Home/Encounter/Article

ആഗ 21, 2020 1760 0 Anna ONeil
Encounter

കുഞ്ഞുങ്ങളുമായി പള്ളിയില്‍ പോകുന്നവര്‍ക്കൊരു കത്ത്

കുഞ്ഞുങ്ങളുമായി പള്ളിയില്‍പ്പോകുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ടെങ്കില്‍…

വിശുദ്ധ കുര്‍ബാന സമയത്ത് നിങ്ങളുടെ കുട്ടികള്‍ ബഹളം ഉണ്ടാക്കുകയും നമുക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ടോ? മാതാപിതാക്കളായ നമ്മള്‍ ഒരു പരാജമയമാണെന്ന ചിന്തയുണ്ടാക്കുന്ന ഒരു അനുഭവമാണ് അത്. ഞാനും അക്കൂട്ടത്തില്‍ത്തന്നെ. പലപ്പോഴും ഞാന്‍ ഞായറാഴ്ചകളെ ഭയപ്പെടാന്‍ തുടങ്ങിയിരുന്നു. ഭര്‍ത്താവും ഞാനും പല വഴികളും പരീക്ഷിച്ചിട്ടുണ്ട്. രാവിലെ ഏറ്റവും ആദ്യത്തെ വിശുദ്ധബലിക്കു പോകുക, വൈകുന്നേരത്തെ വിശുദ്ധബലിക്കു പോകുക, വിശുദ്ധ കുര്‍ബാനപുസ്തകം ഉപയോഗിക്കുക, ബലിയര്‍പ്പണസമയത്ത് അതേപ്പറ്റി കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തുകൊണ്ടിരിക്കുക, ഭീഷണിപ്പെടുത്തി ഇരുത്തുക, മുന്നിലിരിക്കുക, പുറകില്‍ പോയിരിക്കുക, കരച്ചില്‍ തുടങ്ങിയാല്‍ നേരെ പുറത്തേക്കു പോവുക…. ചില സമയത്ത് ചില സൂത്രങ്ങള്‍ ഫലിച്ചിട്ടുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളിലൊരാള്‍ ഉറക്കെ കരയുകയോ, അള്‍ത്താരയ്ക്കടുത്തേക്ക് ഓടുകയോ, അങ്ങനെയെന്തെങ്കിലും സംഭവമുണ്ടായിട്ടല്ലാതെ, പള്ളി വിട്ടുപോരാന്‍ പലപ്പോഴും കഴിയാറില്ല എന്നതാണ് സത്യം.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനും എന്‍റെ ‘ബഹള’കുടുംബവും എല്ലാ ഞായറാഴ്ചയും ദൈവാലത്തിലെത്തി ഏറ്റവും പിന്നില്‍ ഇരിക്കുന്നു, എല്ലാവര്‍ക്കും അസ്വസ്ഥത സമ്മാനിച്ചുകൊണ്ടാണെങ്കിലും. ചെറിയ കുട്ടികളെ ഒരു മണിക്കൂറോളം സമയം ശാന്തരായി ഇരിക്കാന്‍ പഠിപ്പിക്കുക എന്നത് എത്ര ക്ലേശകരമാണെന്ന് വളരെയേറെ പേര്‍ക്കും മനസിലാകില്ല. എങ്കിലും വിശുദ്ധ ബലിക്കായുള്ള വസ്ത്രങ്ങളണിഞ്ഞ് ഞങ്ങള്‍ ദൈവാലയത്തിലണയുന്നു, മാതാവായ സഭ ആവശ്യപ്പെടുന്നതുപോലെ.

ഇതുതന്നെയാണ് നിങ്ങളുടെയും അവസ്ഥയെങ്കില്‍, അത് നല്ലത്, അല്ല, കൂടുതല്‍ നല്ലത്. നമ്മെപ്പോലുള്ളവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ക്രിസ്തുവിന് പറയാനുണ്ട് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ലൂക്കാ 21: 1-4 വചനങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നുണ്ടല്ലോ. “അവന്‍ കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയഭണ്ഡാരത്തില്‍ നേര്‍ച്ചയിടുന്നതുകണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു. അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയും കാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തൻ്റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.”

യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലേ നാമും ചെയ്യുന്നത്. ഞായറാഴ്ചകളില്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരണമെന്ന സഭയുടെ കല്പന അനുസരിച്ചുകൊണ്ട് നമുക്കുള്ളതെല്ലാം നാം നല്കുകയല്ലേ? ചമ്മലുണ്ട് എന്നത് ഞയറാഴ്ച വീട്ടിലിരിക്കാന്‍ മതിയായ കാരണമല്ലല്ലോ. പുറത്തുനിന്നുള്ളവര്‍ക്ക്, നമ്മള്‍ ഒന്നും ചെയ്യുന്നില്ല എന്നു തോന്നിയേക്കാം.

നമ്മള്‍ ദൈവാലയത്തിലെത്തി എന്നതു ശരിതന്നെ, പക്ഷേ ശ്രദ്ധയോടെ നില്ക്കാന്‍ സാധിക്കുന്നുണ്ടോ? നമുക്കൊരു ആത്മീയ അനുഭവം ലഭിക്കുന്നുണ്ടോ? സുവിശേഷത്തില്‍നിന്ന് ഒരു വാക്കെങ്കിലും നാം യഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നുണ്ടോ? അധികമൊന്നും ഉവ്വെന്ന് പറയാന്‍ നമുക്ക് സാധിച്ചെന്നു വരികയില്ല. എന്നാല്‍ എന്തുമാത്രം നാം സ്വയം സമര്‍പ്പിക്കുന്നു എന്നത് നമുക്ക് മാത്രമേ അറിയാവൂ, ഈശോയ്ക്കും.

വിധവയുടെ രണ്ട് ചെമ്പുതുട്ടുകള്‍ ധനികരുടെ വലിയ നിക്ഷേപങ്ങളുടെ മുന്നില്‍ ഒന്നുമല്ലായിരുന്നു എന്നതുപോലെ നമ്മുടെ സമര്‍പ്പണവും പരിഗണിക്കാന്‍ തക്കതായി തോന്നുകയില്ലായിരിക്കാം. നമ്മെ കാണുന്ന ഒരാള്‍ ചിന്തിക്കുന്നത് ഇങ്ങനെയായിരിക്കാം: മുഴുവന്‍ സമയവും കുട്ടികളെ മേയ്ക്കാന്‍ നടക്കാനാണെങ്കില്‍ എന്തിനാണ് നിങ്ങള്‍ ദിവ്യബലിക്കണയുന്നത്? എന്നാല്‍ ലോകത്തില്‍ മറ്റുള്ളവര്‍ കാണുന്നതല്ല താന്‍ കാണുന്നതെന്ന് ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പലപ്പോഴും വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ഞാന്‍ മടങ്ങുന്നത് എല്ലാം ഒരു പരാജയമായിരുന്നെന്ന തോന്നലോടെയാണ്. ദൈവാലയമര്യാദകള്‍ ചിലപ്പോള്‍ പാലിക്കാന്‍ കഴിയാറില്ല, എന്തൊരു ക്രിസ്ത്യാനിയാണ് ഞാന്‍ എന്നു സ്വയം ചോദിച്ചുപോകും.

ഇതൊക്കെത്തന്നെയാണ് നിങ്ങള്‍ക്കും തോന്നുന്നതെങ്കില്‍, ഒരു കാര്യം മറക്കരുത്. കുട്ടികളെ ശ്രദ്ധിക്കേണ്ടതിനാല്‍, ശാന്തമായി മുട്ടുകുത്താനോ ശ്രദ്ധയോടെ ബലിയില്‍ പങ്കുചേരാനോ കഴിയാത്ത സാഹചര്യങ്ങളിലാണ് നിങ്ങളെങ്കില്‍, അതൊരു സവിശേഷ ദാരിദ്ര്യാവസ്ഥയാണെന്ന് മനസ്സിലാക്കുക. അതിനാല്‍ നാം, നമ്മുടെ ദാരിദ്ര്യത്തില്‍, നമുക്ക് നല്കാന്‍ കഴിയാവുന്നതില്‍ ഏറ്റവും നല്ലത് സമര്‍പ്പിച്ചുകൊണ്ട്, നമുക്കുള്ളതെല്ലാം നല്കുകയാണ്. അതിനാല്‍ ഞായറാഴ്ചബലികള്‍ ഒരിക്കലും മുടക്കരുത്. നിങ്ങളുടെ കുടുംബം എങ്ങനെയാണ് കാണപ്പെടുന്നത് എന്നതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കരുത്. അല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും, ദിവ്യബലിയില്‍ പങ്കെടുക്കുന്ന നല്ല ശീലം തുടരുക.

ലോകം അത് കാണുന്നില്ലെങ്കിലും നിങ്ങളുടെ സമര്‍പ്പണം എത്രമാത്രം വിലപ്പെട്ടതാണെന്ന് കര്‍ത്താവ് കാണുന്നുണ്ട്.

Share:

Anna ONeil

Anna ONeil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles