Home/Engage/Article

ഏപ്രി 13, 2020 1941 0 Rev.Dr. James Kiliyanikkal
Engage

റസ്റ്റോറന്‍റിലേക്ക് എത്തുംമുമ്പ്…

അന്നൊരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ 1935 ജൂലൈ 8-ാം തീയ്യതി, ഫ്രഞ്ച് ജേണലിസ്റ്റും എഴുത്തുകാരനുമായിരുന്ന ആന്‍ഡ്രെ ഫ്രൊസ്സാര്‍ഡ് (Andre’ Frossard) സുഹൃത്തായ വില്ലെമിനുമൊത്ത് പാരീസ് നഗരത്തില്‍ ഒരു റസ്റ്റോറന്‍റില്‍ അത്താഴം കഴിക്കാന്‍ പോകാന്‍ ഒരുങ്ങി. അന്ന് ആന്‍ഡ്രെയ്ക്കു ഇരുപത് വയസ്സുണ്ട്. പ്രായത്തെ അതിശയിക്കുന്ന ഇച്ഛാശക്തിയും നിരീശ്വര ചിന്തയും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്നു. തുടര്‍ന്നുള്ള വിവരണം അദ്ദേഹത്തിന്‍റെതന്നെ വാക്കുകളില്‍ നമുക്ക് കേള്‍ക്കാം:

വൈകുന്നേരം അഞ്ചുമണിയാകാറായി. വില്ലെമിനൊപ്പം കാറില്‍ പാരീസിലൂടെ യാത്രചെയ്യുകയാണ്. വണ്ടി നിര്‍ത്തി. സുഹൃത്ത് കാര്‍ തുറന്ന് പുറത്തുകടന്ന് എന്നോടു പറഞ്ഞു “ഒന്നുകില്‍ അല്പസമയം കാറില്‍ എനിക്കായി കാത്തിരിക്കുക, അല്ലെങ്കില്‍ എന്നോടൊപ്പം വരിക.” ഞാന്‍ അവിടെത്തന്നെ ഇരുന്നു. വില്ലെമിന്‍ റോഡ് മുറിച്ചുകടന്ന് ഒരു വലിയ ഇരുമ്പു ഗയിറ്റിനു സമീപമുള്ള ചെറുവാതില്‍ തള്ളിത്തുറന്നു. അത് ഒരു ചാപ്പലാണെന്ന് എനിക്കു മനസ്സിലായി. കത്തോലിക്കനായിരുന്ന വില്ലെമിന്‍ പ്രാര്‍ത്ഥിക്കാനോ കുമ്പസാരിക്കാനോ പോവുകയാകാം എന്ന് ഞാന്‍ കരുതി. കുറെയേറെ സമയമായിട്ടും സുഹൃത്ത് മടങ്ങിയെത്തിയില്ല.

സമയം അഞ്ചുമണികഴിഞ്ഞ് 10 മിനിട്ടായി. ഞാന്‍ കാറില്‍ നിന്നിറങ്ങി ആ ഇരുമ്പുകതക് തള്ളിത്തുറന്ന് അകത്തുകയറി. എനിക്കുവേണമെങ്കില്‍ ഏതാനും മിനിറ്റുകള്‍ കൂടി കാത്തു നില്ക്കാമായിരുന്നു. എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല എന്നതിന് ഉത്തരം ദൈവത്തിന്‍റെ പക്കല്‍ മാത്രം. നേരേ കണ്ടത് ‘L’Adoration Re‑paratrice” എന്ന ബോര്‍ഡാണ്. അതെന്താണര്‍ത്ഥമാക്കുന്നത് എന്ന് അന്നെനിക്കറിയില്ലായിരുന്നു.

1789-ല്‍ ആരംഭിച്ച ഫ്രഞ്ച് വിപ്ലവത്തിന്‍റെ ജ്വാലകള്‍ ആന്‍റിക്ലേറിക്കലിസമായി സമൂഹത്തില്‍ പടര്‍ന്നുകയറിക്കൊണ്ടിരുന്നു. 1848-ലെ വിപ്ലവം വീണ്ടും സഭയെ തകര്‍ത്തു. ഞായറാഴ്ച പ്രവൃത്തി ദിവസമായി മാറി. വിപ്ലവം മൂലം വിശുദ്ധ വസ്തുക്കളും സ്ഥലങ്ങളും അശുദ്ധമാക്കപ്പെട്ടു. ഇതിന് പ്രായ്ശ്ചിത്തമനുഷ്ഠിച്ചു കൊണ്ടും ദൈവനിന്ദയ്ക്ക് പരിഹാരം ചെയ്തുകൊണ്ടും വിശുദ്ധ കുര്‍ബാനയെ ആരാധിക്കുന്ന സമൂഹം രൂപം കൊണ്ടു. അതായിരുന്നു പ്രസ്തുത സന്യാസ സമൂഹം.
സുഹൃത്തിനെ തിരക്കി ഞാന്‍ ആ നിത്യാരാധനാ ചാപ്പലിലേക്ക് കയറി. വിശുദ്ധ കുര്‍ബാനയോ അരുളിക്കയോ ഞാന്‍ അന്നേവരെ കണ്ടിട്ടേയില്ലായിരുന്നു. ഞാന്‍ സുഹൃത്തിനെ തിരക്കി. അവിടെങ്ങും കാണാനില്ല. ഉടന്‍ എന്‍റെ കണ്‍മുന്‍പില്‍ സൂര്യനെക്കാള്‍ പ്രശോഭിക്കുന്ന ഒരു തേജോഗോളം. വിശുദ്ധ കുര്‍ബാന ഇതാ സൂര്യനെ വെല്ലുന്ന ശോഭയോടെ എന്‍റെ അടുക്കലേക്കു വരുന്നു. “ആത്മീയ ജീവിതം” (La Vie Spirituelle) എന്ന് എന്നോട് ആരോ പറയുന്ന സ്വരം ഞാന്‍ കേട്ടു.

സ്വര്‍ഗം തുറക്കപ്പെട്ടു എന്ന് എനിക്ക് പറയാന്‍ ആവില്ല. സ്വര്‍ഗം എന്‍റെ അടുക്കലേയ്ക്കു പാഞ്ഞു വന്നതുപോലെ! വലിയ ഇടിമിന്നല്‍ പോലെ! കണ്ടിട്ടില്ലാത്ത വര്‍ണരാജികള്‍! ദിവ്യകാരുണ്യത്തിലെ ആ പ്രഭാപൂരത്തിന്‍റെ ഒരു കിരണം മതി എന്നെ ദഹിപ്പിക്കാന്‍. അതിനോട് തുലനം ചെയ്താല്‍ സൂര്യന്‍പോലും കരിക്കട്ടയാണെന്നു പറയേണ്ടിവരും. മധ്യാഹ്നത്തില്‍ സൂര്യനെ നോക്കുന്ന മൂങ്ങയെപ്പോലെ ഞാന്‍ അന്ധാളിച്ചുപോയി. വലിയ ഒരു അതിസ്വാഭാവിക ആനന്ദം കൊണ്ടു ഞാന്‍ നിറഞ്ഞു. എനിക്ക് ആ ദിവ്യാനുഭവം വിവരിക്കാന്‍ വാക്കുകളില്ല. പ്രതീകങ്ങളും രൂപകങ്ങളും അതിനു മതിയാവില്ല. ഞാന്‍ ഒരിക്കലും അനുഭവിക്കാത്ത ഒരു സത്യം!

വില്ലെമിന്‍ എന്‍റെയടുക്കല്‍ വന്ന് എന്നെ തട്ടിയുണര്‍ത്തി ചോദിച്ചു: “നിനക്ക് എന്താണു സംഭവിച്ചത്?” “ഞാന്‍ ഒരു കത്തോലിക്കനാണ്. അപ്പസ്തോലിക, റോമന്‍ കത്തോലിക്കന്‍.” “നീ എന്തേ കണ്ണുമിഴിച്ചിരിക്കുന്നു, എന്തു പറ്റി?” “ദൈവമുണ്ട്. അവന്‍ ജീവിക്കുന്നു എന്ന് ഞാന്‍ അറിയുന്നു. അതാണ് സത്യം…” എനിക്ക് എന്നെത്തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നിലേയ്ക്കു ഞാന്‍ അന്വേഷിക്കാത്ത ബോധ്യങ്ങളും ദൈവിക സത്യങ്ങളും നിറഞ്ഞുവന്നുകൊണ്ടിരുന്നു. അഞ്ചു മിനിട്ടുകള്‍ക്കു ശേഷം സുഹൃത്തിനോടൊപ്പം അവിടെ നിന്നിറങ്ങി. ഞങ്ങള്‍ റസ്റ്റോറന്‍റില്‍ എത്തി. സംഭവിച്ചതെല്ലാം വില്ലെമിനോട് ഞാന്‍ വിവരിച്ചു പറഞ്ഞു.

തുടര്‍ന്നുള്ള നാളുകളില്‍ ഈ അത്ഭുതദര്‍ശനം ഒരു മാസത്തോളം എന്‍റെയുള്ളില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. എല്ലാ പ്രഭാതത്തിലും ഞാന്‍ ആ ദിവ്യപ്രകാശം ദര്‍ശിച്ചിരുന്നു. ക്രമേണ ആ ദിവ്യപ്രകാശവും മാധുര്യവും കുറഞ്ഞു കുറഞ്ഞുവന്നു. എനിക്ക് ഒരു സത്യം മനസ്സിലായി; ഞാന്‍ കണ്ടെത്തിയ സത്യം ഇനിമുതല്‍ ഞാന്‍ പിന്‍ചെല്ലണം എന്ന ക്ഷണമാണത്. ദിവ്യകാരുണ്യസഭയിലെ ഒരു വൈദികന്‍ എനിക്ക് മതബോധനം നല്കി മാമോദീസയ്ക്ക് ഒരുക്കി. സഭയുടെ പ്രബോധനങ്ങളെല്ലാം അവയുടെ അവസാന കോമ ഉള്‍പ്പെടെ സത്യമാണ് എന്നു ഞാന്‍ അറിഞ്ഞു. ഏറ്റവുമധികം എന്നെ അത്ഭുത പരതന്ത്രനാക്കിയത് ദിവ്യകാരുണ്യമാണ്. അത് അവിശ്വസനീയമായിട്ടല്ല, അതില്‍ ദൈവം പ്രകടിപ്പിക്കുന്ന അനന്തകരുണയാണ് എന്നെ അതിശയിപ്പിച്ചത്. സഭ നല്കുന്ന ദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് ദിവ്യകാരുണ്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

എന്‍റെ ജീവിതം നിലയ്ക്കാത്ത ഒരു ക്രിസ്മസ് ആഘോഷമായി മാറി. എന്നെ നയിച്ചവര്‍ മുന്നറിയിപ്പു നല്കി, ഈ ആനന്ദത്തിനപ്പുറം ദുഃഖവും കാര്‍മേഘവും ഉണ്ടാകും. അങ്ങനെ സംഭവിക്കുക തന്നെ ചെയ്തു. ദുഃഖവെള്ളിയും ദുഃഖശനിയും ഉണ്ടായി. ഹൃദയത്തില്‍ സഹനത്തിന്‍റെ വാള്‍ പേറി ഞാന്‍ നടന്നു നീങ്ങി. അപ്പോഴും ദൈവം സ്നേഹമാണെന്നതില്‍ ഞാന്‍ പതറിയില്ല. “സ്നേഹമേ, നിന്‍റെ സ്തുതികള്‍ പാടാന്‍ നിത്യത പോലും തികയുകയില്ലല്ലോ!”

1935-ല്‍ തന്നെ ആന്‍ഡ്രെ ഫ്രൊസ്സാര്‍ഡ് കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് ജ്ഞാനസ്നാനം സ്വീകരിച്ചു. തന്‍റെ അനുഭവങ്ങള്‍ സാക്ഷിച്ചുകൊണ്ട് അദ്ദേഹം എഴുതിയ പുസ്തകമാണ് ‘ദൈവം ഉണ്ട്, ഞാന്‍ അവനെ കണ്ടു’ (God Exists, I met Him).

ദിവ്യകാരുണ്യം കണ്ണുകളെ തുറക്കുന്ന ദിവ്യസൂര്യനാണ്. അത് ബുദ്ധിക്ക് ജ്ഞാനം പകരുന്നു, ഹൃദയങ്ങളില്‍ സ്നേഹം നിറയ്ക്കുന്നു, അന്ധകാരം അകറ്റുന്നു.

‘അള്‍ത്താരയിലെ അമൃത്’,
സോഫിയ ബുക്സ്

Share:

Rev.Dr. James Kiliyanikkal

Rev.Dr. James Kiliyanikkal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles