- Latest articles
കോളേജില്‍ പഠിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ ഞാന്‍ പാര്‍ട്ട് ടൈം ജോലിക്ക് പോകുമായിരുന്നു. അവിടെ ഞാന്‍ എന്‍റെ രണ്ട് പുസ്തകങ്ങള്‍കൂടി വച്ചിരുന്നു. അല്പം സമയം കിട്ടുമ്പോള്‍ പഠിക്കാന്‍. ആദ്യമൊക്കെ വിചാരിച്ചിരുന്നത് പഠനം നടക്കില്ലെന്നാണ്. നല്ല തിരക്കുള്ള ഷോപ്പില്‍ ഇടയ്ക്കുള്ള പഠനം വിജയം കാണില്ലെന്ന് പലരും പറയുകയും ചെയ്തു. ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ. രണ്ടും മൂന്നും മിനിറ്റ് വച്ച് കണ്ടെത്തിയ എനിക്ക് അത്യാവശ്യത്തിന് അവിടെനിന്നുതന്നെ പഠിക്കാന്‍ സാധിച്ചു. മുറിയിലെത്തിയാല്‍ പുസ്തകം തുറക്കില്ലെന്ന് എനിക്കറിയാം.
കോഴ്സ് കഴിഞ്ഞ് മുഴുവന്‍ സമയജോലിക്ക് കയറിയപ്പോള്‍ ഇതേ ടെക്നിക്ക് ഞാന്‍ പയറ്റിയത് എന്തിനാണെന്നോ? ബൈബിള്‍ വായിക്കാന്‍. മറ്റൊരാളില്‍നിന്നാണ് ഈ പ്രചോദനം കിട്ടിയത്. ഡ്യൂട്ടിയുടെ ഇടയില്‍ ഞാനിരിക്കുന്ന കാബിനില്‍ വരുമ്പോള്‍ അവിടെ വച്ചിരിക്കുന്ന ബൈബിള്‍ എടുത്തു കുറച്ചുകുറച്ചായി വായിക്കും. ഒരു പാരഗ്രാഫോ രണ്ട് വചനമോ അങ്ങനെ അങ്ങനെ. നടത്തത്തിന്‍റെ സ്പീഡ് ഇതിനുവേണ്ടി കൂട്ടി. ടീ ബ്രേക്ക് രണ്ടുമിനിറ്റ് കുറയ്ക്കാന്‍ ശ്രമിച്ചു. ഡ്യൂട്ടി കുറച്ചുകൂടി വേഗത്തിലുമാക്കി. അങ്ങനെ ഡ്യൂട്ടി കഴിയുമ്പോഴേക്കും മൂന്നോ നാലോ അധ്യായമെങ്കിലും എനിക്ക് വായിക്കാന്‍ സാധിച്ചിരുന്നു. ഇതിനിടയില്‍ കൃത്യമായി ഡ്യൂട്ടി നടക്കുകയും ചെയ്തു. മുറിയിലെത്തിയാല്‍ ഇത്രപോലും നടക്കില്ലായിരുന്ന സ്ഥാനത്ത് കുറച്ച് മാറ്റമൊക്കെ വരാനും തുടങ്ങി.
ജോലിക്ക് പോകുന്നവരും ഏറെ തിരക്കുകളുള്ളവരുമാണ് നമ്മള്‍. സമ്മതിച്ചു, അതൊക്കെയൊന്ന് മാറ്റിവച്ചിട്ട് പ്രാര്‍ത്ഥിക്കാമെന്നോ ആത്മീയമായി വളരാമെന്നോ കരുതരുത്. ഇന്നുവരെ അങ്ങനെ നടന്നിട്ടുണ്ടോ? ഇല്ലല്ലോ. ഉള്ള സമയത്തില്‍നിന്നും സമയം കണ്ടെത്തി ഇതൊക്കെ ചെയ്യാന്‍ പറ്റുമെന്നേ. ഇങ്ങനെ തുടങ്ങിയാല്‍ നമ്മുടെ ഈശോയ്ക്ക് അതെത്ര ഇഷ്ടമായിരിക്കും! അനേകര്‍ക്ക് അതൊരു പ്രചോദനമാവുകയും ചെയ്യും. ഉദാഹരണത്തിന്, നമ്മള്‍ ഡ്രൈവ് ചെയ്ത് ഒരിടംവരെ പോകുന്നുവെന്ന് കരുതുക. ഇടയ്ക്ക് നിര്‍ത്തി ഒരു അഞ്ചുമിനിറ്റ് വചനം വായിച്ചിട്ട് തുടര്‍ന്ന് ഡ്രൈവ് ചെയ്താല്‍ എങ്ങനെയുണ്ടാകും? ഇതൊക്കെ എളുപ്പത്തില്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ മാത്രമല്ല, നമ്മുടെ യാത്രകളിലും റയില്‍വേ സ്റ്റേഷനിലും സ്കൂളിലും കോളേജിലും ഓഫീസിലും സ്റ്റാഫ് റൂമിലുമെല്ലാം അവന് ഒരിടമുണ്ടാകട്ടെ. ഒരു പേഴ്സണല്‍ കാബിനില്‍ ഞാനും അവനും ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടട്ടെ. അവന്‍ വായിക്കപ്പെടുകയും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ. “വചനം നിനക്കു സമീപസ്ഥമാണ്. നിന്‍റെ അധരത്തിലും നിന്‍റെ ഹൃദയത്തിലും അതുണ്ട്- ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍റെ വചനം തന്നെ (റോമാ 10/8).
ഇതൊരു സാധ്യതയാണ്. ബലപ്രയോഗത്തിനു വിഷയമാണിത്. ബലവാന്മാര്‍ ഇത് പിടിച്ചെടുക്കും. “സ്നാപകയോഹന്നാന്‍റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു” (മത്തായി 11/12).
'ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ നല്ല സൗഹൃദങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന ചിന്തകള്‍
ഈ ലോകത്തില്‍ ആദ്യം ഉടലെടുത്ത പ്രശ്നം പാപമാണെന്ന് തോന്നുന്നില്ല. അത് ഏകാന്തതയാണ്. ദൈവമായ കര്‍ത്താവ് സൃഷ്ടികര്‍മത്തിനുശേഷം മനുഷ്യനെ രൂപപ്പെടുത്തിയിട്ട് അവന്‍റെ ദുഃഖം മനസിലാക്കിയിട്ട് പറഞ്ഞു “മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍പത്തി 2/8). അങ്ങനെ ദൈവംതന്നെ രൂപകല്‍പന ചെയ്ത ഒരു ഉടമ്പടിയാണ് കൂട്ട് എന്നത്. യഥാര്‍ത്ഥ സൗഹൃദം ഒരു കരാര്‍ എന്നതിലുപരി ഒരു ഉടമ്പടിയാണ്. വിശുദ്ധ ബൈബിള്‍ മുഴുവന്‍ പരാമര്‍ശിക്കുന്നത് കൂട്ടുകൂടലുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് തോന്നുന്നു. ദൈവം മനുഷ്യന് കൂട്ട് നല്‍കുന്നു, അവനുമായി ബന്ധം സ്ഥാപിക്കുന്നു. പിന്നീട്, മനുഷ്യന് തമ്മില്‍ത്തമ്മിലും ദൈവവുമായുമുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുന്നു. അത് തീര്‍ക്കാന്‍ ദൈവംതന്നെ രക്ഷാപദ്ധതിയൊരുക്കുന്നു. ഇന്ന് നാം ഓരോരുത്തരും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് യഥാര്‍ത്ഥ സൗഹൃദം വീണ്ടെടുക്കല്‍.
ഈലോക ചരിത്രത്തില്‍തന്നെ അതിനായി നടന്ന ഏറ്റവും വലിയ പരിശ്രമമാണ് കുരിശുമരണം. ചരിത്രത്തില്‍ സൗഹൃദത്തിന്‍റെ ഏറ്റവും വീരോചിതമായ പ്രവൃത്തിയാണ് കുരിശുമരണം. “സ്നേഹിതനുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല” (യോഹന്നാന്‍ 15/13). ആദവും ഹവ്വയും നഷ്ടപ്പെടുത്തിയ ദൈവവുമായുള്ള യഥാര്‍ത്ഥ സൗഹൃദം യേശു അവന്‍റെ കുരിശുമരണത്തിലൂടെ സ്വയംബലിയായിത്തീര്‍ന്നുകൊണ്ട് അവന്‍റെ ശരീരവും രക്തവും പങ്കുവച്ച് നല്‍കി യുഗാന്ത്യംവരെ പുനഃസ്ഥാപിച്ചു.
അവനുമായി കൂട്ടുകൂടുന്ന വ്യക്തി അവന്‍റെ ഒരു വലിയ കല്‍പന പാലിക്കാന്‍ തുടങ്ങും. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും (യോഹന്നാന്‍ 13/35). യേശു പഠിപ്പിച്ച, കല്‍പിച്ച ആ സ്നേഹത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്:
സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല (1 കോറിന്തോസ് 13/5)
ഉപാധികളില്ലാതെ, നിബന്ധനകളില്ലാതെ, സ്നേഹം പങ്കിടുന്ന കൂട്ടുകെട്ടുകള്‍ ഒരിക്കലും തകരില്ല. മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ (മര്‍ക്കോസ് 10/45) എന്നാണല്ലോ ക്രിസ്തു പഠിപ്പിച്ചത്. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സൗഹൃദത്തില്‍ വിള്ളല്‍ വരുത്തുന്നു. ഉദ്ദേശ്യശുദ്ധി വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് കൂട്ടുകള്‍ക്കിടയില്‍.
താങ്ങും തണലുമാകുക
മിത്രം എപ്പോഴും മിത്രംതന്നെ (സുഭാഷിതങ്ങള്‍ 17/17). ഏതൊരു പ്രതിസന്ധിയിലും കുറ്റപ്പെടുത്താതെ മനസിലാക്കി, ചേര്‍ത്തുപിടിച്ച് താങ്ങാകുന്ന, തുണയാകുന്ന സ്നേഹം കൂട്ടുകെട്ടുകള്‍ക്കിടയില്‍ അനിവാര്യമാണ്. വിധിക്കരുത് എന്ന് ക്രിസ്തുനാഥന്‍ പഠിപ്പിച്ചത് നമുക്ക് നമ്മുടെ ബന്ധങ്ങള്‍ക്കിടയില്‍ പ്രാവര്‍ത്തികമാക്കാം. എങ്കിലേ നമ്മുടെ പ്രിയപ്പെട്ടവരെ ചേര്‍ത്തുപിടിക്കാനാവൂ. യേശുതമ്പുരാന്‍ മഗ്ദലേന മറിയത്തെ ചേര്‍ത്ത് പിടിച്ചതുപോലെ, സക്കേവൂസിന് തണലേകിയതുപോലെ.
സ്നേഹം അസൂയപ്പെടുന്നില്ല (1 കോറിന്തോസ് 13/4)
ഒരു കൂട്ടാളിയുടെ വിജയത്തില്‍ ആത്മാര്‍ത്ഥമായ സന്തോഷം നമുക്കുണ്ടാവണം. നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ് (റോമാ 12/5) എന്നുള്ള വസ്തുത മനസിലാക്കുമ്പോള്‍ അപരന്‍റെ നന്മ എന്‍റെകൂടെ നന്മയാണ്, അപരന്‍റെ തിന്മയ്ക്ക് ഞാന്‍കൂടി പരിഹാരം ചെയ്യണം എന്ന തോന്നല്‍ ഉടലെടുക്കും. സ്വീകരിക്കുന്നതിനെക്കാള്‍ ഉപരി നല്‍കുന്നതാണ് ശ്രേയസ്കരം (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 20/35) എന്ന് മനസിലാക്കി ജീവിച്ചിരുന്ന ആദിമസമൂഹത്തെ നമുക്കോര്‍ക്കാം. അസൂയയെ തോല്‍പിക്കുന്ന വലിയ ഒരായുധം നല്‍കുക എന്നതാണ്. അവസാന തുള്ളി രക്തംവരെ നല്‍കിയ മഹാസ്നേഹം. ഒരു വലിയ സ്നേഹിതന്‍. യേശുക്രിസ്തു എന്ന എന്‍റെ ചങ്ക്.
പടുത്തുയര്‍ത്തുന്ന ചര്‍ച്ചകള്‍
ഇരുമ്പ് ഇരുമ്പിന് മൂര്‍ച്ച കൂട്ടുന്നു; ഒരുവന്‍ അപരന്‍റെ ബുദ്ധിക്ക് മൂര്‍ച്ചകൂട്ടുന്നു (സുഭാഷിതങ്ങള്‍ 27/17). ആത്മാര്‍ത്ഥമായ സ്നേഹം നമ്മെ സംസാരിക്കാന്‍, മോട്ടിവേറ്റ് ചെയ്യാന്‍, നല്ല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സദാ പ്രേരിപ്പിക്കും. അതുവഴി കൂട്ടാളിയുടെ ഉള്ളിലെ കഴിവിനെ കണ്ടെത്താന്‍ സഹായിക്കണം. ഉപയോഗമുള്ള വ്യക്തിത്വമായി രൂപപ്പെടുത്താനും സാധിക്കും. യേശുനാഥന്‍ ഉപമകളുടെ അര്‍ത്ഥം തന്‍റെ ശിഷ്യര്‍ക്ക് മനസിലാക്കിക്കൊടുത്തതുപോലെ. കൂട്ടാളിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ച് മാനസാന്തരത്തിന്‍റെ യഥാര്‍ത്ഥ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിത്വമാക്കി മാറ്റാന്‍ നമ്മിലെ നിസ്വാര്‍ത്ഥമായ സ്നേഹത്തിന് സാധിക്കണം.
തിരുത്തലുകള്‍
“കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയും ചെയ്യുന്നവരെ ഓര്‍മിക്കേണ്ടതിന് ഒരു ഗ്രന്ഥം അവിടുത്തെ മുമ്പില്‍ എഴുതപ്പെട്ടു” (മലാക്കി 3/16). നമുക്കിടയിലെ തിരുത്തലുകള്‍ വചനാധിഷ്ഠിതമാവട്ടെ. ഞാന്‍ പറഞ്ഞ വചനം ആത്മാവും ജീവനുമാണ് (യോഹന്നാന്‍ 6/63). വചനംകൊണ്ടുള്ള തിരുത്തലുകള്‍ ജീവനുണ്ടാക്കും. യേശുനാഥന്‍ സമരിയാക്കാരി സ്ത്രീയെ തിരുത്തിയതുപോലെ. അല്ലാതുള്ള തിരുത്തലുകള്‍ പലപ്പോഴും ഹൃദയത്തെ കീറിമുറിക്കുന്നതാവാം. തിന്മയെ നന്മകൊണ്ട് ജയിക്കുക എന്നു പറഞ്ഞ ക്രിസ്തുനാഥന്‍റെ വചനത്തെ മുറുകെ പിടിച്ച് നമുക്കും ശിക്ഷണത്തിന് പകരം നല്ല നിര്‍ദേശങ്ങള്‍ നല്‍കാം. നാവുകൊണ്ടല്ല, നല്ല പ്രവൃത്തികള്‍കൊണ്ടാണ് തിരുത്തേണ്ടത് എന്നു പറഞ്ഞ പത്രോസ് അപ്പസ്തോലനെ മാതൃകയാക്കുകയും ചെയ്യാം.
സമയം നല്‍കുക
നമുക്ക് ഏറ്റവും വിലപ്പെട്ട സമയം കൂട്ടാളിക്കുവേണ്ടി മാറ്റിവയ്ക്കുമ്പോള്‍ അവന്‍റെ കണ്ണിലെ തിളക്കം കാണാം. അത് നല്കുന്ന ഹൃദയാനന്ദം മറ്റൊരിടത്തും ലഭിക്കില്ല. സ്വര്‍ഗത്തിലെ നിക്ഷേപങ്ങളാണ് അവ. പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പുകള്‍, തിരിച്ചു വരവിനായുള്ള കാത്തിരിപ്പുകള്‍, അപരനുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ത്യാഗം എടുക്കാനും പരിഹാരം ചെയ്യാനുംവേണ്ടി എടുക്കുന്ന സമയങ്ങള്‍ ഇതെല്ലാം അക്കൂട്ടത്തില്‍പ്പെട്ടതാണ്. ഒരു മൈല്‍ നിന്‍റെകൂടെ നടക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ കൂടെ രണ്ടുമൈല്‍ നടക്കാന്‍ പഠിപ്പിച്ച ക്രിസ്തുവാകട്ടെ നമ്മുടെ മാതൃക.
സൂക്ഷിക്കപ്പെടേണ്ടത്
സൗഹൃദത്തെ തകിടം മറിക്കുന്ന, അപകടപ്പെടുത്തുന്ന, മുറിപ്പെടുത്തുന്ന മാരകമായ തെറ്റാണ് രഹസ്യങ്ങള്‍ പുറത്തുവിടുക എന്നത്. നാവ് തീയാണ്. ദഹിപ്പിക്കുന്ന ശക്തി അതിനുണ്ട്. ഒരു രഹസ്യാത്മകത കൂട്ടുകെട്ടുകള്‍ക്കിടയില്‍ യേശുതമ്പുരാനും കാത്തുസൂക്ഷിച്ചിരുന്നു. അറിയേണ്ട കാര്യങ്ങള്‍ അറിയേണ്ടവര്‍മാത്രം അറിഞ്ഞാല്‍ മതി. അതുകൊണ്ടാവാം സമരിയാക്കാരി സ്ത്രീയുടെ പക്കല്‍ യേശുമാത്രം കടന്നുചെന്നത്.
ഒരു നല്ല കൂട്ടുകെട്ട് സ്ഥാപിക്കാന്‍, നിലനിര്‍ത്താന്‍, പടുത്തുയര്‍ത്താന്‍ നമ്മെ സഹായിക്കുന്ന ബൈബിളിലെ മനോഹരമായ പുസ്തകമാണ് സുഭാഷിതങ്ങള്‍. അതിലെ ഓരോ വചനങ്ങളും ജീവിക്കാന്‍, അങ്ങനെ നല്ലൊരു സുഹൃത്തായി മാറാന്‍, ദൈവം അനുഗ്രഹിക്കട്ടെ.
“ദൈവഭക്തന്‍റെ സൗഹൃദം സുദൃഢമാണ്; അവന്‍റെ സ്നേഹിതനും അവനെപ്പോലെതന്നെ” (പ്രഭാഷകന്‍ 6/17).
'അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്?
തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം.
ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ സ്നേഹിക്കുന്നു.. ഉള്ളില്‍ ദൈവസ്നേഹത്തിന്‍റെ ആനന്ദം ഓളംവെട്ടി… കാര്യമറിയാതെ നന്ദിയും പറഞ്ഞ്, കുറേ ഉമ്മകളും കൊടുത്തിട്ട് കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയെ ഒന്നുനോക്കി. ഈശോ കുരിശില്‍നിന്നിറങ്ങി അരികില്‍വന്ന് എന്നെ ചേര്‍ത്തണച്ചു… സ്നേഹിച്ചിട്ടും സ്നേഹിച്ചിട്ടും മതിയാകാത്തതുപോലെ.. ഒടുവില്‍ ചോദിച്ചു, എന്തേ ഈശോയേ… ഇത്രയധികം സ്നേഹപ്രകടനം? മറുപടി പെട്ടെന്നായിരുന്നു… എന്‍റെ മരണനേരത്ത് നീ എന്നെ ആശ്വസിപ്പിക്കാന്‍ വന്നില്ലേ? എനിക്കു നിന്നോടുള്ള നന്ദിയും സ്നേഹവും പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല…
ഞാനോ? എപ്പോള്‍? എപ്പോഴാ ഈശോയേ? ഞാന്‍ ചോദിച്ചു…
മൂന്നുമണിക്ക് നീ എഴുന്നേറ്റുനിന്ന് എന്‍റെ മരണവേദനയില്‍ പങ്കുചേര്‍ന്നില്ലേ?… നിന്‍റെ മരണസമയത്ത് ഞാന്‍ ഓടിവരും ട്ടോ… കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു… മരണനേരത്ത് കുരിശിന്‍താഴേക്ക് നോക്കിയപ്പോള്‍ യോഹന്നാനൊഴികെ ഞാന്‍ സ്നേഹിച്ച എന്‍റെ ശിഷ്യരാരെയും കണ്ടില്ല.. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി.
കുറ്റബോധംകൊണ്ട് ഞാനാകെ ചൂളിപ്പോയി. സ്നേഹിക്കാന്‍ കഴിയാതെ വീണുപോയതിന്‍റെ പശ്ചാത്താപവുമായാണ് ക്രൂശിതന്‍റെ മുമ്പില്‍ എത്തിയതുതന്നെ. കാരണം, മൂന്നുമണിക്ക് എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥിച്ചുവെങ്കിലും ശരിക്കും ആ സമയത്ത് എനിക്ക് ചാപ്പലില്‍ പോയി ഈശോയുടെ മരണത്തില്‍ പങ്കുചേരാമായിരുന്നു, ആശ്വസിപ്പിക്കാമായിരുന്നു. 2.58ന് ഓര്‍മിപ്പിച്ചതുമാണ്; പക്ഷേ പോയില്ല. അതിന്‍റെ വിഷമം വല്ലാതെയുണ്ട്.. അപ്പോഴാണ് ഈശോയുടെ ഈ സ്നേഹപ്രകടനം… കുനിഞ്ഞ ശിരസുമായി നില്ക്കുമ്പോള്‍ ഈശോ വീണ്ടും പറഞ്ഞു:
എന്‍റെ കുഞ്ഞേ, എന്‍റെ സഹനങ്ങളില്‍, മരണത്തില്‍ നീ കൂടെനിന്നാല്‍ നീ സഹിക്കുമ്പോള്‍, മരണത്തിലും എനിക്ക് നിന്‍റെകൂടെ നില്ക്കാതിരിക്കാനാകില്ല.
ഈശോ വിശുദ്ധര്‍ക്ക് നല്കിയ ഒരു വെളിപ്പെടുത്തല്‍ ഫാ.മാര്‍ട്ടിന്‍ വോണ്‍ കോഹെം ‘പരിശുദ്ധ കുര്‍ബാന അനുഭവമാക്കാം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “യോഗ്യതയോടും ഒരുക്കത്തോടും ഭക്തിയോടെയും ദിവ്യബലി അര്‍പ്പിക്കുന്നവരുടെ മരണസമയത്ത് ഞാന്‍ അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമായി ഉണ്ടാകുമെന്നും അവര്‍ പങ്കെടുത്ത ദിവ്യബലികളുടെ എണ്ണം അനുസരിച്ച് അത്രയും ദൂതന്മാരെ ആ ആത്മാവിനെ അനുഗമിക്കാന്‍ ഞാന്‍ അയയ്ക്കുമെന്നും ഇതാ വാക്കുതരുന്നു.” മരിക്കുന്ന ഒരാള്‍ അന്നേദിവസം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ക്രിസ്തു തീര്‍ച്ചയായും അദേഹത്തിന്‍റെ മരണനിമിഷം അദേഹത്തിനരികില്‍ സന്നിഹിതനായിരിക്കും. കാരണം, ദിവ്യബലിയില്‍ അദേഹം അവിടുത്തെ മരണത്തില്‍ പങ്കാളിയായിട്ടുണ്ട് എന്നും ഫാ.മാര്‍ട്ടിന്‍ പ്രസ്തുത ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.
സിസ്റ്റര്‍ തുടര്‍ന്നു, മറ്റൊരിക്കല്‍, പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. ഈശോയുടെ ബലിയല്ലേ? അവിടുത്തോടുള്ള സ്നേഹത്താലും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി സഹിച്ചുനിന്നു. പക്ഷേ, അസ്വസ്ഥത വരിഞ്ഞുമുറുക്കുകയാണ്. ദൈവാലയത്തില്‍നിന്ന് ഇറങ്ങിയോടാന്‍ തോന്നി. എങ്ങനെയും ദിവ്യബലി തീര്‍ന്നാല്‍ മതിയെന്നായി. അറിയാതെ കണ്ണുകള്‍ ക്രൂശിതനിലേക്ക് ഉയര്‍ന്നു.
കാലുകളും കൈകളും കുരിശില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കൈകൊണ്ട് മുഖമൊന്നു തുടയ്ക്കാന്‍, ശ്വസിക്കാന്‍, ഒന്നനങ്ങാന്‍ കഴിയില്ല അവിടുത്തേക്ക്… എത്ര മണിക്കൂറുകളാണ് അവിടുത്തേക്ക് അങ്ങനെ കിടക്കേണ്ടി വന്നത്. ഇറങ്ങിയോടാന്‍ പോയിട്ട് പിടയാന്‍പോലും… കുരിശിലേക്ക് ചാരിയാല്‍ മുള്‍മുടി വീണ്ടും ശിരസിലമരുന്നു… ദൈവപുത്രനെ ജീവനോടെ മൂന്ന് ആണികളില്‍ തൂക്കിയിട്ടിരിക്കുന്നു… എന്നിട്ടും അവിടുന്ന് കുരിശില്‍നിന്നും ഇറങ്ങിയോടിയില്ല.
ഞാന്‍ പതിയെ ചോദിച്ചു, എന്‍റെ ഈശോയെ, അങ്ങ് എങ്ങനെ ഇത്രമാത്രം സഹിച്ചു.?
അവിടുന്ന് മാധുര്യത്തോടെ മന്ത്രിച്ചു,: ‘കുഞ്ഞേ, ഞാന്‍ സഹിക്കുകയല്ല, നിന്നെ സ്നേഹിക്കുകയാണ്…പീഡിപ്പിക്കപ്പെട്ടപ്പഴും കുരിശില്‍ തൂങ്ങി മരിക്കുമ്പോഴും എന്‍റെ മുമ്പില്‍ നീ മാത്രമേ ഉള്ളൂ.. ഉണ്ടായിരുന്നുള്ളൂ… നിന്നോടുള്ള എന്‍റെ സ്നേഹം നിനക്കുവേണ്ടി എന്തും സഹിക്കാന്‍ എന്നെ ശക്തനാക്കി… ഏതു പീഡകളേക്കാളും എത്ര ഭീകരമരണത്തേക്കാളും എനിക്ക് നീയാണ് വലുത്.. എന്‍റെ ജീവനേക്കാള്‍… അതേ, എന്നേക്കാളും വലുതാണ് നീ എനിക്ക്…. ചമ്മട്ടിയടിയേറ്റപ്പോഴും കുരിശില്‍ മണിക്കൂറുകള്‍ തൂങ്ങിപ്പിടയുമ്പോഴും ഹൃദയംപൊട്ടി, ഉച്ചത്തില്‍ നിലവിളിച്ചു മരിക്കുമ്പോഴും നിന്നെമാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ.. കുഞ്ഞേ, നീ മാത്രം മതിയെനിക്ക്… എനിക്ക് നീ മാത്രം മതി… നിന്നെ എന്നോടൊപ്പം നമ്മുടെ അപ്പന്‍റെ മടിയിലിരുത്താന്‍ ഞാന്‍ ഇതിലധികവും സഹിക്കാന്‍ തയ്യാറാണ്.’
ഉള്ളില്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികമായ ആ സ്നേഹത്തില്‍ ഞാന്‍ നിശബ്ദയായി…എന്നെ സ്വന്തമാക്കാന്‍ വിലയായി നല്കപ്പെട്ട ദൈവ
പുത്രന്‍.. ദൈവപുത്രന്‍റെ വിലയാണെനിക്കെന്ന്… ദൈവപുത്രനെ നല്കി ദൈവം എന്നെ സ്വന്തമാക്കി… തന്‍റെ ഒരേയൊരു മകനെ നല്കി എന്നെ സ്വന്തമാക്കാന്‍ തക്കവിധം ദൈവം എന്നെ അത്രയധികം സ്നേഹിച്ചു (യോഹന്നാന്‍ 3/16). അവിടുത്തെ സ്നേഹം ആ വിശുദ്ധബലി പൂര്‍ത്തിയാക്കാന്‍ എന്നെ ബലപ്പെടുത്തി. നീ മാത്രം മതിയെനിക്ക്…. എന്‍റെ ഈശോയേ നീ മാത്രം…
അപ്പോള്‍ ഈശോ വളരെ മൃദുവായി പറഞ്ഞു: “ഒരു കാര്യംകൂടെ പറയാനുണ്ട്. നീ മാത്രം മതി, എന്‍റെ ഈശോ മാത്രം മതി എനിക്ക് എന്ന് നീ ആവര്‍ത്തിച്ചു പറയാറുണ്ട്. എന്‍റെ കുഞ്ഞേ, എനിക്ക് നീ മാത്രംമതി… നീ മാത്രംമതി… എന്ന് ഞാനാണ് നിന്നോട് ആദ്യം പറഞ്ഞത്… ഞാനാണ് നിന്നെ ആദ്യം സ്നേഹിച്ചത് കുട്ടാ… അതെ… ലോകസ്ഥാപനത്തിനു മുമ്പേ…” (എഫേസോസ് 1/4). “ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു. അതിനാല്‍ നാമും അവിടുത്തെ സ്നേഹിച്ചു” (1യോഹന്നാന്‍ 4/19).
സ്നേഹത്തിന്‍റെ തീവ്രതയാല്‍ ഈശോ വല്ലാതെ പ്രകാശിതനായിരുന്നു. “നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം (1 യോഹന്നാന്‍ 4/10).
എന്‍റെ പേരുപറയാതെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ ലോകത്തോടു പറയണം. അവര്‍ പൂര്‍ത്തിയാക്കി.
'സഹനക്കുന്ന് സ്നേഹത്തിന്‍റെയും സ്നേഹിതരുടെയും കുന്നായതിങ്ങനെ…
സഹനത്തിന്‍റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശിലേക്ക് തീര്‍ത്ഥാടനം ചെയ്ത് ഉത്ഥാനമഹിമയില്‍ ജീവിതം വാര്‍ത്തെടുക്കുവാന്‍ സ്വപ്നം കാണേണ്ട നോമ്പുകാലം. ക്രിസ്തുവില്ലെങ്കില്‍ നാം വെറും ഭൂമിയും മണ്ണിന്‍റെ സ്വന്തവുമാണെന്ന തിരിച്ചറിവോടെ, അനുതാപ ഹൃദയത്തോടെ, നെറ്റിത്തടത്തില്‍ ക്ഷാരംകൊണ്ട് കുരിശടയാളം വരച്ച് നാം നമ്മെത്തന്നെ ഒരുക്കുന്നു. ദൈവത്തോടൊപ്പമുള്ള വാസത്തിനായി ഉപവാസവും മനുഷ്യരോടുള്ള സ്നേഹത്തിനായി കാരുണ്യപ്രവൃത്തികളും അനുഷ്ഠിക്കുന്നത് ഈ കാലഘട്ടത്തിന്‍റെ ആത്മീയ അലങ്കാരങ്ങളാണ്.
ജറുസലേം പട്ടണത്തിലേക്കുള്ള യേശുവിന്‍റെ രാജകീയ പ്രവേശനം അനുസ്മരിക്കുന്ന ഓശാന ഞായറാഴ്ച. സ്നേഹത്തിന്‍റെ കൂദാശയായ ദിവ്യകാരുണ്യ സ്ഥാപനവും അപ്പസ്തോലന്മാരുടെ പാദക്ഷാളന കര്‍മ അനുസ്മരണവും യേശുശിഷ്യന്‍റെ മുഖമുദ്രയായിരിക്കേണ്ട സ്നേഹത്തിന്‍റെ കല്‍പനയുടെ പ്രഖ്യാപനവും ഓര്‍മിക്കുന്ന തിരുവത്താഴ വ്യാഴാഴ്ച. അതിനുശേഷം, തന്‍റെ സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലെന്ന് പഠിപ്പിക്കുകയും ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ദുഃഖവെള്ളിയും പിന്നിടുമ്പോള്‍ ഉത്ഥാന രഹസ്യത്തിന്‍റെ പൊന്‍കിരണം ദൃശ്യമാകുന്ന ഉയിര്‍പ്പ് ഞായറാഴ്ച വന്നെത്തും. മനുഷ്യജീവിതത്തിന്‍റെ അനിവാര്യമായ രക്ഷയുടെ പാതയിലെ സുവര്‍ണ നിമിഷങ്ങളാണ് ഇതെല്ലാം.
ജറുസലേമിലേക്ക് കഴുതയുടെ പുറത്ത് കയറിവന്ന യേശുവിനെ കണ്ട് ജനക്കൂട്ടം വിളിച്ചു “ദാവീദിന്‍റെ പുത്രന് ഹോസാന, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!” (മത്തായി 21/9). ഹോസാന എന്ന ഹീബ്രു വാക്കിന്‍റെ അര്‍ത്ഥം ‘രക്ഷിക്കണമേ’ എന്നാണ്. ഇന്ന് മാനവജനത ഉറക്കെ കരഞ്ഞു വിളിക്കേണ്ട പദമാണ് ഓശാന. ആരോഗ്യപരവും മാനസികവുമായ ക്ലേശങ്ങളില്‍നിന്ന് മനുഷ്യനെ രക്ഷിക്കണമേ എന്ന് ഉറക്കെ കരഞ്ഞു പ്രാര്‍ത്ഥിക്കേണ്ട വാക്കാണ് ഓശാന. ഒലിവ് മലയ്ക്കരികില്‍നിന്ന് ജറുസലേം പട്ടണത്തിലേക്കുള്ള വഴി കടന്നുപോകുന്നത് എന്‍റെ ജീവിതവഴിത്താരയിലൂടെയാണ്. അവിടെ യേശു വരുമ്പോള്‍ നമ്മള്‍ ഒരേ മനസോടെ യേശുവിനുവേണ്ടി സ്നേഹത്തിന്‍റെ വസ്ത്രങ്ങള്‍ വിരിക്കണം, പരസ്പരം സഹകരണത്തിന്‍റെ ചില്ലകള്‍ മുറിച്ച് വഴിയരികില്‍ നിരത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കണം ‘ദാവീദിന്‍റെ പുത്രനായ യേശുവേ ഞങ്ങളെ രക്ഷിക്കണമേ.’
ക്രിസ്തുശിഷ്യത്വം ആവശ്യപ്പെടുന്ന ചില കടമകളിലേക്ക് വിരല്‍ചൂണ്ടുന്ന ദിനങ്ങളിലൂടെയാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. പരസ്പരം കാലുകള്‍ കഴുകിക്കൊണ്ട് എളിമയോടെ വര്‍ത്തിക്കുക, സ്നേഹത്തിന്‍റെ കല്‍പന പാലിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ എന്നും ജീവിതത്തെ രൂപാന്തരപ്പെടുത്തുക, അതോടൊപ്പം പൗരോഹിത്യത്തെ സ്നേഹിക്കുക, സഭയോടൊത്തുചേര്‍ന്ന് നില്‍ക്കുന്ന ഒരു പുണ്യജീവിതം നയിക്കുക – ഇതെല്ലാം ലക്ഷ്യമിടേണ്ട കടമകളാണ്.
ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു, ദൈവാലയത്തിലെ തിരശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. “അങ്ങേ കൈകളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന് നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോകചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കുവേണ്ടി പീഡകള്‍ സഹിച്ച് യേശു കുരിശില്‍ മരിച്ചുവെങ്കില്‍ കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തുവിന്‍റെ ഓര്‍മ എന്നും എന്‍റെ മനസില്‍ ജ്വലിക്കണം. മാനവകുലത്തിന്‍റെ രക്ഷയ്ക്കുവേണ്ടിയായിരുന്നു യേശു പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചത്. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്‍കിയ പുതുജീവിതത്തിന്‍റെ ഓര്‍മാചരണംകൂടിയാണ് ദുഃഖവെള്ളി.
സ്നേഹത്തിന്‍റെ ഏറ്റവും സുന്ദരമായ നിര്‍വചനം കുരിശ് നല്‍കുന്ന ദര്‍ശനമാണെന്ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയത് എത്രയോ അര്‍ത്ഥവത്താണ്. സ്നേഹിതരുടെ മലയാണ് കാല്‍വരി. സ്നേഹത്തിന്‍റെ വിദ്യാലയം ഉള്ള ഇടം. നിശബ്ദതയോടെ ആ ക്രൂശിതനെ നമുക്ക് നോക്കാം. സഹനങ്ങള്‍ക്കും മനുഷ്യദുരിതങ്ങള്‍ക്കും മുന്നില്‍ അങ്ങേയറ്റം ഉയര്‍ന്നുനില്‍ക്കുന്ന സ്നേഹത്തിന്‍റെ കാല്‍വരിക്കുന്നാണത്. നാണക്കേടിന്‍റെയോ ഭോഷത്തത്തിന്‍റെയോ അല്ല മറിച്ച്, മഹത്വത്തിന്‍റെ കുന്നാണ് ഗോല്‍ഗോത്ത. കുരിശേന്തുന്നവനും സ്നേഹത്തിന്‍റെ മല ചവിട്ടിക്കയറുന്നവനും ഉറപ്പായും കൈവരിക്കുന്ന ആഘോഷമാണ് ഉത്ഥാന മഹോത്സവം.
മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണ് കര്‍ത്താവിന്‍റെ ഉത്ഥാനത്തില്‍ സംഭവിച്ചത്. ദൈവപുത്രനെ സംബന്ധിച്ചിടത്തോളം മനുഷ്യപ്രകൃതിയിലും അവിടുന്ന് ദൈവമായിരുന്നു. മരണത്തിന്‍റെ നിമിഷത്തില്‍ അവിടുത്തെ ദൈവത്വം മനുഷ്യത്വത്തെ ദൈവികമാക്കുന്നു. മരണത്തിന് വിധേയമായ ശരീരം ദൈവികമായ ജീവനിലേക്ക് പുനഃപ്രവേശിക്കുന്നു. ഇതാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ അര്‍ത്ഥം. മനുഷ്യബുദ്ധി മരണത്തെ ജീവന്‍റെ നാശംപോലെ കാണുന്നു. എന്നാല്‍ ക്രിസ്തുവില്‍ മരണം ജീവന്‍റെ പുനര്‍ജനനത്തിന് നിദാനം മാത്രമാകുന്നു. മനുഷ്യന് വൈരുധ്യമെന്ന് തോന്നുന്ന മരണവും ജീവനും ദൈവത്തില്‍ സമരസപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാകുന്നു.
നഷ്ടപ്പെട്ടുപോയ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയുമൊക്കെ വീണ്ടെടുപ്പാണ് ഈസ്റ്റര്‍. കരിഞ്ഞുപോയ പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ക്കുന്നതുപോലെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയുമായ ഒരു അരൂപി ഈ മഹോത്സവം നമുക്ക് പ്രദാനം ചെയ്യട്ടെ. രൂപാന്തരം വരാനുള്ള ശരീരമാണ് നമ്മുടേത് എന്നുള്ള ചിന്തയോടെ നമുക്ക് ജീവിക്കാം. നശ്വരതയില്‍ വിതയ്ക്കപ്പെട്ട എന്‍റെ ശരീരം അനശ്വരത പ്രാപിക്കത്തക്കവിധം സനാതന മൂല്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ വളരേണ്ടിയിരിക്കുന്നു എന്ന ബോധ്യത്തോടുകൂടി മുന്നേറാം. തപസുകാലം രക്ഷയിലേക്കുള്ള പാതയായി ഭവിക്കട്ടെ.
'ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്‍റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്‍റെ ശരീരത്തിന്‍റെയും ജീവന്‍റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്‍ മനസിലാക്കിക്കഴിഞ്ഞു.
ഒരു ദിവസം അദ്ദേഹം നടന്നുപോകുമ്പോള്‍ വഴിയിലൊരു സിഗരറ്റ്കുറ്റി കിടക്കുന്നത് കണ്ടു. പെട്ടെന്നുണ്ടായ ഒരു പ്രേരണപോലെ അദ്ദേഹം കൈ ഉയര്‍ത്തി കുരിശ് വരച്ച് ആശീര്‍വദിച്ചിട്ട് മനസ്സില്‍ പറഞ്ഞു, “ഈശോയേ, ഇത് വലിച്ചയാളെ വീണ്ടെടുക്കണേ…”
ഇങ്ങനെ ചെയ്തപ്പോള്‍ അച്ചന് കിട്ടിയ വിടുതല്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. പിന്നെയങ്ങോട്ട് പുകവലിക്കുന്ന ആളുകളെ കാണുമ്പോഴും ഇത് തുടര്‍ന്നു, “ഈശോയേ, അവരെ വീണ്ടെടുക്കണേ…” മനസ്സില്‍ അസ്വസ്ഥതയോ രോഷമോ ഇല്ലാതാവുന്നതും പകരം ദൈവികശാന്തത വന്നുനിറയുന്നതും ആ വൈദികന്‍ അനുഭവിക്കാന്‍ തുടങ്ങി.
ഈ വൈദികനെ നമുക്കും മാതൃകയാക്കാം. എല്ലാ നൂറ്റാണ്ടുകളിലും യുദ്ധങ്ങളുടെയും നാശങ്ങളുടെയും സംഭവങ്ങള്‍ അരങ്ങ് വാണുകൊണ്ടിരിക്കും. ഇതൊന്നും കണ്ട് ഹൃദയം ഉലയാതിരിക്കാന്‍ ശ്രദ്ധിക്കണം. “നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്” (മത്തായി 24/6) എന്ന് ഈശോ ഓര്‍മപ്പെടുത്തുന്നുണ്ടല്ലോ.
ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിയുമ്പോള്‍ “അപ്പാ, ‘ശ്യാംജിത്തി’ന്‍റെമേലും ‘വിഷ്ണുപ്രിയ’യുടെമേലും കരുണയായിരിക്കണേ, അവരുടെ കുടുംബാംഗങ്ങളെ വീണ്ടെടുക്കണേ…’
‘അപ്പാ, ഭിന്നതയിലായിരിക്കുന്ന കേരളസഭയുടെമേല്‍ കരുണയായിരിക്കണേ, അവരുടെ മുറിവുകളെ സുഖമാക്കണേ…’
ഇങ്ങനെയൊക്കെ ഹൃദയത്തില്‍ പറഞ്ഞ് നോക്കിയാല്‍ കിട്ടുന്ന വിടുതലുണ്ട്. അതനുഭവിച്ച് തുടങ്ങിയാല്‍ ജീവിതം എന്ത് സുന്ദരമാകുമെന്നോ? ഏതൊക്കെ രീതിയില്‍ തിന്മ ഉയര്‍ന്ന് പൊന്തിയാലും ഈശോയുടെ വിശുദ്ധ കുരിശ് നിസാരമായി അതിനെ തോല്പിക്കും.
വിശുദ്ധ മരിയ ഗൊരേത്തിയിലൂടെ അലക്സാണ്ടറിനെയും വിശുദ്ധ കൊച്ചുത്രേസ്യായിലൂടെ ഹെന്‍റി പ്രന്‍സീനിയെയും സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ ഈശോയുടെ വിശുദ്ധ സ്ലീവായ്ക്ക് സാധിച്ചുവെന്നത് നമ്മെ ബലപ്പെടുത്തട്ടെ.
പിതാവ് നീതിമാനായതുകൊണ്ട് ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ശിക്ഷ കൃത്യമായി വന്നുചേരും. അതില്‍ സംശയമില്ല. അലക്സാണ്ടറിനും പ്രന്‍സീനിക്കും ശിക്ഷ കിട്ടിയിരുന്നു. എന്നാല്‍, അവരുടെ ആത്മാക്കളെ നാശത്തില്‍നിന്നും രക്ഷിക്കാന്‍ ഈശോയുടെ വിശുദ്ധ കുരിശിന് സാധിക്കുമെന്നതാണ് സുവിശേഷം. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക (സങ്കീര്‍ത്തനങ്ങള്‍ 46/10) എന്ന അവിടുത്തെ ശാന്തഗംഭീരമായ സ്വരം ശ്രവിച്ചാല്‍ എല്ലായ്പോഴും എവിടെയും ശാന്തത കൈവരിക്കാന്‍ കഴിയും. ډ
'ഈശോയെ സമ്മര്‍ദത്തിലാക്കി, സ്വര്‍ഗത്തിന്‍റെ സമാധാനം നഷ്ടപ്പെടുത്തുമോ എന്ന് ആശങ്കപ്പെട്ട നിമിഷങ്ങളെക്കുറിച്ച്…
കുട്ടിക്കാലത്തിന്‍റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും.
അമ്മ ടീച്ചര്‍ ആയതുകൊണ്ട് ചൂരലിനും ഈര്‍ക്കിലിക്കുമൊന്നും വീട്ടില്‍ ഒരിക്കലും ക്ഷാമം നേരിട്ടിട്ടില്ല. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഏറ്റവും എളുപ്പവഴി അതൊക്കെത്തന്നെയാണല്ലോ. എന്തായാലും അമ്മയുടെ ചില കര്‍ക്കശ നിയമങ്ങള്‍ വീട്ടില്‍ പാലിച്ചുപോന്നിരുന്നു ഞങ്ങള്‍ മക്കളെല്ലാവരും.
സ്കൂളില്‍ പോകുന്നത് മുടങ്ങിയാലും ഞായറാഴ്ച വേദപഠന ക്ലാസ് മുടങ്ങാന്‍ പാടില്ല. സ്കൂളില്‍ മാര്‍ക്ക് കുറഞ്ഞാലും വേദപഠനത്തിന് സ്കോളര്‍ഷിപ് നേടണം. പത്താം ക്ലാസ് പരീക്ഷ നടക്കുമ്പോള്‍പ്പോലും രാവിലെ പഠിക്കാന്‍ എത്ര ബാക്കി ഉണ്ടെങ്കിലും പരിശുദ്ധ കുര്‍ബ്ബാനയുടെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുള്ള പഠിത്തം മതി എന്നാണ്.
വലിയ സാമ്പത്തിക ഞെരുക്കങ്ങളിലൂടെയാണ് എന്‍റെ ഓര്‍മ്മവച്ച കാലം മുതല്‍ കുടുംബം കടന്നുപോയിട്ടുള്ളത്. സമൂഹത്തിലും ബന്ധുക്കള്‍ക്കിടയിലും ഒന്നും ഒരിക്കലും തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥ. ഒരു ദിവസമെങ്കിലും കടം ഇല്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ചു പോയ നാളുകള്‍.
എങ്കിലും എല്ലാ ഞെരുക്കങ്ങളിലും കണ്ണുനീരിലും മക്കളെ ചേര്‍ത്ത് നിര്‍ത്തി ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഒരമ്മ. ഇതെഴുതുമ്പോള്‍ മനസ്സിലൂടെ കടന്നുപോയ വരികള്‍ ഇവയാണ്….
‘എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ
വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടത് ആദ്യം ആ കണ്‍കളിലാ
പ്രാര്‍ത്ഥന ഒഴുകുന്ന മിഴിനീരിലാ
അമ്മയുടെ പ്രാര്‍ത്ഥനാരീതികള്‍ വ്യത്യസ്തമായിരുന്നു. ഈശോക്ക് ഇടപെടാതിരിക്കാന്‍ കഴിയാത്തവിധം സമ്മര്‍ദ്ദത്തിലാക്കുന്ന പ്രാര്‍ത്ഥന. സിമന്‍റ് ചാക്കില്‍ മെറ്റല്‍ നിറച്ച് അതിനു മുകളില്‍ മുട്ടുകുത്തിയായിരുന്നു രാത്രികളിലെ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ചിലപ്പോള്‍ അവ ചുമലില്‍ ചുമന്നുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞങ്ങള്‍ക്ക് പറ്റുംവിധം സഞ്ചികളില്‍ കല്ലുകള്‍ നിറച്ചു ഞങ്ങളും പ്രാര്‍ത്ഥിക്കും. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥന എന്നത് ഒരു ഭയപ്പാടായി മാറിയിട്ടുണ്ട്. ജീവിതം മുന്നോട്ട് ബഹുദൂരം സഞ്ചരിച്ചപ്പോള്‍ ഇന്ന് തിരിച്ചറിയുന്നു ആ പ്രാര്‍ത്ഥനകളുടെ ശക്തി.
സ്കൂളില്‍ പഠിക്കുന്ന സമയംമുതല്‍ ഡിഗ്രി പൂര്‍ത്തിയാക്കുംവരെ വളരെ അപൂര്‍വ്വമായി മാത്രമേ പരിശുദ്ധ കുര്‍ബ്ബാന മുടങ്ങിയിട്ടുള്ളൂ. അമ്മയുടെ നിര്‍ബന്ധംകൊണ്ടോ ശിക്ഷയെ പേടിച്ചോ ഒക്കെ അര്‍ത്ഥമറിയാതെയും ആഗ്രഹം ഇല്ലാതെയും സംബന്ധിച്ച പരിശുദ്ധ കുര്‍ബ്ബാനകള്‍ ജീവിതത്തില്‍ ഉണ്ടായെങ്കിലും എന്‍റെ ദിവ്യകാരുണ്യ ഈശോ അവന്‍റെ പ്രണയിനിയെ കണ്ടെത്തി സ്വന്തമാക്കാന്‍ ആരംഭിച്ച നിമിഷങ്ങള്‍! എന്നും അവന്‍റേതുമാത്രമാകാന്‍…
ഒരിക്കല്‍ ധ്യാനാവസരത്തില്‍ ഒരു അല്മായ സഹോദരന്‍ പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് പ്രഘോഷിക്കുകയായിരുന്നു. ഈശോയെമാത്രം സ്വീകരിച്ച് മറ്റ് ഭക്ഷണം ഒന്നും കഴിക്കാതെ ഒരു ദിവസം ജീവിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്‍റെ ഈ ചോദ്യം എന്നെ പിടിച്ചു കുലുക്കി. എത്രയോ വ്യക്തികളാണ് പരിശുദ്ധ കുര്‍ബ്ബാന മാത്രം ഉള്‍ക്കൊണ്ട് നാല്പതും അമ്പതും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുള്ളത്. ഒരു ദിവസമെങ്കിലും എനിക്ക് സാധിക്കില്ലേ എന്ന് മനസ്സില്‍ ചോദിച്ചു.
2015 ഒക്ടോബര്‍ മാസം ഒന്നാം തിയതി ദിവ്യകാരുണ്യ ഈശോയോടും മാതാവിനോടും പ്രത്യേക സഹായം ചോദിച്ചു, “ദേ ഈശോയേ, ആദ്യമായി ഒരു ചലഞ്ചിന് ഇറങ്ങിത്തിരിക്കുവാ, നാണം കെടുത്തരുത്. ഒരു ദിവസമെങ്കിലും നിന്നോടുകൂടെ, നിന്നില്‍മാത്രമായി ഞാന്‍ ഒന്ന് അലിഞ്ഞോട്ടെ…”
സ്വര്‍ഗം മുഴുവന്‍ ഈശോയുടെ മറുപടി നോക്കി നില്‍ക്കുകയാണ്. അവരൊക്കെ എന്താവും ചിന്തിച്ചിട്ടുണ്ടാവുക! ‘നമ്മുടെ കുറുമ്പി വിജയിച്ചില്ലെങ്കില്‍ സ്വര്‍ഗം സമാധാനം എന്തെന്ന് മറന്നുപോകും’ എന്നായിരിക്കും.
ഈശോയും കണ്‍ഫ്യൂഷനില്‍ ആണെന്നുതോന്നി. എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പരിശുദ്ധ അമ്മയെ ഏല്പിക്കാം. അമ്മ ഏറ്റെടുത്താല്‍ ഈശോയക്ക് സമ്മതിക്കാതിരിക്കാനാവില്ലല്ലോ. അതോടെ ഈശോ നിസ്സഹായനായിക്കാണണം. അമ്മയാണ് ഇവളെ ഇങ്ങനെ വാശിക്കുടുക്കയാക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടായിരിക്കും ഈശോ സമ്മതം നല്‍കിയത്. അപ്പോള്‍ അല്പം അഹങ്കാരത്തോടെ ഈശോക്ക് ഒരു ഉപദേശം,”എന്‍റെ അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്!” പാവം ഈശോ നിര്‍വികാരനായി എന്നെത്തന്നെ നോക്കി ഇരിപ്പാണ്.
ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു. വെള്ളംമാത്രം കുടിച്ചുകൊണ്ട് ആദ്യദിവസം കടന്നുപോയി. ആ സ്നേഹാഗ്നി എന്നില്‍ എരിയാന്‍ തുടങ്ങി. അവന്‍റെ കരതാരില്‍ മുഖമൊന്ന് അമര്‍ത്തിപ്പിടിക്കാന്‍ കൊതിയായി. ഏഴു വിളക്കിന്‍ നടുവില്‍ ശോഭപൂര്‍ണ്ണനായി തൂവെള്ള അപ്പത്തില്‍ മറഞ്ഞിരിക്കുന്ന ഈശോ. അവനുവേണ്ടി മാത്രം തുടിക്കണം എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ എന്ന് തോന്നി.
ഒരു ദിവസത്തേക്ക് മാത്രം ആഗ്രഹിച്ച ദിവ്യകാരുണ്യ സാന്നിധ്യം പിന്നീട് പതിമൂന്നു ദിനങ്ങള്‍ പിന്നിട്ടു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി ഞാന്‍ ഒരുങ്ങി. എന്‍റെ സ്നേഹവും ആഗ്രഹവും പരകോടിയില്‍ എത്തിയപ്പോള്‍ എന്‍റെ കട്ടിലിനരികില്‍ ഒരു സ്രാപ്പേന്‍ മാലാഖ വന്ന് ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഇതാ മാലാഖമാരുടെ കര്‍ത്താവ്. ഞാന്‍ കര്‍ത്താവിനെ സ്വീകരിച്ചപ്പോള്‍ എന്‍റെ ആത്മാവ് ദൈവസ്നേഹത്തിലും വിസ്മയത്തിലും ആഴ്ന്നുപോയി. പതിമൂന്ന് ദിവസം ഇത് ആവര്‍ത്തിച്ചു.” (ഖണ്ഡിക 1676)
ദിവ്യകാരുണ്യത്തോടുള്ള സ്നേഹം, അത് അടങ്ങാത്ത പ്രണയാഗ്നിയാണ്. അഗാധമായ കടലില്‍ ലയിക്കുന്ന ഒരു തുള്ളി വെള്ളമെന്നപോലെ ഈശോയില്‍ അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങള്‍. ഐസുകട്ടപോലെ തണുത്തു മരവിച്ച ഹൃദയം പോലും അവന്‍റെ സ്നേഹത്തിന്‍റെ രശ്മിയേറ്റാല്‍ ഊഷ്മളമാകും. പാറപോലെ കഠിനമായത് പൂഴിപോലെ തകര്‍ന്നു തരിപ്പണമാകും. ദിവ്യകാരുണ്യ ഈശോയെ ഒരിക്കല്‍ അറിഞ്ഞ ഒരാള്‍ക്ക് പിന്നെ മറ്റാരെയും ഈശോയെക്കാള്‍ സ്നേഹിക്കാന്‍ സാധിക്കുകയില്ലെന്ന് വിശുദ്ധ ഫൗസ്റ്റീന രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനും എന്‍റെ ദിവ്യകാരുണ്യ ഈശോയും ഒന്നായി ലയിച്ച ഞങ്ങളുടെ ‘ഹണിമൂണ്‍’ നാളുകള്‍.
“എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും” (ഹോസിയാ 2/19-20).
‘നിന്‍റെ പ്രശ്നങ്ങളുമായി എന്‍റെ അടുത്ത് വരിക. നിന്‍റെ പരിഹാരങ്ങള്‍ എനിക്ക് ആവശ്യമില്ല. നിന്‍റെ പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ കാണാന്‍ എന്നെ അനുവദിക്കുക’ എന്ന് ‘ഇന്‍ സിനു ജെസു’ എന്ന പുസ്തകത്തിലൂടെ ഈശോ വെളിപ്പെടുത്തി. നമ്മുടെ പ്രശ്നങ്ങളുടെ പരിഹാരം ദിവ്യകാരുണ്യ ഈശോയിലേക്കുള്ള ദൂരം മാത്രമാണ്. ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഏത് നിയോഗത്തിലും ഈശോ ഇടപെടും. കാരണം ജീവനുള്ള ദൈവത്തിന്‍റെ തുടിക്കുന്ന ഹൃദയത്തിനുമുമ്പിലാണ് നാം ആയിരിക്കുന്നത്. എല്ലാ ദിവസവും അര മണിക്കൂറെങ്കിലും ഏതെങ്കിലും ദൈവാലയത്തിലോ ആരാധന ചാപ്പലുകളിലോ ഓണ്‍ലൈന്‍ ആരാധനയിലോ ഈശോക്ക് മുമ്പില്‍ ആയിരിക്കുന്നത് ജീവിതത്തിന്‍റെ ഭാഗമായി മാറട്ടെ.
ഈശോയോട് ഐക്യപ്പെടാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ, ഈശോയുടെ ആലിംഗനത്തിന് എത്രത്തോളം നമ്മെ വിട്ടുകൊടുക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ ആത്മാവിലും ഹൃദയത്തിലും ദിവ്യകാരുണ്യസ്നേഹം മുദ്രണം ചെയ്യപ്പെടുന്നത്. ഗദ്സമെന്‍ തോട്ടത്തില്‍ നമുക്കുവേി ചോര വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ഈശോക്ക് കൂട്ടിരിക്കാം നമുക്കും. ലോകപാപങ്ങളുടെ കുരിശുമായി തളര്‍ന്നുവീഴുന്ന ഈശോക്ക് കൂട്ടായി നമുക്കും ചേര്‍ന്നായിരിക്കാം.
“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/ 5). ദിവ്യകാരുണ്യ ഈശോയുടെ ഹൃദയത്തില്‍നിന്നും നിലയ്ക്കാതെ ഒഴുകുന്ന ഈരടികള്‍ നമ്മെയും ക്രിസ്തുലഹരിയില്‍ ആഴ്ത്തട്ടെ.
സഹിച്ചു പീഡനങ്ങള്‍ നിനക്കായ്
കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ്
എനിക്ക് വേണ്ടത് നിന്നെമാത്രം,
എന്‍റെ സ്നേഹിതനെ…
ഒരു ജനുവരിമാസം രാത്രി മൂന്നുമണിസമയം. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ ഒരു കൊലപാതകി അതിക്രമിച്ചുകയറി. ആരുമറിയാതെ രണ്ട് പെണ്‍കുട്ടികളെ അയാള്‍ ഉപദ്രവിച്ച് വധിച്ചുകഴിഞ്ഞു. കൂടുതല്‍ ഇരകളെ തേടി മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്തതായി അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. അവള്‍ ഉറങ്ങുകയായിരുന്നു. തന്‍റെയരികിലെത്തിയ കൊലപാതകിയുടെ സാന്നിധ്യം അനുഭവപ്പെട്ടാലെന്നോണം ആ പെണ്‍കുട്ടി ഉണര്‍ന്നു. അവളുടെ നിവര്‍ത്തിയ കൈകളില്‍ ഒരു ജപമാല! വിവരിക്കാനാവാത്ത എന്തോ ഒരു തടസം അയാള്‍ക്കനുഭവപ്പെട്ടു. അതിനാല്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിക്കാനോ കൊല്ലാനോ കഴിയാതെ അയാള്‍ അവിടെനിന്ന് നീങ്ങി.
പക്ഷേ കൊലയാളിയെ കണ്ട ഭയത്തില്‍ പരിസരബോധം നഷ്ടപ്പെട്ടുപോയ ആ പെണ്‍കുട്ടി പിന്നീട് പൊലീസിനോടൊന്നും സംസാരിച്ചില്ല. പൊലീസിന്‍റെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ക്കൊപ്പം എത്തിയ മോണ്‍സിഞ്ഞോര്‍ വില്യം കെറിനോടുമാത്രമാണ് അവള്‍ സംസാരിച്ചത്. ആദ്യമായി കോളേജ് പഠനത്തിനായി ഇറങ്ങുന്ന സമയത്ത് ദിവസവും ഉറങ്ങുംമുമ്പ് ദൈവികസംരക്ഷണം ലഭിക്കുന്നതിനായി ഒരു ജപമാല ചൊല്ലാമെന്ന് തന്‍റെ മുത്തശ്ശിക്ക് വാക്കുനല്കിയിരുന്നതായി അവള്‍ പങ്കുവച്ചു. ചൊല്ലുന്നതിനിടെ ഉറങ്ങിപ്പോയാലും എന്നും ജപമാല ചൊല്ലുമെന്നായിരുന്നു വാഗ്ദാനം. അന്ന് അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ ഉറക്കത്തിനിടയിലും ജപമാല കൈവിരലുകളില്‍ കോര്‍ത്തുകിടന്നു. അവളുടെ ജീവനെ പൊതിഞ്ഞുപിടിച്ച മാതൃസംരക്ഷണം.
പിന്നീട് പിടിയിലായ കൊലയാളി ടെഡ് ബണ്‍ഡിയാണ് തനിക്ക് ആ പെണ്‍കുട്ടിയെ കൊല്ലാന്‍ കഴിഞ്ഞില്ല എന്ന് തുറന്ന് സമ്മതിച്ചത്. മുപ്പത്തിയഞ്ചോളം പേരെ കൊലചെയ്തയാളായിരുന്നു ബണ്‍ഡി. മാരകായുധംകൊണ്ട് തലയ്ക്കടിച്ചശേഷം കയറുകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊല നടത്തുകയാണ് അയാള്‍ ചെയ്തുകൊണ്ടിരുന്നത്. മിക്കവാറും ഇരകളെ ലൈംഗികമായും ഉപദ്രവിച്ചിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
പില്ക്കാലത്ത് പിടിക്കപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയ ബണ്‍ഡി തടവറയിലായിരുന്നപ്പോള്‍ മോണ്‍സിഞ്ഞോര്‍ കെറില്‍നിന്ന് ആത്മീയോപദേശം സ്വീകരിച്ചിരുന്നു. അപ്പോഴാണ് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കൊലചെയ്യാന്‍ ഉദ്ദേശിച്ച് ചെന്നിട്ടും എന്തുകൊണ്ട് തനിക്കതിന് കഴിഞ്ഞില്ല എന്ന് വെളിപ്പെടുത്തിയത്.
'ദൈവത്തിന്‍റെ സ്വന്തമാകാനുള്ള കുറുക്കുവഴി ഉദാഹരണസഹിതം വ്യക്തമാക്കുന്ന ലേഖനം
എന്തുകൊണ്ടാണ് ചിലര്‍മാത്രം നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയാകുന്നത്? മക്കളില്‍ ചിലര്‍മാത്രം മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ ആകുന്നത്? വിദ്യാര്‍ത്ഥികളില്‍ ഏതാനുംപേര്‍ മാത്രമെന്തേ അധ്യാപകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നു? പന്ത്രണ്ട് ശിഷ്യന്മാരില്‍ യോഹന്നാനുമാത്രമെന്തേ വത്സല ശിഷ്യനെന്ന് പേര് വീണു? എല്ലായിടത്തും, ദൈവത്തിനുപോലും, പക്ഷപാതമുണ്ടോ?
എന്നാല്‍ ദൈവത്തിന്‍റെ മനസ്സ് അറിഞ്ഞ് വിശുദ്ധ പത്രോസ് ശ്ലീഹ താനറിഞ്ഞ സത്യം പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്: “സത്യമായും ദൈവത്തിന് പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരും, ഏത് ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്ക് സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10/35). തന്‍റെ മക്കളെല്ലാവരും അനുഗ്രഹിക്കപ്പെടണമെന്നും ആത്മീയമായും ഭൗതികമായും ഉയരണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. (2 സാമുവല്‍ 7/10)- ‘ഭൂമിയിലുള്ള മഹാത്മാക്കളെപ്പോലെ നിന്നെ ഞാന്‍ മഹാനാക്കും’ എന്നതാണ് ദൈവത്തിന്‍റെ മനസ്സ്.
എന്താണിതിന്‍റെ കാരണം? യേശു എവിടെ ഇരുന്നാലും യോഹന്നാന്‍ അവിടുത്തെ വക്ഷസിലേക്ക് ചാരി ചേര്‍ന്നിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വിട്ടുപിരിയാത്ത ഒരു ഹൃദയബന്ധത്തിലേക്ക് അവര്‍ വളര്‍ന്നു. ഗുരുവിന്‍റെ വത്സലനായി വളര്‍ന്നുവന്നു. എന്നാല്‍ തന്‍റെ വക്ഷസ് യേശു യോഹന്നാനുവേണ്ടി മാത്രം നീക്കിവച്ചിരുന്നു എന്ന് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നില്ല. എന്നാല്‍ അവന്‍ അത് തിരഞ്ഞെടുത്തു. അതാണ് വത്സലനാകാനുള്ള, ദൈവത്തിന്‍റെ സ്വന്തമാകാനുള്ള കുറുക്കുവഴി. ഈ സാധ്യത കണ്ടെത്തിയവരാണ് വിശുദ്ധരും രക്തസാക്ഷികളുമെല്ലാം.
പ്രഭാഷക പുസ്തകം 15-ാം അധ്യായത്തിലെ തിരുവചനം ശ്രദ്ധിക്കാം: “ആദിയില്‍ കര്‍ത്താവ് മനുഷ്യനെ സൃഷ്ടിച്ചു. അവന് സ്വാതന്ത്ര്യവും നല്കി. മനസ്സുവച്ചാല്‍ നിനക്ക് കല്പനകള്‍ പാലിക്കാന്‍ സാധിക്കും. വിശ്വസ്തതാപൂര്‍വം പ്രവര്‍ത്തിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീയാണ്” (പ്രഭാഷകന്‍ 15/14-15). നമ്മുടെ മനസ്സും ആഗ്രഹവും ലക്ഷ്യവുമാണ് പ്രധാനം.
പ്രഭാതത്തില്‍ നേരത്തേ ഉണര്‍ന്ന് വ്യക്തിപരമായി പ്രാര്‍ത്ഥിക്കാനുള്ള സാധ്യത ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ അത് പ്രയോജനപ്പെടുത്തുന്നവര്‍ ചുരുക്കം. ഒരു ഇടവക ദൈവാലയത്തില്‍ ക്രിസ്തു തന്‍റെ ശരീരവും രക്തവും ബലിയായി അര്‍പ്പിക്കുന്നത് ആ ഇടവകയിലെ ഏതാനും പേര്‍ക്കായല്ല. മുഴുവന്‍ ജനത്തിനും വേണ്ടിയാണ്. നന്മ ചെയ്യാനും ആത്മീയശുശ്രൂഷകളില്‍ പങ്കെടുക്കാനും സമ്പത്ത് സുവിശേഷത്തിനായി കൊടുക്കാനുമുള്ള സാധ്യത നമ്മുടെ മുമ്പിലുണ്ട്. ചുരുക്കത്തില്‍, ജീവനും മരണവും നന്മയും തിന്മയും ദൈവം നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്നു. നമ്മുടെ ആത്മീയ തളര്‍ച്ചകളുടെയും വ്യക്തിപരമായ കുറവുകളുടെയും ഉത്തരവാദിത്വം ദൈവത്തിന്‍റെ ചുമലില്‍വച്ച് ഒഴിഞ്ഞുമാറാന്‍ നമുക്കാവില്ല.
പിന്നിട്ട ജീവിതവഴികളില്‍ ഞാന്‍ തിരിച്ചറിഞ്ഞ ഒരു ആത്മീയ സത്യം കുറിക്കട്ടെ: ഭൗതിക കാര്യങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമായി നാം കൊടുക്കുന്ന പ്രാധാന്യത്തിന്‍റെ ഒരംശംപോലും പലപ്പോഴും ദൈവിക കാര്യങ്ങള്‍ക്കായി നാം കൊടുക്കാറില്ല എന്നതാണ് അത്. ദൈവാലയത്തിലും കൂട്ടായ്മയിലും ധ്യാനത്തിനും മറ്റും വരാന്‍ താല്പര്യമില്ലാത്തവരില്‍ ചിലര്‍ പറയുന്നത് ഇങ്ങനെയാണ്: “ഒരുപാടുനേരം നില്‍ക്കാനും ഇരിക്കാനും ഒന്നും പറ്റത്തില്ല, ശരീരത്തിന് ക്ഷീണമാണ്.” അതില്‍ കുറച്ചൊക്കെ സത്യമുണ്ടാകാം. എന്നാല്‍ നമ്മുടെ പഞ്ചായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നു എന്നോ, സൗജന്യമായി റേഷന്‍ വിതരണം ചെയ്യുന്നുവെന്നോ അറിഞ്ഞാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ തിക്കിലും തിരക്കിലും മഴയും ചൂടും വകവയ്ക്കാതെ നില്‍ക്കാന്‍ ഇതേ ആളുകള്‍ക്ക് യാതൊരു മടിയുമില്ല.
ദൈവാലയത്തില്‍പ്പോലും വരാന്‍ മടിയുള്ള സമ്പന്നനായ ഒരു കുടുംബനാഥന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: “ഞാന്‍ ധ്യാനത്തിനും മറ്റ് ആത്മീയകാര്യങ്ങള്‍ക്കും വരാത്തത്, വലിയ ശബ്ദം കേള്‍ക്കുന്നത് എനിക്ക് അസഹ്യമായതുകൊണ്ടാണ്. നിങ്ങളുടെ ഉച്ചത്തിലുള്ള സ്തുതിപ്പും പ്രാര്‍ത്ഥനയും നിര്‍ത്തിയാല്‍ ഞാന്‍ ധ്യാനത്തിന് വരാം.” എന്നാല്‍ അതിനടുത്ത ദിവസം അദ്ദേഹത്തിന്‍റെ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയിലും കലാസന്ധ്യയിലും സൗണ്ട്ബോക്സിനോടു ചേര്‍ന്ന് ആടാനും പാടാനും ഈ സുഹൃത്ത് ആദ്യാവസാനം മുമ്പില്‍ത്തന്നെ ഉണ്ടായിരുന്നു.
ആത്മീയ ശുശ്രൂഷകള്‍ക്ക് ഏറെ വൈകിയെത്തുന്ന നമ്മില്‍ പലരും ഒരു ഡോക്ടറെ കാണാനോ, ഒരു സിനിമ കാണാനോ വളരെ നേരത്തേ എത്തുന്നവരാണ്. ഏതാനും തിരുവചനങ്ങള്‍പോലും കാണാതെ പറയാന്‍ അറിയാത്ത നമുക്ക് പഴഞ്ചൊല്ലുകളും അന്ധവിശ്വാസങ്ങളും നൂറുകണക്കിന് അറിയാം. മദ്യപിച്ച് ലക്കുകെട്ട് ശബ്ദമുണ്ടാക്കി നാട്ടുകാരുടെ മുഴുവന്‍ ഉറക്കം കെടുത്തുന്നവരും പറയുന്നു, ‘എന്തിന് ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കണം?’ ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ ജയ് വിളിക്കുന്നവര്‍ ഈ തൊണ്ടയും ശബ്ദവും ജീവനും തന്ന ദൈവത്തിന്‍റെ മുമ്പില്‍ ശബ്ദമുയര്‍ത്തുന്നതും കരമുയര്‍ത്തുന്നതും വലിയ അപമാനമായി കരുതുന്നു.
ഇവിടെയാണ് നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ആവശ്യമായി വരുന്നത്. നമുക്ക് ക്രിസ്തുവിന്‍റെ പ്രിയപ്പെട്ടവരാകണോ? ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ സ്വന്തമാക്കണോ? മനസ്സുവച്ചാല്‍ എനിക്കും നിനക്കും അത് സാധ്യമാണ്. ഈശോ പറഞ്ഞു: “ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്ക് തുറന്നുകിട്ടും.”
വിലകൊടുക്കാതെ വിലയുള്ളത് സ്വന്തമാക്കാന്‍ കഴിയില്ല. പക്ഷപാതം കാണിക്കാത്ത ദൈവം എന്നെയും നിങ്ങളെയും ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. നമുക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാം. അവിടുന്ന് നിശ്ചയമായും നമ്മെ അവിടുത്തെ വത്സലരാക്കി മാറ്റും.
'ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള്‍ ജനിച്ചത്. പില്ക്കാലത്ത് അവള്‍ വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു. നാളുകള്‍ക്കകം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലമായി. ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറല്ലാത്തതുകൊണ്ട് ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം മക്രീന കാട്ടിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം ആ കുടുംബം അവിടെ കഴിഞ്ഞു. വേട്ടയാടി ലഭിക്കുന്നതുകൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പട്ടിണിയും മറ്റ് സഹനങ്ങളുമൊന്നും ക്രിസ്തുവിശ്വാസത്തിന്‍റെ നാളം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല.
മകനായിരുന്ന ബേസില്‍ ബാലനായിരുന്നപ്പോള്‍മുതല്‍ ജ്ഞാനവും പ്രസംഗപാടവവും പ്രദര്‍ശിപ്പിച്ചിരുന്നു. യുവാവായിത്തീര്‍ന്നപ്പോള്‍ ബേസില്‍ എമിലിയ എന്ന യുവതിയെ വിവാഹം കഴിച്ചു. ഭക്തയും സുശീലയുമായ എമിലിയ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീര്‍ന്ന ഒരാളുടെ മകളായിരുന്നു. ബേസില്‍-എമിലിയ ദമ്പതികള്‍ക്ക് പത്ത് മക്കളുണ്ടായി. അധികം വൈകാതെ, യൗവനത്തില്‍ത്തന്നെ, കുടുംബനാഥനായ ബേസില്‍ മരണമടഞ്ഞു. അതിനുശേഷം എമിലിയയും കുട്ടികളും ബേസിലിന്‍റെ അമ്മയായ മക്രീനക്കൊപ്പം താമസമാക്കി. മുത്തശ്ശിയുടെ വിശ്വാസജീവിതം ആ കുടുംബത്തെ ആകമാനം ആഴത്തില്‍ സ്വാധീനിക്കുംവിധം ശക്തമായിരുന്നു.
എമിലിയയുടെ മൂത്ത മകള്‍ക്ക് മുത്തശ്ശിയുടെ പേരാണ് നല്കപ്പെട്ടിരുന്നത്, മക്രീന. അവളുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് പ്രതിശ്രുതവരന്‍ മരണപ്പെട്ടു. ഇനി തനിക്ക് ഒരു വിവാഹജീവിതം വേണ്ട എന്ന തീരുമാനത്തിലായി മക്രീന. തുടര്‍ന്ന് അവള്‍ ബ്രഹ്മചര്യവ്രതം സ്വീകരിക്കുകയും സഹോദരങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അടിമകളെ ഒരുമിച്ചുകൂട്ടി ഒരു സന്യസിനീസമൂഹത്തിന് തുടക്കമിടാന്‍ അവള്‍ അമ്മയായ എമിലിയയെയും പ്രചോദിപ്പിച്ചു. അങ്ങനെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എമിലിയ ഒരു സന്യാസസമൂഹം ആരംഭിച്ചു.
മക്രീന ലൗകികസുഖങ്ങള്‍ ത്യജിച്ചതുകണ്ട് പ്രചോദിതനായ സഹോദരന്‍ ബേസിലും സന്യാസം സ്വീകരിക്കാന്‍ തയാറായി. ഇന്ന് പൗരസ്ത്യ സന്യാസത്തിന്‍റെ സ്ഥാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. മറ്റൊരു സഹോദരി തിയോസേബിയ വിശക്കുന്നവരെയും അനാഥരെയും സേവിക്കുകയും പെണ്‍കുട്ടികളെ മാമ്മോദീസ സ്വീകരിക്കാനായി ഒരുക്കുകയും ചെയ്തു. എന്നും സഹോദരന്‍മാരുടെ നിഴലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ സെബാസ്തെ സഹോദരങ്ങളുടെ പല രചനകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു. മറ്റൊരു സഹോദരനായ നൗക്രാത്തിയോസും വിശുദ്ധജീവിതത്തില്‍ പിന്നോട്ടുപോയില്ല.
ഈ കുടുംബം അനേകര്‍ക്ക് ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. അവരുമായി ബന്ധം ഉണ്ടാകുന്നത് ഒരു അഭിമാനകാരണമായി കരുതപ്പെട്ടു. ഈ ശ്രേഷ്ഠതക്കെല്ലാം അടിസ്ഥാനമായത് മറ്റൊന്നുമായിരുന്നില്ല, കുടുംബാംഗങ്ങളില്‍ അനേകര്‍ വിശുദ്ധജീവിതം നയിച്ചു എന്നതാണ്. സഭ ഔദ്യോഗികമായി വിശുദ്ധരെന്ന് വിളിക്കുന്ന പന്ത്രണ്ടോളം പേര്‍ കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
വിശുദ്ധ മക്രീന ദി എല്‍ഡര്‍, മകനായ വിശുദ്ധ ബേസില്‍ ദി എല്‍ഡര്‍, അദ്ദേഹത്തിന്‍റെ ഭാര്യ വിശുദ്ധ എമിലിയ, വിശുദ്ധ എമിലിയയുടെ രക്തസാക്ഷിയായ പിതാവ്, ബേസിലിന്‍റെയും എമിലിയയുടെയും മക്കളായ സഭാപിതാവും വേദപാരംഗതനും മെത്രാനുമായ മഹാനായ വിശുദ്ധ ബേസില്‍, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, സെബാസ്തയിലെ വിശുദ്ധ പീറ്റര്‍, സന്യാസിയായിരുന്ന വിശുദ്ധ നൗക്രാത്തിയോസ്, സന്യാസിനിയായിരുന്ന വിശുദ്ധ മക്രീന ദി യങ്ങര്‍, വിശുദ്ധ തെയോസേബിയ എന്നിവരാണ് ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെട്ടവര്‍.
ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും കുടുംബത്തിലെ മറ്റ് സഹോദരങ്ങളും ഉത്തമവിശ്വാസജീവിതം നയിച്ചിരുന്നു എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. കുടുംബമൊന്നിച്ച് വിശുദ്ധിയില്‍ വളരുന്നത് എത്രയോ മനോഹരവും ശ്രേഷ്ഠവുമാണെന്ന് ഈ കുടുംബം നമ്മെ ഓര്‍മിപ്പിക്കുന്നു. താനൊരു ദൈവഭക്തനായി വളര്‍ന്നതിന്‍റെ പ്രധാനകാരണം കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച മുത്തശ്ശിയായ വിശുദ്ധ മക്രീനയാണെന്ന് മഹാനായ വിശുദ്ധ ബേസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായി വിശ്വാസം പരിശീലിക്കുന്ന കുടുംബങ്ങള്‍ വിശുദ്ധമായി വളരുകതന്നെ ചെയ്യും.
'ഞാന്‍ ചെറുപ്പത്തില്‍ സ്കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ ‘പലഹാരമോഷണം’ അമ്മ ശ്രദ്ധിക്കുകയുമില്ല.
സ്കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്. കാരണം അതിനൊരു പ്രത്യേക സന്തോഷമുണ്ട്. ചെറിയ കാര്യമാണെന്ന് വിചാരിച്ച് പറയാതിരിക്കുന്നതല്ല, നിസാരകാര്യമാണെങ്കില്‍പ്പോലും എണ്ണിപ്പെറുക്കി പറയുന്ന കുട്ടികളുടെ രീതിയാണ് അമ്മമാര്‍ക്ക് ഇഷ്ടം. ആ മക്കളോട് അവര്‍ക്കൊരു വാത്സല്യം അധികം കാണും, ശരിയല്ലേ?
എന്നാല്‍ അതിലും സുന്ദരമായ കാര്യമാണ് ഈശോയോട് ഓരോ കാര്യങ്ങളും എണ്ണിപ്പെറുക്കി പറയുന്നത്. നമ്മള്‍ നമ്മുടെ പരാതിയും ആവലാതിയും പറയുന്നത് കുറച്ചിട്ട് ഈശോയോട് ഒരു സന്തതസഹചാരിയോടെന്നപോലെ, ഒരു ഉറ്റസുഹൃത്തിനോടെന്നപോലെ, ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നുനോക്കൂ. ഈശോയെ ഞാന്‍ പഠിക്കാനിരിക്കുകയാണ് കേട്ടോ, ഞാന്‍ കളിക്കാന്‍ പോകുകയാണേ, ഞാന്‍ ഇപ്പോള്‍ വാട്സാപ്പ് ഓപ്പണാക്കുകയാണേ, ഞാന്‍ കുറച്ച് വെള്ളം കുടിക്കാന്‍ പോകുകയാണ് കേട്ടോ, ഈശോയെ നീയും വാ കൂടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് കേട്ടോ… ഇങ്ങനെ കൊച്ചുകൊച്ചു വാക്കുകള്‍ ഉപയോഗിച്ച് ഈശോയോട് നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടണം.
ഇങ്ങനെ നിങ്ങള്‍ ചെയ്തുതുടങ്ങിയാല്‍, അത്ഭുതകരമായ റിസല്‍റ്റ് കാണാന്‍ പറ്റും. മറന്നുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും, തീരുമാനങ്ങള്‍ അപ്പപ്പോള്‍ത്തന്നെ എടുക്കാന്‍ പറ്റും, വരാന്‍ പോകുന്ന ആവശ്യം മുമ്പേ കാണിച്ചുതന്ന് ഈശോ നമ്മെ സഹായിക്കുന്ന അനുഭവങ്ങളുണ്ടാകും.. എന്നിങ്ങനെ അനുദിനജീവിതം ‘ത്രില്ലാ’യി മാറും, ഉറപ്പ്!
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ പറയുന്നത് ഇങ്ങനെയാണ്, “പിതാവ്, സഹോദരന്‍, യജമാനന്‍, മണവാളന്‍ എന്നീ നിലകളില്‍ മാറിമാറി അവിടുത്തോട് നിങ്ങള്‍ സംസാരിക്കുക. അവിടുത്തെ തൃപ്തിപ്പെടുത്താന്‍ ഏതുവിധത്തിലാണ് നിങ്ങള്‍ അവിടുത്തെ വിളിക്കേണ്ടതെന്നു അവിടുന്നുതന്നെ നിങ്ങളെ പഠിപ്പിക്കും” (സുകൃതസരണി)
ഇപ്പോള്‍ത്തന്നെ കണ്ടെത്തുക, സംസാരിച്ചുതുടങ്ങുക. എനിക്ക് എന്‍റെ ഈശോ ആരെപ്പോലെയാണ്? ഡാഡിയെപ്പോലെ, അതോ ബോസ്സിനെപ്പോലെയോ? അതല്ലെങ്കില്‍ ഒരു ഫ്രണ്ട്? അതുമല്ലെങ്കില്‍ ഒരു പ്രിയപ്പെട്ടവന്‍? ഏതായാലും എങ്ങനെയായാലും ഇന്നുതന്നെ, ഇപ്പോള്‍ത്തന്നെ, സംസാരിച്ചുതുടങ്ങുക. എന്നിട്ട് ഈ അനുഭവം മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുക. എല്ലാവരും ഈശോയോട് എപ്പോഴും സംസാരിക്കട്ടെ.
“ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്” (സുഭാഷിതങ്ങള്‍ 16/24).
'വത്തിക്കാന്‍: നാസിപ്പടയാല്‍ ദാരുണമായി വധിക്കപ്പെട്ട ഒമ്പതംഗ പോളിഷ് കുടുംബം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ജോസഫ് – വിക്ടോറിയ ഉല്‍മ ദമ്പതികളും അവരുടെ ഗര്‍ഭസ്ഥശിശുവടക്കമുള്ള ഏഴ് മക്കളുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയരുന്നത്. മാര്‍ക്കോവ എന്ന ഗ്രാമത്തിലെ തങ്ങളുടെ വീട്ടില്‍ സഹജീവികളായ എട്ട് ജൂതര്‍ക്ക് അഭയം നല്കി എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം.
ഉത്തമക്രൈസ്തവജീവിതം നയിച്ചിരുന്ന ഈ ദമ്പതികള്‍ക്ക് അവരുടെ അയല്‍ക്കാരെ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല. അതിനാല്‍ത്തന്നെ സ്വന്തം ജീവന്‍ അപകടത്തിലാവുന്നതിന് സാധ്യതയുണ്ടെങ്കിലും അവര്‍ ജൂതരെ കൊലയാളികളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. അക്കാര്യം കണ്ടുപിടിക്കപ്പെട്ടതോടെ നാസിപ്പട ഇവരുടെ വീട് വളയുകയായിരുന്നു. 1944 മാര്‍ച്ച് 24 -നായിരുന്നു സംഭവം. ജൂതരെമാത്രമല്ല ജോസഫിനെയും ഗര്‍ഭിണിയായിരുന്ന വിക്ടോറിയയെയും അരുംകൊല ചെയ്ത് നീങ്ങിയ നാസിപ്പടയുടെ ശ്രദ്ധ മാതാപിതാക്കളുടെ മൃതദേഹം കണ്ട് ഭയന്ന് നിലവിളിക്കുന്ന മക്കളിലായി. അവരെയും നിഷ്കരുണം വധിച്ചുകൊണ്ടാണ് അക്രമിസംഘം അവിടം വിട്ടത്.
സ്റ്റാനിസ്ലാവ (8), ബാര്‍ബറ (7), വ്ലാഡിസ്ലാവ് (6), ഫ്രാന്‍സിസെക് (4), അന്‍റോണി (3), മരിയ (2), വിക്ടോറിയയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞ് എന്നിവരാണ് മാതാപിതാക്കള്‍ക്കൊപ്പം രക്തസാക്ഷികളായത്. ഉല്‍മ കുടുംബത്തിന്‍റെ പേരില്‍ ഒരു മ്യൂസിയം 2016-ല്‍ പോളണ്ടില്‍ പ്രസിഡന്‍റ് ആന്ദ്രെസ് ഡ്യൂഡ ഉദ്ഘാടനം ചെയ്തിരുന്നു. വിശ്വാസധീരരായ ഉല്‍മ കുടുംബം ധീരോചിതമായി ക്രിസ്തുവിശ്വാസം ജീവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.
'