Home/Engage/Article

ഏപ്രി 11, 2020 1891 0 Renju S Varghese
Engage

ചാച്ചന്‍റെ മകനാകുന്നത് എത്ര സന്തോഷം!

കുറച്ചുനാളുകള്‍ക്കുമുമ്പ്, ഒരു സിസ്റ്ററുമായി കുറച്ചുസമയം പ്രാര്‍ത്ഥിക്കാന്‍ ദൈവം അവസരമൊരുക്കി. അപ്പോള്‍ സിസ്റ്റര്‍ ചോദിക്കുകയാണ്, ‘മോന്‍ യൗസേപ്പിതാവിന്‍റെ പുത്രനാണല്ലോ’ എന്ന്. എന്തുകൊണ്ടാണ് അങ്ങനെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നതെന്നും സിസ്റ്റര്‍ എന്നോട് ആരാഞ്ഞു. പലതരത്തിലുള്ള ദൈവികസന്ദേശങ്ങള്‍ പലരിലൂടെയും ലഭിച്ചിട്ടുണ്ടെങ്കിലും ‘യൗസേപ്പ് പിതാവിന്‍റെ പുത്രന്‍’ എന്ന സന്ദേശം ലഭിച്ചപ്പോള്‍ എനിക്കുണ്ടായ ആനന്ദം അവര്‍ണനീയമായിരുന്നു. ആ ആനന്ദത്തില്‍ കണ്‍നിറഞ്ഞ് ഞാനെന്‍റെ യൗസേപ്പിതാവുമായുള്ള വ്യക്തിപരമായ ബന്ധം പങ്കുവച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈശോയ്ക്കും മാതാവിനോടുമൊപ്പം യൗസേപ്പ് താതനും എന്‍റെ ആത്മാവില്‍ വിളങ്ങി പ്രശോഭിക്കുന്നു. ‘ചാച്ചന്‍'(പിതാവ്) എന്നല്ലാതെ ഞാന്‍ യൗസേപ്പിതാവിനെ വിളിക്കാറില്ല. എല്ലാ കാര്യങ്ങളിലും പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോയോടും മാതാവിനോടും യാചനകള്‍ പറയുന്നതിനൊപ്പം, ഞാനെന്‍റെ എല്ലാ കാര്യങ്ങളും ചാച്ചനോടും പറയാറുണ്ട്. എന്‍റെ കുടുംബത്തിലും യാത്രയിലും ജോലിമേഖലയിലുമെല്ലാം ചാച്ചന്‍ എപ്പോഴും ആത്മീയസാന്നിധ്യം നല്കണം, ഈ മേഖലകള്‍ക്കായി ഈശോയോട് മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കണം എന്നും ഞാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. വീടുവിട്ട് ഞാന്‍ എവിടെ ഇറങ്ങിയാലും ജീവിതപങ്കാളിയുടെയോ കുഞ്ഞുങ്ങളുടെയോ കാര്യങ്ങളോര്‍ത്ത് ഞാന്‍ ആകുലപ്പെടാറില്ല. ഞാന്‍ നോക്കുന്നതിലും നന്നായി അവരെ നോക്കാന്‍ തിരുക്കുടുംബനായകന്‍ വീട്ടിലുണ്ടാകും എന്നെനിക്കുറപ്പുണ്ട്. ഈശോ കഴിഞ്ഞാല്‍, മാതാവ് കഴിഞ്ഞാല്‍, യൗസേപ്പിതാവാണ് എനിക്കെല്ലാം. ആ എന്നോട് യൗസേപ്പിതാവിന്‍റെ പുത്രനാണല്ലോ എന്ന് സ്വര്‍ഗം വെളിപ്പെടുത്തിത്തന്നപ്പോള്‍ എന്‍റെ ആനന്ദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.

ഗബ്രിയേലിലൂടെയുള്ള മംഗളവാര്‍ത്തയുടെ ദൈവവചനത്തിന് മറിയം വിധേയപ്പെട്ടെങ്കില്‍, ആ വചനത്തെ മറിയം ഗര്‍ഭം ധരിച്ചെങ്കില്‍ വളര്‍ന്നുവന്ന ദൈവവചനം – ഈശോ – (വെളിപാട് 19:13) ജോസഫിന് വിധേയപ്പെട്ട് ജീവിച്ചു. ഈശോ, ജോസഫിനെ അനുസരിച്ചു. മക്കള്‍ പിതാവിന് നല്കേണ്ട എല്ലാ ആദരവും ബഹുമാനവും നല്കി.

യൗസേപ്പ് ശിശുവിനെ ‘യേശു’ എന്ന് നാമകരണം ചെയ്തു. രക്ഷയ്ക്കുള്ള ഏകനാമമാണിത് (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 4:12). ഈ നാമം ആദ്യമായി ജോസഫ് പ്രഖ്യാപിച്ചതോടുകൂടി ‘യേശു’ എന്ന സുവിശേഷത്തിന്‍റെ ആദ്യപ്രഘോഷകനായി വിശുദ്ധ യൗസേപ്പ്. യേശുവിലൂടെ പിതാവായ ദൈവം പൂര്‍ത്തിയാക്കിയ പുതിയ നിയമ സുവിശേഷത്തിന്‍റെയും സുവിശേഷപ്രഘോഷകരുടെയും പിതാവ് കൂടിയാണ് വിശുദ്ധ യൗസേപ്പ് പിതാവ്.

മറ്റേത് മനുഷ്യവ്യക്തിയോടും തുലനം ചെയ്യാനാവാത്തതാണ് പരിശുദ്ധ കന്യാമാതാവിന്‍റെ മഹത്വം എങ്കിലും വിവാഹ ബന്ധത്തിലൂടെ മറിയം യൗസേപ്പുമായി ഐക്യപ്പെട്ടിരുന്നതുകൊണ്ട്, എല്ലാ സൃഷ്ടികളെക്കാളും ഉയര്‍ന്നു നില്ക്കുന്ന ദൈവമാതാവിന്‍റെ മഹത്വത്തില്‍ മറ്റൊരു മനുഷ്യവ്യക്തിക്കും കടന്നു ചെല്ലാനാവാത്തത്ര അടുപ്പം യൗസേപ്പിനുണ്ടായി. കന്യകയ്ക്ക് യൗസേപ്പിനെ നല്കിയ ദൈവം ഒരു സഹകാരിയെയോ ഒരു മൂകസാക്ഷിയെയോ ഒരു സംരക്ഷകനെയോ നല്കുകമാത്രമായിരുന്നില്ല. പിന്നെയോ വിവാഹത്തിലൂടെ അവളുടെ ഉന്നതമായ മഹത്വത്തില്‍ പങ്കാളിത്തം നല്കുക കൂടിയായിരുന്നു. അത്തരത്തില്‍ മറ്റേത് വിശുദ്ധരെക്കാള്‍, സ്വര്‍ഗവാസികളെക്കാള്‍, മരിയ ഭക്തരെക്കാള്‍, മറിയത്തിന്‍റെ സ്വര്‍ഗീയ സ്ഥാനത്തിലും മഹത്വത്തിലും പങ്കും അവകാശവുമുള്ളത് യൗസേപ്പിനാണ്.

ഉത്തമഗീതം 4:12-ല്‍ പരിശുദ്ധാത്മാവ് തന്‍റെ മണവാട്ടിയെക്കുറിച്ച് ഇങ്ങനെ പാടുന്നു: “അടച്ചുപൂട്ടിയ ഉദ്യാനമാണ് എന്‍റെ സോദരി; എന്‍റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്രവച്ച നീരുറവ.” അങ്ങനെയെങ്കില്‍, തന്‍റെ മണവാട്ടിയായ മറിയത്തെ മറ്റുള്ള മനുഷ്യവ്യക്തികളെക്കാള്‍ അല്‍പമെങ്കിലും കൂടുതലായി തുറന്ന് കൊടുത്തത് യൗസേപ്പിനാണ്. നോക്കൂ; ഈ ചാച്ചന്‍ ദൈവത്തിനും സ്വര്‍ഗത്തിനും നമ്മുടെയെല്ലാം അമ്മയായ ദൈവമാതാവിനും എത്ര പ്രിയപ്പെട്ടവനാണ്. സഭാചരിത്രത്തിലെ വളരെ ക്ലേശകരമായ ഒരു കാലത്ത് ഒമ്പതാം പിയൂസ് പാപ്പ വിശുദ്ധ യൗസേപ്പിന്‍റെ ശക്തമായ സംരക്ഷണത്തിന് സഭയെ സമര്‍പ്പിക്കുകയും അദ്ദേഹത്തെ കത്തോലിക്ക സഭയുടെ രക്ഷാധികാരി എന്നു വിളിക്കുകയും ചെയ്തു. രക്ഷകന്‍റെ പാലകന്‍ (റിദംതോറിസ് കുസ്തോസ്) എന്നും സഭാപിതാക്കന്മാര്‍ ജോസഫിനെ വിളിക്കുന്നു.

യൗസേപ്പ് പിതാവിലുണ്ടായിരുന്ന നീതിയും പരിശുദ്ധ മറിയത്തോട് കാണിച്ച കാരുണ്യവും നമുക്ക് നമ്മുടെ ജീവിതങ്ങളില്‍ പകര്‍ത്താം. ആരെയും അപമാനിതരാക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. തന്‍റെ ഭാര്യയായ മറിയത്തിലൂടെയും യേശുവിലൂടെയും നിറവേറേണ്ട ദൈവിക-മഹാ പദ്ധതികള്‍ക്ക് തന്‍റെ ജീവിതം നിശബ്ദമായി ബലിയര്‍പ്പിച്ച യൗസേപ്പിനെപ്പോലെ, നമ്മെ ഏല്‍പിച്ച ദൗത്യത്തിനായി നമുക്കും ബലിജീവിതം അര്‍പ്പിക്കാം. ‘എനിക്കും ഈശോയ്ക്കും ഒരേ അമ്മ’ എന്ന ഗാനം നമുക്ക് പരിചിതമാണല്ലോ. അതോടൊപ്പം നമുക്ക് പാടാം, ‘എനിക്കും ഈശോയ്ക്കും ഒരേ ചാച്ചന്‍.’

മറിയവുമായുള്ള വിവാഹമാണ് യൗസേപ്പിന്‍റെ പിതൃത്വത്തിന്‍റെ നൈയാമിക അടിത്തറ. യൗസേപ്പില്‍നിന്നല്ല ഈശോ പിറന്നതെങ്കിലും, ശിശുവിന് നാമകരണം നടത്തുവാന്‍ യൗസേപ്പിനോട് സ്വര്‍ഗം ആവശ്യപ്പെട്ടു. ആ നിമിഷം മുതല്‍ അവന് പിതാവിന്‍റെ അധികാരങ്ങളെല്ലാം ലഭിക്കുന്നു. അതിനാല്‍ മറിയം അവനെ ക്രിസ്തുവിന്‍റെ പിതാവ് എന്ന് വിളിച്ചു. യേശുവിനെപ്പോലെ നമുക്കും യൗസേപ്പിതാവിനെ സ്വീകരിക്കാം.

Share:

Renju S Varghese

Renju S Varghese

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles