Home/Encounter/Article

ജൂണ്‍ 17, 2020 1747 0 Fr Jose Poothrikkayil
Encounter

സ്വര്‍ണം പൊടിയിലെറിഞ്ഞാലുള്ള ഗുണം

അന്നത്തെ ജപമാല പ്രാര്‍ത്ഥന ഒരിക്കലും മറക്കില്ല. വൈകുന്നേരം ഏഴുമണിക്ക് വൈദികവിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള ആ സമൂഹ പ്രാര്‍ത്ഥനയില്‍ എന്നും പങ്കെടുക്കാറുണ്ട്. എങ്കിലും അന്നത്തെ പ്രാര്‍ത്ഥനയില്‍ ദൈവസാന്നിധ്യത്തിന്‍റെ സജീവാനുഭവം ലഭിച്ചു. മുഴുവന്‍ സമയവും പരിശുദ്ധ അമ്മ തൊട്ടടുത്തുണ്ടായിരുന്നു. ഒരു വാക്കുപോലും നഷ്ടമാകാത്ത ഏകാഗ്രത.

ഇതിനൊരു പിന്നാമ്പുറ സംഭവമുണ്ട്. അന്നു വൈകുന്നേരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിത്യതയിലേക്ക് യാത്രയായ, വളരെ അടുപ്പവും ബന്ധവുമുള്ള,  ഒരമ്മയ്ക്കായി ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. പിറ്റേ ദിവസം നടക്കുന്ന സംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യമില്ലാതിരുന്നതുകൊണ്ടാണ് മോര്‍ച്ചറിയിലെത്തി പ്രാര്‍ത്ഥിച്ചത്. ഞാനവിടെ എത്തിയപ്പോള്‍ വെള്ളവസ്ത്രങ്ങളണിയിച്ച് മൃതദേഹം ഒരുക്കുകയായിരുന്നു. മൃതദേഹത്തില്‍ ധരിപ്പിക്കാറുള്ള ജപമാല തിരക്കിനിടയില്‍ ആരും എടുത്തിരുന്നില്ല.

കുറെ നാളുകളായി ജപമാല പ്രാര്‍ത്ഥനയ്ക്കായി ഞാന്‍ ഉപയോഗിച്ചിരുന്ന കൊന്ത എന്‍റെ പോക്കറ്റിലുണ്ടായിരുന്നു. ഫാത്തിമയില്‍ പോയ ഒരു സുഹൃത്ത് സമ്മാനി ച്ചതിനാല്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു അത്. എങ്കിലും അപ്പോഴത്തെ ആത്മപ്രേരണയാല്‍ ഒരു മടിയും കൂടാതെ അതെടുത്ത് ഒരുക്കുന്നവരുടെ കൈയില്‍ കൊടുത്തു. ആ ജപമാലയോടുള്ള വൈകാരികയടുപ്പം സന്തോഷത്തോടെ മുറിച്ചതുകൊണ്ടാകാം അന്ന് വൈകുന്നേരം ഒരു സാധാരണ നൂല്‍കൊന്ത കൈയിലേന്തി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധ അമ്മ സജീവസാന്നിധ്യാനുഭവവും അഭിഷേകവും നല്കി എന്നെ അനുഗ്രഹിച്ചത് എന്നെനിക്ക് തോന്നി.

ഇതു വിലപ്പെട്ടൊരു ആത്മീയപാഠം നമുക്ക് തരുന്നുണ്ട്. അഭിഷേകം നിറയ്ക്കുന്ന നമ്മുടെ കൈയിലെ ജപമാലയോടുപോലും അമിതമായ അടുപ്പം കൊണ്ടു നടന്നാല്‍ ക്രിസ്തുവിനെ ഹൃദയത്തില്‍ പൂജിക്കുന്നതില്‍ (1 പത്രോസ് 3:15) നിന്നും സാത്താന്‍ പതുക്കെ നമ്മെ അകറ്റിക്കൊണ്ടിരിക്കും. ഇതു പലപ്പോഴും നാം അറിയുക പോലുമില്ല.

ഉപേക്ഷയില്ലാതെ വിശുദ്ധി വളരില്ല. പ്രിയപ്പെട്ടവരോടും പ്രിയങ്കരമായവയോടും വിട പറഞ്ഞപ്പോള്‍ അനേകവിശുദ്ധരുടെ ആത്മാവില്‍ കൃപ കത്തിപ്പടര്‍ന്നു. അവര്‍ പെട്ടെന്ന് ദൈവൈക്യത്തിലേക്ക് പ്രവേശി ച്ചു. കാരണം സര്‍വശക്തന്‍ അവരുടെ പാതകളില്‍ പ്രകാശം വിതറി. പ്രഭുകുമാരിയായിരുന്ന ക്ലാര സ്വര്‍ണാഭരണങ്ങളും പട്ടുടുപ്പും വേണ്ടെന്നു വച്ചപ്പോള്‍ ദൈവം സ്വര്‍ണമായി മാറി. “സ്വര്‍ണത്തെ പൊടിയിലും ഓഫീര്‍പ്പൊന്നിനെ നദീതടത്തിലെ കല്ലുകള്‍ക്കിടയിലും എറിയുമെങ്കില്‍, സര്‍വശക്തന്‍ നിനക്ക് സ്വര്‍ണവും വിലപിടിച്ച വെള്ളിയും ആകുമെങ്കില്‍ നീ സര്‍വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്‍റെ നേരെ മുഖമുയര്‍ത്തുകയും ചെയ്യും” (ജോബ് 22:24-26). സ്വര്‍ണവും വെള്ളിയും ഉപേക്ഷിച്ചാല്‍ പോരാ, അവയോടുള്ള ആഗ്രഹവും അടുപ്പവും ഹൃദയത്തില്‍നിന്നും പോകണം. സ്വന്തം അമ്മയെ പതിനെട്ടു വയസുള്ളപ്പോഴാണ് മദര്‍ തെരേസ അവസാനമായി കണ്ടത്. മരണത്തിന് തൊട്ടുമുമ്പും കാണാനുള്ള അവസരം ത്യജിച്ചു. അതുവഴി പാവങ്ങളുടെ അമ്മയായി.

ഏറ്റവും ചെറിയ പരിത്യാഗത്തിലും അഭിഷേകമുണ്ട്. നിത്യാരാധനാചാപ്പലിന്‍റെ ഏറ്റവും മുമ്പിലുള്ള കസേരയില്‍ ദിവ്യകാരു ണ്യത്തിലേക്ക് മാത്രം നോക്കിയിരുന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ ആത്മീയാനന്ദം ലഭിക്കാം. എന്നാല്‍ ആ പ്രത്യേക സീറ്റിനോടുള്ള വൈകാരികയടുപ്പംപോലും ആത്മാവിന്‍റെ ജ്വലനത്തിന് തടസമായി മാറാം. ഇന്ദ്രിയാകര്‍ഷണം നിര്‍മമതയുടെ തലത്തിലേക്കുയര്‍ത്താന്‍ നിരന്തരമായ ആത്മീയസാധന വേണം. നിസാരകാര്യങ്ങളിലൂടെ ഇതു നമുക്ക് പരിശീലിക്കാം. മെഡ്ജുഗോറിയില്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത് ഇങ്ങനെയുള്ള കാര്യങ്ങളാണ്. നിയോഗംവച്ച് കുറെ ദിവസങ്ങളിലേക്ക് ടെലിവിഷന്‍, മൊബൈൽ ഫോണ്‍, സിനിമ, ഉല്ലാസയാത്ര തുടങ്ങിയവ ഉപേക്ഷിച്ചാല്‍ ആത്മാവില്‍ ബലം നിറയും. ഒപ്പം പ്രാര്‍ത്ഥനയില്‍ കൃപ നിറയും. ചില കാഴ്ചകള്‍ വേണ്ടെന്നു വയ്ക്കുമ്പോള്‍ കണ്ണിന്‍റെ ഉപവാസമായി മാറും. ഇതാണ് മെഡ്ജുഗോറി ഉപവാസം.

ഏകമകന്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തയാറായിക്കൊണ്ട് സ്നേഹത്തിന്‍റെ ഇഴയടുപ്പത്തെ അറുത്തുമുറിച്ചതിലൂടെ അബ്രാഹം വിശ്വാസികളുടെ പിതാവായി. ഇഷ്ടങ്ങളും അടുപ്പങ്ങളും വേണ്ടെന്നു വെക്കാനുള്ള അവസരങ്ങള്‍ നമ്മുടെ മുമ്പിലും തുറന്നു കിട്ടും. ആത്മീയാനന്ദങ്ങള്‍ പോലും ചിലപ്പോള്‍ വേണ്ടെന്നു വെക്കേണ്ടി വരും. എന്നാല്‍ ആ പരീക്ഷയില്‍ വിജയിച്ചാല്‍ പ്രൊമോഷന്‍ ഉറപ്പാണ്.

Share:

Fr Jose Poothrikkayil

Fr Jose Poothrikkayil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles