതടസമനുഭവിച്ചിരുന്ന പെണ്‍കുട്ടികളുടെ വിവാഹം ശരിയായത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചതോടെ എല്ലാവരുടെയും മനോഭാവത്തിനും മാറ്റം വന്നു. ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം ദൈവം നല്കുകയായിരുന്നു. ഞങ്ങള്‍ക്ക് താമസിക്കാനുള്ള സ്വന്തമായ ഭവനവും മറ്റ് എല്ലാ സൗകര്യങ്ങളും അവിടുന്ന് ഒരുക്കിത്തന്നു. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന് തെളിയുന്ന വിധത്തില്‍ ഞങ്ങളെ വഴി നടത്തി.
മുറിയപ്പെട്ടപ്പോഴത്തെ സ്വരം
പ്രാര്‍ത്ഥനാഗ്രൂപ്പുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. അതിലൂടെ ശുശ്രൂഷകളിലും പ്രാര്‍ത്ഥനയിലും സജീവമായി. അങ്ങനെയിരിക്കേ ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ കര്‍ത്താവിന്റെ തിരുശരീരം മുറിക്കപ്പെടുന്ന സമയത്ത് കാതില്‍ ഇങ്ങനെയൊരു സ്വരം കേട്ടു, ”ഇത് നിനക്കു വേണ്ടിയാണ്, നിനക്ക് വേണ്ടിയാണ് ഞാന്‍ മുറിയപ്പെടുന്നത്.” മുറിയപ്പെടുന്ന ഈശോയുടെ ശരീരത്തില്‍ ഞങ്ങളെപ്പോലെയുള്ള അനേകം പേരെയും കണ്ടു.
അതിലൂടെ ലഭിച്ച ദൈവികപ്രചോദനമനുസരിച്ച് അവര്‍ക്കുവേണ്ടി ഒരു ധ്യാനം നടത്താനും ഒരുമിച്ചു കൂട്ടുവാനുമെല്ലാമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതിനായി കോതമംഗലം രൂപതാധ്യക്ഷനോട് ചോദിച്ചു.
അദ്ദേഹം ആദ്യം, ‘അത് സാധ്യമാണോ’ എന്ന് സംശയം പറഞ്ഞുവെങ്കിലും പിന്നീട് ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു തന്നു. ഞങ്ങളുടെ ഇടവക വികാരിയച്ചനും പിന്തുണ നല്കി. അങ്ങനെ തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കായുള്ള ധ്യാനം ഏതാണ്ട് 10 വര്‍ഷത്തോളം ആയി മൂവാറ്റുപുഴ ‘നെസ്റ്റി’ല്‍ നടത്തുന്നു. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ ധ്യാനം നടത്തുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കാണ് ഇവിടെ പരിഗണന. മികച്ച സൗകര്യങ്ങളും ഒരുക്കും. വര്‍ഷത്തില്‍ ആ കുറച്ച് ദിവസങ്ങളില്‍ സര്‍വം മറന്ന് ദൈവത്തോടുചേര്‍ന്ന് സന്തോഷമായിരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ക്രമീകരിക്കാന്‍ സാധിക്കുന്നു. അവരുടെ പരിചരണമെല്ലാം ധ്യാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെ ചെയ്യും. അതിനാല്‍ അവരുടെ വീട്ടില്‍നിന്നുള്ള സഹായികള്‍ക്കും ആ ദിവസങ്ങളില്‍ മാറിനില്‍ക്കാം. ഇപ്രകാരമുള്ള ധ്യാനത്തിലൂടെ അനേകം മക്കള്‍ക്ക് ശാന്തിയും സമാധാനവും കര്‍ത്താവ് നല്കി. പലരും ജീവിതത്തില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ് അനുഭവത്തിലേക്ക് വന്നു.
ഭിന്നശേഷിക്കാരും പ്രത്യാശ നഷ്ടപ്പെട്ടവരുമായ നിരവധി മക്കളെ കണ്ട് സംസാരിച്ച് പ്രത്യാശ പകരാനും പ്രാര്‍ത്ഥനയിലൂടെ ശക്തി നേടാന്‍ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. സാന്‍ജോ ഭവന്റെ കൂട്ടായ്മയിലൂടെ അവര്‍ക്ക് ആവുംവിധം സഹായങ്ങളും നല്കും. പലരുടെയും ജീവിതം മാറിമറിയാന്‍ ഈ പ്രവര്‍ത്തനം വഴിയൊരുക്കിയിട്ടുണ്ട്. പരിഹാസവും അവഗണനയും ഭയന്ന് വീട്ടില്‍ ഒതുങ്ങിയിരുന്ന പലരും ഞങ്ങളിലൂടെ പ്രത്യാശയിലേക്ക് കടന്നുവന്ന്, അവര്‍ക്ക് സാധിക്കുംവിധത്തില്‍ കൊച്ചുകൈത്തൊഴിലുകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങാന്‍ തുടങ്ങി. മറ്റുള്ളവരുടെ നോട്ടവും പ്രതികരണവും മോശമാകുമെന്ന് ചിന്തിച്ച് ദൈവാലയത്തില്‍ ദിവ്യബലിക്ക് പോകാന്‍ വിഷമിച്ചിരുന്നവര്‍ അതിനെ അതിജീവിച്ച് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിലൂടെ വലിയ ശക്തി നേടാനും സാധിച്ചു. ഇതിനെല്ലാം ഞങ്ങളെ ഉപകരണമാക്കുന്ന നല്ല ദൈവത്തിന് എങ്ങനെ നന്ദി പറഞ്ഞാല്‍ മതിയാകും?
മാനസികവേദന അനുഭവിക്കുന്നവര്‍, കുടുംബസമാധാനം നഷ്ടപ്പെട്ടവര്‍, ഭാര്യാഭര്‍തൃബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചവര്‍ – അങ്ങനെ അനേകരെ വീണ്ടും പ്രത്യാശയിലേക്കും ആശ്വാസത്തിലേക്ക് നയിക്കാനും നല്ല ദൈവം ഞങ്ങളെ ഉപകരണമാക്കി. സാന്‍ജോ ഭവന്‍ എന്ന ഉദ്യമം അതിനെല്ലാം വേദിയായി. ഇപ്പോള്‍ മൂന്നുമണി മുതല്‍ നാലു മണി വരെ 15 പേരോളമെങ്കിലും ഒരുമിച്ച് കൂടി ഞങ്ങള്‍ ദൈവവചന പ്രഭാഷണത്തില്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥനയില്‍ ചേര്‍ന്നിരുന്ന് ലോകം മുഴുവനും വേണ്ടി കരുണയ്ക്ക് വേണ്ടി യാചിക്കുന്നു. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു.
ദൈവം ഞങ്ങള്‍ക്ക് നല്‍കിയ മറ്റൊരു വലിയ കൃപയാണ് സ്‌കൂട്ടര്‍ ഓടിക്കാനുള്ള കൃപ. അതുനിമിത്തം ഞങ്ങളുടെ കൊച്ചുയാത്രകള്‍ ഇരുവരും ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വന്തം സ്‌കൂട്ടറിലാണ് നടത്തുന്നത്. സാധിക്കുന്ന സമയങ്ങളിലെല്ലാം എല്ലാ ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കാറുണ്ട്. ബലികഴിഞ്ഞ് ഇറങ്ങിവരുന്ന നേരത്തും ഓരോ വ്യക്തികള്‍ വരും. അവരുടെ ജീവിതാവസ്ഥകള്‍ പങ്കുവയ്ക്കുമ്പോള്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും ഇടവകയോട് ചേര്‍ന്ന് നില്‍ക്കുവാനും ഞങ്ങള്‍ക്ക് സാധിക്കുന്നു.
ഇതിനിടയില്‍ ഞാനും മേരിയും പലതവണ ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുവാന്‍ ഇടയായി. ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാന്‍ പറ്റുമെന്നുപോലും കരുതാത്ത വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ നല്ല തമ്പുരാന്‍ തന്റെ മഹാകരുണയാല്‍ വീണ്ടും എഴുന്നേല്‍പിച്ച് നിര്‍ത്തുന്നു.
ദിവ്യബലിയും ജപമാലയും കുരിശിന്റെ വഴിയുമാണ് ഞങ്ങള്‍ക്കുള്ള സമ്പാദ്യം. ഓരോ ദിവസവും വിശുദ്ധ ബലിയര്‍പ്പിച്ച് ഈ രണ്ടു പ്രാര്‍ത്ഥനകളുമായി മുന്നോട്ടു പോകുമ്പോള്‍ ദൈവം ഞങ്ങളുടെ കൂടെയുണ്ട് എന്ന അനുഭവം ലഭിക്കുന്നു. ഒന്നിനും കുറവില്ലാത്ത വിധം സാധാരണ വ്യക്തികളെപ്പോലെ പല കാര്യങ്ങളും ചെയ്യുവാന്‍ ദൈവം അനുഗ്രഹിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത വിധം ദൈവത്തിന്റെ കരങ്ങളിലാണ് ഞങ്ങള്‍ വഹിക്കപ്പെടുന്നത്. ലൂക്കാ 15-ല്‍ പറയുന്നതുപോലെ നൂറാടുകളില്‍ നഷ്ടപ്പെട്ട ഒന്നിനെ കണ്ടുകിട്ടിയപ്പോള്‍ തോളിലേറ്റിയ തമ്പുരാന്‍ ഇന്ന് ഞങ്ങളെയും തോളിലേറ്റിയിരിക്കുന്നു.
'”നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയാത്തവിധം അത്ര വലിയ അനുഗ്രഹമാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.”
വര്‍ഷങ്ങളായുള്ള അലര്‍ജിരോഗത്താല്‍ (തുമ്മല്‍, മൂക്കൊലിപ്പ്) അമ്മ ഷെര്‍ളിയും ഞാനും വളരെയധികം പ്രയാസപ്പെട്ടിരുന്നു. അധികമാകുമ്പോള്‍ മരുന്നിലൂടെ ആശ്വാസം ലഭിച്ചിരുന്നെങ്കിലും പൂര്‍ണമായ വിടുതല്‍ ലഭിച്ചിരുന്നില്ല. പ്രാര്‍ത്ഥനകളിലൂടെ മാത്രമാണ് ഇതിനെ തരണം ചെയ്തിരുന്നത്. അപ്പോഴാണ് ശാലോം മാസിക വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി പൂര്‍ണ സൗഖ്യം ലഭിച്ച സാക്ഷ്യത്തെപ്പറ്റി അമ്മ അറിഞ്ഞത്.
അങ്ങനെ നേര്‍ന്നുകൊണ്ട് അമ്പത് ശാലോം മാസികയ്ക്കുള്ള പണം നല്‍കുകയും പ്രാര്‍ത്ഥനാസഹായം യാചിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി തമ്പുരാന്‍ ഞങ്ങള്‍ക്ക് സൗഖ്യം നല്‍കി അനുഗ്രഹിച്ചു.
ശാലോം മാസികയിലൂടെ വന്ന വേറൊരു സാക്ഷ്യത്തിലൂടെ എന്റെ വിവാഹത്തിനായി 42 ദിവസത്തെ കരുണക്കൊന്ത ചൊല്ലി പ്രാര്‍ത്ഥിച്ചുകൊള്ളാമെന്ന് നേര്‍ന്ന് അമ്മ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. 42 ദിവസത്തിനുമുമ്പുതന്നെ, അതായത് പന്ത്രണ്ടോളം ദിവസത്തിനുള്ളില്‍, ആഗ്രഹിച്ചതിലും നല്ല ജീവിതപങ്കാളിയെയും കുടുംബത്തെയും നല്‍കി ദൈവം അനുഗ്രഹിച്ചു.