Home/Encounter/Article

നവം 24, 2021 537 0 Father Michael Schmitz
Encounter

ഞാന്‍ കത്തോലിക്കനായിരിക്കുന്നത് എന്തുകൊണ്ട് ?

‘ഫാദര്‍ നിങ്ങള്‍ കത്തോലിക്കനാണല്ലേ?” ഒരുപാട് തവണ ഞാന്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ട്,

“യാ, ഞാന്‍ കത്തോലിക്കനാണ്” എന്ന് മറുപടി നല്കിയാല്‍ ഉടനെ വരും അടുത്ത ചോദ്യം, “എന്താണ് കത്തോലിക്കാ സഭയും മറ്റ് പ്രോട്ടസ്റ്റന്‍റ് സമൂഹങ്ങളും അകത്തോലിക്കാ സഭകളും തമ്മിലുള്ള പ്രധാനവ്യത്യാസം?”

‘അധികാരം!’ എന്നായിരിക്കും എന്‍റെ മറുപടി.

എന്താണ് അധികാരം?

സഭയ്ക്ക് നമ്മെ പഠിപ്പിക്കാനുള്ള ശേഷിയുണ്ട് എന്നതാണത്. ഓരോ കാര്യവും സത്യമാണോ അല്ലയോ എന്ന പഠനം ആധികാരികമായി നല്കാന്‍ സഭയ്ക്ക് സാധിക്കും. ഞാന്‍ പറയുന്നത് ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ കൂട്ടായ്മ എന്നതുപോലെ അദൃശ്യമായ ഒരു കാര്യത്തെക്കുറിച്ചല്ല. മറിച്ച് മത്തായിയുടെ സുവിശേഷം 16-ാം അധ്യായത്തില്‍ കാണുന്ന യേശുതന്നെ സ്ഥാപിച്ച സഭയെക്കുറിച്ചാണ്. “ശിമയോനേ, നീ പത്രോസാണ്, ഈ പാറമേല്‍ എന്‍റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.” അവിടുന്ന് തുടര്‍ന്നുപറയുന്നു, “സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.”

ഇക്കാര്യം വിശദമാക്കാം. യേശു അദൃശ്യമായ ഒരു രാജ്യം സ്ഥാപിക്കാനല്ല വന്നത്. കാരണം അവിടുന്ന് പത്രോസിനോട് പറയുന്നത്, സ്വര്‍ഗരാജ്യത്തിന്‍റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും എന്നാണ്. ഇവിടെ യേശു ഏശയ്യായുടെ പ്രവചനം ഉദ്ധരിക്കുകയാണ്. ആ പ്രവചനഭാഗമനുസരിച്ച് രാജ്യത്തില്‍ രാജാവ് എന്ന സ്ഥാനത്തോടൊപ്പം പ്രധാനമന്ത്രിപദവുമുണ്ട്, അതാണ് കൊട്ടാരം കാര്യവിചാരിപ്പുകാരന്‍ എന്ന പദവി. രാജാവിനുവേണ്ടി അധികാരം ഉപയോഗിക്കുന്നത് അദ്ദേഹമാണ്. ഇത് ഏശയ്യാ പ്രവചനം 22-ാം അധ്യായത്തില്‍ കാണാം.

ഈ വചനഭാഗത്തെ ആധാരമാക്കി യേശു സഭയ്ക്ക് ഒരു ദൃശ്യമായ ഘടന അഥവാ യഥാര്‍ത്ഥ അധികാരശ്രേണി നല്കുന്നതാണ് മത്തായി 16-ല്‍ നാം കാണുന്നത്. ‘ഇനി നിനക്ക് എന്‍റെ നാമത്തില്‍ പഠിപ്പിക്കാം, എന്‍റെ നാമത്തില്‍ പഠിപ്പിക്കാന്‍ പരിശുദ്ധാത്മാവ് സകല സത്യത്തിലേക്കും നിന്നെ നയിക്കും’ എന്ന് യേശു പറയുകയാണ്.

പിന്നീട് പത്രോസിന്‍റെ നേതൃത്വത്തിലുള്ള ശിഷ്യസംഘം ഈ അധികാരം വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന സന്ദര്‍ഭം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ാം അധ്യായത്തില്‍ ഉണ്ട്. അപ്പസ്തോലന്‍മാര്‍ യഹൂദരുടെയിടയില്‍ സുവിശേഷം പ്രഘോഷിക്കുന്ന സമയം. യഹൂദമതത്തിന്‍റെ പൂര്‍ത്തീകരണമാണ് യേശുവെന്ന് പല യഹൂദരും തിരിച്ചറിഞ്ഞു. അവിടുന്നാണ് അവര്‍ കാത്തിരുന്ന മശിഹാ എന്ന് ബോധ്യപ്പെട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവരായി. തുടര്‍ന്ന് പത്രോസ് ഒരു ദര്‍ശനത്തിലൂടെ യഹൂദരല്ലാത്തവര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെടുകയാണ്. അതേ ദൗത്യത്തിലേക്ക് പൗലോസിനും വിളി ലഭിക്കുന്നു.

ആ സമയത്ത് ഒരു ചോദ്യം ഉയര്‍ന്നുവന്നു. അതുവരെയും സുവിശേഷത്തില്‍ വിശ്വസിച്ച യഹൂദരുടെ കാര്യമാണ് ശിഷ്യസംഘത്തിന് പരിചയമുണ്ടായിരുന്നത്. അവര്‍ പരിച്ഛേദനം നടത്തിയിട്ടുള്ളവരും പഴയ ഉടമ്പടിയിലുള്ളവരും ആയതിനാല്‍ പുതിയ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിനായി അവര്‍ക്ക് ജ്ഞാനസ്നാനം നല്കിയാല്‍മാത്രം മതി. എന്നാല്‍ വിജാതീയര്‍ക്ക് സുവിശേഷം നല്കുമ്പോള്‍, അവരെ ആദ്യം പരിച്ഛേദനം ചെയ്തിട്ട് തുടര്‍ന്ന് ജ്ഞാനസ്നാനം നല്കണോ അതോ ജ്ഞാനസ്നാനംമാത്രം നല്കിയാല്‍ മതിയോ എന്ന ചോദ്യം പ്രസക്തമായിത്തീര്‍ന്നു.
രണ്ട് കാരണങ്ങള്‍കൊണ്ടെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒന്ന്- ഒരു മുതിര്‍ന്ന വിജാതീയനെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ വേറെ വഴിയില്ലേ എന്ന് ചിന്തിക്കും.
രണ്ടാമത്തെ ചോദ്യം കൂടുതല്‍ പ്രധാനമാണ്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പരിച്ഛേദനം ചെയ്യപ്പെടാത്തവര്‍ രക്ഷിക്കപ്പെട്ടിട്ടില്ല എന്നാണോ അര്‍ത്ഥം? അതിനാല്‍ രക്ഷിക്കപ്പെടണമെങ്കില്‍ പരിച്ഛേദനം ചെയ്യണമോ എന്നത് വലിയ ചോദ്യമാണ്.

ഈ പശ്ചാത്തലത്തില്‍ അന്നത്തെ ശിഷ്യസമൂഹം ഗുരുതരമായ പ്രതിസന്ധിയിലായി. കാരണം പരിച്ഛേദനം നല്കേണ്ടതിനെക്കുറിച്ച് യേശു ഒന്നും പഠിപ്പിച്ചിട്ടില്ല, നമുക്കറിയാവുന്നതുപോലെ അതുവരെയുള്ള തിരുലിഖിതങ്ങളും ഇതേപ്പറ്റി ഒന്നും പഠിപ്പിക്കുന്നില്ല. ഇതാണ് സോളാ സ്ക്രിപ്റ്റ്യുറാ അഥവാ ബൈബിള്‍മാത്രംമതി എന്ന് പറയുന്നിടത്തെ പ്രശ്നം. പ്രോട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ പ്രധാന ആശയങ്ങളിലൊന്ന് ബൈബിള്‍മാത്രം മതി എന്നതായിരുന്നു. സഭ ആവശ്യമില്ല, ബൈബിള്‍മാത്രം മതി. എന്നാല്‍ ബൈബിള്‍ ഒരു കാര്യത്തെപ്പറ്റി പഠിപ്പിക്കുന്നില്ലാത്തപ്പോള്‍ നാം എന്തുചെയ്യും?

അങ്ങനെയുള്ള സമയത്ത് എന്താണ് ചെയ്യുക എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ല്‍ വ്യക്തമാക്കുന്നു. യേശുതന്നെ തെരഞ്ഞെടുത്ത തലവനായ പത്രോസും സഭാഗാത്രമെന്ന നിലയില്‍ പൗലോസും ബാര്‍ണബാസും ഒന്നിച്ചുകൂടി. അവര്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദം നടത്തുകയും ചെയ്തു. സര്‍വോപരി അവര്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. അത് പുതിയതായി വിശ്വാസം സ്വീകരിക്കുന്ന വിജാതീയരെ അറിയിച്ചു. “അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണ് നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് നിങ്ങള്‍ അകന്നിരിക്കണം.”
ഇതിലൂടെ വിജാതീയര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യേണ്ടതില്ല എന്ന് വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. ഇവിടെ ബൈബിളിലെ സഭയ്ക്ക്, ദൃശ്യമായ സഭയ്ക്ക്, പഠിപ്പിക്കാനുള്ള ആധികാരികതയുണ്ടെന്ന് ബോധ്യമാകും. ഒരു പഠനം കൃത്യമായി വ്യക്തമാക്കാനുള്ള ശേഷിയാണത്.

ആദിമസഭയില്‍ ബൈബിള്‍ ഉണ്ടായിരുന്നില്ല

ചരിത്രം പഠിക്കുമ്പോള്‍, ഇത് ഒരിക്കല്‍മാത്രം സംഭവിച്ച കാര്യമല്ല എന്ന് മനസിലാക്കാം. കാരണം ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് സ്വന്തമായി വ്യാഖ്യാനിച്ചാല്‍ ഏറെ തെറ്റുകള്‍ പറ്റും. അതിനാല്‍ത്തന്നെ ആധികാരികമായി അത് വ്യാഖ്യാനിക്കപ്പെടുക അത്യാവശ്യമാണ്. മറ്റൊരു സുപ്രധാനകാര്യംകൂടി സൂചിപ്പിക്കട്ടെ, പുതിയ നിയമം സഭയിലൂടെയാണ് നമുക്ക് ലഭിച്ചത്. കാരണം ക്രിസ്തുവിന്‍റെ മരണ, ഉത്ഥാനങ്ങള്‍ക്കുശേഷം രണ്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പുതിയ നിയമം രൂപപ്പെട്ടത്. അത് സഭയിലൂടെയാണ് രൂപപ്പെട്ടത്. ആദിമസഭയ്ക്ക് ബൈബിള്‍മാത്രംമതി എന്ന പഠനം ഇല്ലായിരുന്നു എന്ന് അര്‍ത്ഥം.

വീണ്ടും നമ്മുടെ വിഷയം വ്യക്തമാക്കാം. ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് “യേശു വാസ്തവത്തില്‍ ഭൂമിയില്‍ വന്നു, മരിച്ചു, ഉയിര്‍ത്തു, അവിടുന്ന് ദൈവംതന്നെ. പക്ഷേ അവിടുന്ന് മനുഷ്യനെപ്പോലെ കാണപ്പെട്ടെന്നുമാത്രമേയുള്ളൂ” എന്ന് പറയുകയാണെന്ന് ചിന്തിക്കുക. ഇതാണ് ഡൊസറ്റിസം എന്ന പാഷണ്ഡത. അതായിരുന്നു ഏറ്റവും ആദ്യത്തെ പാഷണ്ഡതകളിലൊന്ന്. ‘യേശു പൂര്‍ണമായും ദൈവമായിരുന്നു, പക്ഷേ അവിടുന്ന് പൂര്‍ണമായും മനുഷ്യനായിരുന്നില്ല’ എന്ന പഠനം. ഈ പ്രതിസന്ധി വന്നപ്പോഴും ദൃശ്യമായ യഥാര്‍ത്ഥ സഭ ഒന്നിച്ചുകൂടി പ്രഖ്യാപിച്ചു, “യേശു പരിപൂര്‍ണമനുഷ്യനാണ്.”

പിന്നീട് മറ്റ് ചിലര്‍ പറഞ്ഞു, യേശു പൂര്‍ണമായും മനുഷ്യന്‍തന്നെ, പക്ഷേ പൂര്‍ണമായും ദൈവമായിരിക്കുകയില്ല. ഈ പാഷണ്ഡത വന്നപ്പോള്‍ സഭ എ.ഡി. 325-ല്‍ നിഖ്യായിലെ കൗണ്‍സിലില്‍ ഒരുമിച്ച് ചേര്‍ന്ന് പഠിപ്പിച്ചു, “യേശു പൂര്‍ണമായും ദൈവമാണ്, പൂര്‍ണമായും മനുഷ്യനുമാണ്.” മാനുഷികവും ദൈവികവുമായ രണ്ട് സ്വഭാവങ്ങള്‍ ഒരു ദൈവികവ്യക്തിയില്‍ സമ്മേളിച്ചിരിക്കുന്നു. നിഖ്യായിലെ ആ കൗണ്‍സിലില്‍ അഥവാ സുനഹദോസില്‍വച്ചാണ് നാം ഇന്ന് കാണുന്ന വിശ്വാസപ്രമാണം രൂപപ്പെട്ടത്. ഇന്ന് എല്ലാ ക്രൈസ്തവരും ഇത് വിശ്വസിക്കുന്നു. എന്തുകൊണ്ടാണത്?

കാരണം അവര്‍ സ്വയം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും, കത്തോലിക്കാ സഭയ്ക്ക് പ്രബോധനം നല്കാനുള്ള അധികാരമുണ്ട്. ഓരോ ക്രൈസ്തവരും ത്രിത്വത്തില്‍ വിശ്വസിക്കുന്നു, പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരും നിത്യതയില്‍ ഒന്നായിരിക്കുന്നവരുമാണ്, ആരും ഒരാളെക്കാള്‍ വലുതല്ല. ഈ പഠനവും സഭ നല്കിയതാണ്. കാരണം നിഖ്യായിലെ കൗണ്‍സിലിലും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കൗണ്‍സിലിലും മറ്റെല്ലാ കൗണ്‍സിലുകളിലും ഒരുമിച്ചുകൂടിയപ്പോള്‍ സഭ ഇത് പ്രഖ്യാപിച്ചു. ഇതാണ് വചനത്തിന്‍റെ വ്യാഖ്യാനം എന്ന് വ്യക്തമാക്കി.

തെറ്റുപറ്റാത്ത ഒരു ഗ്രന്ഥം, തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലാതെവന്നാല്‍, ഒരു വിലയുമില്ലാത്ത ഗ്രന്ഥമായിരിക്കും. അതെ, ബൈബിള്‍ തെറ്റുപറ്റാത്ത ഗ്രന്ഥമാണ്, എന്നാല്‍ തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് യു.എസില്‍ത്തന്നെ 30000-ത്തിലധികം വിവിധ ക്രൈസ്തവസമൂഹങ്ങളുള്ളത്. അതുകൊണ്ടാണ് ജി.കെ. ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞത്, “ഞാന്‍ ശരിയായിരിക്കുമ്പോള്‍ എന്നോട് ശരി എന്നു പറയുന്ന സഭയെയല്ല എനിക്കാവശ്യം, എവിടെയാണ് എനിക്ക് തെറ്റുപറ്റുന്നതെന്ന് പറഞ്ഞുതരുന്ന സഭയെയാണ് എനിക്ക് വേണ്ടത്.” അതിനാല്‍, കത്തോലിക്കാസഭയും മറ്റെല്ലാ അകത്തോലിക്കാസമൂഹങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഉറപ്പോടെ പറയും, അധികാരം.

Share:

Father Michael Schmitz

Father Michael Schmitz serves as the director of youth and young adult ministry for the Diocese of Duluth. He also serves as the chaplain for the Newman Catholic Campus Ministry at the University of Minnesota-Duluth. Father Schmitz’s homilies can be found online at www.UMDCatholic.org or on iTunes.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles