Home/Enjoy/Article

ഏപ്രി 10, 2020 2241 0 Msgr. C.J. Varkey
Enjoy

വരൂ, നമുക്ക് ചിരിക്കാം!

ഏറ്റം സ്നേഹമുള്ള കുഞ്ഞുങ്ങളേ,

അന്ന് ചിരിച്ചുകൊണ്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഒന്നല്ല, രണ്ടോ മൂന്നോ പ്രാവശ്യം ഉറക്കത്തില്‍ ഞാന്‍ ഉറക്കെ ചിരിച്ചെന്ന് മനസിലായി. എന്‍റെ മുറിയില്‍ വേറെ ആരും ഇല്ലാത്തതിനാല്‍ ആരും അത് കേട്ടിരിക്കാന്‍ ഇടയില്ല. ചിരിച്ചു എന്ന് മനസിലായി, പക്ഷേ എന്തിന് ചിരിച്ചു എന്ന് എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും പിടികിട്ടിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചിരിക്കാന്‍ അധികം കാര്യമൊന്നും വേണ്ടെന്ന് നിങ്ങള്‍ക്കറിവുണ്ടല്ലോ. ചിലപ്പോള്‍ അതങ്ങു വരും, തടയാന്‍ പറ്റുകയില്ല. ചിരിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കിലും. അതെങ്ങനെയാ, ചിരി റേഷന്‍ പീടികയില്‍നിന്ന് വാങ്ങുന്നതാണോ വളരെ കുറച്ചുമാത്രം ഉണ്ടാകുവാനും നിയന്ത്രിക്കുവാനും? അത് തമ്പുരാന്‍ തന്നിരിക്കുന്നതല്ലേ. ചിരി ആരോഗ്യത്തിനും നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഹൃദയത്തില്‍നിന്നുള്ള ചിരിയായിരിക്കണം. ചിരി പല തരമുണ്ട്.

ചിലരുടെ ചിരി ദൈവത്തിന്‍റെ സംഗീതം എന്നാണ് പറയപ്പെടുന്നത്. കുഞ്ഞുങ്ങളുടെ ചിരി, നവസന്യാസിനികളുടെ ചിരി ഇവ മേല്‍പ്പറഞ്ഞവയില്‍പ്പെടും. വേറൊരു ചിരിയുണ്ട് ‘രസം പൊട്ടിക്കുന്ന ചിരി.’ അനാവശ്യഗൗരവം, ദുഃഖം, ആകുലചിന്ത മുതലായവ ഒഴിവാക്കി സാധാരണ മനുഷ്യരെപ്പോലെ പെരുമാറുന്നതിന് ഈ ചിരി നല്ലതാണ്.

ഇങ്ങനെ ചിരിക്കരുത്!

ഇനിയും വേറൊരു ചിരിയുണ്ട് – ‘നിന്ദിച്ചു ചിരിക്കുന്നത്.’ അങ്ങനെ ചിരിക്കുന്നവര്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു ചിരിക്കാന്‍ – ‘എറിയന്‍’ കോഴിയെ റാഞ്ചാന്‍ ഇരിക്കുന്നതുപോലെ ഇരിക്കുകയാണ്. അങ്ങനെയുള്ളവര്‍ തങ്ങള്‍ മറ്റുള്ളവരെക്കാള്‍ സമര്‍ത്ഥരാണെന്നാണ് ഭാവിക്കുന്നത്. പക്ഷേ അതു ശരിയല്ല. ആരും ആരെയും നിന്ദിച്ചുകൊണ്ടോ കുറ്റം പറഞ്ഞുകൊണ്ടോ ചിരിക്കരുത്. അങ്ങനെ ചെയ്താല്‍ നമുക്ക് മറ്റേ ആളിന്‍റെ സ്നേഹം നഷ്ടപ്പെടും.

ഞാന്‍ ചെയ്തതുപോലെ ഉറക്കത്തില്‍ ചിരിക്കേണ്ട. എന്നാല്‍ തമ്മില്‍ തമ്മിലുള്ള സ്നേഹം നിലനിര്‍ത്തുന്നതിന് ചിരി നല്ലതാണ്. ആരെയും നിന്ദിച്ചും കളിയാക്കിയും ചിരിക്കരുത്. പ്രത്യേകിച്ച് അത് മറ്റേ ആളിന് ഇഷ്ടപ്പെടുകയില്ലായെന്നറിയുമ്പോള്‍. സന്യാസ ജീവിതത്തിന്‍റെ ആനന്ദം ചിരിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ്. നിര്‍മലമായ ഹൃദയമുള്ളവര്‍ക്കേ പുഞ്ചിരിക്കാന്‍, ചിരിപ്പിക്കാന്‍ സാധിക്കൂ. മനസില്‍ ദുഃഖം കവിഞ്ഞൊഴുകുമ്പോള്‍ ചിരിച്ചാല്‍ അതൊരു വികൃതമായ ചിരിയായിരിക്കും.

പല്ല് വാങ്ങിവച്ച് ചിരിക്കൂ…

നിങ്ങള്‍ക്കെല്ലാവര്‍ക്കും സാധാരണ പുഞ്ചിരിയുണ്ടെന്ന് എനിക്കറിയാം. അത്രയും നല്ലതുതന്നെ. ചിരിക്കാത്ത മുഖം വാടിപ്പോയ പുഷ്പംപോലെയും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം വിടര്‍ന്നു നില്‍ക്കുന്ന പുഷ്പംപോലെയുമാണ്. ചിലരുണ്ട് വാ നിറച്ച് പുഞ്ചിരി, ചുണ്ടുകൊണ്ട് മൂടിപ്പൊതിഞ്ഞു നടക്കുന്നവര്‍. അവരെ കണ്ടാല്‍ വിടരാനുള്ള പുഷ്പമാണെന്ന് തോന്നും. പുഞ്ചിരിയുള്ള മുഖത്ത് ജീവനുമുണ്ട്. നിങ്ങള്‍ ഫോട്ടോയില്‍ നോക്കാറില്ലേ. പലരുടെ ഫോട്ടോ ഒന്നിച്ചെടുത്തതാണെങ്കിലും ഓരോരുത്തരും നോക്കുന്നത് അവനവന്‍റെ ഫോട്ടോ ആണ്.

നമ്മള്‍ സാധാരണ പല്ലു കാണിക്കാതെയാണ് ഫോട്ടോയില്‍ ഇരിക്കുന്നത്. യൂറോപ്യന്മാരാണെങ്കില്‍ ചിരിച്ചുകൊണ്ടേ ഫോട്ടോയില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുകയുള്ളൂ. കാരണം എന്താണ്? ചിരിച്ചുകൊണ്ടുള്ള ഫോട്ടോ സജീവമായതുകൊണ്ട്. ചിരി ഒരു പകര്‍ച്ചവ്യാധിയാണ്. ഒരാള്‍ ചിരിച്ചാല്‍ മറ്റുള്ളവരും ചിരിക്കും. മരിച്ച വീട്ടില്‍ ആരും സാധാരണ ചിരിക്കാറില്ല. നമുക്കാകട്ടെ ദുഃഖിക്കാന്‍ വലിയ കാരണമില്ല. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ മിശിഹായുടെ മണവാട്ടികളാണ്. അവിടുന്ന് ഇനി മരിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു തീരാദുഃഖവും ഉണ്ടാകാനില്ല. വല്യമദര്‍ ചിലപ്പോള്‍ നിങ്ങളോട് പറയാറില്ലേ ‘കെട്ടിയവന്‍ ചത്തവനെപ്പോലെ ഇരിക്കരുതെന്ന്.’ കെട്ടിയവന്‍ ചത്തുപോയെങ്കില്‍ ദുഃഖിക്കാന്‍ കാരണമുണ്ട്. പക്ഷേ നിങ്ങളുടെ കെട്ടിയോന്‍ മരണമില്ലാത്തവനായി ഉയിര്‍ത്തെഴുന്നേറ്റവനാണ്. അതിനാല്‍ നിങ്ങള്‍ക്ക് നിര്‍ഭയം ചിരിക്കാം.

ചിരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ആനന്ദം കൊടുക്കുകയാണ്. ദുഃഖിക്കുന്ന ഒരു മനുഷ്യനായാലും അയാള്‍ക്ക് പുഞ്ചിരിക്കാന്‍ നാം അല്പം ഇടം കൊടുത്താല്‍, അയാളുടെ ദുഃഖം നാം ലഘൂകരിക്കും. ഞാന്‍ കോഴിക്കോട് മേരിക്കുന്ന് ആശുപത്രിയില്‍ കൊല്ലങ്ങള്‍ക്കുമുമ്പ് മരണാസന്നനായി കിടന്നപ്പോള്‍ എന്‍റെ സഹപാഠി ആയിരുന്ന ഒരു വൈദികന്‍ വന്ന് പല തമാശയും പറഞ്ഞ് എന്നെ ചിരിപ്പിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു.

രണ്ട് പേര്‍ തമ്മില്‍ വല്ല കാരണവശാലും ഇഷ്ടക്കേടുണ്ടായെന്ന് വിചാരിക്കുക. എത്രസമയം അത് നീണ്ടുനില്‍ക്കും? തമ്മില്‍ നോക്കി പുഞ്ചിരിക്കുന്നതുവരെ. വിരോധം വച്ചുകൊണ്ടിരിക്കുന്ന ആള്‍ ഗൗരവം വിടാതെ ഒഴിഞ്ഞു മാറിക്കളയും.

മഠങ്ങളുടെ മുറ്റത്ത് പൂന്തോട്ടങ്ങള്‍ ഉണ്ടായിരിക്കേണ്ടതാണ്. പൂക്കളുള്ള പൂന്തോട്ടങ്ങള്‍. എന്നാല്‍ മഠത്തിനകത്ത് ചിരിക്കുന്ന കന്യാസ്ത്രീകള്‍ അതിലും അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ചിരിക്കാന്‍ പല്ലില്ലെങ്കില്‍ പല്ല് വിലയ്ക്ക് വാങ്ങിച്ച് വച്ചായാലും ചിരിക്കണം. കണ്ടില്ലേ നമ്മുടെ ഒരു സിസ്റ്റര്‍ ചിരിക്കാന്‍വേണ്ടി പല്ലു വച്ചിരിക്കുന്നത്. രാത്രിയില്‍ കിടന്നു ചിരിക്കാതിരിക്കാന്‍വേണ്ടി പുള്ളിക്കാരി പല്ലെടുത്ത് പെട്ടിയില്‍ വച്ചിട്ടാണ് കിടന്നുറങ്ങുന്നത്. പക്ഷേ ഒന്നു വാസ്തവമാണ് – പല്ലില്ലെങ്കിലും മനുഷ്യന് ചിരിക്കാന്‍ കഴിയുമല്ലോ. പല്ലില്ലാത്ത ചിരി കാണാന്‍ ഒരു രസമുണ്ട് – അമ്മൂമ്മച്ചിരി. ഏതായാലും വേപ്പെണ്ണ കുടിച്ചതുപോലെ ആരും നടക്കരുത്.

Share:

Msgr. C.J. Varkey

Msgr. C.J. Varkey

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles