Home/Encounter/Article

മേയ് 08, 2024 54 0 Paul Suresh
Encounter

പെട്രോളും പ്രവാസിയും മാതാവും

രാത്രി പതിനൊന്നുമണിയോടടുത്ത സമയത്തെ ആ ബൈക്കുയാത്ര അത്ര സുഖകരമായിരുന്നില്ല. ദീര്‍ഘദൂരം ബസില്‍ യാത്ര ചെയ്ത് വന്നിട്ടാണ് അടുത്തുള്ള ടൗണില്‍ വച്ചിരുന്ന ബൈക്ക് എടുത്ത് വീട്ടിലേക്ക് പോവുന്നത്. പെട്രോള്‍ അടിക്കണമെന്ന് കരുതിയെങ്കിലും, ടൗണിലെ പെട്രോള്‍ പമ്പ് അടച്ചുകഴിഞ്ഞിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒരു യാത്രയുണ്ട്. അതിനാല്‍ എങ്ങനെയെങ്കിലും വേഗം വീട്ടിലെത്തിയേ പറ്റൂ. ക്ലേശങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ മഴയും പെയ്യാന്‍ തുടങ്ങി. റെയിന്‍കോട്ട് എടുത്തുധരിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിഏകദേശം വിജനം.

അല്പനേരം കഴിഞ്ഞതേയുള്ളൂ, ശങ്കിച്ചതുപോലെതന്നെ, പെട്രോള്‍ തീര്‍ന്നു. ഇനിയെന്തുചെയ്യും? പ്രാര്‍ത്ഥിക്കണമെന്ന് തോന്നി. ജപമാല കയ്യിലെടുത്തെങ്കിലും ചൊല്ലാനുള്ള മാനസികാവസ്ഥയില്ല. അതിനാല്‍ പകരം എത്രയും ദയയുള്ള മാതാവേ ജപം തുടരെ ചൊല്ലാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു വാഹനം വരുന്നതുകണ്ടത്. വേഗം ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി വയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ ആ വാഹനം എനിക്കരികില്‍ നിര്‍ത്തി. സ്വന്തംവീട്ടിലേക്ക് പോകുന്ന ഗള്‍ഫ് പ്രവാസിയുടെ വാഹനമാണെതെന്ന് പെട്ടെന്നു മനസിലായി. മുന്‍സീറ്റിലിരുന്ന മനുഷ്യന്‍ എന്നോട് ചോദിച്ചു, ”അടുത്ത് പെട്രോള്‍ പമ്പ് എവിടെയാണുള്ളത്?”

അഞ്ച് കിലോമീറ്ററോളം അപ്പുറത്താണെന്ന് മറുപടി നല്കിയപ്പോള്‍ മറ്റൊന്നും പറയാതെ അദ്ദേഹം പോയി. ഞാന്‍ എത്രയും ദയയുള്ള മാതാവേ ചൊല്ലിക്കൊണ്ടിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ നേരത്തേ കണ്ട വാഹനം തിരികെ വരുന്നത് കണ്ടു. അതില്‍നിന്ന് ആ മനുഷ്യന്‍ ഒരു കുപ്പി പെട്രോള്‍ എടുത്ത് എനിക്കുനേരെ നീട്ടി, ”ഇത് വണ്ടിയിലൊഴിച്ചോ!”
അമ്പരപ്പോടെയാണെങ്കിലും ഞാനത് വാങ്ങി പെട്രോള്‍ ടാങ്കിലൊഴിച്ചു.
”ഇനി സ്റ്റാര്‍ട്ട് ചെയ്ത്‌നോക്ക്”
ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
”കുഴപ്പമൊന്നുമില്ലല്ലോ?”
”ഇല്ല”
പിന്നെ മറ്റൊന്നും പറയാന്‍ നിന്നില്ല. അദ്ദേഹം മടങ്ങി.

എന്‍റെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ ധാരയായി ഒഴുകാന്‍ തുടങ്ങി. കരച്ചിലിനിടെ എന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ”ഈ പാതിരാത്രിയില്‍ പെട്രോളും തരുമെങ്കില്‍, എന്‍റെ മാതാവേ, ഇനി എനിക്ക് ഒന്നും പറയാനില്ല!” ആ രാത്രിയില്‍ എത്രയും ദയയുള്ള മാതാവിന്‍റെ മാധ്യസ്ഥ്യമല്ലാതെ മറ്റെന്താണ് ആ വ്യക്തിയുടെ മനസില്‍ എനിക്ക് പെട്രോള്‍ വാങ്ങിത്തരണമെന്ന് പ്രേരണ നല്കിയത്?

”ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 32/6).

Share:

Paul Suresh

Paul Suresh

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles