Home/Encounter/Article

ആഗ 28, 2023 322 0 ആന്‍സിമോള്‍ ജോസഫ്
Encounter

മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറഞ്ഞ സംഭവം

അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്?

തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം.

ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ സ്നേഹിക്കുന്നു.. ഉള്ളില്‍ ദൈവസ്നേഹത്തിന്‍റെ ആനന്ദം ഓളംവെട്ടി… കാര്യമറിയാതെ നന്ദിയും പറഞ്ഞ്, കുറേ ഉമ്മകളും കൊടുത്തിട്ട് കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയെ ഒന്നുനോക്കി. ഈശോ കുരിശില്‍നിന്നിറങ്ങി അരികില്‍വന്ന് എന്നെ ചേര്‍ത്തണച്ചു… സ്നേഹിച്ചിട്ടും സ്നേഹിച്ചിട്ടും മതിയാകാത്തതുപോലെ.. ഒടുവില്‍ ചോദിച്ചു, എന്തേ ഈശോയേ… ഇത്രയധികം സ്നേഹപ്രകടനം? മറുപടി പെട്ടെന്നായിരുന്നു… എന്‍റെ മരണനേരത്ത് നീ എന്നെ ആശ്വസിപ്പിക്കാന്‍ വന്നില്ലേ? എനിക്കു നിന്നോടുള്ള നന്ദിയും സ്നേഹവും പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല…

ഞാനോ? എപ്പോള്‍? എപ്പോഴാ ഈശോയേ? ഞാന്‍ ചോദിച്ചു…

മൂന്നുമണിക്ക് നീ എഴുന്നേറ്റുനിന്ന് എന്‍റെ മരണവേദനയില്‍ പങ്കുചേര്‍ന്നില്ലേ?… നിന്‍റെ മരണസമയത്ത് ഞാന്‍ ഓടിവരും ട്ടോ… കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു… മരണനേരത്ത് കുരിശിന്‍താഴേക്ക് നോക്കിയപ്പോള്‍ യോഹന്നാനൊഴികെ ഞാന്‍ സ്നേഹിച്ച എന്‍റെ ശിഷ്യരാരെയും കണ്ടില്ല.. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി.

കുറ്റബോധംകൊണ്ട് ഞാനാകെ ചൂളിപ്പോയി. സ്നേഹിക്കാന്‍ കഴിയാതെ വീണുപോയതിന്‍റെ പശ്ചാത്താപവുമായാണ് ക്രൂശിതന്‍റെ മുമ്പില്‍ എത്തിയതുതന്നെ. കാരണം, മൂന്നുമണിക്ക് എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥിച്ചുവെങ്കിലും ശരിക്കും ആ സമയത്ത് എനിക്ക് ചാപ്പലില്‍ പോയി ഈശോയുടെ മരണത്തില്‍ പങ്കുചേരാമായിരുന്നു, ആശ്വസിപ്പിക്കാമായിരുന്നു. 2.58ന് ഓര്‍മിപ്പിച്ചതുമാണ്; പക്ഷേ പോയില്ല. അതിന്‍റെ വിഷമം വല്ലാതെയുണ്ട്.. അപ്പോഴാണ് ഈശോയുടെ ഈ സ്നേഹപ്രകടനം… കുനിഞ്ഞ ശിരസുമായി നില്ക്കുമ്പോള്‍ ഈശോ വീണ്ടും പറഞ്ഞു:

എന്‍റെ കുഞ്ഞേ, എന്‍റെ സഹനങ്ങളില്‍, മരണത്തില്‍ നീ കൂടെനിന്നാല്‍ നീ സഹിക്കുമ്പോള്‍, മരണത്തിലും എനിക്ക് നിന്‍റെകൂടെ നില്ക്കാതിരിക്കാനാകില്ല.

