Trending Articles
സമ്പന്ന കര്‍ഷകകുടും ബത്തിലാണ് നിക്കോളാസ് ജനിച്ചത്. 21 വയസ്സായപ്പോള്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ധീരതയോടെ സൈന്യസേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മുപ്പതാമത്തെ വയസില്‍ കര്‍ഷകപുത്രിയായ ഡൊറോത്തിയായെ വിവാഹം ചെയ്തു. അവര്‍ക്ക് പത്തു മക്കള്‍ പിറന്നു. മുപ്പത്തിയേഴാം വയസുവരെയും സൈന്യസേവനം തുടര്‍ന്ന അദ്ദേഹം പിന്നീട് പൊതുസേവനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി.
അക്കാലത്താണ് നിക്കോളാസിന് ഒരു സ്വപ്നമുണ്ടായത്. ഒരു കുതിര ലില്ലിപ്പൂ വിഴുങ്ങുന്നതായി ആ സ്വപ്നത്തില്‍ അദ്ദേഹം കണ്ടു. തന്റെ വിശുദ്ധജീവിതത്തെ ലൗകികത വിഴുങ്ങിക്കളഞ്ഞേക്കാമെന്നാണ് അതിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് ഭാര്യയുടെ അനുവാദത്തോടെ, താപസജീവിതം അനുഷ്ഠിക്കാന്‍ തീരുമാനിച്ചു വീടുവിട്ടിറങ്ങി. അനുദിന ദിവ്യലി അര്‍പ്പിക്കാന്‍ ഒരു വൈദികന്റെ സഹായം ലഭിക്കുന്നതിന് തന്റെ സ്വന്തം സമ്പത്തുപയോഗിച്ച് ഒരു കൊച്ചുചാപ്പല്‍ ഒരുക്കി. അതോടുചേര്‍ന്ന് ജീവിച്ചുകൊണ്ട് പരിഹാരപ്രവൃത്തികളാല്‍ സമ്പന്നമായ ഒരു താപസജീവിതം നയിച്ചു. പത്തൊന്‍പത് വര്‍ഷത്തോളം വിശുദ്ധ കുര്‍ബാനമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം.
പതുക്കെ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം നാടെങ്ങും പരന്നു. അനേകര്‍ അദ്ദേഹത്തില്‍നിന്ന് ദൈവികവചസുകള്‍ കേള്‍ക്കാനെത്തി. അവര്‍ അദ്ദേഹത്തെ ബ്രൂഡർ ക്ലൗസ് അഥവാസഹോദരന് നിക്കോളാസ് എന്നു വിളിച്ചു. 1487-ല്‍ തന്റെ എഴുപതാം വയസില്‍ ആ പുണ്യചരിതന് മരണം പുല്കുമ്പോള് ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു.
സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രത്യേക മധ്യസ്ഥനാണ് ഫ്ളൂവിലെ വിശുദ്ധ നിക്കോളാസ് എന്ന് ഔദ്യോഗിക നാമമുള്ള ഈ പുണ്യവാന്. സഭൈക്യത്തിന്റെ പ്രതീകവുംകൂടിയാണ് അദ്ദേഹം. സ്വിറ്റ്സര്‍ലന്‍ഡില്‍ അദ്ദേഹം ജനിച്ചു വളര്‍ന്ന സ്ഥലവും വീടും ഒപ്പംതന്നെ താപസജീവിതം നയിച്ചിരുന്ന കൊച്ചുചാപ്പലുമെല്ലാം ഇന്ന് തീര്‍ത്ഥാടനസ്ഥലങ്ങളാണ്.
Shalom Tidings
അന്ന് സന്യാസസമൂഹത്തിന്റെ കുമ്പസാരദിവസമായിരുന്നു. ഞാന്‍ കുമ്പസാരിക്കാന്‍ പോയപ്പോള്‍ എന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു, ആ വൈദികന് (ഫാ. സൊപോച്കോ) കര്‍ത്താവ് നേരത്തേ എന്നോട് പറഞ്ഞ അതേ വാക്കുകള്‍തന്നെ എന്നോട് ആവര്‍ത്തിച്ചു. അദ്ദേഹം പറഞ്ഞ ജ്ഞാനവചസുകള്‍ ഇങ്ങനെയായിരുന്നു, "ദൈവതിരുമനസ് നിവര്‍ത്തിയാക്കുന്ന മൂന്ന് രീതികളുണ്ട്; ഒന്ന്, ബാഹ്യമായ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും ആത്മാവ് നിവര്‍ത്തിക്കുന്നു. രണ്ട്, ആന്തരികമായ പ്രേരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവ് വിശ്വസ്തതയോടെ അവയെ പാലിക്കുന്നു. മൂന്നാമത്, ആത്മാവ് തന്നെത്തന്നെ ദൈവതിരുമനസിന് വിട്ടുകൊടുത്തുകൊണ്ട്, സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ദൈവത്തെ അനുവദിക്കുന്നു. ദൈവം തന്റെ ഇഷ്ടപ്രകാരം അതിനോട് പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കരങ്ങളില്‍ ഇണക്കമുള്ള ഉപകരണമായി അത് തീരുന്നു." ദൈവതിരുമനസ് നിറവേറ്റുന്നതില്‍ രണ്ടാം ഗണത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നതെന്നും ഇനിയും മൂന്നാം ഗണത്തിലേക്ക് എത്തിയിട്ടില്ലെന്നും അതിനായി പരിശ്രമിക്കണമെന്നും ആ വൈദികന് പറഞ്ഞു. ഈ വാക്കുകള്‍ എന്റെ ആത്മാവില്‍ തുളഞ്ഞുകയറി. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ സംഭവിക്കുന്നവയെപ്പറ്റി പലപ്പോഴും വൈദികന് ദൈവം പരിജ്ഞാനം നല്‍കുന്നതായി ഞാന്‍ വ്യക്തമായി മനസിലാക്കുന്നു. ഇത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മറിച്ച്, ഇപ്രകാരമുള്ള വ്യക്തികളെ ദൈവം തിരഞ്ഞെടുത്തതിന് ഞാന്‍ നന്ദി പറയുന്നു.
By: Shalom Tidings
Moreഅന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന് കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള കുഞ്ഞു മാലാഖ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് ദൈവമേ എന്നുള്ള മാതാപിതാക്കളുടെ നിലവിളിയില്‍ ഞങ്ങളെല്ലാവരും നിശബ്ദതയില്‍ കണ്ണീരൊഴുക്കി. കണ്ണീരിന്റെ മൂക താഴ്വര... ആരെയും ആശ്വസിപ്പിക്കാനോ സ്വയം ആശ്വസിക്കാനോ കഴിയാത്ത അവസ്ഥ... ആ കുഞ്ഞുമാലാഖയെ പൊതിഞ്ഞു കെട്ടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒടുവില്‍ കണ്ണുനീരോടെ ഞാന്‍ ആ ദൗത്യം ചെയ്തുതീര്‍ത്തു.... ആ മാതാപിതാക്കളുടെ ആദ്യത്തെ കുഞ്ഞ് ഒരു മാസമായപ്പോള്‍ മരിച്ചു പോയതാണ്. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച മുത്ത്... മൂന്ന് മാസം ആയപ്പോള്‍ ആ കുഞ്ഞും നഷ്ടപ്പെട്ടിരിക്കുന്നു. ഈശോയോടു വല്ലാത്ത കലിപ്പിലാണ് ഇന്ന്. മുറിയില്‍ ചെന്നിട്ടു വേണം രണ്ട് പറയാന്‍... അന്ന് ജോലി എങ്ങനെ തീര്‍ത്തു എന്ന് അറിയില്ല. മുറിയില്‍ എത്തി. കുളിയെല്ലാം കഴിഞ്ഞു. ഈശോയെ മൈന്‍ഡ് ചെയ്തില്ല. പതിവ് വര്‍ത്തമാനങ്ങളും കൊഞ്ചലും ഒന്നും ഇല്ല, ഭക്ഷണവും കഴിച്ചില്ല. കിടക്കയില്‍ കയറി കിടന്നു. ഈശോയ്ക്ക് ചെറിയൊരു ഭയം ഉള്ളില്‍ ഉണ്ട്, എന്റെ ദേഷ്യം കണ്ടിട്ടാവണം. മൈന്‍ഡ് ചെയ്യാത്തതിന്റെ വിഷമവും.... കുറെ വര്‍ഷങ്ങളായി ഈശോയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്... ഇന്ന് അതിനും മനസ്സില്ല. ഈശോക്ക് ഒരു ഡോസ് കൊടുക്കാതെ ഉറക്കം വരില്ലെന്നായി. കണ്മുന്നില് വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു മാലാഖയുടെ രൂപം... കാതുകളില്‍ ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ നിലവിളി... എങ്ങനെ ഉറങ്ങും? ഞാന്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന ക്രൂശിതരൂപം കയ്യിലെടുത്തു. ഈശോയുടെ നെഞ്ചില്‍ ഞാന്‍ ഒരു ലേബല്‍ എഴുതി ഒട്ടിച്ചിരുന്നു, 'നസ്രായന്റെ പെണ്ണ് ക്രിസ്റ്റീന' എന്ന്. സങ്കടവും ദേഷ്യവും അടക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആ ലേബല്‍ വലിച്ചൂരി. ഇനി അങ്ങനൊരു ലേബല്‍ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു. എന്നിട്ടും വാശി തീരാതെ എ.സിയുടെ തണുപ്പ് കൂട്ടിയിട്ടു. ഈശോയോടു പറഞ്ഞു, 'ഇന്ന് തനിച്ചു കിടന്നാല്‍ മതി. ബ്ലാങ്കറ്റും ഇല്ല ഞാനും ഇല്ല.' ഇങ്ങനെ ഒക്കെ ചെറിയ ശിക്ഷ കിട്ടിയില്ലെങ്കില്‍ ഈശോയുടെ ചില കുറുമ്പുകള്‍ മാറില്ലെന്ന് ഈശൊക്കൊരു മുന്നറിയിപ്പും കൊടുത്തു. ഈശോ ഒന്നും മിണ്ടിയില്ല. ഞാന്‍ ഫൂലന് ദേവിയായി മാറുമ്പോള്‍ ഈശോ നിശ്ശബ്ദനാവും. വേറെ ഒന്നും കൊണ്ടല്ല, മൗനം വിദ്വാന് ഭൂഷണം എന്ന് ഈശോക്കറിയാം. വേറെ ആരോടും ഞാന്‍ വഴക്കിനു പോവില്ലെന്നും എന്റെ ബോയ്ഫ്രണ്ട് ഈശോയ്ക്ക് അറിയാവുന്നതു കൊണ്ട് സഹിക്കാതെ വേറെന്തു ചെയ്യാന്‍... പാവം ഈശോ. തലയിലൂടെ ബ്ലാങ്കറ്റ് ഇട്ടുമൂടി ഞാന്‍ കിടന്നുറങ്ങി. ഈശോ തണുത്തുറഞ്ഞ് എസിയിലും. ഉച്ചയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്. ക്ഷീണവും ഒപ്പം ഈശോയോട് വഴക്കിട്ട 'സന്തോഷവും' കൂടി ആയപ്പോള്‍ നന്നായി ഉറങ്ങി. എന്നാലും കലിപ്പ് കെട്ടടങ്ങിയിട്ടില്ല മുഴുവന്‍... വളരെയധികം ദേഷ്യം വന്നാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി വാങ്ങി കഴിക്കും .... ദേഷ്യം മാറാനുള്ള ഒരു മരുന്നെന്നപോലെ... എന്നാല്‍ എല്ലായ്പ്പോഴും ഈശോയോടു പറയുംപോലെ ഇപ്പോള്‍ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. പിണങ്ങി ഇരിക്കുകയല്ലേ... എന്നിലെ അഹങ്കാരം സമ്മതിച്ചില്ല. പക്ഷേ അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു വാട്സ്ആപ് സന്ദേശം... വേറൊന്നുമല്ല, ഈശോയോടു ചോദിക്കാന്‍ മടിച്ച ചിക്കന്‍ ബിരിയാണി! ഒരു രാത്രി തണുത്തു വിറച്ച് കിടക്കാന്‍ വിട്ടിട്ടും എന്റെ ശകാരങ്ങള്‍ കേട്ടിട്ടും ഞാന്‍ എഴുന്നേല്ക്കുമ്പോള് എന്റെ ദേഷ്യവും സങ്കടവും തീര്‍ക്കാന്‍വേണ്ടി ഓടിത്തളര്‍ന്ന് ചിക്കന്‍ ബിരിയാണി തയാറാക്കിയ ഈശോ... ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉടനെ ക്രൂശിതരൂപത്തിലെ ഈശോയെ കയ്യിലെടുത്തു തുരുതുരെ ചുംബിച്ചു... എത്ര തവണ എന്ന് എനിക്ക് ഓര്‍മയില്ല. ചുടുകണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ക്രൂശിത രൂപത്തെ കഴുകി തുടച്ചു. എന്റെ ഹൃദയത്തില്‍ ഒരു ബലൂണില്‍ കാറ്റ് നിറയുന്ന പോലെ ഈശോയുടെ സ്നേഹം നിറയാന്‍ തുടങ്ങി. 'എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ...' എന്ന് ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചെറിയ പിണക്കങ്ങള്‍ക്കൊടുവില്‍ ഈശോയോട് കൂടിച്ചേരുമ്പോള്‍ ഉള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.... ഈശോ ഒരിക്കലും പിണങ്ങാറില്ല. നമ്മള് മനുഷ്യരാണ് ഈശോയോട് പിണങ്ങാറുള്ളത്. ഓരോ കുമ്പസാരക്കൂട്ടിലും സംഭവിക്കുന്നത് മനുഷ്യഹൃദയങ്ങളില്‍ ഈ ദൈവസ്നേഹം നിറയലാണ് .... 'ദിനവും യേശുവിന്റെ കൂടെ ദിനവും യേശുവിന്റെ ചാരെ പിരിയാന്‍ കഴിയില്ലെനിക്ക് പ്രിയനേ എന്നേശു നാഥാ' ഈ വരികള്‍ ഈശോയെ നെഞ്ചോടു ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു പാടി. അതിനിടയില്‍ ഊരി എറിഞ്ഞ ലേബല്‍ വീണ്ടും ഈശോയുടെ ചങ്കില് ഒട്ടിച്ചു, 'നസ്രായന്റെ പെണ്ണ് ക്രിസ്റ്റീന.' ഉടന്‍ വന്നു, ഈശോയുടെ ഒരു ഡയലോഗ്, 'ഐ ലവ് യു വാവേ!' യോനായുടെ കോപത്തിന് ദൈവം നല്കിയ മറുപടി തന്നെയാണ് എനിക്കും ഈശോ തന്നത്. എന്റെ ആരും അല്ലാതിരുന്നവരുടെ ദുഃഖം എന്നെ ഇത്രമാത്രം വേദനിപ്പിച്ചെങ്കില്‍ സ്വന്തം ചോരത്തുള്ളികള്‍ വിലയായി കൊടുത്തു വാങ്ങിയ മനുഷ്യാത്മാക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഈശോയുടെ ദുഃഖം എത്ര മാത്രം വലുതാണ്. ഒരു ദിവസം ഈശോക്ക് എത്ര മക്കളെയാണ് നഷ്ടപ്പെടുന്നത്? ഈശോയേ നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിന്നെ ആശ്വസിപ്പിക്കാനായി ചെയ്യാവുന്നത് അതല്ലേ....
By: Ann Maria Christeena
Moreഅനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി. അബ്രാഹത്തിന്റെ ദൈവവിളി ദൈവം അബ്രാഹമിനോട് അരുളിച്ചെയ്തു "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും" (ഉല്പത്തി 12:1-3). ഇത് ഓഫറുകളുടെ കാലമാണല്ലോ. നിറയെ അനുഗ്രഹങ്ങള്‍ നിറഞ്ഞ നല്ലൊരു 'ഓഫര്‍' എന്ന് ഈ കാലഘട്ടത്തിന്റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അബ്രാഹമിന് ലഭിച്ച ഈ ഉന്നതമായ ദൈവവിളിയെ വിശേഷിപ്പിക്കാനാവും. തീര്‍ച്ചയായും ഈ ദൈവവിളി അങ്ങനെതന്നെ ആണുതാനും. എന്നാല്‍ ഈ ദൈവവിളിയുടെ ആരംഭത്തില്‍ത്തന്നെ വളരെ വേദനാജനകമായ ഒരു അനുസരണം ദൈവം അബ്രാഹമില്‍നിന്നും ആവശ്യപ്പെടുന്നു. "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കു പോവുക!" ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും ഉന്നത ഗതാഗത സൗകര്യങ്ങളുടെയും വിരല്‍ത്തുമ്പിന്റെ ചലനത്താല്‍ ഞൊടിയിടകൊണ്ട് ഇരിപ്പിടത്തില്‍ കിട്ടുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും നടുവില്‍ കഴിയുന്ന ആധുനിക മനുഷ്യന് അബ്രാഹം നടത്തിയ അനുസരണത്തിന്റെ വേദനയുടെ വശം ഒട്ടുമേ മനസിലാവുകയില്ല. ഈ ദേശമല്ലെങ്കില്‍ കൂടുതല്‍ സൗഭാഗ്യകരമായ മറ്റൊരു ദേശം. ഇപ്പോഴുള്ള ബന്ധങ്ങള്‍ വിട്ടാല്‍ കൂടുതല്‍ സന്തോഷകരമായ പുതിയ ബന്ധങ്ങള്‍. ഇതിലെന്ത് ഇത്രമാത്രം വേദനിക്കാനിരിക്കുന്നു!! ഇതാണല്ലോ ഹൃദയബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ തലമുറയുടെ ചിന്താഗതി. എന്നാല്‍ അബ്രാഹത്തോട് വിട്ടുപേക്ഷിക്കാന്‍ ദൈവം ആവശ്യപ്പെട്ട കാര്യങ്ങള്‍ അന്നത്തെ പുരാതന കാലഘട്ടത്തില്‍ ഒരു മനുഷ്യനെ അവനാക്കിത്തീര്‍ക്കുന്ന സകലതുമായിരുന്നു. പിന്നീട് തിരിച്ചുവരവ് തികച്ചും അസാധ്യം. മാത്രവുമല്ല വാര്‍ധക്യത്തില്‍ താങ്ങായി നില്ക്കാന് ഒരു മകനോ മകളോ അബ്രാഹമിനില്ല. ഈ അവസ്ഥയിലാണ് ദൂരെയേതോ ഒരു ദേശത്തേക്ക് പോകാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നത്. അബ്രാഹമിന് ലഭിച്ച ദൈവവിളിയുടെ തുടക്കംതന്നെ വേദനാജനകമായ അനുസരണം നിറഞ്ഞതായിരുന്നു. എന്നിട്ടും "അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു" (റോമാ 4/3). അനുഗ്രഹവാഗ്ദാനത്തിലും ഇഴചേര്‍ന്ന വേദന അബ്രാഹമിന്റെ സമര്‍പ്പണത്തിലും അനുസരണത്തിലും സംപ്രീതനായ ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അവിടുന്നു പറഞ്ഞു: "അബ്രാഹം ഭയപ്പെടേണ്ട. ഞാന്‍ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാഹം ചോദിച്ചു. കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ് ലഭിക്കുക?" കര്‍ത്താവ് അബ്രാഹമിനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു. "ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കുവാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും" (ഉല്പത്തി. 15/5-6). ദൈവം അബ്രാഹമിനോടു തുടര്‍ന്ന് പറഞ്ഞു. "ഈ നാട് (കാനാന്‍ദേശം) നിനക്ക് അവകാശമായിത്തുരവാന്‍വേണ്ടി നിന്നെ കല്ദായരുടെ ഊരില്‍നിന്നും കൊണ്ടുവന്ന കര്‍ത്താവാണ് ഞാന്‍" (ഉല്പത്തി 15/7). സന്താനരഹിതനായ അബ്രാഹമിന് ദൈവം കൊടുത്ത സന്താനവാഗ്ദാനത്തോടൊപ്പം തികച്ചും വേദനാജനകമായ ഒരു മുന്നറിയിപ്പുകൂടി കൊടുത്തു. അത് ഇതായിരുന്നു. "നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍ അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും" (ഉല്പത്തി 15/13-14). സന്താനമില്ലെങ്കില്‍ ഇല്ല എന്ന ഒറ്റ വേദനയേ ഉള്ളൂ. എന്നാല്‍ ദൈവം വാഗ്ദാനമായി നല്കാന് പോകുന്ന മക്കള്‍ അനുഭവിക്കാന്‍ പോകുന്ന കഠിനയാതനകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏതൊരു മനുഷ്യന്റെ ഹൃദയത്തെയാണ് തകര്‍ക്കാതിരിക്കുക. അങ്ങനെ ദൈവം കൊടുത്ത ആ വാഗ്ദാനത്തിനുള്ളിലും ഒരു വേദനയുടെ അനുഭവം ഒളിഞ്ഞുനില്പ്പുണ്ടായിരുന്നു. കാനാനിലും പ്രതികൂലങ്ങള്‍ കര്‍ത്താവിന്റെ വാക്കുകേട്ടു പുറപ്പെട്ട അബ്രാഹം തന്റെ ഭാര്യ സാറായോടൊപ്പം കാനാനിലെത്തി. പക്ഷേ അവിടെയും അബ്രാഹമിന് പ്രതികൂലങ്ങളെയാണ് നേരിടേണ്ടി വന്നത്. അബ്രാഹം കാനാനില്‍ചെന്ന് അധികം വൈകാതെ അവിടെ ഒരു കടുത്ത ക്ഷാമം ഉണ്ടായി. ക്ഷാമത്തെ അതിജീവിക്കുവാന്‍വേണ്ടി അബ്രാഹം ഈജിപ്തിലേക്കു താല്‍ക്കാലികമായി മാറി. പക്ഷേ അവിടെയും പ്രതികൂലങ്ങള്‍ ആ ദമ്പതികളെ പിന്തുടര്ന്നു. അവിടെവച്ച് അബ്രാഹമിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. സാറാ വളരെ അഴകുള്ളവളാണെന്നുകണ്ട് ഈജിപ്തിലെ രാജാവായ ഫറവോ അവളെ സ്വന്തമാക്കി, സ്വന്തം ഭാര്യയാക്കിത്തീര്‍ത്തു. സ്വന്തമെന്നു പറയാന്‍ ആകപ്പാടെ തനിക്കുണ്ടായിരുന്ന തന്റെ പ്രിയപ്പെട്ട ഭാര്യയും തനിക്കു നഷ്ടമായിത്തീരുന്ന വേദന അബ്രാഹം അനുഭവിച്ചു. മാത്രമല്ല അവള് വേറൊരുവന്റെ ഭാര്യയായിത്തീര്‍ന്നതു കാണേണ്ടിവന്ന ധര്‍മ്മസങ്കടത്തിലൂടെയും അബ്രാഹം കടന്നുപോയി. ഒടുവില്‍ കര്‍ത്താവിടപെട്ട് സാറായെ മോചിപ്പിച്ച് അബ്രാഹമിന് നല്‍കുന്നതുവരെ, സ്വന്തം ഭാര്യയുംകൂടെ നഷ്ടമാകുന്ന കഠിനവേദനയിലൂടെയും കടന്നുപോകാന്‍ അബ്രാഹമിന് ദൈവം ഇടവരുത്തി. അനുഗ്രഹപൂര്‍ണമായ അബ്രാഹമിന്റെ അനുസരണം വേദന നിറഞ്ഞതുകൂടെ ആയിരുന്നില്ലേ? (ഉല്പത്തി 12/10-20) കുടുംബത്തില്‍ അസമാധാനം! കര്‍ത്താവിനെ അനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട അബ്രാഹമിന്റെ കുടുംബജീവിതം ഒരു പ്രത്യേക കാലഘട്ടംവരെ പ്രശ്നസങ്കീര്‍ണവും അസമാധാനം നിറഞ്ഞതുമായിരുന്നു. വാഗ്ദാനം ചെയ്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വാഗ്ദാനസന്താനമായ ഇസഹാക്കിനെ അവര്‍ക്കു കിട്ടുന്നത്. ഇതിനിടയ്ക്ക് സുഖകരമല്ലാത്തതു പലതും അവരുടെ കുടുംബജീവിതത്തില്‍ സംഭവിച്ചു. തന്റെ ഗര്‍ഭധാരണത്തിനുള്ള നാളുകള്‍ പണ്ടേ കഴിഞ്ഞുപോയി എന്ന് മനസിലാക്കിയ സാറാ ഒരു സന്താനത്തെ ലഭിക്കുവാന്‍വേണ്ടി ഈജിപ്തുകാരിയായ തന്റെ ദാസിയെ അബ്രാഹമിന് ഭാര്യയായി നല്കി. അബ്രാഹം അവളെ പ്രാപിക്കുകയും അവള് ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സാറായുടെ ദാസിയായ ഹാഗാറിന്റെ സ്വഭാവം മാറി. അവള് തന്റെ യജമാനത്തിയായ സാറായെ നിന്ദിക്കാന്‍ തുടങ്ങി. ഇത് ചങ്കില് കത്തി കുത്തിയിറക്കുന്ന അനുഭവങ്ങളിലൂടെ സാറായെ കടത്തിവിട്ടു. പിന്നീട് സാറാ അബ്രാഹത്തിന്റെ അനുവാദത്തോടെ ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ അവള് ആ ഭവനം വിട്ട് ഓടിപ്പോയി. കര്‍ത്താവിന്റെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് അവിടുന്ന് ഹാഗാറിനെ സാറായ്ക്ക് കീഴ്പ്പെടുത്തി തിരികെ കൊണ്ടുവന്നുവെങ്കിലും വാഗ്ദാനസന്തതിയായ ഇസഹാക്കിന്റെ ജനനത്തോടെ വീണ്ടും കുടുംബകലഹം തുടങ്ങി. ഹാഗാറിനെയും മകനെയും ഇറക്കിവിടാന്‍ സാറാ അബ്രാഹത്തോടാവശ്യപ്പെട്ടു. തന്മൂലം തന്റെ മകനായ ഇസ്മായേലിനെയോര്‍ത്ത് അബ്രാഹം വളരെയേറെ അസ്വസ്ഥനായി. അടിമസ്ത്രീയില് പിറന്നവനെങ്കിലും അവനും അബ്രാഹമിന്റെ സ്വന്തം മകനല്ലേ. ഒരു വശത്ത് കുടുംബസമാധാനം. മറുവശത്ത് തന്റെ മകനെക്കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വേദന. അവസാനം ദൈവം ഇടപെട്ടു. സാറാ പറഞ്ഞതുപോലെ ചെയ്യാന്‍ അബ്രാഹമിനോടു കല്പിച്ചു. ഇസ്മായേലിനെയും താന്‍ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവനെയും ഒരു വലിയ ജനതയാക്കുമെന്നും ഉറപ്പുകൊടുത്തു. പിന്നെ അബ്രാഹം മേലുകീഴ് ചിന്തിച്ചില്ല. പ്രഭാതമായപ്പോള്‍ കുറച്ച് അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവും എടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്ത് മകനെ അവളെ ഏല്പിച്ച് അവരെ വീട്ടില്‍നിന്നും പറഞ്ഞയച്ചു. തന്റെ രക്തത്തില്‍ പിറന്ന, താന്‍ ലാളിച്ചു വളര്‍ത്തിയ തന്റെ മകനെ അകാലത്തില്‍ എന്നന്നേക്കുമായി നഷ്ടമാകുന്ന അബ്രാഹമിന്റെ ഹൃദയവേദന ആര്‍ക്കു വിവരിക്കാനാവും? അനുഗ്രഹം നിറഞ്ഞ അബ്രാഹമിന്റെ അനുസരണം വേദന നിറഞ്ഞതുകൂടി ആയിരുന്നില്ലേ? ഇസഹാക്കിനെ ബലിയര്‍പ്പിക്കുന്നതിനുമുമ്പ് അബ്രാഹം ഇസ്മായേലിനുവേണ്ടിയാണ് തന്റെ ഹൃദയബലി അര്‍പ്പിച്ചത്. മക്കളെ ജീവനുതുല്യം സ്നേഹിച്ചുവളര്‍ത്തുന്ന ഏതൊരു പിതാവിനും ഇസ്മായേലിനുവേണ്ടിയുള്ള ഈ ഹൃദയബലിയുടെ വേദന മനസിലാകും. അബ്രാഹം തന്റെ രണ്ടുമക്കളെയും അനുസരണത്തിന്റെ പേരില്‍ ബലിചെയ്ത ഒരു പിതാവാണ്. ഇസഹാക്കിന്റെ ബലി ദൈവം അബ്രാഹത്തോടു കല്പിച്ചു. "നീ സ്നേഹിക്കുന്ന നിന്റെ ഏകമകന് ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിക്കുന്ന മലമുകളില്‍ നീ അവനെ എനിക്കൊരു ദഹനബലിയായി അര്‍പ്പിക്കണം" (ഉല്പത്തി 22:1-3). അബ്രാഹം അതിനു തയാറായി എന്നതിന്റെ പിന്നില്‍ അധികമാരും ചിന്തിക്കാത്ത മറ്റൊരു കഠിനവേദനകൂടിയുണ്ട്. ഇസഹാക്കിനെ ബലി ചെയ്യാന്‍ തയാറായതിലൂടെ ഒരു മകനെ മാത്രമല്ല ദൈവം അതുവരെയും തന്നോടു ചെയ്ത എല്ലാ വാഗ്ദാനങ്ങളെയുമാണ് ബലി ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ആ ബലിയില്‍ രണ്ടു ബലികള്‍ നടന്നിട്ടുണ്ട്. ഒന്ന്, വാഗ്ദാനസന്താനമായ തന്റെ പുത്രന്. രണ്ട്, ദൈവമതുവരെ തന്ന വാഗ്ദാനങ്ങള്‍. ഇതിനു രണ്ടിനും തയാറായ അബ്രാഹം ഹൃദയബലികളുടെ ഒരു മഹാമനുഷ്യന് തന്നെയായിരുന്നു. ആ അബ്രാഹമിനെ ദൈവം താന്‍ വാഗ്ദാനം ചെയ്തതിലും വളരെയധികമായി അനുഗ്രഹിച്ചു. വിശ്വാസികളുടെ പിതാവാക്കി ഉയര്‍ത്തി. ദൈവം പറഞ്ഞു: നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്പത്തി 22/16-18). അനുസരണത്തിനു പിന്നാലെ അനുഗ്രഹമുണ്ട്. പക്ഷേ ആ അനുഗ്രഹത്തോടുചേര്‍ന്ന് അതിനുമുമ്പ് സഹനമുണ്ട്. പ്രിയപ്പെട്ട സമര്‍പ്പിതരേ, അബ്രാഹമിനെപ്പോലെ ദൈവത്തിന്റെ വാക്കുകേട്ട് നാടും വീടും ഉറ്റവരെയും ഉടയവരെയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരല്ലേ നിങ്ങള്‍. അബ്രാഹത്തെ വിളിച്ച് രക്ഷിച്ച് അനുഗ്രഹമാക്കിയ കര്‍ത്താവ് നമ്മോടൊത്തുമുണ്ട്. അനുഗ്രഹപൂര്‍ണമായ ഈ അനുസരണം സഹനപൂരിതംകൂടിയാണെന്ന കാര്യം മറന്നുപോകരുതേ. അതു മറക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പതറിപ്പോകുന്നത്. യേശുവിന്റെ ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, അബ്രാഹമിന്റെയും പ്രവാചകന്മാരുടെയും വിളിക്കപ്പെട്ട മറ്റനേകരുടെയും ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തിലും അത് സഹനപൂരിതമായിരിക്കും. പ്രിയപ്പെട്ട കുടുംബസ്ഥരേ, നിങ്ങള്‍ പതറിപ്പോകരുത്. ദൈവം ഒന്നിപ്പിച്ചവരായിരുന്നു അബ്രാഹവും സാറായും. പക്ഷേ അവരുടെ കുടുംബജീവിതം കടന്നുപോയ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുകളും ഈ ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. ദൈവം വിളിച്ചു നിയോഗിച്ചു എന്ന കാരണത്താല്‍ നമ്മുടെ ജീവിതം പ്രതിസന്ധികളില്ലാത്തതും പ്രശ്നരഹിതവുമായിരിക്കുമെന്ന് അന്ധമായി വ്യാമോഹിക്കരുത്. അനുസരണത്തിന്റെ വഴിയിലൂടെ മാത്രം ചരിച്ച നസറത്തിലെ തിരുക്കുടുംബം നേരിട്ട സഹനങ്ങളും പ്രതിസന്ധികളും നമുക്കറിയാമല്ലോ. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍, ദൈവം നഷ്ടമായതിന്റെ അടയാളമായി കണ്ട് നിങ്ങള്‍ കലങ്ങിപ്പോകരുതേ. അവിടുന്ന് നമ്മോടൊപ്പമുണ്ട്. ധൈര്യമായിരിക്കുക. "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം" (ഹെബ്രായര്‍ 4:15-16).
By: Stella Benny
Moreകഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന് പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള് വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍ കഴിവില്ലാതായി; താടി നെഞ്ചില്‍ മുട്ടി. താടിയുടെ മര്‍ദംമൂലം നെഞ്ചു ഭാഗത്ത് വ്രണങ്ങള്‍ രൂപപ്പെടുകപോലും ചെയ്തപ്പോഴാണ് ആ വേദനയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. ഈ രോഗാവസ്ഥയില്‍ ശാരീരിക വേദനയെക്കാളേറെ അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ദൈവത്തിന്റെ തിരുമനസ്സിതാണെങ്കില്‍ ഈ അവസ്ഥയില്‍ തുടരാന്‍ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ് എന്റെ സന്തോഷം." ദൈവകൃപയാല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ടു. അള്‍ത്താരയ്ക്കരികില്‍ കസേരയില്‍ ഇരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അദ്ദേഹത്തിനായി. ഈ അവസ്ഥയിലും രൂപതാഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചത് ആത്മീയ ശക്തികൊണ്ട് മാത്രമാണ്. ശാരീരിക ദൗര്‍ബല്യങ്ങളൊന്നും ആ കര്‍മധീരന്റെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചില്ല എന്ന വസ്തുത നാം ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയുവാന്‍ തയാറാകാത്ത അദ്ദേഹം മധ്യവയസിനുശേഷം മാത്രമാണ് പുസ്തകങ്ങളെഴുതുവാന്‍ ആരംഭിച്ചത്. രോഗങ്ങള്‍ യാത്രകളെയും പ്രസംഗങ്ങളെയും തടയുവാന്‍ ശ്രമിച്ചപ്പോള്‍ എഴുത്തിലൂടെ തന്റെ ദൗത്യം അദ്ദേഹം തുടര്‍ന്നു. പുസ്തകമെഴുതി വെറുതെ സമയം കളയുന്നു, മെത്രാന്റെ പണി പുസ്തകമെഴുത്തല്ല എന്നൊക്കെ വിമര്‍ശിച്ചുകൊണ്ട് ശത്രുക്കള്‍ ഈ അവസ്ഥയിലും അല്‍ഫോന്‍സ് ലിഗോരിയെ തളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ക്രിസ്തുവിനോടുള്ള സ്നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമര്‍ശനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്ത് നല്കി. അറുപതാമത്തെ വയസില്‍ പ്രസിദ്ധപ്പെടുത്തിയ 'ദിവ്യകാരുണ്യ സന്ദര്‍ശനം' ആണ് ആദ്യഗ്രന്ഥം. ദൈവമാതാവിനെതിരായി പ്രചരിച്ചിരുന്ന പാഷണ്ഡതകളെ ചെറുത്തു തോല്പ്പിക്കുവാന് അല്‍ഫോന്‍സ് ലിഗോരിയുടെ പ്രസംഗങ്ങളും രചനകളും പ്രത്യേകിച്ച് 'ഗ്ലോറീസ് ഓഫ് മേരി' എന്ന ഗ്രന്ഥവും ഏറെ സഹായകമായി. മാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ പിന്നിലും അല്‍ഫോന്‍സിന്റെ ഗ്രന്ഥങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാജീവിതം, ദിവ്യകാരുണ്യഭക്തി, മാര്‍പാപ്പയുടെ അപ്രമാദിത്വം, സഭാദര്‍ശനം തുടങ്ങിയ മേഖലകളില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം നല്കിയ പരിപോഷണത്തെ മാനിച്ചുകൊണ്ട് 1871 മാര്‍ച്ച് 23-ന് ഒന്‍പതാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. പ്രതിഫലത്തിന്റെയും ആനന്ദത്തിന്റെയും സ്ഥലം സ്വര്‍ഗമാണ്. ഇതായിരുന്നു അല്‍ഫോന്‍സ് ലിഗോരിയുടെ കാഴ്ചപ്പാട്. അതിനാല്‍ തീവ്രമായ വേദനകളിലും ദൈവഹിതം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം അനുവദിക്കുന്ന നൊമ്പരങ്ങളെ നിരാകരിക്കുന്നത് അവിടുത്തെ നന്മയിലുള്ള അവിശ്വാസം മൂലമാണ്. ദൈവത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല പ്രത്യുത, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മള് ഇച്ഛിക്കുവാന്‍ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂര്‍ണതയുടെ മാര്‍ഗമെന്നും വിശുദ്ധ ലിഗോരി പഠിപ്പിച്ചു. എതിര്‍പ്പുകളും വിമര്‍ശനങ്ങളുംവഴി നിഷ്ക്രിയരായിപ്പോകുന്നവര്‍ക്ക് അല്‍ഫോന്‍സ് ലിഗോരി ഒരു പാഠമാണ്. അധ്വാനത്തിന് ആഗ്രഹിച്ച ഫലം കിട്ടാതെ വരുമ്പോള്‍ പലരുടെയും ആവേശം കെട്ടുപോകും. ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും കഷ്ടപ്പാടുകള്‍ മനസ്സിലാക്കപ്പെടാതെ വരുമ്പോഴും തീക്ഷ്ണത നഷ്ടപ്പെട്ടുപോകാം. വ്യക്തിപരമായ പരിമിതികളെ ഓര്‍ത്ത് എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് കരുതി നിഷ്ക്രിയരാകുന്നവരും ധാരാളമാണ്. സ്നേഹത്തിനു മാത്രമേ എപ്പോഴും ഉണര്‍വോടെ കര്‍മനിരതമാകാന്‍ പറ്റൂ. സ്നേഹത്തിന്റെ കുറവാണ് അലസതയുടെയും നിഷ്ക്രിയത്വത്തിന്റെയും അടിസ്ഥാന കാരണം. ദൈവത്തോടുള്ള സ്നേഹം വലുതാകുമ്പോള്‍ സഭയോടുള്ള സ്നേഹവും വളരും. ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും അതോടൊപ്പം വര്‍ധിച്ചുകൊണ്ടിരിക്കും. അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം മുഴുവനും തെറ്റിദ്ധാരണകളാലും വിമര്ശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. എല്ലാ ഉദ്യമങ്ങളും ആഗ്രഹിച്ചതുപോലെ ഫലം നല്കിയുമില്ല. ആത്മാര്‍ത്ഥതയ്ക്ക് പ്രതിഫലമായി ലോകവും ജീവിതവും നൊമ്പരങ്ങള്‍ മാത്രം നല്കി. എന്നിട്ടും തളരാത്ത ആ മനസ്സിന്റെ രഹസ്യമെന്താണ്? ക്രിസ്തുവിനോടുള്ള സ്നേഹം! ആ തീക്ഷ്ണതയുടെ രഹസ്യം അതുമാത്രമായിരുന്നു. മടുപ്പും വിരസതയും ശൂന്യതയും നീക്കാനുള്ള വഴി ക്രിസ്തുവിന്റെ സ്നേഹംകൊണ്ട് നിറയുക മാത്രമാണ്. ദൈവം തന്ന ജീവിതത്തെ സ്നേഹിക്കുവാന്‍ പഠിക്കണം. അവിടുന്ന് തന്ന ജോലിയെയും ദൗത്യങ്ങളെയും സാഹചര്യങ്ങളെയും ക്രിസ്തുവിനെപ്രതി സ്നേഹിക്കണം. പിന്നെ വെറുതെ ഇരിക്കുവാന് നമുക്കാകില്ല. പ്രതിബന്ധങ്ങള്‍ വലുതായി തോന്നുന്നത് സ്വാര്‍ത്ഥത കൂടുമ്പോഴാണ്. ദാവീദ് ഗോലിയാത്തിനെ കൊന്നത് കല്ലും കവിണയും കൊണ്ടല്ല; ഇസ്രായേലിന്റെ ദൈവത്തെപ്രതിയുള്ള തീക്ഷ്ണത കൊണ്ടാണ്. തടവിലാക്കപ്പെട്ട പൗലോസ് അപ്പസ്തോലന് തന്നെ കാത്തിരിക്കുന്നത് മരണമാണെന്നറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം നിഷ്ക്രിയനായിരുന്നില്ല. ജയിലിന്റെ പരിമിതികളിലിരുന്നും അദ്ദേഹം എഴുതി. എല്ലാക്കാലത്തെയും സഭാസമൂഹങ്ങള്‍ക്കുവേണ്ടി ദീര്‍ഘമായ ലേഖനങ്ങള്‍. തടവറയില്‍പ്പോലും കര്‍മോത്സുകനാകാന്‍ അപ്പസ്തോലനെ സഹായിച്ചതെന്താണ്? സകല സഭകളെയുംകുറിച്ചുള്ള തീക്ഷ്ണത. തീക്ഷ്ണത നഷ്ടപ്പെട്ട് മന്ദീഭവിച്ച ഹൃദയങ്ങളാണ് അറിവും കഴിവും സാഹചര്യങ്ങളും ഉപയോഗിക്കാനാവാതെ നാം നിഷ്ക്രിയരാകുന്നതിന് കാരണം. ക്രൂരമായ പീഡനങ്ങളെയും എതിര്‍പ്പുകളെയും ആദിമസഭ നേരിട്ടത് രാഷ്ട്രീയ തന്ത്രങ്ങള്‍കൊണ്ടോ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല. ക്രിസ്തുവിനോടുള്ള തീക്ഷ്ണസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങള്‍കൊണ്ടായിരുന്നു. നമുക്കും ആ പാത പിന്തുടരാം. ډ
By: Chevalier Benny Punnathara
Moreകണ്‍ഫ്യൂഷനിസം വിശ്വാസം പിന്തുടര്ന്നവര് ആയിരുന്നു കിം അഗിതി അഗത എന്ന കൊറിയന്‍ യുവതിയും കുടുംബവും. ഒരു ദിവസം അഗതയുടെ കത്തോലിക്കയായ സഹോദരി അവരെ സന്ദര്‍ശിക്കുന്നതിനായി വന്നു. ആ കുടുംബം പിന്തുടര്ന്നിരുന്ന വിജാതീയ ആചാരങ്ങള്‍ കണ്ടു വേദനിച്ച സഹോദരി അവരോട് ഇപ്രകാരം പറഞ്ഞു, "ലോകത്തെ മുഴുവന്‍ ഭരിക്കുന്നത് ഒരാള്‍തന്നെയാണ്, അത് ക്രിസ്തുവാണ്. അന്ധകാരത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റ് നിങ്ങളും സത്യത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." ഈ സഹോദരിയുടെ വാക്കുകള്‍ കേട്ട് അഗതയ്ക്ക് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് അറിയുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായി. എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. എങ്കിലും സത്യത്തിനു വേണ്ടി എന്ത് ത്യാഗവും ഏറ്റെടുക്കുവാന്‍ അഗത തീരുമാനിച്ചു. അങ്ങനെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ പഠനത്തില്‍ പിന്നിലായിരുന്ന അഗതയ്ക്ക് പ്രാര്‍ത്ഥനകളും വിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളും പഠിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ ഈശോയുടെയും മറിയത്തിന്റെയും നാമങ്ങള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്ത് ചോദിച്ചാലും ഈശോ, മറിയം എന്നീ രണ്ടു വാക്കുകള്‍ മാത്രമാണ് അഗതക്ക് പറയാനുണ്ടായിരുന്നത്. ബുദ്ധിശക്തിയില്‍ പിന്നോക്കമായിരുന്നതിനാല്‍ അഗതയ്ക്ക് അന്ന് മാമ്മോദീസാ ലഭിച്ചില്ല. കൊറിയയില്‍ ഉഗ്രമായ മതപീഡനം നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അഗതയും ജയിലിലടയ്ക്കപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്ക് ഈശോയെയും മാതാവിനെയുംകുറിച്ചുമാത്രമേ അറിയുകയുള്ളൂ എന്നായിരുന്നു അഗതയുടെ ഉത്തരം. അപ്പോള്‍ അധികാരികള്‍ ചോദിച്ചു, "അവരെ നിരാകരിക്കാന്‍ തയ്യാറാണോ?" ഉടനെ അഗത മറുപടി നല്കി, "ഞാന്‍ അവര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണ്!" തുടര്‍ന്ന് അഗത നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. ഭര്‍ത്താവും മകനും വിശ്വാസം ഉപേക്ഷിച്ചെങ്കിലും വിശ്വാസം തള്ളിപ്പറയാന്‍ അഗത തയാറായില്ല. പീഡനങ്ങള്‍ക്ക് നടുവിലും പിടിച്ചുനില്ക്കാന് സഹതടവുകാരുടെ വിശ്വാസവും അവള്‍ക്ക് തുണയായി. തിരുസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ച കിം മഗ്ദലന്‍, ഹാന്‍ ബാര്‍ബ തുടങ്ങിയവരായിരുന്നു അവരില്‍ ചിലര്‍. ഈശോയെയും മാതാവിനെയുംകുറിച്ച് മാത്രം അറിയാവുന്ന അഗതയുടെ ധൈര്യവും വിശ്വാസവും സഹതടവുകാരെപ്പോലും ഏറെ സ്പര്‍ശിച്ചു. അങ്ങനെ ജയിലില്‍വച്ചാണ് അഗത മാമ്മോദീസ സ്വീകരിച്ചത്. ജയിലില്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ നേരിടുവാന്‍ മാമ്മോദീസ അഗതയ്ക്ക് കൂടുതല്‍ കരുത്തു നല്കി. 1839-ല്‍ അഗതയുടെയും ഒമ്പത് സഹതടവുകാരുടെയും വധശിക്ഷ നടപ്പിലാക്കി. കാളവണ്ടിയില്‍ സ്ഥാപിച്ച കുരിശിലേക്കു ഇവരുടെ കൈകളും തലമുടിയും ബന്ധിച്ച ശേഷം ദുര്‍ഘടമായ ഒരു ഇറക്കത്തിലൂടെ മലയുടെ മുകളില്‍നിന്ന് താഴത്തേക്ക് കാളയെ അതിവേഗം ഓടിച്ചു. തുടര്‍ന്ന് അവരെ ശിരച്ഛേദം ചെയ്തു. പഠനമോ പാണ്ഡിത്യമോ അല്ല വിശുദ്ധിയുടെ മാനദണ്ഡം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് 1925 ജൂലൈ അഞ്ചാം തീയതി തിരുസഭ അഗതയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1984 മെയ് ആറാം തീയതി സോളില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ അഗതയെ വിശുദ്ധയായി നാമകരണം ചെയ്തു.
By: Ranjith Lawrence
More"ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാര്‍ക്കും, ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്ത് നിത്യജീവനും."(ലൂക്കാ 18:29-30) എല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ നിന്നെ അനുഗമിച്ചിരിക്കുന്നു എന്ന് പത്രോസ് പറഞ്ഞതിന് മറുപടിയായി യേശു പറഞ്ഞതാണ് ഈ വചനഭാഗം. അപ്രകാരം തന്നെ അനുഗമിച്ചത് ഒരിക്കലും നഷ്ടമായിരിക്കുകയില്ലെന്നും അതെല്ലാം കൂടുതലായി ലഭിക്കുമെന്നും ആദ്യമേതന്നെ അവിടുന്ന് ഉറപ്പുകൊടുക്കുന്നു. കര്‍ത്താവിനുവേണ്ടി നാം എന്തുതന്നെ സമര്‍പ്പിച്ചാലും അതിന് ഭൗതികമായ പ്രതിഫലവും ഉണ്ട്. അതെല്ലാം ഈ ഭൂമിയില്‍വച്ച് ആസ്വദിക്കാവുന്നതാണ്. എന്നാല്‍ അതിനപ്പുറം മനുഷ്യന് ആവശ്യമുള്ളത് ദൈവികസമ്മാനമായ നിത്യജീവനാണ്. അത് ലഭിക്കാന്‍ ഈ ഉപേക്ഷകള്‍ ഉപകാരപ്പെടും എന്ന് അവിടുന്ന് തന്റെ ശിഷ്യരെ ഇതിലൂടെ ബോധ്യപ്പെടുത്തുന്ന ആത്മീയജീവിതത്തില്‍ നാം പലപ്പോഴും പലതും ഉപേക്ഷിച്ച് മുന്നോട്ടുപോ കുമ്പോള്‍ സ്വാഭാവികമായും ഉള്ളില്‍ നമുക്ക് എന്തു ലഭിക്കും എന്നൊരു ചിന്ത ഉയര്‍ന്നുവരാം. അതിന് യേശു നല്കുന്ന ഉത്തരമാണിത്. നിങ്ങള്‍ക്ക് ഭൗതികതലത്തില്‍ ഒരു പ്രതിഫലം ഉണ്ട്. എന്നാല്‍ അതല്ല ഏറ്റവും വലുത്. കാരണം നാം ഈലോകജീവിതത്തിനുവേണ്ടി മാത്രം അവിടുന്നില്‍ പ്രത്യാശ വച്ചിട്ടുള്ളവരല്ല. "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള് എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കോറിന്തോസ് 15:19). പകരം, നിത്യമായ ജീവിതത്തിനായാണ് നാം അവിടുന്നില്‍ പ്രത്യാശ വയ്ക്കുന്നത്. അതിനാല്‍ത്തന്നെ നിത്യജീവനാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വിലപ്പെട്ട പ്രതിഫലം. ഇക്കാരണത്താല്‍ നാം ക്രിസ്തുവിനെപ്രതി എന്തു ചെയ്യുമ്പോഴും നിത്യതയിലേക്കു നോക്കിയാല്‍മാത്രമേ പ്രത്യാശയോടെ മുന്നേറാന്‍ കഴിയുകയുള്ളൂ. മാത്രവുമല്ല ഒരുപക്ഷേ നാം പ്രതീക്ഷിച്ച ഭൗതികഫലം കിട്ടാതെ വരുമ്പോഴുള്ള ദുഃഖം ഉണ്ടാവുകയുമില്ല. അതിനാല്‍ നിത്യതയിലേക്കു നോക്കാന്‍ യേശു നമ്മെ പഠിപ്പിക്കുകയാണ്. അവിടെമാത്രമേ ഉന്നതമായ പ്രതിഫലം നമുക്ക് ലഭിക്കുകയുള്ളൂ.
By: Fr Francis Vellamakkal
Moreകുറച്ചു നാളുകള്‍ക്കുമുമ്പ് എനിക്കൊരു സ്വപ്നമുണ്ടായി. ഞാന്‍ മരിച്ചു. ഞങ്ങളുടെ വീട്ടിലെ സ്വീകരണമുറിയില്‍ ശവപ്പെട്ടിയില്‍ എന്നെ കിടത്തുന്ന തിരക്കിലാണ് എല്ലാവരും. തല ഏതു വശത്തേക്കാണ് വയ്ക്കേണ്ടത് എന്നൊക്കെ ആളുകള്‍ തമ്മില്‍ പറയുന്നത് ഞാൻ കേട്ടു . ഇനി തല ഏതു വശത്തേക്ക് വച്ചാലും എനിക്ക് പ്രശ്നമില്ല. സ്വര്‍ഗത്തില്‍ എത്താനുള്ള സമ്പാദ്യം എനിക്കുണ്ടോ എന്നൊക്കെ ചിന്തിച്ച് ഞാന്‍ പെട്ടിയില്‍ കണ്ണടച്ച് കിടന്നു. ശവസംസ്കാരത്തിനുള്ള സമയമൊക്കെ തീരുമാനിച്ചു കാണും, നാളത്തെ പത്രത്തില്‍ ചരമവാര്‍ത്ത ഇട്ടുകാണും... അങ്ങനെ എന്റെ ചിന്തകള്‍ കടന്നുപോയി. പെട്ടെന്ന് ഉറക്കം തെളിഞ്ഞു, സ്വപ്നം തീര്‍ന്നു. ഞാന്‍ ഈശോയോട് പ്രാര്‍ത്ഥിച്ചു: "കര്‍ത്താവേ, എന്തിനാണ് ഈ സ്വപ്നം കാണിച്ചുതന്നത്?" ഈശോ ഉത്തരം തന്നു. നീ മരിച്ചാലുടനെ ലോകത്തില്‍ ജീവിച്ചിരിക്കുന്നവര്‍ നിന്റെ ആത്മരക്ഷയെക്കാള്‍ പ്രാധാന്യം ശവസംസ്കാരം കേമമായി നടത്തുന്നതിനും വരുന്ന ആളുകളെ സ്വീകരിക്കുന്നതിനുമൊക്കെ കൊടുക്കും. വൈദികര്‍ ഒപ്പീസുചൊല്ലി പ്രാര്‍ത്ഥിക്കും. വരുന്നവര്‍ അടുത്തിരുന്ന ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഇതുകൊണ്ടൊന്നും നിന്റെ ആത്മരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിത്യജീവനിലേക്ക് പ്രവേശിക്കാന്‍ വേണ്ടുന്നതൊക്കെ ചെയ്യണം. ബലിയര്‍പ്പണം, ദാനധര്‍മം, പുണ്യപ്രവൃത്തികള്‍, പരിഹാരപ്രവൃത്തികള്‍ ഒക്കെ ചെയ്ത് സ്വര്‍ഗത്തില്‍ നിക്ഷേപം കൂട്ടിവയ്ക്കാന്‍ പരിശ്രമിക്കുക. എന്റെ ഒരു സഹോദരി ഏതാണ്ട് രണ്ടുവര്‍ഷംമുമ്പ് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. മരിച്ചു കഴിഞ്ഞ് ശുദ്ധീകരണസ്ഥലത്തുകിടന്ന് മക്കളുടെ പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും ദാനധര്‍മവുമൊക്കെ നോക്കിയിരിക്കേണ്ട കാര്യമുണ്ടോ? ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. നിത്യജീവന് അവകാശമാക്കുക. നമ്മുടെ മാതാപിതാക്കള്‍ അങ്ങനെ ചെയ്തല്ലോ. ഇത് വളരെ അര്‍ത്ഥവത്തായി എനിക്ക് തോന്നി. ആത്മീയ മനുഷ്യരാണെന്ന് കരുതുന്നവര്‍പോലും അനുദിന ജീവിതത്തില്‍ ലോകസുഖങ്ങള്‍ക്കും ലോകത്തിന്റെ അഭിപ്രായങ്ങള്‍ക്കും വിലകൊടുക്കുന്നുണ്ട്. സ്വന്തം കാര്യങ്ങള്‍ സാധിക്കുന്നതിനുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നു, ഉപവസിക്കുന്നു, നോമ്പെടുക്കുന്നു. എന്നാല്‍ വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍, നമ്മള് എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കോറിന്തോസ് 15:19). അതിനാല്‍ സ്വന്തം ആത്മരക്ഷയ്ക്കുവേണ്ടി സഹനങ്ങള്‍, ത്യാഗങ്ങള്‍ ഒക്കെ കാഴ്ചവച്ച് നാം പ്രയത്നിക്കേണ്ടതല്ലേ. നമ്മുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നമ്മുടെ ഹൃദയവും. മത്തായി 13:44-52 വരെ വചനങ്ങളില്‍ നാം കാണുന്നതിങ്ങനെയാണ്. സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവര്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. നമുക്കുള്ളതിനോടെല്ലാം ഒരു വിടുതല്‍ ഉണ്ടെങ്കിലേ, സ്വര്‍ഗരാജ്യത്തിനുവേണ്ടി അധ്വാനിക്കുവാന്‍ സമയം കിട്ടുകയുള്ളൂ. ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ പരലോക ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നമ്മെ ഭരിക്കണം. അതിനുവേണ്ടി സ്വര്‍ഗത്തില്‍ സമ്പാദ്യം കരുതിവയ്ക്കണം. സ്നേഹം നമ്മുടെ നിരവധിയായ പാപങ്ങള്‍ മായിച്ചുകളയുന്നു. നമുക്ക് പരസ്പരം സ്നേഹിക്കാം. ഈ കല്പന പാലിക്കാന്‍ നമുക്ക് വളരെ എളുപ്പമാണ്. മറ്റുള്ളവരെയോര്‍ത്ത് ഈശോയ്ക്ക് നന്ദിയര്‍പ്പിക്കാം. അപ്പോള്‍ ഈശോയുടെ സ്നേഹത്താല്‍ നാമും അവരും നിറയും. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സഹനങ്ങള്‍ നമ്മുടെ ആത്മരക്ഷയ്ക്കുവേണ്ടിയും സഹനം തന്നവരുടെ ആത്മരക്ഷയ്ക്കുവേണ്ടിയും നമുക്ക് ഉപയോഗിക്കാം. ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മം നമ്മെ പാപത്തില്നിന്നകറ്റുന്നു. ഇനി എത്രനാള്‍ നമ്മുടെ ജീവിതം നീളുമെന്നറിയില്ല. പശ്ചാത്താപത്തോടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അടുക്കലടുക്കല്‍ കുമ്പസാരിച്ച് വിശുദ്ധിയില്‍ ജീവിക്കാം. മറ്റുള്ളവരോട് എപ്പോഴും രമ്യതയില്‍ ആയിരിക്കാം. ലോകമെമ്പാടും ഓരോ മണിക്കൂറിലും നടക്കുന്ന ബലിയര്‍പ്പണത്തില്‍ ചിന്തപ്പെടുന്ന ഈശോയുടെ തിരുരക്തം മക്കളായ നമുക്ക് അവകാശപ്പെട്ട് ചോദിക്കാം, നമ്മെ കഴുകി വിശുദ്ധീകരിക്കണേയെന്ന്. ഒപ്പം ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി ഈ തിരുരക്തം നിത്യപിതാവിന് സമര്‍പ്പിക്കാം. രക്ഷപ്പെട്ട ആത്മാക്കള്‍ നമുക്കുവേണ്ടിയും പ്രാര്‍ത്ഥിക്കും. കൊളോസോസ് 3:1-2-ല്‍ നാം വായിക്കുന്നതിങ്ങനെയാണ്, "ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍."
By: Rosamma Joseph Pulppel
Moreഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണത് സംഭവിച്ചത്. ജോലി ചെയ്യുന്ന വിദ്യാലയത്തിലെ സ്റ്റാഫ് റൂമിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വന്നു, ഒന്ന് സംസാരിക്കണമെ ന്നാവശ്യപ്പെട്ടു. പുറത്തേക്കിറങ്ങിച്ചെന്ന എന്നോട് വളരെ നിഷ്കളങ്കമായി ഒരു ആവശ്യം അവള് ഉന്നയിച്ചു 'എനിക്കൊന്ന് കുമ്പസാരിക്കണം സര്, ഇപ്പോള്‍ ഫ്രീ ആണോ?' ഉള്ളില്‍ ചിരി വിടരേണ്ട ഒരു സന്ദര്‍ഭമാണ്, പക്ഷേ ചിരിച്ചില്ല. കാരണം, ആവശ്യപ്പെട്ടയാള്‍ പന്ത്രണ്ടാം ക്ലാസുകാരിയും ഒരു അക്രെെസ്തവ കുടുംബാംഗവും സാമാന്യം നന്നായി പഠിക്കുന്ന ഒരു മിടുക്കിയുമാണ്. ആയിടെ നടന്ന പന്ത്രണ്ടാം ക്ലാസുകാരുടെ ധ്യാനത്തില്‍ നന്നായി കുമ്പസാരിച്ച കൂട്ടുകാരുടെ അനുഭവങ്ങളും സന്തോഷവുമൊക്കെയാണ് തനിക്കും ഒന്ന് കു മ്പസാരിക്കണമെന്ന പ്രചോദനത്തിനു അവള്‍ക്കു കാരണമായത്. മാമോദീസ സ്വീകരിച്ച ഒരു ക്രെെസ്തവ വിശ്വാസി സ്വീകരിക്കുന്ന കൂദാശയാണ് കുമ്പസാര മെന്നും അത് പരികര്‍മ്മം ചെയ്യുന്നത് പുരോഹിതനാണെന്നുമൊക്കെ ഒരു വിധം പറഞ്ഞു മനസ്സിലാക്കി. എന്നാല്‍ ചിലത് പങ്കുവക്കാനുണ്ടെന്നും അത് കേള്‍ക്കാന്‍ മനസ്സുണ്ടാകണമെന്നും അവള് ശാഠ്യം പിടിച്ചു. എല്ലാം പൊറുക്കുന്ന എന്റെ കുമ്പസാരക്കൂടിന്! സങ്കീര്‍ത്തകന്‍ മനുഷ്യന്റെ ഏറ്റവും വലിയ സൗഭാഗ്യമായി കണക്കാക്കുന്നത് എന്താണെന്നറിയാന്‍ മുപ്പത്തിരണ്ടാം സങ്കീര്‍ത്തനം വായിച്ചാല്‍ മതിയാകും. 'അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന് ഭാഗ്യവാന്. കര്‍ത്താവു കുറ്റം ചുമത്താത്തവനുംഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്.' (സങ്കീര്‍ത്തനങ്ങള്‍ 32 : 12) 19-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട് കണ്ട ശ്രദ്ധേയമായ വ്യക്തിത്വമാണ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍. പണ്ഡിതനും എഴുത്തുകാരനുമെന്ന നിലയില്‍ അതിപ്രശസ്തന്‍. ആംഗ്ലിക്കന്‍ സഭയിലെ പ്രമുഖവൈദികനായിരുന്ന അദ്ദേഹം 4000 പവനിലധികം ശമ്പളം കൈപ്പറ്റിയിരുന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ട് 1845-ല്‍ അദ്ദേഹം വിശുദ്ധ കത്തോലിക്കാ സഭയുടെ ഭാഗമായി മാറിയപ്പോള്‍ അത്ഭുതത്തോടെ സമൂഹം ചോദിച്ചു എന്തിനാണ് ഈ മാറ്റമെന്ന്? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നത്രേ, 'അമ്മയില്ലാത്ത ഒരു സഭയില്‍നിന്ന് അമ്മയുള്ള ഒരു സഭയിലേക്ക് ഞാന്‍ പോകുന്നു (പരിശുദ്ധ അമ്മ) ഒപ്പം കത്തോലിക്കാസഭയുടെ കുമ്പസാരക്കൂട്ടില്‍ എന്റെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ഞാനനുഭവിക്കുന്ന ഈ ആശ്വാസം ഭൂമിയില്‍ മറ്റൊരിടത്തും എനിക്കു ലഭിക്കുന്നുമില്ല.' പില്ക്കാലത്ത് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹം ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ്. യേശുവിന്റെ പ്രിയശിഷ്യന് യോഹന്നാന് എഴുതുന്നു, 'നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന് വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. (1 യോഹന്നാന് 1: 89) ഒരുപാട് ധ്യാനമാവശ്യപ്പെടുന്ന ഒരു കൂദാശ അതിപരിചയം കൊണ്ടും ഒരുക്കം ഇല്ലാതെ സമീപിക്കുന്നതു കൊണ്ടുമാണ് ഇന്ന് പലര്‍ക്കും അതൊരു അനുഭവം ആകാതെ പോകുന്നത്. ഒരാള്‍ തന്റെ ജീവിതത്തിലെ എല്ലാ വീഴ്ചകളും മറകൂടാതെ തുറന്നു വച്ചിട്ടും, ഭൂമിയിലെ ഒരിടം മാത്രം അയാളെ വിധിക്കുന്നില്ല, മുന്‍വിധിയോടെ പിന്നീട് നോക്കുന്നില്ല. സൗമ്യമായ ശാന്തതയോടെ സമാശ്വസിപ്പിച്ച്, പുതിയ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബലപ്പെടുത്തുന്നു. ഇതിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ അറിയുന്നുണ്ടോ ലോകമെങ്ങും ഓരോ ദിനവും കരുണയുടെ കുമ്പസാരക്കൂടുകള്‍ക്കുള്ളില്‍ സംഭവിക്കുന്ന ദിവ്യാത്ഭുതങ്ങ ളെക്കുറിച്ച്. മലയാള സാഹിത്യത്തിലെ സൂര്യതേജസ്സായിരുന്ന ഖസാക്കിന്റെ ഇതിഹാസകാരന് ഒരു കുമ്പസാരക്കൂടിനെ അകലെനിന്ന് ധ്യാനിച്ചിട്ട് ഇങ്ങിനെ കോറിയിട്ടു, 'ദൈവവും മനുഷ്യനും പരസ്പരം കണ്ടുമുട്ടി സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്ന ഇടമാണ് കുമ്പസാരക്കൂട്.' മനോഹരങ്ങളായ ഒരുപാട് ക്രെെസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവ് തന്റെ പ്രശസ്തമായ പുസ്തകം സമര്‍പ്പിക്കുന്നതിങ്ങനെയാണ്, എല്ലാം പൊറുക്കുന്ന, എല്ലാം അറിയുന്ന, ഒരു മാത്ര പോലും ലജ്ജിക്കാനനുവദിക്കാത്ത, എന്റെ കുമ്പസാരക്കൂടിന്. ഒരിക്കലെങ്കിലും ഒരു കുമ്പസാരക്കൂടിന്റെ കരുണയില്‍ നനഞ്ഞിറങ്ങിയിട്ട് മുട്ടുകുത്തി നില്ക്കുമ്പോള് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകണം, സ്വര്‍ഗ്ഗത്തില്‍ എന്നെയോര്‍ത്ത് ആനന്ദിക്കുന്ന മാലാഖമാരോടും വിശുദ്ധരോടുമൊപ്പം.(ലൂക്കാ 15:7) മാനസാന്തരത്തിന്റെ കൂദാശ സഭയുടെ മതബോധന ഗ്രന്ഥം കുമ്പസാരത്തെ നോക്കി കാണുന്നത് ഒന്നാമതായി മാനസാന്തരത്തിന്റെ കൂദാശ എന്ന നിലയിലാണ്. 'പാപത്തില്‍ നാം മൃതരാണ്. അല്ലെങ്കില്‍ മുറിവേറ്റവരെങ്കിലുമാണ്. അതു കൊണ്ട് സ്നേഹമാകുന്ന ദാനത്തിന്റെ പ്രഥമഫലം' നമ്മുടെ പാപങ്ങളുടെ മോചനമാണ്. സഭയില്‍ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് പാപത്തിലൂടെ നഷ്ടമായ ദൈവിക സാദൃശ്യത്തെ മാമോദീസ സ്വീകരിച്ചവര്‍ക്കു തിരികെ നല്കുന്നു.' (സിസിസി 734) യോഹന്നാന് 20: 21-23-ല്‍ ശിഷ്യരുടെ മേല്‍ പരിശുദ്ധാത്മാവിനെ നിശ്വസിച്ചിട്ട് പാപത്താല്‍ മുറിവേറ്റവരുടെ വിമോചന ദൗത്യം യേശു കൈമാറുന്നത് നമുക്ക് വായിക്കാനാകും. കുമ്പസാരക്കൂടിന്റെ പുണ്യവാനെന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ജോണ്‍ മരിയ വിയാനി തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു സമയങ്ങളില്‍ 18 മണിക്കൂറും കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചു പോന്നുവെന്നാണ് ചരിത്രം. 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം പേര് അദ്ദേഹത്തെ സമീപിച്ച് ഉപദേശം സ്വീകരിച്ചിട്ടുണ്ട് എന്നാണ് കണക്ക്. മെത്രാന്മാരും വൈദികരുമെല്ലാം കുമ്പസാര നിരയില്‍ കാത്തു നിന്നിരുന്നു. ഒരിക്കല്‍ വിയാനി പുണ്യവാന്റെ കട്ടിലിന് തീയിട്ടിട്ട് സാത്താന് പുലമ്പിയത്രേ 'ഇയാളെപ്പോലെ രണ്ടു മൂന്നുപേര്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കവിടെ കാലു കുത്താനാവില്ലായിരുന്നുവെന്ന്.'ഒരു കുമ്പസാരക്കൂടും അതിലിരിക്കുന്ന വിശുദ്ധനായ പുരോഹിതനും സാത്താനെ എത്ര മാത്രം ഭയചകിതനാക്കുന്നുവെന്ന് ഇതില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. മാനസാന്തരത്തിന്റെ ഈ കൂദാശക്കെതിരായ അട്ടഹാസങ്ങള്‍ ഇതിനോടൊക്കെ ചേര്‍ത്തു വേണം വായിക്കാന്‍. കുമ്പസാരിക്കാന്‍ പാപം ഇല്ലാതാകുന്ന അതിപരിശുദ്ധരുടെ എണ്ണം സഭയില്‍ വര്‍ദ്ധിക്കുമ്പോള്‍ ഓര്‍ക്കണം, ദാരുണമായ വിവാഹമോചനങ്ങളും ഗര്ഭച്ഛിദ്രങ്ങളും ആത്മഹത്യകളും ക്രെെസ്തവരുടെ ഇടയില്‍ അതിഭീകരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ തപസ്സു കാലത്ത് യഥാര്‍ത്ഥ അനുതാപത്തോടെ നമ്മുടെ പാപങ്ങള്‍ ഒരു കുമ്പസാരക്കൂട്ടില്‍ ഏറ്റുപറയുമെങ്കില്‍ അവിടുന്ന് കരുണയും കൃപാവരവും തന്ന് നമ്മെ ഉയിര്‍പ്പിന്റെ ആനന്ദത്തിലേക്ക് നടത്തും തീര്‍ച്ച. കാരണം പിശാചിന്റെ പ്രവൃത്തികളെ തകര്‍ക്കാന്‍ ഒരാളേ ഈ ഭൂമിയിലേക്ക് വന്നിട്ടുള്ളൂ, കര്‍ത്താവായ യേശുക്രിസ്തു.
By: Sasi Emmanuel
Moreനാം അധിവസിക്കുന്ന ഈ ഭൂമി സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് എന്ന് നമുക്കറിയാം. ഭൂമിയിലല്ലാതെ വെറെ എവിടെയും ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ ഈ സൗരയൂഥം ക്ഷീരപഥം (Milky Way) എന്ന ഗാലക്സിയുടെ ഭാഗമാണ്. ഇതിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷം അഥവാ 10 ലക്ഷം കോടി കിലോമീറ്ററുകളാണ്. ഈ ഗാലക്സിയില്‍ നമ്മുടെ സൗരയൂഥത്തിന് ഏറ്റവും മികച്ച സ്ഥാനം ഏതായിരിക്കും? ഗാലക്സിയ്ക്ക് ഒരു Central Disc (സെന്‍ട്രല്‍ ഡിസ്ക്) ഉണ്ട്. അവിടെ സൂര്യനെക്കാള്‍ 50 ലക്ഷം മടങ്ങ് വലിപ്പമുള്ള തമോഗര്‍ത്തമുണ്ട്. അതിനടുത്ത് സ്ഥിതി ചെയ്യാന്‍ സാധ്യമല്ല, കാരണം തമോഗര്‍ത്തം വിഴുങ്ങും. അല്പം നീങ്ങിയിട്ടാകാമെന്ന് കരുതിയാല്‍ അവിടെ ധാരാളം നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. അവയില്‍നിന്ന് ഗാമാ കിരണങ്ങള്‍, എക്സ് കിരണങ്ങള്‍ (X rays) എന്നിങ്ങനെ പല തരത്തിലുള്ള വികിരണങ്ങള്‍ വരുന്നതിനാല്‍ ജീവന് അനുകൂലസാഹചര്യമല്ല. അതിനാല്‍ സെന്‍ട്രല്‍ ഡിസ്കിനോടുചേര്ന്ന് സ്ഥിതി ചെയ്യുക സൗരയൂഥത്തിന് അഭികാമ്യമല്ല. ഇനി ഈ ഗാലക്സിക്ക് ഉള്ളത് നാല് Spiral Arms (ചുരുളന്‍ കൈകള്‍) ആണ്. അവയില്‍ നിറയെ നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും ജീവന് ഏറ്റവും അനുകൂലമായ വിധത്തില്‍ സെന്‍ട്രല്‍ ഡിസ്കില്‍നിന്ന് 32000 പ്രകാശവര്‍ഷം അകലെ ഓറിയോണ്‍ ആം എന്ന സ്പൈറല്‍ ആമിലാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്. അവിടെയും ഹീലിയം, ഹൈഡ്രജന്‍ വാതകങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഭീമാകാരമായ നക്ഷത്രം (സൂപ്പര്‍ നോവ) പൊട്ടിത്തെറിക്കുന്നുണ്ട്. അതിനാല്‍ സ്ഥിരമായി അവിടെ നില്ക്കുക സുരക്ഷിതമല്ല. ഇക്കാരണത്താല്‍ സൗരയൂഥം നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തെ ഭ്രമണം ചെയ്യുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സെക്കന്റില്‍ 220 കിലോമീറ്റര്‍ വേഗതയിലാണ് ഭ്രമണം. ഇപ്രകാരം ഭ്രമണം ചെയ്യുന്നതിനാല്‍ 4 കോടി വര്‍ഷം ഒരു സ്പൈറല്‍ ആമില്‍, അതിനു പുറത്ത് 8 കോടി വര്‍ഷം, വേറെ ചുരുളന്‍ കൈയില്‍ 4 കോടി വര്‍ഷം- ഇങ്ങനെയാണ് സൗരയൂഥത്തിന്റെ സ്ഥാനം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥം മില്‍ക്കിവേയെ ഭ്രമണം ചെയ്യുന്ന ആകാശപാതയുടെ വീതി 23 മുതല്‍ 29വരെ പ്രകാശവര്‍ഷമാണ്. ഇതും ജീവസൗഹൃദമേഖലയാണ്. നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥം ജീവന് അനുയോജ്യമായ വിധത്തില്‍ അത്രമാത്രം കരുതലോടെ ഒരുക്കപ്പെട്ടിരിക്കുന്നു എന്ന് സാരം. സ്രഷ്ടാവ് ഈ സൗരയൂഥത്തെ നമുക്കുവേണ്ടി അപ്രകാരം രൂപകല്പന ചെയ്തിരിക്കുന്നു എന്ന് വിശ്വസിക്കാതെ വയ്യ.
By: Shalom Tidings
Moreനീന്തല്‍ പഠിക്കാന്‍ പോയത് പ്രായം ഇരുപത്തിയഞ്ചു കഴിഞ്ഞപ്പോഴാണ്. കുറച്ചേറെ നീണ്ട ദിനങ്ങളിലെ പരിശ്രമം. അതിനിടയില്‍ വന്നുപോയ കുരുന്നുകള്‍ ഒരാഴ്ചകൊണ്ട് നീന്തല്‍ പഠിച്ചു നീന്തി അക്കരെയെത്തി. നിര്‍ത്താനൊരുങ്ങിയ സായാഹ്നത്തിലാണ് ഒരു ചേട്ടന് മുന്നിലേക്കെത്തുന്നത്. മൂന്നോ നാലോ മാസമായത്രേ നീന്തല്‍ പഠിച്ചു തുടങ്ങിയിട്ട്. ഇനിയും ഏകദേശം നാല് മീറ്ററിനപ്പുറം നീന്താന്‍ കഴിയാത്തൊരാള്‍. "'നീ വിഷമിക്കണ്ടടാ... നമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികളാ... എന്നാലും ഈ പ്രായത്തിലൊക്കെ ഇതിന് ശ്രമിക്കാനൊരു മനസുണ്ടായല്ലോ. അത് പോരേ നമ്മക്ക്.' ആ നാല്പത്തിയഞ്ചു വയസ്സുകാരന് അത് പറയുമ്പോ മുന്പിലെ ജലം ശരീരത്തെ തണുപ്പിക്കുന്നതിനെക്കാള് ആ വാക്കുകള്‍ മനസിനെ തണുപ്പിച്ചിരുന്നു. വിജയികളുടെ പട്ടികയില്‍ ഇടംകിട്ടാത്ത ചിലര്‍ തീര്‍ച്ചയായും ആരുടെയൊക്കെയോ വഴികളെ നനയിക്കുന്നുണ്ട്. നസ്രായനും അങ്ങനെതന്നെയല്ലേ. അവന് ഒരു പരാജയമായിരുന്നെന്നാണ് അവന്റെ കാലത്തിലെ പലരും കരുതിയത്. പക്ഷേ ആ പരാജിതന്റെ ആണിപ്പാടുള്ള വിരിച്ച കരങ്ങളില്‍ നിന്നായിരുന്നു അനേകരെ നനയിക്കുന്ന ആശ്വാസത്തിന്റെ ഉറവ പൊട്ടിയൊഴുകിയത്. ആ പഴയ ഗുരുകഥയിലെ പൊട്ടിയ കുടം തന്നെ ചുമക്കുന്ന മനുഷ്യനോട് ചോദിക്കുന്നത് എന്തിനാണ് വെറുതെ ഈ പാഴ്വേല എന്നാണ്. അപ്പോള്‍ പുഞ്ചിരിയോടെ ആ മനുഷ്യന് പറയുന്നു, "ഒറ്റനോട്ടത്തില്‍ നീയൊരു പരാജയമായിരിക്കാം. പക്ഷേ നിന്നിലൂടെ ചോര്‍ന്നൊലിച്ച ജലത്തുള്ളികള്‍ നനയിച്ച വഴിയോരത്തെ ചെടികള്‍ അതാ പൂവിട്ടു നില്‍ക്കുന്നുണ്ട്. അവയൊരിക്കലും പറയില്ല നീയൊരു തോല്‍വിയാണെന്ന്. കാരണം നിന്റെ തോല്‍വിയെന്ന് നീ കരുതുന്നതാണ് അവയ്ക്ക് ജീവന് കൊടുത്തത്.' അബ്ദുള്‍ കലാമിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്, നിങ്ങള്‍ വിജയിച്ചവരുടെ ചരിത്രങ്ങള്മാത്രം പഠിക്കുന്നവരാകാതെ പരാജിതരെക്കൂടി കേട്ട് തുടങ്ങാന്‍. അവര്‍ എവിടെയൊക്കെയോ ഇത്തിരി വെട്ടങ്ങളാവുന്നുണ്ട്. അല്‍ഫോന്‍സാമ്മ തന്നെ കാണാന്‍ വരുന്നവരോട് മുറിത്തിരികള്‍ ആവശ്യപ്പെടുമായിരുന്നത്രേ. എന്നിട്ട് ഇരുള് വീണ ഇടനാഴികളില്‍ അത് കത്തിച്ചു വയ്ക്കും. അല്ലെങ്കിലും ഇരുള് വീണ ചിലയിടങ്ങളില്‍ മുന്നോട്ടൊന്ന് കാലെടുത്തുവയ്ക്കാനുള്ള വെളിച്ചം വീശുന്നത് പടുകൂറ്റന്‍ വിളക്കുകളായിരിക്കില്ല. ചെറുകാറ്റിലും കെട്ടുപോകാവുന്ന മുറിത്തിരികളായിരിക്കും. അല്‍ഫോന്‍സാമ്മയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കില്‍ അത് വളരെ ഫലം പുറപ്പെടുവിക്കും (യോഹന്നാന് 12/24). അതിനാല്‍ ഓര്‍ക്കണം, പരാജയങ്ങളൊന്നും ആത്യന്തികമായി പരാജയങ്ങളല്ല. ദൈവം അനുവദിക്കുന്ന പരാജയങ്ങളില്നിന്നെല്ലാം ഏറെ വിജയങ്ങള്‍ പിറവികൊള്ളും.
By: Father Rinto Payyapilly
Moreഎപ്പോഴും കൗതുകം നിറഞ്ഞ മനസുള്ളവനായിരുന്നു റിച്ചാര്‍ഡ്. ഒരു ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു അവന് ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്നം. രണ്ട് ആണ്‍കുട്ടികളുള്ള ഒരു സാധാരണ ഗോവന്‍ ക്രൈസ്തവകുടുംബത്തിലെ രണ്ടാമത്തെ കുട്ടി . മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത് കുവൈറ്റിലായതിനാല്‍ കുടുംബ മൊന്നിച്ച് കുവൈറ്റിലായിരുന്നു ബാല്യകാലം. എന്നാല്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ജീവിതമാകെ മാറി. അവര്‍ അഭയാര്‍ത്ഥികളായി മടങ്ങി ഗോവയില്‍ സ്ഥിരതാമസമാക്കി. അന്ന് റിച്ചാര്‍ഡിന് പന്ത്രണ്ട് വയസ്. ഗോവയില്‍, ദൈവാശ്രബോധത്തോടെ ആ കുടുംബം ജീവിതം തുടര്‍ന്നു. ഗോവയിലെ മപുസയിലുള്ള സെന്റ് ബ്രിട്ടോ ഹൈസ്കൂളിലായിരുന്നു എട്ടാം ക്ലാസ്മുതല്‍ പത്താം ക്ലാസ് വരെയുള്ള പഠനം. അവിടെവച്ചാണ് അവന് ഈശോസഭാ വൈദികരെ പരിചയെപ്പടുന്നത്. അവരുടെ ജീവിതരീതിയില്‍ ഞാന്‍ ആകൃഷ്ടനായി. അതേസമയം ശാസ്ത്രകൗതുകങ്ങള്‍ അവന്റെ മനസില്‍ എന്നും നിറഞ്ഞു നിന്നു. അല്പനാളുകള് കൂടി കടന്നുപോയി. റിച്ചാര്‍ഡ് ഹയര്സെക്കന്ഡറിസ്കൂള് പഠനം പൂര്‍ത്തിയാക്കി. അവന്റെ വലിയൊരാഗ്രഹം മാതാപിതാക്കളോട് അവന് തുറന്നുപറഞ്ഞു. പക്ഷേ അത് ശാസ്ത്രജ്ഞനാകണമെന്നായിരുന്നില്ല, തികച്ചും വ്യത്യസ്തമായ മറ്റൊരു ആഗ്രഹം, 'ഒരു വൈദികനാകണം!' പ്രപഞ്ചത്തെ വിസ്മയത്തോടെ കാണുന്ന ആ യുവമനസില്‍ ദൈവം പാകിയ ദൈവികമായ ആഗ്രഹത്തിന്റെ വിത്ത് ശക്തിയോടെ മുളപൊട്ടുകയായിരുന്നു. ആ ആഗ്രഹത്തിന് മാതാപിതാക്കളുടെ സമ്മതം ലഭിച്ചതോടെ 1996-ല്‍ വൈദിക പരിശീലനത്തിനായി ജസ്യൂട്ട് സഭയുടെ കര്‍ണാടകയിലെ ബെല്‍ഗാമിലുള്ള നോവിഷ്യേറ്റില്‍ ചേര്‍ന്നു. പക്ഷേ മുന്നോട്ടുള്ള യാത്ര സുഗമമായിരുന്നില്ല. ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയാണ് നാളുകള്‍ക്കകം മുന്നില്‍ വന്നത്. ഏക സഹോദരന് സെറിബ്രല്‍ മലേറിയ ബാധി ച്ചു. അല്പനാളുകള്ക്കുള്ളില് സഹോദരന് മരിച്ചു. ഇനി അവശേഷിക്കുന്നത് വൈദികാര്‍ത്ഥിയായ റിച്ചാര്‍ഡ്മാത്രം. സ്വാഭാവികമായും റിച്ചാര്‍ഡിന്റെ മാതാപിതാക്കള്‍, അവശേഷിക്കുന്ന മകനെങ്കിലും തങ്ങള്‍ക്കൊപ്പം വേണമെന്ന് ആഗ്രഹിച്ചു. സെമിനാരിയില്‍നിന്ന് തിരികെ വരാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. പക്ഷേ റിച്ചാര്‍ഡിന് അത് ചിന്തിക്കാനാവില്ലായിരുന്നു, "എനിക്ക് ഒരു വൈദികനാകണം,' അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. വിശുദ്ധ പൗലോസ് ചോദിക്കുന്നതുപോലെ, "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?' (റോമാ 8/35). ഒടുവില്‍ മാതാപിതാക്കള്‍ മകനെ തന്റെ ദൈവവിളിയുടെ യാത്ര തുടരാന്‍ അനുവദിച്ചു. തന്റെ സഹോദരനഷ്ടം റിച്ചാര്‍ഡിനെ വിശ്വാസത്തിലും കര്‍ത്താവിനെ അനുഗമിക്കാനുള്ള ആഗ്രഹത്തിലും കൂടുതല്‍ ശക്തനാക്കുകയാണ് ചെയ്തത്. പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായുള്ള ഫിലോസഫി പഠനത്തിന് മുമ്പുതന്നെ അധികാരികള്‍ റിച്ചാര്‍ഡിനെ ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയിലേക്ക് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനായി അയച്ചു. ദൈവത്തിന്റെ വിളി എത്രമാത്രം മഹത്തരമാണെന്ന് തെളിയിക്കുന്ന ഒരു തീരുമാനംകൂടിയായിരുന്നു അത്. തന്റെ പുരോഹിതനാകാന്‍ സ്വമനസാ തീരുമാനമെടുത്ത റിച്ചാര്‍ഡിന്റെ സ്വപ്നം അവിടുന്ന്തന്നെ ഏറ്റെടുക്കുകയായിരുന്നുവെന്ന് പറയാം. അദ്ദേഹം ആഗ്രഹിച്ചതുപോലെതന്നെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ തേടുന്ന ശാസ്ത്രജ്ഞന് എന്ന സവിശേഷദൗത്യത്തിലേക്ക് റിച്ചാര്‍ഡ് അതിലൂടെ നയിക്കപ്പെടുകയായിരുന്നു. കാരണം ആ പഠനകാലത്ത് ഒരു ജ്യോതിശാസ്ത്രജ്ഞനെന്ന നിലയില്‍ സ്റ്റാഫ് അംഗമായി വത്തിക്കാന്‍ ഒബ്സര്‍വേറ്ററി അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ ഒരേസമയം ശാസ്ത്രജ്ഞനും അതോടൊപ്പം വൈദികനുമാകാനുള്ള അസുലഭ അവസരം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ദൈവത്തിനുവേണ്ടി സ്വപ്നം കണ്ടവരെ അവിടുന്ന് ഉയര്‍ത്തുകതന്നെ ചെയ്യുമല്ലോ. അല്പനാളുകള്ക്കകം ആ മഹനീയദിവസം വന്നെത്തി, 2011 ഡിസംബര്‍ 28. ഗോവ പ്രൊവിന്‍സിലെ ജെസ്യൂട്ട് പുരോഹിതനായി അദ്ദേഹം അഭിഷിക്തനാകുന്ന ദിവസം. അതൊരു സ്വര്‍ഗീയ സന്തോഷത്തിന്റെ ദിവസമായിരുന്നെന്നാണ് അമ്മ മേരി ഡിസൂസ പറയുന്നത്. "ഞങ്ങളുടെ ആദ്യത്തെ മകന് ദൈവത്തിങ്കലേക്ക് പോയി, റിച്ചാര്‍ഡ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, പക്ഷേ പൗരോഹിത്യത്തിലേക്കുള്ള വിളിയില്‍ അവന് ഉറച്ചുനിന്നു. ഇന്ന് സഭയ്ക്കും ലോകത്തിനും വേണ്ടി അവന് വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,' ഇതാണ് ആ അമ്മയുടെ വാക്കുകള്‍. വൈദികനായി അഭിഷിക്തനായ ശേഷം, ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജ്യോതിശാസ്ത്രത്തില്‍ പഠനം തുടരുകയും അവിടെനിന്നുതന്നെ ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം തുടര്‍ന്നു. 2018ല്‍, എറിക് ബെല്ലിനൊപ്പം, M32 എന്ന് വിളിക്കെപ്പടുന്ന ഒരു ചെറിയ ഗാലക്സിയുടെ സാന്നിധ്യം തെളിയിക്കാന്‍ ഈ വൈദികശാസ്ത്രജ്ഞന് കഴിഞ്ഞു. നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന ഗാലക്സിയായ 'ആകാശഗംഗ'ക്ക് ഏറ്റവും സമീപഗാലക്സി 'ആന്‍ഡ്രോമിഡ' ആകാശഗംഗയുടെ പകുതി വലിപ്പമുള്ള മറ്റൊരു ഗാലക്സിയെ ലയിപ്പിച്ചു. അതിന്റെ അവശിഷ്ടമായിരുന്നു M32. ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചുപോയ യഥാര്‍ത്ഥ ഗാലക്സിക്ക് ശാസ്ത്രസംഘം M32p എന്ന് പേരിട്ടു. ഇത് ശാസ്ത്രലോകത്ത് വളരെ ശ്രദ്ധേയമായ ചലനമാണ് സൃഷ്ടിച്ചത്. ജ്യോതിശാസ്ത്രത്തില്‍ മുഴുവന്‍ സമയ ഗവേഷണമാണെങ്കിലും, ഫാ. റിച്ചാര്‍ഡ് പലപ്പോഴും പ്രാദേശിക ഇറ്റാലിയന്‍ ഇടവകകളില്‍ ഞായറാഴ്ചകളില്‍ സഹായിക്കുകയും അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍, വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയോട് അനുബന്ധിച്ചുള്ള ഈശോസഭാ സമൂഹത്തിന്റെ സുപ്പീരിയര്‍ കൂടിയാണ് ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ. "പൗരോഹിത്യത്തിലേക്കും ശാസ്ത്രത്തിലേക്കുമുള്ള വിളികള്‍ പരസ്പരം കൈകോര്‍ക്കുന്നു. കാരണം, ജ്യോതിശാസ്ത്രം പഠിക്കാനും ശാസ്ത്രജ്ഞനാകാനും ഒബ്സര്വേറ്ററിയില് ഈശോസഭാ വൈദികനായി ജോലി ചെയ്യാനും എന്റെ മേലുദ്യോഗസ്ഥര്‍ എന്നോട് വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാന്‍ ഒബ്സര്വേറ്ററിയില് പ്രവര്‍ത്തിക്കുന്നത് സഭയുടെ ദൗത്യത്തിന്റെ ഭാഗമാണ്. ഒരു കത്തോലിക്കന് എന്ന നിലയില്‍, ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു ശാസ്ത്രജ്ഞന് എന്ന നിലയില്‍ ഞാന്‍ പ്രപഞ്ചത്തെ എത്രയധികം കണ്ടെത്തുന്നുവോ അത്രയധികം ഞാന്‍ അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു." ഇതാണ് ഫാ. റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞന്റെ വാക്കുകള്‍. അതെ, "ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു" (സങ്കീര്‍ത്തനങ്ങള്‍ 19/1). കര്‍ശനമായ ജ്യോതിശാസ്ത്ര ഗവേഷണത്തിനുപുറമെ, ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ചു പോകാന്‍ കഴിയുമെന്ന് ലോകത്തോടും സഭയോടും വിശദീകരിക്കുന്ന പൊതുപ്രസംഗങ്ങളില്‍ പങ്കെടുക്കുക എന്നതും അദ്ദേഹത്തിന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമാണ്. സഭയ്ക്ക് കത്തോലിക്കാ ശാസ്ത്രജ്ഞരുടെ സമ്പന്നമായ പാരമ്പര്യമുണ്ടെന്നും ശാസ്ത്രവും വിശ്വാസവും യോജിച്ചതാണെന്നും പ്രഖ്യാപിക്കുകയാണ് ഫാ. റിച്ചാര്‍ഡിന്റെ ജീവിതം. ദൈവവിളി എത്രയോ ശ്രേഷ്ഠമെന്ന് വിളിച്ചോതുന്ന ഇപ്രകാരമുള്ള ജീവിതങ്ങളെയോര്‍ത്ത് കര്ത്താവിന് നന്ദി പറയാം. നല്ല ദൈവമേ, അനേകം വിശുദ്ധവൈദികരെ സഭയ്ക്കും ദൈവജനത്തിനും അനുഗ്രഹമായി അങ്ങ് ഉയര്‍ത്തണമേ.
By: Sister Soniya Therese D.S.J
Moreസ്കൂട്ടറില്‍നിന്ന് വീണതും അനുഗ്രഹമാക്കിത്തീര്‍ത്ത ആത്മീയബോധ്യം ഓഫിസിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത്. റോഡിലെ കുഴിയും ചെളിയും ഒഴിവാക്കി സ്കൂട്ടര്‍ വെട്ടിച്ചതാണ്. സ്കൂട്ടര്‍ മറിഞ്ഞു. ഞാന്‍ റോഡിലേക്ക് തെറിച്ചുവീണു. എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും ഞാന്‍ എഴുന്നേറ്റു. വീണതിന്റെ ജാള്യത, ശരീരത്തിന്റെ വേദന, വണ്ടിയുടെ മഡ്ഗാര്‍ഡ് നഷ്ടപ്പെട്ടതോര്‍ത്ത് സങ്കടം.. പെട്ടെന്ന് ഒരു വചനം ഓര്‍മ്മവന്നു; "ഉന്മേഷമുള്ള മനസ്സ് രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്സിനെ ആര്‍ക്ക് താങ്ങാന്‍ കഴിയും?' (സുഭാഷിതങ്ങള്‍ 18/14). മനസിനെ ധൈര്യപ്പെടുത്തി ഓഫിസിലേക്കുള്ള യാത്ര തുടരുമ്പോള്‍ വീണതോര്ത്ത് പിന്നെയും സങ്കടം. മനസിലേക്ക് കടന്നുവന്ന വചനം ഇതാണ്, "ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ്" (പ്രഭാഷകന്‍ 30/23). അപ്പോഴാണ് ഓര്‍ത്തത് ഇന്ന് ആദ്യവെള്ളിയാഴ്ച, ശാലോമില്‍ നൈറ്റ് വിജിലല്ലേ. എന്റെ വേദനയും സങ്കടവും അതില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കാം. അങ്ങനെ പ്രാര്‍ത്ഥിച്ച് യാത്ര തുടര്‍ന്നു. പക്ഷേ, അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും വീണതോര്ത്തുള്ള സങ്കടവും വേദനയുംകൊണ്ട് മനസ്സു നിറയുന്നു. ആ സമയത്ത്, നാളുകള്‍ക്ക് മുമ്പ് മനം തകര്‍ന്ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഈശോ നല്കിയ ഒരു ബോധ്യം സൗഖ്യമായി ഉള്ളില്‍ നിറഞ്ഞു. നമ്മള് നേര്ച്ചപ്പെട്ടിയില് നേര്‍ച്ചയിടുന്നു. അത് 10 രൂപയോ 50 രൂപയോ 100 രൂപയോ ഒക്കെ ആകും. അതുകഴിഞ്ഞ് പിന്നീടൊരിക്കലും "അയ്യോ ആ പണം ഉണ്ടായിരുന്നെങ്കില്‍ വണ്ടിക്കൂലി കൊടുക്കാമായിരുന്നു, പാല് മേടിക്കാമായിരുന്നു" എന്നൊക്കെ ഓര്‍ത്ത് നമ്മള് വിഷമിക്കാറില്ല. നേര്‍ച്ചയിട്ടത് നഷ്ടമായും കഷ്ടമായും കണക്കാക്കുന്നുമില്ല. അതുപോലെ നമ്മുടെ വേദനകളും യാതനകളും കാഴ്ചയായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെയും അവയോര്‍ത്ത് സങ്കടപ്പെടാന്‍ പാടില്ല. ദൈവവചനം ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, "എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്ക് തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക് കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു" (ഹെബ്രായര്‍ 12/11). ദൈവത്തിന് കൊടുക്കുന്നതെല്ലാം അവിടുന്ന് ആത്മാക്കളുടെ രക്ഷയ്ക്കും ദൈവരാജ്യത്തിനുമായി ഉപയോഗിക്കും. അപ്പോള്‍ അവയൊക്കെ അനുഗ്രഹമായി നമ്മിലേക്കും കടന്നുവരും. "ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍' (സഖറിയാ 8/13). ദൈവാത്മാവ് നല്കിയ ഈ തിരിച്ചറിവ് എന്റെ മനസ്സില്‍ സന്തോഷം നിറച്ചു. വീഴ്ച സംഭവിച്ചതുപോലും ഓര്‍ക്കാത്ത രീതിയില്‍ ഓഫിസിലെ അന്നത്തെ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തിയാക്കാനും എനിക്കങ്ങനെ സാധിച്ചു. "കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ?' (ഏശയ്യാ 43/18-19). നേര്ച്ചപ്പെട്ടിയില് കാഴ്ച സമര്പ്പിച്ചതോര്ത്ത് നഷ്ടബോധം കൊള്ളുന്ന അവിശ്വാസിയാകാതെ എന്റെ കര്ത്താവിന് ഇത്രയും കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആഹ്ലാദിക്കുന്ന വിശ്വാസിയാകാന്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ. "ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ" (ന്യായാധിപന് 6/12).
By: Shalom Tidings
Moreയേശു തന്റെ പീഡാനുഭവ രാത്രിക്കുമുമ്പ് ശിമയോൻ പത്രോസിനോടു പറഞ്ഞു "ശിമയോൻ, ശിമയോൻ, ഇതാ സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാല്‍ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻവേണ്ടി ഞാൻ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരികെ വന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം" (ലൂക്കാ 22/31-32). പീഡാനുഭവത്തിന്റെ രാത്രി ആഗതമായപ്പോള്‍ യേശു തന്റെ ശിഷ്യഗണത്തെ നെഞ്ചോടു ചേര്‍ത്തുവച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. "ഈ രാത്രി നിങ്ങളെല്ലാവരും എന്നില്‍ ഇടറും. ഞാൻ ഇടയനെ അടിക്കും; ആടുകള്‍ ചിതറിേപ്പാകും എന്ന് എഴുതെപ്പട്ടിരിക്കുന്നു. എന്നാല്‍ ഞാൻ ഉയിര്പ്പിക്കെപ്പട്ടശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകും. അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു . എല്ലാവരും നിന്നില്‍ ഇടറിയാലും ഞാൻ ഇടറുകയില്ല. യേശു പറഞ്ഞു . സത്യമായി ഞാൻ നിന്നോടു പറയുന്നു, ഈ രാത്രി കോഴികൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും. പത്രോസ് പറഞ്ഞു "നിന്നോടുകൂടെ മരിക്കേണ്ടി വന്നാല്‍പ്പാലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യൻമാരും പറഞ്ഞു" (മത്തായി 26/31-35). ആ പീഡാനുഭവരാത്രിയില്‍ യേശു പ്രവചിച്ചത് അക്ഷരംപ്രതി സംഭവിച്ചു. യേശു പടയാളികളാല്‍ പിടിക്കെപ്പട്ട് ബന്ധനസ്ഥനായേപ്പാള് ശിഷ്യന്മാര് അവനെ വിട്ട് ചിതറിയോടിേപ്പായി. അല്പം ദൂരെ മാറി അവനെ അനുഗമിച്ച പത്രോസ് ഒരു വേലക്കാരിയുടെ മുമ്പില്‍ ഞാനവനെ അറിയുകപോലുമില്ല എന്ന് ആണയിട്ട് പറഞ്ഞുകൊണ്ട് മൂന്നുപ്രാവശ്യം അവനെ നിഷേധിച്ചു. അപ്പോള്‍ കോഴി കൂവി. യേശു തിരിഞ്ഞ് മഹാകാരുണ്യത്തോടെ പത്രോസിനെ നോക്കി. ആ നോട്ടം അവന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങി. അവൻ പുറത്തുപോയി നെഞ്ചുപൊട്ടി കരഞ്ഞു. ആ കരച്ചില് ഒരു തിരിച്ചുവരവായിരുന്നു. മഹാകരുണ നിറഞ്ഞ ഗുരുവിന്റെ പാദാന്തികത്തിലേക്കുള്ള തിരിച്ചുവരവ്! അങ്ങനെ നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ (മറ്റ് ശിഷ്യന്മാരെ) ശക്തിപ്പെടുത്തണം എന്ന കര്‍ത്താവിന്റെ വചനവും നിറവേറി. ഇതെങ്ങനെ സംഭവിച്ചു?! ഇതെങ്ങനെ സംഭവിച്ചു? ഒറ്റ ഉത്തരമേയുള്ളൂ. യേശുവിന്റെ പ്രാര്‍ത്ഥനയിലൂടെ! യേശുവിന്റെ പത്രോസിന്റെ നേര്‍ക്കുള്ള ആ നോട്ടം പത്രോസിനെ പശ്ചാത്താപത്തിലേക്കല്ല കുറ്റബോധത്തിലേക്കാണ് നയിച്ചിരുന്നതെങ്കില്‍ അവനും യൂദാസിനെപ്പോലെ പോയി തൂങ്ങിച്ചാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ കരുണ കവിഞ്ഞ നോട്ടം അവനെ പശ്ചാത്തപിച്ച് നെഞ്ചുരുകി കരയുന്നവനായി മാറ്റി. ഇടറിപ്പോയവരെ തിരികെ കൊണ്ടുവരുന്നവനുമാക്കി. ഇതിന്റെ കാരണം യേശുവിന്റെ ശിഷ്യഗണത്തിനുവേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥനയാണ്. അവരുടെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി, പ്രത്യേകിച്ചും ശിമയോന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി ഈ സംഭവത്തെ വളരെ മുമ്പുതന്നെ കണ്ട യേശു അവര്‍ക്കുവേണ്ടി ആ നിമിഷംതന്നെ പിതാവിന്റെ സന്നിധിയില്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്തി. അങ്ങനെ സാത്താന്റെ വലയില്‍നിന്നും അവരെ രക്ഷപ്പെടുത്തി പ്രത്യാശയുടെ തുറമുഖത്തേക്ക് നയിച്ചു. നാമെന്തു ചെയ്യുന്നു? നാമും വിശ്വാസത്യാഗത്തിന്റെ വഴികളിലൂടെ നയിക്കപ്പെടുന്നവരാണ്. പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നിരന്തരമായ ആക്രമണത്തില്‍ നമുക്ക് നമ്മെത്തന്നെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ പലപ്പോഴും കഴിയുന്നില്ല. നമുക്ക് ഭരമേല്പിക്കപ്പെട്ട മറ്റുള്ളവരുടെ വിശ്വാസത്തകര്‍ച്ചയെക്കുറിച്ച് നമ്മള് ഭാരപ്പെടുന്നവരും ആധി പിടിച്ചവരും പരാതി പറയുന്നവരും കുറ്റപ്പെടുത്തുന്നവരും ഒക്കെയുമാണ്. അതൊരുപക്ഷേ നമ്മുടെ മക്കളെക്കുറിച്ചാകാം, ജീവിതപങ്കാളിയെക്കുറിച്ചാകാം, നമ്മെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെക്കുറിച്ചാകാം, നമ്മുടെ രൂപതയിലെ വൈദികരെക്കുറിച്ചാകാം, നമ്മുടെ സന്യാസ ഭവനത്തിലെയോ സഭയിലെയോ സന്യസ്തരെക്കുറിച്ചാകാം, വിശ്വാസജീവിതത്തില്‍നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവജനങ്ങളെക്കുറിച്ചാകാം. ഇവയെല്ലാം പരിഹരിക്കാന്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ നാം ചെയ്യുന്നുമുണ്ടാകാം. എന്നാല്‍ ഒരു കാര്യം മാത്രം നാം ചെയ്യുന്നില്ല. അത് മറ്റൊന്നുമല്ല, യേശു ചെയ്ത ഒരൊറ്റ കാര്യമാണ്, തന്നെ ഭരമേല്പിക്കപ്പെട്ടവരുടെ വിശ്വാസസ്ഥിരതക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവര്‍ തന്നിലിടറാതിരിക്കാന്‍വേണ്ടി അതുവരെ താന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളെയുംകാള്‍ ഉന്നതമായ മറ്റത്ഭുതങ്ങള്‍ അവരെ കാണിച്ചുകൊടുക്കുവാനൊന്നും യേശു മുതിരുന്നതേയില്ല. ഒരൊറ്റക്കാര്യം മാത്രം - ചങ്കുരുകി പിതൃസന്നിധിയിലുള്ള പ്രാര്‍ത്ഥന. യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചു പിതാവേ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരികയാണ്. എന്നാല്‍ അവര്‍ ഈ ലോകത്തില്‍ത്തന്നെയാണ്. അതിനാല്‍ "ലോകത്തില്‍നിന്നും അവരെ എടുക്കണമെന്നല്ല, പിന്നെയോ ദുഷ്ടനില്‍നിന്നും അവരെ കാത്തുകൊള്ളണം എന്നാണ് ഞാനങ്ങയോടു പ്രാര്‍ത്ഥിക്കുന്നത്" (യോഹന്നാന് 17/15). ഇങ്ങനെ നെഞ്ചുപൊട്ടിയുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ ചെയ്യും. നമുക്കുവേണ്ടിത്തന്നെ നമ്മുടെ വിശ്വാസസ്ഥിരതക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു "ആകയാല്‍ ഇപ്പോള്‍ നില്ക്കുന്നുവെന്നു വിചാരിക്കുന്നവന് വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളട്ടെ' (1 കോറിന്തോസ് 9/12). എന്തൊക്കെ വന്നാലും ഞാനൊരിക്കലും വീഴുകയില്ല. ഞാനൊരിക്കലും യേശുവിനെ തള്ളിപ്പറയുകയില്ല എന്നൊരു വിശ്വാസമായിരിക്കാം നമ്മുടെയൊക്കെ ഹൃദയത്തിലുള്ളത്. പത്രോസിന്റെ ഹൃദയത്തിലും അതുതന്നെയായിരുന്നല്ലോ ഉണ്ടായിരുന്നത്. "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണെ"ന്ന മറ്റാര്‍ക്കും നടത്താന്‍ കഴിയാത്ത വിശ്വാസപ്രഖ്യാപനം നടത്തി യേശുവിന്റെ വലിയ അംഗീകാരം കൈപ്പറ്റിയവനായിരുന്നു പത്രോസ്. അത്രയും വലിയൊരു വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ നടത്തിയ പത്രോസ് താനൊരിക്കലും വിശ്വാസത്തില്‍ വീഴുകയില്ല എന്നൊരു കണക്കുകൂട്ടല്‍ നടത്തിയെങ്കില്‍ പത്രോസിനെ അധികം കുറ്റപ്പെടുത്താനുമാകുകയില്ല. പക്ഷേ അടുത്ത നിമിഷത്തില്‍ത്തന്നെ പത്രോസ് വീണുപോയി. ഒന്നല്ല, മൂന്നുവട്ടം! അങ്ങനെയെങ്കില്‍ പാപികളും ബലഹീനരുമായ നമ്മുടെയും നമ്മെ ഭരമേല്പിച്ചിരിക്കുന്നവരുടെയും വിശ്വാസത്തിലുള്ള നിലനില്പിനുവേണ്ടി എത്രയോ അധികമായി പ്രാര്‍ത്ഥിക്കണം! മോനിക്കയില്‍ ഒരുത്തമ വിശ്വാസി വിശുദ്ധ മോനിക്ക ഈ രണ്ടു പ്രാര്‍ത്ഥനകളും നടത്തി വിജയം കൊയ്തവളാണ്. അവിശ്വാസത്തിന്റെ കടലില്‍ മുങ്ങിത്തപ്പി നിര്‍ക്കാകുഴിയിട്ടു കളിക്കുന്ന രണ്ടാത്മാക്കളെയാണ് ദൈവം അവളുടെ കൈയില്‍ ഏല്പിച്ചുകൊടുത്തത്. ഒന്ന് അവളുടെ ഭര്‍ത്താവിനെയും മറ്റൊന്ന് അവളുടെ മകന് അഗസ്റ്റിനെയും. അനേക വര്‍ഷങ്ങള്‍ നീണ്ടുനിന്ന അവളുടെ കണ്ണുനീരോടും വിലാപത്തോടുംകൂടിയുള്ള പ്രാര്‍ത്ഥന അത്ഭുതകരമായ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും ഈ രണ്ടുപേരെയും നയിച്ചു. മാത്രമല്ല, വിശ്വാസജീവിതത്തില്‍ പിടിച്ചുനില്പിനുവേണ്ടിയുള്ള അവളുടെ പ്രാര്‍ത്ഥന അവളെയും ഒരു പുണ്യവതിയാക്കിത്തീര്‍ത്തു. ഈ ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍ സോഷ്യല്‍ മീഡിയായുടെ ഉപയോഗം നിങ്ങളുടെ പിഞ്ചുമക്കളെയും യുവാക്കളെയും വിശ്വാസജീവിതത്തില്‍ തറ പറ്റിച്ചിരിക്കുന്നു എന്നു നിങ്ങള്‍ ഭയപ്പെടുന്നുവോ? മോനിക്കയെന്ന ഇങ്ങനെയൊരമ്മ നിങ്ങളുടെ മുമ്പില്‍ മാതൃകയായുണ്ട് എന്ന് ഓര്മ വേണം. നമ്മെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെയോര്‍ത്ത്, നാം നടത്തുന്ന നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥന- അതൊരു പക്ഷേ വൈദികരെയാകാം, സന്യസ്തരെയാകാം, നമ്മുടെ നെഞ്ചകത്ത് നാം സൂക്ഷിച്ചു സ്നേഹിക്കുന്ന മറ്റു പലരെയുമാകാം. ആരുതന്നെയുമാകട്ടെ, അവരെയെല്ലാം വിശ്വാസത്തിന്റെ നിലനില്പിലേക്കും തിരിച്ചുവരവിലേക്കും നയിക്കുമെന്നതുറപ്പാണ്. ഈ വിശ്വാസച്യുതിയുടെ കാലഘട്ടത്തില്‍ കര്‍ത്താവ് സഭാമക്കളായ നമ്മളോടും സഭയിലെ ശ്രേഷ്ഠന്മാരോടും പറയുന്ന വചനം ഇതാണ് "സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹംപോലെ കണ്ണുനീര് ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്‍കരുത്. രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്ക്കവലകളില് വിശന്നു തളര്‍ന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്കു കൈകളുയര്‍ത്തുക" (വിലാപങ്ങള്‍ 2/18-19). നമ്മുടെ വിശ്വാസത്തിന്റെ നാഥയായ നമ്മുടെ അമ്മ പരിശുദ്ധ മറിയം ഇത്തരത്തിലുള്ള ഒരു വിശ്വാസപോരാട്ടത്തില്‍ നമ്മെ കൈപിടിച്ചു നടത്തട്ടെ. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി കുരിശില്‍ കിടന്നു പിടഞ്ഞു മരിക്കുന്ന തന്റെ മകന്റെ ഭീകരമരണം നഗ്നനേത്രങ്ങള്‍കൊണ്ടു നേരില്‍ നോക്കിക്കണ്ട് അവന്റെ തൂക്കുമരത്തിനു മുമ്പില്‍ പാറപോലെ ഉറച്ച വിശ്വാസവുമായി അവള് നില്പുണ്ടായിരുന്നു. കുരിശിലെ സഹനത്തിന്റെ അത്യുച്ചകോടിയില്‍ സ്നേഹിക്കുന്ന പിതാവിന്റെ മുഖം തന്നില്‍നിന്നും മറയ്ക്കപ്പെട്ടപ്പോള്‍ അവന് ദയനീയമായി നിലവിളിച്ചു. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?' പക്ഷേ ആ വാക്കുകള്‍ കര്‍ണപുടങ്ങളെ തുളച്ച് അവളുടെ ഹൃദയത്തെ തകര്‍ത്തിട്ടും ആ അമ്മ വിശ്വാസത്തില്‍ പതറിയില്ല. പാറപോലെ ഉറച്ച വിശ്വാസവുമായി പാറമേല്‍ പണിത ഭവനംപോലെ അവള് ആ കുരിശിന്‍ചുവട്ടില്‍ അല്പംപോലും പതറാതെ ഉറച്ചുനിന്നു. കാരണം അവളുടെ ഹൃദയത്തില്‍ മരണത്തിനുമപ്പുറത്തെ മഹത്വത്തെക്കുറിച്ചുള്ള ഉയര്‍ന്ന വിശ്വാസവും പ്രത്യാശയുമുണ്ടായിരുന്നു. ദൈവം അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി എന്ന് ഇവളെ നോക്കിയല്ലേ പരിശുദ്ധാത്മ പൂരിതയായ എലിസബത്ത് പ്രവചിച്ചത്. പതറാത്ത ഈ അമ്മ നമ്മുടെ വിശ്വാസയാത്രയെ നയിച്ചാല്‍ നാം അനര്‍ത്ഥം ഭയപ്പെടേണ്ടതില്ല. വിജയം ഉറപ്പ്! ഇതൊരധികരിച്ച മരിയസ്തുതിയായി തരം താഴ്ത്തി വിലയിരുത്തരുതേ... ഈ വിശ്വാസയാത്രയില്‍ പതറിപ്പോവുകയും ഇടറിവീഴുകയും ചെയ്യുന്ന തന്റെ മക്കള്‍ക്ക് കരുത്തും വിജയവും നേടാനായി സ്വര്‍ഗം ഭൂമിക്കു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന. വിശ്വാസത്യാഗത്തിന്റെ വഴികളിലേക്കു വഴുതിവീണുകൊണ്ടിരിക്കുന്ന നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കുംവേണ്ടി ഈ ജപമാലമാസത്തില്‍ ഏകമനസോടെ നമുക്ക് കരം കോര്‍ക്കാം. അവള് ഇന്ന് നമ്മളോടു പറയുന്നു. വിശ്വാസചോര്‍ച്ചയുടെ നാളുകളില്‍ തന്റെ പുത്രന് ചെയ്തതുപോലെ ചെയ്യാന്‍. നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം... പിതാവായ ദൈവത്തിന്റെ ഇഷ്ടപുത്രിയായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി വളരുവാനും ഫലം ചെയ്യുവാനുംവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ. അമ്മേ ജപമാല രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍. 'ആവേ മരിയ'
By: Stella Benny
More