Trending Articles
കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ സത്യത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു.
അങ്ങനെയെങ്കില്‍ ഞാനറിഞ്ഞ സത്യത്തിനുവേണ്ടി, എന്റെ കര്‍ത്താവിനുവേണ്ടി, എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? എനിക്കെന്തുകൊണ്ട് യേശുവിനുവേണ്ടി ജീവിച്ചുകൂടാ?
ഈ ചിന്തയും മനസില്‍ വച്ച് ഞാന്‍ അല്‍പ്പസമയം കര്‍ത്താവിന്റെ അടുത്തിരുന്നു. അതിനുശേഷം വിശുദ്ധ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വചനമെന്താണെന്നോ? “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല” (യോഹന്നാന് 6/44).
ഒന്ന് ചോദിച്ചുനോക്കുക. നിന്നെയും കര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടാകും.
“നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്” (റോമാ 14/8).
പ്രാര്‍ത്ഥിക്കാം, യേശുവേ, എന്നിലൂടെ അനേകര്‍ അങ്ങയെ അറിയാന്‍ ഇടയാക്കണമേ. സുവിശേഷം പങ്കുവയ്ക്കാനുള്ള വ്യക്തിപരമായ സാധ്യതകള്‍ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.
Brother Augustine Christy PDM
കൊവിഡ് അല്പം ശക്തി പ്രാപിച്ച് നിന്നിരുന്ന 2022 ഫെബ്രുവരിമാസം. എന്റെ ഭര്‍ത്താവിന് കൊവിഡ് പോസിറ്റീവ് ആയി. നാലുമാസംമാത്രം പ്രായമുള്ള ഇളയ കുഞ്ഞുള്‍പ്പെടെ നാല് മക്കള്‍ക്കും എനിക്കും രോഗം പകരണ്ട എന്ന് കരുതി ഭര്‍ത്താവ് ഞങ്ങളുടെ വീട്ടില്‍നിന്ന് മാറി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയടുത്ത് പോയി. അതോടൊപ്പം വീട്ടില്‍ ഞങ്ങളും ക്വാറന്റൈന് പാലിച്ചു. പക്ഷേ അയല്‍ക്കാര്‍ വളരെയധികം സ്നേഹവും സഹകരണവും ഉള്ളവരായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരു ബുദ്ധിമുട്ടും അറിഞ്ഞില്ല. മക്കള്‍ക്ക് ആവശ്യമുള്ള ബേക്കറി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും വീട്ടുപടിക്കല്‍ എത്തിയിരുന്നു. ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടല്ല എന്നോര്‍ത്തപ്പോള്‍ ഈശോയോട് കൂടുതല്‍ സ്നേഹം തോന്നി. അങ്ങനെ ശനിയാഴ്ചയായി. അന്ന് ഞാന്‍ ഈശോയോട് ഇങ്ങനെ പറഞ്ഞു, ''ഈശോയേ, നാളെ ഞായറാഴ്ചയല്ലേ? മക്കള്‍ക്ക് ഇത്തിരി ചിക്കന്‍ വച്ചുകൊടുക്കണമെന്നുണ്ട്. ഞാന്‍ ആരോടും ഒന്നും വാങ്ങിവരാന്‍ പറഞ്ഞിട്ടില്ല. ബാക്കി സാധനങ്ങളെല്ലാം വീടിനുമുന്നില്‍ വന്നത് ഞാന്‍ വിളിച്ചുപറഞ്ഞിട്ടല്ല എന്ന് അറിയാമല്ലോ. ഇതും ഞാനാരോടും പറയുന്നില്ല, കേട്ടോ.'' അന്ന് വൈകിട്ട് പതിവുപോലെ ഞങ്ങള്‍ ഏഴുമണിക്ക് കുടുംബപ്രാര്‍ത്ഥന ചൊല്ലാനിരുന്നു. അപ്പോള്‍ ഗേറ്റിനടുത്തുനിന്ന് ഒരു വിളി. അടുത്ത വീട്ടിലെ ഷേര്ളിച്ചേച്ചിയാണ്. ''മോളേ, വന്നേ. ഗേറ്റൊന്നും തുറക്കണ്ട. ഇതങ്ങ് വാങ്ങിച്ചേ. നാളെ ഞായറാഴ്ചയല്ലേ. ഇച്ചിരി ചിക്കനാണ്. പിള്ളാര്‍ക്ക് വച്ചുകൊടുക്കൂ.'' അത് സ്വീകരിച്ച് ഞാന്‍ ചേച്ചിയോട് നന്ദി പ്രകടിപ്പിച്ചു. വീടിനകത്ത് കയറിയപ്പോള്‍ ഈശോയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞുപോയി, ''എന്നാലും എന്റെ ഈശോയേ, അങ്ങ് ഒരു സംഭവമാണ്, കേട്ടോ!'' ''നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന് കഴിവുറ്റവനാണ് ദൈവം'' (2 കോറിന്തോസ് 9/8) ന്മ
By: Emily Jose, Changanassery
More"നമ്മുടെ രക്ഷകന് എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്നേഹത്താല്‍ കത്തിജ്വലിച്ചെങ്കില്‍, യാത്രാമധ്യേ അവന് നമ്മോട് സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേയെന്ന് അവര്‍ പറഞ്ഞെങ്കില്‍ ഈശോമിശിഹായുമായി മുപ്പത് കൊല്ലങ്ങളോളം സംഭാഷിച്ച, നിത്യജീവന്റെ വചസ്സുകള്‍ കേട്ട, വിശുദ്ധ യൗസേപ്പിതാവിന്റെ ഹൃദയം വിശുദ്ധമായ സ്നേഹാഗ്നിജ്വാലയില്‍ എത്രയധികം കത്തിജ്വലിച്ചിട്ടുണ്ടാകാം" (വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി). ഈശോ വീടിനുപുറത്ത് അധ്വാനത്തിലോ യാത്രയിലോ ആണെങ്കിലും വീട്ടില്‍ മറിയത്തോടൊപ്പം ആയിരുന്ന ജോസഫിന് ദൈവികസാന്നിധ്യം അനുഭവവേദ്യമായിരുന്നു. ഞാനത് വിശദീകരിക്കാം. നിങ്ങള്‍ ഫീറ്റോമറ്റേണല്‍ മൈക്രോഷിമ്മറിസം (fetomaternal microchimerism) എന്ന ഒരു പദം കേട്ടിട്ടുണ്ടോ? വലിയ സങ്കീര്‍ണത നിറഞ്ഞ പദമാണെങ്കിലും അമ്മയും ശിശുവും തമ്മിലുള്ള അത്ഭുതാവഹമായ ശാരീരിക ബന്ധത്തെക്കുറിച്ച് ഇത് സൂചിപ്പിക്കുന്നുണ്ട്. ഒരു അമ്മയുടെ ശരീരത്തില്‍ ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്ന കാലഘട്ടം കഴിഞ്ഞാലും ശിശുവിന്റെ ജീവനുള്ള കോശങ്ങള്‍ അവളുടെ ശരീരത്തില്‍ അവശേഷിക്കുന്നതായി ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ പ്രതിഭാസത്തിന്റെ പേരാണ് ഫീറ്റോമറ്റേണല്‍ മൈക്രോഷിമ്മറിസം. ശാസ്ത്രജ്ഞരുടെ നിരീക്ഷണപ്രകാരം ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോഴും അവള് പ്രസവിച്ചുകഴിയുമ്പോഴും ശിശുവിന്റെ കോശങ്ങള്‍ അവളുടെ ശരീരത്തില്‍ കണ്ടെത്താനാകും. ഇങ്ങനെയുള്ള അനേകം കോശങ്ങള്‍ പിന്നീടുള്ള കാലത്തും ആ സ്ത്രീയുടെ ശരീരത്തില്‍ നിലനില്ക്കും. ശാസ്ത്രജ്ഞന്മാരും ഗവേഷകരും കണ്ടെത്തിയതുപ്രകാരം തിരിച്ചും സംഭവിക്കുന്നുണ്ട്. ഒരമ്മയുടെ കോശങ്ങള്‍ മക്കളുടെ ശരീരത്തിലേക്കും കൈമാറ്റം ചെയ്യപ്പെടുകയും അവരുടെ ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. ഇത് അത്ഭുതാവഹമാണ.് ഈ പദത്തെക്കുറിച്ച് വിശുദ്ധ യൗസേപ്പിതാവിന് ഒന്നുംതന്നെ അറിയില്ലെങ്കിലും അവന് തന്റെ ഭാര്യ മറിയത്തിന്റെ സാന്നിധ്യത്തിലായിരുന്നപ്പോഴെല്ലാം ഈശോയുടെ സാന്നിധ്യത്താല്‍ ദൈവം അവനെ അനുഗ്രഹിക്കുന്നത് തുടര്‍ന്നു. മറിയത്തിന്റെ അടുത്ത് ഇരിക്കുന്നത് ഈശോയുടെ അടുത്ത് ആയിരിക്കുക എന്നതുതന്നെ. ഈശോ അവിടെ ജീവിക്കുന്നു. തന്റെ ദൈവിക സുതന്റെ സജീവകോശങ്ങള് മറിയത്തിന്റെ ശരീരത്തിലുണ്ട്. ദൈവത്തിന്റെ സാന്നിധ്യത്തില്‍ ആയിരിക്കാന്‍വേണ്ടി വിശുദ്ധ യൗസേപ്പിതാവിന് നമ്മുടെ കര്‍ത്താവ് തന്റെ ഭവനത്തില്‍ സന്നിഹിതനാകേണ്ട ആവശ്യമില്ല. എവിടെയെല്ലാം മറിയം ഉണ്ടോ അവിടെയെല്ലാം ഈശോയുമുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്റെ ഭാര്യ ജീവിക്കുന്ന സക്രാരിയും ചലിക്കുന്ന സക്രാരിയും മറയ്ക്കപ്പെട്ട ദൈവാലയവുമായിരുന്നു. മറിയത്തിന്റെ അടുത്ത് വരാന്‍ പിശാചുകള്‍ ഭയപ്പെടുന്നുവെങ്കില്‍ നമ്മള് അത്ഭുതപ്പെടേണ്ട കാര്യമില്ല. അവളൊരിക്കലും ദൈവിക സാന്നിധ്യം ഇല്ലാതെ ജീവിച്ചിട്ടില്ല. "ദൈവം അവളുടെ ശരീരത്തില്‍ ജീവിക്കുന്നു. ലില്ലി ഏതാനും ദിവസത്തേക്ക് മാത്രമാണെങ്കിലും സൂര്യപ്രകാശത്തിലും ചൂടിലും വയ്ക്കുകയാണെങ്കില്‍, കണ്ണഞ്ചുംവിധം മഹാപ്രഭയോടുകൂടിയ വെണ്മ നേടിയെടുക്കുന്നുവെങ്കില്‍, അനേകം വര്‍ഷങ്ങള്‍ നീതിസൂര്യന്റെ കിരണങ്ങള്ക്കുമുന്നിലും അവിടുന്നില്‍നിന്ന് (ഈശോ)തന്റെ ശോഭയെല്ലാം നേടിയെടുക്കുന്ന രഹസ്യാത്മക ചന്ദ്രന്റെ (പരിശുദ്ധ മറിയം) മുന്നിലുമായിരുന്ന വിശുദ്ധ യൗസേപ്പിതാവ് അസാധാരണമായ ശുദ്ധതയില്‍ എത്രത്തോളം ഉയര്‍ന്നെന്ന് ആര്‍ക്ക് ഗ്രഹിക്കാനാവും." (വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്) "ഓ വിശുദ്ധനായ പൂര്‍വ്വ പിതാവേ, മറിയത്തിന്റെ മനോഹരമായ ആന്തരികവും ബാഹ്യവുമായ സൗന്ദര്യം സന്തോഷത്തോടെ ആസ്വദിക്കുകയും ആനന്ദത്തോടെ ഈശോയെ ധ്യാനിക്കുകയും ചെയ്തുകൊണ്ട് അങ്ങ് ചെലവഴിച്ച സന്തോഷകരമായ മണിക്കൂറുകളെപ്രതി ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. നിരന്തരമായി അങ്ങ് അവരെ പഠിച്ചു, അവരുടെ ഹൃദയത്തില്‍നിന്ന് മാധുര്യവും ക്ഷമയും ആത്മപരിത്യാഗവും അങ്ങ് പഠിച്ചെടുത്തു." (വാഴ്ത്തപ്പെട്ട അമലോത്ഭവത്തിന്റെ കാബ്രറ ഡി അര്‍മീഡാ) വിശുദ്ധ യൗസേപ്പിതാവ് അനുഭവിച്ചത് സമാനമായി അനുഭവിക്കാനുള്ള സൗഭാഗ്യം പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഉണ്ട്. കാരണം എല്ലാ ആശ്രമങ്ങളിലും മഠങ്ങളിലും ദൈവികസാന്നിധ്യം വസിക്കുന്ന സക്രാരി ഉണ്ട്. എല്ലാ സക്രാരികളും അടിസ്ഥാനപരമായി മറിയത്തിന്റെ ശാരീരിക ദൈവാലയത്തിന്റെ ഒരു തനി പകര്‍പ്പാണ്. സക്രാരികള്‍ക്ക് മറയുണ്ടോ കവാടങ്ങള്‍ അടച്ചിട്ടുണ്ടോ എന്നുള്ളത് അത്ര പ്രാധാന്യമുള്ള കാര്യമല്ല, ഈശോയുടെ സാന്നിധ്യം അവിടെ ഇപ്പോഴുമുണ്ട്. നസ്രത്തിലെ വിശുദ്ധഭവനത്തിലും അത് അങ്ങനെതന്നെയായിരുന്നു. മറിയത്തില്‍ സദാസമയവും ദൈവം വസിച്ചു, വിശുദ്ധ യൗസേപ്പിതാവ് എല്ലായ്പോഴും ഈശോയുടെ സാന്നിധ്യത്തിലായിരുന്നു. "പുല്‍ക്കൂട്ടിലെ ശിശുവിന്റെ ശരീരത്തിലുള്ള ദൈവികതയെയും അള്‍ത്താരയില്‍ അപ്പത്തിന്റെ രൂപത്തില്‍ ഇന്നും തുടരുന്ന ക്രിസ്തുവിനെയും നോക്കാനുള്ള സന്നദ്ധതയാണ് ക്രിസ്തീയതയുടെ അടയാളം" (ഫുള്‍ട്ടണ്‍ ജെ. ഷീന്‍) ദൈവത്തിന്റെ സക്രാരിയായ മറിയത്തിന്റെ തനിപ്പകര്‍പ്പാണ് കത്തോലിക്കാ ദൈവാലയങ്ങളിലെ സക്രാരികള്‍. പലപ്പോഴും അതിനുമുന്നില്‍ ഇല്ലാത്തത് വിശുദ്ധ യൗസേപ്പിതാവിനെപ്പോലുള്ള ആത്മാക്കളാണ്, ആ സക്രാരിയില്‍ സന്നിഹിതനും മറഞ്ഞിരിക്കുന്നവനുമായ ഈശോയെ ആരാധിക്കുന്ന ആത്മാക്കള്‍. വിശുദ്ധ യൗസേപ്പിനെപ്പോലുള്ള അനേകം ആളുകളെ സഭയ്ക്ക് ആവശ്യമായിരിക്കുന്നു. "നല്ല ആരാധകരെ ലഭിക്കാനായി നാം ദൈവത്തോട് യാചിക്കണം; വിശുദ്ധ യൗസേപ്പിതാവിന് പകരം വയ്ക്കാനും അദ്ദേഹത്തിന്റെ ആരാധനയുടെ ജീവിതം അനുകരിക്കാനും ദിവ്യകാരുണ്യനാഥന് അങ്ങനെയുള്ളവരെ ആവശ്യമുണ്ട്" (വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ്). വിശുദ്ധ യൗസേപ്പിതാവിനെപ്പോലെ ആകാന്‍ നിങ്ങളും ക്രിസ്തുവിനെ ആരാധിക്കുന്നവരാകണം. ശരീരത്തിലും രക്തത്തിലും ആത്മാവിലും ദൈവത്വത്തിലും ഈശോ ദിവ്യകാരുണ്യമായി സന്നിഹിതനായിരിക്കുന്ന അടുത്തുള്ള കത്തോലിക്ക ദൈവാലയങ്ങളില്‍ നിനക്ക് പോകാന്‍ കഴിയും. ദിവ്യകാരുണ്യം യേശുക്രിസ്തുവാണ്. ക്രൈസ്തവവിശ്വാസത്തിന്റെ ഉറവിടവും ഉച്ചകോടിയും ഈ പരിശുദ്ധ കൂദാശയാണ്. അതിനാല്‍ത്തന്നെ ദിവ്യകാരുണ്യത്തിലെ ഈശോയുമായി നിന്നെ ആഴമായ ബന്ധത്തിലേക്ക് നയിക്കാന്‍ വിശുദ്ധ യൗസേപ്പിതാവ് ആഗ്രഹിക്കുന്നു. 1997-ല്‍ പോളണ്ടിലെ കലിസയിലുള്ള വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് മാര്‍പാപ്പ എന്ന നിലയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് ഒരു സന്ദര്‍ശനം നടത്തി. അന്ന് അവിടെ ഉണ്ടായിരുന്ന ജനത്തോട് താന്‍ ഓരോ ദിവസവും ബലിയര്‍പ്പിക്കുന്നതിന് മുമ്പ് വിശുദ്ധ യൗസേപ്പിതാവിനോട് ഇങ്ങനെ ഒരു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. "അനേകം രാജാക്കന്മാര് കാണാനും ശ്രവിക്കുവാനും ആഗ്രഹിച്ചിട്ടും സാധിക്കാതിരുന്ന ദൈവത്തെ കാണാനുള്ള സൗഭാഗ്യം കിട്ടിയ ഭാഗ്യവാനായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങ് അവിടുത്തെ കാണുകയും കേള്‍ക്കുകയും മാത്രമല്ല അവിടുത്തെ കരങ്ങളില്‍ എടുക്കുകയും ചുംബിക്കുകയും അവനെ വസ്ത്രം ധരിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു. രാജകീയ പൗരോഹിത്യം ഞങ്ങളെ ഭരമേല്പ്പിച്ച ദൈവമേ, വെടിപ്പുള്ള ഹൃദയത്തോടെയും കുറ്റമറ്റ മനസ്സാക്ഷിയോടെയും ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവ് കന്യകാമറിയത്തില്‍ നിന്ന് ജനിച്ച അങ്ങയുടെ ഏകജാതനെ വഹിച്ചത് പോലെ അങ്ങയുടെ വിശുദ്ധമായ അള്‍ത്താരയില്‍ ശുശ്രൂഷിക്കാനുള്ള കൃപ നല്കണമേ. അങ്ങേ ദിവ്യസുതന്റെ തിരുശരീരരക്തങ്ങള്‍ യോഗ്യതയോടെ സ്വീകരിക്കുവാന്‍ ഇന്നേ ദിവസം ഞങ്ങളെ യോഗ്യരാക്കേണമേ. വരാനിരിക്കുന്ന യുഗത്തില്‍ നിത്യമായ പ്രതിഫലം നേടാന്‍ ഒരുക്കണമേ, ആമ്മേന്‍." ദിവ്യകാരുണ്യ സന്നിധിയില്‍ ധാരാളം സമയം ചെലവഴിക്കുക. നിങ്ങളുടെ താമസസ്ഥലത്ത് നിത്യാരാധന ചാപ്പല്‍ ഉണ്ടെങ്കില്‍ എല്ലാ ആഴ്ചയും ദിവ്യകാരുണ്യ സന്നിധിയില്‍ ആയിരിക്കാന്‍ സമയം കാണുക. നിങ്ങളുടെ താമസസ്ഥലത്ത് ദൈവാലയത്തോട് ചേര്‍ന്ന് നിത്യാരാധന നടത്തുന്ന ചാപ്പല്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ ദൈവാലയത്തില്‍ ഒരു ദിവസത്തില്‍ ഏതാനും മണിക്കൂറുകളോ അഥവാ ആഴ്ചയില്‍ ഒരു പ്രത്യേകദിവസമോ ദിവ്യകാരുണ്യാരാധന ഉണ്ടായിരിക്കാം. അവിടെപ്പോവുക! ഇനി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചിരിക്കുന്ന ഒരു ദൈവാലയം നിങ്ങള്‍ക്ക് കണ്ടെത്താനായില്ലെങ്കില്‍ വെറുതെ ഒരു കത്തോലിക്കാ ദൈവാലയം സന്ദര്‍ശിച്ച് അവിടെ സക്രാരിയുടെ മുന്നില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുക. ഈശോ പകലും രാവും അവിടെയുണ്ടല്ലോ. അവിടുന്ന് നിനക്കായി കാത്തിരിക്കുന്നു. ഈശോയ്ക്കും മറിയത്തിനും വേണ്ടി മറ്റൊരു യൗസേപ്പ് ആവുക. "നീ ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുമ്പോള്‍ അനുഗൃഹീതകന്യകയുടെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ യോഹന്നാന് ശ്ലീഹായുടെയുടെയും സ്നേഹത്തോടുകൂടി ഈശോയെ സമീപിക്കുക" (വിശുദ്ധ ജോസഫ് സെബാസ്റ്റ്യന്‍ പെല്ജര്) "ഓ, വാഴ്ത്തപ്പെട്ട യൗസേപ്പിതാവേ അവതരിച്ച വചനത്തിന്റെ ആദ്യ വാക്കുകള്‍ കൊണ്ട് ഞാന്‍ അങ്ങയോടൊത്ത് ആരാധിക്കുന്നു. അവിടുത്തെ ആരാധ്യപാദങ്ങള് ആദ്യമായി പതിഞ്ഞതിന്റെ പാടുകള്‍ ആദരവോടെ ചുംബിക്കാന്‍ അങ്ങയോടൊപ്പം ഞാനും കമിഴ്ന്നു വീഴുന്നു. അനന്തനന്മസ്വരൂപനായിരിക്കുന്ന ദൈവമേ, ഞങ്ങള്‍ക്ക് ശക്തി പകരാന്‍ വേണ്ടി അങ്ങ് ദുര്‍ബലനായി. സ്വര്‍ഗ്ഗത്തിലെ ഭാഷ സംസാരിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കാനായി അങ്ങ് കുഞ്ഞുങ്ങളെപോലെ സംസാരിക്കാന്‍ ആഗ്രഹിച്ചു! വിശുദ്ധ യൗസേപ്പിതാവേ ഈശോയോട് അങ്ങേയ്ക്കുണ്ടായിരുന്ന സ്നേഹവായ്പ് എന്നില്‍ ജനിപ്പിക്കണമേ. അങ്ങയെപ്പോലെ ദൈവത്തെ സ്നേഹിക്കാന്‍ എനിക്ക് കൃപ വാങ്ങിത്തരേണമേ. (വാഴ്ത്തപ്പെട്ട ബാര്‍ത്തലോ ലോംഗോ) വിശുദ്ധ യൗസേപ്പിനോടുള്ള പ്രതിഷ്ഠ, നമ്മുടെ ആത്മീയപിതാവിന്റെ വിസ്മയങ്ങള്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്
By: Freya Abraham
Moreഅന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു. 2017 ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്റെ രണ്ടാമത്തെ ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കായി നിശ്ചയിക്കപ്പെട്ട ദിവസം. ആറര മണിയോടെ ഓപ്പറേഷന്റെ സമ്മതപത്രം ഒപ്പിടാന്‍ കൊണ്ടുവന്നു. പക്ഷേ എന്റെ കൈ തളര്‍ന്നു പോയതിനാല്‍ ഒപ്പിട്ടു കൊടുക്കാന്‍ സാധിക്കുന്നില്ല. അന്ന് വൈദികവിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് കൂട്ടുവന്ന അച്ചനാണ് ഒപ്പിട്ടുകൊടുത്തത്. അതുകഴിഞ്ഞ് നഴ്സുമാര്‍ വന്നു. ഓപ്പറേഷനുള്ള ഗൗണ്‍ ധരിപ്പിച്ചു. എന്നാല്‍ എന്റെ മനസ്സിന് ദൈവം ആ സമയത്തൊക്കെ പറഞ്ഞറിയിക്കാനാകാത്ത ആവേശവും ശാന്തിയും നല്കി. മുറിയിലുള്ള എല്ലാവരും കൂടി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു ആ സമയത്ത്. അപ്പോഴെല്ലാം തമ്പുരാന് എന്നോട് കാണിച്ച കരുതല്‍ വളരെ വലുതായിരുന്നുവെന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ഒരു വൈദിക വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളാണ് റെക്ടറും ആധ്യാത്മികപിതാവും. എന്റെ ജീവിതത്തിലെ ആ നിര്‍ണ്ണായക നിമിഷങ്ങളില്‍ എന്റെ പ്രിയപ്പെട്ട റെക്ടറച്ചന്റെയും ആധ്യാത്മികപിതാവായ അച്ചന്റെയും, ഒപ്പം എന്റെ കൂട്ടുകാരായ വൈദിക വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം അനുവദിച്ചുതന്ന ദൈവം എത്രയോ കാരുണ്യവാനാണ്! സങ്കീര്‍ത്തകനോട് ചേര്‍ന്ന് ഞാനും പറയും, കര്‍ത്താവേ നിന്റെ അനുഗ്രഹങ്ങള്‍ക്ക് പകരമായി ഞാന്‍ എന്ത് നല്‍കും? രക്ഷയുടെ കാസ കയ്യിലെടുത്തുപിടിച്ച് ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ കര്‍ത്താവിന്റെ നാമം വിളിക്കും. ഞാന്‍ അവരോടു തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം ചൊല്ലാന്‍ ആവശ്യപ്പെട്ടു. എല്ലാവരും കൂടി അത് ചൊല്ലി പ്രാര്‍ത്ഥിച്ചു. ഞാന്‍ ശാന്തമായി കിടന്നു കൊണ്ട് അതില്‍ പങ്കുചേര്‍ന്നു. എനിക്ക് എല്ലാ കാലത്തും വലിയ ആശ്വാസം നല്കിയ എന്റെ ഏറ്റവും പ്രിയപ്പെട്ട സങ്കീര്‍ത്തനമാണത്. ദൈവത്തിന്റെ അനന്ത പരിപാലയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, എത്ര തളര്‍ന്നു പോയവനെയും ധൈര്യപ്പെടുത്തുന്ന സങ്കീര്‍ത്തനം. അത് ചൊല്ലിക്കഴിഞ്ഞ് അച്ചന്മാര് ഇരുവരും ചേര്‍ന്ന് എനിക്ക് ആശീര്‍വാദം നല്കി. ഒരു വൈദികന് ആശീര്വദിക്കുമ്പോള് സ്വര്‍ഗം തുറന്ന് കര്‍ത്താവു തന്നെ കരങ്ങളുയര്‍ത്തി ആശീര്‍വദിക്കുന്നു എന്നത് നിസ്തര്‍ക്കമായ യാഥാര്‍ഥ്യമാണ്. ഏഴരയോടെ എന്നെ ഓപ്പറേഷന് തിയറ്ററിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാര്‍ വന്നു. ഞാന്‍ സന്തോഷത്തോടെ എനിക്ക് കൂട്ടുവന്നവരോട് യാത്ര പറഞ്ഞു. തുടര്‍ന്ന് ഓപ്പറേഷന് തിയറ്ററിന്റെ പ്രധാനവാതില്‍ അടച്ചു. ആ സമയത്ത് ഒരു പ്രത്യേക ആത്മീയ അനുഭവത്തില്‍ കൂടി എന്നെ കടത്തിവിടാന്‍ നല്ല ദൈവം അനുവദിക്കുകയായിരുന്നു. ഓപ്പറേഷന് തിയറ്ററിന് മുന്‍ഭാഗത്തായി ഒരു ചെറിയ വരാന്തയുണ്ട്. അവിടെ എന്നെ കിടത്തിയിട്ട് എന്നെ കൊണ്ടുവന്ന ജീവനക്കാര്‍ എന്തോ അത്യാവശ്യത്തിനു വേണ്ടി മറ്റൊരു മുറിയിലേക്ക് പോയി. അവിടെ ഞാന്‍ മാത്രം. രാവിലെ ആയതുകൊണ്ട് ഓപ്പറേഷന് തിയറ്ററിലെ ജീവനക്കാരൊക്കെ വരുന്നതേയുള്ളൂ. വലിയ ഒരു ഏകാന്തത എന്നെ വലയം ചെയ്തു. ഈ ഓപ്പറേഷന് തിയറ്ററിന്റെ വാതിലിന് പുറത്ത് എന്നെ സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്, പക്ഷേ എന്നെ ഏറ്റവുമധികം സ്നേഹിക്കുന്നയാള്‍ക്കു പോലും, സ്വന്തം അമ്മയ്ക്കുപോലും, എന്റെ കൂടെ വരാന്‍ സാധിക്കില്ലാത്ത ചില നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് ഞാനോര്‍ത്തു. തനിയെയാണല്ലോ എന്ന ചിന്ത ഒരു നിമിഷം എന്നെ വലയം ചെയ്തു. പക്ഷേ പെട്ടെന്നുതന്നെ ഒരു വലിയ പ്രകാശം എന്റെ ആത്മാവിലേക്ക് കടന്നുവന്നു. ഒരിക്കലും ഞാന്‍ ഒറ്റയ്ക്കല്ല. എന്റെ നല്ല ദൈവം എപ്പോഴും എന്റെ കൂടെയുണ്ട്. നല്ല ദൈവം മാത്രമേ എപ്പോഴും കൂടെയുണ്ടാകുകയുള്ളൂ. വഴിയില്‍ ഉപേക്ഷിക്കുന്ന ഒരു ദൈവമല്ല എന്റെ കരം പിടിക്കുന്നത്. എപ്പോഴും ഉള്ളംകയ്യില്‍ പൊതിഞ്ഞുപിടിക്കുന്ന നല്ല ദൈവം. ആ ദൈവത്തിന്റെ അനന്ത പരിപാലയെപ്പറ്റി ഉത്തമ ബോധ്യം കിട്ടിയത് കൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ ആത്മവിശ്വാസത്തോടെ പറഞ്ഞത്, 'ആരിലാണ് ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് എനിക്കറിയാം' (2 തിമോത്തിയോസ് 1/12). അല്‍പ്പം കഴിഞ്ഞ് എന്നെ ഓപ്പറേഷന് തിയറ്ററിനുള്ളിലേക്ക് കൊണ്ട് പോയി. ഉടന്‍തന്നെ ഓപ്പറേഷന് നേതൃത്വം വഹിക്കാനുള്ള ഡോക്ടറും അനസ്തേഷ്യ നല്‍കാനുള്ള ഡോക്ടറും മറ്റു നഴ്സുമാരും സഹായികളും വന്നു. ഡോക്ടര്‍ എന്നോട് ചോദിച്ചു, 'തയ്യാറാണോ?' ഞാന്‍ ചിരിച്ചു കൊണ്ട് മറുപടി നല്കി, 'അതെ.' ആ സമയത്ത് എന്റെ മനസ്സിലേക്ക് പെട്ടെന്ന് വന്നത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് എന്റെ ഒരു അമ്മായി എന്നോട് പറഞ്ഞ കാര്യമാണ്- "നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ കുരിശുമായി കാല്വരിമല കയറുന്ന കാഴ്ചയാണ് മനസ്സില്‍ കടന്നു വന്നത്." തുടര്‍ന്ന് അമ്മായി പറഞ്ഞു, "കാല്‍വരി കയറാന്‍ നിന്നെയും ഈശോ വിളിക്കുന്നുണ്ട്." ഞാന്‍ തയാറാണെന്ന് ഡോക്ടറിനോട് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ വന്നത് കാല്‍വരികയറ്റം ആരംഭിക്കാന്‍ പോകുന്നു എന്നാണ്. ദൈവമേ കരുണയായിരിക്കണമേ എന്ന പ്രാര്‍ത്ഥന മനസ്സില്‍ ഉരുവിട്ടു. ഉടന്‍തന്നെ അനസ്തേഷ്യ നല്‍കാനുള്ള ഡോക്ടര്‍ എന്റെ കരം ഗ്രഹിച്ചിട്ട് പറഞ്ഞു, എങ്കില്‍ നമുക്ക് ഉറങ്ങാം അല്ലേ. ഞാന്‍ പുഞ്ചിരിയോടെ തലയാട്ടി. അപ്പോള്‍ എന്റെ കയ്യില്‍ സെഡേഷനുള്ള ഇഞ്ചക്ഷന് കുത്തിവച്ചു. പിന്നെ ഞാന്‍ മയക്കത്തിലേക്ക് വീണു. വീണ്ടും ഞാന്‍ കണ്ണ് തുറക്കുന്നത് ഡോക്ടര്‍ എന്റെ പേര് വിളിക്കുന്നത് കേട്ടാണ്. സമയം രാത്രി ഒന്‍പതു മണിയോട് അടുത്തിരുന്നു. ഏകദേശം പന്ത്രണ്ടര മണിക്കൂറുകളാണ് കഴിഞ്ഞു പോയത്. ഒരു പകലില്‍ കൂടുതല്‍ സമയം നീണ്ടു നിന്ന ആ രണ്ടാം സര്‍ജറിക്കിടയില്‍ എന്റെ തലയോട്ടി കീറിമുറിച്ചു, തലച്ചോറിനുള്ളിലുണ്ടായിരുന്ന വലിയ ട്യൂമര്‍ പുറത്തെടുത്തു. ഡോക്ടര്‍ പരമാവധി ശ്രമിച്ചിട്ടാണ് എന്റെ ജീവന് പിടിച്ചു നിര്‍ത്തിയത്. ആ സമയങ്ങളിലൊക്കെ ഡോക്ടറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു കൊണ്ട് പരിശുദ്ധ അമ്മ കൂടെയുണ്ടായിരുന്നുവെന്ന് എനിക്കുറപ്പുണ്ട്. ദൈവത്തിന്റെ സ്നേഹം എനിക്കായി അത്ഭുതം പ്രവര്‍ത്തിച്ചു. രാവിലെ ഞങ്ങള്‍ ഒരുമിച്ചു ചൊല്ലിയ തൊണ്ണൂറ്റിയൊന്നാം സങ്കീര്‍ത്തനം എന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാവുകയായിരുന്നു. "അവന്റെ കഷ്ടതയില്‍ ഞാന്‍ അവനോട് ചേര്‍ന്നു നില്ക്കും. ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സ് നല്കി ഞാന്‍ അവനെ സംതൃപ്തനാക്കും" (സങ്കീര്‍ത്തനങ്ങള്‍ 91/15-16). ډ
By: Father Jobin Edakunnel
Moreപശസ്തമായ ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ 2001-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരുന്നു: "വിദൂരത്തിരുന്ന് അര്‍പ്പിക്കപ്പെടുന്നതും മുമ്പേതന്നെ ആരംഭിച്ചിട്ടുള്ളതുമായ മധ്യസ്ഥപ്രാര്‍ത്ഥന രക്തത്തില്‍ അണുബാധയുള്ള രോഗികളുടെ ആശുപത്രിവാസം കുറയ്ക്കുന്നതിനും പനി വേഗം മാറുന്നതിനും കാരണമാവുന്നു. അതിനാല്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥന വൈദ്യചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതേപ്പറ്റി പരിഗണിക്കേണ്ടതാണ്." എന്താണ് ഇങ്ങനെയൊരു നിരീക്ഷണത്തിന് കാരണമായത് എന്നുകൂടി അറിയുമ്പോഴാണ് കാര്യം വ്യക്തമാകുക. 1990 മുതല്‍ 1996 വരെയുള്ള കാലത്ത് ഒരു മെഡിക്കല്‍ സെന്ററില്‍ പ്രവേശിക്കപ്പെട്ട 3393 രോഗികളെ ക്രമരഹിതമായി രണ്ട് കൂട്ടമായി തിരിച്ചു. ഒരു കൂട്ടത്തിന് 'പ്രാര്‍ത്ഥന' എന്നും മറ്റേ കൂട്ടത്തിന് 'പ്രാര്ത്ഥനാരഹിതം' എന്നുമാണ് പേര് നല്‍കിയത്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഒരു കൂട്ടത്തില്പ്പെട്ടവര്ക്കായി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയം തൊട്ട് പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തിയിരുന്നു. അപ്രകാരം പ്രാര്‍ത്ഥന സ്വീകരിച്ചവരുടെയെല്ലാം ആശുപത്രിവാസം ഹ്രസ്വമായിരുന്നെന്ന് പഠനത്തില്‍ വ്യക്തമായി. പ്രാര്‍ത്ഥന രോഗസൗഖ്യത്തില്‍ സഹായിക്കുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പഠനമായിരുന്നു ഇത്. "വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും" (യാക്കോബ് 5/15)
By: Shalom Tidings
Moreപരിശുദ്ധനായ പിതാവേ, എന്നില്‍ ജീവിക്കുകയും എനിക്ക് വേണ്ടി മരിക്കുകയും ചെയ്ത ഈശോയെ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ഓരോ ഹൃദയമിടിപ്പിലും ഓരോ ശ്വാസത്തിലും യേശുവിന്റ തിരുഹൃദയത്തിലെ അനന്തമായ സ്നേഹവും സകല മാലാഖമാരുടെയും വിശുദ്ധരുടെയും ആരാധനാ സ്തുതികളും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഞാന്‍ കാഴ്ചവയ്ക്കുന്നു. പിതാവേ എന്റെ കുറവുകളും ബലഹീനതകളും സ്വീകരിച്ച് അവ അങ്ങേ തിരുക്കുമാരന്റ തിരുഹൃദയത്തിലെ സ്നേഹജാലയില് ദഹിപ്പിക്കണമേ. പരിശുദ്ധാത്മാവേ എന്റെ അശുദ്ധിയെ യേശുവിന്റെ പരിശുദ്ധിയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ ഭക്തിമാന്ദ്യത്തെ യേശുവിന്റെ കത്തിജ്വലിക്കുന്ന തീക്ഷ്ണതയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു എന്നെ വിശുദ്ധീകരിച്ച്, യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ പാപങ്ങളെ യേശുവിന്റെ പുണ്യങ്ങളോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ അഹങ്കാരത്തെ യേശുവിന്റെ എളിമയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച്, യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ അനുസരണക്കേടിനെ യേശുവിന്റെ അനുസരണത്തോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച്, യേശുവിനെ പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ കോപത്തെ യേശുവിന്റെ ശാന്തതയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു, എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ അക്ഷമയെ യേശുവിന്റെ ക്ഷമയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ പരസ്നേഹകുറവിനെ യേശുവിന്റെ സ്നേഹത്തോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ ബലഹീനതകളെ യേശുവിന്റെ ശക്തിയോട് ചേര്‍ത്ത് സമര്‍പ്പിക്കുന്നു. എന്നെ വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. പരിശുദ്ധാത്മാവേ, എന്റെ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവ യേശുവിന്റെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ച് യേശുവിനെപ്പോലെ ആക്കി മാറ്റണമേ. ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി പരിശുദ്ധാത്മാവേ എന്നെ യേശുവിനെ പോലെ ആക്കി മാറ്റണമേ (പത്തു പ്രാവശ്യം) എന്റെ യേശുവേ ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമുള്ള എന്റെ എല്ലാ കടങ്ങളും അങ്ങ് തന്നെ വീട്ടണമേ. ദൈവം എന്ന നിലയില്‍ത്തന്നെ അങ്ങ് അത് ചെയ്യണമേ. ഞാന്‍ അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നതിനെക്കാള്‍ അത് മെച്ചമായിരിക്കും. എന്റെ എല്ലാ കടങ്ങളും അങ്ങുതന്നെ വീട്ടണമേ. പിതാവേ, യേശുവിന്റെ തിരുഹൃദയത്തിലെ മുറിവില്‍ വയ്ക്കപ്പെട്ട എന്റെ പാവപ്പെട്ട ഈ ആത്മാവിനെ അങ്ങ് കരുണയോടെ സ്വീകരിക്കണമേ, ആമേന്‍. (വിശുദ്ധ ചെറുപുഷ്പത്തിന്റെ അന്തിമ വചസ്സുകള്‍)
By: Shalom Tidings
Moreപത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ആദ്യമായി ഒരു ധ്യാനമൊക്കെ കൂടി നന്നായി പഠിക്കാനുള്ള ഒരുക്കങ്ങളൊക്കെ നടത്തി. പഠിക്കാന്‍ ഇഷ്ടക്കുറവ് ഇല്ലെങ്കിലും അല്പം വിരസതയോടെ കണ്ടിരുന്ന വിഷയങ്ങള്‍ ആയിരുന്നു കണക്കും ഇംഗ്ലീഷിന്റെ രണ്ടാം പേപ്പറും. അമ്മ ടീച്ചര്‍ ആയിരുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഞാന്‍ അസ്വസ്ഥത അനുഭവിച്ചത് ആ വര്‍ഷം ആയിരുന്നു. അമ്മയുടെ സഹപ്രവര്‍ത്തകര്‍ ചോദിക്കും മകള്‍ക്ക് എത്ര മാര്‍ക്ക് കിട്ടി എന്ന്. ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ടോട്ടല്‍ മാര്‍ക്കിനെ ബാധിക്കും എന്നതുതന്നെ ആയിരുന്നു പ്രശ്നം. പലപ്പോഴും അമ്മയുടെ ആകുലത വാക്കുകളില്‍ പ്രകടമായിരുന്നു. എന്നിട്ടും എന്തോ ആ വിരസതക്ക് മാറ്റം വന്നില്ല. ഒടുവില്‍ ആ കാത്തിരിപ്പിന്റെ അവസാന നാളുകളിലേക്ക്... പരീക്ഷക്കാലം. ഇതിനിടക്ക് എന്റെ നിസ്സഹായാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് അസാധ്യമായത് സാധിക്കുന്ന ഒരു വ്യക്തി ഉണ്ടെന്ന ബോധ്യവും കിട്ടി. ഒരു വെളുത്ത കടലാസില്‍ ഈശോക്ക് ഒരു കത്ത്. 'ഈശോയേ, ഈ പരീക്ഷയില്‍ എനിക്ക് 480 നും 540 നും ഇടയ്ക്കു മാര്‍ക്ക് തന്ന് അനുഗ്രഹിക്കണമേ. എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ.' നിഷ്കളങ്കമായ എന്റെ കത്ത് എല്ലാവരും കാണത്തക്കവിധം ഈശോയുടെ തിരുഹൃദയരൂപത്തിന്റെ ഒരു വശത്ത് ഒട്ടിച്ചു വച്ചു. പലരും വീട്ടില്‍ വന്നപ്പോള്‍ പലതരത്തില്‍ കമന്റുകള്‍ നല്കി. എന്റെ ആദ്യത്തെ ലവ് ലെറ്റര്‍ ആയതു കൊണ്ട് മാറ്റാന്‍ തയ്യാറായില്ല. പരിഹസിച്ചവരോട് ഞാനും തിരിച്ചടിച്ചു, "എനിക്ക് ഉറപ്പായും ഡിസ്റ്റിംഗ്ഷന്‍ ഈശോ തരും." തലേ രാത്രിയില്‍ ഒന്ന് കണ്ണടച്ചപ്പോള്‍... ആദ്യത്തെ കടമ്പ അരികിലെത്തി. ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷയുടെ തലേ രാത്രി. ഇംഗ്ലീഷ് പ്രോവെര്‍ബ് അഥവാ പഴഞ്ചൊല്ലിനെക്കുറിച്ചുള്ള വിവരണം പഠിക്കണം. ഞാന്‍ ഒരു പ്രോവെര്‍ബ് ബുക്ക് എടുത്തു മേശക്ക് മുകളില്‍ വച്ചു. അടുക്കളയില്‍ മിക്സിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അതിനിടക്ക് അമ്മയുടെ വാക്കുകള്‍, "ഏതെങ്കിലും ഒന്നുരണ്ട് പ്രോവെര്‍ബ് വായിച്ചു നോക്ക്. നാളെ എന്തെങ്കിലും എഴുതണ്ടേ?" ആ ചോദ്യം ഹൃദയത്തിലൂടെ ഒരു വാളായി തുളഞ്ഞു കയറി. രണ്ടും കല്പിച്ച് കണ്ണുകളടച്ച് പ്രോവെര്‍ബ് ബുക്ക് കയ്യിലെടുത്തു. "ഈശോയേ, നീ എന്നെ കൈവിടരുത്. രണ്ട് പ്രോവെര്‍ബ് ഞാന്‍ ഇപ്പോള്‍ പഠിക്കും. ഞാന്‍ ഏത് പഠിക്കണം എന്ന് പറഞ്ഞു തരാമോ?!" ആദ്യം കിട്ടിയത്: Necesstiy is the mother of invention. വീണ്ടും കണ്ണടച്ച് രണ്ടാമത് ഒരെണ്ണം എടുത്തു: Chartiy begins at home. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ആ രണ്ട് പ്രോവെര്ബുകള് പഠിച്ചു പിറ്റേന്ന് പരീക്ഷ ഹാളിലേക്ക് പതിവിലും ധൈര്യത്തോടെ കയറി. ചോദ്യപേപ്പര്‍ കിട്ടിയ ഉടനെ കണ്ണടച്ച് അതിനു മുകളില്‍ വിശുദ്ധ കുരിശിന്റെ അടയാളം വരച്ചു. ആദ്യം എടുത്ത് നോക്കിയത് ഏത് പ്രോവെര്‍ബ് ആണ് എന്നാണ്. എന്തിനെന്നറിയാതെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ചോദ്യം ഇങ്ങനെ: ഏതെങ്കിലും ഒരു പ്രോവെര്ബിനെക്കുറിച്ച് എഴുതുക. Necesstiy is the mother of invention or Chartiy begins at home. ഈശോയേ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ അന്ന് പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നു, "ഐ ലവ് യു ഈശോയേ..." എന്തായാലും ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ഇനി വരുന്നത് അടുത്ത കടമ്പയായ കണക്കുപരീക്ഷ. ഭൂഗോളത്തിന്റെ സ്പന്ദനം 'ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണ്'- നമ്മളെല്ലാവരും പലതവണ ഏറ്റു പറഞ്ഞ ഒരു സിനിമ ഡയലോഗ്. പക്ഷേ എനിക്കുപോലും അറിയാത്ത ഏതോ കാരണത്താല്‍ കണക്ക് പഠിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. പത്താം ക്ലാസ്സില്‍ ഇത് പറഞ്ഞിരുന്നിട്ട് കാര്യമില്ല. ആകെയുള്ള പ്രതീക്ഷ ഈശോയുടെ തിരുഹൃദയത്തില്‍ പോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന ലവ് ലെറ്ററില്‍ ആണ്. അമ്മയുടെ ചോദ്യം കേള്‍ക്കാം, "നീ എല്ലാ കണക്കും ചെയ്തുനോക്കിയോ? ലേബര്‍ ഇന്ത്യയിലെ ചോദ്യങ്ങള്‍ നോക്കിയോ?" കണക്കുപരീക്ഷയില്‍ അതുവരെ അന്‍പതില്‍ ഇരുപത്തിമൂന്ന് മാര്‍ക്ക് ആണ് ഞാന്‍ വാങ്ങിച്ചിട്ടുള്ളത്. അമ്മയുടെ നെഞ്ചിടിപ്പിന് ന്യായം ഉണ്ട്. ജ്യോമെട്രി പഠിക്കാന്‍ വല്ലാത്ത ക്ലേശം. സൈന്‍, കോസ്, ടാന്‍ എന്നൊക്കെ കേള്‍ക്കുന്നതേ എനിക്ക് ഭയമായിരുന്നു. മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ? എന്നെ സ്വയം ഞാന്‍ ആശ്വസിപ്പിച്ചിരുന്നത് അങ്ങനെയാണ്. കണക്കുപരീക്ഷക്ക് പരീക്ഷ ഹാളില്‍ കയറി. പതിവില്ലാത്ത ഒരു ചങ്കിടിപ്പ്. കൂടെയുള്ള ബുദ്ധിജീവികള്‍ അങ്ങോട്ടും ഇങ്ങോട്ടും സൂത്രവാക്യങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന നയന മനോഹരമായ കാഴ്ച. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. ബ്രാക്കറ്റില്‍നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക എന്നത് മുതല്‍ അവസാന ചോദ്യം വരെ ഓടിച്ചൊന്നു നോക്കി. ജ്യോമെട്രിയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഓരോ വട്ടം വരച്ചു മാര്‍ക്ക് ചെയ്തു. കാരണം അത് ചെയ്യാന്‍ എനിക്ക് അറിയില്ലല്ലോ. കുറെ ചോദ്യങ്ങള്‍ ഉണ്ട് അതില്‍ നിന്നും. പരീക്ഷ വിചാരിച്ചതിലും വേഗം തീരും എന്ന സത്യം ഞാന്‍ മനസ്സിലാക്കി. സന്തോഷത്തോടെ ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഏറെക്കുറെ അതില്‍ വിജയിച്ചു. പിന്നെ സമയം തീരാതെയുള്ള കാത്തിരിപ്പ്. പരീക്ഷാസമയം തീര്‍ക്കാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് തല പുകഞ്ഞു ആലോചിക്കുന്ന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയം മാറാന്‍ വേണ്ടി ഒരു സിസ്റ്റര്‍ ക്ലാസ് എടുക്കാന്‍ വന്നത് ഓര്‍മയില്‍ വന്നു. സിസ്റ്റര്‍ പരീക്ഷയെഴുതുമ്പോള്‍ പേനക്ക് മുകളില്‍ ഈശോയുടെ ഒരു കാശുരൂപം ഒട്ടിച്ചു വയ്ക്കുമായിരുന്നുവെന്നാണ് പങ്കുവച്ചത്. പേന പിടിച്ചെഴുതുതുമ്പോള് ഈശോയെ പിടിച്ച് എഴുതും. അങ്ങനെ പല പരീക്ഷകളിലും വലിയ വിജയം ലഭിച്ചു എന്ന്. ഇതൊക്കെ സത്യമാവുമോ? എന്റെ ബുദ്ധിയില്ലാത്ത തല ഉണര്‍ന്നെഴുന്നേറ്റു ചിന്തയിലാണ്ടു. കഴുത്തില്‍ കിടക്കുന്ന ജപമാല ഓര്‍മയില്‍ വന്നു. അത് പതുക്കെ ഊരി എടുത്തു. പേനയിലേക്ക് കുരിശു രൂപം തട്ടും വിധം ജപമാല കയ്യില്‍ പിടിച്ചു. പരിശുദ്ധാത്മാവ് സഹായകന് ആണെന്നും പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്ന് വരുമെന്നും സിസ്റ്റര്‍ പറഞ്ഞു തന്നിരുന്നു. എന്തായാലും ഞാന്‍ ഈ പറഞ്ഞ വ്യക്തിയെ കണ്ടിട്ടില്ല. ഒന്ന് കണ്ടേക്കാം എന്ന് കരുതി മനസ്സില്‍ പ്രാര്‍ത്ഥിച്ചു. "'പരിശുദ്ധാത്മാവേ വരണമേ ... പരിശുദ്ധാത്മാവേ വരണമേ ... എന്നെ സഹായിക്കണമേ" ആരും വന്നതായി ഞാന്‍ കണ്ടില്ല. പക്ഷേ ചോദ്യപേപ്പറില്‍ ഞാന്‍ വട്ടം വരച്ചു വച്ചിരിക്കുന്ന ചോദ്യങ്ങള്‍ എഴുതാന്‍ ആരോ എന്നെ പ്രേരിപ്പിക്കുന്നു എന്ന് തോന്നി. പ്രേരണ ഉണ്ടായിട്ട് എന്ത് കാര്യം. സൂത്രവാക്യങ്ങള്‍ എനിക്ക് അറിയില്ലല്ലോ. ആരോ എന്റെ പേന പിടിച്ചു എഴുതിക്കുന്ന പോലെ... അങ്ങനെ എഴുതേണ്ടെന്നു തീരുമാനിച്ചുറച്ച എല്ലാ ചോദ്യങ്ങളും എന്റെ ബുദ്ധിയും കഴിവും ഇല്ലാതെ ഉത്തരക്കടലാസില്‍ എന്റെ കൈകളിലൂടെ പകര്‍ത്തപ്പെടുന്നത് ഞാന്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഇനിയാണ് ക്ലൈമാക്സ്. പരീക്ഷാഫലം വന്നു. കണക്കിന്റെ ഒന്നാം പേപ്പറില്‍ 44/50; ജ്യോമെട്രി ഉള്ള രണ്ടാം പേപ്പറില്‍ 46/50 അങ്ങനെ ആകെ കണക്കില്‍ മാര്‍ക്ക് - 90/100!! എന്തായാലും ലവ് ലെറ്റര്‍ ഈശോ സ്വീകരിക്കുകയായിരുന്നു, മൊത്തം 502/600 മാര്‍ക്ക് കിട്ടി. 'നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും (ഏശയ്യാ 41/13). ഈശോയേ, വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, ഐ ലവ് യു! ډ
By: Ann Maria Christeena
Moreനവവൈദികനായ ഫാ. ജോസ് റോഡ്രിഗോ ഇടവകവികാരിയായി ചുമതലയേറ്റെടുത്ത സമയം. പുതിയ വൈദികനോട് ഇണങ്ങിച്ചേരുന്നതേയുള്ളൂ ഇടവകസമൂഹം. അതിന്റേതായ ക്ലേശങ്ങള്‍ ഫാ. ജോസിനുണ്ടായിരുന്നു. അപ്പോഴാണ് ഒരു ദിവസം യുവദമ്പതികള്‍ എട്ട് വയസുള്ള മകന് ഗബ്രിയേലിനെയുംകൊണ്ട് അദ്ദേഹത്തെ സമീപിക്കുന്നത്. അവന് അള്ത്താരശുശ്രൂഷകനാകണം, അതാണ് ആവശ്യം. തന്റെ ശുശ്രൂഷകള്‍ ഒന്ന് സുഗമമായി നീങ്ങിത്തുടങ്ങിയിട്ട് മതി പുതിയ ശുശ്രൂഷകനെ പരിശീലിപ്പിക്കാന്‍ എന്ന് ചിന്തിച്ച ഫാ. ജോസ്, ഗബ്രിയേലിനോട് ചോദിച്ചു, "നിനക്ക് അള്ത്താരബാലനാകണോ?" അവന് മറുപടിയൊന്നും പറഞ്ഞില്ല പകരം, തന്റെ ഇളംകൈകള്കൊണ്ട് ഫാ. ജോസിനെ ആലിംഗനം ചെയ്തു. പിന്നെ എങ്ങനെ ആ വൈദികന് അവനോട് എതിര്‍ത്തൊരു മറുപടി പറയും. അതിനാല്‍ അടുത്ത ഞായറാഴ്ച വിശുദ്ധബലിക്ക് 15 മിനിറ്റ് മുന്‍പ് വരാന്‍ പറഞ്ഞ് അദ്ദേഹം അവനെ പറഞ്ഞയച്ചു. പറഞ്ഞതുപോലെതന്നെ കുടുംബത്തോടൊപ്പം അവന് എത്തി. എന്നാല്‍ തിരക്കിനിടയില്‍ വിശുദ്ധബലി തുടങ്ങുന്നതിന് അല്പം മുമ്പാണ് ഫാ. ജോസ് ഗബ്രിയേലിനെ ശ്രദ്ധിച്ചതുതന്നെ. പിന്നെ മറ്റൊരു വഴിയും കാണാത്തതിനാല്‍ താന്‍ കാണിച്ചുതരുന്നത് ചെയ്തുകൊള്ളാന്‍ പറഞ്ഞുകൊണ്ട് അദ്ദേഹം വിശുദ്ധബലിക്കായി ഒരുങ്ങി. ബലി ആരംഭിച്ചുകൊണ്ട് ഫാ. ജോസ് അള്‍ത്താര ചുംബിച്ചു. അതാ ഗബ്രിയേലും അള്‍ത്താര ചുംബിക്കുന്നു! അങ്ങനെയാണ് ദിവ്യബലി തുടങ്ങിയത്. അന്നത്തെ വിശുദ്ധബലി കഴിഞ്ഞപ്പോള്‍ എന്തൊക്കെയാണ് അവന് വിശുദ്ധബലിയില്‍ ചെയ്യേണ്ടത് എന്നെല്ലാം ഫാ. ജോസ് പറഞ്ഞുകൊടുത്തു. കൂട്ടത്തില്‍, അള്‍ത്താര ക്രിസ്തുവിന്റെ പ്രതീകമായതിനാല്‍ അത് വൈദികന്മാത്രം ചുംബിക്കേണ്ടണ്ടതാണ് എന്നും അദ്ദേഹം ഗബ്രിയേലിനോട് പറഞ്ഞു. എന്നാല്‍ അത് ഗബ്രിയേലിന് അത്രമാത്രം മനസിലായൊന്നുമില്ല. "എനിക്കും അള്‍ത്താര ചുംബിക്കണം" അവന് ആവര്‍ത്തിച്ചു. ഒടുവില്‍ അവനുവേണ്ടിക്കൂടി താന്‍ അള്‍ത്താര ചുംബിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഫാ. ജോസ് സമ്മതിപ്പിച്ചു. അടുത്ത ഞായറാഴ്ചയായി. വിശുദ്ധ കുര്‍ബാന ആരംഭിച്ചപ്പോള്‍ പതിവുപോലെ ഫാ. ജോസ് അള്‍ത്താര മുത്തി. തുടര്‍ന്ന് ഗബ്രിയേലിനെ നോക്കി. അവന് അള്‍ത്താരയില്‍ കവിള് ചേര്‍ത്തുവച്ച് കുഞ്ഞുമുഖത്ത് വലിയ പുഞ്ചിരിയുമായി നില്‍ക്കുകയാണ്. അങ്ങനെ ചെയ്യുന്നത് നിര്‍ത്താന്‍ ഫാ. ജോസ് ആവശ്യപ്പെടുന്നതുവരെ അവന് അങ്ങനെ നിന്നു. അന്ന് ദിവ്യബലി കഴിഞ്ഞ് വീണ്ടും അദ്ദേഹം ഗബ്രിയേലിനെ ഓര്‍മ്മിപ്പിച്ചു, "നിനക്കുവേണ്ടിക്കൂടി ഞാന്‍ അള്‍ത്താര മുത്തുന്നുണ്ട്." ഉടനെ വന്നു അവന്റെ മറുപടി, "ഞാന്‍ അള്‍ത്താര മുത്തിയതല്ല. അള്‍ത്താര എന്നെ മുത്തിയതാണ്!" ഒന്ന് ഞെട്ടിയ ഫാ. ജോസ് പറഞ്ഞു, "ഗബ്രിയേല്‍, കുട്ടിക്കളി കാണിക്കരുത്!" അപ്പോള്‍ ഗബ്രിയേല്‍ പറഞ്ഞു, "അല്ല അച്ചാ, ഞാന്‍ പറഞ്ഞത് സത്യമാണ്. ഈശോ എന്നെ അള്‍ത്താരയില്‍നിന്ന് മുത്തങ്ങള്‍കൊണ്ട് നിറച്ചു!" സ്പെയിനിലെ സെയ്ന്റ് ഒറോസിയ ദൈവാലയവികാരിയായിരുന്നപ്പോഴത്തെ ഈ അനുഭവം ഫാ. ജോസ് റോഡ്രിഗോതന്നെ പിന്നീട് പങ്കുവച്ചു. കാരണം ഗബ്രിയേല്‍ എന്ന എട്ടുവയസുകാരന് പഠിപ്പിച്ച പാഠം അദ്ദേഹം എന്നും ഓര്‍ക്കുന്നു: ഈശോയുടെ സ്നേഹം സ്വീകരിച്ചാലേ അവിടുത്തെ ആഴത്തില്‍ സ്നേഹിക്കാനാവുകയുള്ളൂ.
By: Shalom Tidings
More'നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്" (ഹെബ്രായര്‍ 4:15). വിശുദ്ധ യോഹന്നാന്റെ വാക്കുകളില്‍ "ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത" (1 യോഹന്നാന് 2:16) എന്നിവയാണ് പ്രലോഭനങ്ങളുടെ ഹേതുക്കള്‍. മനുഷ്യനുണ്ടാകുന്ന പ്രലോഭനങ്ങളുടെ അര്‍ത്ഥമെന്താണെന്നും അവയെ എങ്ങനെ അതിജീവിക്കാമെന്നും ഈശോയുടെ പ്രലോഭനാനുഭവം നമ്മെ പഠിപ്പിക്കുന്നു. ഈശോക്ക് പ്രലോഭനമുണ്ടായെങ്കില്‍ നമുക്കും ഉണ്ടാകും എന്ന സത്യവും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പരിശുദ്ധാത്മാവ് ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നെങ്കിലും ദൈവമല്ല പ്രലോഭനത്തിന് കാരണം. തിരുവചനം പറയുന്നുവല്ലോ: "പരീക്ഷിക്കപ്പെടുമ്പോള്, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ" (യാക്കോബ് 1:13). ഈശോയെ പ്രലോഭിപ്പിക്കുന്നത് സാത്താനാണ്. പാപമൊഴികെ എല്ലാ കാര്യങ്ങളിലും ഈശോ നമ്മെപ്പോലെ ആയിരുന്നുവെന്നു പറയുമ്പോള്‍ പ്രലോഭനം അതില്‍ത്തന്നെ പാപമല്ല എന്നും വ്യക്തമാണ്. ഈശോ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ കരുത്താര്‍ജിച്ചത് നാല്പതുദിവസത്തെ പ്രാര്‍ത്ഥനയും ഉപവാസവും വ ഴിയാണ്. ഈശോയുടെ ഒന്നാമത്തെ പ്രലോഭനം ജഡത്തിന്റെ ദുരാശ-ശരീരത്തിന്റെ ആസക്തി-യോട് ബന്ധപ്പെട്ടതാണ്. വിശന്നു തളര്‍ന്നിരിക്കുന്ന ഈശോയ്ക്ക് കല്ലുകള്‍ അപ്പമാക്കി തിന്നരുതോ എന്നാണ് പിശാച് ചോദിക്കുന്നത്. ഈശോയുടെ മറുപടി നിയമാവര്‍ത്തനം 8:3 തിരുവചനമാണ്. മനുഷ്യന് അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടുന്ന വചനംകൊണ്ടുമാണ് ജീവിക്കുന്നത്. ശരീരത്തിന്റെ ആസക്തികളെ തൃപ്തിപ്പെടുത്തുന്നത് ക്രമേണ ഹൃദയകാഠിന്യത്തിലേക്കും അജ്ഞതയിലേക്കും അന്ധകാരത്തിലേക്കും മനസിന്റെ മരവിപ്പിലേക്കും ഒടുവില്‍ ദൈവത്തില്‍നിന്നുള്ള അകല്‍ച്ചയിലേക്കും എത്തിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നു (എഫേസോസ് 4:18-20). 'ജീവിതത്തിന്റെ അഹന്ത'യുടെ പ്രലോഭനമാണ് രണ്ടാമത്തേത്. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവികസംരക്ഷണം (സങ്കീര് ത്തനങ്ങള് 91:11-12) ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവാലയത്തിന്റെ അഗ്രത്തില്‍നിന്ന് താഴേക്ക് ചാടി ദൈവപുത്രനാണെന്ന് തെളിയിക്കാന്‍ ഈശോയോട് സാത്താന് ആവശ്യപ്പെടുന്നു. പേരിനും പെരുമയ്ക്കും കയ്യടിക്കും അംഗീകാരത്തിനുംവേണ്ടിയുള്ള മനുഷ്യദാഹത്തിന്റെ പ്രലോഭനമാണിത്. ഈശോ നിരന്തരം നേരിടുന്ന ഒരു പ്രലോഭനം. കുരിശില്‍ കിടന്നപ്പോള്‍പോലും 'നീ ദൈവപുത്രനാണെങ്കില്‍ ഇറങ്ങിവരിക, നിന്നെത്തന്നെ രക്ഷിക്കുക' എന്ന വെല്ലുവിളി അവിടുന്ന് നേരിട്ടു. എന്നാല്‍ തന്റെ പരീക്ഷാവേളയില്‍ ദൈവവചനം ഉപയോഗിച്ചുതന്നെ ഈശോ പ്രലോഭകനെ കീഴ്പ്പെടുത്തി. മൂന്നാമത്തെ പ്രലോഭനം 'കണ്ണുകളുടെ ദുരാശ'യില്‍പെടുന്നു. ലോകത്തിന്റെയും ലോകവസ്തുക്കളുടെയും മഹത്വം കാണിച്ച് അത് സ്വന്തമാക്കാനായി സാത്താനെ ആരാധിക്കാന്‍ ആവശ്യപ്പെടുകയാണ്. ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പഠിപ്പിച്ചുകൊണ്ട് ആ പ്രലോഭനത്തെയും ഈശോ തള്ളിക്കളയുന്നു. ഇന്ന് പണവും വസ്തുവകകളും സ്വന്തമാക്കാന്‍വേണ്ടി കൂടോത്രവും ചാത്തന്സേവയുമൊക്കെവഴി പിശാചിനെ ആരാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഭൗതികനേട്ടങ്ങള്‍ക്കും ഐശ്വര്യത്തിനുംവേണ്ടി മാത്രം ദൈവത്തെ തേടുന്നതും വിഗ്രഹാരാധനയാണ്. "ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള് എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കോറിന്തോസ് 15:19). ഉപവാസവും പ്രാര്‍ത്ഥനയും ഇന്ദ്രിയനിഗ്രഹവുമെല്ലാം നമ്മെ എത്തിക്കേണ്ടത് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെയുള്ള സ്നേഹത്തിന്റെ ജീവിതത്തിലേക്കാണ്.
By: Rev Dr Kurian Mattom
Moreജനമധ്യത്തില്‍വച്ച് ഈശോയെ ഭീഷണിപ്പെടുത്തിയ ആ ബാലന് എന്തു സംഭവിച്ചു? കുഞ്ഞായിരിക്കുമ്പോള്‍തന്നെ തളര്വാതരോഗിയായിത്തീര്ന്ന ഒരു ബാലന്. ഇരുന്നും നിരങ്ങിയും വീട്ടില്‍ത്തന്നെ കഴിയേണ്ടിവന്നു അവന്. വീടിനു വെളിയില്‍ പോകേണ്ട ആവശ്യം ഉണ്ടായാല്‍ എടുത്തോ വീല്‍ ചെയറില്‍ ഇരുത്തിയോ വേണം കൊണ്ടു പോകാന്‍. സമപ്രായക്കാരുടെ കളിവിനോദങ്ങളില്‍ പങ്കുചേരാനോ സ്കൂളില്‍ പോകാനോ കഴിയാതിരുന്ന ആ ബാലന് ജീവിതം കയ്പ്പു നിറഞ്ഞതായി. സ്നേഹമയിയും സത്യസന്ധയുമായ അവന്റെ അമ്മ ഒരിക്കല്‍ അവനോടു പറഞ്ഞു: "മോനേ, നിന്നെ ഞാന്‍ ലൂര്‍ദ്ദിനു കൊണ്ടുപോകാം. പരിശുദ്ധ അമ്മ വഴി എന്തു ചോദിച്ചാലും ഈശോ തരും; തന്റെ അമ്മ ആവശ്യപ്പെടുന്നതെന്തും ഈശോ ചെയ്യും. നീ പ്രാര്‍ത്ഥിച്ചോ; സുഖമാകും." സത്യം മാത്രം പറയുന്ന അമ്മ ഇക്കാര്യം പറഞ്ഞപ്പോള്‍ ബാലന് പൂര്‍ണമായി വിശ്വസിച്ചു. അവനെ വീല്‍ ചെയറില്‍ ഇരുത്തി, ട്രെയിനില്‍ കയറ്റി അമ്മ ലൂര്‍ദ്ദിലേക്ക് യാത്രയായി. ലൂര്‍ദ്ദിലെത്തി അമ്മയും മകനും ബസിലിക്കായുടെ അങ്കണത്തില്‍ രോഗികളുടെ നിരയില്‍ സ്ഥാനം പിടിച്ചു. ദൈവാലയത്തിലെ ആരാധനയ്ക്കുശേഷം കാര്‍മികനായ വൈദികനോ മെത്രാനോ അരുളിക്കയില് എഴുന്നള്ളിച്ചുവെച്ച വിശുദ്ധ കുര്‍ബാനയുമായി ഓരോ രോഗിയുടെയും പക്കല്‍ ചെന്ന് ആശീര്‍വദിക്കുമ്പോഴാണ് ലൂര്‍ദ്ദില്‍ സാധാരണഗതിയില്‍ രോഗശാന്തികള്‍ സംഭവിക്കുക. അന്ന് ഒരു മെത്രാനായിരുന്നു കാര്മികന്. ആരാധനയ്ക്കുശേഷം അദ്ദേഹം ദിവ്യകാരുണ്യ ഈശോയുമായി രോഗികളുടെ അടുക്കലേക്ക് നീങ്ങി. ഓരോ രോഗിക്കും അദ്ദേഹം ആശീര്‍വാദം കൊടുത്തു. വീല്‍ ചെയറില്‍ ഇരുന്ന് എല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കൊച്ചു ബാലന്. അതാ മെത്രാന് ആശീര്‍വാദം നല്കി തന്റെ അടുത്തെത്താറായിരിക്കുന്നു. പരിശുദ്ധ അമ്മ വഴി യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും പ്രാര്‍ത്ഥന ഫലിക്കും എന്നാണല്ലോ അമ്മ പഠിപ്പിച്ചിരിക്കുന്നത്. അവനും സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. ഇതാ മെത്രാന് തന്റെ മുമ്പില്‍. അദ്ദേഹം അരുളിക്ക ഉയര്‍ത്തി കുരിശിന്റെ അടയാളത്തില്‍ അവനെ ആശീര്‍വ്വദിക്കുകയാണ്. രോഗശാന്തി ലഭിക്കുവാനുള്ള അനര്‍ഘനിമിഷം. "ഇതാ ഞാന്‍ എഴുന്നേല്ക്കുവാന് പോകുന്നു", അവന് വിചാരിച്ചു. ആശീര്‍വാദം കഴിഞ്ഞു ബാലന് എഴുന്നേല്ക്കുവാന് പരിശ്രമിച്ചു; പറ്റുന്നില്ല. വീണ്ടും വീണ്ടും പരിശ്രമിച്ചു; നിഷ്ഫലം. ഇതിനകം മെത്രാന് ദിവ്യകാരുണ്യവുമായി മുന്നോട്ട് നീങ്ങിക്കഴിഞ്ഞിരുന്നു. രോഗശാന്തി ലഭിക്കാത്തതില്‍ നിരാശനായിത്തീര്‍ന്ന ആ ബാലന് പരിസരം മറന്ന് മെത്രാന്റെ കരങ്ങളിലിരിക്കുന്ന അരുളിക്കയെനോക്കി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "ഈശോയേ, നീ എന്നെ സുഖപ്പെടുത്തിയില്ലെങ്കില്‍ ഞാന്‍ നിന്റെ അമ്മയോടു പറയും." യേശുവിന്റെനേരെ ആ കൊച്ചു ബാലന് മുഴക്കിയ ഭീഷണി മെത്രാന് കേട്ടു. ഏതോ ദിവ്യശക്തിയാല്‍ പ്രചോദിതനായി അദ്ദേഹം ബാലന്റെ പക്കലേക്കു തിരിച്ചു വന്നു; ഒരിക്കല്‍കൂടി ആശീര്‍വാദം നല്കി. അത്ഭുതമേ, ബാലന് ചാടി എഴുന്നേറ്റു! വീല്‍ ചെയറില്‍നിന്നു പുറത്തു ചാടി അവന് നടക്കുവാന്‍ തുടങ്ങി. തന്റെ ഇഹലോകവാസത്തില്‍ അനേകം തളര്വാതക്കാരെ സുഖപ്പെടുത്തിയ യേശു ആ കൊച്ചുബാലനെയും സുഖപ്പെടുത്തി. പക്ഷേ, ഒരു കാര്യം സ്ഥിരീകരിച്ചശേഷം മാത്രം: ആ ബാലന്റെ അമ്മ കൊച്ചുമകനെ പഠിപ്പിച്ചത് സത്യമാണെന്നു ബോധ്യപ്പെടുത്തിയശേഷം. അതായത് പരിശുദ്ധ അമ്മ പറഞ്ഞാല്‍ താന്‍ എന്തും ചെയ്യും എന്നുള്ള സത്യം. ലൂര്‍ദിലെ ഔദ്യോഗികരേഖകളില്‍ ഉള്ളതാണ് ഈ സംഭവം. അമ്മയുടെ സ്ഥാനം വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 'രക്ഷകന്റെ അമ്മ' എന്ന തന്റെ ചാക്രികലേഖനത്തില്‍ തിരുസഭയില്‍ അമ്മയുടെ സ്ഥാനം എവിടെയാണെന്ന് മനോഹരമായി വിശദീകരിച്ചു തരുന്നുണ്ട്. കാനായിലെ കല്യാണത്തെ ആസ്പദമാക്കിയാണ് ആ വിശദീകരണം. വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ പരിശുദ്ധ അമ്മ കുടുംബത്തിനും യേശുവിനും മധ്യേ നിലകൊള്ളുന്നു. "മകനേ, അവര്‍ക്കു വീഞ്ഞില്ല." വീഞ്ഞു തീര്‍ന്നുപോകുന്ന നമ്മുടെ ആവശ്യങ്ങളില്‍, പോരായ്മകളില്‍, ബലഹീനതകളില്‍, വേദനകളില്‍, ഉത്കണ്ഠകളില്‍ പരിശുദ്ധ അമ്മ നമുക്കും യേശുവിനും മദ്ധ്യേ സ്ഥാനം പിടിക്കുന്നു; മധ്യസ്ഥയായിത്തീരുന്നു. പുറത്തുനിന്നുവന്ന ഒരു വ്യക്തിയെപ്പോലെയല്ല; അമ്മയെന്ന തന്റെ സ്ഥാനത്തില്‍, ദൗത്യത്തില്‍, കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമെന്ന നിലയില്‍. അമ്മയുടെ വിശ്വാസത്തിന്റെയും മാധ്യസ്ഥ്യത്തിന്റെയും മുമ്പില്‍ യേശു തന്റെ സമയംപോലും തിരുത്തിക്കുറിക്കുന്നു. ആ സമയമാകട്ടെ, രക്ഷാകരകര്‍മം അടയാളത്തിന്റെ അകമ്പടിയോടെ ലോകത്തിനു വെളിപ്പെടുത്തി പ്രഖ്യാപിക്കാന്‍ പിതാവ് നിശ്ചയിച്ചിരുന്ന സമയമായിരുന്നു താനും. അത്ഭുതകരമായി വെള്ളം വീഞ്ഞാക്കിത്തീര്ത്ത് യേശു അമ്മയുടെ മാധ്യസ്ഥ്യം സ്ഥിരീകരിക്കുന്നു. പരിശുദ്ധ കന്യക ദൈവമാതാവാണെന്നതിനും അമ്മയുടെ മാധ്യസ്ഥ്യം അത്ര ശക്തമാണെന്നതിനും മറ്റെന്തു തെളിവുവേണം? പരിശുദ്ധ അമ്മ വഴി നമുക്ക് യേശുവിലേക്ക് പോകാം. യേശുവിനെ പൂജരാജാക്കന്മാര് കണ്ടെത്തിയവിധം വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നത് ഇങ്ങനെയാണ്: "അവര്‍ ഭവനത്തില്‍ പ്രവേശിച്ച്, യേശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു" (മത്തായി 2:11). മറിയം ഉള്ളിടത്ത് യേശുവുമുണ്ട്. യേശുവിലെത്താനും യേശുവിനെ ആരാധിക്കുവാനും നമ്മെ പരിശുദ്ധ അമ്മ നയിക്കും. പൂജരാജാക്കന്മാരെപ്പോലെ യേശുവിനെ അന്വേഷിക്കുന്നവരാണ് നമ്മള്. യേശുവിനെ കൂടുതല്‍ അടുത്തും വ്യക്തമായും കാണുവാനും കേള്‍ക്കുവാനും ആരാധിക്കുവാനുമുള്ള ഒരു ദാഹം നമ്മിലുണ്ട്. പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ദൈവവചനശ്രവണത്തിനും നാം കാണിക്കുന്ന ആവേശം ഈ ദാഹത്തെ വിളിച്ചറിയിക്കുന്നു. അവര്‍, പൂജരാജാക്കന്മാര്, ഭവനത്തില്‍ പ്രവേശിച്ച് കണ്ടതുപോലെ നമുക്കും കാണുവാനുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനം പരിശുദ്ധ ജപമാലയാണ്. യേശുവിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനമാണ് ജപമാലയുടെ കാതലായ ഭാഗം. രഹസ്യങ്ങളെന്ന പേരില്‍ യേശുവിന്റെ ജീവിതസംഭവങ്ങളാണ് നമ്മുടെ മുമ്പില്‍ നിരക്കുന്നത്. അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടും അമ്മയോടൊത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടും അമ്മയാല്‍ നയിക്കപ്പെട്ടും യേശുവിന്റെ ജീവിതരഹസ്യങ്ങളിലൂടെ നമ്മള് കടന്നുപോവുകയാണ്- ജപമാലയിലൂടെ. അതിനാല്‍ ജീവിതത്തിലും മരണത്തിലും ഈശോയോടൊപ്പമായിരിക്കാന്‍ അവിടുത്തെ അമ്മയോട് നമുക്ക് പ്രാര്‍ത്ഥിക്കാം. 'പരിശുദ്ധ മറിയമേ തമ്പുരാന്റെ അ മ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇ പ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടപേക്ഷിക്കണമേ. ആമ്മേന്‍'
By: Mar Jacob Thoonguzhi
Moreസിറിയാ രാജാവ് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സമയം. രഹസ്യമായാണ് തന്ത്രങ്ങളെല്ലാം മെനയുന്നത്. എന്നിട്ടും ആരാണ് ഈ വിവരങ്ങള്‍ ഇസ്രായേല്‍ രാജാവിനെ അറിയിക്കുന്നത്? ഇസ്രായേലിലെ ദൈവപുരുഷനായ എലീഷായാണ് ഇതിന്റെ പുറകിലെന്നറിഞ്ഞു. ഇനി എലീഷാ യെ വകവരുത്താതെ കാ ര്യ ങ്ങള് ശരിയാകില്ലെന്നു കണ്ട രാജാവ് വലിയൊരു സൈന്യവ്യൂഹത്തെ അയച്ചു, അവന്റെ വസതിയിലേക്ക്. എലീഷായുടെ ദാസന് പ്രഭാതത്തില്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ വീടിനു ചുറ്റും സിറിയായുടെ സൈന്യമാണ്. പേടിച്ചുപോയ അയാള്‍ എലീഷായെ വിവരമറിയിച്ചു. 'ഭയം വേണ്ട. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെ കൂടെയുണ്ട്,' എലീഷാ പറഞ്ഞു. ദാസന്റെ വിറയല്‍ കണ്ട എലീഷാ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'കര്‍ത്താവേ, ഇവന്റെ കണ്ണുകളെ തുറക്കണമേ. ഇവന് കാണട്ടെ." കണ്ണു തുറക്കുമ്പോള്‍ അവന് കണ്ടത് വലിയൊരു സൈന്യവ്യൂഹം തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് (2 രാജാക്കന്മാര് 6:8-23). കര്‍ത്താവിന്റെ ദൂതര്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്നുവെന്ന സത്യം അവനന്ന് അറിഞ്ഞു (സങ്കീര്‍ത്തന ങ്ങള് 34:7). കണ്ണുള്ളതുകൊണ്ട് കാണണമെന്നില്ല. കാണുന്നതിനപ്പുറം കാണാന്‍ ഈ കാഴ്ചയും പോരാ. പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റം ശക്തമാണ് കണ്ണ്. ശരീരത്തിന്റെ വിളക്കാണത്. ശരീരത്തെ പരിശുദ്ധമാക്കാനും മലീനസമാക്കാനും കണ്ണിനാകും. കണ്ണിലെ വെളിച്ചം ശരീരം മുഴുവനെയും പ്രകാശിപ്പിക്കുന്നു. അതിന്റെ ഇരുട്ട് ശരീരത്തെ മുഴുവന്‍ അന്ധകാരമാക്കുന്നു (ലൂക്കാ 11:34). മറഞ്ഞിരിക്കുന്നതാണ് സത്യം. അത് വെളിപ്പെട്ടുകിട്ടാൻ ക്രിസ്തു നമ്മില്‍ തെളിച്ച തിരിനാളത്തിന്റെ വെളിച്ചത്തില്‍ കാര്യങ്ങളെ മനസിലാക്കാന്‍ കഴിയണം. എലീഷാ കാഴ്ചയ്ക്കപ്പുറം കാണാന്‍ കഴിഞ്ഞവനായിരുന്നു. ദീര്‍ഘദര്‍ശി എന്ന് വിളിക്കുന്നത് അതുകൊണ്ടാ ണ്. ദൈവമനുഷ്യരെല്ലാം ദീര്ഘദര്ശികളാ കണം. കാണുന്നതെല്ലാം കടന്നുപോകും. നിത്യമായവ ധ്യാനിക്കാതെ അനിത്യമായവയെ പിന്തുടര്ന്നാല് നമ്മുടെ ആന്തരികശക്തി ശോഷിച്ചുപോകും. കണ്ണുപൂട്ടി ധ്യാനിക്കാന്‍ ഒരല്പസമയം കൊടുത്താല്‍ നിങ്ങളിലെ സൈന്യവ്യൂഹത്തെ നിങ്ങള്‍ക്ക് കാണാനാകും. പുറംകാഴ്ചയിൽ കുടുങ്ങിയാല്‍ നിത്യമായവ കൈവിട്ടുപോകും. മാസ്മരികതയില്‍ മയങ്ങാതെ... കാഴ്ചയുടെ മാസ്മരികതിയിലാണ് ലോകമിന്ന്. എന്നാല്‍ വിശ്വാസിയുടെ വഴി എലീഷായുടെ വഴിയാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറം കാണാന്‍ അയാള്‍ക്കു കഴിയുന്നത് വിശ്വാസമെന്ന ആറാം ഇന്ദ്രിയത്തിലൂടെയാണ്. ആദിമ ക്രിസ്ത്യാനികള്‍ പറഞ്ഞു: "ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല" (2 കോറിന്തോസ് 5:7). വിശ്വാസമില്ലാത്തവരാണ് കാഴ്ചയില്‍ കുടുങ്ങുന്നവര്‍. അത് നമ്മെ തകര്‍ത്തുകളയും. പഴയ ഇസ്രായേലിന് അത്തരമൊരു ചരിത്രം കൂടിയുണ്ട്. ചെങ്കടലിന് സമീപം കാത്തുനില് ക്കുകയാണവര്‍. പുറകില്‍ ഫറവോയുടെ സൈന്യം, മുമ്പില്‍ കടല്‍. ഈ മരണമുഖത്തു നിന്നും ആരു ഞങ്ങളെ രക്ഷിക്കും? ജനനേതാവായ മോശയ്ക്കെതിരെ തിരിഞ്ഞു അവര്‍, അന്നും. കാനാനില്‍ കാത്തിരിക്കുന്ന മഹത്വം അവര്‍ക്ക് കാണാനായില്ല. തമ്മില്‍ ഭേദം അടിമത്തവും അവിടെ കിട്ടുന്ന തീറ്റയും തന്നെ! വീരോചിതമായ യാത്രയുടെ ചരിത്രം സൃഷ്ടിക്കാന്‍ പലതും തള്ളിക്കളഞ്ഞവരാണ് അവര്‍. എന്നാല്‍ ക്ലേശകാലത്ത് ആ പഴയ എച്ചില്പാത്രങ്ങള് അവരെ കൊതിപ്പിക്കുന്നു. കാഴ്ചനഷ്ടപ്പെട്ടവര്‍ എന്നും ഇങ്ങനെയാണ്. എന്തിനെ അതിജീവിച്ച് മുന്നേറിയോ വീണ്ടും അതില്‍ ചെന്നു ചേരാന്‍ മോഹിക്കും. ദൈവകൃപയുടെ ഇന്നലെകളില്‍ നിങ്ങള്‍ തള്ളിമാറ്റിയ നൈമിഷികസുഖങ്ങള്‍ ആന്തരികവെട്ടം കെട്ടുപോകുന്ന ഇന്ന് ചേര്‍ത്തുപിടിക്കാന്‍ തോന്നുന്നത് വലിയ പ്രലോഭനമാണ്. മോശ അവരെ ബലപ്പെടുത്തി. കാരണം മോശ കണ്ടത് ഒടുങ്ങാത്ത കടലിനെയല്ല, എല്ലാം ശാന്തമാക്കാന്‍ കഴിവുള്ള സൈന്യങ്ങളുടെ കര്‍ത്താവിനെയാണ്. വിശ്വാസിക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകള്‍ മോശയും പറഞ്ഞു: 'നിങ്ങള്‍ക്കായി ഇന്നു കര്‍ത്താവ് ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും.' ഇപ്പോള്‍ കാണാത്തത് നിങ്ങള്‍ കാണാനിരിക്കുന്നു എന്നര്‍ത്ഥം. കടല്‍ വരണ്ട ഭൂമിയായ ചരിത്രം അന്നേവരെ അവര്‍ക്കില്ല. എന്നിട്ടും വിശ്വാസത്തില്‍ മോശ അത് കണ്ടു. കാഴ്ച ഭയപ്പെടുത്തും, വിശ്വാസമാകട്ടെ ശക്തിപ്പെടുത്തും. വിശ്വാസത്തോടെ അവര്‍ ആദ്യചുവടു വച്ചു. കിഴക്കന്‍ കാറ്റു വീശുന്നതും കടല്‍ രണ്ടായി പകുത്തു നില്ക്കുന്നതും ഇസ്രായേല്‍ക്കാര്‍ അവരുടെ മാളങ്ങളില്‍നിന്നും പുറത്തിറങ്ങിയതിനുശേഷം മാത്രമാണ്. വിശ്വാസിയുടെ കാല്‍വയ്പില്‍ ദൈവത്തിന് മുഖം തിരിക്കാ ന് ആവില്ല. അതേസമയം, വിശ്വാസിയുടെ കാല്‍വയ്പുകളെ അവിശ്വാസി പിന്തുടര്ന്നാ ല്‍ മുങ്ങിച്ചാവും. ഫറവോയുടെ സൈന്യ ത്തെ മുഴുവന്‍ കടല്‍ വിഴുങ്ങിയതുപോലെ. വിശ്വാസം ഒരു ടെക്നിക് അല്ല. അതൊരു സമര്‍പ്പണമാണ്, ആത്മസമര്‍പ്പണം. ദൈവത്തെ കാണാനും ധ്യാനിക്കാനും നീ നല്‍കേണ്ട വിലയാണ് ഈ സമര്‍പ്പണം. സമര്‍പ്പിക്കുന്നവര്‍ക്കുള്ള സമ്മാനമാണ് ഈ ആറാം ഇന്ദ്രിയം. കാണാത്ത കാര്യങ്ങള്‍ കണ്‍മുമ്പിലെന്നപോലെ കാണാനാകും ഈ ഇന്ദ്രിയത്തിലൂടെ നോക്കുമ്പോള്‍. ആ യഥാര്‍ത്ഥ കാഴ്ചയാണ് നമുക്കാവശ്യം, കണ്‍പോളകള്‍ക്കപ്പുറമുള്ള ഒന്ന്. ദാവീദ് പ്രാര്‍ത്ഥിച്ചതോര്‍ക്കുക. ദൈവമേ, എന്റെ കണ്ണുകള്‍ തുറക്കണമേ. അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ഞാന്‍ കാണട്ടെ (സങ്കീര്‍ത്തനങ്ങള്‍ 119:18). ആന്തരികനേത്രങ്ങള്‍ തുറന്നു കിട്ടാനാണ് ഈ പ്രാര്‍ത്ഥന. എന്നും വേണം, നമുക്കും ഈ പ്രാര്‍ത്ഥന. കാര്യങ്ങളെ യഥാവിധം കാണാന്‍, മനസിലാക്കാന്‍. കാഴ്ചയില്‍ കുരുങ്ങിയ വിശ്വാസി ഭയത്തിലും ആകുലതയിലും ആയിരിക്കും. എന്നാല്‍ വിശ്വാസത്തില്‍ കാര്യങ്ങളെ നേരിടുന്നവന് പ്രതിബന്ധങ്ങളെ അതിജീവിച്ചും മുന്നോട്ടുപോകും. അതിനാല്‍ നമുക്കും പ്രാര്‍ത്ഥിക്കാം, ഓ ദൈവമേ, എന്റെ കണ്ണുകള്‍ തുറക്കണമേ!
By: Father Roy Palatty CMI
Moreരാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന് ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള് കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞു: "ഞാന്‍ അങ്ങയുടെ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല." രാജകുമാരന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്‍കുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന് തന്റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്റെ മുന്നില്‍! "രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു." തുടര്‍ന്ന് അയാള്‍ പറഞ്ഞു, "രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്." ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന് ഭക്തിയോടെ മുട്ടിന്മേല് നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
By: Shalom Tidings
Moreനിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഉത്തരം കെ?ത്താന് സഹായിക്കുന്ന ലേഖനം. യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. "എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര് അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു" (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക" എന്ന്. പീലാത്തോസ് അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാന്‍ വിട്ടുകൊടുത്തു. വിട്ടുകൊടുക്കുന്നതിനുമുമ്പ് അവന് അവരുടെ മുമ്പില്‍വച്ച് തന്റെ കൈകള്‍ കഴുകി ഇപ്രകാരം പറഞ്ഞു: "ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല." പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവിടെ കൂടിയിരുന്ന യഹൂദജനവും ആക്രോശിച്ചു പറഞ്ഞു "അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിക്കൊള്ളട്ടെ." അവര്‍ അവനെ കൊണ്ടുപോയി നിര്‍ദയം ക്രൂശിച്ചു! തലമുറകളുടെമേല്‍ വീണ രക്തം അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ജറുസലേം നശിപ്പിക്കപ്പെട്ടു. ശിക്ഷാവിധിയുടെ നുകം സ്വമേധയാ ഏറ്റുവാങ്ങിയ യഹൂദന്മാര് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. എത്തിയ ഇടങ്ങളില്‍ അതികഠിനമായി ഞെരുക്കപ്പെട്ടു. കഷ്ടതയുടെ 19 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അക്കാലഘട്ടത്തിലെ യഹൂദപണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ചിതറിക്കപ്പെടലിന്റെയും കഷ്ടതയുടെയും കാരണങ്ങളെക്കുറിച്ച് വെളിവ് ലഭിച്ചു. അവര്‍ ന്യൂയോര്‍ക്കില്‍ ഒന്നിച്ചുകൂടി ഏകകണ്ഠമായി ഇങ്ങനെ പ്രഖ്യാപിച്ചു. "യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെന്‍ഹെദ്രീന്‍ സംഘം നടത്തിയ വിചാരണയും വിധിയും തികച്ചും അനീതിപരമായിരുന്നു. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നത് വലിയ തെറ്റായിപ്പോയി. അതിനാല്‍ അന്ന് യേശുവിനെതിരെ പുറപ്പെടുവിച്ച വിധി ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു." തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിനെ അവര്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോള്‍ ദൈവം അവരോട് കരുണ കാണിച്ചു. ലോകത്തിന്റെ അതിര്‍ത്തികളില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവരാന്‍ അനുവദിച്ചു. അങ്ങനെ 1948-ല്‍ വീണ്ടും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്. 19 നൂറ്റാണ്ടുകളോളം ലോകത്തിന്റെ അതിര്‍ത്തികളോളം അരക്ഷിതരും പീഡിതരുമായി ചിതറിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ഒരു നിര്‍ണായക നിമിഷത്തില്‍ ഒത്തുചേര്‍ക്കപ്പെട്ട് ഒരു രാഷ്ട്രം രൂപീകരിക്കുക! ദൈവത്തിന്റെ മഹാകാരുണ്യമാണ് ഇവിടെ പ്രകടമായത്. "രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു" (ഏശയ്യാ 59/1-2). ചിതറിക്കപ്പെടലിനുപിന്നില്‍ ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചിതറിക്കപ്പെടലുകള്‍പോലെയുള്ള കഠിനവും ഒരുപക്ഷേ ബീഭത്സവുമായ ചിതറിക്കലുകളും കഷ്ടതകളും നമ്മളും നമ്മളുള്‍പ്പെടുന്ന കുടുംബവും സമൂഹങ്ങളും പേറുന്നുണ്ടാവും. ഞങ്ങളിത്രയേറെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവാസങ്ങളെടുത്തിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഇസ്രായേലിന്റെ മുന്‍പറഞ്ഞ ചരിത്രം നമുക്ക് അതിന് ഉത്തരം നല്‍കുന്നുണ്ട്. തിരിച്ചറിയുകയും ഏറ്റുപറയുകയും പരിഹാരം ചെയ്യുകയും ചെയ്യാത്ത പാപങ്ങള്‍! യേശുവിനെ കുരിശുമരണത്തിന് വിധിച്ചതും ക്രൂശിച്ചതും തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്മയും ഏറ്റവും വലിയ ദൈവശുശ്രൂഷയും ആണെന്നാണ് പുരോഹിത പ്രമുഖന്മാര് കരുതിയത്. ജനം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ട് നശിക്കുന്നതിനെക്കാള്‍ നല്ലത് പകരമായി ഒരുവന് (യേശു) മരിക്കുന്നതാണ് എന്ന് പ്രധാന പുരോഹിതനും മറ്റു പുരോഹിതരും ആലോചിച്ചുറച്ചു. അതിന്‍പ്രകാരമാണ് യേശുവിനെ കുരിശിലേറ്റാനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്. എന്നാല്‍ നിഷ്കളങ്കരക്തത്തെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന് അവര്‍ തിരിച്ചറിയാന്‍ 19 നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു. ആ നാളുകളില്‍ ചിതറിക്കപ്പെട്ടിടത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചത്. ദൈവത്തോടും മനുഷ്യനോടും അവര്‍ അതേറ്റുപറഞ്ഞു. സെന്‍ഹെദ്രീന്‍ സംഘം നടത്തിയ തെറ്റായ വിധിയെ അവര്‍ നിര്‍വീര്യപ്പെടുത്തി. കര്‍ത്താവിന്റെ കരുണയ്ക്കായി നിലവിളിച്ചു. അപ്പോള്‍ രക്ഷയുടെ തുറമുഖത്തേക്ക് നങ്കൂരമടിക്കുവാന്‍ ദൈവമവരെ അനുവദിച്ചു. എത്തേണ്ടിടത്തെത്തിയപ്പോള്‍ തങ്ങളുടെ ദുര്‍വിധിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെയുള്ള നീണ്ട കാലയളവില്‍ മറ്റു പലതിനെക്കുറിച്ചും അവര്‍ അനുതപിച്ചിട്ടുണ്ടാകാം. തുളസിക്കും ചതകുപ്പക്കും ദശാംശം കൊടുക്കുകയും യഥാര്‍ത്ഥമായ ദൈവനീതിയെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള അവരുടെ അനുതാപപ്രകരണങ്ങള്‍ വായുവിലുള്ള പ്രഹരങ്ങളായി അവശേഷിക്കുകയും അവര്‍ തങ്ങളുടെ കഷ്ടതകളില്‍തന്നെ തുടരുകയും ചെയ്തപ്പോള്‍ മഹാകാരുണ്യവാനായ ദൈവംതന്നെയാണ് അവരുടെ കഷ്ടതയുടെ കാരണങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം നല്കി അവരെ രക്ഷപ്പെടുത്തിയത്. കാലങ്ങള്‍ക്കുമുമ്പ് നാം നടത്തിയ നിര്‍ദയവും തികച്ചും അനീതിപരവുമായ വിധികളും പ്രവൃത്തികളും ഇന്നും നമുക്കു ചുറ്റും കഷ്ടതയുടെയും അസമാധാനത്തിന്റെയും കാരണങ്ങളായി നിലകൊള്ളുന്നുണ്ടാകാം. തിരിച്ചറിയാനും തിരുത്തുവാനും അതേറ്റുപറയാനും തയാറാവൂ... ഇസ്രായേല്‍ ജനത്തെ തിരിച്ചു നടത്തിയ അവിടുന്നു നമ്മെ രക്ഷയുടെ തുറമുഖത്തെത്തിക്കും. അതെ, നിശ്ചയമായും രക്ഷ വിദൂരത്തല്ല! സക്കേവൂസിലെ ധീരനായ വിശുദ്ധന്! സക്കേവൂസില്‍ മാനസാന്തരപ്പെട്ട ഒരു ധീരവിശുദ്ധനെ നമുക്ക് കാണാന്‍ കഴിയും. യേശുവിനെ വീട്ടില്‍ സ്വീകരിച്ച് പരിചരിക്കുന്നതിനിടയില്‍ യേശുവിന്റെ സ്നേഹം അടുത്തറിഞ്ഞപ്പോള്‍ അവനു തോന്നി താന്‍ ഒരു മഹാപാപിയാണെന്ന്. അതു തിരിച്ചറിഞ്ഞ അവന് യേശുവിന്റെ കാല്ക്കലൊന്നും വീണ് മാപ്പു പറയുന്നില്ല. പക്ഷേ അവന് ഭക്ഷണമേശയിങ്കല്‍ എഴുന്നേറ്റുനിന്ന് തന്റെ ധീരമായ കാല്‍വയ്പുകള്‍ യേശുവിനെ അറിയിക്കുന്നു. "കര്‍ത്താവേ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു. യേശു പറഞ്ഞു. "ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു." സക്കേവൂസിന്റെ ആ ധീരമായ തീരുമാനം കേട്ടതിനുശേഷം മാത്രമാണ്'ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു'വെന്ന വചനം യേശുവിന്റെ നാവില്‍നിന്നും പുറപ്പെട്ടത്. നമുക്കെന്തേ രക്ഷ വൈകുന്നു? സക്കേവൂസിനെപ്പോലെ ധീരമായൊരു കാല്‍വയ്പ് നടത്താന്‍ നാം മടിക്കുന്നതുകൊണ്ടുതന്നെ, അനേകവട്ടം നാം പാപിയാണെന്ന് ഏറ്റുപറയാനും കുമ്പസാരിക്കുവാനും നാം തയാറാകും. പക്ഷേ നമ്മുടെ അനീതിപരമായ പ്രവൃത്തിയിലൂടെ ക്ഷതമേറ്റവനെ സുഖപ്പെടുത്തുവാനും പരിഹാരം ചെയ്യാനും നാം തയാറാവുകയില്ല. എന്നിട്ടും നാം ചോദിക്കും കര്‍ത്താവേ, രക്ഷ വിദൂരത്താണോ? എന്ന്. പിന്നെങ്ങനെ കര്‍ത്താവായ യേശുവിനു പറയാന്‍ കഴിയും ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന്?! എങ്ങനെ അവിടുന്നു പറയും ഇന്നീ സ്ഥാപനം, അല്ലെങ്കില്‍ സഭാസമൂഹം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്?! കൊട്ടിയത്ത് കട്ടത് കോട്ടയത്തു തിരികെ കൊടുത്താല്‍ ദാനധര്‍മ്മം എപ്പോഴും പാപത്തിന് പരിഹാരമാണ്. "ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്" (പ്രഭാഷകന്‍ 3/30). എന്നാല്‍ കൊട്ടിയത്തു കട്ടത് കോട്ടയത്ത് തിരികെ കൊടുത്താല്‍ മതിയാകുമോ? ഇല്ല. നമ്മുടെ അനീതിപരമായ വിധികളും നീചമായ പ്രവൃത്തികളും നിമിത്തം വേദനിച്ചവരും അനീതിയുടെ നുകം വഹിച്ചവരും ഈ ഭൂമിയില്‍ ജീവിച്ചിരിക്കേ നമ്മുടെ പരിഹാരകര്‍മ്മങ്ങള്‍ അവരെത്തേടി എത്താതെ നാം കുറെയേറെ പണം കൊണ്ടുപോയി അനാഥശാലകള്‍ക്കു നല്‍കുകയും സുവിശേഷവേലക്ക് നല്‍കുകയും ചെയ്താല്‍ അതൊരു പരിഹാരപ്രവൃത്തി ആകുമോ? ഒരിക്കലും ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം സക്കേവൂസ് ചെയ്തതുപോലെയല്ല നാം ചെയ്യുന്നത്. സക്കേവൂസ് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഒന്നാമത്തെ കാര്യം ഉപേക്ഷിച്ചുകൊണ്ട് രണ്ടാമത്തെ കാര്യംമാത്രം ചെയ്താല്‍ യേശുവിന് നമ്മെ നീതീകരിക്കുവാനോ ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മുടെ ജീവിതത്തെയോ കുടുംബത്തെയോ സ്ഥാപനത്തെയോ സഭാകൂട്ടായ്മകളെയോ നോക്കി പറയാനേ കഴിയുകയില്ല. "ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത് അതുകൊണ്ട് ബലിയര്പ്പിക്കുന്നവന് പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്" (പ്രഭാഷകന്‍ 34/20). സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ മാന്യത, സല്പേര്, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ന്യായമായ അവകാശങ്ങള്‍ അങ്ങനെ പലതിലും ഇത് ബാധകമാണ്. നവംബര്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസമാണല്ലോ. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാല്‍ മരണശേഷം കാലങ്ങളോളം ശുദ്ധീകരണാഗ്നിയില്‍ കഴിയാനുള്ള വിധി നമുക്ക് നേടിത്തരുന്ന മുകളില്‍ പറഞ്ഞതരത്തിലുള്ള പരിഹാരക്കടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശുദ്ധാത്മാവ് നല്കുന്ന വെളിച്ചത്തില്‍ പരിശോധിച്ചുനോക്കി ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുന്നതല്ലേ ഉചിതം? ഈ നവംബര്‍ മാസം അങ്ങനെയൊരു പരിഹാര ജീവിതത്തിന്റെ അരൂപിയിലേക്കു നമ്മെ നയിക്കട്ടെ. ധീരനായ സക്കേവൂസ് നമുക്ക് മാതൃകയായിരിക്കട്ടെ. പ്രെയ്സ് ദ ലോര്‍ഡ്. 'ആവേ മരിയ.'
By: Stella Benny
Moreസഹനങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവം അനുവദിക്കുന്നത്? അത് ഒഴിവാക്കിയാല്‍ എന്താണ് സംഭവിക്കുക? 36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും? മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം. ഒന്ന്, അതിനെ ഒരു പ്രശ്നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്സമനിയും. രണ്ടാമതായി, പ്രശ്നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്നമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില് എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ. "നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്നേഹം സഹനത്തെ അതിജീവിക്കുന്നു" (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം. എങ്കിലേ മുപ്പത്തിയാറുകാരന്റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, "ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്." തിരുവചനം ഓര്‍മപ്പെടുത്തുന്നു, "തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും" (1 പത്രോസ് 5/10).
By: Shalom Tidings
Moreപ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. വിസ്കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും പ്രാര്‍ത്ഥന അവരെ സഹായിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ കണ്ടെത്തിയത് വിശ്വാസത്തെ ഗൗരവമായി പരിഗണിക്കുകയും പതിവായി ദൈവാലയത്തില്‍ പോകുകയും ചെയ്യുന്നവരില്‍ വിഷാദരോഗം വരാനുള്ള സാധ്യത 90 ശതമാനവും ഇല്ലെന്നാണ്. "ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ഏത് മഹത്വത്തെയുംകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു" (പ്രഭാഷകന്‍ 40/27)
By: Shalom Tidings
More