ഈശോ വിശുദ്ധര്‍ക്ക് നല്കിയ ഒരു വെളിപ്പെടുത്തല്‍ ഫാ.മാര്‍ട്ടിന്‍ വോണ്‍ കോഹെം ‘പരിശുദ്ധ കുര്‍ബാന അനുഭവമാക്കാം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “യോഗ്യതയോടും ഒരുക്കത്തോടും ഭക്തിയോടെയും ദിവ്യബലി അര്‍പ്പിക്കുന്നവരുടെ മരണസമയത്ത് ഞാന്‍ അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമായി ഉണ്ടാകുമെന്നും അവര്‍ പങ്കെടുത്ത ദിവ്യബലികളുടെ എണ്ണം അനുസരിച്ച് അത്രയും ദൂതന്മാരെ ആ ആത്മാവിനെ അനുഗമിക്കാന്‍ ഞാന്‍ അയയ്ക്കുമെന്നും ഇതാ വാക്കുതരുന്നു.” മരിക്കുന്ന ഒരാള്‍ അന്നേദിവസം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ക്രിസ്തു തീര്‍ച്ചയായും അദേഹത്തിന്‍റെ മരണനിമിഷം അദേഹത്തിനരികില്‍ സന്നിഹിതനായിരിക്കും. കാരണം, ദിവ്യബലിയില്‍ അദേഹം അവിടുത്തെ മരണത്തില്‍ പങ്കാളിയായിട്ടുണ്ട് എന്നും ഫാ.മാര്‍ട്ടിന്‍ പ്രസ്തുത ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.

സിസ്റ്റര്‍ തുടര്‍ന്നു, മറ്റൊരിക്കല്‍, പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. ഈശോയുടെ ബലിയല്ലേ? അവിടുത്തോടുള്ള സ്നേഹത്താലും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി സഹിച്ചുനിന്നു. പക്ഷേ, അസ്വസ്ഥത വരിഞ്ഞുമുറുക്കുകയാണ്. ദൈവാലയത്തില്‍നിന്ന് ഇറങ്ങിയോടാന്‍ തോന്നി. എങ്ങനെയും ദിവ്യബലി തീര്‍ന്നാല്‍ മതിയെന്നായി. അറിയാതെ കണ്ണുകള്‍ ക്രൂശിതനിലേക്ക് ഉയര്‍ന്നു.

കാലുകളും കൈകളും കുരിശില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കൈകൊണ്ട് മുഖമൊന്നു തുടയ്ക്കാന്‍, ശ്വസിക്കാന്‍, ഒന്നനങ്ങാന്‍ കഴിയില്ല അവിടുത്തേക്ക്… എത്ര മണിക്കൂറുകളാണ് അവിടുത്തേക്ക് അങ്ങനെ കിടക്കേണ്ടി വന്നത്. ഇറങ്ങിയോടാന്‍ പോയിട്ട് പിടയാന്‍പോലും… കുരിശിലേക്ക് ചാരിയാല്‍ മുള്‍മുടി വീണ്ടും ശിരസിലമരുന്നു… ദൈവപുത്രനെ ജീവനോടെ മൂന്ന് ആണികളില്‍ തൂക്കിയിട്ടിരിക്കുന്നു… എന്നിട്ടും അവിടുന്ന് കുരിശില്‍നിന്നും ഇറങ്ങിയോടിയില്ല.

ഞാന്‍ പതിയെ ചോദിച്ചു, എന്‍റെ ഈശോയെ, അങ്ങ് എങ്ങനെ ഇത്രമാത്രം സഹിച്ചു.?

അവിടുന്ന് മാധുര്യത്തോടെ മന്ത്രിച്ചു,: ‘കുഞ്ഞേ, ഞാന്‍ സഹിക്കുകയല്ല, നിന്നെ സ്നേഹിക്കുകയാണ്…പീഡിപ്പിക്കപ്പെട്ടപ്പഴും കുരിശില്‍ തൂങ്ങി മരിക്കുമ്പോഴും എന്‍റെ മുമ്പില്‍ നീ മാത്രമേ ഉള്ളൂ.. ഉണ്ടായിരുന്നുള്ളൂ… നിന്നോടുള്ള എന്‍റെ സ്നേഹം നിനക്കുവേണ്ടി എന്തും സഹിക്കാന്‍ എന്നെ ശക്തനാക്കി… ഏതു പീഡകളേക്കാളും എത്ര ഭീകരമരണത്തേക്കാളും എനിക്ക് നീയാണ് വലുത്.. എന്‍റെ ജീവനേക്കാള്‍… അതേ, എന്നേക്കാളും വലുതാണ് നീ എനിക്ക്…. ചമ്മട്ടിയടിയേറ്റപ്പോഴും കുരിശില്‍ മണിക്കൂറുകള്‍ തൂങ്ങിപ്പിടയുമ്പോഴും ഹൃദയംപൊട്ടി, ഉച്ചത്തില്‍ നിലവിളിച്ചു മരിക്കുമ്പോഴും നിന്നെമാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ.. കുഞ്ഞേ, നീ മാത്രം മതിയെനിക്ക്… എനിക്ക് നീ മാത്രം മതി… നിന്നെ എന്നോടൊപ്പം നമ്മുടെ അപ്പന്‍റെ മടിയിലിരുത്താന്‍ ഞാന്‍ ഇതിലധികവും സഹിക്കാന്‍ തയ്യാറാണ്.’

ഉള്ളില്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികമായ ആ സ്നേഹത്തില്‍ ഞാന്‍ നിശബ്ദയായി…എന്നെ സ്വന്തമാക്കാന്‍ വിലയായി നല്കപ്പെട്ട ദൈവ
പുത്രന്‍.. ദൈവപുത്രന്‍റെ വിലയാണെനിക്കെന്ന്… ദൈവപുത്രനെ നല്കി ദൈവം എന്നെ സ്വന്തമാക്കി… തന്‍റെ ഒരേയൊരു മകനെ നല്കി എന്നെ സ്വന്തമാക്കാന്‍ തക്കവിധം ദൈവം എന്നെ അത്രയധികം സ്നേഹിച്ചു (യോഹന്നാന്‍ 3/16). അവിടുത്തെ സ്നേഹം ആ വിശുദ്ധബലി പൂര്‍ത്തിയാക്കാന്‍ എന്നെ ബലപ്പെടുത്തി. നീ മാത്രം മതിയെനിക്ക്…. എന്‍റെ ഈശോയേ നീ മാത്രം…

അപ്പോള്‍ ഈശോ വളരെ മൃദുവായി പറഞ്ഞു: “ഒരു കാര്യംകൂടെ പറയാനുണ്ട്. നീ മാത്രം മതി, എന്‍റെ ഈശോ മാത്രം മതി എനിക്ക് എന്ന് നീ ആവര്‍ത്തിച്ചു പറയാറുണ്ട്. എന്‍റെ കുഞ്ഞേ, എനിക്ക് നീ മാത്രംമതി… നീ മാത്രംമതി… എന്ന് ഞാനാണ് നിന്നോട് ആദ്യം പറഞ്ഞത്… ഞാനാണ് നിന്നെ ആദ്യം സ്നേഹിച്ചത് കുട്ടാ… അതെ… ലോകസ്ഥാപനത്തിനു മുമ്പേ…” (എഫേസോസ് 1/4). “ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു. അതിനാല്‍ നാമും അവിടുത്തെ സ്നേഹിച്ചു” (1യോഹന്നാന്‍ 4/19).

സ്നേഹത്തിന്‍റെ തീവ്രതയാല്‍ ഈശോ വല്ലാതെ പ്രകാശിതനായിരുന്നു. “നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം (1 യോഹന്നാന്‍ 4/10).

എന്‍റെ പേരുപറയാതെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ ലോകത്തോടു പറയണം. അവര്‍ പൂര്‍ത്തിയാക്കി.

Share:

ആന്‍സിമോള്‍ ജോസഫ്

ആന്‍സിമോള്‍ ജോസഫ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles