Trending Articles
ഒരിക്കല്‍ ഒരു കൊച്ചുപുസ്തകം എന്റെ കൈയില്‍ കിട്ടി. ‘ലവീത്ത’ എന്നായിരുന്നു ആ പ്രാര്‍ത്ഥനാപുസ്തകത്തിന്റെ പേര്. കിട്ടിയ ഉടനെ മറിച്ചുപോലും നോക്കാതെ ഞാന്‍ അത് എന്റെ എണ്‍പത്തിനാലുകാരിയായ അമ്മയെ ഏല്‍പ്പിച്ചു. അമ്മയ്ക്ക് ഏത് പ്രാര്‍ത്ഥന കിട്ടിയാലും വായിക്കാന്‍ വലിയ ഇഷ്ടമാണ് എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ അതുമാത്രമാണ് കാരണം എന്ന് പറയാനാവില്ല. ‘ഇതൊന്നും എനിക്ക് അത്ര പറ്റിയതല്ല, അമ്മയ്ക്കാണ് കൂടുതല്‍ ഇണങ്ങുക’ എന്ന ഒരു ചിന്തയുമുണ്ടായിരുന്നു എന്റെയുള്ളില്‍.
കുറെ മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം പതിവുപോലെ ഞാന്‍ കമ്പ്യൂട്ടറില്‍ എന്റെ ഓണ്‍ലൈന്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ അമ്മ വന്ന് ആ ചെറിയ പുസ്തകം എന്റെ നേര്‍ക്കു നീട്ടി ‘ലവീത്ത പ്രാര്‍ത്ഥനയാ’ എന്ന് പറഞ്ഞു. ആദ്യം എനിക്ക് മനസിലായില്ല. കയ്യില്‍ വാങ്ങി നോക്കിയപ്പോഴാണ് ഓര്‍മ്മ വന്നത്. കിട്ടിയ ഉടനെ വായിച്ചുപോലും നോക്കാതെ അമ്മയെ ഏല്‍പ്പിച്ച പുസ്തകമാണല്ലോ എന്ന്. ആ ഒരു ഖേദത്തോടെ ഞാന്‍ അത് മുഴുവന്‍ വായിച്ചു.
ചെറിയ പുസ്തകമാണെങ്കിലും അത് വളരെ നല്ലതായി തോന്നി. പല ദിവസങ്ങളിലായി രണ്ടോ മൂന്നോ പ്രാവശ്യം ഞാന്‍ അത് ആവര്‍ത്തിച്ച് വായിച്ചു. അപ്പോഴാണ് അതിന്റെ തുടക്കത്തില്‍ നല്‍കിയിരുന്ന പരിശുദ്ധാത്മാവിനോടുള്ള ജപം എന്നെ ആകര്‍ഷിച്ചത്. പിന്നെ അത് മാത്രമായി പലപ്പോഴും ചൊല്ലാന്‍ തുടങ്ങി, അല്ല നോക്കി വായിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. ഒടുവില്‍ അത് കാണാതെ പഠിച്ചു. ദിവസത്തില്‍ പല തവണ ആ പ്രാര്‍ത്ഥന ചൊല്ലുന്നത് ഒരു ശീലവുമായി. അതിലെ ഓരോ വാക്കുകളിലും വരികളിലും എന്തുമാത്രം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് പതിയെ വെളിപ്പെട്ടുതുടങ്ങി.
പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക.
മാമ്മോദീസായിലൂടെ നല്കപ്പെട്ട പരിശുദ്ധാത്മാവിനെ നമ്മള് പാപം ചെയ്ത് അകറ്റി നിര്‍ത്തുകയാണ് പലപ്പോഴും. അപ്പോള്‍ ആ പരിശുദ്ധാത്മാവ് നമ്മിലേക്ക് തിരിച്ചുവന്നു നമ്മുടെ ഹൃദയത്തില്‍ വാസമാക്കുവാന്‍ പശ്ചാത്താപത്തോടെ കരഞ്ഞു വിളിക്കേണ്ടി വരുന്നു.
അങ്ങേ വെളിവിന്റെ കതിരുകളെ സ്വര്‍ഗ്ഗത്തില്‍നിന്നും അയയ്ക്കണമേ.
വെളിവ് എന്നത് ജ്ഞാനം അഥവാ നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ആണ്. കതിരുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വീണ്ടും ഞാന്‍ ധ്യാനിച്ചു. ധാന്യങ്ങളാണല്ലോ കതിരുകളായി വിളയുന്നത്. അതുപോലെ ജ്ഞാനം നമ്മില്‍ കതിരാകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കതിരുകള്‍ക്കു രശ്മികള്‍ എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. അപ്പോള്‍ വെളിവ് എന്നത് പ്രകാശവും ആകുന്നു.
അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക.
ഒരു അഗതിയെപ്പോലെ അവിടുന്നില്‍ ആശ്രയിക്കുന്ന നമ്മുടെ ഓരോ തലമുടിനാരുപോലും എണ്ണി സൂക്ഷിക്കുന്ന, കണ്ണുനീരുകളെ കുപ്പിയില്‍ സൂക്ഷിക്കുന്ന ഒരു പിതാവായ ദൈവം നമുക്കുണ്ട് എന്ന ആശ്വാസം ഈ വരികളിലൂടെ ലഭിക്കുന്നു.
ഹൃദയത്തിലെ അന്ധകാരത്തെ നീക്കി പ്രകാശമായി എത്തുന്ന പരിശുദ്ധാത്മാവ് നല്കുന്ന ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നീ ദാനങ്ങള്‍ ധാരാളമായി വര്‍ഷിക്കപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നു.
എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ…
ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. വിണ്ടുണങ്ങിയ ഹൃദയത്തിലേക്ക് ആശ്വാസത്തിന്റെ മഴത്തുള്ളികളായി പെയ്തിറങ്ങുന്ന പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്.
ആത്മാവിന് മാധുരമായ വിരുന്നേ…
നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടവര്‍ വീട്ടില്‍ വിരുന്ന് വരുന്നത് വളരെ സന്തോഷപ്രദമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന് വിരുന്നായി എത്തുന്ന പരിശുദ്ധാത്മാവ്. അത് മധുരതരമായ മുഹൂര്‍ത്തം തന്നെയാണ്.
മധുരമായ തണുപ്പേ, കരച്ചിലില്‍ സ്വൈരമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല.
ദൈവമേ അങ്ങേ വെളിവ് കൂടാതെയുള്ള അവസ്ഥകളില്‍ ഞങ്ങള്‍ മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയിലേക്ക് അധഃപതിക്കുന്നു. എങ്കിലും പാപികളോടുള്ള കരുണാര്‍ദ്രമായ സ്നേഹത്താല്‍ അവിടുന്ന് ഞങ്ങളെ വീണ്ടെടുക്കുന്നു. അങ്ങയുടെ തിരുക്കുമാരന് കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്റെ യോഗ്യതയാല്‍ അങ്ങേ പരിശുദ്ധാത്മാവിനെ നല്കുന്നു. അങ്ങേയ്ക്ക് നന്ദിയും സ്തോത്രവും…
അറപ്പുള്ളതു കഴുകുക
വിശുദ്ധ മദര്‍ തെരേസ കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ കുഷ്ഠരോഗികളെ വാരിയെടുക്കുകയും അവരുടെ അറപ്പ് തോന്നിക്കുന്ന ശരീരഭാഗങ്ങള്‍ കഴുകി തുടച്ച് മരുന്ന് വച്ച് കെട്ടി ശുശ്രൂഷിക്കുകയും ചെയ്തിരുന്നല്ലോ. അറപ്പുള്ളത് കഴുകുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ വലിയ ദൃഷ്ടാന്തമായി അത് എനിക്ക് തോന്നി.
വാടിപ്പോയതു നനയ്ക്കുക.
ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോഴാണല്ലോ വാടിപ്പോകുന്നത്. മനുഷ്യരായ നമ്മളും ജീവിതത്തിന്റെ പല ദുര്‍ഘട നിമിഷങ്ങളിലും തളരുകയും വാടിപ്പോകുകയും ചെയ്യാറുണ്ട്. അവിടെ ജീവന്റെ ജലം നമുക്ക് പുത്തന്‍ ഉണര്‍വ് നല്കുന്നു.
മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക.
മുറിവുകള്‍ ശരീരത്തിലും മനസിലും ആത്മാവിലും ഉണ്ടാകാം. ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും മുറിവുണക്കാന്‍ ശക്തിയുള്ള ഏറ്റവും വലിയ ഭിഷഗ്വരനായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
കടുപ്പമുള്ളതു മയപ്പെടുത്തുക
ഹൃദയകാഠിന്യം മാറ്റി മൃദുവാക്കാനും അലിയിപ്പിക്കാനും ദൈവത്തിന്റെ ആത്മാവിന് സാധിക്കും. മറ്റുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെയാണ് അത് സാധ്യമാകുന്നത്. പ്രാര്‍ത്ഥനകള്‍കൊണ്ട് ആത്മാക്കളെ നേടിയ വിശുദ്ധ കൊച്ചുത്രേസ്യയുടെയും മറ്റു വിശുദ്ധരുടെയും മാതൃക നമുക്കും പ്രചോദനമാകട്ടെ.
തണുത്തത് ചൂടുപിടിപ്പിക്കുക
നമ്മുടെ അനുദിന ജീവിതത്തില്‍ ഊര്‍ജവും ഉന്മേഷവും ലഭിക്കാന്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന സഹായകമാകുന്നു.
നേര്‍വഴിയല്ലാതെ പോയതു തിരിക്കുക
ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനയാണ് വഴി തെറ്റി പോയവരെ തിരിച്ചു കൊണ്ട് വരാന്‍ ഇടയാക്കുന്നത്. കേവലം വ്യക്തികള്‍ക്കു വേണ്ടി മാത്രമല്ല വഴിതെറ്റി പോയ സമൂഹത്തിനും രാജ്യങ്ങള്‍ക്കു വേണ്ടിയും നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.
അങ്ങില്‍ ശരണപ്പെട്ടിരിക്കുന്നവര്‍ക്ക് ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍
Binumon George
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreസെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreകൊച്ചുസ്വര്‍ഗത്തില്‍നിന്ന് ലേഖിക പഠിച്ച വലിയ കാര്യങ്ങള്‍. മാതാപിതാക്കളുടെ സ്നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ശനിയാഴ്ചകളില്‍ നിത്യ സഹായ മാതാവിന്റെ നൊവേനക്ക് പോയാല്‍ മാതാവിന്റെ നെഞ്ചില്‍ കുഞ്ഞിക്കൈകള്‍ വച്ച് ഞാന്‍ പറയുമായിരുന്നു, "എന്നെ ആര്‍ക്കും വേണ്ട. നിനക്ക് എന്റെ അമ്മ ആകാമോ?" എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ഇത് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. ആരും എന്നെ സ്നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിരാശ പിടിമുറുക്കിയപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഒരു കുറിപ്പ് എഴുതി എന്റെ ഈശോയ്ക്ക്. പ്രിയപ്പെട്ട ഈശോ അറിയുന്നതിന്, എന്നെ ഇവിടെ ആര്‍ക്കും ഇഷ്ടമില്ല എന്ന് നിനക്ക് അറിയാമല്ലോ. എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഈശോയേ.... നിനക്കും എന്നെ വേണ്ടേ? നിനക്ക് പറ്റുമെങ്കില്‍ എന്നെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ? ഞാന്‍ മരിച്ചോളാം. എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം മരിയ മരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ട് ഈശോയോടുതന്നെ സഹായം ചോദിക്കുന്ന എന്റെ നിഷ്കളങ്കത ഈശോ മനസ്സിലാക്കിക്കാണണം. എന്തായാലും ഇന്റര്‍വെല്‍ സമയങ്ങളില്‍ ആരും കാണാതെ ബാഗില്‍നിന്ന് ഈ എഴുത്ത് എടുത്ത് ഇടയ്ക്കു വായിക്കുന്നത് അടുത്തിരുന്ന സഹപാഠി കണ്ടുപിടിച്ചു. അവള് ആ കത്ത് ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ എത്തിച്ചു. ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു. അങ്ങനെ ഈശോയോടുതന്നെ സഹായം ചോദിച്ച് മരിക്കാനുള്ള ശ്രമം വന്‍പരാജയമായി. 'കൊച്ചുസ്വര്‍ഗം' അഞ്ചാം ക്ലാസ്സുമുതല്‍ പുതിയ സ്കൂളിലേക്ക് മാറി. പരിചയമുള്ളവര്‍ വളരെ കുറവ്. അവിടെയും ഞാന്‍ ഒറ്റപ്പെടുന്നപോലെ തോന്നി. പിന്നീട് പതിയെ കുറച്ചു പേരിലേക്ക് എന്റെ സുഹൃദ്ബന്ധം വികസിച്ചു. പക്ഷേ എന്റെ ഹൃദയം തുറന്നു സംസാരിക്കാവുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ എനിക്ക് അവിടെയും ലഭിച്ചില്ല. നാളുകള്‍ കടന്നുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ആ സ്കൂളില്‍ ഏഴാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക മാനസിക സംഘര്‍ഷം ഉണ്ടാകും. കാരണം എല്ലാ കുട്ടികളും പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും 7 സി ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കാനാണ്. ആ ക്ലാസ് അറിയപ്പെടുന്നത് 'കൊച്ചുസ്വര്‍ഗം' എന്നാണ്. നമുക്ക് സ്കൂള്‍ ഗ്രൗണ്ടിലേക്ക് വരാം. കുട്ടികളുടെ പേരുകള്‍ ഓരോ ടീച്ചര്മാര് വന്നു വിളിച്ചു അവരുടെ ക്ലാസ്സിലേക്ക് കൊണ്ടു പോവുകയാണ്. എ, ബി ഡിവിഷനുകളിലേക്കു പേരുകള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയാണ്, 'അവര്‍ ആരും ഞങ്ങളെ വിളിക്കല്ലേ ഈശോയേ' എന്ന്.... എ, ബി ഡിവിഷനുകളിലേക്കുള്ളവര്‍ പോയി കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ കൂടി നിന്ന കുട്ടികള്‍ എല്ലാവരും ആഹ്ളാദാരവം മുഴക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാരണം ഇനി ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കൊച്ചുസ്വര്‍ഗമെന്ന ഏഴ് സി ക്ലാസിലേക്ക് പോകാനുള്ളവര്‍ ആണ്, ഹേമലത ടീച്ചറിന്റെ ക്ലാസിലേക്ക്. സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഇടമാണല്ലോ സ്വര്‍ഗം. അതെല്ലാം നിറഞ്ഞ ഒരിടമായതുകൊണ്ടാണ് ടീച്ചറുടെ ക്ലാസിന് കുട്ടികള്‍തന്നെ അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്. മരിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരുന്ന എന്നെ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഈശോ കൂട്ടിക്കൊണ്ടുപോയി. അതെ... അവിടെയാണ് ഞാന്‍ എന്ന മുള്‍ച്ചെടിയെ ഈശോ നനച്ചു വളര്‍ത്തി പൂച്ചെടിയാക്കിത്തുടങ്ങിയത്. എന്റെ അമ്മയാകാമോ എന്ന് മാതാവിനോടും സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ എന്ന് ഈശോയോടും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന എന്റെ രണ്ടു ചോദ്യങ്ങള്‍ക്കും ഈശോ ഉത്തരം നല്കി, ഹേമലത ടീച്ചറിലൂടെ, എന്റെ ആത്മീയ അമ്മയായ ഹേമാമ്മയിലൂടെ... ഹേമലത ടീച്ചറുടെ ജീവിതം തൃശൂര്‍ പാട്ടുരായ്ക്കല്‍ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഹേമലത എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന് രാമസ്വാമി അയ്യര്‍. അമ്മ മീനാക്ഷി. അച്ഛന്റെ അമ്പതാമത്തെ വയസ്സിലും അമ്മയുടെ നാല്പതാമത്തെ വയസ്സിലുമാണ് ദൈവം ആ പൂമ്പാറ്റയെ അവരുടെ കുടുംബത്തിലേക്ക് അയച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. ഡിഗ്രി പഠിക്കുമ്പോള്‍ അച്ഛനും. സഹോദരിമാരുമായി നല്ല ബന്ധം ഉണ്ടെങ്കിലും ഒരു ശൂന്യത ആ പെണ്‍കുട്ടിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യണം എന്ന ഒരേ ഒരു ചിന്തയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരുന്ന വ്യക്തി. ശൂന്യത മാറാന്‍ കോളേജുകള്‍ മാറി, രാജ്യം മാറി, പ്രസ്ഥാനങ്ങളുടെ പിറകെ പോയി. പക്ഷേ ആ ശൂന്യത മാറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡിഗ്രി പഠനം അവസാനിപ്പിച്ചത്. ടീച്ചര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ക്രൂശിതരൂപം താന്‍ പഠിക്കുന്ന കോണ്‍വെന്റ് സ്കൂള്‍ ചാപ്പലില്‍ കാണുന്നത്. ആ ക്രൂശിത രൂപത്തില്‍ തൊട്ടു കൊണ്ടു ടീച്ചര്‍ ഈശോയോടു ചോദിച്ചു "വാട്ട് ഹാപ്പെന്‍ഡ് ഇന്‍ യുവര്‍ ലൈഫ്?" പിന്നീട് കോണ്‍വെന്റിലെ സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ത്ഥിക്കാന്‍ കൂടുമായിരുന്നു. 1981 ഡിസംബര്‍ മാസത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴാണ് ടീച്ചര്‍ക്ക് പരിശുദ്ധാത്മാഭിഷേകം അനുഭവിക്കാന്‍ സാധിച്ചത്. ഒരു വര്‍ഷം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. 1982 ഡിസംബര്‍ 8-ന് തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബ്ബാനയും സ്വീകരിച്ചു. മാമ്മോദീസ പേര് മേരി ഹേമലത എന്നാണ്. ജന്മദിനത്തെക്കാള്‍ ടീച്ചര്‍ പരിശുദ്ധാത്മാവിലുള്ള പുതിയ ജന്മദിനമാണ് ആഘോഷിക്കാറുള്ളത്. "ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്" (2 കോറിന്തോസ് 5/17). ഹേമലത എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ടീച്ചര്‍ മാത്രമല്ല പലര്‍ക്കും അമ്മയും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു. കൊച്ചുസ്വര്‍ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുരിശുവരയ്ക്കല്‍ ആയിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും ജാതിയോ മതമോ നോക്കാതെ എല്ലാവരും ടീച്ചറുടെ അടുത്ത് വന്ന് കുരിശ് വരച്ചു തരാന്‍ പറയുമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നീണ്ട നിര ഉണ്ടാകും. ഞങ്ങള്‍ക്ക് അതൊരു ശക്തി ആയിരുന്നു. കൂടാതെ കുട്ടികള്‍ പരസ്പരം കുരിശുവരയ്ക്കും. ഇന്നും ഒരു ഫോണ്‍ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ അവസാനിക്കുന്നത് പരസ്പരം കുരിശുവരച്ചുകൊണ്ടാണ്. "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ" (1 കോറിന്തോസ് 1/18). ടീച്ചറുടെ മറ്റൊരു പ്രത്യേകത ആരെയും വേര്‍തിരിച്ചു കാണില്ല എന്നതാണ്. ക്ലാസ്സുകളില്‍ കുട്ടികള്‍ ഏറ്റവും മുറിപ്പെടുന്നത് കൂടുതല്‍ പഠിക്കുന്നവരോടും പഠനത്തില്‍ പുറകിലായവരോടും അധ്യാപകര്‍ കാണിക്കുന്ന വിവേചനത്തിലാണ്. കൊച്ചുസ്വര്‍ഗത്തില്‍ കൂടുതല്‍ പഠിക്കുന്നവരെന്നോ പണക്കാരെന്നോ ഭംഗിയുള്ളവരെന്നോ കഴിവുള്ളവരെന്നോ ഒന്നും വേര്‍തിരിവില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. സ്നേഹത്തെപ്രതിയുള്ള ഉപേക്ഷകള്‍ ഇനി കൊച്ചുസ്വര്‍ഗ്ഗവും ഹേമലത ടീച്ചറും ഞാന്‍ എന്ന ദുഃഖപുത്രിയെ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാം. ബ്രാഹ്മണാചാര പ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും നെറ്റിയില്‍ പൊട്ട് വയ്ക്കണം. ഈശോയെ സ്വീകരിച്ച ടീച്ചര്‍ തന്റെ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത വിലപിടിച്ച ആ വസ്തു ഈശോയോടുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ചു. ഇത് കേട്ടുകൊണ്ടിരുന്ന ഏഴാം ക്ലാസുകാരിയായ ഞാന്‍ തീരുമാനിച്ചു. ഇനി എനിക്കും ഈശോയെപ്രതി പൊട്ട് വേണ്ട. ജീവിതത്തില്‍ ആദ്യമായി, എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ അവിടുന്ന് കൃപ തന്നു. തുടര്‍ന്നുള്ള എന്റെ ജീവിതത്തില്‍ ശാസ്ത്രീയസംഗീതം, വയലിന്, നൃത്തം, ചലച്ചിത്രഗാനങ്ങള്‍, സിനിമ അങ്ങനെ പലതും ഈശോയെപ്രതി ഉപേക്ഷിക്കാന്‍ കൃപ ലഭിച്ചു. ഇവയൊക്കെ തെറ്റായതു കൊണ്ടല്ല ഉപേക്ഷിച്ചത്, മറിച്ച് ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നവയായതുകൊണ്ടാണ്. സംഗീതം ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഹൃദയം പൊട്ടുന്ന വേദനയില്‍ ഗാനങ്ങളുടെ അനേകം സി.ഡികള്‍ കത്തിച്ചു കളഞ്ഞു. ഈശോയോട് ഒരു വാക്ക്, 'ഇവയൊന്നും ഇനി നിന്നെക്കാള്‍ വലുതല്ല എനിക്ക്!' "എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ" (ഫിലിപ്പി 3/8-9). എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഞങ്ങളുടെ കോണ്‍വെന്റ് ചാപ്പലിന്റെ പിറകില്‍ ടീച്ചര്‍ക്കൊപ്പം കുറച്ചു കുട്ടികള്‍ വട്ടത്തിലിരുന്നു ഈശോക്ക് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ല മാതാപിതാക്കളെ തന്നതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.... ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍. "എല്ലാവര്ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു" (1 തിമോത്തിയോസ് 2/1). ഈശോ ഹേമാമ്മയിലൂടെ എന്റെ ആത്മാവില്‍ തെളിച്ച മെഴുകുതിരിനാളം ഇന്നും കത്തി നില്ക്കുന്നു. അവന്റെ സുവിശേഷം പ്രഘോഷിക്കാന്‍ ഈശോ ഒമ്പതു വര്‍ഷങ്ങളായി അനുവദിക്കുന്നു. രണ്ടുപേരും ഏകസ്ഥജീവിതം തിരഞ്ഞെടുത്തു, നസ്രായനോടുള്ള പെയ്തൊഴിയാത്ത സ്നേഹത്തില്‍... ക്രിസ്മസിനായി നമ്മെ ഒരുക്കുമ്പോള്‍ ചില വഞ്ചിയും വലയുമൊക്കെ അവനായി നമുക്കും ഉപേക്ഷിക്കാം. നമ്മുടെ ചില ഉപേക്ഷിക്കലുകള്‍ നസ്രായന് നേട്ടങ്ങളായി മാറട്ടെ. "ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും" (ഏശയ്യാ 61/7).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreകുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം. പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, "സോറി.... നിങ്ങളൊരു ഡോക്ടറല്ലേ...? പിന്നെന്തിനീ സൗഖ്യം...? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല..." ഡോക്ടര്‍ വല്ലാതെയായി. "എന്റെ മാലാഖേ... പ്ലീസ്... പതുക്കെപ്പറ.... ഇങ്ങനെ പരസ്യമായി... എല്ലാരും എന്തു വിചാരിക്കും..." മാലാഖ തുടര്‍ന്നു: "രോഗത്തിന്റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്... രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക." വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3). ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. "....ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു" (2 കോറിന്തോസ് 1/4).
By: Shalom Tidings
Moreചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും. പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് 'കൊണ്ടു' എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍. എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
By: Anu
Moreവിശുദ്ധരുടെ കഥകള്‍ പറഞ്ഞാണ് അമ്മ കുഞ്ഞിനെ ഉറക്കുന്നത്. ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്നുപേരില്‍ ഇളയവളായ ജസീന്തയുടെ കഥ കുഞ്ഞിനെ ഏറെ ആകര്‍ഷിച്ചു. ആടുമേയ്ക്കാന്‍ പോകുമ്പോള്‍ അമ്മ കൊടുത്തുവിടുന്ന ഭക്ഷണം ദരിദ്രര്‍ക്കു നല്കി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധയായ കുഞ്ഞുജസീന്ത! 'മോള്‍ക്കും ഇതുപോലെ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പറ്റും. ഈശോയോടുള്ള സ്നേഹത്തെപ്രതി ഇഷ്ടപ്പെട്ട ചില ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മിഠായി കിട്ടുമ്പോള്‍ അപ്പോള്‍ത്തന്നെ കഴിക്കാതിരിക്കുക. കുഞ്ഞ് എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ഒരു ദിവസം ഭക്ഷണം കഴിച്ചു പകുതിയായപ്പോള്‍, അവള്‍ക്കു മതിയായി. അവള് പറഞ്ഞു: "അമ്മേ ഞാനും ജസീന്തയെപ്പോലെ ഭക്ഷണം ഉപേക്ഷിച്ചു പരിത്യാഗപ്രവൃത്തി ചെയ്യാന്‍ പോകുകയാണ്!" കുരുന്നിന്റെ കുരുട്ടുബുദ്ധികേട്ട് അമ്മ അന്തംവിട്ടു. "ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുന്നു" (സുഭാഷിതങ്ങള്‍ 15/31)
By: Shalom Tidings
Moreഒരു ഡോക്ടറുടെ കഴിവുകളും പരിശ്രമങ്ങളും പരാജയപ്പെട്ടിടത്ത് ദിവ്യകാരുണ്യ ഈശോ ഇറങ്ങിവന്ന നിമിഷങ്ങളിലൂടെ.... നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്റെ ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല" (യോഹന്നാന് 6/44). ശാസ്ത്രം സ്വാഭാവികലോകത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കാണുന്നതിനെ വിശദീകരിക്കാനായി സിദ്ധാന്തങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പക്ഷേ അതിനുമുമ്പുതന്നെ ഈ നിയമങ്ങള്‍ നിലനില്ക്കുന്നതെന്തുകൊണ്ടാണ്? ഈ ഭൂമിയിലെ ജീവനും സൗന്ദര്യവും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? "ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു" (ഉത്പത്തി 1/2). "ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്" (യോഹന്നാന് 6/63). ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവുമാണ് ജീവന് നല്‍കുന്നത്. ശാസ്ത്രം പറയുന്നത് എന്തെങ്കിലും സംഭവിക്കുമെന്നതിനുള്ള സാധ്യതയെക്കുറിച്ചുമാത്രമാണ്. എന്നാല്‍ ഞാന്‍ ദൈവത്തെ സ്നേഹിച്ചാല്‍ എല്ലാം എന്റെ നന്മയ്ക്കായി മാറുമെന്ന് വചനം 100 ശതമാനം സാധ്യത തരുന്നു. ജീവിതത്തില്‍ ദൈവം നിരന്തരം എന്നെ നയിക്കുന്നു എന്നതിന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്. മികച്ച റിസള്‍ട്ടിന്റെ രഹസ്യം പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ധ്യാനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് ദിവ്യകാരുണ്യ ഈശോയുമായി സ്നേഹബന്ധത്തിലേക്കെന്നെ എത്തിച്ചു. അങ്ങനെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും അത് എനിക്ക് നിരന്തരം ശക്തിയും പ്രചോദനവും നല്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ 'പ്രഭാതശീലം' ജീവിതത്തിലെ സകല മേഖലകളിലും സ്വാധീനം ചെലുത്തി. ഞാനൊരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 11-ാം ക്ലാസ് അവസാനിക്കാറായപ്പോഴാണ് മെഡിസിന് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അപ്പോഴേക്കും എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളെല്ലാം ആരംഭിച്ച്, അഡ്മിഷന് ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ഉപയോഗിച്ച് തനിയെ പഠിക്കാമെന്ന് തീരുമാനിച്ചു. ഓരോ ദിവസവും പുരോഗതി പ്രാപിക്കുന്നവിധത്തില് പരിശുദ്ധാത്മാവ് എന്നെ നയിച്ചുകൊണ്ടിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോടെ ഞാന്‍ വിജയിച്ചു! അത് ഞാനുള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ മികച്ച ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഈശോയോട് ചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ ആഴപ്പെടാന്‍ ഈ അനുഭവം കാരണമായി. പരിശീലകനായി ദിവ്യകാരുണ്യ ഈശോ തുടര്‍ന്ന് മെഡിസിന് പഠനം പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ സൂപ്പര്‍ സ്പെഷ്യലൈസേഷനും ചെയ്തു. പരിശീലനകാലത്ത് കടുത്ത തിരക്കുള്ള ഡ്യൂട്ടിയായിരുന്നു. ദിവസത്തില്‍ 12 മണിക്കൂറോളം ജോലി, മാറിവരുന്ന ഷിഫ്റ്റുകളും. എല്ലാംകൂടിയായപ്പോള്‍, പലപ്പോഴും എല്ലാം സമയത്ത് ചെയ്തുതീര്ക്കാന് കഴിയില്ല എന്ന് തോന്നി. പക്ഷേ പരിശുദ്ധ ദിവ്യകാരുണ്യം എന്റെ സാന്ത്വനമായി. ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയില്‍ ചെയ്യാനും പഠിക്കാനും ദിവ്യകാരുണ്യ ഈശോ എന്നെ പഠിപ്പിച്ചു. എം.ബി.ബി.എസ് പഠനകാലത്ത് നിര്‍ബന്ധമായിരുന്ന ഒരു വര്‍ഷത്തെ ഗ്രാമീണസേവനം, ഞാന്‍ ഓള് ഇന്ത്യ ക്വോട്ടയിലായതിനാലും പി.ജി പഠനത്തിന് അര്‍ഹത നേടിയതിനാലും എനിക്ക് ചെയ്യേണ്ടിവന്നിരുന്നില്ല. അതിനാല്‍ പരിശീലനശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മാറ്റിവയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അക്കാലത്താണ്, എന്റെ സീനിയേഴ്സ് ആയിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഡോ. പോളും ഡോ. വിജോയും ആ ഹോസ്പിറ്റലില്‍ ഒരു ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അതിന് അവര്‍ക്ക് ഒരു കാര്‍ഡിയാക് സര്‍ജനെ വേണം. എറണാകുളം സ്വദേശിയെന്ന നിലയില്‍, കാര്‍ഡിയാക് സര്‍ജറി ചെയ്യുന്ന ഒരു ഗവണ്മെന്റ് ആശുപത്രി അവിടെ ഇല്ലാത്തതുകൊണ്ട് വിഷമം നേരിട്ട പലരെയും എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. അന്ന് മറ്റ് പല ഓഫറുകളും വന്നെങ്കിലും ഇത് ജീവിതത്തിലൊരിക്കല്മാത്രം ലഭിക്കുന്ന അവസരമായി എനിക്ക് തോന്നി. ഏറെ കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തിന് നല്ലൊരു സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് ബോധ്യമായി. പിന്നീട് എന്റെ സഹപ്രവര്‍ത്തകനായ ഡോ. ജോര്‍ജും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ നല്ലൊരു ടീമായി മികച്ച രീതിയിലുള്ള ഒരു കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ഒരുക്കിക്കൊണ്ടിരിക്കുന്ന സമയം. അസാധ്യമെന്നു പറഞ്ഞത് ഒരു പ്രഭാതത്തില്‍ ഡോ. ജോര്‍ജ് എന്നെ വിളിച്ചു. തയാറാക്കിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, കൊവിഡ് സാഹചര്യംമൂലം ഗവണ്മെന്റ് കൊവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നു. ആ പത്രവാര്‍ത്ത അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞങ്ങള്‍ക്കത് വിഷമകരമായിരുന്നു. ഞങ്ങളുടെ പ്രയത്നമെല്ലാം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. ആ സമയത്ത്, എന്നെ നയിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്ത്ഥിച്ചുകൊണ്ടണ്ടിരുന്നു. സാവധാനം കൊവിഡ് സാഹചര്യങ്ങള്‍ മാറി. കൊവിഡ് ചികിത്സാര്‍ത്ഥം മാറ്റിവച്ചിരുന്ന ഓപ്പറേഷന് തിയറ്ററും ഐ.സി.യുവുമടങ്ങുന്ന ബ്ലോക്ക് തിരികെക്കിട്ടി. ഒപ്പം പ്രാര്‍ത്ഥനയുടെ ഫലവും. നാളുകളായി സാങ്കേതികതടസങ്ങളില്‍പ്പെട്ട് കിടന്നിരുന്ന വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിനുകീഴില്‍ പെട്ടെന്നുതന്നെ ശരിയായിക്കിട്ടി. കൊവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഗവണ്മെന്റിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ലഭിച്ച നല്ല പിന്തുണയോടെ ആദ്യത്തെ CABG (Coronary Artery Bypass Graft) സര്‍ജറി വിജയകരമായി അവിടെ നടത്താന്‍ സാധിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ ജോലി ഞാന്‍ സ്വീകരിച്ചത്. ഇന്ത്യയില്‍, ഇതുപോലൊരു ജില്ലാ ആശുപത്രിയില്‍ ഇപ്രകാരം ഒരു ഹൃദയശസ്ത്രക്രിയ നടത്തുന്നത് ആദ്യമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലരും അത് അസാധ്യമെന്ന് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ എല്ലാം നന്മക്കായി മാറ്റുന്ന ദൈവത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിച്ചു. ഈശോ പഠിപ്പിച്ച ചികിത്സ ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് വീട്ടില്‍വച്ച് ഗുരുതരാവസ്ഥയിലായതായി അറിഞ്ഞു. വയോധികനായ അദ്ദേഹം ജീവകാരുണ്യപവര്‍ത്തനങ്ങളില്‍ വളരെ സജീവനായിരുന്നു. തിടുക്കത്തില്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോഴേക്കും ഗുരുതരമായ ഹൃദയാഘാതത്താല്‍ അദ്ദേഹം ദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വീണുകൊ ണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഞാന്‍ കഠിനപ്രയത്നം നടത്തി. ആ സമയത്ത്, ഹൃദയചികിത്സാരംഗത്ത് മികച്ച സേവനം നല്കുന്ന ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. 15 കിലോമീറ്ററോളം ദൂരത്തുള്ള ആ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എന്റെതന്നെ കാറില്‍ വേഗം എത്തിച്ചു. പോകുംവഴി മറ്റൊരു ആശുപത്രിയില്‍നിന്ന് ഇന്‍ജക്ഷനും നല്കി. കാരണം പള്‍സ് വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍, അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇത്രയും പ്രായമായ ഒരാള്‍ക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് വിഫലമായിരിക്കുമെന്നുമാണ് മറ്റ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അദ്ദേഹം രക്ഷപ്പെടുമെന്ന് എന്റെ ഹൃദയത്തില്‍ ശക്തമായ ഒരു തോന്നല്‍. എന്തായാലും എന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ് എന്ന സംവിധാനം നല്കി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പക്ഷേ വെന്റിലേറ്ററിലായ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിത്തന്നെ തുടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കിഡ്നികള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. ദിനവും എന്റെ ജോലി ആരംഭിക്കുന്നതിനുമുമ്പും രാത്രി സര്‍ജറികള്‍ ചെയ്തുതീര്ത്തതിനുശേഷവും ഞാന്‍ അദ്ദേഹത്തിനരികില്‍ പോകുമായിരുന്നു. പതുക്കെ, ആറ് ദിവസങ്ങള്‍കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് സ്ഥിരതയിലായി. പക്ഷേ അദ്ദേഹം കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അദ്ദേഹം ജീവഛവംപോലെ കിടക്കുന്നതിനാല്‍ ഞാന്‍ അല്പം സമ്മര്‍ദ്ദത്തിലായി. വയോധികനായ ഒരു മനുഷ്യന്റെ മരണം വെറുതെ വൈകിപ്പിക്കുന്നത് ശരിയാണോ എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ചോദിക്കുകയും ചെയ്തു. ആ ഞായറാഴ്ച വെന്റിലേറ്ററില്‍നിന്ന് എടുക്കാന്‍ സാധിക്കാത്തതിനാല്‍, പിറ്റേന്ന് അദ്ദേഹത്തിന് ട്രക്കിയോസ്റ്റമി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ദൈവാലയത്തില്‍ പോയി എന്റെ എല്ലാ പരിശ്രമങ്ങളും ഞാന്‍ ദിവ്യകാരുണ്യ ഈശോയക്ക് സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, ഇങ്ങനെയുള്ള രോഗികളില്‍ കാണാറുള്ള അസാധാരണമായ അബോധാവസ്ഥക്കുള്ള ഒരു പ്രത്യേക ചികിത്സ നല്‍കണമെന്ന ഉള്‍ക്കാഴ്ച ലഭിച്ചു. പിറ്റേന്ന് ട്രക്കിയോസ്റ്റോമിക്ക് ഒരുങ്ങാന്‍ ഐ.സി.യുവില്‍ നിര്‍ദേശം നല്കിയപ്പോള് നഴ്സ് പറഞ്ഞു, രോഗി കണ്ണ് തുറന്നുവെന്ന്. മനുഷ്യന്റെ അദ്ധ്വാനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കരം യഥാര്‍ത്ഥത്തില്‍ അവിടെ ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ പുരോഗമിക്കുകയും അടുത്ത ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലെത്തി. ഈ സംഭവങ്ങളെല്ലാം അതിസ്വാഭാവികമാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം. പക്ഷേ എന്റെ കഴിവിനും പരിശ്രമത്തിനുമപ്പുറം ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകളാണിതെല്ലാം. സാധാരണഗതിയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയവയായിരുന്നില്ല ഇതൊന്നും. ഇന്നും, പല പ്രതിസന്ധികളുടെയും മുന്നില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍, പ്രശ്നങ്ങളെല്ലാം യേശുവിലേക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാനും അവിടുന്നില്‍ ശരണപ്പെടാനും ഈ അനുഭവങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.
By: Dr. Athul Abraham
Moreഏഴ് ദിവസത്തേക്കുള്ള ഡീല്‍ ആണ് ആദ്യം മിക്കുവിന് കൊടുത്തത്. ഏഴാം ദിവസം മനസിലായി മിക്കു നിസാരക്കാരനല്ലെന്ന്! വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി. പിന്നീട് മുടങ്ങാതെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം പ്രാര്‍ത്ഥിച്ചു വരുന്നു. ഒരു ദിവസം ദുബായില്‍, എന്റെ മുറിയില്‍ കിടന്നുകൊണ്ട് ഈശോയുമായി സംസാരിക്കുകയാണ്. കിടക്കുന്ന കട്ടിലിന്റെ ഒരു വശത്തു ചുമരില്‍ ചെറിയൊരു ചിത്രം ഉണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ വളരെ ചെറിയ ഒരു ചിത്രം. വര്‍ഷങ്ങളായി മാലാഖയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ മാലാഖക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ രൂക്ഷമായി. കേട്ടുകേള്‍വി അല്ലാതെ മാലാഖയുടെ പ്രകടമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ ലഭിച്ചിട്ടില്ലാത്തതാകാം കാരണം. മിഖായേല്‍ മാലാഖേ എന്നുള്ള വിളി അല്പം നീണ്ടു പോയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ മാലാഖയോടുള്ള സ്നേഹക്കൂടുതല് കൊണ്ട് പേര് അല്പം ചെറുതാക്കി മിക്കു എന്ന് മാറ്റി. ഞാന്‍ വളരെ ഹാപ്പി! പിന്നെ എന്റെ മിക്കുവിനുള്ള ആദ്യ പരീക്ഷണം. ചുവരിലെ ചിത്രത്തില്‍ നോക്കി പറഞ്ഞു, "ഏഴ് ദിവസം സമയം തരാം. ഒരു ചെറിയ രൂപം എനിക്ക് ആരെങ്കിലും വഴി കൊടുത്തയക്കണം. ഇത് സ്വര്‍ഗത്തിലും ഭൂമിയിലും ആരും അറിയണ്ട. നമ്മള് തമ്മിലുള്ള ഡീല്‍ ആണ്." കേട്ടുകഴിഞ്ഞപ്പോള്‍ മാലാഖക്ക് എന്ത് തോന്നിക്കാണും എന്ന് അറിയില്ല. "മിക്കു ടെന്‍ഷന്‍ ആവണ്ട" എന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു ഞാന്‍ എന്റെ പതിവ് ജീവിതത്തിലേക്ക് മാറി. ദിവസങ്ങള്‍ക്കകം മനസിലായി, മിഖായേല്‍ മാലാഖ നിസ്സാരക്കാരനല്ല. ഏഴാം ദിവസം രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ എന്റെ സുഹൃത്ത് കാറില്‍ വച്ച് ഒരു സമ്മാനം തന്നു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചെറിയൊരു രൂപം. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ, ഹൃദയത്തിലെ സ്നേഹം അടക്കാന്‍ കഴിയാതെ, എന്റെ മിക്കുവിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം ഏഴു തവണ രാവിലെ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. അല്പദൂരം മുന്‍പോട്ടു പോയപ്പോള്‍ കാറിന്റെ ഫ്രണ്ട് ഗ്ലാസിന് മുന്പില് വിശുദ്ധ മിഖായേല്‍ മാലാഖ ഞങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നത് ദര്‍ശനത്തില്‍ കണ്ടു. വാഹനം ഓടിച്ചിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. നമ്മുടെ കാറിനു മുന്നില്‍ വിശുദ്ധ മിഖായേല്‍ മാലാഖ സഞ്ചരിക്കുന്നു. പറഞ്ഞുതീരും മുന്‍പ് റോഡിന്റെ ഒരു വശത്ത് വളവില്‍നിന്ന് റോങ്ങ് സൈഡ് ആയി ഒരു കാര്‍ കയറി വന്നു. തലനാരിഴക്ക് ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അല്പം നിമിഷങ്ങള്‍ എടുത്തു ഞങ്ങള്‍ ആ ഞെട്ടലില്‍നിന്ന് മുക്തരാവാന്‍. അന്ന് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത് മിഖായേല്‍ മാലാഖയെ കൂട്ടുകാരനായി തന്നതിലുള്ള നന്ദിസൂചകമായിട്ടായിരുന്നു. പിന്നീടൊരിക്കല്‍ എന്റെ അടുത്ത സുഹൃത്ത് ഒരു പ്രാര്‍ത്ഥന നിയോഗവുമായി എന്നെ സമീപിച്ചു. അവള്‍ക്ക് ഒരു മകള്‍ ഉണ്ട്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി അവള് ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവിന് മറ്റൊരു കുഞ്ഞിനെ വേണമെന്ന് ഇപ്പോള്‍ താല്പര്യമില്ല. എത്രയൊക്കെ പറഞ്ഞിട്ടും ഭര്‍ത്താവിന്റെ തീരുമാനത്തില്‍ മാറ്റമില്ല. അവളുടെ കണ്ണുനീര് എന്റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. വിശുദ്ധ മിഖായേലിനോടുള്ള എന്റെ ഇഷ്ടം അറിയാവുന്നതുകൊണ്ടോ എന്തോ അവള് ഇങ്ങനെ പറഞ്ഞു."ചേച്ചി പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു ആണ്‍കുഞ്ഞിനെ തരാന്‍. ആണ്കുഞ്ഞാണെങ്കില് ഞാന്‍ അവന് മൈക്കിള്‍ എന്ന് പേരിടും. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്." അവളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. മിക്കുവിന്റെ അടുത്തേക്ക് ഞാന്‍ പോയി."മിക്കു, ഇത് അല്പം കോംപ്ലിക്കേറ്റഡ് ആണല്ലോ. ഭര്‍ത്താവ് സമ്മതിക്കാതെ ഇതെങ്ങനെ സംഭവിക്കും!" എന്തായാലും ഞാനും അവളും വിശുദ്ധ മിഖായേലിന്റെ മാധ്യസ്ഥ്യം തേടി കഠിനപ്രാര്‍ത്ഥനയാണ്... ആ മാസം ഒടുവില്‍ ഒരു പ്രെഗ്നന്‍സി റിപ്പോര്‍ട്ട് എന്റെ വാട്സാപ്പില്‍ ലഭിച്ചു. അവള് ഗര്‍ഭിണി ആയിരിക്കുന്നു! പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അവളുടെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, "ചേച്ചി, ഒരു കാരണവശാലും ഇത് സംഭവിക്കേണ്ടതല്ല. കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ദൈവത്തിന്റെ കളിയാണ്." ഞാന്‍ മിക്കുവിനെ നോക്കി പുഞ്ചിരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. അവന് മൈക്കിള്‍ എന്ന് പേരിട്ടു. നമ്മുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുമ്പോള്‍, ആരും സഹായിക്കാന്‍ ഇല്ലെന്നു തോന്നുമ്പോള്‍, സ്വര്‍ഗത്തിന്റെ സഹായകരെ വിളിക്കണം. ഈശോ നമുക്കുവേണ്ടിയാണ് അവരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും ജീവിതം ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ഇവരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആവണം. കാവല്‍മാലാഖയുടെയും വിശുദ്ധ സൈന്യങ്ങളുടെയും സംരക്ഷണം നമ്മെ പൊതിഞ്ഞു പിടിക്കട്ടെ. ദൈവികസംരക്ഷണത്തിന്റെ കോട്ട കെട്ടി അവര്‍ നമ്മെ സകല തിന്മകളില് നിന്നും കാത്തുകൊള്ളും. കര്‍ത്താവിന്റെ ദൂതന് ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 34/7). രാവിലെ ഉറക്കം ഉണരുമ്പോള്‍ ബെഡ്ഡില്‍ ഇരുന്നുകൊണ്ടുതന്നെ 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന- ഇത്രയും പ്രാര്‍ത്ഥിച്ച് വിശുദ്ധ കുരിശിന്റെ മുദ്ര ഇട്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്നും എന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിത്. നമ്മുടെ ജീവിതവും ദൈവികസംരക്ഷണത്തിലേക്ക് വിട്ടുകൊടുക്കാം. "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും" (സങ്കീര്‍ത്തനങ്ങള്‍ 91/11-12)
By: ആന്‍ മരിയ ക്രിസ്റ്റീന
Moreഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ ധരിക്കും. സ്കൂള്‍സമയം കഴിയുമ്പോള്‍ പിന്നെയും ഷൂ ഊരിപ്പിടിച്ച് വീട്ടിലേക്ക് നടക്കും. ഷൂ തേഞ്ഞുപോയാല്‍ മറ്റൊന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിശപ്പകറ്റാന്‍ ഭക്ഷണവും ആ ബാലന് എപ്പോഴും ഉണ്ടാകില്ല. സഹപാഠികളാണ് ഭക്ഷണം പങ്കുവച്ചുകൊടുത്തിരുന്നത്. ആ ബാലന് പഠിച്ചുവളര്‍ന്നു, വൈദികനായി, മെത്രാനായി, കര്‍ദിനാളായി, മാര്‍പ്പാപ്പയായി. അദ്ദേഹമാണ് വിശുദ്ധ പത്താം പീയൂസ്. ദാരിദ്ര്യവും വിശുദ്ധിയും തമ്മില്‍ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു അതിസ്വാഭാവിക ബന്ധമുണ്ട്. അവ പരസ്പരം പരിപോഷിപ്പിക്കുന്നു. ദാരിദ്ര്യം വിശുദ്ധിയെയും വിശുദ്ധി ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്നു.
By: Shalom Tidings
Moreഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു... അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി... മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു... അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു. പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്റെയും ജാഡ്വിക ക്ലിംസകിന്റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്റെ. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര് പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: "ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു. ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല. നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള് കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു. കുഞ്ഞിന് ജീവന് ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി. മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. "അവര്‍ക്കു വീഞ്ഞില്ല," എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന് 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു. ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.
By: ആന്സിമോള് ജോസഫ്
Moreകോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു വാക്കുപോലും പറയാതെ, ആ യുവാവിനെ പള്ളിക്കു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്റെ കണ്ണുംകാതും ജിജ്ഞാസയോടെ അവരെ അനുഗമിച്ചു. പള്ളിക്കു പുറത്തിറങ്ങിയ ശേഷം അവര്‍ പറഞ്ഞു, ‘ഇത് ഇവിടെ അനുവദനീയമല്ല. പള്ളിക്കുള്ളില്‍ ഫോണ്‍ പാടില്ല. ദൈവാലയത്തികത്തിരുന്ന് ഫോണില്‍ സംസാരിക്കരുതെന്ന് അറിയില്ലേ? ഇനിമേലില്‍ ഒരു ദൈവാലയത്തിലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല.’ അവരുടെ ശക്തിയുള്ള വാക്കുകള്‍ ദൈവാലയത്തിനുള്ളില്‍ കേള്‍ക്കാന്‍മാത്രം ഉറക്കെയായിരുന്നു. ഈ അക്രൈസ്തവ സഹോദരിയുടെ ബോധ്യവും ആദരവും തീക്ഷ്ണതയും ഭക്തക്രിസ്ത്യാനികളായ നമുക്കുണ്ടോ? സ്വര്‍ഗം കണ്ണുപൊത്തിപ്പോകുന്ന ചില പ്രവൃത്തികള്‍ പള്ളികളില്‍ കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലേ? പരസ്യമായി എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരുന്നു ലോകകാര്യം പറയുന്നവര്‍.., തമാശപറഞ്ഞ് ചിരിക്കുന്നവര്‍… തലങ്ങും വിലങ്ങും നടക്കുന്നവര്‍, ഫോണ്‍ വിളിക്കുന്നവര്‍… കൊറോണയുടെ വരവോടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലിയുടെയും ആരാധനയുടെയും വീഡിയോ റെക്കോഡിങ്ങും ലൈവുമെല്ലാം ആരംഭിച്ചു. അവിടങ്ങളിലെല്ലാം പാവം ദിവ്യകാരുണ്യ ഈശോയെ നോക്കാന്‍ ക്യാമറയും ലൈറ്റുകളും മാത്രമായി… മനുഷ്യരെല്ലാം റെക്കോഡിങ്ങിന്റെ തിരക്കിലാണല്ലോ. ദിവ്യകാരുണ്യസ്നേഹം അതിതീവ്രമായി അവഗണിപ്പെട്ട, അനാദരിക്കപ്പെട്ട നാളുകള്‍… അക്രൈസ്തവരോ അറിവില്ലാത്തവരോ അല്ല, ഏറ്റവും അടുത്തുനില്ക്കുന്നവര് അവഹേളിക്കുമ്പോള്‍ എങ്ങനെ സഹിക്കാനാകും? ”ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? … കര്‍ത്താവിന്റെ ബലിപീഠത്തെ നിസാരമെന്ന് നിങ്ങള്‍ കരുതി” (മലാക്കി 1/6,7). ഈശോയുടെ കണ്ണുനീര് നമ്മുടെ ജീവിതത്തിലും ദൈവാലയങ്ങളിലും വീഴാതിരിക്കട്ടെ…! അധികാരികളും ശുശ്രൂഷകരും വിശ്വാസികളുമെല്ലാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവമായ കര്ത്താവിന് ഉചിതമായ ആദരവും ബഹുമാനവും അര്പ്പിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അങ്ങനെയെങ്കില്‍ അവിടുത്തെ അനുഗ്രഹം നമ്മുടെ അവകാശമാണ്. ”കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/9).
By: ആന്സിമോള് ജോസഫ്
More”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം. നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന് തൈ അവരുടെ വീടിനകത്ത് ചെടിച്ചട്ടിയില്‍ നട്ടിരുന്നു. സാധിക്കുന്ന വിധത്തിലെല്ലാം അതിനെ പരിപാലിച്ചു. മണ്ണും വളവും സൂര്യപ്രകാശം ലഭിക്കാനുള്ള സാഹചര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നു. അത്രയും സംരക്ഷിച്ചിട്ടും വേപ്പിന്‍തൈയുടെ ഇലകള്‍ ഏറെക്കുറെ കൊഴിഞ്ഞു വീണു. അവശേഷിക്കുന്നവ ഇളം മഞ്ഞ നിറത്തില്‍ കൊഴിയാറായി നില്ക്കുന്നു. ഒരുപാട് പ്രതീക്ഷയില്‍ വളര്‍ത്തിയ ചെടിയായതു കൊണ്ടുതന്നെ നഷ്ടപ്പെടുന്നതിന് വേദന കാണുമല്ലോ. ആ സങ്കടത്തില്‍നിന്ന് വന്ന വാക്കുകളാണ് ആദ്യം എഴുതിയത്. കുറെ പരിശ്രമിച്ചു, പ്രാര്‍ത്ഥിച്ചു, ഇനി എന്ത് ചെയ്യണം എന്നറിയില്ല എന്ന നിലയില്‍ എത്തിയപ്പോഴാണ് പ്രശ്നം കൂട്ടുകാരിയായ എന്റെ നേര്‍ക്ക് നേരെ തിരിച്ചു വിടുന്നത്. നീ നിന്റെ നസ്രായനോട് പറഞ്ഞ് ഒരു പരിഹാരം വാങ്ങിത്തരണം എന്നതാണ് വെല്ലുവിളി. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഈശോയുടെ പേരില്‍ വെല്ലുവിളി നേരിടുമ്പോള്‍ മനസ്സില്‍ വിഷമം തോന്നാറുണ്ട്. പിന്നെ ഈശോയെ എങ്ങനെയും ‘സോപ്പിട്ട്’ കാര്യം നേടിയെടുക്കുക എന്നതുമാത്രമാണ് ലക്ഷ്യം. ഈ പ്രശ്നം സാധാരണ രീതിയില്നിന്നെല്ലാം വ്യത്യസ്തമായൊരു പ്രാര്‍ത്ഥനാസഹായം ആണല്ലോ…. എന്റെ മറുപടിക്കായി അവര്‍ ഫോണില്‍ കാത്തുനില്‍ക്കുകയാണ്…. മനസ്സില്‍ വല്ലാത്തൊരു ഭയം നിറഞ്ഞിരുന്നെങ്കിലും ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഞാന്‍ ഫോണുമായി വന്നിരുന്നു. അല്പനിമിഷങ്ങള് ഈശോയുടെ കണ്ണുകളിലേക്കു നോക്കി. ഒരു ചെറുചമ്മലോടെ എന്റെ നിസ്സഹായാവസ്ഥ ഈശോയോടു പറഞ്ഞു, ‘ഈശോയേ, എങ്ങനെയും ഈ പ്രശ്നം പരിഹരിച്ചുകൊടുക്ക്. ഇല്ലെങ്കില്‍ നമുക്ക് നാണക്കേടാകും കേട്ടോ’ എന്നൊരു ഭീഷണിയും. ഓരോ ദിവസവും ഇവള് എന്തൊക്കെ പണികളാണ് എനിക്ക് വാങ്ങിത്തരുന്നതെന്ന് ഒരു ദീര്‍ഘനിശ്വാസത്തില്‍ ഈശോ ഓര്‍ത്തിരിക്കാം. മനസ്സില്‍ ലഭിച്ച പ്രേരണയനുസരിച്ചു അവരോട് വീഡിയോ കാള്‍ ചെയ്തു മൊബൈല്‍ ഫോണ്‍ വേപ്പിന്‍തൈയുടെ അടുത്ത് വച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടു. മുപ്പതു മിനിറ്റില്‍ നൂറു ദൈവവചനങ്ങള്‍ വേപ്പിന്തൈയോട് പറഞ്ഞുകേള്‍പ്പിച്ചു. മനസ്സിന്റെ സമനില തെറ്റിയ ചിലരുടെ പ്രവൃത്തികള്‍ പോലെ അവര്‍ക്കു തോന്നിക്കാണും, സ്വാഭാവികം. ജീവിതത്തില്‍ ആദ്യമായി ഒരു ചെടിയോട് വചനപ്രഘോഷണം നടത്തിയ സന്തോഷം ആയിരുന്നു എന്റെ മനസ്സില്‍. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഞ്ഞനിറത്തില്‍ കൊഴിയാറായി നില്ക്കുന്ന ഇലകള്‍ മാത്രമുള്ള ചെടിയില്‍ പച്ച നിറത്തിലുള്ള പുതിയ ഇലകള്‍ മുളപൊട്ടാന്‍ തുടങ്ങി. ഏഴാം ദിവസം എല്ലാ മഞ്ഞ ഇലകളും ഇല്ലാതായി. വേപ്പിന്തൈ പുതുജീവന്‍ പ്രാപിച്ചു. പുതിയ നാമ്പുകള്‍ മുള പൊട്ടി. ഒരു ചട്ടിയില്മാത്രമായിരുന്ന ചെടി പിന്നീട് വളര്‍ന്നു വലുതായി മൂന്ന് ചട്ടികളിലേക്കുകൂടി പറിച്ചു നടേണ്ടി വന്നു. വേപ്പിന്‍തൈയുടെ വളര്‍ച്ചയെല്ലാം കാണിക്കുന്ന ഫോട്ടോകളും മറ്റ് മെസേജുകളും അവര്‍ അയക്കുമായിരുന്നു. എന്തായാലും ഈശോയോട് പറഞ്ഞാല്‍ തീരാത്ത അത്രയും നന്ദിയും സ്നേഹവും ഉണ്ട്, എന്റെനേര്‍ക്ക് വരുന്ന വെല്ലുവിളികള്‍പോലും ഏറ്റെടുത്ത് ചെയ്ത് എന്നെ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെടുത്തുന്നതിന്. ”ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന് 6/63). മറ്റൊരു സംഭവംകൂടി പറയാം. ഗോവയിലുള്ള ഒരു കുടുംബം ഒരിക്കല്‍ പ്രാര്‍ത്ഥനാസഹായവുമായി സമീപിച്ചു. അവരുടെ നാല് വയസ്സുള്ള മകന് സംസാരിക്കുന്നില്ല. പല ഡോക്ടര്‍മാരുടെയും അടുത്ത് പോയി. ചികിത്സകള്‍ നടത്തി. പക്ഷേ പ്രത്യേകിച്ച് ഒരു മാറ്റവും കാണാന്‍ കഴിഞ്ഞില്ല. വളരെ നിരാശയോടെ അമ്മ കരയുകയാണ്. ചിലപ്പോഴെങ്കിലും ഞാനും എന്റെ ഈശോയും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങള്‍ മറ്റുള്ളവരുടെ സങ്കടത്തിന്റെ പേരില്‍ ആയിരിക്കും. കുറച്ച് ദൈവവചനങ്ങള്‍ അവര്‍ക്കു നല്കി. മകനെ മടിയിലിരുത്തിക്കൊണ്ട് ഇരുചെവികളിലും ആ വചനങ്ങള്‍ പല തവണ ആവര്‍ത്തിച്ചു ഉറക്കെ പറയാന്‍ ഈശോ നല്കിയ പ്രേരണയാല്‍ നിര്‍ദേശിച്ചു. മൂന്നു മാസങ്ങള്‍ക്കു ശേഷം ആ മകന് ചെറിയ വാക്കുകള്‍ സംസാരിക്കാന്‍ തുടങ്ങി. ഇന്ന് അവന് സ്കൂളില്‍ പഠിക്കുന്നു. ഈശോയുടെ സ്നേഹവും കരുതലും ഒരിക്കലും വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ സാധ്യമല്ല! ചുമന്നുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ട് തളര്‍വാത രോഗിയെ ഈശോ സുഖപ്പെടുത്തിയ സംഭവം നമുക്കോര്‍ക്കാം. തളര്‍വാത രോഗിയെ വഹിച്ചുകൊണ്ട് വന്നവരുടെ മുന്നില്‍ പ്രതിബന്ധങ്ങള്‍ പലതായിരുന്നു. പക്ഷേ പ്രതികൂലങ്ങള്ക്കുമുന്നില് തങ്ങള്‍ വന്നതിന്റെ ഉദ്ദേശ്യം മാറ്റിവച്ച് അവര്‍ തിരിച്ചു പോയില്ല. തങ്ങളുടെ നിയോഗത്തിനൊപ്പം അത് നേടാനായി തീക്ഷ്ണമായി പ്രവര്‍ത്തിക്കുകകൂടി ചെയ്തു. ഇന്നത്തേതുപോലെ കോണ്‍ക്രീറ്റ് ഒന്നും അല്ലാത്ത ആ ഭവനത്തിന്റെ മേല്‍ക്കൂരയിലേക്ക് തളര്‍വാത രോഗിയെയുംകൊണ്ട് അവര്‍ കയറി എന്ന് പറയുമ്പോള്‍ സ്വന്തം ജീവന് പണയം വച്ചുകൊണ്ട് പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കാം. പിന്നീട് മേല്‍ക്കൂര പൊളിച്ച് ഓടിളക്കി, കിടക്കയോടെ താഴോട്ടിറക്കി എന്ന് നാം വായിക്കുന്നു. ജീവിതത്തിലെ പ്രതിബന്ധങ്ങള്‍ക്കു നടുവില്‍ നിരാശപ്പെട്ടു പിന്മാറരുത്. വചനമാകുന്ന ആത്മീയ വാളെടുത്തു പൊരുതി ജയിക്കാന്‍ ഈശോയുടെ സ്നേഹവും കരുണയും നമ്മെ സഹായിക്കട്ടെ. ”നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ” (2 മക്കബായര്‍ 8/18). സംസാരതടസം മാറുവാന്‍ പ്രാര്‍ത്ഥിക്കാവുന്ന വചനക്കൊന്ത ”ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്” (ഹെബ്രായര്‍ 4/12). (ഒരു പ്രാവശ്യം) ”തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന് ദൈവത്തെ വാഴ്ത്തിക്കൊï് സംസാരിക്കാന്‍ തുടങ്ങി” (ലൂക്കാ 1/64). (പത്തു പ്രാവശ്യം) ”ദൈവത്തിന്റെ വചനം….” (ഒരു പ്രാവശ്യം) ”കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും” (സങ്കീര്‍ത്തനങ്ങള്‍ 51/15). (പത്ത് പ്രാവശ്യം) ”ദൈവത്തിന്റെ വചനം…” (ഒരു പ്രാവശ്യം) ”ജ്ഞാനം മൂകരുടെ വായ് തുറക്കുകയും ശിശുക്കളുടെ നാവിനു സ്ഫുടമായി സംസാരിക്കാന്‍ കഴിവു നല്‍കുകയും ചെയ്തു” (ജ്ഞാനം 10/21). (പത്തു പ്രാവശ്യം) ”ദൈവത്തിന്റെ വചനം…” (ഒരു പ്രാവശ്യം) ”അവന് എന്റെ അധരങ്ങളെ സ്പര്ശിച്ചിട്ട് പറഞ്ഞു: ഇത് നിന്റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു; നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു” (ഏശയ്യാ 6/7). (പത്തു പ്രാവശ്യം) ”ദൈവത്തിന്റെ വചനം…” (ഒരു പ്രാവശ്യം) ”അവന് എന്നോടു സംസാരിച്ചപ്പോള്‍ ശക്തി പ്രാപിച്ച ഞാന്‍ പറഞ്ഞു: പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ശക്തനാക്കിയിരിക്കുന്നു” (ദാനിയേല്‍ 10/19). (പത്തു പ്രാവശ്യം)
By: ആന്‍ മരിയ ക്രിസ്റ്റീന
Moreദൈവശാസ്ത്രം എന്റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന വചനഭാഗം എനിക്കൊരു പ്രശ്നമായിരുന്നില്ല. എന്നാല്‍ പഠനം തുടങ്ങിയതിലൂടെ മനസിലായി, ഈ വചനഭാഗത്ത് പത്രോസിനെയാണ് പാറയെന്ന് വിവക്ഷിച്ചിരിക്കുന്നത് എന്ന്. മത്തായി 16/17-19 വചനങ്ങളില്‍ പത്രോസിനോട് യേശു പറയുന്ന മൂന്ന് വാക്യങ്ങള്‍ കാണാം: 1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്!… (മത്തായി 16/17). 2. …നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും… (മത്തായി 16/18). 3. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. (മത്തായി 16/19). ഒന്നാമത്തേത് നിശ്ചയമായും ഒരു അനുഗ്രഹത്തെ കുറിക്കുന്നു. ദൈവത്തില്‍നിന്ന് ഒരു പ്രത്യേക വെളിപ്പെടുത്തല്‍ ലഭിച്ചതിനാല്‍ ശിമയോന് ഭാഗ്യവാനാണ്. മൂന്നാമത്തേതും അനുഗ്രഹംതന്നെ, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ശിമയോന് നല്‍കും. അങ്ങനെയെങ്കില്‍ ഈ രണ്ട് അനുഗ്രഹങ്ങളുടെ മധ്യത്തിലുള്ള വാക്യവും ഒരു അനുഗ്രഹമാകാതെ തരമില്ല. അതൊരു പ്രശ്നമായി തോന്നി. പത്രോസെന്ന പാറമേല്‍ അല്ല അദ്ദേഹത്തിന് നല്കപ്പെട്ട വെളിപാട് എന്ന പാറമേല്‍ ആണ് സഭ പണിയപ്പെട്ടിരിക്കുന്നത് എന്നാണ് ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് പഠനങ്ങള്‍. ബൈബിളിന്റെ ഗ്രീക്ക് മൂലത്തില്‍ ജലൃേീ െഎന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനര്‍ത്ഥം ചെറിയ കല്ല് എന്നാണ്. എന്നാല്‍ പാറ എന്നര്‍ത്ഥം വരുന്നത് ജലൃേമ എന്ന പദത്തിനാണ്. അതിനാല്‍ ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വ്യാഖ്യാതാക്കള്‍ പറയുന്നത് ‘പത്രോസേ, നീയൊരു ചെറിയ കല്ലാണ്, എന്നാല്‍ നിനക്ക് ലഭിച്ച വെളിപാടാകുന്ന പാറമേല്‍ ഞാനെന്റെ സഭ സ്ഥാപിക്കും’ എന്നാണ് യേശു ഉദ്ദേശിക്കുന്നത് എന്നത്രേ. പക്ഷേ മത്തായിയുടെ സുവിശേഷം രചിക്കപ്പെട്ട കാലത്ത് ഉപയോഗത്തിലിരുന്ന പുരാതന ഗ്രീക്കില്‍ ഈ രണ്ട് പദങ്ങള്‍ക്കും ഒരേ അര്‍ത്ഥമാണ് ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിക്കുന്നില്ല. അതേസമയംതന്നെ, യേശു ഉപയോഗിച്ചിരുന്ന ഹീബ്രുവിന്റെ സഹോദരഭാഷയായ അരമായഭാഷയില്‍ കേഫാ എന്ന പദമാണ് ഉള്ളത്. ഗ്രീക്കിലെ Petros, Petra എന്നീ രണ്ട് പദങ്ങള്‍ക്കും തുല്യമാണ് കേഫാ എന്ന പദം. മാത്രവുമല്ല, പത്രോസേ നീ ചെറിയ കല്ലാകുന്നു എന്നാണ് ആ വാക്യം എന്ന് കരുതുക. എങ്കില്‍ ആ ഖണ്ഡിക തീര്‍ത്തും വിഡ്ഢിത്തംപോലെയാകും. ഒന്ന് ഊഹിച്ചുനോക്കുക, 1. യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്!… 2. …നീ വെറുമൊരു ചെറിയ കല്ലാണ്…. 3. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും…. ഇങ്ങനെയാണ് ആ വാക്യങ്ങളുടെ ക്രമീകരണമെന്ന് വിശ്വസിക്കാനാവുമോ? ഈ ഭാഗം വിശദമായി പരിശോധിക്കുമ്പോള്‍ പത്രോസ് ശിഷ്യന്മാരുടെ തലവനാണെന്നതും വ്യക്തമാകും. മറ്റ് അപ്പസ്തോലര്‍ പത്രോസിന് ലഭിച്ച അധികാരങ്ങള്‍ പങ്കുവച്ചുനല്കപ്പെട്ടവരായിരുന്നു. ഈ പശ്ചാത്തലത്തില്‍, യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം അവിടുത്തെ സ്വര്‍ഗീയ അധികാരത്തിനുകീഴില്‍ ഭൗമികസഭയുടെ തലവന്‍ പത്രോസ് ആയിരുന്നു എന്നതും മനസിലാക്കാം. അങ്ങനെയെങ്കില്‍ ആദ്യത്തെ പാപ്പ പത്രോസാണെന്ന് കത്തോലിക്കര്‍ പറയുന്നത് ശരിയാണ്. ഇക്കാര്യങ്ങളെല്ലാം ശരിയാണെങ്കില്‍ മറ്റ് കത്തോലിക്കാപ്രബോധനങ്ങളും ശരിയായിരിക്കണം. ഇതെല്ലാം കണ്ടെത്തിയതോടെ ഞാനല്പം കുഴങ്ങിയെന്ന് പറയാം. എങ്കിലും ഞാന്‍ എതിര്ത്തുനില്ക്കാന് ശ്രമിച്ചു. പക്ഷേ അടുത്ത വര്‍ഷം കത്തോലിക്കാ ദൈവശാസ്ത്രം ആഴത്തില്‍ പഠിച്ചു. അതോടെ കത്തോലിക്കാവിശ്വാസത്തോടുള്ള സമീപനം മയപ്പെട്ടു. ഭാര്യ റെനിയെ വിശുദ്ധബലിക്ക് കൊണ്ടുപോകാന്‍ തുടങ്ങി. സഭയില്‍ വിവാഹകൂദാശ സ്വീകരിക്കാന്‍ തയാറായി. 1991 ഡിസംബര്‍ ഒന്നിന് ഫാ. മാര്‍ക്ക് വുഡിന്റെ കാര്‍മികത്വത്തിലായിരുന്നു ഞങ്ങളുടെ യഥാര്‍ത്ഥവിവാഹം. രണ്ട് സാക്ഷികള്മാത്രമാണ് അതില്‍ സംബന്ധിച്ചത്. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഹ്രസ്വമായ വിവാഹകര്‍മം. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവശാസ്ത്രപരമായ ചില മേഖലകളില്‍ സഭയുടെ പഠനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നു. എന്റെ നിലപാടുകള്‍ക്ക് കടുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റെനി മനസിലാക്കിയെങ്കിലും, ഞാന്‍ മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് അവളെ അറിയിച്ചില്ല. കത്തോലിക്കാപ്രബോധനങ്ങളില് എന്തെങ്കിലും ഗുരുതരപ്രശ്നം കണ്ടെത്തിയാല്‍ ഞാനിതെല്ലാം ഉപേക്ഷിക്കും, അതിനാല്‍ അവള്‍ക്ക് പ്രതീക്ഷ കൊടുത്തിട്ട് പിന്നീട് വിഷമിക്കാന്‍ ഇടവരുത്തേണ്ട എന്ന് കരുതി. പക്ഷേ, ഒടുവില്‍… പഠനങ്ങളുടെ പൂര്‍ത്തിയില്‍, കത്തോലിക്കാസഭ ഏകസത്യസഭയാണെന്ന് തിരിച്ചറിഞ്ഞ് സഭാംഗമാകണമെന്ന് ഞാന്‍ തീരുമാനിച്ചു. 1992 ജനുവരിയിലാണ് ഇക്കാര്യം റെനിയോട് വെളിപ്പെടുത്തിയത്. അവള്‍ക്ക് വളരെ സന്തോഷമായി. എന്നാല്‍ അവളെക്കാള്‍ കൂടുതല്‍ സന്തോഷം എനിക്കായിരുന്നു. വലിയ നോമ്പ് സമീപിച്ചപ്പോള്‍ ആ ഈസ്റ്റര്‍ തലേന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനെക്കുറിച്ച് ഞാന്‍ പദ്ധതിയിടാന്‍ തുടങ്ങി. പക്ഷേ അതത്ര മുന്നോട്ട് പോയില്ല. എന്നാല്‍ ഞാന്‍ പങ്കെടുത്തിരുന്ന ആരാധനാസമൂഹത്തില്‍നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയ ലിയോണും സമാനമായ വിധത്തില്‍ കത്തോലിക്കാവിശ്വാസത്തിലേക്ക് മാറിയവരും പല കാര്യങ്ങളിലും സഹായിച്ചു. ഭാര്യയെ പ്രീതിപ്പെടുത്താനാണ് ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് ആളുകള്‍ ചിന്തിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, എന്റെ പ്രൊട്ടസ്റ്റന്റ് സുഹൃത്തുക്കള്‍ എന്നെ നന്നായി മനസിലാക്കിയിരുന്നു. ഭാര്യക്കുവേണ്ടിയല്ല ഞാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പദ്ധതികള്‍ തകിടം മറിയുന്നു… ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു സംഭവവികാസം ആ നാളുകളിലുണ്ടായി. 1992 ജൂണ്‍ അവസാനം റെനിയുടെ 27-ാം ജന്മദിനത്തിനുശേഷം താമസിയാതെ, റെനിക്ക് തീരെ സുഖമില്ലാതെയായി. പതിവുള്ള ലക്ഷണങ്ങള്‍തന്നെയാണ് കാണപ്പെട്ടത് എന്നതിനാല്‍ വന്‍കുടലിലെ വ്രണങ്ങള്തന്നെയാണ് വില്ലന്‍ എന്ന് ഞങ്ങള്‍ കരുതി. പക്ഷേ പെട്ടെന്നുതന്നെ റെനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെവന്നു, തീര്‍ത്തും കിടപ്പായി. വേദനകൊണ്ട് അവള് കരഞ്ഞിരുന്ന ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. നടുവേദനയ്ക്ക് ആശ്വാസത്തിനായി മസ്സാജ് തെറാപ്പി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതുകില്‍ ഒരു മുഴ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനകളിലാണ് വേദനാജനകമായ അക്കാര്യം അറിഞ്ഞത്, റെനിക്ക് കുടലില്‍ കാന്‍സറാണ്. അത് കണ്ടുപിടിക്കാന്‍ ഏറെ വൈകിയതിനാല്‍ ചികിത്സകൊണ്ട് രക്ഷപ്പെടുന്ന അവസ്ഥയായിരുന്നില്ല. കീമോതെറാപ്പി ആരംഭിച്ചു. ഡോക്ടറുടെ നിഗമനമനുസരിച്ച്, ബ്ലഡ് ക്ലോട്ട് നിമിത്തം പെട്ടെന്നോ ന്യൂമോണിയ നിമിത്തം ആഴ്ചകള്‍കൊണ്ടോ, അതുമല്ലെങ്കില്‍ കാന്സര്നിമിത്തം മാസങ്ങള്‍ക്കകമോ റെനിയുടെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇടവകവൈദികനായ ഫാ. മാര്‍ക്ക് വുഡിനെ ഞാന്‍ കാര്യങ്ങള്‍ അറിയിച്ചു. അന്ന് രാത്രിതന്നെ അദ്ദേഹം ആശുപത്രിയില്‍ ഞങ്ങളുടെ മുറിയിലെത്തി. റെനിയുടെ അവസ്ഥയെക്കുറിച്ചും എന്റെ സഭാപ്രവേശത്തെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ബുദ്ധിപരമായി ഒരുങ്ങാന്‍ അല്പസമയം എനിക്ക് ആവശ്യമുണ്ടെന്ന തോന്നലിലായിരുന്നു അതിനുമുമ്പ് ഞാന്‍. എന്നാല്‍, ഇപ്പോഴേ ഞാനേറെ സമയം വൈകിച്ചുവെന്നും ഇനിയെങ്കിലും ഒരു സമര്‍പ്പണം നടത്തേണ്ട സമയമായെന്നും ആ അവസ്ഥയിലൂടെ ദൈവം പറയുന്നതായി അനുഭവപ്പെട്ടു. അന്ന് വെള്ളിയാഴ്ചയായിരുന്നു. ആ ഞായറാഴ്ച എന്റെ സഭാപ്രവേശം നടത്താമെന്ന് ഞങ്ങള്‍ ചിന്തിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ റെനി ഗുരുതരാവസ്ഥയിലായി. എപ്പോള്‍ വേണമെങ്കിലും ശ്വാസം നിലച്ചേക്കാം എന്ന അവസ്ഥ. ഞാന്‍ വേഗം ഫാ. മാര്‍ക്കിനെ വിളിച്ചു. പിറ്റേ ദിവസം വരെ കാത്തുനില്ക്കാനാവില്ല, അപ്പോള്‍ത്തന്നെ എനിക്ക് സഭാംഗമാകണം എന്നുപറഞ്ഞു. വേഗം വരാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ അദ്ദേഹം എത്തുംമുമ്പ് റെനിയുടെ ചെസ്റ്റ് എക്സ്-റേ പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞു, ”പേടിച്ചതുപോലെ ന്യൂമോണിയ അല്ല. ശ്വാസകോശത്തിനകത്തുള്ള മുഴകളാണ് റെനിയുടെ ശ്വാസോച്ഛ്വാസത്തെ തടസപ്പെടുത്തുന്നത്. അതിനാല്‍ത്തന്നെ ഉടനെ മരിക്കാനുള്ള സാധ്യതയില്ല. കുറച്ച് ആഴ്ചകള്കൂടെ ജീവിച്ചേക്കും.” ഉടനെ മരണം സംഭവിക്കുകയില്ലെന്ന് പറഞ്ഞാലും അത് ഹൃദയം നുറുക്കുന്ന വാര്‍ത്തതന്നെയായിരുന്നു. പെട്ടെന്നുതന്നെ റെനിക്ക് വേദനസംഹാരിയായി മോര്‍ഫിന്‍ കൊടുക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും ഫാ. മാര്‍ക്ക് എത്തി എന്നെ കുമ്പസാരിപ്പിച്ചു. ഏറ്റവും ഹ്രസ്വമായ വിധത്തില്‍ കര്‍മങ്ങള്‍ നടത്തി എന്നെ സഭയിലേക്ക് സ്വീകരിച്ചു. റെനിക്ക് രോഗിലേപനവും നല്കി. തുടര്‍ന്ന് ഒരേ തിരുവോസ്തി ഭാഗിച്ച് ഞങ്ങള്‍ ഇരുവര്‍ക്കും വിശുദ്ധ കുര്‍ബാന തന്നു. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ആദ്യത്തെയും അവസാനത്തെയും ദിവ്യകാരുണ്യസ്വീകരണം ഒരേ തിരുവോസ്തിയില്നിന്നായിരുന്നു. എന്നെ സഭയിലേക്ക് സ്വീകരിക്കാന്‍ ഫാ.മാര്‍ക്ക് വരുന്നതിന് അല്പം മുമ്പ് റെനിക്ക് മോര്‍ഫിന്‍ ഇന്ജക്ഷന് നല്കിയിരുന്നതിനാല് അവള് ചെറിയ മയക്കത്തിലായിരുന്നു ദിവ്യകാരുണ്യസ്വീകരണം നടത്തിയത്. പക്ഷേ എന്താണ് നടക്കുന്നതെന്ന് അവള്‍ക്ക് അറിയാമായിരുന്നു. സാധിക്കുന്നത്ര ശ്രദ്ധയോടെ പങ്കെടുത്തതും തിരുവോസ്തിയുടെ ചെറുതുണ്ട് അല്പം ക്ലേശിച്ചാണെങ്കിലും ഉള്‍ക്കൊണ്ടതും അതിനാല്ത്തന്നെയായിരുന്നു. എന്റെ സഭാപ്രവേശം പൂര്‍ത്തിയായപ്പോള്‍ അവളെ ആലിംഗനം ചെയ്തുകൊണ്ട് ഞാന്‍ മന്ത്രിച്ചു, ”ഞാനിതാ സഭയ്ക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്നു.” അതുകേട്ടപ്പോള്‍ ആ മുഖത്ത് അതിമനോഹരവും സമാധാനപൂര്‍ണവുമായ ഒരു പുഞ്ചിരി വിടര്‍ന്നു, ഏറെനേരം നീണ്ടുനിന്ന ഒരു പുഞ്ചിരി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം റെനി മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. അവള് ഉണര്ന്നിരുന്നത് അടുത്ത മോര്‍ഫിന്‍ ഇന്ജക്ഷന് ആവശ്യപ്പെടാനാണ്. ബാക്കിയുള്ള തീര്‍ത്തും കുറഞ്ഞ ദിവസങ്ങള്‍ അവള് ഉറങ്ങിത്തീര്ക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. എനിക്ക് അവളോട് ഗൗരവമായി സംസാരിക്കണമായിരുന്നു. ബോധത്തോടെയുള്ള 20 മിനിറ്റ് എനിക്ക് നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. കര്‍ത്താവ് എനിക്കത് തന്നു. ആ സമയത്ത് ഞാനവളോട് സംസാരിച്ചു. ഞാനും മറ്റുള്ളവരും അവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് ഞാനവളോട് പറഞ്ഞു. നിത്യതയിലായിരിക്കുമ്പോള് അത് മനസിലാക്കാനാവും എന്ന് ഓര്‍മിപ്പിച്ചു. പിറ്റേന്ന്…. ഏതാണ്ട് 10.30 ആയപ്പോള്‍ ഞാന്‍ സ്കോട്ട് ഹാനുമായി ഫോണില്‍ സംസാരിച്ചു. എന്റെ മാനസാന്തരകാലത്ത് ഞങ്ങള്‍ ഫോണ്സുഹൃത്തുക്കളായതാണ്. അദ്ദേഹം 11 മണിയോടെ ദിവ്യകാരുണ്യ ആരാധനക്കായി പോകുകയാണ്. ഞാന്‍ പറയുന്ന കാര്യങ്ങളോട് റെനി ആത്മീയമായി പ്രതികരിക്കണമെന്നും നിത്യതയിലേക്കുള്ള അവളുടെ യാത്ര സുഗമമാക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ആരാധനയ്ക്കായി പോയി. 11.10 ആയപ്പോഴേക്കും റെനിയുടെ ജീവന് പിരിഞ്ഞു. ആ ദൈവിക ഇടപെടലിനെക്കുറിച്ച് മനസിലായത് വലിയൊരു ആശ്വാസം നല്കി. അവസാനനിമിഷത്തില്‍ റെനി എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി. ദൈവത്തില്‍ ശരണപ്പെടണമെന്നും എല്ലാം നന്നായിരിക്കുമെന്നും ഞാനവളെ സ്നേഹിക്കുന്നുവെന്നും ഞാനവളോട് പറഞ്ഞു. പിന്നെ അവള്‍ക്കൊരു ചുംബനം നല്കി. അതോടെ ഈ ഭൂമിയില്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. പരസ്പരം സമ്മാനങ്ങള്‍ നല്‍കാനാണ് ദൈവം ഞങ്ങളെ ഒന്നിപ്പിച്ചതെന്ന് തോന്നുന്നു. ന്യൂ ഏജ് വിശ്വാസങ്ങളില്‍നിന്ന് ഞാന്‍ അവളെ രക്ഷപ്പെടുത്തി, ഒടുവില്‍ നിത്യജീവന് സ്വന്തമാക്കാന്‍ സഹായിച്ചു. റെനിയുമായുള്ള വിവാഹം എനിക്ക് കത്തോലിക്കാവിശ്വാസം എന്ന സമ്മാനം ലഭിക്കാന്‍ സഹായകമായി. ആ വിവാഹം നിമിത്തമാണല്ലോ ഞാന്‍ കത്തോലിക്കാദൈവശാസ്ത്രം പഠിച്ചത്. അവളെ സഭയില്‍നിന്ന് പുറത്തേക്ക് നയിക്കാനാണ് ഞാനത് പഠിച്ചതെങ്കിലും ആ പഠനം എന്നെ കത്തോലിക്കാവിശ്വാസംതന്നെയാണ് ബൈബിള്‍ അനുസരിച്ചുള്ള യഥാര്‍ത്ഥവിശ്വാസം എന്ന ബോധ്യത്തിലേക്ക് നയിച്ചു. റെനി ഇപ്പോഴും എനിക്ക് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. അവള് മരിക്കുന്നതിനുമുമ്പുള്ള ദിവസം ഞാന്‍ സംസാരിച്ചപ്പോള്‍ ചെയ്ത ഒരു കാര്യം പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് നല്‍കുകയാണ്. ഇന്ന് അവള് ക്രിസ്തുവിനോടൊത്ത് ആയിരിക്കുമ്പോള്‍, ഭൂമിയിലായിരുന്നപ്പോഴത്തെക്കാള് ശക്തമായി അവള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്നെനിക്കറിയാം. റെനി എനിക്കായി പ്രാര്ത്ഥിക്കുന്നുണ്ടെന്നത് എനിക്ക് ആശ്വാസകരമാണ്. ”ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്നാനവുമേയുള്ളൂ. സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ദൈവം ഒരുവന്‍മാത്രം” (എഫേസോസ് 4/4-6). അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ അപ്പോളജിസ്റ്റും ഗ്രന്ഥകാരനും പ്രസംഗകനും പോഡ്കാസ്റ്റ് അവതാരകനുമാണ് ജിമ്മി ഏകിന്‍. Jimmy Akin എന്ന യുട്യൂബ് ചാനലിലൂടെ കത്തോലിക്കാപ്രബോധനങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം സജീവമാണ്.
By: ജിമ്മി ഏകിന്‍
Moreവിശുദ്ധ ജെര്‍ത്രൂദിന് ശുദ്ധീകരണാത്മാക്കളോട് വലിയ അനുകമ്പയുണ്ടായിരുന്നു. എല്ലാ ദിവ്യബലികളിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഒരുദിനം, ദിവ്യകാരുണ്യ സ്വീകരണശേഷം ഈശോയോടൊപ്പം ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറയുന്നത് വിശുദ്ധയക്ക് കേള്‍ക്കാന്‍ കഴിഞ്ഞു: ”ഓരോ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയുടെ സൗരഭ്യം നിങ്ങളെല്ലാവര്‍ക്കും അനുഭവിക്കാന്‍ ഞാന്‍ അനുവദിക്കും.” അന്ന് വിശുദ്ധ അപേക്ഷിച്ചതിലും കൂടുതല്‍ ശുദ്ധീകരണാത്മാക്കളെ ദിവ്യബലിക്കു ശേഷം ഈശോ മോചിപ്പിച്ച് സ്വര്‍ഗത്തിലേക്ക് ആനയിക്കുന്നത് അവള് കണ്ടു. ഒരിക്കല്‍ വിശുദ്ധ ഈശോയോട് ചോദിച്ചു: ”കര്‍ത്താവേ, അങ്ങയുടെ അനന്ത കാരുണ്യത്താല്‍ അവിടുന്ന് എത്ര ആത്മാക്കളെ ശുദ്ധീകരണാവസ്ഥയില്‍ നിന്നും മോചിപ്പിക്കും?” അവിടുന്നു പറഞ്ഞു: ”ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്റെ സ്നേഹം എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. ദയാലുവായ ഒരു രാജാവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതന് കഠിന കുറ്റം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടാല്‍, രാജാവ് തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ എത്രയധികമായി ആഗ്രഹിക്കും. കുറ്റവാളിയായ സുഹൃത്തിന്റെ മോചനത്തിനുവേണ്ടി രാജ്യത്തെ പ്രഭുക്കന്മാര് ആരെങ്കിലും തന്റെയടുക്കല്‍ വാദിച്ചിരുന്നെങ്കില്‍, മോചനത്തിനായി എന്തെങ്കിലും വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ സ്നേഹിതനെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാമായിരുന്നുവെന്ന് രാജാവ് തീര്‍ച്ചയായും ആഗ്രഹിക്കും. അപ്രകാരം ഏതെങ്കിലും അധികാരികള്‍ കുറ്റവാളിയുടെ മോചനത്തിനുവേണ്ടി അപേക്ഷിച്ചാല്‍ രാജാവ് വലിയ സന്തോഷത്തോടെ തന്റെ സ്നേഹിതനെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യും. ഇപ്രകാരം, ശുദ്ധീകരണാവസ്ഥയിലുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സ്നേഹപൂര്‍വമായ പ്രാര്‍ത്ഥനയ്ക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഏറ്റവും വലിയ ആനന്ദത്തോടെ ഞാന്‍ സ്വീകരിക്കുകയും പാവപ്പെട്ട ശുദ്ധീകരണാത്മാക്കളെ മോചിപ്പിക്കുകയും ചെയ്യും. കാരണം ഞാന്‍ വലിയ വിലകൊടുത്ത്, അതായത് എന്നെത്തന്നെ വിലയായി നല്കി സ്വന്തമാക്കിയവരാണ് അവര്‍. അവര്‍ എത്രയും വേഗം എന്റെയടുക്കല്‍ എത്തിച്ചേരണമെന്നും എന്നോടൊപ്പം ആയിരിക്കണമെന്നും ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. നീ സ്നേഹത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം, ശുദ്ധീകരണാത്മാവിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ നാവ് ഒന്ന് ചലിപ്പിക്കുമ്പോള്ത്തന്നെ ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.” ശുദ്ധീകരണാവസ്ഥയിലൂടെ കടന്നുപോകുന്ന പ്രിയപ്പെട്ടവര്‍ക്കായി സ്നേഹത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. അത് ഈശോയ്ക്ക് ഏറെ പ്രിയങ്കരമാണ്. അവിടുന്ന് നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി കാത്തിരിക്കുന്നു. ഈശോ വിശുദ്ധ ജര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന മനപാഠമാക്കി, കൂടെക്കൂടെ പ്രാര്‍ത്ഥിച്ചുകൊണ്ട് ആയിരക്കണക്കിന് ആത്മാക്കളെ നമുക്ക് സ്വര്‍ഗത്തിലേക്ക് കരേറ്റാം. അവര്‍ നമ്മുടെ സഹായം എന്നും കൃതജ്ഞതയോടെ അനുസ്മരിക്കുകയും പ്രത്യുപകാരമായി നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സഹായിക്കുകയും ചെയ്യും.
By: Shalom Tidings
More