Shalom Tidings
Download the free app and experience a new lifestyle today!
No Thanks Get App

Home/Enjoy/Article

ജനു 25, 2023 187 0 Shalom Tidings
Enjoy

ഞാനും എന്‍റെ ഇഷ്ടവും ഏറ്റവും പ്രധാനപ്പെട്ടതല്ലേ?

‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്. എന്‍റെ ഇഷ്ടം, എന്‍റെ ചോയ്സ്, എന്‍റെ സ്വാതന്ത്ര്യം-അതാണ് പ്രധാനം.’ ഈ തത്വത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?

‘സാത്താനിസത്തിന്‍റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?” പയ്യന്‍റെ ചോദ്യം കേട്ടപ്പോള്‍ എന്‍റെയും ആകാംക്ഷ ഉണര്‍ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്‍റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്‍.

അവന്‍റെ മാതാപിതാക്കള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള്‍ അറിയാനും അതില്‍ വളരാനും കഴിഞ്ഞു. എന്നാല്‍, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്‍നിന്നും കുറെ അകന്ന് പോയി.

നല്ല കഴിവുള്ള പയ്യനാണ്, പാട്ടും ഗിറ്റാറുമൊക്കെ നന്നായി വഴങ്ങും. പള്ളിയിലെ ക്വയറിലും അള്‍ത്താരശുശ്രൂഷയിലും വളരെ സജീവം. പക്ഷേ ഇതൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, അവന്‍റെ ഹൃദയം ദൈവത്തില്‍നിന്ന് വളരെ അകന്ന് പോയിരുന്നു. ലോകത്തിന്‍റെ കെണികളില്‍നിന്നും കരകയറാന്‍ ശ്രമിച്ചെങ്കിലും വിടുതല്‍ കിട്ടുന്നില്ലായിരുന്നു.

ആയിടെയാണ് മെറ്റല്‍ സംഗീതത്തോട് ചായ്വ് തോന്നുന്നത്. ആ ത്വര പതിയെ സാത്താനിസത്തോട് അടുപ്പിച്ചു. തന്‍റെ പോക്ക് ശരിയല്ലെന്ന് എങ്ങനെയോ സുബോധമുണ്ടായി; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥന മൂലമാവും. എന്തായാലും, ദൈവകൃപയാല്‍ അവയില്‍നിന്നെല്ലാം പിന്തിരിയാന്‍ അവന് കഴിഞ്ഞു.

തന്‍റെ സാക്ഷ്യം പറഞ്ഞപ്പോള്‍, അവന്‍ കുട്ടികളോടായി ചോദിച്ചതാണ് ആദ്യം പറഞ്ഞ ചോദ്യം. സാത്താനിസത്തിന്‍റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ എന്ന്. എന്നിട്ട് ഉത്തരവും പറഞ്ഞ് തന്നു.

‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്, എന്‍റെ ഇഷ്ടം, എന്‍റെ ചോയ്സ്, എന്‍റെ സ്വാതന്ത്ര്യം- അതാണ് പ്രധാനം. വിലക്കുകള്‍ ഒന്നുമേയില്ലാത്ത കുത്തഴിഞ്ഞ സ്വാതന്ത്ര്യം തരുന്ന പ്ലാറ്റ്ഫോം; അതാണ് സാത്താനിസം പ്രദാനം ചെയ്യുന്നത്.’

മേല്‍പ്പറഞ്ഞതൊക്കെ വേറെങ്ങോ കൂടി കേട്ടിട്ടില്ലേ? അതെ, ഇന്നത്തെ സെക്കുലര്‍ സംസ്കാരം കുഞ്ഞുങ്ങളുടെ ഉള്ളില്‍ കുത്തി വയ്ക്കുന്ന വിഷവും ഇത് തന്നെയാണ്. ‘ഞാന്‍, ഞാന്‍, ഞാന്‍…’ യഥാര്‍ത്ഥ നന്മയും സത്യവും മറച്ച് വച്ചുകൊണ്ടാണെങ്കിലും ‘എന്‍റെ ഇഷ്ടം, എന്‍റെ സുഖം, എന്‍റെ സന്തോഷം, എന്‍റെ അവകാശം…’

മനുഷ്യനെ മയക്കാന്‍ ഇതിലും വലിയ കറുപ്പ് വേറെ വേണോ?

യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സ്വയംമഹത്വപ്പെടുത്തലി (self exaltation) ലൂടെ ഞാന്‍ എന്നെത്തന്നെ തകര്‍ക്കുകയാണ്, നഷ്ടപ്പെടുത്തുകയാണ്. ഈ സത്യം നാം തിരിച്ചറിയാതെ പോകുന്നു. “ദൈവത്തിന്‍റെ രൂപത്തിലായിരുന്നുവെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2/6-8) പ്രലോഭകന്‍റെ വിളയാട്ടത്തിനുള്ള മറുപടിയാണ് ഈശോയുടെ പീഡാനുഭവ രഹസ്യങ്ങള്‍ നമ്മോട് പറയുന്നത്.

വ്യക്തിതന്നെയാണ് ഇവിടെയും പ്രധാനം. എന്നാല്‍, സ്വയംമഹത്വപ്പെടുത്തല്‍ (ടലഹള ലഃമഹമേശേീി) വഴിയല്ല, മറിച്ച് സ്വയംനിരാസത്തി(ടലഹള റലിശമഹ)ലൂടെ വേണം ഞാന്‍ എന്നെ നേടേണ്ടത്. ‘എന്‍റെ ഹിതമല്ല, പിതാവിന്‍റെ ഹിതം നിറവേറട്ടെ’ എന്ന ഗുരുമൊഴിയാണ് കുരിശിന്‍റെ സുവിശേഷത്തിന്‍റെ അടിസ്ഥാനതത്വം. ചുരുക്കിപ്പറഞ്ഞാല്‍, ഇതല്ലേ സ്നേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപം; സ്നേഹിതന് വേണ്ടി ജീവന്‍ ബലി നല്‍കുന്ന സ്നേഹം. എല്ലാവരും സ്വന്തം ഇഷ്ടങ്ങള്‍മാത്രം എപ്പോഴും ചെയ്തുകൊണ്ടിരുന്നാല്‍, അതുമാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ലോകക്രമംതന്നെ താറുമാറാകും. ബന്ധങ്ങള്‍ തകരും. കലഹങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും പെരുകും. എവിടെയും എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ. ഇന്ന് കാണുന്ന അസ്വാരസ്യങ്ങളുടെയും അസമാധാനങ്ങളുടെയും യുദ്ധങ്ങളുടെയും പിന്‍കാരണം സ്വാഭീഷ്ടപ്രവര്‍ത്തനങ്ങളാണല്ലോ. അപ്രകാരം മനുഷ്യനെയും ലോകത്തെയും തകര്‍ക്കുകയാണ് ശത്രുവായ സാത്താന്‍റെ ലക്ഷ്യവും.

ബലിയുടെ പ്രാധാന്യം മറച്ചുവച്ചുകൊണ്ട്, സ്നേഹത്തെ പ്രഘോഷിക്കുന്ന ജനപ്രിയ സംസ്കാരം, പറുദീസായുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ബലിയാകല്‍ ഒഴിവാക്കിക്കൊണ്ട് സ്നേഹം, സ്നേഹമാണ് വലുതെന്ന് പ്രഘോഷിച്ച അറുപതുകളിലെ ലൈംഗികവിപ്ലവം ഇതിന്‍റെ ഉത്തമ ഉദാഹരണമാണ്. ആദി മുതലേ നുണയനായവന്‍റെ തന്ത്രങ്ങളെപ്പറ്റി ജാഗ്രത ഉണ്ടാവണമെന്ന് സാരം.

സ്നേഹത്തെപ്രതി സ്വന്തം ഹിതങ്ങള്‍ ത്യജിക്കാന്‍ കൃപ ചോദിക്കാം. എന്നെ വേദനിപ്പിച്ചവരെ, എനിക്കെതിരെ നിന്നവരെ, എനിക്കെതിരെ തിന്മ നിരൂപിച്ചവരെ, ജോലി സ്ഥലത്ത് എന്നെ ഞെരുക്കുന്നവരെ… എല്ലാവരെയും ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കാം. ശുദ്ധസ്നേഹം നമ്മെ എല്ലാവരെയും വീണ്ടെടുക്കാന്‍ കാരണമാകട്ടെ.

എന്‍റെ ഹിതത്തിനെതിരെ പോരാടാനുള്ള ബലം പിതാവേ, എനിക്കേകണമേ.

 

 

 

 

 

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles