Trending Articles
ക്ലീനിങ് ദിവസം ഉണ്ടായ ഒരു സംഭവമാണ് ഇക്കാര്യത്തില്‍ എന്‍റെ കണ്ണുതുറപ്പിച്ചത്. സാധനങ്ങള്‍ എല്ലാം പുറത്തേക്ക് എടുത്ത് വീടിന്‍റെ അകം വൃത്തിയാക്കാനുണ്ട്. കൂടാതെ പുറത്ത് മരപ്പണി കഴിഞ്ഞതിന്‍റെ പൊടിയും മറ്റും അടിച്ചുവാരി കളയാനുമുണ്ട്. രാവിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ക്ലീനിങ് ആരംഭിക്കാന്‍ പോവുകയായി. ആദ്യം ഏത് ചെയ്യണം?
ഉടനെ മുമ്പത്തെ ദിവസം ഞങ്ങളുടെ ഗുരു അച്ചനില്‍ നിന്നും കേട്ട ഒരു കാര്യം ഓര്‍മ്മയില്‍ വന്നു. എന്തിനും ഏതിനും ആദ്യം പരിശുദ്ധാത്മാവിനോട് ചോദിക്കുക. ഉടനെ ഞങ്ങള്‍ ചോദിച്ചുനോക്കി. ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു കൊച്ചുദര്‍ശനം പോലെ ഇങ്ങനെ തോന്നി. ഉച്ചയ്ക്ക് മുമ്പായി വീടിന്‍റെ അകം വൃത്തിയാക്കുക. ഉച്ചയ്ക്ക് ശേഷം പുറംഭാഗവും. ഞങ്ങള്‍ നേരെ തിരിച്ചാണ് ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നത്. കാരണം ഉച്ചയ്ക്ക് ശേഷം പുറത്ത് നല്ല വെയിലാണ്. എന്നാല്‍ ഇത്തവണ ഞങ്ങള്‍ ഇങ്ങനെ ചെയ്തു.
വീടിന്‍റെ അകം വൃത്തിയാക്കി കഴിഞ്ഞതേ, അതാ നല്ല പെരുമഴ. പുറത്തെ മരപ്പൊടിയും മരച്ചീളും ആ മഴതന്നെ വൃത്തിയാക്കി തന്നു. അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യേണ്ടിവന്നില്ല.
പരിശുദ്ധാത്മാവിനോട് ചോദിച്ചതിന്‍റെ ഫലം ആദ്യം സ്വന്തം ജീവിതത്തില്‍ മനസ്സിലാക്കിയ സംഭവമായിരുന്നു അത്. പിന്നീടങ്ങോട്ട്- പോകേണ്ട വാഹനം, വാങ്ങിക്കേണ്ട വസ്തു, ഏറ്റുപറയാന്‍ മറന്നുപോയ പാപം, വിട്ടുപോയ ഉത്തരവാദിത്വം എന്നിങ്ങനെ ഒട്ടുമിക്ക കാര്യങ്ങളിലും പരിശുദ്ധാത്മാവിനോട് ചോദിച്ചു ചെയ്യാന്‍ സന്തോഷമാണ്. ആത്മാവ് വ്യക്തവും കൃത്യവുമായി പറഞ്ഞുതരികയും ചെയ്യുന്നുണ്ട്. അത് തെറ്റാറുമില്ല.
വരദാനഫലങ്ങള്‍ നമ്മുടെ പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കേണ്ട ഒന്നാണ്. ധ്യാനങ്ങള്‍ നടക്കുമ്പോള്‍ മാത്രം സംഭവിക്കേണ്ട ഒന്നല്ല സത്യത്തില്‍ ആത്മാവിന്‍റെ വരദാനഫലങ്ങളുടെ ഉപയോഗം. നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും, വിളിയും നിയോഗവുമനുസരിച്ച് ശുശ്രൂഷാ ജീവിതത്തിലും, വരദാനഫലങ്ങള്‍ ഉപയോഗിക്കുകയും പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും വേണം.
ശരിയായ മനഃസാക്ഷിയുടെ രൂപീകരണത്തിലൂടെയും വചനത്തിന്‍റെ നിറവിലൂടെയും പരിശുദ്ധ അമ്മയോടുള്ള ഭക്തി മുഖേനയും പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനങ്ങളോടുള്ള തുറവിയിലൂടെയും വിശ്വാസത്തിലൂടെയുമാണ് വരദാനഫലങ്ങള്‍ നമ്മില്‍ പ്രകടമാവുക.
ആദിമസഭയില്‍, അപ്പസ്‌തോലന്‍മാരുടെ അനുദിന ജീവിതത്തില്‍ ഈ വിധത്തിലുള്ള പ്രവര്‍ത്തനം നമുക്ക് കാണാനാകും. ഭക്ഷണം പാകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ സവിശേഷമായ ഒരു ദിവ്യാനുഭൂതി അനുഭവപ്പെട്ട പത്രോസ് ശ്ലീഹായുടെ അനുഭവം (അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 10/9-17), ഷണ്ഡനോട് വചനം വ്യാഖ്യാനിക്കാന്‍ അപ്രതീക്ഷിതമായ ദിശയില്‍ സഞ്ചരിച്ച പീലിപ്പോസിന്‍റെ അനുഭവം (അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 8/26-39)- ഇവയെല്ലാം ഉത്തമ ഉദാഹരണങ്ങളാണല്ലോ.
നമുക്ക് ആത്മാവിന്‍റെ വരദാനഫലങ്ങളോടുള്ള ഒരു വലിയ തുറവി ആഗ്രഹിക്കാം. പുതിയ കൃപകളും പുതിയ അഭിഷേകവും നേടിയെടുത്ത് മുന്‍പോട്ട് കുതിക്കാം. ആത്മാവിന്‍റെ ഏഴ് ദാനങ്ങളും ഒന്‍പത് വരങ്ങളും പന്ത്രണ്ട് ഫലങ്ങളും നല്‍കി അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ. അനുദിനജീവിതത്തില്‍, പ്രായോഗികതലത്തില്‍, ദൈവരാജ്യശുശ്രൂഷകളില്‍ ആത്മാവിന്‍റെ ശക്തമായ പ്രവര്‍ത്തനം പ്രകടമാകട്ടെ. പുതിയ വീഞ്ഞ് പുതിയ തോല്‍ക്കുടങ്ങളിലെന്നപോലെ നമുക്ക് നമ്മെത്തന്നെ പുത്തനാക്കാം. പുതുവീഞ്ഞ് കുടിച്ച് ലഹരിയിലാഴ്ന്നവരെപ്പോലെ നമുക്കും ആത്മാവിനാല്‍ ഗ്രസിക്കപ്പെടാം.
ജോയേല്‍ 2/28,29- ”അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്‌നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്‍റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും.”’
പെന്തക്കുസ്താ തിരുനാളിനായി പ്രത്യേകം നമുക്ക് പ്രാര്‍ത്ഥിച്ച് ഒരുങ്ങാം.
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
Want to be in the loop?
Get the latest updates from Tidings!