Home/Encounter/Article

മാര്‍ 26, 2020 2768 0 Shalom Tidings
Encounter

സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കുക ഇനി എത്രയെളുപ്പം!

ഈ അടുത്ത കാലത്ത് ഞാന്‍ ഒരു വാട്സ്ആപ്പ് വീഡിയോ കണ്ടു. അതിപ്രകാരമാണ്: മരണശേഷം ഒരു സിസ്റ്ററിന്‍റെ ആത്മാവ് ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. സ്വര്‍ഗത്തില്‍ നിക്ഷേപം ഒന്നും കാണാത്തതിനാല്‍ സിസ്റ്റര്‍ വളരെയധികം ദുഃഖിച്ചു. തന്‍റെതന്നെ വിശുദ്ധിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ചൊല്ലിയ പ്രാര്‍ത്ഥനകളും അനുഷ്ഠിച്ച ഉപവാസങ്ങളും പരിത്യാഗങ്ങളും ഒക്കെ എവിടെ? ദൈവത്തെ സ്നേഹിക്കാത്തത് ഓര്‍ത്ത് ആ ആത്മാവ് വിങ്ങിപ്പൊട്ടി കരഞ്ഞു. ഇത് കണ്ട് മാതാവ് ദൈവത്തെ സ്നേഹിക്കാനായി ആ സിസ്റ്ററിന്‍റെ ആത്മാവിനെ ഭൂമിയിലേക്ക് തിരിച്ചയച്ചു. ഇത് കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു, “ഞാന്‍ വിചാരിച്ചത് എന്‍റെ എല്ലാ ആധ്യാത്മിക അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ആകും എന്നാണ്.”

യേശു പറഞ്ഞു, “ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല (മത്തായി 6: 19-20). ഭൗതിക സമ്പത്തിനെക്കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത് എന്ന് നീ വിചാരിക്കരുത്. ആധ്യാത്മിക സമ്പത്തിനെക്കുറിച്ച് കൂടിയാണ്.”

യേശു തുടര്‍ന്നു, “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21). എന്താണ് നിന്‍റെ ഹൃദയത്തില്‍ ഉള്ളത്? നിന്‍റെ ഭര്‍ത്താവ്, കുട്ടികള്‍, കൂട്ടുകാര്‍, മാതാപിതാക്കന്മാര്‍, സഹോദരങ്ങള്‍, കൊച്ചുകൊച്ചു പ്രശ്നങ്ങള്‍, കൊച്ചുകൊച്ച് ആവശ്യങ്ങള്‍…. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മനസ്സ് നിറയെ ഇവരെക്കുറിച്ചുള്ള ചിന്തകളും ആകുലതകളും ആയിരിക്കും. ഇവര്‍ എവിടെയാണുള്ളത്? ഭൂമിയില്‍… അപ്പോള്‍ പിന്നെ എങ്ങനെയാണ് നീ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത്?

ഇതുകേട്ട് ഞാന്‍ ഈശോയോട് ചോദിച്ചു, “ഈശോയേ, പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പരിത്യാഗങ്ങളും മറ്റ് ആധ്യാത്മിക അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ആക്കുന്നതെങ്ങനെ?”

യേശു പറഞ്ഞു, “ദൈവം വസിക്കുന്നിടം സ്വര്‍ഗ്ഗമാണ്. അതുകൊണ്ട് ദൈവത്തെപ്രതി, ദൈവത്തോടുള്ള സ്നേഹത്തെ പ്രതി, പ്രാര്‍ത്ഥിക്കുമ്പോഴാണ് നിനക്ക് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത്. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും, ദൈവത്തോടുള്ള സ്നേഹത്തെപ്രതി വേണം പ്രാര്‍ത്ഥിക്കാന്‍.

അതായത് മകന്‍ പരീക്ഷയില്‍ വിജയിക്കുന്നതിനായി അഞ്ച് കൊന്ത ചൊല്ലി എന്നിരിക്കട്ടെ. മകന്‍ പരീക്ഷയില്‍ വിജയിക്കുന്നതോടുകൂടി അഞ്ചു കൊന്തയുടെ ഫലവും കിട്ടിക്കഴിഞ്ഞു. അപ്പോള്‍ ഈ അഞ്ച് കൊന്ത സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ആവില്ല. മത്തായി ആറാം അധ്യായത്തില്‍ പറയുന്നതുപോലെ നീ പ്രാര്‍ത്ഥിക്കുമ്പോള്‍, ദാനധര്‍മ്മം ചെയ്യുമ്പോള്‍, ഉപവസിക്കുമ്പോള്‍, മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ.

നീ നിന്‍റെ അപ്പനുവേണ്ടി അല്ലെങ്കില്‍ മകനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നോടെന്നതിനെക്കാള്‍ അവരോടുള്ള സ്നേഹത്തെപ്രതിയാണ് പ്രാര്‍ത്ഥിക്കുന്നത്. 90 ശതമാനം ആധ്യാത്മിക അധ്വാനങ്ങളും ഈ ഭൂമിയിലെ നിങ്ങളുടെ ‘നല്ല’ ആവശ്യങ്ങള്‍ക്കു (നിയോഗങ്ങള്‍) വേണ്ടിയാണ്. “ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും” (1 കോറിന്തോസ് 3 : 14-15).

ഞാന്‍ നിനക്ക് ഒരു മാതൃക നല്‍കിയിരിക്കുന്നു. നിന്‍റെ ആധ്യാത്മിക അധ്വാനങ്ങള്‍ (പണി) നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ പിതാവിനു വേണ്ടി, പിതാവിനോടുള്ള സ്നേഹത്തെപ്രതിയാകണം. ഈ ഭൂമിയിലെ എന്‍റെ ഓരോ നിമിഷവും പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിന്‍റെ നാമം പൂജിതമാകാനും പിതാവിന്‍റെ രാജ്യം വരാനും പിതാവിന്‍റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കുന്നതിനുമായിട്ടാണ് ഞാന്‍ നിയോഗം വെച്ചത്. ഇതായിരുന്നു എന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം.”

നീ ബലി അര്‍പ്പിക്കുമ്പോള്‍, കൊന്ത ചൊല്ലുമ്പോള്‍, കുരിശിന്‍റെ വഴി ചൊല്ലുമ്പോള്‍, പിതാവിന്‍റെ നാമം പൂജിതമാകാനും പിതാവിന്‍റെ രാജ്യം വരാനും പിതാവിന്‍റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്നിലും നിന്‍റെ കുടുംബത്തിലും ഭവിക്കുന്നതിനും നിയോഗം വയ്ക്കുക.

ഉദാഹരണത്തിന് പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിന്‍റെ നാമം നിന്‍റെ മകനില്‍ പൂജിതമാകാനും പിതാവിന്‍റെ രാജ്യം നിന്‍റെ മകനില്‍ വരാനും പിതാവിന്‍റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ നിന്‍റെ മകനില്‍ നിറവേറ്റുന്നതിനായിട്ടും പിതാവിന്‍റെ സന്തോഷത്തിനായി ശുദ്ധീകരണാത്മാക്കളുടെ (മരണാസന്നരുടെ, കഠിന പാപികളുടെ) രക്ഷയ്ക്കായിട്ടും 5 കൊന്ത ചൊല്ലി മകന്‍റെ പരീക്ഷ വിജയത്തിനായി കാഴ്ച വെച്ചാല്‍ ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും നിനക്ക് നിക്ഷേപം ഉണ്ടാകും. കാരണം നിന്‍റെ മകനോടെന്നതിനേക്കാള്‍ പിതാവിനോടുള്ള സ്നേഹത്തെപ്രതി, അവിടുത്തെ പ്രസാദിപ്പിക്കുന്നതിനാണ് നീ അഞ്ച് കൊന്ത ചൊല്ലിയത്.

ആധ്യാത്മിക നന്മകള്‍ക്ക് വേണ്ടി അധ്വാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍പോലും ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്, സ്വന്തം മഹത്വത്തിനും നന്മയ്ക്കും വേണ്ടി ആയിരിക്കരുത്. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഇത് ആഗ്രഹിക്കുന്നതുകൊണ്ടും അവിടുത്തെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയുംചെയ്യുക. മാനസാന്തരത്തിന്, പാപപരിഹാരാര്‍ത്ഥം പ്രാര്‍ത്ഥിക്കുമ്പോള്‍ അനന്തസ്നേഹത്തെ വേദനിപ്പിച്ചല്ലോ എന്നോര്‍ത്ത് കൂടുതല്‍ കൂടുതല്‍ നല്ല ദൈവത്തെ സ്നേഹിക്കുക. സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുമ്പോള്‍ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ ഈ വാക്കുകള്‍ ഓര്‍ക്കുക. “ദൈവമേ, നരകത്തെ ഭയന്നാണ് ഞാന്‍ അങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ എന്നെ അതിലേക്ക് തള്ളിയിടുക, സ്വര്‍ഗ്ഗത്തോടുള്ള സ്നേഹം കൊണ്ടാണെങ്കില്‍ എന്‍റെ മുമ്പില്‍ അതിന്‍റെ വാതിലടച്ചേക്കുക. അങ്ങയോടുള്ള സ്നേഹംകൊണ്ടാണെങ്കില്‍ എന്നെ അങ്ങ് ആശ്ലേഷിക്കുക.”

ദൈവത്തോടൊത്ത് ജീവിക്കാന്‍ വേണ്ടി മാത്രം സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുക. പുണ്യങ്ങള്‍ സമ്പാദിക്കാന്‍ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുമ്പോള്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. “നല്ല ദൈവത്തിന്‍റെ സഹായം കൂടാതെ നന്മ ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ബോധ്യമായതുമുതല്‍ ദൈവത്തോട് സ്നേഹത്തില്‍ അധികമധികം ഒന്നായി തീരുക എന്നതാണ് അത്യന്താപേക്ഷിതമായ ഏകകാര്യം എന്നും ബാക്കിയുള്ളതെല്ലാം അതില്‍നിന്ന് നേടാമെന്നും ഞാന്‍ മനസിലാക്കി.” പരിശുദ്ധാത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അങ്ങയെ സ്നേഹിക്കുവാന്‍ എനിക്ക് അങ്ങയുടെ സഹായം തന്നെ വേണ്ടിയിരിക്കുന്നു എന്ന് ചിന്തിക്കുക. പ്രേഷിതവേല ചെയ്യുമ്പോള്‍ ദൈവം എല്ലാവരാലും ആരാധിക്കപ്പെടമെന്നും സ്നേഹിക്കപ്പെടണമെന്നും ആഗ്രഹിക്കുക. നമ്മുടെ ഓരോ പ്രവൃത്തികള്‍ക്കും വിശുദ്ധമായ നിയോഗം, കാഴ്ചപ്പാട്, മനോഭാവം – ഉണ്ടാകണം. അങ്ങനെ നമ്മുടെ ഓരോ പ്രവൃത്തികള്‍ക്കും സ്വര്‍ഗത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

നമ്മുടെ ഓരോ ചെറിയ പ്രവൃത്തികള്‍ പോലും ദൈവസന്നിധിയില്‍ വിലയുള്ളതാകുന്നത് നാം അവയുടെ മേല്‍ വയ്ക്കുന്ന നിയോഗം മൂലമാണ്. പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിനുവണ്ടി നമ്മുടെ ഓരോ കൊച്ചു പ്രവൃത്തികള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിയോഗം വയ്ക്കുമ്പോള്‍ ഈശോയുടെ നിയോഗം തന്നെയായിത്തീരും നമ്മുടെ നിയോഗവും.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles