Trending Articles
സഹനങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവം അനുവദിക്കുന്നത്? അത് ഒഴിവാക്കിയാല്‍ എന്താണ് സംഭവിക്കുക?
36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും?
മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം.
ഒന്ന്, അതിനെ ഒരു പ്രശ്നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്സമനിയും.
രണ്ടാമതായി, പ്രശ്നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്നമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില് എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ.
“നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്നേഹം സഹനത്തെ അതിജീവിക്കുന്നു” (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം. എങ്കിലേ മുപ്പത്തിയാറുകാരന്റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, “ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്.” തിരുവചനം ഓര്‍മപ്പെടുത്തുന്നു, “തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും” (1 പത്രോസ് 5/10).
Shalom Tidings
പ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. വിസ്കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും പ്രാര്‍ത്ഥന അവരെ സഹായിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ കണ്ടെത്തിയത് വിശ്വാസത്തെ ഗൗരവമായി പരിഗണിക്കുകയും പതിവായി ദൈവാലയത്തില്‍ പോകുകയും ചെയ്യുന്നവരില്‍ വിഷാദരോഗം വരാനുള്ള സാധ്യത 90 ശതമാനവും ഇല്ലെന്നാണ്. "ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ഏത് മഹത്വത്തെയുംകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു" (പ്രഭാഷകന്‍ 40/27)
By: Shalom Tidings
Moreനവീകരണാനുഭവത്തില്‍ വന്ന ഒരു സഹോദരിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവിന്റെ സ്വരം ഇപ്രകാരം പറഞ്ഞു: "എന്റെ മകളേ, 17 വര്‍ഷം മുമ്പ് ഒരു ദിവസം നീ മൂന്നിടങ്ങഴി മാവ് കുഴച്ചുവച്ചില്ലേ? പിറ്റേ ദിവസം രാവിലെ കുഴച്ച മാവ് അപ്പമാക്കുന്നതിനുവേണ്ടി നീ ദോശക്കല്ലില്‍ ഒഴിച്ചപ്പോള്‍ അത് പെട്ടെന്ന് കരിഞ്ഞുപോയി. പല പ്രാവശ്യം നീയിങ്ങനെ ആവര്‍ത്തിച്ചെങ്കിലും അപ്പോഴെല്ലാം കരിഞ്ഞുപോയതുകൊണ്ട് പിറുപിറുപ്പോടെ നീ ബാക്കി പുളിമാവ് എടുത്തുകൊണ്ടുപോയി തെങ്ങിന്‍ചുവട്ടില്‍ മറിച്ചുകളഞ്ഞില്ലേ? അത് നന്മയ്ക്കുവേണ്ടിയായിരുന്നു എന്ന് നീ അറിഞ്ഞില്ല. നീ കുഴച്ചുവച്ച മാവില്‍ ആ രാത്രി എട്ടുകാലിവിഷം വീണിരുന്നു. അത് അപ്പമായി രൂപപ്പെട്ടിരുന്നുവെങ്കില്‍ നീയും നിന്റെ കുടുംബാംഗങ്ങളും അത് ഭക്ഷിക്കുകയും അതുവഴി രോഗങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്." ദൈവത്തിന്റെ ഈ സ്നേഹത്തെക്കുറിച്ച് കേട്ട നിമിഷംതന്നെ ആ സഹോദരിയുടെ കണ്ണുകള്‍ നിറഞ്ഞു. അവര്‍ കര്ത്താവിന് നന്ദി പറഞ്ഞു. ഒരുപക്ഷേ ഇവിടെ ഒരു സംശയം ഉയര്‍ന്നുവരാം. 'എങ്കില്‍പ്പിന്നെ ദൈവത്തിന് ആ പുളിമാവില് എട്ടുകാലിവിഷം വീഴാതെ നോക്കാമായിരുന്നില്ലേ' എന്ന്. അതിനുത്തരം ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യബുദ്ധിക്ക് മനസിലാക്കാന്‍ പ്രയാസമാണ് എന്നതാണ്. ഇത്തരത്തിലുള്ള അനേകം സംഭവങ്ങളിലൂടെ "ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8/28) എന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
By: Jose Kappen
Moreപത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ആദ്യമായി ഒരു ധ്യാനമൊക്കെ കൂടി നന്നായി പഠിക്കാനുള്ള ഒരുക്കങ്ങളൊക്കെ നടത്തി. പഠിക്കാന്‍ ഇഷ്ടക്കുറവ് ഇല്ലെങ്കിലും അല്പം വിരസതയോടെ കണ്ടിരുന്ന വിഷയങ്ങള്‍ ആയിരുന്നു കണക്കും ഇംഗ്ലീഷിന്റെ രണ്ടാം പേപ്പറും. അമ്മ ടീച്ചര്‍ ആയിരുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഞാന്‍ അസ്വസ്ഥത അനുഭവിച്ചത് ആ വര്‍ഷം ആയിരുന്നു. അമ്മയുടെ സഹപ്രവര്‍ത്തകര്‍ ചോദിക്കും മകള്‍ക്ക് എത്ര മാര്‍ക്ക് കിട്ടി എന്ന്. ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ടോട്ടല്‍ മാര്‍ക്കിനെ ബാധിക്കും എന്നതുതന്നെ ആയിരുന്നു പ്രശ്നം. പലപ്പോഴും അമ്മയുടെ ആകുലത വാക്കുകളില്‍ പ്രകടമായിരുന്നു. എന്നിട്ടും എന്തോ ആ വിരസതക്ക് മാറ്റം വന്നില്ല. ഒടുവില്‍ ആ കാത്തിരിപ്പിന്റെ അവസാന നാളുകളിലേക്ക്... പരീക്ഷക്കാലം. ഇതിനിടക്ക് എന്റെ നിസ്സഹായാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് അസാധ്യമായത് സാധിക്കുന്ന ഒരു വ്യക്തി ഉണ്ടെന്ന ബോധ്യവും കിട്ടി. ഒരു വെളുത്ത കടലാസില്‍ ഈശോക്ക് ഒരു കത്ത്. 'ഈശോയേ, ഈ പരീക്ഷയില്‍ എനിക്ക് 480 നും 540 നും ഇടയ്ക്കു മാര്‍ക്ക് തന്ന് അനുഗ്രഹിക്കണമേ. എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ.' നിഷ്കളങ്കമായ എന്റെ കത്ത് എല്ലാവരും കാണത്തക്കവിധം ഈശോയുടെ തിരുഹൃദയരൂപത്തിന്റെ ഒരു വശത്ത് ഒട്ടിച്ചു വച്ചു. പലരും വീട്ടില്‍ വന്നപ്പോള്‍ പലതരത്തില്‍ കമന്റുകള്‍ നല്കി. എന്റെ ആദ്യത്തെ ലവ് ലെറ്റര്‍ ആയതു കൊണ്ട് മാറ്റാന്‍ തയ്യാറായില്ല. പരിഹസിച്ചവരോട് ഞാനും തിരിച്ചടിച്ചു, "എനിക്ക് ഉറപ്പായും ഡിസ്റ്റിംഗ്ഷന്‍ ഈശോ തരും." തലേ രാത്രിയില്‍ ഒന്ന് കണ്ണടച്ചപ്പോള്‍... ആദ്യത്തെ കടമ്പ അരികിലെത്തി. ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷയുടെ തലേ രാത്രി. ഇംഗ്ലീഷ് പ്രോവെര്‍ബ് അഥവാ പഴഞ്ചൊല്ലിനെക്കുറിച്ചുള്ള വിവരണം പഠിക്കണം. ഞാന്‍ ഒരു പ്രോവെര്‍ബ് ബുക്ക് എടുത്തു മേശക്ക് മുകളില്‍ വച്ചു. അടുക്കളയില്‍ മിക്സിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അതിനിടക്ക് അമ്മയുടെ വാക്കുകള്‍, "ഏതെങ്കിലും ഒന്നുരണ്ട് പ്രോവെര്‍ബ് വായിച്ചു നോക്ക്. നാളെ എന്തെങ്കിലും എഴുതണ്ടേ?" ആ ചോദ്യം ഹൃദയത്തിലൂടെ ഒരു വാളായി തുളഞ്ഞു കയറി. രണ്ടും കല്പിച്ച് കണ്ണുകളടച്ച് പ്രോവെര്‍ബ് ബുക്ക് കയ്യിലെടുത്തു. "ഈശോയേ, നീ എന്നെ കൈവിടരുത്. രണ്ട് പ്രോവെര്‍ബ് ഞാന്‍ ഇപ്പോള്‍ പഠിക്കും. ഞാന്‍ ഏത് പഠിക്കണം എന്ന് പറഞ്ഞു തരാമോ?!" ആദ്യം കിട്ടിയത്: Necesstiy is the mother of invention. വീണ്ടും കണ്ണടച്ച് രണ്ടാമത് ഒരെണ്ണം എടുത്തു: Chartiy begins at home. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ആ രണ്ട് പ്രോവെര്ബുകള് പഠിച്ചു പിറ്റേന്ന് പരീക്ഷ ഹാളിലേക്ക് പതിവിലും ധൈര്യത്തോടെ കയറി. ചോദ്യപേപ്പര്‍ കിട്ടിയ ഉടനെ കണ്ണടച്ച് അതിനു മുകളില്‍ വിശുദ്ധ കുരിശിന്റെ അടയാളം വരച്ചു. ആദ്യം എടുത്ത് നോക്കിയത് ഏത് പ്രോവെര്‍ബ് ആണ് എന്നാണ്. എന്തിനെന്നറിയാതെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ചോദ്യം ഇങ്ങനെ: ഏതെങ്കിലും ഒരു പ്രോവെര്ബിനെക്കുറിച്ച് എഴുതുക. Necesstiy is the mother of invention or Chartiy begins at home. ഈശോയേ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ അന്ന് പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നു, "ഐ ലവ് യു ഈശോയേ..." എന്തായാലും ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ഇനി വരുന്നത് അടുത്ത കടമ്പയായ കണക്കുപരീക്ഷ. ഭൂഗോളത്തിന്റെ സ്പന്ദനം 'ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണ്'- നമ്മളെല്ലാവരും പലതവണ ഏറ്റു പറഞ്ഞ ഒരു സിനിമ ഡയലോഗ്. പക്ഷേ എനിക്കുപോലും അറിയാത്ത ഏതോ കാരണത്താല്‍ കണക്ക് പഠിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. പത്താം ക്ലാസ്സില്‍ ഇത് പറഞ്ഞിരുന്നിട്ട് കാര്യമില്ല. ആകെയുള്ള പ്രതീക്ഷ ഈശോയുടെ തിരുഹൃദയത്തില്‍ പോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന ലവ് ലെറ്ററില്‍ ആണ്. അമ്മയുടെ ചോദ്യം കേള്‍ക്കാം, "നീ എല്ലാ കണക്കും ചെയ്തുനോക്കിയോ? ലേബര്‍ ഇന്ത്യയിലെ ചോദ്യങ്ങള്‍ നോക്കിയോ?" കണക്കുപരീക്ഷയില്‍ അതുവരെ അന്‍പതില്‍ ഇരുപത്തിമൂന്ന് മാര്‍ക്ക് ആണ് ഞാന്‍ വാങ്ങിച്ചിട്ടുള്ളത്. അമ്മയുടെ നെഞ്ചിടിപ്പിന് ന്യായം ഉണ്ട്. ജ്യോമെട്രി പഠിക്കാന്‍ വല്ലാത്ത ക്ലേശം. സൈന്‍, കോസ്, ടാന്‍ എന്നൊക്കെ കേള്‍ക്കുന്നതേ എനിക്ക് ഭയമായിരുന്നു. മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ? എന്നെ സ്വയം ഞാന്‍ ആശ്വസിപ്പിച്ചിരുന്നത് അങ്ങനെയാണ്. കണക്കുപരീക്ഷക്ക് പരീക്ഷ ഹാളില്‍ കയറി. പതിവില്ലാത്ത ഒരു ചങ്കിടിപ്പ്. കൂടെയുള്ള ബുദ്ധിജീവികള്‍ അങ്ങോട്ടും ഇങ്ങോട്ടും സൂത്രവാക്യങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന നയന മനോഹരമായ കാഴ്ച. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. ബ്രാക്കറ്റില്‍നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക എന്നത് മുതല്‍ അവസാന ചോദ്യം വരെ ഓടിച്ചൊന്നു നോക്കി. ജ്യോമെട്രിയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഓരോ വട്ടം വരച്ചു മാര്‍ക്ക് ചെയ്തു. കാരണം അത് ചെയ്യാന്‍ എനിക്ക് അറിയില്ലല്ലോ. കുറെ ചോദ്യങ്ങള്‍ ഉണ്ട് അതില്‍ നിന്നും. പരീക്ഷ വിചാരിച്ചതിലും വേഗം തീരും എന്ന സത്യം ഞാന്‍ മനസ്സിലാക്കി. സന്തോഷത്തോടെ ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഏറെക്കുറെ അതില്‍ വിജയിച്ചു. പിന്നെ സമയം തീരാതെയുള്ള കാത്തിരിപ്പ്. പരീക്ഷാസമയം തീര്‍ക്കാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് തല പുകഞ്ഞു ആലോചിക്കുന്ന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയം മാറാന്‍ വേണ്ടി ഒരു സിസ്റ്റര്‍ ക്ലാസ് എടുക്കാന്‍ വന്നത് ഓര്‍മയില്‍ വന്നു. സിസ്റ്റര്‍ പരീക്ഷയെഴുതുമ്പോള്‍ പേനക്ക് മുകളില്‍ ഈശോയുടെ ഒരു കാശുരൂപം ഒട്ടിച്ചു വയ്ക്കുമായിരുന്നുവെന്നാണ് പങ്കുവച്ചത്. പേന പിടിച്ചെഴുതുതുമ്പോള് ഈശോയെ പിടിച്ച് എഴുതും. അങ്ങനെ പല പരീക്ഷകളിലും വലിയ വിജയം ലഭിച്ചു എന്ന്. ഇതൊക്കെ സത്യമാവുമോ? എന്റെ ബുദ്ധിയില്ലാത്ത തല ഉണര്‍ന്നെഴുന്നേറ്റു ചിന്തയിലാണ്ടു. കഴുത്തില്‍ കിടക്കുന്ന ജപമാല ഓര്‍മയില്‍ വന്നു. അത് പതുക്കെ ഊരി എടുത്തു. പേനയിലേക്ക് കുരിശു രൂപം തട്ടും വിധം ജപമാല കയ്യില്‍ പിടിച്ചു. പരിശുദ്ധാത്മാവ് സഹായകന് ആണെന്നും പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്ന് വരുമെന്നും സിസ്റ്റര്‍ പറഞ്ഞു തന്നിരുന്നു. എന്തായാലും ഞാന്‍ ഈ പറഞ്ഞ വ്യക്തിയെ കണ്ടിട്ടില്ല. ഒന്ന് കണ്ടേക്കാം എന്ന് കരുതി മനസ്സില്‍ പ്രാര്‍ത്ഥിച്ചു. "'പരിശുദ്ധാത്മാവേ വരണമേ ... പരിശുദ്ധാത്മാവേ വരണമേ ... എന്നെ സഹായിക്കണമേ" ആരും വന്നതായി ഞാന്‍ കണ്ടില്ല. പക്ഷേ ചോദ്യപേപ്പറില്‍ ഞാന്‍ വട്ടം വരച്ചു വച്ചിരിക്കുന്ന ചോദ്യങ്ങള്‍ എഴുതാന്‍ ആരോ എന്നെ പ്രേരിപ്പിക്കുന്നു എന്ന് തോന്നി. പ്രേരണ ഉണ്ടായിട്ട് എന്ത് കാര്യം. സൂത്രവാക്യങ്ങള്‍ എനിക്ക് അറിയില്ലല്ലോ. ആരോ എന്റെ പേന പിടിച്ചു എഴുതിക്കുന്ന പോലെ... അങ്ങനെ എഴുതേണ്ടെന്നു തീരുമാനിച്ചുറച്ച എല്ലാ ചോദ്യങ്ങളും എന്റെ ബുദ്ധിയും കഴിവും ഇല്ലാതെ ഉത്തരക്കടലാസില്‍ എന്റെ കൈകളിലൂടെ പകര്‍ത്തപ്പെടുന്നത് ഞാന്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഇനിയാണ് ക്ലൈമാക്സ്. പരീക്ഷാഫലം വന്നു. കണക്കിന്റെ ഒന്നാം പേപ്പറില്‍ 44/50; ജ്യോമെട്രി ഉള്ള രണ്ടാം പേപ്പറില്‍ 46/50 അങ്ങനെ ആകെ കണക്കില്‍ മാര്‍ക്ക് - 90/100!! എന്തായാലും ലവ് ലെറ്റര്‍ ഈശോ സ്വീകരിക്കുകയായിരുന്നു, മൊത്തം 502/600 മാര്‍ക്ക് കിട്ടി. 'നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും (ഏശയ്യാ 41/13). ഈശോയേ, വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, ഐ ലവ് യു! ډ
By: Ann Maria Christeena
Moreനമുക്കെല്ലാവര്‍ക്കും ഒരു ഭൂതകാലമുണ്ട്. ഒരുപക്ഷേ, സന്തോഷത്തിന്റേതാകാം, സങ്കടത്തിന്റേതാകാം, ദുരിതങ്ങളുടെയും വേദനകളുടെയും പാപഭാരങ്ങളുടെയും ഒക്കെ ആകാം. പക്ഷേ ഭൂതകാലത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും മുമ്പോട്ട് പോകാനാവില്ല. 30 വര്‍ഷക്കാലം മനിക്കേയന്‍ പാഷണ്ഡതയില്‍ ജീവിച്ച്, ജീവിതത്തിന്റെ സര്‍വ്വസുഖങ്ങളും അനുഭവിച്ച വിശുദ്ധ അഗസ്റ്റിന്റെ ജീവിത കഥയിലൂടെ എല്ലാ പാപിക്കും ഒരു ഭാവിയുണ്ടെന്ന് നാം മനസ്സിലാക്കുന്നുണ്ട്. ഫിലിപ്പി ലേഖനം 3: 12 -14 വാക്യങ്ങളില്‍ പറയുന്നു: "ഇത് എനിക്ക് കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല; ഇത് സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്; യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു. സഹോദരരേ, ഞാന്‍തന്നെ ഇനിയും ഇത് സ്വന്തമാക്കിയെന്ന് കരുതുന്നില്ല. എന്നാല്‍, ഒരു കാര്യം ഞാന്‍ ചെയ്യുന്നു. എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു." വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകളുടെ പശ്ചാത്തലം മനസിലാക്കണം. വളരെ മോശമായ ഒരു ഭൂതകാലമുണ്ടായിരുന്നു സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസിന്. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിലും വധിക്കുന്നതിലും അവന് വളരെ ആനന്ദിച്ചിരുന്നു. വിശുദ്ധ സ്തേഫാനോസിനെ കല്ലെറിയുമ്പോള്‍ സാവൂള്‍ അവിടെ നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ സാവൂളിനെ ക്രിസ്തു എങ്ങനെയാണ് സ്വന്തമാക്കിയതെന്ന് അപ്പസ്തോലപ്രവര്‍ത്തനം 9-ാം അധ്യായത്തില്‍ കാണാം. കുതിരപ്പുറത്ത് നിന്ന് താഴെ വീണതും അന്ധനായി മാറിയതും നീ പീഡിപ്പിക്കുന്ന ക്രിസ്തുവാണ് ഞാന്‍ എന്ന സ്വരം കേട്ടതും നാം അവിടെ വായിക്കുന്നു. സാവൂള്‍ അനനിയാസിന്റെ അടുക്കല്‍ ചെല്ലുന്നതിനെക്കുറിച്ച് പറയുമ്പോഴും "അവന് സഭയെ പീഡിപ്പിക്കുന്നവനാണ്" എന്നാണ് അനനിയാസും പ്രതികരിച്ചത്. എന്നാല്‍ ഈശോ സ്വന്തമാക്കി സാവൂളിനെ പൗലോസാക്കി മാറ്റി എന്ന് മാത്രമല്ല വിജാതീയരുടെ അപ്പസ്തോലനായും രക്തസാക്ഷിയായും വിശുദ്ധ പൗലോസ് മാറി. പൗലോസ് പ്രസംഗിച്ചപ്പോഴൊക്കെ തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിന് തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടാകും. പക്ഷേ അദ്ദേഹം പറഞ്ഞു. എന്റെ പിമ്പിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു എന്ന്. എന്നാല്‍ സംഭവിച്ചവയെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിച്ചിരുന്നെങ്കില്‍ സാവൂള്‍ എന്ന പീഡകന് ഒരിക്കലും ഒരു വിശുദ്ധ പൗലോസ് ആകുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ നാളുകളിലെ കുറവുകളും പോരായ്മകളും നഷ്ടങ്ങളും പാപത്തിന്റെ കുറവുകളും മനസ്സിലും ഓര്‍മ്മയിലും സൂക്ഷിച്ച് ഇനി എന്റെ ജീവിതത്തില്‍ എല്ലാ നന്മയും അന്യമാണ് എന്ന ചിന്തയും നമ്മിലേക്ക് കടന്നുവരാം. എന്നാല്‍ ഏശയ്യാ 43:18-19 ല്‍ ദൈവമായ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: "കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ; ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും". നമ്മുടെ ജീവിതത്തിന്റെ കുറവുകളും തെറ്റുകളും നാം അവിടുത്തോട് ഏറ്റുപറയുമ്പോള്‍ അവിടുന്ന് അത് നിരുപാധികം ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നുണ്ട്. ജറെമിയാ 31:34-ല്‍ നാം വായിക്കുന്നു: "അവരുടെ അകൃത്യത്തിന് ഞാന്‍ മാപ്പു നല്‍കും; അവരുടെ പാപം മനസ്സില്‍ വയ്ക്കുകയില്ല." ദൈവം നമ്മുടെ പാപം മറക്കുന്നു; പൊറുക്കുന്നു. മനസ്സില്‍ വയ്ക്കുന്നുമില്ല. ദൈവം അരുളിചെയ്തു: "നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല". ദൈവം ഒന്നും ഓര്‍ക്കുന്നില്ല. ദൈവം നമ്മുടെ പാപങ്ങള്‍ക്കൊത്തവിധം നമ്മോട് പെരുമാറുന്നുമില്ല. "നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്ന് നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്ത് നമ്മോട് പകരം ചെയ്യുന്നില്ല" (സങ്കീര്‍ത്തനങ്ങള്‍ 103:10). കഴിഞ്ഞതൊന്നും മറക്കാന്‍ പാടില്ല, പൊറുക്കാന്‍ പാടില്ല എന്നുള്ളത് ദൈവികമായ ചിന്തയല്ല, മറിച്ച് പിശാചിന്റെ വലിയ തന്ത്രമാണ്. പത്രോസ് മൂന്നു പ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞവനാണ്. എല്ലാവരും ഈശോയ്ക്ക് എന്ത് സംഭവിക്കുന്നു എന്ന് ആകാംക്ഷയോടെ കാത്തിരുന്നപ്പോള്‍, ശരീരത്തിന്റെ കുളിര് മാറ്റുവാന്‍ തീ കാഞ്ഞവനാണ്. എല്ലാവര്ക്കും നേതൃത്വം കൊടുക്കേണ്ടവന് എല്ലാവരുടെയും മുമ്പേ മീന്‍ പിടിക്കാന്‍ പോയി. പക്ഷേ അതേ പത്രോസിനെത്തന്നെയാണ് ഈശോ തിരിച്ച് വിളിച്ചതും ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തതും. സകലതും നഷ്ടപ്പെടുത്തിയ ധൂര്‍ത്തപുത്രനെ ആയിരിക്കുന്നപോലെ ആശ്ലേഷിക്കുന്ന പിതാവും നല്കുന്ന സന്ദേശം മറ്റൊന്നല്ല. കര്‍ത്താവ് ലോത്തിനോടും ഭാര്യയോടും പറഞ്ഞു: "ജീവന് വേണമെങ്കില്‍ ഓടിപ്പോവുക, പിന്തിരിഞ്ഞ് നോക്കരുത്" (ഉല്പത്തി 19:17) പക്ഷേ ലോത്തിന്റെ ഭാര്യ കര്‍ത്താവ് പറഞ്ഞത് കേള്‍ക്കാതെ പിന്നിലേക്ക് നോക്കിയതായും ഉപ്പുതൂണായി മാറിയതായും ബൈബിളില്‍ നാം വായിക്കുന്നുണ്ട് (ഉല്പത്തി 19:26). അതുകൊണ്ട് ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: ദൈവം ആഗ്രഹിക്കാത്തത് നാം ആഗ്രഹിക്കരുത്. ദൈവം മറക്കുന്നത് നാം മറക്കാതിരിക്കരുത്; ദൈവം പൊറുക്കുന്നത് നാം പൊറുക്കാതിരിക്കരുത്. When we look forward, beautiful things will happen in our life. വി. പൗലോസ് ശ്ലീഹാ ഏറ്റുപറഞ്ഞതുപോലെ ചിലപ്പോള്‍ നാം ഇങ്ങനെ പറയേണ്ടിവരും: 'ഒരിക്കല്‍ ഞാനും ഈശോ യെ വേദനിപ്പിച്ചിട്ടുണ്ട്, സന്മാതൃക നല്കാതിരുന്നിട്ടുണ്ട്, എന്നിലൂടെ അനേകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ട്.' എന്നിരുന്നാലും അതിന്റെ പേരില്‍ ഇനി ഒരു നന്മയും എന്നില്‍ നിന്ന് ഉണ്ടാകില്ല എന്ന് ചിന്തിക്കുവാന്‍ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. വിശ്വാസത്തിലും വിശുദ്ധിയിലും കൂടുതല്‍ വിശ്വസ്തതയോടെ ജീവിച്ച് ഈശോയ്ക്ക് സാക്ഷ്യം നല്കണമെന്നല്ലാതെ മറ്റൊരു ചിന്തയും നമ്മുടെ മനസ്സിലും ചിന്തയിലും ഉണ്ടാകാതിരിക്കട്ടെ. അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും നോമ്പുകാലം ജീവിത നവീകരണത്തിന് കാരണമാകട്ടെ.
By: Fr. Benny Mundanattu
Moreവീട്ടില്‍ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഭക്ഷണം തയാറാക്കുക എന്നത് അല്പം ശ്രമകരമായ ജോലിയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പാചകത്തിലുള്ള എന്റെ കഴിവുകുറവാണ് കാരണമെന്ന് പറയാം. അങ്ങനെയിരിക്കേയാണ് വീട്ടില്‍ അമ്മയുടെ അസാന്നിധ്യത്തില്‍ അടുക്കളച്ചുമതല ഏറ്റെടുക്കേണ്ടിവന്നത്. ഭര്‍ത്താവിനും മക്കള്‍ക്കുമുള്‍പ്പെടെ കുടുംബാംഗങ്ങള്ക്കെല്ലാമുള്ള ഭക്ഷണം തയാറാക്കുന്നതില്‍ ഒരു സഹായിമാത്രമായിരുന്നു അതുവരെയും ഞാന്‍. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് പരിശുദ്ധാത്മാവിനോട് കൂടുതലായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചതും. രാവിലെ ഉണര്‍ന്നാലുടനെ അല്പസമയം പരിശുദ്ധാത്മാവേ എന്നില്‍ നിറയണമേ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കും. ദിവസത്തില്‍ പല തവണ പരിശുദ്ധാത്മാവിനെ വിളിക്കും, സഹായം ചോദിക്കും. ആദ്യമാദ്യം ആത്മീയകാര്യങ്ങളിലാണ് കൂടുതല്‍ സഹായം ചോദിച്ചിരുന്നതെങ്കില്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിനെ കൂട്ടുവിളിക്കാന് തുടങ്ങി. അങ്ങനെയൊരു പ്രഭാതം. പ്രാതലിന് എന്തുണ്ടാക്കുമെന്ന് തീരുമാനിക്കാനാവുന്നില്ല. സമയത്തിന് പണികള്‍ തീര്‍ക്കാന്‍ നല്ലത് പുട്ട് ഉണ്ടാക്കുകയാണ് എന്ന് തോന്നി. പക്ഷേ പരിശുദ്ധാത്മാവിനോട് ചോദിച്ചിട്ടാവാം തീരുമാനം എന്ന് പെട്ടെന്ന് മനസില്‍ ഒരു ചിന്ത. അപ്രകാരം ചെയ്തപ്പോഴാകട്ടെ ഒരു 'കിടിലന്‍ ആശയ'മാണ് കിട്ടിയത്, 'ഇടിയപ്പം ഉണ്ടാക്കുക!' 'കിടിലന്‍ ആശയം' എന്ന് പറയാന്‍ കാരണമുണ്ട്. ഇടിയപ്പം ഉണ്ടാക്കാന്‍ കൂടുതല്‍ സമയം വേണം, രുചികരമാകണമെങ്കില്‍ അല്പം നൈപുണ്യവും വേണമെന്നാണ് എന്റെ അനുഭവം. ഇതൊക്കെ ഓര്‍ത്തപ്പോള്‍ പരിശുദ്ധാത്മാവിനോട് 'അതെ' എന്ന് ഉത്തരം പറയാന്‍ വിഷമമായിരുന്നു. എങ്കിലും അത് ചെയ്യാന്‍തന്നെ തീരുമാനിച്ചു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. പണികളെല്ലാം സമയത്ത് തീര്‍ന്നു. പക്ഷേ ഞാനും ജോലിക്ക് പോകാനുള്ള തിരക്കിലായിരുന്നതിനാല്‍ ഇടിയപ്പം കഴിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കിട്ടിയത് മറ്റൊരു സന്തോഷം! കൂടുതല്‍ ഇടിയപ്പം ഉണ്ടാക്കിയിരുന്നെങ്കിലും മക്കള്‍ക്ക് വളരെ ഇഷ്ടപ്പെട്ടതിനാല് എല്ലാം തീര്‍ന്നു. ഭര്‍ത്താവിനോട് കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹവും ഉവ്വ് എന്ന് പറഞ്ഞു. സാധാരണയായി ഞാനുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ അധികവും ആസ്വദിച്ച് കഴിക്കാന്‍ അദ്ദേഹത്തിന് സാധിക്കാറില്ല എന്നെനിക്കറിയാം. അതിനാല്‍ത്തന്നെ അദ്ദേഹം അത് കൂടുതല്‍ കഴിച്ചു എന്നതിന്റെ കാരണം എനിക്ക് ഊഹിക്കാമായിരുന്നു. എങ്കിലും അത് കേള്‍ക്കാനുള്ള ആഗ്രഹംകൊണ്ട് ചോദിച്ചു, "ഇടിയപ്പം നല്ലതായിരുന്നല്ലേ?" "അതെ, നല്ല രുചിയുണ്ടായിരുന്നു!" അദ്ദേഹത്തിന്റെ മറുപടി. സത്യത്തില്‍ പരിശുദ്ധാത്മാവിനോടുള്ള എന്റെ അടുപ്പം വര്‍ധിപ്പിച്ച സംഭവമായിരുന്നു അത്. യോഹന്നാന് 14:26- "എന്റെ നാമത്തില്‍ പിതാവ് അയക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും." ഈ വചനത്തില്‍ ഈശോ പരിചയപ്പെടുത്തുന്ന സഹായകനായ പരിശുദ്ധാത്മാവിനെ ഞാന്‍ അടുത്തനുഭവിച്ചത് അന്ന് അടുക്കളയില്വച്ചായിരുന്നു.
By: Christy Jose
Moreഞങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയുടെ സമയം. ഞാന്‍ ശാലോം നൈറ്റ് വിജിലിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം ചോദിച്ചു. 2014 ഒക്ടോബര്മാസമായിരുന്നു അത്. അതിനുശേഷം ജീവിതത്തില്‍ ദൈവത്തിന്റെ വലിയ ഇടപെടലാണ് ഉണ്ടായത്. ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചു. നന്ദിസൂചകമായി ശാലോം ടൈംസ് മാസിക വാങ്ങി വിതരണം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഭര്‍ത്താവും ഞാനുംകൂടി ഇക്കാര്യം ആലോചിച്ചപ്പോള്‍ അഞ്ച് മാസിക വാങ്ങി വിതരണം ചെയ്യാമെന്നാണ് തീരുമാനമെടുത്തത്. അതിന്റെ കാര്യങ്ങള്‍ ക്രമീകരിക്കാനായി വീണ്ടും ശാലോമിലേക്ക് വിളിച്ചപ്പോഴാണ് ഓഫീസില്‍നിന്ന് പറയുന്നത്. പത്ത് ശാലോം ടൈംസ് വാങ്ങിയാല്‍ അത് ഒരു ഏജന്‍സിയാകും എന്ന്. അതിനാല്‍ ഞങ്ങള്‍ പത്ത് മാസിക വാങ്ങാന്‍ തീരുമാനിച്ചു. അപ്രകാരം ശാലോം ടൈംസിന്റെ ഏജന്റായതുമുതല് ജീവിതത്തിലെ നിരവധി കാര്യങ്ങളില്‍ കര്‍ത്താവിന്റെ ദൃശ്യവും അദൃശ്യവുമായ ഇടപെടല്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ ജോലിയില്‍, കുഞ്ഞുങ്ങളുടെ പഠനത്തില്‍, ആരോഗ്യത്തില്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അവിടുത്തെ വ്യക്തമായ ഇടപെടല്‍ കാണാമായിരുന്നു. അതുകണ്ട് പലരും കൂടുതല്‍ വിശ്വാസത്തിലേക്ക് വന്നു. മാസിക വിതരണം ചെയ്യാന്‍ തുടങ്ങിയ സമയത്ത് എന്റെ ഇളയ മകന് എട്ട് മാസമായിരുന്നു പ്രായം. മാസിക കൊടുക്കാന്‍ പോകുമ്പോള്‍ അവനെയും തോളത്തെടുത്താണ് പോകുക. പലരും ഇത് കണ്ട് കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തു. പക്ഷേ, വിതരണം ചെയ്തുതുടങ്ങിയതുമുതല്‍ ഇന്നോളം കര്‍ത്താവിന്റെ വചനം കൈയിലേന്തി പോകുമ്പോള്‍ സന്തോഷത്തോടെ എനിക്ക് അവിടുത്തെ ശുശ്രൂഷ ചെയ്യാനുള്ള കൃപ അവിടുന്ന് തന്നിട്ടുണ്ട്. സങ്കീര്‍ത്തനങ്ങള്‍ 100:2 - "സന്തോഷത്തോടെ കര്ത്താവിന് ശുശ്രൂഷ ചെയ്യുവിന്‍." ഈ വചനം നിറവേറ്റാനുള്ള കൃപ അവിടുന്നുതന്നെ നല്കുന്നു. മാത്രവുമല്ല, എന്റെ അനുഭവത്തില്‍ ശാലോം മാസിക വേണമോ എന്ന് വളരെക്കുറച്ച് പേരോടുമാത്രമേ ചോദിക്കേണ്ടിവന്നിട്ടുള്ളൂ. എന്നിലൂടെ വചനം സ്വീകരിക്കേണ്ടവരെ ഈശോ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതായാണ് കൂടുതലും കണ്ടിട്ടുള്ളത്. "എല്ലാവര്ക്കും എല്ലാ ഭൂഖണ്ഡങ്ങളിലും പോയി സുവിശേഷം പ്രഘോഷിക്കുക സാധ്യമല്ല. ഓരോരുത്തരും തങ്ങള്‍ ആയിരിക്കുന്ന ചുറ്റുപാടുകളില്‍ സുവിശേഷത്തിന്റെ ചെറു കൈത്തിരി കൊളുത്തുക." ഈ ചിന്ത എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതിനാല്‍ സുവിശേഷപ്രഘോഷണത്തില്‍ എന്റെ പങ്കെന്ന നിലയില്‍ അനേകരോട് ശാലോം ടെലിവിഷനെ പ്രാര്‍ത്ഥനയിലൂടെയും പങ്കുവയ്ക്കലിലൂടെയും താങ്ങിനിര്‍ത്തുന്ന ശാലോം പീസ് ഫെലോഷിപ്പിനെക്കുറിച്ച് പറയും, അംഗങ്ങളാകാന്‍ പ്രേരിപ്പിക്കും. കൂടാതെ എന്നോട് പ്രാര്‍ത്ഥന ചോദിച്ചിട്ടുള്ളവരെയും വരിക്കാരെയുമെല്ലാം നൈറ്റ് വിജിലില്‍ പങ്കെടുക്കാന്‍ ഓര്‍മ്മിപ്പിക്കും. അവരുടെ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ശാലോമില്‍ അറിയിക്കും. ഇപ്രകാരം മുന്നോട്ടുപോകുമ്പോള്‍ പ്രതിസന്ധികളുണ്ടെങ്കിലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്നു. എന്നാല്‍ ദൈവഹിതമനുസരിച്ച് ചില പ്രതിസന്ധികള്‍ അത്ഭുതകരമായി നീങ്ങുന്നതിനും ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഒരിക്കല്‍ സന്ധികള്‍ക്കും തോളിനുമെല്ലാം മാറിമാറി വേദന വരാന്‍ തുടങ്ങി. വേദനസംഹാരികള്‍ ഉപയോഗിച്ചിട്ടുപോലും വേദനയ്ക്ക് ഒരു ശമനവുമില്ല. ഉറങ്ങാന്‍പോലും സാധിക്കാതെയായി. അക്കാലമായപ്പോഴേക്കും ശാലോം ടൈംസിന്റെമാത്രമല്ല സണ്‍ഡേ ശാലോമിന്റെയും ഏജന്റായി മാറിയിരുന്നു ഞാന്‍. എന്നാല്‍ അപ്പോഴത്തെ അവസ്ഥയില്‍ അതൊന്നും വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല. വിതരണം ചെയ്യാനുളള ഈ പ്രസിദ്ധീകരണങ്ങളുടെ കെട്ടുകള്‍ എടുത്തുവച്ച് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തില്‍ ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, "ഈശോയേ, അങ്ങാണ് ഇത് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നും ഞാനിത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കില്‍ എനിക്ക് സൗഖ്യം തരണമേ." അതിനുശേഷം അവിടുന്ന് അത്ഭുതകരമായി എന്നെ സൗഖ്യപ്പെടുത്തി. ഞാന്‍ ഒരു ഉപകരണമായി നിന്നുകൊടുക്കുമ്പോള്‍ അവിടുന്ന് എന്നെ ഉപയോഗിക്കുന്നു. അനുദിനം ദിവ്യബലി അര്‍പ്പിക്കാനും അവിടുന്ന് കൃപ തരുന്നു. ഓരോ ദിവസവും വിശുദ്ധ ബലിയില്‍ ഞാനിങ്ങനെ പ്രാര്‍ത്ഥിക്കും, "ഈശോയേ, ഇന്ന് അങ്ങയെപ്പറ്റി ഒരു വ്യക്തിയോടെങ്കിലും പറയാനും എന്റെ ഉള്ളിലുള്ള ഈശോയെ ഒരാള്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കാനും കൃപ തരണേ." ഈ പ്രാര്‍ത്ഥന അനുദിനം എന്റെ ജീവിതത്തില്‍ നിറവേറുന്നുണ്ട്. അതോര്‍ത്ത് എനിക്ക് വളരെ സന്തോഷമാണ്. ഈ ശുശ്രൂഷയില്‍ ഭര്‍ത്താവും മൂന്ന് മക്കളും എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒന്നിച്ചാണ് ശാലോം പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുന്നത്. അവിടുന്ന് ഞങ്ങളെ നടത്തുന്ന വഴികളോര്‍ത്ത് നന്ദി പറഞ്ഞാല്‍ തീരുകയില്ല. "കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്ത് പകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും" സങ്കീര്‍ത്തനങ്ങള്‍ 116:12-13).
By: Seema Johnson Thodupuzha
Moreഒരിക്കല്‍ ഒരു കൊച്ചുപുസ്തകം എന്റെ കൈയില്‍ കിട്ടി. 'ലവീത്ത' എന്നായിരുന്നു ആ പ്രാര്‍ത്ഥനാപുസ്തകത്തിന്റെ പേര്. കിട്ടിയ ഉടനെ മറിച്ചുപോലും നോക്കാതെ ഞാന്‍ അത് എന്റെ എണ്‍പത്തിനാലുകാരിയായ അമ്മയെ ഏല്‍പ്പിച്ചു. അമ്മയ്ക്ക് ഏത് പ്രാര്‍ത്ഥന കിട്ടിയാലും വായിക്കാന്‍ വലിയ ഇഷ്ടമാണ് എന്നതായിരുന്നു പ്രധാന കാരണം. എന്നാല്‍ അതുമാത്രമാണ് കാരണം എന്ന് പറയാനാവില്ല. 'ഇതൊന്നും എനിക്ക് അത്ര പറ്റിയതല്ല, അമ്മയ്ക്കാണ് കൂടുതല്‍ ഇണങ്ങുക' എന്ന ഒരു ചിന്തയുമുണ്ടായിരുന്നു എന്റെയുള്ളില്‍. കുറെ മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം പതിവുപോലെ ഞാന്‍ കമ്പ്യൂട്ടറില്‍ എന്റെ ഓണ്‍ലൈന്‍ ജോലിയില്‍ മുഴുകിയിരിക്കുമ്പോള്‍ അമ്മ വന്ന് ആ ചെറിയ പുസ്തകം എന്റെ നേര്‍ക്കു നീട്ടി 'ലവീത്ത പ്രാര്‍ത്ഥനയാ' എന്ന് പറഞ്ഞു. ആദ്യം എനിക്ക് മനസിലായില്ല. കയ്യില്‍ വാങ്ങി നോക്കിയപ്പോഴാണ് ഓര്‍മ്മ വന്നത്. കിട്ടിയ ഉടനെ വായിച്ചുപോലും നോക്കാതെ അമ്മയെ ഏല്‍പ്പിച്ച പുസ്തകമാണല്ലോ എന്ന്. ആ ഒരു ഖേദത്തോടെ ഞാന്‍ അത് മുഴുവന്‍ വായിച്ചു. ചെറിയ പുസ്തകമാണെങ്കിലും അത് വളരെ നല്ലതായി തോന്നി. പല ദിവസങ്ങളിലായി രണ്ടോ മൂന്നോ പ്രാവശ്യം ഞാന്‍ അത് ആവര്‍ത്തിച്ച് വായിച്ചു. അപ്പോഴാണ് അതിന്റെ തുടക്കത്തില്‍ നല്‍കിയിരുന്ന പരിശുദ്ധാത്മാവിനോടുള്ള ജപം എന്നെ ആകര്‍ഷിച്ചത്. പിന്നെ അത് മാത്രമായി പലപ്പോഴും ചൊല്ലാന്‍ തുടങ്ങി, അല്ല നോക്കി വായിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും. ഒടുവില്‍ അത് കാണാതെ പഠിച്ചു. ദിവസത്തില്‍ പല തവണ ആ പ്രാര്‍ത്ഥന ചൊല്ലുന്നത് ഒരു ശീലവുമായി. അതിലെ ഓരോ വാക്കുകളിലും വരികളിലും എന്തുമാത്രം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് പതിയെ വെളിപ്പെട്ടുതുടങ്ങി. പരിശുദ്ധാത്മാവേ, എഴുന്നള്ളി വരിക. മാമ്മോദീസായിലൂടെ നല്കപ്പെട്ട പരിശുദ്ധാത്മാവിനെ നമ്മള് പാപം ചെയ്ത് അകറ്റി നിര്‍ത്തുകയാണ് പലപ്പോഴും. അപ്പോള്‍ ആ പരിശുദ്ധാത്മാവ് നമ്മിലേക്ക് തിരിച്ചുവന്നു നമ്മുടെ ഹൃദയത്തില്‍ വാസമാക്കുവാന്‍ പശ്ചാത്താപത്തോടെ കരഞ്ഞു വിളിക്കേണ്ടി വരുന്നു. അങ്ങേ വെളിവിന്റെ കതിരുകളെ സ്വര്‍ഗ്ഗത്തില്‍നിന്നും അയയ്ക്കണമേ. വെളിവ് എന്നത് ജ്ഞാനം അഥവാ നന്മ തിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ആണ്. കതിരുകള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വീണ്ടും ഞാന്‍ ധ്യാനിച്ചു. ധാന്യങ്ങളാണല്ലോ കതിരുകളായി വിളയുന്നത്. അതുപോലെ ജ്ഞാനം നമ്മില്‍ കതിരാകുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. കതിരുകള്‍ക്കു രശ്മികള്‍ എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. അപ്പോള്‍ വെളിവ് എന്നത് പ്രകാശവും ആകുന്നു. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളി വരിക. ഒരു അഗതിയെപ്പോലെ അവിടുന്നില്‍ ആശ്രയിക്കുന്ന നമ്മുടെ ഓരോ തലമുടിനാരുപോലും എണ്ണി സൂക്ഷിക്കുന്ന, കണ്ണുനീരുകളെ കുപ്പിയില്‍ സൂക്ഷിക്കുന്ന ഒരു പിതാവായ ദൈവം നമുക്കുണ്ട് എന്ന ആശ്വാസം ഈ വരികളിലൂടെ ലഭിക്കുന്നു. ഹൃദയത്തിലെ അന്ധകാരത്തെ നീക്കി പ്രകാശമായി എത്തുന്ന പരിശുദ്ധാത്മാവ് നല്കുന്ന ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നീ ദാനങ്ങള്‍ ധാരാളമായി വര്‍ഷിക്കപ്പെടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നു. എത്രയും നന്നായി ആശ്വസിപ്പിക്കുന്നവനേ... ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. വിണ്ടുണങ്ങിയ ഹൃദയത്തിലേക്ക് ആശ്വാസത്തിന്റെ മഴത്തുള്ളികളായി പെയ്തിറങ്ങുന്ന പരിശുദ്ധാത്മാവ് ആശ്വാസദായകനാണ്. ആത്മാവിന് മാധുരമായ വിരുന്നേ... നമുക്ക് വളരെ ഇഷ്ട്ടപ്പെട്ടവര്‍ വീട്ടില്‍ വിരുന്ന് വരുന്നത് വളരെ സന്തോഷപ്രദമാണ്. അതുപോലെ തന്നെയാണ് നമ്മുടെ ആത്മാവിന് വിരുന്നായി എത്തുന്ന പരിശുദ്ധാത്മാവ്. അത് മധുരതരമായ മുഹൂര്‍ത്തം തന്നെയാണ്. മധുരമായ തണുപ്പേ, കരച്ചിലില്‍ സ്വൈരമേ, എഴുന്നള്ളി വരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ, അങ്ങേ വെളിവു കൂടാതെ മനുഷ്യരില്‍ പാപമല്ലാതെ യാതൊന്നുമില്ല. ദൈവമേ അങ്ങേ വെളിവ് കൂടാതെയുള്ള അവസ്ഥകളില്‍ ഞങ്ങള്‍ മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയിലേക്ക് അധഃപതിക്കുന്നു. എങ്കിലും പാപികളോടുള്ള കരുണാര്‍ദ്രമായ സ്നേഹത്താല്‍ അവിടുന്ന് ഞങ്ങളെ വീണ്ടെടുക്കുന്നു. അങ്ങയുടെ തിരുക്കുമാരന് കാല്‍വരിയില്‍ ചിന്തിയ രക്തത്തിന്റെ യോഗ്യതയാല്‍ അങ്ങേ പരിശുദ്ധാത്മാവിനെ നല്കുന്നു. അങ്ങേയ്ക്ക് നന്ദിയും സ്തോത്രവും... അറപ്പുള്ളതു കഴുകുക വിശുദ്ധ മദര്‍ തെരേസ കൊല്‍ക്കത്തയിലെ തെരുവോരങ്ങളില്‍ കുഷ്ഠരോഗികളെ വാരിയെടുക്കുകയും അവരുടെ അറപ്പ് തോന്നിക്കുന്ന ശരീരഭാഗങ്ങള്‍ കഴുകി തുടച്ച് മരുന്ന് വച്ച് കെട്ടി ശുശ്രൂഷിക്കുകയും ചെയ്തിരുന്നല്ലോ. അറപ്പുള്ളത് കഴുകുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ വലിയ ദൃഷ്ടാന്തമായി അത് എനിക്ക് തോന്നി. വാടിപ്പോയതു നനയ്ക്കുക. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോഴാണല്ലോ വാടിപ്പോകുന്നത്. മനുഷ്യരായ നമ്മളും ജീവിതത്തിന്റെ പല ദുര്‍ഘട നിമിഷങ്ങളിലും തളരുകയും വാടിപ്പോകുകയും ചെയ്യാറുണ്ട്. അവിടെ ജീവന്റെ ജലം നമുക്ക് പുത്തന്‍ ഉണര്‍വ് നല്കുന്നു. മുറിവേറ്റിരിക്കുന്നതു പൊറുപ്പിക്കുക. രോഗികളെ സുഖപ്പെടുത്തുക. മുറിവുകള്‍ ശരീരത്തിലും മനസിലും ആത്മാവിലും ഉണ്ടാകാം. ശരീരത്തിന്റെയും മനസിന്റെയും ആത്മാവിന്റെയും മുറിവുണക്കാന്‍ ശക്തിയുള്ള ഏറ്റവും വലിയ ഭിഷഗ്വരനായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. കടുപ്പമുള്ളതു മയപ്പെടുത്തുക ഹൃദയകാഠിന്യം മാറ്റി മൃദുവാക്കാനും അലിയിപ്പിക്കാനും ദൈവത്തിന്റെ ആത്മാവിന് സാധിക്കും. മറ്റുള്ളവരുടെ പ്രാര്‍ത്ഥനയിലൂടെയാണ് അത് സാധ്യമാകുന്നത്. പ്രാര്‍ത്ഥനകള്‍കൊണ്ട് ആത്മാക്കളെ നേടിയ വിശുദ്ധ കൊച്ചുത്രേസ്യയുടെയും മറ്റു വിശുദ്ധരുടെയും മാതൃക നമുക്കും പ്രചോദനമാകട്ടെ. തണുത്തത് ചൂടുപിടിപ്പിക്കുക നമ്മുടെ അനുദിന ജീവിതത്തില്‍ ഊര്‍ജവും ഉന്മേഷവും ലഭിക്കാന്‍ പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന സഹായകമാകുന്നു. നേര്‍വഴിയല്ലാതെ പോയതു തിരിക്കുക ഉറ്റവരുടെയും ഉടയവരുടെയും പ്രാര്‍ത്ഥനയാണ് വഴി തെറ്റി പോയവരെ തിരിച്ചു കൊണ്ട് വരാന്‍ ഇടയാക്കുന്നത്. കേവലം വ്യക്തികള്‍ക്കു വേണ്ടി മാത്രമല്ല വഴിതെറ്റി പോയ സമൂഹത്തിനും രാജ്യങ്ങള്‍ക്കു വേണ്ടിയും നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. അങ്ങില്‍ ശരണപ്പെട്ടിരിക്കുന്നവര്‍ക്ക് ഏഴു വിശുദ്ധ ദാനങ്ങള്‍ നല്‍കുക. പുണ്യയോഗ്യതയും ഭാഗ്യമരണവും നിത്യാനന്ദവും ഞങ്ങള്‍ക്കു തരിക. ആമ്മേന്‍
By: Binumon George
Moreഈ അടുത്ത കാലത്ത് ഞാന്‍ ഒരു വാട്സ്ആപ്പ് വീഡിയോ കണ്ടു. അതിപ്രകാരമാണ്: മരണശേഷം ഒരു സിസ്റ്ററിന്റെ ആത്മാവ് ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. സ്വര്‍ഗത്തില്‍ നിക്ഷേപം ഒന്നും കാണാത്തതിനാല്‍ സിസ്റ്റര്‍ വളരെയധികം ദുഃഖിച്ചു. തന്റെതന്നെ വിശുദ്ധിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ചൊല്ലിയ പ്രാര്‍ത്ഥനകളും അനുഷ്ഠിച്ച ഉപവാസങ്ങളും പരിത്യാഗങ്ങളും ഒക്കെ എവിടെ? ദൈവത്തെ സ്നേഹിക്കാത്തത് ഓര്‍ത്ത് ആ ആത്മാവ് വിങ്ങിപ്പൊട്ടി കരഞ്ഞു. ഇത് കണ്ട് മാതാവ് ദൈവത്തെ സ്നേഹിക്കാനായി ആ സിസ്റ്ററിന്റെ ആത്മാവിനെ ഭൂമിയിലേക്ക് തിരിച്ചയച്ചു. ഇത് കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ഈശോയോട് പറഞ്ഞു, "ഞാന്‍ വിചാരിച്ചത് എന്റെ എല്ലാ ആധ്യാത്മിക അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ആകും എന്നാണ്." യേശു പറഞ്ഞു, "ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്മാര് തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്മാര് മോഷ്ടിക്കുകയില്ല (മത്തായി 6: 19-20). ഭൗതിക സമ്പത്തിനെക്കുറിച്ച് മാത്രമാണ് ഞാന്‍ പറയുന്നത് എന്ന് നീ വിചാരിക്കരുത്. ആധ്യാത്മിക സമ്പത്തിനെക്കുറിച്ച് കൂടിയാണ്." യേശു തുടര്‍ന്നു, "നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും" (മത്തായി 6:21). എന്താണ് നിന്റെ ഹൃദയത്തില്‍ ഉള്ളത്? നിന്റെ ഭര്‍ത്താവ്, കുട്ടികള്‍, കൂട്ടുകാര്‍, മാതാപിതാക്കന്മാര്, സഹോദരങ്ങള്‍, കൊച്ചുകൊച്ചു പ്രശ്നങ്ങള്‍, കൊച്ചുകൊച്ച് ആവശ്യങ്ങള്‍.... നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മനസ്സ് നിറയെ ഇവരെക്കുറിച്ചുള്ള ചിന്തകളും ആകുലതകളും ആയിരിക്കും. ഇവര്‍ എവിടെയാണുള്ളത്? ഭൂമിയില്‍... അപ്പോള്‍ പിന്നെ എങ്ങനെയാണ് നീ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത്? ഇതുകേട്ട് ഞാന്‍ ഈശോയോട് ചോദിച്ചു, "ഈശോയേ, പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പരിത്യാഗങ്ങളും മറ്റ് ആധ്യാത്മിക അനുഷ്ഠാനങ്ങളും സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ആക്കുന്നതെങ്ങനെ?" യേശു പറഞ്ഞു, "ദൈവം വസിക്കുന്നിടം സ്വര്‍ഗ്ഗമാണ്. അതുകൊണ്ട് ദൈവത്തെപ്രതി, ദൈവത്തോടുള്ള സ്നേഹത്തെ പ്രതി, പ്രാര്‍ത്ഥിക്കുമ്പോഴാണ് നിനക്ക് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത്. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും, ദൈവത്തോടുള്ള സ്നേഹത്തെപ്രതി വേണം പ്രാര്‍ത്ഥിക്കാന്‍. അതായത് മകന് പരീക്ഷയില്‍ വിജയിക്കുന്നതിനായി അഞ്ച് കൊന്ത ചൊല്ലി എന്നിരിക്കട്ടെ. മകന് പരീക്ഷയില്‍ വിജയിക്കുന്നതോടുകൂടി അഞ്ചു കൊന്തയുടെ ഫലവും കിട്ടിക്കഴിഞ്ഞു. അപ്പോള്‍ ഈ അഞ്ച് കൊന്ത സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ആവില്ല. മത്തായി ആറാം അധ്യായത്തില്‍ പറയുന്നതുപോലെ നീ പ്രാര്‍ത്ഥിക്കുമ്പോള്‍, ദാനധര്‍മ്മം ചെയ്യുമ്പോള്‍, ഉപവസിക്കുമ്പോള്‍, മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ക്ക് പ്രതിഫലം കിട്ടിക്കഴിഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ ഗ്രഹിക്കാന്‍ കഴിവുള്ളവന് ഗ്രഹിക്കട്ടെ. നീ നിന്റെ അപ്പനുവേണ്ടി അല്ലെങ്കില്‍ മകനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ എന്നോടെന്നതിനെക്കാള് അവരോടുള്ള സ്നേഹത്തെപ്രതിയാണ് പ്രാര്‍ത്ഥിക്കുന്നത്. 90 ശതമാനം ആധ്യാത്മിക അധ്വാനങ്ങളും ഈ ഭൂമിയിലെ നിങ്ങളുടെ 'നല്ല' ആവശ്യങ്ങള്‍ക്കു (നിയോഗങ്ങള്‍) വേണ്ടിയാണ്. "ആരുടെ പണി നിലനില്ക്കുന്നുവോ അവന് സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന് നഷ്ടം സഹിക്കേണ്ടി വരും" (1 കോറിന്തോസ് 3 : 14-15). ഞാന്‍ നിനക്ക് ഒരു മാതൃക നല്കിയിരിക്കുന്നു. നിന്റെ ആധ്യാത്മിക അധ്വാനങ്ങള്‍ (പണി) നിലനില്‍ക്കണമെന്നുണ്ടെങ്കില്‍ പിതാവിനു വേണ്ടി, പിതാവിനോടുള്ള സ്നേഹത്തെപ്രതിയാകണം. ഈ ഭൂമിയിലെ എന്റെ ഓരോ നിമിഷവും പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിന്റെ നാമം പൂജിതമാകാനും പിതാവിന്റെ രാജ്യം വരാനും പിതാവിന്റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കുന്നതിനുമായിട്ടാണ് ഞാന്‍ നിയോഗം വെച്ചത്. ഇതായിരുന്നു എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം." നീ ബലി അര്‍പ്പിക്കുമ്പോള്‍, കൊന്ത ചൊല്ലുമ്പോള്‍, കുരിശിന്റെ വഴി ചൊല്ലുമ്പോള്‍, പിതാവിന്റെ നാമം പൂജിതമാകാനും പിതാവിന്റെ രാജ്യം വരാനും പിതാവിന്റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്നിലും നിന്റെ കുടുംബത്തിലും ഭവിക്കുന്നതിനും നിയോഗം വയ്ക്കുക. ഉദാഹരണത്തിന് പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിന്റെ നാമം നിന്റെ മകനില്‍ പൂജിതമാകാനും പിതാവിന്റെ രാജ്യം നിന്റെ മകനില്‍ വരാനും പിതാവിന്റെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ നിന്റെ മകനില്‍ നിറവേറ്റുന്നതിനായിട്ടും പിതാവിന്റെ സന്തോഷത്തിനായി ശുദ്ധീകരണാത്മാക്കളുടെ (മരണാസന്നരുടെ, കഠിന പാപികളുടെ) രക്ഷയ്ക്കായിട്ടും 5 കൊന്ത ചൊല്ലി മകന്റെ പരീക്ഷ വിജയത്തിനായി കാഴ്ച വെച്ചാല്‍ ഭൂമിയില്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലും നിനക്ക് നിക്ഷേപം ഉണ്ടാകും. കാരണം നിന്റെ മകനോടെന്നതിനേക്കാള് പിതാവിനോടുള്ള സ്നേഹത്തെപ്രതി, അവിടുത്തെ പ്രസാദിപ്പിക്കുന്നതിനാണ് നീ അഞ്ച് കൊന്ത ചൊല്ലിയത്. ആധ്യാത്മിക നന്മകള്‍ക്ക് വേണ്ടി അധ്വാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍പോലും ദൈവത്തോടുള്ള സ്നേഹത്തെ പ്രതിയായിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്, സ്വന്തം മഹത്വത്തിനും നന്മയ്ക്കും വേണ്ടി ആയിരിക്കരുത്. ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഇത് ആഗ്രഹിക്കുന്നതുകൊണ്ടും അവിടുത്തെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയുംചെയ്യുക. മാനസാന്തരത്തിന്, പാപപരിഹാരാര്‍ത്ഥം പ്രാര്‍ത്ഥിക്കുമ്പോള്‍ അനന്തസ്നേഹത്തെ വേദനിപ്പിച്ചല്ലോ എന്നോര്‍ത്ത് കൂടുതല്‍ കൂടുതല്‍ നല്ല ദൈവത്തെ സ്നേഹിക്കുക. സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുമ്പോള്‍ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ഈ വാക്കുകള്‍ ഓര്‍ക്കുക. "ദൈവമേ, നരകത്തെ ഭയന്നാണ് ഞാന്‍ അങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ എന്നെ അതിലേക്ക് തള്ളിയിടുക, സ്വര്‍ഗ്ഗത്തോടുള്ള സ്നേഹം കൊണ്ടാണെങ്കില്‍ എന്റെ മുമ്പില്‍ അതിന്റെ വാതിലടച്ചേക്കുക. അങ്ങയോടുള്ള സ്നേഹംകൊണ്ടാണെങ്കില്‍ എന്നെ അങ്ങ് ആശ്ലേഷിക്കുക." ദൈവത്തോടൊത്ത് ജീവിക്കാന്‍ വേണ്ടി മാത്രം സ്വര്‍ഗ്ഗത്തെ ആഗ്രഹിക്കുക. പുണ്യങ്ങള്‍ സമ്പാദിക്കാന്‍ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുമ്പോള്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ ഈ വാക്കുകള്‍ ഓര്‍ക്കുക. "നല്ല ദൈവത്തിന്റെ സഹായം കൂടാതെ നന്മ ചെയ്യാന്‍ സാധിക്കുകയില്ലെന്ന് ബോധ്യമായതുമുതല്‍ ദൈവത്തോട് സ്നേഹത്തില്‍ അധികമധികം ഒന്നായി തീരുക എന്നതാണ് അത്യന്താപേക്ഷിതമായ ഏകകാര്യം എന്നും ബാക്കിയുള്ളതെല്ലാം അതില്‍നിന്ന് നേടാമെന്നും ഞാന്‍ മനസിലാക്കി." പരിശുദ്ധാത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അങ്ങയെ സ്നേഹിക്കുവാന്‍ എനിക്ക് അങ്ങയുടെ സഹായം തന്നെ വേണ്ടിയിരിക്കുന്നു എന്ന് ചിന്തിക്കുക. പ്രേഷിതവേല ചെയ്യുമ്പോള്‍ ദൈവം എല്ലാവരാലും ആരാധിക്കപ്പെടമെന്നും സ്നേഹിക്കപ്പെടണമെന്നും ആഗ്രഹിക്കുക. നമ്മുടെ ഓരോ പ്രവൃത്തികള്‍ക്കും വിശുദ്ധമായ നിയോഗം, കാഴ്ചപ്പാട്, മനോഭാവം - ഉണ്ടാകണം. അങ്ങനെ നമ്മുടെ ഓരോ പ്രവൃത്തികള്‍ക്കും സ്വര്‍ഗത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. നമ്മുടെ ഓരോ ചെറിയ പ്രവൃത്തികള്‍ പോലും ദൈവസന്നിധിയില്‍ വിലയുള്ളതാകുന്നത് നാം അവയുടെ മേല്‍ വയ്ക്കുന്ന നിയോഗം മൂലമാണ്. പിതാവിനോടുള്ള സ്നേഹത്തെപ്രതി, പിതാവിനുവണ്ടി നമ്മുടെ ഓരോ കൊച്ചു പ്രവൃത്തികള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നിയോഗം വയ്ക്കുമ്പോള്‍ ഈശോയുടെ നിയോഗം തന്നെയായിത്തീരും നമ്മുടെ നിയോഗവും.
By: Shalom Tidings
Moreവിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞ ഒരു സംഭവകഥ. ഒരിക്കല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ രാത്രിയില്‍ വൈകി ഒരു ജസ്യൂട്ട് ഭവനത്തിന്റെ വാതില്ക്കല് എത്തി. ശക്തമായ മഞ്ഞുകാറ്റ് വീശുന്ന സമയം. ആരും വാതില്‍ തുറന്നുകൊടുക്കാനുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ വാതില്‍ തുറന്ന് വിശുദ്ധനെ കണ്ടപ്പോള്‍ അന്തേവാസികള്‍ക്കെല്ലാം ദുഃഖം. എന്നാല്‍ വിശുദ്ധ ഫ്രാന്‍സിസ് ബോര്‍ജിയ പറഞ്ഞത് ദൈവം ആകാശത്തുനിന്ന് തന്റെമേല്‍ മഞ്ഞുകണങ്ങള്‍ വര്‍ഷിക്കുന്നതായി ചിന്തിച്ചുകൊണ്ട് ആശ്വസിച്ചു എന്നാണ്. ദൈവേച്ഛയുമായി ഐക്യപ്പെടാനുള്ള പ്രായോഗികപരിശീനങ്ങളെപ്പറ്റി വിശദമാക്കാനാനാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഈ സംഭവകഥ ഉദ്ധരിച്ചത്. വലിയ തണുപ്പോ കടുത്ത ചൂടോ ക്ഷാമമോ സമാനസാഹചര്യങ്ങളോ ഉള്ളപ്പോള്‍ 'എന്തൊരു തണുപ്പ്', 'വല്ലാത്ത ചൂട്' തുടങ്ങി ദൈവഹിതത്തിന് വിരുദ്ധമായ പദപ്രയോഗങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക. കാര്യങ്ങള്‍ എങ്ങനെയാണോ അപ്രകാരം സ്വീകരിക്കാന്‍ പരിശ്രമിക്കുക, വിശുദ്ധ ഫ്രാന്‍സിസ് ബോര്ജിയയെപ്പോലെ. വ്യക്തിപരമായ കാര്യങ്ങളില്‍ എതിര്‍പ്പില്ലാതെ ദൈവേച്ഛയ്ക്ക് കീഴ്പ്പെടാം. വിശപ്പിലും ഏകാന്തതയിലും സല്‍പ്പേര് നഷ്ടപ്പെടുന്നതിലും എല്ലാം ഇപ്രകാരം നമ്മെത്തന്നെ ദൈവഹിതത്തിന് ഏല്‍പ്പിച്ചുകൊടുക്കാം. "കര്‍ത്താവേ, അങ്ങ് പണിതുയര്‍ത്തുകയോ നശിപ്പിക്കുകയോ ചെയ്തുകൊള്ളുക. അങ്ങയുടെ ദൃഷ്ടിയില് നന്മയായത് എന്താണോ അതില്‍ ഞാന്‍ സംതൃപ്തനാണ്." ഇപ്രകാരം പറയാന്‍ നമുക്ക് കഴിയണം. പ്രകൃത്യാതന്നെ നമുക്കുള്ള ശാരീരികമോ മാനസികമോ ആയ പോരായ്മകള്‍- ഓര്‍മക്കുറവ്, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലെ മന്ദത, മുടന്ത്, ഉയരക്കുറവ്- ഒന്നുമോര്‍ത്ത് നമുക്ക് വിലപിക്കാതിരിക്കാം. നല്കപ്പെട്ടവയില് സംതൃപ്തരാകുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ആരോഗ്യം, സൗന്ദര്യം, കഴിവുകള്‍, സമ്പത്ത് തുടങ്ങിയവ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ നമ്മുടെ ആത്മാവിന്റെ സ്ഥിതി അപകടത്തിലാവുമായിരുന്നെങ്കിലോ? ദൈവം തന്റെ അനന്തനന്മയില്‍ നമുക്ക് തന്നിട്ടുള്ളതിനെയോര്ത്ത് നന്ദി പറയാം. ശാരീരിക അവശതകള്‍ വരുമ്പോള്‍ നമ്മെ അതില്‍നിന്ന് മോചിപ്പിക്കാന്‍ പറയുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ദൈവമേ, അങ്ങ് ആഗ്രഹിക്കുന്നതുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയാനും രോഗാവസ്ഥയില്‍ സങ്കടപ്പെട്ടിരിക്കുന്നത് ഒഴിവാക്കാനും സാധിക്കണം. ഇപ്രകാരം നമ്മുടെ അനുദിനജീവിതത്തില്‍ ദൈവേച്ഛയുമായി ഐക്യപ്പെടാന്‍ പരിശീലിക്കാം.
By: Shalom Tidings
Moreഏകദേശം പതിനഞ്ച് വര്‍ഷമായി വിശുദ്ധ കുര്‍ബാന മുടങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. അങ്ങനെയിരിക്കേ കരുണയുടെ വര്‍ഷത്തില്‍ ഇടവകദൈവാലയത്തില്‍നിന്ന് ഒരു യാത്ര സംഘടിപ്പിച്ചു. അതിന്റെ ഒരുക്കമായി അത്യാവശ്യം ചെയ്യേണ്ട അടുക്കളജോലികളുണ്ടായിരുന്നതിനാല് അന്ന് രാവിലെ വിശുദ്ധ ബലിക്ക് പോകാന്‍ സാധിച്ചില്ല. മനസില്‍ വേദനയുണ്ടായിരുന്നു. എന്തായാലും യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയായപ്പോള്‍ കുടവെച്ചൂര്‍ പള്ളിയില്‍ എത്തി. അവിടെ ഇറങ്ങിയ ഉടനെ കേള്‍ക്കുന്നത് പരിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗാനമാണ്. ഞാന്‍ വേഗം പോയി ആ വിശുദ്ധ ബലിയില്‍ പങ്കെടുത്തു. അവിടത്തെ സ്കൂളിലെ ഒരു അധ്യാപികയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ആ സമയത്ത് പ്രത്യേക കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്. എന്നെ സംബന്ധിച്ച് കര്‍ത്താവിന്റെ പ്രത്യേക അനുഗ്രഹമായിരുന്നു അതെന്ന് അനുഭവപ്പെട്ടു. മറ്റൊരിക്കല്‍ ഒരു ശനിയാഴ്ച ഞാന്‍ ഏഴുമുട്ടം താബോറിലെ ഏകദിനകണ്വെന്ഷനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനിരുന്നതിനാല് രാവിലെ ഇടവകപ്പള്ളിയില്‍ പോയില്ല. ഭര്‍ത്താവാകട്ടെ നേരത്തേതന്നെ പോകുകയും ചെയ്തു. അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോയിരുന്നു. അല്പം കഴിഞ്ഞയുടന്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഒരു കോള്‍. നോക്കിയെങ്കിലും പരിചയമില്ലാത്ത നമ്പര്‍ കണ്ടതുകൊണ്ട് ഞാന്‍ എടുക്കാതെ തിരിഞ്ഞപ്പോള്‍ അത് എടുക്കാന്‍ ശക്തമായ തോന്നല്‍. വിളിച്ചത് ഭര്‍ത്താവായിരുന്നു, അന്ന് അപ്രഖ്യാപിത ഹര്‍ത്താലാണെന്ന് അറിയിക്കാന്‍. കണ്വെന്ഷന് പോകാന്‍ സാധിക്കില്ല എന്നുകണ്ടപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടതുപ്രകാരം ഭര്‍ത്താവ് വേഗം ബൈക്കുമായി വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പുതന്നെ ഞങ്ങള്‍ പള്ളിയിലെത്തുകയും ചെയ്തു. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന പക്ഷം കര്‍ത്താവ് കാര്യങ്ങള്‍ ക്രമീകരിക്കുമെന്ന് ഈ സംഭവങ്ങളെല്ലാം എനിക്ക് ഉറപ്പ് തരികയാണ്. സീറോ മലബാര്‍ കുര്‍ബാന സമാപനത്തിലെ 'വിശുദ്ധീകരണത്തിന്റെ ബലിപീഠമേ, സ്വസ്തി!' എന്ന പ്രാര്‍ത്ഥന ഇപ്പോള്‍ ഞാന്‍ ഒരു വാക്യവും കൂടി ചേര്‍ത്താണ് ചൊല്ലുന്നത്. 'ഇനിയൊരു ബലിയര്‍പ്പിക്കുവാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ' എന്നതിനുശേഷം കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചാല്‍ നാളെയും വരും എന്നുകൂടി പറയും.
By: Alice Jacob
Moreരാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന് ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള് കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞു: "ഞാന്‍ അങ്ങയുടെ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല." രാജകുമാരന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്‍കുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന് തന്റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്റെ മുന്നില്‍! "രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു." തുടര്‍ന്ന് അയാള്‍ പറഞ്ഞു, "രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്." ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന് ഭക്തിയോടെ മുട്ടിന്മേല് നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
By: Shalom Tidings
Moreനിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഉത്തരം കെ?ത്താന് സഹായിക്കുന്ന ലേഖനം. യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. "എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര് അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു" (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക" എന്ന്. പീലാത്തോസ് അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാന്‍ വിട്ടുകൊടുത്തു. വിട്ടുകൊടുക്കുന്നതിനുമുമ്പ് അവന് അവരുടെ മുമ്പില്‍വച്ച് തന്റെ കൈകള്‍ കഴുകി ഇപ്രകാരം പറഞ്ഞു: "ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല." പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവിടെ കൂടിയിരുന്ന യഹൂദജനവും ആക്രോശിച്ചു പറഞ്ഞു "അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിക്കൊള്ളട്ടെ." അവര്‍ അവനെ കൊണ്ടുപോയി നിര്‍ദയം ക്രൂശിച്ചു! തലമുറകളുടെമേല്‍ വീണ രക്തം അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ജറുസലേം നശിപ്പിക്കപ്പെട്ടു. ശിക്ഷാവിധിയുടെ നുകം സ്വമേധയാ ഏറ്റുവാങ്ങിയ യഹൂദന്മാര് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. എത്തിയ ഇടങ്ങളില്‍ അതികഠിനമായി ഞെരുക്കപ്പെട്ടു. കഷ്ടതയുടെ 19 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അക്കാലഘട്ടത്തിലെ യഹൂദപണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ചിതറിക്കപ്പെടലിന്റെയും കഷ്ടതയുടെയും കാരണങ്ങളെക്കുറിച്ച് വെളിവ് ലഭിച്ചു. അവര്‍ ന്യൂയോര്‍ക്കില്‍ ഒന്നിച്ചുകൂടി ഏകകണ്ഠമായി ഇങ്ങനെ പ്രഖ്യാപിച്ചു. "യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെന്‍ഹെദ്രീന്‍ സംഘം നടത്തിയ വിചാരണയും വിധിയും തികച്ചും അനീതിപരമായിരുന്നു. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നത് വലിയ തെറ്റായിപ്പോയി. അതിനാല്‍ അന്ന് യേശുവിനെതിരെ പുറപ്പെടുവിച്ച വിധി ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു." തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിനെ അവര്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോള്‍ ദൈവം അവരോട് കരുണ കാണിച്ചു. ലോകത്തിന്റെ അതിര്‍ത്തികളില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവരാന്‍ അനുവദിച്ചു. അങ്ങനെ 1948-ല്‍ വീണ്ടും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്. 19 നൂറ്റാണ്ടുകളോളം ലോകത്തിന്റെ അതിര്‍ത്തികളോളം അരക്ഷിതരും പീഡിതരുമായി ചിതറിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ഒരു നിര്‍ണായക നിമിഷത്തില്‍ ഒത്തുചേര്‍ക്കപ്പെട്ട് ഒരു രാഷ്ട്രം രൂപീകരിക്കുക! ദൈവത്തിന്റെ മഹാകാരുണ്യമാണ് ഇവിടെ പ്രകടമായത്. "രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു" (ഏശയ്യാ 59/1-2). ചിതറിക്കപ്പെടലിനുപിന്നില്‍ ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചിതറിക്കപ്പെടലുകള്‍പോലെയുള്ള കഠിനവും ഒരുപക്ഷേ ബീഭത്സവുമായ ചിതറിക്കലുകളും കഷ്ടതകളും നമ്മളും നമ്മളുള്‍പ്പെടുന്ന കുടുംബവും സമൂഹങ്ങളും പേറുന്നുണ്ടാവും. ഞങ്ങളിത്രയേറെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവാസങ്ങളെടുത്തിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഇസ്രായേലിന്റെ മുന്‍പറഞ്ഞ ചരിത്രം നമുക്ക് അതിന് ഉത്തരം നല്‍കുന്നുണ്ട്. തിരിച്ചറിയുകയും ഏറ്റുപറയുകയും പരിഹാരം ചെയ്യുകയും ചെയ്യാത്ത പാപങ്ങള്‍! യേശുവിനെ കുരിശുമരണത്തിന് വിധിച്ചതും ക്രൂശിച്ചതും തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്മയും ഏറ്റവും വലിയ ദൈവശുശ്രൂഷയും ആണെന്നാണ് പുരോഹിത പ്രമുഖന്മാര് കരുതിയത്. ജനം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ട് നശിക്കുന്നതിനെക്കാള്‍ നല്ലത് പകരമായി ഒരുവന് (യേശു) മരിക്കുന്നതാണ് എന്ന് പ്രധാന പുരോഹിതനും മറ്റു പുരോഹിതരും ആലോചിച്ചുറച്ചു. അതിന്‍പ്രകാരമാണ് യേശുവിനെ കുരിശിലേറ്റാനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്. എന്നാല്‍ നിഷ്കളങ്കരക്തത്തെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന് അവര്‍ തിരിച്ചറിയാന്‍ 19 നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു. ആ നാളുകളില്‍ ചിതറിക്കപ്പെട്ടിടത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചത്. ദൈവത്തോടും മനുഷ്യനോടും അവര്‍ അതേറ്റുപറഞ്ഞു. സെന്‍ഹെദ്രീന്‍ സംഘം നടത്തിയ തെറ്റായ വിധിയെ അവര്‍ നിര്‍വീര്യപ്പെടുത്തി. കര്‍ത്താവിന്റെ കരുണയ്ക്കായി നിലവിളിച്ചു. അപ്പോള്‍ രക്ഷയുടെ തുറമുഖത്തേക്ക് നങ്കൂരമടിക്കുവാന്‍ ദൈവമവരെ അനുവദിച്ചു. എത്തേണ്ടിടത്തെത്തിയപ്പോള്‍ തങ്ങളുടെ ദുര്‍വിധിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെയുള്ള നീണ്ട കാലയളവില്‍ മറ്റു പലതിനെക്കുറിച്ചും അവര്‍ അനുതപിച്ചിട്ടുണ്ടാകാം. തുളസിക്കും ചതകുപ്പക്കും ദശാംശം കൊടുക്കുകയും യഥാര്‍ത്ഥമായ ദൈവനീതിയെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള അവരുടെ അനുതാപപ്രകരണങ്ങള്‍ വായുവിലുള്ള പ്രഹരങ്ങളായി അവശേഷിക്കുകയും അവര്‍ തങ്ങളുടെ കഷ്ടതകളില്‍തന്നെ തുടരുകയും ചെയ്തപ്പോള്‍ മഹാകാരുണ്യവാനായ ദൈവംതന്നെയാണ് അവരുടെ കഷ്ടതയുടെ കാരണങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം നല്കി അവരെ രക്ഷപ്പെടുത്തിയത്. കാലങ്ങള്‍ക്കുമുമ്പ് നാം നടത്തിയ നിര്‍ദയവും തികച്ചും അനീതിപരവുമായ വിധികളും പ്രവൃത്തികളും ഇന്നും നമുക്കു ചുറ്റും കഷ്ടതയുടെയും അസമാധാനത്തിന്റെയും കാരണങ്ങളായി നിലകൊള്ളുന്നുണ്ടാകാം. തിരിച്ചറിയാനും തിരുത്തുവാനും അതേറ്റുപറയാനും തയാറാവൂ... ഇസ്രായേല്‍ ജനത്തെ തിരിച്ചു നടത്തിയ അവിടുന്നു നമ്മെ രക്ഷയുടെ തുറമുഖത്തെത്തിക്കും. അതെ, നിശ്ചയമായും രക്ഷ വിദൂരത്തല്ല! സക്കേവൂസിലെ ധീരനായ വിശുദ്ധന്! സക്കേവൂസില്‍ മാനസാന്തരപ്പെട്ട ഒരു ധീരവിശുദ്ധനെ നമുക്ക് കാണാന്‍ കഴിയും. യേശുവിനെ വീട്ടില്‍ സ്വീകരിച്ച് പരിചരിക്കുന്നതിനിടയില്‍ യേശുവിന്റെ സ്നേഹം അടുത്തറിഞ്ഞപ്പോള്‍ അവനു തോന്നി താന്‍ ഒരു മഹാപാപിയാണെന്ന്. അതു തിരിച്ചറിഞ്ഞ അവന് യേശുവിന്റെ കാല്ക്കലൊന്നും വീണ് മാപ്പു പറയുന്നില്ല. പക്ഷേ അവന് ഭക്ഷണമേശയിങ്കല്‍ എഴുന്നേറ്റുനിന്ന് തന്റെ ധീരമായ കാല്‍വയ്പുകള്‍ യേശുവിനെ അറിയിക്കുന്നു. "കര്‍ത്താവേ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു. യേശു പറഞ്ഞു. "ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു." സക്കേവൂസിന്റെ ആ ധീരമായ തീരുമാനം കേട്ടതിനുശേഷം മാത്രമാണ്'ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു'വെന്ന വചനം യേശുവിന്റെ നാവില്‍നിന്നും പുറപ്പെട്ടത്. നമുക്കെന്തേ രക്ഷ വൈകുന്നു? സക്കേവൂസിനെപ്പോലെ ധീരമായൊരു കാല്‍വയ്പ് നടത്താന്‍ നാം മടിക്കുന്നതുകൊണ്ടുതന്നെ, അനേകവട്ടം നാം പാപിയാണെന്ന് ഏറ്റുപറയാനും കുമ്പസാരിക്കുവാനും നാം തയാറാകും. പക്ഷേ നമ്മുടെ അനീതിപരമായ പ്രവൃത്തിയിലൂടെ ക്ഷതമേറ്റവനെ സുഖപ്പെടുത്തുവാനും പരിഹാരം ചെയ്യാനും നാം തയാറാവുകയില്ല. എന്നിട്ടും നാം ചോദിക്കും കര്‍ത്താവേ, രക്ഷ വിദൂരത്താണോ? എന്ന്. പിന്നെങ്ങനെ കര്‍ത്താവായ യേശുവിനു പറയാന്‍ കഴിയും ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന്?! എങ്ങനെ അവിടുന്നു പറയും ഇന്നീ സ്ഥാപനം, അല്ലെങ്കില്‍ സഭാസമൂഹം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്?! കൊട്ടിയത്ത് കട്ടത് കോട്ടയത്തു തിരികെ കൊടുത്താല്‍ ദാനധര്‍മ്മം എപ്പോഴും പാപത്തിന് പരിഹാരമാണ്. "ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്" (പ്രഭാഷകന്‍ 3/30). എന്നാല്‍ കൊട്ടിയത്തു കട്ടത് കോട്ടയത്ത് തിരികെ കൊടുത്താല്‍ മതിയാകുമോ? ഇല്ല. നമ്മുടെ അനീതിപരമായ വിധികളും നീചമായ പ്രവൃത്തികളും നിമിത്തം വേദനിച്ചവരും അനീതിയുടെ നുകം വഹിച്ചവരും ഈ ഭൂമിയില്‍ ജീവിച്ചിരിക്കേ നമ്മുടെ പരിഹാരകര്‍മ്മങ്ങള്‍ അവരെത്തേടി എത്താതെ നാം കുറെയേറെ പണം കൊണ്ടുപോയി അനാഥശാലകള്‍ക്കു നല്‍കുകയും സുവിശേഷവേലക്ക് നല്‍കുകയും ചെയ്താല്‍ അതൊരു പരിഹാരപ്രവൃത്തി ആകുമോ? ഒരിക്കലും ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം സക്കേവൂസ് ചെയ്തതുപോലെയല്ല നാം ചെയ്യുന്നത്. സക്കേവൂസ് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഒന്നാമത്തെ കാര്യം ഉപേക്ഷിച്ചുകൊണ്ട് രണ്ടാമത്തെ കാര്യംമാത്രം ചെയ്താല്‍ യേശുവിന് നമ്മെ നീതീകരിക്കുവാനോ ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മുടെ ജീവിതത്തെയോ കുടുംബത്തെയോ സ്ഥാപനത്തെയോ സഭാകൂട്ടായ്മകളെയോ നോക്കി പറയാനേ കഴിയുകയില്ല. "ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത് അതുകൊണ്ട് ബലിയര്പ്പിക്കുന്നവന് പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്" (പ്രഭാഷകന്‍ 34/20). സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ മാന്യത, സല്പേര്, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ന്യായമായ അവകാശങ്ങള്‍ അങ്ങനെ പലതിലും ഇത് ബാധകമാണ്. നവംബര്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസമാണല്ലോ. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാല്‍ മരണശേഷം കാലങ്ങളോളം ശുദ്ധീകരണാഗ്നിയില്‍ കഴിയാനുള്ള വിധി നമുക്ക് നേടിത്തരുന്ന മുകളില്‍ പറഞ്ഞതരത്തിലുള്ള പരിഹാരക്കടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശുദ്ധാത്മാവ് നല്കുന്ന വെളിച്ചത്തില്‍ പരിശോധിച്ചുനോക്കി ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുന്നതല്ലേ ഉചിതം? ഈ നവംബര്‍ മാസം അങ്ങനെയൊരു പരിഹാര ജീവിതത്തിന്റെ അരൂപിയിലേക്കു നമ്മെ നയിക്കട്ടെ. ധീരനായ സക്കേവൂസ് നമുക്ക് മാതൃകയായിരിക്കട്ടെ. പ്രെയ്സ് ദ ലോര്‍ഡ്. 'ആവേ മരിയ.'
By: Stella Benny
Moreകോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ സത്യത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഞാനറിഞ്ഞ സത്യത്തിനുവേണ്ടി, എന്റെ കര്‍ത്താവിനുവേണ്ടി, എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? എനിക്കെന്തുകൊണ്ട് യേശുവിനുവേണ്ടി ജീവിച്ചുകൂടാ? ഈ ചിന്തയും മനസില്‍ വച്ച് ഞാന്‍ അല്‍പ്പസമയം കര്‍ത്താവിന്റെ അടുത്തിരുന്നു. അതിനുശേഷം വിശുദ്ധ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വചനമെന്താണെന്നോ? "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല" (യോഹന്നാന് 6/44). ഒന്ന് ചോദിച്ചുനോക്കുക. നിന്നെയും കര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടാകും. "നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്" (റോമാ 14/8). പ്രാര്‍ത്ഥിക്കാം, യേശുവേ, എന്നിലൂടെ അനേകര്‍ അങ്ങയെ അറിയാന്‍ ഇടയാക്കണമേ. സുവിശേഷം പങ്കുവയ്ക്കാനുള്ള വ്യക്തിപരമായ സാധ്യതകള്‍ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.
By: Brother Augustine Christy PDM
Moreപ്രാര്‍ത്ഥനയും ഭക്താനുഷ്ഠാനങ്ങളും ദീര്‍ഘകാലംകൊണ്ട് നേടേണ്ട ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കാനും അത് നേടാനും വ്യക്തികളെ പ്രാപ്തരാക്കുന്നുവെന്ന് മയാമി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ആത്മനിയന്ത്രണം വര്‍ധിപ്പിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ പ്രാര്‍ത്ഥന സ്വാധീനിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. വിസ്കോണ്‍സിന്‍-മാഡിസണ്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ദുരുപയോഗിക്കപ്പെട്ട ബന്ധങ്ങളുടെ ഇരകള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചാണ്. അല്പംകൂടി മെച്ചപ്പെട്ട രീതിയില്‍ തങ്ങളെത്തന്നെ നോക്കിക്കാണാനും വൈകാരികവേദന കുറയ്ക്കാനും പ്രാര്‍ത്ഥന അവരെ സഹായിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗവേഷകര്‍ കണ്ടെത്തിയത് വിശ്വാസത്തെ ഗൗരവമായി പരിഗണിക്കുകയും പതിവായി ദൈവാലയത്തില്‍ പോകുകയും ചെയ്യുന്നവരില്‍ വിഷാദരോഗം വരാനുള്ള സാധ്യത 90 ശതമാനവും ഇല്ലെന്നാണ്. "ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമംപോലെയാണ്; ഏത് മഹത്വത്തെയുംകാള്‍ നന്നായി അത് മനുഷ്യനെ ആവരണം ചെയ്യുന്നു" (പ്രഭാഷകന്‍ 40/27)
By: Shalom Tidings
More