Home/Encounter/Article

മാര്‍ 27, 2020 1945 0 Seema Johnson Thodupuzha
Encounter

ഇങ്ങോട്ടുവരുന്ന ദൈവം

ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയുടെ സമയം. ഞാന്‍ ശാലോം നൈറ്റ് വിജിലിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം ചോദിച്ചു. 2014 ഒക്ടോബര്‍മാസമായിരുന്നു അത്. അതിനുശേഷം ജീവിതത്തില്‍ ദൈവത്തിന്‍റെ വലിയ ഇടപെടലാണ് ഉണ്ടായത്. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു. നന്ദിസൂചകമായി ശാലോം ടൈംസ് മാസിക വാങ്ങി വിതരണം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഭര്‍ത്താവും ഞാനുംകൂടി ഇക്കാര്യം ആലോചിച്ചപ്പോള്‍ അഞ്ച് മാസിക വാങ്ങി വിതരണം ചെയ്യാമെന്നാണ് തീരുമാനമെടുത്തത്. അതിന്‍റെ കാര്യങ്ങള്‍ ക്രമീകരിക്കാനായി വീണ്ടും ശാലോമിലേക്ക് വിളിച്ചപ്പോഴാണ് ഓഫീസില്‍നിന്ന് പറയുന്നത്. പത്ത് ശാലോം ടൈംസ് വാങ്ങിയാല്‍ അത് ഒരു ഏജന്‍സിയാകും എന്ന്. അതിനാല്‍ ഞങ്ങള്‍ പത്ത് മാസിക വാങ്ങാന്‍ തീരുമാനിച്ചു.

അപ്രകാരം ശാലോം ടൈംസിന്‍റെ ഏജന്‍റായതുമുതല്‍ ജീവിതത്തിലെ നിരവധി കാര്യങ്ങളില്‍ കര്‍ത്താവിന്‍റെ ദൃശ്യവും അദൃശ്യവുമായ ഇടപെടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവിന്‍റെ ജോലിയില്‍, കുഞ്ഞുങ്ങളുടെ പഠനത്തില്‍, ആരോഗ്യത്തില്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അവിടുത്തെ വ്യക്തമായ ഇടപെടല്‍ കാണാമായിരുന്നു. അതുകണ്ട് പലരും കൂടുതല്‍ വിശ്വാസത്തിലേക്ക് വന്നു.

മാസിക വിതരണം ചെയ്യാന്‍ തുടങ്ങിയ സമയത്ത് എന്‍റെ ഇളയ മകന് എട്ട് മാസമായിരുന്നു പ്രായം. മാസിക കൊടുക്കാന്‍ പോകുമ്പോള്‍ അവനെയും തോളത്തെടുത്താണ് പോകുക. പലരും ഇത് കണ്ട് കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. പക്ഷേ, വിതരണം ചെയ്തുതുടങ്ങിയതുമുതല്‍ ഇന്നോളം കര്‍ത്താവിന്‍റെ വചനം കൈയിലേന്തി പോകുമ്പോള്‍ സന്തോഷത്തോടെ എനിക്ക് അവിടുത്തെ ശുശ്രൂഷ ചെയ്യാനുള്ള കൃപ അവിടുന്ന് തന്നിട്ടുണ്ട്. സങ്കീര്‍ത്തനങ്ങള്‍ 100:2 – “സന്തോഷത്തോടെ കര്‍ത്താവിന് ശുശ്രൂഷ ചെയ്യുവിന്‍.” ഈ വചനം നിറവേറ്റാനുള്ള കൃപ അവിടുന്നുതന്നെ നല്കുന്നു. മാത്രവുമല്ല, എന്‍റെ അനുഭവത്തില്‍ ശാലോം മാസിക വേണമോ എന്ന് വളരെക്കുറച്ച് പേരോടുമാത്രമേ ചോദിക്കേണ്ടിവന്നിട്ടുള്ളൂ. എന്നിലൂടെ വചനം സ്വീകരിക്കേണ്ടവരെ ഈശോ എന്‍റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതായാണ് കൂടുതലും കണ്ടിട്ടുള്ളത്.

“എല്ലാവര്‍ക്കും എല്ലാ ഭൂഖണ്ഡങ്ങളിലും പോയി സുവിശേഷം പ്രഘോഷിക്കുക സാധ്യമല്ല. ഓരോരുത്തരും തങ്ങള്‍ ആയിരിക്കുന്ന ചുറ്റുപാടുകളില്‍ സുവിശേഷത്തിന്‍റെ ചെറു കൈത്തിരി കൊളുത്തുക.” ഈ ചിന്ത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ സുവിശേഷപ്രഘോഷണത്തില്‍ എന്‍റെ പങ്കെന്ന നിലയില്‍ അനേകരോട് ശാലോം ടെലിവിഷനെ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും താങ്ങിനിര്‍ത്തുന്ന ശാലോം പീസ് ഫെലോഷിപ്പിനെക്കുറിച്ച് പറയും, അംഗങ്ങളാകാന്‍ പ്രേരിപ്പിക്കും. കൂടാതെ എന്നോട് പ്രാര്‍ത്ഥന ചോദിച്ചിട്ടുള്ളവരെയും വരിക്കാരെയുമെല്ലാം നൈറ്റ് വിജിലില്‍ പങ്കെടുക്കാന്‍ ഓര്‍മ്മിപ്പിക്കും. അവരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ശാലോമില്‍ അറിയിക്കും.

ഇപ്രകാരം മുന്നോട്ടുപോകുമ്പോള്‍ പ്രതിസന്ധികളുണ്ടെങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്നു. എന്നാല്‍ ദൈവഹിതമനുസരിച്ച് ചില പ്രതിസന്ധികള്‍ അത്ഭുതകരമായി നീങ്ങുന്നതിനും ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഒരിക്കല്‍ സന്ധികള്‍ക്കും തോളിനുമെല്ലാം മാറിമാറി വേദന വരാന്‍ തുടങ്ങി. വേദനസംഹാരികള്‍ ഉപയോഗിച്ചിട്ടുപോലും വേദനയ്ക്ക് ഒരു ശമനവുമില്ല. ഉറങ്ങാന്‍പോലും സാധിക്കാതെയായി. അക്കാലമായപ്പോഴേക്കും ശാലോം ടൈംസിന്‍റെമാത്രമല്ല സണ്‍ഡേ ശാലോമിന്‍റെയും ഏജന്‍റായി മാറിയിരുന്നു ഞാന്‍. എന്നാല്‍ അപ്പോഴത്തെ അവസ്ഥയില്‍ അതൊന്നും വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

വിതരണം ചെയ്യാനുളള ഈ പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍ എടുത്തുവച്ച് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തില്‍ ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “ഈശോയേ, അങ്ങാണ് ഇത് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നും ഞാനിത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കില്‍ എനിക്ക് സൗഖ്യം തരണമേ.” അതിനുശേഷം അവിടുന്ന് അത്ഭുതകരമായി എന്നെ സൗഖ്യപ്പെടുത്തി. ഞാന്‍ ഒരു ഉപകരണമായി നിന്നുകൊടുക്കുമ്പോള്‍ അവിടുന്ന് എന്നെ ഉപയോഗിക്കുന്നു. അനുദിനം ദിവ്യബലി അര്‍പ്പിക്കാനും അവിടുന്ന് കൃപ തരുന്നു. ഓരോ ദിവസവും വിശുദ്ധ ബലിയില്‍ ഞാനിങ്ങനെ പ്രാര്‍ത്ഥിക്കും, “ഈശോയേ, ഇന്ന് അങ്ങയെപ്പറ്റി ഒരു വ്യക്തിയോടെങ്കിലും പറയാനും എന്‍റെ ഉള്ളിലുള്ള ഈശോയെ ഒരാള്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കാനും കൃപ തരണേ.”

ഈ പ്രാര്‍ത്ഥന അനുദിനം എന്‍റെ ജീവിതത്തില്‍ നിറവേറുന്നുണ്ട്. അതോര്‍ത്ത് എനിക്ക് വളരെ സന്തോഷമാണ്. ഈ ശുശ്രൂഷയില്‍ ഭര്‍ത്താവും മൂന്ന് മക്കളും എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒന്നിച്ചാണ് ശാലോം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നത്. അവിടുന്ന് ഞങ്ങളെ നടത്തുന്ന വഴികളോര്‍ത്ത് നന്ദി പറഞ്ഞാല്‍ തീരുകയില്ല. “കര്‍ത്താവ് എന്‍റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കും” സങ്കീര്‍ത്തനങ്ങള്‍ 116:12-13).

Share:

Seema Johnson Thodupuzha

Seema Johnson Thodupuzha

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles