Home/Encounter/Article

ഏപ്രി 27, 2023 204 0 Shalom Tidings
Encounter

നേര്‍ച്ചപ്പെട്ടിയില്‍ ഇട്ടതോര്‍ത്ത് വിഷമിക്കുന്നവര്‍

സ്കൂട്ടറില്‍നിന്ന്  വീണതും അനുഗ്രഹമാക്കിത്തീര്‍ത്ത ആത്മീയബോധ്യം

ഓഫിസിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത്. റോഡിലെ കുഴിയും ചെളിയും ഒഴിവാക്കി സ്കൂട്ടര്‍ വെട്ടിച്ചതാണ്. സ്കൂട്ടര്‍ മറിഞ്ഞു. ഞാന്‍ റോഡിലേക്ക് തെറിച്ചുവീണു. എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും ഞാന്‍ എഴുന്നേറ്റു. വീണതിന്‍റെ ജാള്യത, ശരീരത്തിന്‍റെ വേദന, വണ്ടിയുടെ മഡ്ഗാര്‍ഡ് നഷ്ടപ്പെട്ടതോര്‍ത്ത് സങ്കടം.. പെട്ടെന്ന് ഒരു വചനം ഓര്‍മ്മവന്നു; “ഉന്‍മേഷമുള്ള മനസ്സ് രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്സിനെ ആര്‍ക്ക് താങ്ങാന്‍ കഴിയും?’ (സുഭാഷിതങ്ങള്‍ 18/14).

മനസിനെ ധൈര്യപ്പെടുത്തി ഓഫിസിലേക്കുള്ള യാത്ര തുടരുമ്പോള്‍ വീണതോര്‍ത്ത് പിന്നെയും സങ്കടം. മനസിലേക്ക് കടന്നുവന്ന വചനം ഇതാണ്, “ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ്”  (പ്രഭാഷകന്‍ 30/23). അപ്പോഴാണ് ഓര്‍ത്തത് ഇന്ന് ആദ്യവെള്ളിയാഴ്ച, ശാലോമില്‍ നൈറ്റ് വിജിലല്ലേ. എന്‍റെ വേദനയും സങ്കടവും അതില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കാം. അങ്ങനെ പ്രാര്‍ത്ഥിച്ച് യാത്ര തുടര്‍ന്നു. പക്ഷേ, അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും വീണതോര്‍ത്തുള്ള സങ്കടവും വേദനയുംകൊണ്ട് മനസ്സു നിറയുന്നു. ആ സമയത്ത്, നാളുകള്‍ക്ക് മുമ്പ് മനം തകര്‍ന്ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഈശോ നല്കിയ ഒരു ബോധ്യം സൗഖ്യമായി ഉള്ളില്‍ നിറഞ്ഞു.

നമ്മള്‍ നേര്‍ച്ചപ്പെട്ടിയില്‍ നേര്‍ച്ചയിടുന്നു. അത് 10 രൂപയോ 50 രൂപയോ 100 രൂപയോ ഒക്കെ ആകും. അതുകഴിഞ്ഞ് പിന്നീടൊരിക്കലും “അയ്യോ ആ പണം ഉണ്ടായിരുന്നെങ്കില്‍ വണ്ടിക്കൂലി കൊടുക്കാമായിരുന്നു, പാല്‍ മേടിക്കാമായിരുന്നു” എന്നൊക്കെ ഓര്‍ത്ത് നമ്മള്‍ വിഷമിക്കാറില്ല. നേര്‍ച്ചയിട്ടത് നഷ്ടമായും കഷ്ടമായും കണക്കാക്കുന്നുമില്ല. അതുപോലെ നമ്മുടെ വേദനകളും യാതനകളും കാഴ്ചയായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെയും അവയോര്‍ത്ത് സങ്കടപ്പെടാന്‍ പാടില്ല. ദൈവവചനം ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, “എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്ക് തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക് കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു” (ഹെബ്രായര്‍ 12/11). ദൈവത്തിന് കൊടുക്കുന്നതെല്ലാം അവിടുന്ന് ആത്മാക്കളുടെ രക്ഷയ്ക്കും ദൈവരാജ്യത്തിനുമായി ഉപയോഗിക്കും. അപ്പോള്‍ അവയൊക്കെ അനുഗ്രഹമായി നമ്മിലേക്കും കടന്നുവരും. “ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍’ (സഖറിയാ 8/13).

ദൈവാത്മാവ് നല്കിയ ഈ തിരിച്ചറിവ് എന്‍റെ മനസ്സില്‍ സന്തോഷം നിറച്ചു. വീഴ്ച സംഭവിച്ചതുപോലും ഓര്‍ക്കാത്ത രീതിയില്‍ ഓഫിസിലെ അന്നത്തെ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തിയാക്കാനും എനിക്കങ്ങനെ സാധിച്ചു. “കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ?’ (ഏശയ്യാ 43/18-19).

നേര്‍ച്ചപ്പെട്ടിയില്‍ കാഴ്ച സമര്‍പ്പിച്ചതോര്‍ത്ത് നഷ്ടബോധം കൊള്ളുന്ന അവിശ്വാസിയാകാതെ എന്‍റെ കര്‍ത്താവിന് ഇത്രയും കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആഹ്ലാദിക്കുന്ന വിശ്വാസിയാകാന്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ. “ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ” (ന്യായാധിപന്‍ 6/12).

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles