Shalom Tidings
Download the free app and experience a new lifestyle today!
No Thanks Get App

Home/Encounter/Article

ആഗ 21, 2020 1006 0 Fr.Jenson Lasalet
Encounter

ചങ്ങാത്തങ്ങള്‍ വിലയുള്ളതുതന്നെ!

അങ്ങനെയൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കണ്ടത്. മേഘാലയയിലെ ഒരു ഗ്രാമത്തില്‍വച്ച് 15 വയസുകാരി താന്‍ ജന്മം നല്കിയ കുഞ്ഞുമായി വീട്ടിലിരിക്കുന്ന കാഴ്ച. അവളുടെ മുഖം വിളറിയിരുന്നു. കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. എന്തുപറ്റി എന്നു ചോദിക്കാന്‍ എനിക്ക് മനസു വന്നില്ല.

മനസിലുള്ള ചോദ്യം എന്താണെന്നറിഞ്ഞ മട്ടില്‍ അവളുടെ അമ്മ സംസാരിച്ചുതുടങ്ങി: “ഇവളുടെ കൂട്ടുകാരന്‍ ചതിച്ചതാണച്ചാ. കൂടെ പഠിക്കുന്ന ഒരു പയ്യനുമായി ഇവള്‍ പ്രണയത്തിലായിരുന്നു. ഞങ്ങളുടെ സംസ്കാരം അങ്ങനെയുള്ള സൗഹൃദങ്ങള്‍ അനുവദിക്കുന്നുണ്ട്. ആ സൗഹൃദങ്ങളാണ് പിന്നീട് വിവാഹത്തിലേക്ക് വഴിയൊരുക്കുന്നത്. ഇവളുടെ കാര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ഒമ്പതാം ക്ലാസിലെ വലിയ അവധി സമയത്ത് ഇവള്‍ ഗര്‍ഭിണിയായി. അവന്‍ ഇതറിഞ്ഞപാടെ മറ്റൊരിടത്തേക്ക് പോകുകയും ചെയ്തു. പത്താംക്ലാസില്‍ പഠിക്കുന്ന ഇവളുടെ സഹപാഠികള്‍ പരീക്ഷയെഴുതിയപ്പോള്‍ ഇവള്‍ കൈക്കുഞ്ഞുമായി വീട്ടിലിരിക്കേണ്ട സ്ഥിതിയായി. ബുദ്ധിമോശം അല്ലാതെന്തു പറയാന്‍.”

അവരോട് ഉരിയാടാന്‍ വാക്കുകള്‍ക്കുവേണ്ടി ഞാന്‍ പരതി. എന്തു പറയാന്‍? ഒന്നും പറഞ്ഞില്ല. ആ വീടു വിട്ടിറങ്ങുമ്പോള്‍ മനസിലേക്ക് വന്നത് കര്‍ത്താവിന്‍റെ വചനമാണ്: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍” (ലൂക്കാ 21:8).

ചതിക്കും ചങ്ങാത്തത്തിന്‍റെ തുടക്കം

ചങ്ങാത്തം കൂടി ചതിക്കുക എന്ന തന്ത്രം സാത്താന്‍ ആദ്യമായി പയറ്റുന്നത് ഉത്പത്തിയിലാണ്. വളരെ തന്ത്രപൂര്‍വം അവന്‍ ഹവ്വയുടെ മനസില്‍ കയറിപ്പറ്റുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ അതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: “സാത്താനുമായി ഹവ്വ സംവാദത്തിന് ഒരുങ്ങിയപ്പോള്‍ തന്നെ സാത്താന്‍ വിജയിച്ചു. അവനുമായി അവള്‍ സംസാരത്തില്‍ ഏര്‍പ്പെടരുതായിരുന്നു.” ശരിയാണ്, ആ സംവാദത്തിലൂടെ ഹവ്വയുടെ വിശ്വാസം സാത്താന്‍ പിടിച്ചുപറ്റുന്നു. സാത്താന്‍ പറയുന്നതെന്തും ഹവ്വ ചെയ്യും എന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് കൂട്ടാളിയായ ആദത്തിനോട് ഒരു വാക്കുപോലും ചോദിക്കാതെയും പറയാതെയുമാണ് ഹവ്വ സര്‍പ്പം നല്‍കിയ പഴം കഴിക്കുന്നത്. പാപം ചെയ്തതിനുശേഷം ആ പഴത്തിന്‍റെ ഓഹരി ആദത്തിനും കൊടുത്ത് അവള്‍ അവനെ കൂട്ടുപ്രതിയാക്കുന്നു. അവരിരുവരും ദൈവത്തെ ഭയപ്പെടുകയും ദൈവത്തില്‍നിന്ന് അകലുകയും ചെയ്യുന്നു. സാത്താനുമായുള്ള ചങ്ങാത്തത്തില്‍ ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങള്‍ സംഭവിക്കുന്നു: ഒന്ന് – ഹവ്വ ആദത്തില്‍നിന്നും ആദം ഹവ്വയില്‍നിന്നും അകലുന്നു; അവര്‍ പരസ്പരം കുറ്റം വിധിച്ച് സംസാരിക്കുന്നു. രണ്ട് – അവര്‍ ദൈവത്തില്‍നിന്ന് അകലുന്നു. മൂന്ന് – അവര്‍ക്ക് പറുദീസ നഷ്ടമാകുന്നു. ഇതേ തന്ത്രം അതായത്, ചങ്ങാത്തംകൂടി ചതിക്കുന്ന തന്ത്രം സാത്താന്‍ ഇന്നും പയറ്റുന്നുണ്ട്, നിര്‍ലോഭം.

ഇന്നു നടക്കുന്ന പല പ്രേമബന്ധങ്ങളിലും ചങ്ങാതികള്‍ തമ്മിലുള്ള ഇടപെടലുകളിലും സാത്താന്‍ തന്‍റെ പഴയ തന്ത്രവുമായി ഇറങ്ങുന്നുണ്ടെന്നതിന് തെളിവുകള്‍ ഏറെയുണ്ട്. ഒരു യുവാവും യുവതിയും തമ്മിലുള്ള പ്രേമബന്ധത്തില്‍, ആ യുവതിയെ ജനനം മുതല്‍ ആ നിമിഷംവരെ ഉയിരും ഉണ്‍മയും നല്കി വളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ‘ഞാന്‍ വിളിച്ചാല്‍ അവള്‍ ഇറങ്ങിവരും, അവള്‍ എന്‍റെ സ്വന്തമാണ്’ എന്ന് യുവാവ് പറയത്തക്ക നിലയിലേക്ക് ആ ബന്ധം വളരണമെന്നുണ്ടെങ്കില്‍ അതിന്‍റെ അര്‍ത്ഥം എന്താണ്?

വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെക്കാള്‍ അവള്‍ ഈ യുവാവിന് വില നല്കുന്ന സ്ഥിതി. അതായത് പഴയ നിയമത്തില്‍ ദൈവത്തെ ധിക്കരിക്കാന്‍ പ്രേരിപ്പിച്ച അതേ സാത്താന്‍തന്നെ അങ്ങേയറ്റം സ്നേഹത്തോടെ അനുസരിക്കേണ്ട മാതാപിതാക്കളെ ധിക്കരിക്കാന്‍ പ്രേരണ നല്കുന്നു, ഹവ്വയ്ക്ക് സത്യത്തിന്‍റെയും യഥാര്‍ത്ഥ സ്നേഹത്തിന്‍റെയും കാഴ്ച നഷ്ടപ്പെട്ടതുപോലെ.

ഇത് പ്രേമബന്ധത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, തിന്മയുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന സൗഹൃദങ്ങളുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. ഒരു സംഭവം ഉദാഹരണമായി നല്കാം. സാബു എന്ന് പേരുള്ള ഒരു യുവാവ് ഒരു ചീത്ത കൂട്ടുകെട്ടില്‍ പെടുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ കൂട്ടുകാര്‍ക്ക് വശംവദനായി അവന്‍ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. അതു വാങ്ങിക്കുവാന്‍ പണമില്ലാതെ വന്നപ്പോള്‍ അവര്‍ ബൈക്ക് മോഷ്ടിക്കുവാന്‍ തീരുമാനിക്കുന്നു. പക്ഷേ അക്കൂട്ടത്തില്‍ ബൈക്ക് ഓടിക്കുവാന്‍ അറിയുന്നത് സാബുവിന് മാത്രമാണ്. മറ്റു രണ്ടു കൂട്ടുകാര്‍ ബൈക്കിന്‍റെ പൂട്ടു തകര്‍ത്ത് ഇവനെ ഏല്‍പിക്കുകയും ഇവന്‍ ബൈക്കുമായി മാര്‍ക്കറ്റിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ പോലീസിന്‍റെ പിടിയില്‍ അകപ്പെട്ടപ്പോള്‍ കൂട്ടുകാര്‍ തടിയൂരുകയും സാബു അകത്താകുകയും ചെയ്തു. അതോടെ സാബുവിന് കൂട്ടുകാരോട് പകയായി. ജയിലില്‍നിന്നിറങ്ങിയപ്പോള്‍ ഒരു കൊലപാതകത്തിലേക്ക് മകന്‍ എത്തുമല്ലോ എന്ന ആധിയില്‍ അവന്‍റെ മാതാപിതാക്കള്‍ അവനുമായി ധ്യാനത്തിനു വരികയാണുണ്ടായത്.

നല്ല സുഹൃത്തുക്കള്‍

ഈ സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ തിന്മയുമായുള്ള കൂട്ടുകെട്ടില്‍ അവര്‍ക്ക് ബന്ധങ്ങളും ദൈവവിചാരവുമെല്ലാം അന്യമാകുന്നു എന്ന് മനസിലാക്കാം. അവര്‍ ചെയ്യുന്നതെന്തും ശരിയാണെന്നും മറ്റുള്ളവര്‍ പറയുന്നതില്‍ കാര്യമില്ലെന്നും അവര്‍ ചിന്തിക്കാന്‍ തുടങ്ങി. സൗഹൃദങ്ങള്‍ വഴിതെറ്റുന്ന ഇക്കാലത്ത് നല്ല സൗഹൃദങ്ങള്‍ തിരിച്ചറിയാന്‍ ഏതാനും ചില കാര്യങ്ങള്‍കൂടി ചേര്‍ക്കുകയാണ്.

1. ഒരു നല്ല സുഹൃത്ത് ഒരിക്കലും നമ്മെ ദൈവത്തില്‍നിന്നും ദൈവവിശ്വാസത്തില്‍നിന്നും അകറ്റുകയില്ല. കൗദാശികജീവിതത്തില്‍നിന്ന് നമ്മെ മാറ്റുകയില്ല.

2. ഒരു നല്ല സുഹൃത്ത് നമ്മെ മാതാപിതാക്കളില്‍നിന്നും അകറ്റുകയില്ല. അയാള്‍ നമ്മുടെയും കുടുംബത്തിന്‍റെയും നന്മയും ഭാവിയും ചിന്തിക്കുന്ന വ്യക്തിയായിരിക്കും.

3. ആ വ്യക്തി, നമ്മുടെ ശരീരവിശുദ്ധിക്ക് എതിരായ ഒരു ചേഷ്ടക്കും പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയില്ല. അയാള്‍ അസമയത്തുള്ള ഫോണ്‍വിളികള്‍ പ്രോത്സാഹിപ്പിക്കുകയോ ശരീരത്തിന്‍റെ നഗ്നത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ഇല്ല.

4. പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കാനും പാഠ്യവിഷയങ്ങള്‍ പഠിക്കുവാനും ഒരു നല്ല സുഹൃത്ത് നമ്മെ പ്രേരിപ്പിക്കും.

5. മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, ചീത്ത ചിത്രങ്ങള്‍ എന്നിവ ഉപയോഗിക്കാനോ കാണുവാനോ പ്രേരിപ്പിക്കാന്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ക്ക് സാധിക്കുകയില്ല. 6. ഒരു നല്ല സുഹൃത്ത് നമ്മള്‍ തിരഞ്ഞെടുത്ത ജീവിതാന്തസിന് എതിരായി എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുകയില്ല.

7. ഒരു നല്ല സുഹൃത്ത് നമ്മുടെ വ്യക്തിത്വത്തെ ബഹുമാനിക്കും.

ചങ്ങാത്തം അനുഗ്രഹമാക്കുന്നതിന്

വിശുദ്ധരായ ആത്മീയ ഗുരുക്കള്‍ ഇക്കാര്യത്തില്‍ നമുക്ക് മാര്‍ഗദര്‍ശനം നല്കുന്നുണ്ട്. ദൈവവുമായുള്ള ബന്ധത്തില്‍ നാം ആഴപ്പെടണമെന്ന് അവരുടെ ജീവിതം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധ മദര്‍ തെരേസ എത്ര തിരക്കിലാണെങ്കിലും ഒരു മണിക്കൂറെങ്കിലും ദൈവത്തോടൊത്ത് ചെലവഴിക്കാന്‍ മാറ്റിവച്ചിരുന്നു. ധന്യന്‍ ഫുള്‍ട്ടന്‍ ജെ.ഷീന്‍ മണിക്കൂറുകളോളം വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി ചെലവഴിച്ചിരുന്നു. മൗനവും മനനവും ദൈവസ്വരം ശ്രവിക്കാന്‍ ആവശ്യമാണെന്ന് അവരെപ്പോലുള്ള അനേകവിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അതിനായി ചെയ്യാവുന്ന പ്രായോഗിക കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാം. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഫോണ്‍, ടി.വി എന്നിവ ഉപേക്ഷിക്കുക. ആ സമയത്ത് തിരുവചനം വായിച്ച് അതേപ്പറ്റി ധ്യാനിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും നല്ല പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യാം. പിന്നീട് പ്രാതല്‍ കഴിയുന്നതുവരെയും മൗനവും ധ്യാനവും തുടരുക. ഇപ്രകാരം അവിടുത്തെ സ്വരം കേള്‍ക്കാനും നമ്മുടെ ഹൃദയവികാരങ്ങള്‍ അവിടുത്തോട് പറയാനും സാധിക്കും. ഈശോയോട് നല്ലൊരു സുഹൃദ്ബന്ധം സ്ഥാപിക്കുന്നെങ്കില്‍ ആ സ്ഥാനത്ത് മറ്റൊരാള്‍, ആണോ പെണ്ണോ, കയറിവരികയില്ല. മാത്രവുമല്ല, അവിടുത്തോടൊത്ത് പങ്കുവയ്ക്കാവുന്ന നല്ല ആണ്‍, പെണ്‍ ചങ്ങാത്തങ്ങള്‍ നമുക്ക് സ്വന്തമാക്കുകയും ചെയ്യാം.

Share:

Fr.Jenson Lasalet

Fr.Jenson Lasalet

Latest Articles