Home/Engage/Article

ഏപ്രി 13, 2020 1933 0 Shalom Tidings
Engage

നമുക്കായ് ചലിക്കുന്നു, സൗരയൂഥംപോലും!

നാം അധിവസിക്കുന്ന ഈ ഭൂമി സൗരയൂഥത്തിലെ ഒരു ഗ്രഹമാണ് എന്ന് നമുക്കറിയാം. ഭൂമിയിലല്ലാതെ വെറെ എവിടെയും ജീവന്‍റെ സാന്നിധ്യം കണ്ടെത്താന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ ഈ സൗരയൂഥം ക്ഷീരപഥം (Milky Way) എന്ന ഗാലക്സിയുടെ ഭാഗമാണ്. ഇതിന്‍റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷം അഥവാ 10 ലക്ഷം കോടി കിലോമീറ്ററുകളാണ്. ഈ ഗാലക്സിയില്‍ നമ്മുടെ സൗരയൂഥത്തിന് ഏറ്റവും മികച്ച സ്ഥാനം ഏതായിരിക്കും?

ഗാലക്സിയ്ക്ക് ഒരു Central Disc (സെന്‍ട്രല്‍ ഡിസ്ക്) ഉണ്ട്. അവിടെ സൂര്യനെക്കാള്‍ 50 ലക്ഷം മടങ്ങ് വലിപ്പമുള്ള തമോഗര്‍ത്തമുണ്ട്. അതിനടുത്ത് സ്ഥിതി ചെയ്യാന്‍ സാധ്യമല്ല, കാരണം തമോഗര്‍ത്തം വിഴുങ്ങും. അല്പം നീങ്ങിയിട്ടാകാമെന്ന് കരുതിയാല്‍ അവിടെ ധാരാളം നക്ഷത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. അവയില്‍നിന്ന് ഗാമാ കിരണങ്ങള്‍, എക്സ് കിരണങ്ങള്‍ (X rays) എന്നിങ്ങനെ പല തരത്തിലുള്ള വികിരണങ്ങള്‍ വരുന്നതിനാല്‍ ജീവന് അനുകൂലസാഹചര്യമല്ല. അതിനാല്‍ സെന്‍ട്രല്‍ ഡിസ്കിനോടുചേര്‍ന്ന് സ്ഥിതി ചെയ്യുക സൗരയൂഥത്തിന് അഭികാമ്യമല്ല.

ഇനി ഈ ഗാലക്സിക്ക് ഉള്ളത് നാല് Spiral Arms (ചുരുളന്‍ കൈകള്‍) ആണ്. അവയില്‍ നിറയെ നക്ഷത്രങ്ങള്‍ ഉണ്ടെങ്കിലും ജീവന് ഏറ്റവും അനുകൂലമായ വിധത്തില്‍ സെന്‍ട്രല്‍ ഡിസ്കില്‍നിന്ന് 32000 പ്രകാശവര്‍ഷം അകലെ ഓറിയോണ്‍ ആം എന്ന സ്പൈറല്‍ ആമിലാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്. അവിടെയും ഹീലിയം, ഹൈഡ്രജന്‍ വാതകങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഭീമാകാരമായ നക്ഷത്രം (സൂപ്പര്‍ നോവ) പൊട്ടിത്തെറിക്കുന്നുണ്ട്. അതിനാല്‍ സ്ഥിരമായി അവിടെ നില്ക്കുക സുരക്ഷിതമല്ല. ഇക്കാരണത്താല്‍ സൗരയൂഥം നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തെ ഭ്രമണം ചെയ്യുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. സെക്കന്‍റില്‍ 220 കിലോമീറ്റര്‍ വേഗതയിലാണ് ഭ്രമണം. ഇപ്രകാരം ഭ്രമണം ചെയ്യുന്നതിനാല്‍ 4 കോടി വര്‍ഷം ഒരു സ്പൈറല്‍ ആമില്‍, അതിനു പുറത്ത് 8 കോടി വര്‍ഷം, വേറെ ചുരുളന്‍ കൈയില്‍ 4 കോടി വര്‍ഷം- ഇങ്ങനെയാണ് സൗരയൂഥത്തിന്‍റെ സ്ഥാനം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥം മില്‍ക്കിവേയെ ഭ്രമണം ചെയ്യുന്ന ആകാശപാതയുടെ വീതി 23 മുതല്‍ 29വരെ പ്രകാശവര്‍ഷമാണ്. ഇതും ജീവസൗഹൃദമേഖലയാണ്.

നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥം ജീവന് അനുയോജ്യമായ വിധത്തില്‍ അത്രമാത്രം കരുതലോടെ ഒരുക്കപ്പെട്ടിരിക്കുന്നു എന്ന് സാരം. സ്രഷ്ടാവ് ഈ സൗരയൂഥത്തെ നമുക്കുവേണ്ടി അപ്രകാരം രൂപകല്പന ചെയ്തിരിക്കുന്നു എന്ന് വിശ്വസിക്കാതെ വയ്യ.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles