Home/Encounter/Article

ഫെബ്രു 21, 2024 248 0 Shalom Tidings
Encounter

മാര്‍പാപ്പയെ കുമ്പസാരിപ്പിച്ച ഭിക്ഷാടകന്‍

ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്‍റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, “അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും കിട്ടി.

എന്നിട്ടെന്തേ അങ്ങ് ഇവിടെ “യുവവൈദികന്‍ തേങ്ങലോടെ ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്‍റെ ജീവിതത്തില്‍ ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും അതെത്തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കേണ്ടി വന്നതും ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ യാചകനായി ജീവിതം ആരംഭിച്ചതുമെല്ലാം വിവരിച്ചു. വേദനയോടെ അതെല്ലാം ശ്രവിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വൈദികന്‍ മടങ്ങി.

എന്നാല്‍ അദ്ദേഹത്തിന് തന്‍റെ സഹപാഠിയെ മറക്കുവാന്‍ സാധിച്ചില്ല. അന്നുമുതല്‍ അദ്ദേഹത്തിനുവേണ്ടി ഈ വൈദികന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. നാളുകള്‍ കഴിഞ്ഞു. റോമിലെ പഠനം അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കവേ, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനെ കണ്ട് അനുഗ്രഹം വാങ്ങുവാനുള്ള അവസരം ഉണ്ടായി. സന്ദര്‍ശനസമയത്ത് പാപ്പയോട് ആരും ഒന്നുംതന്നെ സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.

എന്നാല്‍ സന്ദര്‍ശനവേളയില്‍ പാപ്പയുടെ മുന്‍പില്‍ മുട്ടുകുത്തിയതും വൈദികന്‍ പാപ്പയോടു തനിക്ക് ഒരു പ്രാര്‍ത്ഥനാപേക്ഷ ഉണ്ടെന്നും അത് തന്‍റെ സഹപാഠിയായിരുന്ന വൈദികനുവേണ്ടിയാണെന്നും അദ്ദേഹം വൈദികവൃത്തി ഉപേക്ഷിച്ചു ഇപ്പോള്‍ യാചകനാണെന്നും ധൃതിയില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും പേപ്പല്‍ ഗാര്‍ഡുകള്‍ അദ്ദേഹത്തെ അവിടെനിന്നും പുറത്തേക്കു നയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം വൈദികനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. മാര്‍പാപ്പയുടെകൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും സഹപാഠിയായിരുന്ന ഭിക്ഷാടകനുമുള്ള ഒരു ക്ഷണം ആയിരുന്നു അത്. അദ്ദേഹം വലിയ സന്തോഷത്തോടെ തന്‍റെ സഹപാഠിയെ അന്വേഷിച്ച് ദൈവാലയ വാതില്‍ക്കല്‍ എത്തി. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിക്കാന്‍കൂടി തയാറായില്ല. തനിക്കതിന് അര്‍ഹതയില്ലെന്ന മട്ടില്‍ നിന്നിരുന്ന യാചകസുഹൃത്തിനെ കുളിച്ചു വൃത്തിയാകാന്‍ സഹായിച്ചു, നല്ല വസ്ത്രം ധരിപ്പിച്ച് അദ്ദേഹം കൂടെ കൊണ്ടുപോയി.

പേപ്പല്‍ കൊട്ടാരത്തിന്‍റെ ഊട്ടുമുറിയില്‍ പാപ്പ അവര്‍ ഇരുവരെയും കാത്ത് മുന്‍പേതന്നെ ഇരിപ്പുണ്ടായിരുന്നു. വളരെ ബഹുമാനത്തോടെ അവര്‍ അങ്ങോട്ടേക്കാനയിക്കപ്പെട്ടു. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം യാചകനായ വൈദികനെ മാര്‍പാപ്പ ഒരു സ്വകാര്യ സംഭാഷണത്തിനായി ക്ഷണിച്ചു. ഏറെനേരം കഴിഞ്ഞ് രണ്ടുപേരും തിരികെ വന്നു. എന്നാല്‍ ഇരുവരും നിശബ്ദരായിരുന്നു. യാത്ര പറഞ്ഞ് പിരിഞ്ഞുപോരവേ, കൗതുകം അടക്കാന്‍ സാധിക്കാതെ യുവവൈദികന്‍ തന്‍റെ സുഹൃത്തിനോട് സംഭവിച്ച കാര്യങ്ങള്‍ തിരക്കി.

വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആ സമാഗമത്തില്‍ നടന്നത്. മാര്‍പാപ്പ യാചകനായ വൈദികനോട് തന്നെ ഒന്ന് കുമ്പസാരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ലജ്ജിച്ചുപോയ വൈദികന്‍ താന്‍ വൈദികവൃത്തി ഉപേക്ഷിച്ചവന്‍ ആണെന്നും തനിക്ക് പൗരോഹിത്യ അധികാരങ്ങള്‍ ഇല്ലെന്നും പാപ്പയെ അറിയിച്ചു. പാപ്പ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിയോടെ പറഞ്ഞു, “ഒരിക്കല്‍ വൈദികന്‍ ആയിരുന്ന വ്യക്തി എന്നെന്നും ഒരു വൈദികന്‍ ആയിരിക്കും.”

അദ്ദേഹം ആഗ്രഹിക്കുന്നു എങ്കില്‍, കത്തോലിക്കാ സഭയുടെ തലവനും റോമിന്‍റെ മെത്രാനും
എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തിന്‍റെ പൗരോഹിത്യ അധികാരങ്ങള്‍ തിരികെ നല്‍കാന്‍ അധികാരം ഉണ്ടെന്നും പാപ്പാ പറഞ്ഞു. അതിനുശേഷം പാപ്പ അദ്ദേഹത്തിന്‍റെ കുമ്പസാരം കേള്‍ക്കുകയും പൗരോഹിത്യ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്‍റെ മുന്‍പില്‍ മുട്ടുകുത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ പാപ്പാ, വൈദികനോട് അദ്ദേഹം ഭിക്ഷ യാചിച്ചിരുന്ന ദൈവാലയത്തില്‍ചെന്ന് അവിടുത്തെ വികാരിയച്ചനെ കാണാനാണ് നിര്‍ദേശിച്ചത്. അവിടത്തെ സഹവികാരിയായി അദ്ദേഹത്തെ നിയമിക്കുന്നുവെന്നും അവിടെ എത്തുന്ന യാചകരുടെ ആത്മീയശുശ്രൂഷകള്‍ ഏല്‍പിക്കുന്നുവെന്നും പാപ്പ അറിയിച്ചു. യാചകനായ വൈദികന്‍ കഥ പൂര്‍ത്തിയാക്കുമ്പോള്‍, അദ്ദേഹത്തിനും യുവവൈദികനും കണ്ണുനീര്‍ അടക്കാനായില്ല.

ദൈവകരുണയുടെ ഇടപെടല്‍ ഒരു ജീവിതം എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണിത്. ഒപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ എളിമയുടെയും പിതൃവാത്സല്യത്തിന്‍റെയും കഥയും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles