Home/Encounter/Article

നവം 18, 2023 248 0 ആന്‍സിമോള്‍ ജോസഫ്
Encounter

ചെളിക്കൂനയില്‍ ഇറങ്ങിയ മാതാവ്

പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയിലെ കോടതിയില്‍ അനേകനാളായി ഒരു കേസ് നടന്നുവരികയായിരുന്നു. 1625-ല്‍ അതിന് വിധിയായി. എന്നാല്‍ അത് വളരെ ക്രൂരമായ ഒന്നായിരുന്നു; അന്ന എന്ന യുവതിയെ നദിയിലെറിഞ്ഞ് കൊല്ലണം.

നിഷ്കളങ്കയായ ഒരു ഗ്രാമീണ കന്യകയായിരുന്നു അന്ന. ബര്‍ട്ലോ മാര്‍ജിന്‍റെയും ജാഡ്വിഗയുടെയും മകളായ അന്നയുടെ വീട്ടില്‍ നിത്യം പട്ടിണിയായിരുന്നു. മാതാപിതാക്കളുടെ അദ്ധ്വാനങ്ങളൊന്നും ദാരിദ്ര്യമകറ്റാന്‍ പര്യാപ്തമായില്ല. അതിനാല്‍ മനസില്ലാമനസോടെ അവര്‍ അന്നയെ വാര്‍സോ നഗരത്തിലെ ഒരു കുടുംബത്തില്‍ വീട്ടുവേലയ്ക്കയച്ചു.

നാളുകള്‍ കഴിഞ്ഞു, ഗ്രാമത്തിന്‍റെ നിഷ്കളങ്കതയില്‍ വളര്‍ന്ന അന്നയ്ക്ക് നഗരത്തിന്‍റെ കാപട്യങ്ങള്‍ മനസിലായില്ല. നഗരത്തിലെ ഒരു യുവാവുമായി അവള്‍ പ്രണയത്തിലായി, അയാളുടെ സ്നേഹം ആത്മാര്‍ത്ഥമെന്ന് തെറ്റിദ്ധരിച്ചു. അയാളുടെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നിടംവരെ എത്തി ആ ബന്ധം. എന്നാല്‍ ഇതറിഞ്ഞ യുവാവ് അന്നയെ വിവാഹം കഴിക്കുവാന്‍ തയ്യാറായതുമില്ല. വിശ്വസിച്ചുസ്നേഹിച്ച വ്യക്തിയാല്‍ വഞ്ചിക്കപ്പെട്ട അന്ന, കുഞ്ഞിന്‍റെ ജനനത്തോടെ മാനസിക വിഭ്രാന്തിയിലെത്തി. അപമാനവും ഭയവും നിരാശയും താങ്ങാനാകാതെ, കുഞ്ഞിനെ അടുത്തുള്ള നദിയിലെറിഞ്ഞു. പ്രസ്തുത കേസിലാണ് അവള്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

വിസ്റ്റുല നദിയില്‍ എറിഞ്ഞ് വധിക്കാന്‍ വിധിക്കപ്പെട്ട അന്നയെ മരണത്തിനൊരുക്കുവാന്‍ നിയോഗിക്കപ്പെട്ട വൈദികന് അവളുടെ നിഷ്കളങ്കതയും ആത്മാര്‍ത്ഥതയും ബോധ്യമായി. അദ്ദേഹം അവളെ ആശ്വസിപ്പിച്ചു. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ മാധ്യസ്ഥ്യം തേടാനും അമ്മയുടെ സംരക്ഷണത്തിന് സ്വയം ഭരമേല്‍പ്പിക്കാനും അദ്ദേഹം അന്നയെ ഉപദേശിക്കുകയും അതിന് അവളെ സഹായിക്കുകയും ചെയ്തു.

ക്രൂരമായ വിധി നടപ്പാക്കല്‍

വിധി നടപ്പാക്കേണ്ട ദിനം വന്നെത്തി. ആകാംക്ഷാഭരിതരായ വലിയ ജനക്കൂട്ടം വിസ്റ്റുല നദീതീരത്ത് തടിച്ചുകൂടി. അനുകമ്പയും കുറ്റപ്പെടുത്തലുകളും സമ്മിശ്രിതമായ അന്തരീക്ഷം. മരണം തൊട്ടുതൊട്ടു നില്ക്കുന്ന അന്ന പക്ഷേ അതൊന്നും കേട്ടില്ല. നദിയുടെ മുകളിലൂടെയുള്ള പാലംവരെ ജനം അന്നയെ അനുഗമിച്ചു. ആരാച്ചാര്‍ വലിയൊരു കല്ല് അവളുടെ കാലില്‍ ബന്ധിച്ചു. നദിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് അവള്‍ ആണ്ടുപോകുമെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണത്.

ഭയവിഹ്വലയായി ജീവഛവംപോലെ വിറങ്ങലിച്ചുനിന്ന അന്ന നദിക്കരയില്‍ മുട്ടുകുത്തി. അവളുടെ തെറ്റുകള്‍ മുഴുവന്‍ ജനത്തിനുമുമ്പില്‍ പരസ്യമായി ഏറ്റുപറഞ്ഞു. യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതെല്ലാം വിവരിച്ച് ദൈവത്തോടു മാപ്പപേക്ഷിച്ചു. അവസാനം, ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിനായി സ്വയം സമര്‍പ്പിച്ചു. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും ചോദിച്ച് അവള്‍ പ്രാര്‍ത്ഥിച്ചു. തന്‍റെ ജീവന്‍ തിരികെ ലഭിച്ചാല്‍ ദൈവഹിതപ്രകാരം, പരിശുദ്ധ അമ്മയുടെ മകളായി പുതിയ ജീവിതം നയിച്ചുകൊള്ളാമെന്ന് അന്ന അമ്മയ്ക്ക് വാക്കുകൊടുക്കുകയും ചെയ്തു.

ആരാച്ചാര്‍ക്ക് തന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട സമയമായി. കാലില്‍ ഭാരമേറിയ കല്ല് ബന്ധിക്കപ്പെട്ട അന്നയെ അയാള്‍ വിസ്റ്റുലനദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ഇളകിമറിയുന്ന നദീജലത്തില്‍ അവളുടെ നിലവിളി സാവധാനം അലിഞ്ഞലിഞ്ഞില്ലാതായി. കടുത്ത നിശബ്ദതയില്‍ എല്ലാം നോക്കി ജനം നിന്നു. പതിയെ പല കൂട്ടങ്ങളായി അവര്‍ പിരിഞ്ഞകലുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് നദിക്കരയില്‍ നില്പുണ്ടായിരുന്നു.

ആഴിയുടെ അഗാധങ്ങളിലെ സംഭവം

ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞുകാണും; നദിയിലെ ജലം ശക്തമായി ഇളകിമറിയാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും അവിടേക്ക് ഉറ്റുനോക്കി. അതാ, ഒരു സ്ത്രീരൂപം വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നു വരുന്നു. അത് കര ലക്ഷ്യമാക്കി നീന്തുകയാണ്. ശ്വാസം അടക്കിപ്പിടിച്ചുനിന്ന ജനത്തിന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നദിയില്‍ എറിയപ്പെട്ട അന്ന ജീവനോടെ കരയിലേക്കെത്തുന്നു. എല്ലാവരും അവളുടെ അടുത്തേക്ക് ഓടി. അവിശ്വസനീയതയോടെ നില്ക്കുന്ന ജനത്തോട് അന്ന ശാന്തമായി സംസാരിച്ചു.

നദിയില്‍ എറിയപ്പെട്ടതിനുശേഷം ഉണ്ടായ സംഭവങ്ങള്‍, ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് അന്ന വിവരിച്ചു. കാലില്‍ ബന്ധിച്ചിരുന്ന കല്ലിന്‍റെ ഭാരം നദിയുടെ ആഴങ്ങളിലേക്ക് അവളെ താഴ്ത്തി. അടിത്തട്ടിലെ ചെളിക്കൂനയില്‍ അന്ന പൂണ്ടുപോകവേ, പെട്ടെന്ന് ഷെസ്റ്റോകോവയിലെ പരിശുദ്ധ അമ്മ പ്രഭാപൂരിതയായി അവിടെ പ്രത്യക്ഷയായി. വിസ്റ്റുല നദിയുടെ ആഴങ്ങളില്‍, ചെളിക്കൂനയിലേക്ക് അമ്മ ഇറങ്ങി, അന്നയെ താങ്ങിയെടുത്തു. “അത്യുന്നതങ്ങളില്‍നിന്ന് കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു” (2സാമുവല്‍ 22/17). ഭയപ്പെടേണ്ടെന്നു പറഞ്ഞ് സ്നേഹത്തോടെ ആശ്വസിപ്പിച്ചു. അന്നയുടെ കാലില്‍ ബന്ധിച്ചിരുന്ന വലിയ കല്ല് വാത്സല്യനിധിയായ പരിശുദ്ധ ദൈവമാതാവ് അഴിച്ചുനീക്കി. അതിനുശേഷം കരയിലേക്ക് നീന്താന്‍ അമ്മ അവളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവള്‍ ജീവനോടെ കരയിലെത്തിയത്.

അന്ന പറഞ്ഞവയെല്ലാം കേട്ടുനിന്ന, ജഡ്ജിമാരുള്‍പ്പെടെ നദിക്കരയിലുണ്ടായിരുന്ന സകലരും ഉടന്‍ നിലത്തു മുട്ടുകുത്തി പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയര്‍പ്പിച്ചു. “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ 1/49) എന്ന് പരിശുദ്ധ അമ്മയോടൊപ്പം അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

അമ്മയെ കണ്ടുകഴിഞ്ഞാല്‍

ഒട്ടും വൈകിപ്പിക്കാതെ, അന്നയും മാതാപിതാക്കളും ജാസ്നഗോരയിലേക്ക് പുറപ്പെട്ടു, ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന് നേരിട്ട് നന്ദി പറയുന്നതിനുവേണ്ടി. അപ്പോഴേക്കും അന്ന ആകെ മാറിക്കഴിഞ്ഞിരുന്നു; സ്വജീവിതം ദൈവമാതാവിന് സമര്‍പ്പിച്ചു. മടങ്ങിയെത്തിയ അവള്‍ പ്രാര്‍ത്ഥനയും പരിഹാരവും പുണ്യപ്രവൃത്തികളും ജീവിതശൈലിയാക്കി. ഈശോയെയും പരിശുദ്ധ അമ്മയെയും പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടിമാത്രമായിരുന്നു പിന്നീട് അവളുടെ ജീവിതം.

പരിശുദ്ധ അമ്മയെ കണ്ടവരും അമ്മയുടെ സ്നേഹം അനുഭവിച്ചവരും പിന്നീടൊരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയിട്ടില്ല. മാത്രമല്ല, അവരുടെ ജീവിതം പരിശുദ്ധ അമ്മയിലൂടെ ക്രിസ്തു കേന്ദ്രീകൃതമായി വിശുദ്ധിയില്‍ കൂടുതല്‍ പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയില്‍ ആശ്രയിക്കുന്നവരെ അമ്മ സ്വന്തമായി സ്വീകരിച്ച് സഹായിക്കുകയും സംരക്ഷിക്കുകയും ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്യും.

അന്നയെപ്പോലെ പാപാവസ്ഥയിലായിരുന്നാലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍ അമ്മ സഹായത്തിന് എത്തിയിരിക്കും. പാപികളുടെ സങ്കേതമാണല്ലോ നമ്മുടെ അമ്മ. പ്രലോഭനങ്ങളാല്‍ വലയുമ്പോഴും പാപത്തില്‍ വീണുപോകുമ്പോഴും പാപഭാരം താങ്ങാതാകുമ്പോഴും ആരും സഹായമില്ലാതെ നിസഹായതയിലാഴുമ്പോഴുമെല്ലാം, ഒരിക്കലും കുറ്റപ്പെടുത്താതെ സ്നേഹിച്ച് ആശ്വസിപ്പിക്കുന്ന ഈ സങ്കേതത്തില്‍ നമുക്ക് അഭയം തേടാം. അമ്മയുടെ പുണ്യങ്ങളാല്‍ അലങ്കരിച്ച് അമ്മ നമ്മെ പുണ്യപ്പെട്ടവരാക്കിത്തീര്‍ത്തുകൊള്ളും.

Share:

ആന്‍സിമോള്‍ ജോസഫ്

ആന്‍സിമോള്‍ ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles