Home/Encounter/Article

ഫെബ്രു 23, 2024 256 0 Shalom Tidings
Encounter

കുളക്കരയിലെ ഡോക്ടര്‍

കുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം.

പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, “സോറി…. നിങ്ങളൊരു ഡോക്ടറല്ലേ…? പിന്നെന്തിനീ സൗഖ്യം…? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല…”

ഡോക്ടര്‍ വല്ലാതെയായി. “എന്‍റെ മാലാഖേ… പ്ലീസ്… പതുക്കെപ്പറ…. ഇങ്ങനെ പരസ്യമായി… എല്ലാരും എന്തു വിചാരിക്കും…”

മാലാഖ തുടര്‍ന്നു: “രോഗത്തിന്‍റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്‍റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്‍റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്… രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക.”

വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3).

ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. “….ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു” (2 കോറിന്തോസ് 1/4).

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles