Home/Engage/Article

മാര്‍ 20, 2024 272 0 Jills Joy
Engage

വായനാഭ്രാന്തും പുണ്യജീവിതവും

മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു

ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, “വലുതാകുമ്പോള്‍ ആരായിത്തീരണം?” പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന്‍ ജയിംസ് അല്‍ബേരിയോണ്‍. “നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?”

അവന്‍റെ മറുപടി പെട്ടെന്നായിരുന്നു. “എനിക്കൊരു പുരോഹിതനാവണം.” സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്‍റെ അമ്മ പറഞ്ഞു, ‘ഒരു പുരോഹിതനാകാനാണ് നിന്‍റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്‍റെ സഹോദരന്മാരെക്കാള്‍ കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.’ ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്‍റെ സ്വഭാവം കുറേക്കൂടി നന്നായി.

1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്‍റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന്‍ ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു.

വൈദികനാകാനുള്ള അവന്‍റെ താല്പര്യം കണ്ട് അപ്പന്‍ അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന്‍ വീട്ടില്‍ തിരിച്ചെത്തി.

താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്‍റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന്‍ അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന്‍ ചേര്‍ന്നു.

പുതിയ നൂറ്റാണ്ടില്‍ …

ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്‍റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി.

പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. ‘അതെന്‍റെ കടമയായി എനിക്ക് തോന്നി…’ അദ്ദേഹം പിന്നീട് എഴുതി.

സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്‍റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. ‘എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,’ എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്‍കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്.

ഡോണ്‍ബോസ്കോയുടെ കൂടെ

അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്‍റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു.

ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്‍റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, “ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍.”

പൗളൈന്‍ കുടുംബത്തിന്‍റെ സ്ഥാപകന്‍

യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d’Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ ‘pastoral notes’ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d’Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി.

തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്‍റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്‍റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്.

1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്‍റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് ‘ഗവണ്മെന്‍റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം’ എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു.

പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ ‘ധന്യ’ പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് ‘Sister Disciples of the Divine Master‑’ ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു.

1938, ഒക്ടോബര്‍ 7-ന് ‘Institute of the Sisters of Jesus the Good Shepherd’ (pastorelle sisters)ന്‍റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു.

അല്പനാള്‍ കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്.

ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്

അനാരോഗ്യം അല്‍ബേരിയോണിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, “ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്.” തന്‍റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്‍റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്‍റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി.

ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്‍റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാല്‍മുട്ടിന്‍റെ പണി’കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു.

1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്‍റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, ‘ഞാന്‍ മരിക്കുകയാണ്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!’ റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്‍റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന്‍ പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

Share:

Jills Joy

Jills Joy

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles