- Latest articles

മെജുഗോറിയയിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പത്രവും ടെലിവിഷനും റേഡിയോയും മുഖേന യുഗോസ്ലാവിയ ഒട്ടാകെ പടര്‍ന്നു. ദര്‍ശനങ്ങളുടെ സ്വാധീനം അങ്ങ് ദൂരെ ബെല്‍ഗ്രേഡ്, യൂഗോസ്ലാവിയയുടെ തലസ്ഥാനം വരെ മാറ്റൊലിയുണ്ടാക്കി. കമ്മ്യൂണിസ്റ്റുകാര്‍- അവരുടെ സമ്മര്‍ദത്തിന് തലകുനിക്കുവാന്‍ ഞങ്ങള്‍ കാണിച്ച വൈമുഖ്യവും അവരുടെ നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന ഭീതിയും നിമിത്തം ക്രോധംപൂണ്ട് എത്രയും വേഗം ഇവയെല്ലാം അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ പട്ടാളം ഗ്രാമത്തിലേക്ക് ഇരച്ചുകയറി. തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ യത്നിക്കുമ്പോള്‍ അവര്‍ക്കു മീതെ ഹെലികോപ്റ്ററുകള്‍ ഇരമ്പി നീങ്ങി. ഭീമാകാരമായ ഒരു കടന്നല്‍ക്കൂട് ഇളക്കിയ പ്രതീതിയായിരുന്നു മെജുഗോറിയയില്‍. ഇപ്പോള്‍ ദര്‍ശകരുടെ വിസ്താരങ്ങള്‍ നടത്തിപ്പോന്നത് പ്രാദേശിക പോലീസായിരുന്നില്ല, മറിച്ച് കേന്ദ്ര പോലീസായിരുന്നു. വിസ്താരങ്ങള്‍ കൂടുതല്‍ തീവ്രവും ദൈര്‍ഘ്യമേറിയതും ആയി.
ഞങ്ങള്‍ മുതിര്‍ന്നവരായിരുന്നെങ്കില്‍, കമ്മ്യൂണിസ്റ്റുകാര്‍ ഞങ്ങളെ നിഗൂഢമായ ഏതെങ്കിലും ഇരുണ്ട തടവറയില്‍ ഒതുക്കിയിരുന്നേനേ…
അല്ലെങ്കില്‍ എന്‍റെ മുത്തശ്ശന്‍ അന്തര്‍ദ്ധാനം ചെയ്തതു പോലെ ഞങ്ങളെയും കാണാതെ ആയേനേ… അതുകൊണ്ടുതന്നെ, എത്രമാത്രം ക്രൂരര്‍ ആയിരുന്നെങ്കില്‍ പോലും, കുട്ടികളെ തടവിലാക്കിയാല്‍ പൊതുജനരോഷം നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഒരു നിലയ്ക്ക്, ഞങ്ങളുടെ യൗവനം ഞങ്ങള്‍ക്ക് സുരക്ഷ നല്‍കി. എന്നാലും, ഞങ്ങളെ ഭയപ്പെടുത്തുന്നതില്‍നിന്ന് അവരെ തടയുവാന്‍ ഒന്നും ഉണ്ടായിരുന്നില്ല.
ഭീതിജനകമായ അനുഭവങ്ങള്‍ക്കിടയിലും, ആവേശത്തിനും കാരണങ്ങളുണ്ടായിരുന്നു. എല്ലാ പ്രഭാതവും ഒരു പുതിയ സാഹസത്തിന്‍റെയോ ആശ്ചര്യത്തിന്‍റെയോ വാഗ്ദാനവുമായാണ് വന്നത്.
ചിലപ്പോള്‍, ഒരേ വൈകുന്നേരം തന്നെ ഞങ്ങള്‍ പലവട്ടം നാഥയെ ദര്‍ശിക്കാനിടയായി. പോലീസുകാര്‍ നിരന്തരം ഞങ്ങളെ പിന്തുടരുകയും ഞങ്ങളുടെ ക്രമം തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് അവരില്‍നിന്ന് രക്ഷപ്പെടുവാന്‍ ഞങ്ങള്‍ നിരന്തരം സമാഗമസ്ഥലം മാറ്റിക്കൊണ്ടിരുന്നു. ഞങ്ങളിലൊരാളുടെ വീടിനു പുറകിലെ കാട്ടില്‍, കാടു കയറിയ ഒരു വയലിന്‍റെ നടുവില്‍, ഒരു തണല്‍മരത്തോട്ടത്തില്‍- എന്തുകൊണ്ടോ പ്രകൃതിയുടെ ഏകാന്തതയില്‍ നാഥയുടെ ദര്‍ശനങ്ങള്‍ അനുഭവിക്കുന്നത് സമുചിതമായി തോന്നി.
വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു സന്ദേശത്തില്‍ നാഥ പറയുകയുണ്ടായി, ”ഇന്ന് ഞാന്‍ നിങ്ങളെ പ്രകൃതിയെ നിരീക്ഷിക്കുവാന്‍ ക്ഷണിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെ നിങ്ങള്‍ ദൈവത്തെ കണ്ടുമുട്ടും.” വേറെ ഒരു സന്ദേശത്തില്‍, ”പ്രകൃതിയുടെ വര്‍ണ്ണങ്ങളില്‍ സ്രഷ്ടാവായ ദൈവത്തിന് മഹത്വം നല്‍കുവാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. ഏറ്റവും ചെറിയ ഒരു പുഷ്പത്തില്‍ക്കൂടിപ്പോലും ദൈവം തന്‍റെ സൗന്ദര്യത്തെപ്പറ്റിയും തന്‍റെ സ്‌നേഹത്തിന്‍റെ ആഴത്തെപ്പറ്റിയും നമ്മളോട് സംസാരിക്കുന്നു.”
1981 ഓഗസ്റ്റ് 2ന്, നാഥ സാധാരണ സമയത്ത് പ്രത്യക്ഷപ്പെട്ടിട്ട് ആ വൈകുന്നേരം വീണ്ടും നാഥയെ കാത്തിരിക്കുവാന്‍ ആവശ്യപ്പെട്ടു. ആദ്യകാലത്തുള്ള പല ദര്‍ശനങ്ങളുടെയും, ഇതിന്‍റെയും, ഓര്‍മ്മകള്‍ എനിക്ക് വ്യക്തമല്ല. എന്നാല്‍ നാഥ ഇങ്ങനെ പറഞ്ഞുവെന്ന് മരിയ രേഖപ്പെടുത്തി, ”നിങ്ങള്‍ എല്ലാവരും ഒരുമിച്ച് ഗുമ്‌നോയിലെ പുല്‍ത്തകിടിയില്‍ പോകൂ. ഒരു ഭയാനകമായ യുദ്ധം വിവൃതമാക്കപ്പെടുവാന്‍ പോവുകയാണ്- എന്‍റെ മകനും സാത്താനും തമ്മിലുള്ള യുദ്ധം. മനുഷ്യാത്മാക്കള്‍ സന്ദിഗ്ധ സ്ഥിതിയിലാണ്.”
അന്നുതന്നെ വൈകിട്ട്, ഞങ്ങള്‍ എന്‍റെ അങ്കിളിന്‍റെ വീടിന് സമീപം ഗുമ്‌നോ എന്നറിയപ്പെടുന്ന പ്രദേശത്തേക്കു പുറപ്പെട്ടു. ഞങ്ങളുടെ ഭാഷയില്‍ ഗുമ്‌നോ എന്നാല്‍ മെതിക്കളം എന്നാണ്്. ഏകദേശം നാല്‍പ്പത് ആളുകള്‍ ഞങ്ങളോടൊപ്പം ഗുമ്‌നോയില്‍ സമ്മേളിച്ചു. അവിടുത്തെ ചുമന്ന മണ്ണില്‍ മുട്ടുകുത്തി നിന്നപ്പോള്‍ ചീവീടുകള്‍ ചിലയ്ക്കുന്നതും കൊതുകുകള്‍ മുഖത്തിനു ചുറ്റും മൂളിക്കൊണ്ട് പാറി നടക്കുന്നതും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനയില്‍ മുഴുകി നിന്നു. പെട്ടെന്ന് നാഥ പ്രത്യക്ഷപ്പെട്ടു.
ആളുകളില്‍ ചിലര്‍ അവര്‍ക്കു നാഥയെ സ്പര്‍ശിക്കാമോ എന്ന് ചോദിച്ചു. ഞങ്ങള്‍ അവരുടെ ആവശ്യം അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെ ആണോ സ്പര്‍ശിക്കേണ്ടത് അവര്‍ക്കു തന്നെ സമീപിക്കാമെന്ന് നാഥ പറഞ്ഞു.
ഒന്നൊന്നായി, ഞങ്ങള്‍ ആളുകളുടെ കൈയില്‍ പിടിച്ച് അവരെ നാഥയുടെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നതിനായി വഴികാട്ടി. ഞങ്ങള്‍ക്ക് അത് വിചിത്രമായ ഒരനുഭവമായിരുന്നു- ഞങ്ങള്‍ക്ക് മാത്രമേ നാഥയെ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമായിരുന്നു. ഞങ്ങളുടെ വീക്ഷണത്തില്‍, നാഥയെ തൊടുവാനായി ആളുകളെ വഴികാട്ടുന്നത് അന്ധരെ നയിക്കുന്നത് പോലെയായിരുന്നു.
അവരുടെ പ്രതികരണങ്ങള്‍ മനോഹരമായിരുന്നു, പ്രത്യേകിച്ചും കുട്ടികളുടെ. മിക്ക ആളുകള്‍ക്കും എന്തോ അനുഭവം ഉണ്ടായതുപോലെ തോന്നി. വളരെ കുറച്ചു പേര്‍ വൈദ്യുതി കടന്നു പോകുന്നത് പോലെയുള്ള അനുഭൂതി രേഖപ്പെടുത്തി. മറ്റുള്ളവര്‍ വികാരനിര്‍ഭരരായി കാണപ്പെട്ടു. എന്നാല്‍ കൂടുതല്‍ ആളുകള്‍ നാഥയെ സ്പര്‍ശിച്ചപ്പോള്‍, നാഥയുടെ വസ്ത്രത്തില്‍ കറുത്ത പാടുകള്‍ രൂപപ്പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ പാടുകളെല്ലാം കട്ടപിടിച്ചു കരിനിറത്തില്‍ വലിയ കറയായിമാറി. അത് കണ്ടതും ഞാന്‍ കരഞ്ഞു. ”നാഥയുടെ വസ്ത്രം!” മരിയയും നിലവിളിച്ചു.
ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്ത പാപങ്ങളെ ആ കറകള്‍ സൂചിപ്പിക്കുന്നുവെന്ന് നാഥ വിശദീകരിച്ചു. പെട്ടെന്ന് നാഥ അപ്രത്യക്ഷയായി. കുറച്ചുനേരം പ്രാര്‍ത്ഥിച്ചതിനുശേഷം, ഞങ്ങള്‍ ആ ഇരുട്ടില്‍ അവിടെ നിന്ന് ഞങ്ങള്‍ കണ്ടതൊക്കെ ആളുകളോട് വിവരിച്ചു. അവരും ഞങ്ങളുടെ അത്രത്തോളം തന്നെ അസ്വസ്ഥരായി. അവിടെയുള്ളവര്‍ എല്ലാവരും തന്നെ കുമ്പസാരത്തിനു പോകണമെന്ന് ആരോ നിര്‍ദേശം മുന്നോട്ടു വച്ചു. അടുത്ത ദിവസം, അനുതപിച്ചു ഗ്രാമീണര്‍ പുരോഹിതരുടെ പക്കലേക്കു പ്രവഹിച്ചു.
ദിവസേനയുള്ള ഈ കൂടിക്കാഴ്ചകളില്‍ നാഥ പ്രാര്‍ത്ഥന, ഉപവാസം, കുമ്പസാരം, ബൈബിള്‍ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നീ കാര്യങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പിന്നീട്, ആളുകള്‍ ഇവ നാഥയുടെ ‘പ്രധാന സന്ദേശങ്ങള്‍’ ആയി തിരിച്ചറിഞ്ഞു. അഥവാ, ഫാ. യോസോ അവയെ വിശേഷിപ്പിച്ചതു പോലെ, നാഥയുടെ ‘അഞ്ചു കല്ലുകള്‍.’ നാഥ നമ്മളോടു പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും പറയുമ്പോളും, അതിന് അതിനാല്‍ത്തന്നെ യാതൊരു പ്രയോജനവും ഇല്ല. വിശ്വാസം ജീവിക്കുന്നതിന്‍റെ ഫലം, സ്‌നേഹമാണ്. നാഥ തന്‍റെ ഒരു സന്ദേശത്തില്‍ പറഞ്ഞതുപോലെ, ”എല്ലാത്തിലുമുപരി തന്‍റെ കുട്ടികളെ സ്‌നേഹിക്കുന്ന ഒരമ്മയെന്ന പോലെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നു. എന്‍റെ കുട്ടികളേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുവാന്‍ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.”
നാഥയുടെ സ്വര്‍ഗ്ഗീയമായ സൗന്ദര്യം ആദ്യം മുതല്‍ തന്നെ ഞങ്ങളുടെ മനം കവര്‍ന്നിരുന്നു. ഒരു ദിവസം, പ്രത്യക്ഷീകരണത്തിനിടയില്‍, ഞങ്ങള്‍ നാഥയോടു ബാലിശമായ ഒരു ചോദ്യം ചോദിച്ചു: ”നാഥ ഇത്ര സൗന്ദര്യവതി ആയിരിക്കുന്നത് എങ്ങനെയാണ്?”
നാഥ മൃദുവായി പുഞ്ചിരിച്ചു. ”ഞാന്‍ സൗന്ദര്യവതി ആയിരിക്കുന്നത് ഞാന്‍ സ്‌നേഹിക്കുന്നതിനാലാണ്,” നാഥ പറഞ്ഞു. ”നിങ്ങളും സൗന്ദര്യം ആഗ്രഹിക്കുന്നുവെങ്കില്‍, സ്‌നേഹിക്കുവിന്‍.”
നാം ഉള്ളില്‍ വിശുദ്ധി പാലിക്കുന്നുണ്ടെങ്കില്‍, ഹൃദയം മുഴുവന്‍ സ്‌നേഹം നിറച്ചെങ്കില്‍, പുറത്തും നമ്മള്‍ സൗന്ദര്യമുള്ളവരാകും. ആ രീതിയിലുള്ള സൗന്ദര്യമാണ് നാഥ നമുക്കും ആഗ്രഹിക്കുന്നത്.
പരിശുദ്ധ കന്യകയുമായുള്ള ദൈനംദിന കൂടിക്കാഴ്ച്ചകളില്‍ നിന്നും, നാഥയ്ക്ക് മെജുഗോറിയയെക്കുറിച്ചുള്ള പദ്ധതികള്‍ ആ ഗ്രാമത്തിനു വേണ്ടിയോ, യുഗോസ്ലാവിയ മുഴുവനും വേണ്ടിയോ മാത്രം പരിമിതമല്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഭൂമി മുഴുവന്‍ പരിവര്‍ത്തനം കൊണ്ടുവരാനാണ് നാഥ വന്നിരിക്കുന്നത്.
'
തന്‍റെ കുട്ടിയോടുള്ള വാത്സല്യം നിമിത്തം ആ അമ്മ കുട്ടി പഠിക്കുന്ന പ്രൈമറി സ്‌കൂളില്‍ ഒരു വോളന്‍റീര്‍ ആയി നില്‍ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ ആ അമ്മയ്ക്ക് ഒരു കാര്യം മനസിലായി. കുട്ടികള്‍ക്ക് എപ്പോഴും പരാതിയാണ്. ‘അവള്‍ എന്നെ ഇടിച്ചു,’ ‘അവന്‍ എന്‍റെ പുസ്തകം എടുത്തു’…
ഈ കുട്ടികളുടെ പരാതി മാറ്റി അവരെ നന്മയില്‍ വളര്‍ത്താന്‍ എന്തുചെയ്യാന്‍ കഴിയും എന്നായി അവളുടെ ചിന്ത.
പരാതികള്‍ക്കുപകരം മറ്റ് കുട്ടികള്‍ തങ്ങള്‍ക്ക് ചെയ്ത നന്മകള്‍ ഒരു കടലാസുതുണ്ടിലെഴുതി ക്ലാസ് ടീച്ചറിന് നല്കുക എന്ന ആശയം ലഭിച്ചു. സ്‌കൂള്‍ അധികൃതരുടെ അനുവാദത്തോടെ ആ ആശയം നടപ്പിലാക്കി.
‘ഒറ്റയ്ക്കിരുന്നപ്പോള്‍ അടുത്തുവന്നിരുന്നു’, ‘പേന നിലത്തുനിന്ന് എടുത്തുതന്നു’… എന്നിങ്ങനെയുള്ള കൊച്ചുകൊച്ചുനന്മപ്രവൃത്തികളായിരുന്നു കുട്ടികള്‍ നല്കിയ കടലാസുതുണ്ടുകളില്‍…. ആ അമ്മ അത് സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ച് അലങ്കരിച്ചു.
സാവധാനം ഈ പദ്ധതി കുട്ടികളില്‍ ഒരു ആവേശമായി മാറുകയും അവര്‍ കൂടുതല്‍ നന്മ ചെയ്യുന്നവരാവുകയും ചെയ്തു.
'
ജീവിതത്തിന്‍റെ വഴിത്താരകളിലൂടെ കടന്നുപോകുമ്പോള്‍ മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ സാധിക്കാത്ത പലരെയും അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. എന്‍റെ ജീവിതത്തിലും ഇങ്ങനെയള്ള ഒരവസ്ഥയെ പലവട്ടം നേരിടേണ്ടി വന്നിട്ടുണ്ട്. മനസുകൊണ്ട് തീരെ അംഗീകരിക്കുവാന്‍ കഴിയാത്ത ഒരാളെ അല്ലെങ്കില്‍ ഒരു അധികാരവൃന്ദത്തെ അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമ്പോഴുള്ള ഹൃദയവ്യഥയും വിമ്മിഷ്ടവും പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഒരു നീണ്ട കാലഘട്ടത്തിലെ എന്‍റെ കുമ്പസാരത്തിലെ സ്ഥിരമുള്ള ഏറ്റുപറച്ചിലിന്‍റെ വിഷയവും ഇതുതന്നെയായിരുന്നു. എനിക്ക് പലരെയും മനസുകൊണ്ട് അംഗീകരിക്കുവാന്‍ കഴിയുന്നില്ല എന്നത്.
പരസ്‌നേഹത്തിന് വിരുദ്ധമായ അല്ലെങ്കില്‍ നിലവിലുള്ള അധികാരങ്ങളുടെ കീഴ്‌പ്പെടലിന് വിരുദ്ധമായ ഒരു പാപംതന്നെയായിട്ടാണ് ആ നാളുകളില്‍ എന്‍റെ മനസിന്‍റെ തലങ്ങളിലുള്ള ആ അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയെ ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ തിരുവചനത്തിന്‍റെ ഏടുകളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളില്‍ കര്‍ത്താവിന്‍റെ അരൂപി എന്‍റെ ആ തെറ്റിദ്ധാരണയെ തിരുത്തി. കര്‍ത്താവായ യേശുവിന്‍റെ ജീവിതത്തിലും അവിടുത്തേക്ക് ഹൃദയംകൊണ്ട് അംഗീകരിക്കാന്‍ പറ്റാത്ത പലരും ഉണ്ടായിരുന്നുവെന്നും അവരില്‍ ചിലരെയെങ്കിലും നിശബ്ദമായി അനുസരിക്കേണ്ടിവന്ന അവസ്ഥയിലൂടെ യേശുവും കടന്നുപോയിട്ടുണ്ടെന്നും തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞു. ആ തിരിച്ചറിവ് എനിക്ക് വലിയൊരാശ്വാസവും ശക്തിയുമായിരുന്നു.
ജനക്കൂട്ടത്തോടും തന്‍റെ ശിഷ്യന്മാരോടും യേശു ഇപ്രകാരം അരുളിച്ചെയ്തു: ”നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍ അവര്‍ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്” (മത്തായി 23/1-3). നമ്മുടെ ജീവിതത്തില്‍ നമുക്ക് പലരെയും അനുസരിക്കേണ്ടി വന്നേക്കാം. പക്ഷേ നമ്മളാരും നമ്മുടെ ഹൃദയംകൊണ്ട് അംഗീകരിക്കാന്‍ കഴിയാത്തവരെ അനുകരിക്കാന്‍ തയാറാവുകയില്ല. നമ്മുടെ ഹൃദയംകൊണ്ട് നാം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നവരെയാണ് നാം അനുകരിക്കുവാന്‍ ശ്രമിക്കുകയും നമ്മുടെ റോള്‍മോഡലുകളായി തിരഞ്ഞെടുക്കുകയും ചെയ്യുന്നത്.
നിയമജ്ഞരെയും ഫരിസേയരെയും അനുകരിക്കരുത് എന്നു പറയാനുള്ള കാരണവും യേശു തന്‍റെ വചനങ്ങളിലൂടെ വ്യക്തമാക്കി. ”അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍പോലും അനക്കാന്‍ തയാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്” (മത്തായി 23/3-4). മത്തായി 23-ന്‍റെ തുടര്‍ന്നുവരുന്ന വരികളിലെ ഓരോ വാക്കുകളും നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യങ്ങള്‍ക്കുനേരെയുള്ള കനത്ത ചാട്ടവാറടികളാണെന്ന് ആ അധ്യായത്തിന്‍റെ വരികളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും! യേശുവിന് അവരെയും അവരുടെ പ്രവൃത്തികളെയും തീരെ അംഗീകരിക്കാന്‍ കഴിയുന്നില്ല. അവയൊന്നും ഒരിക്കലും നിങ്ങള്‍ അനുകരിക്കരുതെന്ന് തന്‍റെ ശിഷ്യന്മാര്‍ക്കും ജനങ്ങള്‍ക്കും മുന്നറിയിപ്പു കൊടുക്കുമ്പോള്‍ത്തന്നെ അവിടുന്നു പറയുന്നു. നിങ്ങള്‍ അവരെ അനുസരിക്കുവിന്‍. കാരണം അവര്‍ ഇരിക്കുന്ന സിംഹാസനം മോശയുടേതാണ്.
ഹേറോദേസില്‍ ഒരു കുറുക്കന്‍
ഒരു ജനത്തിന്‍റെ ഭരണാധികാരിയെ (രാജാവിനെ) കയറി കുറുക്കനെന്ന് സംബോധന ചെയ്യാന്‍ തക്ക ചങ്കുറപ്പ് തന്‍റെ പരസ്യജീവിതത്തിന്‍റെ അവസാനഘട്ടത്തില്‍ യേശു കാണിക്കുന്നു! യേശുവിന് അത്രമേല്‍ ആ അധികാരിയെ അംഗീകരിക്കുവാന്‍ കഴിയുന്നില്ല എന്ന് അവിടുത്തെ വാക്കുകള്‍ വ്യക്തമാക്കുന്നു. അവിടുന്ന് ഫരിസേയരോടായി ഇപ്രകാരം പറയുന്നു ”നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍. ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാം ദിവസം എന്‍റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും” (ലൂക്കാ 13/32).
എന്നെ തല്ലാന്‍ നിനക്കെന്താ കാര്യം?
യേശുവിനെ നാം എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് ശാന്തശീലനും വിനീതഹൃദയനും കരുണാസമ്പന്നനും കീഴ്‌വഴക്കമുള്ളവനും ഒക്കെയായിട്ടാണ്. യേശു അങ്ങനെതന്നെയാണുതാനും. പക്ഷേ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തനിക്കുനേരെ അന്യായമായി കൈ ഉയര്‍ത്തുന്നവര്‍ക്കെതിരെ ചൂടായിത്തന്നെ ചോദ്യം ചെയ്യാന്‍ അവിടുന്നു മുതിരുന്നത് നമുക്ക് കാണാന്‍ കഴിയും. തന്‍റെ പീഡാസഹനവേളയിലെ വിചാരണക്കിടയില്‍ പ്രധാന പുരോഹിതന്‍ യേശുവിനെയും അവിടുത്തെ പ്രബോധനത്തെയുംകുറിച്ച് ചോദ്യം ചെയ്തു. അവിടുന്ന് ചങ്കുറപ്പോടുകൂടിത്തന്നെ പ്രധാന പുരോഹിതന് ഉത്തരം കൊടുത്തു. ”ഞാന്‍ പരസ്യമായിട്ടാണ് ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദൈവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്… ഞാന്‍ പറഞ്ഞതെന്താണെന്ന് അതുകേട്ടവരോട് ചോദിക്കുക” (യോഹന്നാന്‍ 18/20-21).
അവനിതു പറഞ്ഞപ്പോള്‍ അടുത്തുനിന്ന സേവകന്മാരില്‍ ഒരാള്‍ ”ഇങ്ങനെയാണോ പ്രധാന പുരോഹിതനോടു മറുപടി പറയുന്നത് എന്നുചോദിച്ച് യേശുവിന്‍റെ മുഖത്തടിച്ചു. യേശു അവനോടു പറഞ്ഞു ”ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കില്‍ എന്തിനു നീയെന്നെ അടിക്കുന്നു?” നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, ‘ഞാന്‍ സത്യമാണ് പറഞ്ഞതെങ്കില്‍ എന്നെ തല്ലാന്‍ നിനക്കെന്താ കാര്യം?’ എന്നുതന്നെയാണ് ആ ചോദ്യത്തിന്‍റെ അര്‍ത്ഥം. പീഡാനുഭവവേളയിലെ ഓരോ ചോദ്യംചെയ്യലിന്‍റെ മുമ്പിലും യേശു തികഞ്ഞ ചങ്കുറപ്പോടുകൂടിത്തന്നെയാണ് മറുപടി പറയുന്നതെന്ന് നമുക്ക് പീഡാനുഭവചരിത്രം വായിക്കുമ്പോള്‍ കാണാന്‍ കഴിയും.
ദൈവാലയ ശുദ്ധീകരണം യേശുവിന്‍റെ തനിമുഖം!
യേശു ശാന്തശീലനും വിനീതഹൃദയനും ആണെന്നത് ശരിതന്നെ. പക്ഷേ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു മുഖം യേശുവിനുണ്ട്. വെളിപാടിന്‍റെ പുസ്തകം അഞ്ചാം അധ്യായം അഞ്ചാം വചനത്തില്‍ യേശുവിന്‍റെ ഗാംഭീര്യമുള്ള സിംഹമുഖം വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. പീഡാനുഭവവേളകളില്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കാന്‍ കൊണ്ടുപോകുന്ന ചെമ്മരിയാടിനെയുംപോലെ നിരുപാധികം കീഴടങ്ങി മിണ്ടാതെ, ഉരിയാടാതെ കൊലമരത്തെ നോക്കി നടന്നുനീങ്ങുന്ന യേശു ഉള്ളിന്‍റെയുള്ളില്‍ കരുത്തുള്ള ഒരു സിംഹവുംകൂടിയാണെന്ന് വെളിപാട് 5/5 ല്‍ പറയുന്നു. അപ്പോള്‍ ശ്രേഷ്ഠന്മാരില്‍ ഒരാള്‍ എന്നോടു പറഞ്ഞു. കരയാതിരിക്കൂ. ”ഇതാ യൂദയാ വംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്‍റെ വേരുമായവന്‍ വിജയം വരിച്ചിരിക്കുന്നു.”
ജറുസലേം ദൈവാലയ വിശുദ്ധീകരണത്തിന്‍റെ സമയത്ത് (യോഹന്നാന്‍ രണ്ടാം അധ്യായം) ഈ സിംഹരാജനെ തനിരൂപത്തില്‍ നമുക്ക് കാണാന്‍ കഴിയും. ‘അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു’ എന്നു വചനം പൂര്‍ത്തിയാകുമാറ് ദൈവാലയത്തിന്‍റെ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കനത്ത ക്രമക്കേടുകളിലേക്ക് ചാട്ടവാറുമായി പാഞ്ഞടുത്ത, അവിടെ അടിച്ചു നിരപ്പാക്കുന്ന യേശുവിന്‍റെ മുഖം ഒരിക്കലും ഒരു ശാന്തശീലന്‍റെയോ വിനീതഹൃദയന്‍റെയോ അല്ല. പിന്നെയോ കോപിഷ്ഠനായ ഒരു സിംഹരാജന്‍റെതാണ്. ക്രിസ്തീയത എന്നു പറയുന്നത് വിധേയത്വവും അനുസരണവും മാത്രമല്ല, അംഗീകരിക്കുവാന്‍ ഒട്ടുമേ കഴിയാത്ത ക്രമക്കേടുകളുടെ നേര്‍ക്കുള്ള ക്രിയാത്മകവും തീക്ഷ്ണവുമായ പ്രതികരണംകൂടിയാണെന്ന് യൂദായുടെ ഈ സിംഹരാജന്‍ വ്യക്തമാക്കുന്നു.
വിധേയത്വത്തിന്‍റെയും അനുസരണത്തിന്‍റെയും പേരില്‍ മനുഷ്യമനഃസാക്ഷിക്ക് അംഗീകരിക്കാനാവാത്തതു പലതും സഭയ്ക്കുള്ളിലും സഭയ്ക്കുപുറത്തും അരങ്ങേറുമ്പോള്‍ അവിടെ ശാന്തശീലരും വിനീതഹൃദയരുമായി പതുങ്ങിക്കൂടിയിരിക്കുക എന്നതാണ് യഥാര്‍ത്ഥ ക്രിസ്തീയവിധേയത്വം എന്ന് നാം വല്ലാതെ തെറ്റിദ്ധരിച്ചുപോയിരിക്കുന്നു. വിജയം വരിച്ച യൂദായുടെ സിംഹം (വെളിപാട് 5/5) ഇതല്ല നമ്മെ പഠിപ്പിക്കുന്നത്. നമുക്ക് പ്രവൃത്തിയുടെ തലത്തില്‍ ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടിയും ശക്തമായ മധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ യൂദായുടെ ഈ സിംഹരാജന് പിന്‍തുണയേകേണ്ടിയിരിക്കുന്നു.
കേപ്പയും പൗലോസും നല്‍കുന്ന മാതൃക
അപ്പസ്‌തോല പ്രമുഖന്മാരില്‍ അഗ്രഗണ്യരാണ് കേപ്പ (പത്രോസ്)യും പൗലോസും. എന്നാല്‍ സഭയെ സംബന്ധിച്ചിടത്തോളം പത്രോസിനായിരുന്നു കൂടുതല്‍ അധികാരം. എന്നാല്‍ പരമാധികാരിയായ പത്രോസില്‍ കുറ്റം കണ്ടപ്പോള്‍ അദ്ദേഹത്തെ മുഖത്തുനോക്കി തിരുത്തുന്ന തീക്ഷ്ണമതിയായ പൗലോസ് ശ്ലീഹായെ നമുക്ക് ഗലാത്തിയ ലേഖനം രണ്ടാം അധ്യായം 11 മുതലുള്ള വചനങ്ങളില്‍ കാണാന്‍ കഴിയും. ”എന്നാല്‍ കേപ്പ (പത്രോസ്) അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട് ഞാന്‍ അവനെ മുഖത്തുനോക്കി എതിര്‍ത്തു. യാക്കോബിന്‍റെ അടുത്തുനിന്ന് ചിലര്‍ വരുന്നതുവരെ അവര്‍ വിജാതീയരോടൊപ്പമിരുന്ന് ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ പരിച്ഛേദിതരെ ഭയന്ന് അവന്‍ പിന്മാറിക്കളഞ്ഞു. അവനോടൊത്ത് ബാക്കി യഹൂദരും കപടമായി പെരുമാറി. അവരുടെ കാപട്യത്തില്‍ ബര്‍ണബാസ്‌പോലും (പൗലോസിന്‍റെ അടുത്ത ശിഷ്യന്‍) വഴിതെറ്റിക്കപ്പെട്ടു. അവരുടെ പെരുമാറ്റം സുവിശേഷസത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പയോടു പറഞ്ഞു. യഹൂദനായ നീ യഹൂദനെപ്പോലെയല്ല വിജാതീയനെപ്പോലെയാണ് ജീവിക്കുന്നതെങ്കില്‍ യഹൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്കെങ്ങനെ സാധിക്കും.”
തെറ്റ് തെറ്റാണെന്നു ചൂണ്ടിക്കാണിക്കുവാനും ക്രിസ്തുവിന്‍റെ മനഃസാക്ഷിക്ക് ചേരാത്തവിധത്തില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്നു പ്രതികരിക്കുവാനുമുള്ള അവകാശം ഇന്ന് ക്രിസ്ത്യാനിക്ക് നിഷേധിക്കപ്പെടുന്നില്ലേ. മുന്‍പറഞ്ഞവയെല്ലാം ക്രിസ്തീയ വിധേയത്വത്തിന് എതിരായ സംഗതികളായി തെറ്റിദ്ധരിക്കുകയും അതിനുള്ള ധൈര്യം കാട്ടുന്നവരെ ക്രിസ്തീയകൂട്ടായ്മകളില്‍നിന്നും വളരെ തന്ത്രപരമായി പുറത്താക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം ഇന്ന് ക്രിസ്തീയ നേതൃതലങ്ങളില്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നു.
പത്രോസ് ശ്ലീഹായും പൗലോസ് ശ്ലീഹായും വളരെ പഴക്കമുള്ള നേതാക്കന്മാരായിട്ടും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടും അവര്‍ പിന്നീടും തികഞ്ഞ സൗഹൃദത്തോടെ കൈകോര്‍ത്ത് ക്രിസ്തുവിന്‍റെ സുവിശേഷത്തിനുവേണ്ടി നിലകൊള്ളുകയും മുമ്പോട്ടുപോകുകയും ചെയ്തു. പക്ഷേ ആധുനിക പാരമ്പര്യങ്ങള്‍ അവകാശപ്പെടുന്ന ക്രിസ്തുശിഷ്യരായ നമ്മളോ? നമ്മളിന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? ഈ ചോദ്യം നമുക്ക് നമ്മോടുതന്നെ ചോദിക്കാം. ആത്മാര്‍ത്ഥതയോടെയാണ് നാം ഈ ചോദ്യം നമ്മുടെ ഹൃദയത്തിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് ചോദിക്കുന്നതെങ്കില്‍ നമുക്കുതന്നെ അംഗീകരിക്കാന്‍ പറ്റാത്തത് പലതും നമ്മില്‍ത്തന്നെ കണ്ടെത്താന്‍ കഴിയും. ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്ന ദൈവവചനം സത്യത്തിന്‍റെ
പ്രകാശംകൊണ്ട് നമ്മുടെ ബോധതലങ്ങളെ പ്രകാശിപ്പിക്കുമാറാകട്ടെ. ആ സത്യവെളിച്ചം അംഗീകരിക്കേണ്ടവരെ അംഗീകരിക്കേണ്ടവിധത്തില്‍ അംഗീകരിച്ചുകൊണ്ട് ഏകമനസോടെ കൈകോര്‍ത്ത് ക്രിസ്തുവിന്‍റെ സുവിശേഷത്തിനുവേണ്ടി നിലകൊള്ളാനും മുന്നേറുവാനും നമ്മെ പ്രാപ്തരാക്കട്ടെ, ആമ്മേന്‍.
‘പ്രെയ്‌സ് ദ ലോര്‍ഡ്’ ആവേ മരിയ.

ബാങ്ക് ലോണും വ്യക്തികളില്‍നിന്ന് വാങ്ങിയ കടങ്ങളുമെല്ലാം എന്നെ ക്ലേശിപ്പിച്ചുകൊണ്ടിരുന്ന സമയം. മുമ്പേതന്നെ ശാലോം പ്രസിദ്ധീകരണങ്ങളുടെ ഏജന്‍റായിരുന്ന ഞാന്‍ പുതിയ ഒരു തീരുമാനമെടുത്തു, ‘പത്ത് വര്‍ഷത്തിലധികമായി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലം വില്പന നടന്നാല്‍ 100 ശാലോം ടൈംസ് മാസിക വാങ്ങി വിതരണം ചെയ്യാം.’ 2024 ജനുവരിയിലാണ് ഈ തീരുമാനം ദൈവസന്നിധിയില്‍ സമര്‍പ്പിച്ചത്. അധികം താമസിയാതെ ഇന്‍റര്‍നെറ്റ് സംവിധാനങ്ങളിലൂടെ സ്ഥലവില്പനയുടെ പരസ്യം നല്കുകയും ചെയ്തു. പെട്ടെന്ന്, അതുവരെയില്ലാത്ത ചില മാറ്റങ്ങള്‍!
ഏറെപ്പേര്‍ സ്ഥലം കാണാനായി വന്നു. ഇംഗ്ലീഷിലെ ‘എല്‍’ അക്ഷരത്തിന്‍റെ ആകൃതിയിലായിരുന്നു സ്ഥലം. റോഡരികിലാണെങ്കിലും 36 സെന്‍റില്‍നിന്ന് 5 സെന്‍റൊളം വഴിക്കായി വിട്ടുനല്കുകയും വേണം. ഇങ്ങനെ ചില കുറവുകള്‍ ഉള്ളതിനാല്‍ സ്ഥലത്തിന് മതിപ്പ് കുറവായിരുന്നു. അതുകൊണ്ടുതന്നെ, കുറഞ്ഞ വിലയെങ്കിലും കിട്ടിയാല്‍ മതി എന്നായിരുന്നു എന്‍റെ ചിന്ത. എന്നാല്‍, പെട്ടെന്നുതന്നെ, ചിന്തിച്ചതിന്‍റെ ഇരട്ടി വിലയ്ക്ക് ആ സ്ഥലം മൊത്തമായി വില്പന നടന്നു. മാര്‍ച്ച് മാസമായപ്പോഴേക്കും നടപടികളെല്ലാം തീര്‍ത്ത് ആധാരം ചെയ്യാന്‍ സാധിച്ചു. ബാങ്ക് ലോണും മറ്റ് കടങ്ങളും തീര്‍ത്ത് അല്പം തുക മിച്ചവും!
ദൈവത്തിന്‍റെ അളവറ്റ കൃപ എന്നല്ലാതെ മറ്റൊന്നും പറയാന്‍ സാധിക്കുമായിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ചോദിച്ച സുഹൃത്തുക്കളോടും ഞാന്‍ ഇക്കാര്യം പങ്കുവച്ചു. അങ്ങനെ മൂന്ന് സുഹൃത്തുക്കളും നിയോഗം വച്ചുകൊണ്ട് 100 മാസിക വിതരണം ചെയ്യാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ശാലോം മാസികവിതരണത്തിലൂടെ എനിക്ക് നല്കിയ ഈ വലിയ അനുഗ്രഹത്തെപ്രതി നല്ല ഈശോയ്ക്ക് നന്ദിയും സ്തുതിയും!
'
“അവന്‍ അവരോട് ചോദിച്ചു: നിങ്ങള്‍ ഭയപ്പെടുന്നതെന്ത്? നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” (മര്‍ക്കോസ് 4/40). ഏത് മനുഷ്യന്‍റെയും ഉള്ളിലുള്ള ശക്തമായ ഒരു നിഷേധാത്മകമായ വികാരത്തിലേക്കാണ് യേശു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഭയം നമ്മുടെ കര്‍മ്മശേഷിയെ നിര്‍വീര്യമാക്കുകയും ഒരു തരം നിര്‍ജ്ജീവാവസ്ഥയിലേക്ക് നമ്മെ എത്തിക്കുകയും ചെയ്യും. മനസില്‍ ഭയം നിറയുമ്പോള്‍ അത് ശരീരത്തെ ബാധിക്കും, ശരീരം ഒരു തണുത്തുറഞ്ഞ അനുഭവത്തിലാകും. ഇവിടെ ഒരു കാര്യം നമുക്ക് ശ്രദ്ധിക്കാം: ഭയം നമ്മെ കീഴടക്കുന്നതിനുപകരം ഭയത്തെ കീഴടക്കുവാന്‍ നമുക്ക് സാധിക്കുകയില്ലേ? തീര്‍ച്ചയായും.
ഭയത്തെ കീഴടക്കുവാനുള്ള ആദ്യത്തെ മാര്‍ഗം ഭയം വരുന്ന വഴി കണ്ടെത്തുക എന്നതാണ്. വരാന്‍പോകുന്ന ഒരു ദുരന്തത്തെക്കുറിച്ചുള്ള ആകുലചിന്തയാണ് ഭയത്തിനാധാരം. അത് അകാരണമാണ്, വിശദീകരിക്കുവാന്‍ സാധിക്കാത്തതാണ്. അത് ഇപ്പോള്‍ സംഭവിച്ചിട്ടില്ല, പക്ഷേ യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്നുവെന്ന് മനസ് പറയുന്നു. മാരകമായ ഒരു രോഗം വരുമോ എന്ന ചിന്ത, ആ രോഗം പിടിപെട്ടാല്‍ മരിക്കുമോ എന്ന ഉല്‍ക്കണ്ഠ – ഇത് ഒരു ഉദാഹരണമാണ്. ഇത് പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ഒരു ആധിയിലേക്ക് ഒരു മനുഷ്യനെ നയിക്കുന്നു.
ലേഖനാരംഭത്തിലെ ഉദ്ധരണിക്ക് ആധാരമായ സംഭവത്തിലേക്ക് നമുക്ക് വരാം. യേശുവും ശിഷ്യന്മാരും തോണിയില്‍ യാത്ര ചെയ്യുകയാണ്. അപ്പോള്‍ വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകള്‍ വഞ്ചിയിലേക്ക് ആഞ്ഞടിച്ചുകയറി. വഞ്ചിയിലേക്ക് വെള്ളം കയറിക്കൊണ്ടിരുന്നു. ഇപ്പോള്‍ വഞ്ചി മുങ്ങിയിട്ടില്ല. പക്ഷേ തോണി മുങ്ങുവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഞങ്ങളെല്ലാവരും വെള്ളത്തില്‍ മുങ്ങിമരിക്കും. സംഭവിക്കുവാന്‍ സാധ്യതയുള്ള അനര്‍ത്ഥത്തെക്കുറിച്ചുള്ള ചിന്ത ശിഷ്യന്മാരെ ഭയചകിതരാക്കി.
എന്താണ് ഇതിനൊരു പ്രതിവിധി? യേശുതന്നെ അത് നിര്‍ദേശിക്കുന്നുണ്ടുതാനും. അവിടുന്ന് ചോദിക്കുന്നു: ”നിങ്ങള്‍ക്ക് വിശ്വാസമില്ലേ?” വിശ്വാസമാണ് ഭയത്തിനുള്ള മറുമരുന്ന്. എന്താണ് വിശ്വാസം? സര്‍വശക്തനായ ദൈവം എന്‍റെ കൂടെ ഉള്ളപ്പോള്‍ എനിക്ക് ഒരു അനര്‍ത്ഥവും സംഭവിക്കുകയില്ല എന്ന ബോധ്യമാണത്. അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കാം. പക്ഷേ കപ്പല്‍ മുങ്ങുകയില്ല. മുങ്ങാതിരിക്കണമെങ്കില്‍ നാം ചെയ്യേണ്ട ഒരു കാര്യം: ബലിഷ്ഠമായ ഒരു നങ്കൂരത്തില്‍ കപ്പലിനെ ഉറപ്പിക്കുക എന്നതാണ്. എന്താണ് നിങ്ങളും ഞാനും ജീവിതയാത്രയില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ആ നങ്കൂരം? ജീവിക്കുന്ന ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയബോധംതന്നെ. ചഞ്ചലമായ നമ്മുടെ ഹൃദയത്തെ ദൈവത്തില്‍ ഉറപ്പിക്കുക. ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് തന്നെ അത് വെളിപ്പെടുത്തുന്നുണ്ടല്ലോ: ”അങ്ങയില്‍ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്‍റെ തികവില്‍ സംരക്ഷിക്കുന്നു” (ഏശയ്യാ 26/3).
ദൈവത്തില്‍ സമ്പൂര്‍ണമായി ആശ്രയിക്കുന്നവനെ ഭയം തൊടുകയില്ല. എന്നുമാത്രമല്ല സമാധാനത്തിന്‍റെ ഒരു പൂര്‍ണത ആ വ്യക്തിക്ക് അനുഭവിക്കുവാന്‍ സാധിക്കും എന്ന് ഈ തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു.
നിങ്ങളുടെ ജീവിതത്തെ, കുഞ്ഞുങ്ങളെ, കുടുംബത്തെ, ജോലിയെ, ബിസിനസിനെ, ഭാവിയെ എല്ലാം ദൈവം വേലികെട്ടി സംക്ഷിക്കുവാനായി പ്രാര്‍ത്ഥിക്കുക. അത് ഭാവനയില്‍ കാണുകയും വേണം. ദൈവമാണ് എന്‍റെ സൂക്ഷിപ്പുകാരന്‍. പിന്നെ ഞാനെന്തിന് ഭയപ്പെടണം? ശാന്തമായി ജീവിക്കാം, പ്രശാന്തമായി കിടന്നുറങ്ങാം. ദൈവം സൂക്ഷിപ്പുകാരനായുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ വളരെ മനോഹരമായ ഒരു മുന്തിരിത്തോപ്പിനോടാണ് വിശുദ്ധ ഗ്രന്ഥം ഉപമിക്കുന്നത്. ഈ തിരുവചനങ്ങള്‍ ധ്യാനിക്കുക: ‘അന്ന് മനോഹരമായ മുന്തിരിത്തോട്ടത്തെക്കുറിച്ച് പാടുവിന്‍; കര്‍ത്താവായ ഞാനാണ് അതിന്‍റെ സൂക്ഷിപ്പുകാരന്‍. ഞാന്‍ അതിനെ നിരന്തരം നനയ്ക്കുന്നു: ആരും നശിപ്പിക്കാതിരിക്കാന്‍ ഞാന്‍ അതിന് രാപകല്‍ കാവല്‍നില്‍ക്കുന്നു” (ഏശയ്യാ 27/2,3).
ഓ, ദൈവം എത്ര കരുതലുള്ളവനാണ്. നിനക്ക് ജന്മം നല്‍കിയശേഷം തിരിഞ്ഞുപോകുന്നവനല്ല അവിടുന്ന്. നീയാകുന്ന ചെടിക്ക് ആവശ്യമുള്ളതെല്ലാം തക്കസമയത്ത് അവിടുന്ന് നല്‍കിക്കൊണ്ടിരിക്കുന്നു, വാടിപ്പോകാതെ തന്‍റെ കൃപ പെയ്തുകൊണ്ട് അവിടുന്ന് നിന്നെ നിരന്തരം നനയ്ക്കുന്നു. ഒരു കാര്യം ഉറപ്പാണ്. നീ ഭയപ്പെടുന്നതുപോലെ നിന്‍റെ ജീവിതം വാടിക്കരിഞ്ഞുപോവുകയില്ല. പിന്നെ ആശങ്കയ്ക്ക്, ഉല്‍ക്കണ്ഠയ്ക്ക്, ഇടമെവിടെ?
ഉറച്ച വിശ്വാസമാണ് ഭയത്തിനുള്ള പ്രതിവിധി എന്ന് നാം കണ്ടുകഴിഞ്ഞു. അപ്പോള്‍ നിങ്ങള്‍ ചോദിക്കും: എന്‍റെ വിശ്വാസം ദുര്‍ബലമാണ്. എങ്ങനെ എന്‍റെ വിശ്വാസം ശക്തമാക്കാം? സമകാലിക വെളിപാടിലൂടെ യേശുതന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. ഒരു വിശ്വാസപ്രകരണം ചൊല്ലുക. ഉദാഹരണമായി: ‘യേശുവേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു.’ ഇത്തരത്തിലുള്ള ചെറിയ വിശ്വാസത്തിന്‍റെ പ്രാര്‍ത്ഥനയ്ക്ക് അതിശയകരമായ ശക്തിയുണ്ട്. അത് ചൊല്ലുമ്പോള്‍ ഭയംകൊണ്ടും നിരാശകൊണ്ടും തണുത്തുറഞ്ഞ നമ്മുടെ ഹൃദയം ചൂടുപിടിക്കുവാന്‍ തുടങ്ങും. അതൊരു തീപ്പൊരിയാണ്. അത് കെടാതെ സൂക്ഷിക്കുക, നിരന്തരം ചൊല്ലിക്കൊണ്ട് അനുസ്യൂതം ഊതിക്കത്തിച്ചുകൊണ്ടിരിക്കുക. ഹൃദയം വലിയ വിശ്വാസാഗ്നിയാല്‍ ആളിക്കത്തുവാന്‍ തുടങ്ങും. നിന്‍റെ ജീവിതം ചൂടു പിടിക്കും.
ഒരു ബനഡിക്ടന്‍ സന്യാസിക്ക് നല്‍കിയ ദര്‍ശനത്തിലാണ് യേശു ഇക്കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നത്: ”ചെറിയ ഒരു വിശ്വാസപ്രകരണം ചൊല്ലിയാല്‍ മാത്രംമതി ഈ കഷ്ടപ്പാടില്‍നിന്ന് അവര്‍ക്ക് കരകയറാന്‍. അത് അന്ധകാരത്തെ അകറ്റിക്കളയും. നിരാശയില്‍നിന്ന് അവരെ കരകയറ്റും. ഒരു ചെറിയ വിശ്വാസപ്രകരണത്തിന് അപാരമായ ശക്തിയുണ്ട്. പാപത്തിന്‍റെയും അവിശ്വാസത്തിന്‍റെയും തണുത്തുമരവിച്ച വിശാലാന്ധകാരത്തില്‍ അതൊരു അഗ്നിസ്ഫുലിംഗവും പ്രകാശവുമാകും” (ഇന്‍ സിനു ജേസു, പേജ് 428,429).
‘യേശുവേ, ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു’ എന്ന് നിരന്തരം പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി യേശുവിന്‍റെ വക്ഷസില്‍ ചാരിക്കിടക്കുകയാണ്. അപ്പോള്‍ എന്ത് സംഭവിക്കും? യേശുവിന്‍റെ ഹൃദയത്തിന്‍റെ ചൂട് ആ വ്യക്തിയുടെ ഹൃദയത്തെയും ജീവിതത്തെയും ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കും. ഭയത്തെ കീഴടക്കുവാന്‍ ഇതിലും നല്ലൊരു പോംവഴിയില്ലല്ലോ. അതിനുള്ള കൃപയ്ക്കായി നമുക്ക് ഇപ്പോള്‍ത്തന്നെ ഒരു നിമിഷം പ്രാര്‍ത്ഥിക്കാം:
ഓ, കര്‍ത്താവേ, ഞാന്‍ പലപ്പോഴും ഭയത്തിന് അടിമയായിപ്പോകുന്നു. എനിക്ക് ആരെയും പേടിയില്ല എന്ന് ഞാന്‍ പറയുമ്പോഴും എന്‍റെ യഥാര്‍ത്ഥ അവസ്ഥ അവിടുന്ന് മാത്രമേ അറിയുന്നുള്ളൂ. അങ്ങയുടെ കൂടെ സഞ്ചരിക്കുന്ന അവസരത്തില്‍പ്പോലും ഞാന്‍ ഭയാധീനനാകുന്നുണ്ട്. കര്‍ത്താവേ, എന്‍റെ വിശ്വാസം വര്‍ധിപ്പിക്കണമേ. അങ്ങയില്‍ എന്‍റെ ഹൃദയവും ജീവിതവും ഉറപ്പിക്കുവാന്‍ എന്നെ അനുഗ്രഹിച്ചാലും. അങ്ങ് എപ്പോഴും എന്‍റെ നാഥനും കര്‍ത്താവും സൂക്ഷിപ്പുകാരനും ആയിരിക്കണമേ. അങ്ങയുടെ വക്ഷസില്‍ ചാരിക്കിടക്കുവാനുള്ള കൃപ എനിക്ക് നല്‍കി അനുഗ്രഹിക്കണമേയെന്ന് മാത്രം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, ദൈവമാതാവേ, വിശുദ്ധ ഔസേപ്പിതാവേ, യേശുസാന്നിധ്യം നിരന്തരം അനുഭവിക്കുന്ന ഭയത്തെ കീഴടക്കുന്ന ഒരു ജീവിതം നയിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
'
പഠനവുമായി ബന്ധപ്പെട്ട ഒരു സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. സെമിനാര്‍ നയിക്കുന്നത് വിദേശ പ്രൊഫസര്‍മാരാണ്. അവരുടെ പേപ്പര്‍ അവതരണം കണ്ടപ്പോള്‍ ഇവര്‍ പറയുന്നതൊന്നും എനിക്ക് സാധിക്കുന്നതല്ലെന്നും ഒന്നുംതന്നെ ചെയ്യാനാകില്ലെന്നുമുള്ള തോന്നലാണ് ആദ്യം ഉള്ളില്‍ വന്നുകൊണ്ടിരുന്നത്.
പക്ഷേ സെമിനാര്‍ കഴിഞ്ഞപ്പോള്‍ പഠനം കഴിയും മുന്‍പേ ഒരു പേപ്പറെങ്കിലും എനിക്ക് പബ്ലിഷ് ചെയ്യണമെന്നും സാധിക്കുന്ന എന്തെങ്കിലുമൊക്കെ ഇതുമായി ബന്ധപ്പെട്ട് ചെയ്യണമെന്നും ഞാന്‍ തീരുമാനിക്കുകയുണ്ടായി. സാധ്യമായ കൊച്ചുകൊച്ചു കാര്യങ്ങളാണ് ചെയ്തുതുടങ്ങിയത്. പരിചയമുള്ളവരോട് വിഷയസംബന്ധമായി സംസാരിക്കുക, അന്വേഷണങ്ങള്‍ നടത്തുക, ചില വെബ്സൈറ്റുകള്‍ പരിശോധിക്കുക, വായനകള്‍ ആരംഭിക്കുക, ആ മേഖലയുമായി ബന്ധപ്പെട്ട ചില പ്രൊഫസര്‍മാരെ കണ്ടെത്തുക എന്നിങ്ങനെ. അത്തരം കൊച്ചുകൊച്ചുകാര്യങ്ങള്‍ കൂട്ടിവച്ച് ഏതാണ്ട് നാലുമാസത്തിനുള്ളില്‍ ഞാന്‍ ഒരു പേപ്പര്‍ പബ്ലിഷ് ചെയ്തു. അതെനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. കര്‍ത്താവ് എന്നെ ഏറെ സഹായിച്ചു.
ദൈവരാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താങ്കളെങ്കില്‍, കൊച്ചുകൊച്ചു കാര്യങ്ങളില്‍ തുടങ്ങുക എന്ന ഇതേ സൂത്രവാക്യം ഉപയോഗിക്കുക. സുവിശേഷവേലയൊന്നും എന്നെക്കൊണ്ട് സാധ്യമല്ലെന്ന് തോന്നുന്നുണ്ടോ? പേടിക്കണ്ട. ഇത് എല്ലാവര്‍ക്കും അനുഭവപ്പെടുന്ന കാര്യമാണ്. എല്ലാ മേഖലയിലുള്ളവര്‍ക്കും ഇതേ അവസ്ഥയുണ്ടാകാറുണ്ട്. എന്നാല്‍ സുവിശേഷവേലയെക്കുറിച്ചുള്ള ബോധ്യം, അതിന്‍റെ പ്രാധാന്യം, അതിലൂടെ നേടാനിരിക്കുന്ന ലക്ഷ്യത്തിന്‍റെ മനോഹാരിത, അതിന്‍റെ മൂല്യം, ചെയ്യാനുള്ള ആഗ്രഹം, എല്ലാറ്റിലുമുപരി ഈശോയോടുള്ള ഇഷ്ടം- ഇവയെല്ലാം കുറച്ചെങ്കിലും ഉണ്ടെങ്കില്‍ തടസ്സമായി തോന്നുന്ന എല്ലാ കടമ്പകളും മറികടക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും. ഓര്‍ക്കുക, ”എല്ലാവരും അന്വേഷിക്കുന്നത് സ്വന്തം കാര്യമാണ്, യേശുക്രിസ്തുവിന്‍റെ കാര്യമല്ല”(ഫിലിപ്പി 2/21).
മനസ്സില്‍ തട്ടിയിട്ടുള്ള എന്തെങ്കിലും പ്രത്യേക കാര്യത്തിനുവേണ്ടി ഒരു ചെറിയ പ്രാര്‍ത്ഥന തുടങ്ങാനും അതിനുവേണ്ടി കൊച്ചുകൊച്ചു ഉപേക്ഷകള്‍ സ്വീകരിക്കാനും കുറച്ചുപേരെ ഒരുമിച്ചുകൂട്ടുവാനും സംഘടിപ്പിക്കാനും മറ്റുമുള്ള തോന്നലുകള്‍ ഗൗരവത്തിലെടുക്കുക. ഒപ്പം ക്ഷമയോടെ കുറച്ചു കഷ്ടപ്പെടാനും ദൈവരാജ്യത്തിനായി പരസ്പരം സഹായങ്ങള്‍ ചോദിക്കാനും കൈനീട്ടാനും മനസ്സുകാണിക്കുക. ദൈവരാജ്യവേലയില്‍ വിജയത്തിനല്ല പരിശ്രമത്തിനാണ് പ്രതിഫലം. ദൈവരാജ്യത്തെ മണ്ണില്‍ പാകുന്ന കടുകുമണിയോട് കര്‍ത്താവ് ഉപമിക്കാന്‍ കാരണവും ഇതുതന്നെ. ആരംഭത്തില്‍, മറ്റുള്ളവരുടെ കണ്ണുകളില്‍ ചെറിയ കാര്യങ്ങള്‍ ആയിരിക്കും അവയൊക്കെ. ഘട്ടം ഘട്ടമായി അവ താനേ വളര്‍ന്നുപന്തലിച്ചുകൊള്ളും.
”പ്രവചനപ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പുവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്. ഈ കര്‍ത്തവ്യങ്ങളെല്ലാം നീ അനുഷ്ഠിക്കുക; അവയ്ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്‍റെ പുരോഗതി കാണാന്‍ ഇടയാകട്ടെ. നിന്നെക്കുറിച്ചും നിന്‍റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയില്‍ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നെത്തന്നെയും നിന്‍റെ ശ്രോതാക്കളെയും രക്ഷിക്കും” (1 തിമോത്തേയോസ് 4/14-16).
'
തന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‌കേണ്ടത്?’
കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില്‍ ഒരിക്കല്‍പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?”
ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്‍റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്‍റെ അടിമയുമായിത്തീര്‍ന്നു. അതും പോരാതെ കണ്ണുകള്‍ക്ക് ഇമ്പമാണെന്നുകണ്ടാല്‍ അരുതാത്ത കാഴ്ചകള്‍പോലും കാണാന്‍ മടിയില്ലാത്തതിനാല്‍ കണ്ണും അങ്ങയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം ഉപയോഗിച്ച് മൂക്കും അങ്ങയെ ഭരിക്കാന്‍ തുടങ്ങി. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയാതിരിക്കാന്‍ അങ്ങേക്കാവില്ല. അതിനാല്‍ ശരീരത്തിനുമേല്‍ വിജയം വരിക്കാനും അങ്ങേക്ക് സാധിച്ചിട്ടില്ല. യുദ്ധങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന് പറയുന്ന അങ്ങ് മനസിനെ ഇതുവരെ ജയിച്ചിട്ടില്ല. പിന്നെങ്ങനെ ഞാന്‍ അങ്ങയെ വിജയിയെന്ന് വിളിക്കും?”
”ഏതിനാല്‍ ഒരുവന്‍ തോല്പിക്കപ്പെടുന്നുവോ അതിന്‍റെ അടിമയാണവന്‍” (2 പത്രോസ് 2/19)

ഒരു യുവാവും യുവതിയും പ്രണയത്തിലാണെന്ന് കരുതുക. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. എങ്കില്‍, ഈ കമിതാക്കള്‍ വിവാഹത്തിനുമുമ്പുതന്നെ പരസ്പരസമ്മതത്തോടെ ശരീരംകൊണ്ട് ഒന്നുചേരുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? ഈ തലമുറയില്‍ വളരെ പ്രസക്തമായ ഒരു ചോദ്യം. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടതുണ്ട്.
മറവില്ലാത്ത സ്‌നേഹമോ?
നമുക്കാദ്യം യു.എസില്‍നിന്നുള്ള മിഷേലിനെ പരിചയപ്പെടാം. വിവാഹത്തിന് മുന്നേ ഡേറ്റിംഗ് ആപ്പിലൂടെ അവള്‍ പല ആളുകളെ പരിചയപ്പെട്ടു. അവസാനം ഒരാളെ ഇഷ്ടമായി, ദൈവം തനിക്ക് വേണ്ടി നല്കിയ വ്യക്തിയാണെന്ന് വിശ്വസിച്ചു. രണ്ട് മാസം പോയതറിഞ്ഞില്ല. അവര്‍ ഏറെയങ്ങ് അടുത്തു. പതിയെ അവര്‍ ശരീരം കൈമാറാനും തുടങ്ങി. ‘പരസ്പരം സ്‌നേഹിക്കുന്ന രണ്ട് ഇണപ്രാവുകള്‍ ഒന്നും മറയ്ക്കാതെ സ്‌നേഹിക്കുന്നു,’ തന്‍റെ ന്യായീകരണത്തില്‍ പിശകൊന്നുമില്ലെന്ന് അവള്‍ വിശ്വസിച്ചു. ഒരു മാസം കൂടി പിന്നിട്ട ശേഷമാണ് മിഷേല്‍ ചില ഇരുണ്ട സത്യങ്ങള്‍ മനസിലാക്കിയത്. താന്‍ ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി ചില ദുശീലങ്ങള്‍ക്ക് അടിമയാണ്! ഇത്രയും നാള്‍ അവളില്‍നിന്നും അക്കാര്യം മറച്ചു വയ്ക്കാന്‍ പയ്യന് കഴിഞ്ഞു. ആദ്യം, സാരമില്ല… സ്‌നേഹത്തെപ്രതി അവ സഹിക്കാമെന്ന് അവള്‍ കരുതി. എന്നാല്‍, പതിയെപ്പതിയെ കുറച്ചധികം അപകടസൂചനകള്‍കൂടി മിഷേലിന് കിട്ടി, അവനുമായി ചേര്‍ന്ന് പോകാന്‍ പറ്റില്ലെന്ന് മനസിലാക്കി തരുന്നവ. പയ്യന്‍റെ മുഖത്ത് നോക്കി ‘നോ’ പറയണമെന്നും ഈ ബന്ധം നിര്‍ത്തണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ എന്തോ ഒരു തടസം…
ഒരുപക്ഷേ നിങ്ങള്‍ക്കറിയാമായിരിക്കും ലൈംഗിക ബന്ധവേളയില്‍ സാധാരണ ഉണ്ടാവുന്ന ജൈവികരാസപ്രവര്‍ത്തനങ്ങളെക്കുറിച്ച്. അതങ്ങനെയാണ്, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം ചില ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും, ബന്ധപ്പെടുന്ന വ്യക്തിയുടെ സാമീപ്യവും സംസാരവും ഗന്ധവുമെല്ലാം ഇഷ്ടപ്പെടാന്‍ പാകത്തിനുള്ളവ. പരസ്പരം അടുപ്പം ഉണ്ടാകാനും വിവാഹജീവിതം ഫലപ്രദമായി കൊണ്ടുപോകാനും പ്രകൃതിയില്‍ത്തന്നെ ദൈവം സൃഷ്ടിച്ച സംവിധാനമാണ് അത്. എന്നാല്‍, വിവാഹത്തിന് മുമ്പേ ശാരീരികബന്ധം പുലര്‍ത്താന്‍ തുടങ്ങിയാല്‍ അതൊരു ബന്ധനമായി മാറും, മിഷേലിന്‍റെ ജീവിതത്തില്‍ സംഭവിച്ചത് പോലെ. ഒടുവില്‍ ക്യാംപസ് ധ്യാനവും കൗണ്‍സിലിംഗുമെല്ലാമാണ് മിഷേലിനെ വിടുതലിലേക്ക് നയിച്ചത്.
ആ ബന്ധത്തിന്‍റെ ബന്ധനത്തില്‍നിന്നും മുക്തയായതോടെ അവള്‍ ഒരു തീരുമാനമെടുത്തു- വിവാഹശേഷം തന്‍റെ ജീവിതപങ്കാളിക്ക് മാത്രമേ തന്നെത്തന്നെ ഒരു സമ്മാനമായി നല്‍കുകയുള്ളൂ എന്ന്. ഇന്ന് മിഷേല്‍ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. സകുടുംബം അവള്‍ സന്തോഷത്തോടെ കഴിയുന്നു.
വിവാഹത്തിന് മുമ്പേയുള്ള ശാരീരിക ബന്ധം ബന്ധനമായി മാറുമെന്ന് മിഷേലിന്‍റെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇവിടെ വിവാഹം കഴിക്കണമെന്ന് മിഷേലിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഉറപ്പില്ലായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പെട്ടാല്‍ നാളെ വേറൊരാളുടെ ജീവിതപങ്കാളിയാവാന്‍ പോകുന്ന വ്യക്തിയുമായാണ് ആ വ്യക്തി ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അതാകട്ടെ വേശ്യാവൃത്തിക്ക് തുല്യവുമാണ്.
വിവാഹനിശ്ചയം കഴിഞ്ഞാല്‍…
വേറൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാം. വിവാഹം കഴിക്കുമെന്ന് 100 ശതമാനം ഉറപ്പുള്ള സാഹചര്യം, വിവാഹനിശ്ചയവും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റുണ്ടോ? അതിരുകടന്ന ‘സേവ് ദ ഡേറ്റ്’ ഷൂട്ടിംഗുകളും ഈ ചോദ്യവുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ടതാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, വിവാഹം മനുഷ്യന്‍ കണ്ടുപിടിച്ച ഒരു സാമൂഹ്യവ്യവസ്ഥയല്ല, അത് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ സ്ഥാപിതമാണ്. വിവാഹമെന്ന വിശുദ്ധ കൂദാശയിലൂടെ ദമ്പതിമാര്‍ തമ്മില്‍ സ്ഥാപിക്കുന്ന സ്‌നേഹത്തിന്‍റെ ഉടമ്പടിയാണ്, ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന്‍റെ അടിസ്ഥാനം. വിവാഹത്തെ പുരുഷ-സ്ത്രീ ശാരീരികബന്ധത്തില്‍നിന്നും വേര്‍പെടുത്താനാവില്ലെന്ന് സാരം.
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച്, വിവാഹാശീര്‍വ്വാദം നല്‍കി അവരെ പറഞ്ഞയക്കുന്നത് ഒരു ശരീരമായിത്തീരാനും (ഉല്പത്തി 2/24) സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കാനുമാണ് (ഉല്പത്തി 1/28). വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ് 5/31,32 വചനങ്ങളില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ”പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേരും. അവര്‍ രണ്ടുപേരും ഒന്നാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയോടും ക്രിസ്തുവിനോടും ബന്ധപ്പെടുത്തിയാണ് ഞാന്‍ ഇത് പറയുന്നത്.”
മാമ്മോദീസാ സ്വീകരിക്കാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതുപോലെയും പൗരോഹിത്യാഭിഷേകമില്ലാത്തവര്‍ ദിവ്യബലി അര്‍പ്പിക്കുന്നതുപോലെയുമാണ് വിവാഹമെന്ന കൂദാശ സ്വീകരിക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ജീവിതപങ്കാളിയോടുള്ള സ്‌നേഹം ഏറ്റുപറഞ്ഞ വിവാഹ ഉടമ്പടി മാംസം ധരിക്കേണ്ട വേളയാണ് ദാമ്പത്യബന്ധം. വിവാഹ ബന്ധമില്ലാതെയോ വിവാഹ ബന്ധത്തിന് പുറേത്താ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ലൈംഗിക ബന്ധത്തിന്‍റെ പ്രകൃതിക്കും യുക്തിക്കും എതിരാണ്. അതൊരു ‘വ്യാജപ്രവൃത്തി’യാണ്, ഒരു ‘നുണ!’ പച്ചയായി പറഞ്ഞാല്‍ വ്യഭിചാരമെന്ന പാപമാണ്, കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
'
യൗവനത്തില്‍ത്തന്നെ സുഹൃത്തുക്കളുടെ പ്രേരണമൂലം എന്നില്‍ കടന്നുകൂടിയതാണ് പുകവലിശീലം. കുറഞ്ഞ കാലംകൊണ്ട് ഞാന്‍ അതിന് വല്ലാതെ അടിമയായിപ്പോയി. ഇടയ്ക്ക് പലപ്പോഴും നിര്‍ത്തുവാന്‍ പരിശ്രമിച്ചു. പക്ഷേ രണ്ടോ മൂന്നോ ദിവസം പുകവലിക്കാതെ കഴിച്ചുകൂട്ടിയാലും ആരെങ്കിലും വലിക്കുന്നത് കാണുമ്പോള്‍ അവരോട് വാങ്ങി വലിച്ച് വീണ്ടും പുകവലിശീലത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു.
വിവാഹിതനായപ്പോള്‍ ഭാര്യ അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ വീണ്ടും പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ഒരു മകനും ഉണ്ടായി. കുട്ടിക്ക് ചില അസുഖങ്ങള്‍. ചികിത്സകള്‍ നടത്തിയിട്ടും പൂര്‍ണഫലം കണ്ടില്ല. പിന്നീട് മാഹിയിലെ വിശുദ്ധ അമ്മത്രേസ്യായെ വിളിച്ച് പ്രാര്‍ത്ഥിച്ച് ഭക്തിപ്രചരണാര്‍ത്ഥം 21 ഭവനങ്ങളില്‍ ഭിക്ഷയെടുത്ത് നേര്‍ച്ചയുമായി മാഹിപ്പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് നി യോഗം സമര്‍പ്പിച്ചു.
പിറ്റേദിവസം രാവിലെ മാത്രമേ സ്വദേശമായ വയനാട്ടിലേക്ക് തിരിച്ചുപോരാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ കടല്‍ത്തീരത്ത് പോയി. അപ്പോഴും കീശയില്‍ പുകവലിക്കുള്ള സാമഗ്രികളൊക്കെയുണ്ടായിരുന്നു. പക്ഷേ പള്ളിയില്‍നിന്നും ഇറങ്ങിയതുമുതല്‍ ഞാന്‍ ആ കാര്യം മറന്നുപോയി. പിറ്റേദിവസം പുലര്‍ച്ചയ്ക്കുള്ള ബസിനുവേണ്ടി തലശേരി ബസ്സ്റ്റാന്റില്‍ കാത്തിരുന്നു. പിന്നെ വീട്ടില്‍ എത്തിയപ്പോഴാണ് പുക വലിക്കാമെന്ന് തോന്നിയത്. പക്ഷേ വായില്‍ വല്ലാത്ത അരുചി കാരണം ഒരെണ്ണംപോലും വലിക്കാന്‍ പറ്റിയില്ല. അന്നുമുതല്‍ നാല്‍പത്തിരണ്ടു വര്‍ഷമായി പുകവലി എന്ന ദുഃശീലത്തില്‍നിന്നും മോചിതനായി ഞാന്‍ ജീവിക്കുന്നു.
ഞാന്‍ എന്‍റെ പുകവലി മാറാന്‍ മാഹി അമ്മയുടെ അടുത്ത് പ്രാര്‍ത്ഥിച്ചിട്ടൊന്നുമില്ല. അതിനുള്ള വിശ്വാസവും ഇല്ലായിരുന്നു. എന്നാല്‍, മാഹിപ്പള്ളിയിലെ വിശുദ്ധ അമ്മത്രേസ്യായുടെ പ്രാര്‍ത്ഥനയാണ് എനിക്ക് പുകവലിശീലത്തില്‍നിന്നും പൂര്‍ണമായ വിടുതല്‍ തന്നതെന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. മറ്റൊരിക്കല്‍ അവിടെ പോയി നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഒരു ചൊല്ലു കേട്ടിട്ടുണ്ട്, ‘ആയിരം നല്ല ശീലങ്ങള്‍ പുലര്‍ത്തിക്കൊണ്ടുപോകുവാന്‍ നമുക്ക് കഴിയും. പക്ഷേ ഒരു ദുഃശീലം മാറ്റുവാന്‍ നമുക്ക് കഴിയില്ല.’ ഓരോ ദുഃശീലങ്ങള്‍ക്ക് നാം അടിമകളാകുമ്പോഴും ഓരോ പൈശാചിക ബന്ധനങ്ങള്‍ക്ക് നാം അടിമകളാവുകയാണ്. അതില്‍നിന്നും മോചനം പ്രാപിക്കണമെങ്കിലും നിലനില്‍ക്കണമെങ്കിലും ദൈവകൃപ ഉണ്ടായേ പറ്റൂ. നവീകരണത്തിന്‍റെ ആദ്യപടിതന്നെ നമ്മുടെ ശരീരങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ശരീരത്തെ ദുഃശീലങ്ങള്‍മൂലവും മറ്റു ദുഷ്പ്രവൃത്തികള്‍മൂലവും മലിനമാക്കാന്‍ പാടില്ല എന്ന ബോധ്യമാണ്. ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ?” (1 കോറിന്തോസ് 6/19).
കര്‍ത്താവേ, ഞങ്ങളുടെ ശരീരം ദൈവാത്മാവ് വസിക്കുന്ന ആലയമാണെന്ന ബോധ്യത്തോടെ വിശുദ്ധിയില്‍ പരിപാലിക്കുവാനും മറ്റുള്ളവരെ ആ കണ്ണുകള്‍കൊണ്ട് കാണുവാനും ഞങ്ങളെ സഹായിക്കണമേ.

കര്‍ത്താവായ യേശുവേ, അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതയാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും ഞങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളെയും എനിക്കുള്ള സകലതിനെയും ദുഷ്ടാരൂപിയുടെ പീഡനങ്ങളില്‍നിന്നും ദുഷ്ടമനുഷ്യരുടെ കെണികളില്‍നിന്നും കാത്തുരക്ഷിച്ചുകൊള്ളണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന ദുഷ്ടപിശാചുക്കളെയും അവയുടെ നീചമായ എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളുടെ നാഥനും രക്ഷകനും കര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ വിലയേറിയ നാമത്തില്‍ ബന്ധിച്ചു നിര്‍വീര്യമാക്കി യേശുവിന്‍റെ കുരിശിന്‍റെ ചുവട്ടിലേക്ക് പറഞ്ഞയക്കുന്നു. അവിടെ നിത്യകാലത്തേക്ക് ബന്ധിതമാകട്ടെ ആമ്മേന്‍.
'

ജീവിതയാത്രയില്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നാം ദൈവത്തോടു ചോദിച്ചുപോയിട്ടുള്ള ഒരു ചോദ്യമാണിത്. ‘എന്‍റെ പൊന്നുദൈവമേ, എന്തുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?’ എന്‍റെ ചെറുപ്രായത്തില്‍ ഒരിക്കല്‍ ഒരു വല്യമ്മച്ചി ഇപ്രകാരം വിലപിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. ‘എന്‍റെ ഒടേതമ്പുരാനേ, എന്‍റെ ശത്രുക്കാരുടെ (ശത്രുക്കളുടെ) ജീവിതത്തില്‍പോലും എനിക്കു വന്നതുപോലൊരു ദുര്‍വിധി ഉണ്ടാകാതിരിക്കട്ടെ. ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് ഒടേതമ്പുരാന്‍ കര്‍ത്താവ് എന്നെയിട്ടിങ്ങനെ കണ്ണുനീരു കുടിപ്പിക്കുന്നത്. ഓര്‍മവച്ച കാലംമുതല്‍ ദൈവപ്രമാണങ്ങളെല്ലാം കാത്തുപാലിച്ച് ദൈവത്തോട് ചേര്‍ന്നു ജീവിച്ചവളാണ് ഞാന്‍. എന്നിട്ടും…. എന്നിട്ടുമെന്‍റെയപ്പാ എന്തുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ?’
മനുഷ്യന്‍റെ പാപംമൂലം രോഗവും അനര്‍ത്ഥങ്ങളും മറ്റു ദുരിതങ്ങളും അവന്‍റെ ജീവിതത്തില്‍ ഉണ്ടാകാം എന്നത് ഒരു തുറന്ന സത്യമാണ്. എന്നാ ല്‍ മനുഷ്യന്‍ അനുഭവിക്കേണ്ടിവരുന്ന എല്ലാവിധ ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും പിന്നില്‍ അവന്‍റെതന്നെ പാപമല്ല കാരണമായിട്ടുള്ളത്.
സങ്കീര്‍ത്തകനിലൂടെ ഒരു നിഷ്‌കളങ്കന്‍റെ രക്ഷക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: ”കര്‍ത്താവേ, ഇത് എന്‍റെ അതിക്രമമോ പാപമോ നിമിത്തമല്ല. എന്‍റെ തെറ്റുകള്‍കൊണ്ടല്ല അവര്‍ ഓടിയടുക്കുന്നത്. ഉണര്‍ന്നെഴുന്നേറ്റ് എന്‍റെ സഹായത്തിന് വരേണമേ” (സങ്കീര്‍ത്തനങ്ങള്‍ 59/4).
ജോബിന്‍റെ ജീവിതത്തിലും
ജോബെന്ന നീതിമാനും ഇതുതന്നെയായിരുന്നു കര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്. ജോബ് പാപം ചെയ്യാതെ ജീവിച്ച നീതിമാന്‍ മാത്രമായിരുന്നില്ല. അത്യുദാരനായ ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍കൂടിയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ദൈവത്തോട് ഇപ്രകാരം വാദിക്കുന്നത്. ”ഞാന്‍ നിഷ്‌കളങ്കനാണ്. ദൈവം എന്‍റെ അവകാശം നിഷേധിച്ചിരിക്കുന്നു. ഞാന്‍ നീതിമാനായിരുന്നിട്ടും നുണയനായി എണ്ണപ്പെടുന്നു. ഞാന്‍ പാപരഹിതനായിരുന്നിട്ടും പൊറുക്കാത്ത മുറിവുകളാണ് എന്റേത്” (ജോബ് 34/5-6).
നാം തിരുവചനങ്ങളില്‍ വായിക്കുന്നു: ”ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അതു ചെയ്യാത്തവന്‍ പാപം ചെയ്യുന്നു” (യാക്കോബ് 4/17). എന്ന്. എന്നാല്‍ ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞ് അത് പത്തിരട്ടിയായി ചെയ്തിരുന്നവനായിരുന്നു നീതിമാനായിരുന്ന ജോബ്.
വീണ്ടും ജോബ് തുടരുന്നു: ”അവന്‍ നല്‍കിയ മാംസം മതിയാവോളം കഴിക്കാത്ത ആരുണ്ട് എന്ന് എന്‍റെ കൂടാരത്തിലെ ആളുകള്‍ ചോദിച്ചില്ലെങ്കില്‍, പരദേശി തെരുവില്‍ പാര്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, വഴിപോക്കന് എന്‍റെ വാതില്‍ തുറന്നു കൊടുത്തിട്ടില്ലെങ്കില്‍, എന്‍റെ അകൃത്യങ്ങളെ ഹൃദയത്തിലൊളിച്ച് എന്‍റെ അതിക്രമങ്ങളെ മനുഷ്യരുടെ മുമ്പില്‍നിന്നും മറച്ചുവച്ചിട്ടുണ്ടെങ്കില്‍…. ആരെങ്കിലും എന്നെ ശ്രവിക്കാനുണ്ടായിരുന്നെങ്കില്‍… ഇതാ എന്‍റെ കയ്യൊപ്പ്.
ഇങ്ങനെ നൂറുകൂട്ടം നീതിയുക്തമായ ന്യായവാദങ്ങള്‍ തന്നെ പാപിയായും കാരുണ്യരഹിതനായും മുദ്രകുത്തിയ തന്‍റെ സ്‌നേഹിതന്മാരുടെ മുമ്പിലും തന്നെ പൈശാചികപരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുത്ത ദൈവത്തിന്‍റെ മുമ്പിലും അദ്ദേഹം നിരത്തുന്നു. ജോബിന്‍റെ പുസ്തകം 31-ാം അധ്യായം മുഴുവന്‍ നിഷ്‌കളങ്കനും നീതിമാനും മഹാകാരുണ്യവാനുമായ ജോബിന്‍റെ ന്യായവാദങ്ങളാണ് (വായിച്ചു നോക്കുന്നത് നന്നായിരിക്കും). എന്നിട്ടും ജോബിന്‍റെ ജീവിതത്തില്‍ സംഭവിക്കാവുന്നതിന്‍റെ പരമാവധി തിന്മ സംഭവിച്ചു. ജീവന്‍ നഷ്ടമായില്ല എന്നുമാത്രം!
എന്നിട്ടുമപ്പാ എന്തുകൊണ്ടിങ്ങനെ?
ഇതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം. 1 യോഹന്നാന്‍ 5/19-ല്‍ നാം ഇപ്രകാരം വായിക്കുന്നു. ”നാം ദൈവത്തില്‍നിന്നും ഉള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു.” ദുഷ്ടന്‍റെ ശക്തിവലയത്തിലായിരിക്കുന്ന ഈ ലോകത്തില്‍ ജീവിതംകൊണ്ടും വാക്കുകൊണ്ടും ദൈവരാജ്യത്തിന്‍റെ പോരാളിയായിരിക്കുന്ന ഒരു ദൈവപൈതലിനെ പരമാവധി ഞെരുക്കുക എന്നത് ദുഷ്ടന്‍റെ വലിയ ലക്ഷ്യമാണ്. അതുകൊണ്ടാണ് ദൈവമക്കള്‍ക്ക് ഈ ഭൂമിയില്‍ പലവിധത്തിലുള്ള ഞെരുക്കങ്ങളുണ്ടാകുന്നത്. ഈ ലോകംവിട്ട് പിതൃസന്നിധിയിലേക്കു പോകാനുള്ള സമയമടുത്തപ്പോള്‍ ഈ രഹസ്യം തന്‍റെ ശിഷ്യഗണത്തിന് അവിടുന്ന് വെളിപ്പെടുത്തി. ”ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാന്‍ 16/33).
വീണ്ടും വിശുദ്ധ യോഹന്നാന്‍ തന്‍റെ വചനങ്ങളിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. ”നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനാണ്” (1 യോഹന്നാന്‍ 4/4).
എന്നാല്‍ ലോകത്തെ കീഴടക്കി ജയിച്ചവന്‍റെ (യേശുവിന്‍റെ) അധികാരമുള്ള നാമത്തിലാണ് ലോകത്തിന്‍റെമേലും നമ്മെ നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ദുഷ്ടന്‍റെമേലുമുള്ള വിജയം നമുക്ക് ലഭിക്കുന്നത്. 1 യോഹന്നാന്‍ 3/8-ല്‍ ഇപ്രകാരം പറയുന്നു: ”പിശാചിന്‍റെ പ്രവൃത്തികളെ നശിപ്പിക്കുവാന്‍വേണ്ടിയിട്ടാണ് ദൈവപുത്രനായ യേശു പ്രത്യക്ഷനായിരിക്കുന്നത്.” എന്നാല്‍ നമുക്ക് സ്വന്തമായി അവന്‍ ദാനമായി നല്‍കിയിരിക്കുന്ന അവിടുത്തെ അധികാരമുള്ള നാമം നാം വിശ്വാസപൂര്‍വം എടുത്തുപയോഗിക്കുമ്പോള്‍ മാത്രമാണ് ലോകത്തിന്‍റെമേലും പിശാചിന്‍റെമേലുമുള്ള വിജയം നമുക്ക് ലഭിക്കുന്നത്. എന്നാല്‍ നമ്മളില്‍ മിക്കവരും ഇങ്ങനെയൊരു സംരക്ഷണപ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന) നടത്തുന്നതേയില്ല. മിക്കവര്‍ക്കും അതിന്‍റെ അനിവാര്യതയെക്കുറിച്ച് അറിയുകപോലുമില്ല.
യേശു ശിഷ്യന്മാരെ പഠിപ്പിച്ച സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ ഏറ്റവും ഒടുവിലത്തേതും എന്നാല്‍ ഏറ്റവും ശ്രദ്ധാര്‍ഹവുമായ യാചന ”ദുഷ്ടാരൂപിയില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ” എന്നുള്ളതാണ്. തന്‍റെ പീഡാസഹനത്തിനുമുമ്പ് ശിഷ്യന്മാര്‍ക്കുവേണ്ടി യേശു പിതാവിന്‍റെ സന്നിധിയില്‍ മാധ്യസ്ഥ്യം വഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടുന്നിപ്രകാരം പ്രാര്‍ത്ഥിക്കുന്നു. പിതാവേ, ഈ ലോകത്തില്‍നിന്നും അവരെ എടുക്കണമേയെന്നല്ല, ദുഷ്ടനില്‍നിന്നും അവരെ കാത്തുകൊള്ള ണമേയെന്നാണ് ഞാനങ്ങയോട് പ്രാര്‍ത്ഥിക്കുന്നത് (യോഹന്നാന്‍ 17/15) എന്ന്. കാരണം ദുഷ്ടനില്‍നിന്നും (പിശാചില്‍നിന്നും) ഉള്ള സംരക്ഷണം തന്‍റെ ശിഷ്യന്മാര്‍ക്കും അവരുടെ വാക്കുകള്‍ മൂലം തന്നില്‍ വിശ്വസിക്കാനിരിക്കുന്ന ദൈവമക്കള്‍ക്കും എത്രമേല്‍ ആവശ്യമായിരുന്നു എന്ന് അവിടുന്ന് നന്നായറിഞ്ഞിരുന്നു.
യേശു അറിഞ്ഞു, പക്ഷേ നാം അറിയുന്നില്ല!
ഇതാണ് വലിയ പ്രശ്‌നം. യേശു അറി ഞ്ഞ ആ സത്യം നമ്മളില്‍ മിക്കവരും അറിയുന്നില്ല. അതിനായി പ്രാര്‍ത്ഥിക്കുന്നില്ല. നാം ഒരുപക്ഷേ വളരെയേറെ പ്രാര്‍ത്ഥിക്കുന്നവരും ഒറ്റ ദിവസംപോലും ദിവ്യബലി മുടക്കാത്തവരും അനേകം ജപമാലകള്‍ ചൊല്ലിക്കൂട്ടുന്നവരും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും വലിയ ദൈവശുശ്രൂഷകരും ഒക്കെ ആയിരിക്കാം. പക്ഷേ ക്രിസ്തീയ ജീവിതത്തിന്‍റെ വിജയത്തിന് സംരക്ഷണപ്രാര്‍ത്ഥന എത്രകണ്ട് അനിവാര്യമെന്ന് തിരിച്ചറിയാത്തവരും അങ്ങനെയൊരു പ്രാര്‍ത്ഥന കൂടെക്കൂടെ നടത്താത്തവരും ഒക്കെ ആയിരിക്കാം. ഫലമോ നമ്മുടെ അനുദിന ജീവിതവും ശുശ്രൂഷാജീവിതവും ദുഷ്ടന്‍റെ ആക്രമണങ്ങള്‍ നിമിത്തം വലയാന്‍ ഇടവരുന്നു. നന്മയോടെ ജീവിക്കുന്ന ദൈവമക്കളുടെ നേരെയുള്ള ദുഷ്ടന്‍റെ ഈ ആക്രമണം മനുഷ്യചരിത്രത്തിന്‍റെ ആരംഭംമുതലേയുണ്ട്. ഇപ്പോള്‍ സമീപകാലത്ത് അത് കൂടുതലാണെന്നുമാത്രം…
അനേകം വര്‍ഷങ്ങള്‍ക്കുമുമ്പേ എഴുതപ്പെട്ട സങ്കീര്‍ത്തനങ്ങളുടെ വരികളിലൂടെ നാം കണ്ണോടിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയും സങ്കീര്‍ത്തനങ്ങള്‍ എഴുതിയവര്‍ ശത്രുവിന്‍റെ ആക്രമണത്തില്‍നിന്നും തങ്ങളെ രക്ഷിക്കണമേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ വലിയ വലിയ ശുശ്രൂഷകള്‍ ചെയ്യുന്ന ചില ദൈവശുശ്രൂഷകര്‍പോലും സംരക്ഷണപ്രാര്‍ത്ഥനയുടെ അനിവാര്യതയും പ്രാധാന്യവും തിരിച്ചറിയുകയോ ആ വിധത്തില്‍ കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കുവാന്‍ തങ്ങളുടെ കീഴിലുള്ളവരെ ഉദ്‌ബോധിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് അവര്‍ക്ക് പിശാചൊരുക്കുന്ന ഒരുപാട് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടതായി വരുന്നു.
ഏല്‍റൂഹാ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറായ ഫാ. റാഫേല്‍ കോ ക്കാടന്‍ സിഎം.ഐ ഇതേക്കുറിച്ച് വ്യക്തമായ പഠനം അവിടത്തെ ശുശ്രൂഷയില്‍ പങ്കുചേരുന്നവര്‍ക്കും ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവര്‍ക്കും നല്‍കുന്നുണ്ട്. 31-8-2021-ല്‍ നടത്തിയ അത്ഭുതങ്ങളുടെ ജപമാല എന്ന ഓണ്‍ലൈന്‍ ശുശ്രൂഷയില്‍ അദ്ദേഹം രണ്ടു കുടുംബങ്ങളുടെ അനുഭവം വിവരിക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളും അതീവ ഭക്തര്‍. വിശുദ്ധ ജീവിതം നയിക്കുന്നവര്‍. ധാരാളം പ്രാര്‍ത്ഥിക്കുന്നവര്‍. ഒരിക്കലും ദിവ്യബലി മുടക്കാത്തവര്‍. ഉദാരമായി ദാനധര്‍മം ചെയ്യുന്നവര്‍. കൂടെക്കൂടെ ധ്യാനങ്ങള്‍ കൂടുന്നവരും വചനം ഉരുവിട്ടു പ്രാര്‍ത്ഥിക്കുന്നവരും. പക്ഷേ കുടുംബത്തില്‍ എന്നും കാരണമറിയാത്ത പ്രശ്‌നങ്ങളാണ്. ഒരിക്കലും സമാധാനമില്ലാത്ത അവസ്ഥ. കൂടെക്കൂടെ രോഗങ്ങള്‍, പരാജയങ്ങള്‍.
എല്ലാത്തരം പ്രാര്‍ത്ഥനകളും എല്ലാ ദിവസവും ചൊല്ലുന്ന ഈ രണ്ടുകുടുംബങ്ങള്‍ ഒരിക്കലും ചൊല്ലാത്ത ഒരു പ്രാര്‍ത്ഥനയുണ്ടായിരുന്നു. അത് സംരക്ഷണപ്രാര്‍ത്ഥന (ബന്ധനപ്രാര്‍ത്ഥന)യാണ്. അച്ചന് പരിശുദ്ധാത്മാവ് അത് സന്ദേശമായി വെളിപ്പെടുത്തി. അച്ചന്‍ ആ കുടുംബങ്ങളോട് ആ പ്രാര്‍ത്ഥന കൂടെക്കൂടെ ചൊല്ലി കര്‍ത്താവായ യേശുവിന്‍റെ നാമത്തിലുള്ള സംരക്ഷണം യാചിക്കുവാന്‍ ആവശ്യപ്പെട്ടു. അവര്‍ അതനുസരിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ അവരുടെ കുടുംബത്തില്‍ മലപോലെ ഉയര്‍ന്നുനിന്ന പ്രശ്‌നങ്ങള്‍ പുഴപോലെ ഒഴുകിപ്പോയി. രണ്ടു കുടുംബങ്ങളും സമാധാനത്തിന്‍റെ തീരത്തേക്ക് നടന്നടുക്കുവാന്‍ ഇടയായി. (പ്രസ്തുത അത്ഭുതങ്ങളുടെ ജപമാല Elrooha Retreat യുട്യൂബ് ചാനലില്‍ ലഭ്യമാണ്).
ഈ വിധത്തിലുള്ള പലതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോയി വഴിമുട്ടി നില്‍ക്കുകയാണോ നിങ്ങളുടെ കുടുംബജീവിതവും ശുശ്രൂഷാജീവിതവും? ലോകത്തെ ജയിച്ച, ദുഷ്ടനെ പരാജയപ്പെടുത്തിയ യേശുവിന്‍റെ നാമത്തിലുള്ള വിജയം, നമ്മെ തകര്‍ക്കുന്ന നമ്മുടെ ജീവിതപ്രശ്‌നങ്ങളുടെമേല്‍ നാം അവകാശപ്പെട്ടു പ്രാര്‍ത്ഥിച്ചാല്‍ നമുക്കും മുന്‍പറഞ്ഞ ആ കുടുംബങ്ങളെപ്പോലെ സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയും. അതിനുവേണ്ട ഉള്‍ക്കാഴ്ചയും സന്നദ്ധതയും പരിശുദ്ധാത്മാവായ ദൈവം നമുക്ക് നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
ഇതുകൂടാതെ മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള ജപം, വിശ്വാസപ്രമാണം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന എന്നിവ പലവട്ടം ആവര്‍ത്തിച്ചുചൊല്ലുന്നതും വെഞ്ചരിച്ച ഉപ്പ്, ഹന്നാന്‍ വെള്ളം എന്നിവ ഭക്തിയോടും വിശ്വാസത്തോടുംകൂടി ഉപയോഗിക്കുന്നതും ദുഷ്ടശക്തികളുടെമേല്‍ വലിയ സംരക്ഷണം ലഭിക്കുന്നതിന് നമ്മെ സഹായിക്കും.
പ്രയ്‌സ് ദ ലോര്‍ഡ് ‘ആവേ മരിയ’