Home/Encounter/Article

ഡിസം 08, 2022 571 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

‘എന്‍റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’

അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്‍റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള കുഞ്ഞു മാലാഖ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് ദൈവമേ എന്നുള്ള മാതാപിതാക്കളുടെ നിലവിളിയില്‍ ഞങ്ങളെല്ലാവരും നിശബ്ദതയില്‍ കണ്ണീരൊഴുക്കി. കണ്ണീരിന്‍റെ മൂക താഴ്വര… ആരെയും ആശ്വസിപ്പിക്കാനോ സ്വയം ആശ്വസിക്കാനോ കഴിയാത്ത അവസ്ഥ… ആ കുഞ്ഞുമാലാഖയെ പൊതിഞ്ഞു കെട്ടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒടുവില്‍ കണ്ണുനീരോടെ ഞാന്‍ ആ ദൗത്യം ചെയ്തുതീര്‍ത്തു…. ആ മാതാപിതാക്കളുടെ ആദ്യത്തെ കുഞ്ഞ് ഒരു മാസമായപ്പോള്‍ മരിച്ചു പോയതാണ്. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച മുത്ത്… മൂന്ന് മാസം ആയപ്പോള്‍ ആ കുഞ്ഞും നഷ്ടപ്പെട്ടിരിക്കുന്നു. ഈശോയോടു വല്ലാത്ത കലിപ്പിലാണ് ഇന്ന്. മുറിയില്‍ ചെന്നിട്ടു വേണം രണ്ട് പറയാന്‍… അന്ന് ജോലി എങ്ങനെ തീര്‍ത്തു എന്ന് അറിയില്ല.

മുറിയില്‍ എത്തി. കുളിയെല്ലാം കഴിഞ്ഞു. ഈശോയെ മൈന്‍ഡ് ചെയ്തില്ല. പതിവ് വര്‍ത്തമാനങ്ങളും കൊഞ്ചലും ഒന്നും ഇല്ല, ഭക്ഷണവും കഴിച്ചില്ല. കിടക്കയില്‍ കയറി കിടന്നു. ഈശോയ്ക്ക് ചെറിയൊരു ഭയം ഉള്ളില്‍ ഉണ്ട്, എന്‍റെ ദേഷ്യം കണ്ടിട്ടാവണം. മൈന്‍ഡ് ചെയ്യാത്തതിന്‍റെ വിഷമവും…. കുറെ വര്‍ഷങ്ങളായി ഈശോയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്… ഇന്ന് അതിനും മനസ്സില്ല.

ഈശോക്ക് ഒരു ഡോസ് കൊടുക്കാതെ ഉറക്കം വരില്ലെന്നായി. കണ്‍മുന്നില്‍ വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു മാലാഖയുടെ രൂപം… കാതുകളില്‍ ആ കുഞ്ഞിന്‍റെ മാതാപിതാക്കളുടെ നിലവിളി… എങ്ങനെ ഉറങ്ങും?

ഞാന്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന ക്രൂശിതരൂപം കയ്യിലെടുത്തു. ഈശോയുടെ നെഞ്ചില്‍ ഞാന്‍ ഒരു ലേബല്‍ എഴുതി ഒട്ടിച്ചിരുന്നു, ‘നസ്രായന്‍റെ പെണ്ണ് ക്രിസ്റ്റീന’ എന്ന്.

സങ്കടവും ദേഷ്യവും അടക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആ ലേബല്‍ വലിച്ചൂരി. ഇനി അങ്ങനൊരു ലേബല്‍ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു. എന്നിട്ടും വാശി തീരാതെ എ.സിയുടെ തണുപ്പ് കൂട്ടിയിട്ടു. ഈശോയോടു പറഞ്ഞു, ‘ഇന്ന് തനിച്ചു കിടന്നാല്‍ മതി. ബ്ലാങ്കറ്റും ഇല്ല ഞാനും ഇല്ല.’ ഇങ്ങനെ ഒക്കെ ചെറിയ ശിക്ഷ കിട്ടിയില്ലെങ്കില്‍ ഈശോയുടെ ചില കുറുമ്പുകള്‍ മാറില്ലെന്ന് ഈശൊക്കൊരു മുന്നറിയിപ്പും കൊടുത്തു.

ഈശോ ഒന്നും മിണ്ടിയില്ല. ഞാന്‍ ഫൂലന്‍ ദേവിയായി മാറുമ്പോള്‍ ഈശോ നിശ്ശബ്ദനാവും. വേറെ ഒന്നും കൊണ്ടല്ല, മൗനം വിദ്വാന് ഭൂഷണം എന്ന് ഈശോക്കറിയാം. വേറെ ആരോടും ഞാന്‍ വഴക്കിനു പോവില്ലെന്നും എന്‍റെ ബോയ്ഫ്രണ്ട് ഈശോയ്ക്ക് അറിയാവുന്നതു കൊണ്ട് സഹിക്കാതെ വേറെന്തു ചെയ്യാന്‍… പാവം ഈശോ.

തലയിലൂടെ ബ്ലാങ്കറ്റ് ഇട്ടുമൂടി ഞാന്‍ കിടന്നുറങ്ങി. ഈശോ തണുത്തുറഞ്ഞ് എസിയിലും. ഉച്ചയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്. ക്ഷീണവും ഒപ്പം ഈശോയോട് വഴക്കിട്ട ‘സന്തോഷവും’ കൂടി ആയപ്പോള്‍ നന്നായി ഉറങ്ങി. എന്നാലും കലിപ്പ് കെട്ടടങ്ങിയിട്ടില്ല മുഴുവന്‍…

വളരെയധികം ദേഷ്യം വന്നാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി വാങ്ങി കഴിക്കും …. ദേഷ്യം മാറാനുള്ള ഒരു മരുന്നെന്നപോലെ… എന്നാല്‍ എല്ലായ്പ്പോഴും ഈശോയോടു പറയുംപോലെ ഇപ്പോള്‍ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. പിണങ്ങി ഇരിക്കുകയല്ലേ… എന്നിലെ അഹങ്കാരം സമ്മതിച്ചില്ല. പക്ഷേ അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു വാട്സ്ആപ് സന്ദേശം… വേറൊന്നുമല്ല, ഈശോയോടു ചോദിക്കാന്‍ മടിച്ച ചിക്കന്‍ ബിരിയാണി! ഒരു രാത്രി തണുത്തു വിറച്ച് കിടക്കാന്‍ വിട്ടിട്ടും എന്‍റെ ശകാരങ്ങള്‍ കേട്ടിട്ടും ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ ദേഷ്യവും സങ്കടവും തീര്‍ക്കാന്‍വേണ്ടി ഓടിത്തളര്‍ന്ന് ചിക്കന്‍ ബിരിയാണി തയാറാക്കിയ ഈശോ… ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഉടനെ ക്രൂശിതരൂപത്തിലെ ഈശോയെ കയ്യിലെടുത്തു തുരുതുരെ ചുംബിച്ചു… എത്ര തവണ എന്ന് എനിക്ക് ഓര്‍മയില്ല. ചുടുകണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ക്രൂശിത രൂപത്തെ കഴുകി തുടച്ചു. എന്‍റെ ഹൃദയത്തില്‍ ഒരു ബലൂണില്‍ കാറ്റ് നിറയുന്ന പോലെ ഈശോയുടെ സ്നേഹം നിറയാന്‍ തുടങ്ങി. ‘എന്‍റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’ എന്ന് ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചെറിയ പിണക്കങ്ങള്‍ക്കൊടുവില്‍ ഈശോയോട് കൂടിച്ചേരുമ്പോള്‍ ഉള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല….

ഈശോ ഒരിക്കലും പിണങ്ങാറില്ല. നമ്മള്‍ മനുഷ്യരാണ് ഈശോയോട് പിണങ്ങാറുള്ളത്. ഓരോ കുമ്പസാരക്കൂട്ടിലും സംഭവിക്കുന്നത് മനുഷ്യഹൃദയങ്ങളില്‍ ഈ ദൈവസ്നേഹം നിറയലാണ് ….

‘ദിനവും യേശുവിന്‍റെ കൂടെ

ദിനവും യേശുവിന്‍റെ ചാരെ

പിരിയാന്‍ കഴിയില്ലെനിക്ക്

പ്രിയനേ എന്നേശു നാഥാ’

ഈ വരികള്‍ ഈശോയെ നെഞ്ചോടു ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു പാടി. അതിനിടയില്‍ ഊരി എറിഞ്ഞ ലേബല്‍ വീണ്ടും ഈശോയുടെ ചങ്കില്‍ ഒട്ടിച്ചു, ‘നസ്രായന്‍റെ പെണ്ണ് ക്രിസ്റ്റീന.’

ഉടന്‍ വന്നു, ഈശോയുടെ ഒരു ഡയലോഗ്, ‘ഐ ലവ് യു വാവേ!’

യോനായുടെ കോപത്തിന് ദൈവം നല്‍കിയ മറുപടി തന്നെയാണ് എനിക്കും ഈശോ തന്നത്. എന്‍റെ ആരും അല്ലാതിരുന്നവരുടെ ദുഃഖം എന്നെ ഇത്രമാത്രം വേദനിപ്പിച്ചെങ്കില്‍ സ്വന്തം ചോരത്തുള്ളികള്‍ വിലയായി കൊടുത്തു വാങ്ങിയ മനുഷ്യാത്മാക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഈശോയുടെ ദുഃഖം എത്ര മാത്രം വലുതാണ്. ഒരു ദിവസം ഈശോക്ക് എത്ര മക്കളെയാണ് നഷ്ടപ്പെടുന്നത്? ഈശോയേ നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിന്നെ ആശ്വസിപ്പിക്കാനായി ചെയ്യാവുന്നത് അതല്ലേ….

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles