Home/Encounter/Article

ആഗ 16, 2023 155 0 Brother Augustine Christy PDM
Encounter

മിണ്ടിക്കൊണ്ടിരിക്കുക

ഞാന്‍ ചെറുപ്പത്തില്‍ സ്കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ ‘പലഹാരമോഷണം’ അമ്മ ശ്രദ്ധിക്കുകയുമില്ല.
സ്കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്. കാരണം അതിനൊരു പ്രത്യേക സന്തോഷമുണ്ട്. ചെറിയ കാര്യമാണെന്ന് വിചാരിച്ച് പറയാതിരിക്കുന്നതല്ല, നിസാരകാര്യമാണെങ്കില്‍പ്പോലും എണ്ണിപ്പെറുക്കി പറയുന്ന കുട്ടികളുടെ രീതിയാണ് അമ്മമാര്‍ക്ക് ഇഷ്ടം. ആ മക്കളോട് അവര്‍ക്കൊരു വാത്സല്യം അധികം കാണും, ശരിയല്ലേ?

എന്നാല്‍ അതിലും സുന്ദരമായ കാര്യമാണ് ഈശോയോട് ഓരോ കാര്യങ്ങളും എണ്ണിപ്പെറുക്കി പറയുന്നത്. നമ്മള്‍ നമ്മുടെ പരാതിയും ആവലാതിയും പറയുന്നത് കുറച്ചിട്ട് ഈശോയോട് ഒരു സന്തതസഹചാരിയോടെന്നപോലെ, ഒരു ഉറ്റസുഹൃത്തിനോടെന്നപോലെ, ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നുനോക്കൂ. ഈശോയെ ഞാന്‍ പഠിക്കാനിരിക്കുകയാണ് കേട്ടോ, ഞാന്‍ കളിക്കാന്‍ പോകുകയാണേ, ഞാന്‍ ഇപ്പോള്‍ വാട്സാപ്പ് ഓപ്പണാക്കുകയാണേ, ഞാന്‍ കുറച്ച് വെള്ളം കുടിക്കാന്‍ പോകുകയാണ് കേട്ടോ, ഈശോയെ നീയും വാ കൂടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് കേട്ടോ… ഇങ്ങനെ കൊച്ചുകൊച്ചു വാക്കുകള്‍ ഉപയോഗിച്ച് ഈശോയോട് നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടണം.

ഇങ്ങനെ നിങ്ങള്‍ ചെയ്തുതുടങ്ങിയാല്‍, അത്ഭുതകരമായ റിസല്‍റ്റ് കാണാന്‍ പറ്റും. മറന്നുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും, തീരുമാനങ്ങള്‍ അപ്പപ്പോള്‍ത്തന്നെ എടുക്കാന്‍ പറ്റും, വരാന്‍ പോകുന്ന ആവശ്യം മുമ്പേ കാണിച്ചുതന്ന് ഈശോ നമ്മെ സഹായിക്കുന്ന അനുഭവങ്ങളുണ്ടാകും.. എന്നിങ്ങനെ അനുദിനജീവിതം ‘ത്രില്ലാ’യി മാറും, ഉറപ്പ്!

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ പറയുന്നത് ഇങ്ങനെയാണ്, “പിതാവ്, സഹോദരന്‍, യജമാനന്‍, മണവാളന്‍ എന്നീ നിലകളില്‍ മാറിമാറി അവിടുത്തോട് നിങ്ങള്‍ സംസാരിക്കുക. അവിടുത്തെ തൃപ്തിപ്പെടുത്താന്‍ ഏതുവിധത്തിലാണ് നിങ്ങള്‍ അവിടുത്തെ വിളിക്കേണ്ടതെന്നു അവിടുന്നുതന്നെ നിങ്ങളെ പഠിപ്പിക്കും” (സുകൃതസരണി)

ഇപ്പോള്‍ത്തന്നെ കണ്ടെത്തുക, സംസാരിച്ചുതുടങ്ങുക. എനിക്ക് എന്‍റെ ഈശോ ആരെപ്പോലെയാണ്? ഡാഡിയെപ്പോലെ, അതോ ബോസ്സിനെപ്പോലെയോ? അതല്ലെങ്കില്‍ ഒരു ഫ്രണ്ട്? അതുമല്ലെങ്കില്‍ ഒരു പ്രിയപ്പെട്ടവന്‍? ഏതായാലും എങ്ങനെയായാലും ഇന്നുതന്നെ, ഇപ്പോള്‍ത്തന്നെ, സംസാരിച്ചുതുടങ്ങുക. എന്നിട്ട് ഈ അനുഭവം മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുക. എല്ലാവരും ഈശോയോട് എപ്പോഴും സംസാരിക്കട്ടെ.

“ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്” (സുഭാഷിതങ്ങള്‍ 16/24).

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles