Home/Evangelize/Article

ഫെബ്രു 21, 2024 198 0 Jency Shammi
Evangelize

ഈശോയെ തട്ടീംമുട്ടീം ഒരു വീട്ടമ്മ

ഓരോ നിമിഷവും ഈശോയുടെ തോളുരുമ്മി നടന്ന്, കുടുംബജീവിതം സ്വര്‍ഗമാക്കിയ വീട്ടമ്മയുടെ അനുഭവങ്ങള്‍…

രണ്ട് ചേട്ടന്‍മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്‍ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ അല്പമൊക്കെ പ്രാര്‍ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില്‍ പോയിരുന്ന ആളായിരുന്നു ഞാന്‍. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല്‍ ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ നടക്കുമായിരുന്നു. എന്‍റെ ഭര്‍ത്താവ്, എന്‍റെ മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ അങ്ങനെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിമാത്രമായിരുന്നു പ്രാര്‍ത്ഥന. എന്നിലെ ‘അഹം’ വളരെയധികം പ്രബലമായിരുന്നു. ഞാന്‍ പറയുന്നതാണ് ശരി, അത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നതായിരുന്നു എന്‍റെ മനോഭാവം.

ഉപകാരമായ ദുരിതങ്ങള്‍

അങ്ങനെയിരിക്കേ 2013-ല്‍ എന്‍റെ ഒരു സഹോദരന്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. അതെനിക്ക് വല്ലാത്തൊരു ‘ഷോക്ക്’ ആയിരുന്നു. ചേട്ടന്‍റെ മരണശേഷമാണ് മരണാനന്തരമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. ‘മരണശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും? എന്‍റെ മരണശേഷമെങ്കിലും എനിക്ക് ചേട്ടനെ കാണാന്‍ സാധിക്കുമോ?’ എന്നിങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങള്‍ ഞാന്‍ ഉള്ളില്‍ ചോദിച്ചുതുടങ്ങി. എങ്കിലും ആ അനുഭവവും നല്ലൊരു ദൈവബന്ധത്തിലേക്ക് എന്നെ നയിച്ചില്ല.

പിന്നെയും ജീവിതത്തില്‍ പല സഹനങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ പതിയെപ്പതിയെ എന്നെ പിന്തുടരുന്ന ദൈവസ്നേഹം തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യര്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കാതെ തനിയെയാകുന്ന സമയങ്ങളിലാണല്ലോ നാം ഏറ്റവും കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കുക. അങ്ങനെയൊരവസ്ഥയിലാണ് ഞാനും ദൈവത്തെ തേടിയത്. എങ്കിലും പലപ്പോഴും പിന്തിരിഞ്ഞുനടക്കുകയും ചെയ്തു. പക്ഷേ ഞാന്‍ ദൈവത്തിലേക്ക് ഒരു ചുവട് വച്ചപ്പോള്‍ ഈശോ എന്നെ എത്തിച്ചത് സങ്കീര്‍ത്തനാരാധനാ കൂട്ടായ്മയിലായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും വായിക്കുന്നതും ഈശോയുടെ പ്രാര്‍ത്ഥനാപുസ്തകമായ സങ്കീര്‍ത്തനങ്ങളാണ്. സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ മനസിന്‍റെ ഭാരം കുറഞ്ഞില്ലാതാകുന്നതും രോഗസൗഖ്യം ലഭിക്കുന്നതുമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ജീവിതം ക്രമപ്പെടാന്‍ തുടങ്ങുന്നു…

സങ്കീര്‍ത്തനാരാധനാകൂട്ടായ്മയിലൂടെ ശാസനകളും സ്നേഹത്തലോടലുകളും എല്ലാം നല്കി പല രീതിയിലും ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈശോ എന്നെ പഠിപ്പിച്ചു. ഒരു കാര്യം ഈശോ പ്രത്യേകം മനസിലാക്കിത്തന്നു. എനിക്ക് മറ്റുള്ളവരെ ശരിയാക്കാന്‍ സാധിക്കില്ല. പകരം എന്നിലെ ‘ഞാന്‍’ ഇല്ലാതായാല്‍ എന്നിലൂടെ മറ്റുള്ളവരെ ഈശോക്ക് നേടാനാവും. അതിനാല്‍ത്തന്നെ ‘ഞാന്‍ഭാവം’ ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ശ്രമം തുടങ്ങി. എളിമ ലഭിക്കാനായി നിരന്തരം പ്രാര്‍ത്ഥിച്ച് പരിശ്രമിച്ചിരുന്നു. അനുദിനജീവിതത്തില്‍ പുണ്യങ്ങള്‍ ചെയ്യാന്‍ കൂട്ടായ്മയിലൂടെ കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. അങ്ങനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞ് സ്തുതികളര്‍പ്പിച്ച് പുണ്യം ചെയ്യാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ ഭര്‍ത്താവും മക്കളും പുണ്യാഭ്യസനത്തില്‍ പങ്കുചേര്‍ന്നു. അതോടെ കുടുംബത്തില്‍ വലിയ മാറ്റമാണുണ്ടായത്; സ്വര്‍ഗീയാനന്ദം കുടുംബത്തില്‍ നിറയുന്ന അനുഭവം! പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലെന്നല്ല, അതിനെല്ലാമുപരിയായ ഒരു ആനന്ദം കര്‍ത്താവ് സമ്മാനിക്കുന്നു.

എന്ത് കാര്യവും സ്വര്‍ഗത്തിലെ ‘അപ്പച്ചനോ’ട് പറഞ്ഞിട്ട് ചെയ്യുക എന്നത് ഒരു ശീലമായി. എന്ത് ചെയ്യുമ്പോഴും ഇത് ഈശോയ്ക്ക് ഇഷ്ടമാകുമോ എന്ന ചിന്ത പരിശുദ്ധാത്മാവ് തരും. അതിനാല്‍ത്തന്നെ പാപങ്ങളില്‍നിന്ന് കുറെയെങ്കിലും പിന്‍മാറാന്‍ സാധിച്ചു. വിശുദ്ധിക്കായി ആഴത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. വിശുദ്ധ കുമ്പസാരത്തിന് ഏറെ പ്രാധാന്യം നല്കാന്‍ ഈശോ എന്നെ ഒരുക്കി. ഈലോകചിന്തയില്‍നിന്നും മാറി സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ പല കുരുക്കുകളും പ്രതിസന്ധികളുമായി ശത്രു പിന്നാലെത്തന്നെയുണ്ടെങ്കിലും ഈശോ കരം പിടിച്ച് കൂടെ നടക്കുന്നു.

ഈ യാത്രയില്‍ ഈശോ എനിക്ക് മനസിലാക്കിത്തന്ന മറ്റൊരു കാര്യം അപരന് എന്നെക്കാള്‍ പ്രാധാന്യം കൊടുക്കുക എന്നതായിരുന്നു. അവരുടെ ഭാഗത്തുനിന്ന് ഈശോയോട് ചേര്‍ന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ക്ഷമ എന്ന പുണ്യം അഭ്യസിക്കുക എളുപ്പമായി. തെറ്റ് എന്‍റെ ഭാഗത്താണെന്ന് ചിന്തിക്കാന്‍ സാധിച്ചു. ആരെങ്കിലും അകാരണമായി ദേഷ്യപ്പെട്ടാലും കുറ്റപ്പെടുത്തിയാലും ഈശോയുടെ കുരിശോട് ചേര്‍ത്തുവയ്ക്കുക എന്നത് താരതമ്യേന എളുപ്പമായി.

മക്കളാകെ മാറി!

ഈശോയോടൊപ്പമുള്ള ജീവിതം ആരംഭിക്കുന്നതിനുമുമ്പ് മക്കളെ ഞാന്‍ എന്‍റേതുമാത്രമാക്കി വച്ചിരിക്കുകയായിരുന്നു. അവരെക്കുറിച്ചുള്ള എന്‍റെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ എനിക്ക് സഹിക്കില്ല. എന്നാല്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് അമ്മയ്ക്കൊപ്പമായിരുന്നപ്പോള്‍ അമ്മ ഒരു കാര്യം മനസിലാക്കിത്തന്നു. ഞാന്‍ സ്വര്‍ഗത്തിലെ അപ്പച്ചന്‍റെ മകളാണ് എന്നതുപോലെ അവരും അവിടുത്തെ മക്കളാണ്. അവര്‍ക്ക് അവരുടെ സ്വര്‍ഗീയപിതാവിനെ പരിചയപ്പെടുത്തി നല്കി അവിടുന്നിലേക്ക് നയിക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ടത്. ഇപ്രകാരം ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മക്കളെ പൂര്‍ണമായും ദൈവപിതാവിന് സമര്‍പ്പിച്ച് ബോധപൂര്‍വം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇടയ്ക്ക് എന്നിലെ ‘അഹം’ കയറിവരുമെങ്കിലും വീണ്ടും പരിശ്രമിക്കും. അങ്ങനെ മുന്നോട്ടുപോയപ്പോള്‍, എനിക്കുചുറ്റും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നത് അനുഭവവേദ്യമായി. ഭര്‍ത്താവിനെയും എന്നെയും മക്കള്‍ക്ക് മാതൃകകളായി പിതാവ് മാറ്റി. അവരെ ദൈവപിതാവിന് വിട്ടുകൊടുത്തപ്പോള്‍ ഞങ്ങളുടെ രൂപഭാവങ്ങള്‍ക്കുപകരം ദൈവികമായ രൂപഭാവങ്ങള്‍ അവരില്‍ വരുന്നത് കാണാന്‍ സാധിച്ചു.

ഉദാഹരണത്തിന് ചെറുപ്പത്തില്‍, ദിവ്യബലിയില്‍ നിര്‍ബന്ധിച്ചാണ് പങ്കെടുപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ അനുദിനദിവ്യബലിയര്‍പ്പിക്കുന്നു. എല്ലാ നോമ്പുകളും അര്‍ത്ഥപൂര്‍ണമായി എടുക്കാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവും ഞാനും ദിവസത്തിലെ ജോലികള്‍ക്കിടയിലും ജപമാല ചൊല്ലിക്കൊണ്ടിരിക്കും. അതുകണ്ട് വളരുന്നതിനാല്‍ മക്കളും ജപമാലപ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യമാണ് നല്കുന്നത്. സ്വഭാവശുദ്ധിയിലും പ്രാര്‍ത്ഥനയിലും സത്പ്രവൃത്തികളിലുമെല്ലാം അവര്‍ മുന്നേറുന്നതുകാണുമ്പോള്‍, അവരെ ഇപ്രകാരം വളര്‍ത്തുന്നത് എങ്ങനെയാണെന്ന് പലരും ചോദിക്കും. എന്നാല്‍ ഇതെല്ലാം അവരെ ദൈവത്തിന് വിട്ടുകൊടുത്തതിനാല്‍ വന്ന മാറ്റങ്ങളാണ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു.

സ്വര്‍ഗീയപിതാവിന്‍റെ മകളായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ അവിടുന്ന് ചോദിക്കാതെതന്നെ തരുന്ന സമ്മാനങ്ങളാണ് മറ്റെല്ലാം.

സര്‍വ മഹത്വവും സ്തുതിയും ആരാധനയും പരിശുദ്ധ ത്രിത്വത്തിന്!

Share:

Jency Shammi

Jency Shammi

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles