• Latest articles
ഫെബ്രു 23, 2024
Engage ഫെബ്രു 23, 2024

സമയവും കഴിവുകളും നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ?

മരണത്തിന്‍റെ വക്കില്‍നിന്ന് ജീവനിലേക്ക് തിരിച്ചുനടക്കുവാന്‍ അപൂര്‍വമായ അവസരം ലഭിച്ചവരുണ്ട്. ജീവന്‍റെയും ജീവിതത്തിന്‍റെയും മൂല്യം തിരിച്ചറിയുവാന്‍ അവര്‍ക്കേ സാധിക്കൂ. അത്തരത്തിലുള്ള അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് ലോകപ്രശസ്ത സാഹിത്യകാരനായ ദസ്തയേവ്സ്കി. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണിത്. സാര്‍ ചക്രവര്‍ത്തിമാര്‍ റഷ്യ വാണിരുന്ന കാലം. വിമതപ്രവര്‍ത്തനങ്ങളൊന്നും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അങ്ങനെയൊരുനാള്‍ ദസ്തയേവ്സ്കിയുടെ ഊഴം വന്നു. 1849 നവംബര്‍ 16 ന് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഡിസംബര്‍ 22 നാണ് വധശിക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്. തടവുകാരെ സെമിയാനോവ് മൈതാനത്തിന്‍റെ ഒരറ്റം മുതല്‍ അണിനിരത്തി. ഫയറിങ്ങ് സ്ക്വാഡ് റെഡിയായി നില്‍ക്കുന്നു. മൂടിക്കെട്ടിയ കണ്ണുകളുമായി മരണത്തിന്‍റെ കാലൊച്ചയ്ക്കായി അവര്‍ കാത്തുനിന്നു. എന്നാല്‍ പെട്ടെന്നൊരു ആന്‍റിക്ലൈമാക്സ്. തടവുകാരുടെ കണ്ണുകളിലെ കെട്ടഴിച്ചു, അവര്‍ സ്വതന്ത്രരാണെന്ന് അറിയിച്ചു. കാരണം ചക്രവര്‍ത്തി തടവുകാര്‍ക്ക് മാപ്പു നല്‍കിയിരിക്കുന്നു.

ദസ്തയേവ്സ്കി പിന്നീട് എഴുതിയ രചനകളില്‍ ജീവിതത്തിന്‍റെ വിലയെക്കുറിച്ചള്ള സൂചനകള്‍ പലപ്പോഴായി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇഡിയറ്റിലെ ഒരു കഥാപാത്രം പറയുന്നു: “ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്.”

നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്. ഓരോ മിനിറ്റുപോലും വളരെ പ്രധാനപ്പെട്ടതാണ്. അതിന് ദൈവസന്നിധിയില്‍ ഒരു യുഗത്തിന്‍റെ വിലയുണ്ട്. നമ്മുടെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ആകെത്തുക ഓരോ മിനിറ്റും കൂടുന്നതാണല്ലോ. അത് എങ്ങനെ നാം ചെലവഴിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണിശമായ ഒരു ജാഗ്രത പുലര്‍ത്തുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒരു കാര്യമുണ്ട്. അത് ഓരോ മിനിറ്റും നാം എങ്ങനെ ചെലവഴിച്ചു എന്ന് കണക്കു കൊടുക്കേണ്ടിവരും എന്നതുതന്നെയാണ്.

നാളേക്ക് മാറ്റിവയ്ക്കുക എന്നത് സമയത്തെ ഗൗരവമായി കാണാത്തവരുടെ ഒരു പൊതുസ്വഭാവമാണ്. ‘ഇന്നുവേണ്ട, നാളെ ചെയ്യാം’ എന്ന് അവര്‍ തങ്ങളോടുതന്നെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാളെ കൂടുതല്‍ അനുകൂലമായ സാഹചര്യം വരും എന്ന ന്യായം അവര്‍ കണ്ടെത്തുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത് നമ്മുടെയെല്ലാം ഒരു പൊതുസ്വഭാവമാണ്. ഇംഗ്ലീഷില്‍ ഇതിന് ‘പ്രോക്രാസ്റ്റിനേഷന്‍’ എന്ന് പറയും. ഇതില്‍നിന്ന് മോചനം നേടുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.

സമയത്തിന്‍റെയും കഴിവുകളുടെയും ശരിയായ വിനിയോഗത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഈശോ നല്‍കിയ താലന്തുകളുടെ ഉപമ സുപരിചിതമാണ്. എത്ര കിട്ടി എന്നുള്ളതല്ല പ്രധാനപ്പെട്ടത്, എങ്ങനെ ഉപയോഗിച്ചു എന്നതാണ്. പക്ഷേ കൂടുതല്‍ കിട്ടിയവന് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍ കുറച്ചുകിട്ടിയവന്‍ അത് കുഴിച്ചുമൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല എന്നുതന്നെ. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇത് താലന്തുകളുടെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അത് പത്തുനാണയത്തിന്‍റെ ഉപമയാണ്. ഈ രണ്ട് ഉപമകളുടെയും പൊതുസ്വഭാവം, നല്‍കിയ യജമാനന്‍ കണക്ക് ചോദിക്കുന്നു എന്നതാണ്. താലന്ത് ഉപയോഗിക്കാതിരുന്നവന്‍ ശകാരിക്കപ്പെടുന്നു എന്നുമാത്രമല്ല, അവന് നല്‍കപ്പെട്ടത് അവനില്‍നിന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. കൂടാതെ അവന്‍ കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നതിന്‍റെ ഒരു സൂചന ഈ ഉപമയിലൂടെ നല്‍കുന്നു. വിശുദ്ധ മത്തായി ശ്ലീഹാ നല്‍കുന്ന ആമുഖവിവരണം ഇപ്രകാരമാണ്: “ഒരുവന്‍ യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം” (വിശുദ്ധ മത്തായി 25/14). സമയത്തിന്‍റെയും കഴിവുകളുടെയും ദൈവഹിതാനുസാരമുള്ള ശരിയായ വിനിയോഗം ഭൗതികവിജയത്തിനു മാത്രമല്ല, ആത്മരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്.

നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, അവിടുന്ന് എനിക്ക് നല്‍കിയ സമയവും ആയുസും കഴിവുകളും അങ്ങയുടെ സൗജന്യദാനമാണല്ലോ. അങ്ങയുടെ മുമ്പില്‍ ഇവയുടെ കണക്ക് ബോധിപ്പിക്കേണ്ടതാണെന്ന ചിന്താഭാരത്താല്‍ എന്നെ നിറച്ചാലും. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശം ഈ മേഖലയില്‍ എനിക്ക് നല്‍കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കര്‍ത്താവിന്‍റെ പ്രീതിക്ക് പാത്രമാകുന്ന വിധത്തില്‍ ജീവിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

'

By: K J Mathew

More
ഫെബ്രു 21, 2024
Engage ഫെബ്രു 21, 2024

എന്‍റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാത്ത വേദന നിമിത്തം നടക്കാനാവാതെയായി. ആ സമയത്ത് മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടത്തെ ഡോക്ടര്‍ സ്കാന്‍ ചെയ്തുനോക്കി. അപ്പോഴാണറിയുന്നത്, കാലില്‍ വെരിക്കോസ് വെയിന്‍ നന്നായി ബാധിച്ചിട്ടുണ്ടെന്നും ആ ഞരമ്പുകള്‍ കാലുകളുടെ മാംസത്തിലേക്കാണ് തടിച്ചിരിക്കുന്നതെന്നും. അങ്ങനെയൊരു ഞരമ്പിലാണ് പുഴു കടിച്ചിരിക്കുന്നത്. അതിനാല്‍ മുറിവ് ഉണങ്ങാന്‍ വിഷമമാണ് എന്ന് പറഞ്ഞു. നാല് പ്രാവശ്യം ഞങ്ങള്‍ ആ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, “ഓപ്പറേഷന്‍ ചെയ്ത് ഈ ഞരമ്പ് എടുത്തുകളയുകയോ ലേസര്‍ ചികിത്സയിലൂടെ മുറിവ് കരിക്കുകയോ ചെയ്യണം.” അടുത്ത ദിവസം അഡ്മിറ്റാകാം എന്നുപറഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍നിന്നും പോന്നു. വേദനമൂലം കടുത്ത വേദനാസംഹാരി ഗുളികകള്‍ കഴിച്ചാണ് രാത്രി ഞാന്‍ ഉറങ്ങിയിരുന്നത്.

ആ സമയത്ത് 2023 ഫെബ്രുവരി 5-ന് ഭര്‍ത്താവ് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ കൈയില്‍ ഒരു ശാലോം ടൈംസ് മാസിക ഉണ്ടായിരുന്നു. ഒരു ചേട്ടന്‍ കൊടുത്തതാണ്. അതുകണ്ടതേ കര്‍ത്താവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം മാസിക വാങ്ങി തുറന്ന് വായിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആദ്യം വായിച്ചത് ‘പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും’ എന്ന അനുഭവസാക്ഷ്യമാണ്. ആ അനുഭവക്കുറിപ്പിലെ അതേ നേര്‍ച്ച നേര്‍ന്നാല്‍ എനിക്കും രോഗശാന്തി ഉണ്ടാകുമെന്ന് മനസ് പറഞ്ഞു. ആ നിമിഷത്തില്‍, ഞാനും സാക്ഷ്യപ്പെടുത്താമെന്നും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. എന്നും മുറിവ് കെട്ടിയാല്‍ അസഹനീയ വേദന ഉണ്ടാകുമായിരുന്നു. അന്ന് മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ് വലിയ വേദന വന്നില്ല. മാത്രവുമല്ല, വേദനയില്ലാതെ ഉറങ്ങാനും സാധിച്ചു. പിന്നീട് ഞാന്‍ വേദനസംഹാരിഗുളികകള്‍ കഴിച്ചിട്ടില്ല. ഓപ്പറേഷനോ ലേസര്‍ ചികിത്സയോ കൂടാതെ മുറിവ് ഉണങ്ങാന്‍ തുടങ്ങി. ക്രമേണ മൂന്ന് മാസങ്ങള്‍കൊണ്ട് കാല്‍ പൂര്‍ണമായി സൗഖ്യമായി. ഇപ്പോള്‍ വീട്ടില്‍നിന്നും നടന്ന് വിശുദ്ധ കുര്‍ബാനക്ക് പോകുന്നു. സൗഖ്യത്തിന് ഒരായിരം നന്ദി, കര്‍ത്താവിന്‍റെ നാമം മഹത്വപ്പെടട്ടെ!

'

By: Shalom Tidings

More
ഫെബ്രു 21, 2024
Engage ഫെബ്രു 21, 2024

ആത്മാവിന്‍റെ മാനസാന്തരത്തിന്‍റെ ആരംഭത്തില്‍ ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്‍കും. പക്ഷേ ആ അവസ്ഥ ഏറെ നാള്‍ തുടരുകയില്ല.

വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക, “ദൈവസ്നേഹവും ക്രിസ്തീയ പൂര്‍ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരിക അനുഭൂതികളിലും അനുഭവവേദ്യമാകുന്ന ആശ്വാസങ്ങളിലുമല്ല; മറിച്ച് നമ്മുടെ ആത്മസ്നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂര്‍ത്തീകരിക്കുന്നതിലുമാണ്.”

പൂര്‍ണത പ്രാപിക്കാനായി, ആത്മീയ വരള്‍ച്ച മുഖേന ദൈവം സവിശേഷമായ ഒരു രീതിയില്‍ അവിടുന്ന് സ്നേഹിക്കുന്ന ആത്മാക്കളുമായി തന്നെത്തന്നെ ഗാഢമാംവിധം ഒന്നിപ്പിക്കുന്നു. ക്രമാതീതമായ ലൗകിക പ്രവണതകളോടുള്ള ഉറ്റബന്ധമാണ് ദൈവത്തോട് യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടുന്നതില്‍നിന്നും നമ്മെ തടസപ്പെടുത്തുന്നത്.

അതിനാല്‍, ദൈവം ഒരു ആത്മാവിനെ അവിടുത്തെ സമ്പൂര്‍ണ സ്നേഹത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവളെ ആദ്യം സൃഷ്ടികളുമായുള്ള സകലവിധ ഉറ്റബന്ധങ്ങളില്‍നിന്നും സ്വതന്ത്രയാക്കാന്‍ പ്രയത്നിക്കുന്നു. ഈ ലക്ഷ്യത്തിനുവേണ്ടി അവിടുന്ന് അവളില്‍നിന്നും ധനം, സല്‍പ്പേര്, ബന്ധുക്കള്‍, ശാരീരികാരോഗ്യം എന്നിങ്ങനെ ഭൗതികമായവ അല്പാല്‍പമായി എടുത്തുമാറ്റുന്നു. തുടര്‍ന്ന് എല്ലാവിധത്തിലുമുള്ള വൈരുധ്യങ്ങളും അപമാനങ്ങളും വന്നെന്നിരിക്കും. ആത്മാവിന് തന്നോടുതന്നെയും സൃഷ്ടികളോടുമുള്ള സകല ഉറ്റബന്ധങ്ങളും ഇല്ലാതാക്കുവാന്‍ കര്‍ത്താവ് ഉപയോഗപ്പെടുത്തുന്ന അസംഖ്യം മാര്‍ഗങ്ങളാണിവ.

ദൈവത്തിന്‍റെ അതിശ്രേഷ്ഠരായ ദാസരുടെയും വിശുദ്ധരുടെയും ജീവിതങ്ങളില്‍ ആശ്വാസങ്ങളുടെ ‘പാല്‍’ പീഡനങ്ങളുടെ കൂടുതല്‍ ‘കട്ടിയായ ആഹാര’ത്തിന് വഴിമാറുന്നത് നാം കാണുന്നു. കാല്‍വരി മലയിലേക്കുള്ള യാത്രയില്‍ കുരിശിന്‍റെ ഭാരം താങ്ങാന്‍ അവരെ പ്രാപ്തരാക്കുന്നത് ഇതാണ്. ആത്മീയ വരള്‍ച്ച സഹിച്ച വളരെ വിശുദ്ധനായ ഒരു വ്യക്തിക്ക് കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍ ഇങ്ങനെ എഴുതി: “ഇപ്പോഴത്തെക്കാള്‍ കൂടുതല്‍ നല്ലൊരു അവസ്ഥയില്‍ നിങ്ങള്‍ മുമ്പ് ഒരിക്കലും ആയിരുന്നിട്ടില്ല. കാരണം, ഈയൊരു നിമിഷത്തിലെന്നതുപോലെ നിങ്ങള്‍ ഒരിക്കലും ഇത്രയും എളിമപ്പെട്ടിട്ടില്ല. ഈ ലോകത്തോട് നിങ്ങള്‍ മുമ്പൊരിക്കലും ഇത്രയും വിരക്തനായിരുന്നിട്ടില്ല. ഈ നിമിഷത്തിലെന്നതുപോലെ നിങ്ങളുടെ ദുരവസ്ഥ ഇത്രയും നന്നായി നിങ്ങള്‍ മുമ്പ് ഒരിക്കലും തിരിച്ചറിഞ്ഞിട്ടില്ല. നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ ഒരിക്കലും ഇത്രയും നിസംഗനായിരുന്നിട്ടില്ല. ഇതിനുമുമ്പൊരിക്കലും നിങ്ങള്‍ ഇത്രയും നിസ്വാര്‍ത്ഥനായിരുന്നിട്ടില്ല.”

ആത്മീയ വരള്‍ച്ചയുടെ മധ്യേയുള്ള പ്രത്യാശയുടെയും സമര്‍പ്പണത്തിന്‍റെയും പ്രകരണങ്ങള്‍ ദൈവത്തിന്‍റെ ഹൃദയത്തിന് എത്ര പ്രിയപ്പെട്ടതാണെന്നോ! അതിനാല്‍, വിശുദ്ധ ത്രേസ്യ പറയുന്നതുപോലെ, നമ്മുടെ അതിരറ്റ പ്രത്യാശ നാം നമ്മെത്തന്നെ സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ നമ്മെ സ്നേഹിക്കുന്ന ദൈവത്തില്‍ അര്‍പ്പിക്കാം.

'

By: Shalom Tidings

More
ഫെബ്രു 21, 2024
Engage ഫെബ്രു 21, 2024

ധനികനായ ഒരു മനുഷ്യന്‍ യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സ്വത്തെല്ലാം ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അതുകണ്ട ഒരു സ്നേഹിതന്‍ എന്തിനാണ് ഇപ്രകാരം ദാരിദ്ര്യത്തിലായത് എന്ന് അയാളോട് ചോദിച്ചു. അദ്ദേഹം തന്‍റെ സുവിശേഷഗ്രന്ഥം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു, “എന്‍റെ സ്വത്തെല്ലാം ഇത് കവര്‍ന്നെടുത്തതുകൊണ്ടാണ്!”

“സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു” (മത്തായി 13/44)

'

By: Shalom Tidings

More
ഫെബ്രു 21, 2024
Engage ഫെബ്രു 21, 2024

ഒരു ഡോക്ടറുടെ കഴിവുകളും പരിശ്രമങ്ങളും പരാജയപ്പെട്ടിടത്ത് ദിവ്യകാരുണ്യ ഈശോ ഇറങ്ങിവന്ന നിമിഷങ്ങളിലൂടെ….

നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്‍റെ ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല” (യോഹന്നാന്‍ 6/44).

ശാസ്ത്രം സ്വാഭാവികലോകത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കാണുന്നതിനെ വിശദീകരിക്കാനായി സിദ്ധാന്തങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പക്ഷേ അതിനുമുമ്പുതന്നെ ഈ നിയമങ്ങള്‍ നിലനില്‍ക്കുന്നതെന്തുകൊണ്ടാണ്? ഈ ഭൂമിയിലെ ജീവനും സൗന്ദര്യവും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? “ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു” (ഉത്പത്തി 1/2). “ആത്മാവാണ് ജീവന്‍ നല്കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63). ദൈവത്തിന്‍റെ വചനവും പരിശുദ്ധാത്മാവുമാണ് ജീവന്‍ നല്കുന്നത്. ശാസ്ത്രം പറയുന്നത് എന്തെങ്കിലും സംഭവിക്കുമെന്നതിനുള്ള സാധ്യതയെക്കുറിച്ചുമാത്രമാണ്. എന്നാല്‍ ഞാന്‍ ദൈവത്തെ സ്നേഹിച്ചാല്‍ എല്ലാം എന്‍റെ നന്മയ്ക്കായി മാറുമെന്ന് വചനം 100 ശതമാനം സാധ്യത തരുന്നു. ജീവിതത്തില്‍ ദൈവം നിരന്തരം എന്നെ നയിക്കുന്നു എന്നതിന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്.

മികച്ച റിസള്‍ട്ടിന്‍റെ രഹസ്യം

പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടന്ന ധ്യാനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് ദിവ്യകാരുണ്യ ഈശോയുമായി സ്നേഹബന്ധത്തിലേക്കെന്നെ എത്തിച്ചു. അങ്ങനെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും അത് എനിക്ക് നിരന്തരം ശക്തിയും പ്രചോദനവും നല്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ ‘പ്രഭാതശീലം’ ജീവിതത്തിലെ സകല മേഖലകളിലും സ്വാധീനം ചെലുത്തി. ഞാനൊരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 11-ാം ക്ലാസ് അവസാനിക്കാറായപ്പോഴാണ് മെഡിസിന് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അപ്പോഴേക്കും എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളെല്ലാം ആരംഭിച്ച്, അഡ്മിഷന്‍ ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ഉപയോഗിച്ച് തനിയെ പഠിക്കാമെന്ന് തീരുമാനിച്ചു. ഓരോ ദിവസവും പുരോഗതി പ്രാപിക്കുന്നവിധത്തില്‍ പരിശുദ്ധാത്മാവ് എന്നെ നയിച്ചുകൊണ്ടിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോടെ ഞാന്‍ വിജയിച്ചു! അത് ഞാനുള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ മികച്ച ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഈശോയോട് ചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ ആഴപ്പെടാന്‍ ഈ അനുഭവം കാരണമായി.

പരിശീലകനായി ദിവ്യകാരുണ്യ ഈശോ

തുടര്‍ന്ന് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ സൂപ്പര്‍ സ്പെഷ്യലൈസേഷനും ചെയ്തു. പരിശീലനകാലത്ത് കടുത്ത തിരക്കുള്ള ഡ്യൂട്ടിയായിരുന്നു. ദിവസത്തില്‍ 12 മണിക്കൂറോളം ജോലി, മാറിവരുന്ന ഷിഫ്റ്റുകളും. എല്ലാംകൂടിയായപ്പോള്‍, പലപ്പോഴും എല്ലാം സമയത്ത് ചെയ്തുതീര്‍ക്കാന്‍ കഴിയില്ല എന്ന് തോന്നി. പക്ഷേ പരിശുദ്ധ ദിവ്യകാരുണ്യം എന്‍റെ സാന്ത്വനമായി. ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയില്‍ ചെയ്യാനും പഠിക്കാനും ദിവ്യകാരുണ്യ ഈശോ എന്നെ പഠിപ്പിച്ചു.

എം.ബി.ബി.എസ് പഠനകാലത്ത് നിര്‍ബന്ധമായിരുന്ന ഒരു വര്‍ഷത്തെ ഗ്രാമീണസേവനം, ഞാന്‍ ഓള്‍ ഇന്ത്യ ക്വോട്ടയിലായതിനാലും പി.ജി പഠനത്തിന് അര്‍ഹത നേടിയതിനാലും എനിക്ക് ചെയ്യേണ്ടിവന്നിരുന്നില്ല. അതിനാല്‍ പരിശീലനശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മാറ്റിവയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അക്കാലത്താണ്, എന്‍റെ സീനിയേഴ്സ് ആയിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഡോ. പോളും ഡോ. വിജോയും ആ ഹോസ്പിറ്റലില്‍ ഒരു ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അതിന് അവര്‍ക്ക് ഒരു കാര്‍ഡിയാക് സര്‍ജനെ വേണം. എറണാകുളം സ്വദേശിയെന്ന നിലയില്‍, കാര്‍ഡിയാക് സര്‍ജറി ചെയ്യുന്ന ഒരു ഗവണ്‍മെന്‍റ് ആശുപത്രി അവിടെ ഇല്ലാത്തതുകൊണ്ട് വിഷമം നേരിട്ട പലരെയും എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. അന്ന് മറ്റ് പല ഓഫറുകളും വന്നെങ്കിലും ഇത് ജീവിതത്തിലൊരിക്കല്‍മാത്രം ലഭിക്കുന്ന അവസരമായി എനിക്ക് തോന്നി. ഏറെ കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തിന് നല്ലൊരു സംഭാവന നല്കാനും ഇതിലൂടെ സാധിക്കുമെന്ന് ബോധ്യമായി. പിന്നീട് എന്‍റെ സഹപ്രവര്‍ത്തകനായ ഡോ. ജോര്‍ജും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ നല്ലൊരു ടീമായി മികച്ച രീതിയിലുള്ള ഒരു കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ഒരുക്കിക്കൊണ്ടിരിക്കുന്ന സമയം.

അസാധ്യമെന്നു പറഞ്ഞത്

ഒരു പ്രഭാതത്തില്‍ ഡോ. ജോര്‍ജ് എന്നെ വിളിച്ചു. തയാറാക്കിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, കൊവിഡ് സാഹചര്യംമൂലം ഗവണ്‍മെന്‍റ് കൊവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നു. ആ പത്രവാര്‍ത്ത അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞങ്ങള്‍ക്കത് വിഷമകരമായിരുന്നു. ഞങ്ങളുടെ പ്രയത്നമെല്ലാം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. ആ സമയത്ത്, എന്നെ നയിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടണ്ടിരുന്നു. സാവധാനം കൊവിഡ് സാഹചര്യങ്ങള്‍ മാറി. കൊവിഡ് ചികിത്സാര്‍ത്ഥം മാറ്റിവച്ചിരുന്ന ഓപ്പറേഷന്‍ തിയറ്ററും ഐ.സി.യുവുമടങ്ങുന്ന ബ്ലോക്ക് തിരികെക്കിട്ടി. ഒപ്പം പ്രാര്‍ത്ഥനയുടെ ഫലവും. നാളുകളായി സാങ്കേതികതടസങ്ങളില്‍പ്പെട്ട് കിടന്നിരുന്ന വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്റ്റിനുകീഴില്‍ പെട്ടെന്നുതന്നെ ശരിയായിക്കിട്ടി. കൊവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഗവണ്‍മെന്‍റിന്‍റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ലഭിച്ച നല്ല പിന്തുണയോടെ ആദ്യത്തെ CABG (Coronary Artery Bypass Graft) സര്‍ജറി വിജയകരമായി അവിടെ നടത്താന്‍ സാധിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ ജോലി ഞാന്‍ സ്വീകരിച്ചത്.

ഇന്ത്യയില്‍, ഇതുപോലൊരു ജില്ലാ ആശുപത്രിയില്‍ ഇപ്രകാരം ഒരു ഹൃദയശസ്ത്രക്രിയ നടത്തുന്നത് ആദ്യമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലരും അത് അസാധ്യമെന്ന് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ എല്ലാം നന്മക്കായി മാറ്റുന്ന ദൈവത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിച്ചു.

ഈശോ പഠിപ്പിച്ച ചികിത്സ

ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് വീട്ടില്‍വച്ച് ഗുരുതരാവസ്ഥയിലായതായി അറിഞ്ഞു. വയോധികനായ അദ്ദേഹം ജീവകാരുണ്യപവര്‍ത്തനങ്ങളില്‍ വളരെ സജീവനായിരുന്നു. തിടുക്കത്തില്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോഴേക്കും ഗുരുതരമായ ഹൃദയാഘാതത്താല്‍ അദ്ദേഹം ദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വീണുകൊ ണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഞാന്‍ കഠിനപ്രയത്നം നടത്തി.

ആ സമയത്ത്, ഹൃദയചികിത്സാരംഗത്ത് മികച്ച സേവനം നല്കുന്ന ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. 15 കിലോമീറ്ററോളം ദൂരത്തുള്ള ആ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എന്‍റെതന്നെ കാറില്‍ വേഗം എത്തിച്ചു. പോകുംവഴി മറ്റൊരു ആശുപത്രിയില്‍നിന്ന് ഇന്‍ജക്ഷനും നല്കി. കാരണം പള്‍സ് വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍, അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇത്രയും പ്രായമായ ഒരാള്‍ക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് വിഫലമായിരിക്കുമെന്നുമാണ് മറ്റ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അദ്ദേഹം രക്ഷപ്പെടുമെന്ന് എന്‍റെ ഹൃദയത്തില്‍ ശക്തമായ ഒരു തോന്നല്‍.

എന്തായാലും എന്‍റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്‍റെ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ് എന്ന സംവിധാനം നല്കി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പക്ഷേ വെന്‍റിലേറ്ററിലായ അദ്ദേഹത്തിന്‍റെ സ്ഥിതി ഗുരുതരമായിത്തന്നെ തുടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കിഡ്നികള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.

ദിനവും എന്‍റെ ജോലി ആരംഭിക്കുന്നതിനുമുമ്പും രാത്രി സര്‍ജറികള്‍ ചെയ്തുതീര്‍ത്തതിനുശേഷവും ഞാന്‍ അദ്ദേഹത്തിനരികില്‍ പോകുമായിരുന്നു. പതുക്കെ, ആറ് ദിവസങ്ങള്‍കൊണ്ട്, അദ്ദേഹത്തിന്‍റെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ഏതാണ്ട് സ്ഥിരതയിലായി. പക്ഷേ അദ്ദേഹം കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അദ്ദേഹം ജീവഛവംപോലെ കിടക്കുന്നതിനാല്‍ ഞാന്‍ അല്പം സമ്മര്‍ദ്ദത്തിലായി. വയോധികനായ ഒരു മനുഷ്യന്‍റെ മരണം വെറുതെ വൈകിപ്പിക്കുന്നത് ശരിയാണോ എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ചോദിക്കുകയും ചെയ്തു.

ആ ഞായറാഴ്ച വെന്‍റിലേറ്ററില്‍നിന്ന് എടുക്കാന്‍ സാധിക്കാത്തതിനാല്‍, പിറ്റേന്ന് അദ്ദേഹത്തിന് ട്രക്കിയോസ്റ്റമി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ദൈവാലയത്തില്‍ പോയി എന്‍റെ എല്ലാ പരിശ്രമങ്ങളും ഞാന്‍ ദിവ്യകാരുണ്യ ഈശോയക്ക് സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, ഇങ്ങനെയുള്ള രോഗികളില്‍ കാണാറുള്ള അസാധാരണമായ അബോധാവസ്ഥക്കുള്ള ഒരു പ്രത്യേക ചികിത്സ നല്കണമെന്ന ഉള്‍ക്കാഴ്ച ലഭിച്ചു.

പിറ്റേന്ന് ട്രക്കിയോസ്റ്റോമിക്ക് ഒരുങ്ങാന്‍ ഐ.സി.യുവില്‍ നിര്‍ദേശം നല്കിയപ്പോള്‍ നഴ്സ് പറഞ്ഞു, രോഗി കണ്ണ് തുറന്നുവെന്ന്. മനുഷ്യന്‍റെ അദ്ധ്വാനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ കരം യഥാര്‍ത്ഥത്തില്‍ അവിടെ ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യം ക്രമേണ പുരോഗമിക്കുകയും അടുത്ത ദിവസം വെന്‍റിലേറ്ററില്‍നിന്ന് മാറ്റുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലെത്തി.

ഈ സംഭവങ്ങളെല്ലാം അതിസ്വാഭാവികമാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം. പക്ഷേ എന്‍റെ കഴിവിനും പരിശ്രമത്തിനുമപ്പുറം ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകളാണിതെല്ലാം. സാധാരണഗതിയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയവയായിരുന്നില്ല ഇതൊന്നും. ഇന്നും, പല പ്രതിസന്ധികളുടെയും മുന്നില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍, പ്രശ്നങ്ങളെല്ലാം യേശുവിലേക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാനും അവിടുന്നില്‍ ശരണപ്പെടാനും ഈ അനുഭവങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.

'

By: Dr. Athul Abraham

More
ഫെബ്രു 21, 2024
Engage ഫെബ്രു 21, 2024

ഒരു വൈദികന്‍ കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒരു പെണ്‍കുട്ടി സീനിലേക്ക് വരുന്നതും ‘നിങ്ങള്‍ വൈദികനാണോ’ എന്ന് അച്ചനോട് വന്ന് ചോദിക്കുന്നതും.

‘അതെ’ എന്ന് പറഞ്ഞപ്പോള്‍, ഉടനടി അവള്‍ ചോദിച്ചു, “എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?”

‘ഒരു അഞ്ച് മിനിറ്റ് കാക്കാമോ’ എന്ന് പറഞ്ഞ്, ആ അച്ചന്‍ സന്ദര്‍ശകരെ ബസിലിക്കായുടെ ഒരു ഭാഗം കാണാന്‍ വിട്ടു. എന്നിട്ട് ഈ പെണ്‍കുട്ടിയുടെ പക്കല്‍ ചെന്ന് കുമ്പസാരം കേട്ടു, പാപമോചനം കൊടുത്തു. വലിയ സന്തോഷത്തോടെയാണ് ആ കുട്ടി തിരികെ പോയത്.

തുടര്‍ന്ന് ആ വൈദികന്‍ പറഞ്ഞത് ഇതാണ്, “അച്ചാ, ബസിലിക്കായിലെ കുമ്പസാരത്തിന്‍റെ സമയം അന്ന് കഴിഞ്ഞിരുന്നു. ആ സമയത്തുതന്നെ ഈ അതിഥികള്‍ വരാനും അവരെയും കൊണ്ട് അനുതാപത്താല്‍ ഹൃദയം ഉരുകിയ ഈ ആത്മാവിന്‍റെ മുന്നില്‍ എത്താനും ഇടയായല്ലോ. വാസ്തവത്തില്‍ ഏതോ ഒരു ശക്തി എന്നെ അങ്ങോട്ട് നയിച്ചതാണച്ചാ, ആ ആത്മാവിനെ വീണ്ടെടുക്കാന്‍…”

അതുകേട്ടപ്പോള്‍ ആ വൈദികനൊപ്പം ഞാനും ദൈവത്തിന് നന്ദി പറഞ്ഞു. അവള്‍ക്ക് ആത്മസൗഖ്യാനുഭവം കൊടുക്കാന്‍ ദൈവം തന്‍റെ പ്രതിനിധിയെ അവള്‍ക്കരികിലേക്ക് അയച്ചതോര്‍ത്ത്… പ്രസംഗിക്കാന്‍ ശിഷ്യരെ അയച്ചുകൊണ്ട് യേശു പറഞ്ഞതിങ്ങനെയാണ്, “…സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിന്‍…” (മത്തായി 10/7-8).

ഹൃദയംകൊണ്ട് പിതാവിനെ അന്വേഷിച്ചാല്‍ ഏറ്റവും അടുത്തുള്ള തന്‍റെ കൃപാസ്രോതസുകള്‍ അന്വേഷിക്കുന്നവന് മുന്നില്‍ പിതാവ് എത്തിച്ച് കൊടുക്കും.

'

By: Father Joseph Alex

More
നവം 18, 2023
Engage നവം 18, 2023

ഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്‍റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്.

ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്‍റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്‍റെ ഗ്രാന്‍റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്‍റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം.

അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്‍റ്മായോടും ആന്‍റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന്‍ ഞാന്‍ തീരുമാനിച്ചു.

2012-ലെ ഈസ്റ്റര്‍തലേന്ന് എന്‍റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്‍റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്‍റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്.

കത്തോലിക്കനാകാനുള്ള കാരണങ്ങള്‍

ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്‍റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്‍റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും.

കത്തോലിക്കാവിശ്വാസത്തിന്‍റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്‍റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് ‘അഹ’ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്‍നിന്ന് രക്ഷിച്ച് അതിന്‍റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍.

അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്‍റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. “ശത്രുക്കളെ സ്നേഹിക്കുക,” “ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്” തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്‍റെ എല്ലാ പ്രബോധനങ്ങളും തന്‍റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്‍പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്‍റെ അപ്പോസ്തോലന്‍മാരുടെ മുറിയാത്ത പിന്തുടര്‍ച്ചയില്‍, പത്രോസിന്‍റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്….

താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്‍റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്‍റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല.

കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്കുമെങ്കിലും കത്തോലിക്കാസഭ തന്‍റെ പ്രബോധനങ്ങളില്‍ സത്യത്തിന്‍റെ കാവലാളായിത്തന്നെ നില്‍ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന്‍ സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള്‍ ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്‍റെ തൂണെന്ന് വിശ്വസിക്കാനാവില്ല.

യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്!

എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്‍റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്‍റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്‍റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്‍റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു.

കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്‍റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്.

ഇനിയും കാരണങ്ങള്‍

ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും.

അകത്തോലിക്കരായ എന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

'

By: Dartanian Edmonds

More
നവം 18, 2023
Engage നവം 18, 2023

“ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്‍മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്.”

'

By: Shalom Tidings

More
നവം 18, 2023
Engage നവം 18, 2023

തന്നെ അലട്ടുന്ന ഭാവികാര്യങ്ങള്‍ കൗണ്‍സലിംഗിലൂടെ അറിയുമെന്ന് പ്രതീക്ഷിച്ച പെൺകുട്ടിക്കുണ്ടായ അനുഭവങ്ങള്‍

2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

ഈശോ തൊട്ടപ്പോള്‍!!

അടുത്ത ദിവസത്തെ ഒരു സെഷന്‍ നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്‍റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്‍റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്‍റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു ‘ഫീല്‍.’ പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു.

ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. “നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്” (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്‍റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു.

ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ…

കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്‍റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന്‍ ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു.

“…നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു.”

കര്‍ത്താവിന്‍റെ കരങ്ങളില്‍ സുരക്ഷിതമായ, എന്‍റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു.

ഈശോയുടെ നാമത്തില്‍ പേഴ്സ് തുറന്നപ്പോള്‍…

പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്‍ച്ചയിടാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്‍ച്ചയിടാന്‍ എടുക്കുന്നത്.

സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്‍റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു.

രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള്‍ തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി.

അമ്പരപ്പിച്ച ഫോണ്‍വിളി

അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്.

സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്‍റ്മെന്‍റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്‍റെ ഈശോയ്ക്ക് നന്ദി.

തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്‍റെ ജീവിതത്തില്‍, “കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കാ 6/38).

'

By: Tresa Tom T

More
നവം 18, 2023
Engage നവം 18, 2023

നിങ്ങളുടെ ശുശ്രൂഷകളില്‍, പ്രാര്‍ത്ഥനാ ജീവിതത്തില്‍ പ്രതിസന്ധി അനുഭവിക്കുന്നുവോ? ഇന്നൊരു പിന്‍മാറ്റത്തിന്‍റെ വക്കിലാണോ? ഈ ലേഖനം നിങ്ങളെ സഹായിക്കും

‘ചങ്കരനിപ്പോഴും തെങ്ങേല്‍ത്തന്നെ’ എന്ന പഴമൊഴി ഇതു വായിക്കുന്ന മിക്കവരുംതന്നെ കേട്ടിട്ടുണ്ടാവും. പക്ഷേ ‘സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ’ എന്ന പുതുമൊഴി അധികമാര്‍ക്കും പരിചയമുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് നമ്മളില്‍ പലരുടെയും ഇന്നത്തെ തിരുത്തപ്പെടേണ്ട ജീവിതവും കാഴ്ചപ്പാടുകളുമാണ്.

ചുങ്കക്കാരന്‍ സക്കേവൂസിനെ തിരുവചനം വായിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും പരിചയമുണ്ടെന്ന് ഞാന്‍ കരുതുന്നു. എല്ലാവര്‍ക്കുംതന്നെ സക്കേവൂസ് എന്ന സക്കായിയെ വളരെ ഇഷ്ടവുമാണ്. കര്‍ത്താവിനെ ഒരുനോക്കു കാണാന്‍വേണ്ടി അവന്‍ ഓടുന്നതും പൊക്കം കുറവായതിനാല്‍ സിക്കമൂര്‍ വൃക്ഷത്തിന്‍റെമേല്‍ വലിഞ്ഞു കയറുന്നതും യേശുവിനെ കാത്ത് മരക്കൊമ്പില്‍ ഇരിക്കുന്നതും യേശുകര്‍ത്താവ് അവനെ ഒറ്റ വാക്കുകൊണ്ട് താഴെ ഇറക്കുന്നതും ഒരുനോക്കു കാണാന്‍മാത്രം കൊതിച്ചവന്‍റെ വീട്ടില്‍ ഒരു ദിവസം കര്‍ത്താവ് താമസിക്കുന്നതും സക്കേവൂസിന്‍റെ അത്ഭുതകരമായ മാനസാന്തരവും ധീരമായ പരിഹാരം ചെയ്യലുമെല്ലാം മനംകവരുന്ന സംഭവങ്ങള്‍തന്നെ. അതില്‍ പ്രസാദിച്ച പൊന്നുതമ്പുരാന്‍ ‘ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതും ആരുടെയും മനസില്‍ തങ്ങിനില്‍ക്കും. പൊന്നുതമ്പുരാന്‍ സക്കായിയോട് പറഞ്ഞതുപോലൊരു വാക്ക് എന്നോടും എന്‍റെ കുടുംബത്തോടും പറഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരായിരിക്കാം ഞാനും നിങ്ങളുമൊക്കെ.

പക്ഷേ ഞാനെന്ന സക്കായി ഇപ്പോഴും മരത്തേല്‍ത്തന്നെ ആണോ? ആണെങ്കില്‍ കര്‍ത്താവിന് എന്നോട് എങ്ങനെ ആ വാക്ക് പറയാന്‍ പറ്റും!? ഞാനൊന്നു താഴെ ഇറങ്ങി വന്നിട്ടുവേണ്ടേ ആ വാക്ക് എന്നോടും എന്‍റെ കുടുംബത്തോടും പറയാന്‍.

‘ഇന്നീ കുടുംബത്തിനു രക്ഷ കൈവന്നിരിക്കുന്നു’ എന്ന മനോഹരമായ വാക്ക് നമ്മളോരോരുത്തരുടെയും കുടുംബത്തെ നോക്കി പറയാന്‍ യേശുകര്‍ത്താവ് ആത്മാര്‍ത്ഥമായും കൊതിക്കുന്നുണ്ട്. അതിനുവേണ്ടിയിട്ടാണല്ലോ അവിടുന്ന് സ്വര്‍ഗംവിട്ട് ഈ ഭൂമിയില്‍ വന്നതും സ്വയം ബലിയായി തന്നെ സമര്‍പ്പിച്ചതും. പക്ഷേ സക്കായി ചെയ്ത ധീരമായ പ്രവൃത്തികള്‍ ചെയ്യാന്‍ നാം തയാറാകുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്.

‘സക്കേവൂസ് ഇറങ്ങിവരൂ. എനിക്ക് ഇന്ന് നിന്‍റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു’ എന്ന യേശുവിന്‍റെ വചനം കേട്ട് സക്കേവൂസ് ആ നിമിഷത്തില്‍ത്തന്നെ സിക്കമൂര്‍ വൃക്ഷത്തില്‍നിന്നും ഊര്‍ന്നിറങ്ങി യേശുവിന്‍റെ പാദത്തിങ്കലെത്തി. ആ ഊര്‍ന്നിറങ്ങല്‍ വെറുമൊരു മരത്തില്‍നിന്നുള്ള ഊര്‍ന്നിറങ്ങല്‍ മാത്രമായിരുന്നില്ല. അവനെ അവനാക്കിയിരുന്ന സകലതില്‍നിന്നുമുള്ള ഊര്‍ന്നിറങ്ങലായിരുന്നു. പാപത്തില്‍നിന്നും സ്വാര്‍ത്ഥതയില്‍നിന്നും ജഡസ്വഭാവങ്ങളില്‍നിന്നും തട്ടിപ്പറിയില്‍നിന്നും അന്യായമായ വെട്ടിപ്പിടിക്കലില്‍നിന്നും എല്ലാമുള്ള ഒരു ഊര്‍ന്നിറങ്ങല്‍. അവന്‍ ധീരതയോടെതന്നെ അതു ചെയ്തു.
സക്കേവൂസിന്‍റെ വീട്ടിലെത്തി അവന്‍റെ ആതിഥ്യം സ്വീകരിച്ച് അവനെ സ്നേഹിച്ചുകൊണ്ട് അവിടെ കഴിയുന്ന യേശു, ഒരിക്കല്‍പോലും സക്കേവൂസിനോടു പറയുന്നില്ല ‘നിന്‍റെ പോക്ക് ശരിയല്ല കേട്ടോ, നീ രക്ഷപെടണമെങ്കില്‍ മാനസാന്തരപ്പെടണം’ എന്ന്. ഈശോ അവനോടും അവന്‍റെ കുടുംബത്തോടും ഒപ്പമായിരുന്നുകൊണ്ട് അവരെ സ്നേഹിക്കുകമാത്രം ചെയ്തു. ആ സ്നേഹത്തെ ആവോളം അനുഭവിച്ച സക്കേവൂസ് സ്വയം തിരിച്ചറിയുന്നു, ഞാന്‍ ശരിയല്ല. എന്‍റെ പോക്കു ശരിയല്ല എന്നൊക്കെ. തിരുത്തണം എന്ന് യേശു ഒരിക്കലെങ്കിലും പറയുന്നതിനുമുമ്പേ അവന്‍ അവന്‍റെ ജീവിതത്തെ തിരുത്തിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഇതുവരെ ചെയ്ത വഴിവിട്ട ജീവിതത്തിന് പരിഹാരം ചെയ്യാന്‍ തീരുമാനിക്കുകയും ആ തീരുമാനം ധീരതയോടെ സമൂഹമധ്യത്തില്‍ വച്ചുതന്നെ യേശുവിനെ അറിയിക്കുകയും ചെയ്യുന്നു. അവന്‍ പറഞ്ഞു, “കര്‍ത്താവേ, ഇതാ, എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു” (ലൂക്കാ 19/8).

നിര്‍ണായകമായ ഈ വാക്കുകള്‍ സക്കേവൂസിന്‍റെ വായില്‍നിന്നും പുറത്തുവന്നതിനുശേഷം മാത്രമാണ് “ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു” എന്ന വാക്കുകള്‍ യേശുവില്‍നിന്നും പുറപ്പെട്ടത്.

ഞാനെന്ന സക്കായി ഇന്നെവിടെ?

‘എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍
നിന്‍റെ വരവിനായ് കാത്തിരിപ്പൂ…’

എന്ന മനോഹരമായ ഒരു ഗാനമുണ്ട്. ആ ഗാനത്തിന്‍റെ ഈരടികള്‍ പാടി ഞാനെന്ന സക്കായി എന്‍റെ സ്വാര്‍ത്ഥതയും പാപജീവിതവുമായ വടവൃക്ഷത്തിന്‍കൊമ്പില്‍ യേശുവിനെയും കാത്തിരുന്ന് ഉറങ്ങിപ്പോയിരിക്കുന്നുവോ? യേശു പലവട്ടം ആ വഴി വന്നിട്ടുണ്ടാകാം. എന്‍റെ പേര് വിളിച്ചിട്ടുണ്ടാകാം. പക്ഷേ സക്കേവൂസ് നടത്തിയ ധീരമായ പ്രതികരണം യേശുവിന്‍റെ വിളിക്കുമുമ്പില്‍ നല്‍കാന്‍ എനിക്കിനിയും കഴിഞ്ഞിട്ടുണ്ടാവില്ല. ഞാന്‍ തട്ടിപ്പറിച്ചതും അനീതിപരമായി വെട്ടിപ്പിടിച്ച് കയ്യടക്കി വച്ചിരിക്കുന്നതും തിരികെ കൊടുക്കുവാന്‍ ഞാനെന്ന സക്കായി തയാറായിട്ടുണ്ടാവില്ല, അന്യായ ലാഭത്തിലൂടെ എന്‍റെ തലയ്ക്കു മുകളില്‍ കുമിഞ്ഞുകൂടിയ സമ്പത്ത് ഇല്ലാത്തവനുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയാറായിട്ടുമുണ്ടാവില്ല. പിന്നെങ്ങനെ ‘ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു’ എന്ന വാക്ക് എന്‍റെ ഭവനത്തെ നോക്കിപ്പറയാന്‍ നീതിമാനായ യേശുവിന് കഴിയും? കര്‍ത്താവായ യേശുവിന് തീര്‍ച്ചയായും ആ വാക്ക് നമ്മെ നോക്കിയും നമ്മുടെ കുടുംബത്തെ നോക്കിയും പറയാന്‍ നമ്മളെക്കാള്‍ വലിയ ആഗ്രഹമുണ്ട്. പക്ഷേ ഞാനെന്ന സക്കായി മരത്തില്‍നിന്നിറങ്ങി ധീരമായ കാല്‍വയ്പുകളോടെ ചുങ്കക്കാരന്‍ സക്കേവൂസിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തയാറാവുന്നില്ലെങ്കില്‍ പാവം യേശുതമ്പുരാന്‍ എന്തുചെയ്യും? അവിടുന്നാകെ വിഷമവൃത്തത്തിലായിപ്പോകും എന്നതു തീര്‍ച്ച.

ലൗകിക സമ്പത്തു മാത്രമല്ല

അന്യായമായി വെട്ടിപ്പിടിച്ച ലൗകിക സമ്പത്ത് തിരികെ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമായാല്‍ പോരാ ഈ പരിഹാരം ചെയ്യല്‍. മറ്റുള്ളവര്‍ക്ക് അര്‍ഹമായ ആദരവ്, അംഗീകാരം, സ്നേഹം, പരിഗണന, ചേര്‍ത്തുനിര്‍ത്തല്‍, ശുശ്രൂഷ, പരസ്പരമുള്ള താങ്ങല്‍, പങ്കുവയ്ക്കല്‍ എന്നീ തലങ്ങളില്‍ സ്വന്തം കുടുംബാംഗങ്ങളോടും സ്വന്തം സമൂഹത്തില്‍ ഉള്ളവരോടും നാം തികഞ്ഞ അനീതി പുലര്‍ത്തിയിട്ട് കുടുംബത്തിലും നാമായിരിക്കുന്ന സമൂഹത്തിലും സമാധാനവും രക്ഷയും ഉണ്ടാകണമെന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവിന് എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കാനാവും? തന്‍റെ നാമം നിരന്തരം ഉരുവിടുകയും തന്നോട് നീതിവിധികള്‍ ആരായുകയും ചെയ്യുന്ന പല കുടുംബങ്ങളെയും സമൂഹങ്ങളെയും നോക്കി കര്‍ത്താവ് നിസഹായതയോടെ നെടുവീര്‍പ്പിടുകയാണിന്ന്.

പ്രിയപ്പെട്ട സക്കായിമാരേ, നമ്മള്‍ ഇന്ന് അള്ളിപ്പിടിച്ചിരിക്കുന്ന മരക്കൊമ്പുകളില്‍നിന്ന് ഒന്ന് ഊര്‍ന്ന് താഴെയിറങ്ങി യേശുവിന്‍റെ പാദത്തിങ്കലെത്തിയാല്‍ നിങ്ങളുടെ ഭവനത്തിനും സമൂഹങ്ങള്‍ക്കും രക്ഷ സുനിശ്ചിതമാണ്. അവന്‍ പറയുന്നത് ചെയ്യാന്‍ തയാറാകുമോ?

ശിമയോനോട് കാണിച്ച കാര്‍ക്കശ്യം

യേശുവിന്‍റെ പീഡാനുഭവ വേളയില്‍ സ്വന്ത ജീവരക്ഷയെപ്രതി യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞ പത്രോസിനോടും തന്നെത്തന്നെ ഉപേക്ഷിച്ച് താന്താങ്ങളുടെ വഴിക്ക് രക്ഷ തേടിപ്പോയ തന്‍റെ ശിഷ്യഗണത്തോടും യേശുകര്‍ത്താവ് നിരുപാധികം ക്ഷമിച്ചു. തന്‍റെ ഉയിര്‍പ്പിനുശേഷം ശിമയോനും കൂട്ടരും തന്‍റെ പീഡാനുഭവസമയത്ത് ചെയ്ത തള്ളിപ്പറച്ചിലിനെക്കുറിച്ച് യാതൊരു പരാതിയോ പരിഭവമോ കുറ്റപ്പെടുത്തലോ പറയാതെ തിബേരിയൂസ് കടല്‍ക്കരയില്‍ അവര്‍ക്കുവേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്ന കര്‍ത്താവിനെ യോഹന്നാന്‍ ഇരുപതാം അധ്യായത്തില്‍ നാം കണ്ടെത്തുന്നു. പെറ്റമ്മയെക്കാള്‍ സ്നേഹത്തോടെ അവിടുന്ന് അവരെ ഊട്ടിപ്പോറ്റി പരിചരിച്ച് വീണ്ടും തന്‍റെ സ്നേഹത്തിലേക്കും താനുമായിട്ടുള്ള ഐക്യത്തിലേക്കും തിരികെ കൊണ്ടുവരുന്നു. പക്ഷേ… ഒരു കാര്യത്തില്‍ അവിടുന്ന് കാര്‍ക്കശ്യം കാട്ടുന്നു.

പ്രാണരക്ഷയെപ്രതിയാണെങ്കിലും മൂന്നു പ്രാവശ്യം തന്നെ തള്ളിപ്പറഞ്ഞ ശിമയോനെക്കൊണ്ട് മൂന്നുപ്രാവശ്യം എല്ലാവരെക്കാളും അധികമായി തന്നെ സ്നേഹിക്കുന്നുവെന്ന് ശിഷ്യന്മാരുടെ സമൂഹമധ്യത്തില്‍വച്ച് തിരുത്തിപ്പറയിക്കുന്നു. മൂന്നു പ്രാവശ്യം ഏതു നാവുകൊണ്ട് തള്ളിപ്പറഞ്ഞോ ആ നാവുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം തിരുത്തിപ്പറയിക്കുന്നു. ഇതൊരു പരിഹാരം ചെയ്യിക്കല്‍ കൂടിയായിരുന്നു. ആ പരിഹാരം ചെയ്യിക്കലിന്‍റെ കാര്യത്തില്‍ അവിടുന്ന് തികച്ചുമൊരു കര്‍ക്കശക്കാരനായിരുന്നു. ആ ഏറ്റുപറച്ചിലിനുശേഷമാണ് അവിടുന്ന് ശിമയോന്‍ പത്രോസിനെ താന്‍ രക്തം ചിന്തി വീണ്ടെടുത്ത സഭയുടെ അജപാലകനായി നിയോഗിക്കുന്നത്. ഇത് മറ്റു ശിഷ്യര്‍ക്ക് ശിമയോന്‍റെ ഭരണത്തിന്മേല്‍ ഒരിക്കലും ഉതപ്പുണ്ടാകാതിരിക്കുന്നതിനുവേണ്ടിക്കൂടിയായിരുന്നു.

ദൈവശുശ്രൂഷകരോട് ഒരു വാക്ക്

നിങ്ങളുടെ ശുശ്രൂഷാജീവിതത്തില്‍ ഒരുവന്‍ പ്രതിസന്ധി അനുഭവിക്കുന്നുവോ? വലയും വള്ളവുമെടുത്ത് വീണ്ടും മീന്‍ പിടിക്കാന്‍ പോയ ശിമയോന്‍ പത്രോസിനെയും സഹശിഷ്യരെയുംപോലെ നിങ്ങളും ഇന്നൊരു പിന്‍മാറ്റത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണോ? ഒരുപക്ഷേ ശെമയോന്‍ ചെയ്തതുപോലുള്ള ഒരു തെറ്റുതിരുത്തലും പരിഹാരം ചെയ്യലും നിങ്ങളുടെ ശുശ്രൂഷാജീവിതത്തിന്‍റെ ഏതെങ്കിലുമൊക്കെ മേഖലകളില്‍ അനിവാര്യമായിരിക്കാം. മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ അതേ നാവുകൊണ്ടുതന്നെ മൂന്നുപ്രാവശ്യം തിരിച്ചു പറയിച്ച കര്‍ത്താവ് നമ്മുടെ സഹശുശ്രൂഷകരുമായിട്ടുള്ള ബന്ധങ്ങളിലും നമ്മുടെ കുടുംബാംഗങ്ങളുമായിട്ടുള്ള ബന്ധങ്ങളിലുമൊക്കെ ഇതുപോലുള്ള ഒരു തിരുത്തിപ്പറയലും പരിഹാരം ചെയ്യലും ആവശ്യപ്പെടുന്നുണ്ടാകാം.

“കര്‍ത്താവിന്‍റെ വഴിയൊരുക്കുവിന്‍; അവന്‍റെ പാതകള്‍ നേരെയാക്കുവിന്‍” (മത്തായി 3/3) എന്ന സ്നാപകന്‍റെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളെയും യഥാര്‍ത്ഥമായ നീതിയിലേക്കു നയിക്കട്ടെ. അപ്പോള്‍ നീതിമാനായ യേശുവിന് സാക്ഷ്യം നല്‍കാന്‍ തക്കവിധം നമ്മുടെ ജീവിതങ്ങളും കുടുംബങ്ങളും പ്രകാശപൂര്‍ണമായി മാറും. അത്തരത്തിലുള്ള ഒരു പുനര്‍നവീകരണത്തിലേക്കും രൂപാന്തരീകരണത്തിലേക്കും നമ്മുടെ ജീവിതങ്ങളെ പരിശുദ്ധാത്മാവ് നയിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ‘ആവേ മരിയ.’

'

By: Stella Benny

More
നവം 18, 2023
Engage നവം 18, 2023

ആ യുവാവിന്‍റെ വീട് ഈശോ പണിയാം എന്ന് പറയാനുണ്ടണ്ടായ കാരണം…

ഞാൻ സെമിനാരിയില്‍ ചേര്‍ന്ന വര്‍ഷം അവിടെ ഒരു ദൈവാലയം പണിയുന്നുണ്ടായിരുന്നു. പണികള്‍ക്കെല്ലാം സഹായിക്കാന്‍ ഞങ്ങളും കൂടും. ഇഷ്ടിക ചുമക്കുക, നനയ്ക്കുക എന്നിങ്ങനെ കൊച്ചുകൊച്ചുജോലികളൊക്കെ എല്ലാവരും ചേര്‍ന്നാണ് ചെയ്തിരുന്നത്. അതേ സമയത്തുതന്നെയാണ് എന്‍റെ സ്വന്തം വീടിന്‍റെ പണി നടന്നതും. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ വീടുപണിയെക്കുറിച്ചു പറയുന്നത് കേള്‍ക്കാറുണ്ട്. പണി വൈകുകയാണെന്നും ആരും ഇല്ലെന്നുമൊക്കെയാണ് നിരന്തരം കേട്ടുകൊണ്ടിരുന്ന സങ്കടം.

ഒരു ദിവസം വൈകുന്നേരം ദൈവാലയത്തിനുവേണ്ടി കട്ട ചുമന്നുകൊണ്ടിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെയാണാവോ നടക്കുന്നതെന്ന് ഓര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം. “അമ്മയും അപ്പനും തന്നെയായിരിക്കില്ലേ എല്ലാം ചെയ്യുന്നത്… അവര്‍ക്കൊരു കൈ സഹായത്തിനു ഞാന്‍ ഇല്ലല്ലോ…” എന്നെല്ലാമായിരുന്നു അപ്പോള്‍ എനിക്കുണ്ടായ ഭാരപ്പെടുത്തുന്ന ചിന്തകള്‍. പെട്ടെന്ന് ഉള്ളില്‍ ഒരു സ്വരം, “നീ എന്‍റെ സഭ പണിയുക, ഞാന്‍ നിന്‍റെ വീട് പണിയാം!” ഇതെനിക്ക് നല്‍കിയ ആശ്വാസവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാവാത്തതാണ്. ഞാന്‍ അതില്‍ വിശ്വസിച്ചു, പിന്തിരിയാതെ മുന്‍പോട്ടുപോയി. അധികം വൈകാതെ വീടുപണി കഴിയുന്നതാണ് കണ്ടത്!

ദൈവരാജ്യത്തിന്‍റെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണോ നീ? അല്ലെങ്കില്‍ അങ്ങനെയൊരാളുടെ കുടുംബാംഗമോ മിത്രമോ പരിചയക്കാരനോ ആണോ? എങ്കില്‍ അഭിമാനിക്കുക. കര്‍ത്താവിന്‍റെ സഭ പണിയാന്‍, അന്ത്യകാല ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ശുശ്രൂഷകരെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുക. അത്തരത്തില്‍ ജീവിതം ചിട്ടപ്പെടുത്തിയ അനേകം സഹോദരങ്ങളെ ഈ നാളുകളില്‍ ഞാന്‍ കാണാന്‍ ഇടയായിട്ടുണ്ട്. എന്തെന്നില്ലാത്ത എതിര്‍പ്പും നിന്ദനവും ഞെരുക്കവുമെല്ലാം സഹിച്ച് അവര്‍ രാപകലില്ലാതെ ക്രിസ്തുവിനും സഭയ്ക്കുംവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു. ഇടവകയിലെ ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും ധ്യാനകേന്ദ്രങ്ങളിലും ഫോണിലുള്ള മധ്യസ്ഥപ്രാര്‍ത്ഥന ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയപോലെയുള്ള അരെയോപ്പാഗാസിലും കല്‍മണ്ഡപങ്ങളിലും ധൈര്യസമേതം സമയം ചെലവിട്ടുകൊണ്ട് ഇവര്‍ യേശുക്രിസ്തുവിനു സാഭിമാനം സാക്ഷ്യം വഹിക്കുന്നു. ക്രിസ്തുവില്‍ അഭിമാനിക്കുക, ഇവരെയോര്‍ത്ത്.

ഒരു നീതിമാനെങ്കിലും ഉണ്ടെന്നതിന്‍റെപേരില്‍ പാപം നിറഞ്ഞിട്ടും നശിപ്പിക്കാതെ വെറുതെ വിട്ട നഗരങ്ങളെക്കുറിച്ചു ബൈബിള്‍ നമ്മോടു പറയുന്നില്ലേ? അതുപോലെ നെറ്റിത്തടങ്ങളില്‍ അടയാളം വീണ ഇവരാകും നമ്മുടെ കുടുംബങ്ങളുടെ, സമൂഹങ്ങളുടെ, ഇടവകയുടെ, മേലൊന്നും ശിക്ഷ പതിയാതെ കാക്കുന്ന ആ നീതിമാന്മാര്‍.

കോവിഡിനുശേഷം ശുശ്രൂഷാജീവിതത്തില്‍ പിന്നോക്കം പോയവരും കഠിന ഞെരുക്കത്തില്‍ തളര്‍ന്നുപോയവരും കാണാതിരിക്കില്ല. അവരെ നമുക്ക് ചേര്‍ത്തുപിടിക്കാം. പുതിയൊരു അഭിഷേകത്തിനായി പ്രാര്‍ത്ഥനകൊണ്ട് നമുക്ക് അവരെ ബലപ്പെടുത്താം. സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് ദൈവരാജ്യശുശ്രൂഷകരെ നമുക്ക് ഉത്തേജിപ്പിക്കാം. അവര്‍ കര്‍ത്താവിന്‍റെ സഭ പണിയുകയാണ്. അവരുടെ ഭവനം കര്‍ത്താവ് പണിയും, തീര്‍ച്ച.

അങ്ങനെയൊരാളെ അറിയാവുന്നയാളാണോ താങ്കള്‍? എങ്കില്‍, നമ്മുടെ കര്‍ത്താവിന്‍റെ തൊഴിലാളിയോടെന്നവണ്ണം അവരോട് നമ്മള്‍ കടപ്പാട് കാണിക്കുക.

ഇതുവായിക്കുന്ന താങ്കള്‍ ഒരു ദൈവരാജ്യശുശ്രൂഷകനാണോ? ഞാന്‍ എന്‍റെ അനുഭവം നിങ്ങളോട് പറഞ്ഞില്ലേ? അതുചെയ്യാന്‍ നമുക്കാണ് കര്‍ത്താവ് അവസരം നല്‍കിയിരിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ട് സധൈര്യം തുടരുക ഈ ദൗത്യം.

“വത്സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോധ്യപ്പെട്ട്, അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍” (1 കോറിന്തോസ് 15/58).

'

By: Brother Augustine Christy PDM

More